Begin typing your search above and press return to search.
proflie-avatar
Login

ഒരു വിദ്യാർഥി നേതാവി​ന്റെ ചകിത ഓർമകൾ

ഒരു വിദ്യാർഥി നേതാവി​ന്റെ ചകിത ഓർമകൾ
cancel

രാജ്യത്ത്​ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതി​ന്റെ 48ാം വാർഷികമാണ്​ ജൂൺ 25ന്​. അക്കാലത്ത്​ ജയിലിലടക്കപ്പെടുകയും മർദനത്തിനിരയാകുകയും ചെയ്​ത ലേഖകൻ ത​ന്റെ അനുഭവം പങ്കുവെക്കുന്നു. അന്ന്​ സി.പി.എം ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി അംഗവും എസ്​.എഫ്.ഐ തിരുവനന്തപുരം ജില്ല സെക്രട്ടറിയുമായിരുന്നു ലേഖകൻ.രാജ്യത്തെ ഭീകരതയിലാഴ്ത്തിയ ദേശീയ അടിയന്തരാവസ്ഥയുടെ 48ാം വാർഷികമാണിപ്പോൾ. ഭരണഘടന നിർമാണസഭയിൽതന്നെ വലിയ വിമർശനത്തിന് വിധേയമായ വകുപ്പുകളാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം സംബന്ധിച്ച 352, 353, 354, 356, 358, 359, 360 വകുപ്പുകൾ. ഭരണഘടന നിർമാണസഭയിലെ പല പ്രമുഖാംഗങ്ങളും ഈ വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾക്കൊള്ളിക്കുന്നത്​...

Your Subscription Supports Independent Journalism

View Plans
രാജ്യത്ത്​ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതി​ന്റെ 48ാം വാർഷികമാണ്​ ജൂൺ 25ന്​. അക്കാലത്ത്​ ജയിലിലടക്കപ്പെടുകയും മർദനത്തിനിരയാകുകയും ചെയ്​ത ലേഖകൻ ത​ന്റെ അനുഭവം പങ്കുവെക്കുന്നു. അന്ന്​ സി.പി.എം ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി അംഗവും എസ്​.എഫ്.ഐ തിരുവനന്തപുരം ജില്ല സെക്രട്ടറിയുമായിരുന്നു ലേഖകൻ.

രാജ്യത്തെ ഭീകരതയിലാഴ്ത്തിയ ദേശീയ അടിയന്തരാവസ്ഥയുടെ 48ാം വാർഷികമാണിപ്പോൾ. ഭരണഘടന നിർമാണസഭയിൽതന്നെ വലിയ വിമർശനത്തിന് വിധേയമായ വകുപ്പുകളാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം സംബന്ധിച്ച 352, 353, 354, 356, 358, 359, 360 വകുപ്പുകൾ. ഭരണഘടന നിർമാണസഭയിലെ പല പ്രമുഖാംഗങ്ങളും ഈ വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾക്കൊള്ളിക്കുന്നത്​ അങ്ങേയറ്റം എതിർത്തിരുന്നു. ഭരണഘടനയിലെ മറ്റു ഭാഗങ്ങളിലുള്ള ജനായത്ത വ്യവസ്ഥകൾക്ക് ഘടകവിരുദ്ധമായിട്ടുള്ളതാണ് ഇവയെന്നായിരുന്നു അവരുടെ വാദം. എന്നാൽ, സഭയിലെ ഭൂരിപക്ഷ അംഗങ്ങളും പുതുതായി ഉണ്ടാക്കിയ ഇന്ത്യൻ യൂനിയനെ നശിപ്പിക്കാവുന്ന തരത്തിലുള്ള ശിഥിലീകരണ ശക്തികൾക്കെതിരായി ഒരു കരുതൽ നടപടി എന്നോണം വൈമനസ്യത്തോടെയാണെങ്കിലും ഈ വ്യവസ്ഥകൾ ഉൾക്കൊള്ളിക്കാൻ സമ്മതം മൂളി.

ഭരണഘടന ഉറപ്പുനൽകിയ എല്ലാ മൗലികാവകാശങ്ങളും അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടുകൂടി ഇല്ലാതായി. രാജ്യത്തെ പല പ്രസ്ഥാനങ്ങളും അക്ഷരാർഥത്തിൽ മൗനം പാലിച്ചു. ഈ പ്രസ്ഥാനങ്ങളിലെ പല പ്രവർത്തകരും ആവശ്യമില്ലാതെ ഒളിവിൽ പോയി. മൗലികാവകാശ ധ്വംസനങ്ങൾക്കെതിരായി പ്രതികരിക്കേണ്ട പലരും അതിന് തയാറായില്ലെന്നുള്ളതാണ് പ്രത്യേകം എടുത്തുപറയേണ്ടത്. പ്രതികരിക്കേണ്ട സാംസ്​കാരിക നായകന്മാരിൽ പലരും അടിയന്തരാവസ്ഥയുടെ വക്താക്കളായി മാറുകയും ചെയ്തു.

പ്രമുഖ കമ്യൂണിസ്റ്റ് പാർട്ടിയായ സി.പി.എമ്മി​ന്റെ പല ഓഫിസുകളും പ്രവർത്തനരഹിതമായി. ബഹുജനസംഘടനകളും പ്രവർത്തകരും നേതാക്കളും നിഷ്ക്രിയമാകുകയും ചെയ്തു. ഇത്തരം ഒരു സ്ഥിതിവിശേഷത്തെ നേരിടാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുപോലും കരുത്തില്ലാതെ പോയത് വേദനയോടുകൂടി മാത്രമേ ഓർക്കാൻ കഴിയൂ. ആർ.എസ്​.പി, ഫോർവേഡ് ​േബ്ലാക്ക് തുടങ്ങിയ പാർട്ടികളും ഫലത്തിൽ പ്രവർത്തനരഹിതമായി. ഇടതു പാർട്ടികളുടെ സ്ഥിതി ഇതാണെങ്കിൽ മറ്റു പാർട്ടികളുടെ കാര്യം പറയണ്ടല്ലോ.

അഡ്വ. ജി. സുഗുണൻ (പഴയകാല ചിത്രം), അഡ്വ. ജി. സുഗുണൻ

അഡ്വ. ജി. സുഗുണൻ (പഴയകാല ചിത്രം), അഡ്വ. ജി. സുഗുണൻ

അടിയന്തരാവസ്ഥാ പ്രഖ്യാപനം സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണൻ ബിഹാറിൽ തുടങ്ങിെവച്ച ജനകീയ പ്രക്ഷോഭത്തി​ന്റെ പരിണിതഫലംകൂടിയാണ്​. 1975 ജൂൺ 12ന് അലഹബാദ് ഹൈകോടതി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പാർലമെന്റ് തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തത് അടിയന്തരാവസ്ഥ പ്രഖ്യാപനത്തി​ന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമാണ്. ബിഹാറിലെ കോൺഗ്രസ്​ മുഖ്യമന്ത്രി അബ്ദുൽ ഗഫൂറി​ന്റെ അഴിമതിഭരണത്തിനെതിരായാണ് ജയപ്രകാശ് നാരായണ​ന്റെ നേതൃത്വത്തിൽ അവിടെ വൻ പ്രക്ഷോഭം ആരംഭിച്ചത്. അഴിമതിക്ക് എതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇത് കാരണമായി. ഗുജറാത്തിലെ പ്രതിപക്ഷ കക്ഷികളുടെ യോജിച്ച പ്രക്ഷോഭം കോൺഗ്രസ്​ മുഖ്യമന്ത്രി ചിമൻഭായി പട്ടേലിനെതിരായി ആരംഭിച്ചതും, ഈ സർക്കാറിനെ പിരിച്ചുവിടാൻ ഇന്ദിര ഗാന്ധി നിർബന്ധിതമായതും അവിടെ തെരഞ്ഞെടുപ്പ് നടത്താൻ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ പാർലമെന്റിൽ സത്യഗ്രഹം അടക്കമുള്ള സമരപരിപാടികളിലേക്ക് പ്രതിപക്ഷം നീങ്ങിയതുമെല്ലാം അടിയന്തരാവസ്ഥ പ്രഖ്യാപനത്തി​ന്റെ കാരണമായിരുന്നു.

രാജ്യവ്യാപകമായി ആ സമയത്ത് പ്രക്ഷോഭം പടർന്നുപിടിച്ചു. ഇന്ദിര ഗാന്ധിക്കും കോൺഗ്രസിനുമെതിരായി ജനം വ്യാപകമായി ഉയർന്നെഴുന്നേറ്റ ചിത്രമാണ് പിന്നീട്​ കാണാൻ കഴിഞ്ഞത്. അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നയുടൻതന്നെ രാജ്യം ഒട്ടാകെ പ്രതിപക്ഷ ​നേതാക്കളടക്കം ഒന്നരലക്ഷം പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളുമെല്ലാം ഉൾപ്പെടും. ബ്രിട്ടീഷ് ഭരണാധികാരികൾക്ക് നേരെ നടന്ന ദേശീയ സ്വാതന്ത്ര്യസമരകാലത്തുപോലും ഇത്രയും കൂടുതൽ പേർ ചെറിയൊരു കാലഘട്ടത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. കോൺഗ്രസ്​ പ്രവർത്തകസമിതി അംഗവും യുവതുർക്കിയുമായ ചന്ദ്രശേഖർ, കൃഷ്ണകാന്ത്, കെ.ആർ. ഗണേഷ് തുടങ്ങിയ നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. പതിനായിരക്കണക്കിന് രാഷ്ട്രീയ തടവുകാരാണ് അടിയന്തരാവസ്ഥക്കാലത്ത് ക്രൂരപീഡനങ്ങൾക്ക് ഇരയായത്.

ഠഠഠ

1975 ജൂൺ 25ന് അർധരാത്രി തന്നെ റേഡിയോ വഴി അടിയന്തരാവസ്ഥ വാർത്ത ഞങ്ങൾക്ക് കിട്ടി. അന്ന് സി.പി.എം ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി അംഗവും എസ്​.എഫ്.ഐ തിരുവനന്തപുരം ജില്ല സെക്രട്ടറിയുമായിരുന്നു ഈ ലേഖകൻ. എന്നോടൊപ്പമുള്ള കെ.എസ്​.വൈ.എഫ്, എസ്​.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ന് രാത്രിതന്നെ ആറ്റിങ്ങൽ ടൗണി​ന്റെ വിവിധ ഭാഗങ്ങളിൽ അടിയന്തരാവസ്ഥക്ക് എതിരായ പോസ്റ്ററുകൾ എഴുതി വ്യാപകമായി പതിച്ചു. അടിയന്തരാവസ്ഥക്ക് എതിരായി ആറ്റിങ്ങലിൽ പ്രകടനവും ഞങ്ങൾ നടത്തി. അടിയന്തരാവസ്ഥക്ക് എതിരായ പ്രകടനത്തിലും പോസ്റ്റർ പതിക്കലിലുമെല്ലാം എന്നോടൊപ്പം അന്നത്തെ വിദ്യാർഥി-യുവജന സംഘടനാ പ്രവർത്തകരായ എസ്​. അസീം, എൻ. ശശിധരക്കുറുപ്പ്, കെ. ശ്രീവത്സൻ, കെ. ഹരി, ബി. ശശി, കെ. സുഭാഷ്, വിജയകുമാർ തുടങ്ങിയ പ്രവർത്തകരും സജീവമായി പങ്കെടുത്തു. നേരം വെളുത്ത ഉടൻതന്നെ എന്നെയും എന്നോടൊപ്പം ഇതിൽ പങ്കെടുത്ത ശശിധരക്കുറുപ്പിനെയും അസീമിനെയും പൊലീസ്​ അറസ്റ്റ് ചെയ്തു. വീട്ടിൽനിന്നാണ് എന്നെ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം ആറ്റിങ്ങൽ ലോക്കപ്പിൽ കിടത്തി, ക്രൂരമർദനങ്ങൾക്ക് വിധേയമാക്കി. ഇവരിൽ വി. ശശി, എ. സുഭാഷ്, അസീം, ശശിധരക്കുറുപ്പ് എന്നീ യുവജനപ്രവർത്തകർ ഇന്ന്​ ഒപ്പമില്ല. രണ്ടു ദിവസം കഴിഞ്ഞ് പൊലീസ്​ ഞങ്ങളെ ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ്​ മജിസ്​േട്രറ്റ് കോടതിയിൽ ഹാജരാക്കി. രാജ്യരക്ഷാ നിയമം അനുസരിച്ച് ഞങ്ങളെ കോടതി റിമാൻഡ്​ ചെയ്​ത്​ ആറ്റിങ്ങൽ സബ്ജയിലിൽ തടവിലാക്കി. ഞങ്ങൾ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ജാമ്യാപേക്ഷ കോടതി നിരസിച്ചു. എന്നാൽ, വിദ്യാർഥികൾ എന്നനിലയിൽ ഹൈകോടതിയിൽ ജാമ്യത്തിനു മൂവ് ചെയ്താൽ ജാമ്യം കിട്ടാൻ സാധ്യത ഉണ്ടെന്ന് പ്രമുഖ അഭിഭാഷകൻ അഡ്വ. പിരപ്പൻകോട് ശ്രീധരൻ നായർ പാർട്ടി നേതാക്കളെയും എ​ന്റെ പിതാവ് സി.കെ. ഗംഗാധരനെയും സഹോദരീ ഭർത്താവായ ബാലകൃഷ്ണനെയും അറിയിച്ചു. അന്ന് ഞാൻ പ്രീഡിഗ്രി പാസായിട്ടുണ്ടായിരുന്നു. ജയിലിൽ കിടക്കുമ്പോൾതന്നെ അച്ഛന്റെ സുഹൃത്തായിരുന്ന കൊല്ലം എസ്​.എൻ കോളജ് പ്രിൻസിപ്പൽ ഡോ. ശ്രീനിവാസന്റെ സഹായത്തോടെ എന്നെ കൊല്ലം എസ്​.എൻ കോളജിൽ ബി.എ പൊളിറ്റിക്സിന് ചേർത്തു. അങ്ങനെ, വിദ്യാർഥി എന്നനിലയിൽ ഹൈകോടതിയിൽ ജാമ്യത്തിനായി മൂവ് ചെയ്യുകയും ചെയ്തു. ഡി.ഐ.ആർ അറസ്റ്റി​ന്റെ പേരിൽ ഒരു വിദ്യാർഥിയുടെ പഠനം നഷ്​ടപ്പെടുത്തുന്നത് ശരിയല്ലെന്നും അത് ഒഴിവാക്കണമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എനിക്കും എന്നോടൊപ്പം ജയിലിലുണ്ടായിരുന്ന വിദ്യാർഥികളായ അസീമിനും ശശിക്കും കേരള ഹൈകോടതി ജാമ്യം അനുവദിച്ചത്.

ജാമ്യം കിട്ടിയതിനെ തുടർന്ന് ഞാൻ കൊല്ലം എസ്.എൻ കോളജിൽ പഠനം തുടങ്ങി. പഠിക്കുന്ന സമയത്ത് കോളജിലെ പൊളിറ്റിക്സ്​ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഞങ്ങൾ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഇരുപതിന പരിപാടിയെ പറ്റി ഒരു സെമിനാർ സംഘടിപ്പിച്ചു. അടിയന്തരാവസ്യായിരുന്നതിനാൽ കോളജ് യൂനിയനുകൾ ഇല്ലായിരുന്നു. അതുകൊണ്ടാണ് പൊളിറ്റിക്സ്​ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ പഠനത്തി​ന്റെ ഭാഗമെന്നോണം ഈ സെമിനാർ നടത്തിയത്. കോളജിലെ എസ്​.എഫ്.ഐയുടെയും കെ.എസ്​.യുവി​ന്റെയും നേതാക്കൾ സെമിനാറിൽ സംബന്ധിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ശ്രീനിവാസനാണ് അധ്യക്ഷത വഹിച്ചത്. രാഷ്ട്രമീമാംസ അധ്യാപകനായ അദ്ദേഹത്തി​ന്റെ രാഷ്ട്രീയ പ്രബുദ്ധതകൊണ്ടാണ് ഇത്തരം ഒരു സെമിനാർ നടത്താൻ ഞങ്ങൾക്ക് അനുവാദം നൽകിയത്. സെമിനാർ നടക്കുന്നതിനിടയിൽ പത്ത് വാൻ പൊലീസ്​ കോളജ് ​േകാമ്പൗണ്ട് വളഞ്ഞു. എല്ലാവരും ഭയന്ന് വിറച്ചു. സെമിനാറിൽ പങ്കെടുത്ത മുഴുവൻ പ്രസംഗകരുടെയും പേരിൽ ഡി.ഐ.ആർ അനുസരിച്ച് കേസെടുത്ത്​ അറസ്റ്റ് ചെയ്യാനാണ് പൊലീസ്​ വന്നത്. എന്നാൽ, ഭാഗ്യത്തിന് അറസ്റ്റും കേസെടുപ്പും ഉണ്ടായില്ല.

അതിനടുത്ത വർഷം പാർട്ടി തീരുമാനം അനുസരിച്ച് ഞാൻ കൊല്ലം എസ്​.എൻ കോളജിൽനിന്ന്​ ടി.സി വാങ്ങി തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ചേർന്നു. യൂനിവേഴ്സിറ്റി കോളജിൽ ബി.എ സെക്കൻഡ് ഇയറി​ന്റെ പഠനം ആരംഭിച്ച് രണ്ടാഴ്ചക്കകമാണ് അടിയന്തരാവസ്ഥയുടെ ഒന്നാം വാർഷികം. ആ സമയത്ത്​ ട്രാൻസ്​പോർട്ട് മന്ത്രി ആർ. ബാലകൃഷ്ണപിള്ള നീതീകരണമില്ലാതെ ബസ്​ ചാർജ് വർധിപ്പിച്ചു. അടിയന്തരാവസ്ഥയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് യൂനിവേഴ്സിറ്റി കോളജിലെ എസ്​.എഫ്.ഐ പ്രവർത്തകർ ട്രാൻസ്​പോർട്ട് ബസുകളിൽ കയറി ബസ്​ ചാർജ് വർധനക്കെതിരായും അടിയന്തരാവസ്ഥക്കെതിരായും മുദ്രാവാക്യം വിളിച്ചു. അടിയന്തരാവസ്ഥക്കെതിരായി കോളജിനകത്ത് ഞങ്ങൾ പ്രകടനവും നടത്തിയിരുന്നു. എസ്​.എഫ്.ഐയുടെ ജില്ലാ പ്രസിഡന്റായിരുന്നു അപ്പോൾ ഞാൻ. ഉടൻതന്നെ ഇതിൽ പലരെയും പൊലീസ്​ അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ എത്തിയ എന്നെ അന്ന് വൈകുന്നേരം ആറ്റിങ്ങൽ കച്ചേരിനട ജങ്ഷനിലെ ബേക്കറിക്കകത്തു നിന്നാണ് അറസ്​റ്റ് ചെയ്തത്. എന്നെ ആറ്റിങ്ങൽ പൊലീസ്​ സ്റ്റേഷൻ ലോക്കപ്പിൽ അടക്കുകയും ക്രൂരമർദനത്തിന് വിധേയമാക്കുകയും ചെയ്തു.

ഇന്ദിര ഗാന്ധി
ഇന്ദിര ഗാന്ധി

അർധരാത്രിയോടുകൂടി തിരുവനന്തപുരം ക​ന്റോൺമെന്റ് പൊലീസ്​ സ്റ്റേഷനിൽ ഹാജരാക്കി. അവിടെച്ചെന്നപ്പോഴാണ് ലോക്കപ്പിൽ യൂനിവേഴ്സിറ്റി കോളജിലെ എസ്​.എഫ്.ഐ നേതാക്കളായ ഷറഫുദ്ദീൻ, മോഹനദാസ്​, അജയഘോഷ്, ചന്ദ്രൻ, ആനയറ മോഹനൻ, ബാബുമോഹൻ, റൂഫസ്​ സലാം തുടങ്ങിയവരെ ഞാൻ കാണുന്നത്. ഇവർക്കെല്ലാം പൊലീസി​ന്റെ മർദനം ഏറ്റിരുന്നു. എന്നെ കണ്ടപ്പോൾ അവർക്ക് ആശ്വാസമായി. എന്തായാലും പിറ്റേ ദിവസംതന്നെ ഞങ്ങളെ കോടതിയിൽ ഹാജരാക്കി. അന്ന് ഒരു നീന്തൽ താരമായിരുന്ന എന്നോടൊപ്പം നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തിരുന്ന ഒരാളായിരുന്നു ക​ന്റോൺമെന്റ് സ്റ്റേഷനിലെ പൊലീസ്​ സബ് ഇൻസ്​പെക്ടർ. അതുകൊണ്ടാണ് കൂടുതൽ ദിവസം പൊലീസ്​ ലോക്കപ്പിൽ ഇടാതെ പെട്ടെന്നു തന്നെ ഞങ്ങളെ കോടതിയിൽ ഹാജരാക്കിയത്. കോടതി ഞങ്ങളെ റിമാൻഡ് ചെയ്​ത്​ അട്ടക്കുളങ്ങര ജയിലിൽ അടച്ചു. രണ്ടുമാസത്തെ ജയിൽവാസത്തിനുശേഷം ഞങ്ങൾക്ക് ജാമ്യം ലഭിച്ചു.

വിദ്യാർഥികൾ എന്നനിലയിലാണ് ഞങ്ങൾക്ക് ജാമ്യം ലഭിച്ചത്. ഞങ്ങളോടൊപ്പം ജയിലിൽ ഉണ്ടായിരുന്ന അടിയന്തരാവസ്ഥയിലെ ഒന്നാം വാർഷികദിന പ്രകടനത്തിൽ പങ്കെടുത്ത മുൻ എം.പി അനിരുദ്ധനടക്കമുള്ള നേതാക്കൾക്ക് വളരെ ദിവസങ്ങൾക്കുശേഷമാണ് ജാമ്യം കിട്ടിയത്. വിദ്യാർഥികളല്ലാത്ത അടിയന്തരാവസ്ഥ തടവുകാർക്കൊന്നും അപ്പോൾ ജാമ്യം നൽകിയിട്ടില്ലായിരുന്നു. ഞങ്ങൾക്ക് ജാമ്യം കിട്ടിയതിനെ തുടർന്ന് ഞങ്ങളോടൊപ്പം ഈ കേസിലെ പ്രതികളിൽപെട്ട ഒളിവിൽ കഴിഞ്ഞ യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥികളായ കല്ലറ മധു, രാജഗോപാലൻ, സുരേഷ്, ജോജോ തുടങ്ങിയ എസ്​.എഫ്.ഐ നേതാക്കൾക്കും ജാമ്യം ലഭിച്ചു. അന്ന് ഈ ലേഖകനോടൊപ്പം ജയിലിൽ ഉണ്ടായിരുന്ന വിദ്യാർഥി നേതാക്കളായ ചന്ദ്രൻ, ആനയറ മോഹനൻ, സലാം തുടങ്ങിയവർ ഇപ്പോഴില്ല. അടിയന്തരാവസ്ഥ പിൻവലിച്ചതിനെ തുടർന്ന് നടന്ന യൂനിവേഴ്സിറ്റി കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മഹാഭൂരിപക്ഷം സ്ഥാനങ്ങളിൽ എസ്​.എഫ്.ഐ സ്​ഥാനാർഥികൾ വമ്പിച്ച ഭൂരിപക്ഷത്തോടുകൂടി വിജയിച്ചു. ഞാൻ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനായി. അപ്പോൾ ഞാൻ എസ്​.എഫ്.ഐ സംസ്​ഥാന വൈസ്​ പ്രസിഡന്റായിരുന്നു.

അടിയന്തരാവസ്ഥയിൽ ഓരോ സംസ്​ഥാനത്തും പതിനായിരങ്ങൾ ജയിലിലടക്കപ്പെടുകയും ക്രൂരമായ മർദനങ്ങൾക്ക് വിധേയരാവുകയും ചെയ്തിട്ടുണ്ട്. പലരുടെയും ജീവൻപോലും പൊലീസ്​ കവർന്നെടുത്തു. ഇക്കൂട്ടത്തിൽപെട്ട അടിയന്തരാവസ്ഥക്കെതിരായി ക്രൂരമായ മർദനങ്ങളെ അതിജീവിച്ചുകൊണ്ട് ത്യാഗപൂർവം പൊരുതിയ പതിനായിരങ്ങളിൽ ഒരു എളിയ പ്രവർത്തകൻ മാത്രമാണ് ഞാൻ.

ത്യാഗപൂർവമായ പോരാട്ടം അടിയന്തരാവസ്ഥ പിൻവലിക്കാൻ ഇന്ദിര ഗാന്ധിയെ നിർബന്ധമാക്കി. അത്​ വളരെ വിലപ്പെട്ട പാഠമാണ് നമ്മുടെ രാജ്യത്തെ ജനതക്ക് നൽകുന്നത്. അന്ന് ജയപ്രകാശി​ന്റെ (ജെ.പി) നേതൃത്വത്തിൽ കോൺഗ്രസ് ഇതര കക്ഷികൾ ഒന്നടങ്കം യോജിച്ചു നിന്നാണ്​ ആ നിഷ്​ഠുര കരിനിയമത്തെ നേരിട്ടത്. ജനാധിപത്യ പാർട്ടികളും ഇടത് പാർട്ടികളും പ്രാദേശിക പാർട്ടികളുമെല്ലാംതന്നെ ഈ വിപുലമായ ഐക്യനിരയിൽ പങ്കാളികളായി.

അടിയന്തരാവസ്ഥയിൽ യൂനിവേഴ്സിറ്റി കോളജിൽനിന്ന് അറസ്റ്റ് ചെയ്യപ്പെട്ട അജയഘോഷ്, ചന്ദ്രൻ, മോഹനദാസ്, റൂഫസ് എന്നിവർ ലേഖകനോടൊപ്പം

അടിയന്തരാവസ്ഥയിൽ യൂനിവേഴ്സിറ്റി കോളജിൽനിന്ന് അറസ്റ്റ് ചെയ്യപ്പെട്ട അജയഘോഷ്, ചന്ദ്രൻ, മോഹനദാസ്, റൂഫസ് എന്നിവർ ലേഖകനോടൊപ്പം

ഇന്ന്​ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾപോലും ഇല്ലാതാക്കാൻ കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ അപ്പാടെ രാജ്യത്തെ വൻകിട കുത്തകകൾക്കും വിദേശ സാമ്രാജ്യത്വശക്തികൾക്കും വിറ്റഴിക്കാനുള്ള സമയമായി ഇതിനെ മോദി ഭരണകൂടം മാറ്റിയിരിക്കുന്നു. പൗരത്വ നിയമം പോലുള്ള കരിനിയമങ്ങൾ ഓരോന്നായി പാസാക്കുകയും ഇതിനെതിരായി പ്രതിഷേധിക്കുന്നവരെ നിരന്തരമായി വേട്ടയാടപ്പെടുകയും ചെയ്യുന്നു. രാജ്യത്തെ കർഷകർ ആകമാനം ഇന്ന് സമരരംഗത്താണ്. ന്യൂനപക്ഷ-ദലിത്-പിന്നാക്ക ജനവിഭാഗങ്ങൾക്കെതിരായ കടന്നാക്രമണവും വ്യാപകമായി നടക്കുകയാണ്. വൻകിട കുത്തകകൾക്കും ശതകോടീശ്വരന്മാർക്കും വൻ ആനുകൂല്യങ്ങൾ വാരിക്കോരി കൊടുക്കുകയുമാണ് മോദി സർക്കാർ. സമൂഹത്തി​ന്റെ താഴേക്കിടയിലുള്ള ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ നമ്മുടെ രാജ്യത്തെ ഭരണകൂടം പാടെ വിസ്​മരിച്ചിരിക്കുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായതുപോലെ, വിപുലമായ ബി.ജെ.പി വിരുദ്ധമുന്നണി ഈ കാലഘട്ടത്തിലും അനിവാര്യമായിത്തീർന്നിരിക്കുകയാണ്. നിർഭാഗ്യവശാൽ ഭരണകക്ഷിയെ ഭയന്ന് സ്വന്തം അഭിപ്രായങ്ങൾപോലും പരസ്യമായി പറയാൻ ഭയപ്പെടുന്ന നേതാക്കളാണ് പല പ്രതിപക്ഷ പാർട്ടികളിലും ഇന്നുള്ളത്. ഇതുതന്നെയാണ് വിപുലമായ പ്രതിപക്ഷ മുന്നണിക്ക് വിലങ്ങുതടി. എന്നാൽ, ഏറ്റവും കൂടുതൽ – 19 പ്രതിപക്ഷ പാർട്ടികൾ യോജിച്ചുകൊണ്ട് ഭരണകൂടത്തിന് എതിരായ പ്രക്ഷോഭവും പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനും തീരുമാനിച്ചത്​ ശുഭോദായകമാണ്​. അടിയന്തരാവസ്ഥയിൽ ജനകീയ അവകാശങ്ങൾ നേടിയെടുക്കാനും ജനാധിപത്യവും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കാനുമാണ് ജനം പ്രക്ഷോഭരംഗത്തിറങ്ങിയത്. യഥാർഥത്തിൽ ആ ഒരു സാഹചര്യംതന്നെയാണ് ഇന്നും നമ്മുടെ രാജ്യത്തുള്ളത്.

കൂട്ടത്തിൽ പറയട്ടെ, ദേശീയ അടിയന്തരാവസ്ഥക്ക് എതിരായ ഐതിഹാസികമായ പോരാട്ടങ്ങളിൽ പങ്കെടുത്തതി​ന്റെ പേരിൽ പൊലീസ്​ മർദനം മൂലവും നീണ്ട ജയിൽവാസംമൂലവും നിത്യരോഗികളായി നരകയാതന അനുഭവിക്കുന്ന പതിനായിരങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. പഞ്ചാബ് മുതൽ മഹാരാഷ്ട്ര വരെയുള്ള 11 സംസ്ഥാനങ്ങൾ അടിയന്തരാവസ്ഥ പീഡിതർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ അധികാരത്തിൽ വന്ന ഇടതുപക്ഷത്തിന് സ്വാധീനമുള്ള സർക്കാറുകൾ കേരളത്തിലെ അടിയന്തരാവസ്ഥ പീഡിതർക്ക് ഇത്തരത്തിലുള്ള ആനുകൂല്യങ്ങളൊന്നും നൽകാൻ ഇതുവരെ തയാറായിട്ടില്ല. നിലവിലുള്ള പിണറായി സർക്കാറെങ്കിലും കേരളത്തിലെ അടിയന്തരാവസ്ഥ പീഡിതർക്ക് പെൻഷനും ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്താൻ തയാറാകേണ്ടതാണ്.

News Summary - Memories of emergency