എൻ.ഡി.ടി.വി എൻ.ഡി.എ ടി.വി ആകുമ്പോൾ
പ്രണോയ് റോയിയുടെ എൻ.ഡി.ടി.വി അദാനി സ്വന്തമാക്കുമ്പോൾ സംഭവിക്കുന്നത് എന്താണ്? എന്താണ് മാധ്യമരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്? സ്വതന്ത്ര മാധ്യമശബ്ദങ്ങൾ അവസാനിച്ചുവോ? -മാധ്യമവിമർശകനും എഴുത്തുകാരനുമായ ലേഖകന്റെ വിശകലനം.
വാർത്തകളിൽ വ്യാപരിക്കുന്നവർ ചിലപ്പോൾ സ്വയം വാർത്തയാകുന്നു. പ്രണോയ് റോയിയുടെ പേരിൽ പ്രശസ്തമായി അറിയപ്പെടുന്ന എൻ.ഡി.ടി.വി (ന്യൂഡൽഹി ടെലിവിഷൻ ലിമിറ്റഡ്) എന്ന ഇംഗ്ലീഷ് വാർത്താ ചാനൽ ഗൗതം അദാനിക്ക് സ്വന്തമാകുന്നുവെന്ന വാർത്ത പക്ഷേ, മാധ്യമങ്ങൾക്ക് സാമ്പത്തികവാർത്ത മാത്രമായി. എൻ.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരി പരോക്ഷമായി ഏറ്റെടുക്കുന്നതോടെ വാർത്താലോകത്തെ പടക്കുതിര അദാനിയുടെ ലായത്തിലെ മെരുങ്ങിയ കുതിരയാകും. നിയന്ത്രണ ഏജൻസിയായ സെബിയുടെ വിലക്ക് നീക്കി 26 ശതമാനം ഓഹരികൂടി ഓപൺ ഓഫർ വഴി വാങ്ങാൻ കഴിഞ്ഞാൽ അത് ഇന്ത്യൻ മാധ്യമലോകത്തിനു ലഭിക്കുന്ന അപകടകരമായ മുന്നറിയിപ്പായി മാറും. ഇതാണ് കുതിച്ചുപായുന്ന യാഗാശ്വങ്ങളുടെ അവസ്ഥ എന്ന മുന്നറിയിപ്പാണത്.
രാഷ്ട്രീയത്തിലെ അധികാരസ്ഥാനങ്ങളേക്കാൾ അസ്ഥിരമാണ് കോർപറേറ്റ് സ്ഥാപനങ്ങളിലെ അധികാരസ്ഥാനങ്ങൾ. കാളയും കരടിയും നടത്തുന്ന മറിമായങ്ങളിൽ ഓഹരികൾ കൈമറിഞ്ഞ് എവിടെയെത്തുമെന്ന് പറയാനാവില്ല. വോട്ടിനു തുല്യമാണ് ഓഹരി. പിടിച്ചെടുക്കാനും സ്വന്തമാക്കാനും എളുപ്പമാണ്. കൂറ് നിലനിർത്താൻ എം.എൽ.എമാരെ സൗഹൃദസംസ്ഥാനത്തെ റിസോർട്ടുകളിലാക്കുന്നതുപോലെ ഓഹരിയുടമകളെ എവിടെയും സുരക്ഷിതമായി പാർപ്പിക്കാനാവില്ല. ഇത്തരത്തിൽ വിപണിയിലെ സ്വാഭാവികനീതിക്കും തത്ത്വങ്ങൾക്കും അനുസൃതമായ അധികാരമാറ്റമല്ല എൻ.ഡി.ടി.വിയിൽ നടക്കാൻ പോകുന്നത്. ഇത് നഗ്നമായ കൈയേറ്റവും കൈക്കലാക്കലുമാണ്. കൈയൂക്കുള്ളവൻ കാര്യക്കാരനെന്ന പ്രമാണം ഇവിടെ അന്വർഥമാകുന്നു. കണ്ടുകെട്ടൽ ഹിക്കിയുടെ കാലം മുതലേ പത്രലോകത്തിനു പരിചയമുള്ളതാണ്. ആധുനികകാലത്തെ കണ്ടുകെട്ടലാണ് സമ്മതത്തോടെയോ സമ്മതമില്ലാതെയോ ഓഹരി കൈമാറ്റത്തിലൂടെ നടക്കുന്ന കോർപറേറ്റ് ഏറ്റെടുക്കൽ.
എൻ.ഡി.ടി.വിയെ എൻ.ഡി.എ ടി.വി ആക്കുന്നു എന്ന ലളിതമായ പരാമർശത്തിൽ ഒതുങ്ങുന്നതല്ല പരാമർശവിഷയം. രാജ്യത്തെ 80 ശതമാനം മാധ്യമങ്ങളെയും നിയന്ത്രിക്കുന്ന കോർപറേറ്റ് വലയിലേക്ക് എൻ.ഡി.ടി.വി നിപതിക്കുമ്പോഴുള്ള ആഘാതം വളരെ വലുതായിരിക്കും. അഭിപ്രായപ്രകടനസ്വാതന്ത്ര്യമെന്ന പ്രാണവായുവിൽമാത്രം നിലനിൽക്കുന്ന ജനാധിപത്യത്തിന് ഏൽക്കുന്ന മാരകമായ ആഘാതമാണത്. മുകേഷ് അംബാനിയും ഗൗതം അദാനിയും ചേർന്നാൽ ഇന്ത്യൻ മാധ്യമലോകത്തിന്റെ ഭൂപടം പൂർണമാകുമെന്ന അവസ്ഥ ഏതൊരു ഗീബൽസിയൻ കാലത്തേക്കാണ് നമ്മുടെ ജനാധിപത്യത്തെ എത്തിക്കുകയെന്ന് ആശങ്കയോടെ കാണണം. സ്റ്റാറുമായി ചേർന്ന് റിലയൻസ് മീഡിയയുടെ 15,000 കോടി രൂപയുടെ കരാർ കൂടിയാകുമ്പോൾ റൂപർട്ട് മർഡോക്കിനും നിൽക്കാൻ ഒരിടം കിട്ടുന്നു. ചുവടുറപ്പിക്കാൻ ഇടം കിട്ടിയാൽ ഭൂഗോളത്തെ ചലിപ്പിക്കാമെന്ന് ഉത്തോലകതത്ത്വം വിശദീകരിച്ചുകൊണ്ട് ആർക്കിമിഡീസ് പ്രശസ്തമായി പറഞ്ഞിട്ടുണ്ട്. അത് തെളിയിച്ചുകൊണ്ടിരിക്കുന്ന ആളാണ് മർഡോക്. തല കടത്താൻ ഇടം കിട്ടിയാൽ കൂടാരം സ്വന്തമാക്കുന്ന ഒട്ടകമല്ല മർഡോക്. കൂടാരമല്ല, ഭൂഗോളംതന്നെയാണ് മാധ്യമപ്രഭുവിന്റെ ലക്ഷ്യം. ഇന്ത്യയിൽ അംബാനിയും അദാനിയുമെന്നപോലെ അദ്ദേഹത്തിന് സഹായികളും സഹകാരികളും ലോകത്തെവിടെയുമുണ്ട്.
നിയമത്തിന് കീഴ്പ്പെട്ടുകൊണ്ട് ഭരണകൂടത്തെ കീഴ്പ്പെടുത്തുന്ന രീതിയാണ് മർഡോക്കിന്റേത്. േക്രാസ് ഓണർഷിപ് എന്നറിയപ്പെടുന്ന ബഹുമുഖ മാധ്യമ ഉടമസ്ഥതയെ തടയുന്ന അമേരിക്കൻ നിയമങ്ങളെ മർഡോക് മറികടന്നത് നിയമം ലംഘിച്ചുകൊണ്ടായിരുന്നില്ല. നിയമത്തെ മാറ്റിക്കൊണ്ടായിരുന്നു. അമേരിക്കൻ മാധ്യമരംഗം കൈയടക്കുന്നതിനുവേണ്ടി അമേരിക്കൻ പൗരത്വം ആർജിച്ച ഈ ആസ്േട്രലിയക്കാരൻ ചൈനയിലെ പ്രവർത്തനത്തിന് ചൈനീസ് പൗരത്വം ആവശ്യമായി വന്നപ്പോൾ ചൈനക്കാരിയായ ജീവനക്കാരിയെ കല്യാണം കഴിച്ചു. നരേന്ദ്ര മോദിയുടെ ഭരണത്തിൽ കോർപറേറ്റുകൾക്കായി വാതിലുകൾ അനായാസം തുറക്കപ്പെടുന്നു. ചാരേയിരുത്തിയും മടിയിലിരുത്തിയും അവർക്കാവശ്യമുള്ളതെല്ലാം വാരിയും കോരിയും കൊടുക്കുന്നു. മറികടക്കാതിരിക്കാൻ അവർക്ക് ലക്ഷ്മണരേഖകളില്ല.
ഇപ്രകാരം അവിഹിതമായ പക്ഷപാതിത്വത്തിന്റെ ഇരകൾ മാത്രമാണോ പ്രണോയ് ദമ്പതികൾ? അധികാരഗർവിൽനിന്നുണ്ടാകുന്ന വൈരനിര്യാതന താൽപര്യത്തിന്റെ ഇരകളാണവർ. 2002 ഗുജറാത്ത് വംശഹത്യ എൻ.ഡി.ടി.വി കൈകാര്യംചെയ്ത രീതിയിൽനിന്നു തുടങ്ങിയതാണ് വൈരം. അന്ന് വിമർശിക്കപ്പെട്ടവർ ഇന്ന് അധികാരത്തിലിരിക്കുമ്പോൾ വിമർശകർ വിമാനത്താവളത്തിൽ അപമാനകരമായി തടഞ്ഞുവെക്കപ്പെടുന്നു. ചാനലിന്റെ പ്രവർത്തനം അസാധ്യമാകുംവിധം റെയ്ഡുകളും കേസുകളും ഉണ്ടാകുന്നു. കിടപ്പാടം പണയംവെച്ചവനെതിരെ സർഫാസി പ്രയോഗിക്കുമ്പോലെയാണ് പ്രണോയിക്കും രാധികക്കുമെതിരെ സമ്മർദമുണ്ടായത്. അംബാനിക്ക് അടിയറവെച്ചത് അദാനിയുടെ കൈയിലെത്തി എന്ന വ്യത്യാസം മാത്രമാണുള്ളത്. വില പറഞ്ഞുള്ള കമ്പോളത്തിലെ വാണിഭമല്ല, ഉടമ അറിയാതെയുള്ള പിടിച്ചെടുക്കലാണ് എൻ.ഡി.ടി.വിയുടെ കാര്യത്തിലുണ്ടായത്. അതിനു സഹായകമാകുംവിധം സ്വന്തം തല അംബാനിയുടെ കക്ഷത്തിൽ വെച്ചുകൊടുത്തുവെന്ന അവിവേകം പ്രണോയ് റോയിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. മുകേഷ് അംബാനിയുടെ വിശ്വപ്രധാൻ കമേഴ്സ്യലിൽനിന്ന് ഓഹരിയുടെ ഈടിൽ എൻ.ഡി.ടി.വി പലിശരഹിതവായ്പയായി എടുത്ത 400 കോടി രൂപ തിരിച്ചടക്കാതിരുന്നതിനെ തുടർന്നുള്ള സ്വാഭാവികനടപടികൾ മാത്രമാണുണ്ടായതെന്ന് ലഘുവായി വിശദീകരിക്കാം. കാരണം എന്തായാലും സംഭവിച്ചത് എങ്ങനെയായാലും മാധ്യമലോകത്തെ വ്യത്യസ്തത ഇല്ലാതാകുന്നതും ഭരണകൂടത്തിന് അനഭിമതമായ മാധ്യമങ്ങൾക്ക് അടിയറവ് പറയേണ്ടിവരുന്നതും ലഘുവായി കാണാനാവില്ല. അംബാനിയുടെ കമ്പനി അദാനി വാങ്ങിയതോടെയാണ് എൻ.ഡി.ടി.വിയുടെ ഈടോഹരികൾ അദാനി ഗ്രൂപ്പിന് സ്വന്തമായത്.
അദാനി ഗ്രൂപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തക്കൊപ്പമാണ് എൻ.ഡി.ടി.വിയെ സ്വന്തമാക്കുന്ന വാർത്തയും വന്നത്. വിഴിഞ്ഞം തുറമുഖനിർമാണം പറഞ്ഞ സമയത്ത് തീർക്കാൻ കഴിയാതെ നഷ്ടപരിഹാരമെന്ന ബാധ്യതയിലെത്തിനിൽക്കുന്നവരാണ് അദാനി ഗ്രൂപ്പ്. ഉർവശീശാപം ഉപകാരമെന്നപോലെ ഉണ്ടായതോ അവർ ഉണ്ടാക്കിയതോ ആണ് വിഴിഞ്ഞത്തെ സമരം എന്ന് വർത്തമാനമുണ്ട്. ഏതായാലും എൻ.ഡി.ടി.വിക്ക് സുരക്ഷിതമായ തുറമുഖമല്ല അദാനിയുടേത്. വാർത്താവ്യവസായം ലോകവ്യാപകമായി പ്രതിസന്ധിയിലായിരിക്കുമ്പോൾ കോർപറേറ്റുകൾക്ക് ആ മേഖല ആകർഷകമാകുന്നതെങ്ങനെ? ആമസോൺ ഉടമ ജെഫ് ബെസോസ് 2013ൽ വാഷിങ്ടൺ പോസ്റ്റ് സ്വന്തമാക്കി. പെന്റഗൺ പേപ്പേഴ്സിലൂടെയും വാട്ടർഗേറ്റിലൂടെയും പ്രശസ്തമായ പത്രമാണത്. ഇനിയൊരു വാട്ടർഗേറ്റ് ബെസോസിന്റെ വാഷിങ്ടൺ പോസ്റ്റിലുണ്ടാവില്ല. ഈ വർഷം ആദ്യമാണ് ക്വിന്റിലിയൺ ബിസിനസ് മീഡിയയിലെ 49 ശതമാനം ഓഹരികൾ അദാനി എന്റർൈപ്രസസ് വാങ്ങിയത്. പ്രയോജനമില്ലെന്നറിഞ്ഞുകൊണ്ടുതന്നെ വെള്ളാനകളെ അന്തസ്സിന്റെ പേരിലും രാജപ്രീതിക്കുവേണ്ടിയും സയാമിലെ സമ്പന്നർ വളർത്താറുണ്ടായിരുന്നു.
അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നത് ആവർത്തിച്ചു കേൾക്കുന്ന പ്രയോഗമാണ്. പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയിൽ ഇന്ദിര ഗാന്ധി നടത്തിയതുപോലെ നേരിട്ടുള്ള ഇടപെടൽ ഇപ്പോൾ ഭരണകൂടം നടത്തുന്നില്ല. പക്ഷേ, മിക്ക കാര്യങ്ങളിലും നരേന്ദ്ര മോദിയുടെ മാർഗദർശി ഇന്ദിര ഗാന്ധിയാണ്. അടിയന്തരാവസ്ഥയിൽ ഭരണകൂടത്തിന് അനഭിമതമായ പത്രമായിരുന്നു രാംനാഥ് ഗോയങ്കയുടെ ഇന്ത്യൻ എക്സ്പ്രസ്. പത്രത്തെ മെരുക്കാൻ ആദ്യം പത്രത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. പരസ്യങ്ങൾ പൂർണമായും ഇല്ലാതായി. പത്രാധിപരെ നീക്കംചെയ്യുന്നതിന് സമ്മർദമുണ്ടായി. മൽഗോക്കർ പോയപ്പോൾ കൂടുതൽ കരുത്തോടെ നരസിംഹൻ വന്നു. പിന്നെ ഡയറക്ടർ ബോർഡിൽ പിടിമുറുക്കി. എ.കെ. ആന്റണിയെ ഡയറക്ടറാക്കി. കൂടുതൽ ഫലിതങ്ങളിലേക്കും അനിഷ്ടങ്ങളിലേക്കും നീങ്ങുന്നതിനുമുമ്പ് അപ്രതീക്ഷിതമായി അടിയന്തരാവസ്ഥയുടെ സമാപ്തി ഉണ്ടായതിനാൽ ഇന്ത്യൻ എക്സ്പ്രസ് രക്ഷപ്പെട്ടു. നാട് വിടുന്നതിനുവേണ്ടി അപ്പോൾ ഗോയങ്ക നേപ്പാൾ അതിർത്തിവരെ എത്തിയിരുന്നു.
എൻ.ഡി.ടി.വിയുടെ കാര്യത്തിൽ നാട്യങ്ങളില്ലാതെ ഏറ്റെടുക്കൽ ദൗത്യം നരേന്ദ്ര മോദിയുടെ ചങ്ങാതിമാർ നിർവഹിച്ചു. ഇതിൽ അത്ഭുതകരമായി ഒന്നുമില്ല. ശശികുമാറിന്റെ ഏഷ്യാനെറ്റ് അറിയുന്നതും അറിയാത്തതുമായ കൈകളിലൂടെ കടന്ന് ഇപ്പോൾ രാജീവ് ചന്ദ്രശേഖർ എന്ന ബി.ജെ.പി മന്ത്രിയുടെ കൈയിലായി. അതുകൊണ്ട് ഏഷ്യാനെറ്റ് ബി.ജെ.പി ചാനലായി എന്നു പറയാനാവില്ല. വിനു വി. ജോണിന് അങ്ങോട്ടും ഇങ്ങോട്ടും ശരവർഷം നടത്തുന്നതിനുള്ള സ്വാതന്ത്ര്യം നിലനിർത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ പ്രചാരവേല പ്രത്യക്ഷത്തിൽ ഏഷ്യാനെറ്റ് നടത്തുന്നില്ല. അതിന് ജനം ടി.വിയുണ്ട്. ആഗോളീകരണകാലത്തെ രാഷ്ട്രീയ അജണ്ടകൾ കോർപറേറ്റ് ഉപശാലകളിൽ ഉരുത്തിരിയുന്നത് സാവധാനത്തിലാണ്. അവ രൂപപ്പെടുന്നതും നടപ്പാക്കപ്പെടുന്നതും സാവകാശത്തിലാണ്. എല്ലാം സാവകാശം എന്ന നയമാണ് മർഡോക്കിന്റേത്. ബാധിക്കുന്നതിനുമുമ്പ് വൈറസിന്റെ വരവ് ആരും അറിയുന്നില്ല. ഉള്ളടക്കമറിയാതെ സ്വീകരിക്കപ്പെടുന്ന മാധ്യമങ്ങളെയാണ് ആധുനികകാലത്തെ േട്രാജൻ കുതിരകളെന്ന് വിളിക്കുന്നത്.
ഏറ്റെടുക്കാനായില്ലെങ്കിൽ മെരുക്കിയെടുക്കുക; അതുമായില്ലെങ്കിൽ വെടക്കാക്കുക എന്നതാണ് ഇന്നത്തെ രീതി. പത്രങ്ങളുടെയും ചാനലുകളുടെയും സ്വാതന്ത്ര്യത്തിന്റെ തോത് അവയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്കറിയാം. മാനദണ്ഡങ്ങൾക്കനുസൃതമായി പഠനം നടത്തുന്ന അന്താരാഷ്ട്രസംഘടന പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യക്ക് നൽകിയ സ്ഥാനം 150 ആണ്. 180 രാജ്യങ്ങളിലെ അവസ്ഥയാണ് പരിശോധിക്കപ്പെട്ടത്. വിവരാവകാശനിയമത്തിന്റെ പിൻബലത്തോടെ പുഷ്ടിപ്പെടേണ്ട അന്വേഷണാത്മക പത്രപ്രവർത്തനം ഇല കൊഴിഞ്ഞ അവസ്ഥയിലായി. ജൽപനസ്വഭാവത്തിലുള്ള വിവാദങ്ങളിലും ഊതിപ്പെരുപ്പിക്കുന്ന പ്രാദേശികപരാതികളിലും അശ്ലീലസ്വഭാവമുള്ള ഊഹാപോഹങ്ങളിലും അഭിരമിച്ച് കാലക്ഷേപം നടത്തുകയാണ് മാധ്യമങ്ങൾ. ഒന്നു കുരച്ചാൽ കൊള്ളാമെന്നുണ്ട്; പക്ഷേ അത് വാലാട്ടിക്കൊണ്ടുള്ള മുരൾച്ചയിൽ ഒതുങ്ങുന്നു. സൂര്യന് അഭിമുഖമായി നിർത്തിക്കൊണ്ടാണ് ബ്യൂസിഫാലസിനെ അലക്സാണ്ടർ നിലക്കുനിർത്തിയത്. അധികാരമാകുന്ന സൂര്യനുനേരേ നിർത്തി മാധ്യമാശ്വങ്ങൾ മെരുക്കപ്പെടുന്നു.
പ്രബലമായ മാതൃഭൂമിയെ കൊത്തിപ്പറക്കാൻ ടൈംസ് ഓഫ് ഇന്ത്യ ശ്രമിച്ചപ്പോഴാണ് ഓഹരിയുടെ കരുത്തും കളിയും കേരളത്തിൽ സാമാന്യജനങ്ങൾ അറിഞ്ഞത്. വില കൂട്ടിപ്പറഞ്ഞ് വാങ്ങിക്കൂട്ടുന്ന ഓഹരികളുടെ ബലത്തിൽ കോർപറേറ്റ് ടേക്ക്ഓവറിന് മാതൃഭൂമിയെ വിട്ടുകൊടുക്കില്ലെന്ന നിലപാട് പൊതുസമൂഹത്തിനുണ്ടായി. ടൈംസ് ഓഫ് ഇന്ത്യയുടെ കൊക്കിൽ മാതൃഭൂമി ഒതുങ്ങാതായി. ഇന്ന് മാതൃഭൂമിയുടെ സംവിധാനത്തിലാണ് ടൈംസ് ഓഫ് ഇന്ത്യ കേരളത്തിൽ പ്രവർത്തിക്കുന്നത്. അത്തരം ജനകീയപ്രതിരോധം സാധ്യമാകാത്ത രീതിയിൽ കോർപറേറ്റ് പ്രവർത്തനങ്ങൾ അതാര്യവും അധൃഷ്യവും ആയിരിക്കുന്നു. ഭരണകൂടത്തിന്റെ പിന്തുണയോടെയും ഭരണകൂടത്തെ പിന്തുണച്ചും കഴിയുന്ന കോർപറേറ്റുകൾ ലെവിയാത്തൻ കണക്കേ ഭരണകൂടത്തെക്കാൾ വലുതായിക്കൊണ്ടിരിക്കുമ്പോൾ എതിർപ്പുകൾ അസാധ്യമാകുന്നു.
ഇന്ത്യയിലെ വിശപ്പകറ്റാൻ അമേരിക്കൻ വയലുകളിൽ ഗോതമ്പ് വിളയുന്ന കാലമായിരുന്നിട്ടും ഇന്ത്യൻ പത്രങ്ങളിൽ വിദേശമൂലധനം അനുവദിക്കില്ലെന്ന നിലപാട് പ്രധാനമന്ത്രി നെഹ്റു സ്വീകരിച്ചത് ജനാധിപത്യത്തിന്റെ പ്രവർത്തനത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകാതിരിക്കുന്നതിനുവേണ്ടിയായിരുന്നു. പത്രപ്രവർത്തനം വ്യവസായവും പത്രം ഉൽപന്നവും എന്ന ചിന്തക്ക് പ്രാമുഖ്യം നൽകുന്നവർ ഫോർത്ത് എസ്റ്റേറ്റിനെ റിയൽ എസ്റ്റേറ്റായി കാണുന്നു. ജനാധിപത്യത്തിലെ വിശുദ്ധമായ സ്ഥാപനം ആഗോളീകരണത്തിന്റെ തുറന്ന കമ്പോളത്തിൽ വിൽപനക്കു വെക്കപ്പെടുന്നു. പത്രങ്ങളിൽ അനുവദനീയമായ വിദേശമൂലധനം 26 ശതമാനത്തിൽ തുടങ്ങി ഇപ്പോൾ എവിടെ നിൽക്കുന്നു എന്നറിയില്ല.
ജനാധിപത്യത്തിലെ അഭിപ്രായപ്രകടനം ഉറപ്പാക്കേണ്ടത് ഇങ്ങനെയല്ല. അധികാരത്തിന്റെ ചതുരംഗപ്പലകയിൽ പണയംവെക്കാനുള്ളതല്ല മാധ്യമസ്വാതന്ത്ര്യം. അങ്ങനെയൊരു പണയമാണ് കുരുക്ഷേത്രത്തിലെ ഏറ്റുമുട്ടലിൽ അവസാനിച്ചത്. വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ വസ്തുതകളുടെ നേർക്കാഴ്ചയാണ് മാധ്യമങ്ങളെ ജനാധിപത്യത്തിലെ മാധ്യമങ്ങളാക്കുന്നത്. ഒരു ഇടയനും ഒരു തൊഴുത്തും എന്നത് യേശു നിരീക്ഷിച്ച ആദർശലോകമാണ്. പക്ഷേ മാധ്യമരംഗം അങ്ങനെയാകരുത്. സെൻസർഷിപ്പിനെക്കാൾ ഭയാനകവും അപകടകരവുമാണ് ഭിന്നസ്വരങ്ങൾക്ക് ഇടമില്ലാത്ത ഏകലായം. മർഡോക്കിനെ മധ്യേ നിർത്തി അംബാനിയും അദാനിയും കൈകോർക്കുമ്പോൾ സംഭവിക്കുന്നത് അതാണ്.
കോർപറേറ്റ് സബ്സിഡിയോടെ സൗജന്യമായോ വില കുറച്ചോ ലഭിക്കുന്ന മാധ്യമങ്ങളിലാണ് ഉപഭോക്താക്കളെന്ന നിലയിൽ വായനക്കാർക്കും േപ്രക്ഷകർക്കും താൽപര്യം. സൗജന്യങ്ങൾക്ക് വിലയുണ്ട്. അത് നമ്മൾ നൽകുമ്പോൾ നഷ്ടപ്പെടുന്നത് നമ്മുടെ അവകാശങ്ങളും സ്വാതന്ത്ര്യവുമാണ്. കോർപറേറ്റ് ചാരിറ്റിയെ ആശ്രയിക്കാതെ സമൂഹം നൽകുന്ന പിന്തുണയിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾ നമുക്കുണ്ടാകണം. പരസ്യങ്ങളെ ആശ്രയിക്കാതെ പത്രമിറക്കിയിരുന്ന ഗാന്ധിജിയുടെ തത്ത്വശാസ്ത്രം ഇന്നും സാധുവാണ്. പരസ്യത്തിനായി മാധ്യമസ്പേസ് പരസ്യദാതാക്കൾ ചോദിച്ചുവാങ്ങുന്ന അവസ്ഥയുണ്ടാകണം. തങ്ങളുടെ വരുമാനത്തിൽ പത്ത് ശതമാനം മാത്രമാണ് വാർത്തയുടെ വിപണനത്തിൽനിന്നുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ മേധാവി വിനീത് ജെയിൻ പറഞ്ഞു. വരുമാനത്തിന്റെ 90 ശതമാനവും പരസ്യങ്ങളിൽനിന്നാണെന്നാണ് ഇതിന്റെ അർഥം. ഈ അനുപാതത്തിൽ മാറ്റമുണ്ടാകണം. കുടിക്കാൻ കൊള്ളാത്ത റെയിൽവേ ചായക്ക് 10 രൂപ ആകാമെങ്കിൽ ഗുണപരമായ വായനക്ക് വകയാകുന്ന പത്രത്തിന് എന്തുകൊണ്ട് അത്രയും ആയിക്കൂടാ? ഓട്ടോറിക്ഷക്ക് മിനിമം ചാർജ് 30 രൂപയാണെങ്കിൽ വിഭവസമൃദ്ധമായ ആഴ്ചപ്പതിപ്പിനും അത്രയും ആയിക്കൂടേ? കോർപറേറ്റ് വിധേയത്വത്തിൽനിന്ന് മാധ്യമങ്ങളെ വീണ്ടെടുക്കുന്നതിനുള്ള ഉത്തരവാദിത്തം നമ്മൾ ജനങ്ങൾക്കുണ്ട്. നമ്മൾ നൽകാൻ നിർബന്ധിതരാകുന്ന ചെറിയ വില സ്വാതന്ത്ര്യത്തിന്റെ നിലനിൽപിനു നൽകുന്ന വലിയ വിലയായി മാറും.