അധികാര രാഷ്ട്രീയം മുസ്ലിം ലീഗിനെ പഠിപ്പിക്കുന്നത്
കേരളത്തിൽ മുസ്ലിം ലീഗ് അതിെൻറ ചരിത്രത്തിലെ വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്.ലീഗ് ഭാഗമായ മുന്നണി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ലീഗിനുള്ളിൽ പ്രശ്നങ്ങൾ രൂക്ഷമാണ്.എന്താണ് ലീഗിെൻറ ഇപ്പോഴത്തെ അവസ്ഥ? എന്തുകൊണ്ട് ലീഗിന് സമകാലിക രാഷ്ട്രീയ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കഴിയാതെ വരുന്നു? സംഘടനാരംഗത്ത് എന്തുമാറ്റമാണ് വരുത്തേണ്ടത്? - മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകെൻറ വിശകലനം.
മുസ്ലിം ലീഗ് അതിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനെയാണ് അഭിമുഖീകരിക്കുന്നത്. ഭരണമില്ലാത്ത രണ്ടാമത്തെ ടേം എങ്ങനെ പൂർത്തിയാക്കുമെന്നത് നേതൃത്വം നേരിടുന്ന ഗുരുതര പ്രശ്നമാണ്. അതേ തുടർന്നുള്ള അസ്വാരസ്യങ്ങൾ പാർട്ടി അണികളിൽനിന്നും ചില നേതാക്കളിൽനിന്നും ഉയർന്നു തുടങ്ങിയിട്ടുമുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ എന്ത് പോംവഴിയാണ് ലീഗ് നേതൃത്വം കാണുന്നതെന്നതിനും കൃത്യമായ ഉത്തരമായിട്ടില്ല. തുറന്ന ചിന്തകൾക്കും ചർച്ചകൾക്കുമായി പാർട്ടി വേദികൾ തുറന്നുകൊടുക്കുന്നില്ലെന്ന ആക്ഷേപമാണ് ഇപ്പോൾ ലീഗിൽനിന്നും പോഷകസംഘടനകളിൽനിന്നും ഉയർന്നു കേൾക്കുന്നത്.
കേരള രൂപവത്കരണത്തിനു ശേഷം 1960 മുതൽ ഒന്നര പതിറ്റാണ്ടിലധികം കാലം തുടർച്ചയായി ഭരണപക്ഷത്തു തന്നെയായിരുന്നു മുസ്ലിം ലീഗ്. അതിനിടയിൽ 50 ദിവസം മുഖ്യമന്ത്രിക്കസേരയിലിരിക്കാനും ലീഗിന് ഭാഗ്യമുണ്ടായി. 1977 മുതൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ തുടർന്നു വന്ന ഒന്നിടവിട്ട മന്ത്രിസഭകളിൽ മുസ്ലിം ലീഗിന് പ്രാതിനിധ്യമുണ്ടായിരുന്നു. 2021ലെ തെരഞ്ഞെടുപ്പോടെ ആ പതിവിന് ബ്രേക്ക് വീണിരിക്കയാണ്. അതും തീർത്തും അപ്രതീക്ഷിതമായി. പാർട്ടിയെയും മുന്നണിയെയും നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കാൻ പാർലമെൻറ് അംഗത്വം രാജിവെച്ച് കുഞ്ഞാലിക്കുട്ടി എത്തി കച്ചമുറുക്കിയെങ്കിലും അങ്കം ജയിക്കാനായില്ല.
അധികാര രാഷ്ട്രീയം
ലീഗ് അധികാര രാഷ്ട്രീയത്തിൽ ആർത്തിപൂണ്ട പാർട്ടിയാണെന്ന ആക്ഷേപം ഏറെക്കാലമായി കേൾക്കാൻ തുടങ്ങിയിട്ട്. ബാബരി മസ്ജിദ് വിഷയത്തിൽ അത് പ്രകടമായതാണ്. അത് പാർട്ടിയെ മറ്റൊരു പിളർപ്പിലെത്തിക്കുകയും ചെയ്തു. വർഗീയ പാർട്ടി, സമുദായ പാർട്ടി എന്നീ ആക്ഷേപങ്ങളിൽനിന്ന് തലയൂരാനും തങ്ങളുടേത് തികച്ചും സെക്കുലർ പാർട്ടിയാണെന്ന് സ്ഥാപിച്ചെടുക്കാനുമുള്ള സദുദ്ദേശ്യമായി ബാബരി മസ്ജിദ് വിഷയത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടിന് പിന്നിലെന്ന് വിശദീകരിക്കപ്പെടുന്നുണ്ടെങ്കിലും അതെത്ര മാത്രം മുസ്ലിം ലീഗിന് ഗുണം ചെയ്തെന്ന് ഇനിയും വിലയിരുത്തപ്പെടേണ്ടതായിട്ടാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മുസ്ലിം ലീഗിൽ വർഗീയതയും സാമുദായികതയും ആരോപിച്ച് ഇടതു മുന്നണി നടത്തിയ പ്രചാരണങ്ങളുടെ വിജയം കൂടിയായിരുന്നു അവരുടെ ഭരണത്തുടർച്ച.
അധികാരമില്ലാതെ നിലനിൽപില്ലെന്ന ലളിത തത്ത്വത്തിെൻറ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടു നയിക്കപ്പെടുന്നത്. അതിൽനിന്ന് ലീഗും മുക്തമല്ല. പാർട്ടിയെ അധികാര സ്ഥാനങ്ങളിൽ ഉറപ്പിച്ചു നിർത്തുക, അതിനായി അണികളുടെ വികാരം മാനിക്കാതെയും എന്തു വിട്ടുവീഴ്ചക്കും തയാറാവുക എന്ന നിലപാട് സ്വീകരിക്കാൻ നേതൃത്വം തയാറാവുേമ്പാൾ തന്നെ, അധികാരം നേടിയാൽ അതിെൻറ ആനുകൂല്യങ്ങൾ പറ്റാൻ കടുത്ത വിമർശകർപോലും ക്യൂ നിൽക്കുമെന്ന യാഥാർഥ്യവും അവരുടെ മുന്നിലുണ്ട്. ആ നിലക്ക് അധികാരം നേടാനുള്ള നെട്ടോട്ടമാണ് കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗ് നടത്തിയത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മുന്നേറ്റം നടത്തുമെന്ന ഉത്തമ വിശ്വാസത്തിൽ തന്നെയായിരുന്നു മുസ്ലിം ലീഗ് നേതൃത്വം നിയമസഭാംഗത്വം രാജിവെപ്പിച്ച് കുഞ്ഞാലിക്കുട്ടിയെ പാർലമെൻറിലേക്കയക്കാൻ തീരുമാനിച്ചത്. കോൺഗ്രസിെൻറ ദുർബല നേതൃത്വത്തിന് പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിയാത്തത് സ്വാഭാവിക പരിണതിയായിരുന്നു.
കേന്ദ്രത്തിൽ അധികാര പ്രതീക്ഷ അസ്ഥാനത്തായപ്പോൾ രായ്ക്കുരാമാനം തിരിഞ്ഞോടാൻ മുസ്ലിം ലീഗിനും പാർട്ടി നേതാവ് കുഞ്ഞാലിക്കുട്ടിക്കും മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല. കുഞ്ഞാലിക്കുട്ടിയെ ഡൽഹിക്കയക്കാൻ പാർട്ടി കണ്ടെത്തിയ ന്യായങ്ങൾ തന്നെ മതിയാകുമായിരുന്നു അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരാൻ പാർട്ടിയെടുത്ത തീരുമാനത്തിനും. ഒന്ന് ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണെങ്കിൽ രണ്ടാമത്തേത് സംസ്ഥാന രാഷ്ട്രീയത്തിൽ പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താനായിരുന്നു.
കുഞ്ഞാലിക്കുട്ടിയോട് പാർലമെൻറ് അംഗത്വം രാജിവെക്കരുതെന്നും മത്സരിക്കരുതെന്നും ഉപദേശിച്ചവരും ലീഗിലുണ്ടത്രെ. പാണക്കാട് നേതൃത്വം ആവശ്യപ്പെട്ടാൽ കുഞ്ഞാലിക്കുട്ടി എന്തു ചെയ്യും? ഇനി കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കാതെയും നിയമസഭയിലേക്ക് മത്സരിക്കാതെയുമാണ് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? അധികാരക്കൊതി പൂണ്ടാണ് കുഞ്ഞാലിക്കുട്ടി ഡൽഹിയിൽനിന്ന് ഓടിപ്പോന്നതെന്ന ചീത്തപ്പേരിൽനിന്ന് തടിയൂരാനും കുഞ്ഞാലിക്കുട്ടിയാണ് യു.ഡി.എഫിനെ നയിക്കുകയെന്ന ഇടതു മുന്നണിയുടെ വർഗീയത കലർത്തിയ പ്രചാരണത്തിൽനിന്ന് പാർട്ടിയെയും മുന്നണിയെയും രക്ഷിക്കാനും ആവുമായിരുന്നു. യു.ഡി.എഫ് ആയിരുന്നു കേരളത്തിൽ അധികാരത്തിൽ വന്നിരുന്നതെങ്കിലോ, മന്ത്രിസഭയിൽ ലീഗിനെ നയിക്കാൻ കരുത്തൻ കുഞ്ഞാലിക്കുട്ടിയാണ് എന്ന് പാർട്ടിക്ക് തോന്നുകയായിരുന്നെങ്കിൽ പാർലമെൻറ് അംഗത്വം രാജിവെപ്പിച്ച് മന്ത്രിയാക്കുകയും തുടർന്ന് ആരെയെങ്കിലും രാജിവെപ്പിച്ച് നിയമസഭാംഗമാക്കുകയും ചെയ്യാമായിരുന്നു. ഇതൊന്നും ലീഗിൽ ശ്രമകരമായ കാര്യമൊന്നുമല്ല. പാണക്കാട്ടെ ഒരു തീരുമാനമേ അതിനാവശ്യമുണ്ടായിരുന്നുള്ളൂ. പോയ ബുദ്ധി തിരിച്ചുവരില്ലല്ലോ. ഇനി എല്ലാറ്റിനും കൂടി മുസ്ലിം ലീഗിൽ ഒരു കുഞ്ഞാലിക്കുട്ടിയേ ഉള്ളൂ എന്നത് ഉത്തരം കാണേണ്ട മറ്റൊരു ചോദ്യമാണ്.
വിമർശനം
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിന് കനത്ത ആഘാതമുണ്ടായി എന്ന് വിലയിരുത്താനാവില്ലെങ്കിലും 2016നെ അപേക്ഷിച്ച് മോശം പ്രകടനം തന്നെയാണ് പാർട്ടിക്ക് കാഴ്ച വെക്കാനായത്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് തിരിച്ചടിയുടെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നതിനൊപ്പം അനുകൂലമാക്കാമായിരുന്ന പല ഘടകങ്ങളും പാർട്ടി ഉപയോഗപ്പെടുത്തിയില്ലെന്ന വിമർശനവും ഉയർന്നുവന്നിട്ടുണ്ട്. സംസ്ഥാനത്ത് എൽ.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരണം പങ്കിടാൻ തുടങ്ങിയതു മുതൽ ഇടതു മുന്നണി അധികാരത്തിൽ വന്ന തെരഞ്ഞെടുപ്പുകളിലൊന്നും മുസ്ലിം ലീഗിന് 15ൽ കൂടുതൽ സീറ്റുകൾ നേടാനായിട്ടില്ല. 2006ൽ വി.എസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ലീഗിന് ഏഴ് സീറ്റാണുണ്ടായിരുന്നത്. എന്നാൽ ആ പതിവ് തെറ്റിച്ച് ഇടതു മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ച 2016ലെ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് 18 സീറ്റ് നിലനിർത്താനായി. ലീഗ് ഭരണത്തിലുണ്ടായിരുന്ന 2011ൽ പാർട്ടി ക്രെഡിറ്റിലുണ്ടായിരുന്നത് 20 സീറ്റായിരുന്നു. മാണി കോൺഗ്രസ് ഇടതു മുന്നണിയിൽ ചേക്കേറിയതിനെ തുടർന്ന് മൂന്ന് സീറ്റ് അധികം ലഭിച്ചിട്ടും മത്സരിച്ച 27ൽ 15 സീറ്റിൽ വിജയം കണ്ടെത്താനേ ലീഗിനായുള്ളൂ. കുന്ദമംഗലം, പട്ടാമ്പി, കളമശ്ശേരി എന്നിവിടങ്ങളിൽ സ്ഥാനാർഥികളെ നിശ്ചയിച്ചതിൽ പാളിച്ച പറ്റി എന്ന വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു.
തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തു വന്നാൽ അത് വിലയിരുത്താൻ പ്രവർത്തകസമിതി വിളിച്ചുകൂട്ടി രണ്ടോ മൂന്നോ ദിവസമെടുത്ത് ഫലം വിശകലനം ചെയ്യാറുണ്ടെന്നും ഇത്തവണ നേതൃത്വം അതിന് മുതിരാത്തത് വിമർശനം ഭയന്നാണെന്നുമുള്ള ആരോപണം ലീഗിനകത്തു തന്നെ ശക്തമാണ്. തെരഞ്ഞെടുപ്പിനു ശേഷം പാർട്ടി പ്രവർത്തകസമിതി വിളിച്ച് തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാത്തതിനെതിരെ പരസ്യ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ കെ.എം. ഷാജി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്തില്ലെന്ന് ആരോപിച്ച ഷാജി, സംഘടനാസംവിധാനം പാർട്ടി ഭരണഘടനക്കനുസരിച്ച് ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. സീറ്റു കുറഞ്ഞതല്ല വോട്ടു കുറഞ്ഞതാണ് ഗൗരവമായി ചർച്ച ചെയ്യേണ്ടതെന്നും ഷാജി ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ ചുവടുപിടിച്ചു തന്നെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട്ട് ചേർന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിലും വിമർശനങ്ങളുയർന്നത്. അധികാരത്തിെൻറ ഗുണഭോക്താക്കളായ നേതാക്കളെ പാണക്കാട് നേതൃത്വം നിയന്ത്രിക്കണമെന്നും തെരഞ്ഞെടുപ്പ് ഫലം ഗൗരവമായി ചർച്ചചെയ്യണമെന്നും ഭാരവാഹി യോഗത്തിൽ ആവശ്യമുയർന്നിരുന്നു.
തെരഞ്ഞെടുപ്പിനു ശേഷം പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി ഓൺലൈനായി യോഗം ചേർന്നിരുന്നെങ്കിലും പങ്കാളിത്തം കുറവായിരുന്നതിനാൽ വിശദ ചർച്ച നടന്നിട്ടില്ലെന്നാണറിയാൻ കഴിഞ്ഞത്. തുടർന്ന് പാർട്ടി ഉന്നതാധികാര സമിതി പാണക്കാട്ടും ദേശീയ രാഷ്ട്രീയ ഉപദേശക സമിതി കോഴിക്കോട്ടും യോഗം ചേർന്നെങ്കിലും വിശദമായ തെരഞ്ഞെടുപ്പവലോകനം നടന്നതായി അറിവില്ല. കോവിഡ് പ്രോട്ടോകാൾ ഉള്ളതിനാലാണ് 140 അംഗ പ്രവർത്തകസമിതി വിളിച്ചു ചേർക്കാൻ കഴിയാത്തതെന്ന വിശദീകരണം നേതൃത്വത്തിെൻറ ഭാഗത്തുനിന്നുണ്ടെങ്കിലും അണികൾ അതിൽ തൃപ്തരല്ല.
ഭരണഘടനയിലില്ലാത്ത അധികാര കേന്ദ്രം
ഭരണഘടനയിൽ ഇല്ലാത്ത ഒരു സംവിധാനമുപയോഗിച്ചാണ് പാർട്ടി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന വിമർശനമാണ് കാതലായി ഉയർന്നു വന്നിട്ടുള്ളത്. ഈ സംവിധാനത്തിന് ഹൈലെവൽ കമ്മിറ്റിയെന്നും ഹൈപവർ കമ്മിറ്റിയെന്നും ഉന്നതാധികാര സമിതിയെന്നും സൗകര്യമനുസരിച്ചുള്ള പേരാണ് വിളിക്കുന്നത്. ഈ സമിതിയാണ് കൂടിയാലോചനകളില്ലാതെ സുപ്രധാന തീരുമാനങ്ങളെടുക്കുന്നതെന്നാണ് ആക്ഷേപം. ഉന്നതാധികാര സമിതിയിൽ ആരൊക്കെയാണ് അംഗങ്ങൾ എന്നതിനും കൃത്യതയില്ല. ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, എം.കെ. മുനീർ, ഇ.ടി. മുഹമ്മദ് ബഷീർ, ഇബ്രാഹിം കുഞ്ഞ് എന്നിവരടങ്ങുന്ന ഏഴംഗസമിതിയാണ് ഇതെന്നും പറയുന്നു.
1951സെപ്റ്റംബർ ഒന്നിന് അംഗീകരിച്ച മുസ്ലിം ലീഗ് ഭരണഘടനയനുസരിച്ച് ദേശീയതലത്തിൽ പ്രസിഡൻറ്, രണ്ട് വൈസ് പ്രസിഡൻറുമാർ, ജനറൽ സെക്രട്ടറി, അഞ്ച് സെക്രട്ടറിമാർ, ട്രഷറർ എന്നിവരടങ്ങുന്ന 10 അംഗ ഭരണസമിതിയും എക്സിക്യൂട്ടിവ് കമ്മിറ്റിയും ജനറൽ കൗൺസിലുമാണുണ്ടാവേണ്ടത്. നാലു വർഷമാണ് കമ്മിറ്റികളുടെ കാലാവധി. പുറമെ ദേശീയ പാർലമെൻററി ബോർഡും രാഷ്ട്രീയ ഉപദേശക സമിതി (പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി)യുമാവാം. സംസ്ഥാനതലത്തിൽ ഭരണസമിതിക്കു പുറമെ എക്സിക്യൂട്ടിവ്/വർക്കിങ് കമ്മിറ്റിയും ജനറൽ കൗൺസിലുമാണ് വേണ്ടത്. ഭാരവാഹികളിൽ പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവർക്കു പുറമെ വൈസ് പ്രസിഡൻറുമാരെയും ജോയൻറ് സെക്രട്ടറിമാരെയും ആവശ്യത്തിനനുസരിച്ച് എണ്ണം നിശ്ചയിച്ച് നിയമിക്കാമെന്നും ഭരണഘടനയിൽ പറയുന്നു. ജില്ലതലത്തിലും പ്രാദേശികതലത്തിലും ഇതേ രീതിയിലുള്ള ഘടനയാണ് പിന്തുടരേണ്ടത്. ഭരണഘടനയിലെവിടെയും സംസ്ഥാനതല ഉന്നതാധികാര സമിതിയെ കുറിച്ച് പറയുന്നില്ലത്രെ.
നടക്കുമോ തലമുറ മാറ്റം?
കോൺഗ്രസിൽ തലമുറ മാറ്റത്തിെൻറ കോലാഹലം അരങ്ങു തകർക്കുകയാണ്. അതിെൻറ ഭാഗമായി ആർത്തലച്ചുവന്ന, തലശ്ശേരി ബ്രണ്ണൻ കോളജിലെ ഗുണ്ടാ രാഷ്ട്രീയത്തെ കുറിച്ചുള്ള സുധാകരൻ-പിണറായി വീമ്പുപറച്ചിൽ പോര് സി.പി.എം ബ്രേക്കിട്ടതിനാൽ തൽക്കാലം ഒന്നടങ്ങിയിരിക്കയാണ്. അതേസമയം സംഘടനാതലത്തിലെ അഴിച്ചുപണിയുടെ സൂചന നൽകി തലമുറമാറ്റ ബഹളത്തിെൻറ ടെേമ്പാ നിലനിർത്താൻ കെ.പി.സി.സി പ്രസിഡൻറ് സുധാകരനാവുന്നുണ്ട്. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടോ അല്ലാതെയോ തികച്ചും സമാധാനപ്രിയരായ മുസ്ലിംലീഗിെൻറ അണികളിൽനിന്നും ചില നേതാക്കളിൽനിന്നും ചെറിയ അനക്കങ്ങൾ പുറത്തേക്ക് വരുന്നുണ്ട്.
ഇ. അഹമ്മദിെൻറ മരണത്തെ തുടർന്ന് 2017ൽ പി.കെ. കുഞ്ഞാലിക്കുട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടത് കെ.പി.എ. മജീദാണ്. തെരഞ്ഞെടുപ്പു വന്നപ്പോൾ തിരൂരങ്ങാടിയിൽ സ്ഥാനാർഥിയായ കെ.പി.എ. മജീദിനു പകരം അഡ്വ. പി.എം.എ. സലാമിനെ സെക്രട്ടറിയാക്കി. മജീദിനു പകരം സലാമിനെ തിരൂരങ്ങാടിയിൽ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യമുയർന്നപ്പോഴാണ് സലാമിന് സെക്രട്ടറി സ്ഥാനം നൽകി ആവശ്യക്കാരുടെ വായടപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമാണ് കുഞ്ഞാലിക്കുട്ടിയെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി നിയമിക്കാൻ പോകുന്നതായി സോഷ്യൽ മീഡിയയിലും മറ്റും വാർത്ത പരന്നത്. 'ഉന്നതാധികാര സമിതി' കൂടി കുഞ്ഞാലിക്കുട്ടി തന്നെ ഇക്കാര്യം നിഷേധിച്ചു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിനെ ദേശീയ ജനറൽ സെക്രട്ടറിയാക്കി സംസ്ഥാന സെക്രട്ടറി പദവിയിൽ തിരിച്ചെത്താനായിരുന്നു കുഞ്ഞാലിക്കുട്ടി പ്ലാനെന്നായിരുന്നു പ്രചാരണം. എന്നാൽ അങ്ങനെയൊരു പ്ലാൻ പാർട്ടിയുടെ ചിന്തയിൽ പോലുമില്ലെന്ന് നേതാക്കൾ ആണയിട്ടു പറഞ്ഞു.
പാണക്കാട് നേതൃത്വം
മുസ്ലിം ലീഗ് സംസ്ഥാനഘടകം രൂപവത്കരിക്കപ്പെട്ട് 17 വർഷം (1956 -73) സംസ്ഥാന പ്രസിഡൻറായിരുന്ന ബാഫഖി തങ്ങളുടെ മരണശേഷമാണ് മുസ്ലിം ലീഗ് അധ്യക്ഷ സ്ഥാനം പാണക്കാേട്ടക്കെത്തുന്നത്. ബാഫഖി തങ്ങളുടെ മരണശേഷം പാർട്ടി അധ്യക്ഷ പദവിയിലെത്തിയ പൂക്കോയ തങ്ങൾക്ക് (1973- 75) രണ്ടു വർഷമേ സ്ഥാനത്ത് തുടരാനായുള്ളൂ. 1975 മുതൽ 2009ൽ മരിക്കുന്നതുവരെ 34 വർഷം പൂക്കോയ തങ്ങളുടെ മൂത്തമകൻ മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു പ്രസിഡൻറ്. തുടർന്നാണ് ശിഹാബ് തങ്ങളുടെ സഹോദരൻ ഹൈദരലി ശിഹാബ് തങ്ങൾ പാർട്ടി അധ്യക്ഷ സ്ഥാനത്തു വന്നത്. ഇപ്പോൾ പാർട്ടിയുടെയും പോഷക സംഘടനയായ യൂത്ത് ലീഗിെൻറയും സംസ്ഥാന അധ്യക്ഷ പദവികളിലുള്ളത് പാണക്കാട് കുടുംബാംഗങ്ങളാണ്. മലപ്പുറം ജില്ല മുസ്ലിം ലീഗ് അധ്യക്ഷനും പാണക്കാട് കുടുംബത്തിൽനിന്നാണ്. പാണക്കാട് നേതൃത്വം ചോദ്യം ചെയ്യപ്പെടാനാവാത്ത സംവിധാനമാണെന്നിരിക്കെ അവിടെ സ്വാഭാവിക മാറ്റങ്ങളേ പ്രതീക്ഷിക്കാനാവൂ. അതുകൊണ്ടു തന്നെ കൊടപ്പനക്കൽ തറവാടിെൻറ ഇഷ്ടക്കാരാവാനുള്ള മത്സരം പാർട്ടിയിൽ എന്നും സജീവവുമാണ്.
പാണക്കാട് കുടുംബത്തെ മുന്നിൽ നിർത്തി പാർട്ടിയെ നിയന്ത്രിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും കുഞ്ഞാലിക്കുട്ടിയാണെന്ന ആക്ഷേപം അദ്ദേഹം പാർട്ടി സെക്രട്ടറിയായതു മുതൽ കേൾക്കുന്നതാണ്. കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തിലുണ്ടാക്കിയ സ്വാധീനത്തെ മറികടക്കാൻ മാത്രം ശേഷിയുള്ളവർ പാർട്ടിയിൽ ഉയർന്നു വന്നില്ലെന്നതാണ് മറുവശം. നേരിട്ടും കുറുക്കുവഴികളിലൂടെയും പാണക്കാടിെൻറ ഇഷ്ടക്കാരാവാൻ ശ്രമിച്ച് പരാജയപ്പെട്ടവരും നിരവധി. പാർട്ടിയിൽ പ്രതിസന്ധികൾ വരുേമ്പാഴൊക്കെ പാണക്കാട് നേതൃത്വം ഇടപെട്ട് ''തക്കസമയത്ത് യുക്തമായ തീരുമാനമെടുക്കു''മെന്ന് പറയുകയും പിന്നീട് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പാണക്കാട് പ്രതിനിധികളെ കൊണ്ട് പറയിപ്പിക്കുകയുമാണ് ചെയ്യാറെന്നായിരുന്നു ആക്ഷേപം. ഇതിനെതിരെ ലീഗ് നേതൃത്വത്തിലെ രണ്ടാം നിര ശക്തമായ നീക്കങ്ങൾ നടത്താറുമുണ്ട്. എന്നാലിപ്പോൾ പാണക്കാട് നേതൃത്വം തന്നെ ഈ ആക്ഷേപത്തിൽനിന്ന് തലയൂരാൻ ഫലപ്രദമായ നടപടികളിലേക്ക് നീങ്ങുന്നതായി സൂചനകളുണ്ട്. സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി തങ്ങൾ എന്നിവർ ഉൾപ്പെടുന്ന പാണക്കാട് കുടുംബത്തിലെ പുതുതലമുറ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാൻ ശ്രമം നടത്തുന്നുണ്ട്. എന്നാൽ രാഷ്ട്രീയ കാര്യങ്ങളിലെ പരിചയക്കുറവ് പാണക്കാട് നേതൃത്വത്തിെൻറ പരിമിതി തന്നെയാണ്.
ഒരേസമയം പാർട്ടി നേതൃത്വം, ആത്മീയ നേതൃത്വം എന്നീ നിലകളിൽ പ്രവർത്തിക്കേണ്ടി വരുന്നു എന്നത് പാണക്കാട് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്. മുസ്ലിം ലീഗിന് നേതൃത്വം നൽകുന്നതിനൊപ്പം സുന്നികളിലെ ഇ.കെ വിഭാഗത്തിെൻറ നേതൃത്വവും പാണക്കാട് നേതൃത്വത്തിനാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സമസ്ത നേതൃത്വം പൂർണമായും പാർട്ടിക്കൊപ്പം നിന്നില്ലെന്നും അത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായെന്നും മുസ്ലിം ലീഗിലെ ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന മുറവിളി ഉയരുേമ്പാൾ ഈ പ്രശ്നത്തിന് കൂടി പരിഹാരം കണ്ടെത്തേണ്ടി വരും.
ജനറൽ സെക്രട്ടറി എന്ന പ്രസ്ഥാനം
മുസ്ലിം ലീഗിൽ തലമുറമാറ്റം വേണം, സംഘടനാസംവിധാനം ശക്തിപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളുയരുേമ്പാൾ അതിെൻറയെല്ലാം മുന ഇപ്പോൾ ചെന്നെത്തുന്നത് കുഞ്ഞാലിക്കുട്ടിയിലാണ്. പാർട്ടിക്കുണ്ടായ തിരിച്ചടികളുടെയെല്ലാം ഉത്തരവാദിത്തം കുഞ്ഞാലിക്കുട്ടിയിൽ ആരോപിക്കാനായിരിക്കും വിമർശകരുടെയെല്ലാം ശ്രമം. പാർട്ടികൾ വ്യക്തികളെ ആശ്രയിച്ച് മുന്നോട്ടു പോകുേമ്പാൾ സ്വാഭാവികമായും അവരുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം ലഭിച്ചെന്നിരിക്കും. കെട്ടുറപ്പുള്ള സംഘടനാ സംവിധാനമുണ്ടെന്ന് പറയുന്ന സി.പി.എമ്മിൽ പോലും പാർട്ടി സെക്രട്ടറിയല്ലാത്ത പിണറായി വിജയെൻറ താൽപര്യങ്ങൾ നടന്നുപോകുന്നത് കേരളം കണ്ടുകൊണ്ടിരിക്കയാണ്. അത് തിരുത്താൻ മാത്രം കെൽപുള്ള പാർട്ടി നേതൃത്വത്തിെൻറ അഭാവത്തിലാണ് അങ്ങനെ സംഭവിക്കുന്നത്. പാർട്ടി തന്നെ നേതാവാകുന്ന സാഹചര്യങ്ങൾ ചരിത്രത്തിൽ നിരന്തരം ആവർത്തിക്കപ്പെടുന്നതുമാണ്.
വ്യക്തിതാൽപര്യങ്ങൾക്കായി പാർട്ടി സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്ന ആക്ഷേപം പാർട്ടിക്കകത്ത് ശക്തമായി ഉയരുേമ്പാൾ തന്നെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് കുഞ്ഞാലിക്കുട്ടി തന്നെ വേണം എന്ന് ശഠിക്കുന്ന നല്ലൊരു വിഭാഗം മുസ്ലിം ലീഗിലുണ്ട്. പാർട്ടി കൊണ്ടുനടക്കാനുള്ള അദ്ദേഹത്തിെൻറ ശേഷിയും പാടവവും തിരിച്ചറിഞ്ഞവരും പകരമൊരാളെ പാർട്ടിക്കകത്തു നിന്ന് കണ്ടെത്താൻ കഴിയാത്തവരുമാണ് ഈ വിഭാഗം. അതു തന്നെയാണ് പാർട്ടിയുടെ ഇപ്പോഴത്തെ ദുര്യോഗവും.
ലീഗിെൻറ ചരിത്രത്തിൽ വലിയ തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പായിരുന്നു 2006ലേത്. പാർട്ടി പ്രമുഖരായ കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. മുനീർ തുടങ്ങിയവരെല്ലാം തകർന്ന് തരിപ്പണമായ തെരഞ്ഞെടുപ്പിൽ പ്രതിക്കൂട്ടിൽ നിർത്തപ്പെട്ടത് കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുഞ്ഞാലിക്കുട്ടി സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായി. ഈ ആവശ്യത്തിന് നേതൃത്വത്തിന് വഴങ്ങേണ്ടതായും വന്നു. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാനായി 2006 ജൂൺ 2, 3, 4 തീയതികളിൽ കോട്ടക്കലിൽ ചേർന്ന സംസ്ഥാന വർക്കിങ് കമ്മിറ്റി സംസ്ഥാന നേതൃത്വം അടിമുടി അഴിച്ചു പണിതു. സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കുഞ്ഞാലിക്കുട്ടിയെ ട്രഷററായി തരംതാഴ്ത്തിയതിനൊപ്പം ഇ. അഹമ്മദിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറുമാരായി സെയ്തുമ്മർ ബാഫഖി തങ്ങൾ, അബ്ദുല്ല ഹാജി അഹമ്മദ് സേട്ട്, ഹമീദലി ശംനാട്, പി.പി. അബ്ദുൽ ഗഫൂർ മൗലവി എന്നിവരെയും സെക്രട്ടറിമാരായി ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. മുനീർ, ടി. അഹമ്മദ് കബീർ, അബ്ദുസ്സലാം ഹാജി (കോട്ടയം) എന്നിവരെയും തെരഞ്ഞെടുത്തു. എന്നാൽ കുഞ്ഞാലിക്കുട്ടിക്ക് ബദൽ നിർദേശിച്ചവരെ നിരാശരാക്കി നേരാംവണ്ണം കമ്മിറ്റി പോലും ചേരാതെ പുതിയ ടീം പരാജയം സമ്മതിച്ചു. ഒരു വർഷം തികയും മുേമ്പ കുഞ്ഞാലിക്കുട്ടി തന്നെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു.
നേതൃമാറ്റം എന്ന ആവശ്യമുയരുേമ്പാൾ കുഞ്ഞാലിക്കുട്ടിക്ക് പകരം ആര് എന്ന ചോദ്യമാണ് ആദ്യമുയരുക. സെക്രട്ടറി സ്ഥാനം പ്രതീക്ഷിക്കുന്ന ഒരുനിര തന്നെ ഇന്ന് പാർട്ടിയിലുണ്ടത്രെ. പി.കെ. അബ്ദുറബ്ബ്, കെ.എം. ഷാജി, എം.സി. മായിൻ ഹാജി, സി. മമ്മുട്ടി... അങ്ങനെ പോകുന്നു ആ നിര. പാർട്ടി നടത്തിപ്പും പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്തലും പ്രധാന കടമ്പയായി മുന്നിലുണ്ടെങ്കിലും ഭരണഘടനക്കനുസരിച്ച് പാർട്ടി സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും സമയബന്ധിതമായി മെംബർഷിപ്പ് കാമ്പയിൻ പൂർത്തിയാക്കുകയും ചെയ്താൽ ആ കടമ്പ അനായാസം മറികടക്കാമെന്ന വിലയിരുത്തൽ മറുഭാഗത്തുണ്ട്.
സംഘടനാ തെരഞ്ഞെടുപ്പ്
സമ്മർദങ്ങൾക്കൊടുവിൽ തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാൻ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി ജൂലൈ 7, 8 തീയതികളിൽ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിൽ ചേരാൻ തീരുമാനിച്ചതായ വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്. ജൂൺ 30ന് മുമ്പ് പ്രവർത്തക സമിതി ചേരാനുള്ള മുന്നൊരുക്കം നേരത്തേ ആരംഭിച്ചിരുന്നതായി നേതൃത്വം പറയുന്നുണ്ട്. അതിനു മുന്നോടിയായി ജില്ലാ കമ്മിറ്റികൾ ചേർന്ന് തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്ത് റിപ്പോർട്ടയക്കാൻ പാർട്ടി ജില്ല കമ്മിറ്റികൾക്കും പോഷക സംഘടനകൾക്കും നിർദേശം പോയിട്ടുണ്ട്. മുസ്ലിം ലീഗ് മത്സരിച്ച മണ്ഡലങ്ങളിലെ പ്രസിഡൻറ്, സെക്രട്ടറിമാരുടെയും മണ്ഡലങ്ങളിലേക്ക് പാർട്ടി നിയോഗിച്ച നിരീക്ഷകരുടെയും അഭിപ്രായങ്ങളും പ്രവർത്തക സമിതിയിൽ അവതരിപ്പിക്കാനായി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പ്രവർത്തക സമിതിയിൽ അവതരിപ്പിക്കുകയും ചർച്ചകളുടെ അടിസ്ഥാനത്തിൽ ഭാരവാഹികൾ യോഗം ചേർന്ന് പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യാനാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്. അതോടൊപ്പം മെംബർഷിപ്പ് കാമ്പയിനുള്ള ഷെഡ്യൂളും പ്രവർത്തക സമിതി തയാറാക്കും.
എന്തായാലും ഈ നടപടികൾ പൂർത്തിയാക്കിയ ശേഷമേ നേതൃമാറ്റം പാർട്ടിയുടെ അജണ്ടയിൽ വരുകയുള്ളൂ എന്നാണ് ലഭിക്കുന്ന സൂചനകൾ. മെംബർഷിപ്പ് കാമ്പയിനും വാർഡ് മുതൽ ജില്ലതലം വരെയുള്ള കമ്മിറ്റികളുടെ പുനഃസംഘടനയും ഏറെ സമയം പിടിക്കുന്ന നടപടിക്രമങ്ങളാണ്. ഇതിനു മുമ്പ് 2017ൽ നടന്ന െമംബർഷിപ്പ് കാമ്പയിൻ പൂർത്തിയാക്കി കമ്മിറ്റികൾ നിലവിൽ വരാൻ ഒന്നര വർഷത്തോളം സമയമെടുത്തിരുന്നു. ജില്ലാ തലം വരെ ജനാധിപത്യരീതിയിൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും സംസ്ഥാന ഭാരവാഹികളെ പാണക്കാട് നേതൃത്വം പ്രഖ്യാപിക്കുന്ന രീതി തന്നെയായിരിക്കും പിന്തുടരുക.
സംഘടനാ ദൗർബല്യം
സംഘടനാ ദൗർബല്യമാണ് തെരഞ്ഞെടുപ്പുകളിലടക്കം മുസ്ലിം ലീഗിെൻറ പ്രകടനത്തെ സാരമായി ബാധിച്ചിട്ടുള്ളത്. സമുദായത്തിന് ദോഷകരമായി ബാധിക്കുന്ന ഭരണകൂട തീരുമാനങ്ങളെ എതിർത്ത് തോൽപ്പിക്കുക, എതിർപാളയങ്ങളിൽനിന്നു വരുന്ന ആരോപണങ്ങളെ ചെറുക്കുക, അണികളെ ഒറ്റക്കെട്ടായി നിലനിർത്തുക, സംഘടനയെ കെട്ടുറപ്പോടെ നയിക്കുക എന്നിവയിലെല്ലാം ലീഗ് നേതൃത്വം അതിെൻറ കഴിവുകേട് ഇതിനകം പ്രകടമാക്കിക്കഴിഞ്ഞു. സാമ്പത്തിക സംവരണത്തെ ശക്തമായി എതിർക്കുന്നതിലും പാലോളി കമ്മിറ്റി ശിപാർശകൾ വെള്ളം ചേർക്കാതെ നടപ്പിലാക്കുന്നതിലും മുസ്ലിം ലീഗിന് ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത്, കോൺഗ്രസ് ദുർബലമായ സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടിയുടെ വരവോടെ യു.ഡി.എഫ് നേതൃത്വം ലീഗിെൻറ കൈപ്പിടിയിലൊതുങ്ങുമെന്നും അത് ക്രിസ്ത്യൻ ന്യൂനപക്ഷം തഴയപ്പെടുമെന്ന പ്രചാരണത്തെ നേരിടാനും മുസ്ലിം ലീഗിനായില്ല. പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കായ സമസ്ത ഇ.കെ വിഭാഗത്തെ പോലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പൂർണമായി കൂടെ നിർത്തുന്നതിലും ലീഗ് നേതൃത്വം പരാജയപ്പെട്ടു. 'അധികാരം ലക്ഷ്യം വെച്ചുള്ള' അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുടെ ചാഞ്ചാട്ടങ്ങൾ അണികളിൽ മടുപ്പുളവാക്കി. സംഘടനാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി തീരുമാനങ്ങളെടുക്കുന്നു എന്ന പാർട്ടിക്കകത്തു നിന്നുള്ള വിമർശനങ്ങളെ പോലും നേരിടാൻ ത്രാണിയില്ലാത്ത പാർട്ടിയായി മുസ്ലിം ലീഗ് മാറി. സാമൂഹിക മാധ്യമങ്ങൾ നിറഞ്ഞാടുന്ന ഇക്കാലത്ത് ഒരു വെബ്സൈറ്റ് പോലും ഇല്ലാത്ത പാർട്ടിയായി മുസ്ലിം ലീഗെന്നത് ആ പാർട്ടി വീണുകിടക്കുന്ന കുഴിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.
പാർട്ടിയുടെ ഭാവി
ഭരണമില്ലാതിരിക്കുകയും മുന്നണിയിലെ മുഖ്യഘടകകക്ഷിയായ കോൺഗ്രസ് കൂടുതൽ ദുർബലമാവുകയും ചെയ്താൽ മുസ്ലിം ലീഗിെൻറ ഗതിയാവുമെന്ന ആശങ്ക തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നിരുന്നു. ഇടതു മുന്നണിയും ബി.ജെ.പിയും കോൺഗ്രസ് മുക്ത കേരളം ലക്ഷ്യംവെച്ച് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയപ്പോഴാണ് ഇങ്ങനെയൊരു ആശങ്കക്ക് ഇടമുണ്ടായത്. ഇടതു മുന്നണി അധികാരത്തിൽ വരുകയും ബി.ജെ.പി ഒന്നിൽ കൂടുതൽ സീറ്റുകൾ നേടുകയും ചെയ്താൽ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് ഒഴുക്കുണ്ടാവുകയും അത് യു.ഡി.എഫിെൻറ അവസാനം കുറിക്കുമെന്നുമായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. മറുഭാഗത്ത് ലീഗിെൻറ അണികൾ മറ്റുവഴികളില്ലാതെ ഇടതു മുന്നണിയിൽ അഭയം തേടുകയും മുസ്ലിം ലീഗ് എന്ന പാർട്ടി ദുർബലപ്പെടുകയും ചെയ്യുമെന്ന കണക്കു കൂട്ടലുമുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടർമാർ ഇടതു മുന്നണിയെ അധികാരത്തിലെത്തിച്ചെങ്കിലും ബി.ജെ.പിയെ നിലംതൊടീക്കാതെ നിർത്തിയതോടെ അത്തരം കണക്കുകൂട്ടലുകളിൽ ചില വ്യതിയാനങ്ങളുണ്ടായി. തോൽവിയുടെ ഇരുട്ടടിയേറ്റ കോൺഗ്രസാവട്ടെ അണികളെ ആവേശം കൊള്ളിക്കുന്ന രീതിയിൽ ചില പൊടിക്കൈകൾ പ്രയോഗിച്ചു തുടങ്ങിയിട്ടുമുണ്ട്. ഉരുളക്ക് ഉപ്പേരിയെന്ന നിലക്ക് ഇടതു മുന്നണിക്ക് മറുപടി പറയാൻ കരുത്തുള്ള സുധാകരൻ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു വന്നതോടെ മുന്നണി ഘടകകക്ഷികൾക്കിടയിലും പ്രതീക്ഷ വളർത്തിയിട്ടുണ്ട്.
ഇടതു മുന്നണിയെ കേരളത്തിൽ അധികാരത്തിലേറ്റിയതിനു പിന്നിൽ നല്ലൊരു ശതമാനം മുസ്ലിം ന്യൂനപക്ഷ വോട്ടകളുമുണ്ടെന്നിരിക്കെ, പിഴവുകൾ തിരുത്തി സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും അണികൾക്ക് പ്രതീക്ഷ നൽകുന്ന നേതൃത്വത്തെ വാഴിക്കാനും ഈ ഭരണമില്ലാ കാലം ഉപയോഗപ്പെടുത്താൻ മുസ്ലിം ലീഗിനായില്ലെങ്കിൽ അത് പാർട്ടിയുടെ കുഴി സ്വയം തോണ്ടുന്നതിന് തുല്യമായിരിക്കും.