''മരണംവരെ വിപ്ലവപാതയിൽ തന്നെ''
കോഴിക്കോട്ട് നടന്ന പാർട്ടി കോൺഗ്രസിൽവെച്ച് ജനറൽ സെക്രട്ടറി പദം ആരോഗ്യകാരണങ്ങളാൽ ഒഴിഞ്ഞ സി.പി.െഎ എം.എൽ റെഡ്സ്റ്റാർ നേതാവ് കെ.എൻ. രാമചന്ദ്രൻ തന്റെ രാഷ്ട്രീയ വഴികളെയും നിലപാടുകളെയും ജീവിതത്തെയും കുറിച്ച് പറയുന്ന ആത്മഭാഷണത്തിന്റെ രണ്ടാം ഭാഗം. ലക്കം 1287ൽ ആദ്യഭാഗം പ്രസിദ്ധീകരിച്ചിരുന്നു.
കെ. വേണു ജയിലിൽനിന്ന് പുറത്തുവന്നപ്പോൾതന്നെ ബുദ്ധിജീവികളുമായി ബന്ധപ്പെട്ടിരുന്നു. അതുവഴി ചില ബന്ധങ്ങൾ ഉറപ്പിച്ചു. അങ്ങനെയാണ് വേണു 'യെനാൻ' മാസിക തുടങ്ങിയത്. വടകര മടപ്പള്ളി കോളജിലെ വി.സി. ശ്രീജന്റെ (പിൽക്കാലത്തെ ഉത്തരാധുനിക സാഹിത്യവിമർശകൻ) മുൻകൈയിൽ ഒരു ലക്കം ഇറങ്ങി. യഥാർഥത്തിൽ പരസ്യപ്രവർത്തനത്തിന്റെ സാധ്യത ഇല്ലാതാക്കുകയാണ് വേണു ചെയ്തത്. ആ ഘട്ടത്തിൽ 'കോേമ്രഡ്' മാസിക പരസ്യപ്രവർത്തനത്തിനുള്ള വഴിയൊരുക്കിയിരുന്നു....
Your Subscription Supports Independent Journalism
View Plansകെ. വേണു ജയിലിൽനിന്ന് പുറത്തുവന്നപ്പോൾതന്നെ ബുദ്ധിജീവികളുമായി ബന്ധപ്പെട്ടിരുന്നു. അതുവഴി ചില ബന്ധങ്ങൾ ഉറപ്പിച്ചു. അങ്ങനെയാണ് വേണു 'യെനാൻ' മാസിക തുടങ്ങിയത്. വടകര മടപ്പള്ളി കോളജിലെ വി.സി. ശ്രീജന്റെ (പിൽക്കാലത്തെ ഉത്തരാധുനിക സാഹിത്യവിമർശകൻ) മുൻകൈയിൽ ഒരു ലക്കം ഇറങ്ങി. യഥാർഥത്തിൽ പരസ്യപ്രവർത്തനത്തിന്റെ സാധ്യത ഇല്ലാതാക്കുകയാണ് വേണു ചെയ്തത്. ആ ഘട്ടത്തിൽ 'കോേമ്രഡ്' മാസിക പരസ്യപ്രവർത്തനത്തിനുള്ള വഴിയൊരുക്കിയിരുന്നു. ഗ്രാമപ്രദേശങ്ങളിൽ നൂറോളം ഗ്രൂപ്പുകൾ അന്ന് രൂപംകൊണ്ടിരുന്നു. അവരെല്ലാം രാഷ്ട്രീയ ചർച്ച നടത്തിയിരുന്നു. ഇക്കാലത്ത് വയനാട്ടിലെ അധ്യാപകർ ചേർന്ന് വയനാട് സാംസ്കാരികവേദിക്ക് രൂപം നൽകി. അവർ നാടകം അവതരിപ്പിക്കാൻ പദ്ധതിയിട്ടു. സിവിക് ചന്ദ്രനും കുറെയേറെപ്പേരും അതിൽ പങ്കാളികളാവുന്നുണ്ട്. ഇക്കാലത്ത് കവി ശ്രീ ശ്രീയെ ആന്ധ്രാപ്രദേശിൽനിന്ന് തിരുവനന്തപുരത്ത് കൊണ്ടുവന്ന് വലിയ സമ്മേളനം സ്റ്റുഡന്റ്സ് സെന്ററിൽ നടത്തിയിരുന്നു. ആ സമ്മേളനത്തിൽ കോസല രാമദാസും ഗൗരീദാസൻ നായരും ലക്ഷ്മണ അയ്യരും പങ്കെടുത്തു. സമ്മേളനത്തിനുള്ളിലേക്ക് പൊലീസുകാരെ കയറ്റിയില്ല. സമ്മേളനം വലിയ വിജയമായിരുന്നു. നല്ല ജനകീയ പങ്കാളിത്തം ലഭിച്ചു. പലതരത്തിലുള്ള പ്രവർത്തനത്തിലൂടെ ഒരു മാസ് ലൈൻ സ്ഥാപിക്കുകയാണ് അന്ന് ചെയ്തത്. 'സ്ട്രീറ്റ്' എന്ന മാസിക ഇറക്കിയ സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള പലരും പലതലത്തിൽ അക്കാലത്ത് ബന്ധപ്പെട്ടിരുന്നു. അത്തരത്തിലുള്ള ബന്ധങ്ങൾ മുഴുവൻ നഷ്ടപ്പെട്ടുപോകുന്നത് കെ. വേണു സ്വീകരിച്ച സെക്ടേറിയൻ പ്രവർത്തനശൈലി മൂലമാണ്.
പരസ്യപ്രവർത്തനങ്ങളെല്ലാം അവസാനിപ്പിക്കുന്ന തരത്തിലാണ് ഇന്ദിര ഗാന്ധി പെട്ടെന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പരസ്യപ്രവർത്തനത്തിലൂടെതന്നെ പാർട്ടി കെട്ടിപ്പടുക്കാൻ കഴിയുമെന്ന സ്വപ്നം തകർന്നു. എല്ലാവരും ഒളിവിൽപോയി. എല്ലാ പരസ്യപ്രവർത്തനവും അവസാനിച്ചു. എന്നെ അറസ്റ്റ് ചെയ്യുമെന്ന് വിവരം അറിഞ്ഞു. ഉടനെ മാറിയില്ലെങ്കിൽ പൊലീസ് എത്തുമെന്നാണ് അറിഞ്ഞത്. 'കോമ്രേഡ്' മാസിക പ്രസിൽ അടിച്ചുവെച്ചിരിക്കുകയായിരുന്നു. അടിയന്തരാവസ്ഥയെ അപലപിച്ചുകൊണ്ടായിരുന്നു മാസിക അച്ചടിച്ചത്. കോട്ടയത്ത് എത്തി പ്രസിൽനിന്ന് അടിച്ചതെല്ലാം പാക്ക് ചെയ്തു. രണ്ടുമൂന്ന് സുഹൃത്തുക്കളും സഹായത്തിനുണ്ടായിരുന്നു. പോസ്റ്റ് ഓഫിസിലെത്തി എല്ലാം പോസ്റ്റിൽ അയച്ചശേഷം പാലായിലെ വീട്ടിലെത്തി. വീട്ടുകാരോട് ഉടനെ കാണാൻ കഴിയില്ലെന്ന വിവരമറിയിച്ച് പുറത്തിറങ്ങുമ്പോൾ ഒരു സഖാവ് വണ്ടിയുമായി എത്തിയിരുന്നു. അത് ഒളിവിലേക്കുള്ള വണ്ടിയായിരുന്നു.
അതുവരെ ഞാൻ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ അംഗമായിരുന്നില്ല. ഒളിവിൽ നിൽക്കുന്നവരുടെ പാർട്ടികമ്മിറ്റിയാണ് നിലവിലുണ്ടായിരുന്നത്. അതോടെ ഞാൻ സംസ്ഥാന കമ്മിറ്റിയിൽ അംഗമായി. അതുവരെ ഞാൻ പാർട്ടിക്കുവേണ്ടി പുറത്തുനിന്നാണ് സഹായങ്ങൾ ചെയ്തിരുന്നത്. അടിയന്തരാവസ്ഥ ഉടനേയൊന്നും പിൻവലിക്കാൻ സാധ്യതയില്ലെന്നതിനാൽ സായുധവിപ്ലവത്തിന് തയാറെടുക്കാനാണ് പാർട്ടി തീരുമാനിച്ചത്. അടിയന്തരാവസ്ഥക്ക് എതിരായി ജനകീയ കലാപം ഉണ്ടാകുമെന്ന് വിചാരിച്ചു. ഉന്മൂലന ലൈൻ ഉൾപ്പെടെയുള്ള സായുധസമരത്തിന് പാർട്ടി ആഹ്വാനം നൽകി. അതിനനുസരിച്ചുള്ള പ്രവർത്തനപദ്ധതിക്ക് രൂപം നൽകി. എനിക്ക് ഉന്മൂലന സമരത്തോടെ അന്ന് യോജിപ്പുണ്ടായിരുന്നില്ല. അതേസമയം, പുനലൂരിലെ പേപ്പർമില്ല് ഉടമയായ ഡാൽമിയക്കെതിരെ ഉന്മൂലന സമരത്തിന് ഞങ്ങൾ ശ്രമം നടത്തി. ഡാൽമിയക്കെതിരെ തൊഴിലാളികൾക്കിടയിൽ വലിയ രോഷം നിലനിന്നിരുന്നു. അത് പ്രയോജനപ്പെടുത്താനാണ് ശ്രമിച്ചത്. സമരം ഉന്മൂലനമാണെങ്കിലും ആ സമരത്തിന് തെരഞ്ഞെടുത്തത് ആരെയാണെന്നത് പ്രധാന കാര്യമാണ്. ഉന്മൂലനത്തിന് േഗ്രഡുകളുണ്ടായിരുന്നു. കുമ്പളം ആക്ഷൻ പോലെയായിരുന്നില്ല പുനലൂരിലേത്. ഡാൽമിയയുടെ ചൂഷണം നേരിട്ട തൊഴിലാളികളാണ് മുന്നിൽനിന്നത്. ഡാൽമിയയെ അന്ന് കിട്ടിയിരുന്നെങ്കിൽ കൊലപ്പെടുത്തുമായിരുന്നു. എന്നാൽ, ബംഗ്ലാവിന്റെ കതക് തുറക്കാനായില്ല.
കുമ്പളത്തും നഗരൂർ-കിളിമാനൂരിലും നടന്ന ഉന്മൂലനങ്ങൾ ഒരുപോലെയായിരുന്നു. കിളിമാനൂരിൽ ഉന്മൂലനസമരത്തിന് നേതൃത്വം നൽകിയത് വെള്ളത്തൂവൽ സ്റ്റീഫനാണ്. കിളിമാനൂർ ഉന്മൂലനത്തോടെ പ്രസ്ഥാനം ഏറക്കുറെ തകർന്നു. കുമ്പളം സമരത്തിൽ കോഴിക്കോട്ടെ കുട്ടികൃഷ്ണനും ജയകുമാറും ഉണ്ടായിരുന്നു. കുമ്പളം സംഭവത്തോടെ നക്സലൈറ്റുകളെ അമർച്ച ചെയ്യാൻ ഇടപ്പള്ളിയിൽ പൊലീസ് സ്റ്റേഷൻ ക്യാമ്പ് തുടങ്ങി. പ്രസ്ഥാനത്തിന് അത് വലിയ തിരിച്ചടിയായി. വേണു ജയിലിൽനിന്നും പുറത്ത് ഇറങ്ങി സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ച് വീണ്ടും ആക്ഷൻ പരമ്പര തുടങ്ങാൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കുമ്പളം ആക്ഷൻ നടന്നത്. കുമ്പളത്തെ ആക്ഷൻ പഴയ ഉന്മൂലനത്തിൽനിന്ന് വ്യത്യസ്തമായിരുന്നില്ല. അത് കിളിമാനൂരിന്റെ തുടർച്ചയായിരുന്നു. ഈ ആക്ഷനുകൾ പ്രസ്ഥാനത്തിന് ഒരർഥത്തിലും ഗുണംചെയ്തില്ല. അതിനൊന്നും ജനങ്ങളുടെ പിന്തുണ ലഭിച്ചില്ല. കുമ്പളത്ത് ആക്ഷൻ നടത്തേണ്ട കാര്യം ഉണ്ടായിരുന്നില്ല. ഏറ്റവും ഒടുവിലാണ് കെ. വേണുവിന്റെ നേതൃത്വത്തിൽ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്.
കുട്ടികൃഷ്ണന്റെ അറസ്റ്റ്
എറണാകുളത്തെ കുമ്പളം കേസിൽ കോഴിക്കോട് കുട്ടികൃഷ്ണനെ അറസ്റ്റ് ചെയ്തതോടെ സംസ്ഥാന കമ്മിറ്റിയെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ ചിത്രം കിട്ടി. കോഴിക്കോട് നടന്ന യോഗത്തെ സംബന്ധിച്ചും വിവരങ്ങൾ ലഭിച്ചു. എവിടെയാണ് യോഗം നടത്തിയതെന്നും ആരെല്ലാം പങ്കെടുത്തുവെന്നും തിരിച്ചറിഞ്ഞു. ഞാൻ തെക്കൻ ജില്ലകളിലാണ് പ്രവർത്തിക്കുന്നതെന്നും പൊലീസിന് മനസ്സിലായി. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പാർട്ടി പേരാണ് ഉപയോഗിക്കുന്നതെങ്കിലും എല്ലാവർക്കും പരസ്പരം അറിയാം. ആദ്യമൊക്കെ പൊലീസ് മർദനത്തെ പിടിച്ചുനിൽക്കാൻ പല സഖാക്കളും ശ്രമിച്ചിരുന്നു. ഉദാഹരണമായി ടി.എൻ. ജോയ് ഒന്നുംപറയില്ല എന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ, ഭീകരമർദനത്തിനു മുന്നിൽ ജോയി പരാജയപ്പെട്ടു. അന്ന് സംസ്ഥാന കമ്മിറ്റിയിൽ കെ. വേണു, ടി.എൻ. ജോയ്, അൻവർ അലി, കുട്ടികൃഷ്ണൻ, ദാമോദരൻ മാഷ്, നടേശൻ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
ഞാൻ കിഴക്കൻ മേഖലയിൽ, പത്തനംതിട്ടയിൽ ചിറ്റാറിൽ നിരന്തരം പോവുകയും സംഘടന ഉണ്ടാക്കുകയും ചെയ്തു. മലയോര കർഷകർക്കിടയിൽ പാർട്ടി ഉണ്ടാക്കി. അവിടെ നല്ല കൃഷി ചെയ്യുന്ന അവസ്ഥയായിരുന്നു. അവിടെ ചെന്ന് പ്രവർത്തനം തുടങ്ങിയപ്പോൾ മുന്നൂറോളം കുടുംബങ്ങളാണ് ഒന്നിച്ചുനിന്നത്. അവർക്ക് കൃഷിഭൂമിക്ക് പട്ടയമില്ല. പട്ടയം കിട്ടിയവർക്കുതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ ബലമായി പട്ടയം തിരിച്ചുവാങ്ങുന്ന അവസ്ഥയുണ്ട്. അതുപോലെ വില്ലേജ് ഓഫിസറും അവരും തമ്മിൽ നിരന്തര തർക്കത്തിലായിരുന്നു. അന്ന് ഞങ്ങൾ വില്ലേജ് ഓഫിസ് ആക്രമണം നടത്തി. ജനം അതിൽ പങ്കാളികളായി. കിഴക്കൻ പ്രദേശങ്ങളിൽ സഖാക്കളെ ഒന്നും പൊലീസ് തിരിച്ചറിഞ്ഞിരുന്നില്ല. കൊല്ലം പ്രദേശത്തുള്ളവരെ മാത്രമേ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തുള്ളൂ. അടിയന്തരാവസ്ഥക്കുശേഷം കിഴക്കൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം നടത്തിയില്ല.
ഡാൽമിയക്ക് എതിരായ വധശ്രമം നടന്നതിനുശേഷം ഞാൻ ഒളിവിൽ കഴിഞ്ഞിരുന്ന ഷെൽട്ടറുകൾ ഒന്നൊന്നായി പൊലീസ് കണ്ടെത്തി. ഇക്കാലത്ത് കൊല്ലം വെൺപാലക്കര വായനശാലക്ക് അടുത്ത കുറച്ച് ചെറുപ്പക്കാരുമായി ബന്ധപ്പെട്ടിരുന്നു. ഒരിക്കൽ ആലപ്പുഴയിലുള്ള ഒരു സഖാവുമായി കൊല്ലം ബീച്ചിലെത്തി. സഖാക്കളുമായി ബീച്ചിലിരുന്ന് സംസാരിച്ചു. ഓമനക്കുട്ടൻ എന്ന സഖാവിൽനിന്ന് ഒരു പുസ്തകം ആലപ്പുഴയിലെ സഖാവ് വാങ്ങി. പുസ്തകത്തിൽ ഓമനക്കുട്ടന്റെ പേര് എഴുതിയിരുന്നു. ആലപ്പുഴയിലെ സഖാവ് പിന്നീട് പൊലീസ് പിടിയിലായപ്പോൾ പുസ്തകത്തിലെ പേര് അന്വേഷിച്ചു. കൊല്ലത്തുള്ള ഓമനക്കുട്ടനെ തേടി പൊലീസ് എത്തി. അങ്ങനെ ഓമനക്കുട്ടൻ, ചന്ദ്രൻ, മോഹനൻ, ഗോപി തുടങ്ങി എട്ടുപേരെ വെൺപാലക്കരയിൽനിന്ന് അറസ്റ്റ് ചെയ്തു. അവരൊന്നും എന്തെങ്കിലും പ്രവർത്തനം നടത്തിയവരല്ല. പല വീട്ടുകാരും രഹസ്യമായി സൂചന നൽകിയതിനാലാണ് പൊലീസ് പിടിയിൽനിന്ന് രക്ഷപ്പെട്ടത്. പരവൂർ ഉൾപ്പെടെ കൊല്ലം ഭാഗത്ത് രണ്ടാഴ്ച ഉണ്ടായിരുന്നു. അവസാനമാണ് ഞാൻ പിടിക്കപ്പെട്ടത്. ഷെൽട്ടറുകൾ നഷ്ടമാകുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ചെന്നൈയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. ചെന്നൈയിൽ എത്താനും അവിടെ ആളുകളുമായി ബന്ധപ്പെടാനുള്ള വഴികളും ആലോചിച്ചു. അതിനിടയിലാണ് പിടിയിലാവുന്നത്. ഏറ്റവും സുരക്ഷിതമെന്ന് കരുതിയാണ് പരവൂരിലെ എൻജിനീയറുടെ വീട്ടിലെത്തിയത്. പൊലീസ് പെട്ടെന്ന് അവിടം തിരിച്ചറിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. യുക്തിവാദി പ്രസ്ഥാനത്തിൽപെട്ട ഒരു പ്രവർത്തകനായിരുന്നു അത്. അദ്ദേഹത്തെ പൊലീസ് ഭീഷണിപ്പെടുത്തി. ഞാൻ വരികയാണെങ്കിൽ ഭക്ഷണം കൊടുത്തു വീട്ടിൽ നിർത്തണമെന്നാണ് നിർദേശം കൊടുത്തത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നെങ്കിലും ഞാൻ നിരന്തരം യാത്രചെയ്യുകയായിരുന്നു.
ശാസ്തമംഗലം ക്യാമ്പിലെ 222 ദിവസം
പരവൂരിൽനിന്ന് അറസ്റ്റ് ചെയ്ത് എന്നെ തിരുവനന്തപുരത്തെ ശാസ്തമംഗലം ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. 222 ദിവസമാണ് ആ ക്യാമ്പിൽ കഴിഞ്ഞത്. ക്യാമ്പിലെ അവസ്ഥ ഭീകരമായിരുന്നു. വർക്കല വിജയന്റെ കൊലപാതകത്തിലൂടെ കുപ്രസിദ്ധിയാർജിച്ച 'കോണ്സെന്ട്രേഷന്' ക്യാമ്പാണ് ശാസ്തമംഗലം. പണിക്കേഴ്സ് ബംഗ്ലാവ് എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം രാജഭരണകാലത്ത് നിർമിച്ചതാണ്. റെയില്വേ പാളം നിരത്തി അതിന്റെ മുകളില് കോണ്ക്രീറ്റ് ചെയ്താണ് കെട്ടിടം നിർമിച്ചിരുന്നത്. ക്യാമ്പ് ജയറാം പടിക്കലിന്റെയും മുരളീ കൃഷ്ണദാസിന്റെയും നിയന്ത്രണത്തിലായിരുന്നു. തടവുകാരുടെ കാലുകളില് കൈയാമംവെച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ മേശകളുടെ നാല് കാലിലും കെട്ടിയിട്ടിരുന്നു. ഉദ്യോഗസ്ഥര്ക്ക് തോന്നുമ്പോഴെല്ലാം തടവുകാരെ ചവിട്ടാനും മർദിക്കാനുമാണ് ഇങ്ങനെ കെട്ടിയിട്ടിരുന്നത്. പീഡനത്തിൽ ആനന്ദം കണ്ടെത്തുന്ന ഒരു സംഘം പൊലീസുകാരെയാണ് അവിടെ നിയോഗിച്ചിരുന്നത്. ക്യാമ്പിലെ പൊലീസ് മർദനത്തിൽ വർക്കല വിജയൻ മരിച്ച വിവരം ഞാൻ പൊലീസുകാരിൽനിന്ന് അറിഞ്ഞിരുന്നു. ക്യാമ്പിൽ വലിയൊരു വട്ടമേശയുണ്ടായിരുന്നു. അതിന് ചുറ്റും തറയിൽ ഇരുത്തിയാണ് മർദനവും ചോദ്യംചെയ്യലും. എന്നെ ശാസ്തമംഗലത്ത് എത്തിക്കുമ്പോൾ കുട്ടികൃഷ്ണൻ അവിടെയുണ്ട് . പിന്നീട് പത്തനംതിട്ടയിലെ രമേശനെയും മോഹൻ കുമാറിനെയും അവിടേക്ക് കൊണ്ടുവന്നു. ദാമോദരൻ മാഷ് മരിച്ചു എന്ന വാർത്തയാണ് ക്യാമ്പിനുള്ളിൽ കേട്ടത്. പൊലീസുകാരിൽ ചിലരാണ് കാര്യം പറഞ്ഞത്. വർക്കല വിജയൻ മരിച്ച വിവരവും അങ്ങനെയാണ് അറിഞ്ഞത്. ഡിവൈ.എസ്.പി രവീന്ദ്രൻ, അലക്സ് തുടങ്ങിയവരൊക്കെ വലിയ മർദകർ ആരായിരുന്നു. രാഷ്ട്രീയ തടവുകാർക്ക് ജയിലിൽ പുസ്തകങ്ങൾ എത്തിച്ച കുറ്റത്തിന് പട്ടം രവി എന്ന ജയിൽ വാർഡനെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു. ശാസ്തമംഗലം ക്യാമ്പിൽ പീഡനമേറ്റ് ദാമോദരൻ മാഷ് തളർന്ന അവസ്ഥയിലായിരുന്നു. കേസിനുവേണ്ടി മാനന്തവാടിയിലേക്ക് കൊണ്ടുപോകുമ്പോൾ പൊലീസ് വാനിൽ മാഷ് എന്റെ ദേഹത്ത് ചാരിയാണ് ഇരുന്നത്. ഇരിക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു മാഷ്. അൻവർ അലി ഒഴികെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെല്ലാം പൊലീസ് പിടിയിലായി. അൻവർ അലി മലപ്പുറത്ത് കൃഷിക്കാരനായി ജീവിച്ചു. ആരും തിരിച്ചറിഞ്ഞില്ല.
എന്റെ മേൽ 13 കേസുകളാണ് പൊലീസ് ചാർത്തിയത്. അതിൽ ആറെഴെണ്ണം ആക്ഷനുകളായിരുന്നു. അതിലെല്ലാം ഗൂഢാലോചനയിൽ ഉൾപ്പെടുത്തി. സംസ്ഥാന കമ്മിറ്റി തീരുമാനിച്ച ആക്ഷനുകൾ ആയിരുന്നു അതെല്ലാം. ഉന്മൂലന സമരത്തോട് അന്നും ഇന്നും യോജിക്കുന്നില്ല. സംസ്ഥാന കമ്മിറ്റിയിൽ ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, എന്റെ അഭിപ്രായത്തെ പിന്തുണക്കാൻ ആരുമുണ്ടായിരുന്നില്ല. എല്ലാവരും വേണുവിന്റെ ഉന്മൂലന ലൈനെ പിന്തുണച്ചു. പാർട്ടി തത്ത്വപ്രകാരം ഭൂരിപക്ഷ തീരുമാനത്തെ ന്യൂനപക്ഷം അംഗീകരിക്കണം. ആ നിലയിലാണ് പാർട്ടി തീരുമാനം അംഗീകരിച്ചത്. അതിനുശേഷം ജയിലിൽ ഒന്നിച്ചിരുന്ന് ചർച്ചചെയ്യുമ്പോൾ പലരും ബഹുജന ലൈനിനെക്കുറിച്ച് സംസാരിച്ചിരുന്നു. അടിയന്തരാവസ്ഥയിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എല്ലാം കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു.
ഞാൻ അടക്കമുള്ളവർ അടിയന്തരാവസ്ഥ കഴിഞ്ഞ് ഉടൻ പുറത്തിറങ്ങിയില്ല. കാരണം, നിരവധി കേസുകൾ ഉണ്ടായിരുന്നു. ജയിലിൽനിന്ന് പുറത്തിറങ്ങിയ സഖാക്കൾ പ്രസിദ്ധീകരണം തുടങ്ങി. കെ.എം. സലിം കുമാർ എഡിറ്ററായി രക്തപതാക പ്രസിദ്ധീകരിച്ചു തുടങ്ങി. അതിലൂടെ പാർട്ടിയുടെ രാഷ്ട്രീയം ജനങ്ങളിൽ എത്തിക്കാനാണ് ശ്രമിച്ചത്. എന്നാൽ, അത് കൃത്യമായി അച്ചടിച്ച് വിതരണം ചെയ്യാൻ കഴിഞ്ഞില്ല. പരസ്യപ്രവർത്തനം വേണ്ടെന്ന നിലപാട് മാറ്റി എ. വാസു, സിവിക് ചന്ദ്രൻ തുടങ്ങിയവർ കോഴിക്കോട് പാർട്ടിയുടെ പൊതുയോഗം സംഘടിപ്പിച്ചു. ടൗൺഹാളിൽ നടന്ന യോഗം വലിയ വിജയമായിരുന്നു. ജനം ധാരാളം ചോദ്യങ്ങൾ ചോദിച്ചു. എ. വാസു ഇതിനെല്ലാം രാഷ്ട്രീയമായ മറുപടി നൽകി. മധുമാഷിന്റെ 'അമ്മ' നാടകം 1970കളുടെ ഒടുവിൽ സംസ്ഥാനത്തിനകത്തും പുറത്തും അനേകം വേദികളിൽ അവതരിപ്പിച്ചു. നക്സലൈറ്റ് പ്രസ്ഥാനത്തിന് ആവേശം പകർന്ന സർഗസൃഷ്ടിയായിരുന്നു ആ നാടകം. കേരളത്തിനകത്തും പുറത്തും 250 വേദികൾ 'അമ്മ' നാടകം കളിച്ചു. ജനകീയ സാംസ്കാരികവേദിയെന്ന പ്രസ്ഥാനത്തിന് നാടകം അടിത്തറയായി. കേരളത്തിനകത്തും പുറത്തുമായി സാംസ്കാരിക പ്രവർത്തകർ കണ്ണിചേർക്കപ്പെടുന്നതിനും ഈ നാടകം വഴിയൊരുക്കി. ബംഗാളിലും ആന്ധ്രപ്രദേശിലും കർണാടകയിലും തമിഴ്നാട്ടിലുമൊക്കെ നാടകം അവതരിപ്പിക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്തെ അടിച്ചമർത്തലുകളും മുതലാളിത്ത സമൂഹത്തിലെ ചൂഷണവുമാണ് നാടകത്തിന്റെ ഇതിവൃത്തം. തുടർന്നാണ് സാംസ്കാരിക വേദിയുടെ പ്രവർത്തനമാരംഭിച്ചത്. ജയിലിൽ കമ്മിറ്റികൂടി പുറത്ത് പ്രവർത്തനത്തെ സംബന്ധിച്ച് ചർച്ചനടത്തി. ജയിലിൽനിന്ന് ഒരാളെങ്കിലും പുറത്തുവരണമെന്ന് തീരുമാനിച്ചു. അങ്ങനെ 1978 അവസാനം ജാമ്യം എടുത്ത് ജയിലിൽനിന്ന് ഞാൻ പുറത്തിറങ്ങി. കോമ്രേഡ്, മാസ് ലൈൻ എന്നിവ വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി. സാംസ്കാരിക വേദിക്ക് വേണ്ടിയുള്ള സഹായങ്ങൾ ചെയ്തുതുടങ്ങി. അങ്ങനെ ആന്ധ്രപ്രദേശിലെ വിപ്ലവ സാംസ്കാരിക പ്രവർത്തകരായ രമണറെഡ്ഡിയും വരവര റാവുവും കേരളത്തിൽ വന്നു. സംസ്ഥാനത്തുനിന്ന് പുറത്തുപോയി സംഘടനാ പ്രവർത്തനം നടത്താൻ പല സഖാക്കൾക്കും അറിവുണ്ടായിരുന്നില്ല. 1979 ആയപ്പോഴേക്കും വേണു ജയിലിൽനിന്ന് പുറത്തിറങ്ങി. സംസ്ഥാന കമ്മിറ്റി ചേർന്ന് ചർച്ച നടത്തിയപ്പോൾ അഖിലേന്ത്യാതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കണമെന്ന് തീരുമാനിച്ചു. അഖിലേന്ത്യാ തലത്തിൽ പ്രവർത്തനത്തിന് എന്നെ നിയോഗിച്ചു. 1979ൽ ഞാൻ കേരളത്തിൽനിന്ന് പ്രവർത്തനം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടികളുടെ സാർവദേശീയ വേദി ഉണ്ടാക്കേണ്ട ആവശ്യം ചർച്ചചെയ്തു. വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളുമായി ബന്ധപ്പെട്ടു. ചെറിയ കാലംകൊണ്ട് വലിയ പ്രവർത്തനം നടന്നു. അങ്ങനെയാണ് 1982ൽ സി.ആർ.സി സി.പി.ഐ (എം.എൽ) സെൻട്രൽ റീ ഓർഗനൈസിങ് കമ്മിറ്റി രൂപംകൊണ്ടത്. ഈ കാലത്ത് അഖിലേന്ത്യാ അടിസ്ഥാനത്തിൽ പല സംഭവങ്ങളും ഉണ്ടായി.
നക്സൽബാരി വിശേഷം 1971 കാലത്ത് ജയിലിൽ ആയ സഖാക്കൾ ബഹുഭൂരിപക്ഷവും 1978-79 കാലത്ത് പുറത്തുവന്നു. വിവിധ ഗ്രൂപ്പുകളുടെ പ്രമുഖ നേതാക്കളെല്ലാം പുറത്തിറങ്ങി. പാർട്ടി പ്രത്യയശാസ്ത്രം സംബന്ധമായി അഖിലേന്ത്യാതലത്തിൽ ധാരാളം ചർച്ചകൾ നടന്നു. ഇടതുതീവ്രവാദ നയത്തിലേക്ക് പോകുന്നതിന് കാരണമായ രാഷ്ട്രീയ ലൈൻ – ഇന്ത്യ അർധ ഫ്യൂഡൽ – അർധ കൊളോണിയലാണെന്ന നിലപാട് പലരും പുനഃപരിശോധിച്ചു. എന്നാൽ, ജനകീയ യുദ്ധമാണ് ഇന്ത്യയുടെ മോചനപാത, ഉന്മൂലന ലൈനാണ് സ്വീകരിക്കേണ്ടത് തുടങ്ങിയ ചാരു മജുംദാറുടെ നിലപാടിനെക്കുറിച്ച് ആഴത്തിൽ പാർട്ടിക്കുള്ളിൽ ചർച്ചനടന്നില്ല. അതേസമയം, ഭൂരിപക്ഷം ആളുകളും ചാരു മജുംദാറുടെ ഉന്മൂലന ലൈൻ തള്ളിക്കളഞ്ഞിരുന്നു. സായുധസമരത്തെക്കുറിച്ചുള്ള നിലപാടിൽ മാറ്റം വരുത്തിയില്ല.
നക്സൽ ബാരിയുടെ കാലത്തുതന്നെ ഇന്ത്യയിൽ പല മാറ്റങ്ങളും സംഭവിച്ചിരുന്നു. 1959-60ൽതന്നെ ഹരിതവിപ്ലവം ആരംഭിച്ചിരുന്നു. അന്നുതന്നെ പഞ്ചാബിൽ കർഷകസമരം ആരംഭിക്കുന്നുണ്ട്. എന്നിട്ടും ഇതൊന്നും മനസ്സിലാക്കാതെ ഇന്ത്യ അർധ ഫ്യൂഡൽ-അർധ കൊളോണിയൽ ആണെന്ന് വിലയിരുത്തി. ചൈനീസ് പാത നമ്മുടെ പാത, ചൈനീസ് ചെയർമാൻ നമ്മുടെ ചെയർമാൻ എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. ചൈനീസ് പാർട്ടിയിൽ നടക്കുന്ന ആശയസമരം എന്താണെന്ന് പരിശോധിച്ചില്ല. കാർഷിക മേഖലയിൽ ഉണ്ടായ മാറ്റങ്ങൾ എന്താണ്? ജോഷിയുടെ നേതൃത്വത്തിൽ കർഷക സംഘടനകൾ രൂപംകൊള്ളുന്നതിന് കാരണമെന്താണ്? തമിഴ്നാട്ടിൽ നാരായണസ്വാമി കർണാടകയിൽ നെഞ്ചുണ്ട സ്വാമി, മഹാരാഷ്ട്രയിൽ ശരത് ജോഷി, ടിക്കായത്ത് എന്നിങ്ങനെയും കർഷക സംഘടന നേതാക്കൾ ഉയർന്ന് പ്രക്ഷോഭം നടത്തിയതെങ്ങനെ? ഇതിനെയൊന്നും വിപ്ലവ സംഘടനകൾ പഠിച്ചില്ല. സാമ്രാജ്യം ലോകത്തുണ്ടായ പുത്തൻ കൊളോണിയൽ മാറ്റം തിരിച്ചറിയാതെ പോയി. ഇക്കാര്യങ്ങൾ പാർട്ടിയിൽ ചർച്ചചെയ്തപ്പോഴാണ് അതിനെക്കുറിച്ച് പഠിക്കാൻ പ്രത്യേക സംഘത്തെ കേന്ദ്ര കമ്മിറ്റി നിയോഗിച്ചു. 1982ൽ മഹാരാഷ്ട്രയിൽ നടന്ന അഖിലേന്ത്യാ സമ്മേളനത്തിൽ 10-12 സംസ്ഥാനങ്ങളിൽനിന്നുള്ളവർ പങ്കെടുത്തു.
നട്ടെല്ലൊടിച്ച കേണിച്ചിറയും കാഞ്ഞിരംചിറയും
കേരളം ബുദ്ധിജീവികളുടെ കേന്ദ്രമാണെങ്കിലും എം.എൽ പ്രസ്ഥാനത്തിന്റെ കേന്ദ്രമായിരുന്നെങ്കിലും അഖിലേന്ത്യാ തലത്തിൽ നടന്ന ചർച്ചകൾ കേരളത്തിൽ സ്വാധീനം ചെലുത്തിയില്ല. ഏതാണ്ട് 15 പേരുള്ള വലിയ സംസ്ഥാന കമ്മിറ്റി കേരളത്തിലുണ്ടായിരുന്നു. അവരൊക്കെ ചിന്തിച്ചതും ചർച്ചചെയ്തതും മറ്റൊരു വഴിക്കായിരുന്നു. കെ. വേണു ആയിരുന്നു സംസ്ഥാന സെക്രട്ടറി. ഭാസുരേന്ദ്രബാബു ജോയന്റ് സെക്രട്ടറിയും. അക്കാലത്തെ സംസ്ഥാന കമ്മിറ്റിയിൽ രണ്ടു വിഭാഗം ഉണ്ടായിരുന്നു. ബഹുജന ലൈനിന്റെ അടിസ്ഥാനത്തിൽ സൈനിക ലൈൻ വികസിപ്പിക്കണമെന്ന് ഒരു കൂട്ടർ വാദിച്ചു. മറുപക്ഷം സൈനിക ലൈനിന്റെ അടിസ്ഥാനത്തിൽ ബഹുജന ലൈൻ വികസിപ്പിക്കണമെന്നും. കേന്ദ്രകമ്മിറ്റിയിലാകട്ടെ ഇത്തരം കാര്യങ്ങൾ ചർച്ചചെയ്തിരുന്നില്ല. കേന്ദ്ര കമ്മിറ്റിയുമായി ചർച്ച ചെയ്യാതെയാണ് സംസ്ഥാന കമ്മിറ്റി രണ്ടു ലൈൻ സമരം നടത്തിയത്. കെ. വേണുവും അഖിലേന്ത്യാതലത്തിൽ ഉന്മൂലനലൈൻ ശരിയല്ലെന്ന കാഴ്ചപ്പാട് അംഗീകരിച്ചിരുന്നു. എന്നാൽ, കേരളത്തിൽ വേണു ഉന്മൂലന ലൈൻ കൈയൊഴിഞ്ഞിരുന്നില്ല. അന്ന് കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടായിരുന്നതു മൂന്നുപേരാണ്. ആന്ധ്രയിൽനിന്നുള്ള എസ്.ആർ. റാവുഫ് ഉന്മൂലന ലൈനിന്റെ വക്താവായിരുന്നു. കമ്മിറ്റി കൂടുമ്പോൾ വേണു ഉന്മൂലന ലൈൻ സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നതായി തുറന്ന് പറഞ്ഞിട്ടില്ല. സംസ്ഥാനത്ത് നടന്ന ഈ ലൈനുകളും ശരിയാണെന്ന് തെളിയിക്കാൻ ഉന്മൂലനം നടത്തി.
സൈനിക ലൈനിൽ അധിഷ്ഠിതമായ ബഹുജന പ്രവർത്തനമാണ് ശരിയെന്ന് തെളിയിക്കാൻ എം.എസ്. ജയകുമാറിന്റെ നേതൃത്വത്തിൽ കേണിച്ചിറയിൽ മഠത്തിൽ മത്തായിയെ ഉന്മൂലനം ചെയ്തു. അപ്പോൾ മറുവശത്ത് ബഹുജന ലൈനിന്റെ അടിത്തറയിൽ സൈനിക ലൈൻ തെളിയിക്കാൻ ഭാസുരേന്ദ്ര ബാബുവിന്റെ നേതൃത്വത്തിൽ കാഞ്ഞിരം ചിറയിൽ ചെറുകിട കയർ വ്യവസായി ആയിരുന്ന സോമരാജനെ ഉന്മൂലനം ചെയ്തു. അവരുടെ രാഷ്ട്രീയ ലൈൻ സ്ഥാപിച്ചെടുക്കുന്നതിനുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് ഉന്മൂലനം നടന്നത്. കോഴിക്കോട് അഴിമതിക്കെതിരായ ജനകീയ വിചാരണയിലൂടെ പ്രസ്ഥാനത്തിന് ബഹുജനങ്ങളുടെ പിന്തുണ കിട്ടിയപ്പോൾ ഉന്മൂലനത്തിലൂടെ അതുമുഴുവൻ നഷ്ടപ്പെടുത്തി. ഉന്മൂലനത്തോടെ സംഘടനക്കൊപ്പം നിലയുറപ്പിച്ച് വലിയൊരു വിഭാഗം സംഘടന വിട്ടു. സംഘടനക്ക് വ്യാപകമായ തിരിച്ചടിയുണ്ടായി. സി.പി.എം പലതരത്തിലും സംഘടനയെ അടിച്ചമർത്താൻ ശ്രമിച്ചിരുന്നെങ്കിലും അതെല്ലാം പരാജയപ്പെട്ട ഘട്ടത്തിലാണ് ഉന്മൂലനത്തിലൂടെ അവർക്ക് അടിക്കാനുള്ള വടി കൊടുത്തത്. ഉന്മൂലനം നടന്നതോടെ പൊലീസ് നടപടി ശക്തമായി. സംസ്ഥാനത്തെ പാർട്ടി ഛിന്നഭിന്നമായി. അക്കാലത്ത് വാളയാട് വെച്ച് പാർട്ടിസമ്മേളനം നടത്തി. രഹസ്യസമ്മേളനം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, കുന്നേൽ കൃഷ്ണൻ എന്ന സഖാവിന്റെ വീടിനടുത്തുള്ള മലയിലാണ് സമ്മേളനം നടത്തിയത്. സഖാക്കളെല്ലാം ബസിൽ വന്നിറങ്ങി പരസ്യമായി സമ്മേളനസ്ഥലത്തേക്ക് നടന്നുപോയി. പിന്നീട് എങ്ങനെയാണ് അത് രഹസ്യ സമ്മേളനമാവുക. സമ്മേളനം നടത്തിപ്പിന് സെക്യൂരിറ്റി ഗാർഡിനെ നിയോഗിച്ചിരുന്നു. ഒരു വിസിൽ അടിച്ചാൽ കുഴപ്പം ഇല്ല. രണ്ടു വിസിൽ അടിച്ചാൽ എഴുന്നേറ്റു നിൽക്കണം. മൂന്ന് വിസിൽ അടിച്ചാൽ രക്ഷപ്പെടണം എന്നായിരുന്നു സഖാക്കൾക്ക് നൽകിയ സന്ദേശം.
റോഡിലൂടെ വണ്ടി വരുന്നത് കണ്ടു സെക്യൂരിറ്റി മൂന്ന് വിസിൽ അടിച്ചു. അതോടെ, പൊലീസ് എത്തി എന്ന സന്ദേശമാണെന്ന് സഖാക്കൾ ധരിച്ചു. എ. വാസു അടക്കമുള്ള സഖാക്കൾ നേരത്തേ തീരുമാനിച്ചപ്രകാരം പല വഴികളിലൂടെ നടന്നു രക്ഷപ്പെട്ടു. അവിടെനിന്ന് പോയവരെ തിരിച്ചെത്തിക്കാൻ പിന്നാലെ ആളെ അയച്ചെങ്കിലും ഏറെപ്പേരും മടങ്ങിപ്പോയിരുന്നു. പിന്നീട് ഇവരെ പലായനവാദികൾ എന്നൊക്കെ പരിഹസിച്ചു. കേന്ദ്ര കമ്മിറ്റിയിൽനിന്ന് കെ.എന്നും റാവുഫുമാണ് പങ്കെടുത്തത്. സംഘാടക നേതൃത്വത്തിന്റെ കഴിവുകേടുകൊണ്ടാണ് വാളാട് സമ്മേളനം പൂർണാർഥത്തിൽ നടക്കാതെ പോയത്.
1982ൽ അഖിലേന്ത്യാതലത്തിൽ മഹാരാഷ്ട്രയിൽ സമ്മേളനം നടന്നു. അതിൽ വിദേശ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തു. രണ്ടാം ലോകയുദ്ധത്തിനുശേഷം ആഗോളതലത്തിലുണ്ടായ മാറ്റവും അത് ഇന്ത്യയിൽ ഉണ്ടാക്കിയ ചലനങ്ങളും പഠിക്കണമെന്ന് സമ്മേളനം തീരുമാനിച്ചു. ജെ.എൻ.യുവിൽ ഉണ്ടായിരുന്ന ടി.ജി. ജേക്കബ് അടക്കമുള്ള സംഘത്തെ പഠനത്തിനായി നിയോഗിച്ചു. ആ സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി വികസിപ്പിച്ചു. അങ്ങനെ കേരളത്തിൽനിന്ന് മുരളി കണ്ണമ്പള്ളി കേന്ദ്ര കമ്മിറ്റിയിലെത്തി. ആ സമ്മേളനത്തിൽ കെ. വേണു അഖിലേന്ത്യാ സെക്രട്ടറി ആകണമെന്ന് കേരളത്തിൽനിന്നുള്ളവർ ആവശ്യപ്പെട്ടു. സ്വാഭാവികമായും അത്തരമൊരു ആവശ്യം ഉയർന്ന സ്ഥിതിക്ക് ഞാൻ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി. സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടായില്ല. കെ. വേണുവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. തിരിഞ്ഞു നോക്കുമ്പോൾ അന്ന് ചെയ്തത് ഒരു തെറ്റായെന്നാണ് എന്റെ അഭിപ്രായം. അന്ന് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയുമായിരുന്നു. അന്ന് വേണു ബുദ്ധിജീവിയാണ്. അദ്ദേഹം കാര്യങ്ങൾ കുറെക്കൂടി വിപുലമായി മനസ്സിലാകും എന്നാണ് വിലയിരുത്തിയത്. അഖിലേന്ത്യാ സെക്രട്ടറിയായതോടെ കെ. വേണു ഡൽഹി കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി. ഞാൻ തിരിച്ച് കേരളത്തിലെത്തി സംസ്ഥാന സെക്രട്ടറിയായി. 1983ലാണ് കേരളത്തിൽ തിരിച്ചെത്തിയത്.
സംഘടനയുടെയും ആദ്യ സംസ്ഥാന യോഗം വിളിച്ചു ചേർക്കുമ്പോൾ ഏതാനും പേരെ ഉണ്ടായിരുന്നുള്ളൂ. പി.ജെ. ബേബിയുടെ വീട്ടിൽ കൂടിയ യോഗത്തിൽ പി.സി. ഉണ്ണിച്ചെക്കൻ, എം.എം. സോമശേഖരൻ, എം.എസ്. ജയകുമാർ എന്നിവരാണ് പങ്കെടുത്തത്. ക്രമേണ സംസ്ഥാന കമ്മിറ്റിയിലെ അംഗസംഖ്യ വർധിച്ചു. ജനകീയ സമരങ്ങൾ ഏറ്റെടുത്തു തുടങ്ങി. 1985ൽ തലയോലപ്പറമ്പിൽ ജാതിവിരുദ്ധ മതേതര സമ്മേളനം നടത്തി. ജോൺ എബ്രഹാം ഉൾപ്പെടെയുള്ള സാംസ്കാരിക പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു. ദലിത് പ്രസ്ഥാനത്തിന്റെ പല ആളുകളും ആ സമ്മേളനത്തിൽ പങ്കാളികളായി. കേരളത്തിൽ പുതിയൊരു രാഷ്ട്രീയ അന്തരീക്ഷം ഉണ്ടായി. 14 വർഷമായി ജയിലിൽ കിടക്കുന്ന രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുന്നതിനു വേണ്ടി സംസ്ഥാനതലത്തിൽ ഏകോപന സമിതിയുണ്ടാക്കി. അതിനോട് കെ. വേണുവിന് യോജിപ്പുണ്ടായിരുന്നില്ല. പരിമിതമായ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നത് തെറ്റാണെന്ന് വേണു പറഞ്ഞു. എന്നാൽ, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നതിനുവേണ്ടിയുള്ള സമിതിക്ക് സമൂഹത്തിൽനിന്ന് വലിയ പിന്തുണ ലഭിച്ചു. മുഖ്യമന്ത്രി കെ. കരുണാകരന്റെ മൈക്ക് പിടിച്ചെടുത്ത സമരം നടത്തി. ഒടുവിൽ ജയിലിലുണ്ടായിരുന്ന സി.പി.എം (എം.എൽ) പ്രസ്ഥാനവുമായി ബന്ധപ്പെട്ട തടവുകാരെയെല്ലാം സർക്കാർ തുറന്നുവിട്ടു. അന്ന് യുവജനവേദിയും വളരെ സജീവമായി. ആണവനിലയത്തിനെതിരായ സമരം നടത്തി.
പഞ്ചാബിലെ ഖലിസ്ഥാനും പിളർപ്പും
പഞ്ചാബിൽ ഖലിസ്ഥാൻ പ്രസ്ഥാനം ഉയർന്നുവന്നപ്പോഴാണ് സംഘടനയിൽ കെ. വേണു ദേശീയപ്രശ്നം ചർച്ചചെയ്തത്. രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗത്തെയും ന്യൂനപക്ഷവിഭാഗത്തെയും രാഷ്ട്രീയമായി വിലയിരുത്തുന്നതിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടായി. ഭൂരിപക്ഷ മതമൗലിക വാദത്തെ എതിർക്കാൻ ന്യൂനപക്ഷത്തെ കൂട്ടുപിടിക്കുകയെന്ന സമീപനമാണ് വേണു സ്വീകരിച്ചത്. ന്യൂനപക്ഷ മതമൗലിക വാദത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഞാൻ അടക്കമുള്ള വിഭാഗം സ്വീകരിച്ചത്. ഭൂരിപക്ഷ-ന്യൂനപക്ഷ മൗലികവാദത്തെ ഒരേപോലെ എതിർക്കണമെന്ന് വാദിച്ചു. അതിനാൽ, പഞ്ചാബിലെ ഖലിസ്ഥാൻ വാദത്തെ പാർട്ടി തള്ളിക്കളഞ്ഞു. എന്നാൽ, കെ. വേണു അതിനെ അനുകൂലിച്ചു. 1985 ആയപ്പോൾ സി.ആർ.സി- സി.പി.ഐ (എം.എൽ) പാർട്ടിക്കുള്ളിൽ നാലു ലൈനുകൾ രൂപംകൊണ്ടു. അതിലൊരു കൂട്ടർ വേണുവിന്റെ വിഭാഗീയ സമീപനത്തെ പിന്തുണച്ചു. ചിലർ ദേശീയ പ്രശ്നത്തിൽ വേണുവിനോട് യോജിച്ചു. ഇന്ത്യ എന്നത് ഒരു മിഥ്യയാണ്. വിവിധ ദേശീയതകളുടെ സമന്വയമാണ് ഇന്ത്യ എന്നാണ് അദ്ദേഹം മുന്നോട്ടുവെച്ച ആശയം. വേണുവിന്റെ സ്വേച്ഛാധിപത്യ നിലപാടിനോട് പലരും വിയോജിച്ചു. പാർട്ടിക്കുള്ള അഭിപ്രായ വ്യത്യാസങ്ങൾ ശക്തമായപ്പോൾ അത് പരിഹരിക്കാൻ സമ്മേളനം വിളിക്കാൻ തീരുമാനിച്ചു.
സമ്മേളനത്തിൽ നാല് ലൈൻ രേഖകൾ അവതരിപ്പിക്കും. ഭൂരിപക്ഷം കിട്ടുന്ന രേഖ അംഗീകരിക്കും. സമ്മേളനത്തിനുള്ള രേഖകൾ തയാറാക്കാൻ തുടങ്ങി. സമ്മേളനം തീരുമാനിച്ചതിനുശേഷം കെ. വേണു കേരളത്തിലെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. കമ്മിറ്റിക്കുള്ളിൽ അദ്ദേഹത്തിനു ഭൂരിപക്ഷമുണ്ടായിരുന്നില്ല. ന്യൂനപക്ഷമായിരുന്നവർ ഭൂരിപക്ഷത്തെ പിരിച്ചുവിടുകയാണ് ചെയ്തത്. അന്നത്തെ സംസ്ഥാന കമ്മിറ്റിയിൽ ആകെ പതിനഞ്ചോളം പേരുണ്ടായിരുന്നു. മുരളി കണ്ണമ്പള്ളി, കെ.എം. സലിംകുമാർ, എം.എൻ. രാവുണ്ണി തുടങ്ങിയ നാലു പേരാണ് വേണുവിനൊപ്പം ഉണ്ടായിരുന്നത്. കേന്ദ്ര കമ്മിറ്റിയിലും 15 പേരിൽ അഞ്ച് പേരാണ് വേണുവിന്റെ ആശയത്തെ പിന്തുണച്ചത്. മോഹൻകുമാർ വേണുവിന് ഒപ്പമായിരുന്നു. വേണുവിന്റെ ഏകാധിപത്യപരമായ രാഷ്ട്രീയ നിലപാടുകൾ ആരും അംഗീകരിച്ചില്ല. പാർട്ടിയിൽനിന്ന് 1987ൽ പുറത്തുപോയ വേണു പുതിയ പാർട്ടി ഉണ്ടാക്കിയെങ്കിലും അതിന് അധികം ആയുസ്സുണ്ടായില്ല. വേണു നിലപാടുകൾ മാറ്റിക്കൊണ്ടിരുന്നു. 1990ൽ പ്രതിസന്ധിയിലായപ്പോൾ അദ്ദേഹത്തിന് പാർട്ടി പിരിച്ചുവിടേണ്ടിവന്നു. കൊടുങ്ങല്ലൂർ നടന്ന യോഗത്തിൽ പാർട്ടി പിരിച്ചുവിട്ടു. ഇത് വേണുവിനു മാത്രം സംഭവിച്ച അപചയമല്ല. രണ്ടാം കേന്ദ്ര കമ്മിറ്റി എന്നു പറഞ്ഞ് ലിൻപിയാവോ ലൈൻ സ്വീകരിച്ച വിഭാഗമുണ്ട്. 1975ലെ പിളർപ്പിനു ശേഷം ഒരു വിഭാഗം നിരവധി ആക്ഷനുകൾ നടത്തി. അവർ ക്രമേണ ദുർബലമായി. ഇടതുപക്ഷ തീവ്രവാദത്തിൽനിന്ന് വലതുപക്ഷ അവസരവാദത്തിലേക്കുള്ള നീക്കം വളരെ എളുപ്പമാണ്. അത് ലോകത്ത് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്.
1987ൽ രൂപംകൊണ്ട് സി.പി.ഐ (എം.എൽ) റെഡ്ഫ്ലാഗ് 1991 ആയപ്പോൾ ജനകീയ അടിത്തറ വികസിപ്പിച്ചിരുന്നു. 2003ൽ പി.സി. ഉണ്ണികൃഷ്ണൻ, പി.ജെ. ബേബി, ജയകുമാർ, സോമശേഖരൻ, കെ.ടി. കുഞ്ഞിക്കണ്ണൻ -എല്ലാവരും ഒന്നിച്ചാണ് പാർട്ടിയിൽനിന്ന് പുറത്തുപോയി പുതിയ പാർട്ടി രൂപവത്കരിച്ചത്. നമുക്കൊരു ഗ്രൂപ്പായി നിന്ന് ഒരു എം.എൽ.എയെങ്കിലും ഉണ്ടാക്കണമെന്നാണ് അവർ അന്ന് പറഞ്ഞത്. അത് നടക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കെ.ടി. കുഞ്ഞിക്കണ്ണനും സംഘവും നേരെ സി.പി.എമ്മിൽ പോയത്. സോമശേഖരൻ, ജയകുമാർ, പി.സി. ഉണ്ണിച്ചെക്കൻ, പി.ജെ. ബേബി എന്നീ നാലുപേരാണ് പിളർപ്പ് ഉണ്ടാക്കിയത്. അവർക്ക് മറ്റു സംസ്ഥാനങ്ങളിൽ ആരെയും കിട്ടിയില്ല.
വലതുപക്ഷത്തേക്ക് സഞ്ചരിക്കുന്ന മാവോവാദികൾ
മാവോവാദികളും വലതുപക്ഷത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കോബാദ് ഗാന്ധിയുടെ സ്ഥിതി അതാണ്. അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിൽ ശരി എന്താണെന്ന് പറയുന്നില്ല. തൊഴിലാളി വർഗത്തെ സംഘടിപ്പിച്ച് രാഷ്ട്രീയവത്കരിച്ച് അധികാരം പിടിച്ചെടുക്കാനാണ് മാർക്സ് പറഞ്ഞത്. ഓരോ രാജ്യത്തെയും സാഹചര്യം അനുസരിച്ചാണ് വർഗസമരം വികസിപ്പിക്കേണ്ടത്. അത് ചെയ്യാത്തതുകൊണ്ടാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ പരാജയപ്പെടുന്നത്. ഇന്ത്യയിലെ തൊഴിലാളി വർഗത്തിന് നൂറു വർഷത്തെ ചരിത്രമുണ്ട്. എന്നാൽ, കേന്ദ്രസർക്കാറിനെതിരെ രാജ്യത്ത് കർഷകരാണ് സമരരംഗത്തിറങ്ങിയത്. അതാകട്ടെ പഞ്ചാബിലും ഹരിയാനയിലും യു.പിയിലും മാത്രമാണ്. മറ്റു സംസ്ഥാനങ്ങളിലെ കർഷകർ സമരം ഏറ്റെടുക്കുന്നില്ല. സി.പി.ഐ (എം.എൽ) പ്രസ്ഥാനങ്ങളിൽ റെഡ് സ്റ്റാർ മാത്രമാണ് ബഹുജന സമരങ്ങൾ ഉയർത്തി മുന്നോട്ടുപോകുന്നത്.
1970ൽ വയനാട്ടിൽ വർഗീസും പിന്നീട് രാജനും വിജയനും കസ്റ്റഡിയിൽ മരിച്ചപ്പോൾ കേരളീയ സമൂഹത്തിൽ വലിയ ചലനമുണ്ടായി. എന്നാൽ, മാവോവാദി നേതാവ് കുപ്പുദേവ് രാജ് കരുളായി വനമേഖലയിൽ കൊല്ലപ്പെട്ടപ്പോഴും അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടലും കേരളത്തിൽ ചലനമുണ്ടാക്കിയില്ല. സാമൂഹിക യാഥാർഥ്യങ്ങൾ തിരിച്ചറിയാതെയാണ് സമൂഹത്തിൽ മാവോവാദികൾ ഇടപെടുന്നത്. കേരളത്തിൽ ഇപ്പോഴും ജന്മി-നാടുവാഴിത്തം നിലനിൽക്കുന്നുവെന്നാണ് മുരളി കണ്ണമ്പള്ളി 'ഭൂമി, ജാതി, ബന്ധനം' എന്ന പുസ്തകത്തിൽ എഴുതിയത്. കണ്ണമ്പള്ളി ലോകമാകെ സഞ്ചരിച്ചെങ്കിലും ആശയതലത്തിൽ മാറ്റമുണ്ടായില്ല. ഇടതുപക്ഷ തീവ്രവാദ സംഘടനകളായിരുന്നു അദ്ദേഹത്തിന്റെ മോഡൽ. അവരിൽ പലരും ജനങ്ങളുമായി ബന്ധമുള്ള നേതാക്കളായിരുന്നില്ല. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് പ്രചണ്ഡ കൊൽക്കത്തയിൽ ജനകീയ പ്രവർത്തനം നടത്തിയ ആളാണ്. നേപ്പാളിന്റെ പടിഞ്ഞാറൻ പ്രദേശത്ത് ഒരു മലയുടെ മുകളിൽ ഒരു ഗ്രാമം മാത്രമേയുള്ളൂ. അവിടേക്ക് പൊലീസ് ചെല്ലുകയുമില്ല. അങ്ങനെയുള്ള പ്രദേശത്ത് ജനങ്ങളെ സംഘടിപ്പിച്ചിട്ട് നേപ്പാളിന്റെ പകുതി പിടിച്ചെടുത്തെന്ന് പ്രഖ്യാപിച്ചു. അവർക്ക് ജനകീയ ബന്ധമുണ്ടായിരുന്നു. എന്നാൽ കണ്ണമ്പള്ളി മുരളിക്ക് കേരളത്തിൽ ജനങ്ങളുമായി ബന്ധമുണ്ടായില്ല. അന്വേഷണാത്മക പഠനം നടത്തുന്നതിൽ കണ്ണമ്പള്ളി പരാജയപ്പെട്ടു. കേരളത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞിട്ടില്ല. പഠിച്ചിരുന്നെങ്കിൽ കേരളത്തിൽ ജന്മി-നാടുവാഴിത്തം നിലനിൽക്കുന്നുവെന്ന് വാദിക്കില്ല. കണ്ണമ്പള്ളിയുടെ നിലപാടുകൾ കേരളം അംഗീകരിച്ചില്ല. ഇന്ത്യ മുഴുവൻ മാവോവാദികൾ ഇതേ ആശയ പ്രതിസന്ധി നേരിടുന്നുണ്ട്. അവരുടെ ശക്തമായ കേന്ദ്രമായിരുന്നു ബസ്തർ. ഇന്ന് അവിടെ ആദിവാസികളെ സംഘടിപ്പിച്ച് പൊലീസ് ക്യാമ്പുകൾക്കെതിരെ സമരം നടത്തുന്നത് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ആണ്. ആദിവാസികളിൽനിന്ന് പുതിയ നേതൃത്വങ്ങൾ ഉണ്ടായിവരുന്നു. ഛത്തിസ്ഗഢിലെ ആദിവാസികൾ മാവോവാദികളെ തിരസ്കരിക്കുകയാണ്.
സി.പിഐ (എം.എൽ) പീപ്ൾസ് വാർ ആയിരുന്ന കാലത്ത് കൊണ്ടപ്പള്ളി സീതാരാമയ്യയാണ് പ്രസ്ഥാനത്തെ നയിച്ചത്. അദ്ദേഹത്തിന് ബഹുജന ലൈൻ ഉണ്ടായിരുന്നു. അതേസമയം, കാനായി ചാറ്റർജിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട എം.സി.സി (മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ) എന്ന സംഘടനക്ക് സൈനിക ലൈൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ലൈനിലേക്ക് ലയിക്കണം എന്നായിരുന്നു പീപ്ൾസ് വാറിൽ ഗണപതി മുന്നോട്ടുവെച്ച നിലപാട്. കമ്മിറ്റിയിൽ കൊണ്ടപ്പള്ളി സീതാരാമയ്യക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നുവെങ്കിലും ഗണപതി പാർട്ടിയെ എം.സി.സിയിൽ ലയിപ്പിച്ചു. സി.പി.ഐ (എം.എൽ) പാർട്ടി യൂനിറ്റി എന്ന ഗ്രൂപ്പിനും ബിഹാറിൽ വലിയ ജനസ്വാധീനം ഉണ്ടായിരുന്നു. അവരും ബഹുജന പ്രവർത്തനം നടത്തിയ സംഘടനയായിരുന്നു. പാർട്ടി യൂനിറ്റി മാവോവാദി പ്രസ്ഥാനത്തിൽ ലയിച്ചതോടെ പ്രതിസന്ധിയിലായി. ഈ മൂന്നു പാർട്ടികളും ലയിച്ചാണ് സി.പി.ഐ മാവോയിസ്റ്റ് രൂപവത്കരിച്ചത്.
മാവോവാദികൾ സൈനിക പ്രവർത്തനത്തിൽ മാത്രം കേന്ദ്രീകരിക്കുകയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ പാർട്ടി യൂനിറ്റിയിലെ ബഹുഭൂരിപക്ഷം സഖാക്കളും പിരിഞ്ഞുപോയി. കേന്ദ്ര സർക്കാർ നയത്തിനെതിരെ കർഷക സമരത്തിന് നേതൃത്വം നൽകിയ പ്രഫ. ദർശൻപാൽ പാർട്ടി യൂനിറ്റിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. മാവോയിസ്റ്റ് പാർട്ടിയിൽ ലയിച്ചതോടെയാണ് അദ്ദേഹം പുറത്തുപോയത്. പശ്ചിമ ബംഗാളിലെ നാരായണൻ സന്യാൽ പാർട്ടി യൂനിറ്റിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. അദ്ദേഹം ജയിലിൽ കിടന്നാണ് മരിച്ചത്. മാവോവാദികളുമായി അഭിപ്രായ വ്യത്യാസത്തിലായതിനു ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജയിലിൽവെച്ച് അദ്ദേഹം നടത്തിയ അഭിമുഖത്തിൽ മാവോവാദി നിലപാടുകളെ തിരസ്കരിച്ചിരുന്നു.
സി.പി.ഐ (മാവോയിസ്റ്റ്) പ്രസ്ഥാനം ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തമിഴ്നാട്ടിൽ വ്യാപകമായി അവരെ അറസ്റ്റ് ചെയ്തു. കർണാടകയിൽ അവശേഷിച്ചവരെ അടുത്തയിടെ കേരളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. തെലങ്കാനയിൽ ഉണ്ടായതുപോലെ മാവോവാദി പാർട്ടി എല്ലാ സംസ്ഥാനങ്ങളിലും ശിഥിലമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ബിഹാറിലും അവർ ഇല്ലാതായി. ഒഡിഷയിലും അവരുടെ സ്വാധീനം കുറഞ്ഞു. മാവോവാദികളുടെ നിലപാട് കാരണമാണ് അവരെ ഭരണകൂടം കടന്നാക്രമിക്കുന്നത്. മാവോയിസ്റ്റ് പാർട്ടിയിൽനിന്നു പുറത്തുവരുന്നവർ റെഡ് സ്റ്റാറിൽ ചേരുന്നുണ്ട്.
കേരളത്തിൽ പുതിയ സമരമുഖം തുറക്കും
ജാതിക്കെതിരായ സമരം, പരിസ്ഥിതി നാശത്തിനെതിരായ പോരാട്ടം, ലിംഗ സമത്വ സമരം എന്നിവയെല്ലാം വർഗ സമരവുമായി ചേർത്ത് കാണേണ്ടതുണ്ട്. ചരിത്രത്തിൽ ഇന്ത്യയിൽ പലയിടത്തും നടന്നത് വർണസമരമാണ്. അത് വർഗസമരമായിരുന്നു. അക്കാര്യം തിരിച്ചറിഞ്ഞത് അംബേദ്കറാണ്. അംബേദ്കർ ഒരുകാലത്തും കമ്യൂണിസ്റ്റ് വിരുദ്ധൻ ആയിരുന്നില്ല. അംബേദ്കറുടെ നിലപാട് ജാതി ഉന്മൂലനമായിരുന്നു. ഭൂമിയുടെയും വ്യവസായത്തിന്റെയും ദേശസാത്കരണമാണ് അംബേദ്കർ ആവശ്യപ്പെട്ടത്. അതായിരുന്നു അംബേദ്കറുടെ പരിപാടി. എന്നാൽ, നവ അംബേദ്കറിസ്റ്റുകൾ ജാതി ഉന്മൂലനത്തിന് പകരം സ്വന്തം ജാതി ഉറപ്പിക്കാനാണ് പ്രവർത്തിക്കുന്നത്. ജാതിയെ തിരിച്ചറിയുന്നതിൽ ഇടതുപക്ഷത്തിന് ദൗർബല്യം ഉണ്ടായിട്ടുണ്ട്. അതേസമയം, ബി.ജെ.പിയാകട്ടെ അഭ്യസ്തവിദ്യരായ ദലിതുകളെ ഏറ്റെടുക്കുകയാണ്. അവർക്കുവേണ്ടി സംഘടനയുണ്ടാക്കുകയാണ്. ദലിതുകൾക്കിടയിൽ നിരവധിയായ ഉപജാതികളുണ്ട്. ബി.ജെ.പി ഉപജാതികൾക്കെല്ലാം സംഘടന ഉണ്ടാക്കുകയാണ്. 'ജയ് ഭീം' എന്ന സിനിമ ജാതിവ്യവസ്ഥയുടെ ഭീകരത ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, അതിനു പരിഹാരം സി.പി.എം എന്നാണ് പറയുന്നത്. തമിഴ്നാട്ടിലെ അവസ്ഥ വളരെ മോശമാണ്.
കേരളത്തിൽ ദുരഭിമാനക്കൊല നടക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന ദൗർബല്യത്തിൽനിന്നാണ്. ജാതിയെ രാഷ്ട്രീയമായി എതിർക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞില്ല. കേരളത്തിൽ വലതുപക്ഷ ഹിന്ദുത്വ വാദത്തിന് പിന്തുണ കിട്ടുന്നുണ്ട്. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായിത്തീർന്നു. മാർക്സിസം ഒരു സയൻസാണ്. അതിനെ വിശ്വാസമായി കാണരുത്. മാർക്സ് മുന്നോട്ടുവെച്ചത് നിങ്ങൾ സമൂഹത്തെ വ്യാഖ്യാനിക്കുകയല്ല സമൂഹത്തെ മാറ്റിത്തീർക്കണമെന്നാണ്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായതുപോലെ ഇവിടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അപചയമുണ്ടായി. വലതുപക്ഷ വ്യതിയാനത്തിന്റെ അടിസ്ഥാനം ഇ.എം.എസ് ആണ്. 1956ൽ ഐക്യ കേരളം ഉണ്ടായതിനുശേഷം കമ്യൂണിസ്റ്റ് പാർട്ടി കമ്മിറ്റികൂടി ചില തീരുമാനങ്ങൾ എടുത്തിരുന്നു. അധികാരത്തിൽ വന്നാൽ ഭൂപരിഷ്കരണ നിയമം നടപ്പാക്കാൻ തീരുമാനിച്ചു. അതിലെ പ്രധാന തീരുമാനം സംസ്ഥാനത്തെ വിദേശ തോട്ടങ്ങൾ ഏറ്റെടുക്കണം എന്നായിരുന്നു. കൊളോണിയൽ ചൂഷണം അവസാനിപ്പിക്കണമെന്നായിരുന്നു. ഇക്കാര്യം ഇ.എം.എസ് വിശദമായി എഴുതിയിരുന്നു. സംസ്ഥാനത്ത് വിദേശകമ്പനികൾ കൈവശംവെച്ചിരിക്കുന്ന തോട്ടങ്ങൾ നയാപൈസ കൊടുക്കാതെ ഏറ്റെടുക്കാനായിരുന്നു പാർട്ടി തീരുമാനം. കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക് എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. എന്നാൽ, ഭൂപരിഷ്കരണ നിയമം നടപ്പാക്കിയപ്പോൾ ഇതെല്ലാം വിസ്മരിച്ചു. കേന്ദ്രസർക്കാർ പറഞ്ഞ സീലിങ് ആക്ട് അനുസരിച്ചാണ് നിയമനിർമാണം നടത്തിയത്. പാർട്ടിയുടെ തീരുമാനം അട്ടിമറിക്കപ്പെട്ടു. കാർഷിക വിപ്ലവത്തിനുള്ള സാധ്യത അതോടെ അടഞ്ഞു. അതെല്ലാം ചെയ്തത് ഇ.എം.എസ് ആണ്.
കേരളത്തിൽ കെ. റെയിൽ പോലുള്ള പദ്ധതികൾ സർക്കാറിന് നടപ്പാക്കാൻ കഴിയില്ല. ജനം പദ്ധതിക്കെതിരെ സമരരംഗത്തിറങ്ങും. കുടിയിറക്കുന്ന മനുഷ്യർ മാത്രമല്ല, കേരളീയസമൂഹം മുഴുവൻ പദ്ധതിക്കെതിരെ രംഗത്തു വരും. വിഴിഞ്ഞം പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകൾ രംഗത്തുവന്നെങ്കിലും ക്രൈസ്തവ സഭയാണ് അദാനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. അതിന്റെ ഫലം ഇപ്പോൾ കടൽത്തീരത്തുള്ള അവർ അനുഭവിക്കുകയാണ്. ഇപ്പോൾതന്നെ കേരളത്തിലെ പ്രകൃതി പ്രതിസന്ധിയിലാണ്. കെ. റെയിൽകൂടി നടപ്പാക്കിയാൽ കേരളം ജീവിക്കാൻ പറ്റാത്ത ലോകമായിത്തീരും. ലോകം മുഴുവൻ ഇന്ന് ചർച്ചചെയ്യുന്നത് കാലാവസ്ഥാ വ്യതിയാനമാണ്. അതിനുള്ള പരിഹാരം അന്വേഷിക്കുകയാണ്. കേരളം അതൊന്നും കേൾക്കുന്നില്ല. ഇങ്ങനെ പോയാൽ പത്തിരുപത് വർഷംകൊണ്ട് ടെമ്പറേച്ചർ ഉയരും. അതിനെ എങ്ങനെയാണ് അതിജീവിക്കുക. കാലാവസ്ഥാ വ്യതിയാനത്തിൽ കടലിലെ വെള്ളം ചൂടാവും. തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. പരിസ്ഥിതി തകർന്നാൽ കൃഷി നശിക്കും. വളരെ സമ്പന്നരായ കുറച്ചുപേർക്ക് മാത്രമേ ഇതിനെ അതിജീവിക്കാൻ കഴിയൂ. പ്രകൃതിയെ തിരിച്ചുപിടിേച്ച മതിയാകൂ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
കേരളത്തിൽ ഇപ്പോൾ കോൺഗ്രസ് ദുർബലമാകുന്നു, സി.പി.എം രാഷ്ട്രീയമായി പരാജയപ്പെടുന്നു, തീവ്ര വലതുപക്ഷം (ആർ.എസ്.എസ്) ചുവടുറപ്പിക്കുന്നു. കേരളത്തിൽ സി.പി.എം കുടുംബശ്രീയിലൂടെയാണ് കുറച്ചു പിടിച്ചുനിൽക്കുന്നത്.
കേരളത്തിലെ ആദിവാസി ഭൂപ്രശ്നമടക്കം ഏറ്റെടുക്കുന്നതിൽ സി.പി.ഐ (എം.എൽ) പ്രസ്ഥാനത്തിനും കഴിഞ്ഞില്ല. അതിനു കാരണം പാർട്ടിയുടെ ദൗർബല്യമാണ്. സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ ഇന്ത്യയിൽ ഏറെ മുന്നോട്ടുപോയി. രാജ്യത്തെ ആദിവാസിമേഖലകളിൽ സാന്നിധ്യം ഉറപ്പിച്ചു. ഞങ്ങൾ മുന്നോട്ടു പോകുകയാണ്. വിപ്ലവംതന്നെയാണ് ബദൽ, അതാണ് മാർഗവും. ആ പാതയിൽ മരണംവരെ ഉറച്ചുനിൽക്കാനാണ് തീരുമാനം.
(അവസാനിച്ചു)