Begin typing your search above and press return to search.
proflie-avatar
Login

ഒരു രാഷ്​ട്രീയ തടവുകാര​ന്റെ ജയിൽ-ജീവിതം

ഒരു രാഷ്​ട്രീയ തടവുകാര​ന്റെ ജയിൽ-ജീവിതം
cancel

മാവോവാദി പ്രവർത്തനം ആരോപിക്കപ്പെട്ട്​ ഒമ്പതര വർഷം തമിഴ്​നാട്ടിലെ ജയിലുകളിൽ അടക്കപ്പെട്ട അനൂപ്​ മാത്യു ജോർജ്​ ത​​ന്റെ ജയിൽ അനുഭവങ്ങളും ജീവിതവും ​ജയിലിലെ പോരാട്ടങ്ങളും എഴുതുന്നു. അവസാന ഭാഗം. അങ്ങനെയിരിക്കെ ഞങ്ങളെ കാണാനും വസ്ത്രങ്ങളും പുസ്തകങ്ങളും ഞങ്ങൾക്ക് തരാനുമായി വന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ നേതാക്കളായ ഹരിയെയും സി.പി. റഷീദിനെയും ഞങ്ങൾക്ക് കൊണ്ടുവന്ന വസ്ത്രത്തിനുള്ളിൽ പെൻഡ്രൈവ് ഒളിപ്പിച്ചുവെച്ചു എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കുന്ന ഒഫൻസായ ആ കുറ്റത്തിനൊപ്പം, ഗവൺമെന്റ് ജീവനക്കാരെ ജോലിചെയ്യാൻ സമ്മതിക്കാതിരുന്നു എന്ന നോൺ വെയിലബിൾ ഒഫൻസും...

Your Subscription Supports Independent Journalism

View Plans
മാവോവാദി പ്രവർത്തനം ആരോപിക്കപ്പെട്ട്​ ഒമ്പതര വർഷം തമിഴ്​നാട്ടിലെ ജയിലുകളിൽ അടക്കപ്പെട്ട അനൂപ്​ മാത്യു ജോർജ്​ ത​​ന്റെ ജയിൽ അനുഭവങ്ങളും ജീവിതവും ​ജയിലിലെ പോരാട്ടങ്ങളും എഴുതുന്നു. അവസാന ഭാഗം.

അങ്ങനെയിരിക്കെ ഞങ്ങളെ കാണാനും വസ്ത്രങ്ങളും പുസ്തകങ്ങളും ഞങ്ങൾക്ക് തരാനുമായി വന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ നേതാക്കളായ ഹരിയെയും സി.പി. റഷീദിനെയും ഞങ്ങൾക്ക് കൊണ്ടുവന്ന വസ്ത്രത്തിനുള്ളിൽ പെൻഡ്രൈവ് ഒളിപ്പിച്ചുവെച്ചു എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കുന്ന ഒഫൻസായ ആ കുറ്റത്തിനൊപ്പം, ഗവൺമെന്റ് ജീവനക്കാരെ ജോലിചെയ്യാൻ സമ്മതിക്കാതിരുന്നു എന്ന നോൺ വെയിലബിൾ ഒഫൻസും കൂട്ടിച്ചേർത്ത് റിമാൻഡ് ചെയ്തു. ഇതിൽ ഏറ്റവും വലിയ തമാശ, അവർ കൊണ്ടുവന്ന ഡ്രസ് കൊടുക്കുന്നത് ജയിലിന് ഏറ്റവും വെളിയിലുള്ള മെയിൻ ഗേറ്റിലാണ്.

അതിനുശേഷം മൂന്നിടങ്ങളിൽ വിശദമായ പരിശോധനകൾ കഴിഞ്ഞാണ് പുറത്തുനിന്നുള്ള വസ്തുക്കൾ നമുക്ക് ലഭിക്കുക. മാത്രവുമല്ല, പലതവണ കോയമ്പത്തൂർ ജയിലിൽ വന്നിട്ടുള്ള ഹരിക്കും റഷീദിനും ഇക്കാര്യങ്ങൾ നല്ലതുപോലെ അറിയാവുന്നതുമാണ്. അത്തരമൊരവസ്ഥയിൽ തലക്ക് വെളിവുള്ള ഏതൊരാളും ചെയ്യാത്ത ഒരു കാര്യം, എന്തായാലും, ജനകീയ മനുഷ്യാവകാശ പ്രവർത്തകർ മാത്രമായി ചെയ്യില്ല എന്നത് ഏതൊരാൾക്കും ബോധ്യപ്പെടുന്നതാണ്.

പക്ഷേ, നമ്മുടെ നിയമസംവിധാനങ്ങൾക്ക് മാത്രം അതൊന്നും ഒരിക്കലും ബോധ്യപ്പെടില്ല. എന്തായാലും സ്റ്റേറ്റിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ഇടപെടലുകൾ, തുടർന്നുള്ള കാലങ്ങളിൽ കൂടുതൽ പിന്തുണ പൊതുസമൂഹത്തിൽനിന്നും രൂപപ്പെടുത്തിയെടുക്കാൻ കാരണമായിത്തീർന്നു.

കോയമ്പത്തൂർ ജയിലിൽ കഴിഞ്ഞ ഒമ്പതു വർഷങ്ങളായി ആഗസ്റ്റ് 15നും ജനുവരി 26നും നടന്നിരുന്ന ആഘോഷ പരിപാടികളിൽ ഞങ്ങൾ പങ്കെടുത്തിരുന്നില്ല. കേരളത്തിലും അത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയ തടവുകാർ ആഘോഷ പരിപാടികളിൽനിന്ന് വിട്ടുനിന്നിരുന്നു. ഇതിൽ കേരളത്തിൽ നടന്നിരുന്ന ബഹിഷ്കരണങ്ങളെ വിവാദമാക്കി മാറ്റാൻ ഹൈ സെക്യൂരിറ്റി ജയിലിന്റെ അധികാരികൾ ശ്രമിച്ചിരുന്നു. ഇത്തരത്തിൽ ബഹിഷ്കരിക്കാനെടുക്കുന്ന തീരുമാനം, ഏതെങ്കിലും തരത്തിൽ സംഘടിതമായി എടുത്തതല്ലാത്തതിനാൽ ഓരോ ജയിലിലുമുള്ള രാഷ്ട്രീയ തടവുകാർ, അവരവരുടെ ജയിലുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെ ഭാഗമായിട്ടായിരുന്നു ബഹിഷ്കരണങ്ങൾ നടത്തിയിരുന്നത്.

കോയമ്പത്തൂർ ജയിലിനെ സംബന്ധിച്ച് തുടർച്ചയായി നടന്നുവന്നിരുന്ന കസ്റ്റഡി വയലൻസും ഭരണഘടന വ്യക്തിക്ക് ഉറപ്പുനൽകുന്ന ജീവിക്കാനുള്ള, അന്തസ്സായി ജീവിക്കാനുള്ള, അവകാശത്തെ പോലും ഒരു ആശങ്കയും കൂടാതെ വലിച്ചെറിയാൻ കഴിയുന്ന സാഹചര്യവും ആയിരുന്നു ഈ കഴിഞ്ഞ ഒമ്പതു വർഷങ്ങളിലും നിലനിന്നിരുന്നത്. ഇതെല്ലാം ദൈനംദിന ജയിൽജീവിതത്തിൽ നടക്കുന്നത് കണ്ടിട്ടും കാണാതെ, ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നതരത്തിലുള്ള തൊലിക്കട്ടി ഒമ്പതു വർഷത്തിനിടയിൽ ഒരിക്കൽപോലും നേടിയെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. മാത്രവുമല്ല, ഇതെല്ലാം മറന്നുകൊണ്ട് ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ബ്രിട്ടീഷുകാർക്കെതിരെ പോരാടി ജീവൻ വെടിഞ്ഞ ആയിരക്കണക്കിന് രക്തസാക്ഷികളോട് കാട്ടുന്ന കടുത്ത അപമര്യാദയായും ഞങ്ങൾ മനസ്സിലാക്കിയിരുന്നു.

ജുഡീഷ്യറി എക്സിക്യൂട്ടിവിന്റെ അധികാര ദുഷ്പ്രയോഗത്തിന് വേദിയാക്കപ്പെടുന്ന കാഴ്ചയാണ് തടവുകാലത്ത് കണ്ട മറ്റൊരു ദുരന്തം. അക്കാര്യത്തിൽ എന്തെങ്കിലും പറയാൻ തുടങ്ങുമ്പോൾതന്നെ മനസ്സിലേക്ക് ഓടിവരുന്നത് 2018 ജനുവരി 12ന് സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിയായ ജ. ചെലമേശ്വറും മറ്റു മൂന്ന് ജഡ്ജിമാരും ചേർന്ന് ജുഡീഷ്യറിയെപ്പറ്റി ഗൗരവമേറിയ ചില വിമർശനങ്ങൾ മുന്നോട്ടുവെച്ചതാണ്. ഞാനിതിവിടെ പറയാൻ ആഗ്രഹിക്കുന്നതിന്റെ കാരണം, മാവോയിസ്റ്റ് തീവ്രവാദി എന്ന് മുദ്രകുത്തി ജയിലിലടക്കപ്പെട്ട ഞാൻ, എന്റെ ഒമ്പതു വർഷത്തിനിടയിലുള്ള തടവു ജീവിതത്തിൽനിന്ന്, നേരിട്ട് മനസ്സിലാക്കിയ ജുഡീഷ്യറിയെ പറ്റിയുള്ള വിമർശനങ്ങളെക്കാളും രൂക്ഷമായിരുന്നു ആ സംവിധാനത്തിന്റെ ഭാഗമായി നിന്നിരുന്ന നാലു നീതിപതികൾ ഉയർത്തിയത് എന്നതാണ്.

ഞങ്ങൾ കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചുപേരിൽ രൂപേഷിന്റെ പേരിൽ നാൽപതിലധികം കേസുകളും മറ്റുള്ള ഓരോരുത്തരുടെ പേരിലും ഏകദേശം പത്തിലധികം കേസുകളും മൊത്തത്തിലെടുത്താൽ എഴുപതിലധികം കേസുകളും ചുമത്തപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ 10 വർഷത്തിനിടയിൽ, മൊത്തം കേസുകളിൽ, രണ്ടേ രണ്ട് കേസുകൾ മാത്രമാണ് ട്രയൽ നടത്തി അവസാനിപ്പിച്ചത്. ഷൈനക്ക് നാലുവർഷത്തിനു ശേഷവും 70 വയസ്സിലധികം പ്രായമുള്ള വീരമണിക്ക് അഞ്ചുവർഷത്തിനു ശേഷവും കണ്ണന് എട്ടു വർഷത്തിനു ശേഷവും എനിക്ക് ഒമ്പതര വർഷത്തിനു ശേഷവുമാണ് ജാമ്യം ലഭിച്ച് പുറത്തുവരാൻ സാധിച്ചത്.

ട്രയൽ നടത്തി കേസ് തീർക്കാൻ കഴിയില്ലെങ്കിൽ, അനന്തമായി ആളുകളെ ജാമ്യം കൊടുക്കാതെ റിമാൻഡ് തടവിൽ വെക്കരുതെന്ന് വ്യക്തമാക്കുന്ന നിരവധി ജഡ്ജ്മെന്റുകൾ പല ഹൈകോർട്ടുകളിൽനിന്നും സുപ്രീംകോർട്ടിൽനിന്നും പലതവണ പുറത്തുവന്നിരുന്നു. അതിനാൽ ഇത്രയും വർഷം നീണ്ടുനിന്ന ഞങ്ങളുടെ റിമാൻഡ് തടവിന് ഉത്തരം പറയേണ്ട ആദ്യത്തെ ബാധ്യത ജുഡീഷ്യറിക്കാണ്. ആ ചോദ്യം, ഭരണകൂടത്താൽ തീവ്രവാദി എന്ന് മുദ്രകുത്തപ്പെട്ട ഞാൻ, എന്റെ ജീവിതത്തിൽനിന്നും ചോദിച്ചാൽ, എനിക്ക് ലഭിക്കുന്ന മറുപടി കോടതിയലക്ഷ്യ നടപടികൾ ആയിരിക്കും. അതിനാൽ ഞാൻ ബഹുമാനപ്പെട്ട ചെലമേശ്വറിലേക്കും അവർ ഉയർത്തിയ വിമർശനങ്ങളിലേക്കും മടങ്ങുന്നു.

കാരണം, ആ വിമർശനത്തിൽ വർഷങ്ങൾ നീണ്ടുനിന്ന ഞങ്ങളുടെ റിമാൻഡ് തടവിനുള്ള ഉത്തരമുണ്ട്. അവർ ഉന്നയിച്ച രണ്ടു പ്രധാന വിമർശനങ്ങളിൽ ഒന്ന് ജുഡീഷ്യറിയുടെ വിശ്വാസ്യതക്കും സ്വതന്ത്ര അസ്തിത്വത്തിനും ഭരണകൂടത്തിന്റെ മറ്റൊരു തൂൺ ആയ എക്സിക്യൂട്ടിവിൽനിന്നും ഭീഷണി നേരിടുന്നു എന്നതും, മറ്റൊന്ന് CJI കേസുകൾ അദ്ദേഹത്തിന് താൽപര്യമുള്ള ജഡ്ജസിന് മാനദണ്ഡങ്ങൾ പാലിക്കാതെ കൊടുക്കുന്നു എന്നുമായിരുന്നു. ആ വിമർശനങ്ങളിലെല്ലാം അടങ്ങിയിരിക്കുന്നു.

മാത്രവുമല്ല, ജുഡീഷ്യറിയെ ബാധിച്ചിരിക്കുന്ന ഈ അപചയങ്ങളിൽ സിവിൽ സൊസൈറ്റി ശക്തമായി ഇടപെടാനും അവർ ആവശ്യപ്പെട്ടിരുന്നു. ചെലമേശ്വറും മുതിർന്ന മൂന്നു ജഡ്ജിമാരും ഉയർത്തിയ ഈ വിമർശനം, മറ്റൊരുതരത്തിൽ പൊതുസമൂഹത്തിൽ അവതരിപ്പിച്ചതിന് 1967ൽ സാക്ഷാൽ ഇ.എം.എസ് നമ്പൂതിരിപ്പാട് തന്നെ ക്രിമിനൽ കോടതി നടപടികൾ നേരിടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത നാടാണ് നമ്മുടേത്. ഇ.എം. എസ് ഉയർത്തിയ വിമർശനത്തിൽ പ്രധാനം, നീതിപതികളുടെ വർഗബോധം അവരുടെ വിധിന്യായങ്ങളെ തീരുമാനിക്കുന്നതിൽ നിർണായകമാകും എന്നായിരുന്നു. എന്തായാലും 2018ൽ ഉന്നത ന്യായാധിപന്മാരുടെ നേതൃത്വത്തിൽതന്നെ ജുഡീഷ്യറിയെ പറ്റിയുള്ള വിമർശനം പൊതുസമൂഹത്തിന്റെ മുന്നിൽ ​െവച്ചതിനാൽ, എന്റെ ജീവിതത്തിൽ ഞാൻ കണ്ട ജുഡീഷ്യറിയെ പറ്റി പറയുന്നതുകൊണ്ട്, ഇ.എം.എസ് നമ്പൂതിരിപ്പാടിന് നേരിടേണ്ടിവന്ന അനുഭവം എനിക്ക് നേരിടേണ്ടിവരില്ല എന്ന് കരുതുന്നു.

 

കോയമ്പത്തൂർ സെൻട്രൽ ജയിലിൽ തയ്യൽ ജോലിയിൽ ഏർപ്പെട്ടവർ

എനിക്ക് അറിയേണ്ട ഒരേയൊരു കാര്യം, നിരവധി സുപ്രീം ​േകാടതി വിധിയെ മറികടന്നുകൊണ്ട്, ഒമ്പതര വർഷം റിമാൻഡ് തടവുകാരനായി ജയിലിൽ കഴിയേണ്ടിവന്നതിന്റെ കാരണങ്ങളെ കുറിച്ചാണ്. നമ്മൾ ഷാറൂഖ് ഖാ ന്റെ മകനോ സൽമാൻ ഖാനോ, ഏറ്റവും കുറഞ്ഞത് ഒരു മനീഷ് സിസോദിയയോ എങ്കിലും ആവാത്ത കാലത്തോളം മനോഹരമായ ഭാഷയിൽ എഴുതപ്പെട്ട വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തെ പറ്റിയും ഫെയർ ട്രയലിന്റെ അവകാശത്തെ പറ്റിയുമൊക്കെയുള്ള വർണനകൾ നമുക്ക് എത്താച്ചരക്ക് മാത്രമായിരിക്കും.

ഏറ്റവും നിരാശകരമായ മറ്റൊരു കാര്യം, ജയിലിൽ വന്ന് ആദ്യത്തെ കുറച്ചു വർഷങ്ങളിൽ, കസ്റ്റഡി വയലൻസിന് എതിരെ ഉന്നത നീതിപീഠങ്ങളാൽ 1960- 70കളിൽ എഴുതപ്പെട്ട പല വിധിന്യായങ്ങളും വായിച്ച്, അതിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ട്, ജയിലിലെ പല പ്രശ്നങ്ങളും ജുഡീഷ്യറിയുടെ മുന്നിൽ എത്തിച്ചിരുന്നുവെങ്കിലും വളരെ വളരെ മൈനോറിറ്റി ജഡ്ജസ് മാത്രമാണ് ആ വിഷയങ്ങൾ ചെവികൊടുത്തു കേൾക്കാനെങ്കിലും തയാറായത്. എക്സിക്യൂട്ടിവിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഭരണകൂടത്തിന്റെ എല്ലാ തൂണുകളും പരസ്പരം മത്സരിക്കുന്നതായാണ് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.

ഇതിനിടയിൽ 2023ൽ ഇറാൻ ജയിലിൽ കഴിയുന്ന നർഗീസ് അഹമ്മദി എന്ന രാഷ്ട്രീയ തടവുകാരിക്ക് സമാധാനത്തിനുള്ള നൊ​േബൽ പ്രൈസ് ലഭിച്ചപ്പോൾ സിവിൽ സൊസൈറ്റിയിലുള്ള ബുദ്ധിജീവികളുടെ ഭാഗത്തുനിന്നുമുള്ള പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി. പലരും ഇറാൻ ഭരണകൂടത്തിന്റെ യാഥാസ്ഥിതിക സ്വഭാവത്തെ വിമർശിക്കുന്നതും രാഷ്ട്രീയ തടവുകാരെ കടുത്ത മതനിയമങ്ങൾക്ക് വിധേയമാക്കി തടവറകളിൽ പീഡിപ്പിക്കുന്നതിൽ അമർഷം പ്രകടിപ്പിക്കുന്നതും കണ്ടു. എന്നാൽ, പുറത്തുവന്ന വാർത്തയിൽനിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഇറാനിലുള്ള ഭരണകൂടത്തോടുള്ള നർഗീസിന്റെ വിമർശനങ്ങൾ ജയിലിൽ ഇരുന്നുകൊണ്ടുതന്നെ പുറംലോകത്ത് എത്തിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള അവസരം അവർക്ക് ലഭിച്ചിരുന്നു എന്നാണ്.

ലിബറൽ ഡെമോക്രാറ്റിക് എന്നവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത്, വർഷങ്ങളുടെ വിചാരണ തടവ് കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയാൽപോലും, പലപ്പോഴും, ജാമ്യവ്യവസ്ഥയിലടക്കം ഭരണകൂടത്തിനെ വിമർശിക്കരുത് എന്ന് ഒരു ഉപാധികൂടി ഉണ്ടാവും. അപ്പോൾ തടവിൽ കഴിയുന്ന ആളുകളുടെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ. തന്റെ കേസിനെ കുറിച്ചും ജയിൽ ടോർച്ചറിനെക്കുറിച്ചും ഹൈകോർട്ടിൽ ഒരു റിട്ട് പെറ്റീഷൻ സമർപ്പിക്കുവാൻ ശ്രമിച്ച, രാഷ്ട്രീയ തടവുകാരനായ കാളിദാസന് അക്കാര്യങ്ങൾ തന്റെ അഡ്വക്കറ്റിനോട് കമ്യൂണിക്കേറ്റ് ചെയ്യാൻ കോയമ്പത്തൂർ ജയിൽ അധികൃതർ അവസരം നിഷേധിച്ചിട്ട് ഒരുമാസം കൂടി തികഞ്ഞിട്ടില്ല. ലോക കാര്യങ്ങളിൽ അഭിപ്രായപ്രകടനം നടത്തുന്ന നമ്മുടെ ബുദ്ധിജീവി വർഗങ്ങൾ, ഇന്ത്യൻ ജയിലുകളെ പറ്റി എത്രമാത്രം അജ്ഞരാണെന്ന് ഈ വസ്തുത നമ്മെ ഓർമപ്പെടുത്തുന്നു.

ജയിലിൽ കഴിയുമ്പോൾ നമ്മുടെ മനസ്സിനെ മദിച്ച മറ്റൊരു പ്രധാന കാര്യം ഭരണകൂടത്താൽ കൊലചെയ്യപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകരെ കുറിച്ച് ദിനവും വരുന്ന വാർത്തകളാണ്. അടിച്ചമർത്തപ്പെട്ട ജനതയുടെ വിമോചനത്തിനായി പോരാടുന്ന വിപ്ലവകാരികൾക്ക് ഭരണകൂടം എല്ലാ കാലത്തും ഒരുക്കിവെക്കുക തടവറകളും വെടിയുണ്ടകളുമാണ് എന്ന ഉത്തമബോധ്യം ഉണ്ടെങ്കിലും വ്യക്തി എന്ന നിലയിൽ ഓരോ ദിവസവും അനവധി ആളുകൾ ഭരണകൂടത്തിനാൽ കൊലചെയ്യപ്പെടുന്ന വാർത്ത ദിനപത്രങ്ങളിലൂടെ അറിയുമ്പോൾ വല്ലാത്തൊരു നീറ്റലാണ് ഉള്ളിൽ. ഭരണകൂടത്തിന് അവർ മാവോവാദി തീവ്രവാദികളും മുസ്‍ലിം ഫണ്ടമെന്റലിസ്റ്റുകളും മാത്രമാണ്. യഥാർഥത്തിൽ അവർ ആരാണ്? സ്ത്രീകൾ, ദലിതുകൾ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിങ്ങനെ ഇന്ത്യൻ ഭരണഘടനതന്നെ പ്രത്യേക പരിഗണന കൊടുത്ത് മുന്നോട്ട് കൊണ്ടുവരാൻ ശ്രമിക്കുന്ന ജനവിഭാഗങ്ങളിൽപെട്ടവരാണ് ഈ കൊല്ലപ്പെടുന്ന ‘തീവ്രവാദികളി’ൽ ഭൂരിഭാഗവും.

ഭരണകൂടത്തിന്റെ പ്രത്യേക പരിഗണന ലഭിക്കേണ്ട ഈ ജനവിഭാഗം ഭരണകൂടത്താൽ കൊല ചെയ്യപ്പെടുകയും അതിൽ കൊലപാതകികളായ സേന ആഹ്ലാദപ്രകടനം നടത്തുകയും ചെയ്യുന്ന കാഴ്ച എത്ര ദയനീയമാണ്. ഇനി കേരളത്തിൽ പിണറായി വിജയന്റെ സി.പി.എം ഗവൺമെന്റിനാൽ കൊലചെയ്യപ്പെട്ട ഒമ്പത് പശ്ചിമഘട്ട രക്തസാക്ഷികളുടെ കാര്യമെടുത്താലും അവിടെയും ഇതുതന്നെയാണ് അവസ്ഥ. അവരിൽ മൂന്നുപേർ സ്ത്രീകളും നാലുപേർ ദലിത് സമുദായത്തിൽനിന്നും ഒരാൾ മുസ്‍ലിം ന്യൂനപക്ഷ വിഭാഗത്തിൽനിന്നും ആയിരുന്നു. സനാതനധർമം പുലർത്താനായി സ്ത്രീകളെയും ദലിതുകളെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുന്ന അതേ സമീപനംതന്നെ, കമ്യൂണിസ്റ്റ് പാർട്ടി എന്ന പേരിൽ ഇപ്പോഴും കമ്യൂണിസം സൂക്ഷിക്കുന്ന, പിണറായി വിജയന്റെ പാർട്ടി നേതൃത്വം കൊടുക്കുന്ന ഗവൺമെന്റ് ശ്രമിക്കുന്നത് എത്ര പരിഹാസ്യമാണ്.

കേരളത്തിലെ രാഷ്ട്രീയ തടവുകാർ വർഷങ്ങളായി ട്രയൽ നടക്കാതെ വിചാരണ തടവുകാരായി കഴിയുന്ന അവസ്ഥയിലാണ്. ഇതിൽ രൂപേഷ് 10 വർഷത്തോളവും ബാക്കി മിക്കവാറും എല്ലാ രാഷ്ട്രീയ തടവുകാരും നാലു വർഷത്തിനു മുകളിലുമായി ജയിലിൽ കഴിയുന്നു. സി.പി.എമ്മിന്റെ അഖിലേന്ത്യ കമ്മിറ്റി യു.എ.പി.എ നിയമത്തിനെതിരായി നിലപാടുകൾ എടുക്കുകയും ആ പാർട്ടിയുടെ നേതൃത്വത്തിൽ ഭരണം നടക്കുന്ന കേരളത്തിൽ അതേ നിയമം ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയ തടവുകാരെ വർഷങ്ങളോളം വിചാരണപോലും പൂർത്തിയാക്കാതെ ജയിലിൽ പിടിച്ചിടുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് കേരളത്തിൽ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

‘രാഷ്ട്രീയ തടവുകാർ’ എന്ന സങ്കൽപം രാജ്യത്തിന്റെ സമര ചരിത്രത്തിന്റെ ഭാഗമാണ്. ഭഗത് സിങ്ങിന്റെ സമരസഖാവായ ജിതിൻദാസ് തങ്ങളെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ജയിലിൽ നിരാഹാര സമരത്തിൽ ഏർപ്പെട്ടിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യം ആ ആവശ്യത്തിന് ചെവികൊടുക്കുകയുണ്ടായില്ല. 60ലധികം ദിവസങ്ങൾ നീണ്ടുനിന്ന അദ്ദേഹത്തിന്റെ പോരാട്ടങ്ങൾക്ക്‌ ഒടുവിൽ ആ സഖാവ് രക്തസാക്ഷിയായി. ജിതിൻദാസ് കൊളോണിയൽ ബ്രിട്ടനോട് ആവശ്യപ്പെട്ടത്, ഇന്ന് കേരളത്തിലുള്ള ഭരണകൂടത്തോട് ഇവിടെയുള്ള രാഷ്ട്രീയ തടവുകാർ ചോദിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും സെപ്റ്റംബർ 13ന് ജിതിൻ ദാസിന്റെ ഓർമകളെ സ്മരിച്ചുകൊണ്ട്, രാജ്യത്തെ രാഷ്ട്രീയ തടവുകാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ എത്തിക്കാൻ പരിശ്രമിക്കുന്നു.

 

കോയമ്പത്തൂരിൽ അറസ്​റ്റിലായ അനൂപ്​ മാത്യു ജോർജ്​, രൂപേഷ്​, കണ്ണൻ, വീരമണി എന്നിവരെ കോടതിയിൽ ഹാജരാക്ക​​ിയപ്പോൾ

രാഷ്ട്രീയ തടവുകാരൻ എന്ന സങ്കൽപം നാം ഉയർത്തിപ്പിടിക്കുന്നത് നമുക്ക് മറ്റു തടവുകാരിൽനിന്നും വ്യത്യസ്തമായ പ്രത്യേക പരിഗണന ലഭിക്കാനല്ല. മറിച്ച്, പോരാട്ട വഴികളിലൂടെ തടവറകളിൽ എത്തിപ്പെടുന്നവരുടെ അന്തസ്സ് പലതരത്തിൽ ഭരണകൂടം ഇല്ലാതാക്കുവാൻ ശ്രമിക്കുമ്പോൾ, അവരുടെ അന്തസ്സിനെ ഉയർത്തിപ്പിടിക്കുവാൻ നമുക്ക് സാധിച്ചെങ്കിൽ മാത്രമേ, തടവറകളിലേക്ക് ആത്മാഭിമാനത്തോടു കൂടി കടന്നുചെല്ലാൻ ഇനിവരുന്ന തലമുറകൾക്കും കഴിയുകയുള്ളൂ എന്നതിനാലാണ്. എന്റെ മനസ്സിലാക്കലനുസരിച്ച് വെസ്റ്റ് ബംഗാളിലും തമിഴ്നാട്ടിലുമാണ് ജയിൽ നിയമത്തിൽ രാഷ്ട്രീയ തടവുകാർ എന്ന ക്ലാസിഫിക്കേഷൻ നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1957 മുമ്പ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന, മലബാർ പ്രദേശത്തിലെ പോരാളികൾക്ക് രാഷ്ട്രീയ തടവുകാർ എന്ന ക്ലാസിഫിക്കേഷൻ ലഭിച്ചിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന പോരാട്ടങ്ങളും ദ്രാവിഡ രാഷ്ട്രീയം തമിഴ്നാട്ടിൽ ഉയർത്തിയ രാഷ്ട്രീയ അന്തരീക്ഷവും ഇതിന് പ്രധാന കാരണമാണ്.

എന്നാൽ, 1957ൽ കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം അധികാരത്തിൽ വന്ന ഇ.എം.എസ് ഗവൺമെന്റ്, ആദ്യമെടുത്ത തീരുമാനങ്ങളിൽ ഒന്ന് ജയിൽ നിയമങ്ങളിൽനിന്ന് ‘രാഷ്ട്രീയ തടവുകാർ’ എന്ന അധ്യായമേ നീക്കുക എന്നതായിരുന്നു. എന്നാൽ തമിഴ്നാട്ടിലാവട്ടെ 1960, 70കളിലും ഹിന്ദി ആധിക്യത്തിനെതിരായും തമിഴ് അടയാളങ്ങളുടെ സംരക്ഷണത്തിനായും ഫെഡറലിസം ദുർബലമാക്കപ്പെടുന്നതിനെതിരായുമുള്ള സമരങ്ങൾ സജീവമായി നടന്നുകൊണ്ടേയിരുന്നതിനാൽ ‘രാഷ്ട്രീയ തടവുകാർ’ എന്ന ക്ലാസിഫിക്കേഷൻ മാറി മാറി വന്ന സംസ്ഥാന ഗവൺമെന്റുകൾ നിലനിർത്തിക്കൊണ്ടു പോകുകയാണ് ചെയ്തത്. തമിഴ് ജനതയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ആധുനികവും പ്രബുദ്ധവുമായ ലോകവീക്ഷണം ​െവച്ചുപുലർത്തുന്നു എന്ന് സ്വയം ധരിക്കുന്ന മലയാളി, യഥാർഥത്തിൽ രാഷ്ട്രീയ തടവ് എന്നതുപോലെയുള്ള ഗൗരവകരമായ സംഗതികളെ അഭിമുഖീകരിക്കുമ്പോൾ എത്രമാത്രം ദുർബലനും പൊള്ളത്തരം നിറഞ്ഞവനുമാണെന്ന് ഈ സംഗതി നമ്മെ ബോധ്യപ്പെടുത്തുന്നു.

യു.എ.പി.എ നിയമത്തിനു കീഴിൽ തടവിലാക്കപ്പെട്ടിട്ടുപോലും രൂപേഷ്, ഷൈന എന്നിവർക്കൊപ്പം എനിക്കും വിവിധ കോടതികളിൽനിന്നും തമിഴ്നാട് ജയിൽ നിയമപ്രകാരമുള്ള ‘രാഷ്ട്രീയ തടവുകാരൻ’ എന്ന ക്ലാസിഫിക്കേഷൻ ലഭിക്കുകയും, അതിന്റെ ഭാഗമായി കസേര, മേശ എന്നിവയടക്കമുള്ള ഫർണിച്ചറുകൾ ലഭിക്കുകയുംചെയ്തു. കൂടുതൽ കാര്യങ്ങൾ വായിക്കുന്നതിനും പഠിക്കുന്നതിനും ഇത് വളരെ സഹായകരമായി. വാസ്തവത്തിൽ കറക്ഷനൽ ഹോം എന്ന സങ്കൽപത്തോടു നീതിപുലർത്തുന്ന എല്ലാ ആധുനിക ഭരണകൂടങ്ങളും മുഴുവൻ തടവുകാർക്കും ഒരുക്കി കൊടുക്കേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ഇത്. അത്തരത്തിലൊക്കെ വിശാലമായി ചിന്തിക്കാനുള്ള മാനസികാവസ്ഥയിലേക്ക് നമ്മുടെ ഭരണവർഗങ്ങൾ എന്നാണാവോ എത്തിച്ചേരുക?

ബി.ജെ.പിയുടെ മുഖപത്രമായ ‘ജന്മഭൂമി’ രണ്ടുതവണ പിണറായി വിജയന്റെ ഗവൺമെന്റിനെ അനുമോദിക്കുന്ന വിചിത്രമായ കാഴ്ച ജയിലിൽ കഴിഞ്ഞപ്പോൾ കാണാൻ കഴിഞ്ഞു. അതിലൊന്ന് പാലക്കാട് അട്ടപ്പാടിയിൽ കമ്യൂണിസ്റ്റുകാരായ നാല് രാഷ്ട്രീയ പ്രവർത്തകരെ വെടിവെച്ചു കൊന്നതിനും മറ്റൊന്ന്, ഇന്ത്യയിൽ ആദ്യമായി 2019 ജൂലൈയിൽ തൃശൂരിൽ ഹൈ സെക്യൂരിറ്റി പ്രിസൺ സ്ഥാപിച്ചതിനും. മറ്റു ജയിലുകൾ നടത്തിക്കൊണ്ടുപോകുന്ന ജയിൽ നിയമങ്ങൾ തന്നെയാണ് ഹൈ സെക്യൂരിറ്റി ജയിലിനും ബാധകം. ആ ജയിൽ നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് വിയ്യൂർ ഹൈ സെക്യൂരിറ്റി പ്രിസൺ നടത്തിക്കൊണ്ടു പോകുന്നത്.

ആഗസ്റ്റ് 15ന് ജയിലിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടി മാവോവാദി കേസുകളിലെ പ്രതികൾ അലങ്കോലമാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് അവർക്കുമേൽ ജയിൽ ശിക്ഷാ നടപടികൾ സ്വീകരിച്ചു, കോടതിയിൽ റിപ്പോർട്ട് കൊടുക്കുകയുംചെയ്തു. എന്നാൽ, രാഷ്ട്രീയ തടവുകാരുടെ ആവശ്യപ്രകാരം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച കോടതി, ജയിലധികൃതർ സമർപ്പിച്ച റിപ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് ഉചിതമായ നടപടികൾ സ്വീകരിക്കാനായി ഈ വിഷയത്തെ സംബന്ധിച്ച് ട്രയൽ കോർട്ടിന്റെ ഒരു റിപ്പോർട്ടടക്കം ഹൈകോർട്ടിലേക്ക് ഫോർവേഡ് ചെയ്തു.

അതിപ്പോഴും കേരള ഹൈകോർട്ടിന്റെ പരിഗണനയിലാണ്. ഈ ലേഖനമെഴുതുന്ന വേളയിലും കേരളത്തിൽ രാഷ്ട്രീയ തടവുകാർക്ക് ജയിലിനകത്ത് മാത്രമല്ല പുറത്ത് സർക്കാർ ആശുപത്രികളിൽ ചികിത്സക്കു പോയാൽപോലും ഒരു സുരക്ഷിതത്വവുമില്ല എന്ന അവസ്ഥയാണ്. അതീവ സുരക്ഷാ ജയിലിൽ (ഹൈ സെക്യൂരിറ്റി പ്രിസൺ) കഴിഞ്ഞ രണ്ടര വർഷമായി കഴിയുന്ന ആഞ്ജനേയലു തന്റെ ചികിത്സക്കായി പോകുമ്പോൾ സുരക്ഷാ അകമ്പടിയായി വന്ന പൊലീസ് ഉദ്യോഗസ്ഥരാൽ മർദനമേറ്റു എന്ന് അദ്ദേഹം കൊച്ചി എൻ.ഐ.എ കോടതിയിൽ പരാതി നൽകിയിരിക്കുകയാണ്.

എന്റെ പേരിൽ ചുമത്തപ്പെട്ട നിരവധി കേസുകളിൽ ഒരു കേസിന്റെ മാത്രം വിചാരണയാണ് ജയിലിൽ കഴിയുന്ന കാലത്ത് പൂർത്തിയായത്. ആ കേസിൽ ഒമ്പതു വർഷത്തോളം ജാമ്യം ലഭിക്കാതെ വിചാരണ തടവുകാരനായി കഴിഞ്ഞ എനിക്ക് ലഭിച്ച ശിക്ഷ എട്ടു വർഷത്തെ തടവായിരുന്നു. കൂടാതെ 60,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ വീണ്ടും ആറുമാസം തടവ്.

 

രൂപേഷ്​,ജയിൽ മോചിതനായശേഷം അനൂപ്​ മാത്യു ജോർജ്​

രണ്ടുംകൂടി ചേർത്താൽ ലഭിക്കുന്ന എട്ടര വർഷത്തേക്കാളും കൂടുതൽ കാലം ഞാൻ ആ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്നുവെങ്കിലും, പിഴ അടക്കാത്തതിന് കഴിയേണ്ടുന്ന ആറുമാസത്തടവ് റിമാൻഡ് കാലാവധിയിൽ ഉൾപ്പെടുത്തില്ല എന്ന വിചിത്രമായ നിയമം നിലനിൽക്കുന്നതിനാൽ, ശിക്ഷാ കാലാവധിയെക്കാളും കൂടുതൽ കാലം തടവിൽ കഴിഞ്ഞിട്ടും വീണ്ടും ഒരു ആറുമാസംകൂടി എനിക്ക് ജയിലിൽ കഴിയേണ്ടതായി വന്നു. ഒമ്പതുവർഷം ഒരുവിധ വരുമാനവുമില്ലാതെ വിചാരണ തടവുകാരനായി കഴിഞ്ഞിരുന്ന ഒരു വ്യക്തിയോട് ഇത്രയും ഭീമമായ തുക പിഴ അടക്കാനും അത് അടക്കാത്തതിനാൽ ശിക്ഷാ കാലാവധിയെക്കാളും കൂടുതൽ കാലം തടവിൽ കഴിഞ്ഞിട്ടും വീണ്ടും ആറുമാസക്കാലം അധികമായി ആ തടവ് നീട്ടുകയും ചെയ്യുന്നതിന്റെയൊക്കെ നീതി എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാൻ കഴിയുന്നില്ല.

ജയിലിൽനിന്ന് പുറത്തുവന്നിട്ട് ഇപ്പോൾ ഒരു മാസം പൂർത്തിയായി. 2016ൽ കോയമ്പത്തൂർ കേസിൽ ജാമ്യം ലഭിച്ചപ്പോൾ ഉണ്ടായിരുന്ന ജാമ്യവ്യവസ്ഥപ്രകാരം കോയമ്പത്തൂർ ക്യൂ ബ്രാഞ്ച് പൊലീസ് ഓഫിസിൽ രാവിലെയും വൈകുന്നേരവും ഒപ്പിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഞാൻ പോകുന്ന ഇടങ്ങളിലെല്ലാം 24 മണിക്കൂറും ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ പിന്നാലെ വരും. എട്ടു മണിക്കൂർ ഷിഫ്റ്റ് കണക്കിൽ മൂന്ന് ഉദ്യോഗസ്ഥരെ അതിനായി മാത്രം മാറ്റിവെച്ചിരിക്കുകയാണ്.

ഒരാൾക്ക് 50,000 രൂപ കുറഞ്ഞ ശമ്പളം എന്ന് കണക്കാക്കിയാൽപോലും ഒന്നരലക്ഷം രൂപയിലധികം എന്നെ നിരീക്ഷിക്കാൻ മാത്രം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തമിഴ്നാട് ഗവൺമെന്റ് ചെലവഴിച്ചിട്ടുണ്ടാവും. ഞാൻ അറസ്റ്റിലായ കാലം മുതൽ കോയമ്പത്തൂർ നഗരസഭയുടെ കീഴിലുള്ള ശുചീകരണ തൊഴിലാളികൾ അവരുടെ സ്ഥിര നിയമനത്തിനായി പല സമരപരിപാടികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. എനിക്കൊരാൾക്ക് വേണ്ടി മാത്രം ഇത്രയും തുക പാഴാക്കിക്കളയുന്ന ഭരണകൂടത്തിനോട് തങ്ങളുടെ നഗരം ചീഞ്ഞുനാറാതിരിക്കാൻ വർഷം മുഴുവൻ പണിയെടുക്കുന്ന ഈ പാവം മനുഷ്യരുടെ ആവശ്യങ്ങൾക്കും ചെവി കൊടുക്കേണ്ടതുണ്ട് എന്ന് പറയേണ്ട ബാധ്യത ഇവിടത്തെ പൗരസമൂഹത്തിനുണ്ട്.

പൊതുസമൂഹത്തിന് മുന്നിൽ അവസാനമായി ചില കാര്യങ്ങൾ ഒന്നുകൂടി എടുത്തുപറയാൻ ആഗ്രഹിക്കുന്നു. 2015ൽ ജയിലിൽ പ്രവേശിച്ചപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ നീതിനിഷേധങ്ങളും അടിച്ചമർത്തലുകളും അരങ്ങേറുന്ന അവസ്ഥയിലേക്ക് ഇന്ന് ജയിൽ അന്തരീക്ഷം മാറിയിരിക്കുന്നു. പൊതുസമൂഹത്തിന്റെ ശ്രദ്ധ നമ്മുടെ തടവറകളിലേക്ക് അടിയന്തരമായി പതിയേണ്ടതായിട്ടുണ്ട്.

പ്രാകൃതമായ നടപ്പുരീതികളിലൂടെ ആധുനിക ലോകത്തിനു മുന്നിൽ ഇനിയും അപമാനപ്പെട്ടു നിൽക്കാൻ നാം നമ്മെ അനുവദിച്ചുകൂടാ. സായി ബാബയുടെയും സ്റ്റാൻ സ്വാമിയുടെയുമൊക്കെ ജീവ​െനടുക്കുന്ന തരത്തിൽ ഇന്ത്യൻ ജയിലുകൾ നിലവിൽ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ പാപഭാരം ഭരണകൂടത്തിൽ മാത്രമല്ല ഭരണകൂടത്തിന് അത്തരം കാര്യങ്ങൾ ഒരു പ്രതിബന്ധവും കൂടാതെ നടപ്പാക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിച്ച ഇവിടത്തെ സിവിൽ സൊസൈറ്റിക്കുമുണ്ട് എന്ന് നമ്മൾ മനസ്സിലാക്കിയാൽ നന്ന്‌.

(അവസാനിച്ചു)

News Summary - Prison-Life of a Political leader