കുടുംബശ്രീ കാൽ നൂറ്റാണ്ടുകൊണ്ട് എന്തു നേടി?
കുടുംബശ്രീ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് 25 വർഷം. പദ്ധതിയുടെ തുടക്കഘട്ടത്തിൽ അതോടൊപ്പം സഞ്ചരിച്ച, സാമൂഹികപ്രവർത്തകനായ ലേഖകൻ കുടുംബശ്രീയുടെ ഇന്നോളമുള്ള അവസ്ഥകൾ പരിശോധിക്കുന്നു. പുരുഷാധിപത്യ സമൂഹത്തിൽ ഇന്ന് കുടുംബശ്രീ എങ്ങനെയൊക്കെയാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് വിശദമാക്കി നിശിതമായ വിമർശനവും മുന്നോട്ടുവെക്കുന്നു. ‘ആഗോള മുതലാളിത്ത പുരുഷാധിപത്യ സമൂഹത്തെ തകരാതെ പിടിച്ചു നിർത്താൻ അതിന്റെ ഇരകളായ...
Your Subscription Supports Independent Journalism
View Plansകുടുംബശ്രീ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് 25 വർഷം. പദ്ധതിയുടെ തുടക്കഘട്ടത്തിൽ അതോടൊപ്പം സഞ്ചരിച്ച, സാമൂഹികപ്രവർത്തകനായ ലേഖകൻ കുടുംബശ്രീയുടെ ഇന്നോളമുള്ള അവസ്ഥകൾ പരിശോധിക്കുന്നു. പുരുഷാധിപത്യ സമൂഹത്തിൽ ഇന്ന് കുടുംബശ്രീ എങ്ങനെയൊക്കെയാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് വിശദമാക്കി നിശിതമായ വിമർശനവും മുന്നോട്ടുവെക്കുന്നു. ‘ആഗോള മുതലാളിത്ത പുരുഷാധിപത്യ സമൂഹത്തെ തകരാതെ പിടിച്ചു നിർത്താൻ അതിന്റെ ഇരകളായ സ്ത്രീകളെതന്നെ ഉപയോഗിക്കുന്നതാണോ’ കുടുംബശ്രീ?
ലോകത്തിലെതന്നെ ഏറ്റവും വലിയ സ്ത്രീക്കൂട്ടായ്മയായ കുടുംബശ്രീ കാൽനൂറ്റാണ്ട് പിന്നിടുന്ന ഈ ഘട്ടത്തിൽ, അതിനെ പറ്റി എഴുതുമ്പോൾ അൽപം സ്വകാര്യ സന്തോഷവുമുണ്ട്. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ അതോടൊപ്പം സഞ്ചരിച്ച ഒരാൾ എന്നനിലയിലാണ് ആ സന്തോഷം. ജനകീയാസൂത്രണ പദ്ധതികളുടെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന ആ കാലം. അയൽക്കൂട്ടങ്ങൾ എന്ന ആശയം രൂപപ്പെട്ടത് യഥാർഥത്തിൽ സർക്കാർ സംവിധാനങ്ങളുടെ തലയിലല്ല, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ പങ്കജാക്ഷക്കുറുപ്പ് എന്ന ഗാന്ധിയൻ രൂപപ്പെടുത്തി പ്രവർത്തിപ്പിച്ചിരുന്ന ‘തറക്കൂട്ടം’ ആണിതിന് പ്രാഗ്മാതൃക എന്നു പറയാം.
ഒരു ഗ്രാമത്തിലെ എല്ലാ മനുഷ്യരും വൈകീട്ട് കുറച്ചുസമയം ഏതെങ്കിലും ഒരു വീട്ടിൽ ഒത്തുകൂടുന്നു. വ്യക്തിപരവും സാമൂഹികവും മറ്റെല്ലാമായ വിഷയങ്ങൾ അവിടെ തുറന്ന് ചർച്ചചെയ്യുന്നു. അതിൽ പ്രകൃതിയും മനുഷ്യനും ദൈവവുമെല്ലാം ഉണ്ടാകും. ഭൂമിക്കാരൻ എന്നാണ് കുറുപ്പു സാർ സ്വയം വിളിച്ചിരുന്നത്. ഇങ്ങനെ കൂടിയിരുന്നു സംസാരിച്ചാൽ ആ ഗ്രാമത്തിലെ ഒട്ടുമിക്ക തർക്കങ്ങൾക്കും പരിഹാരമാകുമെന്നും അദ്ദേഹം കരുതിയിരുന്നു. ഇന്നത്തെ തിരക്കും ആർത്തിയും കീഴടക്കിയ ഒരു ലോകത്ത് ഇങ്ങനെ കരുതാൻ അങ്ങേയറ്റം കാൽപനികത (സാധാരണ ഭാഷയിൽ പറഞ്ഞാൽ അൽപം വട്ട് തന്നെ) വേണം. എന്തായാലും ആ സംരംഭം അദ്ദേഹത്തോടൊപ്പം ഇല്ലാതായി. പേക്ഷ, ചരിത്രത്തിൽ മറ്റു പലയിടങ്ങളിലുമെന്നപോലെ അതിന്റെ വെളിച്ചം വഴികാട്ടി ആരംഭിച്ച അയൽക്കൂട്ടങ്ങളാണ് ഇപ്പോൾ പടർന്നു പന്തലിച്ച് ഈ നിലയിലായത്.
ഔദ്യോഗികമായി ഇന്നത്തെ കുടുംബശ്രീയിൽ എത്തുന്നതിനു മുമ്പ് 1991ൽ യൂനിസെഫിന്റെ പിന്തുണയോടെ ആരംഭിച്ച സാമൂഹിക പോഷകാഹാര പരിപാടി (സി.എൻ.ബി.പി) ഉണ്ടായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാര നിലവാരം ഉയർത്താനുള്ള ഈ പരിപാടിയുടെ ഭാഗമായി വാർഡ് തലത്തിൽ അയൽക്കൂട്ടങ്ങളും മുനിസിപ്പാലിറ്റിയിൽ സി.ഡി.എസും രൂപപ്പെടുത്തിയിരുന്നു. അന്ന് ദരിദ്രകുടുംബങ്ങളായി കണ്ടിരുന്നവയിലെ സ്ത്രീകളും കുട്ടികളുമായിരുന്നു ഇതിന്റെ ഗുണഭോക്താക്കൾ. ഇത് കേന്ദ്രീകരിച്ചിരുന്ന ആലപ്പുഴ, മലപ്പുറം ജില്ലകളിൽ വലിയ വിജയമായി മാറി എന്ന കണ്ടെത്തലും കുടുംബശ്രീക്ക് പ്രേരണയായി. ഈ പദ്ധതിയിലെ അയൽക്കൂട്ടങ്ങളും സി.ഡി.എസും കുടുംബശ്രീ ഘടനയിലുമുണ്ട്. സി.ഡി.എസ് പഞ്ചായത്ത്/ നഗരസഭാതലത്തിലാണെങ്കിൽ പദ്ധതി വ്യാപകമായപ്പോൾ അയൽക്കൂട്ടങ്ങളുടെ മേലെ തട്ടിൽ ഒരു എ.ഡി.എസും ആവശ്യമായിവന്നു.
1997ൽ ആരംഭിച്ച ജനകീയാസൂത്രണ പദ്ധതിയുടെ പശ്ചാത്തലത്തിൽ ദാരിദ്ര്യ നിർമാർജനത്തിന്റെ സാധ്യതയെക്കുറിച്ച് ദാരിദ്ര്യനിർമാർജനത്തിനായി നൂതന മാർഗങ്ങൾ ആരായുന്നതിനായി എസ്.എം. വിജയാനന്ദ് ഐ.എ.എസ്, സംസ്ഥാന ആസൂത്രണ കമീഷൻ അംഗം ഡോ. തോമസ് ഐസക്, ഡോ. പ്രകാശ് ബക്ഷി എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ ശിപാർശപ്രകാരമാണ് 1997-98ലെ സംസ്ഥാന ബജറ്റിൽ സംസ്ഥാന ദാരിദ്ര്യനിർമാർജന മിഷൻ കുടുംബശ്രീയുടെ രൂപവത്കരണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. അയൽക്കൂട്ടങ്ങൾ, എ.ഡി.എസ്, സി.ഡി.എസ് എന്നിങ്ങനെ ത്രിതല സംഘടനാ സംവിധാനത്തിലൂടെയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. ഇതിന്റെ അടിസ്ഥാന ഘടകമാണ് അയൽക്കൂട്ടങ്ങൾ.
പ്രാദേശികതലത്തിൽ 10 മുതൽ 20 വനിതകളെ ഉൾപ്പെടുത്തിയാണ് അയൽക്കൂട്ടങ്ങൾ രൂപവത്കരിക്കുന്നത്. ഒരു തദ്ദേശഭരണ പ്രദേശത്തെ ഓരോ വാർഡിലെയും അഫിലിയേഷൻ നേടിയിട്ടുള്ള അയൽക്കൂട്ടങ്ങളുടെ സംയോജിത രൂപമാണ് എ.ഡി.എസ്. അതുപോലെ ത്രിതല സംഘടനാ സംവിധാനത്തിന്റെ ഉപരിസംഘമാണ് സി.ഡി.എസ്. 1990 മുതൽ ആലപ്പുഴ മുനിസിപ്പാലിറ്റി, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ത്രിതല സംവിധാനത്തിന്റെ വിജയത്തിൽനിന്നാണ് അംഗീകരിക്കപ്പെട്ട സാമൂഹിക ഘടനയായി കുടുംബശ്രീ മാറിയത്.
കേരള സംസ്ഥാനത്താകമാനം വ്യാപിച്ചുകിടക്കുന്ന വനിതകളുടെ ഒരു കമ്യൂണിറ്റി ശൃംഖലയാണ് കുടുംബശ്രീ. സ്ത്രീശാക്തീകരണത്തിലൂന്നിയ സാമ്പത്തിക-സാമൂഹിക-ശാക്തീകരണത്തിലൂടെയുള്ള ദാരിദ്ര്യ നിർമാർജനമാണ് കുടുംബശ്രീയുടെ ലക്ഷ്യം. സ്വതന്ത്ര വനിതാ കൂട്ടായ്മയായ അയൽക്കൂട്ടത്തിന്റെ ഭരണപരവും സംഘടനാപരവുമായ പ്രവർത്തനത്തിലൂടെ ലഭിക്കുന്ന ശേഷിയും ആത്മവിശാസവും മുഖേന സ്ത്രീകൾ സ്വയം ശാക്തീകരിക്കുന്നു. അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നിങ്ങനെയുള്ള ത്രിതല സംഘടനാ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന കുടുംബശ്രീ ലോകത്തിലെതന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയാണ്. (കുടുംബശ്രീയുടെ ഔദ്യോഗിക സൈറ്റിൽനിന്നും ലഭിച്ചത്.)
സർക്കാറിന്റെ വികസന, ക്ഷേമ പദ്ധതികളുടെ സൂക്ഷ്മതല നടത്തിപ്പുകാരായി മാറുക എന്നത് ഇതിന്റെ പ്രാഥമിക ലക്ഷ്യമാണ്. സർക്കാർ നൽകുന്ന വിഭവങ്ങൾ ഇവരിലൂടെ താഴേത്തട്ടിൽ എത്തിക്കുക, അത് ഫലപ്രദമായി വിനിയോഗിക്കുക. ദാരിദ്ര്യ നിർമാർജന പരിപാടികളുടെ സൂക്ഷ്മതല ആസൂത്രണത്തിൽ സി.ഡി.എസിന്റെ ഇടപെടൽ ഉണ്ടാകുമെന്നതും ലക്ഷ്യമാണ്. എന്നാൽ, ഈ പദ്ധതിയുടെ മർമം എന്ന് പറയാവുന്നവയാണ് സൂക്ഷ്മ സമ്പാദ്യവും സൂക്ഷ്മ വായ്പകളും (മൈക്രോ ത്രിഫ്റ്റ്/ ക്രെഡിറ്റ്). ഇതിന്റെ നവീനതയും ആവശ്യകതയും അതുകൊണ്ട് കിട്ടിയ സ്വീകാര്യതയും മൂലം അതിവേഗത്തിൽ കുടുംബശ്രീ കേരളമാകെ വ്യാപിച്ചു. അതുകൊണ്ടുതന്നെ ഏറെ ദൃശ്യതയും പ്രശംസയും പ്രശസ്തിയും കിട്ടി. അയൽക്കൂട്ടങ്ങൾ വഴി സംഘടിപ്പിക്കപ്പെട്ട ദരിദ്ര സ്ത്രീകൾക്കിടയിൽ ആദ്യം ആരംഭിച്ചത് നിക്ഷേപ പദ്ധതിയാണ്. അവരുടെ വളരെ ചെറിയ വരുമാനങ്ങൾപോലും സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഒരു സംവിധാനം എന്നനിലയിൽ ഇതിനു സ്വീകാര്യത കിട്ടി. തങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്റെ നല്ല പങ്കും പുരുഷാധിപത്യ ഘടനയിലെ കുടുംബനാഥൻ എന്നനിലയിൽ ഉപയോഗിക്കുന്നത് (പലപ്പോഴും മദ്യപാനത്തിനും മറ്റുമായി പോലും) ഇവരെ എന്നും നിസ്വരാക്കി നിലനിർത്തിയിരുന്നു.
പഴയകാലത്തെ പല സിനിമകളിലും കണ്ടിട്ടുള്ള ഒരു രംഗം ഓർമവരുന്നു. ദരിദ്രകുടുംബങ്ങളിലെ സ്ത്രീകൾ കഷ്ടപ്പെട്ട് സമ്പാദിച്ച് അവരുടെ പെട്ടികളിലും മറ്റും സൂക്ഷിച്ചുെവച്ചിരിക്കുന്ന പണം പുരുഷന്മാർ (അത് മക്കളാകാം, ഭ്രാതാക്കന്മാരാകാം) പെട്ടി പൊളിച്ചു എടുത്തു കൊണ്ടുപോകുന്നു, സ്ത്രീകൾ കരയുന്നു. ഇത്തരം ദരിദ്രസ്ത്രീകൾക്ക് ബാങ്കുകളിൽ നിക്ഷേപിക്കാനൊന്നും എളുപ്പമല്ല. അതിനുള്ള പണവും ഇല്ല. തങ്ങളുടെ മക്കളുടെ കല്യാണം, അൽപം ആഭരണങ്ങൾ വാങ്ങൽ തുടങ്ങിയ ആവശ്യങ്ങളാകും അവരുടേത്. അതുപോലും സാധ്യമല്ലാതെ വരുന്ന അവസ്ഥക്ക് ഈ നിക്ഷേപ പദ്ധതി ഒരു വലിയ പരിഹാരമാണ്. ഓരോരുത്തരും ഒരു നിശ്ചിത തുക വീതം ഓരോ ആഴ്ചയിലും നിക്ഷേപമായി നൽകുന്നു. ഇങ്ങനെ ചെറിയ നിക്ഷേപങ്ങൾ ഒരു അളവിൽ കവിഞ്ഞാൽ, അവർക്കിടയിൽതന്നെ അത് വായ്പയായി പുനർവിതരണം നടത്തുന്നു. മേൽപറഞ്ഞ ആവശ്യങ്ങൾക്ക് അത് ഉപകരിക്കുന്നു. അതിൽനിന്നും കിട്ടുന്ന പലിശയും മൂലധനമാകുന്നു. അവർ സുസ്ഥിരമായെന്നു ബോധ്യമായാൽ ബാങ്കുകളുമായി അയൽക്കൂട്ടങ്ങളെ ബന്ധിപ്പിക്കുന്നു. സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും ആവശ്യങ്ങൾ പലതാണ്. നിത്യവും ആവശ്യമുള്ള ഉപഭോഗവസ്തുക്കൾ അതിൽ ഒന്നാമതാണ്. ചികിത്സപോലുള്ള ചില അടിയന്തര ആവശ്യങ്ങൾ ഉണ്ടാകാം. ആഘോഷങ്ങൾക്കും മറ്റും വേണ്ടിവരാം. ഒപ്പം, ഏതെങ്കിലും വിധത്തിലുള്ള സംരംഭകത്വത്തിനായി വേണ്ടിവരാം.
സൂക്ഷ്മ സംരംഭങ്ങൾക്ക് സാധ്യത ഉണ്ടെന്നു കണ്ടാൽ ഈ വായ്പക്കൊപ്പം കുടുംബശ്രീ മിഷൻ നാമമാത്രമായൊരു സാമ്പത്തിക സഹായം നൽകുന്നു (മാച്ചിങ് ഗ്രാൻഡ്). അധിക ധനം ആവശ്യമാണെങ്കിൽ ബാങ്കുകളെ സമീപിക്കാം. ഇതിന്റെ ബാങ്ക് ഇടപാടുകൾ നടത്തുന്നത് അയൽക്കൂട്ടങ്ങളുടെ പ്രസിഡന്റും സെക്രട്ടറിയും ചേർന്നാണ്. അതുതന്നെ അവർക്കെല്ലാം പുതിയ അനുഭവമാകും. നിക്ഷേപം വേഗം വളർന്ന് നല്ലൊരു സംഖ്യയാകും.
കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് 2021 സെപ്റ്റംബർ 15ന് 45,85,677 അംഗങ്ങളുള്ള 2,94,436 അയൽക്കൂട്ടങ്ങളുള്ള ഒരു മഹാസംരംഭമായി കുടുംബശ്രീ വളർന്നിരിക്കുന്നു. ഇന്ത്യക്കകത്തും പുറത്തും ഇവരുടെ പ്രവർത്തന നേട്ടങ്ങൾ ഏറെ ശ്ലാഘിക്കപ്പെടുന്നു. അതിന്റെ വ്യാപനത്തിലും വലുപ്പത്തിലും ലോകത്തിലെത്തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായിരുന്നു. സംസ്ഥാന സർക്കാറുകൾ (അത് ഏത് കക്ഷി ഭരിച്ചാലും) മുന്നോട്ടുെവക്കുന്ന ഏതാണ്ടെല്ലാ ദാരിദ്ര്യനിർമാർജന പദ്ധതികളും ഇവരിലൂടെയാണ് നടപ്പാക്കപ്പെടുന്നത്. കേന്ദ്രസർക്കാറിന്റെ ദേശീയതലത്തിലുള്ള ഗ്രാമീണ ജീവനോപാധി സംരക്ഷണ പദ്ധതികളുടെ കേരളത്തിലെ നടത്തിപ്പു ചുമതലയും കുടുംബശ്രീെയ ഏൽപിച്ചിട്ടുണ്ട്.
ദാരിദ്ര്യനിർമാർജനത്തിൽ സൂക്ഷ്മതല സാമ്പത്തിക പ്രവർത്തനങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് ബംഗ്ലാദേശ് അടക്കം നിരവധി മൂന്നാം ലോക രാജ്യങ്ങളിലെ അനുഭവങ്ങൾ കാണിച്ചുതന്നിട്ടുണ്ട്. ബംഗ്ലാദേശ് ഗ്രാമീണബാങ്ക് അതിന്റെ അടിത്തറയാണ്. 50 ലക്ഷം കുടുംബങ്ങളാണ് ഇതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്.
ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഇടപെടുന്ന സംരംഭങ്ങൾ ആരംഭിക്കാൻ കുടുംബശ്രീകൾക്കു കഴിഞ്ഞിട്ടുണ്ട്. ചില ശ്രമങ്ങൾ പരാജയപ്പെട്ടിട്ടുണ്ടെന്നത് മറ്റൊരു കാര്യം. കാർഷിക മേഖലയിൽ നെൽകൃഷി മുതൽ അടുക്കളത്തോട്ടം വരെ ഇവരുടെ ആഭിമുഖ്യത്തിൽ നടക്കുന്നുണ്ട്. മൃഗസംരക്ഷണവും അനുബന്ധമായി വളർന്നിട്ടുണ്ട്. ഒട്ടനവധി ഗാർഹികോൽപന്നങ്ങളുടെ നിർമാണത്തിൽ ഇവരുടെ പങ്കാളിത്തം വലുതാണ്. ഉൽപാദനത്തോടൊപ്പം വിപണനരംഗത്തും ഇവർ ചില ഇടപെടലുകൾ നടത്തിയിട്ടുണ്ട്. വൃദ്ധജനസംരക്ഷണം എന്ന അനിവാര്യമായ മേഖലയും മറ്റും ഇനിയും വികസിക്കാനിരിക്കുന്നതേയുള്ളൂ. നിർമാണമേഖലയിൽ ചില ചുവടുവെപ്പുകൾ നടത്താനും കഴിഞ്ഞിട്ടുണ്ട്. കേരളം നേരിടുന്ന ഒരു മഹാ പ്രതിസന്ധിയായ മാലിന്യ സംസ്കരണത്തിൽ ഇവർ നിർണായകമായ ഇടപെടലുകൾ നടത്തുന്നുണ്ട് (ഇതിന്റെയൊക്കെ പ്രശ്നങ്ങൾ പിന്നീട് പറയുന്നതാണ്). സ്ത്രീകളുടെ തൊഴിൽശേഷി വികസിപ്പിക്കാനുള്ള ചില ശ്രമങ്ങളും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാൻ കഴിയുന്ന ഹോട്ടലുകൾ പലയിടങ്ങളിലും ഇവർ നടത്തുന്നുണ്ട്.
ഇത്ര വിപുലമായ ഒരു സംഘാടനം നടന്നു എന്നതിൽതന്നെ കേരളത്തിന് അഭിമാനിക്കാം. എന്നാൽ, ഇതിന്റെ സ്ഥാപിതലക്ഷ്യങ്ങളിൽ ചിലതെല്ലാം ഇപ്പോൾ ഏതാണ്ട് മറന്ന അവസ്ഥയാണ് എന്നുള്ള വിമർശനങ്ങൾ തള്ളിക്കളയാൻ കഴിയില്ല. ഒരു അനുഭവത്തിൽനിന്നും തുടങ്ങാം. 1999 കാലത്ത് ജനകീയാസൂത്രണത്തിന്റെ പരിശീലനത്തിന്റെ ഭാഗമായി നടന്ന ഒരു സ്ത്രീശാക്തീകരണ പരിപാടിയാണ് വേദി. സ്ത്രീകളുടെ മേൽക്കൈയിൽ ഉയർന്നുവരുന്ന സംരംഭകത്വമാണ് വിഷയം. പുരുഷൻ ഏതാണ്ട് പൂർണമായും കൈയടക്കിെവച്ചിരിക്കുന്ന നിർമാണമേഖലയിൽ (അവിടെ സ്ത്രീകൾ വെറും കൂലിക്കാർ –മേക്കാട്ടു പണിക്കാർ മാത്രം) ഇടപെടുന്ന ഒരു സ്ത്രീക്കൂട്ടായ്മയുടെ ഭാഗമായി സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അംബിക എന്ന സഹോദരി. ചർച്ചകൾക്കിടയിൽ ഇവരെ ഞാൻ അംബികച്ചേച്ചി എന്ന് സംബോധന ചെയ്തിട്ടുണ്ടായിരുന്നു. ഒരു ചായ ഇടവേളയിൽ അവർ അടുത്തുവന്നു എന്നോട് ഒരു ആവശ്യം ഉന്നയിച്ചു. തന്നെ ഇനി ചേച്ചി എന്ന് വിളിക്കേണ്ടെന്നും അംബിക മേസ്ത്രി എന്ന് വിളിക്കുന്നതാണ് സന്തോഷമെന്നുമാണ് അവർ പറഞ്ഞത്.
ഒരുപക്ഷേ, അവരുടെ പ്രായം എന്നതാകാം വിഷയമെന്നാണ് ഒരു പുരുഷാധിപത്യ മനസ്സുണ്ടായിരുന്ന ഞാൻ കരുതിയത്. എന്നാൽ, ചില വർഷങ്ങൾക്കുശേഷം ലൈംഗിക തൊഴിലാളികളുടെ ഒരു സമ്മേളനത്തിൽ െവച്ച് കേട്ട ഒരു അനുഭവവിവരണം എന്നെ മറ്റൊരു രീതിയിൽ ഇതിനെ കാണാൻ പ്രേരിപ്പിച്ചു. നിർമാണമേഖലയിൽ മേക്കാട്ടുപണി ചെയ്തിരുന്ന ഒരു സ്ത്രീ ഇടവേളകളിൽ പുരുഷ മേസ്ത്രിമാരുടെ ലൈംഗിക താൽപര്യങ്ങൾക്കു വഴങ്ങേണ്ടിവന്നതിനാൽ മനംമടുത്ത് അതുപേക്ഷിച്ചു ലൈംഗിക തൊഴിലിലേക്കു വന്ന അനുഭവമാണ് കേട്ടത്. ഒരു നിർമാണസ്ഥലത്ത് ഒരു സ്ത്രീക്ക് മേസ്ത്രി ആയി പ്രവർത്തിക്കാൻ കഴിയുന്നത് കൂടെ ജോലിചെയ്യുന്ന സ്ത്രീകൾക്ക് എത്രമാത്രം ആശ്വാസകരമാണ് എന്ന് മനസ്സിലായി. അംബികയെ അംബിക മേസ്ത്രി എന്ന് വിളിക്കുമ്പോൾ അവർക്കുണ്ടാകുന്ന അഭിമാനബോധം വളരെ വലുതാണെന്നും മനസ്സിലായി.
കുടുംബശ്രീയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിൽ ദാരിദ്ര്യനിർമാർജനത്തോടൊപ്പം സ്ത്രീകളുടെ ശാക്തീകരണവും ഉൾപ്പെട്ടിരുന്നു. ആ ലക്ഷ്യത്തിൽ എത്രമാത്രം മുന്നോട്ടുപോകാനായി എന്നാണിനി പരിശോധിക്കുന്നത്. (ഈ പരിശോധനക്ക് അടിസ്ഥാനമാക്കുന്നത് ‘ശാക്തീകരണത്തിനും വിമോചനത്തിനുമിടയിൽ: കേരളത്തിലെ കുടുംബശ്രീ ശ്രമങ്ങൾ’ എന്ന പേരിൽ ഡോ. ജെ. ദേവികയും ബിനിത വി. തമ്പിയും ചേർന്ന് നടത്തിയ പഠനങ്ങളാണ്.) സ്ത്രീ കൂട്ടായ്മകളിലൂടെ സാമൂഹിക മൂലധന സമാഹരണം എന്ന ലക്ഷ്യം ഒരുതരത്തിൽ സംഭവിക്കുന്നുണ്ട്. അവരുടെ കേവല ദാരിദ്ര്യത്തിൽ കാര്യമായ കുറവുണ്ടാക്കിയിട്ടുമുണ്ട്. കുടുംബങ്ങൾക്കകത്തു സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം വളരെ ഉയർന്നിട്ടുണ്ട്. സ്ത്രീകളുടെ ആത്മവിശ്വാസം കാര്യമായി കൂടിയിട്ടുണ്ട്. അവരുടെ നേതൃത്വശേഷിയും ഉദ്യോഗസ്ഥ-ബാങ്കിങ് സംവിധാനങ്ങളുമെല്ലാമായി നേരിട്ടുനിന്ന് കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവുമെല്ലാം ഉയർന്നിട്ടുണ്ട്. അവരിപ്പോൾ പൊതുവേദികളിൽ സംസാരിക്കാൻ പഴയതുപോലെ മടിക്കുന്നില്ല.
ഈ സാമ്പത്തിക പങ്കാളിത്ത വളർച്ച വഴി അവരുടെ സാമൂഹിക പദവിയും രാഷ്ട്രീയശേഷിയും തനിയെ വർധിക്കുമെന്നാണ് പരമ്പരാഗത ഇടതുപക്ഷ വീക്ഷണം. ഇതിനെ ‘ധാർമിക ചുറ്റുകോണി’ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ, ഈ പരിപാടിയിലൂടെ സ്ത്രീശാക്തീകരണവും വിമോചനവും കാര്യമായി നടക്കുന്നില്ലെന്നാണ് ഈ പഠനങ്ങൾ കാണിക്കുന്നത്. അതിനുള്ള പ്രധാനകാരണം ഇവിടെ നിലനിൽക്കുന്ന രാഷ്ട്രീയ സാമൂഹിക ഘടന തന്നെയാണ്. കുടുംബത്തിന്റെ സമൃദ്ധി എന്നാണല്ലോ പരിപാടിയുടെ പേര്. അപ്പോൾ കുടുംബഭദ്രതയും സ്ത്രീകൂട്ടായ്മയുടെ ചുമതലയാകുന്നു. ഇന്നത്തെ സാഹചര്യത്തിൽ കുടുംബഭദ്രതക്കായി ത്യാഗംചെയ്യേണ്ടത് സ്ത്രീകളാണ്, അവരുടെ സ്വാതന്ത്ര്യമാണ്. കുടുംബത്തിന്റെ സാമ്പത്തികഭദ്രതക്കുള്ള അവരുടെ സംഭാവന എത്രതന്നെയായാലും കുടുംബനാഥൻ പുരുഷനാണ്. റേഷൻ കാർഡിൽ അങ്ങനെ അല്ലാതാക്കിയതുകൊണ്ട് അത് മാറില്ല.
കുടുംബമെന്നതിന്റെ ഘടനതന്നെ തീർത്തും പുരുഷാധിപത്യപരമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളിലെയെല്ലാം അവസ്ഥ ഇതുതന്നെയാണ്. ഇതിൽ എന്തെങ്കിലും മാറ്റംവരുത്താൻ, ചുരുങ്ങിയത് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളി ഉയർത്താൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ടോ എന്നതാണ് ചോദ്യം. കേരളത്തിൽ പൊതുവെ സ്ത്രീകൾക്ക് ലഭിച്ചിട്ടുള്ള വിദ്യാഭ്യാസരംഗത്തെ വളർച്ച തൊഴിൽ നേടാനും വ്യക്തിത്വവികസനത്തിനും സഹായകമായിട്ടുണ്ട്. എന്നാൽ, ഇതൊന്നും കുടുംബഘടനയുടെ പ്രത്യയശാസ്ത്രത്തിന് ഒരുവിധ പോറലും ഏൽപിച്ചിട്ടില്ലെന്നു കാണാം. വീട്ടിനു പുറത്തുപോയി കൂലിത്തൊഴിൽ ചെയ്യുന്ന സ്ത്രീയേക്കാൾ സമൂഹത്തിൽ മാന്യത അതേ തൊഴിൽ കുറഞ്ഞ കൂലിക്കു വീട്ടിലിരുന്നു ചെയ്യുമ്പോഴാണ്. ഇതുവഴി കൂടുതൽ സമയം അവർക്കു കഠിനാധ്വാനം ചെയ്യേണ്ടിവരുന്നു. (വീട്ടിലെ മറ്റു പണികളൊന്നും കുറയുന്നില്ലല്ലോ. അതെന്നും ഭാര്യയുടെ/ അമ്മയുടെ/ സ്ത്രീയുടെ കടമയായി തുടരുന്നു. വീട്ടിലേത് ഒരു തൊഴിലായി പോലും അംഗീകരിക്കപ്പെടുന്നുമില്ല. അത് സ്നേഹാധ്വാനം മാത്രം.) ഇവിടെ സ്ത്രീകൾ അധികവരുമാനം ഉണ്ടാക്കുന്നുവെന്നത് പ്രധാനംതന്നെയാണ്. ഇത് മിക്കപ്പോഴും തങ്ങളുടെ കൂലി കുറച്ചുകൊണ്ട്, ഉൽപാദനെച്ചലവ് കുറവാക്കി വിലകുറച്ച് കമ്പോളം പിടിക്കൽ ആകുന്നു. ഒരുതരം സ്വയം ചൂഷണം. ഇത്രയും അധ്വാനം പുറത്തു നടത്തിയാൽ ഇതിനേക്കാൾ വളരെ കൂടുതൽ വരുമാനം കിട്ടുമെന്നറിഞ്ഞിട്ടും ഇതിൽ തുടരാനുള്ള ഏക കാരണം കുടുംബമെന്ന കെട്ടുപാടാണ്. (കൂലിത്തൊഴിൽ വർഷം മുഴുവനും കിട്ടില്ല എന്ന എതിർവാദം തള്ളിക്കളയുന്നില്ല. എങ്കിലും സാമൂഹികമാന്യത വീട്ടിലിരുന്നു ചെയ്യുന്നതാണ് എന്നതാണ് പ്രധാന വിഷയം.) എന്തെല്ലാമാണ് ഇന്നും നല്ല സ്ത്രീകളുടെ ലക്ഷണങ്ങളായി നാം കാണുന്നത്? മാന്യമായ വസ്ത്രം, ശബ്ദം താഴ്ത്തി വിനയത്തോടെയുള്ള സംസാരം, സ്ത്രീകളുമായി കൂടുതൽ അടുത്ത സൗഹൃദം, കുടുംബത്തോടുള്ള വേർപിരിക്കാൻ കഴിയാത്ത വിധേയത്വം മുതലായവയാണ്.
നവോത്ഥാനത്തിന്റെ മതിൽ കടന്നു എന്നവകാശപ്പെടുന്ന കേരളത്തിലെ രാഷ്ട്രീയ പരിസരവും സ്ത്രീകളുടെ വിമോചനത്തിന് തടസ്സമാണ്. നിലവിലുള്ള ഏത് രാഷ്ട്രീയ കക്ഷിയിലാണ് സ്ത്രീകൾ ഏറ്റവും ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നത്? മറ്റു പല സംസ്ഥാനങ്ങളിലും സ്ത്രീകൾ മുഖ്യമന്ത്രി ആയിട്ടുണ്ട്. സമീപകാലത്തൊന്നും കേരളത്തിൽ അങ്ങനെ സംഭവിക്കാൻ ഒരു സാധ്യതയുമില്ല. ഇത് ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വങ്ങളുടെ മാത്രം കുഴപ്പമായി കാണാൻ കഴിയില്ല. ഇവിടെ എല്ലാ കക്ഷികൾക്കും വനിതാ സംഘടനകളുണ്ട്. അവയെല്ലാം മുഖ്യകക്ഷിയുടെ നിയന്ത്രണത്തിൽ മാത്രം പ്രവർത്തിക്കുന്നവർ. അവരുടെ നേതാക്കളെ തീരുമാനിക്കുന്നതുപോലും പാർട്ടി സംഘടനയാണ്. സ്ത്രീകളുടെ യഥാർഥ വിഷയങ്ങൾ കക്ഷിരാഷ്ട്രീയത്തിനതീതമായി ഉന്നയിക്കാൻ അവർക്കൊരിക്കലും കഴിയാറില്ല. കേരളത്തിൽ എല്ലാ ഭരണകാലത്തും ഉയർന്നുകൊണ്ടിരിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ ഇവരുടെ പ്രതികരണം മാത്രം നോക്കിയാൽ മതി. 65 ശതമാനം തൊഴിലാളികളും സ്ത്രീകളായിരുന്ന തൊഴിലാളി സഹകരണസ്ഥാപനമായ ദിനേശ് ബീഡി സംഘത്തിന്റെ ഡയറക്ടർ ബോർഡിൽ സംവരണം വഴിയല്ലാതെ ഒരു സ്ത്രീയും വരാറില്ല.
കുടുംബശ്രീ ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയോ? തദ്ദേശഭരണത്തിൽ 50 ശതമാനം സീറ്റുകളും സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള സാഹചര്യത്തിൽ ഈ സ്ഥാപനങ്ങളുമായി അടുത്തിടപെടുന്ന കുടുംബശ്രീക്ക് മുഖ്യധാരയിൽ പുരുഷാധിപത്യത്തിനെതിരെ വെല്ലുവിളി ഉയർത്താൻ കഴിയുന്നില്ല. രാഷ്ട്രീയ കക്ഷികൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ സംവരണ സീറ്റിൽ മത്സരിപ്പിക്കാൻ കഴിയുന്നവിധത്തിൽ കുറെ സ്ത്രീകളെ ശാക്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അവർ ഇപ്പോഴും പാർട്ടിക്കാണ് വിധേയരായിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടാകേണ്ട ജാഗ്രതാസമിതികളുടെ പ്രവർത്തനങ്ങൾ മാത്രം നോക്കിയാൽ ഇത് ബോധ്യമാകും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ ഇവർ എത്രമാത്രം ഇടപെടുന്നുണ്ട്? പ്രാദേശികതലത്തിലാണല്ലോ ഇവരുടെ പ്രവർത്തനം. എന്നിട്ടും ഈ അതിക്രമങ്ങൾ തടയാനോ പ്രതികളായവരെ വിചാരണക്ക് വിധേയരാക്കി ശിക്ഷിക്കാനോ കഴിയാത്തത് എന്തുകൊണ്ട്?
ഇത്തരത്തിൽ ഒരു വിമോചനമോ ശാക്തീകരണമോ ഇതിന്റെ നടത്തിപ്പുകാർപോലും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. കുടുംബശ്രീകളുടെ സംസ്ഥാനതല വാർഷിക റിപ്പോർട്ടുകളിൽ വിവരിക്കുന്നത് നിക്ഷേപം, വായ്പ, മുതൽമുടക്കുകൾ, നീക്കിയിരിപ്പ് മുതലായവ മാത്രമാണ്. മറ്റൊന്നും അവർക്കു വിഷയമല്ല. ആഗോളീകരണ ഉദാരവത്കരണ കാലത്തെ സർക്കാർ നയങ്ങളും നിലപാടുകളും ഇതിനു മറ്റൊരു കാരണമാണ്. ആസൂത്രണം എന്നതുതന്നെ ഒരു പ്രഹസനമായി മാറുന്നു. കാരണം വികസന പദ്ധതികളെല്ലാം വരുന്നത് മൂലധനതാൽപര്യങ്ങൾക്കനുസരിച്ചാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ദശകംവരെ ഉണ്ടായിരുന്ന സർക്കാർ നയങ്ങൾ മാത്രമല്ല, ജനകീയ പ്രതിരോധങ്ങളും ഇന്ന് തീർത്തും മാറിയിരിക്കുന്നു. ഭൂമിയുടെ വിതരണത്തിലും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മറ്റു സാമൂഹിക ക്ഷേമങ്ങളിലും കേരളം വളർന്നത് ഇവിടെ ദീർഘകാലം നടന്ന അവകാശസമരങ്ങളിൽ കൂടിയാണ്. അവകാശങ്ങൾ നേടാൻ നിയമങ്ങൾ തടസ്സമാണെങ്കിൽ അത് മാറ്റാനാണ് സമരങ്ങൾ നടത്തിയത്. നിയമപരമായി അർഹതപ്പെട്ടതിനേക്കാൾ കൂടുതൽ കൂലിയും തൊഴിൽ സംരക്ഷണവും അന്ന് നേടാൻ കഴിഞ്ഞിരുന്നു. (ചുമട്ടുതൊഴിലാളികൾ മുതൽ സർക്കാർ ജീവനക്കാർ വരെ) എന്നാൽ, ഇന്ന് എല്ലാം മാറിയിരിക്കുന്നു. അന്നത്തെ അവകാശസമരങ്ങൾ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയല്ല, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സാമൂഹികവിഭാഗങ്ങൾക്കാകെ വേണ്ടിയായിരുന്നു. പൊതുവിൽ ദരിദ്ര-ദുർബല വിഭാഗങ്ങൾക്ക് കാര്യമായ നേട്ടങ്ങൾ ഉണ്ടായി. ഈ ക്ഷേമപദ്ധതികൾ ജനങ്ങൾ സ്വന്തം അവകാശമായാണ് കണ്ടിരുന്നത്. എന്നാൽ, ഇന്ന് സർക്കാറുകൾ നൽകുന്ന ഭിക്ഷ അഥവാ സമ്മാനമായാണ് ഇതിനെ സർക്കാറും രാഷ്ട്രീയകക്ഷികളും ജനങ്ങളും കാണുന്നത്. ജനങ്ങളെ പൗരന്മാരായല്ല കേവലം പ്രജകളായി മാത്രം കാണുമ്പോൾ ജനാധിപത്യം പരാജയപ്പെടുന്നു. ജനങ്ങളെ ശാക്തീകരിക്കുന്ന ഒന്നല്ല ഇന്ന് ഭരണകൂടം. പുതിയകാലത്തെ സർക്കാറുകളെല്ലാം വിലപിക്കുന്നത് സാമ്പത്തിക ഞെരുക്കത്തെ പറ്റിയാണ്.
രാഷ്ട്രീയ കക്ഷികളെ ഇന്ന് പ്രത്യയശാസ്ത്ര നിലപാടുകൾെവച്ച് വേർതിരിക്കാൻ കഴിയില്ല. അഴിമതിയും സ്വജനപക്ഷപാതവും ക്രിമിനൽവത്കരണവും ഇതിനുള്ള മറുവഴിയായിരിക്കുന്നു. വികസനത്തിൽ രാഷ്ട്രീയം വേണ്ട എന്ന വലതുപക്ഷ മുദ്രാവാക്യം ഇന്ന് ഇടതുപക്ഷത്തിന്റേതായിരിക്കുന്നു. ഭരണകൂടവുമായി വിലപേശാൻ ഇന്ന് ഒരു കക്ഷിക്കും കഴിയാതായി. സർക്കാർ നൽകുന്ന ഈ ക്ഷേമപദ്ധതികളിൽ ഒന്നില്ലാതായാൽ അതിനായി ചോദ്യമുയർത്താൻ ആർക്കും കഴിയാത്ത അവസ്ഥ. ഇന്ന് നടക്കുന്നത് കേവലം നിയമപരമായ വിലപേശൽ സമരങ്ങൾ, കേവലം അനുഷ്ഠാനങ്ങൾ മാത്രം. അതിനായി ചർച്ചകൾ, സമിതികൾ, പഠനങ്ങൾ എന്നിങ്ങനെ പലതും വരുന്നു. സമരങ്ങൾ കേവലം അനുഷ്ഠാനങ്ങൾ മാത്രം. ജനങ്ങൾ സർക്കാർ നൽകുന്നവയുടെ കേവല ഉപഭോക്താവായി മാറി. അതുകൊണ്ടുതന്നെ ജനങ്ങൾ കക്ഷികളുമായി ബന്ധപ്പെടുന്നത് ആശയപരമായ ബന്ധംകൊണ്ടല്ല ആമാശയപരമായ ആവശ്യങ്ങൾക്കാകുന്നു. പക്ഷപാതപരമായ നിലപാടുകൾ അനുസരിച്ചു വിഭജിക്കപ്പെടുന്ന ഒരു സമൂഹം മാത്രം. കേരള വികസന മാതൃക സൃഷ്ടിച്ച ‘പൊതുപ്രവർത്തനം’ എന്നത് ഇന്നില്ലാതായിരിക്കുന്നു.
ഈ സമൂഹത്തിൽ സ്ത്രീകളുടെ ദൃശ്യത പ്രകടമാണ്. സമ്പത്തുൽപാദിപ്പിക്കുന്നവരും മികച്ച ഉപഭോക്താക്കളുമായിട്ടാെണന്നു മാത്രം. അവർക്കു സ്കൂളിൽ പോകാം, പത്രങ്ങൾ വായിക്കാം, ജോലിക്കു പോകാം, ശമ്പളം വാങ്ങാം, വൈദ്യസഹായം തേടാം. എന്നാൽ, രാഷ്ട്രീയ ഇടപെടൽ, നയങ്ങളെ സ്വാധീനിക്കൽ എന്നിവയിൽ ഒരു സ്ഥാനവുമില്ല. 25 വർഷങ്ങളിലെ ഇടപെടലിനു ശേഷവും കേരള നിയമസഭയിലെ സ്ത്രീ പങ്കാളിത്തം എത്ര കുറവാെണന്ന് കാണുക.
സർക്കാറുകൾ സാമ്പത്തികമായി ദുർബലരായപ്പോൾ ജനകീയ പങ്കാളിത്തം എന്ന ആശയം വളർന്നു. സർക്കാറിന്റെ മുതൽമുടക്കിലെ കുറവ് പരിഹരിക്കാൻ ആൾക്കൂട്ടത്തിന്റെ സമ്പത്ത് ഉപയോഗിക്കപ്പെടുന്നു. ഈ പരിപാടി പഴയകാല സിവിൽ സമൂഹം എന്ന സങ്കൽപത്തെ തന്നെ തകർക്കുന്നു. ലാറ്റിൻ അമേരിക്കയിലും മറ്റും വളർന്നുവന്ന സിവിൽ സമൂഹം ഒരു സമരശക്തിയായിരുന്നു. ഭരണകൂടഘടനയെ തന്നെ അവർ ചോദ്യംചെയ്തു. എന്നാൽ, അയൽക്കൂട്ടങ്ങൾ ഒരിക്കലും അതിനു ശ്രമിക്കില്ല. കാരണം, അവയെല്ലാം ഭരണകൂടത്തിന്റെതന്നെ സ്ഥാപനങ്ങളാണ്. അതിന്റെ രൂപവും ചട്ടങ്ങളും നടപടിക്രമങ്ങളും തയാറാക്കുന്നത് ഭരണകൂടമാണ്. ഇവർക്ക് മാതൃക കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന രണ്ട് ദശകങ്ങളിൽ പ്രവർത്തിച്ച പശ്ചിമ യൂറോപ്യൻ സിവിൽ സമൂഹങ്ങളാണ്. അവിടെ സർക്കാറിന്റെ സ്പോൺസർഷിപ്പിൽ രൂപപ്പെടുകയും ബ്യൂറോക്രസിയുടെ ഭാരം കുറക്കാനുള്ള മാർഗമായി അവരെ മാറ്റുകയും ചെയ്തു. സർക്കാറിന്റെ പദ്ധതികൾ കുറഞ്ഞ ചെലവിലും കൂടുതൽ ഫലപ്രദമായും നടപ്പാക്കാനുള്ള ഏജൻസികൾ മാത്രം. ഒരുതരത്തിൽ അവരും ബ്യൂറോക്രസിയുടെ ഭാഗമായി മാറിയിരിക്കുന്നു. കുടുംബശ്രീ സംവിധാനം കേവലം യാന്ത്രിക ഭരണസംവിധാനമായി സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നു എന്ന പരാതി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനുപോലും പറയേണ്ടിവന്നു. അയൽക്കൂട്ടങ്ങളോ അതിലെ പ്രവർത്തകരോ ഇന്ന് വളന്റിയർമാരായി അഥവാ സന്നദ്ധപ്രവർത്തകരായി സ്വയം കരുതുന്നില്ല. തങ്ങൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും അർഹമായ പ്രതിഫലം ലഭിക്കണം എന്നവർ ആഗ്രഹിക്കുന്നു. അതോടെ, സിവിൽ സമൂഹം അല്ലാതാകുന്നു.
ഇന്ന് സി.ഡി.എസും എ.ഡി.എസുമെല്ലാം ബ്യൂറോക്രസി തന്നെയായി. അവരിൽ പലർക്കും നിശ്ചിതമായ ശമ്പളമുണ്ട്. മറ്റു ഉദ്യോഗസ്ഥരെക്കാൾ വളരെ കുറവാണെന്നു മാത്രം. ഫലത്തിൽ സർക്കാറിന്റെ നടത്തിപ്പ് ചെലവ് കാര്യമായി കുറക്കുന്നു. തൊഴിൽ എന്ന രീതിയിൽ തീർത്തും അസംഘടിതമായ ഒന്നാണ് ഇവർ ചെയ്യുന്നത്. ഒരുവിധ അവകാശവുമില്ല. എന്തെങ്കിലും വരുമാനം കിട്ടുക എന്നത് ലക്ഷ്യമായതിനാൽ മറുചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ല.
മാലിന്യസംസ്കരണത്തിലെ ഇവരുടെ ഇടപെടൽ ഇതുപോലൊന്നാണ്. പൊതുവിൽ മാലിന്യം കൈകാര്യം ചെയ്യുന്നവർ സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരാണ്. പഴയകാലത്ത് തോട്ടിപ്പണി എന്നത് ഏറ്റവും താഴ്ന്ന ജാതിക്കാർ മാത്രം ചെയ്യുന്ന ഒന്നായിരുന്നല്ലോ. ഇന്ന് ആ ജാതി എന്നത് മറച്ചുെവക്കപ്പെടുകയും പകരം കുറഞ്ഞ വരുമാനക്കാരായ സ്ത്രീകൾ എന്നാകുകയും ചെയ്തു. അതൊരു വ്യത്യാസംതന്നെയാണ്. എന്നാൽ, ഈ ദരിദ്രവിഭാഗങ്ങളുടെ ജാതിഘടന പരിശോധിച്ചാൽ ആ അവസ്ഥയിൽ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെന്നും കാണാം. മാലിന്യസംസ്കരണം എന്ന തൊഴിൽ ഇവരെക്കൊണ്ട് ചെയ്യിക്കുന്നത് അതിൽനിന്നും ലഭിക്കുന്ന വരുമാനംതന്നെയാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇവരുടെ ദാരിദ്ര്യം ചൂഷണം ചെയ്തുകൊണ്ട് തന്നെയാണ് സമ്പന്നരുടെ ശുചിത്വം ഉറപ്പാക്കുന്നത്.
ഇന്ന് രാഷ്ട്രീയ കക്ഷികൾക്ക് പ്രകടനങ്ങൾക്കും സമ്മേളനങ്ങൾക്കും ആളെക്കിട്ടുക എളുപ്പമല്ല. പ്രത്യേകിച്ചും സ്ത്രീകളെ. ഈ പ്രതിസന്ധി മറികടക്കുന്നത് കുടുംബശ്രീയിലെ സേഹാദരിമാരെക്കൊണ്ടാണ്. ഭരണകക്ഷികളുടെ ഉന്നതരായ നേതാക്കളും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടികളിലും ഇവരില്ലാതെ ആളെത്തില്ല. ഇവരുടെ ഇടയിലെ ബ്യൂറോക്രസി അത്ര ശക്തമാണ്. തൊഴിലാളി എന്ന രീതിയിൽ അസംഘടിതരായതിനാൽ തൊഴിൽ സുരക്ഷക്ക് ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തണൽ അനിവാര്യമാണ്. ചുരുക്കത്തിൽ ദാരിദ്ര്യനിർമാർജന പരിപാടി എന്നനിലയിൽ വലിയ നേട്ടങ്ങളുണ്ടാക്കി എന്നത് സമ്മതിക്കുമ്പോഴും ഈ ആഗോള മുതലാളിത്ത പുരുഷാധിപത്യ സമൂഹത്തെ തകരാതെ പിടിച്ചുനിർത്താൻ അതിന്റെ ഇരകളായ സ്ത്രീകളെതന്നെ ഉപയോഗിക്കുന്നു എന്ന സത്യം അവഗണിക്കാൻ കഴിയില്ല. ഇനിയും കാൽനൂറ്റാണ്ട് ഇതേരീതിയിൽ പോയാലും സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹിക അധികാര പ്രവേശനം അഥവാ ലിംഗസമത്വം അല്ലെങ്കിൽ സമൂഹത്തിന്റെ ജനാധിപത്യവത്കരണം എന്നത് സാധ്യമാകില്ല.