Begin typing your search above and press return to search.
proflie-avatar
Login

സാഹിത്യനഗരം, സ്നേഹത്തിന്റെയും

സാഹിത്യനഗരം, സ്നേഹത്തിന്റെയും
cancel

യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ച കോഴിക്കോ​െട്ട ജീവിതാനുഭവങ്ങളും ഒാർമകളും എഴുതുകയാണ്​ മുതിർന്ന സാഹിത്യവിമർശകനും ഗവേഷകനും ഗാന്ധി ആത്മകഥാ വിവർത്തകനുമായ ലേഖകൻ. കഴിഞ്ഞ ലക്കം തുടർച്ച. എന്റെ ഗവേഷണം പുരോഗമിച്ചുകൊണ്ടിരുന്നു. കൽക്കത്ത നാഷനൽ ലൈബ്രറിയിൽ വളരെയധികം മലയാള പുസ്തകങ്ങൾ ഉണ്ട്. കേരളവർമ മലയാളത്തിലാക്കിയ ‘അക്ബറി’ന്റെ മൂലമായ ഇംഗ്ലീഷ് തർജമ അവിടെനിന്നാണ് വായിക്കാൻ കിട്ടിയത്. വാൻ ലിംബർഗ് ബ്രൂവറുടെ ഡച്ച് നോവലായ ‘അക്ബറി’ന്റെ ഇംഗ്ലീഷ് തർജമയുടെ മലയാളം തർജമയാണ് കേരളവർമയുടേത്. എം.എമ്മിന്റെ ഇംഗ്ലീഷ് തർജമ അവിടെ ഇരുന്നു ചില ദിവസങ്ങൾകൊണ്ടു വായിച്ചുതീർത്തിട്ട് അവശ്യം വേണ്ട ഭാഗങ്ങളുടെ...

Your Subscription Supports Independent Journalism

View Plans
യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ച കോഴിക്കോ​െട്ട ജീവിതാനുഭവങ്ങളും ഒാർമകളും എഴുതുകയാണ്​ മുതിർന്ന സാഹിത്യവിമർശകനും ഗവേഷകനും ഗാന്ധി ആത്മകഥാ വിവർത്തകനുമായ ലേഖകൻ. കഴിഞ്ഞ ലക്കം തുടർച്ച.

എന്റെ ഗവേഷണം പുരോഗമിച്ചുകൊണ്ടിരുന്നു. കൽക്കത്ത നാഷനൽ ലൈബ്രറിയിൽ വളരെയധികം മലയാള പുസ്തകങ്ങൾ ഉണ്ട്. കേരളവർമ മലയാളത്തിലാക്കിയ ‘അക്ബറി’ന്റെ മൂലമായ ഇംഗ്ലീഷ് തർജമ അവിടെനിന്നാണ് വായിക്കാൻ കിട്ടിയത്. വാൻ ലിംബർഗ് ബ്രൂവറുടെ ഡച്ച് നോവലായ ‘അക്ബറി’ന്റെ ഇംഗ്ലീഷ് തർജമയുടെ മലയാളം തർജമയാണ് കേരളവർമയുടേത്. എം.എമ്മിന്റെ ഇംഗ്ലീഷ് തർജമ അവിടെ ഇരുന്നു ചില ദിവസങ്ങൾകൊണ്ടു വായിച്ചുതീർത്തിട്ട് അവശ്യം വേണ്ട ഭാഗങ്ങളുടെ കോപ്പി എടുപ്പിക്കുകയായിരുന്നു. റഫറൻസ് ലൈബ്രറിയാണത്. അവിടെ ഉണ്ടായിരുന്ന കെ.എം. ഗോവിയുടെ സഹായവും കിട്ടി. ഒരു മാസത്തോളം കൽക്കത്തയിൽ താമസിച്ചു പുസ്തകങ്ങൾ വായിച്ചു വേണ്ടതു കുറിച്ചെടുക്കുകയോ കോപ്പി എടുപ്പിക്കയോ ചെയ്തുകൊണ്ട് മടങ്ങി. മദ്രാസിലെത്തി ട്രെയിൻ മാറിക്കയറാൻ ശ്രമിക്കുമ്പോൾ എം.ടിയെ കണ്ടു.

അദ്ദേഹം അവിടെ എന്തോ കാര്യത്തിനു വന്നിട്ടു മടങ്ങുകയാണെന്നു പറഞ്ഞു. ഞാൻ നാഷനൽ ലൈബ്രറിയിൽ ഗവേഷണം ചെയ്തിട്ടു വരുകയാണെന്നും പറഞ്ഞു. ഞങ്ങൾ വേറെ കമ്പാർട്മെന്റുകളിൽ കോഴിക്കോട്ടേക്കു പോന്നു. അതിനുശേഷമാണ് ‘ആദ്യത്തെ മലയാള നോവൽ’ എന്ന ലേഖനം എഴുതി ‘മാതൃഭൂമി’ വീക്കിലിക്കയച്ചത്. അതു വായിച്ചിട്ട് ‘സന്തോഷത്തോടെ പ്രസിദ്ധീകരിക്കുന്നു’ എന്ന് എം.ടി എഴുതി അറിയിച്ചു. 1979 ആഗസ്റ്റ് ഏഴിലെ വീക്കിലിയിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുംചെയ്തു. സാഹിത്യ ചരിത്രകാരനായ ടി.എം. ചുമ്മാർ അതിനെ അനുമോദിച്ചുകൊണ്ടു പ്രതികരിച്ചതും ഓർക്കുന്നു. പിന്നീട് എൻ.വി. കൃഷ്ണവാരിയർ ആവശ്യപ്പെട്ടിട്ട് ആദ്യകാല നോവലുകളെപ്പറ്റി ഒരു പരമ്പരതന്നെ വീക്കിലിയിൽ എഴുതി. അവയെല്ലാം ചേർന്ന പുസ്തകമാണ് എന്റെ ‘ആദ്യകാല മലയാള നോവൽ’.

കോഴിക്കോട്ട് എനിക്കു കിട്ടിയ സ്നേഹവും സഹായസഹകരണങ്ങളുമാണ് ഇവിടെ മുഖ്യവിഷയം. പൂർണസമയ ഗവേഷണത്തിനു ഞാൻ ചേർന്ന ശേഷം, വഴിക്കുവെച്ച് എം.എം. ബഷീറിനെ കണ്ടു. ഞാൻ യൂനിവേഴ്സിറ്റി കോളജിൽ എം.എ പ്രീവിയസിനു പഠിക്കുമ്പോൾ ബഷീർ അവിടെ ബി.എ ക്ലാസിൽ പഠിച്ചിരുന്നു. ഞങ്ങൾ പരിചയപ്പെടുകയും അടുപ്പമാകുകയുംചെയ്തിരുന്നു. ഇപ്പോൾ ഇവിടെ മലയാള വിഭാഗത്തിൽ അധ്യാപകൻ. എന്നോട് ഗവേഷണത്തിൽ സഹായിക്കാമെന്നും തന്റെ മുറിയിലേക്കു ചെല്ലാനും പറഞ്ഞു. ചെന്നപ്പോൾ ആ മുറി പങ്കിട്ടിരുന്ന സഹപ്രവർത്തകൻ ഡോ. എൻ. ഗോപിനാഥൻ നായരെ പരിചയപ്പെടുത്തി. എന്റെ ഗവേഷണത്തെ കുറിച്ചും ഞാനുമായുള്ള അടുപ്പവും പറഞ്ഞിട്ട് എന്നെ സഹായിക്കണമെന്നു പറഞ്ഞു. പിന്നീടു കണ്ടപ്പോൾ ഗോപി ഗൈഡു ചെയ്യുന്നതിൽ വിദഗ്ധനാണെന്നും വീണ്ടും വരണം, സഹായിക്കുമെന്നും ബഷീർ പറഞ്ഞു. അങ്ങനെ വീണ്ടും ചെന്നുകണ്ട് പുസ്തകങ്ങൾ സംഘടിപ്പിച്ചതും മറ്റും പറഞ്ഞു.

അധ്യായവിഭജനം, അവരുമായും അഴീക്കോടു സാറുമായും ആലോചിച്ച് ഉറപ്പിച്ചു. ഓരോ അധ്യായവും എഴുതാൻ മാറ്റർ സംഭരിക്കുന്നതിലും ക്രമീകരിക്കുന്നതിലും​ ഗോപിയുടെ നിർദേശങ്ങളും മറ്റും അത്ഭുതകരമായി തോന്നി. ചില ചോദ്യങ്ങൾക്ക്, എനിക്കുത്തരമില്ലാതെ വന്നു. അവയെല്ലാം തേടിപ്പിടിക്കാൻ പറഞ്ഞു. എന്നെക്കാൾ പ്രായം കുറഞ്ഞ ഗോപിയുടെ മുന്നിൽ ഞാനൊരു ബാലനെപ്പോലെ ആയി. ഗോപിയുടെ സഹായംകൊണ്ടാണ് തീസിസ് അത്രയും മികവുള്ളതാക്കാൻ കഴിഞ്ഞത്. എങ്കിലും ആ സഹായം മുഖവുരയിൽ രേഖപ്പെടുത്താൻ സമ്മതിച്ചില്ല. ഗൈഡ് അഴീക്കോടാണ്. അതേ പറയാവൂ. മറ്റു സഹായങ്ങൾ ചെയ്തവരെപ്പറ്റി പറയാം! അങ്ങനെ പറഞ്ഞ കൂട്ടത്തിൽ വിദേശത്തു പാർത്തിരുന്ന ഒരു നോവലിസ്റ്റിൽനിന്നു കിട്ടിയ സഹായം രേഖ​പ്പെടുത്താൻ മറന്നു. അതിന് അദ്ദേഹത്തിൽനിന്നുണ്ടായ പരിഭവവും അവഗണനയും വലുതായിരുന്നു. പുസ്തകത്തിന്റെ അടുത്ത പതിപ്പിൽ തിരുത്തി. അതു കാണാൻ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല!

നോവലുകളോ നോവലുകളായി പറഞ്ഞിരുന്നതോ ആയ 15 പുസ്തകങ്ങളാണ് 19ാം നൂറ്റാണ്ടിലേതായി കണ്ടുകിട്ടിയത്. 1877ലെ ‘ഘാതകവധം’ മുതൽ 1897ലെ ‘സുകുമാരി’ വരെയുള്ള കൃതികൾ. ‘ഘാതകവധ’മാണ് ആദ്യ മലയാള നോവലെന്ന് മേൽപറഞ്ഞ ‘മാതൃഭൂമി’ ലേഖനത്തിൽ ഞാൻ സമർഥിച്ചിരുന്നു. ‘ഘാതകവധം’ മിസിസ് സ്കോളിൻസ് ഇംഗ്ലീഷിലെഴുതിയ ‘Slayer Slain’ന്റെ തർജമയാകയാൽ ആദ്യ മലയാള നോവൽ ആകില്ലെന്ന് ഉറൂബ് ഒരു ചർച്ചാസമ്മേളനത്തിലും ഡോ. കെ.എം. ജോർജ് നേരിട്ടും ശക്തിയായി പറഞ്ഞു. ഞാനത് അംഗീകരിക്കുകയും കേരളീയ പശ്ചാത്തലത്തിൽ എഴുതപ്പെട്ട അതിന് ആദ്യത്തെ കേരളീയ നോവൽ എന്ന വിശേഷണം നൽകുകയുംചെയ്തു. ആർച്ച് ഡീക്കൻ കോശിയുടെ ‘പുല്ലേലിക്കുഞ്ചു’ (1882) ആണ് രണ്ടാമത്തെ കൃതി. മതപ്രചാരണത്തിനായി എഴുതപ്പെട്ട ഒരു ട്രാക്ട് (ലഘുഗ്രന്ഥം) മാത്രമാണത്.

നോവൽ അല്ല. അഴീക്കോട് സാറുമായാലോചിച്ച് യാഥാർഥ്യനിഷ്ഠ, യുക്തിബദ്ധത, പ്രമേയവൈപുല്യം എന്നിവയാണ് നോവലിന്റെ സവിശേഷതകളെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അവ മുൻനിർത്തിയാണ് ഗവേഷണപ്രബന്ധം രചിച്ചത്. അവയിൽ യാഥാർഥ്യനിഷ്ഠ ‘പുല്ലേലിക്കുഞ്ചു’വിലുണ്ട്. മറ്റു രണ്ടും ഇല്ല. അതു മനസ്സിലാക്കാതെ ചിലർ അതു നോവലാണെന്ന് അവകാശപ്പെട്ടു! അടുത്തത് 1887ൽ ഇറങ്ങിയ ‘കുന്ദലത’യാണ്. അപ്പു നെടുങ്ങാടിയുടെ കൃതി. എം.പി. പോൾ, അതിനു കുറവുകളുണ്ടെങ്കിലും ആദ്യ മലയാള നോവലായി അംഗീകരിക്കാൻ മടിച്ചില്ല. ലക്ഷണമൊത്ത ആദ്യ മലയാള നോവൽ ‘ഇന്ദുലേഖ’യാണെന്നും പറഞ്ഞു! അപ്പോൾ ലക്ഷണമൊത്തതും ഒക്കാത്തതുമായ നോവലുകളുണ്ടോ? ‘കുന്ദലത’ നോവൽ അല്ല, ഒരു ഗദ്യ ​റൊമാൻസ് മാത്രമാണ്. റൊമാൻസും നോവലും രണ്ടു വിഭാഗമാണ്. ആദ്യകാല മലയാള നോവലിലും മലയാള നോവൽ 19ാം നൂറ്റാണ്ടിൽ എന്ന തീസിസിലും ഇതു വ്യക്തമാക്കിയിട്ടുണ്ട്.

മേൽപറഞ്ഞ മൂന്നും അക്ബർ തർജമയും ഒഴികെയുള്ള 11 കൃതികളാണ്. 19ാം നൂറ്റാണ്ടിലെ മലയാള നോവലുകൾ എന്നുറപ്പിച്ചായിരുന്നു തീസിസ്. അതിനു വലിയ അംഗീകാരവും പ്രശസ്തിയും കൈവന്നു. അപൂർവതയുടെയും സമഗ്രതയുടെയും സൂക്ഷ്മതയുടെയും ത്രിവർണശോഭ കലർന്ന തീസിസ് എന്ന് പ്രഫ. അഴീക്കോടും (പുസ്തകത്തിന്റെ അവതാരിക) ഗവേഷണം സത്യാന്വേഷണവും സത്യവാദനം പ്രിയ വാദനവും ആകുന്ന കാഴ്ച അപൂർവമാണ്, ആ അപൂർവതയും ഞാൻ ഈ നല്ല പുസ്തകത്തിൽ കാണുന്നു എന്ന് ‘മാതൃഭൂമി’ വാരികയിലെ റിവ്യൂവിൽ ഡോ. എസ്. വേലായുധനും എഴുതി. 1980ൽതന്നെ സമർപ്പിച്ച തീസിസിന് ’81ൽ പിഎച്ച്.ഡി തരാൻ തീരുമാനിച്ചെന്ന അറിയിപ്പും ’82ൽ ഡോക്ടറേറ്റ് സർട്ടിഫിക്കറ്റും യൂനിവേഴ്സിറ്റിയിൽനിന്നു കിട്ടി. മലയാള വിഭാഗം അധ്യാപകരുടെയും വിദ്യാർഥികളുടെയും യോഗത്തിൽ അഴീക്കോട് സാറും മറ്റും എന്നെ അനുമോദിച്ചു. കോഴിക്കോട് നഗരത്തിൽ കാലിക്കറ്റ് ബുക്സ് ക്ലബ് സംഘടിപ്പിച്ച യോഗത്തിൽ എൻ.പി. മുഹമ്മദ്, കക്കാട്, ജിയോ പയ്യപ്പിള്ളി തുടങ്ങിയ പലരും അനുമോദന പ്രസംഗങ്ങൾ നടത്തി. എല്ലാം അവരുടെയൊക്കെ നന്മയും സ്നേഹവും. ഞാൻ എല്ലാറ്റിനും എല്ലാവർക്കും നന്ദിപറഞ്ഞു. അഴീക്കോടിന്റെയും എം.എം. ബഷീറിന്റെയും ഡോ. ഗോപിയുടെയും മറ്റും സഹായം എടുത്തുപറയുകയുംചെയ്തു.

ഇക്കാലത്ത് കോഴിക്കോട്ടുണ്ടായ രണ്ടു മരണങ്ങൾ ശ്രദ്ധേയമാണ്. ഉറൂബിന്റെയും പൊറ്റെക്കാട്ടിന്റെയും മരണം. ​രണ്ടുപേരുമായും എനിക്ക് അടുപ്പമുണ്ടായിരുന്നു. ഉറൂബിന്റെ മകൻ സുധാകരൻ എന്റെ വിദ്യാർഥിയാണ്. ഉറൂബ് (പി.സി. കുട്ടികൃഷ്ണൻ) ആകാശവാണിയിലായിരുന്നപ്പോൾ പ്രഭാഷണത്തിന് പലപ്രാവശ്യം എന്നെ വിളിച്ചിട്ടുണ്ട്. പ്രഭാഷണത്തിനുള്ള മാറ്റർ എഴുതിക്കൊണ്ടു ചെല്ലണം. പി.സി വായിച്ചുനോക്കി അംഗീകരിച്ചിട്ടാണ് പ്രക്ഷേപണം. 1975ൽ ആകാശവാണിയിൽനിന്നു പിരിഞ്ഞു. പിന്നീട് കുറേകാലം ‘കുങ്കുമം’ വാരികയുടെ പത്രാധിപരായി കൊല്ലത്തും അനന്തരം ‘മനോരമ’ വാരികയുടെ പത്രാധിപരായി കോട്ടയത്തും പ്രവർത്തിച്ചു.

കോട്ടയത്തുവെച്ചാണ് ഹൃദ്രോഗബാധിതനായി 1979 ജൂലൈ 10ന് ചൊവ്വാഴ്ച ഉച്ചക്ക് പി.സി അന്തരിച്ചത്. വാർത്ത റേഡിയോ വഴിക്കും മറ്റും അറിഞ്ഞ് കോഴിക്കോട്ടെ പി.സിയുടെ വീട്ടിൽ അനേകർ എത്തി. ഞാനും ചെന്നു. ‘മനോരമ’ പത്രാധിപർ മാമ്മൻ മാത്യു, ന്യൂസ് എഡിറ്റർ തോമസ് ജേക്കബ്, ഡി.സി കിഴക്കേമുറി, ചെമ്മനം ചാക്കോ തുടങ്ങി അനേകരുടെ അകമ്പടിയോടെ മൃതദേഹം രാത്രി പത്തുമണിയോടെ വീട്ടിലെത്തിച്ചു. ഞങ്ങൾ വളരെ പേർ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ 10 മണിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മൃതദേഹം ടൗൺഹാളിൽ വെക്കാനും അതിനുശേഷം ശ്മശാനത്തിൽ ശവദാഹത്തിനുശേഷം ടൗൺ ഹാളിൽതന്നെ അനുശോചന സമ്മേളനം നടത്താനും തീരുമാനിച്ചു.

ഞങ്ങൾ പിരിഞ്ഞു. ഡി.സി എന്റെ ക്ഷണം സ്വീകരിച്ച് അശോകപുരത്തെ എന്റെ വീട്ടിലേക്ക് പോന്നു. ചെമ്മനം മനോരമയുടെ ഗസ്റ്റ് ഹൗസിലേക്ക് പോയി. പിറ്റേന്ന് 10 മണിക്കു മുമ്പേ ടൗൺഹാളിനു പുറത്തും അകത്തും ആളുകൾ നിറഞ്ഞിരുന്നു. ഉറൂബിന്റെ കഥകളും നോവലുകളും ‘മാതൃഭൂമി’ വാരികയിലൂടെയോ പുസ്തകരൂപത്തിലോ വായിച്ചവർ അനേകം. അവരിൽ കഴിയുന്നവരെല്ലാം വന്ന് തടിച്ചുകൂടി. അഴീക്കോട്, പൊറ്റെക്കാട്ട്, കൃഷ്ണവാരിയർ, എം.ടി, എൻ.പി. മുഹമ്മദ്, തിക്കോടിയൻ, അക്കിത്തം, ആർ. രാമചന്ദ്രൻ, കക്കാട്, കടവനാട് കുട്ടികൃഷ്ണൻ, ചെമ്മനം തുടങ്ങിയ എഴുത്തുകാരും അല്ലാത്തവരുമായ അനേകം പ്രമുഖർ ഉണ്ടായിരുന്നു.

ഞാനും ഡി.സിയും 10 മണിക്കുതന്നെ എത്തിയിരുന്നു. അനുശോചന സമ്മേളനത്തിൽ മേൽപറഞ്ഞവരിൽ പലരും പ്രസംഗിച്ചു. അങ്ങനെ ഉറൂബ് ഓർമയായി. ‘ഉറൂബ്: വ്യക്തിയും സാഹിത്യകാരനും’ എന്നൊരു പുസ്തകം ഞാൻ തയാറാക്കിയത് 1993ൽ ഡി.സി പ്രസിദ്ധീകരിച്ചു. പൊറ്റെക്കാട്ട്, അക്കിത്തം, ഇ. കരുണാകരൻ (ഉറൂബിന്റെ മൂത്ത മകൻ), അഴീക്കോട്, ആർ. രാമചന്ദ്രൻ തുടങ്ങി ഉറൂബുമായി അടുപ്പമുള്ള മിക്കവരുടെയും മറ്റും അനുസ്മരണ​ങ്ങളോ ലേഖനങ്ങളോ അതിലുണ്ടായിരുന്നു. ഉറൂബിന്റെ നിരൂപണങ്ങളെക്കുറിച്ചാണ് ഞാനെഴുതിയത്. ബുക്ക് ക്ലബ് എഡിഷനായി ഇറങ്ങിയ ആ പുസ്തകത്തിന്റെ ഒട്ടേറെ കോപ്പികൾ വിറ്റുപോയി. രണ്ടാം പതിപ്പും ഇറങ്ങി. വലിയ എഴുത്തുകാരനായിരുന്നു ഉറൂബ്. ഒട്ടേറെ പുരസ്കാരങ്ങളും കിട്ടിയിരുന്നു.

പൊറ്റെക്കാട്ടിന്റെ മരണം 1982 ആഗസ്റ്റ് ആറിനായിരുന്നു. യാത്രയിലും നടത്തത്തിലും ആനന്ദം കണ്ടിരുന്ന അദ്ദേഹം മരണത്തിന് ഒരാഴ്ചമുമ്പ് പുതിയറ ഭാഗത്തെ ‘ചന്ദ്രകാന്തം’ എന്ന വീട്ടിൽനിന്നിറങ്ങി നഗരഹൃദയത്തിലേക്ക് നടക്കുന്നതിനിടക്ക് ഒരു പരിചയക്കാരന്റെ തോളിലേക്ക് തളർന്നുവീണു. അയാൾ അദ്ദേഹത്തെ വീട്ടിലും തുടർന്ന് ആശുപത്രിയിലും എത്തിച്ചു. ബോധക്കേടിലായ എസ്.കെ ഇടക്ക് ഒന്നുരണ്ട് പ്രാവശ്യം ഉണർന്ന് അൽപം സംസാരിച്ചതൊഴിച്ചാൽ അർധമൃത്യുവിലായിരുന്നു. എൻ.വിയുടെ വാക്കുകളിൽ ‘‘ആധുനിക വൈദ്യശാസ്ത്രത്തിന് അതിന്റെ കഴിവുകൾ പരീക്ഷിച്ചുനോക്കാൻ ഒരാഴ്ച സമയം നൽകിയശേഷം, ഐഹികജീവിതത്തിൽനിന്ന് അദ്ദേഹം നിശ്ശബ്ദം നിഷ്ക്രമിച്ചു.’’ (കുങ്കുമത്തിലെ ചരമക്കുറിപ്പ്).

 

1913ൽ ജനിച്ച ശങ്കരൻകുട്ടി (എസ്.കെ) പൊറ്റെക്കാട്ട് 16ാം വയസ്സിൽ ‘രാജനീതി’ എന്ന തന്റെ കഥ എഴുതി സ്കൂൾ മാഗസിനിൽ പ്രസിദ്ധീകരിച്ചു. 1928ൽ ആദ്യകവിതയും പ്രസിദ്ധീകരിച്ചു. മഹാകവിയാകാൻ മോഹിച്ചെങ്കിലും കഥകളാണ് കൂടുതൽ എഴുതിയത്. പിന്നീട് നോവലുകളും യാത്രാവിവരണങ്ങളും (1940കൾ മുതൽ ഇന്ത്യക്കകത്തും പുറത്തും യാത്രചെയ്യാനും യാത്രാവിവരണങ്ങൾ എഴുതാനും തുടങ്ങി. നാൽപതുകളിൽ ചെറുകഥാ സമാഹാരത്തിനും (യവനികക്കു പിന്നിൽ) നോവലിനും (വിഷകന്യക) മദ്രാസ് ഗവൺമെന്റിന്റെ പുരസ്കാരം കിട്ടി. 1962ൽ ‘ഒരു തെരുവിന്റെ കഥ’ക്ക് കേരള സാഹിത്യ അക്കാദമിയുടെയും 1972ൽ ‘ഒരു ദേശത്തിന്റെ കഥ’ക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെയും അവാർഡ് കിട്ടി. ‘ദേശത്തിന്റെ കഥ’ക്ക് ജ്ഞാനപീഠ പുരസ്കാരവും കിട്ടി. അതേതുടർന്നുള്ള സ്വീകരണങ്ങൾ പെരുകിയപ്പോൾ ജ്ഞാനപീഡനം എന്ന് അദ്ദേഹമതിനെ വിശേഷിപ്പിച്ചു!

1949 മുതൽ 18 മാസം ആഫ്രിക്കയിലും യൂറോപ്പിലും സഞ്ചരിച്ചു. ‘കാപ്പിരികളുടെ നാട്ടിൽ’, ‘ഇന്നത്തെ യൂറോപ്പ്’ തുടങ്ങിയ യാത്രാവിവരണങ്ങൾ അതിന്റെ ഫലമാണ്. 1950കളിൽ റഷ്യയിലും ചില ഏഷ്യൻ രാജ്യങ്ങളിലും പര്യടനം നടത്തി. 1962-67 കാലത്ത് തലശ്ശേരിയിൽനിന്നുള്ള പാർലമെന്റംഗമായി ഡൽഹിയിൽ പാർത്തു. അതിനിടക്കും യാത്രകളും യാത്രാവിവരണങ്ങളും ഉണ്ടായി. അദ്ദേഹത്തിന്റെ പല കൃതികളും മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ടു. 1977ൽ എല്ലാ യാത്രാവിവരണങ്ങളും ’78ൽ എല്ലാ ചെറുകഥകളും മൂന്ന് വാല്യങ്ങൾ വീതമായി പ്രസിദ്ധീകരിച്ചു.

മലയാള ഭാഷയെ അദ്ദേഹം സ്നേഹിച്ചിരുന്നു. മലയാളം അവഗണിക്കപ്പെടുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ നമുക്ക് അതിനെന്തെങ്കിലും ചെയ്യണം എന്നു മറുപടി. ആദ്യപടിയായി ഒരു അഭ്യർഥന അദ്ദേഹത്തിന്റെ ഭംഗിയുള്ള കൈയക്ഷരത്തിൽ എഴുതിച്ച് കോഴിക്കോട്ടെ പ്രമുഖ സാഹിത്യകാരന്മാരെക്കൊണ്ട് ഒപ്പിടുവിച്ച് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും പത്രക്കാർക്കുമെല്ലാം അയച്ചു. 1982 ജൂൺ 15നായിരുന്നു അത്. തുടർന്ന് പലതും ചെയ്യണമെന്നു കരുതി ഇരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ അകാല ചരമം. ഉറൂബി​ന്റേതുപോലുള്ള വലിയ അനുശോചന സമ്മേളനം എസ്.കെയുടെ കാര്യത്തിലും ഉണ്ടായി. പ്രമുഖ സാഹിത്യകാരന്മാരുടെയും മറ്റും അനുസ്മരണങ്ങളോ പഠനങ്ങളോ അടങ്ങിയ ‘പൊറ്റെക്കാട്ട് വ്യക്തിയും സാഹിത്യകാരനും’ എന്ന പുസ്തകം ഞാൻ എഡിറ്റ് ചെയ്തുകൊടുത്തത് ഡി.സി; ബുക് ക്ലബ് വഴി 1984ൽ പ്രസിദ്ധീകരിച്ചു.

പേരിന്റെ സാമ്യംകൊണ്ട് പെട്ടെന്നോർമിക്കുന്ന ഒരു സുഹൃത്ത് അടുത്തകാലത്ത് അന്തരിച്ച സുകുമാരൻ പൊറ്റെക്കാട്ടാണ്. എറണാകുളത്തും കോഴിക്കോട്ടും ‘മാതൃഭൂമി’യിൽ സബ് എഡിറ്ററോ അസിസ്റ്റന്റ് എഡിറ്ററോ ഒക്കെയായി അദ്ദേഹം പ്രവർത്തിച്ചു. ‘സുകുമാരഗീതികൾ’ എന്ന അഴീക്കോടിന്റെ അവതാരികയോടുകൂടിയ കാവ്യസമാഹാരം പ്രസിദ്ധീകരിച്ചു. വേറെയും കവിതകൾ എഴുതിയെങ്കിലും കവിയായി വേണ്ടത്ര അംഗീകാരം കിട്ടിയില്ല. ഗ്രന്ഥനിരൂപണത്തിന്റെയും മറ്റും ചാർജായിരുന്നു ‘മാതൃഭൂമി’ പത്രത്തിൽ വളരെക്കാലം. വാരാന്തപ്പതിപ്പിൽ എന്നെക്കൊണ്ട് ഒട്ടേറെ നിരൂപണങ്ങൾ എഴുതിച്ചു. നിഷ്പക്ഷവും നിഷ്‍കരുണവുമായി എഴുതി, ഞാൻ ശത്രുസമ്പന്നനുമായി!

(തുടരും)

News Summary - Kozhikod-City of literature