മഴയെ പേടിക്കേണ്ടതുണ്ടോ? - ടി.പി. പത്മനാഭൻ എഴുതുന്ന മഴയെഴുത്ത്
കേരളീയരിൽ ‘മഴപ്പേടി’ എന്ന അവസ്ഥ രണ്ട് വലിയ പ്രളയങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മഴയെ പേടിക്കേണ്ടതുേണ്ടാ? ഇടവപ്പാതിയെന്നും തുലാവർഷമെന്നും മഴക്ക് ഒരു നിശ്ചിതത്വമുണ്ടായിരുന്നു. ആ അവസ്ഥ മാറിയോ?
60 വർഷംമുമ്പ്, അന്ന് പത്ത് വയസ്സായിക്കാണും. ഒരോണക്കാലത്ത് ആമ്പൽപൂക്കൾ പറിക്കാൻ കൂട്ടുകാരോടൊത്ത് ഇറങ്ങിയതാണ്. അന്ന് റെയിൽപാതക്ക് ഇരുവശവും വിവിധതരം ആമ്പലുകൾ വിരിഞ്ഞുനിൽക്കുന്ന കാഴ്ച അതിമനോഹരമായിരുന്നു. ഉയരത്തിൽ റെയിൽപാത പണിയാൻ ഇരുവശവുമുള്ള വയലിൽനിന്ന് മണ്ണെടുത്ത വീതിയേറിയ ചാലുകളാണ് പിന്നീട് ആമ്പൽക്കുളവും തണ്ണീർത്തടങ്ങളുമായി മാറിയതും നിലനിന്നതും. ജലസസ്യങ്ങളുടെ ഇലകൾക്കുമീതെ നീണ്ട വിരലുപയോഗിച്ച് അനായാസേന ഓടിനടക്കുന്ന ഈർക്കിലിക്കാലൻ താമരക്കോഴികൾ ഈ ആവാസത്തിന്റെ രോമാഞ്ചമാണ്. വാല് തീരെ ഇല്ലെന്ന് തോന്നിക്കുന്ന ഈ പക്ഷിയുടെ പ്ളീ-പ്ളീ-പ്ളീ എന്ന സംഗീതധാര കുട്ടികൾ അനുകരിക്കും.
ശ്രദ്ധയോടെ ചാലിലിറങ്ങി ഇരുകൈകളിലും പിടിക്കാവുന്നത്ര ചുകപ്പും, വെളുപ്പും ആമ്പലുകൾ തണ്ടോടെ പറിച്ചെടുത്തു. സൂര്യപ്രകാശം മങ്ങി. ഒരു മേഘം വടക്കുനിന്ന് വരുന്നുണ്ട്. മഴയായ് പെയ്യുംമുമ്പ് വീട്ടിലെത്തണം. എന്നാൽ, പെട്ടെന്ന് ഒരു കാറ്റും മഴയും ഒന്നിച്ച്. എല്ലാവരും കരയിൽ കയറി. എന്റെ വലതു കാലിൽ മുട്ടിനു താഴെ പിറകിൽ ഒരു കുളയട്ട കടിച്ചുപിടിച്ചിരിക്കുന്നു. ഏതോ കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ ഇരു കയ്യിലും ആമ്പൽപ്പൂക്കളോടെ വീട്ടിലേക്ക് നിലവിളിച്ചുകൊണ്ട് ഒരോട്ടം. മറ്റു കുട്ടികൾ പിറകിൽ. ചിന്നിച്ചിന്നിയുള്ള ചിങ്ങമഴയിലെ ആ ഓട്ടത്തിന്റെ മാധുര്യം ഇന്നും നുണഞ്ഞ് തീർന്നിട്ടില്ല.
നിലവിളിയും ഓട്ടവും വീട്ടുകാരെ പരിഭ്രമിപ്പിച്ചു. മറ്റു കുട്ടികളോട് കാര്യം തിരക്കിയ മുത്തശ്ശിക്ക് ചിരിയൊതുക്കാൻ കഴിഞ്ഞില്ല. ‘‘ഇതിനാണോ ഈ വെപ്രാളമൊക്കെ...’’ പുകയിലയുടെ ഒരു ഞെട്ടെടുത്ത് കടിവായിൽ വെച്ചു. നിമിഷങ്ങൾക്കകം അത് അടർന്നുവീണു. കറുത്ത അട്ടയുമായി വെളുത്ത ഈർക്കിൽ കാലിൽ അന്നത്തെ ഓട്ടത്തിന് കൂട്ട് നേരിയ ചിങ്ങമഴയായിരുന്നു. ആ മഴ അന്നുംഇന്നും ഭയമായിരുന്നില്ല; ആവേശമായിരുന്നു.
അടിമുടി ഇടിമഴയാണ് ഇടവമഴ. ഇടവപ്പാതി പെരുമഴ തുടങ്ങുന്നതിന്റെ ഇടിമുഴക്ക കാലമാണ്. പ്രധാന കാവുകളിൽ ഇടവപ്പാതിയോടെ കലശോത്സവം തീരും. ഒരു ചെറിയ മൺകുടത്തിൽ ആരാധനക്കായി കള്ള് സമർപ്പിക്കുന്ന ചടങ്ങാണ് കലശംവെക്കൽ. കലശക്കുടം കവുങ്ങിൻപൂക്കളാൽ അലങ്കരിക്കുന്ന ഉയരത്തിലുള്ള തട്ടായി തലയിലേറ്റി പ്രദക്ഷിണംവെക്കുന്ന വലിയ ഉത്സവമായി കലശംവെക്കൽ മാറിയതിനു പിറകിൽ തദ്ദേശീയമായുള്ള രാജാധികാരത്തിന്റെ അധിനിവേശവുമായി ബന്ധമുണ്ട്.
വടക്കൻ കേരളത്തിൽ ഇടവത്തിൽ കലശോത്സവം തുടങ്ങുന്നത് ചിത്താരി പുഴയുടെ തെക്കുഭാഗത്തുള്ള മടിയൻകൂലോത്താണ്. ഇടവപ്പാതിയിൽ നീലേശ്വരം മന്നം പുറത്തുകാവിലും അവസാനിക്കുന്നത് വളപട്ടണം കളരിവാതിൽക്കലുമാണ്. മൂന്നു ദിവസത്തെ കലശോത്സവത്തോടനുബന്ധിച്ച് നാലഞ്ചു ദിവസത്തെ ചന്തയുണ്ടാകും. കലശചന്തക്ക് ഏറെ പ്രാധാന്യമുണ്ട്. തീരത്തുനിന്ന് വരുന്ന ഉണക്കമത്സ്യം, നീറ്റുകക്ക, മലയിൽനിന്ന് വരുന്ന ഇഞ്ച, കുട്ട, വട്ടി, മുറം; ഇടനാട്ടിൽ നിന്നുവരുന്ന മരപ്പെട്ടി, വെള്ളത്തിലിട്ട അടക്ക, തുവര എനിങ്ങനെ... ചാന്ത്, കൺമഴി, കട്ടനീലം, പൊടിനീലം, കറുത്തനൂല്, ചെറു കളിപ്പാട്ടങ്ങൾ എന്നിവ വേറെയും കാണും. ചെമ്പുപാത്ര വിൽപനയും ഈയം പൂശികൊടുക്കലും മറ്റൊരു ഭാഗത്തുണ്ടാകും.
മലനാടു മുതൽ തീരദേശം വരെയുള്ളവർ കലശചന്തക്ക് വരും. ആവശ്യമുള്ളവ വാങ്ങി ശേഖരിക്കും. കാരണം ഇനി വരാനുള്ള മാസങ്ങൾ കൊടും മഴയായിരിക്കും. ഇരു കരയും മുട്ടി വെള്ളം ഉയരും. വഴി അടയും. യാത്രയില്ലാ കാലം.
യാത്ര ചെയ്യാൻ സമയവുമില്ല. മൂന്നു മാസത്തെ തകൃതിയായ കൃഷിപ്പണിയുണ്ട്. അന്തിയുറങ്ങാൻ മാത്രം കുടിലിലെത്തും. പുരുഷന്മാർക്ക് തലക്കുടയും സ്ത്രീകൾക്ക് കളക്കുടയും ഉണ്ടാകും. എത്രതരം ഓലക്കുടകളാണെന്നോ കലശചന്തയിൽ നിരത്തിവെച്ചിട്ടുണ്ടാകുക. ചന്തയിലേക്ക് ഓലക്കുടയും പേറി വരുന്നവർ... അതുതന്നെ മരിക്കാത്ത ഓർമകളാണ്.
മുട്ടോളം വെള്ളത്തിൽ മണിക്കൂറുകളോളം മണങ്ങിനിൽക്കുന്ന സഹോദരിമാർ, അമ്മമാർ കളപറിക്കുന്ന രംഗം ഇടവമഴയുെട അതിശയ കാഴ്ചയാണ്. നെൽച്ചെടിയും വരിനെൽച്ചെടിയും കാഴ്ചക്ക് ഒരുപോലെയാണ്. വരിനെൽച്ചെടി പെരുവിരലും ചൂണ്ടുവിരലുംകൊണ്ട് സ്പർശിച്ചറിഞ്ഞ് പറിച്ചുമാറ്റുന്ന അറിവ് ഇവർ നേടിയത് മഴയുടെ വിശ്വവിദ്യാലയത്തിലായിരിക്കണം. കളക്കുടയുടെ ഓലപ്പുറത്ത്‍ വീഴുന്ന മഴത്തുള്ളിയുടെ കൂറ്റിനൊത്ത് വയൽപ്പാട്ടുകൾ ഉറെക്ക പാടി ഇവർ മണ്ണിൽ നടത്തുന്ന സർഗവ്യാപാര ഫലമാണ് അന്നം. ഇടവമഴയിൽ കാടു തീണ്ടാൻ മടിക്കുന്ന കാടോടിയും കടലിലിറങ്ങാതെ കൂറ്റൻ തിരമാലകൾ കണ്ട് പരിഭ്രമിക്കുന്ന കടലോടിയും ഇക്കാലത്തെ ഇടനാടൻ ജീവിതത്തിൽനിന്നും വ്യത്യസ്തമാണ്. ഇടനാട്, ഇടവപ്പാതിയിൽ സജീവമായിരിക്കും.
ഉത്സവ ചന്തകളിൽ പുരാണ പുസ്തകങ്ങൾ – രാമായണം, ശീലാവതി, സീതാദുഃഖം, വടക്കൻപാട്ടുകൾ... എന്നിവ നിരത്തിവെച്ചും പാടിയും വിൽക്കുന്ന ഒരു ചന്തബാല്യം എനിക്കുണ്ടായിരുന്നു. പുസ്തകങ്ങൾ പുറത്തെടുക്കാൻപോലും പറ്റാത്തവിധം മഴച്ചില്ലിൽനിന്ന് ജനക്കൂട്ടത്തോടൊപ്പം മാറിനിന്നപ്പോൾ പുകയുന്ന വയറിൽനിന്ന് പുകയാത്ത അടുപ്പിലേക്കുള്ള ദൂരം സ്മൃതി മധുരമായി ഇന്നും ഇടവമഴക്കാലത്ത് നുണയാറുണ്ട്. അന്നും മഴയെ വെറുത്തിരുന്നില്ല. കറുത്ത് പെയ്താൽ കുറച്ചുനേരം വെളുത്തിരിക്കും. ആ വെട്ടം ജീവിതത്തിലെ കനിവഴിയാണ്.
ഉത്സവങ്ങൾ കൊടിയിറങ്ങി, ചന്തകൾ നിലച്ചു. ആളും ആരവവും ഒഴിഞ്ഞു. കാവിൽ അന്തിത്തിരിയും മുടങ്ങി. മനുഷ്യവ്യവഹാരങ്ങളുടെ ഇടപെടലുകളും ചുരുങ്ങി. മിഥുനമഴയിൽ യുവമിഥുനങ്ങൾ ഇണചേർന്നു. കിണറും കുളവും; പാടവും പറമ്പും, തോടും പുഴയും നിറഞ്ഞു കവിഞ്ഞു. പുറമ്പോക്കുകളെല്ലാം പച്ചപ്പട്ടുടുത്തു. തുമ്പ, എള്ള്, തുളസി, കുറുന്തോട്ടി, തകര, താള്... എങ്ങും സമൃദ്ധം. അറിയുന്നവയെ പേരു ചൊല്ലി വിളിച്ചു. പേരറിയാത്തവ നാറിക്കാടുകളായി. ആരുടേതാണ് പുറമ്പോക്ക്? എന്റേയും നിങ്ങളുടേയും. സർവചരാചരങ്ങളുടേയും. ഈ അകം പോക്കിലാണ് മഴ പെയ്യുന്നത്. നനവായി അലിവായി നാളേക്കു നീളേക്കും വേണ്ടി. മിഥുനമഴ കുറഞ്ഞാൽ ജലാശയം ചൂടാകും. നേരിയ ചൂടിൽപോലും സസ്യകാണ്ഡങ്ങൾ രോഗാതുരമാകും. പുഴുവേറും, വിളനാറും, നല്ല മിഥുനമഴ വേനലിലും കരുത്താകുമെന്നതിന്റെ പൊരുളിതാണ്.
അങ്ങനെയും ഇങ്ങനെയും ഒരുതരം ഒപ്പിക്കലാണ് മിഥുനാഹാരം. അൽപം കഞ്ഞി, മുതിര, തുവര, ഉഴുന്ന്, ചെറുപയർ, മമ്പയർ എന്നിവ ഏതെങ്കിലും ഒന്നിന്റെ തേങ്ങ ചേർത്ത പുഴുക്ക്. പുരയുടെ കഴുക്കോലിൽ തെങ്ങോല തളയിൽ തൂക്കിയിട്ടിരിക്കുന്ന വെള്ളരിക്കയും മണ്ണടരിൽ സൂക്ഷിച്ച ചക്കക്കുരുവും ചേർത്ത ഓലൻ, തീക്കനലിൽ ചുട്ടെടുത്ത ഉണക്കമീൻ. കഞ്ഞിയോടൊപ്പം ഏതെങ്കിലും ഒന്നേ കാണൂ. ഒന്നിലധികം ധാരാളിത്തമാണ്. ഫുഡ് കഴിഞ്ഞോ എന്നാരും അന്ന് ചോദിക്കില്ല. കഞ്ഞി കുടിച്ചോ എന്നുമാത്രം. വാണോനും താണോനും അന്ന് ഒരുപോലെ കഞ്ഞിയാ. വെള്ളരിക്കാത്തളയും മുത്തശ്ശിയുടെ കാതിലെ തളയും മിഥുനത്തിൽ ഒന്നുപോലെ കാലിയായി തൂങ്ങിക്കിടക്കും.
പറഞ്ഞുകേട്ട ഒരു സംഭവം പറയട്ടെ. മിഥുനത്തിന്റെ കോരിച്ചൊരിയലിൽ എല്ലാം അകറ്റപ്പെട്ട ഒരു ദിവസം. പാടനടുവിലെ ഒറ്റപ്പെട്ട കുതിരിൽ കഴിയുന്ന വയറ്റാട്ടി മീലിക്ക് സന്ധ്യയോടെ വല്ലാത്ത ഇരിക്കപ്പൊറുതി ഇല്ലായ്മ. മാറ് മറയ്ക്കാതെ നടന്ന അവർക്ക് അന്ന് വെള്ളം അരക്ക് മുകളിൽ ഉള്ളതിനാൽ അരയും മറയ്ക്കാതെ പേറ്റുമരുന്ന് അടക്കം ഉടുതുണി തലയിൽക്കെട്ടി ഒരു കയ്യിൽ മഴ കൊള്ളാതിരിക്കാൻ ചേമ്പിലയും മറുകയ്യിൽ കത്താത്ത ചൂട്ടും വീശി അവർ പാടം കടന്ന് മറുവശത്തെ പറമ്പിലേക്ക് ലക്ഷ്യമിട്ടു നടന്നു. ഈറ്റുവേദനയറിയിക്കാൻ മീലിയുടെ വീട്ടിലേക്ക് ഓടിയ രണ്ടാൺ കുട്ടികൾ ദൂരെനിന്ന് വരുന്ന മീലിയെ തിരിച്ചറിയാനായില്ല. അവർ പേടിച്ച് നിലവിളിച്ച് തിരികെ ഓടി. കാര്യം തിരക്കുമ്പോഴേക്കും മീലി ഈറ്റുപുരയിലേക്ക് കടന്നു.
ഈ കൊടും മഴയിലും മീലി എത്ര ഈറ്റുനോവുകൾ വാത്സല്യനോവുകളാക്കി മാറ്റിയിട്ടുണ്ട്. ജീവനോടുമാത്രം മമതയുള്ള മറ്റൊന്നിനോടും കാംക്ഷയില്ലാത്ത ജീവിതം. അതാണ് മീലി. അതാണ് മിഥുന മഴയും. അത്ഭുതമുണ്ടോ മീലിയെ ഈറ്റുദേവതയായി പുനർജനിപ്പിച്ച് ആരാധിക്കുന്നതിൽ. മിഥുനസംഗം പുനർജനത്തിനുള്ള ഒരുക്കമാണ്. അതാണ് തിരുവാതിര ഞാറ്റുവേല. മിഥുനത്തിന്റെ ഏതാണ്ട് അവസാന ആഴ്ചതൊട്ട് കർക്കടകത്തിന്റെ ആദ്യ ആഴ്ച കഴിയുംവരെ, ഒടിച്ചുകുത്തിയാൽ തഴുക്കുന്ന കാലമാണത്. ഏതൊരു വള്ളിയും കമ്പും പൊട്ടിച്ചെടുത്ത് കുത്തിനട്ടാൽ മതി വേരു വരും, ജീവൻ വെക്കും. തഴച്ചുവളരും. മണ്ണിന്റേയും മഴയുടേയും സംഗമത്തിൽ സൂര്യചന്ദ്ര രേതസ്സിന്റെ പുനർജനിക്കാലം. മഴയും മണ്ണും വിത്തും ആർക്കും കൊണ്ടുപോകാം. മഴയുടെ ആർദ്രതയിൽ മണ്ണിന്റേയും സൂര്യചന്ദ്രാദികളുടേയും പ്രേമസംയോജനം ആർക്കും കവർന്നെടുത്ത് മാറ്റാനാകില്ല. ഥിമി ഥിമി... ഥിമിഥിമി... മിഥുനമഴ.
കർക്കടകത്തിന്റെ ആദ്യ ആഴ്ചയിൽ തിരുവാതിര ഞാറ്റുവേല തീരും. കുരുമുളകിൽ പരാഗണം നടന്നുകഴിഞ്ഞു. ഇനിയുള്ള ദിവസങ്ങൾ കള്ളകർക്കടകമാണ്. മഴ പെയ്യാം. പെയ്യാതിരിക്കും. പെയ്യുമ്പോൾ അൽപം കനത്തോടെതന്നെ കോരിച്ചൊരിയും. പെയ്യാതിരിക്കുമ്പോൾ ആനത്തോലും ഉണക്കാൻ ശേഷിയുള്ള വെയിലും ചൂടുമായിരിക്കും.
കർക്കടകമാകുമ്പോഴേക്കും ശേഖരിച്ചുവെച്ച ഭക്ഷ്യവസ്തുക്കളൊക്കെ ഏതാണ്ട് തീർന്നിരിക്കും. ഇനി ഇല തിന്ന് തിമിർക്കേണ്ട കാലമാണ്. കർക്കടകത്തിൽ പത്തില എന്നാണ് മുൻവാക്ക്. പഴം, പച്ചക്കറികൾ, ധാന്യങ്ങൾ, കിഴങ്ങ് ഇവയൊന്നും വിളയുന്ന കാലമല്ല കർക്കടകം. അതിനാൽ പുറമ്പോക്കിൽ പടുമുളയായി ലഭിക്കുന്ന താളും തകരയും തഴുതാമയും പൊന്നാങ്കണ്ണിയും കൊടുത്തൂവയും കുഞ്ഞുണ്ണിയും പ്രധാന ആഹാരമാകുന്ന കാലമാണ് കർക്കടകം. പടുമുളകളുടെ കൊയ്ത്തു കാലമാണ് കർക്കടകം. ആഹാരമെന്നതിനേക്കാൾ ശരീരസമ്പുഷ്ടിക്കായുള്ള കരുതൽകൂടിയാണ് പടുമുള തിന്നൽ. നമ്മുടെ നാക്കിൽ ആയിരക്കണക്കിന് രസമുകുളങ്ങളുണ്ട്. ഇത്രയും രസങ്ങൾ വളരെ കുറഞ്ഞയളവിൽ ശരീരത്തിലെത്തിയാലേ പ്രതിരോധം ലഭിക്കൂ. ഓരോ ഇലക്കും സ്വാദ് വ്യത്യസ്തമാണ്. ആ സ്വാദൊന്നും ആരും പേര് ചൊല്ലി പരിചയപ്പെടുത്തിയിട്ടില്ല. ആയിരക്കണക്കിന് രസങ്ങളെ ആറ് രസങ്ങളാക്കി ചുരുക്കിയെടുക്കുമ്പോൾ തകരുന്നത് മനുഷ്യന്റെ ആരോഗ്യമാണ്. കൃത്രിമാഹാരം കഴിക്കുന്നവർ കർക്കടകത്തിലെ മഴ പോയാലെന്താ കൃത്രിമ മഴ പെയ്യിക്കാമെന്നും വീമ്പടിക്കുന്നു.
മഴ നിന്നുപെയ്യുമ്പോഴും കർക്കടകം മുഴുവൻ അതിരാവിലെ തന്നെ നീന്തികുളിക്കുന്ന സ്വഭാവം മലയാളിക്കുണ്ടായിരുന്നു. തലയിൽ എണ്ണതേച്ച് ശരീരം മുഴുവൻ കുഴമ്പുപുരട്ടിയുള്ള ആറ്റിലെ കുളി മലയാളക്കരക്ക് ലഹരിയായിരുന്നു. കർക്കടക്കഞ്ഞി വളരെ പ്രസിദ്ധമായിരുന്നു. സമ്പന്നരായവർ എണ്ണപ്പാത്തിയിൽ സുഖചികിത്സ തേടിയതും കർക്കടക മഴയിൽ തന്നെ. സ്ത്രീപുരുഷ ഭേദമില്ലാതെ ആയോധന കളരികൾ സജീവമായതും കർക്കടകപ്പെയ്ത്തിലാണ്. കർക്കടകം പതിനാറിനാണ് മാരിമാറ്റൽ. ഇടവപ്പാതിക്കുശേഷം അടഞ്ഞുകിടന്ന കാവുകൾ അന്ന് തുറക്കും. അന്തിത്തിരിവെക്കും. കഠിനമഴയും മാറാരോഗങ്ങളും കഷ്ടപ്പാടുകളും ഒക്കെയാണ് മാരി. അവയൊക്കെ മാറ്റി നാടിനെ – ജനതയെ വീണ്ടും ഊർജസ്വലതയിലേക്ക് നയിക്കുന്ന ചടങ്ങാണ് മാരിമാറ്റൽ. ഇനി കർക്കടക വാവ് കൂടിയുണ്ട്. കൊടുംമഴയത്ത് കുളിച്ച് പിതൃക്കളെ ഓർമിച്ച് തർപ്പണം ചെയ്തശേഷം പുലരുന്ന നല്ല നാളേക്കുള്ള സന്തോഷകരമായ ഇറക്കം. തുടങ്ങുന്നത് ‘നിറ’യിലാണ്. ‘‘നിറനിറ-പൊലിപൊലി’’ എന്നാണ് മന്ത്രം. പർവതവും കടലും നിറയണം, പൊലിയണം. ഇല്ലവും വല്ലവും. പുരയും ആരാധനാലയവും. മാവും പിലാവും, ഉരലും പത്തായവും, കിണറും കാഞ്ഞിരക്കുറ്റിയും എല്ലാമെല്ലാം നിറയണം, പൊലിയണം. അതിനായി നെൽക്കതിര് പതിനൊന്ന് പച്ചിലകളിൽ പൊതിഞ്ഞ് തെങ്ങിന്റെ പാന്തം ഉപയോഗിച്ച് ചുറ്റി മുകളിൽ പറഞ്ഞ ഇടങ്ങളിലെല്ലാം നിറ നിറ പൊലി പൊലി എന്ന് ഉരുവിട്ട് കെട്ടിവെക്കും.
നിറകഴിഞ്ഞാൽ ചിങ്ങമഴയായി. ചിന്നി. ചിന്നി. എപ്പോഴാണ് പെയ്യുക എന്നൊന്നും പറയാൻ പറ്റില്ല. വസ്ത്രം കഴുകി ആറാനിട്ടവരെ, തേങ്ങ കൊത്തി കൊപ്രയാക്കാനിട്ടവരെ, നെല്ലുണക്കാൻ നിലം തല്ലി കളം ഉണ്ടാക്കുന്നവരെയൊക്കെ വല്ലാതെ മടുപ്പിക്കും ചിങ്ങമഴ.
തിരുവോണത്തിനു മുമ്പ് പുത്തരിയാചാരം നടക്കും. പുതിയ അരി ഭക്ഷിക്കാനുള്ള തയാറെടുപ്പാണ് പുത്തരി. ചോറും പായസവും ഒക്കെ ഉണ്ടാക്കാൻ നെല്ല് വിളവായിട്ടുണ്ടാകില്ല. എങ്കിലും നല്ല മുഹൂർത്തം നോക്കി പുതിയ അരി കഴിക്കുന്ന ചടങ്ങാണ് പുത്തരി. അവിൽ, പഴം, ശർക്കര, തേൻ, കരിമ്പ്, പച്ച കുരുമുളക്, തകര, പുത്തരിയുണ്ട, തേങ്ങ എന്നിവയൊക്കെ പുതിയ അരി ചേർത്ത് കുഴച്ച് ഓരോ ഉരുളയായി ഇലക്കഷണത്തിൽ നൽകും. ഇതിന് ആക്രാണം എന്ന് പേര്. ആക്രാണം കഴിക്കുന്നതാണ് പുത്തരിയുണ്ണൽ. പുത്തരിമുഹൂർത്തമായെന്നറിയിക്കാൻ ചിങ്ങമഴ മുഖം മിനുക്കിവരാറുണ്ട്.
മുഖം മിനുക്കിയുള്ള ആ വരവ് തിരുവോണ തുടക്കത്തിനുള്ള കറുത്ത തിരശ്ശീല നീക്കലാണ്. തിരുവോണ സദ്യക്ക് നെല്ല് കൊയ്യാൻ പാടത്തേക്കിറങ്ങുന്ന സ്ത്രീകളുടെ കലപില അവർക്ക് മുമ്പേ കൊയ്ത്തിനെത്തുന്ന തത്തമ്മകളുടെ ആരവം, തണ്ണീർത്തടങ്ങളിൽ വിരിഞ്ഞിരിക്കുന്ന ആമ്പലുകളെ ചുറ്റിപ്പറ്റി മൂളിക്കൊണ്ടിരിക്കുന്ന വണ്ടുകൾ, കര പുറമ്പോക്കിലെ നാനാവർണ പൂക്കളിൽ ആനന്ദനൃത്തം നടത്തുന്ന തേനീച്ചകൾ. ഇവക്കിടയിൽ പൂ തേടി എത്തുന്ന കുട്ടികൾ. എങ്ങും ആനന്ദത്തിന്റെ കോളിളക്കം. അതിനൊക്കെ നനവ് പകർന്നുകൊണ്ട് ചിന്നിച്ചിന്നി ചിങ്ങമഴയും.
തിരുവോണം കഴിഞ്ഞുവരുന്ന മകം നക്ഷത്രം മിക്കവാറും കന്നിമാസത്തിലാണ് വരിക. മകം വിത്തിന്റെ പിറന്നാളാണ്. കന്നിമാസത്തിൽ മഴ കുറവായിരിക്കും. പ്രത്യേകിച്ച് പകൽ നേരങ്ങളിൽ. ആബാലവൃദ്ധം ജനങ്ങൾ വയലിലായിരിക്കും. കൊയ്ത്ത്, കതിർക്കറ്റ കടത്തൽ, മെതിക്കൽ, വിത്തുണക്കൽ... തകൃതിയായി നടക്കും. നടുനിവർക്കാൻ സമയമില്ല. ചിലപ്പോൾ കത്തുന്ന വെയിലിൽ സൂര്യനെ മറയ്ക്കാൻ കരിമേഘങ്ങളെത്തും. അതൊരാശ്വാസമാണ്. സൂര്യൻ ദാഹം തീർക്കാൻ വെള്ളം കുടിക്കാൻ പോയെന്ന് പറഞ്ഞ് കുട്ടികൾ നിഴലിലേക്ക് ഓടും.
വിത്തിന്റെ പിറന്നാൾ ആഘോഷം കന്യകമാരുടെ മനസ്സിന് തെളിനീർ പകരും. മുറ്റത്ത് ചാണകം മെഴുകി ശുദ്ധീകരിച്ച് ഉരലും ഉലക്കയും കഴുകി ഭസ്മംതേച്ച് വെക്കും. ഒരു തളികയിൽ ഉണക്കലരിയും തുമ്പപ്പൂവുമുണ്ടാകും. ഒരു കുടം നിറയെ ജലവും. കന്യകമാർ കുളിച്ച് ഉരലിനു ചുറ്റും നിൽക്കും. കുടത്തിലെ ജലം ഉരലിൽ ഒഴിക്കും. ഉണക്കലരിയും തുമ്പുപ്പൂവും ഉരലിലെ വെള്ളത്തിലിടും. തുടർന്ന് ഉലക്കകൊണ്ട് കന്യകമാർ ഉരലിൽ മൂന്നുതവണ കുത്തും. തുമ്പപ്പൂവ് ഏത് ഭാഗത്ത് അടുക്കുന്നുവോ ആ ദിശയിൽനിന്ന് കല്യാണച്ചെറുക്കൻ വരുമെന്ന് ആഘോഷത്തിന് നേതൃത്വം കൊടുക്കുന്ന മുത്തശ്ശി പ്രവചിക്കും. ഇതൊക്കെ കണ്ടുകൊണ്ട് കാർമേഘത്തിലൊളിച്ച സൂര്യനുണ്ടാകും.
ഈ മകംകൊള്ളൽ വിത്തിന്റെ തിരുനാളാഘോഷമാണ്. മനുഷ്യനടക്കമുള്ള എല്ലാ ബീജങ്ങളുടെയും അങ്കുരണത്തിന്റെ ആചാരം. ഉരൽ സ്ത്രീയോനിയും ഉലക്ക പുരുഷലിംഗവുമായി പ്രതീകാത്മകമായി സംയോജിക്കുമ്പോൾ പൂവും പുന്നെല്ലും പുനർജനിയുടെ ലാക്ഷണിക ശകുനങ്ങളായി ഭവിക്കുന്നു. വിത്തിന്റെ പിറന്നാളും മുല്ലവള്ളിയുടെ വിവാഹവാർഷികവും മരത്തിന്റെ ചരമദിനവും ആഘോഷമോ ആചരണമോ ആക്കി മാറ്റിയ സമൂഹങ്ങൾ ഇവിടെയുണ്ടായിരുന്നു. എല്ലാം മനുഷ്യകേന്ദ്രീകൃതമായപ്പോൾ താളംതെറ്റൽ തുടങ്ങി.
ഇനി തുലാവർഷത്തിന്റെ വരവായി. വൈകുന്നേരത്തോടെ; മിന്നലിന്റേയും ഇടിയുടേയും അകമ്പടിയോടെ. കനത്ത മഴയായിരിക്കും. ഒരു തുള്ളി ഒരു കുടത്തിൽ നിറയാനുണ്ടാകും– തുള്ളിക്കൊരു കുടം. തുലാം പത്തോടെ കാവുകൾ സജീവമാകും. പത്താമുദയത്തിന് അനേകം തിരിയിട്ട് വിളക്കുവെച്ച് സൂര്യനെ ആരാധിക്കും. തുലാപത്തിൽ ഏഴിലംപാല പൂത്ത് മഴച്ചാറലിനൊപ്പം നാടെങ്ങും പരക്കും. മധുമഴയും മണമഴയും. മധുവും മണവുംതേടി നിശാശലഭങ്ങൾ വെളുത്ത പാലപ്പൂക്കളിലേക്ക് പോകുന്നതിനാൽ പറമ്പുവിളവുകൾക്ക് ഇക്കാലത്ത് കീടബാധ കുറവായിരിക്കും.
വൃശ്ചികം, ധനു, മകരം കുളിരുമഴയാണ്. ഇടനാടൻ കുന്നിൻചരിവുകളിലെ വെള്ളത്തിന് ഇക്കാലത്ത് ഔഷധവീര്യമുണ്ടെന്ന് ആളുകൾ കരുതിയിരുന്നു. അതിനാൽ ഇക്കാലത്ത് പുലർച്ചെ തോട്ടിലെ കുളി ആരോഗ്യദായകമാണെന്ന് കരുതിയിരുന്നു. പല്ലുകൊണ്ട് താളംപിടിക്കുന്ന കുട്ടികളെ പല്ലില്ലാത്ത മുത്തശ്ശിമാർ മാവിൻചോട്ടിൽ തീകായാനിരുത്തുന്ന പുലർവേളകളിൽ മാമ്പൂക്കളിൽനിന്ന് ഉതിരുന്ന തേൻകണത്തിന്റെ മണം അവാച്യമായ അനുഭൂതിയാണ്. തിരുവാതിര ഞാറ്റുവേലയിൽ ഉരുവാകുന്ന കുരുമുളക് മൂത്ത് വിളവെടുക്കുന്നത് കുളിർമഴ കാലത്താണ്. പകലത്തെ ചൂടിലും രാത്രിയിലെ കുളിരിലുമാണ് കുരുമുളക് മണവും രുചിയും ഏറി കറുത്തപൊന്നാകുന്നത്.
കന്നിയിൽ കൊയ്ത്ത് കഴിഞ്ഞ് തുലാപത്തിൽ വീണ്ടും വിത്തിട്ട് വയൽ കൃഷിയിൽനിന്ന് ശ്രദ്ധ പറമ്പുകൃഷിയിലക്ക് മാറുന്നത് കുളിർമഴ കാലത്താണ്. കുരുമുളകിന് പുറമെ ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കിഴങ്ങുവർഗങ്ങൾ എന്നിവയും വിളവെടുക്കുന്നത് ഇക്കാലത്താണ്. തുലാപത്തിനുശേഷം ആചാര-അനുഷ്ഠാനങ്ങളുടെ കാലംകൂടിയാണ്. തുലാപത്തിൽ തുടങ്ങുന്ന തെയ്യം തിറകൾ, വൃശ്ചികത്തിലെ കളത്തിലരിയും പാട്ടും, ധനുമാസത്തിലെ തിരുവാതിര, മകരത്തിലെ ഉച്ചാറൽ എന്നിങ്ങനെ ഉത്സവകാലമാണ് കുളിരുമഴ കാലം. കുംഭം, മീനം ആവിമഴയാണ്. കൊടുംചൂടാണ്. ഫലങ്ങൾ പഴങ്ങളായി നാരും നീരും മധുരവും നിറയുന്ന ആവിമഴക്കാലം, ചിങ്ങത്തിലെ തിരുവോണമെന്ന പുഷ്പോത്സവത്തിനുശേഷം വടക്കൻ കേരളത്തിൽ കാമദഹന കഥയുമായി ഉൾച്ചേർത്ത് മറ്റൊരു പുഷ്പോത്സവമുണ്ട്. മരങ്ങളും വള്ളികളും പൂവണിയുന്ന ആവിമഴയിലെ പൂരോത്സവം. പിന്നെ മേട മഴയാണ്. മണ്ണുമണം ഉയരുന്ന പുതുമഴയിലെ വിഷു. കർക്കടകത്തിലെ നിറക്ക് ഇലയിൽ തുടങ്ങി മേടത്തിലെ വിഷുവിന് ഫലത്തിൽ അവസാനിക്കുന്ന ആചാരങ്ങൾ. ഉത്സവങ്ങൾ ഒക്കെ മഴയുമായി ഉൾച്ചേർന്നിരിക്കുന്നു. മഴ സർവാംഗം ആശ്ലേഷിച്ച മലയാളിക്ക് എവിടെയാണ് തെറ്റിയത്?
മഴ മഴാ... കുട കുടാ... എന്നാണ് തുടക്കം. ജീവന് നിലനിൽക്കാൻ പറ്റുംവിധം ജൈവമണ്ഡലത്തെ ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി പ്രതിഭാസമാണ് മഴ. ഇത് കേവലം സാങ്കേതികവിദ്യകൊണ്ട് തുലനംചെയ്യാം എന്ന വിപണന കുതന്ത്രമാണ് ചുറ്റും അരങ്ങേറുന്നത്. മഴ ഒഴുകി എത്തുന്ന വൈദ്യുതി യൂനിറ്റ്; മഴ കുപ്പിയിൽ നിറച്ച് വിൽക്കാവുന്നത്, മഴ അണക്കെട്ടിലെ ജലനിരപ്പ്; കുടിവെള്ള വിതരണം വോട്ടുബാങ്ക് എന്നിങ്ങനെ നീണ്ടനിര... മറ്റൊരു ഭാഗത്ത് മഴയൊഴുക്ക് വീതംവെക്കാനുള്ള സംസ്ഥാനാന്തര, രാഷ്ട്രാന്തര യുദ്ധങ്ങൾ... മഴയെ സ്വകാര്യവത്കരിക്കൽ – കൃത്രിമ മഴ പെയ്യിക്കാമെന്ന വ്യാമോഹങ്ങൾ...
നന്നായി മഴപെയ്യുമ്പോൾ മഴയത്ത് കുളിച്ചു നിന്നുകൊണ്ട് ഒരു കുമ്പിൾ വെള്ളം ശേഖരിക്കുക. അതിന്റെ നശ്വരതയും അനശ്വരതയും അറിഞ്ഞുകൊണ്ട് കുടിക്കുക. അപ്പോഴാണ് മഴയുടെ സൗന്ദര്യം മനസ്സിലാവുക. തദ്ദേശീയമായി ലഭിക്കുന്ന മഴ ഏകീകരിക്കാൻ നമുക്കാവില്ല. ഒരിടത്ത് മഴ പെയ്യുമ്പോൾ തൊട്ടടുത്ത് മഴ പെയ്യണമെന്നില്ല. ഈ അസന്തുലിത പ്രാദേശിക മഴ പെയ്യലാണ് തദ്ദേശീയ സമൂഹവിന്യാസത്തിന്റെ നിയാമകം. ഒരു ദേശത്തിന്റെ പാരിസ്ഥിതികസ്വത്വത്തിൽനിന്ന് സാംസ്കാരിക സ്വത്വത്തിലേക്കുള്ള വളർച്ചയും പരസ്പരപൂരകത്വവും നിശ്ചയിക്കുന്നത് പ്രാദേശികമായി ലഭിക്കുന്ന മഴയായിരിക്കും. മഴമാപിനികളിൽ അളന്നു കണക്കാക്കുന്ന ശരാശരി മഴക്ക് ജീവിതത്തിന്റെ അളവുകോലാകാനാകില്ല. സദാ ചലിച്ചുകൊണ്ടിരിക്കുന്ന, നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവാഹമാണ് മഴ. ഉയരങ്ങളിൽനിന്ന് ആഴങ്ങളിലേക്കുള്ള പ്രവാഹത്തിലും ഉൾച്ചേരലിലും മലകളെതന്നെ അത് വഹിച്ചുകൊണ്ടുപോകും. ഭൂരൂപത്തിന്റെ – ലാൻഡ് സ്കേപ്പ് – മുഖരൂപം മാറ്റും. ഒഴുകാൻ പുതുവഴികൾ തേടും. മഴ പ്രവാഹത്തിന്റെ ഗതിവിഗതികളാണ് കേരളത്തിന്റെ ഇടനാട് സൃഷ്ടിച്ചത്. മഴ ഇന്നും ഈ പ്രവർത്തനം അനുസ്യൂതം തുടരുന്നു. അതിന് നാം വെള്ളപ്പൊക്കമെന്നും ഉരുൾപൊട്ടലെന്നും പുഴയുടെ ഗതിമാറലെന്നും പേരിട്ടു. ഇന്നിവയൊക്കെ ദുരന്തങ്ങളായി വിശേഷിപ്പിക്കുന്നു. മഴയെ പഴിക്കുന്നു. പഴിക്കേണ്ടത് മനുഷ്യന്റെ ദുരയെയാണ്. പശ്ചിമഘട്ടം തകർന്നതും ഇടനാട് ഇടിഞ്ഞതും തീരദേശം നിവർന്നതും ആധുനിക കാലത്ത് മനുഷ്യന്റെ ദുരകൊണ്ടാണ്. ദുരയുടെ അന്ത്യത്തിലേ ദുരന്തങ്ങളും ഇല്ലാതാകൂ. മഴ സാവധാനമേ മാറ്റൂ. ദുര അതിവേഗം മാറ്റും. ദുരമൂത്ത മനുഷ്യന് പുനർചിന്തനത്തിന് സാധിക്കുന്നില്ല. അതിനാൽ മഴയെ പഴിക്കാം.
ഇടവപ്പാതിയെന്നും തുലാവർഷമെന്നും മഴക്ക് ഒരു നിശ്ചിതത്വമുണ്ടായിരുന്നു. ഈ നിശ്ചിതത്വവും ഭൂ രൂപങ്ങളുമാണ് കേരളത്തിന്റെ ജീവിതരീതിയും സംസ്കാരവും മെനഞ്ഞെടുത്തത്. മഴയുടെ അനിശ്ചിതത്വത്തിലും ഭൂ രൂപങ്ങളുടെ തകർച്ചയിലും ജീവിതരീതിയാകെ മാറിക്കഴിഞ്ഞു. പഴയ സാംസ്കാരിക തനിമകൾ അനാചാരംപോലെ അനുഷ്ഠിക്കുകയും ചെയ്യുന്നു. ഇലയും കതിരുമില്ലാത്ത ‘നിറ’യും ആമ്പലും തുമ്പപ്പൂവുമില്ലാത്ത ഓണവും കണിവെള്ളരിയില്ലാത്ത വിഷുവും ഇന്ന് പടക്കച്ചന്തയിലെയും നഗരവീഥികളിലെയും കോമാളിരൂപങ്ങൾ മാത്രം. മഴയല്ല പ്രശ്നം മനസ്സിലെ മാരിയാണ്. ഈ മാരി മാറ്റാൻ ഒരു പുണർതം ഞാറ്റുവേലയിലും കഴിയില്ല.
ഒരു ആനമഴയെപ്പറ്റി ഓർമിക്കാതെ ഈ പ്രകരണം അവസാനിപ്പിക്കാൻ വയ്യ.
1969 ജൂലൈ 22. മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ തൊട്ടടുത്ത ദിവസം. ആ മഹദ് സംഭവത്തിന്റെ ലഹരിയിലായിരുന്നു അന്ന് എല്ലാ വിദ്യാലയങ്ങളും. കൂത്തുപറമ്പ്-മാനന്തവാടി റോഡിലെ കണ്ണവം യു.പി സ്കൂളിലും ഉച്ചവരെയുള്ള ചർച്ചയും പഠിപ്പും അതൊക്കെയായിരുന്നു. സ്കൂളിന് ചേർന്ന് വിസ്തൃതമായ ഒരു തോടുണ്ട്. കണ്ണവം വനത്തിൽനിന്ന് വരുന്നത്. മുന്നൂറിലേെറ കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്.
കാടു കാക്കുന്ന കണ്ണവത്ത് അന്ന് ശക്തിയായി മഴ പെയ്തിരുന്നു. ഉച്ചക്കുശേഷം കൂരാക്കൂരിരുട്ടും മഴയും. ക്ലാസ് മുറികളിലേക്ക് അടിച്ചുകയറുന്ന മഴ ചില്ലുകൾ. സമയം രണ്ടുമണി കഴിഞ്ഞുകാണും. മഴയുടെ ശക്തികൂടി. കാറ്റിന്റെ വേഗത വർധിച്ചു. കണ്ണവം കാടിന്റെ തലപ്പുമാത്രമല്ല ഉൾഭാഗവും കാറ്റിലുലഞ്ഞു. ഒരു മരക്കൊമ്പ് ഒടിഞ്ഞ് ഒരു ആനയുടെ മേലെ വീണു. ആന പെട്ടെന്ന് നിന്നു. എന്തോ ഓർത്തെടുത്തു. ഒരു നിയോഗംപോലെ സ്കൂൾ മുറ്റത്തേക്കെത്തി. ആന ആർത്തമായി ഒന്ന് ചിന്നംവിളിച്ചു. ചിന്നംവിളി കേട്ട കുട്ടികൾ ഒന്നാകെ ആന, ആന എന്ന് കൂകിയാർത്ത് ക്ലാസ് മുറിവിട്ട് വരാന്തയിലേക്കിറങ്ങി.
നിമിഷങ്ങൾക്കകം ആന ഒന്നുകൂടി ചിന്നംവിളിച്ചുകൊണ്ട് കാട്ടിലേക്ക് മറഞ്ഞു. കുട്ടികൾ പെരുമഴയത്ത് ഒന്നിച്ച് സ്കൂൾ മുറ്റത്തേക്കിറങ്ങി. തത്സമയം സ്കൂൾ കെട്ടിടം പൂർണമായും തകർന്നു നിലംപതിച്ചു. കെട്ടിടത്തിനകത്തുണ്ടായിരുന്ന പതിനാല് കുട്ടികൾ തൽക്ഷണം മരിച്ചു.
ആ ആന വന്നില്ലായിരുന്നെങ്കിൽ? ഒരു ഉൾക്കിടിലത്തോടെ മാത്രമേ ആ മഴയെക്കുറിച്ചും കാറ്റിനെക്കുറിച്ചും ആനയെക്കുറിച്ചും ചിന്തിക്കാനാകൂ. ആന അവിടെ എത്തിയതും കുട്ടികൾ പുറത്തിറങ്ങിയതും കേവലം യാദൃച്ഛികതയാണെന്നു പറയാൻമാത്രം എന്റെ കാടനുഭവങ്ങൾ എന്നെ അനുവദിക്കുന്നില്ല. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഏത് ജീവനിയോഗമാണ് ആ സമയത്ത് അവിടെ എത്തിച്ചത്.
ആനയുടെ ജീവിതനിയോഗത്തിലെ ഇതര ജീവികളോടടക്കമുള്ള കരുതൽ നമുക്ക് എന്നോ, എങ്ങോ നഷ്ടമായിരിക്കുന്നു. നമുക്ക് അറിയാവുന്നത് പകരം എന്ത് എന്ന് ചോദിക്കാനാണ്. പകരം വെക്കുക എങ്ങനെയാണെന്നോ? കണ്ണവം സ്കൂൾ തകർന്നത് 1969 ജൂലൈ 22ന്റെ കനത്ത മഴയിലാണല്ലോ. അതിനാൽ തൊട്ടടുത്ത വർഷം മുതൽ സ്കൂൾ ജൂൺ, ജൂലൈ മാസങ്ങളിലടച്ചിടാനും ഏപ്രിൽ, മേയ് മാസങ്ങളിൽ തുറക്കാനും തീരുമാനിച്ചു. 1970 ഏപ്രിൽ-മേയ് മാസം സഹിക്കവയ്യാത്ത ചൂടായിരുന്നു. മിക്കയിടത്തും കിണർ വറ്റി. കുടിക്കാൻ വെള്ളമില്ല. പ്രശ്നമായി. അതോടെ വിദ്യാലയപ്രവർത്തനം പഴയ പടിയായി–ജൂൺ മുതൽ മാർച്ച് വരെ. ഇത്തരം തമാശകളാണ് വരൾച്ചയോടും വെള്ളപ്പൊക്കത്തോടും ഭൂമി താഴ്ന്നിറങ്ങുന്നതിനോടും ഉരുൾപൊട്ടലിനോടും കാലാവസ്ഥാ വ്യതിയാനത്തിനോടും കടലെടുക്കുന്ന കരയോടുമൊക്കെ നാം നടത്തുന്നത്.
2022ലെ തകർത്തുപെയ്യുന്ന മഴയിൽ കുതിച്ചൊഴുകുന്ന ചാലക്കുടിപ്പുഴയിൽകൂടി ഒരു ആന നീന്തിത്തുടിച്ച് കരകയറുന്നത് അത്ഭുതത്തോടെ കണ്ടിരിക്കുമല്ലോ, അതാണ് കരുത്ത്. കരുതൽ.
(സൂചിമുഖി മാസികയുടെ എഡിറ്ററാണ് ലേഖകൻ)