സാഹിത്യനഗരം, സ്നേഹത്തിന്റെയും

ബേപ്പൂരിൽ ബഷീറിന്റെ വീടിനു മുന്നിലെ സൗഹൃദം. ഡോ. എസ്. വേലായുധൻ, ബഷീർ, ബഷീറിന്റെ മകൻ, ആർ.ഇ. ആഷർ, എൻ.വി. കൃഷ്ണവാരിയർ, ഡി.സി കിഴക്കേമുറി എന്നിവർക്കൊപ്പം ഡോ. ജോർജ് ഇരുമ്പയവും
യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ച കോഴിക്കോെട്ട ജീവിതാനുഭവങ്ങളും ഒാർമകളും എഴുതുകയാണ് മുതിർന്ന സാഹിത്യവിമർശകനും ഗവേഷകനും ഗാന്ധി ആത്മകഥാ വിവർത്തകനുമായ ലേഖകൻ. കോഴിക്കോടും നഗരത്തിലെ സാംസ്കാരിക ജീവിതവും സാംസ്കാരിക രംഗത്തെ പ്രമുഖരുമെല്ലാം ഇൗ ഒാർമയെഴുത്തിൽ കടന്നുവരുന്നു.
കോഴിക്കോട്ട് വിവിധ കലാലയങ്ങളിലും യൂനിവേഴ്സിറ്റിയിലുമായി 27 വർഷവും എറണാകുളത്ത്, ആദ്യം തേവരയിലും അവസാനം മഹാരാജാസിലുമായി 10 വർഷവും ഇടക്ക് തിരുവനന്തപുരം സെന്റ് സേവ്യേഴ്സിൽ ഒരു വർഷവും പാലക്കാട് വിക്ടോറിയയിൽ നാലുമാസവും പഠിപ്പിക്കാനും അതത് നഗരങ്ങളിലും തൃശൂരും പാർക്കാനും ഇടയായി. ഏതാനും മാസം െഡപ്യൂട്ടേഷനിൽ ഡൽഹിയിലും.
ഇവയിൽ സാഹിത്യത്തിന്റെയും സ്നേഹത്തിന്റെയും നഗരമായി എനിക്കനുഭവപ്പെട്ടതും ആ നിലക്ക് ഹൃദയത്തിൽ സൂക്ഷിക്കുന്നതും കോഴിക്കോടിനെയാണ്. ‘‘തന്നിലെ എഴുത്തുകാരനെയും ഗവേഷകനെയും തോറ്റിയുണർത്തിയ കോഴിക്കോടൻ ജീവിതത്തെപ്പറ്റി പറയുമ്പോൾ ജോർജിന് ഏഴു നാവാണ്’’ എന്ന് ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ ‘ഗ്രന്ഥാലോകം’ മാസികയിൽ (നവം. 2023) എഴുതിക്കണ്ടു. എനിക്കതിൽ സന്തോഷവും അഭിമാനവും ഉണ്ട്. ജോലിസ്ഥലത്ത് അസൂയാലുക്കളുടെ കുത്തും കുതികാൽവെട്ടും കുപ്രചാരണവുമൊക്കെ ഇടക്കുണ്ടായെങ്കിലും വിദ്യാർഥികൾ, അയൽക്കാർ, എഴുത്തുകാർ, ഗവേഷകർ എന്നിവരിൽനിന്നെല്ലാം എനിക്കു സ്നേഹവും സഹായ സഹകരണങ്ങളും മാത്രമാണ് കിട്ടിയത്. എന്റെ മാതൃനഗരം കോഴിക്കോടാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഗവ. സർവിസിൽ എനിക്ക് ആദ്യം നിയമനം കിട്ടിയത് കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്തുള്ള മടപ്പള്ളി കോളജിലാണ്. വടക്കൻപാട്ടുകളുടെ നാടായ വടകരയിലെ കലാലയം. അതിനപ്പുറം മാഹിയും പിന്നെ തലശ്ശേരിയുമാണ്. വടകരയിൽ ലോകനാർകാവുപോലുള്ള പ്രശസ്ത കേന്ദ്രങ്ങൾ, പുനത്തിൽ കുഞ്ഞബ്ദുള്ളയും വി.ടി. കുമാരനും സി.പി. ശിവദാസും അവിടത്തുകാർ. ശിവദാസ് തേവരയിൽ എന്റെ സഹപ്രവർത്തകനായിരുന്നു. അവരെല്ലാം വന്നു കണ്ടു. കോളജിൽ പ്രഫ. സി.സി. ഡേവിഡായിരുന്നു പ്രിൻസിപ്പൽ. പിന്നീട് ഡോ. എ.എസ്. നാരായണപിള്ള. രണ്ടു പേരും പ്രഗല്ഭരായിരുന്നു. ഇംഗ്ലീഷ് പ്രഫസർ ഒ.ജെ. ആന്റണിയെ സി.എൽ. ആന്റണി മാസ്റ്റർ പറഞ്ഞ് എനിക്കറിയാം. നല്ല അന്തരീക്ഷം.
സാഹിത്യ താൽപര്യമുള്ള വിദ്യാർഥികൾ. സഹദേവനും ദേവരാജനും ടി.സി. മാത്യുവിനുമൊത്തായിരുന്നു താമസം. കവിയും മടപ്പള്ളി ഹൈസ്കൂൾ അധ്യാപകനുമായ വി.ടി. കുമാരന്റെ വീട് അടുത്തായിരുന്നു. അദ്ദേഹവുമൊത്ത് പ്രസംഗങ്ങൾക്കും സായാഹ്ന സവാരിക്കും പോകുമായിരുന്നു. സി.എച്ച്. ഹരിദാസും ഇ.വി. ശ്രീധരനും അവിടെ എന്റെ വിദ്യാർഥികളായിരുന്നു. സ്നേഹമുള്ള അനവധി വിദ്യാർഥികൾ അവരിൽ ചിലർ ഇപ്പോഴും വിളിക്കാറുണ്ട്. എങ്കിലും, രണ്ടു വർഷമായപ്പോൾ മടുത്തു. ഞാൻ പഠിച്ചിരുന്ന എറണാകുളം മഹാരാജാസിലേക്ക് മാറ്റംകിട്ടാൻ, തിരുവനന്തപുരത്ത് കോളജ് വിദ്യാഭ്യാസ ഡയറക്ടറെ കാണാൻ ചെന്നപ്പോൾ ഡോ. എ.എസ്. നാരായണപിള്ളയാണ് ആ കസേരയിൽ! ഞങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നു.
ആവശ്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാത്രമേ ഒഴിവുള്ളൂ. താൽപര്യമുണ്ടെങ്കിൽ ഒരപേക്ഷ തരുക. ഉടൻ മാറ്റിത്തരാം. അവിടെ െവച്ചുതന്നെ ഒറ്റവാക്യത്തിൽ അപേക്ഷ എഴുതിക്കൊടുത്തിട്ടു പോന്നു. പ്രിൻസിപ്പൽ വഴി ഔപചാരികാപേക്ഷയും അയച്ചു.
ജൂണിൽ (1968) മടപ്പള്ളിയിലെത്തിയപ്പോൾ സ്ഥലംമാറ്റ ഉത്തരവ് എന്നെ കാത്തുകിടപ്പുണ്ടായിരുന്നു. വിടുതൽ വാങ്ങി, പ്രിൻസിപ്പലിനോടും ഓഫിസ് സ്റ്റാഫിനോടും അധ്യാപകരോടുമൊക്കെ യാത്ര പറഞ്ഞിറങ്ങി. കൂടെ താമസിച്ചിരുന്നവർ യാത്രയാക്കി. പെട്ടിയുമെടുത്ത് ഞാൻ കോഴിക്കോട്ടേക്ക് ബസ് കയറി. ക്ലാസുകൾ തുടങ്ങിയിരുന്നില്ല. അതിനാൽ, കുട്ടികളെ കാണാൻ കഴിഞ്ഞില്ല. അവർ പിന്നീട് കത്തുകളയച്ചും മറ്റും ബന്ധപ്പെട്ടു. നല്ല ക്ലാസിലിരിക്കാൻ ഞങ്ങൾക്കിനി യോഗമില്ല എന്നൊരാൾ എഴുതി അറിയിച്ചു. പല പാഠങ്ങളും ആവേശത്തോടെ ഞാൻ പഠിപ്പിച്ചിരുന്നു. എൻ.വിയുടെ ‘ആനക്കാരൻ’ എന്ന കവിത ഇപ്പോഴും ഓർക്കുന്നു.
കോഴിക്കോട് മാനാഞ്ചിറ ഭാഗത്ത് ഗവ. ട്രെയിനിങ് കോളജ്-മോഡൽ സ്കൂൾ കോമ്പൗണ്ടിലാണ് അന്ന് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രവർത്തിച്ചിരുന്നത്. അങ്ങോട്ടു നടന്നുപോകാവുന്ന ദൂരത്തിൽ കണ്ണൂർ റോഡിലെ ഒരു ലോഡ്ജിൽ, എന്റെ നാട്ടുകാരനും ആകാശവാണിയിൽ ഉദ്യോഗസ്ഥനുമായിരുന്ന കെ.വി. ജോൺ പാർത്തിരുന്ന മുറിയിലെത്തി. രണ്ട് പേർക്ക് പാർക്കാൻ സൗകര്യമുള്ള മുറി. തൽക്കാലം അവിടെ കൂടാമെന്ന് ജോൺ. പുസ്തകങ്ങളും മറ്റും അവിടെ വെച്ചു. പിറ്റേന്ന് കോളജിൽ ജോലിക്കു ചേർന്നു. സീനിയർ ക്ലാസിലെ കുട്ടികൾ ഉണ്ടായിരുന്നു. ലോഡ്ജിൽ മലയാളത്തിലെ തന്നെ ദയാനന്ദൻ മാഷ് ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് കോളജിലേക്ക് പോയത്. അവിെട ബി.എ മലയാളം ഉണ്ടായിരുന്നു. സീനിയേഴ്സിന് ‘ചിന്താവിഷ്ടയായ സീത’ പഠിപ്പിക്കാൻ കിട്ടി. വേറെയും പല ക്ലാസുകൾ. സന്തോഷത്തോടെ ഞാനവയിൽ മുഴുകി.
മടപ്പള്ളി കോളജിലെ രണ്ടാം വർഷം 1967 ഡിസംബർ 27ന് എന്റെ വിവാഹം കഴിഞ്ഞിരുന്നു. ഭാര്യ എറണാകുളം വളവി കുടുംബാംഗവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് അധ്യാപികയുമായിരുന്ന തെരേസ ജെ. വളവി. ഇരിങ്ങാലക്കുടയിലേത് സിസ്റ്റേഴ്സിന്റെ വനിത കോളജാണ്.
സാഹിത്യ നിരൂപണത്തിന്റെ ഒരു ലക്കം 1985ൽ ഉപരാഷ്ട്രപതി ശങ്കർദയാൽ ശർമ ഡൽഹിയിൽ പ്രകാശനംചെയ്യുന്നു. ലേഖകനും എം.എം. ജേക്കബും സമീപം
വിവാഹം കഴിയുന്ന അധ്യാപകരെ ആ അധ്യയന വർഷാവസാനം പിരിച്ചുവിടുമായിരുന്നു. ഞാൻ ചേളന്നൂർ എസ്.എൻ കോളജധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അവിടെ ഭാര്യയുടെ വിഷയമായ ബോട്ടണിക്ക് ഒഴിവുണ്ടെന്നറിഞ്ഞു. അത് ഉറപ്പിച്ചു. 1.7.69ൽ അവിടെ ചേർന്നു. അങ്ങനെ ഞങ്ങൾ കോഴിക്കോട്ടുകാരായി. പല അനുഗ്രഹങ്ങളും എനിക്കവിടെ അനുഭവപ്പെട്ടു. 1969 ആഗസ്റ്റ് 6ന് ഞങ്ങളുടെ ആദ്യജാതൻ, ജയ്സൻ പിറന്നു, എറണാകുളത്ത് ഭാര്യാഗൃഹത്തിൽ (നരവർഗ നവാതിഥി എന്ന് അക്കിത്തം).
1969 ഒക്ടോബർ 10, 11, 12 തീയതികളിൽ ലക്ഷദ്വീപുകൾ സന്ദർശിക്കാൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വരുമെന്നും അവരുടെ ഇംഗ്ലീഷ് പ്രസംഗങ്ങൾ മലയാളത്തിലേക്ക് തർജമചെയ്യാൻ പറ്റിയ രണ്ട് അധ്യാപകരെ വേണമെന്നും കോഴിക്കോട്ടെ ലക്ഷദ്വീപ് ഓഫിസിൽനിന്നും അറിയിച്ചു. ക്രിസ്ത്യൻ കോളജിലെ എ. പത്മനാഭക്കുറുപ്പിനെയും ഗവ. കോളജിൽനിന്ന് എന്നെയുമാണ് അവർ ലക്ഷ്യമിട്ടത്. പ്രസംഗ തർജമ ശീലിച്ചിട്ടില്ലായ്കയാൽ എന്നെ ഒഴിവാക്കണമെന്ന് പറഞ്ഞു. സെപ്റ്റംബർ അവസാനമായിരുന്നു ഇത്. ഞാൻ ഒരാഴ്ച ലീവെടുത്തു നാട്ടിലേക്ക് പോയി. ചേളന്നൂർ ഭാഗത്ത് താമസ സൗകര്യം ഒരുക്കിയിട്ടാണ് പോയത്.
മിസിസിന് ലീവു കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കണം. കുട്ടിയെ നോക്കാൻ പ്രായമുള്ള ഒരു അന്നമ്മയെ എറണാകുളത്ത് സംഘടിപ്പിച്ചു. അവരെയെല്ലാം കൂട്ടി പുതിയ പൊറുതിയാരംഭിക്കാൻ ഒക്ടോബർ രാവിലെ 4ന് മലബാർ എക്സ്പ്രസിൽ കോഴിക്കോട്ടിറങ്ങിയ ഞങ്ങളെ എതിരേറ്റത് എന്റെ കോളജിലെയും ക്രിസ്ത്യൻ കോളജിലെയും ഹിന്ദി അധ്യാപകരായ രാജഗോപാലും കരുണാകരനുമാണ്. ലക്ഷദ്വീപിലെ പ്രസംഗ തർജമകൾക്ക് എന്നെ സമ്മതിപ്പിച്ച്, പത്മനാഭക്കുറുപ്പിനോടൊപ്പം അന്നുതന്നെ കൊച്ചിയിലേക്കും പിറ്റേന്ന് കപ്പൽമാർഗം ലക്ഷദ്വീപിലേക്കും വിടുകയാണ് ലക്ഷ്യം. രാത്രി ട്രെയിനിൽ ഞങ്ങൾക്ക് സ്ലീപ്പറും ബുക്ക് ചെയ്തിരുന്നു. വഴങ്ങുകയല്ലാതെ എന്തുചെയ്യാൻ?
ഞങ്ങൾ ഒരു ടാക്സിയിൽ ചേളന്നൂരിനടുത്തുള്ള വാടകവീട്ടിലേക്ക് പോയി. വലിയൊരു തറവാടിന്റെ താഴെയും മുകളിലുമുള്ള ചില മുറികളാണ് ഞങ്ങൾക്ക് തന്നത്. കാറ്റും വെളിച്ചവുമുള്ള മുറികൾ മുകളിൽ, ബാത്ത് റൂമും ഒരു മുറിയും താഴെ. ഭാര്യ തറവാട്ടുകാരുമായി പരിചയപ്പെട്ടു. അവർ എല്ലാ സഹായവും ചെയ്യാമെന്ന് ഏറ്റു. പിറ്റേന്ന് മിസിസിന് കോളജിൽ പോകണം. അന്നമ്മ കുട്ടിയെ നോക്കാനും മറ്റും കഴിവുള്ള നല്ല സ്ത്രീ. വൈകീട്ട് കുട്ടിയെ ചുംബിച്ചും എല്ലാവരോടും യാത്രപറഞ്ഞും ഞാൻ സധൈര്യം റെയിൽവേ സ്റ്റേഷനിലേക്കു പോയി. ‘അറബിക്കടലിലെ കേരളം’ എന്ന എന്റെ ലക്ഷദ്വീപു യാത്രാവിവരണത്തിൽ വിശദാംശങ്ങൾ ഉള്ളതിനാൽ ഇവിടെ വിസ്തരിക്കുന്നില്ല.
കോഴിക്കോട്ടു ചെന്നശേഷം ആദ്യം പോയിക്കണ്ടത് വൈക്കം മുഹമ്മദ് ബഷീറിനെയും പിന്നീട് കുട്ടികൃഷ്ണ മാരാരെയുമാണ്. ബഷീർ എന്റെ നാട്ടുകാരനാണെന്ന് പറയാം. തലയോലപ്പറമ്പ് ഹൈസ്കൂളിൽ പഠിച്ചിരുന്നപ്പോൾ അങ്ങോട്ടും തിരിച്ചുമുള്ള യാത്ര ബഷീറിന്റെ വീടിനു മുന്നിലെ വഴിയിലൂടെയായിരുന്നു. ആ ഭാഗത്തുവെച്ച് പലപ്പോഴും മൂപ്പരെ കണ്ടിട്ടുണ്ട്. ഹൈസ്കൂൾ പഠനവും ഒരു വർഷത്തെ കോളജ് പഠനവും കഴിഞ്ഞ്, ഒരുനാൾ തലയോലപ്പറമ്പിലെത്തിയപ്പോൾ ബഷീർ അവിടെ വീടു പണിയിക്കുന്നതായി ഒരു സ്നേഹിതൻ പറഞ്ഞു. ഞങ്ങൾ അങ്ങോട്ടു ചെന്നു. ഹൈസ്കൂളിനടുത്ത് റോഡരികിൽ.
വീടിന്റെ പെയിന്റിങ്ങും മറ്റും നടക്കുന്നു. ബഷീർ ഞങ്ങളെ കണ്ട് പല കാര്യങ്ങളും ചോദിച്ചു; ചായ വരുത്തി തന്നിട്ടാണ് വിട്ടത്. അതിനുശേഷം ഇപ്പോഴാണ് കാണുന്നത്. സന്തോഷമായി. ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ തകഴി, പൊറ്റെക്കാട്ട് തുടങ്ങി പലരുടെയും അഭിമുഖസംഭാഷണങ്ങൾ വന്നിരുന്നു. ബഷീറിന്റേത് കണ്ടില്ലല്ലോ എന്ന് ഞാൻ പറഞ്ഞു. എനിക്കും ചോദ്യാവലി കിട്ടി. എഴുതാൻ താൽപര്യം തോന്നിയില്ലെന്നും നമുക്കത് മറ്റൊരു രീതിയിൽ ചെയ്യാമെന്നും മറുപടി! അങ്ങനെ ഞങ്ങൾ വ്യത്യസ്തമായ രീതിയിൽ ഒരു അഭിമുഖ സംഭാഷണം തയാറാക്കി. ബഷീറിനെ വായിച്ചു കേൾപ്പിച്ചിട്ട് അദ്ദേഹം പറഞ്ഞ തിരുത്തലുകൾ വരുത്തി, ‘മാതൃഭൂമി’ വീക്കിലിക്കയച്ചു. എം.ടി അതേപ്പറ്റി ബഷീറിനോടു ചോദിച്ചിട്ടാണ് പ്രസിദ്ധീകരിച്ചത്.
1969 സെപ്റ്റംബർ 28ലെ ആഴ്ചപ്പതിപ്പിൽ പ്രാധാന്യത്തോടെ അത് പ്രകാശിതമായി. ബഷീറിന്റെ വെളിച്ചം കണ്ട ആദ്യ അഭിമുഖം! ഒരു തമിഴ് പ്രസിദ്ധീകരണത്തിൽ അതിന്റെ തർജമയും വന്നു. കുട്ടികൃഷ്ണമാരാരെ കുറ്റപ്പെടുത്തുന്ന ഒരാശയം ബഷീർ പറഞ്ഞത് ഞാൻ ഒഴിവാക്കിയിരുന്നു. മാരാരുടെ വശം കേൾക്കാതെ ചേർക്കരുതെന്നും തോന്നി. ബഷീർ അത് അവഗണിച്ചു. പിന്നീട് കോർട്ട് റോഡിലെ കറന്റ് ബുക്സിൽ ബഷീറിനോടൊപ്പം നിന്ന എം.ടിയെ പരിചയപ്പെട്ടു.
‘മഗ്ദലനമറിയവും വള്ളത്തോൾ കവിതയും’ എന്ന പുസ്തകം അക്കാലത്ത് ഞാൻ എഴുതിയിരുന്നു. അതിന്റെ കൈയെഴുത്തു പ്രതിയുമായാണ് കുട്ടികൃഷ്ണമാരാരെ കാണാൻ പോയത് (1969 ജനുവരിയിൽ). അതൊന്ന് വായിച്ചുനോക്കാനും ഇഷ്ടമെങ്കിൽ അവതാരികയെഴുതാനും പറഞ്ഞു. അവതാരികയെഴുത്ത് നിർത്തിയിട്ട് വളരെ ആയെന്നും വായിച്ചുനോക്കി അഭിപ്രായം പറയാമെന്നും മറുപടി. ബഷീറിനെപ്പോലെ സംഭാഷണപ്രിയനല്ല മാരാര്. അതിനാൽ വൈകാതെ പോന്നു.
ഞാൻകൂടി പത്രാധിപ സമിതിയിലുള്ള ‘കേരള ഡൈജസ്റ്റ്’ മാസിക അദ്ദേഹത്തിന് കിട്ടിയിരുന്നു. അതേപ്പറ്റി നല്ല അഭിപ്രായം പറഞ്ഞത് ഓർക്കുന്നു. കുറെ ദിവസം കഴിഞ്ഞു ചെന്നപ്പോൾ തനിക്ക് പുസ്തകം ഇഷ്ടപ്പെട്ടുവെന്നും അവതാരിക എഴുതാമെന്നും ഒരുമിച്ചിരുന്ന് വീണ്ടും വായിക്കുമ്പോൾ അഭിപ്രായങ്ങൾ പറയാമെന്നും അറിയിച്ചു. അങ്ങനെ ഏതാനും ദിവസത്തെ സൽക്കാര സമന്വിതമായ അദ്ദേഹത്തിന്റെ വായനയും അഭിപ്രായങ്ങളും കേട്ട് അവതാരികയുമായി ഞാൻപോന്നു. ആ പുസ്തകം 1970ൽ കോഴിക്കോട്ടെ നവകേരള പബ്ലിഷേഴ്സ് ഇറക്കി. രണ്ടാം പതിപ്പ് എൻ.ബി.എസ് വഴി 1975 ലും ഇറങ്ങി.
ഗവ. ട്രെയിനിങ് കോളജ് കോമ്പൗണ്ടിലായിരുന്നു ഞങ്ങളുടെ കോളജെന്ന് പറഞ്ഞല്ലോ. ആ ട്രെയിനിങ് കോളജിന്റെ പ്രിൻസിപ്പൽ പ്രഫ. കരിമ്പുഴ രാമകൃഷ്ണനായിരുന്നു. മുമ്പ് തലശ്ശേരിയിലും മഹാരാജാസിലുമൊക്കെ അദ്ദേഹം മലയാളം പ്രഫസറായിരുന്നു. സംസ്കൃതത്തിലും പ്രാചീന സാഹിത്യത്തിലും പണ്ഡിതൻ. കവിതകൾ പലതും ഓർമയിലുണ്ട്. അദ്ദേഹത്തെ കണ്ടു പരിചയപ്പെട്ടു. പിന്നീട്, കവിയും ആധുനിക സാഹിത്യത്തിന്റെ വക്താവും ക്രിസ്ത്യ ൻ കോളജിലെ മലയാളാധ്യാപകനും പ്രൈവറ്റായി ഇംഗ്ലീഷ് എം.എക്ക് ചേരാൻ പഠിച്ചിരുന്ന അധ്യാപകർക്ക് വീട്ടിൽ വൈകീട്ട് ക്ലാസെടുത്തിരുന്ന ആളുമായ ആർ. രാമചന്ദ്രനുമായി പരിചയപ്പെട്ടു. ഒട്ടേറെ വായിച്ചിട്ടുള്ള ആൾ. മഹാരാജാസിൽ ജിയുടെയും സി.എൽ. ആന്റണിയുടെയും മറ്റും ശിഷ്യനായിരുന്നു.
അദ്ദേഹത്തിന്റെ കോലായയിൽ പലരും ഒത്തുകൂടി സാഹിത്യ ചർച്ചകൾ, ഞായറാഴ്ചകളിൽ നടത്തിയിരുന്നു. എൻ.എൻ. കക്കാട്, എം.ജി.എസ്. നാരായണൻ, എൻ.പി. മുഹമ്മദ്, ആർട്ടിസ്റ്റ് നമ്പൂതിരി, ഡോ. ടി.കെ. രവീന്ദ്രൻ, അക്കിത്തം, പി.എം. നാരായണൻ എന്നിവർ അതിൽ പങ്കെടുത്തിരുന്നു. ഓരോ അംഗത്തിന്റെയും വീട്ടിൽ മാറിമാറി ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒത്തുചേർന്ന് സന്ധ്യവരെ ചർച്ച എന്ന രീതിയിലേക്ക് അതു മാറിയിരുന്നു. 1965ൽ തുടങ്ങിയ കോലായ അംഗങ്ങളുടെ എണ്ണം കുറഞ്ഞ് ശോഷിച്ചിരുന്നു. അതിന്റെ ആദ്യഘട്ടം 1969-70ഓടെ കഴിഞ്ഞു. ഞാൻ മാസ്റ്ററെ പരിചയപ്പെടുന്നത് 1971ലാണ്. അദ്ദേഹം എന്നെ േകാലായയിലേക്ക് ക്ഷണിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് തളിയിലെ മാസ്റ്ററുെട വീട്ടിൽ ഞാൻ ചെന്നു.
കക്കാടും പി.എം. നാരായണനുമുണ്ട്. മാസ്റ്ററുടെ അനുജൻ ആർ. വിശ്വനാഥനും ഉണ്ടായിരുന്നു എന്നാണോർമ. അദ്ദേഹം ദേവഗിരി കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. പിന്നീട് യൂനിവേഴ്സിറ്റിയിൽ ജോലി കിട്ടി. പി.എം. നാരായണൻ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥൻ. കക്കാടിന്റെ ബന്ധു. കവി. കക്കാടിനെ ആകാശവാണിയിൽവെച്ച് േജാൺ പരിചയപ്പെടുത്തിയിരുന്നു. ഒരു പ്രഭാഷണത്തിന് ചെന്നപ്പോൾ, അന്ന് അവിടെ ഉണ്ടായിരുന്ന ഉറൂബിനെയും അക്കിത്തത്തെയും കെ.എ. കൊടുങ്ങല്ലൂരിനെയും പരിചയപ്പെട്ടു.
ജോർജ് ഇരുമ്പയം എം.കെ. സാനുവിനും വി.ആർ. കൃഷ്ണയ്യർക്കുമൊപ്പം. വി.ആർ. കൃഷ്ണയ്യരുടെ വീട്ടിലെ ഒരു കൂടിക്കാഴ്ച
കോലായയുടെ അംഗബലം കൂട്ടുന്ന ആശയം ഞാൻ പറഞ്ഞു. എല്ലാവരും ആലോചിച്ച് കെ. ഗോപാലകൃഷ്ണനെയും ഉണ്ണികൃഷ്ണൻ ചേലേമ്പ്രയെയും എന്റെ സഹപ്രവർത്തകൻ എൻ.എം. നമ്പൂതിരിയെയും ക്ഷണിച്ചു. ഞങ്ങളുടെ കോളജ് മീഞ്ചന്തയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഞങ്ങളുടെ താമസം 1971-72 കാലത്ത് ചേളന്നൂരുനിന്ന് സിറ്റിയിൽ ക്രിസ്ത്യൻ കോളജിനടുത്തേക്കും മാറ്റി. 1970ൽ ഞങ്ങൾക്ക് രണ്ടാമതൊരു മകനും (ജീസസ്) 72ൽ ഒരു മകളും (സിന്ധു) കൂടി നവാതിഥികളായി വന്നു. മൂത്തയാളെ വാടകവീട്ടിനടുത്തുള്ള നഴ്സറിയിൽ ചേർത്തു. താമസസ്ഥലത്തുനിന്ന് കണ്ണൂർ റോഡിലേക്കും വയനാട് റോഡിലേക്കും ഇറങ്ങാം. ഇറങ്ങുന്നിടത്ത് ബസ്‍ സ്റ്റോപ്പും. കുട്ടികളെ നോക്കാൻ പറ്റിയ പ്രായമുള്ള മറ്റൊരു സ്ത്രീയെ കിട്ടിയതുകൊണ്ട് പ്രശ്നമില്ല. എനിക്ക് ഞായറാഴ്ച കോലായക്ക് പോകാനും സൗകര്യം. എന്റെ വീട്ടിലും കോലായ പല പ്രാവശ്യം നടത്തി.
രണ്ടാംഘട്ട കോലായ 1971-74 കാലത്തായിരുന്നു. അതിൽ പാതിയോളം കാലം വീടുകളിൽ കൂട്ടിയിട്ട് അളകാപുരി ഉടമ രാധാകൃഷ്ണനോട് അവിടെ വൈകീട്ട് ഏതെങ്കിലും മുറിയിലോ ഹാളിലോ കുറേ സമയം കൂടിയിരുന്നു ചർച്ചചെയ്യാൻ സമ്മതം ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. ചായയും മറ്റും കഴിക്കുന്നതിന്റെ ചാർജ് കൊടുത്താൽ മതി. അത് വലിയ സൗകര്യമായി. ആശാൻ കവിത മുതൽ ആധുനിക കവിത വരെ വള്ളത്തോൾ, ചങ്ങമ്പുഴ, ജി. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, പി. കുഞ്ഞിരാമൻ നായർ എന്നിവരേതടക്കം സംഭാവനകളെപ്പറ്റിയാണ് അക്കാലത്ത് ചർച്ച ചെയ്തത്. വായിച്ച ഓർമവെച്ചായിരുന്നു ചർച്ചകൾ. ഞാനോ പി.എം. നാരായണനോ അവ കുറിച്ചെടുക്കും. എല്ലാവരെയും വായിച്ചു കേൾപ്പിച്ചിട്ട് ചിലത് ‘സമീക്ഷ’യിലോ ‘കേരള കവിത’യിലോ ‘മലയാളനാട്ടി’ലോ പ്രസിദ്ധീകരിക്കും.
പിന്നീട് ഞങ്ങൾതന്നെ കോലായ ദ്വൈമാസിക തുടങ്ങി ചർച്ചകൾ അതിൽ പ്രസിദ്ധീകരിച്ചു. ഒരുവർഷം, 1973 നവംബർ-ഡിസംബർ മുതൽ ’74 നവംബർ-ഡിസംബർ വരെ അത് നടത്തി. അതോടെ രണ്ടാം ഘട്ടംകഴിഞ്ഞു. അതിനിടക്കുണ്ടായ ഒരു രസികൻ സംഭവം: അളകാപുരിയിൽ വൈലോപ്പിള്ളിക്കവിത ചർച്ചചെയ്യുന്നതിനിടക്ക് കുഞ്ഞുണ്ണി മാഷ് വരുകയും ആശാന്റെയും വള്ളത്തോളിന്റെയും കൂട്ടത്തിൽ ഉള്ളൂരിനുള്ള സ്ഥാനമാണ് ജിയുടെയും പിയുടെയും കൂട്ടത്തിൽ വൈലോപ്പിള്ളിക്ക് എന്നു പറയുകയും ചെയ്തു. ആ ചർച്ച ‘മലയാളനാട്ടി’ലാണ് വന്നത്. താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് അടുത്ത ലക്കത്തിൽ കുഞ്ഞുണ്ണി മാഷ് എഴുതി. പറഞ്ഞതുകേട്ട ഞങ്ങൾ അഞ്ചാറുപേർ ഒപ്പിട്ടയച്ച മറുപടി മലയാളനാട് പ്രസിദ്ധീകരിച്ചില്ല.
അത് വി.ബി.സി നായരുടെ മായാവിലാസം! അതായിരുന്നു അവരുടെ പത്രമര്യാദ. താൻ പറഞ്ഞത് ഞങ്ങൾ സമ്മതിച്ചു എന്ന ധാരണയിൽ കുഞ്ഞുണ്ണി വീണ്ടും കോലായയിൽ വന്നു. രാമചന്ദ്രൻ മാഷ് അതേപ്പറ്റി ചോദിച്ചതോടെ അദ്ദേഹം വിഷണ്ണനായി ഇറങ്ങിപ്പോയി. കോലായ രണ്ടിന്റെ ആമുഖത്തിൽ ആളിന്റെ പേര് പറയാതെ അതേപ്പറ്റി മാഷ് എഴുതിയിട്ടുണ്ട്; കോലായയുടെ പ്രതികരണമായിട്ട്. രണ്ടാം ഘട്ടത്തിലെ ചർച്ചകളിൽ ഇടക്ക് വല്ലപ്പോഴുമൊക്കെ അക്കിത്തവും എൻ.പി. മുഹമ്മദും എം.ജി.എസും പങ്കെടുത്തിരുന്നു.
രണ്ടു ഘട്ടത്തിലെയും ചർച്ചകൾ ചേർത്ത്, കോലായ ചർച്ചകൾ എന്ന പേരിൽ പി.എം. നാരായണൻ എഡിറ്ററായി 2010ൽ കറന്റ് ബുക്സ് തൃശൂർ ഇറക്കിയിട്ടുണ്ട്. വായനക്കാർക്ക് ബോധ്യമാകും അതിന്റെ മേന്മയെന്ന് കരുതുന്നു. എം. ഗോവിന്ദന്റെ ‘സമീക്ഷ’യുമായി ‘കോലായ’ക്കു നല്ല ബന്ധമായിരുന്നു. ‘സമീക്ഷ’യുടെ ഒരു ലക്കം അളകാപുരിയിലെ കോലായയിൽ ആർ. രാമചന്ദ്രനാണ് പ്രകാശനം ചെയ്തത്. എറണാകുളത്തുനിന്ന് ‘സമീക്ഷ’യുടെ കോപ്പികളുമായി വന്ന എം.വി. ദേവനും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. കോലായക്ക് ‘പടിഞ്ഞാറ്റ’യെന്ന ഹാസ്യാനുകരണം ചമച്ച കൽപറ്റ നാരായണനടക്കം പല പ്രഗല്ഭരും അവിടെ എന്റെ വിദ്യാർഥികളായിരുന്നു.
1971ലാകണം സുകുമാർ അഴീക്കോട് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ മലയാളം പ്രഫസറായി വന്നു. അദ്ദേഹത്തിന്റെ കീഴിൽ ആദ്യകാല മലയാള നോവലുകളെപ്പറ്റി ഗവേഷണം ചെയ്യാനാഗ്രഹിച്ചു ഞാൻ ചെന്നു. മുമ്പ് സി.എൽ. ആന്റണി മാസ്റ്ററുടെ കീഴിൽ അദ്ദേഹം നിർദേശിച്ച ഭാഷാശാസ്ത്രപരമായ ഒരു ഗവേഷണത്തിന് ഞാൻ ശ്രമിച്ചെങ്കിലും എന്റെ വഴി അതല്ലാഞ്ഞതുകൊണ്ടാവാം നടന്നില്ല. അഴീക്കോട് സാറുമായാലോചിച്ച് മലയാള നോവൽ 19ാം നൂറ്റാണ്ടിൽ എന്ന് ഗവേഷണവിഷയം സുനിശ്ചിതമാക്കി. 1972ൽ പാർട്ട് ടൈം ഗവേഷണത്തിന് എനിക്ക് രജിസ്ട്രേഷൻ കിട്ടി. പ്രധാനം അധ്യാപനംതന്നെ. ഇടക്ക് യൂനിവേഴ്സിറ്റിയിൽ പോയി രജിസ്റ്ററിൽ ഒപ്പിടും. അക്കാലത്തെ നോവലുകളെല്ലാം കണ്ടെത്തുകയാണ് ആദ്യപടി.
അതിനുള്ള ശ്രമങ്ങളും പഠിപ്പിക്കലും കോലായയും മറ്റും നടക്കുന്നതിനിടക്ക് 1974 ജൂലൈ മാസത്തിൽ, പുതിയറയിൽ പുതുതായി തുടങ്ങിയ മഹാറാണി ഹോട്ടലിൽ അതിന്റെ പബ്ലിസിറ്റി ഓഫിസറായോ മറ്റോ എത്തിയിരുന്ന പാലാ കെ.എം. മാത്യു കോഴിക്കോട്ടെ എഴുത്തുകാരുടെയും അറിയപ്പെടുന്ന വായനക്കാരുടെയും പുസ്തകപ്രേമികളുടെയും ഒരു യോഗം വിളിച്ചു. മാത്യു മനോരമയിലെ ജോലി രാജിവെച്ചിട്ടാണ് കോട്ടയത്തുനിന്ന് അവിടെ എത്തിയത്. അളകാപുരിയിലാണ് ഇത്തരം യോഗങ്ങൾ നടന്നിരുന്നത്. ആ സ്ഥാനേത്തക്ക് മഹാറാണിയെ ഉയർത്താൻ നടത്തിയ ശ്രമം ആകാം. സുകുമാർ അഴീക്കോട്, എം.ടി. വാസുദേവൻ നായർ, എൻ.എൻ. കക്കാട്, മേയറായിരുന്ന അഡ്വ. എ. ശങ്കരൻ, തെരുവത്തു രാമൻ തുടങ്ങി അനേകം പേർ അതിൽ പങ്കെടുത്തു.
മഹാറാണിയിലെ വലിയ ഹാളിലായിരുന്നു സമ്മേളനം. മാസംതോറും അവിടെ കൂടി പ്രധാനപ്പെട്ട പുതിയ പുസ്തകങ്ങളെപ്പറ്റി ചർച്ചചെയ്യുക എന്ന ആശയം മാത്യു അവതരിപ്പിച്ചു. പുസ്തകമോ പ്രാധാന്യമുള്ള ഏതെങ്കിലും വിഷയമോ ആധാരമാക്കി ഒരാൾ പ്രബന്ധം അവതരിപ്പിക്കുകയോ പ്രസംഗം നടത്തുകയോ ആകാം. മറ്റുള്ളവർ അതിൽ പങ്കെടുത്തു പ്രസംഗിക്കുകയോ ചോദ്യങ്ങൾ ചോദിക്കുകയോ വേണം. പുസ്തകമാണ് വിഷയമെങ്കിൽ മറ്റുള്ളവരും അതു വായിച്ചിട്ടുവരണം. പുതിയ, നല്ല, പുസ്തകങ്ങൾക്ക് മുൻതൂക്കം നൽകുകയാൽ കാലിക്കറ്റ് ബുക്ക് ക്ലബ് എന്ന് പേരിട്ട് സുകുമാർ അഴീക്കോട് പ്രസിഡന്റും പാലാ കെ.എം. മാത്യു സെക്രട്ടറിയുമായി ഒരു സാഹിത്യ സാംസ്കാരിക സംഘടന തുടങ്ങി.
തെരുവത്ത് രാമനെയോ മറ്റോ വൈസ് പ്രസിഡന്റായും എന്നെ ജോയന്റ് സെക്രട്ടറിയായും െവച്ചു. ഗവേഷണവും മറ്റുമുള്ളതിനാൽ എന്നെ ഒഴിവാക്കണമെന്ന് പറഞ്ഞെങ്കിലും അഴീക്കോടിന്റെ നിർബന്ധത്തിന് വഴങ്ങിയതാണ്. പല പ്രമുഖരുമടങ്ങുന്ന കമ്മിറ്റിയും രൂപവത്കരിച്ചു. എം.ടി ഇത്തരം കാര്യങ്ങളിൽനിന്ന് വിട്ടുനിന്ന് എഴുത്തിലും ‘മാതൃഭൂമി’ വീക്കിലിയിലെ ജോലിയിലും മാത്രം ശ്രദ്ധിച്ചിരുന്നതിനാൽ കമ്മിറ്റിയിലോ മറ്റോ പേരുവെക്കാൻ സമ്മതിക്കയോ പിന്നീട് വരുകയോ ചെയ്തില്ല. മാസംതോറും സമ്മേളനങ്ങൾ നടന്നുകൊണ്ടിരുന്നു. മാത്യുവിനു വേറെയും തിരക്കുകൾ വന്നപ്പോൾ സെക്രട്ടറിയുടെ ജോലി എന്റെ തലയിലായി.
വർഷംതോറും ഭാരവാഹികളെ തിരഞ്ഞെടുക്കാൻ നിശ്ചയിച്ചിരുന്നു. അഴീക്കോടു സാർ അടുത്ത വർഷവും തുടർന്നു. സെക്രട്ടറിയായി എന്നെ നിശ്ചയിച്ചു. ഒരു വർഷം ആ നിലയിൽ പ്രവർത്തിച്ചിട്ട് അധ്യാപന-ഗേവഷണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചു. അതിന്റെ മീറ്റിങ്ങുകൾക്കു മാത്രം പോകും. അങ്ങനെയിരിക്കെ 1977ൽ മുഴുവൻ സമയം (ഫുൾടൈം) ഗവേഷണത്തിന് എനിക്ക് യു.ജി.സിയുടെ ഫെല്ലോഷിപ് (എഫ്.ഐ.പി) കിട്ടി. അതനുസരിച്ച് ഗവ. സർവിസിൽനിന്ന് െഡപ്യൂട്ടേഷനായി കാലിക്കറ്റ് യൂനിവേഴ്സിറ്റി മലയാള വിഭാഗത്തിൽ ചെന്ന് അഴീക്കോട് സാറിന്റെ കീഴിലെ ഗവേഷണം പൂർണ സമയമാക്കി തുടർന്നു. സജീവമായി അതിൽ മുഴുകി. അതിനിടക്ക് അശോകപുരത്ത് അൽപം സ്ഥലം വാങ്ങി ഒരു വീട് പണിയിച്ചു താമസമാക്കി.
1980 വരെ മൂന്നു വർഷത്തേക്കായിരുന്നു ഫെലോഷിപ്. ആദ്യം ചെയ്യേണ്ടത് 19ാം നൂറ്റാണ്ടിൽ മലയാളത്തിലുണ്ടായ നോവലുകളെല്ലാം തേടിപ്പിടിക്കുകയാണ്. അക്കാലത്തെ നോവലുകൾ (ചന്തുമേനോന്റെയും സി.വിയുടെയും ഒഴികെ കൈയിലുള്ളവർ അറിയിക്കണമെന്ന് കാണിച്ച് പത്രക്കുറിപ്പിറക്കിയും ഗ്രന്ഥശാലകളിൽ പരതിയും നടക്കുമ്പോൾ മലയാളത്തിലെ സാമൂഹിക നോവലുകളെക്കുറിച്ച് കേരള യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് കിട്ടിയ ഒരു ഗവേഷണ പ്രബന്ധത്തിൽ 19ാംനൂറ്റാണ്ടിലെ ഒരു നോവലിനെപ്പറ്റി എഴുതിക്കണ്ടു. ആ പ്രബന്ധകാരനെ കണ്ടുപിടിച്ച് ആ പുസ്തകം കാണാനും പറ്റിയാൽ കോപ്പിയെടുക്കാനും വന്നതാണെന്ന് പറഞ്ഞു. താനത് കണ്ടിട്ടില്ലെന്നായിരുന്നു മറുപടി! പിന്നെങ്ങനെ അതേപ്പറ്റി എഴുതി എന്നു ചോദിച്ചപ്പോൾ മറ്റൊരിടത്ത് എഴുതിക്കണ്ടത് ഉപയോഗിച്ചെന്ന് പറഞ്ഞു.
എന്നെ നടുക്കിയ മറുപടിയായിരുന്നു അത്. കാണുകയോ വായിക്കുകയോ ചെയ്യാത്ത പുസ്തകത്തെപ്പറ്റി ആധികാരികമായി എഴുതുക. അങ്ങനെയാകരുത് എന്റെ എഴുത്തെന്ന് ശപഥംചെയ്തു. ഫെലോഷിപ്പിൽ ശമ്പളം നിലനിർത്തുന്നതിനു പുറമെ വിവരശേഖരണത്തിനുള്ള യാത്രകൾക്കും താമസത്തിനും മറ്റുമായി ഒരു തുക അനുവദിച്ചിരുന്നു. അതുപയോഗിച്ച് കൽക്കത്ത, മദ്രാസ്, ബോംബെ നാഷനൽ ലൈബ്രറികളിലും കണ്ണിമറ (മദ്രാസ്) പബ്ലിക് ലൈബ്രറിയിലും തിരുവനന്തപുരം മുതൽ തലശ്ശേരി വരെയുള്ള പ്രധാനപ്പെട്ട ഗ്രന്ഥാലയങ്ങളിലും ബാംഗ്ലൂരെ ഒരു സി.എസ്.ഐ ലൈബ്രറിയിലും അതതിടങ്ങളിൽ ദിവസങ്ങളോ ആഴ്ചകളോ താമസിച്ചു വിവരങ്ങൾ ശേഖരിക്കുകയും പുസ്തകങ്ങളും പത്രമാസികകളും പരിശോധിച്ച് കുറിപ്പോ കോപ്പിയോ എടുക്കുകയുംചെയ്തു.
ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽനിന്നും (ഇപ്പോൾ ബ്രിട്ടീഷ് ലൈബ്രറി) സ്വിറ്റ്സർലൻഡിലെ ബാസൽ മിഷൻ ലൈബ്രറിയിൽനിന്നും പുസ്തകപ്പകർപ്പുകൾ വരുത്തി. അങ്ങനെ അക്കാലത്തെ നോവലുകൾക്കു പുറമെ അമൂല്യമായ ചില രേഖകളും സമ്പാദിക്കാൻ കഴിഞ്ഞു. അവയിൽ പ്രധാനം ചെറുപൈതങ്ങൾക്ക് ഉപകാരാർഥം ഇംഗ്ലീഷിൽനിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ എന്ന 1824ൽ കോട്ടയത്തിറങ്ങിയ അച്ചടിയുടെ ചരിത്രം തിരുത്തിയ പുസ്തകമാണ്.
കോട്ടയത്ത് െബഞ്ചമിൻ ബെയിലി 1821ൽ സ്ഥാപിച്ച സി.എം.എസ് പ്രസിൽ അച്ചടിച്ചിറക്കിയ പുസ്തകം ബ്രിട്ടീഷ് മ്യൂസിയത്തിലെ മലയാള പുസ്തകങ്ങളുടെ കാറ്റലോഗിൽനിന്നറിഞ്ഞ് ആ പുസ്തകത്തിന്റെ ആദ്യ ഭാഗം, ഏതാണ്ട് പാതിയോളം ഭാഗം കോപ്പി എടുപ്പിച്ചു. ടൈറ്റിൽ പേജ് ആദ്യമാണല്ലോ. പുസ്തകം മുഴുവൻ വരുത്തി എഡിറ്റ് ചെയ്തിറക്കാൻ കഴിയുമായിരുന്നു. അത് െബഞ്ചമിൻ ബെയിലിയെപ്പറ്റി പഠിക്കുന്നവർ ചെയ്യട്ടെ എന്നു വിചാരിച്ചു. 1929ൽ ബെയിലി തർജമ ചെയ്തിറക്കിയ, ഇതേ പ്രസിൽ അച്ചടിച്ച, ബൈബിൾ പുതിയ നിയമം ആണ് കേരളത്തിൽ ആദ്യം അച്ചടിച്ചിറക്കിയ മലയാള കൃതിയെന്നാണ് ചരിത്രകാരന്മാർ പറഞ്ഞിരുന്നത്. ഈ കണ്ടെത്തലോടെ ആദ്യസ്ഥാനം ഈ ബാലസാഹിത്യ കൃതിക്കു കിട്ടി.
1980 ജൂലൈ 13ലെ ‘മാതൃഭൂമി’ വാരാന്തപ്പതിപ്പിൽ ഇതേപ്പറ്റി ഞാനൊരു ലേഖനം എഴുതുകയും ഈ കണ്ടെത്തൽ വാർത്ത അതിനുമുമ്പേ മാധ്യമങ്ങൾക്കു നൽകുകയും ചെയ്തിരുന്നു. മറ്റൊരു കണ്ടെത്തൽ പ്രഥമ ക്രൈസ്തവ പരിഷ്‍കരണ നോവൽ എന്നും ആദ്യ ലത്തീൻ സമുദായ നോവൽ എന്നും വിശേഷിപ്പിക്കാവുന്ന, 1906ൽ കൊച്ചിയിൽ പ്രസിദ്ധീകരിച്ച, വാര്യത്ത് ചോറി പീറ്ററുടെ പരിഷ്‍കാര വിജയമാണ്. അതിന്റെ കോപ്പിയും ബ്രിട്ടീഷ് മ്യൂസിയത്തിൽനിന്നാണ് കിട്ടിയത്. പേരിലെ ചോറി; സേവ്യറിന്റെ തത്ഭവമാണ്. ഈ നോവൽ എഡിറ്റുചെയ്ത് പഠനത്തോടെ, ആദ്യ പതിപ്പിറങ്ങിയതിന്റെ നൂറാം വർഷം, എറണാകുളത്തെ സെന്റ് പോൾസ് വഴി പ്രസിദ്ധീകരിച്ചു. അതിന്റെ അടുത്ത പതിപ്പ് കോഴിക്കോട്ടെ മീഡിയ ഹൗസ് 2013ൽ ഇറക്കി.