പിതൃദായക കേന്ദ്രീകൃത ജനാധിപത്യ സംവിധാനങ്ങൾക്ക് കുടുംബശ്രീയുടെ ‘ബൈപാസ്
കുടുംബശ്രീയുടെ ഉദ്ഭവത്തെയും വളർച്ചയെയും എങ്ങനെയാണ് കാണേണ്ടത്? മുതലാളിത്ത സംവിധാനത്തിന്റെ ഭാഗമാണോ അതോ കേന്ദ്രീകൃതമായ മുതലാളിത്തത്തിന് ബദലായി അവതരിപ്പിക്കപ്പെടുന്ന വികേന്ദ്രീകൃത വികസന പരിപ്രേക്ഷ്യത്തിന്റെ ആവിഷ്കാരമാണോ? പിതൃദായക ക്രമത്തിന്റെ പിടിയിലുള്ള കേന്ദ്രീകൃത ജനാധിപത്യ സംവിധാനങ്ങൾ സ്ത്രീ പ്രാതിനിധ്യത്തിന് പ്രാധാന്യം നൽകാത്ത സാഹചര്യത്തിൽ അതിനെ ബൈപാസ് ചെയ്യുന്ന സംവിധാനമായി വേണമോ കുടുംബശ്രീയെ കാണാൻ?...
Your Subscription Supports Independent Journalism
View Plansകുടുംബശ്രീയുടെ ഉദ്ഭവത്തെയും വളർച്ചയെയും എങ്ങനെയാണ് കാണേണ്ടത്? മുതലാളിത്ത സംവിധാനത്തിന്റെ ഭാഗമാണോ അതോ കേന്ദ്രീകൃതമായ മുതലാളിത്തത്തിന് ബദലായി അവതരിപ്പിക്കപ്പെടുന്ന വികേന്ദ്രീകൃത വികസന പരിപ്രേക്ഷ്യത്തിന്റെ ആവിഷ്കാരമാണോ? പിതൃദായക ക്രമത്തിന്റെ പിടിയിലുള്ള കേന്ദ്രീകൃത ജനാധിപത്യ സംവിധാനങ്ങൾ സ്ത്രീ പ്രാതിനിധ്യത്തിന് പ്രാധാന്യം നൽകാത്ത സാഹചര്യത്തിൽ അതിനെ ബൈപാസ് ചെയ്യുന്ന സംവിധാനമായി വേണമോ കുടുംബശ്രീയെ കാണാൻ? ^വിശകലനവും നിരീക്ഷണവും.
വികസന സങ്കൽപനങ്ങളിൽ എങ്ങനെ കുടുംബശ്രീയെ പ്രതിഷ്ഠിക്കാം എന്നുള്ളത് വളരെ ഗൗരവമായി കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. ഏറ്റവും ചുരുങ്ങിയത് രണ്ടുതരത്തിൽ കുടുംബശ്രീയെയും അതിന്റെ ആശയതലത്തെ ചൊല്ലിയുള്ള സംവാദങ്ങളെയും പ്രശ്നവത്കരിക്കാം. മുതലാളിത്ത സംവിധാനത്തിന്റെ ഭാഗമായി നില്ക്കുന്ന സാമൂഹിക ഇടപെടലാണ് കുടുംബശ്രീ എന്ന കാഴ്ചപ്പാടാണ് ഒന്നാമത്തേത്. നവ ഉദാരീകരണ സംവിധാനത്തിന്റെ ഭാഗമായാണ് കുടുംബശ്രീപോലുള്ള കമ്യൂണിറ്റി പ്രസ്ഥാനങ്ങൾ വളർന്നുവരുന്നത് എന്നുള്ളതാണ് ഇവരുടെ വിമർശനം. എന്നാല്‍, മുതലാളിത്ത വികസന പരിപ്രേഷ്യത്തിന് ഒരു ബദൽ എന്ന തരത്തിലാണ് രണ്ടാമത്തെ പക്ഷം കുടുംബശ്രീയെ കാണുന്നത്.
കേന്ദ്രീകൃതമായ മുതലാളിത്ത പരിപ്രേക്ഷ്യത്തിന്റെ ബദലായി അവതരിപ്പിക്കപ്പെടുന്ന വികേന്ദ്രീകൃത വികസന പരിപ്രേക്ഷ്യത്തിന്റെ ആവിഷ്കാരമാണ് കുടുംബശ്രീ എന്നതാണ് രണ്ടാമത്തെ വാദത്തെ ശക്തിപ്പെടുത്തുന്നത്. ഒന്നാമത്തെ പശ്ചാത്തലത്തിൽ കുടുംബശ്രീയെ കാണാൻ ശ്രമിച്ചാൽ അന്താരാഷ്ട്രതലത്തിൽ ഉണ്ടായ സാമ്പത്തിക ക്രമങ്ങളിലെ മാറ്റത്തിന്റെ അനുരണനമായി, പ്രത്യേകിച്ചും ആഗോള ധന മൂലധനത്തിന്റെ പുതിയ രൂപമായി ആഗോളതലത്തിൽ ഉണ്ടായ മാറ്റത്തിന്റെ ഭാഗമായാണ് കുടുംബശ്രീ പോലുള്ള സംവിധാനം ഉരുത്തിരിഞ്ഞതെന്നും, ലോകബാങ്കും മറ്റു മുതലാളിത്ത ജിഹ്വകളുമാണ് ഇതിനെ ആവിഷ്കരിച്ചത് എന്നും നീളുന്നതാണ് ഈ കാഴ്ചപ്പാട്. മുതലാളിത്ത സംവിധാനത്തെ നിരന്തരം പരിപോഷിപ്പിക്കുന്ന ഒരു ഷോക്ക് അബ്സോർബർ ആയി പ്രവർത്തിക്കുന്ന സംവിധാനത്തെ നിലനിർത്തിക്കൊണ്ടുപോകുന്ന വ്യവസ്ഥയായാണ് ഇവിടെ കുടുംബശ്രീയെ വ്യാഖ്യാനിക്കപ്പെടുന്നത്. മുതലാളിത്ത ഉൽപാദന പ്രക്രിയയിൽ പ്രിമിറ്റീവ് അക്യുമുലേഷൻ സാധ്യമാക്കുന്ന റോളാണ് കുടുംബശ്രീയിലൂടെ സാധ്യമാകുന്നത് എന്നും ഇതൊരു മുതലാളിത്ത അജണ്ടയാണ് എന്നതുമാണ് ഇതിന്റെ രത്നചുരുക്കം. രണ്ടാമത്തെ പക്ഷത്തിന്റെ വിശദീകരണം ഇതിലും വിശ്വസനീയമാണ്. സ്വതന്ത്ര ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക വളർച്ച താൽപര്യങ്ങളുടെ പരിണാമത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ഒരു കണ്ണി ആയിട്ടാണ് ഈ വികസന മൂല്യത്തെ അല്ലെങ്കിൽ കുടുംബശ്രീപോലുള്ള മൈക്രോ എന്റർപ്രൈസിങ്ങിനെ ഇവര്‍ കാണാൻ ശ്രമിക്കുന്നത്. ഇതിന്റെ ചരിത്രപരമായ പ്രശ്നവത്കരണം അത്യാവശ്യമാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ അടിസ്ഥാനലക്ഷ്യമായി ആദ്യം മുന്നോട്ട് വെക്കുന്നത് പട്ടിണിയിൽനിന്നു മോചനം നേടുന്ന ഇന്ത്യ എന്ന നെഹ്രുവിയൻ സങ്കൽപമാണല്ലോ. അതിന്റെ പശ്ചാത്തലം ലോകമഹായുദ്ധത്തിനുവേണ്ടി ഇന്ത്യയെ കൊള്ളയടിച്ച ബ്രിട്ടീഷുകാരുടെ നയങ്ങളുടെ ഭാഗമായി 1940കളിൽ ഉണ്ടായ ക്ഷാമത്തിന്റെയും ഇന്ത്യയിലെ ജനങ്ങളുടെ അധിദാരിദ്ര്യവുമാണ്. അതിൽനിന്നും മോചനം നേടുന്നതിന് ആണല്ലോ ഒന്നാം പഞ്ചവത്സര പദ്ധതിയിൽ കാർഷികമേഖലക്ക് ഊന്നൽ നൽകിയത്. ഇതിനെ തുടർന്ന് 1960കളുടെ അവസാനത്തോടുകൂടി കാർഷിക മേഖലയിൽ ഉണ്ടായ വിപ്ലവകരമായ മാറ്റം ഭക്ഷ്യസുരക്ഷ എന്ന വലിയ നേട്ടത്തിന് രാജ്യത്തെ സജ്ജമാക്കി എന്നതാണ്. ഇതിനു നേതൃത്വം കൊടുത്ത കൃഷിക്കാരെ പുകഴ്ത്തിക്കൊണ്ടാണല്ലോ ലാൽ ബഹദൂർ ശാസ്ത്രി ‘ജയ് ജവാൻ ജയ് കിസാൻ’ എന്ന മുദ്രാവാക്യം പോലും മുന്നോട്ടുെവച്ചത്.
വൈദേശികമായ ആക്രമണത്തിൽനിന്നു പട്ടാളക്കാരും ആഭ്യന്തരമായ തകർച്ചയിൽനിന്നു കർഷകരുമാണ് ഇന്ത്യയെ മോചിപ്പിച്ചത് എന്നതാണ് ഈ മുദ്രാവാക്യത്തിന്റെ കാതൽ. ഭക്ഷ്യസുരക്ഷയിൽനിന്നും സമ്പൂർണമായ ദാരിദ്ര്യനിർമാർജനം എന്ന ഇന്ദിര ഗാന്ധിയുടെ നിലപാടാണ് ഗരീബി ഹഠാവോ. ഇന്ത്യയെ അടുത്തഘട്ടത്തിലേക്ക് കടത്തുക എന്നുള്ളതാണ് മിസിസ് ഗാന്ധി ഇതിലൂടെ മുന്നോട്ടുെവച്ചത്. ഭക്ഷ്യസുരക്ഷയിൽനിന്നുള്ള മോചനത്തിൽനിന്നു കുറച്ചുകൂടി വിപുലീകരിക്കപ്പെട്ട കാഴ്ചപ്പാടാണ് ഇത്. ഇവിടെ സാമ്പത്തിക ശാക്തീകരണമാണ് യഥാർഥത്തിൽ ഉന്നയിക്കുന്നത്. എത്തരത്തിലുള്ള ശാക്തീകരണ പ്രക്രിയയാണ് വേണ്ടത് എന്നത് ഇക്കാലത്ത് ചൂടേറിയ ചര്‍ച്ചയായിരുന്നു. കേന്ദ്രീകൃതമായിട്ടുള്ള സാമ്പത്തിക ശാക്തീകരണം യാഥാർഥ്യമാകുന്നതിന് ഒരുപാട് കടമ്പകൾ കടക്കേണ്ടത് ഉണ്ട് എന്നതിനാലും പ്രത്യേകിച്ചും ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള അടിയന്തരാവസ്ഥക്കു ശേഷം, വികേന്ദ്രീകൃതമായിട്ടുള്ള വികസന പരിപ്രേക്ഷ്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമായി.
ഏകാധിപത്യ പ്രവണതകളെ ഇല്ലാതാക്കിക്കൊണ്ട് ജനകീയ ജനാധിപത്യ ഇടപെടലുകളാണ് യഥാർഥത്തിൽ ഇന്ത്യയെ അടുത്തതലത്തിലേക്ക് എത്തിക്കുക എന്നുള്ള ചർച്ചകളാണ് ഇതിനെ നിയന്ത്രിച്ചത്. വികേന്ദ്രീകൃത ഭരണസംവിധാനവും വികേന്ദ്രീകൃതമായ സാമ്പത്തിക സ്വയംപര്യാപ്തതയും ശാക്തീകരണവും ചർച്ചയാകുന്ന പശ്ചാത്തലവും ഇതുതന്നെയാണ്. ഈ ചർച്ചകളിൽ എല്ലാം ഇന്ത്യയെതന്നെ മുന്നോട്ടുനയിച്ചത് കേരളത്തിന്റെ വികസന ചർച്ചകളാണ് എന്നത് എടുത്തു പറയപ്പെടേണ്ട അഭിമാനകരമായ സംഗതിയാണ്.
1980കളുടെ അവസാനത്തിൽതന്നെ വികേന്ദ്രീകൃത ഭരണസംവിധാനം കേരളത്തിൽ നടപ്പായതും അതിനെ തുടർന്നുണ്ടായ പഞ്ചായത്തീരാജ് സംവിധാനം രാജ്യത്ത് ഉണ്ടായതും ചരിത്രമാണ്. ഇതിന്റെ സാമ്പത്തിക ശാക്തീകരണത്തിന്റെ മുഖമാണ് 1997ലെ സർക്കാർ കേരളത്തിൽ ആവിഷ്കരിച്ച കുടുംബശ്രീ. എങ്ങനെ സാമ്പത്തിക ശാക്തീകരണം കൂടുതൽ ഇൻക്ലൂസീവാക്കാമെന്നുള്ള പഠനം നടത്തുന്നതിനുവേണ്ടി ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതും സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും ശാക്തീകരണം നടത്തിയാൽ മാത്രമേ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീജനങ്ങളുള്ള കേരളത്തിൽ ഇത് സാധ്യമാകൂ എന്നുമുള്ള റെക്കമെന്റേഷന്റെ പശ്ചാത്തലത്തിലാണ് ജനകീയ ആസൂത്രണത്തിന്റെ ബാനറിൽ കുടുംബശ്രീ എന്ന സംവിധാനം 1997-98ല്‍ കേരളത്തിൽ അവതരിപ്പിക്കപ്പെടുന്നത്.
നേരത്തേ സൂചിപ്പിച്ച വികേന്ദ്രീകൃത ജനാധിപത്യ വ്യവസ്ഥയിലൂടെയുള്ള വികസനമാണ് ഇന്ത്യയെയും കേരളത്തെയും അടുത്തഘട്ടത്തിലേക്ക് എത്തിക്കുന്നത് എന്നുള്ള ചർച്ചയുടെ മുതലാളിത്തരൂപമായി കോൺഗ്രസും മറ്റ് വലതുപക്ഷ ബൗദ്ധിക ചർച്ചകളും മുന്നോട്ടുവെച്ചത് നവലിബറൽ ആശയങ്ങൾ ആയിരുന്നു. അതായത് മാർക്കറ്റ് കേന്ദ്രീകൃതമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവിൽ വൻകിട മുതലാളിത്തം ഉൽപാദന ഉപഭോഗരംഗങ്ങളെ വരുതിയിലാക്കുന്ന സംവിധാനം. സർക്കാർ ഇടപെടലുകൾ നേരിട്ട് ബിസിനസിനെയോ സാമ്പത്തിക ക്രയവിക്രയങ്ങളെയോ സ്വാധീനിക്കാത്ത ഇടപെടലുകളാണ് പുത്തൻ സാമ്പത്തിക ശാസ്ത്രമായി അവതരിപ്പിക്കപ്പെട്ട നവലിബറൽ ക്രമം മുന്നോട്ടുവെച്ചത്. ഇവിടെ സർക്കാറുകൾ സഹായിക്കേണ്ടത് മുതലാളിത്ത ഉൽപാദന ക്രമത്തെയും അതിനുവേണ്ട ഒത്താശകളെയും മാത്രമാണ് എന്നതാണ് നവ ഉദാരീകരണത്തിന്റെ താത്ത്വിക നിലപാട്. ജനോപകാരപ്രദമാകുന്ന സേവനങ്ങൾ ഒന്നുംതന്നെ സർക്കാർ നൽകേണ്ടതില്ല പകരം അത് കമ്പോളത്തിന്റെ സ്വതന്ത്രമായ ഇടപെടലിലേക്ക് വിട്ടുകൊടുക്കുക എന്നുള്ള പക്ഷമാണ് അടിസ്ഥാനപരമായി ഇവിടെ സ്വീകരിക്കുന്നത്. പ്രത്യക്ഷത്തിൽ വളരെ അപ്പീലിങ്ങായിട്ടുള്ള ഒരു പരിപ്രേക്ഷ്യമാണെങ്കിലും സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും വൈവിധ്യങ്ങൾ ഉള്ള, വ്യത്യസ്ത തട്ടുകളിൽ ഇതിന്റെ ലഭ്യതയുള്ള ഒരു സാമൂഹിക ക്രമത്തിൽ, വ്യക്തികൾ തമ്മിലുള്ള അന്തരമില്ല എന്ന ജ്ഞാനബോധത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന കമ്പോള യുക്തിയിലേക്ക് ഇന്ത്യയെ പ്രതിഷ്ഠിക്കുക വഴി യഥാർഥത്തിൽ നിർമിക്കുന്നത് പുത്തന്‍ അസമത്വത്തിന്റെ മുഖമാണ്.
ഇന്ത്യയിലെ വലതുപക്ഷ ബുദ്ധിജീവികൾ ഈ തിരിച്ചറിവിനെ മറച്ചുപിടിക്കുന്നു എന്നാണ് ഇടതുപക്ഷം ഇതിനെ ചൂണ്ടിക്കാണിച്ചത്. ഒരു പരിധിവരെ ഈ വിമർശനം ശരിയുമാണ്. ഇതിന്റെ പശ്ചാത്തലം മനസ്സിലാക്കുന്നതിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയുടെ കോൺസ്റ്റിറ്റ്യൂഷൻ നമുക്ക് നൽകിയിട്ടുള്ള ഇക്വാലിറ്റി നിലനിൽക്കുമ്പോൾ സാമൂഹികപരമായും സാംസ്കാരികപരമായും വർഗപരമായും ലിംഗപരമായും ഭാഷാപരമായും സാമ്പത്തികപരമായും വിവിധതരത്തിലുള്ള മേൽക്കോയ്മകളും സുപ്രീമസികളും നിലനിൽക്കുന്ന സാമൂഹിക സാഹചര്യമാണ് ഇന്ത്യ എന്നത് പറയേണ്ടതില്ലല്ലോ. ഇതിനെ ഭേദിച്ചു പുറത്തുവരുന്നതിനുള്ള ശ്രമങ്ങളാണല്ലോ പലപ്പോഴും ജനകീയ പ്രസ്ഥാനങ്ങളായിട്ടും സമരങ്ങളായിട്ടും ഇടപെടലുകളായിട്ടും ഒക്കെ രാജ്യത്ത് കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി അരങ്ങേറുന്നത്.
വിമോചനവും വികേന്ദ്രീകരണവും
സ്ത്രീ വിമോചന മുന്നേറ്റങ്ങളും ശാക്തീകരണ പ്രസ്ഥാനങ്ങളും മുന്നോട്ടുവെക്കുന്നതും പിതൃദായകക്രമം അടിച്ചേൽപിച്ച അസമത്വങ്ങളിൽനിന്നുള്ള വിമോചനമാണ്. ഇവിടെ വിമോചനം സാധ്യമാകണമെങ്കിൽ ബൗദ്ധികമായും സാമ്പത്തികമായും സാമൂഹികമായും മാറ്റങ്ങൾ അനിവാര്യമാണ്. നേരത്തേ സൂചിപ്പിച്ച ഇന്ദിര ഗാന്ധിയുടെ ഗരീബി ഹഠാവോ എന്ന പ്രസ്ഥാനത്തിനുശേഷം വിവിധതലങ്ങളിലുള്ള വിമോചന പരിപാടികൾ കോയിൻസിഡെന്റലി ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. സ്ത്രീ ശാക്തീകരണം എന്നത് വലിയൊരു അജണ്ടയായി മുന്നോട്ടുവരുന്നത് നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ 1970കളുടെ അവസാനത്തിലും 80കളിലുമാണ്. നേരത്തേ സൂചിപ്പിച്ച വികേന്ദ്രീകൃതമായ ജനകീയ ഇടപെടലുകളെല്ലാംതന്നെ ഇന്ത്യയിൽ സജീവമാകുന്നതും 1980കൾക്കുശേഷമാണ്. നവ ഉദാരീകരണത്തിന്റെ സ്വീകരണംപോലും ഇന്ത്യയിൽ സാധ്യമാകുന്നത് ഇതേ കാലയളവിലാണ്. ലോക സാമ്പത്തിക ക്രമത്തിലുള്ള അന്തർദേശീയ മാറ്റങ്ങളുടെ അനുരണനങ്ങളാണ് ഈ പുറന്തള്ളലുകളും ഉൾക്കൊള്ളലുകളും.
സോവിയറ്റ് യൂനിയന്റെ പതനത്തോടുകൂടി കേന്ദ്രീകൃത ആസൂത്രണത്തിന്റെ പ്രസക്തി പാടെ നശിച്ചുപോയി എന്നുള്ള മുറവിളികളും ലോകക്രമം ഇനി മുതലാളിത്തത്തിനുള്ളതാണ് എന്നുള്ള ബൗദ്ധിക വ്യവഹാരങ്ങളും ഈ കാലത്ത് സജീവമായിരുന്നു. ഇതിന്റെ പ്രത്യക്ഷരൂപമാണ് ഇന്ത്യയിൽ മൻമോഹൻ-റാവു സഖ്യത്തിന്റെ നവ ഉദാരീകരണത്തിലേക്കുള്ള തുറന്നയാത്ര. കേരളത്തിൽ ഇതേ തുറന്നയാത്ര സാധ്യമാക്കുന്നതിന് അന്നത്തെ കരുണാകരൻ മന്ത്രിസഭ താൽപര്യം കാണിെച്ചങ്കിലും അതിലേക്കുള്ള നടന്നുകയറ്റം താരതമ്യേന മെല്ലെയായിരുന്നു. കോൺഗ്രസിനകത്തുള്ള തമ്മിലടിയും തുടർന്നുവന്ന ആന്റണി സർക്കാറിന്റെ കൺസർവേറ്റിവ് നിലപാടുകളും നവ ഉദാരീകരണം കേരളത്തിൽ ഉദ്ദേശിച്ച ഫലം കൊയ്തില്ല. ഇതേ കാലയളവിൽതന്നെ കേരളത്തിലെ ഇടതുപക്ഷം മറ്റൊരു ബദൽസാധ്യമാണോ എന്നുള്ള അന്വേഷണത്തിലായിരുന്നു.
1994ലെ ഒന്നാം കേരള പഠന കോൺഗ്രസിന്റെ പ്രത്യക്ഷമായ തീരുമാനങ്ങളിൽ ഒന്നാണ് ജനകീയ ജനാധിപത്യം സാധ്യമാകണമെങ്കിൽ ആസൂത്രണം ജനകീയമായിരിക്കണമെന്നും ജനകീയമാകണമെങ്കിൽ സംസ്ഥാനത്തെ ഏറ്റവും ദുർബല വിഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിന് ബോധപൂർവമായ ഇടപെടലുകൾ ആവശ്യമാെണന്നുമുള്ള വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതുതായി അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാർ വികേന്ദ്രീകൃത ആസൂത്രണം എന്ന തലത്തിൽ ജനകീയ ആസൂത്രണം മുന്നോട്ടുവെച്ചത്. ജനകീയ ആസൂത്രണത്തിന്റെ ഭാഗമായാണ് അപ്പോഴും സമൂഹത്തിൽ ദുർബലരായി തുടരുന്ന വിഭാഗങ്ങളെ ബോധപൂർവം മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് കുടുംബശ്രീപോലുള്ള സംവിധാനം വിഭാവന ചെയ്യപ്പെടുന്നത്. ഇക്കാലത്ത് ശ്രദ്ധിക്കേണ്ട രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ കേരളം ഭരണരംഗത്തായാലും സാമൂഹിക മാറ്റങ്ങളുടെ പ്രകാശവാഹകരെന്നനിലയിലായാലും ഇന്ത്യക്ക് രണ്ടു പ്രധാനപ്പെട്ട ഇടപെടലുകളാണ് സമ്മാനിച്ചത്. അതിലൊന്ന് വികേന്ദ്രീകൃത ജനാധിപത്യ സംവിധാനങ്ങളുടെ സാധ്യതയും മറ്റേത് ജനകീയ ആസൂത്രണത്തിന്റെ പ്രസക്തിയുമാണ്. ഈ രണ്ടും സാധ്യമാക്കിയത് ഇടതുപക്ഷ ബദൽ ആശയമാണ്.
വികേന്ദ്രീകൃത സംവിധാനം ശക്തിപ്പെട്ടപ്പോൾ കുടുംബശ്രീപോലുള്ള ഗ്രാസ്റൂട്ട് മൂവ്മെന്റുകൾ ശക്തിപ്പെട്ടപ്പോൾ കേരളത്തിൽ സാധ്യമായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയമാറ്റങ്ങൾ എടുത്തുപറയേണ്ടതുണ്ട്. ആദ്യത്തേത് സാമ്പത്തിക രംഗത്ത് കേരളത്തിലെ ദുർബല വിഭാഗങ്ങൾ പ്രത്യേകിച്ചും സ്ത്രീകൾ എത്തരത്തിലാണ് പുറത്തേക്ക് വന്നത് എന്നതാണ്. കമ്യൂണിറ്റി ഓർഗനൈസേഷൻസ് അല്ലെങ്കിൽ സാമുദായികമായും സാമൂഹികമായും ഇടപെടുന്ന ബദലുകൾ ലോകത്ത് തന്നെ പലയിടത്തും നമുക്ക് കാണാൻ കഴിയും. ഇന്ത്യയിൽ സേവ പോലുള്ള സംഘടനകൾ, ബംഗ്ലാദേശിലെ ഗ്രാമീൺ ബാങ്ക് പോലുള്ള ഇടപെടലുകൾ, എല്ലാം നമുക്ക് മുന്നിലുള്ള സ്ത്രീകളുടെ ഇടപെടലുകളുടെ വളർച്ചയുടെ പുറത്തുവരലുകളുടെ ദൃഷ്ടാന്തങ്ങളാണ്. എന്നാൽ, ഇതിൽനിന്നും എങ്ങനെയാണ് കുടുംബശ്രീ വ്യത്യസ്തപ്പെടുന്നത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
ആദ്യമായി തൊഴിലാളികളെ പരിപൂർണമായും ശാക്തീകരിക്കുകയും ഏകീകരിക്കുകയും അവരുടെ അവകാശങ്ങളെ നേടിയെടുക്കുന്നതിനായി നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്ന ഒരു ട്രേഡ് യൂനിയൻ സ്വഭാവത്തിൽ ഓർഗനൈസ് ചെയ്യപ്പെടുന്ന ഒരു മൂവ്മെന്റായിട്ട് വേണം സേവയെ പോലുള്ള ഇടപെടലുകളെ കാണാൻ. ബംഗ്ലാദേശിലെ ഗ്രാമീൺ ബാങ്കിന്റെ പ്രവർത്തനം പരിശോധിക്കുകയാണെങ്കിൽ ഒരു വ്യക്തി ജനങ്ങൾക്കു മുന്നിൽ തുറന്നുവെക്കുന്ന പ്രത്യേകിച്ചും സ്ത്രീകൾക്ക് മുന്നിൽ തുറന്നുവെക്കുന്ന സാധ്യതയാണ് ഗ്രാമീൺ ബാങ്ക്. സ്ത്രീകളെ എന്റർപ്രൈസിങ്ങിലേക്ക് കൊണ്ടുവരുന്നതിനുള്ള വലിയ ചുവടുവെപ്പാണ് ഗ്രാമീൺ ബാങ്കിലൂടെ മാതൃകയാക്കപ്പെടുന്നത്. ഇവിടെ സ്ത്രീകളുടെ കൂട്ടായ്മ ധനശേഖരണത്തിനും അവരുടെ മെച്ചപ്പെടലിനുംവേണ്ടി ഒരു റിസോഴ്സ് ബേസ് ഉണ്ടാക്കി അതിനകത്ത് തന്നെ അവരുടെ സാമൂഹികവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വർക്ക് ചെയ്യുന്ന ഒരു മാർക്കറ്റ് മോഡൽപോലെയാണ് ഗ്രാമീൺ ബാങ്കിനെ വിഭാവന ചെയ്തിരിക്കുന്നത്. എന്നാല്‍, കുടുംബശ്രീ വിഭാവന ചെയ്യപ്പെട്ടത് സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിന് മേൽപറഞ്ഞ രണ്ട് സംവിധാനത്തിന്റെയും സാധ്യതകളെ ഉപയോഗിച്ചുകൊണ്ട് കേരളത്തിന് അനുയോജ്യമായ ഒരു മിക്സർ മോഡൽ ആയാണ്. അതായത് സ്ത്രീകളുടെ ഒരു നെറ്റ്വർക്ക് അവരുടെ സാമൂഹികമായ കാപിറ്റൽ (ട്രസ്റ്റിനെ അടിസ്ഥാനപ്പെടുത്തി) ഉപയോഗിച്ച് ഗ്രൂപ്പുകൾ ഉണ്ടാക്കി അത് പ്രവർത്തിക്കുന്നതിന് സർക്കാർ വേണ്ട സഹായം ചെയ്തുകൊണ്ട് സ്റ്റേറ്റിന്റെ ഒരു ഇൻഡയറക്ട് സപ്പോർട്ടിലൂടെ സാമൂഹിക വികസനത്തിന് ലക്ഷ്യംവെക്കുന്ന ഒരു ഹൈബ്രിഡ് മോഡലാണ് ചുരുക്കത്തില്‍ കുടുംബശ്രീ.
കേരളത്തിന്റെ മുന്നോട്ടുപോക്ക് അഥവാ സാമൂഹിക വികസനത്തിന് സ്ത്രീകളെ ഇടപെടുത്തിക്കൊണ്ട് മുന്നോട്ടുവെക്കുന്ന ഒരു ബദലാണ് ഇടതുസർക്കാർ മുന്നോട്ടുവെച്ച ഈ കുടുംബശ്രീ. ഉദാഹരണത്തിന് ഗ്രാമീൺ ബാങ്കിലെ വായ്പയുടെ പലിശനിരക്കും കുടുംബശ്രീക്ക് ലഭ്യമാക്കുന്ന പലിശനിരക്കും വലിയതോതിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. പതിനഞ്ചോ അതിൽ കൂടുതലോ ശതമാനം പലിശനിരക്ക് ഗ്രാമീൺ ബാങ്കിങ് സംവിധാനത്തിൽ നിലനിൽക്കുമ്പോൾ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാക്കുന്ന ലോണുകളുടെ പലിശനിരക്ക് തുച്ഛമാണ്. അത് പലപ്പോഴും ഫോര്‍മല്‍ ബാങ്കിൽനിന്ന് എടുക്കുന്ന പലിശനിരക്കിനേക്കാൾ കുറവാണ്. ഇതെങ്ങനെയാണ് സാധ്യമാകുന്നത് എന്ന ചോദ്യത്തിന് ഈ കുറവ് സർക്കാർ സബ്സിഡിയിലൂടെ നികത്തുന്ന തരത്തിലുള്ള ഒരു ഇൻഡയറക്ട് എയിഡിങ് മെക്കാനിസത്തിലൂടെയാണ് കുടുംബശ്രീക്ക് സര്‍ക്കാര്‍ സാധ്യമാക്കിയത്. അതുവഴി കുടുംബശ്രീയെ സ്റ്റേറ്റിന്റെ പരോക്ഷമായ ഒരു ഘടനയായി സാമൂഹികമായ ഇടപെടലുകൾക്ക് ഉപയോഗിക്കുന്നതിന് സജ്ജമാക്കുകയും ചെയ്തു.
സാമൂഹിക മാറ്റത്തിന് സർക്കാർ ഇടപെടലുകൾ അനിവാര്യമാണ് എന്ന് ഇടതുപക്ഷ സർക്കാർ മനസ്സിലാക്കുമ്പോൾതന്നെ ദേശീയ അന്തർദേശീയ ലോകക്രമത്തിന്റെ ഭാഗമായി നിൽക്കുന്ന സംസ്ഥാനം എന്നനിലക്കുള്ള പരിമിതികളെ പരോക്ഷമായി ബൈപാസ് ചെയ്യുന്ന ഇടപെടലായിക്കൂടിയാണ് കുടുംബശ്രീയെ മുഖ്യധാരയിലേക്ക് തുറന്നുവെക്കുന്നത്. സ്ത്രീശാക്തീകരണത്തിനായുള്ള സംസ്ഥാനങ്ങളുടെ ഇടപെടലുകളെ മുതലാളിത്തക്രമം പോസിറ്റിവ് ആയി കണക്കാക്കുന്ന (മുതലാളിത്ത ക്രമത്തിനെ പരിപോഷിപ്പിക്കുന്ന ബഫറായി ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ മാറുമെന്ന് മുകളിലത്തെ വാദം) സാധ്യതയെ ചൂഷണം ചെയ്യുകയാണ് ഇതിലൂടെ ശ്രമിക്കുന്നത് (തുടക്കത്തിൽ മുന്നോട്ടുവെച്ച രണ്ടാമത്തെ വാദം).
സ്റ്റേറ്റിന്റെ കേന്ദ്രീകൃത ആസൂത്രണ സംവിധാനത്തിന് വലിയതോതിലുള്ള പോറൽ ഏൽപിക്കാതെ മുന്നോട്ടുകൊണ്ടുപോവുക എന്നുള്ള വളരെ ടാക്ട്ഫുളായ ഇടപെടലായി വേണം ഇതിനെ മനസ്സിലാക്കാൻ. സ്ത്രീ ശാക്തീകരണത്തിനു വേണ്ട മിനിമം സപ്പോർട്ട് നൽകുക എന്നുള്ള സ്റ്റേറ്റിന്റെ ഉത്തരവാദിത്തം നിറവേറ്റുകയും എന്നാൽ അതിന്റെ പരിപൂർണമായിട്ടുള്ള ഉത്തരവാദിത്തം സ്റ്റേറ്റിൽ എത്താതിരിക്കുകയും ചെയ്യുന്ന ഒരു ഇടപെടലാണ് ഒരു ഫെഡറൽ സംവിധാനത്തിനകത്തുനിന്നുകൊണ്ട് കുടുംബശ്രീയിലൂടെ സാധ്യമാക്കിയത്. ഇതിന്റെ ഫലമായി കുറഞ്ഞ പലിശയും ഉയർന്ന സാമൂഹിക കെട്ടുറപ്പും ഭാഗികമായി സര്‍ക്കാര്‍ സഹായവുമുള്ള കുടുംബശ്രീ എന്ന ഗ്രാസ് റൂട്ട് കമ്യൂണിറ്റി ഓർഗനൈസേഷൻ വളരെ വേഗത്തിൽ കേരളത്തിൽ വ്യാപിച്ചു. അതിന്റെ കഴിഞ്ഞ 25 വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഈ വ്യാപനത്തിന്റെ വേഗതയെ കാണിക്കുന്നതാണ് 45 ലക്ഷം വനിതകൾ ഈ കൂട്ടായ്മയിൽ പ്രവർത്തിക്കുന്നു എന്നത്. കേരളത്തിലെ നാലിലൊന്ന് സ്ത്രീകൾ ഒരു വലിയ നെറ്റ്വർക്കായി പ്രവർത്തിക്കാൻ സാധ്യതയൊരുക്കി എന്നതാണ് കുടുംബശ്രീയുടെ പ്രവർത്തനഗാഥ.
കേരളത്തിന്റെ മൊത്തം സ്ത്രീ ജനസംഖ്യയുടെ കാൽഭാഗവും കുടുംബശ്രീ എന്ന ഗ്രാസ് റൂട്ട് കമ്യൂണിറ്റി ഓർഗനൈസേഷനിൽ പ്രവർത്തിക്കുമ്പോൾ സാമ്പത്തികമായി ഇതുണ്ടാക്കിയ സ്ത്രീകളുടെ മൊബിലിറ്റി വളരെ വലുതാണ്. മാത്രവുമല്ല ഇതിന്റെ സാമ്പത്തികഘടനയെ മനസ്സിലാക്കുകയാണെങ്കിൽ ഉൽപാദന ഉപഭോഗ സേവന മേഖലകളിലേക്ക് പരിപൂർണമായും വ്യാപിച്ച് കിടക്കുന്ന ഒരു പുതിയ സാമ്പത്തിക ഇക്കോ സിസ്റ്റത്തിന് പ്രത്യേകിച്ചും സ്ത്രീകൾക്കിടയിൽ ലഭ്യമായ ഒരു പുത്തൻ സാമ്പത്തിക സിസ്റ്റമായാണ് കുടുംബശ്രീ അതിന്റെ 25 വർഷത്തെ പ്രവർത്തനത്തിലൂടെ തെളിഞ്ഞുനില്ക്കുന്നത്. ഇവരുടെ സാമ്പത്തികമേഖലയിലെ ഇടപെടലുകൾ, സാമൂഹിക മേഖലയിലെ ഇടപെടല്‍, രാഷ്ട്രീയ മേഖലയിലെ ഇടപെടല്‍ എന്നുവേണ്ട കേരളത്തിന്റെ സമഗ്രമായ സാമൂഹിക വികസനത്തിന് ഇപ്പോള്‍ സര്‍ക്കാറും ജനങ്ങളും ആശ്രയിക്കുന്ന ഒരു കെട്ടുറപ്പുള്ള സംവിധാനമായി വെള്ളിത്തിളക്കത്തോടെ നില്‍ക്കുകയാണ് കുടുംബശ്രീ.
ഗ്രാമീണ്‍ ബാങ്ക് മാതൃകയിലുള്ള മൈക്രോ ക്രെഡിറ്റും ഫിനാൻസിങ്ങും നടത്തുന്നതിനുവേണ്ടിയുള്ള ട്രെയ്നിങ് മുതല്‍ അതിന്റെ നടപ്പിലാക്കല്‍ വരെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന സംവിധാനമായി ഇന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ മാറിയിട്ടുണ്ട്. കുട്ടികള്‍ക്കായും അശരണര്ക്കായും സമൂഹത്തില്‍ പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങൾക്കായുമുള്ള സേവനങ്ങളിലൂടെ കേരളത്തിന്റെ സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതില്‍ കുടുംബശ്രീ മാതൃകയാണ്. ക്ലീൻ കേരള മിഷനിലൂടെയും മറ്റും നമ്മുടെ പരിസ്ഥിതിയെ വൃത്തിയുള്ളതാക്കി മാറ്റുകയും വരുംതലമുറക്ക് ശോഭനമായ കേരളത്തെ സാധ്യമാക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യുന്നു. ഇരുപതു വർഷം മുമ്പ് കേരളം മാലിന്യങ്ങളുടെ കൂമ്പാരമായിരുന്നിടത്തുനിന്നും ക്ലീന്‍ കേരള സാധ്യമാക്കിയതില്‍ ഈ സ്ത്രീകള്‍ നല്കിയ പങ്ക് നിസ്തുലമാണ്.
പ്രളയകാലത്തും കോവിഡ് മഹാമാരി കാലത്തും ഭക്ഷ്യസുരക്ഷ ഒരുക്കിക്കൊണ്ട് ഇവര്‍ കൈത്താങ്ങായി. എല്ലാവിധ ബോധവത്കരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്‍കിക്കൊണ്ട് ഈ കാലയളവിൽ എല്ലാത്തരം സാമൂഹിക സാമ്പത്തിക പ്രതിസന്ധിയെയും ഭാഗികമായി തടയുന്നതിനുള്ള കൈത്താങ്ങായി പ്രവർത്തിക്കാൻ 25 വർഷത്തെ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു എന്നത് തികച്ചും ചാരിതാർഥ്യം നല്‍കുന്നതാണ്. ആഗോളതലത്തിൽ സാമ്പത്തികമായി ഞെരുക്കം നേരിടുന്ന കഴിഞ്ഞ ദശാബ്ദത്തിലും മഹാമാരിക്കാലത്തും പ്രളയം തകർത്ത കേരളത്തെയും സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ പുറത്തുനിന്ന് വരുന്ന ധനസഹായത്തിന്റെ ഒഴുക്ക് (remittance) കുറഞ്ഞിട്ടും കേരളത്തിന്റെ സാമ്പത്തികവ്യവസ്ഥക്ക് മുന്നോട്ടുപോകാൻ കഴിഞ്ഞുവെങ്കിൽ പ്രത്യേകിച്ചും ഉൽപാദന, വരുമാന മേഖലയിൽ വലിയതോതിലുള്ള ഇടിവ് പറ്റാതെ നമുക്ക് മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട് എങ്കില്‍ നിശ്ചയമായും കേരളത്തിലെ മൊത്തം ജനസംഖ്യയുടെ എട്ടിൽ ഒന്നു വരുന്ന കുടുംബശ്രീ പ്രവർത്തകരുടെ അക്ഷീണമായ പ്രവർത്തനത്തിന്റെ പങ്ക് അത്രതന്നെ വലുതാണ് എന്നത് വ്യക്തമാണ്.
കുടുംബശ്രീയുടെ ഭരണപരമായ രംഗങ്ങളിലെ ഇടപെടൽ മറ്റൊരു പ്രധാന ചർച്ചാവിഷയമാണ്. നേരത്തേ സൂചിപ്പിച്ച ജനകീയ ജനാധിപത്യത്തിന്റെ ഭാഗമായുള്ള വികേന്ദ്രീകൃത ജനാധിപത്യ സംവിധാനം രാജ്യത്ത് നിലവിൽ വരുകയും അതിൽ 33 ശതമാനം സ്ത്രീകളുടെ സംവരണം എന്നുള്ള ആദ്യ മുദ്രാവാക്യം കേരളം സാധ്യമാക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമാണല്ലോ. ഭരണരംഗത്ത് ഈ കാലഘട്ടത്തില്‍ വലിയതോതില്‍ സ്ത്രീകള്‍ മുന്നോട്ടുവരുന്നത് കുടുംബശ്രീ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തിലാണ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലഘട്ടത്തിൽ ഈ ചർച്ച അതിന്റെ പുതിയതലത്തിലേക്ക് പോവുകയാണ് ഉണ്ടായത്. അതായത്, ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ സ്ത്രീകളുടെ സംവരണം 50 ശതമാനമാക്കി വർധിപ്പിക്കുന്ന തീരുമാനം മുന്നോട്ടുവെക്കുകയും അത് പാസാക്കുകയും അതിനുവേണ്ട സ്ത്രീ നേതൃത്വത്തിന്റെ സിംഹഭാഗവും കുടുംബശ്രീ പ്രവർത്തകരിൽനിന്നാണ് വന്നത് എന്നതും ഭരണപരമായും നേതൃപരമായും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുകയായിരുന്നു. കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ സ്ത്രീകൾ ഭരണപരമായിട്ടും നേതൃപരമായിട്ടും ശാക്തീകരിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് കോർപറേഷനിലെ മേയർമാർ മുതൽ പഞ്ചായത്തിലെ പ്രസിഡന്റുമാർ വരെ കേരളത്തിൽ ഉണ്ടായ വലിയ ഒരുനിര സ്ത്രീ നേതാക്കള്‍. ഇവരിൽ പലരും പിൽക്കാലത്ത് എം.എൽ.എമാർ വരെ ആയി ഉയർത്തപ്പെട്ടിട്ടുണ്ട് എന്നത് സമീപകാല കേരളചരിത്രം കൂടിയാണ്.
ശോഭനമായ കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെ കരുപ്പിടിപ്പിക്കുന്നതിന് കുടുംബശ്രീക്ക് ഇനിയും ഒരുപാട് ചെയ്യാൻ കഴിയും എന്നുള്ളതിന്റെ തെളിവായി വേണം ഇത്തരത്തിലുള്ള സ്ത്രീകളുടെ കടന്നുവരവിനെ മനസ്സിലാക്കാൻ. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ മെംബർമാർ മുതൽ എല്ലാതരത്തിലുള്ള സ്ത്രീകളുടെയും പ്രാതിനിധ്യം കേരളത്തിൽ 50 ശതമാനത്തിനും മുകളിൽ പോയതിൽ കുടുംബശ്രീ പ്രവർത്തകരായി പ്രവർത്തിച്ച സ്ത്രീകളുടെ പങ്ക് ചെറുതല്ല എന്നതും ചൂണ്ടിക്കാണിക്കേണ്ടതാണ്. ഇവർ ഭരണരംഗത്തും ലീഡർഷിപ്പിലും ഉയർന്നുവരുന്നതിന്റെ പേസ് മനസ്സിലാക്കുകയാണെങ്കിൽ രാഷ്ട്രീയ പാർട്ടികളുടെ ഘടകങ്ങളിൽ വളർന്നുവന്ന സ്ത്രീകളുടെ ഒപ്പമോ പലപ്പോഴും അതിനേക്കാൾ കൂടുതലോ കുടുംബശ്രീക്കാർ ഉണ്ട് എന്നത് സാമൂഹിക മാറ്റത്തിന് പ്രത്യേകിച്ചും ഭരണരംഗത്തും നേതൃരംഗത്തും എത്രത്തോളം കുടുംബശ്രീക്ക് ഭാവിയിൽ പങ്കുവഹിക്കാൻ കഴിയും എന്നതിന്റെ തെളിവായി നമുക്ക് മനസ്സിലാക്കാൻ കഴിയും.
പിതൃദായക ക്രമത്തിന്റെ പിടിയിൽ ആയിരിക്കുന്ന കേന്ദ്രീകൃത ജനാധിപത്യ സംവിധാനങ്ങൾ എല്ലാംതന്നെ സ്ത്രീകളുടെ പ്രാതിനിധ്യത്തിന് വലിയ പ്രാധാന്യം നൽകാതിരുന്ന സാഹചര്യത്തിൽ ഇതിനെ ബൈപാസ് ചെയ്യുന്ന സംവിധാനമായി വേണം വികേന്ദ്രീകൃത പ്രസ്ഥാനങ്ങളെ മനസ്സിലാക്കാനും അതിലേക്ക് സ്ത്രീകളുടെ പ്രാതിനിധ്യത്തെ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്ന നവ ജനാധിപത്യ രൂപങ്ങളും ബോധപൂർവമായ ഇടപെടലുകളെയും വിലയിരുത്താനും. അല്ലാത്തപക്ഷം ഇതിനെ പ്രശ്നവത്കരിക്കാനോ യുക്തിയുക്തമായ വിശദീകരണം നൽകുവാനോ പലപ്പോഴും നമുക്ക് സാധിെച്ചന്ന് വരില്ല. കേരളത്തിലെ പൊതുമണ്ഡലങ്ങളെ കൂടുതൽ ഇൻക്ലൂസീവാക്കുന്നതിന് കുടുംബശ്രീപോലുള്ള താഴേത്തട്ടിലുള്ള കമ്യൂണിറ്റി സംവിധാനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല എന്നത് അതിനാല്‍തന്നെ നാം ഓർക്കേണ്ടതുണ്ട്.
കുടുംബശ്രീയുടെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ ഇവർക്ക് കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക പൊതുമണ്ഡലങ്ങളെ ട്രാൻസ്ഫോം ചെയ്യുന്നതിനുള്ള കഴിവ് നിസ്സീമമായിതന്നെ തുടരും എന്നതിന്റെ സാക്ഷ്യങ്ങളാണ് സമീപകാല പ്രതിസന്ധികളെ കരുത്തോടെ കരുതലോടെ നേരിട്ട കുടുംബശ്രീ പ്രവർത്തനങ്ങള്‍. ഇന്ന് നിരവധി കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേരളത്തിലെ നടത്തിപ്പുകാരായിക്കൂടി ഇവര്‍ മാറിയിരിക്കുന്നത് സാമൂഹിക മാറ്റത്തിന് താഴേത്തട്ടില്‍ സ്ത്രീകള്‍ ഇടപെട്ടാല്‍ ഉണ്ടായേക്കാവുന്ന സുസ്ഥിരമായ മാറ്റമാണ് എന്നതിന് ഉദാഹരണമാണ് കുടുംബശ്രീ. ബംഗ്ലാദേശ് ഇന്ന് ഇന്ത്യയെക്കാളും മാനവ വികസന സൂചികയില്‍ മെച്ചപ്പെട്ടുവെങ്കില്‍ അതില്‍ സ്ത്രീശാക്തീകരണ മുന്നേറ്റമായ ഗ്രാമീണ്‍ ബാങ്കിന്റെ ചെറുതല്ലാത്ത പങ്കാണുള്ളത്. ഇതിന്റെ മറ്റൊരു മികച്ച രൂപമാണ് കേരളത്തിലെ കുടുംബശ്രീയിലൂടെ കൈവരിക്കുന്നതും. പിതൃദായക്രമത്തിനും അതിന്റെ മേൽക്കോയ്മക്കും വിരാമമിട്ടുകൊണ്ട് സുസ്ഥിരവും തുല്യതയിലധിഷ്ഠിതവുമായ ഒരു സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ക്രമത്തെ പടുത്തുയർത്താൻ ഇനിയും ഒരുപാട് കാതം കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങൾക്ക് നടക്കാനും പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും കഴിയും എന്ന പ്രത്യാശയിൽ നമുക്ക് മുന്നോട്ടുപോകാം.