വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ ചലച്ചിത്ര പുരസ്കാരങ്ങള്‍ക്ക് പിന്നെയെന്ത് പ്രസക്തി?
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനങ്ങളിൽ എന്താണ് ശരിക്കും നടക്കുന്നത്? രചനാവിഭാഗം പുരസ്കാരങ്ങളിലെ വീഴ്ചകളും കുറവുകളും പരിശോധിച്ച് ലേഖകൻ ചില ബദൽ നിർദേശങ്ങളും മുന്നോട്ടുവെക്കുന്നു.വാസുമേനോന്‍: അല്ല വാര്യര്‍ മാഷേ... ഈ പത്മശ്രീ ഇങ്ങനെ തട്ടിപ്പീസായിട്ട് വാങ്ങണതും നേരായ മാര്‍ഗത്തില്‍ കിട്ടണതും തമ്മില്‍ കണ്ടാല്‍ എന്തെങ്കിലും വ്യത്യാസമുണ്ടാവോ?അച്യുത വാര്യര്‍: അതിപ്പോ, അധ്വാനിക്കുന്നവന്റെ കൈയിലായാലും മോഷ്ടാവിന്റെ കൈയിലായാലും പണത്തിന് ഒരേ നിറവും രൂപവുമാണ്. പക്ഷേ, ഒന്ന്...
Your Subscription Supports Independent Journalism
View Plansസംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനങ്ങളിൽ എന്താണ് ശരിക്കും നടക്കുന്നത്? രചനാവിഭാഗം പുരസ്കാരങ്ങളിലെ വീഴ്ചകളും കുറവുകളും പരിശോധിച്ച് ലേഖകൻ ചില ബദൽ നിർദേശങ്ങളും മുന്നോട്ടുവെക്കുന്നു.
വാസുമേനോന്‍: അല്ല വാര്യര്‍ മാഷേ... ഈ പത്മശ്രീ ഇങ്ങനെ തട്ടിപ്പീസായിട്ട് വാങ്ങണതും നേരായ മാര്‍ഗത്തില്‍ കിട്ടണതും തമ്മില്‍ കണ്ടാല്‍ എന്തെങ്കിലും വ്യത്യാസമുണ്ടാവോ?
അച്യുത വാര്യര്‍: അതിപ്പോ, അധ്വാനിക്കുന്നവന്റെ കൈയിലായാലും മോഷ്ടാവിന്റെ കൈയിലായാലും പണത്തിന് ഒരേ നിറവും രൂപവുമാണ്. പക്ഷേ, ഒന്ന് മടിയിലിരിക്കുമ്പോള്‍ മനസ്സിന് സന്തോഷമുണ്ടാവും. മറ്റേത്, സൂക്ഷിക്കുന്ന നേരം മുഴുവന്‍ പേടി മാറില്ല. ഇത്രേ ലളിതായിട്ട് എനിക്ക് പറഞ്ഞ് തരാന്‍ കഴിയൂ...
(രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന് & the Saint എന്ന ചിത്രത്തിലെ ഒരു സംഭാഷണം)
കേരള സംസ്ഥാന സര്‍ക്കാര്‍ ഓരോ വര്‍ഷവും മികച്ച ചലച്ചിത്രങ്ങള്‍ക്കും ചലച്ചിത്ര സംബന്ധിയായ രചനകള്‍ക്കും അവാര്‍ഡുകള്‍ നല്കിവരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സര്‍ക്കാര്‍ നിയോഗിക്കുന്ന ജൂറിയുമാണ് പ്രസ്തുത അവാര്‍ഡുകള്‍ നിശ്ചയിക്കുന്നത്. ഇവ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കുക പതിവാണ്. പൊതുസമൂഹവും അവാര്‍ഡുകള്‍ ലഭിക്കാത്ത ചലച്ചിത്രപ്രവര്‍ത്തകരും അവാര്‍ഡ് നിര്‍ണയത്തെപ്പറ്റി പലവട്ടം ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, പുരസ്കാര നിര്‍ണയത്തിനായി നിയോഗിക്കപ്പെട്ട ജൂറിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കുകയെന്ന കീഴ്വഴക്കമാണ് ചലച്ചിത്രലോകവും കേരളീയ സമൂഹവും പൊതുവില്‍ പുലര്‍ത്തിപ്പോരുന്നത്. ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്നതുപോലെ പൊതുജനാഭിപ്രായങ്ങളെ മുന്‍നിര്‍ത്തിയല്ല സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് എന്നതിനാല്‍ തന്നെ, ജൂറിയുടെ തീരുമാനങ്ങള്‍ സര്‍ക്കാറും സമൂഹവും അംഗീകരിക്കുന്നു.
എന്നാല്‍, ജൂറിയുടെ തീരുമാനങ്ങളില്‍ ചലച്ചിത്ര പുരസ്കാര നിയമാവലികള്‍ക്ക് വിരുദ്ധമായ തരത്തില്‍ അനഭിലഷണീയ ഇടപെടലുകള്‍ ഉണ്ടാവുകയോ, പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടാവുകയോ ചെയ്യുമ്പോള്‍ പ്രതിഷേധങ്ങളും പരാതികളുമുയരുക സ്വാഭാവികമാണ്. ഇവ പുരസ്കാരം ലഭിക്കാത്തവരുടെ പരിഭവമായി മാത്രം ലഘൂകരിച്ച് കാണുവാനാകില്ല. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്കാരമെന്നത് ഔദ്യോഗികമായ ഒരു ബഹുമതിയാണ്. അവാര്‍ഡ് തുക നികുതിപ്പണത്തില്നിന്നുമായതിനാല് പുരസ്കാര നിര്‍ണയത്തില്‍ പാലിക്കേണ്ട ഔദ്യോഗിക നടപടിക്രമങ്ങള്‍ കണിശവും സുതാര്യവുമായിരിക്കേണ്ടതുണ്ട്. കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര പുരസ്കാരത്തിനായി തയാറാക്കിയിട്ടുള്ള നിയമങ്ങള്‍ക്കു വിധേയമായിരിക്കണം ജൂറി/അക്കാദമി തീരുമാനങ്ങള്‍. മറ്റൊരർഥത്തില്‍, പുരസ്കാര നിര്‍ണയവുമായി ബന്ധപ്പെട്ട ജൂറിയുടെ തീരുമാനം ഏതാനും വ്യക്തികളുടെ തിരഞ്ഞെടുപ്പായി പരിഗണിക്കുമ്പോള്‍തന്നെ അപേക്ഷാ ഫോറം, ജൂറി റിപ്പോര്‍ട്ട്, തിരഞ്ഞെടുക്കപ്പെട്ട സിനിമ/ചലച്ചിത്ര സംബന്ധിയായ രചന എന്നിവയിലെ ഉള്ളടക്കം തുടങ്ങിയവയില്‍ കടന്നുകൂടാവുന്ന സാങ്കേതിക പിഴവുകള്‍ അതീവ ഗൗരവമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ രചനാവിഭാഗം അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് 2020, 2021, 2022 വര്‍ഷങ്ങളിലെ ജൂറി തീരുമാനങ്ങളില്‍ സംഭവിച്ച സാങ്കേതിക പിഴവുകള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ ഈ ലേഖനത്തിലൂടെ വെളിപ്പെടുത്തുന്നത് (2020ന് മുമ്പുള്ള വര്‍ഷങ്ങളിലെ പുരസ്കാര നിര്‍ണയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലേഖകന്റെ പക്കലില്ല. വിവരാവകാശ അപേക്ഷവഴി ആര്‍ക്കും അത് സമ്പാദിക്കാവുന്നതേയുള്ളൂ). സാംസ്കാരിക വകുപ്പ് മന്ത്രി ഔദ്യോഗികമായി ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍, ആദ്യം അവതരിപ്പിക്കുന്നത് രചനാവിഭാഗം പുരസ്കാരങ്ങളാണ്. എന്നാല്‍, ചലച്ചിത്ര വിഭാഗം പുരസ്കാരങ്ങളുടെ താരത്തിളക്കത്തില്‍ രചനാവിഭാഗം പുരസ്കാരങ്ങള്‍ മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും മുന്നില്‍ അപ്രസക്തമാകാറാണ് പതിവ്. അതിനാല്‍ തന്നെ, രചനാവിഭാഗം പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരാതികളും സാങ്കേതിക പിഴവുകളും യുക്തമായ വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ല.
2020ലെ രചനാവിഭാഗം പുരസ്കാര നിര്‍ണയത്തില്‍ സംഭവിച്ചതെന്ത്?
2020ലെ രചനാവിഭാഗം പുരസ്കാര നിര്‍ണയവുമായി ബന്ധപ്പെട്ട് ജൂറിയായി പ്രവര്‍ത്തിച്ചത് ഡോ. പി.കെ. രാജശേഖരന് (ചെയര്മാന്), ഡോ. മുരളീധരന് തറയില്‍ (അംഗം), ഡോ. ബിന്ദു മേനോന് (അംഗം), ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് സി (വോട്ടവകാശമില്ലാത്ത മെംബര്‍ സെക്രട്ടറി) എന്നിവരാണ്. പ്രസ്തുത വര്‍ഷം പുരസ്കാര നിര്‍ണയത്തിനായി ജൂറിയുടെ പരിഗണനക്ക് വിധേയമായത് 15 പുസ്തകങ്ങളും 23 ലേഖനങ്ങളുമാണ്. വിവരാവകാശ രേഖയിലൂടെ ലഭ്യമായ വിവരമനുസരിച്ച് 2021 സെപ്റ്റംബര്‍ 28ന് ശേഷമാണ് മൂന്ന് ജൂറി അംഗങ്ങള്‍ക്കും പുരസ്കാരത്തിനായി സമര്‍പ്പിക്കപ്പെട്ട രചനകള്‍ മൂല്യനിര്‍ണയത്തിനായി ലഭ്യമാക്കിയത്. 2021 ഒക്ടോബര്‍ 16ന് പ്രഖ്യാപിക്കപ്പെട്ട പുരസ്കാരങ്ങളില് രചനാവിഭാഗത്തില് മികച്ച ചലച്ചിത്ര ഗ്രന്ഥം, മികച്ച ചലച്ചിത്ര ലേഖനം എന്നിവയില്‍ ഒന്ന് വീതം പുരസ്കാരങ്ങളാണ് നല്‍കിയിട്ടുള്ളത് (പ്രത്യേക ജൂറി പരാമര്‍ശം/അവാര്‍ഡ് 2020ല്‍ രചനാവിഭാഗത്തില് നല്‍കിയിട്ടില്ല). ഇവിടെ ലഭ്യമാക്കിയിട്ടുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ 15 ദിവസത്തില്‍ താഴെ സമയദൈര്‍ഘ്യത്തിലാണ് ജൂറി അംഗങ്ങള്‍ 15 പുസ്തകങ്ങളും 23 ലേഖനങ്ങളും പരിശോധിച്ചിട്ടുള്ളതെന്ന് വ്യക്തമാകുന്നു. പുരസ്കാരത്തിനായി സമര്‍പ്പിക്കപ്പെട്ട കൃതികള്‍ വിശദമായി വായിച്ച് പരിശോധിക്കുവാന്‍ 15 ദിവസങ്ങള്‍ പോലും ആവശ്യമില്ലായെങ്കില് ജൂറി അംഗങ്ങളുടെ വിശകലനം എത്രമാത്രം ഉപരിപ്ലവവും ശുഷ്കവുമായിരിക്കുമെന്ന് അനുമാനിക്കാം.
ഇതോടൊപ്പം ഉന്നയിക്കപ്പെടേണ്ട ഗൗരവമുള്ള മറ്റൊരു വിഷയമാണ് ജൂറി തയാറാക്കിയ റിപ്പോര്‍ട്ടില്‍ കടന്നുകൂടിയ അക്ഷന്തവ്യമായ പിഴവുകള്‍. 2020ലെ മികച്ച ചലച്ചിത്രലേഖനമായി ജൂറി തിരഞ്ഞെടുത്തത് ജോണ്‍ സാമുവലിന്റെ ‘അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍’ എന്ന സൃഷ്ടിയാണ്. പ്രസ്തുത ലേഖനം 2020 നവംബര്‍ 30, ഡിസംബര്‍ 7, 14 എന്നീ തീയതികളില്‍ പ്രസിദ്ധീകരിച്ച ‘സമകാലിക മലയാളം’ വാരികയുടെ ലക്കങ്ങളില്‍ മൂന്ന് ഭാഗങ്ങളായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ ലേഖന പരമ്പരയിലെ ആദ്യഭാഗമായ ‘അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍’ എന്ന ഭാഗത്തില്‍ ‘കൊടിയേറ്റം‘ എന്ന ചിത്രത്തിലെ ശങ്കരന്‍കുട്ടിയെന്ന നായക കഥാപാത്രത്തെ ലേഖകന്‍ പരിശോധിക്കുന്നു. ‘ഭൂതകാലത്തിന്റെ ക്ഷമാപണം’ എന്ന ഭാഗത്തില്‍ ‘എലിപ്പത്തായ’ത്തിലെ ഉണ്ണിക്കുഞ്ഞ്, ‘മുഖാമുഖ’ത്തിലെ ശ്രീധരന് എന്നീ കഥാപാത്രങ്ങളെയാണ് വിശദപഠനത്തിന് വിധേയമാക്കിയിട്ടുള്ളത്. ലേഖനത്തിന്റെ മൂന്നാം ഭാഗമായ ‘അജയനും കുഞ്ഞുണ്ണിയും’ യഥാക്രമം അനന്തരം എന്ന ചിത്രത്തിലെ അജയന്, ‘കഥാപുരുഷന്’ എന്ന സിനിമയിലെ കുഞ്ഞുണ്ണി എന്നീ കഥാപാത്രങ്ങളെ പരിശോധനാ വിധേയമാക്കുന്നു. മറ്റൊരർഥത്തില്‍, മികച്ച ലേഖനമായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ സാമുവലിന്റെ ‘അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍’ എന്ന ലേഖനപരമ്പര ‘കൊടിയേറ്റം’, ‘എലിപ്പത്തായം’, ‘മുഖാമുഖം’, ‘അനന്തരം’, ‘കഥാപുരുഷന്’ എന്നീ അഞ്ച് ചിത്രങ്ങളിലെ നായക കഥാപാത്രങ്ങളെയാണ് പരിശോധിക്കുന്നത്. എന്നാല്‍, 2020ല്‍ മികച്ച ചലച്ചിത്ര ലേഖനമായി പ്രസ്തുത ലേഖനം കണ്ടെത്തിയ ജൂറി ലേഖനത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് ഇപ്രകാരമാണ്: “ ‘സ്വയംവരം’, ‘കൊടിയേറ്റം’, ‘എലിപ്പത്തായം’, ‘മുഖാമുഖം’, ‘അനന്തരം’ എന്നീ ചിത്രങ്ങളെ മുന്‍നിര്‍ത്തിയുള്ള ഈ വിശദപഠനം മൗലിക നിരീക്ഷണങ്ങൾകൊണ്ടും വിശകലനരീതികൊണ്ടും ഭാഷാശൈലികൊണ്ടും മികവ് പുലര്‍ത്തുന്നു.
” അതായത്, ലേഖനത്തില്‍ പഠനവിധേയമായ കഥാപുരുഷന് എന്ന ചിത്രത്തിന്റെ പേര് ജൂറി റിപ്പോര്‍ട്ടില്‍നിന്നു ഒഴിവാക്കപ്പെടുകയും പഠനവിധേയമാകാത്ത ‘സ്വയംവരം’ എന്ന സിനിമയുടെ പേര് പ്രസ്തുത റിപ്പോര്‍ട്ടില്‍ കടന്നുകൂടുകയും ചെയ്തിരിക്കുന്നുവെന്നത് ജൂറിയുടെ മൂല്യനിര്‍ണയത്തിന്റെ സാധുതയെ ചോദ്യം ചെയ്യുവാന്‍ പര്യാപ്തമായ വിഷയമാണ്. ഇവ ചൂണ്ടിക്കാണിച്ചും ലേഖനത്തില്‍ എവിടെയാണ് ‘സ്വയംവരം’ എന്ന ചിത്രത്തെക്കുറിച്ച് വിശദപഠനം നടന്നിട്ടുള്ളതെന്നും ചോദിച്ചു ഉന്നയിക്കപ്പെട്ട പരാതിയിന്മേല് അക്കാദമി നല്കിയ മറുപടി ഇപ്രകാരമാണ്: “ ‘സ്വയംവരം’ എന്ന ചിത്രത്തിലെ നായകനെക്കുറിച്ച് ലേഖനത്തില്‍ പരാമര്‍ശമുണ്ട്. പേജ് നമ്പര്‍ 28, ലക്കം 29, 2020 നവംബര്‍ 30.” ചലച്ചിത്ര അക്കാദമിയുടെ മറുപടിയില്‍ സൂചിപ്പിച്ചിട്ടുള്ളതും പ്രസ്തുത ലക്കത്തില്‍ ‘സ്വയംവര’ത്തിലെ നായകനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ള ‘വിശദപഠനം’ ഇപ്രകാരമാണ്: “ ‘സ്വയംവര’ത്തിലെ വിശ്വത്തെപ്പോലെ സ്നേഹസമ്പന്നന്.” മൂന്ന് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ ‘സ്വയംവരം’ എന്ന ചിത്രത്തെക്കുറിച്ച് നടന്നിട്ടുള്ള ഒറ്റ വാചകത്തിലുള്ള ഏക പരാമര്‍ശമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. കേവലം ഒരു വാക്യത്തില്‍ ഒതുങ്ങിനില്ക്കുന്ന പരാമര്‍ശത്തെ വിശദപഠനമെന്ന് വ്യാഖ്യാനിക്കുന്ന ജൂറിയും അവയെ പണിപ്പെട്ട് ന്യായീകരിക്കുന്ന ചലച്ചിത്ര അക്കാദമിയും പൊതുസമൂഹത്തോട് എന്താണ് പറയുവാന്‍ ശ്രമിക്കുന്നത്? കൂടാതെ, ‘സ്വയംവരം’ നായികാപ്രാധാന്യമുള്ള ചിത്രമാണെന്നതും അതിലെ അഭിനയത്തിന് ശാരദക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നുവെന്നതും കൂടി പരിഗണിക്കുമ്പോഴാണ് (ലേഖനത്തിന്റെ ശീര്‍ഷകം ‘അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍’ എന്നതാണെന്ന് ഓര്‍ക്കുക) ജൂറിയുടെയും അക്കാദമിയുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച എത്രമാത്രം ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെടുന്നത്.
മറ്റൊരു സാങ്കേതിക പിഴവും റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ജൂറിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ജൂറി അംഗങ്ങള്‍ ഒപ്പുെവച്ചതും അവരുടെ കൈപ്പടയില്‍ എഴുതി തയാറാക്കിയതുമായ അവാര്‍ഡ് ശിപാര്‍ശയില്‍ മികച്ച ലേഖനത്തിന്റെ പേരായി നിർദേശിച്ചിരിക്കുന്നത് ‘അടൂരിന്റെ അഞ്ച് നായകര്‍’ എന്നാണ്. ജോണ്‍ സാമുവലിന്റെ ‘അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍’ എന്ന ലേഖനത്തിന്റെ ശീര്‍ഷകം റിപ്പോര്‍ട്ടിലേക്ക് പകര്ത്തിയെഴുതിയപ്പോള്പോലും ജൂറി ചില മുന്‍വിധികളോടെ അശ്രദ്ധമായി പെരുമാറിയിരിക്കുന്നുവെന്ന് വ്യക്തമാകുന്നു. എന്നാല്‍, ചലച്ചിത്ര അക്കാദമി “ഇരു ശീര്‍ഷകങ്ങള്‍ തമ്മില്‍ അർഥവ്യത്യാസമില്ല” എന്ന നിരുത്തരവാദപരമായ മറുപടിയാണ് വിവരാവകാശരേഖയില്‍ ഈ വിഷയത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പുരസ്കാരം ഒരു ഔദ്യോഗിക രേഖയാണെന്നതും ജൂറി റിപ്പോര്‍ട്ടില്‍ കടന്നുകൂടിയിട്ടുള്ള (ശീര്‍ഷകത്തില്‍) പിഴവ് നിസ്സാരമാണെന്ന തരത്തിലല്ല പരിഗണിക്കേണ്ടതെന്നും ഒരു സര്‍ക്കാര്‍ സ്ഥാപനമായ ചലച്ചിത്ര അക്കാദമി മനസ്സിലാക്കിയില്ല എന്നത് ഖേദകരമാണ്. മികച്ച ലേഖനത്തിന്റെ ശീര്‍ഷകംപോലും തെറ്റായി രേഖപ്പെടുത്തിയ ജൂറിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാവുന്നതാണ്.
2020ലെ രചനാവിഭാഗം പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മറ്റൊരു ആക്ഷേപം ജൂറി ചെയര്‍മാനും ജൂറി അംഗങ്ങളും ലേഖനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മാര്‍ക്കിലെ വലിയ അന്തരമാണ്. വൈയക്തികമായ വായനാനുഭവവും മൂല്യനിര്ണയരീതികളുമാണ് മൂവരും പുലര്‍ത്തുന്നതെന്ന വാദം അംഗീകരിക്കുമ്പോള്‍തന്നെ, രണ്ട് ജൂറി അംഗങ്ങള്‍ പല ലേഖനങ്ങള്‍ക്കും നല്കിയ മാര്‍ക്കും ചെയര്മാന് പി.കെ. രാജശേഖരന് നല്കിയ മാര്‍ക്കും തമ്മില്‍ പലപ്പോഴും 25ലേറെ മാര്‍ക്കിന്റെ അന്തരമുണ്ട്. ഒരു ലേഖനത്തിന്റെ കാര്യത്തിലാകട്ടെ, ഈ അന്തരം 40 മാര്ക്കിലേറെയാണ്. ഇതൊരു സാങ്കേതിക പിഴവായി ചൂണ്ടിക്കാണിക്കാനാകില്ലെങ്കിലും സാമാന്യയുക്തിക്ക് നിരക്കാത്തതും ജൂറിയുടെ നൈതികത, സുതാര്യത എന്നിവക്ക് കോട്ടം വരുന്നതുമായ നടപടിയാണിത്. ജൂറി അംഗങ്ങള്‍ക്കുള്ള ഓണറേറിയം, യാത്രാബത്ത, താമസം, ഭക്ഷണം എന്നീ ഇനങ്ങളിലായി 36,304 രൂപ അക്കാദമി ചെലവഴിച്ചിട്ടുള്ളതിനാല്തന്നെ, ഇവരില്‍നിന്നും പക്ഷപാതരഹിതവും ഉത്തരവാദിത്തപൂര്ണവുമായ മൂല്യനിര്‍ണയം ഉറപ്പുവരുത്തേണ്ടതായിരുന്നു.
2021ലെ രചനാവിഭാഗം പുരസ്കാര നിര്‍ണയത്തില്‍ സംഭവിച്ചതെന്ത്?
2021ലെ രചനാവിഭാഗം ജൂറി അംഗങ്ങളായി പ്രവര്‍ത്തിച്ചത് വി.കെ. ജോസഫ് (ചെയര്മാന്), ഡോ. അജു കെ. നാരായണന് (അംഗം), മനില സി. മോഹന്‍ (അംഗം) എന്നിവരാണ്. മുന്‍വര്‍ഷത്തെ രചനാവിഭാഗം ജൂറി തീരുമാനങ്ങളെക്കുറിച്ച് സാങ്കേതികവും നൈതികവുമായ തലത്തില്‍ ആക്ഷേപങ്ങളുയര്ന്നതിനാല് കൂടുതല്‍ ശ്രദ്ധയോടെ 2021ലെ ജൂറി പ്രവര്‍ത്തിച്ചുവെന്ന് കരുതാവുന്നതാണ്. എന്നാല്‍, മികച്ച ചലച്ചിത്ര ഗ്രന്ഥം, മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ജൂറി പരാമര്‍ശം എന്നിവ യഥാക്രമം നേടിയ പട്ടണം റഷീദിന്റെ ‘ചമയം’, ആര്. ഗോപാലകൃഷ്ണന്റെ ‘നഷ്ടസ്വപ്നങ്ങള്‍’ എന്നീ പുസ്തകങ്ങളുടെ ഉള്ളടക്കം കൂടുതല്‍ സജീവമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു.
486 പുറങ്ങളിലായി തയാറാക്കിയിട്ടുള്ള പട്ടണം റഷീദിന്റെ ‘ചമയം’ എന്ന പുസ്തകം 7 അധ്യായങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. അവയില്‍ മൂന്ന് അധ്യായങ്ങളാണ് സിനിമയിലെ ‘ചമയം’ എന്ന വിഷയം പ്രതിപാദിക്കുന്നത് (ഹോളിവുഡിലെ മേക്കപ്പ്, വെള്ളിത്തിരയിലെ വേഷപ്പകര്‍ച്ചകള്‍, എന്റെ നാടക-സിനിമാനുഭവങ്ങള്‍ എന്നീ അധ്യായങ്ങളാണ് സിനിമാ ബാന്ധവമുള്ളവ). മറ്റുള്ള അധ്യായങ്ങള്‍ ചമയകലയുടെ പൊതുവായ സാങ്കേതികത, തനത് കലാരൂപങ്ങളിലെയും നാടകത്തിലെയും ചമയം, മറ്റ് പ്രമുഖ ചമയ കലാകാരന്മാര് എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നവയാണ്. സിനിമയെക്കുറിച്ച് പരാമര്‍ശിക്കുന്ന അധ്യായങ്ങളാകട്ടെ, പട്ടണം റഷീദിന്റെ വ്യക്ത്യനുഭവങ്ങളുടെ പകര്‍ത്തെഴുത്ത് മാത്രമാണ്. ഇത്തരത്തില്‍ തനത് കലാരൂപങ്ങള്‍, നാടകം തുടങ്ങി ഇതര കലാമാധ്യമങ്ങളിലെ ചമയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനോടൊപ്പം സിനിമയിലെ ചമയകലയും പരാമര്‍ശവിധേയമാകുന്ന ഗ്രന്ഥമാണ് മികച്ച ചലച്ചിത്ര ഗ്രന്ഥമായി ജൂറി കണ്ടെത്തിയതെന്നത് ആശ്ചര്യകരമാണ്.
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ജൂറി പരാമര്‍ശം നേടിയ ആര്. ഗോപാലകൃഷ്ണന്റെ ‘നഷ്ടസ്വപ്നങ്ങള്‍’ എന്ന പുസ്തകത്തിലെ ഉള്ളടക്കം അല്പംകൂടി വിവാദമായേക്കാവുന്നതാണ്. 1928ലാണ് ജെ.സി. ഡാനിയേല്‍ സംവിധാനം ചെയ്ത ‘വിഗതകുമാരന്’ ആദ്യപ്രദര്ശനത്തിനെത്തിയതെന്നാണ് കേരള സര്‍ക്കാറിന്റെയും ചലച്ചിത്ര അക്കാദമിയുടെയും ഔദ്യോഗിക ഭാഷ്യം. എന്നാല്‍ പ്രസ്തുത ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം 1930ലാണ് നടന്നത് എന്നവകാശപ്പെടുന്ന ഒരു വിഭാഗം ചരിത്രകാരന്മാരുമുണ്ട്. ആര്. ഗോപാലകൃഷ്ണന്റെ ‘നഷ്ടസ്വപ്നങ്ങള്‍’ എന്ന പുസ്തകത്തിലെ തെളിവുകളും സൂചനകളും 1930ലാണ് വിഗതകുമാരന്റെ ആദ്യപ്രദര്‍ശനം നടന്നതെന്ന വാദത്തെ സാധൂകരിക്കുന്നതാണ്. തന്റെ വാദം സ്ഥാപിക്കാനാവശ്യമായ പത്രവാര്‍ത്തകള്‍, നോട്ടീസുകള്‍ എന്നിവ പുസ്തകത്തില്‍ അദ്ദേഹം തെളിവുകളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ മികച്ച ചലച്ചിത്ര രചനകള്‍ക്ക് ദേശീയ-സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ളവരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും അംഗമായിട്ടുള്ള ജൂറിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറിയും സാക്ഷ്യപ്പെടുത്തി അംഗീകരിച്ച പുസ്തകത്തിലെ വിഗതകുമാരന്റെ ആദ്യ പ്രദര്‍ശന വര്‍ഷം സംബന്ധിച്ച സൂചനകള്‍ വളരെ ഗൗരവമേറിയതാണ്. മൂല്യനിര്‍ണയത്തിനായി സമര്‍പ്പിക്കപ്പെട്ട പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും ഉള്ളടക്കത്തോട് ജൂറിക്കോ അക്കാദമിക്കോ ആഭിമുഖ്യമില്ല എന്ന വാദം ഉയര്‍ത്താനാകില്ല. കാരണം, ചലച്ചിത്ര അവാര്‍ഡിന്റെ നിയമാവലികളില്‍ അത്തരമൊരു പരാമര്‍ശമില്ല. കൂടാതെ, ഒരു കൃതിയുടെ ഉള്ളടക്കം, ഭാഷ, അവതരണ ശൈലി എന്നിവയെ മുന്‍നിര്‍ത്തി നടത്തുന്ന മൂല്യനിര്‍ണയം അടിസ്ഥാനമാക്കിയാണ് ചലച്ചിത്ര രചനാവിഭാഗം പുരസ്കാരം നല്‍കുന്നത്. അതിനാല്‍ത്തന്നെ, തങ്ങളുടെ തിരഞ്ഞെടുപ്പില്‍ സംഭവിച്ചിട്ടുള്ള ഇത്തരം പിഴവുകളുടെ ധാര്‍മികമായ ഉത്തരവാദിത്തം അക്കാദമിക്കും ജൂറി അംഗങ്ങള്‍ക്കും മാത്രമാണ്. മറ്റൊരർഥത്തില്‍, മലയാള സിനിമയുടെ അംഗീകൃത ചരിത്രത്തെ റദ്ദ് ചെയ്യുന്ന നടപടിയിലേക്കാണ് 2021ലെ രചനാവിഭാഗം ജൂറിയുടെ തിരഞ്ഞെടുപ്പുകള്‍ നീങ്ങിയതെന്ന് പറയുന്നതില്‍ തെറ്റില്ല.
ഇതോടൊപ്പം സൂചിപ്പിക്കേണ്ട മറ്റൊരു വിഷയമാണ് രചനാവിഭാഗം പുരസ്കാരങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട കൃതികളുടെ മൂല്യനിര്‍ണയത്തിനായി എടുത്ത ദൈര്‍ഘ്യം. 2021ല്‍ മൂല്യനിര്‍ണയത്തിനായി അക്കാദമി ജൂറി അംഗങ്ങള്‍ക്ക് കൈമാറിയത് 24 പുസ്തകങ്ങളും 53 ലേഖനങ്ങളുമാണ്. ചെയര്മാന് വി.കെ. ജോസഫ് 29 ദിവസങ്ങൾകൊണ്ടും ഡോ. അജു കെ. നാരായണന് 30 ദിവസങ്ങൾകൊണ്ടും മനില സി. മോഹന്‍ 24 ദിവസങ്ങൾകൊണ്ടുമാണ് 24 പുസ്തകങ്ങളും 53 ലേഖനങ്ങളും വായിച്ച് മൂല്യനിര്‍ണയം നടത്തിയെന്നത് അത്ഭുതകരമാണ്. ഇത്ര കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് ഇത്രയധികം കൃതികള്‍ എപ്രകാരമാണ് വിലയിരുത്തിയത് എന്നത് ദുരൂഹമാണ്.
ആര്. ഗോപാലകൃഷ്ണന് പുരസ്കാരം നേടിക്കൊടുത്ത ‘നഷ്ടസ്വപ്നങ്ങള്‍’ എന്ന പുസ്തകത്തെക്കുറിച്ച് മറ്റൊരു സാങ്കേതികപ്പിഴവ് നിലനില്ക്കുന്നതും വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. ചലച്ചിത്ര പുരസ്കാരത്തിന്റെ നിയമാവലിയില്‍ ഇത്തരമൊരു പരാമര്‍ശമുണ്ട്: “തർജമ, സംഗ്രഹം, എഡിറ്റ് ചെയ്തത് തുടങ്ങിയ പുസ്തകങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല” (ഭാഗം VI (2)). 2021 ജനുവരിയില്‍ ഒലിവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘നഷ്ടസ്വപ്നങ്ങള്‍’ എന്ന ഗ്രന്ഥം 2020 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ‘Broken Dreams’ എന്ന പുസ്തകത്തിന്റെ തർജമയാണ്. ഇരു കൃതികളും രചിച്ചത് ആര്. ഗോപാലകൃഷ്ണന്തന്നെയാണെങ്കിലും സാങ്കേതികമായി പരിശോധിക്കുമ്പോള്‍ പുരസ്കാരം നേടിയ ‘നഷ്ടസ്വപ്നങ്ങള്‍’ എന്ന മലയാളം കൃതി ‘Broken Dreams’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ വിവര്‍ത്തനമാണെന്ന് ഏതൊരാള്‍ക്കും പ്രാഥമികമായ വായനയില്‍ത്തന്നെ ബോധ്യപ്പെടുന്നതാണ്. തർജമ ചെയ്യപ്പെട്ട കൃതികള്‍ പുരസ്കാരത്തിനായി പരിഗണിക്കില്ലായെന്ന നിയമം നിലനില്ക്കുമ്പോള്തന്നെ ഇത്തരമൊരു സാങ്കേതിക പിഴവ് സംഭവിച്ചതിന്റെ ധാര്‍മികമായ ഉത്തരവാദിത്തം ചലച്ചിത്ര അക്കാദമിക്ക് മാത്രമാണ്. തർജമ, ഇംഗ്ലീഷിലുള്ള പുസ്തകത്തിന്റെ പുനഃപ്രസിദ്ധീകരണം എന്നീ രണ്ട് സാധ്യതകള്‍ മാത്രമാണ് ആര്. ഗോപാലകൃഷ്ണന്റെ ‘നഷ്ടസ്വപ്നങ്ങള്‍’ എന്ന ഗ്രന്ഥത്തിന് ബാധകമായിട്ടുള്ളതെന്നിരിക്കെ, ഇത്തരമൊരു സാങ്കേതികപ്പിഴവ്/ നിയമലംഘനം അക്കാദമി പരിശോധിക്കാത്തത് ഗൗരവമേറിയ പ്രശ്നമാണ്.
2022ലെ രചനാവിഭാഗം പുരസ്കാര നിര്‍ണയത്തില്‍ സംഭവിച്ചതെന്ത്?
മികച്ച ചലച്ചിത്ര ലേഖനം, മികച്ച ചലച്ചിത്രഗ്രന്ഥം എന്നിവ തിരഞ്ഞെടുക്കുന്നതില്‍ ഓരോ ജൂറിയെ സംബന്ധിച്ചും വ്യത്യസ്ത മാനദണ്ഡങ്ങളായിരിക്കും പ്രവര്‍ത്തിക്കുക. അതിനാൽതന്നെ, ഇത്തരത്തില്‍ തിരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെടുന്ന ജൂറി ഇവ വിലയിരുത്തുവാന്‍ തക്ക വിഷയപരിജ്ഞാനം നേടിയവരായിരിക്കേണ്ടതുണ്ട്. മറ്റൊരർഥത്തില്‍, ചലച്ചിത്രസംബന്ധിയായ രചനകള്‍ പുരസ്കാരത്തിനായി പരിഗണിക്കുന്ന ജൂറിക്ക് ചലച്ചിത്ര നിരൂപണം, ചലച്ചിത്ര പഠനം തുടങ്ങിയ മേഖലയെക്കുറിച്ച് ധാരണ ഉണ്ടാവേണ്ടത് അനിവാര്യമാണ്. മികച്ച ചലച്ചിത്ര രചനക്കുള്ള പുരസ്കാര നിര്‍ണയ സമിതിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ പലതവണ സാഹിത്യമേഖലയിലെ പ്രമുഖര്‍ ജൂറി ചെയര്മാന്/ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നതായി കാണാവുന്നതാണ്. മലയാളത്തിലെ ചലച്ചിത്ര നിരൂപണം/ പഠനം ഗൗരവതരമായ ഒരു ശാഖയായി വികസിക്കുന്നതിനു മുമ്പ് ഇത്തരം പ്രവണതകള്‍ വ്യാപകമായിരുന്നു. എന്നാല്‍, മികച്ച പുരോഗതിയാര്‍ജിച്ച മലയാളത്തിലെ ചലച്ചിത്ര നിരൂപണത്തിന്റെയും പഠനത്തിന്റെയും ഭാവുകത്വപരിണാമത്തെ കാലികമായി പരിശോധിക്കുന്നതില്‍ ഇതര മേഖലയിലെ പ്രാവീണ്യം മതിയാകാതെ വരുമെന്നതില്‍ തര്‍ക്കമില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് 2022ലെ രചനാവിഭാഗം ജൂറിയുടെ നിയമനംതന്നെ ചോദ്യം ചെയ്യപ്പെടേണ്ടതായി വരുന്നത്.
2022ലെ രചനാവിഭാഗം ജൂറിയായി പ്രവര്‍ത്തിച്ചത് കെ.സി. നാരായണന് (ചെയര്മാന്), കെ. രേഖ (അംഗം), എം.എ. ദിലീപ് (അംഗം) എന്നിവരായിരുന്നു. ചലച്ചിത്ര പുരസ്കാരത്തിനായി പുറപ്പെടുവിച്ചിട്ടുള്ള നിയമാവലിയില്‍ ജൂറി നിയമനത്തിനായി ചേര്‍ത്തിട്ടുള്ള ഭാഗം ഇപ്രകാരമാണ്: “ചെയര്മാന് ഉള്‍പ്പെടെയുള്ള മറ്റ് മൂന്ന് അംഗങ്ങളും സിനിമയെപ്പറ്റി പരിജ്ഞാനമുള്ള മലയാളം എഴുത്തുകാരോ ചലച്ചിത്ര നിരൂപകരോ ആയിരിക്കണം” (Kerala State Awards for Malayalam Films & Writings on Cinema-2022, പുറം: 11, III (5)). ഈ നിയമത്തിലെ ഒരു ഭാഗം ചില അവ്യക്തതകള്‍ അവശേഷിപ്പിക്കുന്നുണ്ട്. സിനിമയെപ്പറ്റി പരിജ്ഞാനമുള്ള മലയാളം എഴുത്തുകാര്‍ എന്ന ഭാഗം പലമട്ടില്‍ വ്യാഖ്യാനിക്കാവുന്നതാണ്. തന്റെ രചനാമേഖലയില്‍ ചലച്ചിത്ര നിരൂപണം/പഠനം ഉള്‍പ്പെട്ടിട്ടില്ലാത്തതും എന്നാല്‍ ചിലപ്പോഴെങ്കിലും സിനിമ കണ്ടിട്ടുമുള്ള ഒരു വ്യക്തിയെ സിനിമയെക്കുറിച്ച് പരിജ്ഞാനമുള്ള എഴുത്തുകാരന് എന്ന് വിശേഷിപ്പിക്കാമോ? ജൂറി അംഗങ്ങളുടെ ചലച്ചിത്ര പരിജ്ഞാനം പരിശോധിക്കാന്‍ ചലച്ചിത്ര അക്കാദമി സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയാവാം?
ഇവിടെ ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ 2022ലെ രചനാവിഭാഗം ജൂറിയുടെ മുന്നിലെത്തിയ കൃതികളും അവ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ജൂറിയുടെ പരിജ്ഞാനവും താരതമ്യം ചെയ്താല്‍ മതിയാകും. മികച്ച ചലച്ചിത്ര രചനക്കുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ പതിമൂന്ന് അപേക്ഷകരും ചലച്ചിത്ര സംബന്ധിയായ രചനാമേഖലകളില് കാലങ്ങളായി പ്രവര്‍ത്തിക്കുന്നവരുമായ നിരവധി വ്യക്തികളുടെയും കൃതികള്‍ ഇത്തവണ പുരസ്കാരത്തിനായി സമര്‍പ്പിക്കപ്പെട്ടിരുന്നു (പുരസ്കാരലബ്ധി യോഗ്യതയുടെ മാനദണ്ഡമായി ലേഖകന്‍ പരിഗണിക്കുന്നില്ല). എന്നാല്‍, സാഹിത്യ അക്കാദമി പുരസ്കാര നേട്ടത്തിന്റെ മികവില്‍ ജൂറിയില്‍ നിയമിതരായവര്‍ ചലച്ചിത്രസംബന്ധിയായ എന്തെങ്കിലും ഗൗരവമുള്ള പുസ്തകങ്ങളോ ലേഖനങ്ങളോ രചിച്ചതായി കേരളീയ പൊതുസമൂഹത്തിന് മുന്നിലില്ല. അത്തരത്തില്‍ പരിശോധിക്കുമ്പോള്‍ ജൂറിയുടെ നിയമനപ്രക്രിയ അക്കാദമിയുടെ നിയമാവലിയുടെ ലംഘനംകൂടിയായി മാറുന്നു (സാഹിത്യ അക്കാദമി പുരസ്കാര നിര്‍ണയത്തിനായി ചലച്ചിത്ര നിരൂപകരെയോ/ ഗവേഷകരെയോ പൊതുവില്‍ നിയമിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സാംസ്കാരിക ഔന്നത്യത്തിന്റെ തുലാസില്‍ സാഹിത്യം എന്നും സിനിമയേക്കാള്‍ സ്വീകാര്യമാണല്ലോ!).
18 പുസ്തകങ്ങള്‍, 44 ലേഖനങ്ങള്‍ എന്നിവ കെ.സി. നാരായണന് 26 ദിവസംകൊണ്ടും കെ. രേഖ 27 ദിവസംകൊണ്ടും എം.എ. ദിലീപ് 29 ദിവസംകൊണ്ടുമാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ജൂറി ചെയര്മാന് കെ.സി. നാരായണ്‍, അംഗമായ കെ. രേഖ എന്നിവര്‍ പല ലേഖനങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും നല്കിയ മാര്‍ക്കിനേക്കാള്‍ ഇരുപത് മാര്‍ക്കിലേറെ കുറവാണ് മറ്റൊരു ജൂറി അംഗമായ എം.എ. ദിലീപ് നല്‍കിയിട്ടുള്ളത്. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ ജൂറി അംഗങ്ങളുടെ നിയമനംപോലും സംശയാസ്പദമായിത്തീരുന്നു. സിനിമയെക്കുറിച്ച് ഗൗരവതരമായ രചനാപ്രക്രിയയില്‍ ഏര്‍പ്പെടാത്തവരും സാഹിത്യരചനാ മേഖലയിലെ പ്രാവീണ്യം കൈമുതലാക്കി ജൂറി അംഗങ്ങളായി നിയമിതരായവരും വിധിയെഴുതേണ്ടതാണോ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ രചനാവിഭാഗം എന്നത് പ്രസക്തമായ ചോദ്യമായി അവശേഷിക്കുന്നു.
ഒളിച്ചുകടത്തലുകള്‍, തിരസ്കാരങ്ങള്‍
സര്‍ക്കാറിനുവേണ്ടി ചലച്ചിത്ര പുരസ്കാരങ്ങളുടെ നിയമാവലി തയാറാക്കുന്നതും പുരസ്കാരനിര്ണയവും വിതരണവും സംഘടിപ്പിക്കുന്നതും ചലച്ചിത്ര അക്കാദമിയാണ്. അതിനാൽതന്നെ, ചലച്ചിത്ര പുരസ്കാരങ്ങളുടെ നിയമാവലികളില്‍ കാതലായ പരിഷ്കരണം നടപ്പാക്കുവാനുള്ള അധികാരവും അക്കാദമിയില്‍ നിക്ഷിപ്തമാണ്. എന്നാല്‍, ചിലരുടെ വ്യക്തിതാൽപര്യങ്ങള് സംരക്ഷിക്കാനും മുന്‍വര്‍ഷങ്ങളിലെ നിയമ ലംഘനങ്ങള്‍ മറക്കാനുമായി മാത്രം അക്കാദമിയുടെ പുരസ്കാര നിയമാവലിയില്‍ 2020ല്‍ ചില പരിഷ്കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. രചനാവിഭാഗം പുരസ്കാരവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ വരുത്തിയ രണ്ട് മാറ്റങ്ങള്‍ സൂചിപ്പിക്കുന്നു.
1) 2019 വരെ നിലനിന്നിരുന്ന ചലച്ചിത്ര അവാര്‍ഡ് നിയമാവലിയില്‍ ഭാഗം VI (2)ല്‍ ഇപ്രകാരം പരാമര്‍ശിച്ചിരിക്കുന്നു: “തർജമ, സമാഹാരം, സംഗ്രഹം, എഡിറ്റ് ചെയ്തത് തുടങ്ങിയ പുസ്തകങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.” എന്നാല്‍, 2020ല്‍ പുരസ്കാരങ്ങള്‍ക്കുള്ള നിയമാവലി പ്രസിദ്ധീകരിച്ചപ്പോള്‍ മേല്‍ സൂചിപ്പിച്ച വ്യവസ്ഥയില്‍നിന്ന് ‘സമാഹാരം’ എന്ന വാക്ക് മാത്രം നീക്കംചെയ്തു. അതായത്, 2020 മുതല്‍ ലേഖനസമാഹാരങ്ങള്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനായി പരിഗണിക്കാമെന്ന് വരുന്നു. അതിനർഥം, 2019 വരെ നിലനിന്നിരുന്ന നിയമപ്രകാരം ലേഖന സമാഹാരങ്ങള്‍ അവാര്‍ഡിന് അര്‍ഹമല്ല എന്നാണ്. എന്നാല്‍, മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം 2019ന് മുമ്പ് നേടിയ കേരളത്തിലെ പല പ്രമുഖ നിരൂപകരും നിയമവിരുദ്ധമായി ലേഖന സമാഹാരങ്ങള്‍ക്കാണ് അത് നേടിയെടുത്തത് (അത്തരത്തില്‍ 2019 വരെ നിയമവിരുദ്ധമായ തരത്തില്‍ ലേഖനസമാഹാരത്തിന് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം നേടിയവരുടെ പേര് ഈ ലേഖനത്തില്‍ വെളിപ്പെടുത്തുന്നില്ല. മാന്യവായനക്കാര്‍ക്ക് അവ വിക്കിപീഡിയയില്‍ പരിശോധിക്കാവുന്നതാണ്). ഇത്തരമൊരു കാപട്യം മറയ്ക്കുന്നതിനും ലേഖനസമാഹാരങ്ങള്‍ തുടര്‍ന്ന് പരിഗണിക്കുന്നതിനുമായാണ് നിയമാവലിയില്‍നിന്ന് ‘സമാഹാരം’ എന്ന വാക്ക് മാത്രം നീക്കം ചെയ്തിരിക്കുന്നത്.
മികച്ച ചലച്ചിത്ര ലേഖനം എന്ന വിഭാഗത്തില്‍ അവാര്‍ഡ് നേടിയ കൃതികള്‍കൂടി ഉള്‍പ്പെടുത്തി മറ്റൊരു വര്‍ഷം ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരത്തിന് ഒരപേക്ഷകന് സമര്‍പ്പിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലേഖനസമാഹാരങ്ങള്‍ അവാര്‍ഡ് പരിഗണനയില്‍നിന്ന് 2020 വരെ ഒഴിവാക്കി നിര്‍ത്തിയിരുന്നത്. ഒരേ ലേഖനത്തിന് രണ്ട് വര്‍ഷങ്ങളില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ പുരസ്കാരം നേടാന്‍ സാധ്യതയുണ്ടെന്ന ധാരണയിന്മേലാണ് ലേഖനസമാഹാരങ്ങള്‍ മുമ്പ് ഒഴിവാക്കിയിരുന്നത്. ഇതോടൊപ്പം, ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു വിഷയം, സംസ്ഥാന ചലച്ചിത്ര അക്കാദമിതന്നെ പുരസ്കാരനിര്‍ണയം നടത്തുന്ന കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളുടെ നിയമാവലിയില്‍ ലേഖനസമാഹാരങ്ങള്‍ പരിഗണിക്കില്ലെന്ന പരാമര്‍ശം തുടരുന്നുവെന്നതാണ്. ആയതിനാല്‍, ചലച്ചിത്ര അവാര്‍ഡ് പരിഗണനയില്‍ മാത്രം ലേഖനസമാഹാരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ചിലരുടെ വ്യക്തിതാൽപര്യങ്ങള് സംരക്ഷിക്കുവാനുള്ള കുത്സിത ശ്രമമായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ.
2) 2020ലെ നിയമാവലിയില്‍ വന്നിട്ടുള്ള മറ്റൊരു ശ്രദ്ധേയമായ മാറ്റം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. 2019 വരെ പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനത്തില്‍ ഇത്തരമൊരു സൂചനയാണ് ഉണ്ടായിരുന്നത്: “മലയാള സിനിമയെ സംബന്ധിച്ച ഏറ്റവും നല്ല പുസ്തകവും ലേഖനവും പരിശോധിച്ച് തിരഞ്ഞെടുക്കുന്നതിന് ഒരു പ്രത്യേക കമ്മിറ്റി സര്‍ക്കാര്‍ രൂപവത്കരിക്കും” (ഭാഗം III (5). എന്നാല്‍, 2020ല്‍ പരിഷ്കരിച്ച നിയമാവലിയില്‍ പ്രസ്തുത ഭാഗം ഇപ്രകാരം മാറ്റിയിരിക്കുന്നു: “സിനിമയെ സംബന്ധിച്ച് മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല പുസ്തകവും ലേഖനവും പരിശോധിച്ച് തിരഞ്ഞെടുക്കുന്നതിന് ഒരു പ്രത്യേക കമ്മിറ്റി സര്‍ക്കാര്‍ രൂപവത്കരിക്കും.” പ്രത്യക്ഷത്തില്‍ കാതലായ അന്തരമില്ലെന്ന് തോന്നാമെങ്കിലും മലയാള സിനിമയെക്കുറിച്ചുള്ള ലേഖനങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കുമായി 2019 വരെ നല്കി വന്നിരുന്ന പുരസ്കാരം, 2020 മുതല്‍ മലയാള ഭാഷയില്‍ സിനിമയെപ്പറ്റി രചിക്കുന്ന കൃതികള്‍ക്ക് നല്കാവുന്ന തരത്തിലേക്ക് പരിവര്‍ത്തിപ്പിച്ചിരിക്കുന്നു. ഇതിന് കാരണമായും മുന്‍വര്‍ഷങ്ങളിലെ ചില നിയമവിരുദ്ധമായ തിരഞ്ഞെടുപ്പുകള്‍ കണ്ടെത്താവുന്നതാണ്. വിദേശഭാഷാ സിനിമകളെയും ഇതര ഇന്ത്യന്‍ ഭാഷാ സിനിമകളെയും അടിസ്ഥാനമാക്കി രചിക്കപ്പെട്ട ലേഖനങ്ങള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും 2019 വരെ നിരവധി തവണ നിയമത്തിനതീതമായി പുരസ്കാരം ലഭിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെ ഇത്തരമൊരു നിയമലംഘനം മറച്ചുവെക്കാനും ചിലരുടെ വ്യക്തിതാൽപര്യങ്ങള് സംരക്ഷിക്കാനും നിയമംതന്നെ പൊളിച്ചെഴുതുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയാണ് അക്കാദമി 2020 മുതല്‍ പുറപ്പെടുവിക്കുന്ന പുരസ്കാര നിയമാവലിയിലുള്ളത്.
3) ചലച്ചിത്ര അവാര്‍ഡിലെ തിരസ്കാരത്തിന്റെയും ലിംഗവിവേചനത്തിന്റെയും ചിത്രം അതിഭീകരമാണ്. 1984 മുതല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിന് പുരസ്കാരം നല്കിവരുന്നു. എന്നാല്‍, നാളിത് വരെ ഒരു സ്ത്രീക്ക് മാത്രമാണ് പ്രസ്തുത പുരസ്കാരം ലഭിച്ചിട്ടുള്ളത് (2001ല്‍ സുധ വാര്യര്‍ രചിച്ച ‘അനുകല്പനത്തിന്റെ ആട്ടപ്രകാരം’ എന്ന ഗ്രന്ഥത്തിന് മാത്രമാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്, കൂടാതെ 2021ല്‍ ഷീബ എം. കുര്യന്റെ ‘ഫോക്കസ്: സിനിമാപഠനങ്ങള്‍’ എന്ന പുസ്തകത്തിന് ജൂറി പരാമര്‍ശവും ലഭിച്ചിട്ടുണ്ട്). മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്കാരത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. 1998 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങള്‍ക്കുള്ളില്‍ 1998ല്‍ മാത്രമാണ് ഒരു സ്ത്രീ പ്രസ്തുത പുരസ്കാരത്തിന് അര്‍ഹയായിട്ടുള്ളത് (പി. ഗീതയാണ് അവാര്‍ഡ് ജേതാവ്. 2017ല്‍ രശ്മി ജി, അനില്‍കുമാര്‍ കെ.എസ് എന്നിവര്‍ ചേര്‍ന്നെഴുതിയ ലേഖനത്തിന് ജൂറി പരാമര്‍ശം ലഭിച്ചിരുന്നുവെന്നതും സൂചിപ്പിക്കുന്നു). മലയാള സിനിമാപഠനം/ നിരൂപണം ഒരു പുരുഷാധിപത്യ മേഖലയാണെന്നും മികച്ച ചലച്ചിത്ര സംബന്ധിയായ രചനകളിലേര്പ്പെടുന്ന സ്ത്രീകള്‍ അവിടെ അദൃശ്യരാകുന്നുവെന്നും ഇത് തെളിയിക്കുന്നുണ്ട്. ഇത്തരത്തില്‍ തിരസ്കൃതരാകുന്ന പക്ഷം ചലച്ചിത്ര അവാര്‍ഡിന്റെ ഇതര മേഖലകളായ അഭിനയം, ആലാപനം, ഡബ്ബിങ് എന്നിവയിലെന്നപോലെ ചലച്ചിത്ര സംബന്ധിയായ രചനകള്‍ക്കും ആണ്/പെണ് എന്നീ വിഭാഗങ്ങളിലായി വ്യത്യസ്ത പുരസ്കാരങ്ങള്‍ നല്‍കുന്നതായിരിക്കും ഉചിതം.
വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ ചലച്ചിത്ര പുരസ്കാരങ്ങള്‍ക്ക് പിന്നെയെന്ത് പ്രസക്തി?
സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര പുരസ്കാര നിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ള വിഷയങ്ങള്‍ ഒരേസമയം, സാങ്കേതികവും നൈതികവുമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നവയാണ്. ഈ ലേഖനത്തിലുടനീളം ജൂറിയുടെ തീരുമാനങ്ങളുടെ നിലവാരമോ അവരുടെ തിരഞ്ഞെടുക്കാനുള്ള അധികാരത്തെയോ ചോദ്യംചെയ്യുന്നില്ല. മറിച്ച്, ജനാധിപത്യപരമായി നടത്തപ്പെടേണ്ട ജൂറി തിരഞ്ഞെടുപ്പുകളില്‍ സംഭവിച്ച സാങ്കേതികവും യുക്തിരഹിതവുമായ പ്രവണതകള്‍ ചൂണ്ടിക്കാണിക്കുകയെന്നതാണ് ഈ ലേഖനം ലക്ഷ്യംെവച്ചിട്ടുള്ളത്. താഴെ നല്കുന്ന നിർദേശങ്ങള്‍ രചനാവിഭാഗം പുരസ്കാരങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കുന്നതില്‍ സഹായകരമാകുമെന്ന് പ്രത്യാശിക്കാം:
1) ചലച്ചിത്ര രചനാസംബന്ധമായ കൃതികള്‍ പരിശോധിക്കുവാന്‍ ചലച്ചിത്ര നിരൂപണ/ പഠന മേഖലയില്‍ സജീവമായി ഇടപെടുന്നവരെ മാത്രം ചുമതലപ്പെടുത്തുക. സാഹിത്യ മണ്ഡലത്തില്‍നിന്നുള്ള ജൂറി അംഗങ്ങളുടെ പ്രാവീണ്യം ചലച്ചിത്ര പഠനങ്ങളെ വിലയിരുത്താന്‍ പര്യാപ്തമായിരിക്കണമെന്നില്ല എന്ന ബോധ്യം ചലച്ചിത്ര അക്കാദമിക്ക് ഉണ്ടാകേണ്ടത് അനിവാര്യമാണ്.
2) ചില വ്യക്തികള്‍ ജൂറി ചെയര്മാന്/ അംഗം എന്നീ നിലകളില്‍ ആവര്‍ത്തിച്ച് അവരോധിക്കപ്പെടുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്. ഇത് സാംസ്കാരിക മേഖലയില്‍ ചില അധികാരകേന്ദ്രങ്ങള്‍ സൃഷ്ടിക്കാനും തിരഞ്ഞെടുപ്പിലെ സുതാര്യതയെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്.
3) രചനാവിഭാഗം ജൂറി അംഗങ്ങള്‍ നിലവില്‍ മൂല്യനിര്‍ണയത്തിനായി സമര്‍പ്പിക്കപ്പെട്ട രചനകള്‍ പരിശോധിച്ചുവെന്ന് അക്കാദമിക്കും അപേക്ഷകര്‍ക്കും ബോധ്യമാകാന്‍ തക്ക തെളിവുകള്‍ ലഭ്യമല്ല. ആയതിനാല്‍, മൂല്യനിര്‍ണയത്തിനായി സമര്‍പ്പിക്കപ്പെട്ട എല്ലാ പുസ്തകങ്ങളെയും ലേഖനങ്ങളെയും കുറിച്ച് കുറഞ്ഞത് ഒരു പേജ് റിപ്പോര്‍ട്ട് ജൂറി അംഗങ്ങള്‍ തയാറാക്കേണ്ടതുണ്ട്. അവയില്‍ പുസ്തകം/ ലേഖനം എന്നിവ തിരഞ്ഞെടുക്കുന്നതിന്റെയും/ തിരഞ്ഞെടുക്കാത്തതിന്റെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ടതാണ്. പതിനായിരം രൂപയോളം ഓണറേറിയം കൈപ്പറ്റുന്ന ജൂറിയില്‍നിന്ന് സര്‍ക്കാര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് തേടുന്നതില്‍ ഒരു അസ്വാഭാവികതയുമില്ല. ജൂറി അംഗങ്ങള്‍ മൂല്യനിര്‍ണയം നടത്തിയോയെന്ന സംശയം ദൂരീകരിക്കുന്നതിന് ഉപകാരപ്രദമായ രേഖയായിരിക്കും ഇവ.
4) നിലവില്‍ മൂന്ന് ജൂറി അംഗങ്ങള്‍ക്കും മൂല്യനിര്‍ണയത്തിനുള്ള പുസ്തകങ്ങള്‍, ലേഖനങ്ങള്‍ എന്നിവ അക്കാദമി കൈമാറിയശേഷം നിശ്ചിത സമയത്തിനുള്ളില്‍ മൂവരും റിപ്പോര്‍ട്ട് നല്‍കുകയാണ് പതിവ്. എന്നാല്‍, അക്കാദമിയില്‍നിന്ന് വിവരാവകാശ രേഖയിലൂടെ ലഭിച്ച വിവരമനുസരിച്ച് ജൂറി അംഗങ്ങള്‍ കൂടിയാലോചിച്ച ശേഷമാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത് എന്ന് പറയുന്നു. ഇത്തരമൊരു കൂടിയാലോചന നടക്കുമ്പോള്‍ ഓരോ അംഗവും വ്യക്തിപരമായി നടത്തിയ വിലയിരുത്തലിന്റെ സാംഗത്യം നഷ്ടപ്പെടുന്നു. ആയതിനാല്‍, കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാര നിര്‍ണയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന രഹസ്യസ്വഭാവം ചലച്ചിത്ര അക്കാദമിയും പിന്‍പറ്റുന്നത് ഉചിതമായിരിക്കും. മൂവരും നല്കിയ മാര്‍ക്ക് കൂട്ടിനോക്കുമ്പോള്‍ ഉയര്‍ന്ന സ്കോര്‍ ലഭിക്കുന്ന കൃതിക്ക് പുരസ്കാരം ലഭ്യമാക്കുന്ന രീതി കൂടുതല്‍ ജനാധിപത്യപരമാണ്.
5) ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് സാങ്കേതികമായ എന്തെങ്കിലും പരാതി ഏതെങ്കിലും അപേക്ഷകര്‍ ഉന്നയിക്കുന്ന പക്ഷം, അത് പരിശോധിക്കാന്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു അപ്പീല്‍ കമ്മിറ്റി രൂപവത്കരിക്കേണ്ടതുണ്ട്. പരാതി പരിശോധിക്കുകയും അവയുടെ നിജസ്ഥിതി ബോധ്യപ്പെടുകയും ചെയ്യുന്നപക്ഷം അവാര്‍ഡ് തീരുമാനങ്ങളില്‍ യുക്തമായ വിധത്തില്‍ ഇടപെടലുകള്‍ ഉണ്ടാകുന്നത് അഭികാമ്യമാണ്.
6) അവാര്‍ഡ് നിര്‍ണയത്തിനായി നിയോഗിക്കപ്പെടുന്ന ജൂറിയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത് ഉചിതമാണ്. ദേശീയ ചലച്ചിത്ര പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നിവയില്‍ ജൂറി അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുരസ്കാര പ്രഖ്യാപനത്തിനു മുമ്പ് വെളിപ്പെടുത്താറില്ല എന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു നിർദേശം ഡോ. പി.കെ. പോക്കറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച 2018ലെ രചനാവിഭാഗം ജൂറി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. അത് ഇപ്രകാരമാണ്: “ജൂറി അംഗങ്ങളുടെ പേരുവിവരം ഫലപ്രഖ്യാപനത്തിനുശേഷം മാത്രം പ്രസിദ്ധീകരിക്കുന്നത് മൂല്യനിര്‍ണയത്തിന്റെ രഹസ്യസ്വഭാവത്തിന് ആവശ്യമാണ്.”
7) രചനാവിഭാഗം പുരസ്കാരത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍, ചലച്ചിത്ര സമീക്ഷയില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എന്നിവ നിയമപരമായി ഒഴിവാക്കേണ്ടതാണ്. ജൂറിയില്‍ വോട്ടവകാശമില്ലാത്ത അംഗമെന്ന നിലയില്‍ അക്കാദമി സെക്രട്ടറി പ്രവര്‍ത്തിക്കുന്നുവെന്നതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടത്. കാരണം, ചലച്ചിത്ര അക്കാദമി സെക്രട്ടറി അക്കാദമിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും എഡിറ്റര്‍ എന്ന സ്ഥാനം വഹിക്കുന്നു. അത്തരത്തില്‍, അക്കാദമി സെക്രട്ടറി എഡിറ്ററായും അക്കാദമിയിലെ വിദഗ്ധരായ പബ്ലിക്കേഷന്‍ കമ്മിറ്റി അംഗങ്ങള്‍ പരിശോധിച്ച് അംഗീകരിച്ചശേഷവും പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍/ ലേഖനങ്ങള്‍ എന്നിവക്ക് മത്സരത്തിലുള്ള ഇതര പ്രസാധകരുടെ സൃഷ്ടികളേക്കാള്‍ അധിക പരിഗണന/ യോഗ്യത ലഭിച്ചതാണ്. ആയതിനാല്‍, സംസ്ഥാന സര്‍ക്കാറിനുവേണ്ടി ചലച്ചിത്ര അക്കാദമി നല്കുന്ന പുരസ്കാരങ്ങളില്‍നിന്ന് അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഒഴിവാക്കുന്നത് പുരസ്കാര നിര്‍ണയം കൂടുതല്‍ സുതാര്യവും ജനാധിപത്യപരവുമാക്കുന്നു.
കേരള സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്രങ്ങള്‍ക്കും ചലച്ചിത്രസംബന്ധിയായ രചനകള്‍ക്കും നല്കുന്ന പുരസ്കാരം ഒരു സാംസ്കാരിക പ്രവര്‍ത്തനമാണ്. കേവലം സാങ്കേതികവും സ്വജനപക്ഷപാതം നിലനിര്‍ത്തുന്നതുമായ ജൂറിയുടെ തെറ്റായ തീരുമാനങ്ങള്‍ അവയുടെ ശോഭക്ക് മങ്ങലേൽപിക്കും. ആയതിനാല്‍, കൂടുതല്‍ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും ജനാധിപത്യപരമായും ഇത്തരം പുരസ്കാരനിര്‍ണയം നടക്കേണ്ടത് സാംസ്കാരിക കേരളത്തിന്റെ യശസ്സിന് അനിവാര്യമാണ്. മാത്രവുമല്ല, പുരസ്കാര നിര്‍ണയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ രേഖ വഴി ഓരോ അപേക്ഷനും വാങ്ങുകയും നടന്നിട്ടുള്ള നടപടികളുടെ സുതാര്യത ബോധ്യപ്പെടുകയും ചെയ്യേണ്ടതാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഓരോ പുരസ്കാരനിര്ണയവും കുറ്റമറ്റതും ജനാധിപത്യപരവുമായിരിക്കണം, അത് ഉറപ്പാക്കാന്‍ ഓരോ അപേക്ഷനുമുള്ള സാധ്യതയാണ് വിവരാവകാശ നിയമം നല്‍കുന്നത്. അവാര്‍ഡ് നിര്‍ണയം നിയമപരമായി നടക്കുന്നുവെന്നത് ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തവുമാണ്.