മൗലാനയുടെ ജീവിതയാത്രകൾ
വക്കം മൗലവിക്ക് ഒപ്പം നിന്നുകൊണ്ട് സമുദായോദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയവരിൽ പ്രധാനിയായിരുന്നു മൗലവി എ. മുഹമ്മദ് യൂസഫ്. അറബിഭാഷാ പണ്ഡിറ്റ് ബിരുദമായ അഫ്ദലുൽ ഉലമ നേടുന്ന ആദ്യ മലയാളിയായ അദ്ദേഹം സാംസ്കാരിക രംഗത്തും നിറഞ്ഞുനിന്നു. ചരിത്രരേഖകളുടെ പിൻബലത്തിൽ മൗലാനയുടെ ജീവിതവും സംഭാവനകളും ഒാർമിക്കുകയാണ് ചരിത്രകാരനായ ലേഖകൻ.പുരോഹിതന്മാർ, അധ്യാപകർ, എഴുത്തുകാർ എന്നിങ്ങനെയുള്ള ‘പരമ്പരാഗത ബുദ്ധിജീവികൾ’...
Your Subscription Supports Independent Journalism
View Plansവക്കം മൗലവിക്ക് ഒപ്പം നിന്നുകൊണ്ട് സമുദായോദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയവരിൽ പ്രധാനിയായിരുന്നു മൗലവി എ. മുഹമ്മദ് യൂസഫ്. അറബിഭാഷാ പണ്ഡിറ്റ് ബിരുദമായ അഫ്ദലുൽ ഉലമ നേടുന്ന ആദ്യ മലയാളിയായ അദ്ദേഹം സാംസ്കാരിക രംഗത്തും നിറഞ്ഞുനിന്നു. ചരിത്രരേഖകളുടെ പിൻബലത്തിൽ മൗലാനയുടെ ജീവിതവും സംഭാവനകളും ഒാർമിക്കുകയാണ് ചരിത്രകാരനായ ലേഖകൻ.
പുരോഹിതന്മാർ, അധ്യാപകർ, എഴുത്തുകാർ എന്നിങ്ങനെയുള്ള ‘പരമ്പരാഗത ബുദ്ധിജീവികൾ’ സമൂഹപരിവർത്തനത്തിന്റെ ചാലകശക്തികളാകാറുണ്ടെന്ന് സമർഥിച്ചത് ഇറ്റാലിയൻ ചിന്തകനായ അന്റോണിയോ ഗ്രാംഷിയാണ്. ഇത്തരത്തിലുള്ള പലരെയും പിൽക്കാലത്ത് ശ്രദ്ധിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ഇല്ല. സമുദായോദ്ധാരണ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന അവരിൽ പലരും വൻ വൃക്ഷങ്ങളുടെ തണലിൽ മറയുകയോ വിസ്മൃതിയിലാണ്ടുപോകുകയോ ആണുണ്ടാവുക. കേരളത്തിലെ മുസ്ലിം പരിഷ്കരണ പ്രവർത്തനങ്ങളുമായി ഇറങ്ങിത്തിരിച്ച വക്കം മൗലവിക്ക് ഒപ്പം നിന്നുകൊണ്ട് സമുദായോദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയവരിൽ പ്രധാനിയായിരുന്നു ഭാഷാ പണ്ഡിതൻ, സാഹിത്യകാരൻ, പ്രഭാഷകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശോഭിച്ചിരുന്ന മൗലവി എ. മുഹമ്മദ് യൂസഫ് (ഇ. 1887^1957). ‘മൗലാന’യെന്നും മുഹമ്മദ് യൂസഫ് തങ്ങളെന്നും എ.എം.യു തങ്ങളെന്നും അറിയപ്പെട്ടിരുന്ന അദ്ദേഹമാണ് മലയാളികളുടെ ഇടയിൽനിന്ന് ആദ്യമായി അറബി ഭാഷാ പണ്ഡിത ബിരുദമായ അഫ്ദലുൽ ഉലമ (1927) നേടിയത്.
മലബാറിൽനിന്ന് തിരുവിതാംകൂറിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം പരമ്പരാഗത അറബി വിദ്യാഭ്യാസവും സ്കൂൾ ഫൈനൽ പരീക്ഷയും പാസായി. പണ്ഡിതനായ പിതാവ് അബ്ദുൽ റഹ്മാൻ തങ്ങളുടെ േപ്രരണയാൽ നീണ്ട ഏഴു വർഷക്കാലം അദ്ദേഹം തിരുനെൽവേലി ‘റിയാളുൽ ജിനാൻ’ മതപാഠശാലയിൽ പഠനം നടത്തി. വിവിധ ഭാഷകളിൽ സവിശേഷ പാണ്ഡിത്യം നേടിയ അദ്ദേഹത്തെ 1918 മുതൽ അറബി മുൻഷിയായി തിരുവിതാംകൂർ സർക്കാർ നിയമിച്ചു. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഏറെക്കാലവും ചെലവഴിച്ചത് തിരുവനന്തപുരം
എസ്.എം.വി സ്കൂളിലായിരുന്നു. മികച്ച വാഗ്മിയും ഉൽപതിഷ്ണുവുമായിരുന്ന അദ്ദേഹത്തിന്റെ സേവനങ്ങൾ മുസ്ലിം വിദ്യാഭ്യാസ േപ്രാത്സാഹനത്തിനും അന്ധവിശ്വാസ നിർമാർജനത്തിനും ഉപയോഗിക്കുന്നതിൽ സർക്കാറും മറ്റിതര സംഘടനകളും താൽപര്യം കാണിച്ചിരുന്നു.
മജ്ലിസുൽ ഉലമയുടെ പ്രബോധകൻ
തിരുച്ചിറപ്പള്ളി ആസ്ഥാനമായി പിറവികൊണ്ട ‘മജ്ലിസുൽ ഉലമ’യുടെ (പണ്ഡിതസംഘം) തിരുവിതാംകൂറിലെ പ്രബോധകൻ എന്ന നിലയിൽ ഏറെക്കാലം നിറഞ്ഞുനിന്ന ഒരു വ്യക്തിത്വമായിരുന്നു മുഹമ്മദ് യൂസഫ് മൗലവി. ദക്ഷിണേന്ത്യയിലെ മുസ്ലിംകളുടെ ആത്മീയ-ഭൗതിക ജീർണാവസ്ഥക്കു പരിഹാരം കാണുന്നതിനും നവോത്ഥാന പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി 1917 ഡിസംബർ 12ന് ചേർന്ന പണ്ഡിതന്മാരുടെയും സമുദായ ശുദ്ധീകരണവാദികളുടെയും യോഗത്തിലാണ് മജ്ലിസുൽ ഉലമ സംഘത്തിന്റെ പിറവി (മദ്രാസിലെ മൗലവി മുഹമ്മദ് മദാർ സാഹിബ്, ശൈഖ് ഇബ്രാഹീം സാഹിബ്, മൗലവി മുഹമ്മദ് ബാസിത്, ജസ്റ്റിസ് അബ്ദുൽ റഹീം, മലബാറിൽനിന്നുള്ള ശൈഖ് മുഹമ്മദ് മാഹിൻ ഹമദാനി തങ്ങൾ, തിരുച്ചിറപ്പള്ളിയിൽനിന്നുള്ള സയ്യിദ് മുർത്തസാ സാഹിബ്, കാസിം മിയാൻ റാവുത്തർ, സയ്യിദ് അബ്ദുൽ ലത്തീഫ് തുടങ്ങിയ നേതാക്കളാണ് ഈ സംഘടന രൂപവത്കരണത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഇവർക്ക് പുറമെ വാണിയമ്പാടി, തിരുനെൽവേലി, കുംഭകോണം, മലബാർ, ആയമ്പേട്, രാജഗിരി തുടങ്ങിയ നിരവധി മുസ്ലിം കേന്ദ്രങ്ങളിലെ പ്രമാണിമാർ മജ്ലിസുമായി സഹകരിച്ചിരുന്നു). 1918 ജൂൺ രണ്ടിനാണ് തിരുച്ചിറപ്പള്ളി കേന്ദ്രമാക്കി 1860ലെ സൊസൈറ്റി ആക്ട് 21 പ്രകാരം ‘മജ്ലിസുൽ ഉലമ’ ഔദ്യോഗികമായി നിലവിൽ വന്നത്. പൊതുവെ ജനങ്ങളുടെ ഇടയിൽ മുസ്ലിംകളെക്കുറിച്ചും ഇസ്ലാമിക സംസ്കാരത്തെക്കുറിച്ചുമുള്ള അറിവും പൊതുബോധവും വളർത്തുക, മുസ്ലിംകളെ വിദ്യാഭ്യാസ-പൊതു ഉദ്യോഗ കാര്യങ്ങളിൽ േപ്രാത്സാഹിപ്പിക്കുക, അന്ധവിശ്വാസ-അനാചാരങ്ങളിൽനിന്ന് പിന്തിരിപ്പിക്കുക, സമുദായ ഐക്യവും സഹവർത്തിത്വവും വളർത്തുക എന്നിങ്ങനെയായിരുന്നു മജ്ലിസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ 1. ഇത്തരം കാര്യങ്ങൾ നേടിയെടുക്കുന്നതിനും തങ്ങളുടെ ലക്ഷ്യങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനുമായി ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള പത്രങ്ങൾ വഴി പ്രചാരണപ്രവർത്തനങ്ങളും അവർ നടത്തി (1918 ഏപ്രിൽ മാസത്തിൽ വക്കം മൗലവിയുടെ പത്രാധിപത്വത്തിൽ പുറത്തിറങ്ങിയ ‘അൽ ഇസ്ലാം’ എന്ന അറബി-മലയാള മാസികയിൽ ‘വർത്തമാനക്കുറിപ്പുകൾ’ എന്ന പേരിൽ മജ്ലിസിന്റെ രൂപവത്കരണ ദൗത്യങ്ങൾ വിശദീകരിക്കുന്നുണ്ട്).2 തുടർന്ന്, 1918 ജൂൺ 2, 3 തീയതികളിൽ മജ്ലിസുൽ ഉലമയുടെ ആദ്യ സമ്മേളനം നടന്നു. മദ്രാസിൽനിന്നുള്ള ഹാജി സിയാവുദ്ദീൻ മുഹമ്മദ്, മധുരയിൽനിന്നുള്ള മൗലവി മിർ അംജദ് ഇബ്രാഹീം എന്നിവർ യഥാക്രമം ഒന്നും രണ്ടും ദിവസങ്ങളിൽ അധ്യക്ഷന്മാരായിരുന്നു. വെല്ലൂർ ബാഖിയാതുസ്വാലിഹാത്തിലെ സദർ മുദരിസ് (പ്രധാനധ്യാപകൻ) മൗലവി അബ്ദുൽ ജബ്ബാർ ഹസ്രത്ത് മുഖ്യാതിഥിയായിയിരുന്നു. ആയിരക്കണക്കിന് പണ്ഡിതന്മാരും സമുദായ ഉദ്ധാരകന്മാരും തെക്കെയിന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുമായി തിരുച്ചിറപ്പള്ളിയിലെത്തിച്ചേർന്നു.
മജ്ലിസിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ (എക്സിക്യൂട്ടിവ് കൗൺസിൽ ഓഫ് മജ്ലിസുൽ ഉലമ) തീരുമാനപ്രകാരമാകണം അജണ്ടകൾ നടപ്പാക്കേണ്ടതെന്ന തീർപ്പുണ്ടായതിനെ തുടർന്ന് ഉടനടി നടപ്പിൽ വരുത്തേണ്ടുന്ന കാര്യങ്ങളെ മുൻഗണനാക്രമത്തിൽ വർഗീകരിച്ചു. അതിൽ അനാഥകളുടെ സംരക്ഷണം, മൗലാ മുസ്ലിംകളുടെ (പുതിയ ഇസ്ലാമികർ) േപ്രാത്സാഹനം, ഉപദേശിസംഘങ്ങളുടെ (വാഇദ് -വഅള് പറയുന്നവൻ എന്നർഥം) നിയമനം, സ്ഥിരം ഓഫിസ് പ്രവർത്തനങ്ങൾ, മുസ്ലിംകൾക്കുവേണ്ടിയുള്ള നിയമനിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു (തിരുവിതാംകൂറിലെ പ്രജാസഭാംഗമായിരുന്ന എസ്. ആദം സേട്ട് സഭയിൽ അവതരിപ്പിച്ച തടവുകാരായ മുസ്ലിംകളുടെ പുനരധിവാസം സംബന്ധിച്ച പ്രശ്നത്തിൽ ഇടപെടുന്ന കാര്യത്തിൽപോലും 1919 മാർച്ച് 9ന് ചേർന്ന എക്സിക്യൂട്ടിവിൽ ചർച്ചകൾ നടന്നു).
മജ്ലിസുൽ ഉലമയുടെ പ്രവർത്തനങ്ങളിൽ ഏറ്റവും മുഖ്യമായ ഇനമായിരുന്നു പ്രബോധകന്മാരുടെ നിയമനം. മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായുള്ള തിരുനെൽവേലി, രാമനാഥപുരം, മധുര, ട്രിങ്കോമാലി, തഞ്ചാവൂർ, സേലം, കോയമ്പത്തൂർ, മലബാർ ജില്ലകളിലും സമീപ നാട്ടുരാജ്യങ്ങളിലും മജ്ലിസിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വാഇദ് സംഘങ്ങളെ പ്രത്യേക പരിഗണന നൽകി നിലനിർത്തിവന്നിരുന്നു. മതപരമായ അറിവ് പകർന്നു നൽകുന്ന ഇത്തരം പ്രബോധകസംഘങ്ങൾ വിവിധ കേന്ദ്രങ്ങളിലെത്തി ബോധനപ്രക്രിയയിലേർപ്പെട്ടിരുന്നു. സ്കൂൾ/മദ്റസകളിലെ അറബി-ഖുർആൻ പഠനങ്ങൾ പരിശോധിക്കുക, മദ്റസകളില്ലാത്ത ഇടങ്ങളിൽ അവ സ്ഥാപിക്കുക, അനാഥരെയും മൗലാ മുസ്ലിംകളെയും സംരക്ഷിക്കുക എന്നിത്യാദി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരായിരുന്നു വായിസുകൾ. മതപാണ്ഡിത്യത്തിനു പുറമെ മതസൗഹാർദവും ദേശീയ താൽപര്യങ്ങളും വെച്ചുപുലർത്തിയിരുന്നവരെയാണ് വാഇദ് സംഘത്തിലേക്ക് നിയമിച്ചിരുന്നത്. പ്രതിമാസം 1200ൽപരം രൂപ ഇത്തരം പ്രവർത്തനങ്ങൾക്കായി മജ്ലിസ് വിനിയോഗിച്ചുവന്നിരുന്നു.3
തിരുവിതാംകൂർ മേഖലയിൽ മജ്ലിസുൽ ഉലമ സംഘത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഉപദേശികളെ കണ്ടെത്തുന്നതിനായി തിരുനെൽവേലി യൂനിറ്റിൽനിന്നുള്ള ഇടപെടൽ നടന്നു. 1920 മേയ് 31ന് തിരുച്ചിറപ്പള്ളി മജ്ലിസുൽ ഉലമ സംഘത്തിന്റെ സെക്രട്ടറി അന്നത്തെ തിരുവിതാംകൂർ ചീഫ് സെക്രട്ടറിക്ക് നൽകിയ നിവേദനത്തിൽ, തിരുവനന്തപുരത്തെ എസ്.എം.വി സ്കൂളിലെ അറബി അധ്യാപകനായ മുഹമ്മദ് യൂസഫ് മൗലവിയുടെ സേവനം മജ്ലിസിന്റെ വാഇദ് പ്രവർത്തനങ്ങൾക്കായി വിട്ടുനൽകണമെന്നാവശ്യപ്പെട്ടു: ‘‘മുസ്ലിം സമുദായത്തിൽ അടിഞ്ഞുകൂടി കിടക്കുന്ന അന്ധവിശ്വാസങ്ങളെയും മതത്തിന്റെ തെറ്റായ ദർശനങ്ങളെയും ഒഴിവാക്കി ശരിയായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന മജ്ലിസുൽ ഉലമ തിരുവിതാംകൂറിലെ മുസ്ലിം കേന്ദ്രങ്ങളിൽ ഉദ്ബോധന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അവയിലേക്കായി ഉൽപതിഷ്ണുവും പണ്ഡിതനുമായ മുഹമ്മദ് യൂസഫ് മൗലവിയുടെ സേവനം തേടുന്നതിനുള്ള ശ്രമത്തിലാണ് മജ്ലിസ്. നിലവിൽ തിരുവിതാംകൂർ സ്കൂൾ സർവിസിൽ അറബി മുൻഷിയായി പ്രവർത്തിച്ചു വരുന്നതിനാൽ സർക്കാറിന്റെ അനുമതിയോടുകൂടി മാത്രമേ ഇത്തരം കാര്യങ്ങളിൽ സജീവമാകുവാൻ അദ്ദേഹത്തിന് സാധിക്കുകയുള്ളൂ എന്നതിനാലാണ് ഇത്തരത്തിലൊരു നിവേദനവുമായെത്തിയിട്ടുള്ളത്.’’4 ഇത്തരത്തിലൊരു ആവശ്യം മജ്ലിസിന്റെ ഭാഗത്തുനിന്നും ഉണ്ടായപ്പോൾ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയാണുണ്ടായത്. ‘‘മുസ്ലിംകളുടെ ഉന്നമനത്തിനായുള്ള ഒരു സംരംഭമെന്ന നിലയിൽ സർക്കാർ മജ്ലിസിന്റെ സദുദ്ദേശ്യങ്ങൾ തിരിച്ചറിയുന്നു. പകരക്കാരനായൊരു മുൻഷിയെ നിയമിക്കുന്നമുറക്ക് അദ്ദേഹത്തെ വിടുതൽ ചെയ്യാവുന്നതാണ്’’ എന്നു കാണിച്ചുകൊണ്ട് ഒരു നിരാക്ഷേപപത്രം 1920 ജൂൺ 3ന് മേൽനടപടികൾക്കായി ഡയറക്ടർ സർക്കാറിലേക്ക് അയച്ചു. എന്നാൽ, പുതിയൊരു മുൻഷിയെ പകരമായി നിയമിക്കുന്ന കാര്യത്തിൽ കാലതാമസമുണ്ടാകുകയും 1920 നവംബർ 16ന് പുതിയ മുൻഷിയെ നിയമിച്ചുവെന്ന ഡയറക്ടറുടെ കുറിപ്പ് സർക്കാറിന് ലഭിച്ചതോടെ 1920 ഡിസംബർ 1 മുതൽ മുഹമ്മദ് യൂസഫ് മൗലവിയെ അതിവിശേഷ അവധി (Extraordinary Leave) നൽകി ഉപദേശി പണിക്കായി വിടുതൽ ചെയ്തു.5
തുടർന്നുള്ള കുറച്ച് നാളുകൾ മജ്ലിസുൽ ഉലമക്കു വേണ്ടി അദ്ദേഹം ചെലവഴിച്ചു. അക്കാലത്ത് തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ പ്രബോധന പ്രവർത്തനങ്ങൾ നടത്താനും കൂട്ടായ്മകൾ ഒരുക്കി സമുദായ പരിഷ്കരണാശയങ്ങൾ പകർന്നു നൽകാനുമുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തിവന്നിരുന്നു. മാത്രമല്ല, വിദ്യാഭ്യാസ േപ്രാത്സാഹനത്തിനായി പരിശ്രമിക്കുന്ന സംഘങ്ങൾക്ക് പ്രത്യേക ഗ്രാന്റ് നൽകി വന്നിരുന്ന തിരുവിതാംകൂറിൽ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സംഘടനകൾ ഉയർന്നുവരുന്നതിനും ദേശീയബോധത്തിലും ആധുനികതയിലും ഊന്നി പ്രവർത്തിക്കുന്നതിനുള്ള പരിശ്രമങ്ങൾ ആരംഭിക്കുന്നതിനും ഇടനൽകി. 1921 ഏപ്രിൽ 25ന് ഒറ്റപ്പാലത്ത് ചേർന്ന കേരള ഉലമാ സംഘത്തിന്റെ രൂപവത്കരണ പ്രവർത്തനങ്ങളുമായി സഹകരിച്ച മജ്ലിസുൽ ഉലമയുടെ ഭാഗമായി പ്രവർത്തകരെ സജ്ജരാക്കുവാൻ മുഹമ്മദ് യൂസഫ് മൗലവിയും പ്രയത്നിച്ചിരുന്നു. മജ്ലിസുൽ ഉലമാ സംഘത്തിന്റെ കാര്യദർശിയായിരുന്ന മൗലവി സയ്യിദ് മൂർത്തസാ സാഹിബിന്റെ അധ്യക്ഷതയിൽ കേരള സംസ്ഥാന മഹാജനസഭാ (കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി) പന്തലിൽ െവച്ചു ചേർന്ന കേരള ഉലമാ സംഘത്തിന്റെ ആദ്യ സമ്മേളനത്തിന്റെ മാതൃക തിരുച്ചിറപ്പള്ളിയിലെ മജ്ലിസുൽ ഉലമാ സംഘംതന്നെയായിരുന്നു. (അന്നവിടെ കൈക്കൊണ്ട മൂന്ന് നിശ്ചയങ്ങൾ കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ മുസ്ലിം പങ്കാളിത്തത്തെ സുവർണലിപികളാൽ ആലേഖനം ചെയ്യാൻ കഴിയുന്നവയായിരുന്നു. അവ: ഖിലാഫത്ത് പുനഃസ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളിലേർപ്പെടുകയും ഖിലാഫത്ത് ഫണ്ട് സ്വരൂപണത്തിൽ പങ്കാളികളാവുകയും ചെയ്യുക, ഗാന്ധിജി മുന്നോട്ടുവെച്ച നിസ്സഹകരണ സമരത്തിൽ (Non Cooperation Movement) പങ്കുചേരുക, സകലരും ഭാരത മഹാജനസഭ (ഇന്ത്യൻ നാഷനൽ കോൺഗ്രസ്) അംഗത്വമെടുക്കുക.)6
അറബി ഭാഷക്കായി സമർപ്പിത ജീവിതം
1907ൽ തിരുവിതാംകൂറിലെ പ്രബലരായ ചിലർ നൽകിയ നിവേദനത്തെ തുടർന്ന് 1908 നവംബറിൽ മുസ്ലിംകളുടെ വിദ്യാഭ്യാസ േപ്രാത്സാഹനാർഥം സർക്കാർ ചില ആനുകൂല്യങ്ങൾ നൽകുവാൻ തീരുമാനിച്ചു. അതിലൊന്നായിരുന്നു മുസ്ലിംകൾ തങ്ങളുടെ മതഭാഷയായി കരുതുന്ന അറബിയുടെ പഠനത്തിനായി സ്കൂളുകളിൽ അവസരമൊരുക്കുക. അതിന്റെ ഭാഗമായി അറബി ഒരു ഉപഭാഷയായി പഠിക്കുന്നതിനും സ്കൂൾ സമയത്തിന് പുറത്ത് മത-ഖുർആൻ പഠനത്തിനും അവസരം നൽകുന്നതാണെന്ന പ്രഖ്യാപനം വന്നു. തുടർന്ന്, തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളുകളിൽ അറബി മുൻഷിമാരെ പ്രാദേശികമായി നിയമിച്ചു തുടങ്ങി. 1913ൽ ആലപ്പുഴ മുഹമ്മദൻ സ്കൂളിലായിരുന്നു ആദ്യമായി അറബി മുൻഷിയെ ഔദ്യോഗികമായി സർക്കാർ നിയമിച്ചത്. തുടർന്ന് തിരുവിതാംകൂറിലെ വിവിധ സ്കൂളുകളിൽ അറബി മുൻഷിമാരെ നിയമിച്ചു തുടങ്ങി. ഇത്തരത്തിൽ 1918ൽ തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ നിയമിതനായ അറബി മുൻഷിയായിരുന്നു എ. മുഹമ്മദ് യൂസഫ് മൗലവി. ഇംഗ്ലീഷ് സ്കൂൾ വിദ്യാഭ്യാസം നേടിയ വ്യക്തിയെന്ന നിലയിൽ തികഞ്ഞ ഉൽപതിഷ്ണുവും വാഗ്മിയും അക്കാലത്ത് തിരുവിതാംകൂറിൽ വക്കം മൗലവിയുടെ നേതൃത്വത്തിലാരംഭിച്ച പരിഷ്കരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനുമായിരുന്ന മുഹമ്മദ് യൂസഫ് മൗലവി മദ്റസകളിലെ അറബി പഠന രീതി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിലനിന്ന വ്യക്തിയായിരുന്നു. അറബി ഭാഷാ പരിപോഷണത്തിനായി അദ്ദേഹം തന്റെ ചിന്തകൾ ലേഖനരൂപത്തിൽ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. 1918 ആഗസ്റ്റിൽ പുറത്തിറങ്ങിയ ‘അൽ ഇസ്ലാം’ മാസികയുടെ അഞ്ചാം ലക്കത്തിൽ ‘അറബി ഭാഷാപഠനം’ എന്ന പേരിൽ അറബി-മലയാളത്തിൽ പ്രസിദ്ധീകരിച്ചു വന്ന ലേഖനത്തിൽ അറബിയെന്ന ലോക ഭാഷയുടെ സ്ഥാനം, തിരുവിതാംകൂർ ഉൾപ്പെടെയുള്ള തെക്കെയിന്ത്യയിൽ നടന്നുവരുന്ന അറബിഭാഷാ പഠനരീതികൾ, മദ്റസകളിലെയും പള്ളി ദർസുകളിലെയും ഹിതകരമല്ലാത്ത അധ്യാപന രീതികൾ, അറബിക്കു പുറമെ നാട്ടുഭാഷകൾകൂടി പഠിക്കേണ്ടതിന്റെ ആവശ്യകത, മദ്റസ പരിഷ്കരണത്തിന്റെ പ്രസക്തി എന്നിത്യാദി കാര്യങ്ങൾ അദ്ദേഹം ഉയർത്തിക്കാണിക്കുന്നുണ്ട് (1923ൽ കായംകുളത്തുനിന്നും പ്രസിദ്ധീകരണമാരംഭിച്ച ‘ഇസ്ലാം ദീപം’ എന്ന മാസികയുടെ രണ്ടാം ലക്കത്തിൽ ഈ ലേഖനം മലയാള ലിപിയിൽ അച്ചടിച്ചുവന്നത് അതിന്റെ സ്വീകാര്യത എത്രത്തോളം ഉണ്ടായിരുന്നു എന്നതിന്റെ സൂചനയാണ്). അന്ന് അദ്ദേഹമെഴുതിയ വാക്കുകൾക്ക് ഇന്നും പ്രസക്തിയുണ്ട്: ‘‘നമ്മുടെ മദ്റസകളിലെ അറബി ഭാഷാ പഠനരീതിയെ ഒന്നുടച്ചു വാർത്താൽ മാത്രമേ ഇപ്പോഴുള്ള ന്യൂനതകളെ പരിഹരിക്കാൻ തരമുള്ളൂ. അതിന് ഒന്നാമതായി കുറെ അധ്യാപകരെ വേണം ശരിപ്പെടുത്താൻ! കേരളത്തിൽതന്നെ അനേകം മദ്റസകൾ ഉണ്ടല്ലോ? അവയിൽ ഒന്നിനെ ഒരു അധ്യാപക പരിശീലന പാഠശാലയാക്കി ഏർപ്പെടുത്തി അതിൽ വിജയികളായി വരുന്നവരെ മാത്രം അധ്യാപകന്മാരായി നിയമിക്കുകയും വിദ്യാർഥികൾക്ക് അറബിഭാഷാ പഠനത്തിനു മുമ്പായിട്ടോ അതോടുകൂടിയോ നാട്ടുഭാഷകൾകൂടി അഭ്യസിപ്പിക്കുകയും ചരിത്രം, ഭൂമിശാസ്ത്രം മുതലായവയെക്കൂടി അവരെ പഠിപ്പിക്കുകയും ചെയ്താൽ നമ്മുടെ മദ്റസകൾ ക്രമേണ നല്ല നിലയെ പ്രാപിക്കും എന്നതിനു സംശയമില്ല.’’ 7 (വക്കം മൗലവിയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ ‘അൽ ഇസ്ലാം’ എന്ന അറബി-മലയാള മാസിക അഞ്ചു ലക്കങ്ങൾ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. അതിൽ പേരുവെച്ചു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു വന്നിട്ടുള്ളത് രണ്ടുപേരുടേത് മാത്രമാണ്. ഒന്നാമത്തെയാൾ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ ഇ. മൊയ്തു മൗലവിയും രണ്ടാമൻ മൗലവി മുഹമ്മദ് യൂസഫ് തങ്ങളും). അറബിക്കു പുറമെ ഉർദു ഭാഷാ േപ്രാത്സാഹനത്തിനും അദ്ദേഹം പരിശ്രമിച്ചിരുന്നു. തിരുവനന്തപുരത്തെ ഇന്റർമീഡിയറ്റ് വിദ്യാർഥികൾക്ക് രണ്ടാം ഭാഷയായ ഉർദു പഠിപ്പിക്കുന്നതിൽ അദ്ദേഹം സമയം കണ്ടെത്തി.
ആദ്യ അഫ്ദലുൽ ഉലമ ബിരുദധാരി
മജ്ലിസുൽ ഉലമയുടെ പ്രബോധന പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം എസ്.എം.വി സ്കൂളിൽനിന്നും വിടുതൽ ചെയ്ത് തിരുവിതാംകൂറിലും മദ്രാസ് പ്രസിഡൻസിയുടെ വിവിധ ഭാഗങ്ങളിലും പ്രവർത്തിച്ചുവന്ന വേളയിൽ നിരവധി പ്രമുഖരുമായി ഇടപഴകുന്നതിനും ഉന്നത ആശയങ്ങൾ ഉൾക്കൊള്ളുന്നതിനും അദ്ദേഹത്തിന് സാധിച്ചിരുന്നു. പരമ്പരാഗത പഠനപ്രകിയയിലൂടെ ആർജിക്കുവാൻ കഴിയുന്ന അറിവിനെക്കാൾ അധിനിവേശാധുനികതയുടെ ഭാഗമായി ഉയർന്നു വന്ന സർവകലാശാലകൾ വഴി നൽകി വരുന്ന ബിരുദങ്ങൾ നേടിയെടുക്കുന്നതിൽ ഏവരും താൽപര്യം കാണിക്കണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. തുടർന്ന് 1926-27 കാലഘട്ടത്തിൽ മദ്രാസ് സർവകലാശാലയുടെ ഓറിയന്റൽ ലേണിങ്ങിൽ ചേർന്ന് പഠനം നടത്തുകയും അറബിഭാഷാ പണ്ഡിറ്റ് ബിരുദമായ ‘അഫ്ദലുൽ ഉലമ’ നേടുകയുമുണ്ടായി. ഇത്തരത്തിലൊരു അറബി പണ്ഡിറ്റ് ബിരുദം നേടുന്ന ആദ്യ മലയാളിയായി അദ്ദേഹം മാറി. മാത്രമല്ല, തന്റെ സേവനകാലത്തുതന്നെ അഫ്ദലുൽ ഉലമ ബിരുദം സ്ഥാനക്കയറ്റത്തിനു സഹായകമായ ഒന്നായി ഭവിച്ചതും ശ്രദ്ധേയമാണ്. അതിലേക്ക് നയിച്ച വസ്തുതകൾ ഇപ്രകാരമാണ്. കൊല്ലവർഷം 1119 ഇടവം 1 (1944 ജൂൺ) മുതൽ തിരുവിതാംകൂർ സർക്കാർ സർവിസിലുള്ള ശിരോമണി, മഹോപാധ്യായ ബിരുദമുള്ള സംസ്കൃത പണ്ഡിറ്റുകൾക്ക് ഉയർന്ന േഗ്രഡ് അനുവദിച്ചു കൊണ്ടുള്ള ഒരു ഉത്തരവ് പുറത്ത് വരികയുണ്ടായി. അതിൻ പ്രകാരം ശിരോമണി ബിരുദമുള്ള പണ്ഡിറ്റുകൾ പുതിയ ശമ്പളം കൈപ്പറ്റിത്തുടങ്ങിയപ്പോഴാണ് മദ്രാസ് സർവകലാശാലയുടെ ‘ഓറിയന്റൽ ലേണിങ്’ വഴി നൽകുന്ന പൗരസ്ത്യ ബിരുദമായ അഫ്ദലുൽ ഉലമ ബിരുദം മഹോപാധ്യായക്കു തുല്യമാണെന്ന് മുഹമ്മദ് യൂസഫ് മൗലവി മനസ്സിലാക്കിയത്. തുടർന്ന് 1945 ഡിസംബർ 8ന് അദ്ദേഹം സർക്കാറിലേക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു നിവേദനം നൽകി. പണ്ഡിറ്റുകളുടെ ഗണത്തിൽ അഫ്ദലുൽ ഉലമ ബിരുദക്കാരെ കൂടി ഉൾക്കൊള്ളിക്കാൻ സാധിക്കുമോ എന്ന നിലയിലായി പിന്നീട് സർക്കാറിന്റെ അന്വേഷണം. തുടർന്ന് വിദ്യാഭ്യാസ ഡയറക്ടർ അന്നത്തെ മുസ്ലിം ഇൻസ്പെക്ടർ ഫോർ സ്കൂൾസിന്റെ സഹായം തേടി. അദ്ദേഹത്തിൽനിന്ന് അനുകൂലമായ മറുപടി ലഭിച്ചതോടെ അഫ്ദലുൽ ഉലമാ ബിരുദത്തെ കൂടി പുതിയ നിയമത്തിൽ ഉൾപ്പെടുത്തുവാൻ വിദ്യാഭ്യാസ ഡയറക്ടർ സർക്കാറിനോട് ശിപാർശ ചെയ്തു. മാത്രമല്ല, തിരുവിതാംകൂർ സർവകലാശാല രജിസ്ട്രാർ വഴി ഇക്കാര്യത്തിൽ വ്യക്തത തേടിക്കൊണ്ട് മദ്രാസ് സർവകലാശാലയിലേക്ക് കത്തെഴുതി. ഓറിയന്റൽ ലേണിങ്ങിൽ വിവിധ പൗരസ്ത്യ ഭാഷാ ബിരുദ കോഴ്സുകൾ നടത്തിവരുന്നുണ്ടെന്നും അതിൽ മഹോപാധ്യായ പരീക്ഷക്ക് ഇരിക്കുന്നതിന് തുല്യമാണ് അറബി ഭാഷയിലുള്ള അഫ്ദലുൽ ഉലമയെന്ന് സർവകലാശാലയിൽനിന്നും മറുപടിയും ലഭിച്ചു. തൽഫലമായി കാലതാമസം കൂടാതെ അഫ്ദലുൽ ഉലമ ബിരുദധാരികളായ അറബി മുൻഷിമാരെ കൂടി പണ്ഡിറ്റുകളുടെ ഗണത്തിൽ ഉൾക്കൊള്ളിച്ച് ശമ്പളവും േഗ്രഡും മറ്റാനുകൂല്യങ്ങളും നൽകാൻ 1946 ജൂലൈ 6ന് തിരുവിതാംകൂർ മഹാരാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.
(മൗലവി മുഹമ്മദ് യൂസഫ് തങ്ങൾക്ക് പുറമെ അഫ്ദലുൽ ഉലമ ബിരുദധാരിയായ കൊല്ലത്തെ ഇംഗ്ലീഷ് ഹൈസ്കൂൾ മുൻഷി പി.പി. കുഞ്ഞഹമ്മദ് മൗലവിക്ക് കൂടി പണ്ഡിറ്റുകൾക്കുള്ള ഉയർന്ന േഗ്രഡും ശമ്പളവും അനുവദിച്ചു.) എന്നാൽ അതുകൊണ്ടുമാത്രം ഒതുങ്ങാൻ മുഹമ്മദ് യൂസഫ് മൗലവി തയാറായില്ല. താൻ 1927ൽ അഫ്ദലുൽ ഉലമ പാസായ വ്യക്തിയാണെന്നും അതിനാൽ ശിരോമണി, മഹോപാധ്യായ ബിരുദങ്ങൾ അംഗീകരിച്ചു തുടങ്ങിയ 1944 ജൂൺ (1119 ഇടവം 1) മുതൽ മുൻകാല പ്രാബല്യത്തിൽ വരത്തക്കവിധം വേണം കാര്യങ്ങൾ നീക്കാനെന്നും കാണിച്ച് അദ്ദേഹം വീണ്ടും നിവേദനം നൽകി. തുടർന്ന് സർക്കാർ ഉചിതമായ നടപടി കൈക്കൊള്ളുകയും 1947 ഡിസംബർ 15ന് പുറത്തു വന്ന ഉത്തരവ് പ്രകാരം അദ്ദേഹത്തിന് മുൻകാല പ്രാബല്യത്തോടെ ആനുകൂല്യങ്ങൾ അനുവദിച്ചു നൽകുകയും ചെയ്തു. 9
സമുദായ ശുദ്ധീകരണവാദി
മുസ്ലിം സമുദായത്തിൽ കയറിക്കൂടിയ അന്ധവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിന് പരിശ്രമിച്ച ഒരു വ്യക്തികൂടിയായിരുന്നു മൗലവി മുഹമ്മദ് യൂസഫ്. തിരുവിതാംകൂർ പ്രദേശത്ത് സമുദായ ശുദ്ധീകരണാശയങ്ങളുമായി ഇറങ്ങിത്തിരിച്ച വക്കം മൗലവി, ഹമദാനി തങ്ങൾ, പി.എസ്. മുഹമ്മദ്, എസ്. ആദം സേട്ട്, ഡോ. ഇസ്മയിൽ മുനവരി തുടങ്ങിയ പ്രമുഖർക്കൊപ്പം നവീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വിജയം വരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിം സമുദായത്തിന്റെ ഇടയിൽ നിലനിന്നിരുന്ന ആചാരങ്ങളെ പ്രത്യേകിച്ചും കാതുകുത്ത് കല്യാണം, മുഹർറം ആഘോഷം, അനാവശ്യ ധൂർത്ത് എന്നിത്യാദികൾക്കെതിരെ തന്റെ പേനയെ പടവാളാക്കുകയും സ്ത്രീ വിദ്യാഭ്യാസം, അവസര സമത്വം തുടങ്ങിയവക്കെതിരെ തന്റെ ജിഹ്വയെ പരുവപ്പെടുത്തുകയും ചെയ്ത മനീഷിയായിരുന്നു അദ്ദേഹം. 1930ൽ ‘മലയാളി’ പത്രത്തിൽ അക്കാലത്ത് വളരെയേറെ കൊള്ളരുതായ്മകൾ നിറഞ്ഞുനിന്നിരുന്ന മുഹർറമാഘോഷത്തിന്റെ നിരർഥകതയെ തുറന്നുകാണിക്കുന്ന ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. (1932ൽ വക്കം മൗലവി ആരംഭിച്ച ‘ദീപിക’ മാസികയിൽ ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു). പ്രസ്തുത ലേഖനത്തിൽ ആശൂറ ഘോഷയാത്ര ആചരിക്കുന്നതിന്റെ പിന്നിലെ ചരിത്രവസ്തുത അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്നാൽ, തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന മുഹർറമാചരണത്തിലെ അനാശാസ്യപരമായ രീതികൾ – പഞ്ച, താബൂത്ത് എഴുന്നള്ളിപ്പ്, പുലി, കരടി, കുരങ്ങ് വേഷധാരികൾ നടത്തിവന്നിരുന്ന നൃത്തങ്ങൾ, തീക്കുഴിയുണ്ടാക്കി ചാട്ടം എന്നിത്യാദികളെ തിരസ്കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം തുറന്നുകാണിക്കുന്നുണ്ട്.10 (കോഴിക്കോടും കണ്ണൂരും നടന്നുവന്നിരുന്ന കൂടാര ഘോഷയാത്ര ഇതിന് തുല്യമായതായിരുന്നു). അങ്ങനെ സമുദായത്തിലെ അനഭിലഷണീയമായ ആചാരങ്ങൾക്ക് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിവന്നിരുന്നത്.
സാഹിത്യരംഗത്തെ ഇടപെടലുകൾ
ചരിത്രകാരനായ പി.എ. സെയ്തു മുഹമ്മദിന്റെ അഭിപ്രായത്തിൽ മൗലവി മുഹമ്മദ് യൂസഫ് തങ്ങൾ ‘‘മലയാള സാഹിത്യത്തിൽ ഇസ്ലാമിക ചരിത്രത്തിനും ശാസ്ത്രശാഖക്കും മതപരമായ പ്രശ്നങ്ങൾക്കും ശ്രദ്ധേയമായ സ്ഥാനം നൽകിയ വ്യക്തി’’യാണ്.11 വിവിധ കാലഘട്ടങ്ങളിൽ വിവിധ പ്രസിദ്ധീകരണങ്ങളിലായി അദ്ദേഹത്തിന്റെ രചനകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അവ കണ്ടെടുക്കുന്നതിനോ േക്രാഡീകരിക്കുന്നതിനോ സാധിച്ചിട്ടില്ല. എങ്കിലും 1944 മേയ് മാസത്തിൽ അദ്ദേഹം നടത്തിയ ഡൽഹി-അജ്മീർ യാത്രയുടെ ദീർഘവിവരണം എം. ഹലീമാ ബീവിയുടെ പത്രാധിപത്യത്തിൽ പുറത്തുവന്നിരുന്ന ‘ഭാരതചന്ദ്രിക’ ആഴ്ചപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചു വന്നിരുന്നു.12 1944 സെപ്റ്റംബർ 11 (1120 ചിങ്ങം 27) ന് പുറത്തുവന്ന 34ാം ലക്കത്തിൽ ‘ഖുത്തബ്മിനാർ’ എന്ന പേരിൽ ആദ്യമായി ‘ഭാരതചന്ദ്രിക’യിൽ പ്രസിദ്ധീകരിച്ച കുറിപ്പിന് വായനക്കാരുടെ ഇടയിൽനിന്ന് നല്ല പ്രതികരണം ലഭിച്ചതിനെ തുടർന്ന് അദ്ദേഹം തുടർച്ചയായി യാത്രാവിവരണം എഴുതിവന്നു. ഇതിൽ അദ്ദേഹം അവിടങ്ങളിൽ കണ്ട കാഴ്ചകൾക്ക് പുറമെ അവയുടെ ചരിത്രം തേടിപ്പിടിച്ച് പ്രസ്താവിക്കുന്ന രീതികൂടി ഉൾപ്പെട്ടിരുന്നു. എന്തിനേറെ അറബി പത്രമായ ‘അൽഹിലാൽ’ പ്രസിദ്ധീകരിച്ച ചരിത്ര അറിവുകൾപോലും സന്ദർഭോചിതമായി ഈ കുറിപ്പുകളിൽ ഉപയോഗിച്ചിട്ടുണ്ട്. (ബ്രിട്ടീഷാധിപത്യ കാലത്ത് തിരുവനന്തപുരത്തുനിന്നും തീവണ്ടിമാർഗം കൊല്ലം-ചെങ്കോട്ട-മധുര-മദ്രാസ് വഴി മൂന്നുദിവസം യാത്രചെയ്ത് ഡൽഹിയിലെത്തിയ അദ്ദേഹം ബ്രിട്ടീഷിന്ത്യയുടെ തലസ്ഥാന നഗരി ചുറ്റിക്കറങ്ങിക്കണ്ട് യാത്രാവിവരണം തയാറാക്കി പ്രസിദ്ധീകരിച്ചപ്പോൾ വാർത്താവിനിമയ മാർഗങ്ങൾ അത്രകണ്ട് വികസിച്ചിട്ടില്ലാത്ത അക്കാലത്ത് അവ മലയാളി വായനക്കാർക്ക് നവ്യാനുഭവം പകർന്നുനൽകുകയും ചെയ്തു. (‘ദില്ലി’ എന്ന തലക്കെട്ടിൽ തന്റെ യാത്രയുടെ ആരംഭത്തെയും മറ്റും പരാമർശിക്കുന്ന വിവരങ്ങൾ ‘ഭാരതചന്ദ്രിക’യുടെ 44ാം ലക്കത്തിലായിരുന്നു (1944 ഡിസംബർ 4) പ്രസിദ്ധീകരിച്ചുവന്നത്. അതായത് ആദ്യ കുറിപ്പ് വന്ന് നാലുമാസങ്ങൾക്കു ശേഷവും. വർഷങ്ങൾക്കു ശേഷം കോഴിക്കോട്ടെ സ്വാലിഹ് ബുക്ക് ഡിപ്പോ, ‘ഡൽഹിയും അജ്മീറും’ എന്ന പേരിൽ ഈ യാത്രാവിവരണഗ്രന്ഥം അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പുറമെ ലളിതസുന്ദരമായ മലയാള ഭാഷയിൽ മുഹമ്മദ് നബിയുടെ ജീവചരിത്രവും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.14
സമകാലിക സംഭവവികാസങ്ങളെ വിശദമായി വിലയിരുത്തി പ്രതികരിക്കുന്നതിൽ അദ്ദേഹം താൽപര്യം കാണിച്ചിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് സമകാലിക ലോകത്തു നടന്നുവരുന്ന സംഭവം െവച്ചുകൊണ്ട് ‘യുദ്ധത്തിനു സാഹിത്യത്തിൽ വരുത്താവുന്ന കഴിവുകൾ’ എന്ന തലക്കെട്ടിൽ ‘ഭാരതചന്ദ്രിക’യിൽ അദ്ദേഹമെഴുതിയ ലേഖനം ശ്രദ്ധേയമായിരുന്നു. പ്രാചീനകാലം മുതൽ യുദ്ധം സാഹിത്യത്തിലെ ഒരു അവിഭാജ്യ ഘടകമാണെന്നും എന്നാൽ യുദ്ധകാലത്ത് സാഹിത്യത്തിന് സംഭവിക്കുക മറ്റൊന്നാണെന്നും പ്രസ്താവിക്കുന്ന ലേഖനത്തിൽ യുദ്ധകാല സാഹിത്യത്തെ വിലയിരുത്തുന്നത് ഇപ്രകാരമാണ്: ‘‘...യുദ്ധം നിന്ദ്യവും നീചവുമായ ഒരു പ്രവൃത്തിയാണ് എന്നു കരുതുന്നപക്ഷം അതു നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്ത് പാവനമായ സാഹിത്യച്ചെടികൾ വളരുകയോ അവയിൽ വിജ്ഞാന കുസുമങ്ങൾ വിടരുകയോ ചെയ്യാനിടയില്ല. യുദ്ധവും സാഹിത്യവും തമ്മിൽ ഒരുതരത്തിൽ അടുപ്പമുണ്ടെങ്കിലും മറ്റൊരു വിധത്തിൽ അവക്കു തമ്മിൽ അകൽച്ചയാണുള്ളത്. യുദ്ധകാലത്ത് മനസ്സിൽ ഉദിച്ചുയർന്നുകൊണ്ടിരിക്കുക ക്ഷോഭം, വൈരം, പ്രതികാരേച്ഛ മുതലായ വികാരങ്ങളും പടക്കളത്തിൽ പണിപ്പെട്ടുഴലുന്ന സ്ഥിതിയും സുഖസൗകര്യങ്ങളോടു കൂടിയിരിക്കുന്ന പരിശുദ്ധ ഹൃദയങ്ങളിൽനിന്ന് നിർഗളിക്കാനുള്ള സാഹിത്യസൃഷ്ടികൾക്ക് നിദാനമല്ലല്ലോ. ഒരു സമുദായത്തിലെ അവാന്തരശാഖകൾക്കിടയിലോ രണ്ട് സമുദായങ്ങൾ തമ്മിലോ നടന്നിരുന്ന യുദ്ധങ്ങൾ പിൽക്കാലത്തു ഗദ്യപദ്യ രൂപങ്ങളിൽ ഏതാനും സാഹിത്യ സമ്പത്തുകളെ അവശേഷിപ്പിക്കുന്നു. സാഹിത്യ ലോകത്തിലെ ആദിമജീവികളായ പദ്യകവിതകൾ യുദ്ധങ്ങളിൽനിന്നുമാണ് ഉദ്ഭവിച്ചത് എന്നു പറയേണ്ടതില്ലല്ലോ. പൗരാണിക കാലത്ത് പദ്യകാവ്യങ്ങൾ പരിശോധിച്ചാൽ ഈശ്വര സ്തോത്രങ്ങൾ അടങ്ങിയ ചുരുക്കം ചിലതൊഴിച്ച് ബാക്കിയുള്ളതു മുഴുവൻ ധീരത, ശത്രുനിഗ്രഹം, സ്വദേശസംരക്ഷണം, വീര്യം, പരാക്രമം, ഇത്യാദിയുടെ വർണനകൾക്കാണ് പ്രാധാന്യം കൊടുത്തിട്ടുള്ളതെന്നു കാണാം.’’13
മലയാളികൾക്ക് അത്രകണ്ടു സുപരിചിതമല്ലാതിരുന്ന ഇസ്ലാമിക ചരിത്ര-സാഹിത്യ ശാഖക്ക് ചിരപ്രതിഷ്ഠ നേടിക്കൊടുക്കുന്നതിൽ മൗലവി മുഹമ്മദ് യൂസഫ് ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. പ്രവാചകനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചും ഇസ്ലാമിന്റെ ജീവിതരീതികളെ കുറിച്ചും അറബി-ഖുർആൻ പഠനത്തെ കുറിച്ചുമെല്ലാം നിരവധി ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല, ഇസ്ലാമിനെതിരെയും മുസ്ലിംകൾക്കെതിരെയും വിവിധ കോണുകളിൽനിന്നും ഉയർന്നുവന്ന പല ചിന്തകൾക്കും മറുമരുന്നു നൽകുന്ന ദൗത്യവും അദ്ദേഹം ഏറ്റെടുത്തുവന്നിരുന്നു. മക്തി തങ്ങൾ മുതലുള്ള പരിഷ്കർത്താക്കൾ ഇത്തരം മതദൂഷണ സാഹിത്യങ്ങളെ നേരിട്ട രീതിതന്നെയായിരുന്നു അദ്ദേഹവും സ്വീകരിച്ചിരുന്നത്. ഇസ്ലാമിനെയും അതിന്റെ ചിഹ്നങ്ങളെയും വക്രീകരിച്ച് അവതരിപ്പിക്കാൻ തുടങ്ങിയ ഘട്ടത്തിൽ അതിനെ ഖണ്ഡിക്കുന്നതിനുള്ള ശ്രമങ്ങൾ മൗലാനയുടെ ഭാഗത്തുനിന്നും ഉയർന്നുവന്നിരുന്നു. 1944 ഒക്ടോബറിൽ തിരുവല്ലയിൽ െവച്ചു നടന്ന ഒരു യോഗത്തിൽ ആഗമാനന്ദ സ്വാമികൾ, മദ്യപാനികളെ കുറിച്ച് നടത്തിയ ഒരു പരാമർശം മദ്യം ത്യജിക്കുവാൻ ആഹ്വാനംചെയ്ത പ്രവാചകന്റെ ജന്മദേശത്തുപോലും മദ്യം സുലഭമാണെന്നും ധാരാളം മദ്യപന്മാരെ കാണാമെന്നും പ്രസംഗിക്കുകയുണ്ടായി. ആ പ്രസംഗം ‘മലയാള രാജ്യം’ ആഴ്ചപ്പതിപ്പിൽ അച്ചടിച്ചും വന്നു. അതിനെ ഖണ്ഡിച്ചുകൊണ്ട് ‘പരിശുദ്ധ മക്കാ നഗരം’ എന്ന തലക്കെട്ടോടുകൂടി അറേബ്യ നഗരത്തെക്കുറിച്ചും അവിടത്തെ നിലവിലുള്ള ഭരണരീതിയെക്കുറിച്ചും മദ്യത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനത്തെക്കുറിച്ചും സവിസ്തരം അദ്ദേഹം പ്രതിപാദിക്കുകയുണ്ടായി: ‘‘സുഈദി അറബിയായുടെ ഏതൊരു ഭാഗത്തും കള്ള് ഉണ്ടാക്കുകയോ, ചാരായം വാറ്റുകയോ ചെയ്യാൻ പാടില്ല. ഇത്തരം വിദേശസാധനങ്ങൾ ആ നാട്ടിൽ കൊണ്ടുവരാൻ അനുവാദവും ഇല്ല. അറബിയായിൽ യമനിലെ ‘സൻആ’ രാജ്യത്തിനു വടക്കും ഹിജാസ് തീവണ്ടിപ്പാതയിലുള്ള ‘അൽ അഷാ’ റെയിൽവേ സ്റ്റേഷനു തെക്കും, ചെങ്കടലിലെ ‘ജിദ്ദ’, ‘യൻബാ’ എന്നീ തുറമുഖാതിർത്തിക്കു കിഴക്കും ‘നജദ’ രാജ്യത്തിനു പടിഞ്ഞാറും അന്യമതസ്ഥരുടെ പ്രവേശനത്തെ നിയന്ത്രിച്ചിരിക്കുകയാണ്. അതുകൊണ്ട് മറ്റുള്ളവരുടെ ആവശ്യം പറഞ്ഞു മക്കയിൽ മദ്യം കൊണ്ടുവന്ന് മുസൽമാന്മാർക്ക് ‘ബ്ലാക്ക് മാർക്കറ്റാ’യി വിൽക്കാനും നിവൃത്തിയില്ല. ഇതിനുപുറമേ ഈ നാട്ടിൽ കൽപനയ്ക്കു വിപരീതം പ്രവർത്തിക്കുന്നവർ അനുഭവിക്കേണ്ട ശിക്ഷ അതികഠിനവുമാണ്.’’15
തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹം തന്റെ അവസാന കാലംവരെ ഭാഷാപഠനം ഉൾപ്പെടെയുള്ള സാഹിത്യസപര്യകൾ തുടർന്നിരുന്നു. അറബി ഭാഷാ ഉൽപത്തിയെക്കുറിച്ച് ഗഹനമായൊരു ഗവേഷണം നടത്തിവരവെ 1957ൽ അദ്ദേഹം അന്തരിച്ചു. സ്വന്തം കർമമണ്ഡലത്തിൽ ജ്വലിച്ചുനിന്നുകൊണ്ട് സമകാലികരായ നവോത്ഥാന നായകന്മാരിൽനിന്നും ഊർജം ഉൾക്കൊണ്ട് സമൂഹനന്മക്കായി പ്രവർത്തിച്ച മുഹമ്മദ് യൂസഫ് തങ്ങളെ പോലുള്ളവർ പകർന്നു നൽകിയ ആശയങ്ങളാണ് നവോത്ഥാന കേരള നിർമിതിക്ക് ചെറുതല്ലാത്ത സംഭാവനകളായി മാറിയത്. എന്നിരുന്നാലും മൗലാനയുടെ ജീവിതയാത്രകൾ തുടർച്ച തേടിക്കൊണ്ടിരിക്കുകയാണിപ്പോഴും.
(തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ചരിത്രവിഭാഗം അസി. പ്രഫസറാണ് ലേഖകൻ)
കുറിപ്പുകൾ:
1. മജ്ലിസുൽ ഉലമ – തൃശ്ശിനാപ്പള്ളി, ആദ്യ പ്രസ്താവന (തമിഴ് പതിപ്പ്), 1918–19, ജെഗം ആൻഡ് കോ, ഡൊഡ്സൺപ്രസ്, തെപ്പകുളം, തൃശ്ശിനാപ്പള്ളി, 1919, പു. 4–5.
2. അൽ ഇസ്ലാം, വാല്യം –ഒന്ന് , ലക്കം. 1, ഏപ്രിൽ 1918, കാണുക, വക്കം മൗലവിയുടെ അൽ ഇസ്ലാം ഒറ്റ വാല്യത്തിൽ, വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ്, 2016, പു. 35.
3. മുൻ സൂചന –1.
4. ഫയൽ നമ്പർ 232/1920, ബണ്ടിൽ നമ്പർ 116, കേരള സ്റ്റേറ്റ് ആർക്കൈവ്സ്, തിരുവനന്തപുരം, പു. 2–8.
5. മേൽസൂചന.
6. കേരള ഉലമാ സംഘത്തിന്റെ പ്രഥമ സമ്മേളനത്തിൽ ചെയ്ത മൂന്ന് നിശ്ചയങ്ങൾ – നോട്ടീസ്, വെസ്റ്റ്-കോസ്റ്റ് അച്ചുകൂടം, കോഴിക്കോട്, 1921 ഏപ്രിൽ 25, കാണുക, P Abdhul Razak, Colonialism and Community Formation in Malabar: A Study of Muslims of Malabar, Un published PhD Thesis, Calicut University, 2006.
7. അൽ ഇസ്ലാം ഒറ്റ വാല്യത്തിൽ, പു. 120–12.
8. ഫയൽ നമ്പർ 402/47, ബണ്ടിൽ നമ്പർ 301, കേരള സ്റ്റേറ്റ് ആർക്കൈവ്സ്, തിരുവനന്തപുരം,
പു. 2–4
9. മേൽസൂചന.
10. വക്കം മൗലവിയുടെ ദീപിക ഒറ്റ വാല്യത്തിൽ, വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ്, 2005, പു. 255–260.
11. പി.എ. സെയ്തു മുഹമ്മദ് (എഡി.), കേരള മുസ്ലിം ഡയറക്ടറി, കൊച്ചി, 1960, പു. 645.
12. ഭാരതചന്ദ്രിക ആഴ്ചപ്പതിപ്പ്, വാല്യം –34, 1944 സെപ്റ്റംബർ 11 (1120 ചിങ്ങം 27), തിരുവല്ല,
പു. 7.
13. സി.എൻ. അഹമ്മദ് മൗലവി, കെ.കെ. മുഹമ്മദ് അബ്ദുൽ കരീം, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, അൽഹുദാ ബുക്സ്, കോഴിക്കോട്, 1978, പു. 152.
14. ഭാരതചന്ദ്രിക ആഴ്ചപ്പതിപ്പ്, 1944 ഒക്ടോബർ 30/1120 കന്നി 15, വാല്യം –1, ലക്കം –38, തിരുവല്ല, പു. 2.
15. ഭാരതചന്ദ്രിക ആഴ്ചപ്പതിപ്പ്, വാല്യം–2, ലക്കം –15, 1120 മേടം 18/ 1945 ഏപ്രിൽ 30, തിരുവല്ല, പു. 8–9.