ഒരു രാഷ്ട്രീയ തടവുകാരന്റെ ജയിൽജീവിതം

മാവോവാദി പ്രവർത്തനം ആരോപിക്കപ്പെട്ട് ഒമ്പതര വർഷം തമിഴ്നാട്ടിലെ ജയിലുകളിൽ അടക്കപ്പെട്ട അനൂപ് മാത്യു ജോർജ് അടുത്തിടെ ജാമ്യത്തിൽ മോചിതനായി. അദ്ദേഹം തന്റെ ജയിൽ അനുഭവങ്ങളും ജീവിതവും ജയിലിലെ പോരാട്ടങ്ങളും എഴുതുന്നു. 2015 മേയ് നാല്, അതുവരെയുള്ള ജീവിതത്തിൽനിന്നും അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കപ്പെടുന്ന ദിവസമായിരിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല –ഗൗരവമായ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക്, ഈ സന്ദർഭവുമായി, ഇന്നല്ലെങ്കിൽ നാളെ ഏറ്റുമുട്ടേണ്ടിവരുമെന്ന യാഥാർഥ്യം ഉൾക്കൊണ്ടിരുന്നുവെങ്കിലും. അന്നാണ് രൂപേഷ്, ഷൈന, വീരമണി, കണ്ണൻ എന്നീ നാല് സഖാക്കളും ഞാനും...
Your Subscription Supports Independent Journalism
View Plansമാവോവാദി പ്രവർത്തനം ആരോപിക്കപ്പെട്ട് ഒമ്പതര വർഷം തമിഴ്നാട്ടിലെ ജയിലുകളിൽ അടക്കപ്പെട്ട അനൂപ് മാത്യു ജോർജ് അടുത്തിടെ ജാമ്യത്തിൽ മോചിതനായി. അദ്ദേഹം തന്റെ ജയിൽ അനുഭവങ്ങളും ജീവിതവും ജയിലിലെ പോരാട്ടങ്ങളും എഴുതുന്നു.
2015 മേയ് നാല്, അതുവരെയുള്ള ജീവിതത്തിൽനിന്നും അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കപ്പെടുന്ന ദിവസമായിരിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല –ഗൗരവമായ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക്, ഈ സന്ദർഭവുമായി, ഇന്നല്ലെങ്കിൽ നാളെ ഏറ്റുമുട്ടേണ്ടിവരുമെന്ന യാഥാർഥ്യം ഉൾക്കൊണ്ടിരുന്നുവെങ്കിലും. അന്നാണ് രൂപേഷ്, ഷൈന, വീരമണി, കണ്ണൻ എന്നീ നാല് സഖാക്കളും ഞാനും ആന്ധ്ര-തമിഴ്നാട് സംസ്ഥാന പൊലീസിന്റെ ജോയന്റ് ഗ്രൂപ്പിനാൽ അറസ്റ്റ് ചെയ്യപ്പെടുന്നത്. ജീവിതത്തിൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ, ആ സന്ദർഭത്തിൽ കുറച്ചുനേരത്തേക്ക് മനസ്സ് ശൂന്യമായി. ഇനിയെന്ത് എന്നതിനെപ്പറ്റി ഒരു ചെറു സൂചനപോലും മുന്നിൽ ഇല്ലാത്തതിന്റെ അരക്ഷിതാവസ്ഥ ശക്തം.
കോയമ്പത്തൂരിലെ കരുമത്തംപെട്ടി എന്ന സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യപ്പെട്ട്, വാളയാർ ഭാഗത്തേക്ക് കൊണ്ടുപോകുേമ്പാൾ മുൻ സീറ്റിലിരുന്ന രൂപേഷ് ബ്രേക്ക് ചവിട്ടി വാഹനം നിർത്തി. ഞങ്ങൾ ആ സമയം പുറത്തിറങ്ങി റോഡിൽ ഇരുന്ന് മുദ്രാവാക്യം മുഴക്കി. റോഡ് ബ്ലോക്ക് ആവുകയും ആളുകൾ ചുറ്റും കൂടുകയും ചെയ്തു. ഞങ്ങൾ ഞങ്ങളുടെ ഐഡന്റിറ്റി വിളിച്ചുപറഞ്ഞു. പൊലീസ് സംഘം ബലംപ്രയോഗിച്ച് എവിടേക്കോ കൊണ്ടുപോവുകയാണെന്നും ഞങ്ങളുടെ വിഡിയോ റെക്കോഡ് ചെയ്യണമെന്നും കൂടിനിന്നവരോട് ആവശ്യപ്പെട്ടു. അങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അക്കാര്യം എല്ലാവരുടെയും ശ്രദ്ധയിൽവന്നതിനാൽ, മറ്റു വഴികളില്ലാതെ, ക്യൂ ബ്രാഞ്ച് ഓഫിസിലേക്ക് ഞങ്ങളെ കൊണ്ടുപോയി.
അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ലാത്തതിനാലും അറസ്റ്റ് ചെയ്യപ്പെട്ട വിവരം അഭിഭാഷകനോടും ബന്ധുക്കളോടും അറിയിക്കാൻ വിസമ്മതിച്ചതിനാലും പിറ്റേന്ന് വൈകുന്നേരം 4 മണിക്ക് കോടതിയിൽ ഹാജരാക്കുന്നതുവരെയുള്ള ഒരു നടപടിക്രമങ്ങളിലും ഞങ്ങൾ സഹകരിച്ചില്ല. ഇതിനിടയിൽ അറസ്റ്റ് വിവരം വൻ മാധ്യമ വാർത്തയായി.
മാത്രവുമല്ല, രക്തചന്ദന മരങ്ങൾ കടത്തുന്നു എന്ന് ആരോപിച്ച് തമിഴ്നാട്ടിലെ ഗ്രാമീണരായ കുറെ മനുഷ്യരെ ആന്ധ്ര പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിന്റെ പ്രതിഷേധങ്ങളും, ആ സമയത്ത് തമിഴ്നാട്ടിൽ ശക്തമായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ നിയമവിരുദ്ധ കസ്റ്റഡിയിൽ വെക്കാൻ ശ്രമിക്കാതെ, അഞ്ചാം തീയതി വൈകുന്നേരം നാലു മണിക്ക് ഞങ്ങളെ സെഷൻസ് കോടതിയിൽ ഹാജരാക്കി. കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്ക് ഞങ്ങളെ റിമാൻഡ് ചെയ്തു. അങ്ങനെ ജീവിതത്തിൽ ആദ്യമായി, വർഗ വിഭജനം സമൂഹത്തിൽ രൂപംകൊണ്ട കാലം മുതൽ നിലനിന്നിരുന്ന ജയിൽ എന്ന സ്ഥാപനത്തിലേക്ക് പ്രവേശിച്ചു.
ബ്രിട്ടീഷ് ഇന്ത്യയുടെ കാലം മുതൽ, രാജ്യത്തെ പ്രധാന ജയിലുകളിൽ ഒന്നാണ് കോയമ്പത്തൂർ സെൻട്രൽ പ്രിസൺ. പല രാഷ്ട്രീയ തടവുകാരും 1947ന് മുമ്പും പിമ്പും ആ തടവറയിലൂടെ കടന്നുപോയിട്ടുണ്ട്. മലബാർ കലാപത്തിലെ പോരാളികൾ, ക്വിറ്റ് ഇന്ത്യ സമര പോരാളികൾ, മലബാറിൽനിന്നടക്കമുള്ള കമ്യൂണിസ്റ്റുകൾ, ഭാഷാ പോരാളികൾ, ഈഴത്തിനുവേണ്ടി ശബ്ദമുയർത്തിയവർ എന്നിങ്ങനെ നിരവധിപേർ. അത്തരത്തിൽ വലിയ ചരിത്രമുള്ള ഒരു സ്ഥാപനത്തിന്റെ മുന്നിൽ ആദ്യമായി കൊണ്ടുചെന്ന് നിർത്തപ്പെടുമ്പോൾ, ആ ചരിത്രത്തിന്റെ ഭാഗമാകുന്നതിന്റെ ഒരു ആവേശം ഉള്ളപ്പോൾതന്നെ, ജയിൽജീവിതമെന്ന ഇതുവരെ മനസ്സിലാക്കിയിട്ടില്ലാത്ത ജീവിതത്തെ ആദ്യമായി അഭിമുഖീകരിക്കേണ്ടി വരുന്നതിന്റെ ആശങ്ക മനസ്സിലേക്ക് ഓടിവന്നുകൊണ്ടിരുന്നു.
ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയെ തടഞ്ഞുനിർത്തുന്ന തടയണ പോലെയാണല്ലോ ചലിച്ചുകൊണ്ടിരിക്കുന്ന മനുഷ്യജീവിതങ്ങളെ പെട്ടെന്നൊരു ദിവസം നിശ്ചലമാക്കുന്ന തടവറകൾ. അതിൽ വന്നുമുട്ടുമ്പോൾ പല മനുഷ്യരും പലരീതിയിലാകും പ്രതികരിക്കുക. എന്നെ സംബന്ധിച്ച് അതുവരെയുള്ള രാഷ്ട്രീയ ജീവിതം നിശ്ചലമാക്കേണ്ടിവന്നതിന്റെ അമർഷം, ഒരു സാധാരണ വില്ലേജ് ഓഫിസിൽ പോയാൽപോലും ഉദ്യോഗസ്ഥരുടെ മനം മടുപ്പിക്കുന്ന ഹുങ്ക് കാണേണ്ടിവരുന്നത് അലോസരമായി തോന്നുന്ന എനിക്ക് ജയിൽപോലുള്ള ഒരു സ്ഥാപനത്തിൽ എത്ര നാളുകൾ കഴിച്ചുകൂട്ടേണ്ടിവരുമെന്നതായിരുന്നു ആധി. 18 വയസ്സിനുശേഷം, പുറത്തേക്കെവിടേക്കും പോവാതെ, മുറിക്കകത്തു മാത്രമായി ഇരുന്ന ദിവസങ്ങൾ വളരെ അപൂർവമായതിനാൽ, ഇനി എത്ര നാളുകൾ എടുക്കും അത്തരമൊരവസ്ഥയിലേക്ക് മടങ്ങിപ്പോകാൻ എന്നതടക്കം പല വികാരങ്ങളാണ് ആ സമയം മനസ്സിലൂടെ കടന്നുപോയത്.

രൂപേഷിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നു
അതിനാൽതന്നെ അത്തരം വികാരവിചാരങ്ങളെ മറികടക്കാനുള്ള ഒരു മാർഗം, നമ്മൾ രൂപപ്പെടുത്തിയെടുത്ത രാഷ്ട്രീയ-ധാർമിക ബോധത്തിനെ പൂർണാർഥത്തിൽ പ്രയോഗിച്ചുകൊണ്ട് ആ സ്ഥാപനത്തിലേക്ക് ഇടിച്ചുകയറുക എന്നതുതന്നെയാണ്. കൂടെ അറസ്റ്റ് ചെയ്യപ്പെട്ടവരും അതുപോലെതന്നെ ചിന്തിച്ചതിനാൽ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഞങ്ങൾ ആ ജയിലിലേക്ക് പ്രവേശിച്ചു. നിരവധി രാഷ്ട്രീയ തടവുകാരെ കണ്ട ആ ജയിലിന്റെ ചുറ്റുമതിൽ, ഒരുപക്ഷേ, ഈ അടുത്തകാലത്ത് ഇത്തരത്തിലുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങൾ അതിന്റെ പരിസരത്ത് കേട്ടിരിക്കാൻ സാധ്യത കുറവാണ്.
ജയിൽ ഉദ്യോഗസ്ഥർക്കും പെട്ടെന്നെങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്തതിനാൽ ആരും ഇടപെട്ടില്ല. ഉള്ളിൽ വന്നുകഴിഞ്ഞാൽ ശരീര പരിശോധനയാണ് ആദ്യ പരിപാടി. അതായത് ഇനി നിനക്ക് നിന്റേതായ ഒരു വ്യക്തിത്വവും ഇല്ല എന്നും, നിന്റെ ശരീരത്തിലെ മലദ്വാരങ്ങളുടെ വരെ അവകാശി തങ്ങൾ ആണെന്നും ഒരു തടവുകാരനെ ജയിലിൽ പ്രവേശിച്ച് അഞ്ചു മിനിറ്റിനുള്ളിൽ പഠിപ്പിച്ചുകൊടുക്കുന്ന പരിപാടി. ജയിൽ എന്ന പേരുമാറ്റി പ്രിസൺ ആൻഡ് കറക്ഷണൽ ഹോം എന്നാക്കിയെങ്കിലും, കൊളോണിയൽ ബ്രിട്ടനേക്കാളും പിന്തിരിപ്പനായി മാത്രമേ ലിബറൽ ഡെമോക്രസി എന്നവകാശപ്പെടുന്ന ഭരണകൂടത്തിന് ഇടപെടാൻ കഴിയൂ എന്ന പരിമിതി ബോധ്യപ്പെടുത്തുന്ന ആദ്യത്തെ അവസരം കൂടിയാണ് ജയിലിൽ ഇത്.
വ്യക്തിയുടെ അടിസ്ഥാന അവകാശങ്ങൾ അക്കമിട്ടു പറയുന്ന ഭരണഘടനയെ പറ്റി അംബേദ്കർ പറഞ്ഞിരുന്നത്, നിങ്ങൾ എത്ര മഹത്തായ കാര്യങ്ങൾ എഴുതിവെച്ചാലും സാമൂഹികവും സാമ്പത്തികവും ആയ അസമത്വവും ജനാധിപത്യവിരുദ്ധമായ മാനസിക അവസ്ഥയും െവച്ചുപുലർത്തുന്ന കാലത്തോളം, ഭരണഘടനക്ക് സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ വലിയ സ്ഥാനം ഒന്നും ഉണ്ടാകുകയില്ല എന്നാണ്. ഇന്ത്യൻ സമൂഹത്തിൽ ഭരണഘടനയുടെ അവസ്ഥതന്നെ ദയനീയമായി തുടരുമ്പോൾ ഒാപറേഷൻ നടത്താനുള്ള ഔദ്യോഗിക സ്ഥാപനമായി രൂപവത്കരിക്കപ്പെട്ട ജയിൽപോലുള്ള സ്ഥാപനങ്ങളുടെ നിയമാവലികളെ കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.
അതിനാൽതന്നെ ജയിൽ നിയമങ്ങളിൽനിന്നുകൊണ്ടല്ല, നമ്മുടെ ഉള്ളിലുള്ള നീതിബോധത്തിൽനിന്നുകൊണ്ട് ജയിൽ വിഷയങ്ങൾ നോക്കിക്കാണുന്നതാണ് നല്ലത്. അതല്ല എങ്കിൽ, കാലപ്പോക്കിൽ, ആ പിന്തിരിപ്പൻ നിയമാവലികളുടെ അടിസ്ഥാനത്തിൽ നമ്മുടെ ജയിൽജീവിതത്തെ നാമറിയാതെ തന്നെ ക്രമീകരിക്കാനായി ആരംഭിക്കും. സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മൾ നിലനിൽക്കുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും നമ്മുടെ ബോധത്തെ സ്വാധീനിച്ചുകൊണ്ടേയിരിക്കുമല്ലോ.
ജയിൽ ഉദ്യോഗസ്ഥരുടെ മുന്നിൽ തടവുകാരുടെ അടിവസ്ത്രം അടക്കം ഊരി നഗ്നമാക്കി നിർത്തുക എന്നതാണ് ലിബറൽ ജനാധിപത്യ രാജ്യമായ ഇന്ത്യൻ തടവറകളിലെ ശരീര പരിശോധന. ആദ്യത്തെ ദിവസംതന്നെ ഞങ്ങൾ അങ്ങനെ നിന്നുകൊടുക്കാൻ വിസമ്മതിച്ചു. ഉടുക്കാൻ മുണ്ട് കൊണ്ടുവന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഊരിക്കൊടുത്തു. അതും ആദ്യത്തെ ആ ദിവസം മാത്രം. പിന്നീടുള്ള ഒമ്പതര വർഷങ്ങളിൽ ഒരിക്കൽപോലും ഫ്രിസ്‌ക്കിങ്ങിന് (ദേഹത്ത് തൊട്ടു പരിശോധിക്കുക) മാത്രമാണ് നിന്നുകൊടുത്തിട്ടുള്ളത്. ജയിലിനുള്ളിൽ ഞാൻ കഴിഞ്ഞിരുന്നത് ഹൈ സെക്യൂരിറ്റി ബ്ലോക്കിലാണ്.
അവിടെ ജയിൽ ഉദ്യോഗസ്ഥർക്ക് അല്ലാതെ മറ്റാർക്കും പ്രവേശനമില്ല. 28 സെല്ലുകളുള്ള ആ ബ്ലോക്കിൽ മിക്കവാറും ഞങ്ങൾ മൂന്നോ നാലോ പേരാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ അവിടെ ഉണ്ടായിരുന്നത്. കോടതി ആവശ്യങ്ങൾക്കായി പുറത്തേക്ക് പോയി വന്നിരുന്നത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ഫോഴ്സിന്റെ എസ്കോർട്ടിലാണ്. അഭിഭാഷകനോട് സംസാരിക്കുന്നതുപോലും തടയാൻ ശ്രമിക്കുന്ന അവരുടെ കണ്ണുവെട്ടിച്ച് നമുക്കൊന്നുംതന്നെ ചെയ്യാനുള്ള സാധ്യതകളും ഇല്ല. നിയമവിരുദ്ധമായ ഒന്നുംതന്നെ ഇത്തരം യാത്രകളിൽ നടക്കാൻ സാധ്യതയിെല്ലന്ന് കൃത്യമായി അറിയുമെങ്കിലും, നമ്മൾ പുറത്തുപോയി വരുമ്പോൾ നമ്മുടെ ഉടുതുണി ഊരി കാണണം എന്നാണ് ജയിൽ അധികൃതരുടെ ആഗ്രഹം.
ജയിൽ നിയമങ്ങളെയാണ് പിൻപറ്റാൻ ശ്രമിക്കുന്നതെങ്കിൽ തീർച്ചയായും നമ്മൾ ഈ പരിശോധനകൾക്ക് വിധേയമാകണം. ജയിൽ നിയമങ്ങളിൽ, ഇത്തരം പരിശോധനകളിൽ തടവുകാരന്റെ അന്തസ്സും സ്വകാര്യതയും പരിഗണിക്കണമെന്ന് പറയുന്നുണ്ടെങ്കിലും അതിനെ മറികടക്കാൻ അഡ്മിനിസ്ട്രേഷന് കഴിയുന്ന തരത്തിലാണ് ദേഹ പരിശോധനയെ പറ്റിയുള്ള ബാക്കിയുള്ള ചട്ടങ്ങളെല്ലാം. നമ്മുടെ ഉള്ളിലുള്ള നീതിബോധം, മനുഷ്യ അന്തസ്സിനെ പറ്റിയുള്ള കാഴ്ചപ്പാട് എന്നിവ ഈ ലിബറൽ ഡെമോക്രാറ്റിക് ഭരണകൂടത്തിന്റെ കാഴ്ചപ്പാടിനെക്കാൾ ഉന്നതമായതിനാൽ മറ്റൊരു മനുഷ്യന്റെ മുന്നിൽ പിന്നീടുള്ള 9 വർഷവും നമ്മളായി തുണി ഉരിയാൻ നിന്നിട്ടില്ല. എല്ലാവരുടെയും നഗ്നത കണ്ട് ഉത്തേജിതമായ ഭരണകൂടം, ഒരു വ്യത്യസ്തതക്കുവേണ്ടിയാകാം, അങ്ങനെയിരിക്കെ, ഇടക്കിടക്ക് ഞങ്ങളുടെ നഗ്നത കാണാനായി ബലം പ്രയോഗിക്കാറുണ്ട്. എന്തൊക്കെയായാലും ഇക്കാര്യത്തിൽ കഴിഞ്ഞ ഒമ്പതു വർഷവും മനുഷ്യാന്തസ്സിനായി നിലപാടെടുത്തുകൊണ്ട് ഗവൺമെന്റിന്റെ തുണിയുരിയൽ പരിപാടിയെ ചെറുത്തുനിൽക്കാൻ കഴിഞ്ഞിരുന്നു എന്നതിൽ സന്തോഷമുണ്ട് ഇപ്പോൾ.
അഞ്ചാം തീയതി വീണ്ടും കോടതിയിൽ ഞങ്ങൾ അഞ്ചുപേരെയും ഹാജരാക്കി. തുടർന്നുള്ള പത്തു നാളുകൾ പൊലീസ് കസ്റ്റഡി. തമിഴ്നാട്ടിൽ നിരവധി രാഷ്ട്രീയ തടവുകാരെ മുമ്പ് കൈകാര്യംചെയ്ത അനുഭവം ഉള്ളതിനാൽ, പൊലീസ് കസ്റ്റഡിയിൽ, ഏതെങ്കിലും തരത്തിലുള്ള വയലൻസിന് അന്വേഷണ ഏജൻസിയായ ക്യൂ ബ്രാഞ്ച് പൊലീസ് ശ്രമിച്ചില്ല. പക്ഷേ, ക്യൂ ബ്രാഞ്ച് കസ്റ്റഡിയിൽ കഴിയുമ്പോൾതന്നെ ഞങ്ങളെ ചോദ്യംചെയ്യാൻ വന്ന എൻ.ഐ.എ പോലുള്ള ഏജൻസികളുടെയും, കേരള പൊലീസിന്റെയും ഒന്നും സമീപനം ആ തരത്തിലായിരുന്നില്ല.
പൊതുപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് സഖാക്കളെ പറ്റി മസാല കലർത്തിയ അപഖ്യാതികൾ പറയുകയും, അത് നമ്മൾ കേട്ടുകൊണ്ടിരിക്കുകയും ചെയ്യണം എന്നതാണ് അവർ ചോദ്യംചെയ്യൽകൊണ്ട് ഉദ്ദേശിച്ചത്. വ്യക്തിജീവിതത്തിലെ, അത് പൊതുപ്രവർത്തകരുടേതായാലും സാധാരണക്കാരന്റേതായാലും കക്കൂസ് മാലിന്യങ്ങൾ ചുഴിഞ്ഞിറങ്ങാൻ താൽപര്യമിെല്ലന്ന് പറഞ്ഞതോടുകൂടി ഇന്ത്യയിലെതന്നെ ഏറ്റവും പ്രഫഷനൽ അന്വേഷണ സംഘടന എന്നവകാശപ്പെടുന്ന ഏജൻസികളുടെ സമനില തെറ്റി. ലിബറൽ ഡെമോക്രാറ്റിക് ആയ ഭരണകൂടത്തിന്റെ, ഏറ്റവും മികച്ച അന്വേഷണ ഏജൻസി, തെളിവെടുപ്പിനാണെന്ന് പറഞ്ഞ് കൊണ്ടുപോയി കൊന്നുകളയും എന്ന് പരസ്യമായി ഭീഷണിമുഴക്കി.

അരുന്ധതി റോയിയുടെ നോവൽ വായിച്ച് അനൂപ് മാത്യു ജോർജ് എഴുതിയ കത്തിന് ലഭിച്ച മറുപടി
അതുവരേക്കും ഒരു യു.എ.പി.എ കേസിൽപോലും പ്രതിയാക്കപ്പെട്ടിട്ടില്ലാത്ത ഞാൻ, തുടർന്ന് 13 കേസുകളിൽ പ്രതിചേർക്കപ്പെട്ടു. അതിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കേരള പൊലീസ് എന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. ദിവസങ്ങളോളം തുടരുന്ന ഓരോ കസ്റ്റഡിയിലും, ഭൂരിപക്ഷം സമയവും, നമ്മളെ ഏതെങ്കിലും സ്റ്റേഷൻ ലോക്കപ്പിൽ വെറുതെ ഇരുത്തുകയാകും പതിവ്. കേസിനെ സംബന്ധിച്ചുള്ള കഥയും തിരക്കഥയും എല്ലാം അവർ സ്വയം തയാറാക്കുന്നതിനാൽ നമ്മൾ കൊതുകുകടിയുംകൊണ്ട് സെല്ലിൽ ദിവസം മുഴുവൻ ഇരിക്കണം. എന്നെ ചോദ്യംചെയ്യാൻ വിളിപ്പിച്ചാൽ ഇരിക്കാനായി കസേര ആവശ്യപ്പെടുന്നതിനാലും നിലവിലുള്ള സാഹചര്യത്തിൽ ഒരു പ്രതി ഏമാന്റെ മുന്നിൽ കസേരയിലിരുന്ന് സംസാരിക്കുന്നത് കാണുന്നതുതന്നെ ലിബറൽ ഡെമോക്രാറ്റിക് ഭരണകൂടത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നതായതിനാലും അവർ പ്രത്യേകിച്ച് ചോദ്യംചെയ്യാനൊന്നും നിന്നുമില്ല.
ഇതിനിടയിൽ എറണാകുളത്ത് ഒരു കേസിന്റെ പൊലീസ് കസ്റ്റഡിയിൽ കഴിയുമ്പോൾ നോർത്ത് ഇന്ത്യക്കാരനായ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ എന്നെ കാണാനായി അവിടെയെത്തി. സാധാരണ നമ്മളെ ഒരു മുറിയിൽ ഇരുത്തിയതിനു ശേഷം അവിടേക്ക് ഉദ്യോഗസ്ഥർ വരുന്നതാണ് പതിവ്. എന്നാൽ, എനിക്ക് കസേരപ്രേമം ഉള്ളതിനാൽ ഇത്തവണ അദ്ദേഹവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഒരു കോൺഫറൻസ് റൂമിൽ നേരത്തേതന്നെ വന്നിരിക്കുകയും അവിടേക്ക് എന്നെ കൊണ്ടുപോവുകയുംചെയ്തു. മുറിയിൽ പ്രവേശിച്ച ഉടൻതന്നെ അദ്ദേഹം ചോദ്യംചെയ്യൽ ആരംഭിച്ചു. ഞാൻ ഒരു രാഷ്ട്രീയതടവുകാരൻ ആണെന്നും, അതായത് എന്റെ സമ്മതമില്ലാതെ ഗവൺമെന്റിനാൽ തടഞ്ഞുെവക്കപ്പെട്ട ആളാണെന്നും അതിനാൽതന്നെ എനിക്ക് മുമ്പുണ്ടായിരുന്ന രാഷ്ട്രീയ തടവുകാരുടെ പോരാട്ടങ്ങളോട് നീതിപുലർത്താനും, ഇനി സൃഷ്ടിക്കപ്പെടാൻ പോകുന്ന രാഷ്ട്രീയത്തടവുകാർക്ക് മാതൃകയാകാനും ചോദ്യംചെയ്യലിന് വിധേയനാകുമ്പോൾ ഇരിക്കാനായി ഒരു കസേര നൽകണമെന്ന് വളരെ വിനയത്തോടെ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
അരുതാത്തത് എന്തോ കേട്ടപോലെ തുടർന്ന് അഞ്ച് മിനിറ്റോളം ആ ഉന്നത ഉദ്യോഗസ്ഥൻ കോപംകൊണ്ട് വിറച്ചു. വായിൽ വന്ന എന്തൊക്കെയോ തെറി പറഞ്ഞുകൊണ്ട് എന്നെ അവിടെനിന്നും കൊണ്ടുപോകാനായി അലറി. ഒരു നിസ്സാര കസേര ചോദിച്ചാൽ തന്നെ ഹാലിളകുന്ന ഈ ഭരണകൂടത്തോടിനി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നൊക്കെ ആവശ്യപ്പെട്ടാൽ എന്തായിരിക്കും പ്രതികരണമെന്ന് ആലോചിച്ച് ഞാൻ ലോക്കപ്പിലേക്ക് മടങ്ങി. ആദ്യത്തെ ആറുമാസത്തിനുള്ളിൽ മിക്കവാറും എല്ലാ കേസുകളിലെയും കസ്റ്റഡി അവസാനിച്ചു.
അതുവരേക്കും ഉള്ള ജീവിതത്തിൽ ഭരണകൂട സ്ഥാപനങ്ങളുമായി വലിയ ഇടപെടലുകൾ ഒന്നും നേരിട്ട് ഉണ്ടായിരുന്നില്ലാത്തതിനാൽ, ഒരു ആധുനിക ജനാധിപത്യ രാജ്യത്തിന് ഉണ്ടായിരിക്കേണ്ടുന്ന മിനിമം ചില ജനാധിപത്യ മര്യാദകൾ ഈ ഭരണകൂടത്തിന് ഉണ്ടായിരിക്കുമെന്ന ചെറിയൊരു തെറ്റിദ്ധാരണ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. മാത്രവുമല്ല, ജനങ്ങളുടെ ഇടയിൽ രാഷ്ട്രീയപ്രവർത്തനം നടത്തിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ, രാഷ്ട്രീയമായി നമ്മെ വിമർശിച്ചിരുന്ന ശക്തികൾ, ഭരണഘടന മൂല്യങ്ങളെക്കുറിച്ചും അത് വ്യക്തിക്ക് നൽകുന്ന അടിസ്ഥാന അവകാശങ്ങളെക്കുറിച്ചും, ആ അവകാശങ്ങൾ ഏതെങ്കിലും ലംഘിക്കപ്പെടുന്ന അവസരങ്ങളിൽ അതിൽ ഇടപെട്ടുകൊണ്ട് വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടന സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചും ഉയർത്തിക്കൊണ്ടുവന്നിരുന്ന വാദഗതികളിലെ യാഥാർഥ്യമില്ലായ്മയെ നമ്മൾ വിമർശിച്ചിരുന്നുവെങ്കിലും, അവരുടെ വാദഗതിയിലെ പൊള്ളത്തരം പൂർണമായി മനസ്സിലാക്കുന്നത് ഈ ഒമ്പതര വർഷത്തെ ജയിൽ ജീവിതത്തിലാണ്.
ശാരീരികമായ മർദനംതന്നെയാണ് ജയിലിലെ അനീതികളിൽ ഏറ്റവും മുഖ്യം. കസ്റ്റോഡിയൽ വയലൻസിനെതിരെ വ്യക്തമായ ഭാഷയിൽ ജയിൽ മാന്വലിൽ നിയമങ്ങൾ എഴുതിവെക്കപ്പെടുകയും നിരവധി ഹൈകോടതി, സുപ്രീംകോടതി വിധികൾ ഇതിനെതിരെ ഉണ്ടാവുകയും യു.എൻ അടക്കമുള്ള സ്ഥാപനങ്ങൾ ഇതിനെതിരെ പ്രമേയങ്ങൾ പാസാക്കുകയും ചെയ്തുവെങ്കിലും, ഒരു തടസ്സവും കൂടാതെ കസ്റ്റഡി വയലൻസ് ഇന്ത്യൻ ജയിലുകളിൽ ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. കോയമ്പത്തൂർ ജയിലിൽ ഞങ്ങളെ പാർപ്പിച്ചിരുന്നത് ‘ടെന്‍ എ’ എന്ന അതിസുരക്ഷാ ബ്ലോക്കിലാണ്. അതിസുരക്ഷ എന്ന കൺസെപ്റ്റ് അതിന്റെ പൂർണാർഥത്തിൽ തന്നെ കോയമ്പത്തൂർ ജയിലിൽ നടപ്പാക്കിയിരുന്നതിനാൽ മറ്റ് തടവുകാരോട് ഗുണപരമായ ആശയവിനിമയം നടത്താൻ ഞങ്ങൾക്ക് ഒരിക്കലും സാധ്യമാകുമായിരുന്നില്ല. അതിനാൽതന്നെ ഇത്തരം സന്ദർഭങ്ങളിൽ സംഘടിതമായ പ്രതിഷേധം രൂപപ്പെടുത്താൻ വളരെ പ്രയാസമാണ് അവിടെ.
എണ്ണമറ്റ വൈജാത്യങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നതു പോലെ, നിയമ ലംഘനങ്ങളുടെ തലവും അനന്തമാണ്. അതിൽ ഭൂരിഭാഗം തടവുകാരും ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കുറ്റാരോപണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും, ജയിലിൽ എത്തിയിരിക്കുന്നത്. കൊലപാതകം (അതുതന്നെ പലതരത്തിൽ- പണം വാങ്ങി മറ്റൊരാൾക്കായി ചെയ്യുന്നത്, പെട്ടെന്നുള്ള പ്രകോപനത്താൽ ചെയ്യുന്നത്, പ്രതികാരത്തിനായി ചെയ്യുന്നത്, കടപ്പാടിന്റെ ഭാഗമായി ചെയ്യുന്നത് എന്നിങ്ങനെ പലതും), സ്ത്രീകളോടും കുട്ടികളോടും നടത്തുന്ന ലൈംഗിക അതിക്രമങ്ങൾ, മോഷണം, ചതിവ്, ജാതീയ അതിക്രമങ്ങൾ എന്നിങ്ങനെ പലതരത്തിലുള്ള കുറ്റങ്ങൾ.
വ്യക്തികൾ പലതരത്തിലുള്ള ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായും ആ വ്യക്തികളെ പിടിച്ച് ഒരു ചുറ്റുമതിലിനുള്ളിൽ പൂട്ടിവെക്കുന്നതോടുകൂടി ഇത്തരം കുറ്റകൃത്യങ്ങളിൽനിന്ന് സമൂഹത്തെ രക്ഷിച്ചെടുക്കാമെന്നും അധീശ പ്രത്യയശാസ്ത്രം നമ്മെ പഠിപ്പിച്ചുെവച്ചിരിക്കുന്നു. എന്നാൽ, ഈ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനമായ ചിന്തകൾ, ആലോചനകൾ എല്ലാംതന്നെ സമൂഹത്തിന്റെ പൊതുബോധത്തിൽനിന്ന് ഉടലെടുക്കുന്നതാണ് എന്നത് പലപ്പോഴും നാം ബോധപൂർവം മറക്കുന്നു. അതിനാൽ, നഗരത്തിന് നടുവിലുള്ള ഒരു തടവറയുടെ മുന്നിൽക്കൂടി നടന്നുപോകുമ്പോഴും രാത്രിയിൽ മസാല കലർത്തിയ ക്രൈം സ്റ്റോറികൾ ചാനലുകൾ വിളമ്പിത്തരുന്നത് ആകാംക്ഷയോടെ കേട്ടുകൊണ്ടിരിക്കുമ്പോഴും, ഒരു വ്യാജ സംതൃപ്തി നമുക്കുണ്ടാകുന്നു. കാരണം അവരിൽ, ആ കുറ്റവാളികളിൽ നമ്മൾ ഇല്ലല്ലോ.

അനൂപ് മാത്യു ജോർജ് ജയിൽമോചിതനായപ്പോൾ. സമീപം ഒപ്പം അറസ്റ്റിലായ കണ്ണനും മനുഷ്യാവകാശ പ്രവർത്തകൻ സി.പി. റഷീദും
വിവാഹ പരസ്യം നൽകുമ്പോൾ ജാതി മാത്രമല്ല ജാതിയുടെ ഉൾപ്പിരിവുകൾകൂടി ചേർത്ത് പരസ്യം നൽകുന്ന ബ്രാഹ്മണ്യ ചിന്താബോധമാണ് ജാതീയ അടിച്ചമർത്തലുകൾ നടത്തുന്ന കുറ്റവാളികളെ നിർമിക്കുന്നതെന്നും ആണിലും പെണ്ണിലും നിലനിൽക്കുന്ന പുരുഷാധിപത്യത്തിന്റെ ചിന്തകളാണ് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നതെന്നും, കൈക്കൂലി, അഴിമതി, കമീഷൻ എന്നിവ ജീവശ്വാസമായി ഉൾക്കൊണ്ടിരിക്കുന്ന മുതലാളിത്തത്തിന്റെ മനസ്സാക്ഷിയാണ് മോഷണം, പിടിച്ചുപറി, കൊലപാതകങ്ങൾ നടത്തുന്ന കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും നാം ബോധപൂർവം മറക്കുന്നു.
കാരണം അത് ഓർമയിലേക്ക് വന്നാൽ, കുറ്റവാളികളായി നിയമത്തിനു മുന്നിൽ നിർത്തപ്പെട്ടവരും നമ്മളും തമ്മിൽ, ചിന്താരീതികളിൽ വലിയ വ്യത്യാസം ഒന്നുമിെല്ലന്നും സാഹചര്യങ്ങളുടെ വ്യത്യാസങ്ങൾകൊണ്ട് അവർ കുറ്റവാളികളായി തടവറകളിലേക്കും –നമ്മൾ നമ്മുടെ സ്വകാര്യ ജീവിതത്തിലും നിൽക്കുന്നുവെന്ന യാഥാർഥ്യം നാം ഉൾക്കൊള്ളേണ്ടിവരും. അതിനുള്ള കുറഞ്ഞ സത്യസന്ധതയെങ്കിലും പൊതുസമൂഹത്തിന് വരാതിരിക്കുന്നിടത്തോളം കാലം ജയിലിലെ കടുത്ത മനുഷ്യാവകാ ശലംഘനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. വളരെ ഉയർന്ന ചുറ്റുമതിലുകളാൽ വേർതിരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പൊതുസമൂഹത്തിന്റെ പരിച്ഛേദമാണ് ആ സമൂഹത്തിൽ നിലനിൽക്കുന്ന ജയിലുകളും.