Begin typing your search above and press return to search.
proflie-avatar
Login

അക്കാദമി അവാര്‍ഡുകളും സാമൂഹിക മൂലധനവും

അക്കാദമി അവാര്‍ഡുകളും സാമൂഹിക മൂലധനവും
cancel

സാംസ്കാരിക-സാമൂഹിക വൈവിധ്യങ്ങളെ അംഗീകരിക്കുക ജനാധിപത്യ സമൂഹത്തിൽ പ്രധാനമാണ്. സാഹിത്യ അക്കാദമിയും ഇതര സാംസ്കാരിക സ്ഥാപനങ്ങളും അത് എത്രത്തോളം അംഗീകരിക്കുന്നുണ്ട്​ എന്ന്​ ചോദിക്കുന്ന എഴുത്തുകാരനും ചിന്തകനുമായ ലേഖകൻ സാഹിത്യ അക്കാദമിയുടെ അവാർഡ്​ രീതികളെയും വിമർശിക്കുന്നു.സര്‍ക്കാറിന്റെ കീഴിൽ പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സ്ഥാപനങ്ങളും ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളും അവാര്‍ഡ് നല്‍കുമ്പോൾ പ്രതിഷേധത്തിന്റെ ഭാഗമായി അത് തിരിച്ചേൽപിക്കില്ല എന്നുറപ്പുള്ളവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാർ തീരുമാനമെടുത്തുവെന്ന് സമീപകാലത്ത് മാധ്യമങ്ങളില്‍വന്ന റിപ്പോര്‍ട്ടുകൾ...

Your Subscription Supports Independent Journalism

View Plans
സാംസ്കാരിക-സാമൂഹിക വൈവിധ്യങ്ങളെ അംഗീകരിക്കുക ജനാധിപത്യ സമൂഹത്തിൽ പ്രധാനമാണ്. സാഹിത്യ അക്കാദമിയും ഇതര സാംസ്കാരിക സ്ഥാപനങ്ങളും അത് എത്രത്തോളം അംഗീകരിക്കുന്നുണ്ട്​ എന്ന്​ ചോദിക്കുന്ന എഴുത്തുകാരനും ചിന്തകനുമായ ലേഖകൻ സാഹിത്യ അക്കാദമിയുടെ അവാർഡ്​ രീതികളെയും വിമർശിക്കുന്നു.

സര്‍ക്കാറിന്റെ കീഴിൽ പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സ്ഥാപനങ്ങളും ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളും അവാര്‍ഡ് നല്‍കുമ്പോൾ പ്രതിഷേധത്തിന്റെ ഭാഗമായി അത് തിരിച്ചേൽപിക്കില്ല എന്നുറപ്പുള്ളവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാർ തീരുമാനമെടുത്തുവെന്ന് സമീപകാലത്ത് മാധ്യമങ്ങളില്‍വന്ന റിപ്പോര്‍ട്ടുകൾ പറയുന്നു. കലയെയും സാഹിത്യത്തെയും അവയില്‍ പ്രവര്‍ത്തിക്കുന്നവരെയും വരുതിയിലാക്കാനും ഭരണകൂടത്തിന്റെ പ്രചാരകരാക്കാനും മുമ്പില്ലാത്തവിധത്തിൽ ഇടപെടല്‍ നടക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. വിയോജിപ്പുകളും പ്രതിഷേധസമരങ്ങളും ജനാധിപത്യസമൂഹത്തിൽ അനിവാര്യമാണെന്ന സങ്കൽപമൊക്കെ പഴങ്കഥയാവുകയും പരമാവധി വിധേയരെയും സ്തുതിപാഠകരെയും സൃഷ്ടിക്കാൻ കഴിയുന്നവിധത്തിൽ സാംസ്കാരിക വ്യവഹാരങ്ങളും സംവാദങ്ങളും മാധ്യമപ്രവര്‍ത്തനവുമൊക്കെ മാറിയ സന്ദര്‍ഭത്തെയാണ് ഇന്ന് നാം അഭിമുഖീകരിക്കുന്നത്.

വിവിധങ്ങളായ പദവികള്‍, അലങ്കാരമുള്ള അംഗത്വങ്ങള്‍, കമീഷനുകള്‍ തുടങ്ങി പൊതുജനത്തിന്റെ നികുതിപ്പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ മുന്‍നിര്‍ത്തി പ്രലോഭനങ്ങൾ തീര്‍ക്കുമ്പോൾ മറുവശത്ത് അംഗീകാരങ്ങളും ഫെലോഷിപ്പുകളുംപോലുള്ള സാമ്പത്തികവും സാമൂഹികവുമായ മൂലധനം കൈവരിക്കാന്‍ കഴിയുന്ന സാധ്യതകളും നിലനില്‍ക്കുന്നു. അതുകൊണ്ട് ഭാരതീയ വിചാരകേന്ദ്രത്തിന്റെയും തപസ്യയുടെയും വേദികള്‍ അലങ്കരിക്കുന്നവര്‍ക്ക് യുവധാര സാഹിത്യ ഫെസ്റ്റിവലിലും നിസ്സങ്കോചം പങ്കെടുക്കാനും രാഷ്ട്രീയവും സാംസ്കാരികവുമായ അഭിപ്രായം പറയാനും കഴിയുന്നവിധത്തില്‍ സങ്കീർണവും എന്നാൽ പരിഹാസ്യവുമായ കാഴ്ചകളും പതിവായിരിക്കുന്നു. കേന്ദ്ര-സംസ്ഥാന ഭരണവും ഭരണകൂടങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന സിവിൽ സമൂഹവും സാംസ്കാരിക -ധൈഷണിക ലോകവും പ്രബലമായ സാഹചര്യത്തില്‍ സ്വതന്ത്ര നിലപാടുള്ളവര്‍ക്ക് അതിജീവിക്കാൻ പ്രയാസമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സാംസ്കാരികവും കലാപരവുമായ രംഗത്ത് പ്രവര്‍ത്തിക്കുന്ന അര്‍ഹതപ്പെട്ടവരെ സംബന്ധിച്ചിടത്തോളം അവാര്‍ഡുകൾ പുതിയ ഊര്‍ജവും പ്രശസ്തിയുമൊക്കെ നേടിക്കൊടുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്വകാര്യ വ്യക്തികള്‍, സംഘടനകള്‍, രാഷ്ട്രീയ-യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍, മതപരമായ സംഘടനകള്‍, ട്രസ്റ്റുകള്‍ തുടങ്ങി സ്വദേശത്തും വിദേശത്തുമുള്ള ഒട്ടേറെ സംഘങ്ങള്‍ നല്‍കുന്ന പ്രശസ്തമായ പല അവാര്‍ഡുകളുമുണ്ട്. ഇവയിലൊക്കെ പക്ഷപാതപരവും രാഷ്ട്രീയ-സാംസ്കാരിക ചായ് വുകളും പ്രകടിപ്പിക്കാന്‍ അവസരവും സ്വാതന്ത്ര്യവുമുണ്ടായിരിക്കെ ഇത്തരം അവാര്‍ഡുകളെക്കുറിച്ചൊന്നും പൊതുസമൂഹത്തില്‍നിന്നും വിമര്‍ശനങ്ങളോ പരാതികളോ ഉയര്‍ന്നുവരാറില്ല എന്നതും വസ്തുതയാണ്. തിക്കോടിയനും എം.വി. ദേവനും പാലാ നാരായണന്‍ നായര്‍ക്കും ഒ.വി. വിജയനും ശേഷം എം.ടി. വാസുദേവൻ നായര്‍ക്ക് മാതൃഭൂമി സാഹിത്യ പുരസ്കാരം കൊടുത്തതിന്റെ അനൗചിത്യവും ആഭ്യന്തര കലഹങ്ങളും സമീപകാലത്ത് എഴുതിയ ഒരു ലേഖനത്തില്‍ പ്രേംചന്ദ് ചൂണ്ടിക്കാണിച്ചത് സാന്ദര്‍ഭികമായി ഓര്‍ക്കാം.

എന്നാൽ, സര്‍ക്കാറിന്റെ നിയന്ത്രണത്തിൽ പൊതുജനങ്ങളുടെ നികുതിപ്പണംകൊണ്ട് വിതരണംചെയ്യുന്ന അവാര്‍ഡുകള്‍ക്ക് പിന്നിൽ രാഷ്ട്രീയമോ മറ്റേതെങ്കിലും സ്വാധീനമോ കടന്നുവരുന്നത് അനഭിലഷണീയമല്ല. അതുകൊണ്ട് അനര്‍ഹര്‍ക്ക് മാത്രമാണ് ഇത്തരം സാംസ്കാരിക സ്ഥാപനങ്ങൾ അവാര്‍ഡ് നല്‍കുന്നതെന്ന് വാദിക്കാനും ഈ ലേഖനം ഉദ്ദേശിക്കുന്നില്ല. പക്ഷേ, അടിസ്ഥാനപരമായി മാറിയ ഭാവുകത്വത്തെയും സാമൂഹിക-സാംസ്കാരികാവബോധത്തിലുണ്ടായ പരിവര്‍ത്തനങ്ങളെയും അഭിമുഖീകരിക്കാതെ എത്രകാലം നമ്മുടെ പൊതുമണ്ഡലത്തിനു മുന്നോട്ടുപോകാന്‍ കഴിയും എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

സാഹിത്യവും സംസ്കാരവും: മാറുന്ന ഭാവുകത്വ മണ്ഡലം

രണ്ടു ദശകങ്ങളിലേറെയായി മലയാളത്തിലെ എഴുത്തും വായനയും വിമര്‍ശനവും നിരവധി പരിവർത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇത് കേവലം സാഹിത്യപാരായണത്തിൽ മാത്രം ഉണ്ടായ മാറ്റമല്ലെന്നും മറിച്ച്; സമൂഹത്തിലെ മുഴുവന്‍ ജനാധിപത്യ പ്രക്രിയകളിലും സംവാദങ്ങളും രൂപപ്പെടുത്തിയ പുതിയ സ്വാതന്ത്ര്യബോധത്തിന്റെയും ഭാവനയുടെയും ഭാഗമാണെന്ന് മനസ്സിലാക്കാം. വരേണ്യാധിഷ്ഠിതവും, സംസ്കൃത പാരമ്പര്യത്തിലും ലാവണ്യാസ്വാദനത്തിലും മാത്രം പരിമിതപ്പെട്ട കലയും സാഹിത്യവും എത്രത്തോളം സാമാന്യജീവിതത്തെയും സാമൂഹിക വൈവിധ്യങ്ങളെയും അഭിമുഖീകരിക്കുന്നുവെന്ന നിർണായക ചോദ്യമാണ് ഇതിൽ പ്രധാനം. വ്യാഖ്യാനമെന്ന സുസമ്മതവും അനായാസവുമായ പ്രവൃത്തിയില്‍നിന്നും വിമര്‍ശനവും വിശകലനവുമെന്ന അനിഷ്ടകരവും അസ്വീകാര്യവുമായ പ്രക്രിയയിലേക്ക് ആര്‍ക്കും ഇടപെടാവുന്ന തരത്തിലേക്ക് നമ്മുടെ സംവാദങ്ങൾ മാറി.

തന്റെ പ്രാമാണിത്വം വകവെച്ചുകൊടുത്ത തൊണ്ണൂറുകളിലെ വിധേയരായ പ്രേക്ഷകര്‍ക്ക് പകരം വിമര്‍ശനാവബോധവും രാഷ്ട്രീയ ശരിയും തെറ്റും വകതിരിച്ചെടുക്കാൻ പ്രാപ്തിയുമുള്ള കാണികൾ വന്നപ്പോൾ രഞ്ജിത്തിനെപ്പോലുള്ള ചലച്ചിത്രകാരന്മാർ അവരെ ക്ലോസറ്റ് വിമര്‍ശകരെന്ന് ആക്ഷേപിച്ചത് ഇവിടെ ഓര്‍ക്കാവുന്നതാണ്. സമൂഹമാധ്യമങ്ങള്‍ സജീവമായ ഇക്കാലത്ത് വിമര്‍ശനത്തിനും വിശകലനത്തിനും പുതിയ ഭാഷയും രീതിശാസ്ത്രവും കൈവന്നിട്ടുണ്ടെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് പഴയ രാഷ്ട്രീയ-സാമൂഹിക അധികാരങ്ങള്‍ പൂര്‍ണമായി തകര്‍ക്കപ്പെട്ട് മറ്റൊന്ന് സ്ഥാപിക്കപ്പെട്ടുവെന്നല്ല. ഇപ്പോഴും പിടിവിടാത്തവിധത്തില്‍ വരേണ്യതയുടെ അധികാരവും സൗന്ദര്യബോധ്യങ്ങളും പ്രബലമായി നിലനിൽക്കുന്നുണ്ട് എന്നു സവിശേഷമായി പറയേണ്ടതില്ലല്ലോ. പ​ക്ഷേ, മുമ്പുള്ളതുപോലെ നഗ്നവും പരിഹാസ്യവുമായ അവകാശവാദങ്ങള്‍ ഉന്നയിക്കാൻ ഇന്നാര്‍ക്കും കഴിയില്ലെന്നു മാത്രം.

സച്ചിദാനന്ദൻ
സച്ചിദാനന്ദൻ

ഇത്തരം പരിവര്‍ത്തനങ്ങളെക്കുറിച്ച് ധാരണയുള്ളതുകൊണ്ടാവാം സാഹിത്യ അക്കാദമിയുടെ പ്രസിഡന്‍റായി ചുമതലയേറ്റു നടത്തിയ ആദ്യ പ്രസംഗത്തിൽ സച്ചിദാനന്ദൻ ഇപ്രകാരം പറഞ്ഞത്: ‘‘യുവ എഴുത്തുകാര്‍ക്കും പരീക്ഷണങ്ങൾ നടത്തുന്നവര്‍ക്കും പ്രത്യേകം ശ്രദ്ധ നല്‍കണം. അവര്‍ക്കായുള്ള വേദികള്‍, ഉത്സവങ്ങള്‍ മുതലായവയും ആകാവുന്നതാണ്. ഒപ്പം ഇന്ന് ഉയര്‍ന്നുവരുന്ന ഗോത്രവര്‍ഗ എഴുത്തുകള്‍ക്ക് ശ്രദ്ധ നല്‍കണം. ആദിവാസി സാമുദായിക ഭാഷകളില്‍ നിഘണ്ടുക്കൾ, ഭാഷാശാസ്ത്രപരമായ പഠനങ്ങള്‍ ഇവ ഉണ്ടാവണം’’ (സാഹിത്യ ചക്രവാളം, 2022, ഏപ്രില്‍). ഭരണസമിതിയില്‍ വ്യത്യസ്ത സാമൂഹികവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കാൻ അക്കാദമി ശ്രമിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമായി സുകുമാരന്‍ ചാലിഗദ്ധയുടെയും വിജയരാജ മല്ലികയുടെയും സാന്നിധ്യം പറയാമെങ്കിലും പുതുതായി ഉയര്‍ന്നുവരുന്ന സാഹിത്യപ്രവണതകളെയും ഭാവുകത്വമാറ്റങ്ങളെയും ജനകീയമാക്കാന്‍ അക്കാദമിയും ഇതര സാംസ്കാരിക സ്ഥാപനങ്ങളും എന്തുചെയ്തുവെന്നത് പ്രത്യേകം അന്വേഷണം ആവശ്യമുള്ള വിഷയമാണ്.

പൊതുമണ്ഡലത്തിൽ പ്രാതിനിധ്യത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയ-സാമൂഹിക പ്രാധാന്യത്തെക്കുറിച്ചും നടക്കുന്ന സംവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ശ്വവത്കൃത സമൂഹങ്ങളില്‍നിന്നുള്ളവരെ അവഗണിക്കാൻ കഴിയില്ലെങ്കിലും നിർണായകമായ തീരുമാനങ്ങൾ എടുക്കുന്ന സമിതികളിൽ ഇവരുടെ ശബ്ദം എത്രത്തോളം ശ്രദ്ധിക്കപ്പെടുന്നുണ്ട്? സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചപ്പോള്‍ കവി എസ്. ജോസഫ് ഉന്നയിച്ച വിമര്‍ശനവും സമാനമാണ്. രണ്ടു ടേം അംഗമായ അദ്ദേഹത്തിന് അക്കാദമിയിലെ നിർണായകമായ ഒരു തീരുമാനത്തിലും ക്രിയാത്മകമായ പങ്കുവഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അക്കാദമി അംഗത്വം കേവലമായ അലങ്കാരമായി കൊണ്ടുനടക്കുന്നതില്‍ അർഥമില്ലെന്നുമായിരുന്നു എസ്. ജോസഫ് ചൂണ്ടിക്കാണിച്ചത്.

അവാര്‍ഡുകളുടെ രാഷ്ട്രീയം

കേരളീയ ചരിത്രത്തിലും ഇന്ത്യയുടെ പത്രപ്രവര്‍ത്തന ചരിത്രത്തിലും പുതിയ ഇടപെടലുകൾ നടത്തിയ കനേഡിയന്‍ ചരിത്രകാരൻ റോബിൻ ജെഫ്രി, വടക്കെ ഇന്ത്യയില്‍നിന്ന് കേരളത്തിലേക്ക് തന്റെ ഗവേഷണമേഖല മാറ്റിയതിനെക്കുറിച്ച് രസകരമായ ഒരു ഓര്‍മ പങ്കുവെച്ചിട്ടുണ്ട്. 1960കളുടെ തുടക്കത്തില്‍ കേരളത്തിലൂടെ യാത്രചെയ്തപ്പോൾ വഴിയരികിലെ ഒരു വീടിന്റെ വരാന്തയിൽ എണ്‍പത് വയസ്സോളമുള്ള ഒരു സ്ത്രീ ഗൗരവത്തോടെ പത്രം വായിക്കുന്ന ഒരു ദൃശ്യമാണ് അദ്ദേഹം വിവരിക്കുന്നത്. ഒരു വര്‍ഷത്തോളം വടക്കേ ഇന്ത്യയിൽ ജീവിച്ച താൻ പത്രം വായിക്കുന്ന ആളുകളെത്തന്നെ അപൂര്‍വമായി കണ്ടതിന്റെ പശ്ചാത്തലത്തിലാണ് ആ വൃദ്ധയുടെ പത്രവായന ജെഫ്രിയുടെ കൗതുകത്തിനും കൂടുതല്‍ വിപുലമായ അന്വേഷണത്തിനും കാരണമായത്. സാക്ഷരതയിലും സാഹിത്യ സംസ്കാരത്തിലും എത്രയോ കാലം മുമ്പേ കേരളം സഞ്ചരിച്ചുവെന്നാണ് റോബിന്‍ ജെഫ്രിയുടെ വിശകലനം നമ്മെ ബോധ്യപ്പെടുത്തുന്നത്. സാഹിത്യവും വായനയും സാംസ്കാരിക സംവാദങ്ങളും വിപുലമായ കേരളീയ സന്ദര്‍ഭത്തിൽ അവക്ക് ലഭിക്കുന്ന അംഗീകാരങ്ങളും സങ്കീർണവും പ്രശ്നഭരിതവുമാണ്. മലയാളത്തിലെ ഒരു കൃതിക്ക് അവാര്‍ഡ് നല്‍കുമ്പോൾ മൂല്യനിർണയം ഏറെ കുഴപ്പംപിടിച്ചതാകുന്നതിന്റെ കാരണം തുല്യനിലയിലുള്ള കൃതികള്‍ മാറ്റുരക്കപ്പെടാനുള്ള സാധ്യതയേറെയാണെന്നതുകൊണ്ടാണ്.

ഏറക്കുറെ കുറ്റമറ്റ നിലയിലാണ് കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നിർണയമെന്ന് പറയാം. അതിന്റെ പ്രധാനപ്പെട്ട കാരണം, അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിധികര്‍ത്താക്കളും അവര്‍ ഓരോ കൃതിക്കും നല്‍കിയ മാര്‍ക്ക് അടങ്ങിയ സ്കോര്‍ഷീറ്റും അക്കാദമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സാഹിത്യ ചക്രവാളത്തില്‍ പ്രസിദ്ധീകരിക്കാറുമുണ്ട്. തന്നെയുമല്ല വിധികര്‍ത്താക്കൾ ആരെന്നത് രഹസ്യസ്വഭാവം പുലര്‍ത്തുന്നതുകൊണ്ട് വഴിവിട്ട സ്വാധീനത്തിന് അവസരം ഉണ്ടാകാറില്ലെന്നും ആശ്വസിക്കാം (ചലച്ചിത്ര അവാര്‍ഡ് നിർണയത്തിന്റെ പ്രാഥമിക ജൂറിയെയും അന്തിമ ജൂറിയെയും മുമ്പേ പരസ്യപ്പെടുത്തുന്നതിനാൽ അവാര്‍ഡ് നിർണയത്തിൽ ഇടപെടാന്‍ അവസരം ഉണ്ടാകുമെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്). എങ്കിലും സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നിർണയത്തിന്റെ വിധികര്‍ത്താക്കളെയും ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ 10 പുസ്തകങ്ങളുടെയും തെരഞ്ഞെടുപ്പ് എങ്ങനെയാണെന്നും അതിന് കൃത്യമായ മാര്‍ഗരേഖയുണ്ടോയെന്ന കാര്യവും വിശദീകരിക്കപ്പെടേണ്ടതുണ്ട്. മുമ്പ് അക്കാദമിയുടെ തന്നെ അവാര്‍ഡ് ലഭിച്ചവരും അതല്ലാത്തവരുമൊക്കെ ചേര്‍ന്ന നിർണയസമിതിയെന്നാണ് സൂക്ഷ്മമായി നോക്കിയാല്‍ മനസ്സിലാവുന്നത്. ഇവിടെ എടുത്തുപറയേണ്ട മറ്റൊരു കാര്യം, വിപുലമായ പ്രസാധകശൃംഖലയും എഴുത്തുകാരുമുള്ളപ്പോള്‍ പുരസ്കാര പരിഗണനക്കായി വരാന്‍ സാധ്യതയുള്ള പുസ്തകങ്ങളും വിപുലമായിരിക്കും. ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കുന്നതിന്റെ പിന്നിലെ പ്രക്രിയകളും മാനദണ്ഡങ്ങളും അജ്ഞാതമായി അവശേഷിക്കുന്നുവെന്നതാണ്‌.

വിധികര്‍ത്താക്കൾ ഏകമുഖമായ അഭിരുചിയോ ഭാവുകത്വപരമായ വീക്ഷണമോയുള്ളവരാകണമെന്ന് നിര്‍ബന്ധമില്ല. സര്‍ഗാത്മക രചനകളെ വിലയിരുത്തുമ്പോൾ പ്രത്യേകിച്ചും വിരുദ്ധ താൽപര്യങ്ങൾ പ്രകടമാണ്. എന്നാല്‍, അങ്ങനെയല്ലാതെ വരുന്ന അപൂർവം സന്ദര്‍ഭങ്ങളും വിധിനിർണയത്തിൽ നമുക്ക് കാണാന്‍ കഴിയും. 2021ലെ കവിതാ പുരസ്കാര നിർണയത്തിൽ മൂന്നു വിധികര്‍ത്താക്കളിൽ രണ്ടുപേരും അന്‍വര്‍ അലിയുടെ മെഹബൂബ് എക്സ്പ്രസ് എന്ന കൃതിക്ക് ഒന്നാം സ്ഥാനം നല്‍കി. മൂന്നാമത്തെ അംഗമായ ദേശമംഗലം രാമകൃഷ്ണനാകട്ടെ ആ പുസ്തകത്തിന്‌ മൂന്നാം സ്ഥാനം നല്‍കിയപ്പോൾ താരതമ്യേന പുതിയ കവികളിൽ ഒരാളായ അനില്‍കുമാർ ഡിയുടെ ‘അവിയങ്കോര’ എന്ന കാവ്യസമാഹാരത്തിന് ഒന്നാം സ്ഥാനം നല്‍കുകയും ചെയ്തു.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം അന്‍വര്‍ അലിയുടെ തലമുറയിൽപെട്ട ഒട്ടുമിക്ക എഴുത്തുകാര്‍ക്കും അക്കാദമി അവാര്‍ഡ് മുമ്പേ ലഭിച്ചെങ്കിലും അദ്ദേഹത്തിന് അതിനുള്ള അവസരം കിട്ടിയിരുന്നില്ല. അതിന്റെ ഒരു ശൂന്യത നികത്താനുള്ള അവസരംകൂടിയായി വിധികര്‍ത്താക്കളായ എസ്. ജോസഫും പി.എന്‍. ഗോപീകൃഷ്ണനും ഈ സന്ദര്‍ഭത്തെ കണ്ടുവെന്ന് കരുതാം. വിധിനിർണയത്തിന്റെ സ്കോര്‍ഷീറ്റിലൂടെ സൂക്ഷ്മമായി കടന്നുപോകുകയും ഒപ്പം നമ്മുടെ സാംസ്കാരിക വ്യവഹാരങ്ങളുടെ ആന്തരികയുക്തികളിലൂടെ ശ്രദ്ധാപൂർവം നീങ്ങുകയും ചെയ്‌താൽ പല യാഥാർഥ്യങ്ങളും വായിച്ചെടുക്കാവുന്നതാണ്. 2022ലെ കവിതാ അവാര്‍ഡാകട്ടെ സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള സംവാദങ്ങള്‍ക്കും വഴിവെച്ചു. കവിയും സാഹിത്യനിരൂപകനുമായ കെ. സജീവ്‌ കുമാർ തന്റെ ഫേസ്ബുക്ക് പേജിൽ എഴുതിയത് രണ്ടുമാസം മുമ്പേ അവാര്‍ഡ് ലഭിക്കുന്ന വ്യക്തിയെക്കുറിച്ച് ചര്‍ച്ചകൾ ഉണ്ടായിരുന്നുവെന്നാണ്. കവി എന്‍.ജി. ഉണ്ണികൃഷ്ണൻ പുരസ്കാരത്തിന് അര്‍ഹനല്ലെന്ന് ആര്‍ക്കും അഭിപ്രായമില്ലെങ്കിലും അവാര്‍ഡ് നിർണയത്തിലെ സുതാര്യത നഷ്ടപ്പെട്ടുവെന്നായിരുന്നു സജീവ്‌ കുമാര്‍ ഉയര്‍ത്തിയ വിമര്‍ശനം.

2020ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുസ്തകങ്ങളുടെ പരിശോധനയും സ്കോര്‍ഷീറ്റും മറ്റൊരു പ്രധാനപ്പെട്ട വസ്തുത പുറത്തുകൊണ്ടുവരുന്നുണ്ട്. പരിസ്ഥിതി, മാര്‍ക്സിസം, കല, ചരിത്രം, ഫെമിനിസം തുടങ്ങി വ്യത്യസ്ത മേഖലയിലുള്ള പുസ്തകങ്ങൾ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ടവരാകട്ടെ മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന അധ്യാപകരാണെന്നതാണ്. മ്യൂസ് മേരി ജോര്‍ജ്, അജു കെ. നാരായണന്‍, കെ.എം. അനില്‍ എന്നീ അംഗങ്ങൾ സവിശേഷമായ വിഷയങ്ങളിൽ ഗ്രന്ഥരചന നടത്തുന്നവരാണെന്നത് പൊതുവേ അറിയുന്ന കാര്യമാണ്. എങ്കിലും ബഹു വൈജ്ഞാനിക മേഖലയെ ആഴത്തിലും പരപ്പിലും പരിശോധിക്കാൻ തയാറായപ്പോഴുണ്ടായ ചില പ്രശ്നങ്ങൾ ഇവിടെ ചൂണ്ടിക്കാണിക്കട്ടെ. കെ. സേതുരാമന്റെ മലയാളി ഒരു ജനിതകവായന എന്ന ഗൗരവതരവും ഗവേഷണ പ്രാധാന്യവുമുള്ള ഗ്രന്ഥത്തിന് അജു കെ. നാരായണന്‍ ഒന്നാം സ്ഥാനം നല്‍കിയപ്പോള്‍ മ്യൂസ് മേരി ജോര്‍ജ് മൂന്നാം സ്ഥാനം നല്‍കി. എന്നാല്‍, കെ.എം. അനിലാകട്ടെ ആ ഗ്രന്ഥത്തെ പത്താം സ്ഥാനത്തേക്ക് തഴഞ്ഞു.


സമാനവും കൗതുകകരവുമാണ് ഇതേ വിഭാഗത്തിൽ നടന്ന 2021ലെ മത്സരഫലം. ഡോ. കവിതാ ബാലകൃഷ്ണന്റെ ‘വായനാ മനുഷ്യന്റെ കലാചരിത്രം’ എന്ന ബൃഹദ് ഗ്രന്ഥത്തിന് വിധികര്‍ത്താക്കളായ കരിവെള്ളൂര്‍ മുരളി ഒന്നാം സ്ഥാനവും വി. കാര്‍ത്തികേയൻ നായർ രണ്ടാം സ്ഥാനവും നല്‍കിയപ്പോൾ ഡോ. കെ.എസ്. രവികുമാര്‍ പത്താം സ്ഥാനമാണ് കവിതാ ബാലകൃഷ്ണന്റെ പുസ്തകത്തിന്‌ കൊടുത്തത്. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ആ ഗ്രന്ഥം അക്കാദമി അവാര്‍ഡിന് പരിഗണിക്കാമോയെന്ന സാങ്കേതിക പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിലും അഭിരുചികളിലെ വ്യതിയാനം മാത്രമല്ല, ബഹു വൈജ്ഞാനിക വിഷയങ്ങളുടെ മൂല്യനിർണയത്തിൽ വിധികര്‍ത്താക്കളെ തിരഞ്ഞെടുക്കുമ്പോൾ കുറെക്കൂടി സൂക്ഷ്മത പുലര്‍ത്തുന്നത് അക്കാദമിപോലുള്ള സ്ഥാപനങ്ങള്‍ക്ക് അഭികാമ്യമാണെന്നും സൂചിപ്പിക്കുന്നുണ്ടിത്. അക്കാദമി അവാര്‍ഡുകളെ മുഴുവൻ ഇഴകീറി പരിശോധിച്ചു തെറ്റും ശരിയും കണ്ടെത്തുകയെന്നത് ഈ ലേഖനത്തിന്റെ ലക്ഷ്യമല്ലെന്ന് തുടക്കത്തിലേ സൂചിപ്പിച്ചിരുന്നു.

ബഹുജനാഭിപ്രായവും തെരഞ്ഞെടുപ്പും

കേരളത്തിലെ സാംസ്കാരിക വ്യവഹാരങ്ങൾ ജാതി-മതം-ലിംഗം തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങള്‍ക്കും യാഥാർഥ്യങ്ങള്‍ക്കും അപ്പുറമെന്ന് ഉപരിപ്ലവമായി വാദിക്കാമെങ്കിലും സാമൂഹിക-സാംസ്കാരിക മൂലധനങ്ങളില്‍നിന്നും ചരിത്രപരമായി ബഹിഷ്കൃതരായവര്‍ക്ക് കാര്യമായ വികാസമൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ലെന്നത് വസ്തുതയാണ്. ഭാഷയും ഭാവനയും കൂടുതൽ ജനാധിപത്യവത്കരണത്തിനു വിധേയമാകുമ്പോഴും അധികാരവും അതിന്റെ സ്വാഭാവികമായ സാംസ്കാരിക ലാഭങ്ങളും ഈ വിഭാഗങ്ങള്‍ക്ക് ഇന്നും അന്യവും അപ്രാപ്യവുമാണ്. സാമൂഹിക സമ്മര്‍ദങ്ങളും രാഷ്ട്രീയ പ്രതിരോധങ്ങളും ഉയര്‍ന്നുവരുന്ന സാഹചര്യത്തിൽ ഉള്‍ക്കൊള്ളൽ (inclusive) പ്രവര്‍ത്തനങ്ങള്‍ക്ക് ഏതൊരു ഭരണകൂടത്തിനും വിധേയമാകേണ്ടിവരും. അതിനുമപ്പുറം സാമൂഹിക ജനാധിപത്യത്തെയും നൈതികതയെയും കുറിച്ചുള്ള സങ്കൽപനങ്ങൾ കക്ഷിരാഷ്ട്രീയത്തിന്റെ ഇടുങ്ങിയ മണ്ഡലത്തില്‍ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നതിലും അർഥമില്ല. കേരളത്തിലെ ദലിതരും ആദിവാസികളും സാഹിത്യത്തിലും സാംസ്കാരിക മേഖലയിലും ഇന്നും നിർണായക പദവികളിലോ ആഘോഷിക്കപ്പെടുന്ന സ്ഥാനത്തോ ഇല്ല. പശ്ചിമ ബംഗാളിലെ മനോരഞ്ജൻ ബ്യാപാരിയെപ്പോലെ ദേശീയതലത്തില്‍ അംഗീകാരം നേടിയ ഒരു എഴുത്തുകാരനെയും/കാരിയെയും നമുക്ക് ചൂണ്ടിക്കാണിക്കാനില്ല. കെ.കെ. കൊച്ചിനെപ്പോലുള്ള എഴുത്തുകാരന് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നല്‍കിയത് സമൂഹമാധ്യമങ്ങളിലും മറ്റ് അച്ചടിമാധ്യമങ്ങളിലും ഉയര്‍ന്നുവന്ന സമ്മര്‍ദങ്ങളുടെയും അക്കാദമിക്കുള്ളില്‍ അത്തരം ആവശ്യങ്ങളെ പിന്തുണക്കാൻ ചെറു ന്യൂനപക്ഷം ഉണ്ടായിരുന്നതുകൊണ്ടാണ്. അതേസമയം, ആശാലതയെപ്പോലുള്ള കവികളെ അക്കാദമി നിരന്തരം അവഗണിക്കുന്നുവെന്ന സ്ത്രീവാദ വിമര്‍ശകരുടെ നിരീക്ഷണം ഇന്നും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന്‍ ഓര്‍ക്കണം.

പുരസ്കാരനിർണയങ്ങളെല്ലാം ശരിയാണെന്ന് വസ്തുനിഷ്ഠമായി വിശകലനം ചെയ്‌താൽ വിശ്വസിക്കാനാവില്ല എന്നതുപോലെ പുരസ്കൃതർ അനര്‍ഹരാണെന്ന വാദവും നിലനില്‍ക്കുന്നതല്ല. എങ്കിലും, ചിന്താപരമായും ഭാവുകത്വപരമായും നവസാമൂഹികതയെയും പുതുഭാവനയെയും എഴുത്തിൽ പരീക്ഷിക്കുന്നവര്‍ക്ക് അര്‍ഹതപ്പെട്ട പിന്തുണ കിട്ടുന്നില്ലെന്നത് വസ്തുതയാണ്. ഊതിവീര്‍പ്പിച്ച മതേതരത്വവും അതിന്റെമേല്‍ സാംസ്കാരിക അധീശത്വം നേടിയ ഹിന്ദു മേല്‍ജാതി സ്വത്വവുമാണ് ഇപ്പോഴും പൊതുമണ്ഡലത്തിൽ സ്വീകാര്യവും ആഘോഷിക്കപ്പെടുന്നതും. ഇവക്ക് വെളിയില്‍ സംഭവിക്കുന്ന കാര്യങ്ങളൊക്കെ ചില ടാഗുകള്‍കൊണ്ടാണ് വരേണ്യ ബുദ്ധിജീവികളും എഴുത്തുകാരും വിശേഷിപ്പിക്കാന്‍ ശ്രമിക്കുന്നത്. മലയാളത്തിലെ നിശ്ചയിച്ചുറപ്പിക്കപ്പെട്ട ഈ ഘടനയില്‍നിന്നും വഴിമാറി നടക്കുന്നവര്‍ക്ക് വേണ്ടവിധത്തിലുള്ള അംഗീകാരങ്ങൾ കിട്ടുന്നില്ല. കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകളെക്കുറിച്ചുള്ള ഗ്രന്ഥങ്ങളും അയ്യൻകാളിയുടെ ആദ്യ ജീവചരിത്രവുമൊക്കെ എഴുതിയ ടി.എച്ച്.പി. ചെന്താരശ്ശേരിയെ ജീവിച്ചിരുന്ന കാലത്തും മരിച്ചതിനു ശേഷവും അക്കാദമി ശ്രദ്ധിച്ചിട്ടേയില്ലെന്ന ഒറ്റ ഉദാഹരണംമാത്രം ഇവിടെ രേഖപ്പെടുത്തുന്നു.

സാംസ്കാരിക മൂലധനം (Cultural Capital) എന്ന സങ്കൽപനത്തെ വികസിപ്പിച്ചത് ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമായ പിയറി ബോര്‍ദ്യുവാണ്. ഇന്ത്യൻ സമൂഹത്തിൽ ഒരാളുടെ ജന്മംതന്നെ സാമൂഹിക-സാംസ്കാരിക-പ്രതീകാത്മക മൂലധനങ്ങളെ ഉള്‍വഹിച്ചുകൊണ്ട് വികസിപ്പിക്കാൻ കഴിയുന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ല. സാംസ്കാരിക സ്ഥാപനങ്ങൾ നല്‍കുന്ന പുരസ്കാരങ്ങൾ കേവലമായ മൂല്യം വഹിക്കാതെ അത് വ്യക്തിയുടെയും അയാൾ ഉള്‍പ്പെടുന്ന സമുദായത്തിന്റെയും ആത്മബോധത്തെ ഉയര്‍ത്തുന്ന ഒന്നായും ഇന്ത്യന്‍ സന്ദര്‍ഭത്തിൽ വിശദീകരിക്കാം. സമീപകാലത്ത് കൊച്ചിയിൽ നടന്ന ആഗോള ബ്രാഹ്മണ സമ്മേളനത്തിൽ ഇന്ത്യയില്‍നിന്ന് നൊ​ബേൽ സമ്മാനം ലഭിച്ചവരിൽ മൂന്നുപേര്‍ ബ്രാഹ്മണ സമുദായാംഗങ്ങളായിരുന്നു എന്ന പ്രഖ്യാപനം ഇതിന്റെ പ്രകടമായ സൂചനയാണ്. അതുകൊണ്ടുതന്നെ സാംസ്കാരിക-സാമൂഹിക വൈവിധ്യങ്ങളെ അംഗീകരിക്കുകയെന്നത് ജനാധിപത്യ സമൂഹത്തിൽ പ്രധാനമാണ്. സാഹിത്യ അക്കാദമിയും ഇതര സാംസ്കാരിക സ്ഥാപനങ്ങളും അത് എത്രത്തോളം അംഗീകരിക്കുന്നുവെന്നതിന്റെ ഉത്തരം നല്‍കേണ്ടത് ഭാവിയാണ്.

News Summary - Kerala Sahitya Akademi -Controversy