ഇകഴ്ത്തലിന്റെ ചരിത്രവും വർത്തമാനവും രാഷ്ട്രീയവും
ഭാഷയിലൂടെയുള്ള ശിശുവത്കരണവും ഇകഴ്ത്തലുകളും എപ്രകാരമാണ് വ്യവഹാരങ്ങളിൽ ഒരു ആയുധമായി പ്രവർത്തിക്കുന്നത്? വംശീയ, ലിംഗപര, ജാതീയ വിവേചനങ്ങളെ അതേപടി നിലനിർത്താനും അധികാരം സ്ഥാപിക്കാനും എങ്ങനെയാണ് ഇകഴ്ത്തലുകളെ ഉപയോഗിക്കുന്നത്? -വിശകലനം.
ഭാഷ എന്നത് ആശയവിനിമയത്തിലുപരി സമൂഹത്തിൽ നിലനിൽക്കുന്ന വാർപ്പുമാതൃകകളെ അതേപടി നിലനിർത്താൻ ഉപയോഗപ്പെടുത്തുന്ന ഒരു ആയുധംകൂടിയാണ്. ഒരു വ്യക്തിയെ വിലയിരുത്താനും വിവരിക്കാനും ഉപയോഗിക്കുന്ന വാക്കുകൾ ആ വ്യക്തിയെ സമൂഹം എങ്ങനെ കാണണമെന്നും ഉൾക്കൊള്ളണമെന്നും നിർണയിക്കാൻ ശേഷിയുള്ളതാണ്. ഒരു വ്യക്തിയുടെ കഴിവുകളെ, അല്ലെങ്കിൽ സമൂഹത്തിൽ ആ വ്യക്തിക്കുള്ള സ്വാധീനത്തെ, ചുരുക്കിക്കാണാൻ/ കണക്കാക്കാൻ ഏറ്റവും എളുപ്പവഴി അവരെ ഒരു കുട്ടിയായും മോനായും മോളായും വിലയിരുത്തുക എന്നതാണ്. ഈ പ്രക്രിയ ഭാഷാവ്യവഹാരത്തിൽ നിരന്തരം നടക്കുന്ന ഒന്നാണ്.
പാശ്ചാത്യ സംസ്കാരത്തിൽ കറുത്ത വർഗക്കാരായ മുതിർന്നവരെ എങ്ങനെയാണ് നിരന്തര ചിത്രീകരണങ്ങളിലൂടെയും സൂചനകളിലൂടെയും പക്വത നിഷേധിച്ച് ശിശുക്കളായി അവതരിപ്പിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ’90കളിൽ വെള്ളക്കാർ കറുത്തവർഗക്കാരായ പുരുഷന്മാരെ ആൺകുട്ടികൾ (boys) എന്നാണ് അടയാളപ്പെടുത്തിയിരുന്നത്. ഇത് വെള്ളക്കാരുടെ വംശീയ അധികാരം നിലനിർത്താനും കറുത്ത വർഗക്കാരുടെ മുതിർന്ന, പക്വമായ സ്ഥാനം നിഷേധിക്കുന്നതിനും വേണ്ടിയാണ്. അമേരിക്കൻ ചിത്രകഥകളിലും ബ്ലാക്സ് പ്ലോയിറ്റേഷന്റെ (blaxploitation) ഭാഗമായി നിർമിക്കപ്പെട്ട സിനിമകളിലും കാണുന്ന ബ്ലാക്ക് സൂപ്പർ ഹീറോസിനെപ്പറ്റിയുള്ള പഠനങ്ങളിൽ, ഇത്തരം ചിത്രീകരണങ്ങൾ ആഫ്രിക്കൻ അമേരിക്കൻ അനുഭവങ്ങളുടെ വിവരണങ്ങളാകുമ്പോൾതന്നെ, എങ്ങനെയാണ് ഒരേസമയം അതിപുരുഷത്വത്തിന്റെയും ശിശുവത്കരണത്തിന്റെയും ഇരകളായി കറുത്ത വർഗക്കാർ മാറുന്നെതന്ന് വിവരിക്കുന്നു. ലാറി ഹാമയുടെ (Larry Hama) സൃഷ്ടിയായ സൂപ്പർ ഹീറോ റേഞ്ച് ഒരു ബ്ലാക്ക് സൂപ്പർ ഹീറോ ആണ്. എന്നാൽ, വംശീയതയുടെ ഇരയുമാണ്. ലാറി ഹാമയുടെ കഥയിൽ അമേരിക്കൻ ദേശീയ ഐഡന്റിറ്റിയുടെ പ്രതീകമായ ക്യാപ്റ്റൻ അമേരിക്ക, റേഞ്ചിനെ ഒരു ശിശുവായിട്ടാണ് പരിഗണിക്കുന്നത്, എല്ലാ പോരിലും ക്യാപ്റ്റൻ അമേരിക്കയുടെ നിയന്ത്രണത്തിലും സംരക്ഷണത്തിലും മാത്രം നിലനിൽക്കാൻ കഴിയുന്ന ഒരു കഥാപാത്രമായാണ് ചിത്രീകരിക്കുന്നത്. ക്യാപ്റ്റൻ അമേരിക്കക്ക് റേഞ്ചിനെ എളുപ്പത്തിൽ നിയന്ത്രിക്കാവുന്നതുമാണ്. ശിശുവത്കരണത്തിലൂടെ എങ്ങനെ കറുത്ത വർഗക്കാരന്റെ വാർപ്പുമാതൃക സൃഷ്ടിക്കാമെന്നതിന്റെയും അതിലൂടെ എങ്ങനെ അവരെ അപരവത്കരിച്ച് നിയന്ത്രിക്കാം എന്നതിന്റെയും ഉദാഹരണമാണ് ബ്ലാക്ക് സൂപ്പർ ഹീറോ റേഞ്ച്.
ഇത്തരം ഇകഴ്ത്തലുകൾ കഥകളിലും സിനിമകളിലും മാത്രമല്ല, ചരിത്രത്തിലും ചരിത്രവ്യാഖ്യാനങ്ങളിലും രാഷ്ട്രീയ ചരിത്രത്തിലും ധാരാളം കാണാൻ സാധിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്തരം ശിശുവത്കരണത്തിലൂടെയുള്ള ഇകഴ്ത്തലിന്റെ ഉദാഹരണമാണ് രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിളിക്കുന്നത്. ഹിന്ദിയിൽ പപ്പു എന്ന വാക്കിന് ചെറിയ ആൺകുട്ടി എന്ന അർഥമാണെങ്കിലും സംസാരഭാഷയിൽ അപകീർത്തികരമായി മണ്ടൻ എന്ന അർഥത്തിലും ഉപയോഗിക്കുന്നു. 2014ൽ നടന്ന ലോക്സഭ ഇലക്ഷന്റെ പരിസരത്താണ് പപ്പു എന്ന വിളിപ്പേര് പരിഹാസരൂപേണ രാഹുൽ ഗാന്ധിക്കു ചാർത്തപ്പെട്ടത്. രാഹുൽ പ്രതിനിധാനംചെയ്യുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെയും നിലപാടുകളെയും ഈ ഒറ്റ പ്രയോഗംകൊണ്ടുതന്നെ ഇല്ലാതാക്കാൻ ബി.ജെ.പിക്കു കഴിഞ്ഞു. പപ്പു എന്ന് ഗൂഗിളിൽ െസർച്ച് ചെയ്താൽ രാഹുൽ ഗാന്ധിയുടെ ചിത്രം ലഭിക്കുന്ന രീതിയിൽ ഈ ശിശുവത്കരണത്തെ പ്രചാരത്തിൽ എത്തിക്കാൻ ബി.ജെ.പി സഹയാത്രികർക്ക് കഴിഞ്ഞു. ആയിരക്കണക്കിന് കോടികൾ ബി.ജെ.പിയും ആർ.എസ്.എസുംതന്നെ ഈ രീതിയിൽ സ്റ്റീരിയോടൈപ് ചെയ്യുന്നതിനായി മാത്രം ചെലവഴിച്ചു എന്ന് രാഹുൽ ഗാന്ധിതന്നെ ഈ അടുത്ത് ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടു നടന്ന വാർത്തസമ്മേളനത്തിൽ പറയുന്നുണ്ട്. ഇത്തരം ശിശുവത്കരണത്തിലൂടെയുള്ള ഇകഴ്ത്തലിന്റെയും ഇല്ലായ്മ ചെയ്യലിന്റെയും രാഷ്ട്രീയം പുതിയതല്ല. ഇന്ദിര ഗാന്ധിയെ ‘ഗൂങ്കി ഗുഡിയ’ എന്ന് അപകീർത്തികരമായി ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്നു എന്ന കാര്യം രാഹുൽ ഗാന്ധിതന്നെ ഓർമിപ്പിക്കുന്നു. ‘പൊട്ടി പാവ’ എന്നാണ് ‘ഗൂങ്കി ഗുഡിയ’ എന്നാൽ അർഥം. ഇന്ദിര ഗാന്ധിയെ മാത്രമല്ല, സോണിയ ഗാന്ധിയെയും ഈ രീതിയിൽ ‘ഗുഡിയ’ എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്നു. 1998-99 കാലത്ത് കോൺഗ്രസ് നേതൃത്വം തന്നെ ഒരിക്കൽ സോണിയ ഗാന്ധിയെ ‘ഗുഡിയ’ എന്ന് വിളിച്ചു. 2009ൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി കോൺഗ്രസിനെ ‘ഗുഡിയ പാർട്ടി’ എന്നാണ് വിളിച്ചത്.
Jill Filipovic എന്ന അമേരിക്കൻ എഴുത്തുകാരി ‘The infantilization of Adult Professional Women’ എന്ന തന്റെ ലേഖനത്തിൽ ഏതു രീതിയിലാണ് രാഷ്ട്രീയത്തിൽ മുതിർന്ന സ്ത്രീകളെപ്പോലും ‘sweety’, ‘little girl’, ‘young lady’ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ ശിശുവത്കരിക്കുന്നത് എന്ന് വിശദീകരിക്കുന്നു. സ്ത്രീകളുടെ കഴിവുകളെ കുറച്ചുകാണിക്കുന്നതിനും അവരുടെ നിലപാടുകളെ അംഗീകരിക്കാതിരിക്കുന്നതിനും അവരെ ആക്ഷേപിക്കുന്നതിനും ഏറ്റവും എളുപ്പമുള്ള മാർഗം അവരെ ‘little girl’ ആയി അവതരിപ്പിക്കുക എന്നതാണ്. തന്റെ കർമമണ്ഡലത്തിൽ, അത് രാഷ്ട്രീയത്തിൽ ആയാലും മറ്റ് ജോലിസ്ഥലങ്ങളിൽ ആയാലും, മുന്നേറുകയും അധികാര സ്ഥാനങ്ങളിലേക്ക് വെല്ലുവിളി ഉയർത്തി ഉയർന്നുവരുകയും അഭിപ്രായം പറയുകയും ചെയ്യുന്ന സ്ത്രീകളെ സംശയത്തോടും തനിക്ക് നഷ്ടപ്പെടുന്ന അധികാരത്തെക്കുറിച്ചുള്ള ഭയത്തോടും കൂടിയാണ് പുരുഷസമൂഹം പൊതുവിൽ നേരിടുന്നത്.
ഇനി കേരളത്തിന്റെ പ്രത്യേകമായ സാഹചര്യത്തിലേക്ക് വരുകയാണെങ്കിൽ, ഒരു വ്യക്തിയെ, പ്രത്യേകിച്ച് ബഹുജനങ്ങളെ, ‘ചെറുതാ’ക്കി കാണിക്കുന്നത്, അധിക്ഷേപിക്കുന്നത്, അവരെ ഒളിഞ്ഞും തെളിഞ്ഞും ജാതീയമായി അവതരിപ്പിച്ചുകൊണ്ടും ഇകഴ്ത്തിക്കൊണ്ടുമാണ്.
ജാതീയമായും ലിംഗപരമായും രാഷ്ട്രീയപരമായും എല്ലാ രീതിയിലും ഏറ്റവും അധികം ഇകഴ്ത്തലുകളും തരംതാഴ്ത്തലുകളും അനുഭവിക്കേണ്ടിവന്ന, എല്ലാ രീതിയിലും ആണധികാരത്തോട് മല്ലടിച്ചു നിന്ന, കേരളത്തിലെ സ്ത്രീ വ്യക്തിത്വമാണ് കെ.ആർ. ഗൗരിയമ്മ. ഈഴവ സമുദായ അംഗമായ ഗൗരിയമ്മ കേരളത്തിലെ ആദ്യ ജനാധിപത്യ സർക്കാറിലെ റവന്യൂ മന്ത്രിയും ആദ്യ വനിതാ മന്ത്രിയുമാണ്. കൂടാതെ, ആ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായിരുന്നു. കേരളത്തിൽ ജന്മിത്തത്തിന് അവസാനമിട്ട 1957ലെ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച വിപ്ലവ വ്യക്തിത്വമാണ് കെ.ആർ. ഗൗരിയമ്മ. നാരായണഗുരുവിന്റെ ആശയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗൗരിയമ്മയുടെ അച്ഛൻ തന്റെ പെൺമക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നത്. സ്വർണമെഡൽ നേടി ചരിത്രത്തിൽ ബിരുദം നേടിയ ഗൗരിയമ്മ, ഈഴവ സമുദായത്തിൽനിന്ന് നിയമത്തിൽ ബിരുദം നേടിയ ആദ്യ വനിതകൂടിയാണ്. ഗൗരിയമ്മയുടെ സാമൂഹിക, രാഷ്ട്രീയ ജീവിതം മുഴുവനും സമരങ്ങളുടെയും പോരാട്ടങ്ങളുടെയും വീര്യം നിറഞ്ഞതാണ്. കേരള രാഷ്ട്രീയത്തിൽ, അല്ലെങ്കിൽ കേരള ചരിത്രത്തിൽതന്നെ, ജാതിപരമായും ലിംഗപരമായും ഇത്രയധികം അധിക്ഷേപങ്ങളും ഇകഴ്ത്തലുകളും അനുഭവിച്ച, അതിനോട് പോരാടിയ, മറ്റൊരു സ്ത്രീവ്യക്തിത്വത്തെ കണ്ടെത്തുക സാധ്യമല്ല. അക്കാലത്ത് സർക്കാറിനെതിരെ മുഴങ്ങിയ മുദ്രാവാക്യങ്ങൾ ഭൂരിഭാഗവും ഗൗരിയമ്മക്കെതിരെയുള്ളതായിരുന്നു. വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും സാമൂഹിക സേവനത്തിലും ഇത്ര ചെറുപ്പത്തിൽതന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഗൗരിയമ്മയെ വിമോചന സമരക്കാർ ‘ഗൗരി ചോത്തി’, ‘ഗൗരിപ്പെണ്ണ്’, ‘മച്ചിപ്പെണ്ണ്’ എന്നെല്ലാം വിളിച്ചാണ് ചെറുതാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്. ചോത്തിയായും പെണ്ണായും മച്ചിയായും ഇകഴ്ത്തിക്കൊണ്ട് ഗൗരിയമ്മയെയും അവരുടെ നിലപാടുകളെയും ഇല്ലാതാക്കാനുള്ള ശ്രമം നടന്നുകൊണ്ടേയിരുന്നു. മാത്രമല്ല, അവരുടെ പാർട്ടിയിലെ സവർണർക്കും ഒരു ഈഴവ സ്ത്രീയുടെ നിലപാടുകളെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്നതുകൊണ്ടാണ് ഇ.എം.എസിന്റെ മകൻ ഇ.എം. ശ്രീധരൻ തന്നെ അവരെ ‘ഗൗരി ചോത്തി’ എന്ന് വിളിച്ചതും പാർട്ടി ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതെ നായനാരെ മുഖ്യമന്ത്രിയാക്കിയതും.
ഒരു ഈഴവ സ്ത്രീയെ കേരളത്തിലെ ജാതിബോധത്തിന് പുല്ലുപറിക്കുന്നതിലും കയർ പിരിക്കുന്നതിലുമപ്പുറം നിലപാടുള്ള ഒരു വ്യക്തിത്വമായി ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. ശബരിമല സമരകാലത്ത് കേരള മുഖ്യമന്ത്രിയെ ‘ചോമൻ’ എന്ന് തെറിവിളിച്ച് ആക്ഷേപിച്ച സമയത്ത് ഗൗരിയമ്മ നേരിട്ട ജാതിത്തെറികളും അതിലൂടെ പ്രവർത്തിക്കുന്ന ജാതി രാഷ്ട്രീയവും ചർച്ചയായിരുന്നു. വിമോചന സമരകാലത്തുനിന്നും കേരളത്തിലെ ജാതിബോധം ഒട്ടും മാറ്റമില്ലാതെ ഇന്നും തുടരുന്നു എന്നതിന്റെ സൂചകമായാണ് മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ജാതിത്തെറി വിലയിരുത്തപ്പെട്ടത്. ഈ സംഭവം ഈഴവ സമുദായത്തിലെ ആദ്യ ഡോക്ടറായ ഡോക്ടർ പൽപ്പുവിനോട് ‘തെങ്ങേ കേറിക്കോ’ എന്ന് ആവശ്യപ്പെട്ട ചരിത്രത്തോടും കൂട്ടിച്ചേർത്ത് വായിക്കപ്പെട്ടു.
ഗൗരിയമ്മയെ ‘ചോത്തിപ്പെണ്ണാ’യും പിണറായി വിജയനെ ‘ചോമനാ’യും പൊതുസമൂഹത്തിൽ തെറിവിളിയിലൂടെ അവതരിപ്പിക്കപ്പെടുമ്പോൾ നടക്കുന്നത് ശിശുവത്കരണത്തിലൂടെയുള്ള ജാതി അധിക്ഷേപം കൂടിയാണ്. അവർണരായ പിണറായി വിജയനെയും ഗൗരിയമ്മയെയും പക്വതയുള്ള വ്യക്തിത്വങ്ങളായി ഉൾക്കൊള്ളാനും അംഗീകരിക്കാനുമുള്ള സവർണജാതികളുടെ ബുദ്ധിമുട്ടുതന്നെയാണ് ഇതിൽ രാഷ്ട്രീയമായി പ്രവർത്തിക്കുന്നത്. പാശ്ചാത്യ സാഹചര്യത്തിൽ എപ്രകാരമാണോ ശിശുവത്കരണത്തിലൂടെ വംശീയത പ്രവർത്തിക്കുന്നത്, അതിലും കഠിനമായാണ് കേരളത്തിലെ സാഹചര്യത്തിൽ ശിശുവത്കരണത്തിലൂടെ ജാതീയത പ്രവർത്തിക്കുന്നത്.
കേരളത്തിൽ സമീപകാലത്ത് ചർച്ചചെയ്യപ്പെട്ട ഒന്നാണ് ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തോട് ആരോഗ്യമന്ത്രി നടത്തിയ പ്രതികരണം. ആരോഗ്യമന്ത്രി അവിടെ നടന്ന സംഭവങ്ങളെ വിവരിക്കുന്നതോടൊപ്പംതന്നെ ആക്രമിക്കപ്പെട്ട വ്യക്തിയെക്കുറിച്ചും പറയുന്നുണ്ട്.
1. അവിടെ പരിശീലനത്തിനായി ഉണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലെ ഹൗസ് സർജൻ.
2. ഈ മോൾ ഹൗസ് സർജൻ ആണ്, അത്ര എക്സ്പീരിയൻസ്ഡ് അല്ല അതുകൊണ്ട് ഇങ്ങനെ ഒരു ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ട്.
3. ആ മോൾ ഓടാൻ കഴിയാതെ ചിലപ്പോൾ പേടിച്ചപ്പോ ഒരാൾ സ്റ്റക്ക് ആയി പോകുന്ന സാഹചര്യം, ഓടാൻ കഴിയാതെ വീണുപോയി ആക്രമിക്കപ്പെട്ടു എന്നാണ്.
ഇവിടെ ആക്രമിക്കപ്പെട്ട വ്യക്തി ഒരു ‘മോളാണ്’, സ്വകാര്യ ആശുപത്രിയിലെ ഹൗസ് സർജൻ ആണ്, പരിശീലനത്തിനായി വന്നതാണ്, എക്സ്പീരിയൻസ്ഡ് അല്ല, ഭയന്നുപോയി.
ഈ പറഞ്ഞ വിശേഷണങ്ങൾ ഒന്നുംതന്നെ, അതായത്, ‘മോളാണ്’ എന്നതോ സ്വകാര്യ ആശുപത്രിയിലെ ‘ഹൗസ് സർജൻ’ ആണ് എന്നതോ പരിശീലനത്തിനായി വന്നതാണ് എന്നതോ എക്സ്പീരിയൻസ്ഡ് അല്ല എന്നതോ ഭയന്നുപോയി എന്നതോ ആക്രമിക്കപ്പെട്ടതിന് കാരണമല്ല എന്നിരിക്കെ, കൊലചെയ്യപ്പെട്ട വ്യക്തിയെ ഈ രീതിയിൽ വിശദീകരിക്കാൻ ആരോഗ്യമന്ത്രിക്ക് കഴിഞ്ഞത് എങ്ങനെയാണ്?
ഈ ഉപയോഗിച്ച പദപ്രയോഗങ്ങൾ എല്ലാംതന്നെ കൊല്ലപ്പെട്ട വ്യക്തിയെ അല്ലെങ്കിൽ വ്യക്തിയുടെ നേട്ടങ്ങളെ കുറച്ചു കാണുന്നവതന്നെയാണ്. എല്ലാ അർഥത്തിലും മിടുക്കി, പഠനത്തിന്റെയും സേവനത്തിന്റെയും ഭാഗമായി സർക്കാർ ആശുപത്രിയിൽ പുലർച്ചസമയത്തും സധൈര്യം ജോലിചെയ്യുന്ന, വീടിനും നാട്ടുകാർക്കും സമൂഹത്തിനും ഈഴവ സമുദായത്തിനും അഭിമാനമായ, ഇനിയും ഒരുപാട് ചെയ്യാൻ കഴിയുമായിരുന്ന, ഒരു വ്യക്തിയെ, അവരുടെ നേട്ടങ്ങളെ, താൻ ആക്രമിക്കപ്പെട്ട സാഹചര്യത്തിലും ഈ രീതിയിൽ ഇകഴ്ത്തി സംസാരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ്?
ആരോഗ്യമന്ത്രിയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണ് എന്ന വാദം ശക്തമാണ് എങ്കിലും ഉത്തരവാദിത്തപ്പെട്ട സന്ദർഭങ്ങളിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ വിഷയങ്ങളെ അവതരിപ്പിക്കുമ്പോൾ നടത്തുന്ന ഇത്തരത്തിലുള്ള ശിശുവത്കരണങ്ങളെ വിമർശനാത്മകമായിത്തന്നെ വിലയിരുത്തേണ്ടതുണ്ട്.
അധികാരികളിൽനിന്നുള്ളതിനു പുറമെ, സോഷ്യൽ മീഡിയയിൽ മുഴുവൻ പ്രചരിക്കുന്ന ഒരു ഇകഴ്ത്തൽ വ്യവഹാരമാണ് ‘‘കള്ള് കച്ചവടക്കാരന്റെ മകൾ ഒരു മദ്യപാനിയുടെ കൈയാൽ കൊല്ലപ്പെട്ടു’’ എന്നത്. ഈ വ്യവഹാരത്തിലും പ്രവർത്തിക്കുന്നത് ജാതിബോധംതന്നെയാണ്, അതിലൂടെയുള്ള ഏറ്റവും ദുഷിപ്പേറിയ ഇകഴ്ത്തലാണ്.
ഏതു രീതിയിലാണോ നാരായണ ഗുരുവിന്റെ ആശയങ്ങളുടെ പ്രഭാവത്തിൽ ഈഴവ സമുദായത്തിൽനിന്ന് സാമൂഹിക സേവനബോധമുള്ള, നിലപാടുകളുള്ള, വിദ്യാസമ്പന്നരായ ഡോക്ടർ പൽപ്പുവും ഗൗരിയമ്മയും ഉണ്ടായിവന്നത്, അതേ ആശയത്തിന്റെ പിൻബലത്തിൽതന്നെയാണ് ഡോ. വന്ദനക്കും വിദ്യാഭ്യാസം ലഭിക്കുന്നത്. അതിനാൽ, ഡോ. വന്ദനയുടെ മരണം സമൂഹത്തിനോടൊപ്പംതന്നെ ഈഴവ സമുദായത്തിന്റെയും നഷ്ടംതന്നെയാണ്. എന്നാൽ അങ്ങനെയൊരു തിരിച്ചറിവ് ഈഴവസമുദായത്തിന് ഉണ്ടായില്ല എന്നത് ഖേദകരമാണ്. കല, സാഹിത്യ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാങ്കേതിക, ബിസിനസ് മേഖലകളിൽ ഈഴവർ സജീവ സാന്നിധ്യങ്ങളാണെങ്കിലും ഇവരുടെ സാന്നിധ്യമോ സംഭാവനകളോ ഒരു സമുദായം എന്നനിലക്ക് ആത്മാഭിമാനവും ഒരുമയും ഈഴവരുടെയിടയിൽ വളർന്നുവരാൻ സഹായകമായിട്ടില്ല. ഇവർ ആരുംതന്നെ ഈഴവരായി പൊതുവ്യവഹാരങ്ങളിൽ സ്വയം രേഖപ്പെടുത്തുന്നില്ല. ഈഴവർ എന്നാൽ, സംഘം ചേർന്നവർ എന്നാണ് അർഥമെങ്കിലും സംഘം ചേരാൻ സാധിക്കാതെ, വ്യക്തിയുടെ സ്വത്വബോധത്തിൽ എവിടെയും സ്ഥാനം പിടിക്കാതെ, സമുദായബോധം സ്വയം നിഷേധിക്കുന്നവരായി ഈഴവർ മാറിയിരിക്കുന്നു.
ഇന്ത്യയിലെ, കേരളത്തിലെ, മറ്റു സമുദായങ്ങൾ, ജാതികൾ ഇതുപോലെ സമുദായ/ജാതി ബോധം ഇല്ലാത്ത വിഭാഗങ്ങൾ ആയിരുന്നെങ്കിൽ ഇതൊരു വിഷയമാകേണ്ടുന്ന കാര്യമില്ല. മുകളിൽ പറഞ്ഞ മേഖലകളിൽ സ്വയം അടയാളപ്പെടുത്തുന്ന സവർണ സമുദായ അംഗങ്ങൾ പലരും തങ്ങളുടെ പേരിനൊപ്പം ജാതിപ്പേര് ഉള്ളവരും മറ്റു ചിലർ മുമ്പില്ലാതിരുന്ന ജാതിപ്പേര് പിന്നീട് ചേർത്ത് വ്യക്തിയുടെ നേട്ടം സമുദായത്തിന്റെ നേട്ടമായി രേഖപ്പെടുത്തുന്നവരുമാണ്. മുമ്പേതന്നെ ശക്തമായ തങ്ങളുടെ ജാതിബോധം അവർ അടിവരയിടുകയും അവർണ ജാതികളുടെമേൽ തങ്ങളുടെ സവർണത വാക്കിലൂെടയും പ്രവൃത്തിയിലൂടെയും സ്ഥാപിക്കുകയും ചെയ്യുന്നു. ഇ.ഡബ്ല്യൂ.എസ് ഇന്ത്യയിലാദ്യം കേരളത്തിൽ നടപ്പാക്കിയപ്പോൾ ശക്തമായ പ്രതികരണം ഈഴവരുടെ ഭാഗത്തുനിന്ന് ഉയർന്നുവരാത്തതിന്റെ കാരണം സംസ്ഥാനത്തിന്റെ നവോത്ഥാനാനന്തര, വർത്തമാനകാല, രാഷ്ട്രീയത്തിൽ ഈഴവർ സമുദായബോധത്തിലേക്ക് ഉണർന്നെഴുന്നേറ്റിട്ടില്ല എന്നതാണ്. സവർണ സമുദായാംഗങ്ങൾ തങ്ങളുടെ സവർണത വെളിപ്പെടുത്തുന്ന നിരവധി സന്ദർഭങ്ങൾ കേരളത്തിലെ വർത്തമാനകാല പൊതുവ്യവഹാരങ്ങളിൽ കാണാൻ കഴിയും. കേരളത്തിലെ പ്രബല സമുദായം നായരാണെന്ന്, നായന്മാർക്ക് മാത്രമാണ് തറവാടുള്ളതെന്ന്, മറ്റു സമുദായങ്ങൾ ഈ പ്രബലസമുദായത്തിനെ അനുകരിക്കുന്നവരാണെന്ന്, സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ എസ്. ശ്രീജിത്ത് പറഞ്ഞുവെക്കുന്നത് അദ്ദേഹത്തിന് തന്റെ ജാതിബോധം ആന്തരികവത്കരിക്കത്തക്കതായ കാലാവസ്ഥ കേരളത്തിലെ കുടുംബ, സാമൂഹിക ജീവിതത്തിലും, കല, സാഹിത്യ, സാംസ്കാരിക മേഖലകളിൽ തുടങ്ങി, ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിലനിൽക്കുന്നതുകൊണ്ടാണ്. തന്റെ വാക്കുകളിൽ മാത്രമല്ല, ശരീരഭാഷയിലും സവർണത പാലിച്ച് മുന്നിലിരിക്കുന്ന വിദ്യാർഥികളുടെ മേൽ തന്റെ ജാത്യാധിപത്യം അദ്ദേഹം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നു.
സിനിമ, സാഹിത്യം തുടങ്ങിയ മേഖലകളിൽ അവർണ സമുദായങ്ങളിൽപെട്ടവർക്ക് വളർന്നുവരാൻ കേരളത്തിലെ മണ്ണ് അനുകൂലമല്ലാത്തതുകൊണ്ട് തങ്ങളുടെ സമുദായ/ ജാതി സ്വത്വം കലാ സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങളിൽനിന്നു മറച്ചുപിടിക്കാൻ അവർണർ നിർബന്ധിതരാകുന്നുണ്ട്. മത്സരാർഥിയായി ഈഴവ സമുദായത്തിൽപെട്ട നടന്റെയും നായരായ നടിയുടെയും മുന്നിലെത്തിയ കോളജ് വിദ്യാർഥി, തന്റെ പേരിനൊപ്പം ഈഴവ എന്നു ചേർത്തു പറഞ്ഞപ്പോൾ അങ്ങനെയൊക്കെ പേരിടുമോ എന്നാണ് നടന്റെ സംശയമെങ്കിൽ പേര് സ്വയം ഇട്ടതാണോ, എനിക്കു തോന്നി എന്നു നടി പറയുന്നു. സിനിമയിൽ എത്തിയപ്പോൾ സ്വയമിട്ട പേരാണ് തനിക്കുള്ളെതന്ന് അവർ കൂട്ടിച്ചേർത്തില്ല. പേരുമാറ്റുകയും മുമ്പ് ഇല്ലായിരുന്ന ജാതിവാൽ കൂട്ടിച്ചേർക്കുകയും ചെയ്ത് നടിയായതാണ് നവ്യ നായർ.
അതിനൊക്കെ അവകാശപ്പെട്ടവരാണ് തങ്ങളെന്ന് അവർക്കറിയാം. പേരിനൊപ്പം സമുദായപ്പേര് സ്വയംചേർത്തതാണ് എന്നു തനിക്കു മനസ്സിലായി എന്നു പറഞ്ഞു വിദ്യാർഥിയെ ചൂളാൻ വിടുന്ന നടിക്ക് തന്റെ ചോദ്യത്തിലെ തെറ്റ് എന്താണെന്ന് മനസ്സിലാവുന്നില്ല. ഈഴവ വിഭാഗത്തിൽപെട്ട മുകേഷിന് അതു ചൂണ്ടിക്കാണിക്കാൻ കഴിയുന്നുമില്ല. എം.എൽ.എയും ഈഴവ സമുദായ അംഗവുമായ മുകേഷിന്റെ സാന്നിധ്യത്തിൽ ജാത്യാധിക്ഷേപം നടത്താൻ നവ്യ നായർ ധൈര്യപ്പെടുന്നത് അവരുടെ ആന്തരികവത്കരിക്കപ്പെട്ട സവർണതകൊണ്ടും മുകേഷിന്റെ സ്വത്വബോധമില്ലായ്മകൊണ്ടുമാണ്.
ഈ രണ്ട് വ്യവഹാരങ്ങളും ഡോ. വന്ദനയുടെ പേര് ഒരിക്കൽപോലും പറയാതെ എക്സ്പീരിയൻസ് ഇല്ലാത്ത, സ്വകാര്യ മെഡിക്കൽ കോളജിലെ ഹൗസ് സർജൻ പിടിപ്പുകേട് കൊണ്ട് കൊല്ലപ്പെട്ടു എന്ന മട്ടിലുള്ള വീണ ജോർജിന്റെ ആഖ്യാനവുമായി ചേർത്തു വായിക്കാവുന്നതാണ്. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പൊതു ഇടങ്ങളിലും ഇത് ഏറെ വിമർശിക്കപ്പെട്ടുവെങ്കിലും തന്റെ ഭാഗത്തെ തെറ്റു മനസ്സിലാക്കാൻ, ഖേദം പ്രകടിപ്പിക്കാൻ, മന്ത്രി തയാറാകുന്നില്ല. ഈ സന്ദർഭത്തിൽ മാപ്പുപറയണമെന്ന് മന്ത്രിയോട് ആവശ്യപ്പെടാൻ ഡോ. വന്ദന പ്രതിനിധാനംചെയ്യുന്ന ഈഴവ സമുദായത്തിന് കഴിയുന്നില്ല. തങ്ങൾക്ക് നഷ്ടപ്പെട്ടത് ഡോ. പൽപ്പുവിന്റെ പരമ്പരയിലേക്കു കണ്ണിചേർക്കപ്പെട്ടു നിരവധി വർഷങ്ങൾ സേവനം ചെയ്യുമായിരുന്ന ഒരു സമുദായാംഗത്തെയാണെന്ന തിരിച്ചറിവ് ഈഴവർക്ക് ഉണ്ടായില്ല.
ഉന്നത പൊലീസ് ഉദ്യോഗസ്ഥനും നടിയും മന്ത്രിയും തിരുത്താൻ തയാറാവാത്ത അവരുടെ വാക്കുകളിലെ ജാതീയത ചൂണ്ടിക്കാണിക്കാൻ ഈഴവ സമുദായത്തിനു കഴിയാതെ പോകുന്നത് സമുദായബോധം വളരാനുള്ള അനുകൂല കുടുംബ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സാഹചര്യം ഈഴവർക്ക് നവോത്ഥാനാനന്തരകാലത്തും കിട്ടിയില്ല എന്നുള്ളതുകൊണ്ടാണ്. ഭാഷയിലൂടെയുള്ള ഇകഴ്ത്തലിന്റെ രാഷ്ട്രീയം നവോത്ഥാന കാലവും ദേശീയ പ്രസ്ഥാനത്തിന്റെയും കമ്യൂണിസത്തിന്റെയും വളർച്ചയുടെ കാലവും ആഗോളീകരണ കാലവും കടന്ന് സവർണ സമുദായങ്ങൾ വർത്തമാനകാലത്തും തുടരുന്നത്, സാധാരണക്കാരായ ഈഴവരോ രാഷ്ട്രീയ, കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈഴവരോ തങ്ങളുടെ സാമുദായിക ബോധം പ്രകടമാക്കാൻ തയാറാവാത്തതുമായി ചേർത്തു വായിക്കാവുന്നതാണ്. ഡോ. വന്ദന കൊല്ലപ്പെട്ടപ്പോൾ പറഞ്ഞ കാര്യങ്ങൾ കാരണം പൊതുസമൂഹത്തിൽ വീണ ജോർജ് വിമർശിക്കപ്പെട്ടപ്പോൾ അവർക്കു കിട്ടിയ സ്വന്തം രാഷ്ട്രീയ പാർട്ടിയിൽനിന്നുള്ള പ്രതിരോധം പിണറായി വിജയനെ ജാതിത്തെറി വിളിച്ചപ്പോൾ അദ്ദേഹത്തിന് കിട്ടിയില്ല.
പിണറായി വിജയൻ ജാതിത്തെറിയാൽ ഇകഴ്ത്തപ്പെടുമ്പോൾ ആ പാർട്ടിയിൽ നിൽക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഈഴവരായ പ്രവർത്തകരും ഇകഴ്ത്തപ്പെടുന്നു; കൂടാതെ, പിണറായി വിജയനെ ജാതിത്തെറി വിളിച്ച വ്യക്തി പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയ പാർട്ടിയിൽ നിൽക്കുന്ന ഈഴവരും ഇകഴ്ത്തപ്പെടുന്നു. ഈഴവ സമുദായത്തെയാകെ ഇകഴ്ത്തുന്നതാണ് ഈ ജാതിത്തെറി. ഇത് ഈഴവ സമുദായത്തിന് വിഷയമല്ല. പൊതുസമൂഹത്തിൽ തങ്ങൾ അവഹേളിക്കപ്പെടുന്നു എന്ന തിരിച്ചറിവ് ഇല്ലാതെ പോകുന്നതിനു കാരണം സ്വത്വബോധം ഇല്ലായ്മയാണ്. കേരളത്തെ സംബന്ധിച്ച് അടിസ്ഥാനപരമായി പിണറായി വിജയൻ ഈഴവ സ്വത്വം തന്നെയാണ്. കമ്യൂണിസ്റ്റ് ആയതുകൊണ്ട് അദ്ദേഹം തന്റെ ഈഴവ ഐഡന്റിറ്റിയെ നിഷേധിച്ചാലും കേരളത്തിലെ സവർണബോധം അദ്ദേഹത്തെ കാണുന്നത് ഈഴവസ്വത്വമായിത്തന്നെയാണ്. ഈ അവസരത്തിൽ പറയേണ്ടുന്ന വസ്തുത, കേരളത്തിന്റെ യഥാർഥ രാഷ്ട്രീയം പ്രവർത്തിക്കുന്നത് പ്രത്യയശാസ്ത്രതലത്തിലോ, രാഷ്ട്രീയ പാർട്ടികളുടെ തലത്തിലോ, വർഗതലത്തിലോ അല്ല, മറിച്ച് ജാതീയമായിതന്നെയാണ് എന്നുള്ളതാണ്. കേരളത്തെ സംബന്ധിച്ച ഈ സത്യം ഓരോ അവർണനും അറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
നാരായണ ഗുരുവിനു ശേഷവും സ്വയാവബോധത്തിലേക്കുയരാൻ ഈഴവർക്ക് കഴിയാതെപോയതിന്റെ കാരണം വ്യക്തിതലത്തിൽ കൈവരിക്കുന്ന നേട്ടങ്ങളിലൂടെ ലഭിക്കുന്ന സാമൂഹിക സ്ഥാനം തന്റെ സമുദായ സ്വത്വം വെളിവാക്കുന്നത് കളങ്കപ്പെടുത്തുമോ എന്ന ഭയവും പൊതുസമൂഹത്തിൽ തനിക്കുള്ള സ്വീകാര്യത ഇല്ലാതെയാകുമോ എന്ന വിചാരവുമാണ്, അഥവാ, തന്റെ സമുദായത്തിന്റെ അവർണസ്ഥാനം തന്റെ നേട്ടത്തിന്റെ വില കുറക്കുമോ എന്നതാണ്.
അഭിമാനിക്കത്തക്കതായി തന്റെ സമുദായത്തിന് എണ്ടെങ്കിലുമുണ്ടെന്ന് അവർ വിചാരിക്കുന്നില്ല. അഥവാ ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽതന്നെ തന്റെ സവർണ ‘സുഹൃത്തുക്കളുടെ’ ഇടയിൽ അങ്ങനെയൊരു ശ്രമം നടത്താൻ ആരുംതന്നെ ധൈര്യപ്പെടുന്നില്ല. കേരളത്തിലെ സാമൂഹിക സാംസ്കാരിക ജീവിതത്തിൽ സാഹിത്യം, സിനിമ തുടങ്ങിയ മേഖലകളിലൂടെ അധീശത്വം സ്ഥാപിച്ച സവർണ മാതൃക അനുകരിക്കേണ്ടിവരുന്ന, സംസ്കൃതവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈഴവർ ഇതു തങ്ങൾക്ക് വ്യക്തികൾ എന്ന നിലയിലും സമുദായം എന്ന നിലയിലും ഏൽപിക്കുന്ന ആഘാതങ്ങൾ കാണാതെ പോകുന്നു. സാമ്പത്തിക പുരോഗതി കൈവരിച്ച ഈഴവർ വർഗത്തിൽ ഉയരുമ്പോൾ ജാതിയെ മറികടക്കാം എന്നു തെറ്റായി ചിന്തിക്കും. എന്നാൽ, വർഗത്തിൽ ഈ ഈഴവർ ഉയരുമ്പോൾ സമുദായം വിഭജിക്കപ്പെടുകയും മുസ്ലിം സഹോദരങ്ങളെപ്പോലെ സാഹോദര്യവും സമത്വബോധവും സ്വത്വബോധവും ഈഴവർക്ക് ഇല്ലാത്തതുകാരണം സാമുദായികമായി ഒരുമിക്കാൻ കഴിയാതെ വരുകയും ചെയ്യുന്നു.
ഹിന്ദുമതത്തിൽ ചേർക്കപ്പെട്ട ഈഴവ സമുദായം അവർണ വിഭാഗമായി തരംതാഴ്ത്തപ്പെട്ട് അയിത്തമനുഭവിച്ചു വന്ന ജനതയായതുകൊണ്ട് ജനാധിപത്യ മൂല്യങ്ങൾ ദൈനംദിന വ്യവഹാരങ്ങളിൽ പാലിക്കാനും തങ്ങൾക്ക് സമത്വവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന സന്ദർഭങ്ങളിൽ അതിനെ ചോദ്യംചെയ്യാനും കഴിയാതെ വരുന്നു. അതിന്റെ കാരണം, ഈഴവരിൽ അടിച്ചേൽപിക്കപ്പെട്ടതെങ്കിലും, ഹിന്ദു എന്ന ഐഡന്റിറ്റി ബഹുഭൂരിപക്ഷം ഈഴവരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയതാണ്. ജാതിവ്യവസ്ഥയെ എതിർക്കുന്നവർ ഉണ്ടെങ്കിലും ഈഴവരിൽ പലരും ‘പ്രാക്ടിസിങ്’ ഹിന്ദുക്കളാണ്. ജാതിവ്യവസ്ഥയെ മറികടക്കണമെങ്കിൽ സ്വയം വിമർശനാത്മകമായിത്തന്നെ ആശയ സമരങ്ങളിൽ ദലിത് സഹോദരങ്ങൾക്കൊപ്പം അണിചേരേണ്ടത് രാഷ്ട്രീയമായും സാമൂഹികമായും അനിവാര്യതയാണ്.
വ്യക്തി എന്ന നിലയിലും സമുദായം എന്ന നിലയിലും ഒരു സ്വത്വനിർമാണം ഈഴവജനത നടത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ മറ്റുള്ളവരാൽ ഇകഴ്ത്തപ്പെടുന്നതും സ്വയം ഇകഴ്ത്തുന്നതും ചെറുക്കാൻ ഈഴവ സമുദായത്തിനു കഴിയൂ. കേരളം ഇന്നും ഒരു ജാതിസമൂഹംതന്നെയാണ്. ഈഴവർ ഇത് ഉൾക്കൊണ്ട്, നിലവിൽ, തന്റേത് എന്നു വിശ്വസിക്കുന്ന മതസ്വത്വം വെടിഞ്ഞ് തന്റെ മൗലിക സ്വത്വബോധത്തിൽ അപനിർമാണം നടത്തി സമുദായ സ്വത്വത്തിലേക്ക് പ്രവേശിക്കേണ്ടതുണ്ട്. ഇത് ഒരേസമയം ശ്രമകരവും കൃത്യമായി ദിശാബോധം നൽകാൻ കഴിയുന്ന ഒരു നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ മാത്രം ആവിഷ്കരിക്കാൻ കഴിയുന്ന കാര്യവുമാണ്. അങ്ങനെയൊരു ദിശയിൽ ഈഴവ സമുദായത്തെ നയിക്കാൻ കഴിയാത്തവിധം അപചയം എസ്.എൻ.ഡി.പിക്കു സംഭവിച്ചിരിക്കുന്നു. പ്രത്യയശാസ്ത്രപരമായി ഈഴവ സമുദായത്തിനു നേതൃത്വം കൊടുക്കാൻ കഴിയുന്നത് ഇന്നും നാരായണ ഗുരുവിന്റെ ആശയങ്ങൾക്കു തന്നെയാണ്.
ഗുരുവിനെ ദൈവമായിക്കണ്ട് ആരാധിക്കുന്നവരാണ് ഈഴവർ. ഇതിനെ അപനിർമിച്ച് ഗുരുവിനെ തങ്ങളുടെ നേതാവായി പുനർവായന നടത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഈഴവർക്ക് കഴിയൂ. ഗുരുവിനെ സംബന്ധിച്ച ഹൈന്ദവവത്കരിക്കപ്പെട്ട തെറ്റായ വായനകൾ അപനിർമിച്ച് ദൈവം എന്ന സ്ഥാനത്തുനിന്നുമാറി ഈഴവ സമുദായത്തിന്റെ നേതാവ് എന്ന സ്ഥാനത്ത് ഗുരുവിനെ കാണണം. അദ്ദേഹത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കി അതിനെ കാലികമായി ഉപയോഗപ്പെടുത്താനും സമകാലിക പ്രശ്നങ്ങളിലേക്ക് വായിച്ചെടുക്കാനും കഴിയണം. സ്വത്വബോധം വളർത്തുന്നതിന് ഈ രാഷ്ട്രീയമാണ് ഉപയോഗപ്പെടുത്തേണ്ടത്. എന്നാൽ, മാത്രമേ സമുദായം ആയിരിക്കുകയും സ്വത്വബോധം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെ മറികടക്കാൻ ഈഴവർക്ക് കഴിയൂ. ഗുരുവിന്റെ രാഷ്ട്രീയത്തിന്റെ വീണ്ടെടുപ്പ് അനിവാര്യമാണ്. ഈ രാഷ്ട്രീയം ആന്തരികവത്കരിച്ച നേതൃനിര നവോത്ഥാനകാലത്ത് ഉണ്ടായിരുന്നതുപോലെ ഈഴവ സമുദായത്തിൽനിന്ന് ഉയർന്നുവരേണ്ടതുണ്ട്.
സമൂഹത്തിൽ നിലനിൽക്കുന്ന ശ്രേണീകരണങ്ങളെ, അതായത്, വംശീയമായ, ലിംഗപരമായ, ജാതീയമായ, വിവേചനങ്ങളെ, അതേപടി നിലനിർത്താനും അധികാരം സ്ഥാപിക്കാനും ഭാഷയിലൂടെയുള്ള ശിശുവത്കരണവും ഇകഴ്ത്തലുകളും എപ്രകാരമാണ് വ്യവഹാരങ്ങളിൽ ഒരു ആയുധമായി പ്രവർത്തിക്കുന്നതെന്ന് തിരിച്ചറിഞ്ഞ്, അത്തരം വ്യവഹാരങ്ങളെ സ്വത്വബോധത്തോടും സാമുദായിക കെട്ടുറപ്പോടും കൂടി എതിർക്കേണ്ടതും, ഈ സ്വത്വബോധത്തെ തന്നെ ഒരു രാഷ്ട്രീയമായി വളർത്തിക്കൊണ്ടുവരേണ്ടതും സമകാലിക സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യമാണ്.
References
1. Bukac, Zlatko HYPERMASCULINITY AND INFANTILIZATION OF BLACK SUPERHEROES: ANALYSIS OF LUKE CAGE AND RAGE ORIGIN STORIES https://reci.rs/index.php/Reci/issue/view/1
2. Filipovic, Jill The Infantilization of Adult Professional Women https://www.cosmopolitan.com/politics/a12815874/female-politicians-little-girls/
3. https://www.thehindu.com/news/national/rahul-gandhi-on-pappu-tag-crores-pumped-in-by-bjp-to-distort-my-image-but-truth-comes-out/article66427438.ece
4. https://www.hindustantimes.com/india-news/my-grandmom-was-called-gungi-gudiya-before-rahul-gandhi-on-pappu-tag-101672190829829.html