ഓണ്‍ എയര്‍, ഓഫ് എയര്‍, ഓണ്‍ എയര്‍
കേന്ദ്ര ഭരണകൂടം ഏർപ്പെടുത്തിയ വിലക്കിനെ സുപ്രീംകോടതി വിധിയിലൂടെ മീഡിയവൺ മറികടന്നിരിക്കുന്നു. വിലക്ക് വന്നതുമുതൽ ധീരമായ പോരാട്ടമാണ് ‘മീഡിയവൺ’ നടത്തിയത്. ആ പോരാട്ടത്തിന് മുന്നിൽ നിന്ന ‘മീഡിയവൺ’ എഡിറ്റർ തന്റെ ‘നിരോധനകാല ദിന’ങ്ങൾ എന്തായിരുന്നുവെന്ന് എഴുതുന്നു. മാധ്യമചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാണ് ഒരു എഡിറ്റർ സ്വന്തം അനുഭവത്തിലൂടെ വിവരിക്കുന്നത്.
നിങ്ങള്‍ എഡിറ്ററായി ജോലിചെയ്യുന്ന ചാനല്‍ പെട്ടെന്നൊരു ദിവസം ലൈസന്‍സ് നഷ്ടപ്പെട്ട് ഓഫ് എയര്‍ ആയാല്‍ നിങ്ങളെന്തു ചെയ്യും?
വേറെ പണിനോക്കിപ്പോകും.
രണ്ടു വര്‍ഷം മുന്‍പ് എന്നോട് ആരെങ്കിലും ഈ ചോദ്യം ചോദിച്ചിരുന്നെങ്കില്‍ ഇതുതന്നെയാകുമായിരുന്നു എന്റെ ഉത്തരം. ഒന്നാമത്തെ കാരണം, രണ്ടുവര്‍ഷം മുന്‍പ് ഒരു എഡിറ്റര്‍ ആയിരുന്നില്ല ഞാന്‍. ‘മനോരമ ന്യൂസി’ല്‍ അന്ന് ഞാന്‍ സീനിയര്‍ കോഓഡിനേറ്റിങ് എഡിറ്റര്‍ സ്ഥാനത്തായിരുന്നു. മുകളില്‍ എഡിറ്റോറിയല്‍ തലവനായി ജോണി ലൂക്കോസ് ഉണ്ട്. രണ്ട്, അങ്ങനെയൊരു ചോദ്യം അന്നൊരു തമാശ മാത്രമാകുമായിരുന്നു. ഒരിക്കലും യാഥാര്‍ഥ്യമാവാന്‍ സാധ്യതയില്ലെന്ന് കരുതാവുന്ന തമാശ. എന്നാല്‍, ഒന്നേകാല്‍ വര്‍ഷം മുന്‍പ് 2022 ജനുവരി 31ന് ആ ചോദ്യം ഒരു യാഥാര്‍ഥ്യമായി എന്റെ മുന്നില്‍ വന്ന് കിറികോട്ടിച്ചിരിച്ചു. ഞാന്‍ എഡിറ്ററായിരിക്കുന്ന മീഡിയവണ്‍ ചാനല്‍ ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ട് ഓഫ് എയര്‍ ആയിരിക്കുന്നു. എന്തുചെയ്യും?
കണ്ണില്‍ ഇരുട്ടു കയറിയൊന്നുമില്ല. ഹൃദയം പടപടാ മിടിച്ചുമില്ല.
എന്താ കാരണം? വിവരം എന്നെ അറിയിച്ച സി.ഇ.ഒ റോഷന് കക്കാട്ടിനോട് ഞാന്‍ ചോദിച്ചു.
ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതി നിഷേധിച്ചിരിക്കുന്നു. കാരണം അറിയില്ല.
2021 സെപ്റ്റംബര്‍ 30ന് അപ് ലിങ്ക് ലൈസന്‍സ് പുതുക്കിക്കിട്ടേണ്ടതായിരുന്നു. അതിനുള്ള അപേക്ഷ ആ വര്‍ഷം മേയില്‍തന്നെ സമര്‍പ്പിച്ചതാണ്. നടപടിക്രമങ്ങള്‍ നീണ്ടു. ജനുവരി അഞ്ചാം തീയതി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താവിതരണ മന്ത്രാലയത്തില്‍നിന്ന് ഒരു കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയിരുന്നു. സുരക്ഷാ അനുമതി റദ്ദ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനായിരുന്നു നോട്ടീസ്. റദ്ദ് ചെയ്യാതിരിക്കാനേ കാരണങ്ങളുള്ളൂ എന്ന് മറുപടിയും നല്‍കിയതാണ്. എന്തെങ്കിലും തെറ്റ് ചെയ്തതായി ചൂണ്ടിക്കാട്ടിയാലല്ലേ അത് വിശദീകരിക്കാന്‍ കഴിയൂ. അങ്ങനെയൊന്നും ആ നോട്ടീസില്‍ ഉണ്ടായിരുന്നില്ല. ആ നിലക്കുതന്നെ ഇെതാരു നടപടിക്രമത്തിന്റെ ഭാഗമാണെന്ന് കരുതാനേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. അതിനാല്‍ ഇങ്ങനെയൊരു സര്‍ക്കാര്‍ നടപടി തികച്ചും അപ്രതീക്ഷിതം.
മാനേജിങ് കമ്മിറ്റി യോഗം നടക്കുന്ന ദിവസമായതിനാല്‍ കമ്പനി ഡയറക്ടര്‍മാരും സ്ഥലത്തുണ്ടായിരുന്നു. ചാനല്‍ ഓഫ് എയറാകും മുന്‍പ് എഡിറ്റര്‍ പ്രേക്ഷകരോട് കാര്യം ധരിപ്പിക്കണമെന്ന നിര്‍ദേശം വന്നു. സ്റ്റുഡിയോയില്‍ കയറിയിരുന്ന് ആ ദൗത്യം നിര്‍വഹിച്ചു. ചാനല്‍ സംപ്രേഷണം തല്‍ക്കാലത്തേക്ക് നിര്‍ത്തുകയാണെന്നും എന്തു കാരണംകൊണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് മീഡിയവണിന് അറിയില്ലെന്നുമുള്ള കാര്യം കൃത്യമായി പറഞ്ഞുെവച്ചു.
ഉടന്‍ തന്നെ ഹൈകോടതിയെ സമീപിക്കാന്‍ അതിനകം തീരുമാനിച്ചിരുന്നു. കമ്പനി അഭിഭാഷകനായ അമീന് ഹസന് വഴി റിട്ട് ഫയല്‍ ചെയ്തു. ഉച്ചയോടെ ഹൈകോടതി കേസ് എടുത്തു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത് രണ്ടുദിവസത്തേക്ക് തടഞ്ഞ് ഉത്തരവായി. അതോടെയാണ് എല്ലാവരുമൊന്ന് ശ്വാസംവിട്ടത്. ചാനല്‍ വീണ്ടും ഓണ്‍ എയറായി.
തിരിച്ച് ന്യൂസ് ഡെസ്കിലെത്തിയപ്പോള് ജോലി നടക്കുന്നു. പക്ഷേ, പല മുഖങ്ങളിലും ആശങ്ക. എന്ത് സംഭവിക്കുമെന്ന ആകാംക്ഷ. ഉടന്‍തന്നെ വൈസ് ചെയര്മാന് മുജീബുര്‍റഹ്മാന്‍ ഡെസ്കിലെത്തി എല്ലാവരെയും അഭിസംബോധന ചെയ്തു. ഉറച്ച ബോധ്യത്തോടെയും സത്യസന്ധതയോടെയും അദ്ദേഹം ജീവനക്കാര്‍ക്ക് ഉറപ്പുകൊടുത്തു. വിശ്വസിക്കൂ സുഹൃത്തുക്കളേ, ഈ വെല്ലുവിളിയും നമ്മള് അതിജീവിക്കും. ശരിയായ മാര്‍ഗത്തില്‍.
ആ നിമിഷം വളരെ പ്രധാനപ്പെട്ടതായിരുന്നു. എല്ലാവരെയും ഒന്നിച്ചുനിര്‍ത്തേണ്ട സമയം. എല്ലാവരിലും ആത്മവിശ്വാസം വിതക്കേണ്ട സമയം. യോജിപ്പിന്റെ കണ്ണി പൊട്ടിപ്പോയാല്‍ പലതും സംഭവിക്കും. താഴേത്തട്ടിലുള്ള ജീവനക്കാരെയടക്കം അരക്ഷിതത്വം ബാധിക്കാതെ ചേര്‍ത്തുപിടിച്ചേ മതിയാകൂ.
നിങ്ങള്‍ എഡിറ്ററായി ജോലിചെയ്യുന്ന ചാനല്‍ പെട്ടെന്നൊരു ദിവസം ലൈസന്‍സ് നഷ്ടപ്പെട്ട് ഓഫ് എയര്‍ ആയാല്‍ നിങ്ങളെന്തു ചെയ്യും? ആ ചോദ്യം വന്ന് ഒരിക്കല്‍കൂടി എന്റെ മുന്നില്‍ നിന്നു. പോരാടും, ഞാന്‍ എന്നോട് പറഞ്ഞു.
ഒരു ശതമാനംപോലും സംശയമില്ലാത്ത തീരുമാനമായിരുന്നു അത്. ഞാന്‍ ജോയിന്‍ ചെയ്തിട്ട് ഏഴുമാസമേ ആയിട്ടുള്ളൂ. മാനേജ്മെന്റിനെക്കുറിച്ച് പൂര്‍ണമായി പഠിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽപോലും തികച്ചും പ്രഫഷനലായി സ്ഥാപനത്തെ നയിച്ചിരുന്ന റോഷന് കക്കാട്ടിന്റെ പ്രവര്‍ത്തനശൈലിയില്‍ എനിക്ക് പൂര്‍ണവിശ്വാസമായിരുന്നു. വൈസ് ചെയര്മാന് മുജീബുര്‍റഹ്മാന്റെ അധ്യക്ഷതയില്‍ ചേരുന്ന മാനേജിങ് കമ്മിറ്റിയില്‍ പങ്കെടുക്കുമ്പോഴെല്ലാം കിട്ടുന്ന ഉറപ്പ് അടിയുറച്ച ചില നിലപാടുകളോടെ മുന്നോട്ടുപോകാന്‍ നമ്മള് പ്രതിബദ്ധരാണ് എന്നതാണ്. ഒ. അബ്ദുറഹ്മാന് എന്ന മനീഷി ഗ്രൂപ് എഡിറ്ററായി ഇരിക്കുന്നു. 68,000 ഓഹരി പങ്കാളികള്‍. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും സാധാരണക്കാര്‍ ഉള്‍പ്പെടെ മെച്ചപ്പെട്ട മാധ്യമസംസ്കാരത്തെക്കുറിച്ചുള്ള പ്രതീക്ഷയോടെ നടത്തിയ നിക്ഷേപം. ഡയറക്ടര്‍മാര്‍ എല്ലാവരും അറിയുന്നവര്‍, ശുദ്ധരായ മനുഷ്യര്‍. യാസീന്‍ മാഷാണ് എം.ഡി. പിന്നെ, കൂടെയുള്ള മനുഷ്യര്‍. ഞാനുള്‍പ്പെടെയുള്ള നേതൃത്വത്തില്‍ പ്രതീക്ഷ പുലര്‍ത്തുന്ന ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും. അതിനാല്‍, സംശയത്തിന്റെ കണികപോലുമില്ലാതെ തന്നെ ഞാന്‍ ഉറപ്പിച്ചു. പോരാടും.
പക്ഷേ, ആ പോരാട്ടം അത്ര നിസ്സാരമായിരുന്നില്ല. എന്നെ സംബന്ധിച്ച് ആദ്യം നേരിടേണ്ടിവന്ന പ്രശ്നം മാധ്യമങ്ങളില്നിന്നുതന്നെ ഉയര്‍ന്നുവന്ന ചോദ്യങ്ങളായിരുന്നു. എല്ലാ മലയാളം ചാനലുകളും ലൈസന്‍സ് റദ്ദാക്കിയതിനോട് പ്രതികരിക്കാന്‍ മീഡിയവണ്‍ എഡിറ്ററെ വിളിക്കുന്നു. ആദ്യം വിളിവന്നത് ‘റിപ്പോര്‍ട്ടറി’ല്‍നിന്ന്. നികേഷ് ലൈവില്‍ ചോദിക്കുന്നു. എങ്ങനെ പ്രതികരിക്കുന്നു? പിന്നെ, വിട്ടുപോന്ന ‘മനോരമ ന്യൂസ്’, പഴയ തട്ടകമായ ‘ഏഷ്യാനെറ്റ് ന്യൂസ്’, ‘മാതൃഭൂമി’, ‘കൈരളി’, ‘24’, ‘ന്യൂസ് 18’... എല്ലാ ചാനലുകളോടും സംസാരിച്ചുവെന്നാണ് ഓര്മ. കൂടാതെ ധാരാളം ഇംഗ്ലീഷ് മാധ്യമങ്ങളും കേരളത്തിലെ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രതികരണത്തിനായി ബന്ധപ്പെട്ടു. സത്യത്തില്‍, അന്നും പിറ്റേന്നുമായി വിവിധ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു നല്കിയ മറുപടികളാണ് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. അന്നു രാത്രി ‘മനോരമ ന്യൂസും’ ‘റിപ്പോര്‍ട്ടറും’ അവരുടെ പ്രൈം ടൈം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. ‘റിപ്പോര്‍ട്ടറി’നോട് ക്ഷമപറഞ്ഞ് ‘മനോരമ ന്യൂസി’ലാണ് പങ്കെടുത്തത് (അവരുടേതായിരുന്നു ആദ്യ കാള്‍). അന്ന് എല്ലാ ചാനലുകളും വിഷയം ചര്ച്ചചെയ്തതിലൂടെ ‘മീഡിയവണി’ന്റെ കൃത്യമായ നിലപാടും കേന്ദ്രസര്‍ക്കാറിന്റെ വ്യക്തമല്ലാത്ത നിലപാടും പൊതുജന ശ്രദ്ധയില്‍ വന്നു.
വിശദമായ വാദങ്ങള്‍ക്കുശേഷം ഹൈകോടതി സിംഗ്ള്‍ ബെഞ്ച് ഫെബ്രുവരി എട്ടിന് ‘മീഡിയവണി’ന്റെ റിട്ട് ഹരജി തള്ളി. ആദ്യത്തെ തിരിച്ചടി. പക്ഷേ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതിക്കുള്ള കാരണം ഹൈകോടതിയെ സീല്‍ഡ് കവറില്‍ ബോധിപ്പിക്കുന്നത് ഈ സമയത്താണ്. അതില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ എന്താണെന്ന ആകാംക്ഷ ഇതോടെ ശക്തമായി. കവറിനുള്ളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വെച്ച് ഈ ചാനല്‍ ഒരു മണിക്കൂര്‍പോലും തുടരുന്നത് അപകടമാണെന്നുകൂടി ജഡ്ജി പരാമര്‍ശിച്ചതോടെ കാര്യം ഗുരുതരമായി. ഡിവിഷന് ബെഞ്ചിലേക്ക് നീങ്ങുക എന്ന തീരുമാനമെടുത്തെങ്കിലും ഉടനടി ചാനല്‍ വീണ്ടും ഓഫ് എയര്‍ ആക്കണമായിരുന്നു. വീണ്ടും എഡിറ്റര്‍ തന്നെ ഓണ്‍ എയര്‍ വന്ന് ചാനല്‍ വീണ്ടും ഓഫ് എയര്‍ ആവുകയാണെന്ന് പ്രേക്ഷകരെ അറിയിച്ചു. ഒരു വാചകം കൂടി ഞാന്‍ ചേര്‍ത്തു. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരും.
ചാനല്‍ ബ്രോഡ്കാസ്റ്റിങ് നിര്‍ത്തിയപ്പോള്‍, യൂ ട്യൂബിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയുമുള്ള സ്ട്രീമിങ് എന്തുചെയ്യണമെന്ന ചോദ്യംവന്നു. തുടരാമെന്ന നിയമോപദേശമാണ് കിട്ടിയത്. അത് വലിയ ആശ്വാസമായി. ടീം ജോലി തുടര്‍ന്നു. തുടര്‍ന്നുള്ള 35 ദിവസം ‘മീഡിയവണ്‍’ ഒരു യൂ ട്യൂബ് ചാനലായിരുന്നു. പക്ഷേ ആ ദിവസങ്ങള്‍ ‘മീഡിയവണ്‍’ ടീമിന്റെ ഓപറേഷനില്‍ ഒരു വ്യത്യാസവും വന്നില്ല. എന്നു മാത്രമല്ല, ഈ നാളുകളില്‍ പൊട്ടിപ്പുറപ്പെട്ട യുക്രെയ്ൻ യുദ്ധത്തിന്റെ കെടുതികള്‍ മറ്റേതൊരു മലയാളം ചാനലിനെപ്പോലെയും ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്നതില്‍ നിര്‍ണായകമായ രീതിയില്‍ സഹായിക്കാനും സാധിച്ചു. നാട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ അവരുടെ കൃതജ്ഞത നേരിട്ടുവന്ന് ഞങ്ങളെ അറിയിക്കുകയും ചെയ്തു. അങ്ങനെ, സംപ്രേഷണം നിര്‍ത്തിയ ഒരു ചാനലിലെ ജീവനക്കാര്‍ ഡിജിറ്റല്‍ സ്ട്രീമിങ്ങിലൂടെ ആ വിലക്കിനെ അപ്രസക്തമാക്കുന്നതില്‍ വിജയിക്കുന്നതാണ് കണ്ടത്.
പക്ഷേ, അവരില്‍ പലരുടെയും മനസ്സില്‍ തീയായിരുന്നു എന്നെനിക്ക് അറിയാം. പുറമെ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കുടുംബത്തിന്റെയും നാട്ടുകാരുടെയും ചോദ്യങ്ങള്‍ക്കു മുന്നില്‍ പലരുടെയും മനസ്സ് പതറി. ഫീല്‍ഡില്‍ പോകുന്നവരോട് സഹ മാധ്യമപ്രവര്‍ത്തകര്‍ സൗഹൃദം കാണിച്ച് ചോദിക്കുന്ന കാര്യങ്ങള്‍പോലും പലരെയും ബുദ്ധിമുട്ടിച്ചു. പോരാത്തതിന്, ഈ സമയമായപ്പോഴേക്ക് നാനാഭാഗത്തുനിന്നും ‘മീഡിയവണി’നെതിരെ സംഘ്പരിവാറിന്റെയും ചില കുബുദ്ധികളുടെയും നേതൃത്വത്തില്‍ വിദ്വേഷപ്രചാരണം ആരംഭിച്ചിരുന്നു. അവസരം മുതലാക്കി ആരംഭിച്ച ചില സംഘടിത - വ്യക്തിഗത പ്രചാരണങ്ങള്‍ ലെഗസി മാലിന്യത്തിന് തീപിടിച്ചാലെന്നപോലെ പുറത്തുവിട്ട പുക ഞങ്ങളുടെ നെഞ്ചകത്ത് കെട്ടിക്കിടന്നു. ജിഹാദി ചാനല്‍, തീവ്രവാദി ചാനല്‍, മൗദൂദി ചാനല്‍ - ഈ വിളികളില്‍ തുടങ്ങി അറയ്ക്കുന്ന ഭാഷയിലുള്ള തെറിവിളികള്‍ വരെ. കശ്മീര്‍ റിപ്പോര്‍ട്ടിങ്ങിലൂടെ നടത്തിയ വര്‍ഗീയ പരാമര്‍ശത്തിന്റെ പേരിലാണ് ഈ വിലക്കെന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ തനിക്കുള്ള സ്വാധീനം െവച്ച് കണ്ടുപിടിച്ചെന്ന് ഒരു ‘ഒളി കാമറാ വിദഗ്ധന്‍’ ഗീര്‍വാണ വിഡിയോ ഇറക്കി. പതിനായിരക്കണക്കിന് മനുഷ്യരുടെ ചെറിയ ചെറിയ ഓഹരികള്‍ മൂലധനമാക്കിയ ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരുടെ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് വിദേശപണം വന്നുവെന്നും അതാണ് വിലക്കിന് കാരണമെന്നും മറ്റുചില കേന്ദ്രങ്ങളില്‍നിന്ന് കഥയിറങ്ങി. കേന്ദ്രസര്‍ക്കാര്‍ ‘മീഡിയവണി’ന്റെ അടിവേര് പിഴുതുവെന്ന് സ്വകാര്യസംഭാഷണങ്ങളില്‍ പറഞ്ഞുപറഞ്ഞ് പരസ്യമാക്കിയവര്‍ വേറെ. അപകടം മണത്തറിഞ്ഞ് രാജീവ് ദേവരാജ് ആദ്യം ചാടിയെന്നും അഭിലാഷ് മോഹനന് പിറകെ ഗമിച്ചുവെന്നും ഒന്നുമറിയാതെ വന്ന പ്രമോദ് രാമനും സ്മൃതി പരുത്തിക്കാടും പെട്ടുവെന്നും മഞ്ഞ-നീല മാധ്യമങ്ങള്‍. തത്ത്വവും ആദര്‍ശവും പറഞ്ഞ് സമയം കളയാതെ അമിത്ഷായെ ചെന്നുകണ്ട് ലൈസന്‍സ് എങ്ങനെയെങ്കിലും വാങ്ങിയെടുക്കൂ എന്ന് ഉപദേശിച്ച, ഡല്‍ഹിയിലെ അധോതല ഇടപാടുകാര്‍.
സിംഗ്ള്‍ ബെഞ്ച് വിധിക്കെതിരെ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളി. ഇത് രണ്ടാമത്തെ തിരിച്ചടി. സംഗതി കുഴപ്പത്തിലേക്കാണോ എന്ന തോന്നലിലെത്തി പലരും. പക്ഷേ, മാനേജ്മെന്റ് എല്ലാ ജീവനക്കാരെയും വിളിച്ചുകൂട്ടി അവരുമായി സംസാരിച്ചു. കുറെയേറെപ്പേര്‍ നേരിട്ടു പങ്കെടുത്തു. മറ്റുള്ളവര്‍ ഓണ്‍ലൈനായും. നമ്മള് തോറ്റുകൊടുക്കില്ലെന്നും അവസാനംവരെ പോരാടുമെന്നും ആവര്‍ത്തിച്ച് ഉറപ്പിച്ച് പിരിഞ്ഞു. നമുക്ക് അതിയായി ആഹ്ലാദിക്കാനുള്ള ഒരുദിവസം വരാനായിട്ടാണ് ഇന്നീ തിരിച്ചടിയെന്ന് ആ യോഗത്തില്‍ നിഷാദ് റാവുത്തര്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു.
പക്ഷേ, വിദ്വേഷപ്രചാരണപ്പുക കൂടുതല്‍ വ്യാപിച്ചു. ഫേസ് ബുക്കിലും ട്വിറ്ററിലും ഞാനെന്ത് കുറിച്ചാലും കഠിനമായ വിദ്വേഷവും അസഭ്യവര്‍ഷവും. ചാനലിലെത്തി അധികമായിട്ടില്ലാത്ത സ്മൃതി പരുത്തിക്കാടിനെതിരെയും വ്യാപകമായ വ്യക്തിഹത്യ. എന്നാല്‍, മറ്റൊരുവശത്ത് പോസിറ്റിവായ ഒരുപാട് കാര്യങ്ങളും നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമസ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള ആക്രമണത്തിനെതിരായി നടന്ന പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും സെമിനാറുകളുമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. രണ്ടാമതൊന്ന് ആലോചിക്കാതെ ‘മീഡിയവണി’ന് ഈ പോരാട്ടത്തില്‍ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍, സി.പി.എം- കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതൃത്വങ്ങള്‍, യുവജന സംഘടനകള്‍, മതനേതാക്കള്‍, സാമൂഹിക-മനുഷ്യാവകാശ സംഘടനകള്‍ തുടങ്ങി കേരളീയ സമൂഹത്തിന്റെ ഭൂരിപക്ഷവും ഒപ്പം നിന്നു. പലരും സംഘടിപ്പിച്ച യോഗങ്ങളില്‍ ഞാന്‍ പങ്കെടുത്ത് സംസാരിച്ചു. മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനാ ചിന്തകളും നിയമവ്യവഹാരങ്ങളും അവകാശബോധവുമെല്ലാം ഈ കൂടിച്ചേരലുകളില്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഇതായിരുന്നു ഒരു പ്രധാന പുരോഗമനനീക്കം. മറ്റൊന്ന്, ദേശീയതലത്തില്‍ നിയമ-ഭരണഘടനാ വിദഗ്ധര്‍ ഹൈകോടതിയുടെ തീരുമാനങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയതാണ്. അതില്‍ ഏറ്റവും നിര്‍ണായകമായത് ഗൗതം ഭാട്ടിയ എഴുതിയ രണ്ട് ലേഖനങ്ങളായിരുന്നു. ഹൈകോടതിയുടെ സിംഗ്ള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും നീതി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് സൂക്ഷ്മവും വിദഗ്ധവുമായ വിശകലനങ്ങളോടെ ഗൗതം ഭാട്ടിയ സ്ഥാപിച്ചു. എന്‍. റാമും ശശികുമാറും ബി.ആര്.പി. ഭാസ്കറും ഉള്‍പ്പെടെ വലിയൊരു നിര മാധ്യമപ്രവര്‍ത്തകര്‍ ഹൈകോടതിയുടെ പരാമര്‍ശങ്ങളെ ഖണ്ഡിച്ചു. 2022 ഫെബ്രുവരി 14ന് എന്‍. റാം, പ്രശാന്ത് ഭൂഷണ് എന്നിവരോടൊപ്പം ഡല്‍ഹി പ്രസ് ക്ലബില്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ രാജ്യം കടന്നുപോകുന്ന ഇരുണ്ട ദിനങ്ങളുടെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ ഒരു കണ്ണിയായി ഞാനും ചേരുകയായിരുന്നു. സാധാരണഗതിയില്‍ ഒരു പ്രാദേശിക സ്ഥാപനം ഡല്‍ഹി പ്രസ് ക്ലബില്‍ വാര്‍ത്തസമ്മേളനം നടത്തിയാല്‍ കാണാവുന്ന മാധ്യമപ്രവര്‍ത്തക പങ്കാളിത്തമല്ല അതിന് ഉണ്ടായിരുന്നത്. അന്നത്തെ അനുഭവം എനിക്ക് മറക്കാനാകാത്തതായി. ആ യാത്രയില്‍ ഉണ്ണിരാജന് ശങ്കര്‍, ജോസി ജോസഫ്, വര്‍ഗീസ് ജോര്‍ജ് തുടങ്ങിയവരെക്കണ്ട് സംസാരിക്കാന്‍ കഴിഞ്ഞതും നേട്ടമായി.
ഹൈകോടതി വിധിക്കെതിരായി സുപ്രീംകോടതിയെ സമീപിച്ചുകഴിഞ്ഞിരുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിലേക്ക് കേസ് അന്നത്തെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ കൈമാറുകയും ചെയ്തു. പക്ഷേ വിധിവരാന്‍ സമയമെടുക്കുമെന്ന് ഉറപ്പായിരുന്നു. ആ നാളുകള്‍ കഠിനമായി. പല ഡിപ്പാര്ട്മെന്റുകളില്നിന്നും ജീവനക്കാര്‍ വിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന വര്‍ത്തമാനങ്ങള്‍ തുടങ്ങി. ചില കൊഴിഞ്ഞുപോക്കുകളുണ്ടായി. പക്ഷേ മാര്‍ച്ച് 15 വരെ മാത്രമായിരുന്നു അതിന്റെ ആയുസ്സ്. ആ ദിവസം ഞാന്‍ തിരുവനന്തപുരത്താണ്. കേസ് എടുക്കുന്നുണ്ടെന്ന വിവരമുണ്ട്. പക്ഷേ, ഒരു സംഘടന മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാതിരിക്കാനും കഴിയില്ലായിരുന്നു. ഏതാണ്ട് 11 മണിയോടുകൂടി വിധിവന്നു. ‘മീഡിയവണി’ന്റെ സംപ്രേഷണാനുമതി പുനഃസ്ഥാപിച്ചുകൊണ്ട് ഇടക്കാല ഉത്തരവ്! അന്ന് ‘മീഡിയവണി’ലെ ജീവനക്കാര്‍ക്ക് ഉണ്ടായ സന്തോഷംപോലൊന്ന് ഈ അന്തിമവിധി വന്നപ്പോള്‍പോലും ഉണ്ടായില്ല എന്നെനിക്ക് തോന്നുന്നു. ഇരുട്ടിലേക്ക് വെട്ടം വീഴുന്നതും ചെറിയ വെട്ടമുള്ളിടത്തേക്ക് പൂര്ണവെട്ടം വീഴുന്നതും തമ്മിലുള്ള വ്യത്യാസം.
ഇടക്കാല ഉത്തരവിനുശേഷം കാര്യങ്ങളെല്ലാം ഉഷാറായി. ചാനല്‍ സംപ്രേഷണം പുനരാരംഭിക്കുന്ന വിവരവും എഡിറ്റര്‍ ഓണ്‍ എയറില്‍ വന്ന് അറിയിച്ചു. അങ്ങനെ ചില ചരിത്രസന്ദര്‍ഭങ്ങള്‍ ടെലിവിഷനിലൂടെ രേഖപ്പെടുത്തുക എന്നത് നിയോഗമായി എന്ന് കൂട്ടിയാല്‍ മതി. തുടര്‍ന്നുള്ള നാളുകളില്‍ ദുബൈയിലും റാസല്‍ഖൈമയിലുമായി ചില യോഗങ്ങളിൽകൂടി ഞാന്‍ പങ്കെടുത്തു. ‘മീഡിയവണി’നോട് ജി.സി.സി രാജ്യങ്ങളിലാകെയുള്ള പ്രവാസി പ്രേക്ഷകര്‍ക്കുള്ള സ്നേഹമെന്തെന്ന് ശരിക്ക് അറിയാന്‍ കഴിഞ്ഞത് ആ യാത്രയിലായിരുന്നു. ഇടക്കാല ഉത്തരവിനുശേഷം കേസിലെ വിശദവാദംകേള്ക്കലും അന്തിമവിധിയും എത്രകാലമെടുക്കുമെന്ന് അറിയില്ലായിരുന്നു. ഇതിനിടയില്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി. അദ്ദേഹത്തിന്റെ ഉത്തരവാദിത്ത ബാഹുല്യം മാനിച്ച് കാത്തിരിക്കുക മാത്രമായിരുന്നു വഴി. വാദങ്ങള്‍ പൂര്‍ത്തിയായതോടെ തന്നെ ദുഷ്യന്ത് ദവെ ‘‘make my laddu ready’’ എന്ന് പറഞ്ഞിരുന്നു. അദ്ദേഹം വിശ്വാസം കാത്തു. നാലുമാസത്തിലധികം കാത്തിരുന്നശേഷം 2023 ഏപ്രില്‍ അഞ്ചിന് രാവിലെ മറ്റു പല പ്രധാനവാര്ത്തകളുടെയും തിരക്കിട്ട ഒരുക്കങ്ങളിലായിരുന്ന ന്യൂസ് ഡെസ്കിലേക്ക് ആ വിവരമെത്തി. നമ്മുടെ വിധി വരുന്നു! ഉടന്‍! പിന്നീടു മുഴുവന്‍ അതിന്റെ ആകാംക്ഷയും ഓട്ടവും മാത്രം. എന്താകും വിധി? ദൃഢമായ ആത്മവിശ്വാസത്തിന്റെ ഉരുക്കുബലത്തോടെ ഞാനവരോട് പറഞ്ഞു: ‘‘ബ്രേക്കിങ് ന്യൂസ് റെഡിയാക്കി വെച്ചോളൂ. ‘മീഡിയവണ്‍’ വിലക്ക് സുപ്രീംകോടതി റദ്ദാക്കി.’’
ചീഫ് ജസ്റ്റിസ് ആ വിധി പറഞ്ഞുനിര്‍ത്തിയ ആ നിമിഷം! എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരോടൊപ്പം ആഹ്ലാദംകൊണ്ട് ആര്പ്പുവിളിക്കാതിരിക്കാന് എനിക്കും കഴിഞ്ഞില്ല. ഇങ്ങനെയൊരു വിധി ഉണ്ടായില്ലെങ്കില്‍ ഇന്ത്യ ജനാധിപത്യ രാജ്യമായി തുടരില്ലെന്ന് ഒരുഘട്ടത്തില്‍ ഞാനവരോട് പറഞ്ഞിരുന്നു. എനിക്കത് അത്രയേറെ ബോധ്യമുള്ള ഒരു വസ്തുതയായിരുന്നു.
നിങ്ങള്‍ എഡിറ്ററായിരിക്കുന്ന ചാനല്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ട് ഓഫ് എയറായാല് എന്തു ചെയ്യും? ഈ ചോദ്യത്തിന് ഇനി എല്ലാക്കാലത്തേക്കും എനിക്ക് ഒരുത്തരമേ ഉള്ളൂ. തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടെങ്കില്‍ നിയമവഴിയില്‍ പോരാടി ലൈസന്‍സ് തിരികെ നേടും. സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന്റെ ഭരണഘടനാ നിഷേധസ്വഭാവമുള്ള നടപടികള്‍ക്ക് എതിെരയാകുമ്പോള് അത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടംകൂടിയായി മാറുമെന്നത് സ്വാഭാവികം. ചാരിതാര്ഥ്യപൂര്ണവും.