Begin typing your search above and press return to search.
proflie-avatar
Login

പ്രതിരോധത്തെ എഴുതുമ്പോൾ

പ്രതിരോധത്തെ എഴുതുമ്പോൾ
cancel

രാജ്യത്താകമാനം ചെറുത്തുനിൽപുകളും പ്രതിരോധവും വിവിധ മേഖലകളിൽ ഉയരുന്നുണ്ട്​. പ്രതിരോധത്തെ എഴുതുന്നതിനെക്കുറിച്ചാണ്​ കവിയും നോവലിസ്​റ്റും ആക്​ടിവിസ്​റ്റുമായ ലേഖിക എഴുതുന്നത്​. ഇൗ എഴുത്തിൽ മീന കന്ദസാമി ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു: എഴുത്തുകാർ നിശ്ശബ്ദരായിത്തീർന്നാൽ എന്താണ് സംഭവിക്കുക? പേനകളെയും തോക്കുകളെയും തുലനപ്പെടുത്തിയാൽ എന്തു സംഭവിക്കും? എഴുതുന്നതു മാത്രമല്ല, വായിക്കുന്നതുപോലും പ്രതിരോധമാണോ? കേവലം ‘പ്രതിരോധമായി എഴുതു’ന്നതിനു പകരം പ്രതിരോധത്തെ എഴുതുന്നതിനെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കലാലോകത്തി​ന്റെ സാന്ത്വനവും അർധവിലോഭനീയതയും പലപ്പോഴും നമ്മെ...

Your Subscription Supports Independent Journalism

View Plans
രാജ്യത്താകമാനം ചെറുത്തുനിൽപുകളും പ്രതിരോധവും വിവിധ മേഖലകളിൽ ഉയരുന്നുണ്ട്​. പ്രതിരോധത്തെ എഴുതുന്നതിനെക്കുറിച്ചാണ്​ കവിയും നോവലിസ്​റ്റും ആക്​ടിവിസ്​റ്റുമായ ലേഖിക എഴുതുന്നത്​. ഇൗ എഴുത്തിൽ മീന കന്ദസാമി ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു: എഴുത്തുകാർ നിശ്ശബ്ദരായിത്തീർന്നാൽ എന്താണ് സംഭവിക്കുക? പേനകളെയും തോക്കുകളെയും തുലനപ്പെടുത്തിയാൽ എന്തു സംഭവിക്കും? എഴുതുന്നതു മാത്രമല്ല, വായിക്കുന്നതുപോലും പ്രതിരോധമാണോ?

കേവലം ‘പ്രതിരോധമായി എഴുതു’ന്നതിനു പകരം പ്രതിരോധത്തെ എഴുതുന്നതിനെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കലാലോകത്തി​ന്റെ സാന്ത്വനവും അർധവിലോഭനീയതയും പലപ്പോഴും നമ്മെ പ്രതിരോധമായി എഴുതുന്നതിനെക്കുറിച്ച് സംസാരിക്കാൻ ക്ഷണങ്ങൾ നീട്ടാറുണ്ട്. എഴുത്തി​ന്റെ ഈ പ്രത്യേക ഭാഗത്തെക്കുറിച്ചു സംസാരിക്കാൻ ഉദ്വേഗം ഉളവാകുമ്പോഴും, നമ്മുടെ ചിന്തയുടെ ചട്ടക്കൂടുകൾ വികസിപ്പിക്കേണ്ടതുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഇന്ത്യയിൽ നമുക്ക് ചുറ്റും നോക്കുക. എല്ലായിടത്തും ജനകീയ പ്രതിരോധ സമരങ്ങൾ നടക്കുന്നു. കർഷകസമരങ്ങൾ, വിദ്യാർഥി സമരങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള സമരങ്ങൾ, ഭൂമിയപഹരണത്തിനെതിരെയുള്ള സമരങ്ങൾ, കോർപറേറ്റുകൾക്കെതിരായ സമരങ്ങൾ, ഖനനത്തിനെതിരായ സമരങ്ങൾ, പോഷണദാരിദ്ര്യത്തിനെതിരെയുള്ള സമരങ്ങൾ. ഇത്തരത്തിൽ ശക്തമായ പ്രതിരോധങ്ങളുടെ പശ്ചാത്തലത്തിൽ, സ്വാഭാവികമായ ഒരു ചോദ്യം ഉയർന്നുവരുന്നു –അഥവാ അതിനോടനുപൂരകമായ ഒരു ചോദ്യം ഉയർന്നുവരുന്നു. ആരാണ് പ്രതിരോധത്തെ എഴുതുന്നത്? ആരാണ് ഈ സമരങ്ങളെ രേഖപ്പെടുത്തുന്നത്? ആരാണവയെ ആർക്കൈവ് ചെയ്യുന്നത്? അവയിലേക്ക് പ്രതിഫലനം നടത്തുന്നത്?

അപ്പോളുണ്ടാവുന്ന സുനിശ്ചിതമായ പ്രതികരണം –എഴുത്തുകാർ! –വളരെ പൊള്ളയായ ഒന്ന്. പ്രതിരോധത്തെ എഴുതുന്നതിനുള്ള സ്ഥലരാശി ഓരോ ദിവസവും ചുരുങ്ങിച്ചുരുങ്ങിവരുന്നു. രേഖപ്പെടുത്തുന്നതി​ന്റെ അപായസാധ്യതകൾ കുറഞ്ഞിട്ടേയില്ല. ഈയടുത്ത വർഷങ്ങളിൽ ഭരിക്കുന്ന പാർട്ടിയും (അതി​ന്റെ ഫലമായി സർക്കാറും) ഒരു പുതിയ പ്രയോഗം സായുധവത്കരിച്ചിട്ടുണ്ട് –അർബൻ നക്സൽ. ഇത് രണ്ടു പദങ്ങളുടെ ഉദ്ദേശ്യപൂർണമായ സംയോജനമാണ്. അർബൻ എന്നത് “നഗരകേന്ദ്രിതരായ ബുദ്ധിജീവി”കളും നക്സൽ അഥവാ നക്സലൈറ്റുകൾ എന്നത് സായുധമായ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളിൽ എന്നപോലെ, വിപ്ലവരാഷ്ട്രീയവുമായി ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളെ ക്രിമിനൽവത്കരിക്കുന്നതും ആകുന്നു.

ഇത്തരത്തിലുള്ള കരുതിക്കൂട്ടിയുള്ള അവ്യക്തമായ ചാപ്പകുത്തലുകൾ ജനകീയ പ്രസ്ഥാനങ്ങളുമായി ഐക്യം പ്രഖ്യാപിക്കുകയോ അവയുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയോ ചെയ്യുന്ന എഴുത്തുകാരെയും കലാകാരന്മാരെയും അക്കാദമിക്കുകളെയും ഒരു രാവു പുലരുമ്പോഴേക്കും സംശയിക്കപ്പെടുന്ന തീവ്രവാദികളാക്കിത്തീർക്കുന്നു. ഈ പദസംയുക്തത്തി​ന്റെ ശേഷി നിലകൊള്ളുന്നത് അതിന്റെ സന്ദിഗ്ധതയിലും അയഞ്ഞ സ്വഭാവത്തിലുമാണ്. ആദിവാസികളുടെ കിടപ്പാടങ്ങൾ നഷ്ടമാകുന്നതിനെക്കുറിച്ച് എഴുതുന്ന ഒരു കവി; കർഷകസമരങ്ങൾ വാർത്തയാക്കുന്ന ഒരു പത്രപ്രവർത്തകൻ; തൊഴിലാളിസമരങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു ഗവേഷകൻ –അത്തരക്കാരെല്ലാം അർബൻ നക്സലുകൾ എന്ന വിശേഷണത്തിന് വിധേയരായേക്കാം –ആയിക്കൊണ്ടിരിക്കുകയാണ്. പ്രതിരോധത്തെ രേഖപ്പെടുത്തുന്നതിലുള്ള ബുദ്ധിജീവികളുടെ പങ്കാളിത്തത്തെ നിയമവിരുദ്ധമാക്കുകയാണ് ഈ കൂട്ടിക്കെട്ടൽ. അത് ജനകീയ സമരങ്ങളെത്തന്നെ നിയമവിരുദ്ധമാക്കുകയാണ് ചെയ്യുന്നത്. ഭരണകൂടത്തി​ന്റെ മർദനസംവിധാനങ്ങൾ ഈ രൂപാന്തരീകരണത്തെ സമഗ്രമാക്കിയിരിക്കുന്നു –എഴുത്തുകാരിൽനിന്ന് തീവ്രവാദികളിലേക്ക് ഒരു നേർരേഖ അവർ വരച്ചിരിക്കുന്നു.

കേവല എഴുത്തുകാരിൽനിന്ന്/സാമൂഹികപ്രവർത്തകരിൽ നിന്ന് ‘തീവ്രവാദി’യിലേക്ക് ഒരു നീർക്കുഴൽ അത്ര വ്യക്തമായി തീർത്തിരിക്കുമ്പോൾ, ജനങ്ങൾക്കുവേണ്ടി ആര് നിലകൊള്ളും? ഭീമ കൊറേഗാവ് കേസിൽ തടവിലാക്കപ്പെട്ട എഴുത്തുകാരും ബുദ്ധിജീവികളും നിയമജ്ഞന്മാരും അത്തരത്തിൽ ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന അപകടത്തി​ന്റെയും അതിനെത്തുടർന്നുണ്ടാകുന്ന ശിക്ഷകളുടെയും ഉദാഹരണങ്ങളാണ്. ഈ കേസിൽ 16 സാമൂഹികപ്രവർത്തകരെ ജയിലിലടച്ച് ആറു വർഷങ്ങൾ കഴിഞ്ഞിട്ടും വിചാരണ അവസാനിച്ചിട്ടില്ല. കുടിയിറക്കപ്പെട്ട തദ്ദേശീയ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ച 84 വയസ്സുള്ള ജസ്യൂട്ട് പാതിരി ഫാദർ സ്റ്റാൻ സ്വാമി, തടവിലിരിക്കുമ്പോൾ മരണമടഞ്ഞു. അദ്ദേഹത്തി​ന്റെ അന്ത്യദിനങ്ങളോടടുക്കുന്ന സമയത്ത് അദ്ദേഹം ആവശ്യപ്പെട്ട വെള്ളം കുടിക്കുന്നതിനുള്ള ഒരു കുഴൽ നിഷേധിക്കപ്പെട്ടിരുന്നു.

പേനകളെയും തോക്കുകളെയും തുലനപ്പെടുത്തിയാൽ എന്തു സംഭവിക്കും?

എഴുത്തുകാരുടെ രൂപത്തെ തോക്കു പരിശോധിക്കുന്ന പോരാളിയുടേതിനോട് തുലനപ്പെടുത്തുന്നത് അപകടകരമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, ഭരണകൂടം എഴുത്തുകാരെ വേട്ടയാടാനുള്ള അനുവാദമാണ് നൽകുന്നത്. ‘എഴുത്തുകാർ’ എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ബുദ്ധിജീവികൾ, കലാകാരന്മാർ, ഭിന്നാഭിപ്രായങ്ങൾ ഉന്നയിക്കുന്നവർ –അങ്ങനെ ചിന്തയുടെ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ആരുമാകാം.

ഇത് കാൽപനികമായ ഒരു തുലനപ്പെടുത്തലല്ല. ഈ വിപ്ലവവിഗ്രഹവത്കരണം സൗന്ദര്യബോധം എന്നനിലയിൽ പൊതിഞ്ഞുകെട്ടുമ്പോൾ രുചികരമായ, മൂർച്ചയുള്ള ഒരു വിപണനതന്ത്രമായി മാറുന്നുമില്ല. പകരം, ഇത് വളരെ ആപൽക്കരമായ ഒരു തുലനപ്പെടുത്തലാണ്. പോരാളികളെ ഭരണകൂടസംവിധാനങ്ങൾ വേട്ടയാടുന്ന അതേ തരത്തിൽ, കണക്കുകൂട്ടി വ്യക്തതയോടെ എഴുത്തുകാരെയും വേട്ടയാടാനാവുന്ന ഒരു സ്ഥിതി രൂപപ്പെടുത്തിയെടുക്കുന്നു. തീവ്ര വലതുപക്ഷ വാഴ്ച കണ്ടെത്തിയ പദസംയുക്തമായ ‘അർബൻ നക്സൽ’ ഈ വേട്ടയുടെ പ്രതലത്തെ വിപുലീകരിക്കുന്നു. ഇരയായി ലക്ഷ്യം വെക്കപ്പെടാൻ നിങ്ങൾ ആയുധങ്ങൾ കൈയിലേന്തുകയോ കാടുകളിൽ ഒളിച്ചിരിക്കുകയോ വേണ്ടതില്ല. ബസ്തറിലെ കാടുകളിൽനിന്ന് നമ്മുടെ നഗരങ്ങളിലെ കോൺക്രീറ്റ് കാടുകളിലേക്ക് വേട്ട വിപുലീകരിക്കപ്പെട്ടിരിക്കുന്നു. മൂർത്തത്തിൽനിന്ന് അമൂർത്തത്തിലേക്ക് അത് സംക്രമിച്ചിരിക്കുന്നു –ഉദ്യോഗസ്ഥവൃന്ദത്തി​ന്റെ കാടുകൾ, പ്രഭാഷണങ്ങളുടെ കാടുകൾ, ചിന്തയുടെതന്നെ കാടുകൾക്ക് തെളിഞ്ഞ പകൽവെളിച്ചത്തിലും തുറസ്സിലും നിങ്ങളെ ഒരു ‘തീവ്രവാദി’യായി മുദ്രകുത്താനാവുന്നു.

ചരിത്രപരമായ വേട്ടകളുടെ പ്രതിധ്വനികൾ നമ്മുടെ വർത്തമാനത്തിൽ പ്രകമ്പനം തീർക്കുന്നു –വിനോദത്തിനായി കാടുകളിലെ മനുഷ്യരെ വേട്ടയാടുകയും അടിമകളാക്കുകയും ചെയ്ത അധിനിവേശികളിൽനിന്ന് ഇക്കാലഘട്ടത്തിലെ മധ്യ ഇന്ത്യയിലെ ബസ്തറിൽ ആദിവാസികളെ വേട്ടയാടുന്ന ഭരണകൂടസംവിധാനങ്ങളിലേക്ക് അത് നീളുന്നു. മാർച്ച് 2026ഓടെ ‘നക്സലിസം തുടച്ചുനീക്കുക’ എന്ന ഭരണകൂടത്തി​ന്റെ സമയപരിധി പ്രഖ്യാപനം ഫലത്തിൽ വംശീയോന്മൂലന എണ്ണിയിറങ്ങലാണ്. നൂറ്റാണ്ടുകളായി ആ പ്രദേശത്തു ജീവിച്ച ജനതയുടെ പൈതൃകമായ കാട് ഒഴിപ്പിച്ചെടുക്കാനുള്ള തന്ത്രപരമായ പദ്ധതി.

ബസ്തറിലെ കാടുകളിൽ അതിശക്തമായ നിശ്ശബ്ദത ആഴ്ന്നിറങ്ങുമ്പോൾ –ആ മേഖല ‘സുരക്ഷിതമാക്കാൻ’ വേണ്ടത്ര ആദിവാസികളെ കൊന്നൊടുക്കുകയും ഭൂമി കോർപറേറ്റുകൾക്ക് കൈമാറുകയോ മറ്റൊരു സൈനികതാവളം സ്ഥാപിക്കാനായി ഉപയോഗിക്കുകയോ ചെയ്യുമ്പോൾ –ആ നിശ്ശബ്ദത പൂർത്തീകരിക്കപ്പെടുക എഴുത്തുകാരുടെ നിശ്ശബ്ദതയിൽക്കൂടി ആയിരിക്കും. നിശ്ശബ്ദത ഒരു പൂർവഭാഗവും നിശ്ശബ്ദത ഒരു ഉത്തരഭാഗവും ആയിത്തീരുന്ന അവസ്ഥ. അപ്രസക്തമായ ശബ്ദങ്ങൾ മാത്രമുളവാക്കാൻ കഴിയുന്ന ഏറ്റവും ചെറിയ ജീവികൾ മാത്രമുള്ള കാടുകളുടെ നിശ്ശബ്ദത –മരിച്ച ഭൂഭാഗത്തി​ന്റെ അടിക്കാടുകളിൽ ചിലക്കുന്ന ചീവീടുകളുടെ ഒച്ചകൾ മാത്രം. പ്രതിഷേധത്തി​ന്റെ ശൂന്യമാക്കപ്പെട്ട സ്ഥലരാശികളിലെ കീബോർഡുകളുടെ കിലുക്കം മാത്രം.

 

* * *

തീവ്രവാദിയെന്ന് മുദ്രകുത്തപ്പെടുകയെന്നാൽ നിങ്ങളുടെ മനുഷ്യനെന്ന അവസ്ഥ റദ്ദാക്കപ്പെടുന്നുവെന്നാണ് അർഥം. തീവ്രവാദിയെന്ന് മുദ്രകുത്തപ്പെടുകയെന്നാൽ നിങ്ങളുടെ പിൻഭാഗത്ത് വെടിയുണ്ട തുളയ്ക്കുള്ള ഒരു സ്ഥലം കണ്ടെത്തുന്നുവെന്നാണ് അർഥം. മൗലികതയുള്ളവരെ അക്രമാസക്തരെന്നും, എഴുത്തുകാരെയും കലാകാരന്മാരെയും അഭിഭാഷകരെയും തീവ്രവാദികളെന്നും വിളിക്കുകയെന്നത് ഇന്നോളം ഉണ്ടായിട്ടുള്ള റദ്ദാക്കൽ സംസ്കാരത്തിൽ ​െവച്ച് ഏറ്റവും കഠിനമായതാണ്. അത് ഇന്റർനെറ്റ് ഭ്രമമായ റദ്ദാക്കൽ സംസ്കാരമല്ല. ഇത് വ്യക്തി എന്ന നിലയിൽ നേരിടേണ്ടിവരുന്ന മരണവിധിയാണ്. സമൂഹത്തി​ന്റെ എല്ലാതലങ്ങളിൽനിന്നും അസൗകര്യങ്ങളുളവാക്കുന്ന വ്യക്തികളെ അപമാനവീകരിക്കലാണ്.

നമുക്കറിയാം, ഒരിക്കൽ ഭീകരതയുടെ ഈ ഭാഷ ഏതെങ്കിലും ഒരാൾക്കെതിരെ ഉപയോഗിച്ചാൽ, അയാൾക്കെതിരെ എന്തും ചെയ്യാനാവുന്ന ഒരു സാഹചര്യമാണ് ഉരുത്തിരിയുക. നമുക്കറിയാം, ആ കഥ എപ്രകാരമാണ് അവസാനിക്കുകയെന്ന്. രാഷ്ട്രങ്ങൾക്കെതിരെ തീവ്രവാദമെന്ന വാക്കുപയോഗിച്ചാൽ അവ ബോംബുവർഷത്തിന് ഇരയായിത്തീരുന്നു. വിമോചനസമരങ്ങൾക്കെതിരെ ഭീകരവാദമെന്ന പദമുപയോഗിച്ചാൽ, അവ ഛിന്നഭിന്നമാക്കപ്പെടുകയും തകർക്കപ്പെടുകയും തുടച്ചുനീക്കപ്പെടുകയും ചെയ്യുന്നു. വ്യക്തികൾക്കെതിരെ ഭീകരവാദി എന്ന പദം ഉപയോഗിക്കപ്പെട്ടാൽ, അവരെ തടവിലാക്കുന്നു. ആർക്കാണ് ഇത് അറിയാത്തത്? ഈ കളികൾക്ക് വീണ്ടുംവീണ്ടും നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നു.

നമുക്കറിയാം, കൂട്ടക്കുരുതികൾ കാണുമ്പോൾ സ്വീകരിക്കുന്ന മൗനം അതിൽതന്നെ മരണമാണെന്ന്; ആ മരണത്തിൽ അപമാനമുണ്ടെന്ന്, കുറ്റബോധമുണ്ടെന്ന്, വഞ്ചനയുണ്ടെന്ന്. നമുക്കറിയാം രക്തസാക്ഷിത്വത്തിൽനിന്ന് –അധികാരത്തോട് സത്യം പറഞ്ഞതി​ന്റെ ഫലമായി സംഭവിക്കുന്ന അത്യാഘാതമുള്ള തിരിച്ചടികളെ പുൽകുന്നത് മരണം ഒഴിവാക്കുന്നതിനായി നാം നമുക്കുമേൽ അടിച്ചേൽപിക്കുന്ന സ്വയം നിയന്ത്രണങ്ങൾ നൽകുന്ന മരണത്തേക്കാൾ ആത്മാഭിമാനകരമാണ് എന്ന്.

* * *

ഇത് ഫലത്തിൽ എഴുത്തുകാരുടെയും സാമൂഹികപ്രവർത്തകരുടെയും കൂട്ടായ്മകളെ തടയുന്നു. നിങ്ങൾ ഒത്തുചേരുന്ന നിമിഷം, നിങ്ങൾ നിരോധിതസംഘമെന്ന നിലയിൽ മുദ്രകുത്തപ്പെടുന്നു. തീവ്രവാദം, അർബൻ നക്സൽ എന്നീ പദങ്ങൾ എഴുത്തുകാരെ സ്വയംനിയന്ത്രണത്തിന് നിർബന്ധിതരാക്കുന്നു. ഭാഷയും നിയമവും വിമതനാവുന്നതിൽനിന്ന് നിങ്ങളെ ഭയപ്പെടുത്തുന്നു.

നിയോലിബറൽ പ്രത്യയശാസ്ത്രത്തി​ന്റെ ഒരുപക്ഷേ ഏറ്റവും മലിനമായ വിജയം ചിന്തയുടെയും പ്രതിരോധത്തി​ന്റെയും ശകലീകരണമാണോ? ഡിജിറ്റൽ കാൽപ്പാടുകളുള്ള, ജാഗ്രതയുള്ള ഗണങ്ങളാണ് നമ്മൾ എന്ന് സ്വയം കരുതാൻ മാത്രം മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയരായിരിക്കുന്നു നമ്മൾ. നമ്മുടെതന്നെ വിധിയുടെ സംരംഭകർ. നാം ഓരോരുത്തരും ഓരോ സ്റ്റാർട്ടപ്പ് ആണ്! അതേസമയം, സംഘചിന്തയുടെ പേശീവിജ്ഞാനങ്ങൾ ക്ഷയിച്ചുപോകുന്നു. കൂട്ടായ്മയുടെ ഭാഷപോലും –ഐക്യം, ജനകീയബോധം, വർഗതാൽപര്യം, വിപ്ലവം തുടങ്ങിയവ –വൈയക്തിക നേട്ടങ്ങളുടെ പദാവലികളാലും വൈയക്തിക മുദ്രകുത്തലുകളാലും റദ്ദാക്കപ്പെട്ടിരിക്കുന്നു.

ഇത്തരം ഒലിച്ചുപോവലുകൾ സാധാരണ ഭയത്തിനെക്കാൾ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നു. അത്, നാം മാറ്റത്തെ എപ്രകാരം സാധ്യമാക്കാം എന്ന് വിഭാവനംചെയ്യുന്നുവോ, അതിനെ അഴിച്ചു പണിയുന്നു. സംഘടിതമായി ചിന്തിക്കാനുള്ള നമ്മുടെ ശേഷി നഷ്ടപ്പെടുമ്പോൾ, നമ്മെ പരസ്പരം ബന്ധിക്കുന്ന ഘടനകളെ കാണാനുള്ള ശേഷി നമുക്ക് നഷ്ടമാകുന്നു. മർദനത്തി​ന്റെ എല്ലാ രൂപങ്ങൾക്കെതിരെയുമുള്ള വലിയ സംഘർഷങ്ങളോട് ബന്ധപ്പെട്ടു നിൽക്കുന്നതാണ് നമ്മുടെ വൈയക്തിക പോരാട്ടങ്ങൾ എന്ന് മനസ്സിലാക്കാനുള്ള ശേഷി നമുക്ക് നഷ്ടപ്പെടുന്നു. സംഘഭാവനയുടെ മരണം, സംഘടിത പ്രവർത്തനത്തി​ന്റെ മരണത്തിനുമുമ്പ് സംഭവിക്കുന്നതാണ്.

എഴുത്തുകാർ നിശ്ശബ്ദരായിത്തീർന്നാൽ എന്താണ് സംഭവിക്കുക? അത് രാജ്യത്തിന്റെ സംഘടിത രാഷ്ട്രീയസമ്പ്രദായത്തെ ബാധിക്കും. ജനകീയ സമരങ്ങൾ, ബഹുജന പ്രക്ഷോഭങ്ങൾ, തൃണമൂലതലത്തിലുള്ള പ്രതിരോധങ്ങൾ, സംഘടിത പ്രവർത്തനങ്ങൾ, സിവിൽ നിയമലംഘനങ്ങൾ –രാജ്യത്ത് നടക്കുന്ന എന്തെല്ലാമാണോ അതിനെല്ലാം അടിത്തറയായി വർത്തിക്കേണ്ട ധൈഷണികത നഷ്ടമായിത്തീരുന്നു. എഴുത്താളർ സംപ്രേഷകരുടെ തലത്തിൽനിന്ന് ബഹുദൂരം മുന്നോട്ടു പോയവരാണ്. അവർ പ്രത്യയശാസ്ത്രപരമായ വ്യക്തത പ്രദാനംചെയ്യുന്നവരാണ്. ആ ഇടമാണ് ഇപ്പോൾ ശോഷിച്ചുകൊണ്ടിരിക്കുന്നത് –അഥവാ നിലനിൽക്കാത്തത്.

ലെനി​ന്റെ സുപ്രസിദ്ധമായൊരു വാചകമുണ്ട് –“വിപ്ലവ സിദ്ധാന്തങ്ങൾ ഇല്ലാതെ വിപ്ലവ പ്രസ്ഥാനങ്ങൾ ഉണ്ടാവുകയില്ല.” വിപ്ലവപ്രയോഗങ്ങൾ ഇല്ലാത്ത സിദ്ധാന്തം ഊഷരമായ അമൂർത്തീകരണമാണ് എന്നും വിപ്ലവസിദ്ധാന്തങ്ങൾ ഇല്ലാതെ പ്രസ്ഥാനരൂപവത്കരണം നഗ്നമായ എടുത്തുചാട്ടമാണെന്നും നമുക്ക് സമ്മതിക്കാം. ഒന്നില്ലാതെ മറ്റൊന്നിന് അർഥപൂർണമായി നിലനിൽക്കാനാവില്ല. എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും ഭാഗധേയം ഈ ഐക്യത്തെ വിളക്കിയെടുക്കുക എന്നതും അതിനൊരു രൂപംനൽകുക എന്നതും രോഷത്തിന് ഒരു ദിശയൊരുക്കിക്കൊടുക്കുകയെന്നതും പ്രതിരോധത്തി​ന്റെ അസംസ്കൃത വിഭവങ്ങളെ ന്യായാനുസാരമായ ഒരു ശക്തിയായി രൂപാന്തരപ്പെടുത്തുകയെന്നതുമാണ്.

അവരെ നിശ്ശബ്ദരാക്കുകയോ ശകലീകരിക്കുകയോ ചെയ്താൽ പ്രസ്ഥാനങ്ങൾക്ക് അവയുടെ ദിശാസൂചി നഷ്ടമാകും; ആസന്ന സംഘർഷത്തിനപ്പുറമുള്ള കാര്യങ്ങളെ കാണാനുള്ള ശേഷി നഷ്ടപ്പെടും. ചിന്തയും പ്രവൃത്തിയും തമ്മിലുള്ള, ബുദ്ധിജീവികളും ജനകീയ പ്രസ്ഥാനങ്ങളും തമ്മിലുള്ള ഈ വൈരുധ്യാത്മക ബന്ധത്തി​ന്റെ അഭാവത്തിൽ, വിമോചനത്തി​ന്റെ വലിയ പോരാട്ടങ്ങളിൽ അവയുടെ സ്ഥാനം എന്തെന്ന് തിരിച്ചറിയാതെ പ്രതിരോധം ഒറ്റതിരിഞ്ഞ പൊട്ടിത്തെറികളായി ചിതറിപ്പോകും. വ്യവസ്ഥക്ക് ഇക്കാര്യമറിയാം –അതുകൊണ്ടാണ് ഈ ബന്ധങ്ങളെ തകർക്കാൻ അത് കഠിനമായി പരിശ്രമിക്കുന്നത്; എഴുത്തുകാരെ അധികാരമോഹികളാക്കി മാറ്റുന്നത്; സംഘടിത ചിന്തയെ കുറ്റകരമാക്കിത്തീർക്കുന്നത്.

* * *

ഒരു വ്യതിചലനത്തിന് എന്നെയനുവദിക്കുക: മറ്റെന്താണ് നിയോലിബറലിസം സഫലമാക്കുന്നത്? ബൗദ്ധിക പ്രവർത്തനങ്ങളെ സമൂഹമാധ്യമ പ്രകടനമായി തരംതാഴ്ത്തുന്നതിനപ്പുറം, സ്വത്വരാഷ്ട്രീയത്തി​ന്റെ ഭ്രാന്തുപിടിച്ച ഒരു രൂപത്തെയത് ഇപ്രകാരം ചോദിക്കാൻ സായുധവത്കരിക്കുന്നുണ്ട്: “എന്തിനാണ് എഴുത്തുകാർ ഇത്തരം കഥകൾ പറയുന്നത്? ജനങ്ങൾ അവരുടെ സ്വന്തം കഥകൾ പറയും.” ഉപരിതലത്തിൽ ഇത് മറികടക്കാൻ സാധിക്കാത്ത ഒരു നൈതിക നിലപാടാണ്. തീർച്ചയായും, ജനങ്ങൾ അവരുടെ കഥകൾ പറയുകതന്നെ വേണം. തീർച്ചയായും, അവരുടെ ശബ്ദങ്ങൾ കേന്ദ്രീകരിക്കപ്പെടണം. എന്നാൽ, പുരോഗമനപരമെന്ന് തോന്നിപ്പിക്കുന്ന ഈ നിലപാട് വളരെ ആഴമുള്ള ഒരു പിൻവാങ്ങലിനെ ഒളിച്ചുവെക്കുന്നുണ്ട്.

കാര്യമിതാണ്, പ്രതിഷേധം തുടർന്നുകൊണ്ടുപോകേണ്ട ചുമതല ജനങ്ങളുടേതായി മാറുന്നു. പ്രതിഷേധക്കാർ എന്ന നിലയിൽ ഭരണകൂടസംവിധാനങ്ങളുടെ ക്രൂരതകൾ അഭിമുഖീകരിക്കേണ്ടതും അവർ തന്നെയായിത്തീരുന്നു. സാക്ഷികളും പ്രതിഷേധങ്ങളെ രേഖപ്പെടുത്തുന്നവരും എന്ന അധികചുമതലയും അവരിൽ നിക്ഷിപ്തമാകുന്നു. അവർതന്നെ വിപ്ലവകാരികളായിത്തീരേണ്ട അവസ്ഥയുമാണ് നിൽക്കുന്നത്. അതിനർഥം, എഴുത്തുകാർക്ക് സമൂഹത്തിൽ ഒരു ചുമതലയും ഇല്ലാതായിത്തീരുന്ന അവസ്ഥയാണ്. എഴുത്തുകാർ പറയുന്നു: “ഞാൻ എ​ന്റെ കൈകൾ മുകളിലേക്കെറിയാൻ പോവുകയാണ്. ഞാൻ രാജിവെച്ചിരിക്കുന്നു. അതെന്റെ പണിയല്ല. നിങ്ങൾ പ്രതിഷേധിക്കുന്നു. നിങ്ങൾ മുന്നോട്ടുപോകൂ, നിങ്ങൾ നിങ്ങളുടെ കഥയെഴുതൂ.”

 

​വി.​െഎ. ലെനിൻ,ഞാൻ അർബൻ നക്​സൽ ബാനറുമായി ഗിരീഷ്​ കർണാട്,സ്​റ്റാൻ സ്വാമി

നമുക്കറിയാം, ജനങ്ങൾ അവരുടെ കഥകളെഴുതും. പക്ഷേ, അപ്പോൾ എന്തിനാണ് എഴുത്തുകാർ നിലനിൽക്കുന്നത്?

ജീവിതാനുഭവങ്ങളെ ആദരിച്ചുകൊണ്ടുള്ളതെന്നു നടിച്ചുകൊണ്ടുള്ള ഈ സ്വയംറദ്ദാക്കൽ അതിവിദഗ്ധമായ ഒരു കൈയൊഴിയലാണ് –ധാർമിക ഉത്തരവാദിത്തമുള്ളപ്പോഴും സംഘടിതസമരങ്ങളുടെ സാഹചര്യങ്ങളിൽനിന്ന് എഴുത്തുകാർ കൈകഴുകിയൊഴിയുന്നതി​ന്റെ ഒരു രീതിയാണിത്. ഐക്യദാർഢ്യം കാഴ്ചകളിലേക്ക് രൂപാന്തരപ്പെടുന്നു. വിപ്ലവകരമായ പ്രബുദ്ധതയെ രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള കഠിനയത്നങ്ങൾ അനുഷ്ഠാനപരമായ കീഴടങ്ങലിലേക്ക് മാറുന്നു. ആധികാരിക ശബ്ദങ്ങൾക്ക് ഇടം നൽകുന്നതിന് എന്ന ഭാവേന എഴുത്തുകാർ പിൻവാങ്ങുമ്പോൾ, ബൗദ്ധികപ്രവർത്തനവും ജനകീയസമരങ്ങളും തമ്മിലെ വൈരുധ്യാത്മക ബന്ധത്തിൽ അവർക്കുള്ള ഇടത്തെ എഴുത്തുകാർ തിരസ്കരിക്കുകയാണ് ചെയ്യുന്നത്.

ജനങ്ങൾക്കുവേണ്ടി സംസാരിക്കുക എന്നതല്ല അവരുടെ ദൗത്യം. ജനങ്ങളോടൊപ്പം സംസാരിക്കുകയെന്നതാണ് അവരുടെ ഉത്തരവാദിത്തം. അനുഭവങ്ങളെ പൊതുബോധത്തിലേക്ക് കൊണ്ടുവരുകയെന്നതാണ് അവർക്കു ചെയ്യാനുള്ളത്. പ്രത്യക്ഷത്തിൽ ഒറ്റതിരിഞ്ഞ സമരങ്ങളെ അധികാരവും പ്രതിരോധവും തമ്മിലുള്ള ഏകീകൃത വിശകലനത്തിലേക്ക് എത്തിക്കുകയെന്നതാണ് അവർ ചെയ്യേണ്ടത്. അതിൽ കുറഞ്ഞുള്ള പ്രവർത്തനങ്ങൾ വിനയമല്ല -അത് വർഗവഞ്ചനയാണ്; ധാർമികബോധത്തി​ന്റെ മുഖംമൂടിയണിഞ്ഞുകൊണ്ടുള്ള ഒളിച്ചോട്ടമാണ്.

* * *

“എന്തിനാണ് എഴുത്തുകാർ നിലകൊള്ളുന്നത്” എന്നതാണ് ഏറ്റവും അടിസ്ഥാനപരമായ ചോദ്യം.

നിങ്ങൾ ഇത്തരത്തിൽ ശകലീകൃതമായിത്തീരുകയാണെങ്കിൽ, നിങ്ങൾ നിശ്ശബ്ദരാക്കപ്പെടുകയാണെങ്കിൽ, യഥാർഥ മനുഷ്യജീവിത പരിസരങ്ങളിൽനിന്ന് നിങ്ങൾ ഒഴിവാക്കപ്പെടുകയാണെങ്കിൽ –നിങ്ങൾ അതിനെക്കുറിച്ച് എഴുതുന്നില്ല, നിങ്ങൾ അതുമായി ഇടപെടുന്നില്ല, നിങ്ങൾ ജനകീയസമരങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക് പോകുന്നില്ല, നിങ്ങൾ ജനങ്ങൾക്കൊപ്പം ഇരിക്കുന്നില്ല, നിങ്ങൾ ജനങ്ങളുമായി ഇടപെടുന്നില്ല.

ഇത്തരത്തിലായിത്തീരുകയാണെങ്കിൽ നിങ്ങളുടെ അനുഭവങ്ങൾക്ക് നിങ്ങൾ കഠിനമായ പരിധികൾ ഏർപ്പെടുത്തുകയാണ് ചെയ്യുന്നത്. നിങ്ങൾ വസിക്കുന്ന ഭൂമിക്ക് പരിധികൾ ഏർപ്പെടുത്തുന്നു. അപ്പോൾ നിങ്ങൾക്ക് എഴുതാൻ സാധിക്കുന്നത് നിങ്ങളുടെ മാത്രം അന്യവത്കരണമാണ്. അപ്പോൾ നിങ്ങൾക്ക് എഴുതാൻ കഴിയുന്നത് നിങ്ങളും നിങ്ങളുടെ സഹകാരികളും വസിക്കുന്ന നാണംകെട്ട നിശ്ശബ്ദതകളെക്കുറിച്ചു മാത്രമാണ്. ആ നിശ്ശബ്ദതയാകട്ടെ, സാന്ത്വനങ്ങളുള്ളതും തിളക്കങ്ങളുള്ളതുമായ നമ്മുടെ കലാലോകത്ത് നിയന്ത്രിക്കപ്പെടാവുന്ന ഒരു ചരക്കുമാത്രമാണ്.

നിങ്ങൾക്കും എഴുതാനാവും –ഒരുപക്ഷേ– അധികാരത്തി​ന്റെ ഇച്ഛകൾക്കു വിരുദ്ധമായ വശങ്ങളിൽ എത്തിച്ചേരുന്നത്; ഭരണകൂടത്തി​ന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായ ഇടങ്ങളിൽ എത്തിച്ചേരുന്നത്; നിലനിൽക്കുന്ന നിയമങ്ങളുടെ വ്യവസ്ഥകൾക്ക് വിരുദ്ധമായ ഇടങ്ങളിൽ എത്തിച്ചേരുന്നത് –എല്ലാം വിദഗ്ധമായി ഒഴിവാക്കിക്കൊണ്ട് നിങ്ങൾക്കും എഴുതാനാവും. ഒരു പാവബുദ്ധിജീവിയായി നിങ്ങൾ മാറിയിരിക്കുന്നത് എങ്ങനെയാണെന്ന് കാണിച്ചുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു റീൽ പങ്കുവെക്കാനാവും –എന്തെങ്കിലും സംസാരിക്കുന്നതായി തോന്നിപ്പിക്കാത്ത തരത്തിൽ സംസാരിക്കുന്ന കല എപ്രകാരം സമഗ്രമായി ഉൾക്കൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട്.

* * *

ഇന്ന്, എഴുതുന്നതു മാത്രമല്ല പ്രതിരോധം. വായിക്കുന്നതുപോലും പ്രതിരോധമാണ്. മാർക്സി​ന്റെയും ലെനി​ന്റെയും പുസ്തകങ്ങൾ കൈവശം​െവച്ചു എന്നതി​ന്റെ പേരിൽ യു.എ.പി.എ ചുമത്തി സുഹൃത്തുക്കൾ തടവിലാക്കപ്പെട്ടിട്ടുണ്ട്. ഭരണകൂട അടിച്ചമർത്തലി​ന്റെ സംവിധാനങ്ങൾ ഏറ്റവും അയുക്തിസഹജമായ തലങ്ങളിലേക്ക് എത്തിയിരിക്കുന്നു എന്ന് വെളിവാക്കുന്നതാണ് പുരോഗമനപരമായ ചിന്തകളെ മാത്രമല്ല ഭരണകൂടം അനുവദിച്ചിട്ടുള്ള വിജ്ഞാനങ്ങളെയും അത് ക്രിമിനൽവത്കരിക്കുന്നു എന്നത്. ഹൈദരാബാദിൽ ഒരു പ്രഫസറുടെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുകയും അവർ ബാബാസാഹേബ് ഡോ. അംബേദ്കറുടെ സമ്പൂർണ കൃതികളും പ്രസംഗങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. അത് ഇന്ത്യയുടെ ഭരണഘടനാ ശിൽപിയുടെ രചനകളായിരുന്നു. ഒരു സർക്കാർ പ്രസിദ്ധീകരിച്ചത്. പരിപൂർണ നിയന്ത്രണത്തിനായുള്ള വ്യാമോഹത്താൽ, അധികാരം അതി​ന്റെ തന്നെ ചിത്തഭ്രമത്തിൽ ഉഴറുന്നത് എങ്ങനെയെന്നു നാം മനസ്സിലാക്കുന്നു –ഒരു പാമ്പ് അതി​ന്റെ തന്നെ വാൽ വിഴുങ്ങുന്നതുപോലെ. സർക്കാർ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഇപ്പോൾ വിലക്കപ്പെട്ടിരിക്കുന്നു. ഭരണഘടനാപരമായ ചിന്തകൾ ഇപ്പോൾ ദേശദ്രോഹപരമായിത്തീരുന്നു. ക്ഷമാപൂർണമായ വായന ക്രിമിനൽ ഉദ്ദേശ്യത്തോടുകൂടിയുള്ള പ്രവർത്തനത്തി​ന്റെ തെളിവായി മാറുന്നു.

ഉദാരതാനാട്യത്തി​ന്റെ സമ്പൂർണമായ പതനം സംഭവിച്ചിരിക്കുന്നു. എന്നാൽ, ചക്രവർത്തിയുടെ പുതുവസ്ത്രത്തി​ന്റെ കഥയിലെന്നപോലെ സമൂഹത്തിലെ ആദരണീയമായ അടരുകൾ അതിനെക്കുറിച്ച് സംസാരിക്കുകയില്ല. എവിടെയോ, ഒരു കോടതി ഒരു സാമൂഹികപ്രവർത്തകനെ ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ കൈവശംവെച്ചതി​ന്റെ പേരിൽ ചോദ്യംചെയ്യുകയുണ്ടായി. അത് കഥയല്ല.

* * *

ഉദ്യോഗസ്ഥതലത്തിലുള്ള പീഡനങ്ങളുടെ ഒരായുധമെന്ന നിലയിൽ ‘അർബൻ നക്സൽ’ പ്രയോഗം ഉപയോഗിക്കപ്പെടുന്നു. കുറ്റാരോപിതനുമേൽ തെളിവുകൾ ഹാജരാക്കുന്നതിനുള്ള ഉത്തരവാദിത്തം കെട്ടിയേൽപിക്കുന്നതരം നടപടികളിലാണ് അതി​ന്റെ പ്രയോഗശേഷി നിലകൊള്ളുന്നത്. നിങ്ങൾ അപകടകാരിയല്ല എന്ന് തെളിയിക്കേണ്ടതി​ന്റെ ഉത്തരവാദിത്തം നിങ്ങളിലാകുന്നു. യഥാർഥ നക്സലുകളുമായി നിങ്ങൾക്ക് ബന്ധമില്ലെന്ന് തെളിയിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമായിവരുന്നു. നിത്യേന നിങ്ങളുടെ നിഷ്കളങ്കത നിങ്ങൾ തെളിയിക്കേണ്ടതായിവരുന്നു. ഇത്തരത്തിൽ നിരന്തരമുള്ള പ്രതിരോധനില നിങ്ങളെ തളർത്താൻ ഉപകരിക്കുന്നതാണ്. നിങ്ങളുടെ അപകടരാഹിത്യം എപ്പോഴും എടുത്തുകാണിക്കാൻ നിങ്ങളെ നിർബന്ധിതമാക്കുന്നതാണ്. “അല്ല, ഞാൻ നിരപരാധിയാണ്. വിവാദവിഷയമായ ഒന്നുംതന്നെ ഞാനെഴുതിയിട്ടില്ല. ഭവിഷ്യത്തുളവാക്കുന്ന തരത്തിൽ ഒന്നുംതന്നെ ഞാൻ എഴുതിയിട്ടില്ല. ഞാൻ രാഷ്ട്രീയനിലപാടുള്ള ആളല്ല. ഞാൻ നിഷ്പക്ഷമാണ്.” സ്വയം നിഷേധത്തി​ന്റെ അനന്തമായ ജോലിയടിച്ചേൽപ്പിച്ചുകൊണ്ട് പ്രതിഷേധശേഷിയുടെ തലങ്ങളെ ഇല്ലായ്മ ചെയ്യുന്ന കലയിൽ ഭരണകൂടം പ്രാവീണ്യം നേടിയിരിക്കുന്നു.

ഈ സംവിധാനങ്ങൾ ദിവസംചെല്ലുന്തോറും കൂടുതൽക്കൂടുതൽ വികൃതമായിക്കൊണ്ടിരിക്കുന്നു. മുഹമ്മദ് സുബൈർ വെറുപ്പുളവാക്കുന്ന പ്രസംഗങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ അയാൾക്കെതിരെ ഇന്ത്യയുടെ പരമാധികാരത്തെ ഭീഷണിപ്പെടുത്തുന്നു എന്ന കുറ്റം ചുമത്തുകയാണ് ചെയ്തത്. ഫാഷിസത്തെ രേഖപ്പെടുത്തുന്ന പ്രധാനപ്പെട്ട ജോലി ചെയ്യുന്ന ഒരു വസ്തുതാന്വേഷക​ന്റെ പ്രവർത്തനം ദേശീയസുരക്ഷയെ ഭീഷണിപ്പെടുത്തുന്നതായിത്തീരുന്നു. ഭരണകൂടത്തി​ന്റെ യുക്തി സ്വയംവെളിപ്പെടുകയാണ് –സമൂഹത്തി​ന്റെ ക്രൂരതകളെ അവക്കുനേരെ തിരിച്ചുപിടിക്കുന്നവർ നിശ്ശബ്ദരാക്കപ്പെടണം; അത്തരം കാര്യങ്ങളെ പ്രമാണപ്പെടുത്തുന്നവർ അപ്രത്യക്ഷമാകണം.

വൃത്തം ദിനംതോറും ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ആദ്യം നിങ്ങൾക്കറിയാവുന്ന ആരെയോ തിരഞ്ഞുകൊണ്ട് അവർ വരുന്നു. പിന്നെ, നിങ്ങൾക്ക് നന്നായറിയാവുന്ന ആരെയോ. പിന്നെ, നിങ്ങളോട് വളരെ അടുത്തുനിൽക്കുന്ന ആരെയോ. ഇത്തരത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇടം നിങ്ങൾക്ക് എന്തും സംഭവിക്കാമെന്ന ഒരു ബോധത്തെ നിങ്ങൾക്കുള്ളിൽ വളർത്തിയെടുക്കുന്നു. ഇത്തരത്തിലുള്ള ബോധംതന്നെ നിയന്ത്രണത്തി​ന്റെ ഒരു രൂപമായി മാറുന്നു. നിങ്ങൾ സ്വന്തം ചിന്തകളെ അവ അച്ചടിയിലേക്ക് പോകുന്നതിനു മുമ്പ് പൊലീസിങ്ങിന് വിധേയമാക്കുന്നു. അടിച്ചേൽപിക്കപ്പെടുന്നതിനു മുമ്പ് നിങ്ങൾക്കുള്ളിൽ നിശ്ശബ്ദതയെ വളർത്താൻ ആരംഭിക്കുന്നു.


 


ഒരു ആദിവാസി പ്ര​േക്ഷാഭം

ചിന്തകൾ അവയിൽതന്നെ രാജ്യദ്രോഹത്തി​ന്റെ തെളിവുകളായിത്തീരുന്ന, വസ്തുതാശേഖരണത്തി​ന്റെ പ്രവർത്തനംപോലും ഗൂഢാലോചനയുടെ തെളിവായിത്തീരുന്ന, അടിച്ചമർത്തലി​ന്റേതായ ഈ സംവിധാനത്തിൽ -ശകലീകരിക്കാനുള്ള അതി​ന്റെ ശേഷി; കീഴടങ്ങലിനെ തന്ത്രപരമായ പരിജ്ഞാനമായി മാറ്റാനുള്ള അതി​ന്റെ കഴിവ്; കേവലം വ്യക്തിപരമായ നിലനിൽപിനായി സംഘടിതപ്രതിരോധത്തെ ഉപേക്ഷിക്കാൻ സജ്ജമാക്കൽ– നിയോലിബറൽ ഭരണകൂടത്തി​ന്റെ ആത്യന്തികമായ വിജയത്തിന് നമ്മൾ സാക്ഷ്യംവഹിക്കുന്നു.

എന്നാൽ, ഈ വിജയത്തിനകത്ത് അതി​ന്റെതന്നെ റദ്ദാകലിനുള്ള വിത്തുകൾ ചേർന്നിരിക്കുന്നു -വായനയെയും എഴുത്തിനെയും രാജ്യദ്രോഹ പ്രവർത്തനങ്ങളാക്കിത്തീർക്കുന്നതിലൂടെ ഭരണകൂടം അതി​ന്റെ അടിച്ചമർത്തൽ പ്രവണതകളുടെ ഹൃദയഭാഗത്തിൽ അടിസ്ഥാനപരമായ പകയെ കുടിയിരുത്തിയിരിക്കുന്നു. ചോദ്യമുന്നയിക്കുന്നതിനുള്ള അവബോധത്തി​ന്റെ വികാസം തടയുന്നതിനുള്ള കൊണ്ടുപിടിച്ച പ്രചാരണങ്ങൾക്കിടയിൽ അത് ബഹുജനങ്ങളെ ഏറ്റവും പ്രധാനപ്പെട്ട പാഠംപഠിപ്പിക്കുന്നു. ഒരു ജനത സംഘടിക്കുന്നു എന്ന വിവരത്തിൽതന്നെ വിറച്ചുപോകുന്ന വ്യവസ്ഥക്കെതിരെയുള്ള പ്രതിരോധപ്രവർത്തനമാകുന്നു, ചിന്തയുടെ ഓരോ പ്രവൃത്തിയും മനസ്സിലാക്കലി​ന്റെ ഓരോ നിമിഷവും എന്ന പാഠമാണത്.

മൊഴിമാറ്റം: പി.എസ്. മനോജ് കുമാർ

News Summary - Meena Kandasamy about resistance