ഒരു രാഷ്ട്രീയ തടവുകാരന്റെ ജയിൽ-ജീവിതം

മാവോവാദി പ്രവർത്തനം ആരോപിക്കപ്പെട്ട് ഒമ്പതര വർഷം തമിഴ്നാട്ടിലെ ജയിലുകളിൽ അടക്കപ്പെട്ട അനൂപ് മാത്യു ജോർജ് തന്റെ ജയിൽ അനുഭവങ്ങളും ജീവിതവും ജയിലിലെ പോരാട്ടങ്ങളും എഴുതുന്നു. കഴിഞ്ഞ ലക്കം തുടർച്ച. കറക്ഷനൽ ഹോം എന്നത് അവിടെ നിൽക്കട്ടെ. തടവുകാരനും മനുഷ്യനാണെന്നും അയാൾക്കും മനുഷ്യസഹജമായ എല്ലാ വികാരവിചാരങ്ങളുമുെണ്ടന്നും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയിലേെക്കങ്കിലും നമ്മുടെ ജയിൽ അഡ്മിനിസ്ട്രേഷൻ എത്തിയിരുന്നുവെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. തടവുകാരനെ അയാളുടെ പേര്, അല്ലെങ്കിൽ അയാളുടെ നമ്പർ വിളിച്ചു മാത്രമേ അഭിസംബോധന ചെയ്യാവൂ എന്ന് ബ്രിട്ടീഷുകാരന്റെ കാലത്തെ മാന്വലുകളിൽ...
Your Subscription Supports Independent Journalism
View Plansമാവോവാദി പ്രവർത്തനം ആരോപിക്കപ്പെട്ട് ഒമ്പതര വർഷം തമിഴ്നാട്ടിലെ ജയിലുകളിൽ അടക്കപ്പെട്ട അനൂപ് മാത്യു ജോർജ് തന്റെ ജയിൽ അനുഭവങ്ങളും ജീവിതവും ജയിലിലെ പോരാട്ടങ്ങളും എഴുതുന്നു. കഴിഞ്ഞ ലക്കം തുടർച്ച.
കറക്ഷനൽ ഹോം എന്നത് അവിടെ നിൽക്കട്ടെ. തടവുകാരനും മനുഷ്യനാണെന്നും അയാൾക്കും മനുഷ്യസഹജമായ എല്ലാ വികാരവിചാരങ്ങളുമുെണ്ടന്നും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയിലേെക്കങ്കിലും നമ്മുടെ ജയിൽ അഡ്മിനിസ്ട്രേഷൻ എത്തിയിരുന്നുവെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. തടവുകാരനെ അയാളുടെ പേര്, അല്ലെങ്കിൽ അയാളുടെ നമ്പർ വിളിച്ചു മാത്രമേ അഭിസംബോധന ചെയ്യാവൂ എന്ന് ബ്രിട്ടീഷുകാരന്റെ കാലത്തെ മാന്വലുകളിൽ വരെ പറഞ്ഞിട്ടുണ്ടെങ്കിലും ആധുനിക ജനാധിപത്യ ഭരണകൂടത്തിന്റെ നടത്തിപ്പുകാരായ ജയിൽ ഉദ്യോഗസ്ഥർക്ക്, തന്റെ മുത്തച്ഛന്റെ പ്രായമായ തടവുകാരനെ പോലും എടാ, വാടാ, പോടാ, നീ എന്നിങ്ങനെ അഭിസംബോധന ചെയ്താൽ മാത്രമേ മനസ്സമാധാനം കിട്ടുകയുള്ളൂ. ഒരാൾ ജയിലിൽ എത്രനാൾ കഴിയുന്നു എന്ന് സാധാരണ ഗതിയിൽ നമ്മൾ ചോദിക്കുന്നത് അയാൾ എത്രനാളായി ജയിലിൽ കിടക്കുന്നു എന്നായിരിക്കും. ആ ചോദ്യം അക്ഷരാർഥത്തിൽ ശരിയാണ്.
കാരണം, ജയിലിൽ തടവുകാരന് ഒന്ന് ഇരിക്കാനോ, എന്തെങ്കിലും ഒന്ന് എഴുതാനോ സ്വന്തമായി കസേര എന്നത് സ്വപ്നത്തിൽപോലും ചിന്തിക്കാൻ കഴിയാത്ത ഒരു നിഷിദ്ധ വസ്തുവാണ്. അതിനാൽ മിക്കപ്പോഴും കിടപ്പോട് കിടപ്പു തന്നെയായിരിക്കും തടവുകാരൻ. അധികാരി നടന്നുവരുമ്പോൾ കസേരയിലിരിക്കുന്ന തടവുകാരൻ എണീറ്റുനിന്ന് ഒരു നമസ്കാരം പറഞ്ഞില്ലെങ്കിൽ ഇടിഞ്ഞുവീഴുന്നതാണ് തടവറകളുടെ നിലനിൽപ് എന്ന ബ്രാഹ്മണ്യ ബോധത്തിൽതന്നെയാണ് ഇപ്പോഴും തടവറകളുടെ ദൈനംദിന പ്രവർത്തനങ്ങൾ കടന്നുപോകുന്നത്.
അതുപോലെ തടവുകാരന്റെ ജീവിതത്തെ സങ്കീർണമാക്കുന്ന മറ്റൊന്ന്, വളരെ സ്വാഭാവികവും നൈസർഗികവുമായി നടക്കേണ്ടിയ ബന്ധുക്കളോടും സുഹൃത്തുക്കളോടുമുള്ള തടവുകാരുടെ അഭിമുഖങ്ങൾ സുരക്ഷാകാരണങ്ങളിൽ ചാരി വളരെ വിരസമാക്കുന്നു എന്നതാണ്. വിരഹമാണ് പ്രണയത്തിന്റെയും, ബന്ധങ്ങളുടെയും ആഴവും മധുരവും കൂട്ടുക എന്നത് മനസ്സിലാക്കുന്നവർ പ്രവാസികളും തടവുകാരും ആയിരിക്കും. ഈ രണ്ടു കൂട്ടർക്കും അവരുടെ വേണ്ടപ്പെട്ടവരോട് ചെലവഴിക്കാൻ കഴിയുന്ന ഓരോ നിമിഷവും സ്വർണത്തേക്കാൾ വിലപ്പെട്ടത് ആയിരിക്കും. ആ മനുഷ്യരുടെ വിശുദ്ധമായ മാനസിക അവസ്ഥയെ മനസ്സിലാക്കാനുള്ള കഴിവുപോലും നമ്മളുടെ ലിബറൽ ഡെമോക്രാറ്റിക് ഭരണകൂടത്തിന് നഷ്ടപ്പെട്ടു എന്ന് പറയേണ്ടിവരുന്നതിൽ വേദനയുണ്ട്.
വർഷങ്ങൾക്കു മുമ്പ്, തടവുകാരന് തന്റെ ജീവിതപങ്കാളിയോ കുട്ടികളോ ഒക്കെ വന്നാൽ ജയിൽ കോമ്പൗണ്ടിനുള്ളിൽ പരസ്പരം തൊട്ടുരുമ്മിയിരുന്ന് സംസാരിക്കാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കണ്ണാടി മതിലിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്ന് ഇന്റർകോമിൽ ആണ് തടവുകാരന് തന്നെ കാണാൻ വന്നവരോട് സംസാരിക്കാൻ കഴിയുക. ജീവനുള്ള റോസാപ്പൂക്കൾ മുഴുവൻ അറുത്തുമാറ്റി, അവിടെ പ്ലാസ്റ്റിക്കിന്റെ പൂന്തോട്ടങ്ങൾ സൃഷ്ടിക്കുന്ന, വിഡ്ഢിയും കിഴവനുമായ ഒരു അരസികനെപ്പോലെയാണ് ഭരണകൂടം ഇക്കാര്യത്തിൽ ഇടപെടുന്നത്.
ഒമ്പതു വർഷത്തിനിടയിലെ ജീവിതത്തിൽ നിർണായകമായ ഇടംപിടിച്ച മറ്റൊന്ന് ജയിൽ ജീവനക്കാരും നമ്മളും തമ്മിലുള്ള ബന്ധമാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ, മനുഷ്യന്റെ ജീവിതവുമായി നേരിട്ട്, വളരെയധികം കാലം തുടർച്ചയായി ഇടപെടുന്ന ഭരണകൂട സ്ഥാപനങ്ങളിൽ, ജയിൽപോലെ മറ്റൊന്നില്ല.അതിൽ ‘വാർഡർ’ എന്ന തലത്തിൽ നിൽക്കുന്ന, ഒന്നാം നിരയിലെ ഉദ്യോഗസ്ഥരാണ് തടവുകാരുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ഇടപെടുന്നത്. വർഷങ്ങൾ നീണ്ടുനിൽക്കുന്ന തടവുകാരന്റെ തടവുജീവിതത്തിൽ അയാൾ അയാളുടെ വ്യക്തിപരമായ സുഖ, ദുഃഖങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യങ്ങൾ ഉണ്ടാവും. ഇത്തരം സന്ദർഭങ്ങളിൽ അടിച്ചമർത്തലിനു വേണ്ടി മാത്രമായി രൂപവത്കരിക്കപ്പെടുകയും പേരിൽ മാറ്റം ഉണ്ടായിട്ടുകൂടി, അത് കൃത്യമായി നടപ്പാക്കുകയും ചെയ്യപ്പെടുന്ന സ്ഥാപനം ആണെങ്കിലും അത് നടപ്പാക്കേണ്ട പ്രാഥമിക ചുമതല വഹിക്കുന്ന ‘വാർഡർമാർ’ കടുത്ത മാനസിക സംഘർഷങ്ങളിൽ അകപ്പെടുന്നത് പലപ്പോഴും കാണേണ്ടി വന്നിട്ടുണ്ട്.
ചോര ചോരയെ തിരിച്ചറിയും എന്നു പറയുന്നതുപോലെ, തങ്ങൾ അടിച്ചമർത്തലിനു വിധേയമാക്കുന്ന ജീവിതങ്ങൾ, തങ്ങളെപ്പോലെ തൊഴിലാളിവർഗ പശ്ചാത്തലത്തിൽനിന്നും, അടിച്ചമർത്തപ്പെട്ട സമുദായത്തിൽനിന്നും വരുന്നവരാെണന്ന യാഥാർഥ്യം അവരുടെ മുന്നിലുണ്ട്. ഒരിക്കൽ തന്റെ അച്ഛന്റെ പ്രായമുള്ള തടവുകാരനെ മർദിക്കാനായി സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടും തയാറാകാത്തതിനാൽ അച്ചടക്ക നടപടിക്ക് വിധേയനാകേണ്ടിവന്ന ഒരു വാർഡനെ എനിക്ക് നേരിട്ട് അറിയാം. തടവുകാരുടെ കാര്യത്തിൽ എന്നതുപോലെ ആത്മാഭിമാനവും, അന്തസ്സും നഷ്ടപ്പെടുന്ന തൊഴിൽ സാഹചര്യങ്ങളിലൂടെയാണ് ഓരോ ദിവസവും ഇവർ കടന്നുപോകുന്നത്. ഗാർഹിക ആവശ്യങ്ങൾക്കായും വ്യക്തിപരമായ ആവശ്യങ്ങൾക്കായും ജയിൽ ജീവനക്കാരെ ഉന്നത ഉദ്യോഗസ്ഥർ നിയോഗിക്കരുതെന്ന് തുടർച്ചയായ സർക്കുലറുകൾ ഉണ്ടായിട്ടുകൂടി ഇത്തരം കാര്യങ്ങൾ നിർബാധം ഇപ്പോഴും തുടരുന്നു.
മറ്റൊന്ന് കടുത്ത ധാർഷ്ട്യത്തോടുകൂടിയുള്ള, ഒരു ജനാധിപത്യ മര്യാദയുമില്ലാത്ത ഉന്നത ഉദ്യോഗസ്ഥരുടെ പെരുമാറ്റമാണ്. പല വാർഡൻമാരുടെയും സ്വകാര്യജീവിതം ഇതിനാൽ കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നത്. ഞാൻ ജയിൽമോചിതനാകുന്നതിന് ചില മാസങ്ങൾക്കു മുമ്പ്, അധികാരികളുടെ ഇത്തരത്തിലുള്ള കടുത്ത അധികാര ദുഷ്പ്രയോഗത്തിൽ മനംമടുത്ത്, 18 വർഷത്തിലധികം എക്സ്പീരിയൻസ് ഉള്ള ഒരു ജയിൽ ഹെഡ് വാർഡൻ കോയമ്പത്തൂർ ജയിൽ സൂപ്രണ്ടിന്റെ മാളികക്കു മുന്നിൽ ആത്മഹത്യാശ്രമം നടത്തി. ഇതിനിടയിൽ ഒന്നുകൂടി കൂട്ടിച്ചേർക്കട്ടെ, കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിൽ നിരവധി തടവുകാർ ജയിലിനുള്ളിൽ ആത്മഹത്യ ചെയ്യുകയും, ചെറിയ പ്രായത്തിനുള്ളിൽ മരിക്കുകയും ചെയ്തിരുന്നു.
എന്നാൽ തടവുകാരന്റെ മരണം കാക്ക, കുരുവികളുടെ മരണത്തിനപ്പുറത്തേക്ക് കാണാനുള്ള കാഴ്ച ഭരണകൂടത്തിന് ഇല്ലാത്തതിനാൽ അതിനെപ്പറ്റി പ്രത്യേകം പറയാൻ ഉദ്ദേശിക്കുന്നില്ല. നിർഭാഗ്യവശാൽ തടവുകാരോട് പെരുമാറുന്നതിനേക്കാൾ ക്രൂരമായാണ്, കടുത്ത മാനസിക സംഘർഷത്തിൽ വിധേയനായി ആത്മഹത്യാശ്രമം നടത്തിയ ആ ഹെഡ് വാർഡനോടും ജയിൽ അധികൃതർ പെരുമാറിയത്. പേരിനൊരു അന്വേഷണം നടത്തി, യൂനിഫോം സർവിസിൽ തുടരാൻ യോഗ്യനല്ല എന്ന സാക്ഷ്യപത്രം നൽകി അയാളെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. സ്വന്തം പണിയാളുകളോടുപോലും ഇത്തരത്തിൽ പെരുമാറുന്ന ഒരു ഭരണകൂടത്തിൽനിന്ന് ഞങ്ങൾ തടവുകാർക്ക് എന്ത് നന്മയാണ് പ്രതീക്ഷിക്കാനാവുക.
കാലം എത്ര മാറിയാലും ജയിലിലെ അവസ്ഥക്ക് വലിയ മാറ്റമില്ലാതെ തുടരുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം ജയിൽ സൂപ്രണ്ടിന് നിയമം നൽകുന്ന അമിത അധികാരമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ സർവമേഖലയിലും പരസ്യമായി തന്നെ, നേരിട്ടിടപെടാൻ അധികാരം ലഭിച്ചിരിക്കുന്ന സ്ഥാപനം ഒരുപക്ഷേ, ജയിലായിരിക്കും.

കോയമ്പത്തൂർ ജയിലിലെ നിരീക്ഷണ ഗോപുരം
അതിൽതന്നെ ഭക്ഷണം ഒഴികെ ബാക്കി എല്ലാം തടവുകാരന്റെ നല്ല നടപ്പിനെ കണക്കിലെടുത്ത് അയാൾക്ക് ലഭിക്കുന്ന പ്രിവിലേജ് ആയിട്ടാണ് ജയിൽ നിയമങ്ങൾ ഇപ്പോഴും കണക്കാക്കുന്നത്. അതായത് വളരെ നിസ്സാരമെന്ന് നാം കരുതുന്ന പുസ്തകം വായിക്കാനുള്ള അവകാശം തുടങ്ങി, പരോൾ ലഭിക്കുന്നതുവരെയുള്ള ഒരു തടവുകാരന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും സൂപ്രണ്ടിന്റെ വിവേചന അധികാരത്തിന് കീഴിൽപെടുന്നതായി മാറുന്നു. ഒരു ഉദാഹരണം പറയുകയാണെങ്കിൽ, കോയമ്പത്തൂർ ജയിലിൽ കഴിഞ്ഞ ഒരു വർഷമായി തടവുകാർക്ക് എഴുതാനുള്ള നോട്ട്ബുക്കും പേനയും അനുവദിക്കപ്പെടുന്നില്ല. പുതുതായി വന്ന ജയിൽ സൂപ്രണ്ടിന്റെ ഗംഭീരമായ പല പരിഷ്കാരങ്ങളിൽ ഒന്നാണ് ഇത്.
ഉയർന്ന ജനാധിപത്യബോധം കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹമായിരുന്നു നമ്മളെങ്കിൽ, പൊതുസമൂഹമോ അല്ലെങ്കിൽ ജുഡീഷ്യറിയോ സ്വമേധയാ ഇടപെടേണ്ട ഒരു വിഷയമാണിത്. നിർഭാഗ്യവശാൽ കഴിഞ്ഞ ഒരു വർഷമായി ഒരു മാറ്റവും ഇല്ലാതെ ആ അവസ്ഥ തുടരുന്നു. ആ വിഷയത്തിൽ തമിഴ്നാട് ഹൈകോടതിയിൽ ഒരു റിട്ട് പെറ്റീഷൻ ഫയൽ ചെയ്യാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ ഞാൻ. ജയിൽ നിയമങ്ങളിൽ തടവുകാരന്റെ അവകാശങ്ങളുടെ തലം വെറും ഭക്ഷണത്തിൽ ഒതുങ്ങിനിൽക്കുകയും ബാക്കി എല്ലാം ജയിൽ അധികാരികളുടെ വിവേചനാധികാരത്തിന് വിട്ടു കൊടുക്കുന്നിടത്തോളം കാലം അധികാര ദുഷ്പ്രയോഗങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
ഇതിൽ സങ്കടകരമായ മറ്റൊരു അവസ്ഥ, ജയിലുകളിൽ നടക്കുന്ന അധികാര ദുഷ്പ്രയോഗത്തിനെ തടയിടാൻ ആയി, ജയിൽ നിയമങ്ങളിൽ എഴുതിവെക്കപ്പെട്ട വഴികളെല്ലാംതന്നെ പ്രായോഗികമായി അമ്പേ പരാജയമാണ് എന്നുള്ളതാണ്. ‘ബോർഡ് ഓഫ് വിസിറ്റേഴ്സ്’ ആണ് ഒന്ന്. അതായത് ഗവൺമെന്റിന് കീഴിലുള്ള, ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള ഒരു സമിതി, നിശ്ചിതകാലം കൂടുമ്പോൾ എല്ലാ ജയിലുകളും സന്ദർശിക്കുകയും അവിടെയുള്ള തടവുകാരുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുകയും, അതിൽ അവരുടെ അഭിപ്രായംകൂടി രേഖപ്പെടുത്തി ഗവൺമെന്റിലേക്ക് പരിഹാരമാർഗങ്ങൾ അറിയിക്കുകയും വേണം.
കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ ജയിലിലെ നിരവധി നിയമലംഘനങ്ങളെ പറ്റി ‘ബോർഡ് ഓഫ് വിസിറ്റേഴ്സിന്’ രേഖാമൂലം പരാതി നൽകിയിട്ടുപോലും ഒരുതവണകൂടി ഞങ്ങളെ സന്ദർശിക്കാനോ ഞങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനോ അവർ തയാറായിട്ടില്ല. രണ്ടാമത്തെ, മാർഗം ഭരണഘടന കോടതികളെ സമീപിക്കുക എന്നതാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി അഭിഭാഷകരുടെ പിന്തുണ ഉണ്ടായിട്ടുംകൂടി, പുറത്തിറങ്ങി ഒരു മാസമായിട്ടുപോലും, ഈ വിഷയത്തിൽ കോടതി മുമ്പാകെ ഹരജി ഫയൽ ചെയ്യാൻ പ്രായോഗികമായി സാധിച്ചിട്ടില്ല. മുമ്പ് സൂചിപ്പിച്ചതുപോലെ, 90കൾ വരെ സ്വമേധയാ ഭരണഘടന കോടതികൾ മുന്നോട്ടു വന്ന് ഇടപെടുമായിരുന്ന ഇത്തരം പ്രശ്നങ്ങളിൽ ഇന്ന് നമ്മളുടെ ഊർജം മുഴുവൻ ചെലവഴിച്ചാൽകൂടി വലിയ മാറ്റമൊന്നും കൊണ്ടുവരാൻ കഴിയാത്ത അവസ്ഥ.
തടവറകളുടെ ചരിത്രം പരിശോധിച്ചാൽ, എത്ര മോശപ്പെട്ട സാഹചര്യങ്ങളാണെങ്കിലും, അവിടെയെല്ലാം അതിജീവനത്തിന്റെ ഉജ്ജ്വലമായ മാതൃകകൾ സൃഷ്ടിച്ച തടവുകാരുടെ കഥകൾ നമുക്ക് കാണാൻ കഴിയും. സാഹചര്യങ്ങൾ എത്ര മോശമായാലും ജീവിതത്തിന്റെ പല വർണങ്ങൾ വിരിയിക്കുന്ന അത്ഭുതകരമായ കാഴ്ച. അവിടെയെല്ലാം രസംകൊല്ലിയായി കടന്നുവരുന്നത് സൂപ്രണ്ടിന് നൽകിയിരിക്കുന്ന വിവേചന അധികാരം എന്ന ഒരു വിവേകവും ഇല്ലാതെ പ്രയോഗിക്കപ്പെടുന്ന വിവേചനാധികാരമാണ്.
ഞങ്ങൾ തങ്ങിയിരുന്ന ബ്ലോക്കിൽ, മഴവെള്ളം വീഴാനായി ഒന്നര അടി വീതിയുള്ള ഇടമൊഴിച്ചാൽ, ബാക്കി എല്ലാം കോൺക്രീറ്റുകൊണ്ട് മൂടിയിരിക്കുന്ന തറയാണ്. പച്ചപ്പിന്റെ ചെറു തരിപോലും ഇല്ലാതിരുന്ന ആ ബ്ലോക്കിൽ, മഴവെള്ളം വീഴാനായി ഒതുക്കിയിരിക്കുന്ന ഒന്നര അടി വീതിയുള്ള ഈ സ്ഥലത്ത്, കാലക്രമേണ ഒരു ചെറുപൂന്തോട്ടംതന്നെ സൃഷ്ടിച്ചെടുത്തു. തടവറയിൽ തടവുകാരന്റെ മനസ്സ് മാത്രമല്ല, അവിടത്തെ മണ്ണും, സൃഷ്ടിപരമായ എന്തെങ്കിലും ഇടപെടലുകൾ നടത്താൻ വെമ്പിനിന്നിരുന്നതുപോലെ വെറുതെ തൂകിയെറിഞ്ഞ വിത്തുകൾ എല്ലാം പൂച്ചെടികളായി മുളച്ചു. പപ്പാളി, മാതളം, പേര, സീതച്ചെടി, ചെമ്പരുത്തി, റോസ് എന്നിങ്ങനെ ചെറിയ ഒരു ഉദ്യാനം തന്നെ. അവിടെ വിശ്രമിക്കാനായി വരുന്ന, ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ചെറുകിളികൾ വേറെ.

ജയിലിലെ കൂടിക്കാഴ്ച
ഞാൻ ജയിൽമോചിതനാകുന്നതിന് രണ്ടുമാസം മുമ്പ്, ജയിൽ സൂപ്രണ്ടിന്റെ വിവേചന അധികാരത്തിനു മുന്നിൽ, ആ ചെടികളെല്ലാം വെട്ടി എറിയപ്പെട്ടു. ജയിലിൽ ആഴ്ചയിലൊരിക്കൽ, തടവുകാരുടെ പ്രശ്നങ്ങൾ നേരിട്ടു കേൾക്കാനായി എന്ന പേരിൽ, ബ്രിട്ടീഷുകാരുടെ കാലം മുതൽ ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ സകലമാന ഉദ്യോഗസ്ഥരും തടവുകാരുടെ അടുക്കൽ എത്തും. ഇത് വാരാന്ത്യ ഫയൽ എന്നാണ് അറിയപ്പെടുന്നത്. അത്തരം ഒരു ഫയലിൽ ഒരു തടവുകാരനെ സൂപ്രണ്ട് ഭീഷണിപ്പെടുത്തിയപ്പോൾ ഞങ്ങൾ പ്രതിഷേധിച്ചു. സൂപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എട്ടു ദിവസത്തോളം നിരാഹാര സമരം അനുഷ്ഠിച്ചു. തുടർന്ന് ഹൈകോർട്ടിൽ പെറ്റീഷൻ സമർപ്പിക്കപ്പെട്ടപ്പോഴാണ് ഞങ്ങൾ സമരം അവസാനിപ്പിച്ചത്. അതിന് തൊട്ടടുത്ത ആഴ്ചയിലാണ് സൂപ്രണ്ടിന്റെ വിവേചനാധികാരം ഈ ചെടികളുടെ മേൽ പ്രയോഗിക്കപ്പെടുന്നത്. ചെടികൾക്ക് മാത്രമല്ല ഞങ്ങളെ ചുറ്റിപ്പറ്റി നിൽക്കുന്ന പൂച്ചകൾക്കും പലപ്പോഴും സൂപ്രണ്ടിന്റെ ഈ വിവേചന അധികാര ഭീഷണി നേരിടേണ്ടതായി വന്നിട്ടുണ്ട്.
തടവുകാരും പൂച്ചകളും തമ്മിൽ വല്ലാത്തൊരു ആത്മബന്ധം രൂപപ്പെടുന്നത് മിക്കവാറും എല്ലാ ജയിലുകളുടെയും ഒരു പൊതു സ്വഭാവമാണ്. അങ്ങനെ അഭയം തേടി വന്ന പല പൂച്ചകളോടും തുടക്കകാലത്ത് ഞാൻ മുഖം തിരിച്ചിരുന്നുവെങ്കിലും, എങ്ങനെ നമ്മുടെ മനസ്സു മാറ്റിയെടുക്കാം എന്ന്, ജയിൽപൂച്ചകൾ അവറ്റകളുടെ അനുഭവത്തിൽനിന്ന് നന്നായി പഠിച്ചുവെച്ചിരുന്നു. അങ്ങനെ മനസ്സു മാറി, ഒരു പൂച്ചക്ക് ഇടംകൊടുത്തത് മാത്രമേ ഓർമയുള്ളൂ, ബാക്കിയുള്ള അതിജീവനത്തിന്റെ പാഠം അതിനെ ആരും പഠിപ്പിച്ചുകൊടുക്കേണ്ടിയിരുന്ന ആവശ്യമുണ്ടായിരുന്നില്ല.
വർഷങ്ങൾ പലത് കടന്നുപോയപ്പോൾ അതും അതിന്റെ കുട്ടികളുമായി ഏഴെട്ടുപേർ. ഭക്ഷണം അടക്കമുള്ള ഏതൊരു കാര്യത്തിനും ജയിൽപൂച്ചകൾ നിങ്ങളെ മാത്രമായി ഒരിക്കലും ആശ്രയിക്കുകയില്ല. നിങ്ങളുടെ സൗഹൃദം മാത്രമാണ്, ഇടക്കിടക്കുള്ള നിങ്ങളുടെ തലോടലുകൾ മാത്രമാണ് അത് നിങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത്. കാരണം വ്യക്തി എന്നനിലയിൽ, സ്വന്തമായ ഒരു സ്വത്വം സൃഷ്ടിച്ചെടുക്കുന്നതിൽ, പൂച്ചകൾക്കുള്ള സാധ്യതകൾപോലും ഒരു തടവുകാരന് ഇല്ല എന്ന യാഥാർഥ്യം, മറ്റാരെക്കാളും നന്നായി ജയിൽപൂച്ചകൾ ഉൾക്കൊണ്ടിരുന്നു.
ഏതോ ഒരു പ്രതിഷേധ കാലത്ത്, ചെടികളുടെ കാര്യത്തിൽ എന്നപോലെ, ജയിലധികാരികളുടെ കണ്ണ് പൂച്ചകളുടെ നേരേയും തിരിഞ്ഞു. ചാക്കിലാക്കപ്പെട്ട് പല പൂച്ചകളും ജയിൽ മതിലിനു പുറത്തേക്ക് വലിച്ചെറിയപ്പെട്ടു. സൗഹൃദം നഷ്ടപ്പെട്ട പല തടവുകാരും ആഴ്ചകളോളം അതിന്റെ ദുഃഖഭാരവുമായി നടക്കുന്നത് നേരിൽ കണ്ടു. ഹൈ സെക്യൂരിറ്റി ബ്ലോക്കിൽ കഴിഞ്ഞിരുന്നതുകൊണ്ടാകാം, സാധാരണ ബ്ലോക്കുകളിലെ പൂച്ചകളെക്കാളും ഞങ്ങളുടെ ബ്ലോക്കിൽ വളർന്ന പൂച്ചകൾക്ക്, അതിജീവനത്തിന്റെ കല കൂടുതൽ നന്നായി അറിയാമായിരുന്നു. അതിനാൽ തന്നെ പലതവണ ചാക്കുകെട്ടുകളുമായും ചിക്കൻതുണ്ടുകളുമായി വന്നിട്ടും ഞങ്ങളുടെ പൂച്ചകൾ മാത്രം സൂപ്രണ്ടിന്റെ വിവേചന അധികാരത്തിൽപെട്ടു പുറത്താക്കപ്പെട്ടില്ല.
പുരുഷന്മാരുടെ ജയിലിനേക്കാൾ ദയനീയമാണ് സ്ത്രീകളുടെ ജയിലിലെ അവസ്ഥ. ആണുങ്ങളായ ഉദ്യോഗസ്ഥർക്ക്, സാമൂഹികമായ ഇടപെടലുകൾക്ക് സ്ത്രീകളെ അപേക്ഷിച്ചു കുറച്ചുകൂടിസാധ്യതകൾ ഉള്ളതിനാൽ, ദൈനംദിന ജയിൽ ജീവിതത്തിൽ ഇടപെടുമ്പോൾ സ്ത്രീ ഉദ്യോഗസ്ഥരെ അപേക്ഷിച്ചു കുറച്ചുകൂടി ഉദാരമാകാൻ അവർക്ക് കഴിയും. എന്നാൽ, ഇത്തരത്തിലുള്ള ഒരു സാധ്യതയും സ്ത്രീകളുടെ ജയിലിലില്ല. പൊള്ളയായ ജയിൽ നിയമങ്ങളുടെ കാർക്കശ്യവും സമൂഹത്തിൽ നിലനിൽക്കുന്ന ആണധികാരത്തിന്റെ ഏറ്റവും വികൃതമായ ഇടപെടലുകൾകൂടി ആകുമ്പോൾ സ്ത്രീകളുടെ തടവുജീവിതം എന്നത് നരകങ്ങളുടെ നരകമായി മാറുന്നു.
ഞങ്ങൾ കോയമ്പത്തൂർ ജയിലിൽ കഴിഞ്ഞിരുന്ന ആദ്യത്തെ മൂന്നു വർഷങ്ങളിൽ, വിഡിയോ കോൺഫറൻസിനുള്ള സൗകര്യം വനിതാ ജയിലിൽ ഇല്ലാതിരുന്നതിനാൽ, വിഡിയോ കോർട്ടിന്റെ ആവശ്യങ്ങൾക്കായി ഞങ്ങളുടെ ജയിലിലേക്കാണ് വനിതാ തടവുകാരെ കൊണ്ടുവന്നിരുന്നത്. പുരുഷന്മാരുടെ ജയിലിൽ വന്ന് തിരികെ വനിതാ ജയിലിൽ പ്രവേശിക്കുന്നത് വരെ ഈ സ്ത്രീ തടവുകാർ തറയിലേക്കല്ലാതെ തലയുയർത്തി നോക്കരുത് എന്നാണ് അലിഖിത നിയമം.
ഒരിക്കൽ വിഡിയോ കോർട്ടിനായി ഇത്തരത്തിൽ ആൺ ജയിലിലേക്ക് വന്ന ഒരു സ്ത്രീ തടവുകാരി, അവിടെ വെച്ച് അവരുടെ ഭർത്താവിനെയും മകനെയും കാണുകയും, അവരോട് സംസാരിക്കുകയും ഉണ്ടായി. അതിന്റെ പേരിൽ അവർ തിരികെ അവരുടെ ജയിലിൽ ചെന്നപ്പോൾ ക്രൂരമായി മർദിക്കപ്പെടുകയുണ്ടായി. പലതരത്തിലുള്ള ആക്ടിവിസ്റ്റുകളായ ആണുങ്ങൾ, പുരുഷ ജയിലിലൂടെ തടവുകാരായി കടന്നുപോകുന്നതിനാൽ ജയിൽ അന്തരീക്ഷത്തിന് ഗുണപരമായ പല മാറ്റങ്ങളും അത് ഉണ്ടാക്കും. വനിത ജയിലുകളിൽ അതിനുള്ള സാധ്യതകൾ വളരെ വിരളമാണ്. വർഷങ്ങൾക്കു ശേഷം, നീണ്ടനാൾ എന്ന് പറയാവുന്ന തരത്തിൽ, കോയമ്പത്തൂർ വനിതാ ജയിലിൽ കഴിഞ്ഞിരുന്ന ഒരാൾ ഞങ്ങൾക്കൊപ്പം അറസ്റ്റിലായ അഡ്വ. ഷൈനയാണ്. അവരുടെ മൂന്നുവർഷത്തോളം നീണ്ടുനിന്ന തടവ് ജീവിതത്തിനിടയിൽ പല ചെറുത്തുനിൽപുകൾ നടത്താനും തലതാഴ്ത്തി നടക്കൽ പോലുള്ള വിചിത്രമായ അലിഖിത നിയമങ്ങളെ പൊളിച്ചടുക്കാനും അവർക്ക് കഴിഞ്ഞിരുന്നു.
കറക്ഷനൽ ഹോം എന്ന സങ്കൽപത്തോട് ഇവിടത്തെ ഭരണകൂടത്തിനോ, ഒരു പരിധി വരെ പൊതുസമൂഹത്തിനോ, വലിയ വിശ്വാസമില്ല എന്നതിന്റെ മറ്റൊരു തെളിവാണ് മരണംവരെ ജയിലിൽ കഴിയേണ്ടുന്ന തരത്തിലുള്ള വിധിന്യായങ്ങൾക്കായി പലരും ഇക്കാലങ്ങളിൽ ആവശ്യപ്പെടുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പത്തിലധികം വർഷങ്ങൾ, പലപ്പോഴായി, ജയിലിൽ കഴിഞ്ഞിരുന്ന ജവഹർലാൽ നെഹ്റുവിന്റെ വാക്കുകളാണ് ഇതു പറയുമ്പോൾ മനസ്സിലേക്ക് വരുന്നത്.
വധശിക്ഷക്കെതിരായി അക്കാലത്ത് ഉയർന്നുവന്ന ചർച്ചകളിൽ പ്രതികരിച്ച അദ്ദേഹം പറഞ്ഞൊരു കാര്യം, മനുഷ്യത്വമുള്ള ഏതൊരാളും വധശിക്ഷയെ എതിർക്കേണ്ടതാണ്. അതേസമയം ഒരാൾക്ക് മോചനത്തിനെപ്പറ്റി ഒരു പ്രതീക്ഷയും നൽകാതെ, സ്വാഭാവിക മരണംവരെ അയാളെ തടവറയിൽ അടക്കുന്നത് ആ മനുഷ്യനെ ഒറ്റയടിക്ക് കൊല്ലാതെ ഇഞ്ചിഞ്ചായി കൊല്ലുന്നതുപോലെ ക്രൂരമാണ് എന്നാണ്. ഇരുപതും മുപ്പതും വർഷങ്ങൾ ഒക്കെയായി ജയിലിൽ അനന്തമായി കഴിഞ്ഞുവരുന്ന തടവുകാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. തെറ്റുതിരുത്തി സമൂഹത്തിലേക്ക് വ്യക്തികളെ പുനരധിവസിപ്പിക്കുന്ന ഒരു സ്ഥാപനമായി സ്വയം വിശേഷിപ്പിക്കുന്ന ജയിലുകളുടെ പരാജയമായി ഈ അവസ്ഥയെ നാം മനസ്സിലാക്കേണ്ടതുണ്ട്.

അനൂപ് മാത്യു ജോർജ്
രാഷ്ട്രീയ തടവുകാർ എപ്പോഴും, പുറംലോകത്ത് നടക്കുന്ന ഓരോ ചെറിയ ചലനങ്ങളെയും, സൂക്ഷ്മമായി നിരീക്ഷിക്കാൻ ശ്രമിക്കുന്നവരാണ്. തങ്ങളുടെ മോചനം അടക്കമുള്ള പലതിനെയും നിശ്ചയിക്കുന്നത് നിലവിലുള്ള നിയമസംവിധാനങ്ങളല്ല, മറിച്ച്, സമൂഹത്തിന്റെ രാഷ്ട്രീയബോധ്യങ്ങളിൽ ഉണ്ടാവുന്ന വികാസമാണെന്ന് അവർ മനസ്സിലാക്കുന്നു. ജയിലിൽ ഞങ്ങളെ ആദ്യം പിടിച്ചുകുലുക്കിയ സംഭവങ്ങളിൽ ഒന്ന് രോഹിത് വെമുലയുടെ രക്തസാക്ഷിത്വമായിരുന്നു. അക്കാലത്ത് ജാതി ഒഴിപ്പ് വിടുതലൈ മുന്നണിയുടെ സഖാക്കളും ഞങ്ങളോടൊപ്പം ആ ജയിലിലുണ്ടായിരുന്നു. മരിക്കുന്നതിനു മുമ്പ് രോഹിത് എഴുതിയ കുറിപ്പ് ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നാണ് വായിച്ചത്.
കാരിരുമ്പിന്റെ മൂർച്ചയുള്ള ആ കത്തിലെ ഭാഷകൊണ്ട് മനസ്സു മുറിയാത്ത, ഒരു സഖാവ് പോലുമില്ലായിരുന്നു, അന്ന് ഞങ്ങളുടെ കൂട്ടത്തിൽ. ഏറ്റവും ദയനീയമായി തോന്നിയത് കേന്ദ്രമന്ത്രിയായിരുന്ന സ്മൃതി ഇറാനിയുടെ പ്രതികരണമായിരുന്നു. തന്റെ മരണത്തിന് കാരണം ബി.ജെ.പിയാണെന്ന് നേരിട്ട് പറയുന്ന ഒരു വാചകവും ആ കത്തിൽ ഇല്ലാത്തതിനാൽ രോഹിത്തിന്റെ രക്തസാക്ഷിത്വത്തിൽ കേന്ദ്ര ഗവൺമെന്റിനു നേരെ നടക്കുന്ന എല്ലാ വിമർശനങ്ങളും നിർത്തിവെക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ആ ചെറുപ്പക്കാരൻ തൊടുത്തുവിട്ട വിമർശനങ്ങളുടെ കൂരമ്പുകൾ തറച്ച് മുറിവേൽക്കാൻപോലും കഴിയാത്ത തരത്തിലുള്ള അമീബകൾ മാത്രമാണല്ലോ നമ്മുടെ ഭരണവർഗം എന്നതിൽ സഹതാപം തോന്നി.
ഞങ്ങൾ തടവിൽ കഴിഞ്ഞിരുന്ന കാലത്ത് ജാതി കൊലപാതകങ്ങൾ പലത് തമിഴ്നാട്ടിൽ നടന്നിരുന്നു. ഞങ്ങളുടെ തടവിന്റെ തുടക്കക്കാലത്ത് അത്തരത്തിൽ നടന്ന ഒരു ജാതി കൊലപാതകത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ എല്ലാ ജയിലുകളിലുമുള്ള, ഞങ്ങൾ അടക്കമുള്ള, രാഷ്ട്രീയ തടവുകാർ നിരാഹാര സമരം നടത്തിയിരുന്നു. ആധിക്യജാതിയിൽപെട്ട ആ കേസിലെ പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ട് കോയമ്പത്തൂർ ജയിലിലാണ് അടക്കപ്പെട്ടത്. ജയിൽ ജീവനക്കാർ അവരെ ക്രൂരമായി മർദിക്കുകയുണ്ടായി. കസ്റ്റഡി വയലൻസിനെതിരെ നിലപാടുകൾ എടുത്തിരുന്നുവെങ്കിലും, ഈ വിഷയത്തിൽ ഞങ്ങൾ അവർക്കൊപ്പം ആകുമെന്ന് കരുതി, മർദിക്കാൻ നേതൃത്വം നൽകിയ ജയിൽ ഉദ്യോഗസ്ഥൻ വളരെ ആവേശത്തോടെ അക്കാര്യം വിശദീകരിക്കാനായി ഓടിയെത്തി.
ജാതി വിഭജനം സമൂഹത്തിൽ നിലനിർത്തിക്കൊണ്ടു പോകുകയും, അതിന്റെ അടിസ്ഥാനത്തിൽ വോട്ട് ബാങ്ക് രൂപപ്പെടുത്തി ഗവൺമെന്റ് രൂപവത്കരിക്കുകയുംചെയ്യുന്ന ഭരണവർഗങ്ങളെ വിമർശിക്കാതെ, അതിന്റെ കൂലിപ്പടയാളികളോട് തന്റെ രോഷം പ്രകടിപ്പിക്കുന്നതിന്റെ വൈരുധ്യം ആ ജയിലുദ്യോഗസ്ഥനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. നിങ്ങൾ പറയുന്ന നിയമസംവിധാനങ്ങളോട്, നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ, അത് തുറന്നുപറഞ്ഞുകൊണ്ട് അതിനു പുറത്തുവന്ന് നിങ്ങൾക്ക് അതിനെതിരായി സമരംചെയ്യാം എന്നല്ലാതെ കസ്റ്റഡി വയലൻസിലേക്ക് കടക്കുകയല്ല വേണ്ടത് എന്നാണ് എന്റെ നിലപാട് എന്ന് വ്യക്തമാക്കി.
മാത്രമല്ല, കുറ്റത്തിനെ ബന്ധപ്പെടുത്തി കസ്റ്റഡി വയലൻസിനെ ന്യായീകരിക്കാൻ ശ്രമിച്ചാൽ, തുടർന്ന് നിയമത്തിനു മുന്നിൽ കുറ്റവാളികളായി നിർത്തപ്പെടുന്ന ഏതൊരാളോടും നടത്തപ്പെടുന്ന കസ്റ്റഡി വയലൻസിനെ ന്യായീകരിക്കാനായി അത് ഉപയോഗിക്കപ്പെടുകയും ചെയ്യും. ഇതിന്റെ മറ്റൊരു പതിപ്പാണ് ഭരണവർഗത്തിനുള്ളിലുള്ള വൈരുധ്യങ്ങൾ രൂക്ഷമാകുമ്പോൾ അതിന്റെ പ്രതിനിധികൾ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി വെളിയിൽ വന്നാൽ അവർ നടത്തുന്ന പ്രതികരണം. അവർ പലപ്പോഴും പറയാൻ ശ്രമിക്കുന്നത് ഞങ്ങൾ തീവ്രവാദികളെപ്പോലെയാണെന്നാണ്, അതായത് ഇന്ത്യയിൽ ഇന്ന് തൊഴിലാളി വർഗ-ആദിവാസി-ദലിത്-ന്യൂനപക്ഷ-ബഹുജൻ വിഭാഗത്തിന്റെ മോചനത്തിനായി പോരാടുന്ന പോരാളികളെ ഇങ്ങനെയാണ് ഭരണകൂടം കൈകാര്യംചെയ്യുന്നത്. അതിന്റെ അർഥം എന്താണ്?
PMLA പോലുള്ള അഴിമതിവിരുദ്ധ കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ പോകുന്ന തങ്ങളെ ഹരാസ് ചെയ്യരുത് മറിച്ച്, UAPA പോലുള്ള നിയമങ്ങളിൽ പ്രതിചേർക്കപ്പെടുന്ന പോരാളികളെ നിങ്ങൾക്ക് ഇഷ്ടംപോലെ ചെയ്തുകൊള്ളാം എന്നാണല്ലോ. സാമാന്യ നീതിയിൽ വിശ്വസിക്കുന്ന ഏതൊരാളും എല്ലാത്തരത്തിലുള്ള കസ്റ്റഡി വയലൻസിനോടും എതിർപ്പ് രേഖപ്പെടുത്തണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. ഞങ്ങൾ തടവിലാക്കപ്പെട്ട തുടക്കസമയം മുതൽ സഖാക്കളും സുഹൃത്തുക്കളും ഞങ്ങളെ ജയിലിൽ വന്ന് സന്ദർശിക്കുകയും, ഞങ്ങൾക്കാവശ്യമായ പുസ്തകങ്ങളും മറ്റും നൽകി സഹായിക്കുകയുംചെയ്തിരുന്നു. ഇത്തരത്തിൽ ഞങ്ങളെ സന്ദർശിക്കാനായി ആളുകൾ വരുന്നത് തടയാനായി ജയിൽ അധികൃതർ പലതരത്തിൽ ശ്രമിച്ചിരുന്നു. എന്നാൽ, അതിലൊന്നും അവർ വിജയിച്ചില്ല.