'സ്വാതന്ത്ര്യത്തിന് എന്നുമൊരേ പ്രായം!'; കെ.ഇ.എൻ എഴുതുന്നു
‘‘ഇന്ത്യാചരിത്രത്തെയാകെ അപരവിദ്വേഷത്തിന്റെ ചുരുക്കെഴുത്താക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചാല്‍, നമ്മുടെ സ്വാതന്ത്ര്യത്തില്‍ ഇരുള് പരക്കും. വെളിച്ചത്തിന്റെയും വിസ്തൃതിയുടെയും ഒഴുക്കിന്റെയും കലര്‍പ്പിന്റെയും പാരസ്പര്യത്തിന്റെയും നാനാവിധത്തിലുള്ള പൂക്കള്‍ നിറംകെട്ട് കൊഴിഞ്ഞ് ദുര്‍ഗന്ധം പരത്തും’’ -ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ എഴുതുന്നു.
സ്വാതന്ത്ര്യം ഭിന്നരുചിഭേദങ്ങളുടെ നിറപ്പകിട്ടുള്ള സ്രോതസ്സാണ്. സ്വയം സ്വാദായിരിക്കുകയും സർവതിനും സ്വാദ് നല്‍കുകയും ചെയ്യുന്ന, എക്കാലത്തെയും മനുഷ്യജീവിതത്തെ വ്യത്യസ്ത തലങ്ങളില്‍ ത്രസിപ്പിക്കുന്ന മനുഷ്യചരിത്രത്തിലെതന്നെ ഒരു മഹാത്ഭുതം! അടിമ ഉടമകള്‍ അന്ധാളിച്ചതും നാടുവാഴിപ്രഭുക്കള് നാടുവിട്ടതും രാജാധികാരങ്ങള്‍ നിലംപൊത്തിയതും സാമ്രാജ്യത്വങ്ങള്‍ കടപുഴകിവീണതും അതിനു മുന്നിലാണ്. സത്യത്തില്‍, 'സ്വാതന്ത്ര്യം' ഒരു...
Your Subscription Supports Independent Journalism
View Plansസ്വാതന്ത്ര്യം ഭിന്നരുചിഭേദങ്ങളുടെ നിറപ്പകിട്ടുള്ള സ്രോതസ്സാണ്. സ്വയം സ്വാദായിരിക്കുകയും സർവതിനും സ്വാദ് നല്‍കുകയും ചെയ്യുന്ന, എക്കാലത്തെയും മനുഷ്യജീവിതത്തെ വ്യത്യസ്ത തലങ്ങളില്‍ ത്രസിപ്പിക്കുന്ന മനുഷ്യചരിത്രത്തിലെതന്നെ ഒരു മഹാത്ഭുതം! അടിമ ഉടമകള്‍ അന്ധാളിച്ചതും നാടുവാഴിപ്രഭുക്കള് നാടുവിട്ടതും രാജാധികാരങ്ങള്‍ നിലംപൊത്തിയതും സാമ്രാജ്യത്വങ്ങള്‍ കടപുഴകിവീണതും അതിനു മുന്നിലാണ്. സത്യത്തില്‍, 'സ്വാതന്ത്ര്യം' ഒരു വാക്കിനപ്പുറം വാക്കുകള്‍ക്കൊക്കെയും വീര്യവിസ്മയങ്ങള് നല്കുന്ന വെളിച്ചമാണ്. സ്വാതന്ത്ര്യനഷ്ടത്തോളം വലിയൊരു നഷ്ടം ഉണ്ടാവാനാവില്ല.
സ്വാതന്ത്ര്യം. ഈയൊരു വാക്കില്ലെങ്കില്‍, മറ്റെല്ലാ വാക്കുകളും വെറും പാഴ് വേലയുടെ ജീര്‍ണിച്ച അടിക്കുറിപ്പുകള്‍ മാത്രമായി മാറുമെന്ന് പലകാലങ്ങളിലുള്ള ചിന്തകരും പ്രക്ഷോഭകാരികളും കവികളും എത്ര പറഞ്ഞിട്ടും മതിവരാതെ പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നത്, അതൊരു വാക്കിനപ്പുറം ജീവിതമൂല്യ വ്യവസ്ഥയുടെയാകെ ഭൂമിയും ആകാശവുമായതുകൊണ്ടാണ്. സ്വാതന്ത്ര്യത്തിന് സ്വതന്ത്രമായിരിക്കാന്‍ കഴിയാത്ത ഏതൊരു രാഷ്ട്രത്തിലും പലതരം 'തൊമ്മി' രോഗങ്ങള്‍ പടരും. 'പോടാ ബ്രിട്ടാ' എന്നാര്‍ത്ത് വിളിച്ച്, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പടനിലങ്ങളില്‍ പ്രാണന് സമര്‍പ്പിച്ചവരും പരിക്കേറ്റവരും, ആ മഹാസമരത്തെ പലനിലകളില്‍ പിന്തുണച്ചവരും സ്വപ്നം കണ്ടത് സ്വാതന്ത്ര്യത്തിന്റെ പലനിറങ്ങളിലുള്ള പൂക്കള്‍ വിടര്ന്നുനില്ക്കുന്നൊരു പൂന്തോപ്പാണ്. സാമ്രാജ്യത്വം നാട്ടിലുടനീളം നിർമിച്ച ഭിന്നിപ്പിന്റെ കിടങ്ങുകള്‍ക്കു മുകളില്‍ സ്വന്തം പ്രാണന്കൊണ്ടവര് നിര്‍മിച്ചത് പാരസ്പര്യത്തിന്റെ പാലമാണ്. നിരവധി മതങ്ങളും പല ഭാഷകളും അതിലേറെ ജാതികളുമുള്ള നിങ്ങള്‍ക്കൊരു ദേശരാഷ്ട്രമാവാനേ കഴിയില്ലെന്ന സാമ്രാജ്യത്വ പ്രചാരണങ്ങളെയും അതിനെ ദൃഢപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളെയും നമ്മള് പൊളിച്ചത് 'തനിമ ഞങ്ങളുടെ ശക്തി, പലമ ഞങ്ങളുടെ മഹത്ത്വം' എന്ന സ്വാതന്ത്ര്യഗീതമുയര്ത്തിക്കൊണ്ടാണ്. ഭക്തിപ്രസ്ഥാനവും നവോത്ഥാന പ്രസ്ഥാനവും നിരവധിയായ ജനകീയ സമരങ്ങളും ഉഴുതുമറിച്ചൊരു 'ജീവിക്കുന്ന പാരമ്പര്യങ്ങളില്‍'നിന്നാണ് ഇന്ത്യന്‍ ജനത സാമ്രാജ്യത്വവിരുദ്ധ സമരത്തിനുള്ള ആയുധങ്ങള്‍ കണ്ടെത്തിയത്. തനിമാവാദം 'സുവര്‍ണ ഭൂതകാല'മെന്ന ഒരിക്കലും നിലനിന്നിട്ടില്ലാത്ത സാങ്കല്പികതയിലേക്ക് വഴുക്കിയപ്പോഴും അതിനെ നാം മറികടന്നത്, ജീവിക്കുന്ന മനുഷ്യരുടെ ജീവിതപ്രശ്നങ്ങള്‍ മുന്നില്‍വെച്ചാണ്.
'നമ്മള് ഇന്ത്യക്കാര്‍' എന്ന ഭരണഘടനയിലെ ആമുഖവാക്യമെഴുതിയത്, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നിരന്തര സമരം നിർവഹിച്ച സ്വാതന്ത്ര്യപോരാളികളുടെ ചോരയിലാണ്. സ്വന്തം ജീവന്‍കൊണ്ട് 'ഇങ്ക്വിലാബി'നെ ജ്വലിപ്പിച്ച ഭഗത് സിങ്ങും സ്വന്തം ഭാവനകൊണ്ട് ആ മുദ്രാവാക്യത്തിന് ഇടിമുഴക്കത്തിന്റെ ഗാംഭീര്യം നല്കിയ മൗലാനാ ഹസ്രത്ത് മൊഹാനിയും എന്റെ പേര് നിങ്ങളില്ലാതാക്കാന് ശ്രമിക്കുന്ന സാമുദായിക സൗഹാർദത്തിന്റെ സംഗ്രഹമായ, 'റാം മുഹമ്മദ് സിങ് ആസാദ്' എന്നാണെന്ന് അമര്ത്തിപ്പറഞ്ഞ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ സംഭ്രാന്തമാക്കിയ ധീരരക്തസാക്ഷി ഉദ്ദം സിങ്ങും ഇന്ത്യന്‍ ഫാഷിസ്റ്റുകളാല്‍ പലതവണ കൊല്ലപ്പെട്ടിട്ടും ഇന്നുമവരെ അസ്വസ്ഥപ്പെടുത്തുന്ന മഹാത്മാ ഗാന്ധിയും സാമ്രാജ്യത്വത്തെ ഇന്ത്യന്‍ മണ്ണില്‍നിന്ന് തുടച്ചുനീക്കാന്‍, ആഭ്യന്തര കൊളോണിയലിസമായി പ്രവര്‍ത്തിക്കുന്ന ജാതിമേല്‍ക്കോയ്മയെ കുഴിച്ചുമൂടണമെന്ന് വ്യക്തമാക്കിയ അംബേദ്കറും പട്ടിണിക്കാരനെ 'ചമ്മന്തി' മാത്രം കാട്ടി സംതൃപ്തമാക്കുന്ന ചൊട്ടുവിദ്യയല്ല സ്വാതന്ത്ര്യമെന്ന്, സമരചരിത്രത്തിന്റെ ചുമരില്‍ തീകൊണ്ടെഴുതിയ അസംഖ്യം കമ്യൂണിസ്റ്റ് വിപ്ലവകാരികളും ഓര്‍മിപ്പിക്കുന്നത് ഒരുനാളും മറക്കാന്‍ പാടില്ലാത്ത, സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന അനുഭവങ്ങളാണ്. ചര്‍ക്കക്ക് ചിറകുനല്കിയും ഉപ്പിന് ഉയിരുകൊടുത്തും കൊള്ളരുതായ്മകള്‍ക്ക് തീകൊടുത്തും ആത്മത്യാഗത്തിന്റെ കൊടുമുടികളില്‍ നൃത്തം വെച്ചൊരു മഹാസമരത്തെ, 'മലിനമാക്കാനുള്ള' ശ്രമങ്ങളാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക വേളയില്‍, നവഫാഷിസ്റ്റുകളുടെ നേതൃത്വത്തില്‍ മുന്നോട്ടുപോകുന്നത്.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തവര്‍, മാപ്പുപറഞ്ഞവര്, ദേശീയപതാകയെയും ഭരണഘടനയെയും മഹാത്മാ ഗാന്ധിയെയും മതസൗഹാർദത്തെയും സമത്വത്തെയും ഫെഡറലിസത്തെയും സമാധാനത്തെയും സാര്‍വദേശീയതയെയും അംഗീകരിക്കാത്തവര്‍ എന്ന സ്വന്തം പ്രതിച്ഛായയില്‍നിന്നും എങ്ങനെയെങ്കിലും ഒന്നു പുറത്തുകടക്കാന്‍, എത്രയോ കാലമായി നടത്തിവരുന്ന ശ്രമം, 2014 മുതല്‍ ഔദ്യോഗികമായിതന്നെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഒരു പരിധിവരെ അവരിപ്പോള്‍ വിജയിച്ചിട്ടുണ്ട്. 2018 മാര്‍ച്ചില്‍ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന മഹേഷ് വര്‍മയുടെ നേതൃത്വത്തില്‍, 'പുതിയ ചരിത്രം' നിർമിക്കാനുള്ള കമ്മിറ്റി നിലവില്‍ വന്നു. അതിന്റെകൂടി തുടര്‍ച്ചയിലാണ്, രക്തസാക്ഷി പട്ടികയില്‍നിന്ന് 1921ലെ 'ലോകം ശ്രദ്ധിച്ച ഇന്ത്യന്‍ സമര'മെന്ന് അടയാളപ്പെടുത്തപ്പെട്ട, മഹാസമരത്തിലെ പോരാളികളെ ഒഴിവാക്കിയത്. തങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന 'ഭൂതകാലത്തെ' മായ്ക്കുകയും സങ്കുചിതത്വത്തിന് ശക്തിപകരുന്ന 'സാങ്കല്പിക'വും കൃത്രിമവുമായ ഒരു ഭൂതകാലം നിർമിച്ചെടുക്കുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ വ്യാപൃതമാവുന്നത്.
ഭൂതകാലത്തിലെ സത്യങ്ങളെ അന്വേഷിക്കുന്നത് ഒരു മേല്ക്കോയ്മാശക്തിയും പ്രോത്സാഹിപ്പിക്കില്ല. ഭൂതകാലത്തെ തന്നെ മായ്ച്ചുകളഞ്ഞും അതല്ലെങ്കില്‍ കാൽപനികമാക്കിയും ഇന്ത്യാചരിത്രത്തെയാകെ അപരവിദ്വേഷത്തിന്റെ ചുരുക്കെഴുത്താക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചാല്‍, നമ്മുടെ സ്വാതന്ത്ര്യത്തില്‍ ഇരുള് പരക്കും. വെളിച്ചത്തിന്റെയും വിസ്തൃതിയുടെയും ഒഴുക്കിന്റെയും കലര്‍പ്പിന്റെയും പാരസ്പര്യത്തിന്റെയും നാനാവിധത്തിലുള്ള പൂക്കള്‍ നിറംകെട്ട് കൊഴിഞ്ഞ് ദുര്‍ഗന്ധം പരത്തും. ഒരു ജനസമൂഹത്തെ സ്വന്തം കാലത്തെ ജനതയാക്കുന്ന ചരിത്രബോധം ചിതലെടുത്താല്, അധികാരത്തിനെതിരെയുള്ള ചെറുത്തുനിൽപുകള്ക്ക് വീര്യം കുറയും. അധികാര പരസ്യങ്ങള്‍, അതോടെ പരമാർഥങ്ങള് മാത്രമായി സ്വീകരിക്കപ്പെടും. ബുള്‍ഡോസറുകള്‍ക്കിടയില്‍ കിടന്ന് നീതി നിലവിളിക്കും. വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും വിശപ്പിനും വിദ്വേഷത്തിനും ഇടയില്‍പെട്ട് മനുഷ്യത്വം വിറങ്ങലിക്കും.
ഒരുഭാഗത്ത് 'കോർപറേറ്റ് കാനിബാലിസം' എന്ന് വി.ആര്. കൃഷ്ണയ്യര്‍ മുമ്പേ പേരിട്ട 'മൂലധനഭീകരത'യും മറുഭാഗത്ത്, വെറുപ്പുൽപാദനത്തില് ലോകറെേക്കാഡ് ഭേദിച്ചുകൊണ്ടിരിക്കുന്ന നവഫാഷിസവും തമ്മിലുള്ള ചങ്ങാത്തമാണ്, ഇന്ന് ഇന്ത്യന്‍ ജനതയെ തുറിച്ചുനോക്കുന്നത്. പ്രശസ്ത സാംസ്കാരികവിമര്ശകനായ ശിവിശ്വനാഥ്, വ്യക്തമാക്കിയതുപോലെ ഇന്ത്യയെ ഇന്ന് വേട്ടയാടുന്നത് ഭരണകൂടത്തിന്റെതന്നെ അനിവാര്യഭാഗമായി മാറിക്കൊണ്ടിരിക്കുന്ന, ഒരു പുതിയ 'സാത്താന് ശാസ്ത്രമാണ്'. വിശ്വാസനഷ്ടത്തിനും സംഭാഷണനഷ്ടത്തിനും സൗഹൃദനഷ്ടത്തിനുമിടയില് അസഹ്യപ്പെട്ട്, എന്തുചെയ്യണമെന്നറിയാതെ, അസ്വസ്ഥരാവുന്നവരുടെ എണ്ണം വർധിച്ചുവരുന്നതാണ്, ഓരോ ദിവസം കഴിയുന്തോറും കണ്ടുവരുന്നത്. 2014ന് ശേഷം ഇന്ത്യന്‍ ഭരണകൂടത്തില്‍ സംഭവിച്ച മാറ്റത്തെ സൂക്ഷ്മമായി അപഗ്രഥിക്കാതെ, വര്‍ത്തമാന ഇന്ത്യന്‍ ജീവിതത്തിലാകെ പടരുന്ന അസ്വസ്ഥതയുടെ വേരുകള്‍ കണ്ടെത്താനാവില്ല. സര്‍ക്കാറിലുള്ള പാര്ട്ടിമാറ്റമല്ല, മറിച്ച് 'ഭരണകൂടത്തിന്റെ'തന്നെ സ്വഭാവത്തില്‍ വന്ന മൗലികമാറ്റമാണ്, സൂക്ഷ്മാർഥത്തില്‍ 'വ്യവസ്ഥാമാറ്റം' തന്നെയാണ് ഇന്ത്യയില്‍ സംഭവിച്ചിട്ടുള്ളത്.
നവഫാഷിസം ക്ലാസിക്കല്‍ ഫാഷിസവുമായി ചില സമാനതകള്‍ പങ്കുവെക്കുമ്പോഴും, അതൊരിക്കലും ക്ലാസിക്കല്‍ ഫാഷിസത്തിന്റെ പകര്‍പ്പല്ല. ക്ലാസിക്കല്‍ ഫാഷിസത്തിന്റെകൂടി പരാജയത്തില്‍നിന്നും പാഠം പഠിക്കുന്നതിനാല്‍ ഒരേസമയം നടുക്കുകയും വിഭ്രമം കൊള്ളിക്കുകയും ചെയ്യുന്ന നിരവധി തന്ത്രങ്ങള്‍ പുതുതായി ആവിഷ്കരിക്കാന്‍ അതിന് കഴിയും. കീഴാള മർദനങ്ങളെയും കീഴാള ഉള്‍ക്കൊള്ളലിനെയും ഒന്നിച്ചു ചേര്‍ക്കാനുള്ള നവഫാഷിസത്തിന്റെ കഴിവിനു മുന്നില്‍ ക്ലാസിക്കല്‍ ഫാഷിസം തലകുനിക്കും. കോർപറേറ്റുകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നാനാപ്രകാരമുള്ള ഇളവുകളും ജനങ്ങള്‍ക്ക് ഭക്ഷിക്കാന്‍ വെറുപ്പും വിദ്വേഷവും എന്ന മട്ടില്‍ മുന്നേറാനതിന് കഴിയും. മതനിരപേക്ഷതയും അതിനെ ശക്തിപ്പെടുത്തുന്ന ഫെഡറലിസവും പൗരത്വവും മനുഷ്യരെ ചേർത്തുനിര്‍ത്തുന്ന മതസൗഹാർദവുമാണ് വര്‍ത്തമാന ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. രാഷ്ട്രീയ സ്വാതന്ത്ര്യത്തേക്കാള്‍ മഹാത്മാ ഗാന്ധിയും ആസാദുമടക്കമുള്ളവര്‍, മഹത്ത്വമേറിയതായി കരുതിയത് ആ സ്വാതന്ത്ര്യത്തിന്റെ ഭാഗമായ 'മതസൗഹാർദ'മായിരുന്നുവെന്നുള്ളത് മറക്കരുത്. സ്വര്‍ഗത്തില്‍നിന്നൊരു മാലാഖ ഖുതുബ് മിനാറിനു മുകളില്‍ കയറിനിന്ന്, മതസൗഹാർദം കൈയൊഴിക്കുകയാണെങ്കില് ഈ രാവ് പുലരുന്നതിനു മുമ്പ് ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാമെന്ന് പറഞ്ഞുവെന്നിരിക്കട്ടെ, അപ്പോള്‍ ഞാനതിനോട് ഇങ്ങനെ തിരിച്ചടിക്കും. സ്വാതന്ത്ര്യമില്ലെങ്കില്‍ അത് ഇന്ത്യക്കൊരു വലിയ നഷ്ടമായിരിക്കും. പക്ഷേ, മതസൗഹാർദമില്ലെങ്കില് ഇന്ത്യക്കു മാത്രമല്ല ലോകത്തിനുതന്നെ വലിയ നഷ്ടമായിരിക്കും. മതസൗഹാർദം നിലനില്‍ക്കുകയാണെങ്കില്‍ നമുക്ക് വൈകിയാണെങ്കിലും സ്വാതന്ത്ര്യം നേടിയെടുക്കാന്‍ കഴിയും. സാമ്രാജ്യത്വവിരുദ്ധ സമരം കത്തിനിന്നൊരു കാലത്ത്, അന്ന് ആസാദ് പറഞ്ഞത് ഇന്ന് ഇന്ത്യയില്‍ എത്രമാത്രം പ്രസക്തമാണെന്ന്, നമുക്ക് മുന്നില്‍ നടക്കുന്ന ഓരോ സംഭവങ്ങളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സംഘ്പരിവാര്‍ വക്താവായ നൂപുര്‍ ശർമയുടെ പ്രവാചകനിന്ദയുണ്ടാക്കിയ പലതരത്തിലുള്ള പ്രതികരണങ്ങള്മാത്രം ശ്രദ്ധിച്ചാല്‍ ആസാദ് പറഞ്ഞതിന്റെ പൊരുള്‍ വ്യക്തമാവും. അതോടൊപ്പം ആ സംഭവത്തില്‍, നൂപുര്‍ ശർമക്കെതിരെ വിധി പറഞ്ഞ ജസ്റ്റിസ് സൂര്യകാന്തിനും ജെ.ബി. പാര്ഡിവാലക്കുമെതിരെയുണ്ടായ, 'വന്‍കിട പ്രതികരണം' നവഫാഷിസത്തിന് ഇന്ത്യയിലുള്ള ശക്തി എത്രമാത്രമുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും.
സംഘ്പരിവാറിന്റെ ഔദ്യോഗികമായ ഒരു പ്രചാരണവുമില്ലാതെയാണ്, കോടതിവിധിയെ അപലപിച്ചുള്ള പ്രസ്താവന പെട്ടെന്നുതന്നെ ഉണ്ടായത്! ഒപ്പുവെച്ചവരില്‍ റിട്ടയര്‍ ചെയ്ത 15 ജഡ്ജിമാരും 77 ബ്യൂറോക്രാറ്റുകളും 25 സായുധസേന ഓഫിസര്‍മാരും ഉള്‍പ്പെടുന്നു. ഗുജറാത്ത് വംശഹത്യനടന്നപ്പോഴോ ബാബരി പള്ളി പൊളിച്ചപ്പോഴോ ആദിത്യനാഥ് യോഗിയുടെ ബുള്‍ഡോസര്‍ ഉരുണ്ടപ്പോഴോ അസമില്‍ നിസ്സഹായനായ ഒരു കര്‍ഷകന്റെ മൃതദേഹത്തില്‍ ഫാഷിസ്റ്റ് നൃത്തം നടന്നപ്പോഴോ ഒന്നിനു പിറകെ മറ്റൊന്നായി പൊതുമേഖലാ സ്ഥാപനങ്ങള്‍ വിൽപനക്ക് വെക്കപ്പെട്ടപ്പോഴോ ശാഹീന്‍ബാഗിലും ജന്തര്‍മന്തറിലും ജനകീയ സമരങ്ങള്‍ നടന്നപ്പോഴോ ഈവിധമുള്ള 'വന്‍കിട' ഒപ്പിടലുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഓര്‍ക്കേണ്ടതുണ്ട്. മുന്‍ അംബാസഡര്‍ നിരഞ്ജൻ ദേശായി, റിട്ട. ലെഫ്റ്റനന്റ് ജനറല്‍ വി.കെ. ചതുര്‍വേദി, മുന്‍ എയര്‍ മാര്‍ഷല്‍ എസ്.പി. സിങ്, മുന്‍ ഐ.എ.എസ് ഓഫിസർ ആനന്ദ് ബോസ് തുടങ്ങിയ പ്രമുഖരാണ് ഒപ്പിട്ടവരിലുണ്ടായിരുന്നത്. നമ്മുടെ വൈസ് പ്രസിഡന്റായിരുന്ന ഹാമിദ് അന്‍സാരി മുസ്ലിംകള് അരക്ഷിതര്‍ എന്ന വസ്തുത പറഞ്ഞതിന്റെ പേരില്‍ വളഞ്ഞിട്ട് ആക്രമിക്കപ്പെട്ടപ്പോള്‍പോലും വന്‍ പ്രതികരണങ്ങളൊന്നും ഉന്നതശ്രേണികളില്നിന്നും ഉണ്ടായിരുന്നില്ലെന്നും ഓര്‍മിക്കണം. മതസൗഹാർദത്തെ ദൃഢപ്പെടുത്താന്‍ കാണ്‍പൂരിലെ ഫ്ലോറിറ്റ്സ് പബ്ലിക് സ്കൂളില്‍ സർവമത പ്രാർഥന ചൊല്ലിയപ്പോള്‍, ആ പേരില്‍മാത്രം സ്കൂള്‍ അടച്ചുപൂട്ടേണ്ടി വന്നതിലും മധ്യപ്രദേശിലെ നിമൂച്ചില് കൾവര്‍ട്ടില്‍ ഇരിക്കുകയായിരുന്ന ഭന്‍വാരി ജെയിനിനെ 'മുഹമ്മദാണെന്ന്' തെറ്റിദ്ധരിച്ച് ദിനേശ് എന്നൊരു 'നവഫാഷിസ്റ്റ്' കൊന്നപ്പോഴും പതിറ്റാണ്ടുകളായി മഥുരയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുപോരുന്ന മുഹമ്മദ്സമീലിന്റെ താജ്ഹോട്ടലിന് പിടിച്ചുനില്ക്കാന് വേണ്ടി പേര് മാറ്റേണ്ടിവന്നതും മുസ്ലിം ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടേണ്ടിവന്നതും വിചാരണ തടവുകാര്‍ എന്ന പേരില്‍ ഒരു വിചാരണയുമില്ലാതെ നിരവധി പേര് തടവറയില്‍ പിടയുന്നതും അക്കാദമിക് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ആനന്ദ് തെൽതുംബ്ഡെ മുതല്‍ ഡോ. ഹാനിബാബു വരെയുള്ള ഇന്ത്യക്കെന്നും അഭിമാനമായ ധൈഷണികര്‍ക്ക് നീതി നിഷേധിക്കപ്പെട്ടതും 'ഉന്നതരില്‍' കാര്യമായ പ്രതികരണങ്ങളൊന്നും സൃഷ്ടിച്ചില്ല. ടീസ്റ്റ സെറ്റല്‍വാദും ആര്.ബി. ശ്രീകുമാറും സഞ്ജീവ് ഭട്ടും നീതിക്കൊപ്പം നിന്നതിന്റെ പേരിലാണ് പ്രയാസങ്ങളനുഭവിക്കുന്നത്. അവര്‍ക്കുവേണ്ടിയും ഒരു 'ഉന്നതരും' ഒച്ച വെക്കുന്നില്ല.
എന്നാല്‍, സര്‍ക്കാര്‍ സ്വന്തം പ്രതിച്ഛായയില്‍ നിര്‍മിക്കുന്ന ഇന്ത്യയല്ല, യഥാർഥ ഇന്ത്യയെന്ന് സാക്ഷ്യപ്പെടുത്തുന്ന നിരവധി അനുഭവങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. സാധാരണ മനുഷ്യരുടെ ഇനിയും മലിനമാക്കാത്ത ആ മനസ്സിന്റെ ഔന്നത്യത്തിലും ആര്ദ്രതയിലുമാണ്, നമ്മുടെ ഇന്ത്യ നിലനില്‍ക്കുന്നത്. 2015ലാണ് ബോംബെയിലെ ഗണപതി ക്ഷേത്രത്തിലെ ഭക്തകളായ സ്ത്രീകള്‍, വഴിയില്‍ കിടന്ന് നിലവിളിക്കുകയായിരുന്ന ഗര്‍ഭിണിയായ നൂര്ജഹാന് ശൈഖിന് ക്ഷേത്രത്തില്‍ പ്രസവസൗകര്യമൊരുക്കിയത്. സ്വന്തം രക്ഷക്കെത്തിയ ഗണേശഭഗവാനോടുള്ള ആദരസൂചകമായി ആ മുസ്ലിം യുവതി മകന് 'ഗണേഷ്' എന്ന് പേരിടുകയും ചെയ്തു. 2018ലാണ് ബംഗാളിലെ അസന്ഹോളിലെ നൂറാനിപള്ളിയിലെ ഇമാം ദുറുല്റാഷിദ്, സ്വന്തം മകന് ശിഹ്ത്തുല്ല റാഷിദി കലാപത്തില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പ്രതികാരസജ്ജരായി നില്ക്കുന്ന രോഷാകുലരായ ജനക്കൂട്ടത്തെ സമാധാനിപ്പിച്ച്, ഒരു തുള്ളി ചോരപോലും വീഴാതെ കലാപം ഒഴിവാക്കി നാടിനെ കാത്തത്. 30 കൊല്ലമായി ഞാന്‍ നിങ്ങളോട് പലവിധത്തില്‍ സംസാരിച്ചുകൊണ്ടിരുന്നത് ഒരേ സമാധാനത്തെക്കുറിച്ചാണ്. നമുക്ക് വലിയ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും, നിങ്ങള്‍ സമാധാനം കാത്തുസൂക്ഷിക്കണം. ഇല്ലെങ്കില്‍ ഇമാം എന്ന നിലയില്‍ ഞാനുണ്ടാവില്ല. ഞാനീ പള്ളി വിട്ടുപോകും എന്നദ്ദേഹത്തിന് പറയാന്‍ കഴിഞ്ഞപ്പോള്‍, വിദ്വേഷം അവിടെനിന്നും സ്നേഹത്തിനു വഴിമാറി. യഥാർഥ ഇന്ത്യ ജീവിക്കുന്നത്, ജീവിക്കേണ്ടത് ഇങ്ങനെയുള്ള മാനവികതയിലാണ്.
l