ഗാന്ധിജിയുടെ സനാതനധർമ പരീക്ഷണങ്ങൾ
അസ്പൃശ്യതയെ ദൈവത്തിനെതിരെയുള്ള അപരാധമായി പ്രഖ്യാപിച്ചുകൊണ്ട് അതിനെ നിരാകരിക്കുകയും എന്നാൽ അസ്പൃശ്യതക്ക് നിദാനമായ ജാതിവ്യവസ്ഥ എന്ന ഹിന്ദു സാമൂഹികക്രമത്തെയും അതിന്റെ ആധാരശിലയായ വർണാശ്രമ ധർമത്തെയും അംഗീകരിക്കുകയും ചെയ്യുന്ന ഗാന്ധിയുടെ സമീപനം വലിയ പൊരുത്തക്കേടിനെ വെളിവാക്കുന്നു. ലോകത്തിലെ ഏറ്റവും ബൃഹത്തും സങ്കീർണവുമായ ജാതിവ്യവസ്ഥ...
Your Subscription Supports Independent Journalism
View Plansഅസ്പൃശ്യതയെ ദൈവത്തിനെതിരെയുള്ള അപരാധമായി പ്രഖ്യാപിച്ചുകൊണ്ട് അതിനെ നിരാകരിക്കുകയും എന്നാൽ അസ്പൃശ്യതക്ക് നിദാനമായ ജാതിവ്യവസ്ഥ എന്ന ഹിന്ദു സാമൂഹികക്രമത്തെയും അതിന്റെ ആധാരശിലയായ വർണാശ്രമ ധർമത്തെയും അംഗീകരിക്കുകയും ചെയ്യുന്ന ഗാന്ധിയുടെ സമീപനം വലിയ പൊരുത്തക്കേടിനെ വെളിവാക്കുന്നു. ലോകത്തിലെ ഏറ്റവും ബൃഹത്തും സങ്കീർണവുമായ ജാതിവ്യവസ്ഥ എന്ന സാമൂഹിക അസമത്വത്തെക്കുറിച്ചുള്ള ഗാന്ധിയുടെ ഗ്രാഹ്യം അർധസത്യാത്മകമായിരുന്നോ? ദൈവം സത്യമാണെന്നതിനു പകരമായി സത്യമാണ് ദൈവമെന്നു തിരുത്തി മനസ്സിലാക്കുകയും ജീവിതത്തിൽ അതു അനുഭവവേദ്യമാക്കുകയും ചെയ്ത മഹാത്മാവിനു ജാതി എന്ന തിന്മയുടെ സാമൂഹികമായ ഉറവിടത്തെക്കുറിച്ചു മനസ്സിലാവാതിരിക്കേണ്ട കാര്യമില്ല.
സനാതനി അതായത്, സനാതന ധർമ വിശ്വാസിയാണ് താനെന്ന് ഗാന്ധി സ്വയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സനാതനധർമത്തിന്റെ ധർമശാസ്ത്ര ലിഖിതങ്ങളെ അക്ഷരംപ്രതി പിന്തുടരാൻ ഗാന്ധി വിസമ്മതിച്ചു. പകരമായി ഗാന്ധി സ്വധർമത്തെ മുൻനിർത്തി സനാതനധർമത്തെ കൈവിടാതെതന്നെ സത്യത്തെയെന്നപോലെ പരീക്ഷണത്തിനു വിധേയമാക്കുകയും ചെയ്തു.
ഗാന്ധി സത്യാഗ്രഹണാന്വേഷങ്ങൾക്കായി ഉപയോഗിച്ച രണ്ടു മുറകളായിരുന്നു പരീക്ഷണവും കുമ്പസാരവും (confession). രണ്ടും ഏറക്കുറെ ക്രൈസ്തവ മതാത്മകമായ ആത്മീയതയിൽ അടിസ്ഥാനമുള്ളതാണ്. പരീക്ഷണം ഹൈന്ദവവും ഭാരതീയവുമായ മത പാരമ്പര്യത്തിൽപെട്ടതാണെങ്കിൽ കുമ്പസാരം ക്രൈസ്തവമാണ്. പരീക്ഷണത്തെയും കുമ്പസാരത്തെയും അന്വേഷണ മാതൃകയായി സ്വീകരിക്കുകയും ബാധ്യത നിരാകരണം അഥവാ പരിത്യാഗം (renunciation) ഇതിന്റെ ഉപരിസംയോഗമായി ഗാന്ധി കാണുകയും ചെയ്തു. പരിത്യാഗം എന്നത് ഹൈന്ദവ വിശ്വാസ പ്രതിബദ്ധമാണ്. സനാതനധർമത്തെ സ്വധർമത്താൽ പരീക്ഷണത്തിനു വിധേയമാക്കിയ ഗാന്ധി ധർമത്തെ മാറ്റിത്തീർക്കാനുള്ള ഉദ്യമങ്ങൾ നടത്തിയിട്ടുണ്ടാകാമെങ്കിലും ആത്യന്തികമായി സനാതനധർമത്തെ പരിത്യജിക്കുക എന്ന ഉപരിപ്രവർത്തനത്തിൽനിന്നു വിട്ടുനിൽക്കുകയാണോ ചെയ്തത്?
ഗാന്ധിയിലെ ഈവിധമുള്ള പൊരുത്തക്കേടുകളെപ്പറ്റി പ്രതിപാദിക്കുന്നതിനു മുമ്പേ പറഞ്ഞോട്ടെ, പൊലീസിന്റെ ക്ലാസിഫൈഡ് വിവരശേഖരത്തിൽ മാത്രമായിരിക്കും ഒരു രാഷ്ട്രീയ ചിന്തകന് ഏകശിലാത്മകമായ സവിശേഷ വ്യക്തിത്വമുണ്ടായിരിക്കുക. ഈ മട്ടിലൊരു നിരീക്ഷണം ഫുക്കോ നടത്തിയിട്ടുണ്ട്. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജി അല്ലെങ്കിൽ ഇന്ത്യക്കാർ ദിവ്യപരിവേഷത്തോടെ കാണുന്ന മഹാത്മാഗാന്ധി, അതുമല്ലെങ്കിൽ ആ മഹനീയ ജീവിതത്തിന്റെ ലളിതസുഭഗതക്ക് അനുയോജ്യമായ ബാപ്പുജി –ഇതാണ് നമ്മുടെ അനുസ്മരണങ്ങളിലെ ഗാന്ധി. ആറ്റൻ ബറോയിലൂടെയും നിരവധി സമാനമായ വ്യാഖ്യാനങ്ങളിലൂടെയും വ്യവസ്ഥാപിതമായ ഗാന്ധിജിയുടെ ഈ ചിത്രമാണ് ഇപ്പോഴുള്ള തലമുറകളുടെയും ഇനിയും ജനിക്കാനുള്ള തലമുറകളുടെയും മനസ്സിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. ഏകശിലാത്മകമായ ഗാന്ധിജിയാണിത്. എല്ലാ പൊരുത്തക്കേടുകളിൽനിന്നും നിവാരണം ചെയ്യപ്പെട്ടതാണ് ഈ ഗാന്ധിജി. ഈ ക്ലാസിഫൈഡ് ഗാന്ധിയല്ല പ്രചോദനദായകം അല്ലെങ്കിൽ പ്രകോപനദായകം. പൊരുത്തക്കേടുകളും വൈരുധ്യങ്ങളും തന്റെ ആശയാവലിയിലൂടെ പ്രകടമാക്കുന്ന ഗാന്ധിയാണ് സ്വതന്ത്രമായ ചിന്തക്ക് പ്രചോദനമേകുന്നത്.
ജീവിച്ചിരുന്ന ഗാന്ധിക്ക് തുല്യനിലക്കുള്ള അനേകം വിമർശകരുണ്ടായിരുന്നു. ഒരുപക്ഷേ, ഗാന്ധിയുടെ ആരാധകരാണെങ്കിലും വിമർശകരാണെങ്കിലും ആ നിലയുള്ളവർ ഇന്നില്ല. വിഗ്രഹവത്കരിക്കപ്പെട്ട വിമർശനാതീതനായ ഗാന്ധി ജനാധിപത്യസംവാദങ്ങൾക്ക് ആരോഗ്യകരമല്ല. സനാതനിയായ ഗാന്ധിയിലെ സനാതനധർമത്തെക്കുറിച്ചുള്ള നിലപാടുകളിലെ പൊരുത്തക്കേടുകൾ അറിയുകയും മനസ്സിലാക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. ബാബസാഹേബ് അംബേദ്കർ മുതൽ ഒട്ടേറെ സത്യാന്വേഷകരും പണ്ഡിതരും സാമൂഹിക ചിന്തകരും വിമർശനാത്മകമായി രേഖപ്പെടുത്തിയ വിവരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഗാന്ധിജി തന്നെയും തന്റെ പൊരുത്തക്കേടുകൾ തിരിച്ചറിഞ്ഞിരിക്കണം. ഏതൊരു രാഷ്ട്രീയ ചിന്തകനും സ്വന്തം പൊരുത്തക്കേടുകൾ തിരിച്ചറിയുകയും അത് മറികടക്കാതിരിക്കുകയും ചെയ്യുക എന്നത് ധൈഷണികമായ പരിമിതിയാണ്. ചിലപ്പോൾ ഇത് ധൈഷണികമായ സത്യസന്ധതയുടെ അഭാവവുമാണ്. യാഥാർഥ്യത്തെ തിരിച്ചറിയുകയും അതിനെക്കുറിച്ചു തുറന്നുപറയുകയും എന്നാൽ, അതിനെ മറികടക്കാതിരിക്കുകയും ചെയ്യുക രാഷ്ട്രീയ തന്ത്രജ്ഞതയുടെ ഭാഗമാകാം. എന്നാൽ, ഗാന്ധിജിക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. സ്ഥാനമോഹമോ അധൈര്യമോ കാരണം അല്ലെങ്കിൽ പ്രത്യയശാസ്ത്ര സംഘടനാ പ്രതിബദ്ധത കാരണമോ ധൈഷണികമായി സത്യസന്ധമല്ലാതിരിക്കേണ്ട ആവശ്യം പരിത്യാഗിയായ ഗാന്ധിജിക്കുണ്ടാവേണ്ട കാര്യമില്ല. ജാതിയുടെയും വർണവ്യവസ്ഥയുടെയും കാര്യത്തിൽ ഗാന്ധിയുടെ അന്വേഷണങ്ങൾ പരിണാമാത്മകമായിരുന്നു. ഗാന്ധി സനാതന ധർമത്തെക്കുറിച്ചുള്ള പൊരുത്തക്കേടുകളെ സ്വയം അഭിമുഖീകരിച്ചത് സനാതന ധർമവുമായുള്ള പരീക്ഷണാത്മക സഹവാസത്തിലാണ്.
ഗാന്ധിജിയുടെ സനാതന ധർമ പരീക്ഷണങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്ന വർത്തമാന സന്ദർഭത്തിലെ രണ്ടു പ്രധാന സംഭവങ്ങളിലൊന്ന് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ യുവ നേതാവും ചലച്ചിത്ര നടനുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തെക്കുറിച്ചുയർത്തിയ രൂക്ഷവിമർശനമാണ്. ഉദയനിധി സ്റ്റാലിന്റെ സനാതനധർമത്തെക്കുറിച്ചുള്ള വിമർശനത്തെ വിമർശിക്കുന്നവർ ശ്രദ്ധിക്കാതെ പോയ ഒരു സംഭവവികാസത്തെയും കാണേണ്ടതുണ്ട്. തമിഴ്നാട്ടിൽ ഡി.എം.കെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രാതൽ നൽകുന്ന ഒരു പരിപാടിയാരംഭിച്ചിരുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ എന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ, തമിഴ്നാട്ടിലെ ഒരു പ്രധാന വർത്തമാനപത്രം ഈ പദ്ധതി പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസത്തെ പത്രത്തിൽ ഈ പദ്ധതിയെ ഏറ്റവും മലീമസമായ വിധത്തിലാണ് ആക്രമിച്ചത്. ഈ പദ്ധതി കക്കൂസ് നിറക്കാൻ മാത്രം ഉതകുകയുള്ളൂ എന്നാണ് അച്ചടിച്ചുവെച്ചത്. പ്രത്യക്ഷത്തിൽ ജാതീയത പ്രകടമല്ലെങ്കിലും ഈ നിന്ദയിൽ സാമൂഹികമായ ഉച്ചനീചത്വത്തിന്റെ വീക്ഷണം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് തിരസ്കരിക്കപ്പെടേണ്ടതാണ്.
രണ്ടാമത്തെ സംഭവം കേരളത്തിലെ ദേവസ്വം, പട്ടികജാതി പട്ടികവർഗ വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രിയും സി.പി.എം ഉന്നത നേതാവുമായ കെ. രാധാകൃഷ്ണൻ ക്ഷേത്രപരിസരത്തിൽ നേരിട്ട ജാതിവിവേചനമാണ്. ഈ ജാതീയത പ്രത്യയശാസ്ത്രപരമാണ്. എന്നുവെച്ചാൽ, ഒരു തലതിരിഞ്ഞ ലോകബോധത്തിന്റെ സൃഷ്ടിയാണ്. ഈ പ്രത്യയശാസ്ത്രം അതിഹിംസാത്മകതയെ സാമൂഹിക ജീവിതത്തിൽ നിത്യേന പുനരുൽപാദിപ്പിക്കുന്നു. അതുകൊണ്ടാണ് ഇതിന്റെ നിരാകരണം ചരിത്രപരമായ അനിവാര്യതയാകുന്നത്. ഈ രണ്ടു സവിശേഷ സന്ദർഭത്തെ മുൻനിർത്തി കൂടിയാണ് ദേശീയപ്രസ്ഥാനത്തെ മുഖ്യധാരാവത്കരിച്ച, ബഹുജനങ്ങളെ പ്രക്ഷോഭരംഗത്തെ ആകർഷിച്ച എന്നാൽ, പ്രക്ഷോഭസജ്ജമായ ജനതയുടെ ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തിന് മതപരമായ ഐക്യം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിനായുള്ള രാഷ്ട്രീയ പ്രയോഗങ്ങൾക്ക് ഊന്നൽനൽകിയ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗ്രാമീണരെയും കർഷക ജനസാമാന്യത്തെയും വൻതോതിൽ പങ്കെടുപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യസമരത്തിന് വർഗ ബഹുജനപരമായ ദിശാബോധം നൽകാൻ പ്രേരണായ ഗാന്ധിജിക്ക് ഇന്ത്യയിലെ അസമത്വത്തിന്റെ അടിസ്ഥാനമായ ജാതിയുടെ നിർമൂലനത്തിനുള്ള പ്രക്ഷോഭമുയർത്തിക്കൊണ്ടുവരാൻ സാധിച്ചില്ല എന്നതാണ്. ജാതിയുടെ സാമൂഹികവൈരുധ്യം പ്രക്ഷോഭത്തെയും ദേശീയതയെയും ഭിന്നിപ്പിക്കുമോ എന്നതാണ് ഗാന്ധി കൂടുതലും ആശങ്കപ്പെട്ടിരുന്നത്. ജാതി ഹേതുവായ ഘടകങ്ങളെ സത്യപരീക്ഷണത്തിനു വിധേയമാക്കുന്നതിനപ്പുറം അതിനെ മറികടക്കാനുള്ള ക്ഷേത്ര പ്രവേശനംപോലുള്ള ഗാന്ധിജി അവലംബിച്ച മൂർത്തമായ മാർഗങ്ങൾ പൂർണവികാസം പ്രാപിക്കും മുമ്പേ അർധോക്തിയിൽ മരവിപ്പിക്കപ്പെടുകയാണുണ്ടായത്.
ഗാന്ധിയൻ ചിന്തയിലെ ഇത്തരത്തിലുള്ള പൊരുത്തക്കേടുകളിൽ ഗാന്ധിയൻ സ്വധർമവും സനാതന ധർമവും തമ്മിലുള്ള സംഘർഷാത്മകമല്ലെങ്കിലും പരീക്ഷണാത്മകമായ വൈരുധ്യം നിലനിന്നിരുന്നു. തൊണ്ണൂറ്റിയെട്ട് വാല്യങ്ങളുള്ള ഗാന്ധിയൻ ആശയലോകം മുഴുവൻ പരതി അനുയോജ്യമായ ഉദ്ധരണികളും മറ്റും കണ്ടെത്തി വിശദീകരിക്കുകയാണ് വേണ്ടത്. പല ഗാന്ധി പണ്ഡിതരും ഈ വഴിയേ അന്വേഷണങ്ങൾ ഏറെ നടത്തിയിട്ടുമുണ്ട്. എന്നാൽ, ഇവിടെ ഗാന്ധിയുടെ സനാതനധർമ പരീക്ഷണവുമായി ബന്ധപ്പെടുത്തിയുള്ള ആലോചനകൾ പ്രധാനമായും മൂന്ന് രചനകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അകീൽ ബിൽഗ്രാമിയുടെ ‘Gandhi’s Religion and His Relation to Politics’, ജ്യോതിർമയാ ശർമയുടെ ‘Elusive Non-Violence: The Making and Unmaking of Gandhi’s Religion Ahimsa’, ഡി.ആർ. നാഗരാജിന്റെ ‘Self-Purification Versus Self-Respect: On the Roots of the Dalit Movement’ എന്നിവയാണ് ഈ രചനകൾ. ജ്യോതിർമയാ ശർമയുടെ ഒന്ന് പുസ്തകവും മറ്റു രണ്ടും പ്രബന്ധങ്ങളുമാണ്. സ്വയം സനാതനിയെന്നു വിശേഷിപ്പിച്ച ഗാന്ധിജിയുടെ മാറ്റങ്ങളെ വിസമ്മതിക്കുന്ന പ്രാക്തനവും എന്നാൽ, സനാതനവുമായ ഹൈന്ദവ മൂല്യങ്ങളുമായുള്ള പരീക്ഷണാത്മകമായ ബന്ധവും ആ പരീക്ഷണങ്ങളുടെ ഫലമെന്തായിരുന്നുവെന്നുമുള്ള അന്വേഷണമാണ്.
സനാതന ഹിന്ദുവാണ് താനെന്നു ഗാന്ധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും സനാതനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളോട് ഗാന്ധി പ്രതിബദ്ധത പുലർത്തിയിരുന്നില്ല. ഭിന്നമതാശയങ്ങളിൽനിന്നും ഉചിതമായതു സ്വീകരിച്ചുകൊണ്ടുള്ള വിശാല വീക്ഷണമാണ് ഗാന്ധി രൂപപ്പെടുത്തിയിരുന്നത്. അല്ലെങ്കിൽ സർവ ധർമ സമ ഭാവന ഗാന്ധിയൻ വീക്ഷണത്തിന്റെ ഭാഗമാണ്. എന്നാൽ, ചില ഘട്ടങ്ങളിൽ ഈ സർവ ധർമ സമഭാവനയും ഗാന്ധി മാറ്റിവെച്ചിരുന്നു. പരീക്ഷണ നിരീക്ഷണവ്യവസ്ഥയിലൂടെ ഗാന്ധി സ്വായത്തമാക്കിയ ആശയങ്ങൾ പരിണാമാത്മകമായിരുന്നു എന്നു സൂചിപ്പിച്ചല്ലോ. മാറ്റത്തിനു വിധേയപ്പെടുകയാൽ സനാതനമെന്നു വിളിക്കുന്നതുതന്നെ വിരുദ്ധോക്തിജന്യമാണ്. ഈ വിരുദ്ധോക്തി ഗാന്ധിയൻ അന്വേഷണങ്ങളിൽ പൊരുത്തക്കേടുകളായി നിലകൊണ്ടു. ഗാന്ധി, ‘യങ് ഇന്ത്യ’യിൽ 1925ൽ എഴുതിയ ഒരു ലേഖനത്തിൽ ഇങ്ങനെ പറയുകയുണ്ടായി: ‘‘അക്ഷരംപ്രതി വേദഗ്രന്ഥങ്ങളെ ഉൾക്കൊള്ളുന്ന വ്യക്തിയല്ല ഞാൻ. ലോകത്തിലെ വിവിധ വേദഗ്രന്ഥങ്ങളുടെ ആത്മാവ് മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. ഈ ഗ്രന്ഥങ്ങളിൽതന്നെ പ്രതിപാദിച്ചിട്ടുള്ളതിനെ ‘സത്യം’, ‘അഹിംസ’ എന്നതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണത്തിനു വിധേയമാക്കിയത്. ആ പരിശോധനയുമായി പൊരുത്തപ്പെടാത്തത് ഞാൻ നിരസിക്കുന്നു. ഒപ്പം, അതിനോട് പൊരുത്തപ്പെടുന്നതെല്ലാം ഞാൻ ഉചിതമെന്നോണം സ്വീകരിക്കുന്നു.’’
സനാതന ധർമമല്ല അതിനേക്കാൾ ഉപരിയായി ‘സത്യ’ത്തിന്റെയും ‘അഹിംസ’യുടെയും പരീക്ഷണത്തിനുവിധേയമായി എന്താണോ ലഭിക്കുന്നത് അതാണ് തന്റെ വിശ്വാസസംഹിത എന്നാണ് ഗാന്ധി പ്രഖ്യാപിക്കുന്നത്. എന്നാൽ, ഗാന്ധി പറയുന്നത് ഹിന്ദുധർമം അഹിംസക്കും സത്യത്തിനും പ്രാധാന്യം നൽകുന്നുവെന്നാണ്. ഈ ആശയം ഗാന്ധി പലപ്പോഴായി ആവർത്തിക്കുന്നുണ്ട്. ഗാന്ധിയൻ അന്വേഷണത്തിൽ ഏറ്റവും പ്രസക്തമായത് പരീക്ഷണം എന്ന സങ്കൽപനമാണ്. പരീക്ഷണം നേരത്തേ സൂചിപ്പിച്ചപോലെ മതകീയമായ പാരമ്പര്യത്തിൽനിന്നാണ് ഗാന്ധി സ്വീകരിക്കുന്നത്. 19ാം നൂറ്റാണ്ട് പകുതിയോടെ മതവിശ്വാസങ്ങൾ, പ്രത്യേകിച്ചും, യൂറോപ്പിലും കോളനിരാജ്യങ്ങളിലും ശാസ്ത്ര പുരോഗതിയിൽനിന്ന് വലിയ വെല്ലുവിളികൾ നേരിടാൻ തുടങ്ങി. അന്നത്തെ ധൈഷണിക ജീവിതത്തിനു ‘പരീക്ഷണം’ എന്ന സങ്കൽപനം പ്രധാനമായും ശാസ്ത്രാധിഷ്ഠിതമാണ്. ശാസ്ത്ര പുരോഗതിയുടെ ഭാഗമായി വെല്ലുവിളികൾ നേരിട്ട ആചാരങ്ങളും വിശ്വാസപ്രമാണങ്ങളും തകർച്ചക്ക് വിധേയമാകാനോ അല്ലെങ്കിൽ സ്വയം പരിരക്ഷണത്തിന്റെ ഭാഗമായി പരിഷ്കരിക്കാനോ നിർബന്ധിതമായി. ഈ ആഗോളമായ മുന്നേറ്റത്തിന്റെ അലയൊലികളാണ് ജാതിവിരുദ്ധമായ പ്രസ്ഥാനങ്ങൾക്കൊക്കെ ഊർജം പകർന്നത്. ഇതിനു പ്രേരകമായത് ‘നിരീക്ഷണ പരീക്ഷണ’ത്തിന്റെ അടിസ്ഥാനത്തിലുള്ള അനുഭവൈക അന്വേഷണങ്ങളും. സമൂഹത്തെയും നിരീക്ഷണ പരീക്ഷണത്തിനു വിധേയമാക്കാമെന്നും അതിൽനിന്നും ലഭ്യമാകുന്ന അനുഭവൈക ജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തെ മാറ്റിത്തീർക്കാമെന്ന ആശയങ്ങളാണ് പുരോഗമനപരമായ മുന്നേറ്റങ്ങൾക്ക് ഗതിവേഗം നൽകിയത്.
‘വസ്തുനിഷ്ഠത’യായിരുന്നു ഈയൊരു അനുഭവൈക അന്വേഷണങ്ങൾക്കും ജ്ഞാനനിർമിതിക്കും പ്രധാനമായിരുന്നത്. 19ാം നൂറ്റാണ്ടു മുതൽ ലഭ്യമായിരുന്ന പരീക്ഷണത്തെക്കുറിച്ചുള്ള ഈ ജ്ഞാനദർശനത്തെ ഗാന്ധി ഭാഗികമായെങ്കിലും നിരാകരിക്കുന്നുണ്ട്. ഗാന്ധിയുടെ ആശയങ്ങളുടെ കേന്ദ്ര സ്ഥാനമായി കാണുന്നത് സത്യഗ്രഹമാണ്. സത്യാന്വേഷണമാണ് ഇത്. എന്നാൽ, സത്യത്തെക്കുറിച്ചുള്ള ‘വസ്തുനിഷ്ഠ’മായ അറിവുകൾ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ എങ്ങനെ കണ്ടെത്താമെന്നുള്ള ധാരണ പ്രബലമായിരുന്ന കാലത്താണ് ഗാന്ധി സത്യാന്വേഷണത്തിനും സത്യത്തിനുതന്നെയും മതാത്മകമായ പരിവേഷം നൽകുന്നത്. മാത്രമല്ല, സത്യത്തെ തികച്ചും ആത്മീയവും വ്യക്തിഗത അനുഭവമാക്കിയും പരിവർത്തിപ്പിച്ചു. എല്ലാവരും ചൂണ്ടിക്കാട്ടുന്ന ഒരുദാഹരണം തന്നെ നോക്കുക. 1934 ജനുവരി 15ന് ബിഹാറിൽ ഭൂകമ്പം ഉണ്ടായി. വൻ നാശനഷ്ടങ്ങൾ ഉണ്ടായി. തൊട്ടുകൂടായ്മയുടെ പാപത്തിനുള്ള ദൈവത്തിന്റെ ശിക്ഷയാണ് ഈ ഭൂകമ്പമെന്ന് മഹാത്മാ ഗാന്ധി പ്രഖ്യാപിച്ചു. ഇതിനെ ശക്തമായി എതിർത്തുകൊണ്ട് ടാഗോർ പറഞ്ഞത് ഭൗതിക പ്രതിഭാസത്തെ അശാസ്ത്രീയമായി വ്യാഖ്യാനിക്കുക വഴി യുക്തിരഹിതമായ വീക്ഷണങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണെന്നാണ്. മിത്തിനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുന്ന അതേ നടപടിതന്നെയാണ് ഗാന്ധിയും കൈക്കൊണ്ടത്. എന്നാൽ, ഗാന്ധി തന്റെ വ്യാഖ്യാനത്തിൽനിന്ന് പിന്മാറാതെ അവതരിപ്പിച്ച കാഴ്ചപ്പാട് ‘സത്യ’ത്തിന്റെ വ്യക്തിഗതവും ആത്മനിഷ്ഠവുമായ തലത്തെ കാണിച്ചുതരുന്നു. മിത്തിനെ ശാസ്ത്രമായി വ്യാഖ്യാനിക്കുകയായിരുന്നില്ല ഗാന്ധിചെയ്തത്, മറിച്ച് ദൈവകൽപിതമെന്നു നിനക്കപ്പെടുന്ന അസ്പൃശ്യത എന്ന മിത്തിനെ അതേ നിലയിൽതന്നെ ഗാന്ധി നേരിടുകയായിരുന്നു. സനാതന ധർമമല്ല സ്വധർമമാണ് പരമപ്രധാനമായി ഇവിടെ ഗാന്ധി അവതരിപ്പിക്കുന്നത്.
ടാഗോറിന്റെ വിമർശനത്തോടുള്ള ഗാന്ധിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. തൊട്ടുകൂടായ്മയുടെ പാപമാണ് ഭൂകമ്പത്തിന് കാരണമെന്ന് താൻ വാദിക്കുമ്പോൾ ഹിന്ദുമതത്തിന്റെ യാഥാസ്ഥിതിക പ്രയോക്താക്കൾ തൊട്ടുകൂടായ്മക്കെതിരെയുള്ള തന്റെ പ്രചാരണമാണ് ഭൂകമ്പത്തിനു കാരണമെന്നു വ്യാഖ്യാനിക്കുന്നുവെന്നാണ്. ഈ രണ്ടു വ്യാഖ്യാനങ്ങളെയും ഗാന്ധി തുല്യമായാണ് പരിഗണിക്കുന്നത്. വസ്തുനിഷ്ഠമല്ല സത്യം. ആത്മീയവും വ്യക്തിനിഷ്ഠവുമായ മതാത്മക പരിവേഷമുള്ളതുമായ ഏതു വ്യാഖ്യാനത്തെയും അയാളുടെ സത്യത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് സ്വീകരിക്കാമെന്നാണ് ഗാന്ധി ഉന്നയിക്കുന്നത്. എന്നാൽ, ഈ സത്യത്തെ ഗ്രഹിക്കാനുള്ള പരീക്ഷണത്തിന്റെ കാതലായി ഗാന്ധി നിർദേശിക്കുന്നത് അഹിംസയെയാണ്. ഹിംസാത്മകമായ ഒരു സാമൂഹിക ഘടനയെ വ്യക്തിതലത്തിൽതന്നെ നേരിടുക പ്രധാനമാണെന്നാണ് ഗാന്ധി മനസ്സിലാക്കിയിരുന്നത്. ഗാന്ധിയുടെ ഇപ്രകാരമുള്ള ആത്മനിഷ്ഠവും ആപേക്ഷികവുമായ പരീക്ഷണാത്മക യുക്തിയെ കുറിച്ചു അകീൽ ബിൽഗ്രാമി പറയുന്നതിതാണ്:
‘‘ഈ ആപേക്ഷിക വാദം, ആത്മനിഷ്ഠത തൃപ്തികരമാവുന്നത്, ഗാന്ധിയുടെ കാഴ്ചപ്പാടിൽ, തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ താൻ എപ്പോഴും സത്യമാണ് അന്വേഷിക്കുന്നത് എന്ന വസ്തുത പരിഗണിക്കുമ്പോൾ മാത്രമാണ്. അതിനാൽ, അദ്ദേഹത്തിന്റെ മതനിഷ്ഠമായ കാഴ്ചപ്പാടിനു കേന്ദ്രമാകുന്ന സത്യസങ്കൽപവും പ്രസ്താവങ്ങളും ഒരു വൈജ്ഞാനിക സങ്കൽപമല്ല. അതൊരു അനുഭവതലത്തിലുള്ള സങ്കൽപനമാണ്. സത്യം ഒരു വ്യക്തിയുടെ ആത്മനിഷ്ഠമായ അനുഭവത്തിനു വിധേയമാണ്. പ്രാഥമിക ആശയങ്ങളിൽനിന്നു സ്വരൂപിക്കുന്ന സത്യം അതനുഭവിക്കുന്നവർക്ക് ബോധ്യപ്പെടുന്നു. മറ്റുള്ളവർക്ക് അതുപോലെയാകണമെന്നില്ല. അദ്ദേഹത്തിന്റെ വിമർശകർ, അദ്ദേഹം പറയുന്നതുപോലെ, ‘സത്യസന്ധർ’ ആയിരിക്കെ, അവർ തന്നെ വിമർശിച്ചുകൊണ്ട് പറയുന്നത് അവർ ആഴത്തിൽ അനുഭവിച്ച ചില അനുഭവങ്ങളുടെ പ്രതിഫലനം കൂടിയാണ്. ആ അനുഭവത്തിന്റെ വെളിച്ചത്തിൽ തീർച്ചയായും അവരും ശരിയായിരിക്കണം.’’ ഗാന്ധിയുടെ സത്യം ആത്മനിഷ്ഠപരവും ആപേക്ഷികവുമാകുന്നു. ഈ നിലയിൽ സനാതന ധർമത്തെ വ്യക്തിതലത്തിൽ നിരാകരിക്കുകയും എന്നാൽ, മറ്റൊരാൾക്ക് വ്യക്തിതലത്തിൽ ഇത് അംഗീകരിക്കുകയും ചെയ്യാം.
ബിഹാർ ഭൂകമ്പത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലും ഗാന്ധി സജീവമായി പങ്കെടുത്തിരുന്നു. ഗാന്ധിയുടെ സാന്നിധ്യം ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായിരുന്നു. ദൂരെനിന്നുള്ള ഇടങ്ങളിൽനിന്ന് ഗാന്ധിയുടെ ദർശനത്തിനായി പലരും വന്നു. അവർ ദുരിതനിവാരണ പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ നൽകി. ഗാന്ധിയെ സ്പർശിക്കുന്നതുവഴി അനുഗ്രഹം ലഭിക്കാൻ വേണ്ടിയാണ് ഗ്രാമീണർ വന്നിരുന്നത്. ബിഹാറിൽ ഗാന്ധിയുടെ കൂടെയുണ്ടായിരുന്ന അഗത ഹാരിസൺ വിവരിക്കുന്ന അനുഭവം വിചിത്രമാണ്. ഈ ദുരിതത്തിലും ഗാന്ധിയെ ദർശിക്കാൻ വന്നവർ ദൈവത്തെ നേരിൽ കണ്ട പ്രതീതിയിലായിരുന്നുവെന്നാണ് അഗത ഹാരിസൺ പറയുന്നത്. ഗാന്ധിയെ കാണാൻ വന്നിരുന്ന ഗ്രാമീണ ജനതയെ ഗാന്ധി അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. അത്തരമൊരു സന്ദർഭത്തിൽ, ഗാന്ധി അവരെ ഓർമിപ്പിച്ചു: ‘‘ഇത് ദൈവം നൽകിയ വരമായി കാണണം. അപ്പോഴാണ് ഇതിന്റെ അർഥം പൂർണമായും ഗ്രഹിക്കാൻ കഴിയുക. അർഥമെന്തെന്നാൽ തൊട്ടുകൂടായ്മ പൂർണമായും പോകണം. ഒരാളും മറ്റൊരാളേക്കാൾ ഉന്നതനാണെന്നു കരുതരുത്.’’ വിശ്വാസികളായ ഗ്രാമീണർ അവർ ദൈവതുല്യമായി കാണുന്ന ഒരാൾ ആവശ്യപ്പെടുന്നത് ആത്മനിഷ്ഠമായി സ്വീകരിച്ചുകൊണ്ട് അസ്പൃശ്യതയെ ഉപേക്ഷിക്കണമെന്നാണ്.
രണ്ട്
ഗാന്ധി മതത്തെയും ധാർമികതയെയും തമ്മിൽ വേർതിരിച്ചിരുന്നില്ല. മതപരമായത് ജീവിതത്തിന്റെ മറ്റ് പ്രവർത്തനങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചില്ല. എന്നാൽ, ധാർമികതയില്ലാത്ത മതത്തെ ഗാന്ധി ശക്തമായി എതിർക്കുകയും ചെയ്തു. യങ് ഇന്ത്യയിൽ 1921ൽ എഴുതിയ ഒരു മറുപടിയിൽ ഗാന്ധി ഇങ്ങനെ പറയുന്നു: ‘‘വേദങ്ങളെയോ മറ്റേതെങ്കിലും വിശിഷ്ട ഗ്രന്ഥങ്ങളെയോ മുൻനിർത്തി ‘ദിവ്യമായി ഉദ്ഭൂതമായതെന്നു’ വിശേഷിപ്പിക്കാൻ ഞാൻ തയാറല്ല. ഹൈന്ദവ ഗ്രന്ഥങ്ങളിലുള്ള എന്റെ വിശ്വാസത്തിനു അനുരോധമായി വേദങ്ങളിലെ ഓരോ വാക്കും വാക്യവും ദൈവിക പ്രചോദിതമാണെന്ന് അംഗീകരിക്കേണ്ട ആവശ്യമില്ല. എന്നാൽ, ഈ അത്ഭുതങ്ങളായ ഗ്രന്ഥങ്ങളെക്കുറിച്ച് പൂർണമായും അറിവുണ്ടെന്ന് ഞാൻ അവകാശപ്പെടുന്നില്ല. ഈ വേദഗ്രന്ഥങ്ങളുടെ സാരാംശവും അതിൽ പ്രതിപാദ്യമാകുന്ന സത്യവും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. യുക്തിക്കും ധാർമികബോധത്തിനും നിരക്കാത്തതായ ഏതൊരു വ്യാഖ്യാനത്തെയും, അത് എത്രതന്നെ പണ്ഡിതോചിതമായിരുന്നാലും, ഞാൻ നിരാകരിക്കുന്നു. ഹൈന്ദവഗ്രന്ഥങ്ങൾക്ക് ശരിയായ വ്യാഖ്യാനം നൽകാനുള്ള ഇന്നത്തെ ശങ്കരാചാര്യരുടെയും ശാസ്ത്രിമാരുടെയും അവകാശത്തെയും ഞാൻ നിരാകരിക്കുന്നു.’’
വളരെ വ്യക്തതയോടെയാണ് സനാതനധർമത്തിന്റെ ചിരന്തനത്വത്തെ ഗാന്ധി നിരാകരിക്കുന്നത്. അതിന്റെ വ്യാഖ്യാനത്തിനുള്ള ബ്രാഹ്മണ ശ്രേഷ്ഠരുടെ അവകാശത്തെ നിരാകരിക്കുമ്പോഴും സനാതനധർമ സംഹിത അതിന്റെ സാരാംശത്തിൽ താൻ ഉൾക്കൊണ്ടിരുന്നുവെന്നു ഗാന്ധി കരുതിയിരുന്നു. അങ്ങനെതന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സനാതന ധർമത്തിന്റെ നാല് അടിസ്ഥാന ഘടകങ്ങളിൽ താൻ വിശ്വസിക്കുന്നുവെന്നാണ് ഗാന്ധി രേഖപ്പെടുത്തിയത്. ‘യങ് ഇന്ത്യ’യിൽ 1927ൽ എഴുതിയ ‘ഹിന്ദുമതത്തിൽ ഞാൻ എന്താണ് വിലമതിക്കുന്നത്’ എന്ന കുറിപ്പിൽ ഗാന്ധി പറയുന്നത് ഇതാണ്:
‘‘ഞാൻ എന്നെ സനാതന ഹിന്ദു എന്ന് വിളിക്കുന്നു. കാരണം,
വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും ഹിന്ദു ഗ്രന്ഥങ്ങളുടെ പേരിലുള്ള എല്ലാ കാര്യങ്ങളിലും ഞാൻ വിശ്വസിക്കുന്നു. അതിനാൽ, അവതാരങ്ങളിലും പുനർജന്മത്തിലും വർണാശ്രമ ധർമത്തിലും ഞാൻ വിശ്വസിക്കുന്നു. എന്റെ അഭിപ്രായത്തിൽ, വൈദികമായ അനുശാസന എന്ന നിലയിൽ ഞാൻ ഇത് വിശ്വസിക്കുന്നു പക്ഷേ, അതിന്റെ ഇപ്പോൾ പ്രചാരത്തിലുള്ളതും നടപ്പിലുള്ളതുമായ അസംസ്കൃതമായ അർഥത്തിലല്ല. പശുവിന്റെ സംരക്ഷണത്തിൽ ഞാൻ വിശ്വസിക്കുന്നു എന്നാൽ, വിഗ്രഹാരാധനയിൽ ഞാൻ അവിശ്വസിക്കുന്നില്ല.’’
ഇതിനെല്ലാം ഹ്രസ്വമെങ്കിലും പ്രത്യേകം പ്രത്യേകം വിശദീകരണം ഗാന്ധി നൽകുന്നുണ്ട്. വേദങ്ങളിലെ നാല് ആശ്രമങ്ങളുടെ സംഭാവന ലോകോത്തരമാണെന്നാണ് ഗാന്ധി വാദിക്കുന്നത്. കത്തോലിക്ക ബ്രഹ്മചാരികൾക്ക് അനുയോജ്യമായ ബ്രഹ്മചാരികളുടെ ക്രമമുണ്ട്. പക്ഷേ, ഇത് വ്യവസ്ഥാപിതമായിരുന്നില്ല. എന്നാൽ, ഇന്ത്യയിൽ ഈ ആശ്രമധർമം വ്യവസ്ഥാപിതമായിരുന്നു എന്നാണ് ഗാന്ധി വ്യാഖ്യാനിക്കുന്നത്. ഇന്ത്യയിൽ ഓരോ ആൺകുട്ടിക്കും ആദ്യത്തെ ആശ്രമത്തിലൂടെ പോകേണ്ടിവന്നിരുന്നുവെന്നും ഇത് മഹത്തായൊരു സങ്കൽപമായിരുന്നുവെന്നും ഗാന്ധി പറയുന്നു. ഹിന്ദുമതത്തെ നിഷേധിക്കുകയാൽ ഇന്ന് നമ്മുടെ കണ്ണുകളും ചിന്തകളും വൃത്തികെട്ടതും ശരീരം വൃത്തികേടു നിറഞ്ഞതുമായിരിക്കുന്നുവെന്നും ഗാന്ധി പറയുന്നുണ്ട്. വർണാശ്രമ വ്യവസ്ഥയെ വേദാർഥത്തിലോ അല്ലെങ്കിൽ അത് സാമൂഹിക ഘടനയിൽ പ്രവർത്തിക്കുന്ന വിധത്തിലോ അല്ല ഗാന്ധി വ്യവസ്ഥചെയ്യുന്നത്. പകരം ആശ്രമധർമം വ്യക്തിനിഷ്ഠമായ ഒന്നായാണ് അവതരിപ്പിക്കുന്നത്. ജാതിയുടെ ആചാരങ്ങളും പ്രയോഗങ്ങളും സാമൂഹിക ക്രമത്തിൽ സൃഷ്ടിച്ച ഹിംസാത്മകതയും മനുഷ്യവിരുദ്ധതയും വഴിതെറ്റിയ പ്രയോഗമായി മാത്രം കാണുന്നത് പ്രകടമായ സാമൂഹിക സത്യത്തെ അംഗീകരിക്കാതിരിക്കുകയാണ്. വിഗ്രഹാരാധന ഗാന്ധി അംഗീകരിച്ചിരുന്നില്ലെങ്കിലും വൈവിധ്യമാർന്ന നാടോടി ഹിന്ദു വിശ്വാസത്തിൽ (folk Hinduism) വിഗ്രഹാരാധന പ്രധാനമായിരുന്നു. ഇത് ഗാന്ധി ക്ഷേത്രപ്രവേശനത്തിന്റെ സമയത്തു തിരിച്ചറിയുന്നുണ്ട്.
(തുടരും)