കഥാകൃത്തിനെ തിരുത്തിയ കഥാപാത്രം

മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്‍റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു. ‘കഥാകൃത്തിനെ കഥാപാത്രം തിരുത്തുന്നു’ എന്നായിരുന്നു വാരികയിൽ വന്ന പരസ്യം. നക്സലൈറ്റ് നേതാവ് വർഗീസ് തിരുനെല്ലി വനത്തിൽ കൊല്ലപ്പെട്ടതെങ്ങനെയെന്ന് 27 വർഷങ്ങൾക്കുശേഷം പി. രാമചന്ദ്രൻ നായർ എന്ന പൊലീസുകാരൻ വെളിപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ‘ന്യായഹർജി’ എന്ന കഥ എഴുതപ്പെട്ടത്. പൊലീസുകാരന്‍റെ കുറ്റബോധവും, പുറത്ത് അറിയിക്കാനാവാതെ അനേക വർഷങ്ങൾ ഉള്ളിലടക്കിപ്പിടിച്ച...
Your Subscription Supports Independent Journalism
View Plansമലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്‍റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.
‘കഥാകൃത്തിനെ കഥാപാത്രം തിരുത്തുന്നു’ എന്നായിരുന്നു വാരികയിൽ വന്ന പരസ്യം. നക്സലൈറ്റ് നേതാവ് വർഗീസ് തിരുനെല്ലി വനത്തിൽ കൊല്ലപ്പെട്ടതെങ്ങനെയെന്ന് 27 വർഷങ്ങൾക്കുശേഷം പി. രാമചന്ദ്രൻ നായർ എന്ന പൊലീസുകാരൻ വെളിപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ‘ന്യായഹർജി’ എന്ന കഥ എഴുതപ്പെട്ടത്. പൊലീസുകാരന്‍റെ കുറ്റബോധവും, പുറത്ത് അറിയിക്കാനാവാതെ അനേക വർഷങ്ങൾ ഉള്ളിലടക്കിപ്പിടിച്ച മനസ്സാക്ഷിയുടെ പിടച്ചിലുമാണ് ഈ കഥയെഴുതാൻ േപ്രരകമായത്. രാമചന്ദ്രൻ നായരെ കണ്ടു സംസാരിച്ച് അനുഭവങ്ങളുടെ നേരറിവിനുശേഷം എഴുതാനായി ഞാൻ കാത്തിരുന്നു.
എന്നാൽ, അദ്ദേഹത്തെ കണ്ടെത്താനുള്ള അന്വേഷണം നീണ്ടുപോയപ്പോൾ എഴുതാതിരിക്കാൻ വയ്യ എന്ന അവസ്ഥയിൽ മനസ്സിൽ തിങ്ങിനിന്ന അവ്യക്തമായ ചില രൂപങ്ങളുമായി ഞാൻ ധ്യാനത്തിലിരുന്നു. ആ ഏകാഗ്രതയിൽ എപ്പോഴോ രാമചന്ദ്രൻ നായർ ഒരു കഥാപാത്രമായി മനസ്സിൽ കടന്നുവന്നു. അങ്ങനെ രാമചന്ദ്രൻ നായർ എന്ന പൊലീസുകാരനെ നേരിൽ കാണാതെ, കേൾക്കാതെ തന്നെ ഞാൻ അദ്ദേഹത്തിന്‍റെ കഥ എഴുതുകയായിരുന്നു. ‘എൽദൊ’ എന്ന കമ്യൂണിസ്റ്റ് വിപ്ലവകാരിയെ വെടിവെച്ചു കൊല്ലാൻ നിർബന്ധിതനായ എ.എസ്. രവീന്ദ്രൻ എന്ന പൊലീസുകാരൻ ആദരണീയനായ ചീഫ് ജസ്റ്റിസിന് എഴുതുന്ന കത്തുപോലെ ആവിഷ്കരിച്ചതായിരുന്നു കഥ. പൂർത്തിയായശേഷം കഥ ശരിയോ തെറ്റോ എന്ന സന്ദേഹം എന്‍റെ മനസ്സിനെ അലട്ടി. വിഭാവനത്തിന്‍റെ ഒരു സൃഷ്ടിക്ക് ശരി തെറ്റുകളുണ്ടോ എന്ന ചോദ്യത്തിന്‍റെ കൃത്യമായ ഉത്തരമായിരുന്നില്ല എന്നിലുണ്ടായത്. ഒരാളുടെ ജീവിതത്തിലുണ്ടായ, പൊതുസമൂഹം അറിയുന്ന സങ്കീർണ അനുഭവ സത്യങ്ങളെ സങ്കൽപന ഗതിക്കനുസരണം എഴുതിവെച്ച് കഥയുടെ മറവിൽ മാറ്റിമറിക്കാനാവുമോ? വല്ലാത്തൊരു ആശയക്കുഴപ്പത്തിൽ അകപ്പെട്ട് ഞാനാ കഥ മാറ്റിവെച്ചു.
തികച്ചും ആകസ്മികമായിട്ടാണ് ഒരു പ്രഭാതത്തിൽ രാമചന്ദ്രൻ നായർ എന്നെ തിരഞ്ഞ് വീട്ടിലെത്തുന്നത്. എന്‍റെ മേൽവിലാസം കുറിച്ച കടലാസ് അദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്നു. പത്രപ്രവർത്തക സുഹൃത്ത് പി.വി. രാമചന്ദ്രന്‍റെ ശ്രമഫലമായിട്ടായിരുന്നു ആ വരവുണ്ടായത്. ഒരു പൊലീസുകാരന്‍റെ കൊമ്പൻമീശയും ചൂഴ്ന്നിറങ്ങുന്ന കണ്ണുകളും ഒട്ടും സൗഹൃദപരമല്ലാത്ത പരുക്കൻ മുഖഭാവവും കണ്ടപ്പോൾത്തന്നെ അതിഥി ആരെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഔപചാരികമായ പരിചയപ്പെടലിനോ കുശലപ്രശ്നങ്ങൾക്കോ ഇടനൽകാത്ത ഗൗരവകരമായ ഒരു ലോകത്തായിരുന്നു ഞങ്ങളപ്പോൾ. കുറച്ചുനേരം പരസ്പരം സംസാരിക്കാതെ, അതിഥിയുടെയും ആതിഥേയന്‍റെയും ഔപചാരികതകൾ മറന്ന് ഞങ്ങൾ തമ്മിൽ നോക്കി മുറിയിൽ ഇരുന്നു. മേശപ്പുറത്ത്, ‘ന്യായഹർജി’ എന്നു പേരിട്ട് ഞാൻ എഴുതിവെച്ച കഥ ഇരിപ്പുണ്ടായിരുന്നു.
ഒരു നിയോഗംപോലെ ഞാനതെടുത്ത് കഥാപാത്രത്തിനു നൽകി. അദ്ദേഹം അത് ശ്രദ്ധയോടെ വായിക്കാൻ തുടങ്ങി. അപ്പോൾ ആ മുഖത്ത് കണ്ട അസാധാരണ ഭാവങ്ങൾ മറ്റൊരു വായനക്കാരന്‍റെ മുഖത്തും ഞാൻ അതിനു മുമ്പോ ശേഷമോ കണ്ടിട്ടില്ല. പെട്ടെന്ന് അദ്ദേഹം എന്നോടു ചോദിച്ചു – ‘‘ഇവിടെയിരുന്ന് പുകവലിക്കാമോ?’’ അനുവദിച്ചതോടെ അദ്ദേഹം ബീഡി വലിക്കാൻ തുടങ്ങി, ഒന്നിനു പിറകെ മറ്റൊന്നായി. അതോടെ, വല്ലാത്തൊരു ചുമ അദ്ദേഹത്തെ ഉലച്ചു. പലവട്ടം കഫം തുപ്പാൻ പുറത്തുപോയി. കഥയുടെ പേജുകൾ മറിഞ്ഞു നീങ്ങിയതോടൊപ്പം വായനക്കാരന്‍റെ മുഖം വലിഞ്ഞുമുറുകാൻ തുടങ്ങി. പോയകാലത്തെ അസുഖകരമായ ചിന്താവ്യഥകളിൽപ്പെട്ട് ആ കഥാപാത്രം ഉലയുന്നത് ഒരെഴുത്തുകാരനു മാത്രം തിരിച്ചറിയാനാവുന്നതായിരുന്നു.
വായിച്ചു തീർത്ത കടലാസുകൾ രാമചന്ദ്രൻ നായർ മേശപ്പുറത്തു വെച്ച് ഒന്നും പറയാതെ മറ്റൊരു ബീഡിക്ക് തീ കൊളുത്തി. കഥയുടെ വിധി നിശ്ചയിക്കേണ്ട ആദ്യ വായനക്കാരനായ മുഖ്യ കഥാപാത്രം നിശ്ശബ്ദത തുടർന്നത് എന്‍റെ ഉത്കണ്ഠയെ അസഹ്യമാക്കി. നിവൃത്തികേടോടെ ഞാൻ ചോദിച്ചു – ‘‘കഥ എങ്ങനെയുണ്ട്?’’
ഏതാനും നിമിഷങ്ങൾ ചിന്തിച്ചിരുന്ന ശേഷം അയാൾ പറഞ്ഞു – ‘‘കഥ എന്നനിലയിൽ ശരി. പക്ഷേ ഞാൻ, ഇതിൽ പറഞ്ഞപോലെയല്ല. കഥാന്ത്യം തെറ്റിപ്പോയി.’’
കഥയുടെ ക്ലൈമാക്സായി സൃഷ്ടിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ച് രാമചന്ദ്രൻ നായർ ബീഡി പുകച്ച് ഇരുന്നു. അതിനിടയിൽ പിറുപിറുത്തു – ‘‘ഒരൊറ്റ വെടിയേ ഞാൻ വെച്ചുള്ളൂ. അത് ലക്ഷ്യം തെറ്റിയില്ല. ജീവനെടുത്തു. മൂന്നു വെടികൾ വെച്ചതായാണ് കഥയിൽ പറഞ്ഞിരുന്നത്. വിപ്ലവകാരിയുടെ ഗർഭിണിയായിരുന്ന കാമുകി എന്നെ കാണാൻ വന്നിട്ടുമില്ല.’’
പരീക്ഷയിൽ തോറ്റുപോയ കുട്ടിയുടെ മനഃസ്താപത്തോടെ ഞാൻ വിളറുകയും നിരാശപ്പെടുകയുംചെയ്തു. തോൽവിയണഞ്ഞ ഉത്തരക്കടലാസുപോലെ അനാവശ്യമായിത്തീർന്ന കഥയും, തുടർന്നൊരു സംഭാഷണത്തിനു സാംഗത്യമില്ലാതെ കൈവിട്ടുപോയ കഥാപാത്രവുമായിരുന്നു എന്‍റെ മുന്നിൽ. ഏതു നിമിഷവും അദ്ദേഹം എഴുന്നേറ്റു പോയേക്കാം, ഒരു യാത്രാവാക്കുപോലും പറയാതെ. അപ്പോൾ ഞാൻ, ഉത്തരക്കടലാസിലെ തെറ്ററിയാൻ ആകാംക്ഷപ്പെടുന്ന വിദ്യാർഥിയെപ്പോലെ ചോദിച്ചു – ‘‘കഥാന്ത്യത്തിൽ താങ്കളാണെങ്കിൽ എന്തുചെയ്യുമായിരുന്നു?’’
തെല്ലും ആലോചിക്കാതെ മറുപടി വന്നു –‘‘കഥയിൽ പറഞ്ഞപോലെ കോടതി തൂക്കുമരം തന്നില്ലെങ്കിൽ ഞാൻ ഒറ്റമുറി ജയിൽ പണിത് അതിൽ സ്വയം ജീവപര്യന്തം വിധിക്കാൻ തയാറാകില്ല. പകരം, വർഗീസ് പൂർത്തിയാക്കാതെ പോയ സാമൂഹിക ദൗത്യം ഏറ്റെടുക്കാനായി ആന്ധ്രയിലേക്കു വണ്ടികയറും.’’
കൃത്യമായ ആ ഉത്തരത്തോടെ കഥ തെറ്റിപ്പോയെന്ന് ബോധ്യമാവുകയും ഞാനത് പാഴ് കടലാസു കൂട്ടത്തിലേക്ക് മാറ്റിവെക്കുകയും ചെയ്തു. അതോടെ, എന്‍റെ ആ ദൗത്യം പാഴായിപ്പോവുകയും കഥാ ചർച്ച അവസാനിപ്പിച്ച് ഞാനും രാമചന്ദ്രൻ നായരും സൗഹൃദ സംഭാഷണത്തിലേർപ്പെടുകയും ചെയ്തു. അപ്പോൾ, ഏതൊരു മലയാളിയുടെയും ജിജ്ഞാസയായിരുന്ന, വർഗീസിനെ കൊന്ന സംഭവത്തിന്‍റെ യഥാർഥ ചിത്രം കൊലയാളിയുടെ നേരിട്ടുള്ള വാക്കുകളിലൂടെ കേൾക്കാൻ ഞാൻ ആഗ്രഹിച്ചു. തൊട്ടുമുമ്പ് വായിച്ച കഥ അദ്ദേഹത്തെ പഴയ സംഭവങ്ങളുടെ പടിവാതിൽക്കൽ വരെ എത്തിച്ചിരുന്നു. ഉള്ളിൽ തിങ്ങിവിങ്ങിയിരുന്ന അനുഭവങ്ങൾ ആ സമയം തുറന്നുപറയാനാവുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം എന്ന് എനിക്കു തോന്നി. നിർണായകമായ നിമിഷങ്ങളാണ് വരാൻ പോകുന്നതെന്ന ഉൾവിളിയിൽ ഞാൻ ആ ഏറ്റുപറച്ചിൽ അദ്ദേഹത്തിന്‍റെ അനുവാദത്തോടെ റെക്കോഡ് ചെയ്യുകയായിരുന്നു.
രാമചന്ദ്രൻ നായർ പറഞ്ഞു– ‘‘1970 ഫെബ്രുവരി 18ന് കേശവൻ മൂസത് വർഗീസിനെ ഒറ്റി. തിരുനെല്ലിയിലെ ശിവരാമൻ നായരുടെ കുടിലിന്‍റെ വാതിൽ പൊളിച്ച് അകത്തുകടന്ന് പൊലീസ് വർഗീസിനെ പിടിച്ചു. കൈകൾ പിന്നിൽ കെട്ടി പൊലീസ് ജീപ്പിലിട്ട് വിപ്ലവകാരിയെ മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും, ഇടക്കുവെച്ച് കെ. ലക്ഷ്മണ, പി. വിജയൻ എന്നീ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി ജീപ്പ് തിരുനെല്ലിയിലേക്ക് തിരിച്ചുവിടുകയും ചെയ്തു. അവിടെ ഇറക്കി കണ്ണുകൾ തുണികൊണ്ടു മൂടിക്കെട്ടുമ്പോളാണ് ഞാൻ ആദ്യമായി വർഗീസിനെ കാണുന്നത്. ഞങ്ങൾ ഏതാനും പൊലീസുകാരോടൊപ്പം നക്സലൈറ്റിനെ കാട്ടിനുള്ളിലേക്കു നടത്തിക്കൊണ്ടുപോയി. ഒരു കുന്നിനു മുകളിലെത്തിയപ്പോൾ വർഗീസിനെ മരത്തണലിൽ ഇരുത്താൻ കൽപനയായി. കണ്ണുമൂടിയ തുണി കെട്ടഴിച്ച ശേഷം അയാളെ മരത്തോടു ചേർത്ത് ബന്ധിച്ചു.
ഉന്നത പൊലീസ് ഓഫിസർമാർ തിരുനെല്ലി കാട്ടിൽ ഏറ്റുമുട്ടലിനു യോജിച്ച സ്ഥലം കണ്ടെത്താൻ ചുറ്റിത്തിരിഞ്ഞു. ആ സമയം ഞങ്ങൾ നാല് കോൺസ്റ്റബിൾമാർ വിപ്ലവകാരിക്കു കാവലിരുന്നു. ഭീകരനും ക്രൂരനുമായി ചിത്രീകരിക്കപ്പെട്ടിരുന്ന വർഗീസിന് പക്ഷേ നിഷ്കളങ്കമായ മുഖമായിരുന്നു. അപ്പോൾ ഞങ്ങൾ വർഗീസുമായി ദീർഘമായി സംസാരിച്ചു, അയാളുമായുള്ള അവസാനത്തെ സംഭാഷണമാണെന്ന് അറിയാതെ. തുടങ്ങിയത് ഞാനായിരുന്നു – ‘‘നീ ചെറുപ്പമല്ലേ? എന്തിന് ഇതിനൊക്കെ ഇറങ്ങിത്തിരിച്ചു?’’ അപ്പോൾ വർഗീസ് ശാന്തവും പക്വവുമായ സ്വരത്തിൽ ഞങ്ങളോട് ചെഗുവേരയെക്കുറിച്ചു പറഞ്ഞു. അസമത്വത്തിന്‍റെയും അന്യായത്തിന്‍റെയും നീതിനിഷേധത്തിന്‍റെയും കഥകൾ പറഞ്ഞു.
വിപ്ലവത്തിന് ഇറങ്ങി രക്തസാക്ഷികളായ അനേകം പേരെക്കുറിച്ചു വിശദീകരിച്ചു. പൊലീസുകാരുടെ ദുഃസ്ഥിതികൾ മാറാൻ അവർ സ്വയം സംഘടിക്കണമെന്ന് ഉപദേശിച്ചു. മണിക്കൂറുകൾ നീങ്ങിപ്പോയതറിയാതെ ഞങ്ങൾ ആ വിപ്ലവകാരിയുടെ സൗമ്യമെങ്കിലും ദൃഢമായ വാക്കുകളിൽ ആകൃഷ്ടരായി സ്വയം മറന്ന് ഇരുന്നുപോയി. അതുവരെ മറ്റാരിൽനിന്നും കേട്ടിട്ടില്ലാത്ത ആ വാക്കുകൾ എന്‍റെ മനസ്സിനെ മാറ്റിമറിക്കുകയായിരുന്നു. ജീവിതത്തിന് പുതിയ അർഥമുണ്ടായി. ചിന്തകൾ വ്യത്യസ്തമായ പാതയിലേക്കു നീങ്ങി. തലയിൽ വെളിപാടിന്‍റെ തെളിച്ചം. ചുരുക്കത്തിൽ, വർഗീസിന്‍റെ സംസാരം എന്‍റെ ജീവിതവീക്ഷണത്തെ ആകെ പരിവർത്തനംചെയ്തു.’’
‘‘വൈകിട്ട് നാലുമണിയോടെ ആഹാരം കൊണ്ടുവന്നു. ഞാൻ ചോറ് ഉരുളയാക്കി കൈയിലെടുത്ത് ബന്ധിച്ചിട്ടിരിക്കുന്ന വർഗീസിന്‍റെ മുന്നിലേക്കു നീട്ടി. അയാൾ അത് നിഷേധിച്ചു. – ‘നീ ഇന്ന് ഒന്നും കഴിച്ചിട്ടില്ലല്ലോ.’ ’’
‘‘വേണ്ട.’’ അയാൾ ഉറപ്പിച്ചു പറഞ്ഞു.
‘‘ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാൻ ഒരു ബീഡിയെടുത്ത് വലിക്കാൻ തുടങ്ങി. അപ്പോൾ വർഗീസ് അത് ആഗ്രഹിച്ചപോലെ എനിക്കു തോന്നി. വലിച്ചുകൊണ്ടിരുന്ന ബീഡി ഞാൻ, പൊലീസിന് എന്നും തലവേദനയായിരുന്ന ആ പിടികിട്ടാപ്പുള്ളിയുടെ ചുണ്ടുകളിൽ രണ്ടു പ്രാവശ്യം വെച്ചുകൊടുത്തു. പുക വിട്ടുകൊണ്ട് വർഗീസ് നിർവികാരനായി പറഞ്ഞു –‘നിങ്ങളിൽ ഒരാൾ എന്നെ കൊല്ലും.’ ഞങ്ങൾക്കുള്ളിൽ ഒരു നടുക്കമുണ്ടായി. അപ്പോൾ ആ വിപ്ലവകാരി ഞങ്ങളോടൊരു ആനുകൂല്യം ചോദിച്ചു. കാഞ്ചി വലിക്കുന്നതിന് തൊട്ടുമുമ്പ് ഒരു സിഗ്നൽ. മുദ്രാവാക്യം വിളിക്കാൻ ഒരു ഇട തരണം.’’
‘‘ഞങ്ങൾ നാലു കോൺസ്റ്റബിൾമാരിൽ ആരാണ് വർഗീസിനെ വെടിവെക്കുന്നതെന്ന് കാട്ടിൽനിന്നും മടങ്ങിയെത്തിയ പൊലീസ് ഉന്നതൻ ചോദിച്ചു. രണ്ടു പേർ കൈയുയർത്തി. മുഹമ്മദ് ഹനീഫ് കൈ പാതിയുയർത്തി. ഞാൻ അനങ്ങാതെ നിന്നു. അതു കണ്ട് ഓഫിസർ അലറി – ‘എന്താടാ നിനക്കുമാത്രം പറ്റാത്തത്? എന്നാൽ നീ തന്നെ അവനെ കൊല്ലണം. ഇത് ഉത്തരവാണ്.’ ഞാൻ നിശ്ശബ്ദത തുടർന്നപ്പോൾ അദ്ദേഹം ഭീഷണിപ്പെടുത്തി– ‘നീ അവനെ കൊല്ലാതിരുന്നാൽ നക്സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻകൂടി കൊല്ലപ്പെട്ടുവെന്ന് വാർത്ത വരും’. ഞാൻ അനുസരിക്കാതിരുന്നാൽ പകരം കൃത്യനിർവഹണ ചുമതല ഹനീഫിനായിരുന്നു.
അങ്ങനെ ചെന്നുപെട്ട ഗതികേടിൽ അടക്കിയ പ്രതിഷേധത്തോടെ, മനസ്സാക്ഷിക്കുത്തോടെ, കുറ്റബോധത്തോടെ ഞാൻ സർവിസ് റൈഫിളെടുത്ത് വർഗീസിന്‍റെ തൊട്ടടുത്തു ചെന്നുനിന്നു. അപ്പോൾ സമയം വൈകിട്ട് ഏഴുമണിയാവാൻ അഞ്ചു മിനിറ്റ്. ഏതാനും നിമിഷം ഞാൻ അയാളുടെ അക്ഷോഭ്യമായ കണ്ണുകളിലേക്കു നോക്കി. വികാരങ്ങൾ ഇരച്ചുവരാൻ ഇടനൽകാതെ കൈവിരലുയർത്തി ഒരു സിഗ്നൽ. കാഞ്ചി വലിക്കുമ്പോൾ ഉയർന്നു കേട്ടു, കരുത്തുറ്റ ശബ്ദം –‘വിപ്ലവം ജയിക്കട്ടെ...’ അന്ന് 1970 ഫെബ്രുവരി 18 ആയിരുന്നു.’’
രാമചന്ദ്രൻ നായരുടെ തൊണ്ടയിടറി. ശബ്ദം പതറി. കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. വികാരവിക്ഷോഭത്താലുണ്ടായ ഭാവമാറ്റം മറയ്ക്കാനെന്നോണം അദ്ദേഹം ഒരു ബീഡിയെടുത്തു കത്തിച്ചു. അതോടെ ചുമ തുടങ്ങി. നിർത്താനാവാത്ത ചുമയോടെ അദ്ദേഹം എഴുന്നേറ്റു വീടിനു പുറത്തുപോയി. പുറത്ത് ചുമച്ച് കഫം തുപ്പുന്ന ശബ്ദം കേൾക്കാമായിരുന്നു. ഏറെ നേരം കഴിഞ്ഞ് ശാന്തനായി തിരിച്ചെത്തിയ രാമചന്ദ്രൻ നായർ പറഞ്ഞു –‘‘ടീബി വീണ്ടും ബുദ്ധിമുട്ടിക്കുന്നുണ്ട്.’’
തുടർന്ന് തന്‍റെ ലക്ഷ്യം വെളിപ്പെടുത്തി മുൻ നിയമപാലകൻ – ‘‘ആദ്യം ശിക്ഷിക്കപ്പെടാൻ ഞാൻ തയാർ. എന്നാൽ അവർ നാല് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. അവരുടെ കണ്ണിൽനിന്നും പശ്ചാത്താപത്തിന്‍റെ ഒരിറ്റു കണ്ണീർ ഒഴുകണം.’’

ന്യായഹർജി -കഥ,പി. സുജാതൻ
പിന്നീട് വെടിയുണ്ടപോലെ ഒന്നുകൂടി രാമചന്ദ്രൻ നായരുടെ നാവിൽനിന്നും പുറത്തുവന്നു– ‘‘കേസ് തീരുംമുമ്പ് അവരെന്നെ കൊല്ലും. ഏതു നിമിഷവും ഒരു വാടകക്കൊലയാളിയിൽനിന്നുള്ള മരണം ഞാൻ പ്രതീക്ഷിക്കുന്നു’’. വൈകാരിക സമ്മർദം അടക്കിപ്പിടിച്ചുകൊണ്ട് രാമചന്ദ്രൻ നായർ അപ്പോൾ താൻ രചിച്ച നാലു വരികൾ ചൊല്ലി–
സത്യവും ധർമവും നീതിയും വാഴേണ്ട
തൂക്കുമരത്തിന്‍റെ ചോട്ടിൽ
സിംഹാസനത്തിലിരുന്നരുളീടുന്നു
സ്വാർഥവും ധൂർത്തും ത്വരയും.
ചുട്ടുപഴുത്തു നിന്ന അന്തരീക്ഷത്തിൽനിന്നുള്ള മോചനത്തിനായി ഞാൻ ആ വിഷയത്തിലൂന്നിയുള്ള സംസാരം അവസാനിപ്പിച്ചു. താനപ്പോൾ വിദ്യാഭവൻ സ്കൂളിന്റെ സെക്യൂരിറ്റി സ്റ്റാഫായി ജോലിചെയ്യുകയാണെന്ന് രാമചന്ദ്രൻ നായർ എന്‍റെ ചോദ്യത്തിനുത്തരമായി പറഞ്ഞു. കൽക്കത്തയിൽ പോയി അവിടെ ജയിലിൽ കിടക്കുന്ന കനുസന്യാലിനെ കണ്ട കാര്യവും അദ്ദേഹം വിവരിച്ചു. ഊണു കഴിച്ച് പിരിയുമ്പോൾ ഞാൻ രാമചന്ദ്രൻ നായരോടു പറഞ്ഞു– ‘‘ചരിത്രത്തിൽ എന്നും വേറിട്ടുനിൽക്കുന്ന സംഭവങ്ങളാണ് നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുള്ളത്. ഒരുപക്ഷേ ഇനിയൊരിക്കലും മറ്റൊരാൾക്കും സംഭവിക്കാനിടയില്ലാത്തതും. അത് അടുത്ത തലമുറക്കായി സത്യസന്ധമായി രേഖപ്പെടുത്തിവെക്കണം. നിങ്ങൾ ജീവചരിത്രമെഴുതണം.’’
കഥാപാത്രം തള്ളിക്കളഞ്ഞ കഥ ഇനി വേണ്ട എന്നു തീരുമാനിച്ച് ‘ന്യായഹർജി’ ഉേപക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. എന്നാൽ, ഒരു വിധി നിയോഗംപോലെ എന്‍റെ സ്നേഹിതനും മുതിർന്ന ജേണലിസ്റ്റുമായ പി. സുജാതൻ അന്ന് വീട്ടിൽ വന്നു. സ്വാഭാവികമായി, ഉണ്ടായ സംഭവങ്ങൾ ഞാൻ സുഹൃത്തിനോടു പറഞ്ഞു. ‘ന്യായഹർജി’ അദ്ദേഹത്തെ വായിക്കാൻ ഏൽപിച്ച് ഞാൻ ചില കുടുംബ കാര്യങ്ങളിലേർപ്പെട്ടു. അൽപം കഴിഞ്ഞ് ഞാൻ മടങ്ങി വന്നപ്പോൾ സുജാതൻ കഥ വായിച്ച ശേഷം അതിനടിയിൽ താഴെ പറയുന്ന വരി കുറിച്ചിട്ടുണ്ടായിരുന്നു –‘‘നീതിയുടെയും നിയതിയുടെയും മനുഷ്യമനഃസ്സാക്ഷിയുടെയും കുറ്റബോധത്തിന്‍റെയും പാപ നിവേദനങ്ങളുടെയും സങ്കടകരമായ കടൽ ഇരമ്പം ന്യായഹർജിയിൽ വായിച്ചു.’’
കഥ ഉേപക്ഷിക്കാനുള്ള എന്‍റെ തീരുമാനം സുജാതൻ തള്ളിക്കളഞ്ഞു. – ‘‘കഥാകാരനും കഥാപാത്രവും രണ്ടു പേരും ശരിതന്നെ. ഒന്നും കളയേണ്ടതില്ല, രാമചന്ദ്രൻ നായർ തിരുത്തണമെന്നു പറഞ്ഞ ഭാഗംകൂടി ചേർത്ത് രണ്ട് ക്ലൈമാക്സോടെ കഥക്ക് വ്യത്യസ്തമായ പര്യവസാനമുണ്ടാക്കുകയാണ് വേണ്ടത്.’’ സുജാതൻ തുടർന്നു – ‘‘ശിക്ഷ ആഗ്രഹിച്ചു വരുന്ന പ്രതിക്ക് നിയതമായ നിയമവ്യവസ്ഥക്കുള്ളിൽ അതു ലഭിക്കാതെ വന്നാൽ മേൽക്കോടതിയിൽ അപ്പീലിനുള്ള അവകാശമില്ല. അപ്പീൽ അവകാശം വാദിക്കു മാത്രമേയുള്ളൂ. അത് നീതിയുടെ പ്രശ്നം. കുറ്റബോധത്തെ ശമിപ്പിച്ച് മനസ്സാക്ഷിയുടെ കരച്ചിലടക്കാൻ ഒരു അപരാധിക്ക് അവസരമില്ലാതെ പോകുന്നത് വേറൊരു പ്രശ്നം. സമപ്രായക്കാരനും തന്നെക്കാൾ സമൂഹത്തിന് ആവശ്യമുള്ളയാളുമായ ഒരു വലിയ മനുഷ്യനെ ഭീഷണിക്കു വഴങ്ങി കൊല്ലേണ്ടി വന്നു എന്ന ഒരു പൊലീസുകാരന്‍റെ സങ്കടം വലിയ പ്രശ്നം. ഇങ്ങനെ നമ്മെ ബാധിക്കുന്ന പല പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ഈ കഥ പ്രസിദ്ധീകരിക്കപ്പെടുകതന്നെ വേണം.’’
തുടർന്ന് ഞാൻ ടേപ്പുചെയ്തു വെച്ചിരുന്ന രാമചന്ദ്രൻ നായരുടെ ആത്മഭാഷണം ജേണലിസ്റ്റ് സുഹൃത്തിനെ കേൾപ്പിച്ചു.
2004 ഏപ്രിൽ 4ന് ഇറങ്ങിയ ‘കലാകൗമുദി’ വാരികയിൽ, വർഗീസ്, രാമചന്ദ്രൻ നായർ, കഥാകൃത്ത് എന്നിവരുടെ മുഖങ്ങൾ ചേർന്ന കവർചിത്രത്തോടും, ‘കഥാകൃത്തിനെ കഥാപാത്രം തിരുത്തിയപ്പോൾ’ എന്ന പി. സുജാതന്‍റെ ആമുഖ റിപ്പോർട്ടോടുംകൂടി കവർസ്റ്റോറിയായി ‘ന്യായഹർജി’ പ്രസിദ്ധീകരിക്കപ്പെട്ടു. എഡിറ്റർ എൻ.ആർ.എസ്. ബാബുവായിരുന്നു അതിന് മുൻകൈയെടുത്തത്. ആ കഥക്ക് അഭൂതപൂർവമായ പ്രതികരണങ്ങളാണ് വായനക്കാരിൽനിന്നുണ്ടായത്. അവയിൽ ചിലത് വാരികയിൽ പ്രസിദ്ധീകരിച്ചു. അക്കൂട്ടത്തിൽ ശ്രദ്ധേയമായ ഒന്ന്, ‘വർഗീസിന് ഒരു കത്ത്’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഹരി കരുമാടി എന്ന വായനക്കാരന്‍റെ വൈകാരികത നിറഞ്ഞ ലേഖനമായിരുന്നു. ആ ദിവസങ്ങളിലൊന്നിൽ തപാലിൽ എനിക്കൊരു കത്തു കിട്ടി. അത് വർഗീസിന്‍റെ ഒരാരാധകന്റേതായിരുന്നു. ഒളിവുജീവിതത്തിൽ വർഗീസിന് ഒരു കാമുകിയുണ്ടായിരുന്നെന്നും അവൾ ഗർഭിണിയായിരുന്നെന്നുമുള്ള കഥയിലെ സൂചനയിൽ എതിർപ്പും പ്രതിഷേധവും അറിയിക്കുന്നതായിരുന്നു കത്ത്.
ചിത്രീകരണം: തോലിൽ സുരേഷ്
പിന്നീട് കുറെ നാളുകൾക്കുശേഷം രാമചന്ദ്രൻ നായർ വീട്ടിൽ വന്നപ്പോൾ കൈയിൽ ആത്മകഥയുടെ ഒരു കെട്ടു കടലാസുകളുണ്ടായിരുന്നു. അതിനു മുമ്പ് അദ്ദേഹം പലവട്ടം ഫോണിൽ വിളിച്ച്, എഴുതുന്നതിനിടക്കുണ്ടായ സംശയങ്ങൾ ചോദിച്ചിരുന്നു. അധികം വൈകാതെ അത് പുസ്തകമായി. യൂസഫ് എന്ന വിവർത്തകൻ അത് തമിഴിലേക്ക് പരിഭാഷ ചെയ്ത് പ്രസിദ്ധീകരിച്ചതായി അറിയാൻ കഴിഞ്ഞു. അതിനുമുമ്പേ ‘ന്യായഹർജി’ കഥ തമിഴിൽ എ.കെ. സാലൻ പരിഭാഷ ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു.
1997ലെ വെളിപ്പെടുത്തലിന് ഒരു പതിറ്റാണ്ട് തികഞ്ഞപ്പോൾ രാമചന്ദ്രൻ നായർ മരണപ്പെട്ടു. അതോടനുബന്ധിച്ച ഓർമപ്പെടുത്തലായി 2006 ഡിസംബർ ലക്കം ‘കലാകൗമുദി’യിൽ പി. സുജാതന്‍റെ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടു –ഇരകളും വേട്ടക്കാരനും. ‘എത്രയോ ചിന്താനിർഭരം’ എന്ന അഭിപ്രായേത്താടെ ഒരു വായനക്കാരൻ ആ റിപ്പോർട്ടിൽനിന്നുള്ള ഒരു വാക്യം വാരികക്കുള്ള കത്തിൽ എടുത്തെഴുതിയിരുന്നു –‘‘അൽബേർ കാമു എഴുതിയതുപോലെ വിപ്ലവത്തിനിറങ്ങുന്നവന്‍റെ വഴിയിൽ രണ്ട് ഉപാധികളുണ്ട്. കൊലപാതകവും ആത്മഹത്യയും. ബൊളീവിയൻ വനത്തിൽനിന്ന് തിരുനെല്ലിക്കാട്ടിൽ എത്തുമ്പോഴും അടിസ്ഥാനാശയത്തിന്റെ വെയിലിന് ഒരേ താപമാണുള്ളത്.’’