'ഡീപ്പു സുൽത്താൻ', മക്തി തങ്ങൾ,വിദ്വാൻകുട്ടി; ചരിത്രരേഖകൾ പറയുന്നതെന്ത്?
കൊളോണിയൽ കാലത്തെ ചില ജീവചരിത്രരചനകൾ സവിശേഷ ശ്രദ്ധയർഹിക്കുന്നുണ്ട്. മലയാളത്തിൽ ടിപ്പു സുൽത്താനെക്കുറിച്ച് എഴുതപ്പെട്ട ആദ്യ ജീവചരിത്രം കണ്ടെടുക്കുന്ന ചരിത്രകാരനായ ലേഖകൻ മിഷനറി രേഖകളിലെ മാപ്പിളമാരെയും മക്തി തങ്ങൾക്ക് മറുപടി എഴുതിയ വിദ്വാൻകുട്ടിയുടെ രചനകളെക്കുറിച്ചും എഴുതുന്നു.

പുരാശേഖര രേഖകളെ ഇഴകീറി ഗവേഷണം നടത്തുന്ന സാമൂഹിക ശാസ്ത്രജ്ഞരുടെ നീണ്ടനിര നമുക്ക് മുന്നിലുണ്ട്. അതിൽ ഒരു വിഭാഗം അക്കാദമിക ഗവേഷകർ ബ്രിട്ടീഷ് അധിനിവേശക്കാലത്ത് എഴുതപ്പെട്ട ഔദ്യോഗിക രേഖകളിൽനിന്ന് ഊർജം ഉൾക്കൊണ്ടും അവയോടു വിമർശന ചോദ്യങ്ങൾ ഉന്നയിച്ചുമാണ് ചില വാദങ്ങൾ പൊതുസമൂഹത്തിനു മുമ്പാകെ നിരത്തിയിരിക്കുന്നത്. ബ്രിട്ടീഷ് കാലത്ത് എഴുതപ്പെട്ട...
Your Subscription Supports Independent Journalism
View Plansപുരാശേഖര രേഖകളെ ഇഴകീറി ഗവേഷണം നടത്തുന്ന സാമൂഹിക ശാസ്ത്രജ്ഞരുടെ നീണ്ടനിര നമുക്ക് മുന്നിലുണ്ട്. അതിൽ ഒരു വിഭാഗം അക്കാദമിക ഗവേഷകർ ബ്രിട്ടീഷ് അധിനിവേശക്കാലത്ത് എഴുതപ്പെട്ട ഔദ്യോഗിക രേഖകളിൽനിന്ന് ഊർജം ഉൾക്കൊണ്ടും അവയോടു വിമർശന ചോദ്യങ്ങൾ ഉന്നയിച്ചുമാണ് ചില വാദങ്ങൾ പൊതുസമൂഹത്തിനു മുമ്പാകെ നിരത്തിയിരിക്കുന്നത്. ബ്രിട്ടീഷ് കാലത്ത് എഴുതപ്പെട്ട രേഖകൾ എല്ലാംതന്നെ ഭരണാധികാരികളുടെ ആവശ്യങ്ങളെ മുൻനിർത്തി അവർക്ക് സൗകര്യപ്രദമായ രീതിയിലാണ് എഴുതിവെച്ചതെന്നതാണ് ഈ മേഖലയിലെ ഗവേഷകർ ഒരേപോലെ ഉന്നയിക്കുന്ന പ്രധാന ആരോപണം. പ്രത്യേകിച്ച് ജാതി സെൻസസ്, ജാതി-മതം തിരിച്ചുള്ള ഇതര കണക്കെടുപ്പുകൾ, അവരുടെ നീതിന്യായ വ്യവസ്ഥയിലെ വർഗീയത കലർന്ന നിയമങ്ങൾ തുടങ്ങിയവയെല്ലാമാണ് ഇന്ത്യയിൽ ഇത്രത്തോളം ജാതിവിവേചനം ഉണ്ടാക്കിയതെന്നും ആരോപിക്കപ്പെടുന്നുണ്ട്. അധിനിവേശ ഭരണകൂടം നടപ്പാക്കിയ കണക്കെടുപ്പ് മൂലമാണ് ഇന്ത്യയിൽ ഇത്രത്തോളം കുഴപ്പങ്ങൾ ഉണ്ടായതെന്നും അവർ വാദിച്ചു. മറ്റ് ചിലർ അൽപംകൂടി കടന്ന് അയിത്തവും തീണ്ടലും ബ്രിട്ടീഷ് നിർമിതിയെന്നുപോലും വാദിക്കുകയുണ്ടായി. ഇന്ന് സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന ചരിത്രവിരുദ്ധ ആഖ്യാനങ്ങളുടെ പൂർവ മാതൃകകൾ ചില പോസ്റ്റ് കൊളോണിയൽ-സാമ്പ്രദായിക ചരിത്രരചനകളിലും കാണാൻ സാധിക്കുന്നുണ്ട് എന്നതാണ് ഏറ്റവും രസകരമായ കാര്യം. ബ്രിട്ടീഷ് ഔദ്യോഗിക എഴുത്തുകളിലും അതോടൊപ്പം പൗരസ്ത്യ/ ഉപയുക്തതാവാദികൾ എഴുതിക്കൂട്ടിയ ഇന്ത്യൻ അനുഭവങ്ങളിൽനിന്നും വ്യത്യസ്തവും കൂടുതൽ ആഴത്തിലുള്ളതുമായ രേഖപ്പെടുത്തൽ നടത്തിയ ഒരു കൊളോണിയൽ ഏജൻസിയായിരുന്നു ക്രിസ്ത്യൻ മിഷനറി പ്രസ്ഥാനങ്ങൾ. ചരിത്ര-സാമൂഹിക ശാസ്ത്ര ഗവേഷകരുടെ മറ്റൊരു പ്രധാന ഖനിയായാണ് മിഷനറി പുരാശേഖരത്തെ കണക്കാക്കുന്നത്. ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് തെക്കേ ഏഷ്യയിൽ എത്തപ്പെട്ട മിഷനറി പ്രസ്ഥാനങ്ങളുടെ വിവരണങ്ങളുടെ പിൻബലത്താൽ ഇന്ത്യയിൽ രൂപംകൊണ്ട പുത്തൻ സാംസ്കാരികതയെ പ്രശ്നവത്കരിച്ച് നിരവധി അക്കാദമിക അന്വേഷണങ്ങൾ നടന്നിട്ടുണ്ട്. അതോടൊപ്പം എല്ലാതരം പുരാശേഖരങ്ങൾക്കുംമേൽ സൈദ്ധാന്തിക വിമർശനം ഉന്നയിച്ച് പുരാശേഖരങ്ങൾക്ക് വെളിയിലുള്ള രേഖകളിലൂടെ ഭൂതകാല വിവരണം നടത്തണമെന്ന വാദവുമായി രംഗത്ത് എത്തിയ മറ്റൊരു വിഭാഗം സാമൂഹിക ശാസ്ത്രജ്ഞരുമുണ്ട്. ഭൂതകാല തെളിവുകളുടെ നിഷ്പക്ഷ ശേഖരമായി ആർക്കൈവുകളെ കണക്കാക്കാൻ പാടില്ലെന്നും ആർക്കൈവ്സ് എന്നത് ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ താൽപര്യമുള്ള രേഖകളുടെ സമുച്ചയമാണെന്നും വാദിക്കുന്ന വിഭാഗമാണവർ. ആർക്കൈവ് ചെയ്യുന്നതിന്റെ പ്രവർത്തനംതന്നെ അൺ ആർക്കൈവിങ് പ്രക്രിയക്കൊപ്പമെന്ന കാരണത്താലാണ് ഇങ്ങനെ ഒരു വാദം ശക്തമായിത്തീർന്നത്.

'ജ്ഞാനനിക്ഷേപ'ത്തിൽ ടിപ്പു സുൽത്താന്റെ ജീവചരിത്രം തുടങ്ങിയപ്പോൾ
കോളനിവത്കരണത്തിനു വിധേയമായ ഏതൊരു നാടിനെയുംപോലെ കേരളത്തിനെക്കുറിച്ച് വ്യാപകമായ എഴുതപ്പെട്ട രേഖകൾ ഉണ്ടായിവരുന്നത് കൊളോണിയൽ അധിനിവേശ പശ്ചാത്തലത്തിലാണ്. ഈ കാരണത്താൽ കേരളത്തിൽ എഴുത്തും വായനയും ഇല്ലായിരുന്നു എന്നും, വരമൊഴി രേഖകൾ ഇല്ലായിരുന്നു എന്നും അർഥമില്ല. വിപുലമായ രീതിയിൽ കൂടുതൽ മേഖലകളെയും എഴുത്തധികാരത്തിന് വെളിയിൽ ജീവിക്കേണ്ടിവന്നവരെ കുറിച്ചും സമ്പന്നമായ, എഴുതപ്പെട്ട രേഖകൾ ഉണ്ടാകുന്നത് കൊളോണിയൽ കാലത്താണ് എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൊളോണിയൽ പുരാരേഖകളെ കണ്ടെടുത്തും അവയോടു വിമർശന ചോദ്യങ്ങൾ ഉന്നയിച്ചുമാണ് മലയാളികളുടെ ഭൂതകാലത്തെ പലരും വിശദമാക്കാൻ ശ്രമിച്ചത്. കേരളത്തിന്റെ ആധുനികത, ലിംഗ സമസ്യകൾ, കീഴാള ജനതയുടെ സമത്വവിഭാവനകൾ, തോട്ടം മേഖലയുടെ വളർച്ച, ദേശീയ-സാമൂഹിക പ്രസ്ഥാനങ്ങൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ നിരവധി അന്വേഷണങ്ങൾ പുരാശേഖര പിന്തുണയോടുകൂടി നടന്നിട്ടുണ്ട്. അതോടൊപ്പം ചില ജാതി-സമുദായങ്ങളുടെ കൊളോണിയൽ പരിണാമങ്ങളെ അടയാളപ്പെടുത്താനുള്ള ശ്രമങ്ങളും ഈ രേഖകളുടെ സഹായത്താൽ നടത്തപ്പെട്ടു. കേരളത്തിൽ നടന്ന ബഹുഭൂരിപക്ഷം ഗവേഷണങ്ങളും ബ്രിട്ടീഷ് ഔദ്യോഗിക രേഖകളുടെയും മിഷനറി പ്രാമാണിക ശേഖരങ്ങളുടെയും തദ്ദേശീയ രേഖകളുടെയും സഹായത്താലാണ് ബഹുമുഖമായിത്തീർന്നത്. എന്നാൽ, കേരളത്തിലെ മുസ്ലിം സമുദായത്തെ കുറിച്ചുള്ള ചരിത്രരചനകളിൽ ബ്രിട്ടീഷ് ഔദ്യോഗിക രേഖകളും ഇതര തദ്ദേശീയ ഉപാദാനങ്ങളും മാത്രമായിരുന്നു എക്കാലത്തെയും ഇന്ധനം. ബ്രിട്ടീഷുകാർ സാമ്രാജ്യത്വ താൽപര്യങ്ങൾക്കായി മാപ്പിളമാരിൽ ക്രിമിനൽ രൂപങ്ങൾ നിർമിച്ചതിനെയും മാപ്പിളകലാപത്തെയും, ദേശീയ-അധിനിവേശ പാഠങ്ങളിൽ പ്രത്യക്ഷമാകുന്ന 'മതഭ്രാന്തൻ' പ്രയോഗങ്ങളെയും തുടങ്ങി കൊളോണിയൽ ഭരണകൂടവുമായി നേർക്കുനേർ നിൽക്കുന്ന നിമിഷങ്ങളെ മാത്രമാണ് പലപ്പോഴും ചരിത്രവത്കരിക്കാൻ ശ്രമിച്ചത്. അതോടൊപ്പം വാമൊഴി സ്രോതസ്സുകളെ ഉപയോഗിച്ച് മാപ്പിള ഭൂതകാലത്തെ വായിക്കാൻ ശ്രമിക്കുന്ന മറ്റൊരു കൂട്ടം ഗവേഷകരുടെ ശക്തമായ സാന്നിധ്യവും കേരളത്തിൽ കാണാൻ കഴിയുന്നുണ്ട്. എന്നാൽ, കേരളത്തിലെ മുസ്ലിം സമുദായത്തിനെ കുറിച്ചുള്ള ചരിത്രരചനകളിൽ കൊളോണിയൽ കാലത്ത് എഴുതപ്പെട്ട മിഷനറി പുരാശേഖരത്തെ ഉപയോഗിക്കുന്നതായി നാം കാണുന്നില്ല. ചരിത്രരചനയിലെ ഇത്തരം ഒരു സാമൂഹിക പരിസരത്തുനിന്നുകൊണ്ട് കേരളത്തിലെ മാപ്പിളസമൂഹത്തിനെ കുറിച്ചുള്ള മിഷനറി ആഖ്യാനങ്ങളെ പരിശോധിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
മിഷനറി രേഖകൾ
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ പ്രവർത്തനം ആരംഭിച്ച വ്യത്യസ്തങ്ങളായ മിഷനറി സംഘങ്ങൾക്ക് കൃത്യതയോടു കൂടി അവരുടെ പ്രവർത്തനങ്ങളെ എഴുതി സൂക്ഷിക്കണമായിരുന്നു. അതിന്റെ ഭാഗമായി ദിവസം, ആഴ്ച, മാസം, വർഷം എന്നിങ്ങനെ ഓരോ പ്രാദേശിക മേഖലയിൽനിന്നും തയാറാക്കുന്ന സ്ഥിതിവിവര കണക്കുകൾ അവരുടെ ആസ്ഥാനങ്ങളിലേക്ക് എഴുതി അറിയിച്ചുകൊണ്ടിരുന്നു. ഉദാഹരണമായി പറഞ്ഞാൽ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളിലായി പ്രവർത്തിക്കാൻ വന്ന ഒരു സി.എം.എസ് മിഷനറി തന്റെ പ്രവർത്തനമേഖലയിലെ അനുഭവങ്ങൾ ആസ്ഥാനമായ കോട്ടയത്തേക്ക് എഴുതി അറിയിക്കണമായിരുന്നു. നാട്ടുരാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളിൽനിന്നും കോട്ടയത്തേക്ക് എത്തുന്ന വിവരങ്ങളുടെ കോപ്പികൾ മദ്രാസിലേക്കും ലണ്ടനിലേക്കും അവർ അയച്ചുകൊടുക്കുന്നു. അങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന ഇത്തരം മിഷനറി എഴുത്തുകൾ സി.എം.എസ് മിഷനറിമാരുടെ ലണ്ടനിൽനിന്നു പ്രസിദ്ധീകരിക്കുന്ന വിവിധങ്ങളായ ജേണലുകളിൽ പ്രസിദ്ധീകരിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇതോടൊപ്പം പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും അതതിടങ്ങളിൽനിന്നും മിഷനറിമാർ ജേണലുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഉദാഹരണമായി സി.എം.എസ് മിഷനറിമാർ കോട്ടയത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന The Travancore and Cochin Diocesan Record, The Travancore and Cochin Diocesan Magazine, C.M.S Mass movement Quarterly, മലയാളത്തിലുള്ള മാസികകളായ 'ജ്ഞാനനിക്ഷേപം', 'മലയാളമിത്രം', 'കോളജ് മാഗസിൻ', 'സുവിശേഷഭാഷിണി', 'സഭാംഗമിത്രം', 'കുടുംബപ്രിയവാദിനി' എന്നിവയിലുമെല്ലാമാണ് പ്രാദേശിക വാർത്തകൾ അച്ചടിക്കപ്പെട്ടിരുന്നത്. ലണ്ടൻ മിഷൻ സൊസൈറ്റി (L.M.S), ചർച്ച് മിഷൻ സൊസൈറ്റി (C.M.S), ബാസൽ ഇവാഞ്ചലിക്കൽ മിഷൻ സൊസൈറ്റി (B.E.M.S), രക്ഷാ സൈന്യം (Salvation Army), സെനാന മിഷൻ (Zenana Mission), പ്ലിമത് ബ്രെത്റൻ (Plymouth Brethren), ശാബത് മിഷൻ (Seventh day Adventist) തുടങ്ങി ഒരു ഡസനോളം വിദേശ മിഷനറി പ്രസ്ഥാനങ്ങൾ കേരളത്തിൽ പ്രവർത്തനം നടത്തിയിരുന്നു. ഇവരെല്ലാം ഇതേ മാതൃകയിലാണ് പ്രവർത്തിച്ചിരുന്നത്.

മലബാറിലെ ഒരു മാപ്പിള കുടുംബം (ചിത്രം: ബാസൽ ആർക്കൈവ്സ്)
ശാഖകൾ ആരംഭിച്ച ഏതൊരു നാടിനെക്കുറിച്ചും ജനതയെക്കുറിച്ചും സമൃദ്ധമായ (Prolific writers) രീതിയിൽ രേഖപ്പെടുത്തലുകൾ നടത്തിയ കൊളോണിയൽ ഏജൻസിയായിരുന്നു മിഷനറി പ്രസ്ഥാനങ്ങൾ (Johnstone 2003: 3). മിഷനറിമാരുടെ എഴുത്തുകൾ പലപ്പോഴും നേരിട്ടുള്ള വിവരങ്ങളുടെ (Ethnography) അടിസ്ഥാനത്തിലാണ് രൂപംകൊണ്ടിരുന്നത്. എത്നോഗ്രാഫിക് വിവരണങ്ങൾ എന്നതാണ് കൊളോണിയൽ കാലത്തെ ഇതര രേഖകളിൽനിന്നും മിഷനറി എഴുത്തുകളെ വേറിട്ടുനിർത്തുന്ന പ്രധാന ഘടകം. അതോടൊപ്പം ഈ കൊളോണിയൽ ഏജൻസി ശേഖരിച്ചിരിക്കുന്ന ഫോട്ടോസ്, സ്കെച്ചുകൾ, മാപ്പുകൾ തുടങ്ങിയവയും മറ്റൊരു സാമൂഹിക ചരിത്രരചന സാധ്യമാക്കുന്നുണ്ട്. മിഷനറി എഴുത്തുകളുടെ രാഷ്ട്രീയം, അവ മുന്നോട്ടുവെച്ച സാംസ്കാരികത, അവയിലെ വിമർശനങ്ങൾ തുടങ്ങിയവ എല്ലാം തന്നെ സാമൂഹിക ശാസ്ത്രം വളരെ ഗൗരവമായിത്തന്നെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ്. കേരളത്തിന്റെ സാഹചര്യത്തിലാകട്ടെ, മിഷനറി പുരാശേഖരത്തിനെ ആധുനിക ചരിത്രരചനയുടെ മുഖ്യ ഉപാദാനമായാണ് കാണുന്നത്. അതേസമയം, മിഷനറി രേഖകളും നിരവധി വിമർശനങ്ങൾ നേരിടുന്ന ഒരു സ്രോതസ്സ് തന്നെയാണ്. യൂറോപ്യൻ കണ്ണിലൂടെതന്നെയാണ് മിഷനറിമാർ തദ്ദേശീയ ജനതയെ അടയാളപ്പെടുത്തിയതെന്നും തദ്ദേശീയ ആചാര വിശ്വാസരീതികളെ മോശമായി ചിത്രീകരിക്കുന്നെന്നും ക്രൈസ്തവ വിശ്വാസികൾക്കിടയിൽ ജാതിയെ സൃഷ്ടിക്കുന്നെന്നും സ്ത്രീകളുടെ നേരിട്ടുള്ള എഴുത്തുകൾ കുറവാണെന്നും സ്ത്രീ അനുഭവങ്ങൾ കുറവാണെന്നുമുള്ള വിമർശനങ്ങൾ ഈ പുരാശേഖരം നേരിടുന്നുണ്ട്. ഇത്തരം വിമർശനങ്ങളുടെ നടുവിൽ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ സാന്നിധ്യം ഇവരുടെ എഴുത്തുകളിൽ കാണാൻ സാധിക്കുന്നുണ്ട്. അതോടൊപ്പം പല ജീവചരിത്രങ്ങളും ഇവർ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത്തരത്തിൽ ആദ്യം മലയാളത്തിൽ അച്ചടിക്കപ്പെട്ടത് ടിപ്പു സുൽത്താന്റെ ജീവിതമായിരുന്നു.
1853ലെ ടിപ്പുവിന്റെ ജീവചരിത്രം
1816ൽ തിരുവിതാംകൂറിൽ പ്രവർത്തനം ആരംഭിച്ച മിഷനറി സംഘമായിരുന്നു സി.എം.എസ്. ഈ മിഷനറി സംഘം കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ജ്ഞാനനിക്ഷേപം' മാസികയിൽ 1853 മേടം 13 മുതൽ 1854 മീനം 13 വരെയുള്ള തുടർച്ചയായ ലക്കങ്ങളിൽ ടിപ്പു സുൽത്താന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. 'ഡീപ്പു സുൽത്താനെ കുറിച്ച' എന്നതായിരുന്നു ആ ജീവചരിത്ര പരമ്പരയുടെ തലക്കെട്ട്. ചന്ദ്രക്കല മലയാളത്തിൽ പ്രചാരത്തിൽ ഇല്ലായിരുന്നതിനാലാണ് തലക്കെട്ട് ഇത്തരത്തിലായത്. ഒരുപക്ഷേ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ടിപ്പുവിന്റെ ആദ്യ ജീവചരിത്ര പരമ്പരയാകാം ഇത്. ദൗർഭാഗ്യമെന്ന് പറയട്ടെ ഇതിന്റെ രചയിതാവ് ആരാണ് എന്നതിനെക്കുറിച്ച് ഒരറിവും നമുക്ക് ലഭ്യമല്ല. ''ഡീപ്പുവിന്റെ കഥ എഴുതുമ്പോൾ അവന്റെ പിതാവായ ഹൈദർ അലിയുടെ വർത്തമാനവിൻ വായനക്കാർ അറിഞ്ഞിരിപ്പാനുള്ളതാകയാൽ അവരിരുവരെയും കുറിച്ച കുറഞ്ഞൊന്ന താഴെ പറയുന്നു'' -ഇങ്ങനെ തുടങ്ങുന്ന ഈ പരമ്പരയുടെ ആദ്യ മൂന്ന് ലക്കങ്ങൾ ഹൈദർ അലിയുടെ ജീവിതത്തെയാണ് വിശദമാക്കുന്നത്. പിന്നീട് വരുന്ന ഭാഗങ്ങൾ ടിപ്പു സുൽത്താനെ കേന്ദ്രസ്ഥാനത്ത് നിർത്തിയാണ് വികസിക്കപ്പെടുന്നത്. ''ഡീപ്പു സുൽത്താൻ ക്രൂരശീലനും മഹമ്മദ മാർഗ്ഗത്തിൽ ബഹുമൂഢ ഭക്തനും ആയിരുന്നു'' എന്ന് പറഞ്ഞുകൊണ്ടാണ് ടിപ്പുവിനെ ഇതിൽ അവതരിപ്പിക്കുന്നത്. കോഴിക്കോട് പ്രദേശത്ത് നിരവധി നാശനഷ്ടങ്ങൾ വരുത്തിയെന്നും നിരവധി ആളുകൾ കൊല്ലപ്പെട്ടെന്നും എല്ലാമാണ് തുടക്കത്തിലേ മിഷനറിമാർ പറയുന്നത്. എന്നാൽ, ജ്ഞാനനിക്ഷേപം അവരുടെ വായനക്കാർക്ക് മുമ്പാകെ ടിപ്പുവിനെ വളരെ കരുത്തനായ രാജാവ് എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ''തിരുവിതാംങ്കോട ഒരു മാമ്പഴംപോലെ എന്നും അതിനെ അവന പറിച്ചെടുത്തു കൊള്ളാമെന്നും അവൻ വിചാരിച്ചു.'' ഈസ്റ്റ് ഇന്ത്യ കമ്പനിയുമായുള്ള യുദ്ധത്തിനെയാണ് പിന്നീട് വരുന്ന ഭാഗങ്ങളിൽ വിശദമാക്കിയിരിക്കുന്നത്. അതോടൊപ്പം ഫ്രഞ്ച് കമ്പനിയുമായി ടിപ്പു നടത്തുന്ന ഇടപാടുകളും വിവരിക്കപ്പെടുന്നുണ്ട്. അവസാന ലക്കത്തിൽ ടിപ്പുവിന്റെ മരണത്തെയാണ് വിശദമാക്കുന്നത്. നാലായിരത്തോളം ആളുകൾ കോട്ടക്കുള്ളിൽ ഇരച്ചുകയറിയെന്നും ടിപ്പുവുമായി ഘോരയുദ്ധം നടന്നെന്നും ക്ഷണംകൊണ്ട് എല്ലാവരെയും കീഴ്പ്പെടുത്തിയെന്നും പറയുന്നു. ''ഡീപ്പുവിന്റെ ആളുകൾ നിമിഷം ചത്തു ചത്തു വീണു. അവരോടു കൂടി അവനും വീണു, പിന്നത്തേതിൽ ശവങ്ങളുടെ ഇടയിൽ അവന്റ ശവവും കണ്ടു. അവന്റ ഭാര്യാമാരോടും പൈതങ്ങളോടും യാതൊരു ഉപദ്രവവും ചെയ്യപ്പെട്ടില്ല എങ്കിലും സൈന്യത്തെ എല്ലാം നശിപ്പിച്ചു കളഞ്ഞു... ഡീപ്പുവിന്റെ പുത്രന്മാർക്ക് നല്ല അടുത്തൂൺ വെച്ചുകൊടുത്തു എങ്കിലും ഹൈദർ രാജസ്ഥാനം ഒഴിപ്പിച്ച ആ രാജാവിന്റെ അവകാശി ആരെന്ന അന്വേഷണം ചെയിതു എന്നാറെ ബഹു ദാരിദ്ര്യാവസ്ഥയിൽ അഞ്ച് വയസ്സുള്ള ഒരു പൈതലിനെ അതിന്റെ തള്ളയോടും കൂടെ കണ്ടെത്തി. ഇവരെ ഇംഗ്ലീഷുകാർ ഉന്നതപ്പെടുത്തി പൈതലിനെ അവന്റെ പിതാമഹന്മാരുടെ സിംഹാസനത്തിന്മേൽ ഇരുത്തുകയും ജനങ്ങൾ അത കണ്ടാറെ എത്രയും സന്തോഷപ്പെടുകയും ചെയിതു. അവൻ മൈസൂരിൽ വളരെക്കാലം രാജാവായിട്ട ഭരിച്ചു എന്നാൽ, ബ്രാഹ്മണർ അവനെ വഞ്ചിച്ച ക്രൂരതകളും പിടിച്ചുപറികളും കൊണ്ട ജനങ്ങളെ ഉപദ്രവിക്കുകയാൽ ഒടുക്കം 1831മാണ്ട ഒരു മത്സരം ഉണ്ടായി എന്നാറെ ഉപദ്രവപ്പെട്ടവരെ രക്ഷിപ്പാനായിട്ട ഇംഗ്ലീഷുകാർ അതിൽ ഏർപ്പെടുകയും അതിനാൽ മൈസൂർ കമ്പിനി സമസ്ഥാനമായി തീരുകയും ചെയിതു.'' ഇങ്ങനെ ഒരു ഖണ്ഡികയോടുകൂടിയാണ് ടിപ്പുവിന്റെ ജീവചരിത്രം അവസാനിക്കുന്നത്.

മലബാറിലെ ഒരു മാപ്പിള കുടുംബവും ലേഡി മിഷനറിയും (ചിത്രം: ബാസൽ ആർക്കൈവ്സ്)
ബ്രിട്ടീഷ് ഭരണകർത്താക്കൾ നിർമിച്ച, ടിപ്പുവിന്റെ ജീവചരിത്ര മാതൃകയിലുള്ള ജീവചരിത്ര പരമ്പരയാണ് ജ്ഞാനനിക്ഷേപത്തിലൂടെ മിഷനറി പ്രവർത്തകർ മലയാള വായനക്കാർക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഈ ജീവചരിത്രം ഇസ്ലാം മത വിമർശനംകൂടി നടത്തുന്നുണ്ട് എന്നതുകൂടി നമുക്ക് ഈ പരമ്പരയിൽനിന്നും മനസ്സിലാക്കാൻ സാധിക്കും. തദ്ദേശീയ ജനതക്കിടയിൽ ബ്രിട്ടീഷ് ഭരണത്തിന്റെ ശക്തി അറിയിക്കുന്നതിനും അവരുടെ ഭരണക്രമം എത്തരത്തിലാണ് പ്രവർത്തിക്കുന്നത് എന്ന സന്ദേശവും ടിപ്പുവിലൂടെ അവർ കൈമാറുന്നുണ്ട്. ഇതൊരു പരിധിയോളം രാഷ്ട്രീയ ആയുധമെന്ന നിലയിൽ തന്നെയാണ് പ്രചരിക്കപ്പെട്ടത്. മാത്രമല്ല അവർ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാറില്ല എന്നും, കീഴടങ്ങേണ്ടി വന്നവർക്ക് മാന്യമായ പെൻഷൻ കൊടുക്കുന്നവരാണ് ബ്രിട്ടീഷ് ഭരണകൂടം എന്നതും കൂടി ഇതോടൊപ്പം പ്രചരിക്കപ്പെടുന്നു. തദ്ദേശീയ ജനതയെ മാനസികമായി കീഴടക്കാനുള്ള ഒരു ശ്രമമെന്ന നിലയിൽത്തന്നെ ഇത്തരം ജീവചരിത്രങ്ങളെ നാം മനസ്സിലാക്കേണ്ടതാണ്. ഇത്തരം ജീവചരിത്രങ്ങളോടൊപ്പം മിഷനറി പ്രവർത്തകർ മറ്റ് ചില ലഘുലേഖകളും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു.
ചില മിഷനറി ആഖ്യാനങ്ങളും സാമുവേൽ മറ്റീറും
മിഷനറി സംഘങ്ങൾ പല രീതികളിലാണ് അവരുടെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. ക്രിസ്ത്യൻ ആശയങ്ങൾ ജനങ്ങളോട് നേരിട്ട് സംസാരിക്കുക, പൊതുറോഡുകളിലും ചന്ത സ്ഥലങ്ങളിലും യോഗങ്ങൾ സംഘടിപ്പിക്കുക, ബൈബിൾ ഭാഗങ്ങളും ഇതര ക്രൈസ്തവ പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്യുക, മായാദീപ പ്രദർശനം (Magic Lantern) നടത്തുക തുടങ്ങി നിരവധി വഴികളിലൂടെയാണ് അവർ തദ്ദേശീയ ജനങ്ങളുമായി അടുത്ത് ഇടപഴകാൻ ശ്രമിച്ചത്. നിരവധി എതിർപ്പുകൾ അവർ നേരിട്ടെങ്കിലും ഈ പദ്ധതികൾ എല്ലാംതന്നെ ഏറക്കുറെ വിജയമായിരുന്നു എന്നാണ് മിഷനറി രേഖകൾ പറയുന്നത്. പൊതു ഇടങ്ങളിലുള്ള ഇത്തരം പ്രവർത്തനങ്ങളെ കേരളത്തിൽ പൊതുജന സമ്പർക്ക പരിപാടികളുടെ തുടക്കമെന്ന നിലയിലാണ് സാമൂഹിക ശാസ്ത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. ജനസമ്പർക്ക തന്ത്രങ്ങൾ ആവിഷ്കരിക്കുകയും അവയെ ഫലപ്രദമായി ആശയപ്രചാരണത്തിനു നിയോഗിക്കുകയും ചെയ്ത ആദ്യകാല സംഘങ്ങളിലൊന്നാണ് തിരുവിതാംകൂറിലെ മിഷനറി പ്രസ്ഥാനമെന്നാണ് ജെ. ദേവികയുടെ അഭിപ്രായം (ദേവിക 1993: 48). ഈ പൊതുജന സമ്പർക്ക പരിപാടികളാകട്ടെ വളരെ ചിട്ടയോടെ നടത്തപ്പെട്ട പ്രവർത്തനമായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ വിതരണം ചെയ്യപ്പെട്ടതാകട്ടെ മിഷനറി ലഘുലേഖകളായിരിക്കുന്നു. ക്രിസ്തീയ ആശയത്തെ വളരെ വേഗത്തിൽ മനസ്സിലാക്കുന്നതിനായി ബൈബിൾ വിഷയങ്ങളെ ചുരുക്കി അവതരിപ്പിക്കുന്ന ഒന്നായിരുന്നു മിഷനറി ട്രാക്ടുകൾ അഥവാ ലഘുലേഖകൾ. അതോടൊപ്പം അവർ ഇതര മതങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ലഘുലേഖകളും വിതരണം ചെയ്തിരുന്നു. അതേപോലെ മുസ്ലിം വിശ്വാസവുമായി ബന്ധപ്പെട്ട ട്രാക്ടുകളും ഈ കാലത്ത് ശ്രദ്ധേയമായിരുന്നു. ക്രിസ്തുവും മുഹമ്മദും (1856), ഹെർമൻ ഗുണ്ടർട്ട് എഴുതിയ നാല് പേജുള്ള 'മുഹമ്മദിന്റെ ചരിത്രം' തുടങ്ങിയവ ഈ പട്ടികയിൽ ഉൾപ്പെടുന്ന ചില ട്രാക്ടുകളാണ്. ഇതോടൊപ്പം മിഷനറിമാരുടെ എഴുത്തുകളിൽ ക്രിസ്തുമതം സ്വീകരിച്ച മാപ്പിളമാരെയും ഇസ്ലാം മതം സ്വീകരിച്ച ക്രിസ്ത്യാനികളെയും കാണാൻ സാധിക്കും. പ്രത്യേകിച്ച് മലബാറിൽ പ്രവർത്തിച്ചിരുന്ന ബാസൽ മിഷൻ പ്രവർത്തകരുടെ രേഖകളിൽ ഇത്തരം അനുഭവങ്ങൾ ധാരാളമായുണ്ട്. മുഹമ്മദീയൻസ് എന്ന പ്രയോഗമാണ് മിഷനറിമാർ വ്യാപകമായി ഉപയോഗിച്ചിരുന്നത്. 1844കൾ മുതൽ ക്രിസ്തുമതം സ്വീകരിക്കുന്ന മാപ്പിളമാരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. മർത്തീൻ അസ്സൻ, യോഹന്നാൻ പക്കർ (ആദ്യ പേര് ലഭ്യമല്ല) എന്നിവർ മതപരിവർത്തനം നടത്തുകയും അതിനുശേഷം കോട്ടയത്തേക്ക് കുടിയേറുകയും ചെയ്തവരാണ് (EWT 1934: 21). ബാസൽ മിഷനറിമാർ നായാടി ജാതിക്കാർക്കിടയിൽ പ്രവർത്തനം നടത്തുകയും അവർക്കുവേണ്ടി കൊടയ്ക്കൽ എന്ന സ്ഥലത്ത് കുറച്ചധികം ഭൂമി വാങ്ങുകയും ചെയ്തിരുന്നു. കുറെയധികം നായാടികളെ ബാസൽ മിഷനിൽ ചേർക്കാൻ മിഷനറിമാർക്ക് സാധിച്ചെങ്കിലും അവരിൽ ഭൂരിഭാഗവും സഭ വിട്ടുപോകുകയാണ് ഉണ്ടായത്. സ്ഥിരമായി ഒരു സ്ഥലത്തു താമസിക്കുന്നതിനോടുള്ള വിരക്തി, ബാസൽ മിഷനിലെ നിയമങ്ങളോടും ചിട്ടകളോടുമുള്ള എതിർപ്പ്, നിരന്തരം വരുന്ന മാരകരോഗങ്ങൾ തുടങ്ങിയ പലകാരണങ്ങളാൽ അവരിൽ ഭൂരിഭാഗം ആളുകളും പലയിടങ്ങളിലേക്കു മാറി (EWT 1934: 135). അതോടൊപ്പംതന്നെ, ചില നായാടികൾ ഇസ്ലാം മതത്തിലേക്കു പരിവർത്തനം ചെയ്യുകയുണ്ടായി. ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത നായാടികളെ വളരെ വലിയ ആഘോഷങ്ങളോടുകൂടിയാണ് മറ്റുള്ളവർ സ്വീകരിച്ചതെന്ന് ബാസൽ മിഷനറിമാർ രേഖപ്പെടുത്തുന്നു. 1900ൽ പതിമൂന്നുപേരാണ് കൊടയ്ക്കൽ സഭയിൽനിന്നും ഇസ്ലാം മതത്തിലേക്ക് പോയത് (EWT 1934: 141). മലബാറിലെ ബാസൽ മിഷൻ ചരിത്രത്തിൽ അവരുമായി തർക്കത്തിലും കോടതി വ്യവഹാരങ്ങളിലും ഏർപ്പെടുന്ന മാപ്പിളമാരെ കാണാൻ സാധിക്കുന്നുണ്ട്. ഇത്തരത്തിൽ ബാസൽ മിഷന്റെ ദൈനംദിന ഇടപാടുകളുടെ വിവരണങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നിരവധി മുസ്ലിംകളുണ്ട്. അതോടൊപ്പം മുസ്ലിം കുടുംബങ്ങളുടെയും മോസ്കുകളുടെയും ഫോട്ടോഗ്രാഫുകളും ഇവരുടെ പുരാശേഖരത്തിൽ ലഭ്യമാണ്. മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യം കാണാൻ സാധിക്കുന്ന മറ്റൊരു മേഖലയെന്നത് മിഷനറി പ്രസ്ഥാനം നടത്തിയിരുന്ന സ്കൂളുകളുടെ റിപ്പോർട്ടുകളാണ്.
1886 മുതലുള്ള മിഷനറി സ്കൂളുകളുടെ വാർഷിക റിപ്പോർട്ടുകളിൽ മുസ്ലിം കുട്ടികളുടെ സ്ഥിരസാന്നിധ്യമുണ്ട്. തൃശൂർ ഭാഗത്തെ ചർച്ച് മിഷൻ സ്കൂളുകളിൽ, പ്രത്യേകിച്ച് ഇരിങ്ങാലക്കുട, ചാവക്കാട്, വടക്കാഞ്ചേരി, കുന്നംകുളം, തൃപ്രയാർ തുടങ്ങിയ സ്ഥലങ്ങളിൽ മുസ്ലിം കുട്ടികൾ വ്യാപകമായി പഠിച്ചിരുന്നു. സി.എം.എസ് മിഷനറിമാർ 1899ൽ തൃപ്രയാറിൽ പെൺകുട്ടികൾക്കുവേണ്ടി ആരംഭിച്ച പള്ളിക്കൂടത്തിൽ 1900 മുതൽ മുസ്ലിം പെൺകുട്ടികളും പഠനം ആരംഭിച്ചിരുന്നു എന്ന് മിഷനറിമാർ രേഖപ്പെടുത്തുന്നു (PCMS 1901: 364). 1902ലാണ് ചർച്ച് മിഷൻ സ്കൂളിൽ പഠിച്ച ഒരു മുസ്ലിം വിദ്യാർഥി മെട്രിക്കുലേഷൻ പരീക്ഷ പാസാകുന്നത്. കൊച്ചിരാജ്യത്ത് ആദ്യമായാണ് ഒരു മുസ്ലിം സമുദായക്കാരൻ ഈ പരീക്ഷ പാസാകുന്നതെന്നാണ് മിഷനറി റിപ്പോർട്ട് പറയുന്നത്. ഇദ്ദേഹം വടക്കാഞ്ചേരിയിലെ സബ് രജിസ്ട്രാറായി ജോലിയിലും പ്രവേശിച്ചു (PCMS 1903: 300). ശകലങ്ങളുടെ (fragments) സ്വഭാവമുള്ള രേഖകളാണ് വാർഷിക റിപ്പോർട്ടുകളിൽനിന്നും ലഭിച്ചിരുന്നതെങ്കിൽ മുസ്ലിം സമുദായത്തെക്കുറിച്ച് വളരെ വിശദമായ ലേഖനങ്ങൾ എഴുതിയത് തിരുവനന്തപുരം മേഖലയിൽ പ്രവർത്തിച്ചിരുന്ന ലണ്ടൻ മിഷനറി സംഘത്തിലെ അംഗമായിരുന്ന സാമുവേൽ മറ്റീർ (1835-1893) ആയിരുന്നു. റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെയുള്ള ജേണലുകളിൽ ലേഖനങ്ങൾ എഴുതിയിരുന്ന സാമുവേൽ മറ്റീർ ഒരു സാമൂഹിക ശാസ്ത്രജ്ഞൻ എന്ന നിലയിൽത്തന്നെ ശ്രദ്ധേയനാണ്. ഇദ്ദേഹം തിരുവിതാംകൂറിലെ സാമൂഹിക അനുഭവങ്ങളെക്കുറിച്ച് എഴുതിയ 'Native Life in Travancore' (1883), 'The Land of Charity' (1871) എന്നീ പുസ്തകങ്ങളിൽ കുറെയധികം പേജുകൾ മുസ്ലിം സമുദായത്തിന്റെ തിരുവിതാംകൂറിലെ ജീവിതരീതിയെ വിശദമാക്കുന്നതിനായിരുന്നു. തിരുവിതാംകൂറിലെ മുസ്ലിം സമുദായത്തിന്റെ ദൈനംദിന ജീവിതക്രമങ്ങളെയും സ്ത്രീ-പുരുഷ വേഷവിധാനങ്ങളെയുമെല്ലാം മറ്റീർ വിശദമാക്കുന്നുണ്ട്. 1881ലെ തിരുവിതാംകൂർ സെൻസസ് പ്രകാരം 1,40,000 മുസ്ലിംകളുണ്ടെന്നും അവരിൽ എട്ട് ശതമാനം പുരുഷന്മാർക്കും എൺപത്തിനാല് സ്ത്രീകൾക്കും എഴുത്തും വായനയും അറിയാമെന്നും മറ്റീർ പറയുന്നു. ''വിദ്യാഭ്യാസത്തോട് താൽപര്യമില്ലാത്ത ഇവർക്ക് സ്വന്തമായി സ്കൂളോ പ്രസിദ്ധീകരണമോ ഒന്നുംതന്നെയില്ല. ഇംഗ്ലീഷ് പഠിക്കുന്നവർ നന്നേ കുറവാണ്. ഈ ഹിന്ദു രാജ്യത്ത് മുഹമ്മദീയർക്കിടയിൽ പ്രഭുക്കന്മാരായി ആരുംതന്നെയില്ല. ഇവരിൽ 384 പേർ പ്യൂൺ അല്ലെങ്കിൽ പൊലീസ് ഉദ്യോഗങ്ങൾ വഹിക്കുന്നവരാണ്'' എന്ന് മറ്റീർ അടയാളപ്പെടുത്തുന്നു (Mateer 1883:148). തിരുവിതാംകൂറിലെ, പ്രത്യേകിച്ച് ആലപ്പുഴ ഭാഗത്തെ മുസ്ലിം സമുദായത്തിന്റെ ജീവിതക്രമങ്ങളും ആചാര അനുഷ്ഠാനങ്ങളും പൊതുജീവിതവുമെല്ലാം മറ്റീർ വിശദമാക്കാൻ ശ്രമിക്കുന്നുണ്ട്. വിഴിഞ്ഞം കടൽ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മുസ്ലിംകളെ കുറിച്ചുള്ള വിവരണങ്ങളും മറ്റീർ നൽകുന്നുണ്ട്. 1871ൽ പ്രസിദ്ധീകരിച്ച മറ്റീറിന്റെ പുസ്തകത്തിൽ പറയുന്നത് തിരുവിതാംകൂറിൽ 254 മോസ്കുകളുണ്ടെന്നാണ് (Mateer 1871: 227). അത് 1883 ആകുമ്പോൾ 335 മോസ്കുകൾ ആയെന്നും മറ്റീർ പറയുന്നു. അതോടൊപ്പം തിരുവിതാംകൂറിലെ ചില പള്ളികളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളെയും മറ്റീർ വിവരിക്കുന്നുണ്ട്. അപൂർവം ചിലയാളുകൾ മക്കയിലേക്ക് യാത്രപോകുന്നതായും മറ്റീർ രേഖപ്പെടുത്തുന്നു. മറ്റീർ, ജോൺ ആബ്സ് തുടങ്ങി വിദേശികളായ നിരവധി മിഷനറിമാർ അവരുടെ തിരുവിതാംകൂർ അനുഭവ വിവരണങ്ങളിൽ മുസ്ലിം സമുദായത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. മിഷനറി രേഖകളിൽ പ്രധാനമായും ഇസ്ലാം വിശ്വാസവുമായി ബന്ധപ്പെട്ട തർക്കങ്ങളും മുസ്ലിംകളുടെ ജീവിതക്രമത്തിലെ പ്രശ്നങ്ങളുമാണ് കൂടുതലായി വികസിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, തദ്ദേശീയ മിഷനറി പ്രവർത്തകരാകട്ടെ മറ്റൊരു തരത്തിൽ ഇസ്ലാം മത വിമർശനം നടത്തിയിരുന്നു. മാത്രമല്ല, ആ കാലത്തെ ശ്രദ്ധേയരായ മുസ്ലിം പണ്ഡിതനായ മക്തി തങ്ങളുടെ വാദങ്ങൾക്ക് മറുപടി പറയാൻ ശ്രമിക്കുന്ന യുസ്തൂസ് ജോസഫിനെപ്പോലുള്ള മിഷനറി പ്രവർത്തകരും ഉണ്ടായിരുന്നു.
കഠോരകുഠാരം V/s വിശുദ്ധവെണ്മഴു
തെക്കേ ഇന്ത്യയിൽ പ്രവർത്തനം ശക്തമാക്കിയ മിഷനറി പ്രസ്ഥാനങ്ങൾ വ്യാപകമായ രീതിയിൽ ഹിന്ദു-ഇസ്ലാം മത വിമർശനങ്ങൾ നടത്തിയിരുന്നു. പ്രിന്റിങ് പ്രസുകൾ സ്വന്തമായുണ്ടായിരുന്ന മിഷനറി പ്രസ്ഥാനമാകട്ടെ ലഘുലേഖകൾ വഴിയും പുസ്തകങ്ങൾ വഴിയും ഇതര മത വിമർശനങ്ങളെ കൂടുതൽ ജനങ്ങൾക്കിടയിലേക്ക് എത്തിച്ചിരുന്നു. 1869ൽ മദ്രാസിൽനിന്നും രണ്ടരലക്ഷം മലയാളം ലഘുലേഖകളാണ് കേരളത്തിൽ പ്രവർത്തിക്കുന്ന മിഷനറി പ്രസ്ഥാനങ്ങൾക്കായി അച്ചടിച്ച് നൽകിയത് (Diez 1880: 394). എന്നാൽ, ഇതേ കാലത്തുതന്നെ മിഷനറി പ്രവർത്തകരുടെ ലഘുലേഖ വിതരണത്തിന് ബദലായി തമിഴ് ബ്രാഹ്മണരുടെ നേതൃത്വത്തിൽ മദ്രാസ് ഹിന്ദു ട്രാക്ട് സൊസൈറ്റി രൂപവത്കരിക്കുകയും നിരവധി ട്രാക്ടുകൾ കേരളത്തിൽ ഉൾപ്പെടെ വിതരണം ചെയ്യുകയുമുണ്ടായി (PCMS 1890: 173). വിദേശ-തദ്ദേശ മിഷനറി പ്രവർത്തകർ ഒരേപോലെ ഈ പ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. ഇംഗ്ലീഷിലും തമിഴിലും കന്നടയിലുമുള്ള ട്രാക്ടുകളുടെ മലയാള പരിഭാഷകളും മിഷനറി പ്രസ്ഥാനം നടത്തിയിരുന്നു. ഇത് മലയാളി സമൂഹത്തിനിടയിൽ പുതിയ ഒരു സാംസ്കാരികതക്ക് തുടക്കം കുറിക്കുകയുണ്ടായി. മത നേതാക്കൾ അവരുടെ ആശയങ്ങൾ അച്ചടിച്ച് വിതരണം ചെയ്യേണ്ട ഒരു ആവശ്യകതയും സാക്ഷരതയുടെ ആവശ്യകതയും ഈ സാഹചര്യത്തിൽ വർധിക്കുകയുണ്ടായി. ഹിന്ദു-ഇസ്ലാം മത വിശ്വാസികൾ ഉൾപ്പെടെയുള്ളവർക്ക് ഈ വ്യവഹാരത്തിൽ പങ്കാളികളാകേണ്ടി വന്നു. 1880കൾക്കു ശേഷം അവരവരുടെ മതങ്ങൾക്ക് നേർക്കു വരുന്ന വിമർശനങ്ങൾക്കും അതോടൊപ്പം ഇതര മത വിമർശനവും പ്രസിദ്ധീകരിക്കേണ്ട ആവശ്യം വർധിച്ചു. ഇത്തരത്തിൽ ശ്രദ്ധേയമായ ഒരു പുസ്തകമായിരുന്നു മക്തി തങ്ങളുടെ കഠോരകുഠാരം (അര്ഥം- മൂര്ച്ചയേറിയ മഴു). 1884ൽ പ്രസിദ്ധീകരിച്ച കഠോരകുഠാരത്തിനു മറ്റ് ചില പ്രത്യേകതകൾകൂടി ഉണ്ടായിരുന്നു. ജോലി രാജിവെച്ച് ക്രിസ്തുമത പഠനത്തില് മുഴുകിയ മക്തി തങ്ങളുടെ ആദ്യ ക്രിസ്തുമത വിമര്ശനപഠനമാണിത്. അതോടൊപ്പം, മക്തി തങ്ങളുടെ ആദ്യ പുസ്തകവും ഒരു മുസ്ലിമിന്റെ കൈകൊണ്ട് എഴുതപ്പെട്ട ആദ്യത്തെ മലയാള പുസ്തകം എന്ന പ്രത്യേകതയും ഇതിനുണ്ടെന്നു പറയപ്പെടുന്നു. ത്രിത്വം യേശുവോ മുമ്പുള്ള പ്രവാചകന്മാരോ പഠിപ്പിച്ചിട്ടില്ലാത്ത ഒരു വ്യാജ സിദ്ധാന്തമാണെന്ന് ബൈബിളും ക്രൈസ്തവ ഗ്രന്ഥങ്ങളും ഉദ്ധരിച്ചുകൊണ്ട് സമർഥിക്കുന്ന ഒരു പുസ്തകമാണ് കഠോരകുഠാരം. 1884ൽ പ്രസിദ്ധീകരിച്ച കഠോരകുഠാരത്തിനു 1885ൽ തന്നെ ദീർഘമായ മറുപടി ലഭിക്കുകയുണ്ടായി. ക്രിസ്തുമതത്തിൽനിന്നും മാറി മറ്റൊരു മത പദ്ധതി തുടർന്ന് വന്നിരുന്ന യുസ്തൂസ് ജോസഫ് എന്ന വിദ്വാൻകുട്ടി അച്ചനാണ് 'വിശുദ്ധ വെണ്മഴു' എന്ന പേരിൽ 106 പേജുള്ള ഒരു മറുപടി മക്തി തങ്ങൾക്ക് നേർക്ക് തയാറാക്കുന്നത്.
പാലക്കാട് മഞ്ഞപ്പുറം ഗ്രാമത്തില് 1835 സെപ്റ്റംബര് നാലിനു ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച രാമയ്യന് ആണ് പില്ക്കാലത്ത് വിദ്വാന്കുട്ടി, യുസ്തൂസ് യോസേഫ്, യുയോരാലിസന് തുടങ്ങിയ പേരുകളില് അറിയപ്പെട്ടത്. കരുനാഗപ്പള്ളി ഭാഗത്തേക്ക് കുടിയേറിയ രാമയ്യന്റെ കുടുംബം 1861 ആഗസ്റ്റ് മാസം മാവേലിക്കരയില്വെച്ച് ജോസഫ് പീറ്റ് എന്ന മിഷനറിയുടെ പഠിപ്പിക്കലുകളുടെ ഭാഗമായി ക്രിസ്തുമതം സ്വീകരിച്ചു. സി.എം.എസ് മിഷനിലെ ആദ്യ സുറിയാനി ക്രിസ്ത്യാനി അല്ലാത്ത പുരോഹിതൻകൂടിയാണ് യുസ്തൂസ് യോസേഫ്എന്ന വിദ്വാൻകുട്ടി. തിരുവിതാംകൂറിലെ ഉണർവ് യോഗങ്ങളുടെ ഭാഗമായി അദ്ദേഹം 1880കൾ മുതൽ മിഷനറി പ്രസ്ഥാനത്തിൽനിന്നും മാറി സ്വതന്ത്രമായി പ്രവർത്തിക്കുകയായിരുന്നു (പോൾ 2021: 193-223). ഈ സമയത്താണ് മക്തി തങ്ങളുടെ വിമർശനം പ്രസിദ്ധീകരിക്കപ്പെടുന്നത്.

മലബാറിലെ ഒരു പള്ളി. 1939ലെ ചിത്രം (ചിത്രം: ബാസൽ ആർക്കൈവ്സ്)
മക്തി തങ്ങളുടെ വിമർശനവുമായി ബന്ധപ്പെട്ട ഒരു ചർച്ച ആ കാലത്തെ കേരളോപകാരിയിൽ പ്രസിദ്ധീകരിക്കുകയുമുണ്ടായി. വിദ്വാൻ കുട്ടിയച്ചൻ ഈ മറുപടി എഴുതുന്നതിനു മറ്റൊരു കാരണംകൂടി ഉണ്ടായിരുന്നു. വിദ്വാൻ കുട്ടിയച്ചൻ പറയുന്നു, ''എന്തെന്നാൽ കഠോരകുഠാരത്തിന് പ്രതിവാദം എഴുതേണ്ടതിനുള്ള അവകാശം ക്രിസ്ത്യാനി മാതാപിതാക്കന്മാരിൽനിന്ന് ജനിച്ചിട്ടുള്ള സാധാരണ ക്രിസ്ത്യാനികൾക്കല്ല, ഹിന്ദു മാർഗത്തിൽനിന്ന് യേശുക്രിസ്തനിൽ വീണ്ടും ജനിച്ച ഒരു ബ്രാഹ്മണ ക്രിസ്ത്യാനിക്കാകുന്നു എന്ന് കഠോരകുഠാരം 79, 80 ആയ പുറങ്ങളിൽ സനാവുല്ല മക്തി സൂചിപ്പിച്ചിരിക്കുന്നതിനാൽതന്നെ.'' 1885 ഒക്ടോബറിൽ എഴുതിത്തീർന്നെങ്കിലും നവംബർ 15നാണ് വിദ്വാൻകുട്ടി അച്ചൻ ഇത് പ്രസിദ്ധീകരിക്കുന്നത്. മക്തി തങ്ങൾ എഴുതിയ ഓരോ വരികൾക്കും മറുപടി പറയുന്ന രീതിയിലാണ് വിദ്വാൻകുട്ടി അച്ചൻ തന്റെ മറുപടി തയാറാക്കിയിരിക്കുന്നത്. ''കഠോരകുഠാരം ചമച്ച പ്രിയ സഹോദരന് സലാം'' എന്ന അഭിവാദ്യത്തിനിടെയാണ് വിദ്വാൻകുട്ടി അച്ചൻ പല അധ്യായങ്ങളും ആരംഭിക്കുന്നത്. മിഷനറി പ്രസ്ഥാനത്തിൽനിന്നു പുറത്തായതിനാൽ വിദ്വാൻകുട്ടി അച്ചന്റെ ഈ ആശയങ്ങൾ മിഷനറി പ്രസ്ഥാനം അംഗീകരിക്കുന്നത് അല്ലായിരുന്നു.
കൊളോണിയൽ ഏജൻസിയായ മിഷനറി പ്രസ്ഥാനങ്ങളുടെ പുരാശേഖരങ്ങളിൽനിന്നും ലഭിക്കുന്ന ഇത്തരം സാമൂഹിക അനുഭവങ്ങളുടെ പ്രസക്തി എന്താണ്? എന്തിനാണ് ഇത്തരം രേഖകൾ കണ്ടെടുക്കേണ്ടത്? എന്നീ ചോദ്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. കൊളോണിയൽ അധികാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടതും ഏകശിലാരൂപത്തിലുള്ളതുമായ ചരിത്രരചനകളെ മറികടന്നുകൊണ്ട് മാപ്പിളസമൂഹത്തിന്റെ ബഹുമുഖങ്ങളായ ചരിത്രങ്ങൾ രചിക്കപ്പെടേണ്ടതിന്റെ ആവശ്യകത എന്നതാണ് ഇതിന്റെ ഒന്നാമത്തെ ഉത്തരം. കേരളത്തിന്റെ സാമൂഹിക പരിണാമദിശയെ കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്ന ഇത്തരം വിവരണങ്ങൾ – അവയുടെ വിമർശനങ്ങൾ നിലനിൽക്കുമ്പോൾ പോലും – ആധുനിക കേരളചരിത്ര വൈജ്ഞാനിക മേഖലക്ക് സംഭാവന നൽകാൻ ശേഷിയുള്ളതാണ്. അധിനിവേശ കണ്ണുകളിലൂടെയാണ് മിഷനറി എഴുത്തുകൾ അടയാളപ്പെടുത്തിയതെങ്കിലും സാമൂഹിക പരിണാമങ്ങളെയും പരിവർത്തനങ്ങളെയും, പ്രത്യേകിച്ച് കൊളോണിയൽ ആധുനികതയിലേക്കുള്ള മാപ്പിളസമൂഹത്തിന്റെ പ്രവേശനത്തിനെയും ഒരു പരിധിയോളം മനസ്സിലാക്കാൻ ഈ രേഖകൾ പര്യാപ്തമാണ്. പ്രത്യേകിച്ച് മക്തി തങ്ങൾ, വിദ്വാൻകുട്ടി അച്ചൻ പോലുള്ളവരുടെ ഇടപെടലുകൾ അച്ചടിമാധ്യമത്തിന്റെയും സാമൂഹിക-മത വിമർശനങ്ങളുടെയും മറ്റൊരു ചരിത്രം നമുക്ക് വെളിപ്പെടുത്തിത്തരുന്നുണ്ട്. പലതരം ചരിത്രങ്ങൾക്കുള്ള സാധ്യതകൂടിയാണ് ഇവ നമുക്ക് നൽകുന്നത്. ഈ കാരണത്താൽ മിഷനറി പുരാശേഖരത്തിൽനിന്നും ക്രിസ്തുമതത്തിന് വെളിയിലുള്ള സമൂഹങ്ങളുടെ ചരിത്രം കണ്ടെടുക്കുക എന്നതുതന്നെ ഒരു ചരിത്ര വിദ്യാർഥിയുടെ ദൗത്യമായി മാറുകയാണ്.
സൂചിക
Anna Johnston, Missionary Writing and Empire, 1800-1860, Cambridge: Cambridge University Press, 2003.
E. Diez, 'Malayalam Christian Literature', pp.392-405, in The Missionary Conference: South India and Ceylon, 1879, Vol II. Madras: Addison &Co., Mount Road.1880.
Samuel Mateer, Native Life in Travancore, London: W H Allen and Co, 1883.
Samuel Mateer, The Land of Charity, London: John snow and Co, 1871.
Proceedings of the Church Missionary Society for the Africa and the East ,1888-1912.
EWT, മലയാള ബാസൽ മിശ്യൻ സഭയുടെ ചരിത്ര സംക്ഷേപം, Calicut: The Malabar Church Council Centenary, 1934.
ദേവിക ജെ, ജനസമ്പർക്കം, കേരളപഠനങ്ങൾ 1(1) ഏപ്രിൽ- ജൂൺ 1993. പേജ് 48.
ജ്ഞാനനിക്ഷേപം 1852-56 ലക്കങ്ങൾ
വിദ്വാൻകുട്ടി, വിശുദ്ധ വെണ്മഴു, യുയോമയ സഭാ പ്രസിദ്ധീകരണം.
വിനിൽ പോൾ, അടിമകേരളത്തിന്റെ അദ്യ
ശ്യ ചരിത്രം,കോട്ടയം : ഡി.സി. ബുക്സ്, 2021
കുറിപ്പ്:
േലഖനം തയാറാക്കുന്നതിൽ ഡോ. ബാബു ചെറിയാൻ, ഡി. മാത്യു, സൈതാലി എന്നിവരുടെ സഹായങ്ങൾ ലഭിച്ചിട്ടുണ്ട്.