ദേശാന്തരീയതയുടെ പുതുപകർച്ചകൾ
മലയാളികളുടെ പ്രവാസത്തിന്റെയും കുടിയേറ്റ ജീവിതത്തിന്റെയും പുതുഘട്ടം ആരംഭിക്കുന്നത് ആഗോളീകരണവുമായി ബന്ധപ്പെട്ടാകാം. യാത്രകൾ പുതുകാലത്ത് പുതിയ ചില അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്; ‘യാത്ര’ മൊത്തത്തിൽതന്നെ മാറുന്നുണ്ട്. തന്റെ ഗൾഫ്യാത്രകളുടെ പശ്ചാത്തലത്തിൽ മലയാളിയുടെ മറുനാടൻ ‘യാത്ര’കളെക്കുറിച്ച് എഴുതുകയാണ് ചിന്തകനും സാമൂഹികപ്രവർത്തകനുമായ ലേഖകൻ.
വിപുലമായ സഞ്ചാര അനുഭവങ്ങളും പ്രവാസജീവിതവുമുള്ള അനേകം വ്യക്തികളും ജനവിഭാഗങ്ങളും നിലനിൽക്കുന്ന സ്ഥലമാണ് കേരളം. നൂറ്റാണ്ടുകൾക്കു മുമ്പേതന്നെ വിദേശസഞ്ചാരികൾ ഇവിടെ വരുകയും സ്വന്തം നാടുകളിൽ എന്നപോലെ അവരുടെ അനുഭവങ്ങൾ ഇവിടെയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സമാനമായ വിധത്തിലുള്ള യാത്രകൾ കേരളത്തിലെ പലരും പുറംനാടുകളിലേക്കും നടത്തിയിട്ടുണ്ട്. പഴയ കൊളോണിയൽ രേഖകളുടെ പ്രധാനവശമെന്നത് വിദൂരനാടുകളിലെ...
Your Subscription Supports Independent Journalism
View Plansവിപുലമായ സഞ്ചാര അനുഭവങ്ങളും പ്രവാസജീവിതവുമുള്ള അനേകം വ്യക്തികളും ജനവിഭാഗങ്ങളും നിലനിൽക്കുന്ന സ്ഥലമാണ് കേരളം. നൂറ്റാണ്ടുകൾക്കു മുമ്പേതന്നെ വിദേശസഞ്ചാരികൾ ഇവിടെ വരുകയും സ്വന്തം നാടുകളിൽ എന്നപോലെ അവരുടെ അനുഭവങ്ങൾ ഇവിടെയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സമാനമായ വിധത്തിലുള്ള യാത്രകൾ കേരളത്തിലെ പലരും പുറംനാടുകളിലേക്കും നടത്തിയിട്ടുണ്ട്. പഴയ കൊളോണിയൽ രേഖകളുടെ പ്രധാനവശമെന്നത് വിദൂരനാടുകളിലെ ഭൂപ്രകൃതിയെയും വിഭവസമൃദ്ധിയെയും അവിടത്തെ വിചിത്രമായ ജനാധിവാസത്തെയും പറ്റിയുള്ള മായികമായ വർണനകളാണ്.
കൊളോണിയൽ ഘട്ടത്തിൽ കേരളത്തിലെ നിരവധിപേർ പേർഷ്യ, ബർമ, ശ്രീലങ്കപോലുള്ള നാടുകളിലേക്ക് തൊഴിൽ തേടിയോ വാണിജ്യ ആവശ്യങ്ങൾക്കുവേണ്ടിയോ പോയിരുന്നു. ഇത്തരം യാത്രികരിൽ പലരും അവിടെ സ്ഥിരതാമസം തുടങ്ങുകയും അതത് പ്രദേശങ്ങളിലെ കുടിയേറ്റ സമുദായങ്ങളുടെ ഭാഗവുമായി. ദേശീയ പ്രസ്ഥാനത്തിലെ വേറിട്ട വിമോചന ധാരയായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷനൽ ആർമിയിൽ ചേർന്ന് പ്രവർത്തിക്കാൻ മലബാർ മേഖലയിൽനിന്നും ജപ്പാൻ പോലുള്ള നാടുകളിലേക്ക് ഒട്ടേറെപേർ പോയതിനെ പറ്റിയുള്ള രേഖകൾ ലഭ്യമാണ്.
മേൽപറഞ്ഞ പോലുള്ള വിദേശ സഞ്ചാരങ്ങളും കുടിയേറ്റവും ഏറിയപങ്കും നമ്മുടെ സമൂഹത്തിലെ ഉപരിജാതി വിഭാഗങ്ങളിൽനിന്നുമാണ് ഉണ്ടായിട്ടുള്ളത്. ഇതിനുകാരണം, അക്കാലത്തെ വിനിമയ ഭാഷയായ ഇംഗ്ലീഷ് സംസാരിക്കാനും സഞ്ചാരത്തിനും കുടിയേറ്റത്തിനും വേണ്ട പ്രാഥമിക ചെലവുകൾ സ്വരൂപിക്കാനും സാധ്യമായത് ഈ വിഭാഗങ്ങൾക്കായിരുന്നു എന്നതാണ്. ഇതേസമയം, മിഷനറി പ്രവർത്തനത്തിന്റെ ഫലമായി വിദ്യാഭ്യാസം നേടുകയും പരമ്പരാഗത ജാതിബന്ധങ്ങളിൽനിന്നും തൊഴിലുകളിൽനിന്നും മാറുകയും ചെയ്ത മലബാറിലെ തിയ്യരിൽനിന്നും തിരുവിതാംകൂറിലെ ഈഴവരിൽനിന്നും ഒരുവിഭാഗം സിലോൺപോലുള്ള നാടുകളിലേക്ക് കുടിയേറിയിരുന്നു. ഇവരുടെ സഹകരണത്തോടെയാണ് ശ്രീനാരായണ ഗുരു സിലോൺ സന്ദർശനം നടത്തിയത്.
തെക്കൻ തിരുവിതാംകൂറിലെയും മധ്യതിരുവിതാംകൂറിലെയും മലയാളികളുടെ വിദേശസഞ്ചാരവും പ്രവാസജീവിതവും കൂടുതൽ ഉണ്ടായിട്ടുള്ളത് ൈക്രസ്തവ സമുദായത്തിൽനിന്നുമാണ്. ആദ്യകാലത്ത് പള്ളിയുമായി ബന്ധപ്പെട്ട് വൈദികരും കന്യാസ്ത്രീകളും അവരുടെ സഹായികളുമാണ് വിദേശസഞ്ചാരം നടത്തിയത്. തുടർന്ന് നഴ്സുമാർ, ഡോക്ടർമാർ, ചെറുകിട ജോലിക്കാർ, കച്ചവടക്കാർ, വിദ്യാർഥികൾ മുതലായ വലിയൊരു വിഭാഗം ഗൾഫ് നാടുകൾക്കൊപ്പം ഇറ്റലി, ജർമനി, അമേരിക്ക, യു.കെ, കാനഡ പോലുള്ള പാശ്ചാത്യരാജ്യങ്ങളിലേക്കും പോവുകയുണ്ടായി. എറണാകുളവും കോട്ടയവും തൃശൂരും പത്തനംതിട്ടയുമടക്കമുള്ള ജില്ലകളിലെ ൈക്രസ്തവ സമുദായത്തിന്റെ സാമ്പത്തിക വികാസത്തിനും സാമൂഹികവും രാഷ്ട്രീയവുമായ ഉന്നമനത്തിനും ഇത്തരം അനുഭവങ്ങൾ നൽകിയ നേട്ടങ്ങൾ ചെറുതല്ല.
കേരളത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഗൾഫ് പ്രവാസം നടന്നത് കൂടുതലായും മുസ്ലിംകളെയും ഹൈന്ദവ ജാതിേശ്രണിയിൽ താഴെയുള്ള ജനവിഭാഗങ്ങളെയും കേന്ദ്രീകരിച്ചാണ്. ആദ്യകാല ഗൾഫ് കുടിയേറ്റം പത്തേമാരികളിലൂടെയുള്ള കടൽയാത്രയുടെ അനിശ്ചിതത്വം പേറുക മാത്രമല്ല, മരണത്തെ അഭിമുഖീകരിച്ചുകൊണ്ടുള്ള സാഹസികതയും നിറഞ്ഞതായിരുന്നു. പിൽക്കാലത്ത് ഈ പ്രവാസികളിൽ പലരും ഗൾഫ് നാടുകളിൽ പണിയെടുക്കുന്നവർ എന്ന സ്ഥിതിവിട്ട് കച്ചവടക്കാരോ വ്യവസായികളോ തൊഴിലുടമകളോ ആയി മാറി. കേരളത്തിലെ അതിസമ്പന്നരിൽ ഒരാളായ യൂസഫലിക്ക് ദാരിദ്യ്രത്തിന്റെയും പിന്നാക്കാവസ്ഥയുടെയും ഭൂതകാലമുണ്ട്.
എന്നാൽ, മലയാളികളുടെ പ്രവാസത്തിന്റെയും കുടിയേറ്റ ജീവിതത്തിന്റെയും പുതുഘട്ടം ആരംഭിക്കുന്നത് ആഗോളീകരണത്തിനുമുമ്പുള്ള സാമ്പത്തിക മാന്ദ്യത്തിന്റെയും അതിനുശേഷമുള്ള സവിശേഷ പരിവർത്തനങ്ങളുടെയും സന്ദർഭത്തിലാണ്. ഈ സമയത്തുതന്നെ കേരളത്തിലെ ആധുനികതയുടെ പിൻവാങ്ങലിന് ആക്കം കൂടുകയും ഉത്തരാധുനികമായൊരു സമൂഹരൂപവത്കരണത്തിനുവേണ്ട പശ്ചാത്തലം ഒരുങ്ങുകയും ചെയ്തു. ഇതോടെ, പഴയ വിദേശസഞ്ചാരം/കുടിയേറ്റം എന്ന വാക്കിന് പുതിയൊരു അർഥവ്യാപ്തി കൈവരുന്നതായി കാണാം. ഇതിനെ ദേശാന്തരീയതയെന്നോ, ഒരുപരിധിവരെ ഡയസ്പോറ എന്നോ വിളിക്കാമെന്ന് തോന്നുന്നു. ലോകത്തിലെ ഏത് മുക്കിലും മൂലയിലും ചെന്നാലും ഒരു മലയാളിയെ എങ്കിലും കാണാമെന്നത് പഴയൊരു ചൊല്ലായിരുന്നു. ഇന്നത് വികസിച്ച് ആഗോള ഡയസ്പോറയുടെയും ദേശാന്തരീയതയുടെയും പ്രധാനപ്പെട്ട ഭാഗമായി മലയാളികൾ മാറിയിട്ടുണ്ട്.
ദേശാന്തരീയതയുടെ ഈ പുതുകാലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടയാളമായി തോന്നുന്നത് കേരളത്തിലെ ദലിതർപോലുള്ള അരികുവത്കരിക്കപ്പെട്ട സമുദായങ്ങളിൽനിന്നും ചെറിയ ശതമാനം ആൾക്കാരെങ്കിലും ഇത്തരം ഒഴുക്കിൽ കലർന്നിട്ടുണ്ടെന്നതാണ്. മറ്റൊരു കാര്യം, നമ്മുടെ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകളുടെ പദവിമാറ്റത്തിന്റെ സൂചികയാണ് ഇതെന്നതാണ്. ഒരുപക്ഷേ, ഇന്ത്യയിലെയും കേരളത്തിലെയും ബസുകളിലും െട്രയിനുകളിലും ഉള്ളതിനെക്കാൾ ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ വിമാനയാത്രകളിൽ കാണാൻ കഴിയും.
ദേശാന്തരീയതയുടെ സമയസൂചികയും അതിജീവനവും
ദേശാന്തരീയതയുടെ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരുവശം, ജന്മനാട്ടിലെ (Home Land) സമയസൂചികയുമായുള്ള വ്യതിചലനമാണെന്ന് പറയാം. ആധുനികമായ സമയം എന്നത് ഇംഗ്ലണ്ടിലെ ഗ്രീൻവിച്ച് എന്ന ഗ്രാമത്തിലൂടെ ഭൂമധ്യരേഖ കടന്നുപോകുന്നു എന്ന സങ്കൽപത്തിലൂന്നിയ ഒരു ശാസ്ത്രീയ കണ്ടുപിടിത്തമാണ്. അതനുസരിച്ചാണ് ഘടികാരങ്ങളും വാച്ചുകളും തയാർചെയ്യപ്പെടുന്നത്. ഗ്രീൻവിച്ചിൽനിന്നുള്ള അകലം കണക്കാക്കി ഓരോ സ്ഥലങ്ങളും അവയിലെ സമയങ്ങളും നിർണയിക്കപ്പെടുന്നു. ഇന്ത്യയും ചൈനയും കിഴക്കാവുന്നതും ഗൾഫ് നാടുകൾ മധ്യകിഴക്കാവുന്നതും ആേഫ്രാ-അറബ് നാടുകൾ വിദൂര കിഴക്കാവുന്നതും മേൽപറഞ്ഞ സമയകേന്ദ്രത്തെ ആധാരമാക്കുന്നതു മൂലമാണ്. ചുരുക്കിപ്പറഞ്ഞാൽ യൂറോപ്പിൽനിന്നുള്ള അകലവും സമയവും വ്യത്യാസപ്പെടുന്ന മാനദണ്ഡത്തിലാണ് ലോക ഭൂപടം നിർമിതമായിട്ടുള്ളത്.
ഇപ്രകാരം ഗൾഫ് നാടുകളിൽ എത്തിച്ചേരുന്ന ഓരോ മലയാളികളെ സംബന്ധിച്ചും അവരുടെ സമയം നാട്ടിൽനിന്നും രണ്ടര മണിക്കൂർ മുന്നിലാണ്. അതായത്, ഇവിടെ രാത്രി ഒമ്പതിന് അവസാനിക്കുന്ന ഒരു സമ്മേളനം അവിടെ ആരംഭിക്കുന്നത് വൈകുന്നേരം ആറിനോ ആറരക്കോ ആയിരിക്കും. യൂറോപ്പിൽ അഞ്ച് മണിക്കൂറും അമേരിക്കയിൽ ഒമ്പത് മണിക്കൂറും ഈ മാറ്റം വരുന്നുണ്ട്. സമയസൂചികയുടെ ഈ വ്യത്യാസമനുസരിച്ച് ഓരോരുത്തരുടെയും ജോലി സമയവും പഠനവും വിശ്രമവും വിനോദവും പുനഃക്രമീകരിക്കാൻ ഓരോ പ്രവാസിയും അറിഞ്ഞോ അറിയാതെയോ നിർബന്ധിതരാവുന്നുവെന്ന് സാരം. പ്രവാസത്തിന്റെ അടിസ്ഥാനഘടകം തൊഴിലും അതിജീവനവുംതന്നെയാണ്. പിന്നീടാണ് സംസ്കാരവും രാഷ്ട്രീയവും വരുന്നത്. ഗൾഫിലേക്ക് തൊഴിൽ തേടി പോകുന്നവരിൽ ഏറിയ പങ്കും സ്വന്തം നാട്ടിൽ നിക്കക്കള്ളി ഇല്ലാതാവുന്നവരോ ഇവിടത്തേതിൽനിന്നും മെച്ചപ്പെട്ട സാമ്പത്തിക സൗകര്യം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നവരോ ആണ്. നാട്ടിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ചുറ്റിയടിച്ചു നടക്കുന്ന ചെറുപ്പക്കാരെ എന്തെങ്കിലും തൊഴിലെടുക്കാൻ േപ്രരിപ്പിച്ചുകൊണ്ട് ചില രക്ഷിതാക്കൾ ഗൾഫിലേക്ക് അയക്കുന്നതും പതിവാണ്.
നാട്ടിലെ കാലാവസ്ഥയിൽനിന്നു മാറിയ കഠിനമായ ചൂടും ബുദ്ധിമുട്ടേറിയ തൊഴിൽ സാഹചര്യങ്ങളും കിട്ടുന്ന പണം കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ മൊത്തം കാര്യങ്ങളും തകിടം മറിയുമെന്ന തരത്തിലുള്ള ഉയർന്ന ജീവിതച്ചെലവുകളും മാത്രമല്ല; ഏത് സമയവും തൊഴിൽ സ്ഥാപനത്തിൽനിന്നും പറിച്ചെറിയപ്പെടാമെന്നുള്ള അവസ്ഥയും ഈ അതിജീവനത്തിന്റെ ഭാഗമായുണ്ട്.
മുമ്പ് ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തോടെയും തുടർന്നുണ്ടായ ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഒട്ടേറെ ഗൾഫ് പ്രവാസികൾക്ക് തൊഴിൽ ഇല്ലാതായിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്തെ അടച്ചുപൂട്ടൽ മൂലവും പതിനായിരക്കണക്കിന് പേരാണ് തൊഴിൽ നഷ്ടപ്പെട്ട് തിരികെ വന്നത്. അവരുടെ പുനർനിയമനം ഇപ്പോഴും പൂർണമായി നടന്നിട്ടില്ല.
രണ്ടാംഘട്ട ഗൾഫ് കുടിയേറ്റം കേരളീയർക്ക് വലുതായ സാമ്പത്തിക സാധ്യതകളാണ് തുറന്നുതരുന്നതെന്ന് മനസ്സിലായതോടെ വിസ തട്ടിപ്പും അനധികൃതമായി ആളുകളെ കൊണ്ടുപോകലുമടക്കമുള്ള ചതികൾ സ്ഥിരം സംഭവങ്ങളായി പത്രവാർത്തകളിൽ സ്ഥാനംപിടിക്കാൻ തുടങ്ങി. ഇതിനോടൊപ്പം ഹവാല ഇടപാടുകളും സ്വർണം മുതലായവയുടെ കള്ളക്കടത്തും വ്യാപകമാകുന്നു എന്ന തരത്തിലുള്ള പരാതികളും ഉയരാൻ തുടങ്ങി. ഇവക്ക് അനുബന്ധമായി ഗൾഫുകാരെ പുതുപ്പണക്കാരായി വർണിച്ചും അവരിൽ അനിയന്ത്രിതമായ ആഡംബര ഭ്രമം നിലനിൽക്കുന്നതായും പരിഹസിച്ചുകൊണ്ടുള്ള ചൊല്ലുകളും ജനപ്രിയ സാഹിത്യവും സിനിമകളും ഉണ്ടാവാനും തുടങ്ങി. നാട്ടിൽ യൂനിയൻ പ്രവർത്തനം നടത്തി തൊഴിലിടം പൂട്ടിക്കുന്ന പുരോഗമന മലയാളികൾ പുറംനാടുകളിൽ അടിമപ്പണി ചെയ്യുകയാണെന്ന മട്ടിലുള്ള ചിത്രീകരണങ്ങളുമുണ്ടായി.
ആധുനിക കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെയും സാമൂഹികമായ ഉന്നമനത്തിന്റെയും നട്ടെല്ലായി ഗൾഫ് പ്രവാസം മാറിയെന്നതാണ് വസ്തുത. ഇതിനെ വിസ്മരിച്ചുകൊണ്ട് ഗൾഫ് പുതുമോടികൾ ദേശത്തിന്റെ തനതായ സാംസ്കാരിക മേന്മകളെ അപചയപ്പെടുത്തുന്ന വൈദേശിക പകർച്ചവ്യാധികളായും പരമ്പരാഗത സ്വത്തുടമസ്ഥതയെ കാർന്നുതിന്നുന്ന കള്ളപ്പണത്തിന്റെ കുമിഞ്ഞുകൂടലായും കണ്ടുകൊണ്ടുള്ള വിലാപങ്ങൾ മുഖ്യധാരയിൽതന്നെ ഉയരാൻ തുടങ്ങി. ഇത്തരം വിലാപങ്ങളും ആശങ്കകളും കൂടിയാണ് കേരളത്തിൽ പിൽക്കാലത്ത് വികസിച്ചുവന്ന ഇസ്ലാമോ ഫോബിയക്ക് അടിത്തറയിട്ടതെന്ന് കാണാം.
ഡോ. കെ.കെ. ശിവദാസിന്റെ അഭിപ്രായത്തിൽ ഗൾഫ് പ്രവാസിയുടെ ജീവിതത്തിൽ ആവർത്തിക്കുന്ന പ്രതീകമാണ് പെട്ടി (Suitcase). ''പ്രവാസിയുടെ പെട്ടി ഒരേസമയം ചലനക്ഷമതയെയും വീടിനെയും സൂചിപ്പിക്കുന്ന സാർവലൗകിക സൂചകമാണ്. സ്യൂട്ട്കേസ് ഭൂതകാലത്തെയും കുടിയേറ്റക്കാരുടെ വീടിനെയും യാത്രയിൽ അവർ കൊണ്ടുവരുന്ന വസ്തുക്കളെയും സന്നിഹിതമാക്കുക മാത്രമല്ല, ഭൂതകാലത്തിൽനിന്നുമുള്ള ഗതിയെക്കൂടി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.''
ഗൾഫ് പ്രവാസിയുടെ പെട്ടി അവരുടെ സ്വന്തത്തിനൊപ്പം കേരളത്തിലെ ഒരു കാലഘട്ടത്തിന്റെ സാമൂഹിക ജീവിതത്തിന്റെ ഒഴുക്കുകളെയും ഗതിമാറ്റങ്ങളെയുംകൂടി സൂചിപ്പിക്കുന്ന സാർവലൗകിക സൂചകമാണ്. ഈ മാന്ത്രികപ്പെട്ടിയിൽ പലരുടെയും ജീവിതപ്രലോഭനങ്ങളും ധർമസങ്കടങ്ങളും ഉള്ളടങ്ങുമ്പോൾ മറ്റ് ചിലർക്ക് അത് ആശങ്കകളും ദുർലക്ഷണങ്ങളുമാണ് പ്രദാനം ചെയ്യുന്നത്.
പരിഭാഷയും അനുകരണങ്ങളും
തൊഴിലിനെയും അതിജീവനത്തെയും മാറ്റിനിർത്തിയാൽ ദേശാന്തരീയതയുടെ മറ്റൊരു പ്രധാനവശം വിവർത്തനമാണ്. ഭാഷയുടെ പദാനുപദ തർജമ എന്ന അർഥത്തിലല്ല വിവർത്തനം എന്ന വാക്ക് ഇവിടെ ഉപയോഗിക്കുന്നത്.
ജന്മനാട് അഥവാ ഹോംലാൻഡിനെ ഓരോ പ്രവാസിയും അവർ എത്രമാത്രം അന്യവത്കരിച്ച വ്യക്തികളാണെങ്കിലും ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്. ഈ കൊണ്ടുനടക്കൽ കേവലമായ പ്രതിമാവത്കരണമല്ല. മറിച്ച്, അതിനെ അസ്ഥിരപ്പെടുത്തിയും തങ്ങൾ ജീവിക്കുന്ന വൈദേശികാവസ്ഥകളിലേക്കും തിരിച്ചും പരിഭാഷപ്പെടുത്തിയുമാണ് അവർ കൊണ്ടുനടക്കുന്നത്. ഇവ ഒരുതരത്തിലുള്ള അനുകരണങ്ങൾകൂടിയാണ്. ഈ അർഥത്തിൽ നോക്കുമ്പോൾ പ്രവാസികൾ പുറംനാടുകളിൽ രൂപപ്പെടുന്ന കൂട്ടായ്മകൾ, ക്ലബുകൾ, രാഷ്ട്രീയ-സാംസ്കാരിക സംഘടനകൾ; അവർ പങ്കെടുക്കുന്ന ആഘോഷങ്ങൾ, ചടങ്ങുകൾ എന്നിവയും അവരിൽ സ്വാധീനം ചെലുത്തുന്ന പുസ്തകങ്ങൾ, സിനിമകൾ, പത്രവാർത്തകൾ എന്നിവയെല്ലാം പരിഭാഷയുടെ വ്യാപ്തിയിൽ വരും. ഇതിനെ Transletions എന്നാണ് ഹോമി ഭാഭയെപ്പോലുള്ളവർ വിശദീകരിച്ചിട്ടുള്ളത്.
ഗൾഫ് നാടുകളെ പേർഷ്യ എന്നാണ് കേരളത്തിൽ മുമ്പ് വിളിച്ചിരുന്നത്. ഗൾഫ് എന്ന പേര് കൂടുതലായി അറിയപ്പെടാൻ തുടങ്ങിയത് രണ്ടാംലോക യുദ്ധാനന്തരം ആ നാടുകളിലുണ്ടായ എണ്ണയുൽപാദനത്തിന്റെയും മറ്റനവധി പരിവർത്തനങ്ങളുടെയും ഫലമായി ലോക സാമ്പത്തിക-രാഷ്ട്രീയ ഭൂപടത്തിൽ സ്ഥാനം പിടിച്ചതിലൂടെയാണ്. കേരളത്തിൽ പേർഷ്യൻ നാടുകൾ സുപരിചിതമാകുന്നത് പുരാതനകാലം മുതലേയുള്ള നാവിക വാണിജ്യത്തിന്റെ ഫലമായിട്ടാണ്. പഴയ തുർക്കി സാമ്രാജ്യത്തിന്റെ ഭൂപരമായ വിസ്തൃതി കുറക്കാനും മുസ്ലിം ഭരണാധികാരികളുടെ അധീനതയിലുള്ള കടൽ വാണിജ്യപാതകളെ പിടിച്ചെടുക്കാനും സ്പെയിൻ, പോർചുഗീസ് മുതലായ പുത്തൻ സാമ്രാജ്യത്വ ശക്തികളും പിന്നാലെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും നിരന്തരമായി അട്ടിമറി യുദ്ധങ്ങൾ നടത്തിയിരുന്നു. ഇവർക്ക് ക്രിസ്ത്യൻ വേൾഡിന്റെ പിന്തുണയും ലഭിച്ചിരുന്നു. ഇത്തരം ചരിത്രവസ്തുതകളും യുദ്ധ സ്മരണകളും നിൽക്കെ തന്നെ കേരളത്തിലെ ജനങ്ങളുടെ പൊതു സാംസ്കാരികാവബോധത്തിലേക്ക് പേർഷ്യൻ നാടുകൾ അഥവാ അറബിനാടുകൾ കടന്നുവന്നത് 'ആയിരത്തിയൊന്നു രാവു'കളുടെ ഇംഗ്ലീഷ്/മലയാളം പരിഭാഷകളിലൂടെയാണെന്ന് പറയാം.
'ആയിരത്തിയൊന്നു രാവുകൾ' എന്ന പേർഷ്യൻ ഇതിഹാസകൃതി ഷഹറാസാദ് എന്ന പെൺകുട്ടിയുടെ ബുദ്ധിപൂർവമായ ഇടപെടലുകളിലൂടെ ഷഹരിയാർ എന്ന രാജാവിന്റെ സ്ത്രീ വിദ്വേഷത്തെ വഴിതിരിച്ചുവിടുന്നതും അതിലൂടെ സ്ത്രീകളുടെ ഒരു തലമുറയെ തന്നെ രക്ഷപ്പെടുത്തുന്നതുമാണ്. ഈ കേന്ദ്രപ്രമേയത്തിനൊപ്പം മധ്യകിഴക്കൻ നാടുകളിലെ ഭരണസംവിധാനങ്ങളെയും വാണിജ്യ-സാംസ്കാരിക വ്യവഹാരങ്ങളെപ്പറ്റിയും ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങളുടെ ജീവിതപരിസ്ഥിതിയെപ്പറ്റിയും അതിൽ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയിലെ പഞ്ചതന്ത്ര കഥകളിലും ഹാൻ ആൻഡേഴ്സിന്റെ യൂറോപ്യൻ ഫോക് ലോർ സമാഹരണത്തിലും ഈ പുസ്തകത്തിന്റെ സാംസ്കാരിക പകർച്ചകൾ കാണാവുന്നതാണ്. അതേവരെ, പാശ്ചാത്യർ നിർമിച്ച വാർപ്പുമാതൃകകളിലും അവരുടെ സങ്കൽപത്തിലുള്ള 'കാടത്തം' എന്ന വിശേഷണത്തിനും മേലുള്ള വലിയൊരു തിരുത്താണ് 'ആയിരത്തിയൊന്നു രാവുകളു'ടെ പരിഭാഷകൾമൂലം ഉണ്ടായതെന്ന് പറയാം. ഇന്നും ഈ പുസ്തകം ലോകമെമ്പാടും വായിക്കപ്പെടുകയും സിനിമകളിലും കാർട്ടൂണുകളിലും കമ്പ്യൂട്ടർ ഗ്രാഫിക്സുകളിലും പുനരാവർത്തനം ചെയ്യപ്പെടുന്നുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, പാശ്ചാത്യർ നിർമിച്ച അപരചിത്രീകരണങ്ങളിൽനിന്നും മാറിയ ഒരു കാഴ്ചപ്പാടിലൂടെ ഗൾഫിനെ തിരിച്ചറിയാൻ മലയാളികൾക്ക് മുമ്പേതന്നെ സാധിച്ചിട്ടുണ്ടെന്നതാണ്.
പ്രവാസികൾ പ്രാഥമികമായി പരിഭാഷപ്പെടുത്തുന്നത് ജന്മനാട്ടിലെ ആഘോഷങ്ങളും ചടങ്ങുകളുമാണ്. റമദാൻ, ക്രിസ്മസ് പോലുള്ള അവസരങ്ങളും ഓണം, വിഷു പോലുള്ള പ്രാദേശിക ഹൈന്ദവ ആഘോഷങ്ങളും സ്വാതന്ത്ര്യദിനം പോലുള്ളവയും പുനരാവർത്തിക്കപ്പെടുന്നു. സ്വന്തത്തിനൊപ്പം നാട്ടിലെ ഉറ്റവരുടെ ജന്മദിനങ്ങളും വിവാഹവാർഷികങ്ങളും വീടുകയറി താമസവും വാഹനം മേടിക്കലും തങ്ങളുടെ ചെറുകൂട്ടായ്മകളിലൂടെ പങ്കുവെക്കുകയും അവയെ പാരസ്പര്യത്തിനും സഹവർത്തിത്വത്തിനുമുള്ള അവസരമാക്കിയും മാറ്റുന്നു. സവിശേഷ സമയങ്ങളിലുള്ള ഇടപെടലുകൾ മാത്രമായി ചുരുക്കി ഇവയെ കാണേണ്ടതില്ല. ഇതൊരു ദൈനംദിന പ്രവൃത്തിയും കൂടിയാണ്. ഗൾഫ് പ്രവാസികൾ വിപുലമായി പങ്കെടുത്തതും നാട്ടിൽതന്നെ പ്രതിഫലനങ്ങൾ ഉണ്ടാക്കിയതുമായ ചില സാംസ്കാരിക ഇടപെടലുകളെപ്പറ്റി ഇവിടെ സൂചിപ്പിക്കാമെന്ന് കരുതുന്നു.
കേരളത്തിൽ 'കാസറ്റ് വിപ്ലവം' ഉണ്ടായത് 80കളിലാണ്. തുടക്കത്തിൽ ഓഡിയോ കാസറ്റുകളും തുടർന്ന്, വിഡിയോ കാസറ്റുകളും കുറഞ്ഞ വിലയിൽ മാർക്കറ്റിൽ ലഭ്യമായിത്തുടങ്ങി. ഇവയിലൂടെ മലയാളികളുടെ ഗൃഹാതുരത്വം തുളുമ്പിനിൽക്കുന്ന നിത്യഹരിത സിനിമാഗാനങ്ങൾ മുതൽ പാരഡിഗാനങ്ങൾ വരെയും ചലച്ചിത്രങ്ങളുടെ ശബ്ദരേഖകളും മതപ്രഭാഷണങ്ങളും മഅ്ദനിയെപ്പോലുള്ളവരുടെ രാഷ്ട്രീയ പ്രസംഗങ്ങളും ശബ്ദസാന്നിധ്യമായി മാറി. ഇവയുടെ വലിയൊരു ആസ്വാദക സമൂഹവും ഉപഭോഗവിപണിയും ഗൾഫ് പ്രവാസികളെ കേന്ദ്രീകരിച്ചു വളർന്നുവന്നു. മേൽപറഞ്ഞവയിൽ ഏറ്റവും ആകർഷണീയത ഉണ്ടായിരുന്നത് 'കത്ത് പാട്ടുകൾ' എന്നറിയപ്പെട്ട മാപ്പിളഗാനങ്ങൾക്കാണ്. ഈ പാട്ടുകൾ ഗൾഫ് പ്രവാസികളുടെ പ്രത്യേകിച്ചും അതിലെ മുസ്ലിം ജനവിഭാഗങ്ങളുടെ സാമുദായികതയെയും മതപരമായ നൈതികതയെയും ഉണർത്തുക മാത്രമല്ല, കേരളത്തിന്റെ പൊതുമണ്ഡലത്തിൽതന്നെ പ്രവാസികളുടെ കുടുംബപരവും അല്ലാത്തതുമായ നിരവധി ധർമസങ്കടങ്ങളെ വർത്തമാനകാല യാഥാർഥ്യമാക്കി പരിഭാഷപ്പെടുത്തുകയും ചെയ്തു.
മറ്റൊരു സാംസ്കാരിക സന്ദർഭം സ്റ്റേജ് ഷോകളുടെ വർധനയാണ്. കാസറ്റുകൾക്ക് ഉപരിയായി വിഡിയോ കാസറ്റുകൾ വിപുലമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സ്റ്റേജ് ഷോകൾക്ക് പ്രസക്തി വർധിച്ചത്.
''ആഗോളീകരണത്തിനുശേഷം ഗൾഫിലേക്കും മറ്റ് വിദേശ നാടുകളിലേക്കും കുടിയേറിയ പ്രവാസി സമൂഹങ്ങളുടെ സ്റ്റാറ്റസ് പഴയതിൽനിന്നും വ്യത്യസ്തമായിരുന്നു. മാറിയ സാഹചര്യത്തിന് അനുസരിച്ച് കണ്ടീഷൻ ചെയ്യപ്പെട്ടതായ പ്രഫഷനലുകളും പഴയ വീട്ടമ്മയുടെ സ്ഥാനത്തുനിന്നും മാറി പ്രഫഷനലോ അർധ പ്രഫഷനലോ ആയ സ്ത്രീകൾ, വിദേശത്തുതന്നെ പഠിച്ച് സ്ഥിരതാമസക്കാരുടെ ബോധം ഉൾക്കൊണ്ട കുട്ടികൾ മുതലായവർക്ക് നാട്ടിലെ പുരോഗമനമോ ഉദാത്ത സാഹിത്യമോ അത്ര വലിയ വിഷയമായിരുന്നില്ല. മറിച്ച് അയഞ്ഞതും ചടുലവും വർണങ്ങൾ വാരിവിതറിയുമുള്ള ആട്ടങ്ങളും പാട്ടുകളും നിറഞ്ഞ രണ്ട് മൂന്നു മണിക്കൂർ വിനോദത്തിന്റെയും പൊട്ടിച്ചിരിയുടെയും പരകോടിയിൽ എത്തിക്കുന്ന സ്റ്റേജ് ഷോകളിലായിരുന്നു അവർക്ക് കമ്പം. ടെലിവിഷൻ ചാനലുകളുടെ അകമ്പടിയും പുത്തൻ സാങ്കേതികവിദ്യയുമെല്ലാം സമന്വയിക്കപ്പെട്ട സ്റ്റേജ് ഷോകളിലെ ഏറ്റവും ആകർഷകമായ, കൊഴുപ്പുകൂടിയ വിഭവമായി മിമിക്രി മാറി.''
കേരളത്തിലെ പരമ്പരാഗതവും ഒരു പരിധിവരെ പുരോഗമനപരവുമെന്ന് വിളിക്കപ്പെട്ടിരുന്നതുമായ സാംസ്കാരിക മൂല്യമണ്ഡലങ്ങളെയും സിനിമ കാണൽപോലുള്ള ആസ്വാദക മനോഭാവത്തെയും അവയുടെ വിപണിയെയും ദൂരവ്യാപകമായി പൊളിച്ചെഴുതുന്നതിന് ഇത്തരം മാറ്റങ്ങൾ കാരണമായി. ഓഡിയോ-വിഡിയോ സാങ്കേതികതക്ക് അന്തർദേശീയതലത്തിൽ പ്രവാസവുമായും കീഴാള സാംസ്കാരികതയുടെ ദേശാന്തരീയ പ്രയാണവുമായുള്ള ബന്ധത്തെപ്പറ്റി പോൾഗിൽ റോയി വിശദീകരിച്ചിട്ടുണ്ട്.
ഏഷ്യയിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയും വിദ്യാഭ്യാസം കുറഞ്ഞവരും ശരീരാധ്വാനം കൂടിയ ജോലികൾ ചെയ്യുന്നവരുമായ പുതുതലമുറ പ്രവാസികളിലൂടെയാണ് ഇത്തരം മാറ്റങ്ങൾക്ക് സാർവത്രിക പ്രസക്തിയുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രവാസവും രാഷ്ട്രീയ അഭയാർഥിത്വവും
മലയാളികളുടെ ഗൾഫ് പ്രവാസത്തിന്റെ പ്രതിഫലനങ്ങൾ കേരളത്തിൽ ഉത്തരാധുനികമായൊരു സമൂഹ രൂപവത്കരണത്തിന് ആക്കം കൂട്ടിയിരുന്നതായി മുമ്പേ സൂചിപ്പിച്ചിരുന്നല്ലോ. അതനുസരിച്ച് ഇവിടത്തെ കെട്ടിടനിർമാണ ശൈലിയിലും വീടുകളിലെ സ്വീകരണമുറികളും അടുക്കളകളും പുനഃക്രമീകരിക്കുന്നതിനും യാത്രാവാഹനങ്ങളുടെ തിരഞ്ഞെടുപ്പിലും പുതു വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വ്യാപനത്തിലും അന്തർദേശീയ ഫാഷനുകളുടെ പ്രചാരണത്തിലും കോസ്മെറ്റിക്സുകളുടെ ഉപയോഗത്തിലും വലിയ തോതിലുള്ള മാറ്റങ്ങൾ ഉണ്ടായി. ഇവയെപ്പറ്റി അക്കാദമിക് തലത്തിലും അല്ലാതെയുമുള്ള നിരവധി പഠനങ്ങൾ നടക്കുന്നുണ്ട്.
പ്രവാസത്തിന്റെ മറ്റൊരുവശം രാഷ്ട്രീയ അഭയാർഥിത്വം അല്ലെങ്കിൽ പൊളിറ്റിക്കൽ എക്സൈൽ എന്ന കാര്യമാണ്. 18ാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങൾ മുതൽ ഇംഗ്ലണ്ടിലെ ലണ്ടൻ നഗരം വിവിധ യൂറോപ്യൻ നാടുകളിലെ സോഷ്യലിസ്റ്റ് വിപ്ലവകാരികൾ അടക്കമുള്ള രാഷ്ട്രീയ അഭയാർഥികളുടെ കേന്ദ്രമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യൻ ഇതര നാടുകളിലെ ദേശീയ വിമോചന പോരാളികൾക്ക് അധിവസിക്കാനും അവരുടെ പ്രചാരണ പരിപാടികൾ നടക്കാനും ഈ നഗരത്തിൽ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇതേ കാലയളവിൽ ഫ്രാൻസിലെ പാരിസ് നഗരവും വിവിധ രാജ്യങ്ങളിലെ സാംസ്കാരിക അഭയാർഥികൾക്കും അരാജകവാദികൾക്കും ഇടം അനുവദിച്ചിരുന്നു. പ്രവാസികളോ കുടിയേറ്റക്കാരോ ആയ ഇത്തരം Exile കളിലൂടെയും കൂടിയാണ് കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിൽ ലോകത്ത് ഉണ്ടായ പല പുതു രാഷ്ട്രീയ ചിന്തകളും സാംസ്കാരിക ഉണർവുകളും ഉരുത്തിരിഞ്ഞത്.
എന്നാൽ, ഗൾഫ് നാടുകൾ പൊതുവേ ഇത്തരത്തിലുള്ള രാഷ്ട്രീയ–സാംസ്കാരിക അഭയാർഥിത്വങ്ങളെ േപ്രാത്സാഹിപ്പിക്കാറില്ല. അവിടത്തെ സർക്കാർ സംവിധാനങ്ങൾ കർശനമായ ഉപാധികൾ വെച്ചുകൊണ്ട് ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കുകയാണ് പതിവ്. അതിനാൽതന്നെ മലയാളികളുടെ ഗൾഫ് പ്രവാസത്തിൽനിന്നും വേറിട്ടതരത്തിലുള്ള രാഷ്ട്രീയപാഠങ്ങളോ സൂക്ഷ്മതലത്തിലുള്ള ചിന്താ പദ്ധതികളോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്.
ഈ അവസ്ഥകൾ കേരളത്തിൽനിന്നുള്ള പ്രവാസികളിൽ കൂടുതലും ഉൾപ്പെടുന്നത് വിവിധ സാംസ്കാരിക സംഘടനകളിലും ക്ഷേമസമിതികളിലുമാണ്. ഇവയാകട്ടെ നാട്ടിലെ രാഷ്ട്രീയ ചലനങ്ങളെയും സാംസ്കാരിക പ്രവർത്തനങ്ങളെയും തന്നെ അനുകരിക്കുകയും പറിച്ചുനടുകയുമാണ് ചെയ്യുന്നത്.
അബൂദബി കേന്ദ്രമായി വർഷങ്ങളായി 'ശക്തി' എന്ന സാംസ്കാരിക സംഘടന പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ മുഖ്യധാര എഴുത്തുകാർക്ക് അവാർഡുകൾ നൽകുകയും അവരുടെ പ്രഭാഷണങ്ങളും സാംസ്കാരിക പരിപാടികളും നടത്തുന്ന ഈ സംഘടന ഏറക്കുറെ ഇടതുപക്ഷ ആഭിമുഖ്യമുള്ള വ്യക്തികളുടെ മുൻകൈയിലാണ് നിലകൊള്ളുന്നത്. മറ്റിതര പുരോഗമന പ്രസ്ഥാനങ്ങളുടെയും ന്യൂനപക്ഷ–മുസ്ലിം സംഘടനകളുടെയും ആഭിമുഖ്യത്തിലുള്ള പ്രവാസി സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം തങ്ങളുടെ രാഷ്ട്രീയം തുറന്നു ചർച്ചചെയ്യുന്നതിലുപരി ഗൾഫ് നാടുകളിലെ നിയന്ത്രിത സംവിധാനങ്ങൾക്ക് അനുസരണമായിട്ടാണ് പ്രവർത്തിക്കുന്നത്. പ്രവാസികളുടെ മുൻകൈയിൽ വിവിധ റേഡിയോ നിലയങ്ങളും 'മാധ്യമം'പോലുള്ള പത്രത്തിന്റെ സാന്നിധ്യവും വിപുലമായിട്ടുണ്ട്.
വർഷംതോറും നടക്കുന്ന ഗൾഫ് എക്സ്പോയും ദുബൈ ഫെസ്റ്റിവലും കേരളത്തിൽനിന്നും വലിയതോതിലുള്ള സന്ദർശകരെ ആകർഷിക്കുന്ന പരിപാടികളാണ്. ഷാർജ ബുക്ക് ഫെസ്റ്റിവലിലും ചുരുക്കം ചില ഫിലിം ഫെസ്റ്റിവലുകളിലും പ്രവാസികൾ വലിയതോതിൽ പങ്കെടുക്കുന്നുണ്ട്. ഷാർജ ബുക്ക് ഫെസ്റ്റിവലിൽ ഒട്ടേറെ മലയാള പുസ്തകങ്ങൾ വർഷംതോറും പ്രകാശിപ്പിക്കപ്പെടാറുണ്ട്. ഇവയിൽ മിക്കവയും പ്രവാസികളുടെ അനുഭവക്കുറിപ്പുകളോ ചെറുകഥകളോ നോവലുകളോ ആണെന്ന് കാണാം. പ്രവാസികൾ ഉൾപ്പെടുന്ന മറ്റൊരു മേഖല വിപുലമായ വിധത്തിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന സംഘടനകളാണ്. കോവിഡ് കാലത്ത് ഇത്തരം സംഘടനകൾ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു.
സന്ദർശനവും യാത്രികതയും
ദേശാന്തരീയതയുടെ ഭാഗമായി കുറെ വർഷങ്ങളായി കാണുന്ന ഒരു കാര്യം, കേരളത്തിലും ഇന്ത്യക്കകത്തും മാത്രമല്ല, വിദേശങ്ങളിലേക്കുള്ള ടൂർ പാക്കേജുകളാണ്. തുടക്കത്തിൽ പിൽഗ്രിം ടൂറിസം അല്ലെങ്കിൽ പ്രധാനപ്പെട്ട ആരാധനാലയങ്ങളിലേക്കോ തീർഥാടന കേന്ദ്രങ്ങളിലേക്കോ ഉള്ള ചെറിയ കാലയളവിലുള്ള സന്ദർശന യാത്രകളായിരുന്നു അവ. ഇപ്പോൾ ലോകത്തിന്റെ നാനാവശത്തേക്കുമുള്ള വിപുലമായ സഞ്ചാരങ്ങളായി അവ മാറിയിട്ടുണ്ട്. കുറച്ചുപണം ചെലവാക്കിയാൽ വിദേശ സഞ്ചാരത്തിനുള്ള വിസയും മറ്റ് ഏർപ്പാടുകളും താമസസൗകര്യവും സന്ദർശിക്കേണ്ട സ്ഥലങ്ങളും ടൂറിസ്റ്റ് ഏജൻസികൾ ചിട്ടപ്പെടുത്തി തരും എന്നതാണ് ഇതിന്റെ മെച്ചം. കേരളത്തിൽനിന്ന് ആയിരക്കണക്കിനുപേരാണ് ഇപ്രകാരം വിവിധ രാജ്യങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഗൾഫിലേക്കുള്ള മലയാളികളുടെ പ്രധാനപ്പെട്ട സഞ്ചാരം ഹജ്ജ് തീർഥാടനമാണ്. നൂറ്റാണ്ടുകൾക്കുമുമ്പേ അതീവ സാഹസികമായും അത്യന്തം വ്രതനിഷ്ഠയോടെയും കേരളത്തിലെ മുസ്ലിംകൾ ഹജ്ജ് തീർഥാടനം ആരംഭിച്ചിരിക്കുന്നു. ഹജ്ജ് യാത്ര ഒഴിവാക്കിയാൽ ഇപ്പോൾ ഗൾഫ് സന്ദർശിക്കുന്നവർ കൂടുതലും അവിടെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനും ദുബൈ ഫെസ്റ്റിവൽപോലുള്ള വാണിജ്യമേളകളിൽ പങ്കെടുക്കാനുമാണ് പോകുന്നത്. ഈ അടുത്തകാലത്താണ് ഗൾഫിലെ പല രാജ്യങ്ങളും തങ്ങളുടെ നാടുകളിൽ ടൂറിസത്തിനുള്ള സാധ്യതകൾ തിരിച്ചറിഞ്ഞ് സന്ദർശകരെ ആകർഷിക്കാനുള്ള ക്രമീകരണങ്ങൾ നടത്താൻ തുടങ്ങിയിട്ടുള്ളത്.
എന്നാൽ, ടൂർ അനുഭവവും യാത്രാനുഭവവും വേറിട്ട കാര്യങ്ങളാണ്. ടൂർ എന്നത് ആധുനിക ടൂറിസ്റ്റ് വ്യവസായവും ആൾക്കാരുടെ സൗകര്യങ്ങളുമായി കണ്ണിചേർന്ന് ചിട്ടപ്പെടുത്തുന്ന സന്ദർശനങ്ങളുമാണ്. യാത്രികത മറ്റൊരു അനുഭവതലമാണ്. അത് ഏറക്കുറെ വ്യക്തിനിഷ്ഠവും കുറെയൊക്കെ ഭാവനാപരവുമാണ്.
എന്നെ സംബന്ധിച്ച്, ഞാനൊരു യാത്രികൻ അല്ലെങ്കിലും അതിനെപ്പറ്റി ചില സങ്കൽപങ്ങൾ ഉള്ളയാളാണെന്ന് വിശ്വസിക്കുന്നുണ്ട്. അതിനാൽ തന്നെ ടൂർ പാക്കേജുകൾ ഉപയോഗപ്പെടുത്തി യാത്രകൾ നടത്തണമെന്ന ആഗ്രഹം ഉണ്ടായിട്ടില്ല. തെക്കു കിഴക്ക് ഏഷ്യയിലെ ചുരുക്കം ചില രാജ്യങ്ങളിലും ഗൾഫിലും ചില യൂറോപ്യൻ നാടുകളിലും മാത്രമേ ഞാൻ പോയിട്ടുള്ളൂ. കോവിഡിന്റെ അടച്ചുപൂട്ടൽമൂലം ഉദ്ദേശിച്ചിരുന്ന ചില യാത്രകൾ അലസിപ്പോയിട്ടുണ്ട്.
യാത്ര ജീവിതംതന്നെയായ ഒട്ടേറെ പേർ കേരളത്തിലുണ്ട്. രാജൻ കാക്കനാടനെ പോലുള്ളവർ ഇന്ത്യക്കകത്ത് നടത്തിയിട്ടുള്ള യാത്രകളെപ്പറ്റിയുള്ള അനുഭവ വിവരണങ്ങൾ പ്രശസ്തമാണ്. എസ്.കെ. പൊറ്റെക്കാട്ടിന്റെ സഞ്ചാരകൃതികൾ ചെറുപ്പത്തിൽ വായിച്ചിട്ടുണ്ട്. ട്രാവൽ റൈറ്റിങ്ങിനെപ്പറ്റി പീറ്റർ ഹ്യൂം എഡിറ്റുചെയ്തിട്ടുള്ള സൈദ്ധാന്തിക പഠനങ്ങൾ ആവേശത്തോടെയാണ് വായിച്ചിട്ടുള്ളത്. എങ്കിലും യാത്രയും ടൂറിസ്റ്റ് അനുഭവവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ഏറെ സഹായകരമായിട്ടുള്ളത് കെ. രവീന്ദ്രന്റെ (ചിന്ത രവി) യാത്രാവിവരണങ്ങളാണ്. ഹൈസ്കൂൾ പഠനകാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടു വായിച്ച കൃതികളാണവ. അദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങളും സമയങ്ങളും ഒരുപാട് മാറിപ്പോയിട്ടുണ്ടെങ്കിലും ഇന്നും ആ രചനകളിലെ സർഗാത്മകതയും വേറിട്ട നിരീക്ഷണങ്ങളും മലയാളികളായ യാത്രികർക്ക് ആഹ്ലാദം നൽകുന്നവയാണ്.
ഈ രചനകൾക്കൊപ്പം എനിക്ക് യാത്രയെപ്പറ്റി മറ്റൊരു ചിന്ത ഉണ്ടാക്കിത്തന്നത് കാഞ്ച ഐലയ്യ നടത്തിയ അമേരിക്കൻ സന്ദർശനത്തെ പറ്റി അദ്ദേഹം എഴുതിയ ചെറിയൊരു ലേഖനമാണ്. അതിൽ അദ്ദേഹം പറയുന്നത്, നാട്ടിൽ രാജവീഥികളിലൂടെ മാത്രം സഞ്ചരിക്കന്ന ഒരാൾ വിദേശത്തു പോയാലും രാജവീഥികളിലൂടെ തന്നെയാവും സഞ്ചരിക്കുക. നാട്ടിൽ ഇടവഴികളിലൂടെ സഞ്ചരിക്കുന്ന ഒരാൾ മറുനാട്ടിൽ ചെന്നാലും ഇടവഴികളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കും. സാഹിത്യത്തിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ഓരങ്ങളിലൂടെയും ഇടവഴികളിലൂടെയും സഞ്ചരിക്കാൻ ശ്രമിച്ചിട്ടുള്ളയാളാണ് ഞാൻ എന്ന് സ്വയം കരുതുന്നുണ്ട്. അതിനാൽതന്നെ അനിശ്ചിതത്വം നിറഞ്ഞതും അപകടം പിടിച്ചതും വിഡ്ഢിത്തം പേറുന്നതും പലപ്പോഴും വഴിതെറ്റിപ്പോകുന്നതുമായ യാത്രികതയാണ് എനിക്ക് സ്വീകാര്യമായി തോന്നിയിട്ടുള്ളത്.
എന്റെ ഗൾഫ് യാത്രകൾ മേൽപറഞ്ഞ തരത്തിൽ അനിശ്ചിതത്വം പേറുന്ന സ്വകാര്യ സഞ്ചാരങ്ങളായിരുന്നില്ല. അഞ്ചുവർഷം മുമ്പ് രണ്ട് പ്രാവശ്യമാണ് ഞാൻ ഗൾഫിൽ പോയിട്ടുള്ളത്. ആദ്യത്തെ യാത്ര, അംബേദ്കർ ഇന്നവേറ്റിവ് മൂവ്മെന്റ് എന്ന സംഘടനയുടെ ക്ഷണപ്രകാരം ഡോ. അംബേദ്കർ അനുസ്മരണ പ്രഭാഷണം നടത്താനായിട്ടാണ് പോയത്. രണ്ടാമത്തെ യാത്ര യൂത്ത് ഇന്ത്യ എന്ന സംഘടനക്കുവേണ്ടി ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാനായിരുന്നു.
ഗൾഫിലേക്കുള്ള ആദ്യ വിമാനയാത്രതന്നെ മലയാളികൾക്ക് ഒരു തരത്തിലുള്ള അപരിചിതത്വവും ഉണ്ടാക്കുന്നതല്ലെന്നാണ് തോന്നിയത്. നാട്ടിലെ ഒരു െട്രയിൻ കമ്പാർട്മെന്റിലോ ട്രാൻസ്പോർട്ട് ബസിലോ ആണെന്നു തോന്നിക്കുന്ന മട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം മുഴുവൻ യാത്രക്കാരും നാട്ടുകാർ. വിമാനം പുറപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോൾ മിക്കവരും വീടുകളിൽനിന്നും കൊണ്ടുവന്നിട്ടുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങി. ഗൾഫ് യാത്രകളിൽ അല്ലാതെ മറ്റിതര രാജ്യങ്ങളിലേക്ക് പോകുന്ന വിമാനങ്ങളിൽ ഇത്രയധികം പേർ വീട്ടിൽനിന്നും ഭക്ഷണപ്പൊതികളുമായി വരാറില്ലെന്നാണ് തോന്നുന്നത്. ഈ അപരിചിതത്വം ഇല്ലായ്മ ദുബൈ, ഷാർജ വിമാനത്താവളങ്ങളിലും അനുഭവപ്പെടും.
എ.ഐ.എമ്മിന്റെ പരിപാടിയുടെ ഭാഗമായി ഗൾഫിൽ തങ്ങിയ എല്ലാ ദിവസങ്ങളും വൈകുന്നേരങ്ങളിൽ വിവിധ മലയാളി സംഘടനകൾ ഏർപ്പെടുത്തിയ സമ്മേളനങ്ങളിൽ പ്രസംഗിക്കാൻ പോയിരുന്നു. ഇതേ ദിവസങ്ങളിൽ പകൽസമയത്ത് ഗൾഫിലെ മരുപ്രദേശങ്ങളും ഉൾനാടുകളും കാണണമെന്ന ആഗ്രഹപ്രകാരം എ.ഐ.എമ്മിലെ സഹോദരങ്ങൾ എന്നെ ഷാർജയിൽനിന്നും സാധ്യമായ എല്ലാ എമിറേറ്റുകളിലേക്കും കാറിൽ കൊണ്ടുപോയിരുന്നു.
മരുപ്രദേശങ്ങളും ഗൾഫിലെ ഉൾനാടുകളും കാണുക എന്നത് വല്ലാത്ത ഒരു അനുഭവംതന്നെയാണ്. ഞാൻ ആലോചിച്ച ഒരു കാര്യം, തീരപ്രദേശങ്ങളിലേക്കോ പർവതപ്രദേശങ്ങളിലേക്കോ ആണ് മിക്കവരും സഞ്ചരിക്കാറുള്ളത്. മരുഭൂമികൾ സഞ്ചരിക്കേണ്ട സ്ഥലങ്ങളായി വളരെ കുറച്ചുപേർ മാത്രമേ കണക്കാക്കാറുള്ളൂ. എന്നാൽ, പ്രകൃതിയുടെ വ്യത്യസ്തമായൊരു ദൃശ്യവിതാനം എന്ന നിലയിൽ മരുഭൂമികളിലൂടെയും കൂടുതൽ പേർ സഞ്ചരിക്കേണ്ടിയിരിക്കുന്നു. സാഹിത്യത്തിലൂടെയും യാത്രാവിവരണങ്ങളിലൂടെയും വായിച്ചിട്ടുള്ള മരുഭൂമികളും അവിടത്തെ ആവാസവ്യവസ്ഥകളും ഈന്തപ്പനകളും സസ്യജാലങ്ങളും കണ്ടപ്പോൾ മുമ്പ് കണ്ടിട്ടുള്ള പല ഹോളിവുഡ് സിനിമകളും ആഫ്രിക്കൻ സിനിമകളും ഓർമയിലേക്ക് എത്തുകയുണ്ടായി.
മരുഭൂമിയിലൂടെയുള്ള യാത്രയുടെ തീവ്രതയെപ്പറ്റി ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു വിവരണം വായിച്ചിട്ടുള്ളത് 'ആയിരത്തിയൊന്നു രാവുകൾ' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത സർ റിച്ചാർഡ് ബർട്ടന്റെ യാത്രകളാണ്. 29 പൗരസ്ത്യ ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന അദ്ദേഹം കഠിനമായ കാലാവസ്ഥയും സാംക്രമിക രോഗങ്ങളെയും അതിജീവിച്ചുകൊണ്ട് 40 നാളുകൾ ഒട്ടകപ്പുറത്ത് സഞ്ചരിച്ചതിനുശേഷമാണ് 'ആയിരത്തിയൊന്നു രാവുകളു'ടെ മൂലകൃതി കണ്ടെത്തുന്നത്.
രണ്ടാമത്തെ പ്രാവശ്യം പോയപ്പോൾ ഞാൻ ബോധപൂർവം പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു. ഇതിനുകാരണം ദുബൈ നഗരം കാണണമെന്ന ആഗ്രഹമാണ്. ഗൾഫിലുള്ള പ്രിയസുഹൃത്ത് മെഹർബാൻ മുഹമ്മദ് അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരുകയും ഒപ്പം വരുകയും ചെയ്തു.
ഏഷ്യയിലെ എന്നല്ല ലോകത്തിലെതന്നെ പ്രധാനപ്പെട്ട പല വൻനഗരങ്ങളും ഉള്ളത് ചൈനയിലും ജപ്പാനിലും ഇന്ത്യയിലുമാണ്. എങ്കിലും ഇവയിൽതന്നെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക തലസ്ഥാനം ദുബൈ ആണെന്നു പറയാം. എണ്ണയുൽപാദനവുമായി ബന്ധപ്പെട്ട് വികസിച്ച മൂലധന കേന്ദ്രീകരണത്തോടൊപ്പം ആഗോളീകരണ പശ്ചാത്തലത്തിലെ കരാർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക ബന്ധങ്ങൾ സ്വീകരിച്ചതും അതനുസരിച്ചുള്ള ബാഹ്യതല വികാസവും സാങ്കേതികവിദ്യയും നടപ്പാക്കിയതുമൂലവുമാണ് ചുരുങ്ങിയ കാലയളവിൽ ദുബൈ വലിയൊരു സാമ്പത്തിക തലസ്ഥാനമായതെന്നു വിചാരിക്കുന്നു.
തീർച്ചയായും ദുബൈ നഗരം നൂറുശതമാനവും കോസ്മോപൊളിറ്റനാണ്. എല്ലാ ദേശീയതകളും ഇവിടെ ഇടകലർന്നിട്ടുണ്ട്. ഏഷ്യക്കാർ, ലാറ്റിനമേരിക്കക്കാർ, യൂറോപ്യർ, ആഫ്രിക്കക്കാർ മുതലായ വിവിധ ഭൂഖണ്ഡങ്ങളിലെ ജനസഞ്ചയത്തെ വിപുലമായി ഉൾക്കൊള്ളുന്നതും അവരുടെ വേഷങ്ങളും ഭാഷകളും ഭക്ഷണശീലങ്ങളും ഒരു തടസ്സവും സങ്കോചവുമില്ലാതെ വിനിയോഗിക്കുന്നതുമായ മറ്റൊരു നഗരം ഞാൻ കണ്ടിട്ടില്ല. എല്ലാറ്റിനും ഉപരി യൂറോപ്പിലും അമേരിക്കയിലും ഉണ്ടാവാറുള്ളതുപോലുള്ള വംശീയ അക്രമങ്ങൾ ഇവിടെനിന്നും റിപ്പോർട്ട് ചെയ്തതായി അറിവില്ല. ഇന്ത്യയിലെ പോലെ സ്ത്രീകളുടെ വ്യത്യസ്തമായ വസ്ത്രധാരണത്തെപ്പറ്റിയുള്ള ഭയപ്പാടും ആശങ്കകളും ഇല്ലെന്നുപറയാം.
ദുബൈ നഗരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാഴ്ച ബുർജ് ഖലീഫയാണെന്ന് എല്ലാവർക്കും അറിയാം. ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടനിർമിതിയാണിത്. പ്രാചീനകാലത്തെ മനുഷ്യനിർമിത മഹാത്ഭുതങ്ങൾ പിരമിഡുകളും ചൈനീസ് വൻമതിലും കംബോഡിയയിലെ അങ്കോർബാത്തും മറ്റുമായിരുന്നല്ലോ. എന്നാൽ, ആധുനികോത്തര കാലത്തെ മഹാത്ഭുതങ്ങളിൽ ഒന്നാണ് ഈ നിർമിതിയെന്നത് നിസ്സംശയമാണ്. ആയിരക്കണക്കിന് പേരാണ് ബുർജ് ഖലീഫ കാണാൻ ദിവസവും ഒഴുകിയെത്തുന്നത്.
മാളുകളുടെ നഗരം എന്നും ദുബൈയെ വിശേഷിപ്പിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യമാളാണ് ദുബൈ മാൾ. ഇതേവരെ കണ്ടുകിട്ടിയതിൽവെച്ച് ഏറ്റവും വലുതും പൂർണവുമായ ദിനോസറിന്റെ അസ്ഥികൂടം ഈ മാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സ്രാവുകൾ അടക്കമുള്ള വമ്പൻ മീനുകളുള്ള വലിയൊരു അക്വേറിയവും മഞ്ഞുകട്ടകളിലൂടെ സ്കീയിങ് നടത്താനുള്ള സൗകര്യവും ഇതിലുണ്ട്. ഈ മാളിന്റെ ഒരുഭാഗത്തെ പ്രവേശനകവാടവും പടികളും ഡിസൈൻ ചെയ്തത് പ്രശസ്ത ഫാഷൻ ഡിസൈനറായ അർമേനിയാണ്. ഈ കൂറ്റൻ കെട്ടിടത്തിന്റെ മുന്നിലുള്ള വിശ്രമസ്ഥലത്ത് ഇരുന്നാൽ ദുബൈ നഗരത്തിലെ ജനസഞ്ചയത്തിന്റെ പലമ ശരിക്കും ബോധ്യപ്പെടും.
ആകർഷണീയമായി തോന്നിയ മറ്റൊരു ഇടമാണ് ചൈനീസ് നിർമിത വസ്തുക്കൾ പ്രദർശിപ്പിക്കുന്നതും വിൽക്കുന്നതുമായ സ്ഥലം. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ഉൾക്കൊള്ളുന്ന എല്ലാതരം ഉപകരണങ്ങളും അലങ്കാരവസ്തുക്കളും നിർമിക്കുന്നതിൽ ചൈനക്കാർക്കുള്ള വിരുത് കാണേണ്ടതുതന്നെയാണ്. പരമ്പരാഗതമായ കരകൗശല വിദ്യക്കൊപ്പം ആധുനിക സാങ്കേതിക വിദ്യയെയും ഒരുമിച്ചുചേർത്തുള്ള നിർമിതികൾമൂലമാണ് ചൈനക്ക് വിസ്മയങ്ങൾ ഉണ്ടാക്കാൻ കഴിയുന്നത്. അറേബ്യൻ സഞ്ചാരിയായ ഇബ്ൻബത്തൂത്തയുടെ പേരിലുള്ള വിശാലമായ മാളുകളുടെ മറ്റൊരു സമുച്ചയവും കാണുകയുണ്ടായി. വിവിധരാജ്യങ്ങളെ പ്രതിനിധാനംചെയ്യുന്ന സോണുകളായിട്ടാണ് ഈ സ്ഥലം സജ്ജീകരിച്ചിട്ടുള്ളത്.
അറബിനാടുകളിൽ പഴയകാലത്ത് ഗോത്രജീവിതം നയിച്ചിരുന്ന ജനവിഭാഗങ്ങളുടെ ദൈനംദിന ജീവിതത്തെ മാത്രമല്ല, അവരുടെ പുതുതലമുറകൾക്ക് ഗൾഫ് രാജ്യങ്ങൾ കൊടുക്കുന്ന സവിശേഷ പരിഗണനയും വ്യക്തമാകുന്നതാണ് അൽഷിന്ദഗ മ്യൂസിയം സന്ദർശനം.
ദുബൈ നഗരത്തിൽ വളരെ കൗതുകം തോന്നിയത് അവിടത്തെ പെറ്റ് ഷോപ്പുകളുള്ള സ്ഥലമാണ്. ഗൾഫ് രാജ്യങ്ങളിലെ തദ്ദേശീയർക്ക് വളർത്തുമൃഗങ്ങളോടും പക്ഷികളോടുമുള്ള സ്നേഹം പ്രശസ്തമാണ്. നഗരത്തിൽ കാറുകളിൽ സഞ്ചരിക്കുന്ന പല പൗരരും കടുവകളെയും മറ്റും കൊണ്ടുനടക്കുന്നത് സാധാരണ കാഴ്ചയാണ്. ഇവിടത്തെ പെറ്റ് കടകളിൽ ഒട്ടകപ്പക്ഷികൾ മുതൽ അനേകം തരത്തിലുള്ള പക്ഷികളും അവയുടെ മുട്ടകളും പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധതരം പാമ്പുകളെയും കാണാം. ഒട്ടകം മുതൽ മുന്തിയ ഇനം കുതിരകളും ആഫ്രിക്കയിൽനിന്നും ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിൽനിന്നും ഇറക്കുമതി ചെയ്ത വിവിധതരം മൃഗങ്ങളുമുണ്ട്. ഒരു മൃഗശാല കാണുന്നതിനുപരിയായ മറ്റെന്തോ അനുഭവമാണ് ഇവിടെ സന്ദർശിച്ചപ്പോൾ തോന്നിയത്.
ദുബൈ നഗരത്തിൽ പല ഏഷ്യൻ രാജ്യങ്ങളെപ്പോലെയും സജീവമായ രാത്രിജീവിതമാണുള്ളത്. ഇത്തരത്തിലുള്ള എല്ലാ വൈവിധ്യങ്ങളും കൂടിച്ചേരുന്നതും അവക്ക് സ്വതന്ത്രമായി നിൽക്കാൻ കഴിയുന്നതും ആകുമ്പോഴാണല്ലോ ഒരു നഗരത്തെ കോസ്മോപൊളിറ്റൻ എന്ന് വിളിക്കാവുന്നത്.
സൂചനകൾ
1. വിവർത്തനവും ഡയസ്പോറ ജീവിതവും –ഡോ. കെ. കെ. ശിവദാസ് (എഴുത്ത് മാസിക, ഫെബ്രുവരി 2017).
2. അപരചിന്തനം –കെ.കെ. ബാബുരാജ് (ഡി.സി ബുക്സ് 2021).
3. Nation and Narration - Homi K. Bhabha (Routledge 1990).
4. Could You Be Loved? Bob Marley, anti-politics and universal suffernation - Paul Gilroy (Critical Quaterly. Vol. 47).
5. The Cambridge Companion to Travel writing, Peter Hulme (Cambridge University Press - Nov. 2002).