മത്സ്യത്തൊഴിലാളികൾ എന്താ മനുഷ്യരല്ലേ?
കേരളത്തിൽ മത്സ്യത്തൊഴിലാളികൾ എങ്ങനെയാണ് ജീവിക്കുന്നത്? എന്താണ് വരുമാനം? ജീവിതം കഷ്ടപ്പാടു നിറഞ്ഞതാണോ? 38 വർഷമായി തിരുവനന്തപുരത്ത്മത്സ്യവിൽപന നടത്തുന്ന വലിയവേളി സ്വദേശിയായ മേബിൾ സംസാരിക്കുന്നു.
''മക്കളേ, ഒന്നും പറഞ്ഞില്ല, അധികാരികൾ ഇങ്ങു വന്നു, എല്ലാം എടുത്തു കുഴിയിലെറിഞ്ഞു. ഞങ്ങക്കു ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ. ലക്ഷങ്ങളാണ് നഷ്ടം'' - തിരുവനന്തപുരം കേശവദാസപുരത്ത് റോഡരികിൽ മീൻ വിൽപന നടത്തുന്ന മേബിൾ റെയ്മണ്ട് സങ്കടപ്പെടുന്നു. ഇതൊരു മേബിളിന്റെ മാത്രം സങ്കടമല്ല. ഒട്ടുമിക്ക പരമ്പരാഗത മത്സ്യത്തൊഴിലാളി വനിതാ മത്സ്യ വിൽപനക്കാരുടെയും ദുഃഖമാണ്....
Your Subscription Supports Independent Journalism
View Plans''മക്കളേ, ഒന്നും പറഞ്ഞില്ല, അധികാരികൾ ഇങ്ങു വന്നു, എല്ലാം എടുത്തു കുഴിയിലെറിഞ്ഞു. ഞങ്ങക്കു ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ. ലക്ഷങ്ങളാണ് നഷ്ടം'' - തിരുവനന്തപുരം കേശവദാസപുരത്ത് റോഡരികിൽ മീൻ വിൽപന നടത്തുന്ന മേബിൾ റെയ്മണ്ട് സങ്കടപ്പെടുന്നു. ഇതൊരു മേബിളിന്റെ മാത്രം സങ്കടമല്ല. ഒട്ടുമിക്ക പരമ്പരാഗത മത്സ്യത്തൊഴിലാളി വനിതാ മത്സ്യ വിൽപനക്കാരുടെയും ദുഃഖമാണ്. 38 വർഷമായി തിരുവനന്തപുരത്ത് മത്സ്യവിൽപനക്കാരിയാണ് വലിയവേളി സ്വദേശിയായ മേബിൾ. പതിനാറാം വയസ്സിൽ മത്സ്യവിൽപനക്ക് ഇറങ്ങിയതാണ്. ഇപ്പോൾ പ്രായം 54.
പൂർവികരായി 55 വർഷം കച്ചവടം നടന്നു വരുന്ന സ്ഥലമാണ് കേശവദാസപുരത്തുള്ളതെന്ന് അവർ പറയുന്നു. എന്നാൽ, റോഡ് വികസനത്തിനായി ഇവരെ അവിടെനിന്നും മാറ്റി. ഒന്നോ രണ്ടോ ലക്ഷം രൂപ നൽകുമെന്നും വിൽപനക്കായി സൗകര്യങ്ങളുള്ള ചന്ത ഒരുക്കി നൽകുമെന്നുമൊക്കെയാണ് അധികാരികളും ഉദ്യോഗസ്ഥരും ഇവരെ അറിയിച്ചത്. എന്നാൽ, എല്ലാം വെള്ളത്തിൽ വരച്ച വരപോലെ മാഞ്ഞുപോയി. ഇപ്പോൾ മേബിളടക്കം 12 മത്സ്യവിൽപനക്കാർ പെരുവഴിയിലാണ്.
''നടും വെയിലത്ത് ഇരിക്കുകയാണ് മക്കളേ, റോഡിന്റെ പണി കഴിഞ്ഞാൽ ചന്ത നിർമിച്ചു തരണം, ഞങ്ങൾക്ക് ഇടം തരണം. അടുത്തൊരു ഉള്ളൂർ മാർക്കറ്റ് ഉണ്ട്. എന്നാൽ, കാർഡുള്ളവർക്കു മാത്രമേ പ്രവേശനമുള്ളൂ... മാത്രമല്ല, അവിടെ നല്ല മീനല്ല വിൽക്കുന്നത്. ഞങ്ങളുടെ കൈയിലുള്ള നല്ല മീനുമായി അവിടെ പോയി ഇരിക്കാൻ പറ്റില്ല'' -മേബിൾ പറയുന്നു.
മേബിൾ ശരിക്കും ഒരു പോരാളിയാണ്. നിരവധി സമരങ്ങളിലൂടെ കടന്നുപോകുന്ന ജീവിതം. ഉച്ചക്ക് ഊണ് കഴിഞ്ഞാൽ മേബിൾ നേരെ തന്റെ മഹീന്ദ്ര പിക്കപ്പിൽ ഡ്രൈവർക്കൊപ്പം യാത്ര തിരിക്കും. നേരെ കന്യാകുമാരി, തൂത്തുക്കുടി, കൊല്ലം, നീണ്ടകര എന്നിവിടങ്ങളിൽ ഒരിടത്തേക്കായിരിക്കും യാത്ര. നിലവിൽ കേരളത്തിൽ ട്രോളിങ് നിരോധനം ഉള്ളതിനാൽ കന്യാകുമാരി, തൂത്തുക്കുടി എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. ഒന്നരാടം പോയി വരും. ഉച്ചക്ക് രണ്ടരക്ക് യാത്ര തിരിച്ചാൽ കന്യാകുമാരിയാണെങ്കിൽ വൈകീട്ട് അഞ്ചിനും തൂത്തുക്കുടി ആണെങ്കിൽ വൈകീട്ട് ഏഴിനും എത്തിച്ചേരും. കടലിൽ നിന്നും രാത്രി എത്തിച്ചേരുന്ന വള്ളങ്ങളിൽ നിന്ന് ലേലം വിളിച്ച് മീൻ വാങ്ങും. ഇടനിലക്കാരെ ഒഴിവാക്കിയാണ് ലേലം കൊള്ളൽ. ലേലം വിളിക്കുന്നതിൽ മേബിളിന് പ്രത്യേക കഴിവ് തന്നെയുണ്ട്. മത്സരം രൂക്ഷമായ വിപണിയിൽ ചെറിയൊരു അശ്രദ്ധ വൻ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുമെന്നു മേബിളിന് അറിയാം. വിറപ്പിക്കേണ്ടവരെ വിറപ്പിച്ചും അനുനയിപ്പിക്കേണ്ടവരെ അനുനയിപ്പിച്ചും ന്യായമായ വിലയ്ക്ക് മീൻ വാങ്ങാൻ മേബിളിന് അറിയാം.
ജീവിതവും തൊഴിലും പകർന്നുകൊടുത്ത പാഠം അതാണ്. അങ്ങനെ തന്നെ പോരാടിയാണ്, മറ്റാരുടെയും സഹായമില്ലാതെ അവർ രണ്ടു മക്കളെ പഠിപ്പിച്ചതും ജീവിതത്തിൽ ഉയർത്തിയതും. രണ്ടു മക്കളും അവരുടെ കുടുംബങ്ങളും ഫ്രാൻസിലും ഗൾഫിലുമായി കഴിയുന്നു. അവർക്ക് ഉന്നതവിദ്യാഭ്യാസം നൽകി. മക്കളാരും ഇനി ഈ കടൽപണിയിലോ മത്സ്യവിൽപനയിലോ ഉണ്ടാകില്ല എന്ന് അവർ പറയുന്നു. മകൻ പ്രമോദ് എൻജിനീയറാണ്, മരുമകൾ റിൻസി. മകൾ ശോഭ, മരുമകൻ ലീബോയ്.
ലേലം കൊള്ളുന്നതിനു ഇടനിലക്കാരുടെ സഹായം തേടിയാൽ അവർക്കു മാത്രം നാലായിരവും അയ്യായിരവും കൊടുക്കണം. അത് നഷ്ടമാണ്. വലിയ മീനുകളായ നെയ് മീൻ, ചൂര, ആവോലി, വേളാപാര, മഞ്ഞ പാര തുടങ്ങിയവ ഫ്രഷ് ഫ്രഷായി വരുന്നത് ഹാർബറിൽനിന്ന് തന്നെ വാങ്ങിയെടുക്കും. വീണ്ടും തിരികെ തിരുവനന്തപുരത്തേക്ക്. തിരികെ പാതിരാക്കോ പുലർച്ചയിലോ വീട്ടിലെത്തും. ഏതാനും മണിക്കൂറുകൾ ഉറക്കം. വീണ്ടും രാവിലെ എട്ടോടെ ചെറുകിട മാർക്കറ്റിലേക്ക്. കേശവദാസപുരത്താണ് വർഷങ്ങളായി ചെറുകിട മീൻകച്ചവടം നടത്തുന്നത്.
വഴിയോരത്തു മത്സ്യം വിൽക്കുന്ന അമ്മമാർക്ക് തിരുവനന്തപുരത്തു നിരവധിതവണ അധിക്ഷേപങ്ങളും അക്രമവും നേരിടേണ്ടിവന്നിട്ടുണ്ട്. പലതവണ അധികാരികൾ കുട്ടകൾ വലിച്ചെറിഞ്ഞു. ഇതിനെതിരെ കാലങ്ങളായി മേബിളും മറ്റു അമ്മമാരും ശബ്ദമുയർത്തിയിട്ടുണ്ട്. ഫിഷ് സ്റ്റാൾ തുടങ്ങിയത് സർക്കാർ തന്നെ നടത്തുന്നു. മത്സ്യത്തൊഴിലാളികൾക്ക് നേരിട്ട് കൊടുക്കുന്നില്ല. അവിടെയും ഇടനിലക്കാരുണ്ട്. ഏതാണ് നല്ല മീൻ എന്നൊന്നും അവർക്ക് അറിയില്ല. എന്നാൽ, അവരുടെ മീനിന് വിലക്കുറവാണ്. കാരണം വിളഞ്ഞ മീനല്ല അവർ ശേഖരിക്കുന്നത്. ഉപഭോക്താക്കൾ വരുമ്പോൾ അവർക്കു തോന്നും സ്റ്റാളിലെ മീൻ ലാഭമാണല്ലോ എന്ന്. ഞങ്ങൾ ആയിരത്തിനു നെയ് മീൻ കൊടുക്കുമ്പോൾ സ്റ്റാളിൽ അത് എണ്ണൂറിനു കിട്ടും. എന്നാൽ, അത് വിളഞ്ഞ നെയ്മീൻ ആകില്ല. വലുപ്പവും കുറവായിരിക്കും. എന്നാൽ, ഓഫിസുകളുടെ പടിക്കൽ ഈ ഫിഷ് സ്റ്റാൾ വാഹനം കൊണ്ടിടും. സർക്കാർ നേരിട്ട് എടുക്കുന്നതാണെന്നും അതിനാൽ നല്ലതാണെന്നും അവർ വിശ്വസിക്കും. ആ വിശ്വാസത്തെയാണ് സർക്കാർ കച്ചവടം ചെയ്യുന്നത്. എന്നാൽ, അതിലും ഉണ്ട് ആന്ധ്രയുടെ മീൻ, ഗുജറാത്തിലെ മീൻ. നമ്മുടെ കടപ്പുറത്തെ മീൻ പലപ്പോഴും ഈ സ്റ്റാളുകളിൽ ഇല്ല. കടപ്പുറത്തെ അമ്മമാരാകട്ടെ, ഊണും ഉറക്കവും കളഞ്ഞാണ് നേരിട്ടു പോയി ഫ്രഷ് മത്സ്യം കടപ്പുറത്തുനിന്നും വാങ്ങി വരുന്നത്. അവർക്കു ഇതോടെ കച്ചവടം ഇല്ലാതായി. സർക്കാറിനും നഷ്ടമാണ്. എന്നാൽ, അവർക്കു എടുത്തു പ്രയോഗിക്കാൻ ഖജനാവിലെ പണം ഉണ്ടല്ലോ. അത് പാവപ്പെട്ടവന്റെയും കൂടി പണമാണ്. നഷ്ടം പറ്റിയാൽ ലക്ഷങ്ങളായും കോടികളായും അവർ എഴുതിയെടുക്കുമെന്നും മേബിൾ പറയുന്നു.
''സ്റ്റാളിന്റെ ഉദ്ഘാടനദിവസം ഞാൻ അവിടെ പോയിരുന്നു, അന്നും അവിടെ അന്യസംസ്ഥാന മത്സ്യം കൊണ്ടുവന്നു വെച്ചിരുന്നു. ഇടനിലക്കാർ നല്ലപോലെ പണം കൊയ്യുന്നുണ്ട്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ അവിടെയും തോൽപിക്കുന്നു'' -മേബിൾ ചൂണ്ടിക്കാട്ടി.
വിവിധ സർക്കാറുകൾ ഈ കടലിനെ വിറ്റു കാശാക്കി. ഈ കടലിലെ മത്സ്യസമ്പത്തിന്റെ ലഭ്യതയിൽ ഇടിവുണ്ടായി. തിരുവനന്തപുരത്ത് അദാനി പോർട്ട് നിർമാണം പുരോഗമിക്കുന്നതു ഭയപ്പാടോടെയാണ് നോക്കുന്നത്. ജില്ലയുടെ തീരപ്രദേശത്തു നാല് നിരകളിലായി നൂറുകണക്കിന് വീടുകൾ തകർന്നടിഞ്ഞു. കിലോമീറ്ററുകൾ വീതി ഉണ്ടായിരുന്ന ബീച്ചുകൾ ഇല്ലാതായെന്നും കടലിന്റെ ഈ മകൾ പറയുന്നു. ''പണ്ട് ഞങ്ങൾക്കിവിടെ ഇത്രയും ബീച്ച് ഉണ്ടായിരുന്നു എന്ന് ഞങ്ങളുടെ കൊച്ചുമക്കളോടു ഗൂഗിൾ മാപ്പ് കാണിച്ചു പറഞ്ഞു കൊടുക്കേണ്ട ഗതികേടിലാണ് ഞങ്ങൾ'' -മേബിളിന് സങ്കടം.
നിരവധി സമരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പവും കർഷകസമര പോരാളികൾക്കൊപ്പവും വിഴിഞ്ഞം പോർട്ടിനെതിരെ അണിനിരന്ന കുറെ േപരിൽ ഒരാളാണ് മേബിൾ. കടലിൽ ബോട്ടിലൂടെ നടത്തിയ സമരത്തിൽ അവർ കടലിലേക്ക് എടുത്തു ചാടാൻ വരെ തയാറായി. അന്നു സഹസമരക്കാരും പൊലീസുകാരും ഇടപെട്ടാണ് മേബിളിനെ പിന്തിരിപ്പിച്ചത്. കടലിലൂടെ കടന്നു വന്ന സമരക്കാർക്കൊപ്പം ചേരാനായി കരയിൽ ഒരുങ്ങിനിന്ന ചെറുവള്ളങ്ങളിലെ സമരക്കാരെ തടഞ്ഞതാണ് മേബിളിനെ അന്ന് പ്രകോപിപ്പിച്ചത്. സമരംചെയ്യുന്നത് ഈ നാടിനു വേണ്ടിയാണെന്നും തൊഴിലും വീടുകളും നഷ്ടപ്പെട്ട മത്സ്യ ത്തൊഴിലാളികളല്ല, അദാനിയാണ് ഈ കടൽ നശിപ്പിക്കുന്നതെന്ന് അവർ അന്ന് മുന്നറിയിപ്പ് നൽകി. പല രാഷ്ട്രീയക്കാരും ഭരണാധികാരികളും പറയാൻ മടിക്കുന്ന കാര്യം അവരന്നു ധൈര്യത്തോടെ മൈക്കിൽ വിളിച്ചു പറഞ്ഞു. കടലിൽ കല്ലിട്ടു പണിയുന്ന പുലിമുട്ട് മൂലം തീരദേശം ഇനിയും ശക്തമായ ദുരിതം അനുഭവിക്കാൻ പോകുകയാണെന്നും അവർ ഇപ്പോഴും പറയുന്നു. പല പ്രമുഖരും നടത്തുന്ന മത്സ്യവിൽപന കേന്ദ്രങ്ങളെ കുറിച്ചും മേബിളിന് പറയാനുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയാണ് പലരും ഈ രംഗത്തു വരുന്നത്. അതൊക്കെ മത്സ്യത്തൊഴിലാളികൾക്ക് അറിയാമെന്നും അവർ പറഞ്ഞു.
''ഞങ്ങൾക്ക് വിദ്യാഭ്യാസമില്ല. എന്നാൽ, ഞങ്ങൾക്ക് അറിയാം സർക്കാരും ഉദ്യോഗസ്ഥരും ഞങ്ങളെ പറ്റിക്കുന്നത്. ഇപ്പോൾ മീൻ തൂക്കി വാങ്ങണം. നേരത്തേ അങ്ങനെയല്ല. കഴിഞ്ഞ സർക്കാരിലെ ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ ആണ് ഈ പരിഷ്കാരം കൊണ്ടു വന്നത്. എന്നാലിത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന പരിപാടി ആയിപ്പോയി'' -മേബിൾ രോഷംകൊണ്ടു.
''ഞങ്ങളുടെ ജീവന് വിലയില്ലേ, മത്സ്യത്തൊഴിലാളികൾ മനുഷ്യരല്ലേ? പ്രളയം വന്നപ്പോൾ നഷ്ടമൊന്നും നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരാണ് ഞങ്ങൾ. എന്നാൽ, ഞങ്ങൾക്ക് കടലിൽ ഒരു അപകടം പറ്റിയാൽ യാതൊരുവിധ രക്ഷാപ്രവർത്തനവും നടക്കുന്നില്ല. അതിനുവേണ്ട സൗകര്യങ്ങൾ ഇല്ല. പാലക്കാട് മലമുകളിൽ ഒരു മകൻ കുടുങ്ങിയപ്പോൾ രക്ഷിക്കാൻ സർക്കാർ എന്തൊക്കെ ചെയ്തു എന്ന് കണ്ടതല്ലേ? അങ്ങനെ തന്നെ മത്സ്യത്തൊഴിലാളികളുടെ മക്കളെയും രക്ഷിച്ചെടുക്കാൻ സർക്കാർ സംവിധാനം ഒരുക്കണം. ഇതിപ്പോൾ ഞങ്ങളുടെ മക്കളെ തെരയാൻ ഞങ്ങൾ തന്നെ പോകേണ്ട ഗതികേട് ഉണ്ട്'' -മേബിൾ പറയുന്നു.
നിലവിൽ തീരദേശ മഹിളാവേദി പ്രസിഡന്റ് ആണ് മേബിൾ. സാമൂഹികപ്രവർത്തകയും തീര ഭൂ സംരക്ഷണവേദിയുടെ സമിതി അംഗവും കൂടിയാണ്. ട്രോളിങ് നടപ്പാക്കാൻ, മണ്ണെണ്ണക്കായി, സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിക്കായി എല്ലാം മേബിൾ മുൻപന്തിയിലുണ്ട്.
മീൻകച്ചവടം ദുരിതം
എഴുത്ത് -ഹസീന ഇബ്രാഹിം
മത്സ്യത്തൊഴിലാളികൾ എന്ന ബഹുമുഖ സ്വഭാവമുള്ള കൂട്ടർക്കിടയിൽ ശബദ്മില്ലാത്തവരായിത്തീരുന്നത് എന്നും മീൻകച്ചവടക്കാരായ സ്ത്രീകളാണ്. പലിശക്ക് പണമെടുത്തും കൈയിലുള്ള അവസാന തരി പൊന്ന് പണയംവെച്ചുമാണ് മിക്ക സ്ത്രീകളും കൊട്ടയും ചുമന്ന് മീനുംകൊണ്ട് കച്ചവടത്തിനിറങ്ങുന്നത്. അതിൽ ഏറിയപങ്കും അഗതികളാണ്. അല്ലെങ്കിൽ വിധവകളോ രോഗിയോ മദ്യപാനിയോ ആയ ഭർത്താവിനെയടക്കം നോക്കേണ്ടിവരുന്ന ഒറ്റ സ്ത്രീവരുമാന കുടുംബങ്ങളുടെ നാഥമാർ. മക്കളുടെ കല്യാണത്തിനോ വീടു വെക്കാനോ വലിയ കടമെടുത്തു കടക്കെണിയിലായവരും അവരുടെ കൂട്ടത്തിലുണ്ട്.
ചെറായി സ്വദേശി ബേബിക്കും പറയാനുള്ളത് അത്തരത്തിലൊരു ജീവിതമാണ്. മീൻവിൽപന തുടങ്ങിയിട്ട് നാൽപത് വർഷം പിന്നിടുന്നു. മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത വറുതിയിലൂടെയാണ് ആകെയുള്ള ജീവിതമാർഗം ഇപ്പോൾ മുന്നോട്ടുനീങ്ങുന്നതെന്ന് അവർ പറയുന്നു.
''വെളുപ്പിന് നാലുമണിക്ക് വീട്ടിൽനിന്നിറങ്ങും. മുനമ്പം ഹാർബറിലോ പറവൂർ ചന്തയിലോ പോയി മീനെടുത്താണ് വിൽപനക്ക് കൊണ്ടുപോകുന്നത്. പത്തുമുപ്പതു കൊല്ലം മുമ്പ് 20 പൈസക്കാണ് മുനമ്പത്തുനിന്നും പച്ചാളത്തേക്ക് മീൻ വിൽപനക്കായി കൊണ്ടുപോയിരുന്നത്. അന്ന് മീൻ സുലഭമായി കിട്ടാനുമുണ്ടായിരുന്നു. ഇന്ന് 20 പൈസയുടെ സ്ഥാനത്ത് 200 രൂപയുണ്ടെങ്കിലും തികയില്ല. അത്രക്ക് യാത്രാചെലവ് ഏറി. മത്സ്യം മുമ്പത്തേതുപോലെ കിട്ടാനുമില്ല. ഉള്ളതിനാണെങ്കിൽ വിലയേറി. ഒരിടക്ക് മത്സ്യഫെഡ് ബസ് ഇറക്കി. ഇപ്പോൾ അതൊന്നുമില്ല. നമ്മളിപ്പോഴും പഴയപടി വട്ടയും കടായിയുമായി അഞ്ചാറു ബസും പിടിച്ചു പോകും. ബസിനകത്ത് മനുഷ്യപ്പറ്റുള്ളവർ മുഖം ചുളിക്കില്ല. അല്ലാത്തവരുടെ കോപവും ദേഷ്യവും കാണണം.
മുമ്പത്തെ പോലെയല്ല. ചെറുപ്പക്കാർ വരുന്നിെല്ലന്നേയുള്ളൂ. ഗൾഫിൽനിന്നും ജോലി മതിയാക്കി പോന്നവരും പിരിഞ്ഞുപോന്ന സർക്കാർ ഉദ്യോഗസ്ഥർവരെയും മീൻ കച്ചോടത്തിനാണ് ഇപ്പൊ ഇറങ്ങുന്നത്. പിന്നെ പോരാത്തതിന് തമിഴ്നാട്ടിൽനിന്നുള്ള കുളച്ചൽക്കാരും ഹിന്ദിക്കാരും. അതുകൊണ്ട് നമ്മൾ പെണ്ണുങ്ങൾക്ക് പാരയായി. വെളുപ്പാൻകാലത്തു പോയി ലേലം വിളിച്ചെടുത്ത് മീൻ വീടുകളിലോ തട്ടുകളിലോ കൊണ്ടു പോകുമ്പോഴേക്കും വരവ് മീൻ കുറഞ്ഞ വിലയ്ക്ക് അവർ നേരത്തേ എത്തി കച്ചവടമാക്കിയിട്ടുണ്ടാകും. വെയിൽകൊണ്ടും മാർക്കറ്റിൽ ഇരിക്കാമെന്നുവെച്ചാൽ പലപ്പോഴും വാങ്ങിയ കാശിനു വിറ്റിട്ടു പോരേണ്ട സ്ഥിതിയാണ്.'' ആൾക്കാര് മൊത്തം ഇപ്പോ ഓൺലൈനിൽ വാങ്ങിക്കുന്നോണ്ടും കച്ചവടം വല്ലാണ്ട് കുറയുകയാണെന്ന് ബേബി പറയുന്നു.
''വയ്യെങ്കിലും വൃത്തിയാക്കി കൊടുത്താൽ ഒന്നു രണ്ടാളുകൾ കൂടുതൽ വാങ്ങിക്കുമല്ലോ എന്ന് കരുതി മീൻ മുറിച്ചു കഷണങ്ങളാക്കിയും ഇപ്പോൾ വെക്കുന്നുണ്ട്. ഉദ്യോഗസ്ഥർ പരിശോധന നടത്തി എവിടെയെങ്കിലും മോശമായ മീൻ പിടിച്ചാൽ നമ്മൾ കഷ്ടപ്പെട്ട് കൊണ്ടുവരുന്ന പച്ചമീൻ ചെലവാകില്ല.
പണ്ടുള്ള കച്ചവടം ഇന്നില്ല. പോരാത്തതിന് കടലിൽ പോകരുതെന്ന് അടിക്കടിയുള്ള മുന്നറിയിപ്പും. മുമ്പുണ്ടായിരുന്ന തരം മീനുകളും ഇന്ന് കിട്ടാനില്ല. എല്ലാം കടലിൽനിന്നും ആളുകൾ കൊണ്ടുപോവുകയാണ്. മുട്ടയോളം കോരി കടൽ കാലിയാക്കും. കച്ചവടത്തിന് ഇറങ്ങുന്ന സമയത്ത് ചെല്ലുന്ന വീടുകളിലെ ബാത്റൂമുകളിൽ പോകാം. ചന്തയിലാണെങ്കിൽ അതിലും നിർവാഹമില്ല. പിന്നെ ഈ കഷ്ടപ്പാട് ഒക്കെ സഹിച്ചു മുന്നോട്ടുപോകുന്നത് വേറെ ഒരു പണിയും അറിവില്ലാത്തതുകൊണ്ടും ചെയ്തു ശീലം ഇല്ലാത്തതുകൊണ്ടുമാണ്. ആയകാലേ മീൻ കച്ചവടം മാത്രമേ അറിയുള്ളൂ.''