കേരള പൊലീസ് ക്രൈം സംഘമോ?; കൊളോണിയൽ നീതി വ്യവസ്ഥയുടെ പുതുരൂപം
കേരള പൊലീസിൽ ആർ.എസ്.എസ് ശാഖയുള്ളതായി സി.പി.െഎ നേതാവ് ആനി രാജ തന്നെ പറയുന്നു. സമീപകാലത്ത് പൊലീസ് ജനങ്ങൾക്ക് നേരെ നടത്തിയ അതിക്രമങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല. ഇൗ പശ്ചാത്തലത്തിൽ പൊലീസിെൻറ പ്രവർത്തനരീതികൾക്കെതിരെ വിമർശനം ഉന്നയിക്കുകയാണ് ഇൗ കുറിപ്പ്.
ഇന്ത്യൻ പൊലീസ് ചരിത്രത്തിെൻറ അടിവേരുകൾ ഒരു പരിധിവരെ നമ്മുടെ സാംസ്കാരിക-ഭരണ പൈതൃകത്തിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയിൽ 1869ലാണ് പൊലീസ് ആക്ട് നിലവിൽ വരുന്നത്. 1857ലെ അധിനിവേശ വിരുദ്ധ പോരാട്ടമായ ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താനായിരുന്നു ഈ പൊലീസ് ആക്ട് രൂപംകൊണ്ടത്. അതിനുശേഷം ഇന്നുവരെ ഈ സംവിധാനത്തിന് ഉള്ളടക്കത്തിൽ മാറ്റമുണ്ടായിട്ടില്ല. കേരള പൊലീസിെൻറ ജീർണതകളിൽ മുഖ്യപങ്കുവഹിച്ച മറ്റൊരു ഘടകം തിരുവിതാംകൂർ രാജഭരണ വ്യവസ്ഥിതിയായിരുന്നു.
ആധുനിക ജനാധിപത്യ ഭരണവ്യവസ്ഥകളിൽ ഏറെ സുപ്രധാനമാണ് ക്രിമിനൽ ജസ്റ്റിസ് സമ്പ്രദായം. പൊലീസ്, പ്രോസിക്യൂഷൻ, ജുഡീഷ്യറി, ജയിൽ, സാമൂഹികക്ഷേമം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ക്രിമിനൽ നീതിവ്യവസ്ഥ (criminal justice system) രൂപം കൊള്ളേണ്ടത്. എന്നാൽ അപരിഷ്കൃതമായ നമ്മുടെ പൊലീസ് സംവിധാനം ഈ സമ്പ്രദായത്തിൽ ഏറ്റവും ദുർബലമായ കണ്ണിയാണ്. ആധുനിക ഭരണവ്യവസ്ഥകളിൽ ആഗോളതലത്തിൽ തന്നെ പൊലീസ് ജുഡീഷ്യറിയുടെ ഭാഗമാണ്. എന്നാൽ ഇന്ത്യയിൽ ഇത് പൊളിറ്റിക്കൽ എക്സിക്യൂട്ടിവിനാൽ ഉദ്ഗ്രഥിക്കപ്പെട്ടതാണെന്നത് അപകടകരമായ പ്രവണതയാണ്. സ്ഥലംമാറ്റം, വിവിധ പൊലീസ് നിയമനങ്ങൾ തുടങ്ങിയ കാര്യനിർവഹണ അധികാരം (administrative power) ഉപയോഗിച്ച് രാഷ്ട്രീയ നിർവഹണ ഘടന (political executive) പൊലീസിെൻറ സ്വതന്ത്ര പ്രവർത്തനരംഗത്ത് യഥേഷ്ടം വിഹരിക്കുകയാണ്. ഇന്നത്തെ ബ്രിട്ടൻ ഉൾപ്പെടെയുള്ള വികസിത രാഷ്ട്രങ്ങളിൽ ശക്തമായ ജുഡീഷ്യൽ മേൽനോട്ടത്തിനു പുറമേ പൊലീസ് സിവിലിയൻ റിവ്യൂ ബോർഡിനും ബാഹ്യ കണക്ക് പരിശോധനക്കും (external auditing) വിധേയമാണ്.
നിക്ഷിപ്ത അധികാരം ജനങ്ങൾക്കെതിരെയുള്ള പീഡനോപകരണമാക്കി മാറ്റുന്ന ഒരു അർധ സൈനിക അശാസ്ത്രീയ ഉൾഘടനയാണ് ഇന്ന് പൊലീസിനുള്ളത്. ബഹുസഹസ്രം ജനങ്ങളും കുറ്റവാളികളല്ലാത്തവരും നിയമ നിഷേധ പ്രവണതയില്ലാത്തവരും ആണെന്ന അടിസ്ഥാന യാഥാർഥ്യത്തെ മനസ്സിലാക്കിക്കൊണ്ടാണ് പൊലീസ് സംവിധാനം ശാസ്ത്രീയമായി ക്രമീകരിക്കേണ്ടത്. അത്തരമൊരു സമൂലമാറ്റത്തിനു വേണ്ടി 1959ൽ രൂപംകൊണ്ട പൊലീസ് റിഫോംസ് കമീഷൻ വിമോചനസമരത്തിെൻറ അടിയൊഴുക്കിൽ അവഗണിക്കപ്പെടുകയായിരുന്നു. 1977ൽ രൂപവത്കരിച്ച ദേശീയ പൊലീസ് കമീഷൻ റിപ്പോർട്ടും വെളിച്ചം കാണാതെ ചവറ്റുവീപ്പയിലായി. സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്ന നിയമനിർമാണ പദവി (statuary)യുള്ള കേന്ദ്ര വിജിലൻസ് കമീഷെൻറ (CVC) കീഴിൽ ആയിരിക്കണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) പ്രവർത്തിക്കേണ്ടതെന്ന 1998ലെ നിർദേശവും നടപ്പാക്കപ്പെട്ടില്ല.
പൊലീസ് നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിൽ കേന്ദ്ര പ്രാധാന്യമർഹിക്കുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളെയും സൈബർ നെറ്റ്വർക്കിൽ ഉൾപ്പെടുത്തുന്നതിനുള്ള പദ്ധതിയും 'ഫലപ്രദമായി' തടസ്സപ്പെടുത്തുകയാണ്. സൈബർ നെറ്റ്വർക്കിലാകുമ്പോൾ ഓരോ ദിവസത്തെയും പ്രഥമദൃഷ്ട്യാ റിപ്പോർട്ടുകളും (FIR) മറ്റു പദ്ധതികളെ സംബന്ധിച്ച വിവരങ്ങളും ഏതൊരാൾക്കും വിരൽത്തുമ്പിൽ ലഭ്യമാകും. പിന്നീട് അതിെൻറ തിരുത്തലോ കൃത്രിമമോ അനായാസമായിരിക്കില്ല. അതുകൊണ്ടുതന്നെ പൊലീസ് സ്റ്റേഷനുകളുടെ സൈബർ നെറ്റ്വത്കരണം സമ്പൂർണമായി നടപ്പാക്കാത്തതിൽ അത്ഭുതപ്പെടാനില്ല.
സാധാരണ മനുഷ്യെൻറ നീതിക്കുവേണ്ടിയുള്ള ആശ്രയമാണ് പൊലീസ്. അതുകൊണ്ടുതന്നെ ഏതൊരു സർക്കാർ ഓഫിസിലേക്കും കയറിച്ചെല്ലാൻ കഴിയുന്നതിനു സമാനമായിരിക്കണം ഒരു പൊലീസ് സ്റ്റേഷൻ. പൊലീസിൽനിന്ന് സേവനം ആവശ്യപ്പെടാനുള്ള അവസ്ഥ സാധാരണ ജനങ്ങൾക്കുണ്ടാകണം. എന്നാൽ ഇന്ന് പൊലീസ് എന്ന ക്രിമിനൽ നിയമ വ്യവസ്ഥയുടെ സുപ്രധാന ഘടകം ഒട്ടും ആശാവഹമായല്ല പ്രവർത്തിക്കുന്നത്.
കേരള പൊലീസിെൻറ കമ്യൂണിറ്റി പൊലീസിങ് പദ്ധതി (ജനമൈത്രി സുരക്ഷ) എന്ന പുതിയ ജനകീയ മുഖം സൃഷ്ടിക്കലിെൻറ പ്രായോഗികത മേൽപ്പറഞ്ഞതിൽനിന്ന് വായിച്ചെടുക്കാവുന്നതാണ്. യൂറോപ്യൻ രാജ്യങ്ങളിലെ വൻനഗരങ്ങളെ ഇളക്കിമറിക്കുന്ന സാമ്രാജ്യത്വ വിപണി സാഹചര്യത്തിെൻറ പ്രവണതയായ ക്രിമിനൽവത്കരണം നേരിടുന്നതിന് രൂപവത്കരിച്ച 'സിറ്റിസൺ പൊലീസിങ്ങിെൻറ' വാർപ്പ് മാതൃകയാണ് ജനമൈത്രി പൊലീസ് എന്ന് കാണാവുന്നതാണ്. ദേശീയ പൊലീസ് കമീഷൻ നിർദേശങ്ങളിൽ സുപ്രധാനമാണ് സ്റ്റേറ്റ് സെക്യൂരിറ്റി കമീഷൻ രൂപവത്കരണം.
മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന പൊലീസ് മേധാവി (DGP) എക്സ് ഒഫീഷ്യൽ സെക്രട്ടറിയും ഭരണ - പ്രതിപക്ഷ ഘടകങ്ങളിൽനിന്ന് സ്പീക്കർ നിർദേശിക്കുന്ന ഓരോ എം.എൽ.എ മാരും നിയമസഭ അംഗീകരിക്കുന്ന ഒരു റിട്ടയേർഡ് ജഡ്ജിയും ഒരു വിദ്യാഭ്യാസ വിചക്ഷണനും ചേർന്നതാണ് നിർദിഷ്ട സ്റ്റേറ്റ് സെക്യൂരിറ്റി കമീഷൻ രൂപഘടന.
ചുരുക്കത്തിൽ കേരളത്തിൽ1881ൽ തിരുവിതാംകൂർ സംസ്ഥാനത്തിെൻറ ആദ്യത്തെ പൊലീസ് സൂപ്രണ്ടായി ഒലിവർ എച്ച്. ബെൻസ്ലി നിയമിതനായതു മുതൽ ഇന്നുവരെ പൊലീസ് സംവിധാനത്തിൽ യൂനിഫോമിലുള്ള മാറ്റമല്ലാതെ അതിെൻറ പ്രവർത്തനത്തിലെ നീതിശാസ്ത്രവുമായി ബന്ധപ്പെട്ട് കാര്യമായ പരിഷ്കാരങ്ങൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല.
അഞ്ചുപേരിൽ ചുരുങ്ങിയത് രണ്ടുപേർക്കെങ്കിലും പൊലീസിനെ ഭയമാണെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍,ദലിതര്‍, മുസ്ലിംകള് എന്നിവര്‍ക്കാണ് പൊലീസിനെ തീർത്തും വിശ്വാസമില്ലാത്തതും ഭയമുള്ളതും എന്നതാണ് നമ്മെ നടുക്കുന്ന ഇതിെൻറ മറ്റൊരു സാമൂഹിക വശം. അതേ സമയം സവർണ വിഭാഗത്തിന് പൊലീസിനെ ഒരു ഭയവുമില്ലെന്നും പഠനത്തിൽ പറയുന്നു.
ഈ പശ്ചാത്തലത്തിൽ വേണം അടുത്ത കാലത്തായി കേരളത്തിൽ വർധിച്ചുവരുന്ന പൊലീസ് അതിക്രമങ്ങൾ സാധാരണ ജനങ്ങളെ പൊതുവിലും മുസ്ലിം ദലിത് ആദിവാസി വിഭാഗങ്ങളെ പ്രത്യേകിച്ചും ഭയവിഹ്വലരാക്കുന്ന സാഹചര്യത്തെ വിലയിരുത്തേണ്ടത്.
യു.എ.പി.എ, െഎ.പി.സിയിലെ നിർദയനിയമങ്ങൾ എന്നിവക്കെതിരെ ആഞ്ഞടിക്കുന്ന കരട് രാഷ്ട്രീയപ്രമേയം അതിെൻറ പാർട്ടി കോൺഗ്രസിൽ പാസാക്കിയ കക്ഷിയാണ് കേരളം ഭരിക്കുന്നത്.
എന്നാൽ വിമർശസ്വരങ്ങളെയും ഭിന്നാഭിപ്രായങ്ങളെയും അടിച്ചമർത്തുകയും വിവിധ വകുപ്പുകൾ ചാർത്തി കേസെടുക്കുകയും ചെയ്യുന്ന ഭീഷണമായ പ്രവർത്തനങ്ങളിലാണ് കേരള പൊലീസ് ഇന്ന് ഏർപ്പെട്ടിരിക്കുന്നത്. അതിെൻറ വ്യാകരണം നിലവിൽ കേന്ദ്ര ഭരണകൂടത്തിലെ വർഗീയകക്ഷിയായ ബി.ജെ.പിയും സംഘ്പരിവാറും പറയുന്നതിന് തുല്യമായിരിക്കുന്നു. ബ്രാഹ്മണിക്കല്‍ ആൺകോയ്മയുടെ നീതിബോധമാണ് പൊലീസിനെ ഭരിക്കുന്നതെന്ന് ഏതൊരാൾക്കും സംശയമേതുമില്ലാതെ പറയാന്‍ കഴിയുന്ന അവസ്ഥയിലേക്ക് സംസ്ഥാന പൊലീസ് മാറിയിരിക്കുന്നു.
അധികാരവും പ്രിവിലേജുമുള്ള ഉപരി വർഗത്തിന് ബാധകമല്ലാത്ത നിയമങ്ങൾ ഇവ രണ്ടുമില്ലാത്ത കീഴാളർക്ക് ബാധകമാക്കിയെടുക്കുന്ന പണിയെയാണ് ഇപ്പോൾ പൊലീസിങ് (policing) എന്നു പറയുന്നത്. പൊലീസിൽ കൂടുതൽ ഹൈന്ദവ ഫാഷിസവത്കരണം നടക്കുന്നതിെൻറ സൂചനകളാണ് കേരള പൊലീസിലെ സംഘ്പരിവാര്‍ സെല്ലുകളുടെ പ്രവര്‍ത്തനം.
കേരള പൊലീസിെൻറ നീതിബോധത്തെ ബ്രാഹ്മണിക് ഹിന്ദുത്വനീതിയാക്കി പരിവർത്തനപ്പെടുത്തുന്നതിൽ സംഘ്പരിവാറിെൻറ സവർണ രാഷ്ട്രീയ ഇടപെടലുകളുണ്ട്.
ദലിത് -മുസ്ലിം സ്വത്വങ്ങളില്‍ ഉള്ളവരോടും സെക്കുലര്‍ - പൊളിറ്റിക്കൽ നിലപാടുകളുള്ള ആക്ടിവിസ്റ്റുകളോടും പൊലീസിെൻറ ശത്രുതയും പ്രതികാരവാഞ്ഛയും ആഭ്യന്തരവകുപ്പിെൻറ സവർണ ഉദ്ഗ്രഥനത്തിെൻറ ഭാഗമാണ്. പൊലീസിെൻറ സ്ത്രീവിരുദ്ധതയിൽനിന്നുതന്നെ അതിെൻറ ഹിന്ദുത്വവത്കരണത്തിെൻറ ആഴം അളക്കാവുന്നതാണ്.
കേരളത്തിലെ ഏറ്റവും വലിയ 'പ്രഫഷനൽ' സദാചാര ഗുണ്ടകള്‍ സർവാധികാരമുള്ള കേരള പൊലീസാണ്. പൊലീസ് സേനയുമായോ സേവനവുമായോ ബന്ധപ്പെട്ട പരിശീലനം ലഭിക്കാത്തവരും ഒരു ബന്ധവുമില്ലാത്തവരുമായ സിവിൽ അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥരായ ഐ.എ.എസുകാരാണ് ഭരണകൂടത്തിനു വേണ്ടി പൊലീസ് നയങ്ങൾ രൂപവത്കരിക്കുന്നതും നടപ്പാക്കുന്നതും.
കേരളത്തിൽ ഷൊർണൂർ, കാസർകോട് എന്നീ സ്ഥലങ്ങളിൽ മദ്റസ വിദ്യാർഥികളെ ആക്രമിച്ച സംഘ്പരിവാർ ക്രിമിനലുകളെ മുതൽ തൃശൂരിൽ പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ മുസ്ലിമായതുകൊണ്ട് അതിക്രൂരമായി മർദിച്ച സംഘ്പരിവാർ ഗുണ്ടയെ വരെ മാനസികരോഗികളായി ചിത്രീകരിച്ച് പൊലീസ് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഈ സംഭവം സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിച്ച സജീദ് ഖാലിദ് എന്ന യുവാവിനെതിരെ 153ാം വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിച്ചു എന്നത് വലിയ ക്രിമിനൽ കുറ്റമായി ചിത്രീകരിച്ചാണ് ഗൗരി എന്ന ആദിവാസി യുവതിയെ ജയിലില്‍ അടച്ചത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിന് ഒരു ആദിവാസി യുവതിയെ യു.എ.പി.എ എന്ന കരിനിയമം ചുമത്തി ജയിലില്‍ അടച്ചത് കേരള ചരിത്രത്തിലെ ആദ്യ സംഭവമാണ്.
കേരള പൊലീസിൽ 1129 പേര് സർവിസില്‍ തുടരാന്‍ യോഗ്യതയില്ലാത്തവരാണെന്ന് പൊലീസ് വകുപ്പുതന്നെ കണ്ടെത്തിയിരുന്നു. ഇവരിൽ 59 പേര് കുട്ടികളെ പീഡിപ്പിച്ചവരും സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയവരും കൊലപാതകത്തിന് കൂട്ടുനിന്നവരുമായ കൊടും ക്രിമിനലുകളാണെന്നാണ് പറയപ്പെടുന്നത്. പത്ത് ഡിവൈ.എസ്.പിമാർ, എട്ട് സി.ഐ റാങ്കിലുള്ളവർ, എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 195 പേർ ക്രിമിനല്‍ സ്വഭാവമുള്ളവരാണ് എന്ന റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രി പിണറായി വിജയന് സമർപ്പിക്കപ്പെട്ടു. 2015ല്‍ ഇത് 654 ആയിരുന്നു. 2011 മുതല്‍ 2018 വരെയുള്ള കണക്കാണ് മേൽ നടപടികൾക്കായി ആഭ്യന്തര മന്ത്രിയുടെ മുന്നില്‍ വെച്ചത്. എന്നാല്‍ ആഭ്യന്തരവകുപ്പ് ഈ പട്ടിക അട്ടിമറിച്ച് കേസുകളില്‍ പ്രതിയായവരുടെ എണ്ണം 350 ആയി കുറച്ചു. 59 പേരില്‍മാത്രം നടപടി മതിയെന്ന് ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ചതോടെ യഥാർഥ കണക്കുകൾ പൂര്‍ണമായി അട്ടിമറിക്കപ്പെട്ടു.
എല്ലാ സർവിസ് ചട്ടങ്ങളും ലംഘിച്ച് മദ്യത്തിെൻറയും പണമിടപാടു സ്ഥാപനങ്ങളുടെയും കച്ചവട പങ്കാളികളായ ഉദ്യോഗസ്ഥന്മാര് കൂടുതലും പൊലീസ് വകുപ്പിലാണ്. കേരളത്തില്‍ ബസുകളും കാറുകളും നിരവധിയുള്ള പൊലീസുകാരെക്കുറിച്ചുള്ള വിവരങ്ങളും ആഭ്യന്തരവകുപ്പിനറിയാമെങ്കിലും വര്‍ഷങ്ങളായി ഒരു നടപടിയും എടുത്തിട്ടില്ല. കേരള പൊലീസ് എന്‍ക്വയറീസ് ആൻഡ് പണിഷ്മെൻറ് റൂള്‍സിലെ (Enquiries and punishment rules) ചട്ടം 10 പ്രകാരം കർശന നടപടിയെടുക്കുന്നതിനു പകരം ക്രിമിനൽ പശ്ചാത്തലമുള്ള ഈ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പൊലീസ് സ്റ്റേഷനുകളിലാണ്.
അതുകൊണ്ട് പൊലീസിെൻറ അമിതാധികാര പ്രവണതയില്‍ മാറ്റം വരണമെങ്കില്‍ ജനങ്ങള്‍ക്ക് നിയമത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടാകണമെന്നും അതിനുവേണ്ടി നിയമസഹായവും നിയമവ്യവസ്ഥകളും രേഖപ്പെടുത്തിയ ബോർഡുകൾ പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കണമെന്നും പറഞ്ഞത് ഇന്ത്യൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ്. ദുർബല വിഭാഗങ്ങൾ നീതിന്യായ വ്യവസ്ഥക്ക് പുറത്ത് ജീവിക്കേണ്ടിവരുന്നതിെൻറ ഗുരുതരാവസ്ഥയും അദ്ദേഹം ഓർമിപ്പിക്കുകയുണ്ടായി.
നമ്മുടെ ഭരണസമ്പ്രദായം ഇപ്പോഴും പഴയ ഫ്യൂഡല്‍ കൊളോണിയൽ മാതൃകകളിൽനിന്ന് വിടുതല്‍ നേടിയിട്ടില്ലെന്നും അധികാരവ്യവസ്ഥയുടെ നിർണായക ഘടകമായ പൊലീസ് ജനാധിപത്യവത്കരണത്തിൽനിന്ന് ഇന്നും വളരെ അകലെയാണെന്നും കുറേക്കാലമായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന പൊലീസ് അതിക്രമങ്ങൾ വ്യക്തമാക്കുന്നുണ്ട്.
പൊലീസിെൻറ ക്രൂരമായ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുമ്പോൾ പൊലീസിെൻറ മനോവീര്യം തകരുന്നതിനെപ്പറ്റി ഭരണകൂടങ്ങൾ വാചാലമാകുന്നത് നാം കേൾക്കാറുള്ളതാണ്. ഭരണകൂടങ്ങൾക്ക് ജനങ്ങൾക്കുമേലുള്ള അനിയന്ത്രിത അധികാരം നിലനിർത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥ വൃന്ദങ്ങളാണ് എന്നതിനാലാണ് അവരുടെ മനോവീര്യത്തിൽ രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടങ്ങളും അതീവ ശ്രദ്ധാലുക്കളാകുന്നത്.
പൊലീസ് എപ്പോഴും ഭരണകൂടത്തിെൻറ ഉപകരണമാണെന്നത് വസ്തുതയാണെങ്കിലും ചില രാഷ്ട്രീയ പാർട്ടിക്ക് മാത്രം അനുകൂലമായി ഒരു പൊലീസ് സേനയിലെ ഉദ്യോഗസ്ഥസംവിധാനം മുഴുവൻ ചലിക്കുന്നത് അചിന്ത്യമായ കാര്യമാണ്. എന്നാൽ അതാണ് കഴിഞ്ഞ കുറേക്കാലമായി കേന്ദ്ര - സംസ്ഥാന ഭരണങ്ങളിൽ ദൃശ്യമാകുന്നത്. ഭരണകൂട രാഷ്ട്രീയ പാർട്ടികളുടെ അവാന്തര വിഭാഗമായാണ് പൊലീസ് പെരുമാറുന്നത്. ദലിതരും ന്യൂനപക്ഷങ്ങളും മനുഷ്യാവകാശങ്ങൾക്കും നിയമ സംരക്ഷണത്തിനും അർഹരല്ലെന്ന മട്ടിലാണ് പൊലീസിെൻറ അവരോടുള്ള സമീപനം.
വിനായകൻ മുതൽ ഈയിടെയുണ്ടായ അട്ടപ്പാടിയിലെ ആദിവാസികൾക്കെതിരെയുള്ള പൊലീസ് അതിക്രമം വരെ അതിെൻറ സൂചനകളാണ്. ക്രൂരമായ ബലപ്രയോഗത്തിലൂടെ അധികാര നിർവഹണം നടത്തുന്ന, സവർണബോധം വെച്ചുപുലർത്തുന്ന ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന ഭരണകൂടങ്ങൾ അവർക്ക് ഒരു ഹരമായി മാറിയിരിക്കുന്നു. സംസ്ഥാനത്തിൻെറ പല ഭാഗങ്ങളിൽ നടക്കുന്ന സമാധാനപരമായ സമരങ്ങളെയും ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും പൊലീസ് തന്നെ ആക്രമിക്കുകയും ക്രമസമാധാന പ്രശ്നമാക്കി മാറ്റുകയും ചെയ്യുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്. ഉത്തരേന്ത്യൻ മാതൃകയിലുള്ള ഈ പൊലീസ്വത്കരണം ചരിത്രപരമായ പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത ജനാധിപത്യ മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും വെല്ലുവിളിക്കുന്നതാണ്. രാഷ്ട്രീയ അസംബന്ധങ്ങളുടെയും അധിനിവേശ കൂട്ടക്കൊലയുടെയും നാടായ ഇസ്രായേലിൽപോലും രാഷ്ട്രീയ അധികാര കേന്ദ്രത്തിൽനിന്ന് സ്വതന്ത്രമായി കർശന വ്യവസ്ഥയോടെ പ്രവർത്തിക്കുന്ന ഒരു പൊലീസ് സംവിധാനമുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിന് ഒരു കേസിൽ കുറ്റപത്രം നൽകാൻ അനുമതി നൽകിയതിെൻറ പേരിൽ അറ്റോർണി ജനറൽ എവിചായ് മാൻഡെൽബ്ലിറ്റിനും പൊലീസിനുമെതിരെ വലിയ അട്ടിമറി ആരോപണങ്ങളാണ് നെതന്യാഹുവും സംഘവും ഉയർത്തിയത്. എന്നാൽ ആക്ടിങ് പൊലീസ് കമീഷണറായിരുന്ന മോട്ടി കോഹൻ പൊലീസ് ആസ്ഥാനത്തെത്തി ജോലിയിൽ കാണിച്ച പ്രഫഷനലിസത്തിന് പൊലീസുകാർക്ക് സല്യൂട്ട് നൽകുകയും അവരെ അനുമോദിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് കുറ്റപത്രം നൽകാൻ നടപടി സ്വീകരിച്ച പൊലീസിനെയും അവരെ അനുമോദിക്കുന്ന പൊലീസ് മേധാവിയെയും ഇവിടെ ഭാവനയിൽപോലും കാണാൻ കഴിയുമോ?
അഞ്ചുപേരിൽ ചുരുങ്ങിയത് രണ്ടുപേർക്കെങ്കിലും പൊലീസിനെ ഭയമാണെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍, ദലിതര്‍, മുസ്ലിംകള് എന്നിവര്‍ക്കാണ് പൊലീസിനെ തീർത്തും വിശ്വാസമില്ലാത്തതും ഭയമുള്ളതും എന്നതാണ് നമ്മെ നടുക്കുന്ന ഇതിെൻറ മറ്റൊരു സാമൂഹിക വശം. അതേസമയം സവർണ വിഭാഗത്തിന് പൊലീസിനെ ഒരു ഭയവുമില്ലെന്നും പഠനത്തിൽ പറയുന്നു.
രാജ്യത്തെ വിചാരണത്തടവുകാരുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ മുസ്ലിംകളും ദലിതരും ആദിവാസികളുമാണ്. ഇന്ത്യയിൽ പൊതുവിൽ പൊലീസിലെ മുസ്ലിം പ്രാതിനിധ്യം വളരെ കുറവാണെന്നതും അവിശ്വാസത്തിെൻറ ആഴം വർധിപ്പിക്കുന്നുണ്ട്.ഒരു റിപ്പബ്ലിക്ക് രാജ്യമായി എഴുപത്തൊന്ന് വര്‍ഷം പിന്നിട്ടിട്ടും സമൂഹത്തിെൻറ നാനാതലങ്ങളിലും സ്റ്റേറ്റിെൻറ മറ്റു മിഷനറികളിലും പല പരിഷ്കരണങ്ങളും സംഭവിച്ചിട്ടും കൊളോണിയൽ പൊലീസിനെ മാറ്റം വരുത്താതെ മർദനോപകരണമാക്കി നിർത്തുകയാണ് എല്ലാ ഭരണകൂടങ്ങളും.മുഖ്യധാരാ മലയാള സിനിമകളിൽ ഹീനമായ പൊലീസ് ക്രൈമുകൾ ഹീറോയിസമായിട്ടാണ് എക്കാലത്തും അവതരിപ്പിച്ചിട്ടുള്ളത്.
പൊലീസ് ക്രൈമുകളെ ഇങ്ങനെ പ്രചരിപ്പിക്കുന്നതിൽ പരസ്യങ്ങളും മുൻപന്തിയിലാണ്. മില്‍മയുടെ പ്രശസ്തമായ ഒരു പരസ്യം ഹെല്‍മറ്റ് ധരിക്കാത്ത യുവാവിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു ക്രിമിനല്‍ കേസിലെ പ്രതിയെപോലെ കൈകാര്യം ചെയ്യുന്നതും ഇന്‍സ്പെക്ടര്‍ സ്വയം ശിക്ഷ വിധിച്ചു നടപ്പാക്കുകയും ചെയ്യുന്നതാണ്. പൊലീസ് പിടികൂടുന്നവരെല്ലാം പ്രതികളാണ് എന്ന പൊതുബോധമാണ് നിലവിലുള്ളത്. എന്നാൽ യാഥാർഥ്യം പരിശോധിച്ചാൽ റിമാൻഡ് ചെയ്യപ്പെടുന്നവരിൽ 60 ശതമാനവും നിരപരാധികളാണെന്ന് കാണാൻ കഴിയും.
ചുരുക്കത്തിൽ പൊലീസിങ്ങിലെ സങ്കീർണതകളെ പരിശോധിച്ച് ബാഹ്യ ഇടപെടലുകളിൽനിന്ന് മുക്തമാക്കുന്ന നിർദേശങ്ങളടങ്ങിയ 1977ലെ ദേശീയ പൊലീസ് കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സമഗ്ര പരിഷ്കരണത്തിനായി ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
കേരള പൊലീസിെൻറ ചരിത്രം രചിക്കാൻ തയാറെടുത്തിരിക്കുന്ന മുൻ ഡി.ജി.പിമാരായ ജേക്കബ് പുന്നൂസും അലക്സാണ്ടർ ജേക്കബും പിന്നെ ബി. സന്ധ്യയും പാലത്തായി പീഡന കേസിൽ ആരോപണവിധേയനായ ഐ.ജി ശ്രീജിത്തും മേൽപ്പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കും. വാളയാറിലെ പെൺകുരുന്നുകളെപോലെ ഒന്നു നിലവിളിക്കാൻപോലും കഴിയാതെ കണ്ണുകൾ പുറത്തേക്കു തുറിച്ച് തൂങ്ങിയാടുന്ന പിഞ്ചു രൂപങ്ങൾ പൊലീസിെൻറ ചരിത്രരചനാ കൗശലത്തിെൻറ പരിധിയിൽ വരുമോ?