ലുലയുടെ തിരിച്ചുവരവ്
ബ്രസീലടക്കം പത്തിലേറെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സോഷ്യലിസ്റ്റ് ഇടതുകൾ അധികാരത്തിൽ എത്തിയിരിക്കുന്നു? ഇത് എന്തിന്റെ സൂചനയാണ്? ഇടതുതരംഗം വരുകയാണോ? ഇടതുചായ്വുള്ള സർക്കാറുകൾ രൂപംകൊള്ളുമ്പോൾ പതിവിന് വിപരീതമായി മൃദുസമീപനം അമേരിക്കൻ ഭരണാധികാരികൾ സ്വീകരിക്കുന്നത് എന്തുകൊണ്ടാവും? മാർക്സിസ്റ്റ് ചിന്തകനും രാഷ്ട്രീയപ്രവർത്തകനുമായ ലേഖകന്റെ വിശകലനം.
ഒക്ടോബറിൽ ബ്രസീലിൽ നടന്ന തെരഞ്ഞെടുപ്പിലെ ലുല ഡ സിൽവയുടെ വിജയം, വ്യക്തി എന്നനിലയിലും തൊഴിലാളി പാർട്ടിയുടെ സ്ഥാനാർഥി എന്നനിലയിലും ശക്തമായ ഒരു തിരിച്ചുവരവുകൂടിയായിരുന്നു. രണ്ടുപ്രാവശ്യം പ്രസിഡന്റായിരുന്ന ലുലയെ അഴിമതി ആരോപിച്ച് അറസ്റ്റ് ചെയ്ത് കുറെ മാസങ്ങളോളം ജയിലിലടച്ചതാണ്. പിൻഗാമിയായി വന്ന ദിൽമ റൂസഫിന് രാജിവെച്ച് ഒഴിയേണ്ടിവന്നപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ ലുല മത്സരിക്കുന്നത് ഒഴിവാക്കാനായിരുന്നു ഈ കേസും തടവും. ഒടുവിൽ സുപ്രീംകോടതിയുടെ ഇടപെടലിലൂടെയാണ് പുറത്തുവരാനും വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമായത്.
ഭരണത്തിൽ ഉണ്ടായിരുന്ന ബോൽസൊനാരോയെ പരാജയപ്പെടുത്തി വീണ്ടും ബ്രസീലിന്റെ പ്രസിഡന്റാകാൻ ലുലക്ക്കഴിഞ്ഞിട്ടുണ്ടെങ്കിലും ഇക്കുറി മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായി വിജയശതമാനം വളരെ നേരിയതാണ്. ബോൽസൊനാരോയെ അപേക്ഷിച്ച് കഷ്ടിച്ച് രണ്ടു ശതമാനം വോട്ടേ അധികമായി ലഭിച്ചിട്ടുള്ളൂ. ബ്രസീലിലെ പ്രവിശ്യകളിൽ ഏതാണ്ട് പകുതിയിലും ബോൽസൊനാരോക്കാണ് ഭൂരിപക്ഷം കിട്ടിയത്. കോവിഡ് കാലത്ത് തീർത്തും നിരുത്തരവാദപരവും മനുഷ്യത്വരഹിതവുമായിരുന്നു ബോൽസൊനാരോ ഭരണം. ഏഴുലക്ഷം പേരാണ് മരണപ്പെട്ടത്. ഭരണാധികാരി എന്നനിലയിൽ പരാജയമായിരുന്നിട്ടും ഇത്രയും പിന്തുണ കിട്ടിയിരിക്കുന്നതിൽനിന്നും അവിടെ വലിയതോതിൽ ധ്രുവീകരണം നടന്നിരിക്കുന്നു എന്ന് വ്യക്തമാണ്. ബോൽസൊനാരോയുടെ സോഷ്യൽ ലിബറൽ പാർട്ടിയുടെ പരമ്പരാഗത സമ്പന്നവർഗ അടിത്തറക്ക് അപ്പുറം പോയി മധ്യവർഗത്തിന്റെ താഴേത്തട്ടിലും സ്വാധീനം നേടിയെടുക്കാൻ അതിന് കഴിഞ്ഞിരിക്കുന്നു.
ലുലയുടെ വിജയം തട്ടിപ്പാണെന്നും അത് റദ്ദാക്കാൻ പട്ടാളം ഇടപെടണമെന്നും ആവശ്യപ്പെട്ട ലോറി ഉടമ ഡ്രൈവർമാരുടെ വമ്പിച്ച പണിമുടക്കിന് ബ്രസീൽ സാക്ഷ്യംവഹിച്ചു. ഒന്നുരണ്ട് ദിവസം പ്രധാന ഹൈവേകളിലെ ഗതാഗതംതന്നെ സ്തംഭിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ബ്രസീലിൽ പാർലമെന്ററി ക്രമം നിലനിൽക്കുന്ന കാലത്ത് രാഷ്ട്രീയത്തിലോ ഭരണകാര്യങ്ങളിലോ സൈന്യം പ്രത്യക്ഷത്തിൽ ഇടപെടാറില്ല. എന്നാൽ, ഇപ്രാവശ്യം ആ പതിവ് തെറ്റിച്ചു. ബോൽസൊനാരോ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടുയന്ത്രങ്ങൾ പ്രതിരോധവകുപ്പ് പരിശോധിച്ചു. അവ്യക്തമായ ഒരു റിപ്പോർട്ട് നൽകുകയും ചെയ്തു. തട്ടിപ്പ് നടന്നതായി തെളിവൊന്നുമില്ലെങ്കിലും അങ്ങനെ സംഭവിച്ചേക്കാവുന്ന സാധ്യത തള്ളിക്കളഞ്ഞുകൂടാ എന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പു ഫലം തനിക്കെതിരായാൽ അത് തട്ടിപ്പാകും, അംഗീകരിക്കാനാവില്ലെന്ന് ബോൽസൊനാരോ മുമ്പേ പ്രഖ്യാപിച്ചതാണ്. അത്തരമൊരു സംശയത്തിന് ഇനിയും ഇടംനൽകുന്ന ഒന്നായിരുന്നു പ്രതിരോധ വകുപ്പിന്റെ ഈ തീർപ്പ്. ഭരണമാറ്റപ്രക്രിയ ആരംഭിക്കാൻ ബോൽസൊനാരോ ഇപ്പോൾ സമ്മതിച്ചിട്ടുണ്ടെങ്കിലും ലുലയുടെ വിജയത്തെ പരസ്യമായി ഇന്നേവരെ അംഗീകരിച്ചിട്ടില്ല.
മുമ്പെല്ലാം ലുലയുടെ നേതൃത്വത്തിൽ വർക്കേഴ്സ് പാർട്ടി വിജയിച്ചുവന്ന അവസരങ്ങളിൽനിന്നും വ്യത്യസ്തമായ ഒരു സാഹചര്യമാണ് ഇതെല്ലാം കാണിക്കുന്നത്. അന്ന് ഇത്തരത്തിൽ ഇടപെടാൻ വലതുപക്ഷവാദികൾ ധൈര്യപ്പെട്ടിട്ടില്ല. ഭരണകൂട ഉപകരണങ്ങളും കൂട്ടുനിന്നിട്ടില്ല. ഇന്നാകട്ടെ ഒരു മടിയും കൂടാതെ അവരത് ചെയ്യുന്നു. തെരഞ്ഞെടുപ്പുഫലം മാനിക്കാൻ ഭരണകൂട ഉപകരണങ്ങൾ സന്നദ്ധമായിട്ടുണ്ടെങ്കിലും വലതുപക്ഷത്തിന് ഇപ്പോഴുള്ള ശക്തമായ സ്വാധീനം വ്യക്തമാണ്. കുറച്ചു കാലമായി ശക്തിപ്രാപിച്ചുവന്ന ഒന്നാണത്. ലുല രണ്ടു പ്രാവശ്യം പ്രസിഡന്റായശേഷം വർക്കേഴ്സ് പാർട്ടി സ്ഥാനാർഥിയായിനിന്ന് വിജയിച്ച ദിൽമ റൂസഫിന് ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടിവന്നിരുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവുംമൂലം ജീവിതം ദുസ്സഹമായ ഒരു സാഹചര്യത്തിൽ അതിന് പരിഹാരം കാണുന്നതിന് മുൻതൂക്കം നൽകാതെ 2014ലെ ഫുട്ബാൾ ലോകകപ്പ് നടത്താനാണ് ദിൽമയുടെ സർക്കാർ തുനിഞ്ഞിറങ്ങിയത്. വൻതോതിൽ പ്രകൃതിനാശം വരുത്തുകയും വലിയതോതിൽ ചേരിനിവാസികളെ കുടിയൊഴിപ്പിക്കുകയും കളിയുടെ ആവശ്യത്തിനായി ധാരാളം പണം ചെലവാക്കുകയും ചെയ്തപ്പോൾ ജനകീയ പ്രതിഷേധം ആളിക്കത്തി. അധികാരത്തിലുള്ള വർക്കേഴ്സ് പാർട്ടിയുടെ (തൊഴിലാളി കക്ഷിയുടെ) തന്നെ അണികളിൽപെടുന്ന ദരിദ്രജനങ്ങൾ ഉൾപ്പെടുന്ന വലിയൊരു വിഭാഗം തെരുവിലിറങ്ങി. ചില ഘട്ടങ്ങളിൽ ഇത് അങ്ങേയറ്റം തീവ്രമായി. പൊലീസിനെ ആക്രമിക്കുകയും ബാങ്കുകൾ കൊള്ളയടിച്ചു തീയിടുകയും ചെയ്തു. കൂടുതൽ മെച്ചപ്പെട്ട പൊതുസേവനങ്ങൾ വേണം, വിലക്കയറ്റം നിയന്ത്രിക്കണം മുതലായ പ്രാഥമിക ആവശ്യങ്ങളുന്നയിച്ചാണ് ലോകകപ്പ് നടത്തുന്നതിന് എതിരെയുള്ള പ്രതിഷേധം ശക്തിപ്പെട്ടത്. സ്വന്തം രാജ്യത്ത് ഫുട്ബാളിന്റെ പരമോന്നത മത്സരം നടക്കാനിരിക്കേ ആ കളിയെ ജീവനോളം സ്നേഹിക്കുന്നവർക്കു തന്നെയാണ് എതിർപ്പുമായി തെരുവിലിറങ്ങേണ്ടിവന്നത്. അത്ര തീവ്രമായിരുന്നു അവർ നേരിട്ടിരുന്ന ദുരിതപൂർണമായ ജീവിതസാഹചര്യം.
2015ലും 2016ലും ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായി. വർക്കേഴ്സ് പാർട്ടിയുടെ സാമൂഹിക അടിത്തറയായ നഗര-നാട്ടിൻപുറ ദരിദ്രരും, ഇടത്തരക്കാരിൽ താഴെ തട്ടിലുള്ളവരും ആ കക്ഷിയിൽനിന്ന്അകലുന്ന സാഹചര്യം വലതുപക്ഷം ഉപയോഗപ്പെടുത്തി. പാർലമെന്ററി അട്ടിമറിയിലൂടെ ആദ്യം ദിൽമയെ നീക്കംചെയ്തു. പിന്നെ ലുലയെ കേസിൽ കുടുക്കി. ഇങ്ങനെ എല്ലാം ഒരുക്കിക്കൊണ്ട് ഒടുവിൽ ബോൽസൊനാരോ അധികാരത്തിൽ വന്നു. അധികാരത്തിൽ വന്ന ഉടനെ തന്നെ സാമ്പത്തിക, സാമൂഹിക രംഗങ്ങളിലെല്ലാം അങ്ങേയറ്റത്തെ കടുത്ത വലതുപക്ഷ നിലപാടുകൾ നടപ്പാക്കുകയും ചെയ്തു. ഇടത്തുനിന്ന് വലത്തോട്ടുള്ള ഈ രാഷ്ട്രീയ ദിശാമാറ്റം മനസ്സിലാക്കാൻ ആഗോള സാമ്രാജ്യത്വവ്യവസ്ഥയിൽ ബ്രസീൽപോലുള്ള രാജ്യങ്ങളുടെ സ്ഥാനവും അതുയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിൽ ലുലയെപ്പോലുള്ള ജനപ്രിയ നേതാക്കൾ അസമർഥമാകുന്നതിന്റെ കാരണങ്ങളും പരിശോധിക്കണം.
സമ്പന്നർക്ക് പകരം തൊഴിലാളികളും ദരിദ്ര, ഭൂരഹിത കർഷകരും ഇടത്തരക്കാരിലെ താഴേത്തട്ടിലുള്ളവരും ഉൾപ്പെടുന്ന സാമൂഹിക അടിത്തറയുള്ള പാർട്ടികളും അവരുടെ സ്ഥാനാർഥികളും അധികാരത്തിൽ വരുന്ന ഒരു പരമ്പരതന്നെ സമീപ ദശകങ്ങളിൽ ലാറ്റിനമേരിക്കയിൽ കാണാനായി. (ഉത്തര, മധ്യ, ദക്ഷിണ അമേരിക്കയിലെ സ്പാനിഷ്, പോർചുഗീസ്, ഫ്രഞ്ച് ഭാഷിത രാജ്യങ്ങളെയാണ് ലാറ്റിനമേരിക്ക എന്നു പറയുന്നത്.) ഇന്നും മിക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെയും ഭരണാധികാരികൾ ഇത്തരക്കാരാണ്. പലരും പഴയ ഒളിപ്പോരാളി സംഘങ്ങളിലെ പ്രവർത്തകരായിരുന്നു. വിപ്ലവപാത കൈയൊഴിഞ്ഞ് പാർലമെന്ററി പാതയിലേക്ക് അവർ തിരിഞ്ഞു. കടുത്ത വലതുപക്ഷക്കാരായ മുൻ ഭരണാധികാരികളിൽനിന്ന്അവരെ വേർതിരിച്ചുനിർത്തുന്ന പ്രധാന ഘടകം ഈ രാഷ്ട്രീയ പശ്ചാത്തലമാണ്. ക്ഷേമപ്രവർത്തനങ്ങൾക്കു കൊടുക്കുന്ന പ്രാധാന്യവും അതിനായി സർക്കാർ വിഭവങ്ങൾ ഉപയോഗിക്കാനുള്ള ഉത്സാഹവുമായിട്ടാണ് ഇവരുടെ രാഷ്ട്രീയപ്രയോഗത്തിൽ അത് പ്രകടമാകുന്നത്.
1964 മുതൽ 1990 വരെ കടുത്ത ഫാഷിസ്റ്റ് സ്വേച്ഛാധിപത്യ ഭരണങ്ങളുടെ കാലമായിരുന്നു ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ. കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ച തടയാൻ എല്ലാവിധ ജനാധിപത്യ അവകാശങ്ങളും റദ്ദാക്കി. ആയിരക്കണക്കിന് കമ്യൂണിസ്റ്റുകളെയും ട്രേഡ് യൂനിയൻ, വിദ്യാർഥി, കല-സാംസ്കാരിക പ്രവർത്തകരെയും കൊന്നൊടുക്കുകയോ തടവിലാക്കുകയോ ചെയ്തു. സി.ഐ.എയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, രാജ്യാന്തര സാമ്രാജ്യത്വ കുത്തകകൾ ഒഴുക്കിയ പണം ഉപയോഗിച്ചാണ് ഇതൊക്കെ ചെയ്തത്. എന്നാൽ ഈ മർദനമുറകൾ വഴി ജനങ്ങളുടെ സമരങ്ങളെയോ, കമ്യൂണിസ്റ്റ് സാന്നിധ്യമോ ഇല്ലാതാക്കാനായില്ല. ഇതിനെ തടയാൻ സ്വേച്ഛാധിപത്യങ്ങൾക്ക് കഴിയാതെ വന്നു. തെരഞ്ഞെടുപ്പും പാർലമെന്റും മടക്കിക്കൊണ്ടുവരാൻ ഭരണവർഗങ്ങളും സാമ്രാജ്യത്വവും നിർബന്ധിതമായി. ഇതിന്റെ ഒരു തുടർച്ചയിലാണ് ഇടതുചായ്വുള്ള ജനപ്രിയ പാർട്ടികളും നേതാക്കളും പ്രമുഖസ്ഥാനങ്ങളിൽ എത്തിയത്.
2000 ആയതോടെ മറ്റൊരു ഘടകംകൂടി ഇതിന് ആക്കം നൽകി. ചൈനീസ് സോഷ്യൽ സാമ്രാജ്യത്വത്തിന്റെ വളർച്ച വ്യവസായിക, കാർഷിക അസംസ്കൃത പദാർഥങ്ങളുടെ വിപണികൾക്ക് നൽകിയ വമ്പിച്ച ഉത്തേജനമായിരുന്നു അത്. ഇതിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് വലിയ നേട്ടമുണ്ടായി. ഭരണത്തിൽ വന്ന ജനപ്രിയകക്ഷികൾ ഇങ്ങനെ ലഭിച്ച അധികവരുമാനം ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. സ്വാഭാവികമായും അത് അവരുടെ ജനകീയസ്വീകാര്യത ഒന്നുകൂടി വർധിപ്പിക്കുകയും ചെയ്തു. എന്നാൽ, ഈ 'നല്ലകാലം' അധികനാൾ തുടരാനായില്ല. 2008ലെ സാമ്രാജ്യത്വ ധനകാര്യ പ്രതിസന്ധിയും അതിനുശേഷം ആരംഭിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന മന്ദിപ്പും അസംസ്കൃതവസ്തുക്കളുടെ കയറ്റുമതിയെ മുഖ്യമായും ആശ്രയിച്ചുകഴിഞ്ഞ ഈ രാജ്യങ്ങളുടെ സമ്പദ്ഘടനകളെ പരുങ്ങലിലാക്കി. ഉദാരമായി ചെലവുചെയ്ത് ക്ഷേമപ്രവർത്തനങ്ങൾ നടത്തിപ്പോന്ന രീതിയിൽനിന്ന് പിന്മാറാൻ അവ നിർബന്ധിതമായി. ജനപ്രിയകക്ഷികളുടെ സർക്കാറുകൾക്ക് ലഭിച്ചിരുന്ന സ്വീകാര്യതയിൽ ഇടിവ് സംഭവിച്ചു. പഴയ വലതുപക്ഷം ഭരണത്തിലേക്ക് മടങ്ങിവരാൻ തുടങ്ങി. ബ്രസീലിലും ഇതാണ് നടന്നത്.
നൂറ്റാണ്ടുകളായുള്ള സാമ്രാജ്യത്വ ആധിപത്യത്തിൻ കീഴിലുള്ള ഈ രാജ്യങ്ങളുടെ വിധേയത്വം അവസാനിപ്പിക്കാൻ ഈ ജനപ്രിയകക്ഷികൾ ഒരിക്കലും ശ്രമിച്ചിട്ടില്ല. മാർക്സിസ്റ്റ് മുഖംമൂടിയോടെ പ്രവർത്തിക്കുന്ന ക്യൂബ, വെനസ്വേല, നികരാഗ്വപോലുള്ള രാജ്യങ്ങളിലെ ഭരണകക്ഷികളും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. അതുകൊണ്ട് സാമ്രാജ്യത്വവ്യവസ്ഥ കൊഴുക്കുമ്പോൾ മാത്രം വളരാനും ക്ഷീണിക്കുമ്പോൾ തളരാനും വിധിക്കപ്പെട്ട നിലയിൽനിന്ന് തെറ്റിപ്പിരിയാൻ ഇവർക്കായില്ല. അതിന് നേതൃത്വം നൽകിയില്ല. ഇതിന് കഴിയാത്ത സാഹചര്യമൊന്നുമല്ല പ്രശ്നം. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ വിഭവശേഷിയെ അപേക്ഷിച്ച് പിന്നാക്കമായ ചൈന സോഷ്യലിസ്റ്റായിരുന്ന കാലത്ത് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിനേടി നടപ്പാക്കിയ വികസനം, സാമ്രാജ്യത്വ വ്യവസ്ഥയിൽനിന്നുള്ള വിച്ഛേദനം, ഇതിനുള്ള സാധ്യത തെളിയിച്ചു. അന്ന് മാവോ സെ തുങ്ങിന്റെ നേതൃത്വത്തിൽ ചൈന പിന്തുടർന്ന രാഷ്ട്രീയ-ആശയശാസ്ത്ര സമീപനമാണ് ആ സാധ്യതയെ യാഥാർഥ്യമാക്കിയത്. അതിന്റെ അഭാവമാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കാണുന്നത്.
ആഗോള സാമ്രാജ്യത്വവ്യവസ്ഥയിലെ മന്ദിപ്പ് സ്വന്തം നില പരുങ്ങലിലാക്കുന്നതു കാണുന്ന മൂന്നാം ലോക ഭരണവർഗങ്ങൾ, അന്താരാഷ്ട്ര ഏജൻസികളുടെ നിർബന്ധത്തിലും സ്വന്തംനിലക്കും, വിദേശ-ദല്ലാൾ മൂലധനങ്ങളുടെ ലാഭം എങ്ങനെയെങ്കിലും കൂട്ടാനുള്ള തത്രപ്പാടിലാണ്. വിദേശ മൂലധനത്തെ എങ്ങനെയെങ്കിലും ആകർഷിക്കാൻ അവർ ശ്രമിക്കുന്നു. അതിന് അനുകൂലമായ തൊഴിൽസാഹചര്യങ്ങളും മൂലധനമുടക്കിനുള്ള അവസരങ്ങളും ഒരുക്കുന്നതിലാകുന്നു ഊന്നൽ. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളും നിലനിൽപും നഷ്ടപ്പെടുത്തിയാണെങ്കിലും ഇത് നടപ്പാക്കിയെടുക്കാനാണ് തിരക്ക്. ജനപ്രിയ സർക്കാറുകൾ ഒന്നുകിൽ ഇതിന്റെ നടത്തിപ്പുകാരായി മാറണം. അതല്ലെങ്കിൽ എന്തുവില കൊടുത്തും ഒരു മടിയുമില്ലാതെ ഇതെല്ലാം നടപ്പാക്കാൻ തയാറായ പഴയ വലതുപക്ഷ കക്ഷികൾക്കായി വഴിമാറണം. എന്നാൽ, ഇതും പരിഹാരമാകുന്നില്ല. പുതിയ ഭരണങ്ങളിൽ സമ്പത്ത് ചുരുക്കം ചിലരുടെ കൈയിൽ കുന്നുകൂടുന്നതും മുമ്പ് ലഭിച്ചിരുന്ന പ്രാഥമിക സൗകര്യങ്ങൾപോലും നഷ്ടമാകുന്നതും കാണുന്ന ജനങ്ങൾ തെരുവുകളിലേക്ക് മടങ്ങുന്നതോടെ അധികാരത്തിന്റെ മുഖംമിനുക്കാൻ ഭരണവർഗങ്ങൾ വീണ്ടും നിർബന്ധിതരാകുന്നു. അങ്ങനെ ഒരു ലുല വരുന്നു, പോകുന്നു, പകരം ഒരു ബോൽസൊനാരോ വരുന്നു, പോകുന്നു, വീണ്ടും ലുല വരുന്നു... എല്ലാ മർദിത രാജ്യങ്ങളിലും പൊതുവിൽ കാണുന്നതാണ് ഭരണമാറ്റത്തിന്റെ ഈ ഗതിക്രമം.
പെറുവിലെ ജനപ്രിയ ഭരണാധികാരി പെഡ്രോ കാസ്റ്റിയോയെ സ്ഥാനഭ്രഷ്ടനാക്കാൻ പരാജയപ്പെട്ട പരമ്പരാഗത വലതുപക്ഷത്തിന്റെ സ്ഥാനാർഥി ശ്രമിച്ചപ്പോൾ അതിനെ തടയുകയായിരുന്നു ബൈഡൻ ഭരണം. 'നല്ല' ഇടതും 'ചീത്ത' ഇടതും എന്ന് വേർതിരിവ് നടത്തി, ആദ്യ കൂട്ടരെ വരുതിയിൽ നിർത്താനാണ് ശ്രമം. അമേരിക്കക്ക് ഒട്ടും വഴങ്ങാത്ത ക്യൂബ, വെനസ്വേല, നികരാഗ്വ എന്നിവയാണ് ചീത്ത ഇടത്.
ഈ സമീപനത്തിനു പിന്നിൽ രണ്ട് പ്രധാന കാരണങ്ങളുണ്ട്. ചൈനയുടെ ഉയർച്ചയെ തടയുന്നതിന് ഒബാമ ഭരണം മുതൽ അമേരിക്ക സ്വീകരിച്ചുവന്ന നയമാണ് 'കിഴക്കോട്ടു തിരിയൽ'. അതായത് ചൈനക്ക് അതിർത്തിയുള്ള, അതിനോട് അടുത്തുള്ള കടലിനും കരക്കും തന്ത്രപരമായ ഊന്നൽ കൊടുത്ത് സ്വന്തം ശക്തികളെയും സഖ്യശക്തികളെയും അങ്ങോട്ട് വിന്യസിക്കുന്നതാണ് അതിന്റെ സാരാംശം. അമേരിക്കയുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞതോടെ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് അൽപം ഇടംകിട്ടി. അത് ഉപയോഗപ്പെടുത്തി അമേരിക്കയുടെ പിടി അയക്കാൻ അവർ നീങ്ങി. വെനസ്വേലയിലെ (നിര്യാതനായ) ഊഗോ ചാവെസ് ആയിരുന്നു ഈ നീക്കത്തിന് മുൻകൈയെടുത്തത്. ഇതിനായി പല സംഘങ്ങളും വേദികളും രൂപംകൊണ്ടിട്ടുണ്ട്. മുമ്പ് അമേരിക്ക സ്ഥാപിച്ച ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിനെ (ഒ.എ.എസ്) അപേക്ഷിച്ച് ഇത്തരം സംഘങ്ങൾക്കാണ് ഇന്ന് ലാറ്റിനമേരിക്കയിൽ കൂടുതൽ സ്വീകാര്യത. വെനസ്വേലയും ക്യൂബയും മുൻകൈയെടുത്ത് രൂപവത്കരിച്ച ആൽബ-ടി.പി.സി (ബോളിവാരിയൻ അലയൻസ് ഓഫ് അവർ അമേരിക്കൻ പീപ്ൾ-പീപ്ൾസ് ട്രേഡ് ട്രീറ്റി) ഇതിന് ഉദാഹരണമാണ്. ചീത്ത ഇടതിനെ ഒറ്റപ്പെടുത്താനുള്ള ബൈഡൻ ഭരണത്തിന്റെ നീക്കം പരാജയപ്പെടുത്തി അത് ഇപ്പോഴും സജീവമായി തുടരുന്നു. സെലാക്കാണ് മറ്റൊരു സഖ്യം. അമേരിക്കൻ ഭരണം വിലക്കേർപ്പെടുത്തിയ വെനസ്വേലയുടെ തലസ്ഥാനമായ കറാക്കസിൽതന്നെയാണ് ഇതിന്റെ ആസ്ഥാനം. ഇതിൽ 32 രാജ്യങ്ങൾ അംഗങ്ങളാണ്.
അമേരിക്കൻ സാമ്രാജ്യത്വം ലാറ്റിനമേരിക്കയെ തറവാട്ട് സ്വത്തുപോലെയാണ് കരുതുന്നത്. മറ്റു സാമ്രാജ്യത്വങ്ങൾ അവിടെ ആധിപത്യം ഉറപ്പിക്കുന്നത് തടയാൻ മൺറോ ചട്ടം എന്ന പേരിൽ ഒന്നു പ്രഖ്യാപിച്ചു. പക്ഷേ, മുമ്പുണ്ടായിരുന്ന സ്വാധീനവും നിയന്ത്രണവും അതിന് ഇന്നില്ല. അത് വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇടത് ജനപ്രിയകക്ഷികളോടുള്ള ഇന്നത്തെ മൃദുഭാവം. പക്ഷേ, അതും ഏശുന്നില്ല. ഇതിന് പ്രത്യക്ഷ ഉദാഹരണമാണ് ഈ വർഷം ജൂണിൽ അമേരിക്കയിലെ ലോസ് ആഞ്ജലസിൽ നടത്തിയ ഉത്തര, മധ്യ, ദക്ഷിണ അമേരിക്കൻ രാജ്യങ്ങളുടെ ഉച്ചകോടി. ലാറ്റിനമേരിക്കയിലേക്കുള്ള അമേരിക്കൻ ഐക്യനാടുകളുടെ മടങ്ങിവരവ്, അമേരിക്കൻ സ്വാധീനം ഊട്ടിയുറപ്പിക്കുന്ന പദ്ധതിയുടെ നിർണായക ചുവട് എന്നൊക്കെ വിശേഷിപ്പിച്ച ഈ യോഗം ഉദ്ദേശിച്ച രീതിയിൽ വിജയിച്ചില്ല. മാത്രമല്ല ക്യൂബ, നികരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളെ മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ച് പല രാജ്യങ്ങളും അതിൽനിന്ന് വിട്ടുനിന്നു. ഇത് അമേരിക്കൻ രാജ്യങ്ങളുടെ ഉച്ചകോടിയാണോ അതോ അമേരിക്കൻ ഭരണകൂടത്തിന്റെ സുഹൃത്തുക്കളുടെ യോഗമാണോ എന്നാണ് മെക്സിക്കൻ തലവൻ പരസ്യമായി പരിഹസിച്ചത്.
യു.എസ് സാമ്രാജ്യത്വവും ചൈനീസ് സോഷ്യൽ സാമ്രാജ്യത്വവും തമ്മിലുള്ള കിടമത്സരമാണ് ഇടതുകക്ഷികളോടുള്ള മൃദുഭാവത്തിനു വഴിവെച്ച മറ്റൊരു ഘടകം. ലാറ്റിനമേരിക്ക ഈ മത്സരത്തിന്റെ ഒരു പ്രധാനവേദിയാണ്. ദക്ഷിണ അമേരിക്കയിലെ ഏറ്റവും വലിയ കച്ചവടപങ്കാളി ഇന്ന് അമേരിക്കയല്ല, ചൈനയാണ്. 2000ത്തിൽ ലാറ്റിനമേരിക്കയുടെ കയറ്റുമതിയിൽ വെറും രണ്ടു ശതമാനത്തിൽ താഴെ മാത്രം ഉണ്ടായിരുന്ന ചൈനീസ് വിപണി വർഷംതോറും 31 ശതമാനം എന്ന നിരക്കിൽ വർധിച്ച് ഇന്ന് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ദക്ഷിണ അമേരിക്കയിലെ ഏറ്റവും മുന്നിട്ടുനിൽക്കുന്ന വ്യാപാരശക്തിയും ലാറ്റിനമേരിക്ക മൊത്തമായി എടുക്കുമ്പോൾ അമേരിക്ക കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ശക്തിയും ചൈനയാണ്. ചൈനീസ് സോഷ്യൽ സാമ്രാജ്യത്വത്തോടുള്ള ചില രാജ്യങ്ങളുടെ സാമ്പത്തിക ആശ്രിതത്വം അപകടകരമായ നിലയിൽ എത്തിക്കഴിഞ്ഞു. ചിലിയെ സംബന്ധിച്ചിടത്തോളം 2020ൽ ചൈനയിലേക്കുള്ള അതിന്റെ കയറ്റുമതി മൊത്തം കയറ്റുമതിയുടെ 40 ശതമാനം വരെയെത്തി.
വിദേശ മുതൽമുടക്കിലും ചൈന മുന്നിട്ടുനിൽക്കുന്നു. ചൈനീസ് സോഷ്യൽ സാമ്രാജ്യത്വത്തിന്റെ മൂലധനമുടക്ക് മുഖ്യമായും ബ്രസീലിലാണ് നടന്നിരിക്കുന്നത്. മറ്റു രാജ്യങ്ങളിലും മോശമല്ലാത്ത രീതിയിൽ മുതൽമുടക്കുണ്ട്. 2021ൽ, കോവിഡിന്റെ സ്തംഭനത്തിന്റെ കാലഘട്ടത്തിൽ, ബ്രസീൽ ഒഴിച്ചുള്ള രാജ്യങ്ങളിൽമാത്രം അതിന്റെ മുതൽമുടക്ക് 39 ശതമാനമായി വർധിച്ചു. മൂലധനമുടക്ക് മാത്രമല്ല, വലിയതോതിൽ കടവും നൽകിയിട്ടുണ്ട്. 2005നും 2009നും ഇടയിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് ഏതാണ്ട് 13,70,000 കോടിയാണ് (രൂപകണക്കിൽ) കടമായി കൊടുത്തിരിക്കുന്നത്. പകരമായി അവരുടെ എണ്ണയും അടിസ്ഥാനസൗകര്യ പദ്ധതികളുടെ നിർമാണകരാറുകളും നേടിയെടുത്തിരിക്കുന്നു. 20 ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ചൈനയുടെ ബെൽറ്റും റോഡും പദ്ധതിയിൽ പങ്കാളിയാണ്. ലാറ്റിനമേരിക്കയിലെ അസംസ്കൃതവസ്തുക്കളുടെ ഖനനത്തിലും സംസ്കരണത്തിലും ചൈന 7, 30,000 കോടിയാണ് (രൂപ കണക്കിൽ) മുടക്കിയത്. വൈദ്യുതി ഉപകരണങ്ങൾക്കു വേണ്ട ബാറ്ററികളുടെ ഉൽപാദനത്തിന് ആവശ്യമായ ലിഥിയത്തിന്റെ ഉൽപാദനത്തിന്റെ പകുതിയും നടക്കുന്ന അർജന്റീന, ബൊളീവിയ, ചിലി എന്നീ രാജ്യങ്ങളിലും മെക്സികോയിലും 45,000 കോടി (രൂപ കണക്കിൽ) മുടക്കിക്കഴിഞ്ഞിരിക്കുന്നു. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള പവർ ചൈന 15 ലാറ്റിനമേരിക്കൻ രാജ്യങ്ങളിലായി അമ്പതോളം ഊർജസംബന്ധമായ പദ്ധതികളുടെ നിർവഹണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പരമ്പരാഗത ഊർജമേഖലകളിൽ മാത്രമല്ല, സൗരോർജംപോലുള്ള പുതിയവയിലും അതിന്റെ സാന്നിധ്യമുണ്ട്.
ചൈന ലാറ്റിനമേരിക്കയുടെ ബഹിരാകാശ വ്യവസായിക മേഖലയിൽ മൂലധനം മുടക്കിയിട്ടുണ്ട്. അത് വിദേശത്ത് സ്ഥാപിച്ചിരിക്കുന്ന ഏറ്റവും വലിയ ബഹിരാകാശ അനുബന്ധ സ്ഥാപനം അർജന്റീനയിലാണ്. ചൈനീസ് ഉപഗ്രഹങ്ങളുമായുള്ള വാർത്താവിനിമയ ബന്ധത്തിനുള്ള സ്ഥാപനങ്ങൾ ബൊളീവിയ, ബ്രസീൽ, എക്വഡോർ എന്നീ രാജ്യങ്ങളിൽ നിർമിച്ചിരിക്കുന്നു. നിരവധി രാജ്യങ്ങളുമായി അതിന് സൈനികബന്ധങ്ങളുണ്ട്. വാവെയ് എന്ന ചൈനീസ് കമ്പനിയുടെ ഉപകരണങ്ങളും സാങ്കേതികസഹായവും തടയാൻ അമേരിക്കൻ സാമ്രാജ്യത്വം പലയാവർത്തി ശ്രമിച്ചിട്ടുണ്ടെങ്കിലും ബ്രസീലും അർജന്റീനയും അവരുടെ മൊബൈൽ നെറ്റ്വർക്കിന് ഈ കമ്പനിയെയാണ് ആശ്രയിക്കുന്നത്.
ശാന്തസമുദ്രവും അറ്റ്ലാന്റിക് സമുദ്രവും തമ്മിൽ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാനമ തോടുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളിൽ ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് നേരിട്ട് പങ്കുണ്ട്. ലാറ്റിനമേരിക്കയുടെ ശാന്തസമുദ്ര, അറ്റ്ലാന്റിക് സമുദ്രതീരങ്ങളിൽ 29ഓളം തുറമുഖങ്ങളുടെ വികസനത്തിലും നിർമാണത്തിലും ചൈനീസ് സാമ്രാജ്യത്വം മൂലധനം മുടക്കിയിരിക്കുന്നു.
ചുരുക്കത്തിൽ, ഈ മേഖലയിൽ അമേരിക്കൻ ഐക്യനാടുകളെ വെല്ലുന്ന നിലയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന ശക്തമായ സാന്നിധ്യമാണ് ചൈന. അമേരിക്കയുടെ നിയന്ത്രണത്തിൽ അയവുവരാൻ ഇതാണ് ഒരു പ്രധാന കാരണം. മുമ്പ് സോവിയറ്റ് സോഷ്യൽ സാമ്രാജ്യത്വം ലാറ്റിനമേരിക്കയിൽ കടന്നുകയറാനും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആധിപത്യം ചോദ്യംചെയ്യാനും ശ്രമിച്ചിരുന്നു. എന്നാൽ, വേണ്ടത്ര സാമ്പത്തിക പിൻബലം അതിനുണ്ടായിരുന്നില്ല. അതുകൊണ്ട് ചില രാജ്യങ്ങൾക്ക് സൈനികസഹായം നല്കുന്നതിനപ്പുറം കടക്കാൻ അതിനു കഴിഞ്ഞില്ല. ഇന്ന് ചൈനീസ് സാമ്രാജ്യത്വത്തിന്റെ അവസ്ഥ അതല്ല. സാങ്കേതികവിദ്യയിലും മൂലധനത്തിലും അമേരിക്കൻ സാമ്രാജ്യത്വത്തോട് ഏതാണ്ട് കിടപിടിക്കാൻ കഴിയുന്ന നിലയിലേക്ക് അത് എത്തിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളിലെ ദല്ലാൾ ബൂർഷ്വാസിയെ സംബന്ധിച്ചിടത്തോളം അത് സ്വീകാര്യമായ ഒരു സാന്നിധ്യമാണ്. അതിലൂടെ അവർക്ക് അവരുടേതായ കുറെ കാര്യങ്ങൾ നടപ്പാക്കാൻ കഴിയുന്നു. മറുവശത്ത് ആ ബന്ധത്തെ ചൂണ്ടി അമേരിക്കൻ ഐക്യനാടുകളോടു വിലപേശാനും കഴിയുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പതിവിൽനിന്ന് വ്യത്യസ്തരായ ഒരുകൂട്ടം ഭരണാധികാരികൾക്ക് ഉയർന്നുവരാൻ സാധ്യത ഒരുക്കുന്നതിൽ ഈ രണ്ട് സാമ്രാജ്യത്വശക്തികളുടെ മത്സരം സൃഷ്ടിക്കുന്ന ഇടവും ഇങ്ങനെ ഒരു പ്രമുഖ ഘടകമായിരിക്കുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ അസമാനതകൾ തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരമ്പരാഗത വലതുപക്ഷത്തെ അധികാരത്തിൽ തുടരാൻ അനുവദിച്ചാൽ അത് വലിയ പൊട്ടിത്തെറികൾക്ക് വഴിവെക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഇടതു മുഖമുള്ള സർക്കാറുകളെ അധികാരത്തിൽ കൊണ്ടുവരുന്ന പതിവ് സാമ്രാജ്യത്വശക്തികൾക്ക് പൊതുവിൽ ഉള്ളതാണ്. അമേരിക്കയായാലും കൊള്ളാം, മറ്റേത് സാമ്രാജ്യത്വശക്തിയായാലും കൊള്ളാം ഇത് ഒരു പൊതുനയമാണ്. ഇതിൽ പരസ്പരം സഹകരിച്ചുകൊണ്ട് തന്നെ അവർ മത്സരിക്കുന്നു.
ഏറ്റവുമധികം വിഭവശേഷി ഉള്ളപ്പോൾതന്നെ ഏറ്റവുമധികം അസമാനതയും നിലനിൽക്കുന്ന ഒരു ഭൂഭാഗമാണ് ലാറ്റിനമേരിക്ക. ദാരിദ്ര്യവും തൊഴിലവസരങ്ങളുടെ അഭാവവും മൂലം ലക്ഷക്കണക്കിന് ജനങ്ങളാണ് വർഷംതോറും ഈ രാജ്യങ്ങളെ വിട്ടൊഴിഞ്ഞ് എങ്ങനെയെങ്കിലും അമേരിക്കൻ ഐക്യനാടുകളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നത്. കാൽനടയായി, കൊച്ചുകുഞ്ഞുങ്ങളെ ഏന്തി, ആയിരക്കണക്കിന് മൈലുകൾ താണ്ടി, അങ്ങേയറ്റം അപകടകരമായ സാഹചര്യങ്ങളിലൂടെ സഞ്ചരിച്ചാണ് മെക്സിക്കൻ അതിർത്തി വഴി അമേരിക്കയിലേക്ക്കടക്കാൻ നോക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽതന്നെ 17,00,000 ലാറ്റിനമേരിക്കക്കാരും കരീബിയൻകാരുമാണ് ഇങ്ങനെ കടക്കാൻ ശ്രമിച്ചത്. അതിർത്തിയിലെ കാവൽ ശക്തമാക്കി, മെക്സികോയും ഗ്വാട്ടമാലയും തമ്മിലുള്ള അതിർത്തി കാക്കാൻ മെക്സിക്കൻ സൈന്യത്തെ സജ്ജമാക്കി ഇതിനെ തടയാനാണ് ബൈഡൻ ഭരണത്തിന്റെ ശ്രമം. അതോടൊപ്പം ഇങ്ങനെയുള്ള കുടിയേറ്റം നിരുത്സാഹപ്പെടുത്താൻ അതത് രാജ്യങ്ങളിൽ ചില വികസനപ്രവർത്തനങ്ങൾ നടപ്പാക്കാനും അത് ഉദ്ദേശിക്കുന്നു. ഇതിന് ഇവിടങ്ങളിലെ ജനപ്രിയ കക്ഷികളുടെ ജനകീയസ്വാധീനം ഉപയോഗപ്പെടും എന്നത് കരുതുന്നുണ്ട്. പക്ഷേ, ഇതത്ര എളുപ്പമല്ല.
ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്രാജ്യത്വ വ്യവസ്ഥിതിയുടെ മാന്ദ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് അധികം വൈകാതെ നീങ്ങുമെന്നാണ് അതിന്റെതന്നെ തലപ്പത്തുള്ളവരും സാമ്പത്തിക വിദഗ്ധരും ആവർത്തിച്ചാവർത്തിച്ചു പറയുന്നത്. ഇത്തരമൊരു അവസ്ഥയിൽ പരമ്പരാഗത വലതുപക്ഷത്തിന് പകരം വന്നിരിക്കുന്ന ജനപ്രിയ സർക്കാറുകൾക്ക് ക്ഷേമപ്രവർത്തനങ്ങളുമായി അധികം മുന്നോട്ടുപോകാൻ കഴിയില്ല. അതിനുള്ള പണം ഉണ്ടാവില്ല. പണ്ടത്തെപ്പോലെ കയറ്റുമതിയിൽനിന്നു കിട്ടുന്ന വലിയ വരുമാനത്തെ ആശ്രയിച്ച് ഇതൊക്കെ ചെയ്യാനുമാവില്ല. അപ്പോൾ അവരുടെ മുഖംമൂടികൾ അഴിയും. ജനങ്ങൾ വീണ്ടും തെരുവിലിറങ്ങും. സാമ്രാജ്യത്വത്തിൽനിന്നും, അതുപോലെതന്നെ പരമ്പരാഗത ഭരണവർഗങ്ങളിൽനിന്നും, വിമോചനം നേടാൻ, മൗലികമായ സാമൂഹികമാറ്റത്തിന് നേതൃത്വം കൊടുക്കാൻ, കെൽപുള്ള ശക്തികളുടെ ഇടപെടലുണ്ടെങ്കിൽ അത് പുതിയൊരു മുന്നേറ്റത്തിന് വഴിവെക്കും. അതല്ലെങ്കിൽ, വലതുപക്ഷശക്തികൾ മടങ്ങിവരും. ആഗോള പ്രതിസന്ധിയുടെ സാഹചര്യത്തിൽ അങ്ങേയറ്റം അക്രമാസക്തമായ, ഫാഷിസ്റ്റ് സ്വഭാവത്തിലുള്ള ഭരണമാകും അത്.