Begin typing your search above and press return to search.
proflie-avatar
Login

ഒരു രാഷ്​ട്രീയ തടവുകാര​ന്റെ ജയിൽ-ജീവിതം

ഒരു രാഷ്​ട്രീയ തടവുകാര​ന്റെ ജയിൽ-ജീവിതം
cancel

മാവോവാദി പ്രവർത്തനം ആരോപിക്കപ്പെട്ട്​ ഒമ്പതര വർഷം തമിഴ്​നാട്ടിലെ ജയിലുകളിൽ അടക്കപ്പെട്ട അനൂപ്​ മാത്യു ജോർജ്​ അടുത്തിടെ ജാമ്യത്തിൽ മോചിതനായി. അദ്ദേഹം ത​​​െന്റ ജയിൽ അനുഭവങ്ങളും ജീവിതവും ​ജയിലിലെ പോരാട്ടങ്ങളും എഴുതുന്നു. കഴിഞ്ഞലക്കം തുടർച്ച. ഞങ്ങളുടെ ബ്ലോക്കിലേക്ക് ഭക്ഷണം കൊണ്ടുവരുന്ന ആവശ്യത്തിനല്ലാതെ ഒരവസരത്തിലും മറ്റൊരു തടവുകാരനും പ്രവേശിക്കാൻ സാധ്യമാകുമായിരുന്നില്ല. മാത്രവുമല്ല, വിഡിയോ കോർട്ട് അടക്കമുള്ള മറ്റ് ഏതെങ്കിലും തരത്തിലുള്ള ആവശ്യത്തിനായി ഞങ്ങൾക്ക് ബ്ലോക്ക് വിട്ട് പുറത്തുപോകേണ്ട ആവശ്യം വന്നാൽ എസ്കോർട്ട് ഉദ്യോഗസ്ഥരുടെ കൂടെ മാത്രമാണ് ഞങ്ങളെ...

Your Subscription Supports Independent Journalism

View Plans
മാവോവാദി പ്രവർത്തനം ആരോപിക്കപ്പെട്ട്​ ഒമ്പതര വർഷം തമിഴ്​നാട്ടിലെ ജയിലുകളിൽ അടക്കപ്പെട്ട അനൂപ്​ മാത്യു ജോർജ്​ അടുത്തിടെ ജാമ്യത്തിൽ മോചിതനായി. അദ്ദേഹം ത​​​െന്റ ജയിൽ അനുഭവങ്ങളും ജീവിതവും ​ജയിലിലെ പോരാട്ടങ്ങളും എഴുതുന്നു. കഴിഞ്ഞലക്കം തുടർച്ച.

ഞങ്ങളുടെ ബ്ലോക്കിലേക്ക് ഭക്ഷണം കൊണ്ടുവരുന്ന ആവശ്യത്തിനല്ലാതെ ഒരവസരത്തിലും മറ്റൊരു തടവുകാരനും പ്രവേശിക്കാൻ സാധ്യമാകുമായിരുന്നില്ല. മാത്രവുമല്ല, വിഡിയോ കോർട്ട് അടക്കമുള്ള മറ്റ് ഏതെങ്കിലും തരത്തിലുള്ള ആവശ്യത്തിനായി ഞങ്ങൾക്ക് ബ്ലോക്ക് വിട്ട് പുറത്തുപോകേണ്ട ആവശ്യം വന്നാൽ എസ്കോർട്ട് ഉദ്യോഗസ്ഥരുടെ കൂടെ മാത്രമാണ് ഞങ്ങളെ കൊണ്ടുപോയിരുന്നത്. സാധാരണഗതിയിൽ ഒരാറുമാസം ഒക്കെ കഴിയുമ്പോൾ ഇത്തരം നിയന്ത്രണങ്ങൾ ഒക്കെ അവസാനിക്കുകയാണ് പതിവ്. എന്നാൽ, കോയമ്പത്തൂർ സെൻട്രൽ പ്രിസണിൽ കഴിഞ്ഞിരുന്ന ഒമ്പതര വർഷവും ഈ രീതി അവർ വിടാതെ പിന്തുടർന്നു. ഞങ്ങളുടെ ബ്ലോക്കിന്റെ സമീപത്തുള്ള ഒമ്പതാം ബ്ലോക്ക് ആയിരുന്നു തുടക്കകാലത്ത് ശിക്ഷാ ബ്ലോക്ക് ആയി ഉപയോഗിച്ചുകൊണ്ടിരുന്നത്. അതായത് ജയിലിലെ മർദന കേന്ദ്രം.

വലിയ മതിലുകളാൽ ഈ ബ്ലോക്കുകൾ തമ്മിൽ വേർതിരിക്കപ്പെട്ടിട്ടുള്ളതിനാൽ, അവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നും നമുക്ക് കാണാൻ കഴിയില്ല. എങ്കിലും അവിടെ നിന്നുള്ള ശബ്ദം കേൾക്കാം. പലപ്പോഴും ദയനീയമായ കരച്ചിലുകളും ഭ്രാന്തമായ അലർച്ചകളും മർദനത്തിന്റെ ശബ്ദവും ഒക്കെയാണ് കേൾക്കാൻ കഴിയുന്നത്. അറക്കാൻ കൊണ്ടുപോകുന്ന മാടിനെപ്പോലും മറ്റു മാടുകളുടെ മുന്നിൽവെച്ച് അറക്കരുതെന്ന് നിയമമുള്ള നാടാണ് നമ്മളുടേത്. അതേപോലെ, ഏതെങ്കിലും തരത്തിലുള്ള ശാരീരിക മർദനത്തിൽ ഉദ്യോഗസ്ഥർ ഏർപ്പെട്ടാൽ, അയാളുടെ പേരിൽ ക്രിമിനൽ നിയമനടപടികൾ ഉടനടി ആരംഭിക്കണമെന്ന് തമിഴ്നാട് ജയിൽ നിയമങ്ങൾ വ്യക്തമാക്കുന്നു.

മനോഹരമായ വാക്കുകളാൽ എഴുതപ്പെട്ട്, ഷോക്കേസുകളിൽ അലങ്കാരത്തോടെ പൂട്ടിവെക്കപ്പെട്ട ഈ നിയമങ്ങളിലൂടെ അല്ല, മറിച്ച്, നേരിട്ടുള്ള ചോദ്യംചെയ്യലുകളിലൂടെയും പ്രതിഷേധങ്ങളിലൂടെയും മാത്രമാണ് ഇത്തരം കസ്റ്റഡി വയലൻസുകളെ മറികടക്കാൻ സാധിക്കുകയുള്ളൂ എന്ന് ഒമ്പതാം ബ്ലോക്ക് ഞങ്ങളെ ബോധ്യപ്പെടുത്തി. തുടക്കകാലത്ത് ഒമ്പതാം ബ്ലോക്കിൽനിന്ന് ഇത്തരം കരച്ചിലുകൾ കേൾക്കുമ്പോൾ ജയിൽ ഉദ്യോഗസ്ഥരോട് ജയിൽ നിയമങ്ങളെ പറ്റി ഓർമിപ്പിച്ചുകൊണ്ട് തടവുകാരെ മർദിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടു. അവർ പറഞ്ഞ മറുപടി, ഞങ്ങൾ കേൾക്കുന്ന ശബ്ദം മർദനത്തിന്റേതല്ല, മറിച്ച് തടവുകാർ സന്തോഷത്താൽ പരസ്പരം അടിച്ച് ബഹളംവെക്കുന്നതാണ് എന്നായിരുന്നു.

ബ്ലോക്കുകൾ തമ്മിലുള്ള സെഗ്രഗേഷൻ ഒഴിവാക്കി അവിടേക്ക്‌ പോകാൻ കഴിയാത്തതിനാൽ ഈ പ്രശ്നത്തെ എങ്ങനെ കൈകാര്യംചെയ്യണം എന്ന ചോദ്യം ഞങ്ങളെ കുഴക്കി. ഞങ്ങൾക്കുള്ള ഭക്ഷണം അടുക്കളയിൽനിന്നും, അവിടെ ജോലിചെയ്യുന്ന ശിക്ഷ തടവുകാരാണ് കൊണ്ടുവന്നിരുന്നത്. അതിൽ കാലിൽ മുടന്തുള്ള, വയസ്സായ ഒരു മനുഷ്യനും ഉണ്ടായിരുന്നു. ഒരുദിവസം ഇയാളുടെ ഉച്ചത്തിലുള്ള കരച്ചിലിന്റെ ശബ്ദം ഒമ്പതാം ബ്ലോക്കിൽനിന്നും ഞങ്ങൾ കേട്ടു. നേരിട്ട് പരിചയമുള്ള തടവുകാരന്റെ ശബ്ദം ആയതിനാൽ, പറയാൻ ഒരു ഐഡന്റിറ്റി ലഭിച്ചതിനാൽ, മർദനത്തിനെതിരെ ഉറക്കെ മുദ്രാവാക്യം വിളിക്കാൻ ആരംഭിച്ചു. നിമിഷങ്ങൾക്കകം ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള ജയിൽ ജീവനക്കാർ ഞങ്ങളുടെ ബ്ലോക്കിലേക്ക്‌ പാഞ്ഞുവന്നു. പതിവുപോലെ തടവുകാർ സ്വയം സന്തോഷിക്കുന്നതിന്റെ കഥ പറയാൻ ആരംഭിച്ചു.

അങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് ഭക്ഷണം കൊണ്ടുവന്നിരുന്ന, കാലിൽ മുടന്തുള്ള, ആ മനുഷ്യനെ ഞങ്ങൾക്ക് കാണിച്ചു തരാൻ ആവശ്യപ്പെട്ടു. അയാളെ മറ്റൊരു സെക്ഷനിലേക്ക് ജോലി മാറ്റിയതായി അധികൃതർ. അങ്ങനെയെങ്കിൽ തടവുകാർ സ്വയം സന്തോഷിച്ച്, സന്തോഷിച്ച് ശബ്ദം പുറപ്പെടുവിക്കുന്ന അത്ഭുതകരമായ ഒമ്പതാം ബ്ലോക്ക് നേരിൽ കാണാതെ ഇനി നിങ്ങളുടെ ജയിൽ നിയമങ്ങൾക്ക് വഴങ്ങില്ല എന്ന് ഞങ്ങൾ. അവസാനം മറ്റു വഴികൾ ഒന്നുമില്ലാതെ വന്നപ്പോൾ, ഇനി ഇങ്ങനെ ആവർത്തിക്കില്ല എന്ന ഉറപ്പ് അധികൃതർ ഞങ്ങൾക്ക് തന്നതോടുകൂടിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അതോടുകൂടി ഒമ്പതാം ബ്ലോക്കിലെ മർദനം ഏറക്കുറെ അവസാനിച്ചു.

ഇത്രയും വായിച്ചിട്ട്, ഞങ്ങൾ നടത്തിയ സമരത്തിന്റെ ഭാഗമായി, ജയിൽ അധികൃതർ മനസ്സുമാറി മർദനമുറകൾ അവസാനിപ്പിച്ചു എന്ന് ആരും തെറ്റിദ്ധരിക്കരുത്. മുമ്പ് ഞങ്ങളിൽനിന്ന് പ്രതിഷേധമുയർന്നപ്പോൾ ഞങ്ങളുടെ കാഴ്ചയിൽ എത്താത്ത ദൂരത്തിലേക്ക് മർദന മുറികൾ മാറ്റിയതുപോലെ, ഇപ്പോൾ മർദനമേറ്റ് വേദനകൊണ്ട് പുളയുന്നവന്റെ നിലവിളി ഞങ്ങൾക്ക് കേൾക്കാത്ത അകലത്തിലേക്ക് മാറ്റി എന്നത് മാത്രമാണ് നടന്നത്.

വ്യക്തിപരമായി അതിൽ എനിക്ക് നിരാശ ഒന്നുമില്ല. എന്റെ മുന്നിൽ നടന്ന കസ്റ്റഡി വയലൻസിൽ ഞാൻ ഇടപെടുകയും, എന്റെ പ്രതിഷേധം വ്യക്തമാക്കുകയുംചെയ്തു. ഇത്തരം നിയമവിരുദ്ധമായ നടപടികളിൽനിന്നും സ്വമേധയാ മാറാൻപറ്റുന്ന ഒന്നായി നിലവിലുള്ള ഭരണകൂടത്തിനെ ഞാൻ മനസ്സിലാക്കുന്നുമില്ല. ജയിൽജീവിതം ഈ മനസ്സിലാക്കലുകൾ ഒന്നുകൂടി ഉറപ്പിക്കുകയുംചെയ്തു. എനിക്ക് മറുപടി വേണ്ടത് ഭരണകൂട അതിക്രമങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള നിയമാനുസൃതമായ മാർഗങ്ങൾ സാധ്യമാണെന്ന് പറയുന്ന ഭരണഘടന വാദികളിൽനിന്നാണ്. കോയമ്പത്തൂർ സെൻട്രൽ പ്രിസണിൽ, പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി ഓടി താഴെവീണ് കൈകാൽ ഒടിഞ്ഞു എന്ന സ്ഥിരം കഥയുടെ അകമ്പടിയോടെ, നിരവധി തടവുകാരെ കൊണ്ടുവരാറുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായി കഴിയുന്ന നൂറുകണക്കിന് തടവുകാരിൽനിന്നും ശാരീരിക മർദനത്തിന്റെ അതിക്രൂരമായ കഥകൾ ഞങ്ങൾ നേരിട്ട് കേട്ടിരുന്നു.

പത്ത് വർഷത്തിനിടയിൽ പലവിധത്തിലുള്ള നിയമനടപടികൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങൾ നടത്തിയിരുന്നു. ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക, കോടതികളിൽ പരാതി ഉന്നയിക്കുക, മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുക, മനുഷ്യാവകാശ സംഘടനകൾവഴി സിവിൽ സൊസൈറ്റിയിലേക്ക് ഇക്കാര്യങ്ങൾ എത്തിക്കുക എന്നിങ്ങനെ ഭരണഘടനാവാദികൾ എന്നുപറയുന്ന ആളുകൾ പറയുന്നതിനേക്കാൾ പലമടങ്ങ് തീവ്രതയോടെ കസ്റ്റഡി വയലൻസിന് എതിരായ നിയമനടപടികൾ സ്വീകരിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള ഗുണപരമായ മാറ്റം ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾ അമ്പേ പരാജയപ്പെട്ടു. ഞങ്ങൾക്ക് ആകെ ഉണ്ടാക്കിയെടുക്കാൻ പറ്റിയ മാറ്റം എന്നു പറയുന്നത്, ഒരു സെഷൻസ് ജഡ്ജ് ചട്ടപ്പടി വിസിറ്റ് നടത്തുമ്പോൾ അധികൃതർ എങ്ങനെ ഈ മർദനമുറകൾ അവരുടെ കൺമുമ്പിൽനിന്നും മറച്ചുവെക്കാൻ ശ്രമിക്കുന്നുവോ, അത്തരത്തിൽ ഞങ്ങളിൽനിന്നും മറച്ചുവെക്കാൻ ശ്രമിക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാൻ പറ്റി എന്നത് മാത്രമാണ്.

അതായത് നമ്മളും ഒരു അര നീതിപതിയായി മാറി! അതിനാൽ എനിക്ക് ഭരണഘടന വാദികൾ എന്നറിയപ്പെടുന്നവരോട് ഒരു അഭ്യർഥന, നിങ്ങൾ പറഞ്ഞ ഭരണഘടനാ മാർഗങ്ങളിലൂടെ, നിങ്ങളെക്കാൾ തീവ്രമായി, കഴിഞ്ഞ 9 വർഷവും നിലവിലുള്ള ഭരണഘടന ഉയർത്തുന്ന മൂല്യങ്ങൾ നിലനിർത്തുന്നതിനായി ഞങ്ങൾ ശ്രമിച്ചിരുന്നു. ഒരു തരിപോലും അതിൽ മുന്നോട്ടുപോകാൻ സാധിക്കാതിരുന്നതിനാൽ ഇനി എന്താണ് ഞങ്ങളുടെ മുന്നിലുള്ള മാർഗം എന്ന് അവർ പറഞ്ഞുതന്നാൽ നന്നായിരുന്നു. പൊതുസമൂഹത്തിൽ വലിയ സ്വാധീനമുള്ള ബുദ്ധിജീവികൾ ഇതിനെ ഒരു വെല്ലുവിളിയായി കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ ജീവിക്കുന്ന, ആധുനിക ജനാധിപത്യമെന്നു പറയുന്ന ഈ സമൂഹത്തിൽ, പ്രാകൃതമായ-മനുഷ്യത്വ വിരുദ്ധമായ പീഡനമുറകളുടെ ദുർഗന്ധം വഹിക്കുന്ന പൊലീസ് ലോക്കപ്പുകളും ജയിലുകളുമാണ് നിലവിലുള്ളത്. ഒരുപക്ഷേ നിങ്ങളുടെ പരമപവിത്രവും, വിശുദ്ധവുമായ ജീവിതത്തിൽ, ഇതുവരേക്കും, ആ ദുർഗന്ധം എത്തിപ്പെട്ടിട്ടില്ലായിരിക്കും. അങ്ങനെയെങ്കിൽ ഈ ലേഖനം, ആ ദുർഗന്ധം, നിങ്ങളിലേക്ക് എത്തിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

തൊഴിലാളി വർഗവും, അടിച്ചമർത്തപ്പെട്ട ജനവിഭാഗവും അവരുടെ മോചനം കണ്ടെത്താനുള്ള പോരാട്ടങ്ങളിലേക്ക് സ്വയം കടക്കുമ്പോൾ മാത്രമേ ആത്യന്തികമായി ഇക്കാര്യങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ. പക്ഷേ, ആ വർഗങ്ങൾ അവരുടെ പോരാട്ട പാതയിലേക്ക് ഇപ്പോഴും പൂർണമായി കടന്നിട്ടില്ല. ഏറക്കുറെ അസംഘടിതരും, ദൈനംദിന ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതുതന്നെ വലിയൊരു പോരാട്ടമായി മാറിയിരിക്കുന്നതുമായ അവസ്ഥയിലാണ് നിലവിൽ അവർ. ഇപ്പറഞ്ഞ അടിസ്ഥാന ജനവിഭാഗങ്ങൾ അവരുടെ ശക്തി തിരിച്ചറിയുന്നതുവരെ ബുദ്ധിജീവികൾക്ക് സമൂഹത്തിൽ ഒരു നിർണായക പങ്കുവഹിക്കാനുണ്ട്. യു.ജി.സി സ്കെയിൽ ശമ്പളവും, ഒന്നിരുന്ന് ചിന്തിക്കാനുള്ള സമയവും–സാഹചര്യങ്ങളും ഒന്നുമേ പാവം തൊഴിലാളി വർഗത്തിനോ അടിച്ചമർത്തപ്പെട്ട ജനതക്കോ ഇന്നില്ല. അതിനാൽ നിലവിലുള്ള കസ്റ്റഡി വയലൻസ് അടക്കമുള്ള അനീതിക്കെതിരെ, ഇവിടത്തെ ബുദ്ധിജീവികൾ അടക്കമുള്ള ആക്ടിവിസ്റ്റുകൾ നിശ്ശബ്ദത പാലിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. മാത്രവുമല്ല, ഭരണഘടന സ്ഥാപനങ്ങളിൽ അവർക്ക്‌ യഥാർഥത്തിലുള്ള വിശ്വാസം ഉണ്ടെങ്കിൽ, ഇത്തരം പ്രശ്നങ്ങൾ ആ സ്ഥാപനങ്ങളുടെ മുന്നിലെത്തിച്ച് അവരുടെ വിശ്വാസം ശരിയാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയും അവർക്കുണ്ട്.

ഭരണഘടനയെ പറ്റി ചില കാര്യങ്ങൾ പറയട്ടെ. നിങ്ങൾ അതിനെ തള്ളിക്കളയണമെന്ന അഭിപ്രായം എനിക്കില്ല. പ​േക്ഷ, അതുയർത്തുന്ന മൂല്യങ്ങൾ, ആധുനിക സമൂഹത്തിന് അനുസരിച്ച് വികസിക്കേണ്ടതായിട്ടുണ്ട്. മതഗ്രന്ഥങ്ങൾപോലെ, ചരിത്രത്തിന്റെ മഞ്ഞുപാളികളിൽ മരവിച്ചുകിടക്കേണ്ടിയ ഒന്നാണതെന്നും കരുതുന്നില്ല.

സമ്പന്നനും ദരിദ്രനും തമ്മിലുള്ള വ്യത്യാസം അതിഭീകരമായി വർധിച്ചുകൊണ്ടേയിരിക്കുന്നുവെങ്കിൽ, വിശ്വസിക്കുന്ന മതത്തിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷമായിരിക്കുന്ന ജനവിഭാഗങ്ങൾ വംശഹത്യക്ക് ഇരയാക്കപ്പെടുന്നുണ്ടെങ്കിൽ, ആയിരക്കണക്കിന് വർഷക്കാലമായി മനുധർമത്തിന്റെ പേരിൽ അടിച്ചമർത്തപ്പെട്ട ഒരു വലിയ ജനവിഭാഗം ഇപ്പോഴും ആ പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ടെങ്കിൽ, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവൺമെന്റുകളെ പിരിച്ചുവിട്ട് കേന്ദ്ര ഗവൺമെന്റിന് നേരിട്ട് ഭരണം നടത്താവുന്ന അവസ്ഥയിൽ ഫെഡറലിസം അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ, രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകർ മിനിമം സപ്പോർട്ട് പ്രൈസിനായി തെരുവിൽ വർഷങ്ങളായി പോരാടേണ്ടി വരുന്നുണ്ടെങ്കിൽ, AFSPA-UAPA-PMLA-NSA പോലുള്ള നിയമങ്ങൾ ഭരണഘടന കോടതികളാൽതന്നെ അംഗീകരിക്കപ്പെട്ട് ഈ രാജ്യത്ത് നിലനിൽക്കുന്നുണ്ടെങ്കിൽ, എന്തിന് പൗരത്വംപോലും മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടുന്ന നിയമങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിൽ ഇന്ത്യൻ ഭരണഘടനക്കും അതിന്റെ ഭരണഘടന സ്ഥാപനങ്ങൾക്കും ആ സന്ദർഭങ്ങളിൽ എന്ത​ുചെയ്യാൻ കഴിഞ്ഞു എന്നുള്ള ചോദ്യം ഉയരുന്നു.

ജയിലിൽ ഞങ്ങൾക്ക് ബ്ലോക്ക് വിട്ട് പുറത്തുപോകാൻ കഴിയാത്തതിനാലും, മറ്റു തടവുകാരോട് ഇടപെടാൻ അനുവാദം ഇല്ലാതിരുന്നതിനാലും, ഒരു ദിവസത്തിന്റെ മുഴുവൻ സമയവും നമ്മൾ നമുക്കുവേണ്ടി മാത്രം ചിലവഴിച്ചാൽ മതിയാകും. എന്നാൽ, ചെലവഴിക്കാൻ പ്രത്യേകിച്ച് കാര്യങ്ങളൊന്നും ഇല്ലാത്തതിനാൽ, ജീവിതത്തിൽ അന്നുവരെ ഇല്ലാത്ത തരത്തിൽ വായനയിലേക്ക്, ഫിക്ഷൻ & നോൺ -ഫിക്ഷൻ, കടന്നു. ജനകീയ മനുഷ്യാവകാശ പ്രവർത്തകരായ സഖാക്കൾ കഴിഞ്ഞ പത്തുവർഷവും മുടങ്ങാതെ ജയിലിലേക്ക് പുസ്തകങ്ങൾ സംഘടിപ്പിച്ചുതന്നിരുന്നു.

ഒരുപക്ഷേ, ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഒരുവിധത്തിലുള്ള മാനസിക സമ്മർദങ്ങളും ഇല്ലാതെ തടവുജീവിതം കടന്നുപോയതിന്റെ ഏറ്റവും പ്രധാന കാരണങ്ങളിൽ ഒന്ന് സഖാക്കൾ ജയിലിലേക്ക് സംഘടിപ്പിച്ചു തന്ന പുസ്തകങ്ങളാണ്. അതിനിടയിൽ ഒരു കാര്യംകൂടി പറയട്ടെ, ലോകത്തിലെ ഏറ്റവും നല്ല വായനക്കാരനാകാൻ കഴിയുന്നത് ഒരു തടവുകാരനാണ്. ജയിലിൽ ദിവസത്തിന്റെ ഏതെങ്കിലും സമയത്ത്, എന്തെങ്കിലും വായിക്കാതെ ഒരു ദിനം കടന്നുപോകുന്ന തടവുകാരൻ വളരെ അപൂർവമായിരിക്കും. കാരണം, മതിലുകളാൽ ചുറ്റപ്പെട്ട അവന്റെ തടവറ ജീവിതത്തിൽനിന്നും, ഭാവനയുടെ ചിറകിലേറി, അവന്റേതായ ഇടത്തേക്ക് അൽപനേരമെങ്കിലും പറക്കാൻ ആഗ്രഹിക്കാത്ത തടവുകാർ വളരെ കുറവാണ്.

തടവുകാരന്റെ ഫിക്ഷൻ വായനകൾ പലപ്പോഴും എഴുത്തുകാരന്റെ ഭാവനകളെ അതിജീവിക്കുന്നതായിരിക്കും. കടലാസു താളുകളിൽ തങ്ങൾക്കായി എഴുത്തുകാരൻ നിർമിച്ചെടുത്തിരിക്കുന്ന പരിമിതമായ ലോകത്തെ തകർത്തെറിഞ്ഞുകൊണ്ട് കഥാപാത്രങ്ങൾ തടവുകാരന്റെ മനസ്സിലേക്ക് കുടിയേറുന്നു. സൗഹൃദങ്ങൾക്കും കൂട്ടായ്മകൾക്കുമായി ദാഹിക്കുന്ന തടവുകാരന്റെ വരണ്ട മനസ്സിൽ, എഴുത്തുകാരൻ സ്വപ്നത്തിൽപോലും ആലോചിക്കാൻ സാധ്യതയില്ലാത്ത തരത്തിൽ ഈ കഥാപാത്രങ്ങൾ പുതിയൊരു ലോകം സൃഷ്ടിക്കുന്നു. അങ്ങനെ മീശയിലെ വാവച്ചനും ബഷീറിന്റെ മജീദും സുഹറയും നാരായണിയും പാത്തുമ്മയും കേശവൻ നായരും സാറാമ്മയും; മാർകേസിന്റെ ഫ്ലോറിന്റെയും ഫെർമിനേയും; മുകുന്ദന്റെ ദാസനും ചന്ദ്രികയും കേശവനും; ‘മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസി’ലെ അൻജുവും തിലോത്തമയും സദ്ദാം ഹുസൈനും വിപ്ലവകാരിയായ പേരറിയാത്ത ചെറുപ്പക്കാരിയും ഒക്കെ, ഏകാന്തതടവിനോട് ഏകദേശം തുല്യമായി നിൽക്കുന്ന കഴിഞ്ഞ 9 വർഷത്തെ തടവു ജീവിതത്തിനിടയിൽ, പല രാത്രികളിലും എന്നോടൊപ്പം സെല്ലിൽ ചെലവഴിക്കുകയും അവരുടെ സ്രഷ്ടാക്കളുടെ ലോകത്തിനപ്പുറത്തേക്ക് പുതിയൊരു ലോകം എന്നോടൊപ്പം നിർമിച്ചെടുക്കുകയുംചെയ്തിരുന്നു.

പല തടവുകാരുടെയും വായനകൾ ഇതിലും പതിന്മടങ്ങ് സർഗാത്മകമായിരുന്നു എന്ന് എനിക്ക് അനുഭവത്തിൽനിന്ന് പറയാൻ കഴിയും. പക്ഷേ, അവിടെയും രസംകൊല്ലികൾ ആകുന്നത് പലപ്പോഴും, പ്രിസൻ അഡ്മിനിസ്ട്രേഷനാണ്. സെൻസറിങ്ങിന്റെയും മറ്റും പേരു പറഞ്ഞ്, തടവുകാരൻ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ അയാൾക്ക് ലഭിക്കാതിരിക്കാൻ, അവരാൽ കഴിയുന്ന തരത്തിലുള്ള എല്ലാ കാര്യങ്ങളും അവർ ചെയ്യും.

ജയിൽ എന്ന പദത്തിൽനിന്നും പ്രിസൻ & കറക്ഷനൽ ഹോം എന്നതിലേക്കുള്ള പേരുമാറ്റം 1990കളിലും രണ്ടായിരത്തിന്റെ ആദ്യ ദശാബ്ദങ്ങളിലുമായാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിത്തുടങ്ങിയത്. കറക്ഷനൽ ഹോം എന്ന സങ്കൽപത്തെ പറ്റി, ഭൂരിപക്ഷം വരുന്ന ജയിൽ വാർഡർ മുതൽ ഡി.ജി.പി വരെയുള്ള ആളുകൾക്ക്, ഒരുതരത്തിലുള്ള ബോധ്യവുമില്ല എന്നുള്ളതാണ് യാഥാർഥ്യം. ട്രെയിനിങ് സിലബസിലൊന്നും വലിയ മാറ്റങ്ങളും വരുത്തിയിട്ടില്ല. തടവുകാരനെ ഭയത്തിൽ നിർത്തിക്കൊണ്ട് മാത്രമേ ജയിൽഭരണം നടത്തിക്കൊണ്ടു പോകാൻ കഴിയൂ എന്നു വിശ്വസിക്കുന്നവരാണ് മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും. മനസ്സാക്ഷിയുടെ തടവുകാരായ രാഷ്ട്രീയ തടവുകാരെ ഒഴിച്ചാൽ, ബഹുഭൂരിപക്ഷം വരുന്ന സാധാരണ തടവുകാർ, അവരുടെ ജീവിതത്തിൽ നിയമലംഘകർ ആക്കപ്പെടുന്നതിൽ അവരുടെ ജീവിതസാഹചര്യങ്ങൾക്ക് വലിയ പങ്കുണ്ട്.

സംഘടിതമായി, പ്രഫഷനലായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ വളരെ കുറവാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും സാമൂഹികമായി അടിച്ചമർത്തൽ നേരിടുകയുംചെയ്യുന്ന ജീവിതസാഹചര്യങ്ങളിൽനിന്നാണ് 90 ശതമാനം തടവുകാരും വരുന്നത്. അപ്പോൾ, ‘കറക്ഷനൽ’ എന്ന സങ്കൽപത്തിനോട് നീതി പുലർത്തണമെങ്കിൽ, തടവുകാരുടെ ഇത്തരം ചുറ്റുപാടുകളെ അഭിമുഖീകരിക്കേണ്ടതായി വരും. അങ്ങനെ ചെയ്താൽ, ഒരു വിരൽ ഈ വ്യക്തികളിലേക്ക് ചൂണ്ടുമ്പോൾ ബാക്കി നാലു വിരലുകളും തങ്ങളിലേക്ക് തന്നെ നീളുമെന്ന് ഇന്ത്യൻ ഭരണവർഗത്തിന് മറ്റാരെക്കാളും നല്ല ബോധ്യമുണ്ട്. അതിനാൽ മറ്റേതൊരു കാര്യത്തിലും എന്നതുപോലെ തൊലിപ്പുറത്തെ പരിഷ്കാരം മാത്രമാണ് ഈ പേരുമാറ്റത്തിലും ഉണ്ടായിരിക്കുന്നത്.

ശരീര പരിശോധനയും മർദനവും കഴിഞ്ഞാൽ തടവുകാരെ ടോർച്ചർ ചെയ്യാനായി ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ് സെൽ, ബാരക്ക് എന്നിവയുടെ പരിശോധന. ശരീര പരിശോധനയുടെ കാര്യത്തിൽ എന്നപോലെ ഇക്കാര്യത്തിലും വ്യക്തി എന്ന അസ്തിത്വത്തിനെ തകർക്കാനുള്ള ഒരു മാർഗമായാണ് അധികൃതർ ഇതിനെയും കാണുന്നത്. അതായത് ഒരു തടവുകാരന്റെ, അയാൾക്ക് ഏറ്റവും സ്വന്തമായ ഇടത്തേക്ക്, അയാളുടെ ഒരു സമ്മതവും ഇല്ലാതെ പ്രവേശിക്കുകയും അവിടെയുള്ള എല്ലാ വസ്തുക്കളും വാരിവലിച്ച് ഇടുകയും ചെയ്യുക എന്നതാണ് സെൽ സെർച്ചിങ് എന്ന ഈ പരിപാടി.

 

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരു​േമ്പാൾ അനൂപ്​ മാത്യു ജോർജ്​ മുദ്രാവാക്യം മുഴക്കുന്നു

തടവുകാർ തറയിലാണ് കിടന്നുറങ്ങുക. ഇവിടേക്കാണ് പത്തിലധികം ജയിൽ ഉദ്യോഗസ്ഥർ, കാലിൽ ഷൂസുമായി കടന്നുവന്ന്, എല്ലാം ഉഴുതുമറിച്ച് അലങ്കോലമാക്കുന്നത്. ഒരു വ്യക്തി എന്ന തരത്തിലുള്ള ഐഡന്റിറ്റി, അതിന്റേതായ സ്വകാര്യത എന്നിവയൊന്നും ഒരു തരിപോലും തടവുകാരന് അവകാശപ്പെട്ടതല്ല എന്നത് നിരന്തരമായി അയാളെ ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ ജയിൽ അധികൃതർ ചെയ്യുന്നത്. ഇക്കാര്യത്തിലും ഞങ്ങൾ ഞങ്ങളുടെ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുകയും നിയമനടപടികൾ സ്വീകരിക്കുകയുംചെയ്തിരുന്നു.

അതിന്റെ ഫലമായി ഞങ്ങളുടെ ബ്ലോക്കിലെ പരിശോധനാ രീതികൾ പൊതുവിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ നടന്നിരുന്നു എങ്കിലും വർഷത്തിൽ ഒന്നോ രണ്ടോ തവണ പ്രശ്നങ്ങൾ കുറച്ച് രൂക്ഷമാവുകയും തുടർന്ന് നടക്കുന്ന പ്രതിഷേധങ്ങളുടെ ഫലമായി പിന്നീടൊരു ആറുമാസം ഇക്കാര്യത്തിൽ വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ പോകുകയുംചെയ്തിരുന്നു. ഞാൻ ഏറ്റവും അവസാനം കോയമ്പത്തൂർ ജയിലിൽ എട്ടു ദിവസം നിരാഹാര സമരം നടത്തിയതിൽ പ്രധാന കാരണങ്ങളിൽ ഒന്ന്, ഞാൻ ഇല്ലാതിരുന്ന സമയം എന്റെ സെല്ലിൽ കയറി സെർച്ചിങ്ങിന്റെ പേരിൽ എല്ലാ വസ്തുക്കളും വാരിവലിച്ചിട്ടു എന്നതിന് ആയിരുന്നു. ഈ സമയങ്ങളിലൊക്കെ മറ്റു ബ്ലോക്കുകളിൽ, ഏറ്റവും പ്രാകൃതമായ രീതിയിൽ സെർച്ചിങ് പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നു.

(തുടരും)

News Summary - Prison-Life of a Political person