ഇന്ത്യൻ സാഹചര്യത്തിൽ, മുസ്ലിം വംശഹത്യയുടെ വിശകലനങ്ങൾ വളരെ പരിമിതവും അപൂർണവുമായി തീരുന്നുണ്ടോ?
ഇന്ത്യ ഇന്ന് ഒരു മുസ്ലിം വംശഹത്യയുടെ വക്കിലാണ് എന്ന് നിരവധി സംഘടനകൾ അമേരിക്കയിലെ ഒരു കോൺഗ്രഷനൽ മീറ്റിങ്ങിനു മുന്നിൽ, ഈ കഴിഞ്ഞ ജനുവരിയിൽ സമർഥിച്ച ഒരവസരത്തിലാണ് നമ്മൾ ഗുജറാത്തിലെ മുസ്ലിം വംശഹത്യയുടെ ഇരുപതാം വാർഷികം അടയാളപ്പെടുത്തുന്നത്. അതും ഈ വംശഹത്യക്ക് ഉത്തരവാദികളെന്നു പലതവണ ആരോപിക്കപ്പെട്ടവർ രാഷ്ട്രീയാധികാരം കൈയാളുന്ന ഒരു...
Your Subscription Supports Independent Journalism
View Plansഇന്ത്യ ഇന്ന് ഒരു മുസ്ലിം വംശഹത്യയുടെ വക്കിലാണ് എന്ന് നിരവധി സംഘടനകൾ അമേരിക്കയിലെ ഒരു കോൺഗ്രഷനൽ മീറ്റിങ്ങിനു മുന്നിൽ, ഈ കഴിഞ്ഞ ജനുവരിയിൽ സമർഥിച്ച ഒരവസരത്തിലാണ് നമ്മൾ ഗുജറാത്തിലെ മുസ്ലിം വംശഹത്യയുടെ ഇരുപതാം വാർഷികം അടയാളപ്പെടുത്തുന്നത്. അതും ഈ വംശഹത്യക്ക് ഉത്തരവാദികളെന്നു പലതവണ ആരോപിക്കപ്പെട്ടവർ രാഷ്ട്രീയാധികാരം കൈയാളുന്ന ഒരു സമയത്ത്. അതുകൊണ്ട് തന്നെ, ഗുജറാത്ത് വംശഹത്യയെ കുറിച്ചും നമ്മൾ എങ്ങനെ ഇവിടെ എത്തിച്ചേർന്നു എന്നതിനെ കുറിച്ചും കൂടുതൽ ചിന്തിക്കുന്നത് പ്രധാനമാണ്.
പലതായി ചിതറിക്കിടന്നിരുന്ന സാമൂഹിക-സാംസ്കാരികയിടങ്ങൾ കൊളോണിയൽ വ്യവഹാരങ്ങളുടെ ഏകവചനങ്ങളിലേക്കു ചുരുങ്ങുമ്പോഴാണ് കോളനിവത്കരിക്കപ്പെട്ട പ്രദേശങ്ങൾ ആധുനികതയിലേക്കു കടക്കുന്നത്. ഇതിലൂടെ, ലോകമെമ്പാടും, കൊളോണിയൽ ആധുനികതയുടെ സ്ഥാപനങ്ങൾ, ചില പ്രത്യേക സാമൂഹിക സ്ഥാനങ്ങൾക്ക് ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്ന ഒരവസ്ഥയുമുണ്ടായിട്ടുണ്ട്. പലപ്പോഴും പല കോളനികളുടെയും ആധുനികത എന്നതുതന്നെ, ഇങ്ങനെ ഉയർന്നുവന്ന അധികാരപക്ഷങ്ങളുടെ വ്യവഹാരങ്ങളും ഇതിനോട് കീഴാളപക്ഷത്തുനിന്ന് ഉണ്ടായിവരുന്ന സമ്മതവും വിരോധവുമായി വികസിക്കുന്നത് കാണാം.
ഇന്ത്യൻ സാഹചര്യത്തിൽ, നൂറ്റാണ്ടുകളായി ബ്രാഹ്മണ വ്യവസ്ഥയുടെ അടിയിലായിരുന്ന ഒരു ജനതക്ക്, വെള്ളക്കാരുടെ ആധുനികത, സ്കൂളുകളും നിരത്തുകളും, എന്തിനു ശ്രീനാരായണ ഗുരു പറഞ്ഞിട്ടുള്ളതു പോലെ, സന്യാസംപോലും തുറന്നു കൊടുത്തു എന്നത് ശരിയാണ്. എന്നാൽ അതേസമയം തന്നെ ആധുനികതയുടെ സ്ഥാപനങ്ങളെല്ലാം കൈയടക്കി, ഇവിടെ സാമൂഹിക-സാംസ്കാരിക അധീശത്വം സ്ഥാപിച്ചെടുത്തത്, ബുദ്ധിസത്തെ തകർത്തു മുന്നേറിയ ഒരു ബ്രാഹ്മണ-സവർണ വ്യവസ്ഥയാണ്.
''ഇന്ത്യൻ ചരിത്രം എന്നതുതന്നെ ബുദ്ധിസവും ബ്രാഹ്മണിസവും തമ്മിലുള്ള ഒരു യുദ്ധമാണ് എന്നാണ് അംബേദ്കർ പറഞ്ഞിട്ടുള്ളത്. എന്നാൽ, കോളനിവത്കരണത്തിനുശേഷം പുതിയൊരു യുദ്ധം തുടങ്ങുകയായിരുന്നു. നിലവിലുള്ള തങ്ങളുടെ അധികാരം ഉപയോഗിച്ച്, എല്ലാ ആധുനിക സ്ഥാപനങ്ങളിലും കുത്തക സ്ഥാപിച്ചെടുത്ത ബ്രാഹ്മണ-സവർണ വർഗവും, ഈ പ്രക്രിയയെ നിരന്തരം ചോദ്യംചെയ്തുകൊണ്ടിരുന്ന ദലിത് ബഹുജന മുസ്ലിം കീഴാള വർഗവും തമ്മിലുള്ള യുദ്ധം. ഈ യുദ്ധത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ദേശീയതയും അതിനുള്ളിലുള്ള നിരവധി തരത്തിലുള്ള രാഷ്ട്രീയ സ്വത്വങ്ങളുംപ്രതിഷേധങ്ങളുമെല്ലാം ഉണ്ടായിവന്നത്. ഇന്ന് നമ്മൾ വീണ്ടും വംശഹത്യയുടെ പടിക്കലെത്തിനിൽക്കുമ്പോൾ ഇങ്ങനെ ഒരു പുതിയ യുദ്ധത്തിന്റെ ഭാഗമായാണ് നമ്മളീ അവസ്ഥയിലെത്തി ചേർന്നിരിക്കുന്നതെന്ന് തിരിച്ചറിയുന്നത് പ്രധാനമാണ്. അതുപോലെതന്നെ, ബ്രാഹ്മണ സവർണ വർഗം, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബഹുജനങ്ങളോട് നൂറ്റാണ്ടുകളായി പ്രഖ്യാപിച്ച യുദ്ധത്തിന്റെ ആധുനിക സ്വരൂപമാണിതെന്നും നാം കാണേണ്ടതുണ്ട്. എന്നാൽ ഇത് തിരിച്ചറിയാതെ, പലപ്പോഴും, ഇവിടെ നടക്കുന്ന സംഭാഷണങ്ങൾ ചില സമകാലിക രാഷ്ട്രീയ വിശകലനങ്ങളിൽ ഒതുങ്ങുന്നതു കാണാം. അതുകൊണ്ടുതന്നെ ഇന്ത്യൻ സാഹചര്യത്തിൽ, വംശഹത്യയുടെ വിശകലനങ്ങൾ വളരെ പരിമിതവും അപൂർണവുമായിത്തീരുന്നു.
ആദ്യംതന്നെ ഇടതു ലിബറൽ വായനയുടെ കാര്യമെടുക്കുക. ഇന്ത്യൻ ആധുനികതയുടെതന്നെ വിശേഷലക്ഷണമായ, ബ്രാഹ്മണ-സവർണ പക്ഷങ്ങളും കീഴാളരും തമ്മിലുള്ള അടിസ്ഥാനപരമായ വൈരുധ്യം കാണുകപോലും ചെയ്യാതെ, ഇനിയും പൂർത്തീകരിക്കപ്പെടാത്ത, അല്ലെങ്കിൽ തകർക്കപ്പെട്ട ആധുനികതയുടെ സെക്കുലർ മൂല്യങ്ങളുടെ അഭാവത്തിലേക്കാണ് മുസ്ലിം വംശഹത്യയെ കുറിച്ചുള്ള പല ഇടതു ലിബറൽ വിശകലനങ്ങളും നീങ്ങുന്നത്. ഇങ്ങനെയൊരു സംഭാഷണം ഹിന്ദു തീവ്രവാദത്തിന്റെ പ്രശ്നങ്ങൾ മാത്രം തിരിച്ചറിഞ്ഞുകൊണ്ട്, ഇപ്പോൾ നടക്കുന്നതിന്റെയെല്ലാം ഉത്തരവാദിത്തം, ഇന്നും ആധുനികരാകാൻ കെൽപ്പില്ലാത്ത ദുശ്ശക്തികളിൽ കണ്ടെത്തുന്നു, ഇവരെ ഉണ്ടാക്കിയെടുക്കുന്ന ഇന്ത്യൻ ആധുനികതയുടെ ജാതി മത ഘടനകളുടെ പ്രശ്നങ്ങൾ കാണാതെ. ഉദാഹരണത്തിന്, ഈയടുത്തു കരൺ ഥാപ്പറിനു (Karan Thapar) കൊടുത്ത ഒരു ഇന്റർവ്യൂവിൽ അരുന്ധതി റോയ് പറയുന്നത് ഹിന്ദു വലതുപക്ഷത്തിന്റെ ഉയർച്ചക്കു ശേഷം ഇന്ത്യയിലെ വളരെ പരിഷ്കൃതമായ (pretty sophisticated) നിയമവ്യവസ്ഥയും നിയമങ്ങളും തകർന്നു തരിപ്പണമായി എന്നാണ്. ഇന്ന്, ജാതിയും മതവും ഒക്കെ നോക്കിയാണ് നിയമങ്ങൾ പ്രാവർത്തികമാകുന്നതെന്നും ഇന്ത്യൻ ആധുനികതയുടെ ഉജ്ജ്വലമായ മൂല്യങ്ങൾ തകർന്നുപോയതാണ് ഇന്നത്തെ പ്രശ്നം എന്നിങ്ങനെ ആർക്കാണ് പറയാൻ കഴിയുക? തീർച്ചയായും, ഈ ആധുനികതയുടെ ഗുണഭോക്താക്കളായ - ഇതിലൂടെ തങ്ങളുടെ ജാതി വർഗ അധികാരം കൂടുതൽ വിപുലപ്പെടുത്താൻ കഴിഞ്ഞ - വരേണ്യർക്കു തന്നെ. എന്നും ജാതിയും മതവുമെല്ലാം കണ്ടു മാത്രം പ്രവർത്തിച്ചിട്ടുള്ള ഇവിടത്തെ ആധുനിക നീതിന്യായവ്യവസ്ഥയുടെ ഇരകളായ കീഴാളർക്ക് ഈ വാദത്തിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. എന്നാൽ, ഇന്നത്തെ പ്രശ്നങ്ങളുടെ ഏറ്റവും പ്രത്യക്ഷമായ ലക്ഷണത്തെ -അതായത്, ഹിന്ദു വലതുപക്ഷത്തിന്റെ അഭൂതപൂർവമായ വളർച്ചയെ- രോഗമായി പ്രഖ്യാപിക്കുന്ന ഇത്തരത്തിലുള്ള വിശകലനങ്ങളാണ് ഇന്ന് ഏറ്റവും പ്രധാനമായി മുന്നോട്ട് വരുന്നത്. മുന്നിൽ കൊല്ലാൻ കാത്തുനിൽക്കുന്നവരെ പ്രതിരോധിക്കാൻ ഒരു സമകാലിക രാഷ്ട്രീയ പദ്ധതിയുണ്ടാവണമെന്നത് ശരിതന്നെയാണ്. എന്നാൽ, വിശകലനങ്ങൾ ഇതിനപ്പുറം നീങ്ങിയില്ലെങ്കിൽ, ജാതി ഹിന്ദു പക്ഷങ്ങൾക്കെതിരെ ആവശ്യകരമായ ഒരു രാഷ്ട്രീയംതന്നെ നമുക്ക് സാധ്യമാകാതെ വരാം.
അതുകൊണ്ട്, നമ്മുടെ വിശകലനത്തെ കൂടുതൽ വിപുലപ്പെടുത്താൻ - അല്ലെങ്കിൽ, ഇന്ത്യൻ ആധുനികതയുടെ അപരിഷ്കൃത സ്വരൂപത്തെ കൂടുതൽ വ്യക്തമായി തിരിച്ചറിയാൻ, ഗുജറാത്തിലെ വംശഹത്യയെ കുറിച്ചുതന്നെ കൂടുതൽ ആലോചിക്കുക. ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച അമേരിക്കയിലെ കോൺഗ്രഷനൽ മീറ്റിങ്ങിൽ സംസാരിച്ച Gregory Stanton റുവാണ്ടയോട് താരതമ്യപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യയിലെ മുസ്ലിം വംശഹത്യയെ കുറിച്ച് പറയുന്നത്. റുവാണ്ടയിൽ എത്രയോ ലക്ഷം ടൂട്സികൾ കൊല്ലപ്പെട്ട വംശഹത്യ താൻ മുൻകൂട്ടി കണ്ടിരുന്നുവെന്നും, ഏകദേശമീതെ പ്രക്രിയകൾ ഇന്ത്യൻ സാഹചര്യത്തിലും ഗുജറാത്തിലെ സംഭവങ്ങൾക്കു ശേഷം താൻ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും, ഒന്നും ചെയ്തില്ലെങ്കിൽ ഇവിടെ ഗുജറാത്തിനു ശേഷവും ഒരു വൻ വംശഹത്യക്ക് സാധ്യതയുണ്ടെന്നാണ് Stanton ആ മീറ്റിങ്ങിൽ പറഞ്ഞത്. എന്നാൽ റുവാണ്ടയിൽ സംഭവിച്ചതും ഗുജറാത്തിൽ സംഭവിച്ചതും തമ്മിലുള്ള വ്യത്യാസങ്ങൾ അടയാളപ്പെടുത്തുന്നത് പ്രധാനമാണ്. റുവാണ്ടയിൽ സായുധരായ രണ്ടു പക്ഷങ്ങൾ തമ്മിൽ നടന്ന ഒരു സിവിൽ യുദ്ധത്തിന്റെ അവസാനമായാണ് ഹുട്ടുകൾ ടൂട്സികളെ വംശഹത്യക്കിരയാക്കിയത്. റുവാണ്ടയിൽ നടന്ന ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി ഉണ്ടാക്കിയെടുക്കപ്പെട്ട സായുധ സൈന്യത്തെകൂടി ഉപയോഗിച്ചുകൊണ്ട്. എന്നാൽ ഗുജറാത്തിൽ നടന്നത് ഇതിനേക്കാളെല്ലാം ഭയാനകമായ ഒന്നാണ്. ഇവിടെ, ആധുനിക ജനാധിപത്യ പ്രക്രിയയിൽ ന്യൂനപക്ഷങ്ങളായി ഓർഗനൈസ് ചെയ്യപ്പെടുകയും അതിന്റെ പേരിൽ തങ്ങൾക്കു ചില സാധ്യതകൾ ഉണ്ടെന്ന് വിശ്വസിച്ച് ജീവിച്ചിരുന്ന (അല്ലെങ്കിൽ വിധേയരായി നിലനിർത്തപ്പെട്ട) ഒരു ജനതയെയാണ് പൊലീസിന്റെയും സ്റ്റേറ്റിന്റേയും സഹായത്തോടുകൂടി ഒരു കൂട്ടം ആളുകൾ കത്തിയും കൊടുവാളും ശൂലവും ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഇതിനെ ചെറുത്തുനിൽക്കാൻ തയാറായ മുസ്ലിം പക്ഷത്തിന്റെ നിർവാകത്വമാണ് ഇത്തരം മുസ്ലിം വിരുദ്ധ ആക്രമണങ്ങളെ കലാപങ്ങളായി ചിത്രീകരിക്കുന്നതിലേക്കു നയിക്കുന്നത്. ഇതുപോലെ ദലിതർ ആക്രമിക്കപ്പെടുമ്പോൾ അതിന് കലാപത്തിന്റെ പരിവേഷം വരാറില്ല എന്നതും ശ്രദ്ധിക്കുക. ചുരുക്കിപ്പറഞ്ഞാൽ, ഇവിടെ സായുധമായി സംഘടിച്ച ഒരു ന്യൂനപക്ഷത്തെയല്ല, പകരം ജനാധിപത്യത്തിന്റെ രീതികൾക്കുള്ളിൽ സുനിശ്ചിതമായി നിൽക്കുന്ന ഒരു സമൂഹത്തിനു മേലെയാണ് ആക്രമണങ്ങൾ ഉണ്ടാകുന്നത്. ഒരു ആഭ്യന്തര യുദ്ധത്തിന്റെ ബലപ്രയോഗമല്ല, പകരം, ആധുനികതയുടെ സമാധാനപരമായ ഘടനകളാണ് പെെട്ടന്ന് ഒരു യുദ്ധത്തിലെന്നപോലെ ഹിംസാത്മകമായിത്തീരുന്നത്. മാത്രമല്ല, റുവാണ്ടയിലായാലും ജർമനിയിലായാലും, ഹിംസയിലേക്കുള്ള ഈ വീഴ്ചയുടെ അവസാനം, ഇതിനു കാരണമായവരിൽ ചിലരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഇന്നത്തെ ജർമനിയിലെ ചില നിയമനടപടികൾപോലും നിർമിച്ചെടുത്തിട്ടുള്ളത് അവിടെ ഉണ്ടായ ഹോളോകാസ്റ്റിനെതിരെയുള്ള പ്രതികരണമായിട്ടാണ്.
റുവാണ്ടയിലാണെങ്കിൽ, ഇന്ന് ഹുട്ടുകളും ടൂട്സികളും തമ്മിൽ സംസാരിച്ചും മാപ്പു കൊടുത്തും, സമന്വയത്തിന്റെ ഒരു പാതയിലേക്കാണ് നീങ്ങുന്നത്. എന്നാൽ ഇന്ത്യയിലെ കാര്യം നേരെ തിരിച്ചാണ്. ഇവിടെ Maya kodnani യെപോലെ ശിക്ഷിക്കപ്പെട്ടവർപോലും ജാമ്യത്തിലിറങ്ങുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. മാത്രമല്ല, ഈ കൂട്ടക്കൊലയുടെ പേരിൽ നിരവധിതവണ കോടതി കയറേണ്ടിവന്ന നരേന്ദ്ര മോദി, തീർത്തും കുറ്റവിമുക്തനാക്കപ്പെട്ടു എന്ന് മാത്രമല്ല, കഴിഞ്ഞ രണ്ടു തവണയായി നമ്മുടെ പ്രധാനമന്ത്രിയായി വാഴുന്നു!
തീർച്ചയായും ഇങ്ങനെയൊരു അനീതി നടപ്പാക്കപ്പെടുന്നത് ജനാധിപത്യത്തിലൂന്നിയ നമ്മുടെ കോടതികളെയും പൊലീസിനെയുമെല്ലാം ഉപയോഗിച്ചുതന്നെയാണ്. അതായത്, ഇതെല്ലാം സാധ്യമാക്കുന്നത് ഇവിടെ നിലവിലുള്ള 'തീർത്തും പരിഷ്കൃതമായ ' നമ്മുടെ നീതിന്യായവ്യവസ്ഥതന്നെയാണ്. അതുകൊണ്ട്, ആധുനികതയിൽനിന്നും നമ്മുടെ ലിബറൽ- സെക്കുലർ വ്യവസ്ഥയിൽനിന്നും മുഖം തിരിക്കുന്ന ഒരു ഇല്ലിബറൽ (illiberal) ഹിന്ദു വലതുപക്ഷമല്ല, പകരം, ഇന്ത്യൻ ആധുനികതയുടെ തന്നെ ലിബറൽഘടനകളാണ് നമ്മളെ വംശഹത്യയിലേക്കു നയിച്ചത്. ഈ ഹിന്ദു തീവ്രപക്ഷംപോലും നേരത്തേ പറഞ്ഞതുപോലെ, ആധുനികതയിൽ ബ്രാഹ്മണാധിപത്യവും കീഴാളരും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായാണ് ഉണ്ടായി വരുന്നത്. എന്നാൽ, ഇന്ത്യയിലെ മുസ്ലിം വംശഹത്യ വിശകലനം ചെയ്യപ്പെട്ടതിനെ കുറിച്ച് കൂടുതൽ ആലോചിക്കുമ്പോൾ, ഇടതു ലിബറൽ ഫാന്റസികൾക്ക് അതീതമായി ചിന്തിക്കുന്നവർപോലും മറ്റു ചില പരിമിതികളിൽ കുടുങ്ങികിടക്കുന്നു എന്നു വ്യക്തമാകും.
ഇത് മനസ്സിലാക്കാൻ രണ്ടു പ്രധാനപ്പെട്ട വിശകലനരീതികളുടെ ചില പ്രശ്നങ്ങൾ ഇവിടെ ശ്രദ്ധിക്കുക. ഒന്ന്, ഇന്ത്യൻ ദേശീയതയുടെ മുസ്ലിം പ്രശ്നം കാണാൻ തയാറാവുന്ന സവർണ അക്കാദമിക വായനകളും രണ്ടാമത്, ഇങ്ങനെ ഒരു മുസ്ലിം പ്രശ്നത്തെ മുൻനിർത്തിയുള്ള വായനകളെ ജാതിയെ കുറിച്ച് പറഞ്ഞുകൊണ്ട് അപനിർമിക്കാൻ ശ്രമിക്കുന്ന ദലിത് ബഹുജൻപക്ഷത്തുനിന്നുണ്ടായി വരുന്ന വിശകലനങ്ങളും.
ഇതിൽ സവർണ അക്കാദമിക വായനകളെകുറിച്ച് ആദ്യം പറയാം. വിഭജനത്തെകുറിച്ചും ഇന്ത്യയിലെ വർഗീയതയെകുറിച്ചുമെല്ലാം വിശദമായി പഠിച്ച ഗ്യാനേന്ദ്ര പാണ്ഡേ, Can a Muslim be an Indian? എന്ന തന്റെ ലേഖനത്തിൽ പറയുന്നത്, ആരോഗ്യകരമായ ഒരു സെക്കുലർ ലിബറൽ ഫ്രെയിംവർക്കിനെ കുറിച്ചല്ല. പകരം, ഇന്ത്യൻ ദേശീയതയും വിഭജനവുമെല്ലാം കൂടി ഹിന്ദുക്കളെയാണ് ഉത്തമ ഇന്ത്യക്കാരായി കാണുന്നത് എന്നാണ് പാണ്ഡേ പറയുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ''ഹിന്ദു/ഇന്ത്യൻ എന്നതും, മുസ്ലിം/വിദേശി എന്നതുമായ ഒരു ആശയപരമായ വേർതിരിവുണ്ടായി വന്നു'' എന്നാണ് പാണ്ഡേ വാദിക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ, ഇന്ന് മുസ്ലിം സമുദായം നേരിടുന്ന പ്രശ്നങ്ങൾ ദേശീയതയുടെ തന്നെ ഘടനകളുമായി ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്ന ഒന്നായി നമുക്ക് തിരിച്ചറിയാം. എന്നാൽ, ബാബരി മസ്ജിദ് തകർത്തതും ഗുജറാത്തിലെ പൊഗ്രോമുമെല്ലാം ജാതിക്കെതിരെയുള്ള വിശകലനങ്ങൾ ഉപയോഗിച്ചുകൊണ്ട് പരിശോധിക്കുന്ന ദലിത് ബഹുജൻ പക്ഷങ്ങൾ, ഇങ്ങനെയൊരു ഹിന്ദു-മുസ്ലിം ബൈനറിയെ പൂർണമായും ചോദ്യംചെയ്യുന്നു.
ഹിന്ദു വലതുപക്ഷത്തിന്റെ കർസേവകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത സംഭവം, നോർത്ത് ഇന്ത്യയിലെ ദലിത് ബഹുജൻ സർക്കിളുകളിൽ പൊതുവെ 'കമണ്ഡൽ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹിന്ദു സന്യാസികൾ പൂജ ചെയ്യാൻ ഉപയോഗിക്കുന്ന, കൈയിൽ തൂക്കി പിടിക്കാവുന്ന ഒരു ചെറിയ കുടമാണ് കമണ്ഡലു. ബാബരി മസ്ജിദ് തകർത്ത സംഭവം ഹിന്ദുത്വയുടെ സ്വഭാവം (കമണ്ഡലുപോലെ) കാണിക്കുമ്പോഴും, അത് വാസ്തവത്തിൽ മണ്ഡൽ കമീഷന് ശേഷം (ക-മണ്ഡൽ) ബ്രാഹ്മണർക്കു നഷ്ടമായ അധികാരം തിരിച്ചുപിടിക്കാനുള്ള ഒരു പ്രക്രിയകൂടിയായിരുന്നു എന്ന് വ്യക്തമാക്കാനാണ് കമണ്ഡൽ എന്ന പ്രയോഗം സഹായിക്കുന്നത്. Babri Mosque Demolition: Why on December 6? എന്ന തന്റെ ലേഖനത്തിൽ ഇതിനെ കുറിച്ച് അശോക് യാദവ് പറയുന്നതിങ്ങനെയാണ്: ''വി.പി. സിങ് മണ്ഡൽ കമീഷൻ നടപ്പിലാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടുകൂടി ജാതിക്കെതിരെയുള്ള മുന്നേറ്റങ്ങൾ കൂടുതൽ ശക്തിപ്രാപിച്ചു. വരേണ്യശക്തികൾക്കെതിരെ ദലിത്പക്ഷമുയർത്തിയ വെല്ലുവിളികൾ ഇതിനോടൊപ്പം വളർന്നു. അങ്ങനെ അവർ കമണ്ഡൽ എന്ന ജീനിയെ തുറന്നുവിട്ടു, മണ്ഡൽ രാഷ്ട്രീയത്തെ തകർക്കാൻ. പോകുന്നിടത്തൊക്കെ രക്തം ചിതറിക്കൊണ്ട്, അദ്വാനി തന്റെ രഥവുമായി മുന്നേറി. ഹിന്ദുത്വ ശക്തികൾ തൊടുത്തു വിട്ട വർഗീയ ധ്രുവീകരണം കൂടുതൽ ശക്തി നേടി. അതിന്റെ അവസാനം അവർ ബാബരി തകർത്തു. ബ്രാഹ്മണനും ബ്രാഹ്മണവാദിയുമായ അപ്പോഴത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു ആ സമയത്ത് ഉച്ച ഉറക്കത്തിന്റെ തിരക്കിലായിരുന്നു എന്നതിൽ യാതൊരു അത്ഭുതവുമില്ല.''
ഇവിടെ സെക്കുലറിസത്തിന്റെ തകർച്ച, ഹിന്ദു-മുസ്ലിം എന്ന ദേശീയതയിലൂടെ ഉണ്ടായി വന്ന ബൈനറി എന്നതിലേക്ക് ചൂണ്ടാതെ, ജാതിക്കെതിരെയുള്ള പോരാട്ടത്തിൽ ദലിത് ബഹുജൻ പക്ഷങ്ങൾ മണ്ഡൽ കമീഷനോട് കൂടി നേടിയ ശക്തിയെ തകർക്കാൻ ആണ് വർഗീയ വ്യവഹാരങ്ങൾ അഴിച്ചുവിട്ടത് എന്നാണ് വായിക്കപ്പെടുന്നത്. ഗുജറാത്തിൽ നടന്നതിനെ കുറിച്ചും ഇതുപോലെ ജാതിക്കുകൂടി പ്രാധാന്യം കൊടുക്കുന്ന ഇത്തരം വായനകൾ നിലനിൽക്കുന്നുണ്ട്. അതിനെ കുറിച്ച് പറയുന്നതിനു മുമ്പ്, ഗുജറാത്തിലെ മുസ്ലിം ആക്രമണങ്ങളുടെ ചരിത്രം പരിശോധിക്കുന്നത് പ്രധാനമായിരിക്കും.
വാസ്തവത്തിൽ, ഗുജറാത്തിലെ ഇന്നത്തെ മുസ്ലിം വിരുദ്ധ ആക്രമണങ്ങളുടെ ചരിത്രം നീളുന്നത് മുഗൾ ഭരണത്തിന്റെ അവസാന കാലത്തേക്കാണ്. ഈ സമയത്ത് നമ്മൾ ഇന്നത്തെ സാഹചര്യത്തിൽ നിന്നുകൊണ്ട് ഹിന്ദു-മുസ്ലിം എന്ന പേരിൽ അടയാളപ്പെടുത്തുന്ന നിരവധി തരത്തിലുള്ള കലാപങ്ങൾ ഗുജറാത്തിപ്പോൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ സാധാരണമായിരുന്നു. 1714 , 1715 , 1716, 1754 എന്നീ വർഷങ്ങളിലെല്ലാം ഇവിടെ നിരവധി ഹിന്ദു മുസ്ലിം കലാപങ്ങൾ നടന്നിരുന്നുവെന്ന് ഗുജറാത്തിലുണ്ടായ കലാപങ്ങളെ കുറിച്ച് സ്വാതന്ത്ര്യത്തിനു ശേഷം പഠിച്ചവരും സർക്കാർ നിയമിച്ച കമീഷനുകളും ആവർത്തിച്ചുപറയുന്നുണ്ട്.
മുഗൾ അധികാരം ക്ഷയിച്ചുതുടങ്ങുന്ന പതിനെട്ടാം നൂറ്റാണ്ടിൽ, സാമൂഹിക ചലനം (social mobility) ലക്ഷ്യമിട്ടുകൊണ്ട് പല സന്ദർഭങ്ങളിലും മുഗൾപക്ഷത്തു നിന്നിരുന്ന മറാത്തകൾ, ജാട്ടുകൾ എന്നിങ്ങനെയുള്ള കർഷക ജാതികളാണ് മറ്റു ചില സന്ദർഭങ്ങളിൽ മുസ്ലിംപക്ഷത്തെ എതിർത്തുകൊണ്ട് മുന്നോട്ട് വരാൻ ശ്രമിച്ചത്. ഇതിന്റെ അനന്തരഫലമായി ഉണ്ടായ ഏറ്റുമുട്ടലുകളാണ് കലാപങ്ങളായി മാറിയതും ഇന്ന് ഒരു ഹിന്ദു-മുസ്ലിം പ്രശ്നമായി വായിക്കപ്പെടുകയും ചെയ്യുന്നത്. ശിവജി തന്നെ ഇതിന്റെ ഉത്തമോദാഹാരണം. ഫൂലെയെപോലെ ജാതിക്കെതിരെ നിന്ന വായനകൾ ശിവജിയെ കീഴ്ജാതികളുടെ മുന്നേറ്റവുമായി ബന്ധപ്പെടുത്തി കാണുമ്പോൾ, ബാലഗംഗാധർ തിലകും സവർക്കറും ശിവജിയെ ഹിന്ദുക്കളുടെ വീരപുരുഷനായി സ്ഥാനപ്പെടുത്തുന്നു.
മാത്രമല്ല, ഇതിനെതിരെ അമ്പലങ്ങൾക്കും മറ്റും ഒരുപാട് സംഭാവനകൾ കൊടുത്തിരുന്ന ഔറംഗസേബിനെ പോലെയുള്ളവർ മതഭ്രാന്തിന്റെ മുസ്ലിം പക്ഷത്തു നിർത്തപ്പെടുന്നു. സത്യത്തിൽ ഇത്തരം സങ്കീർണതകൾ കാണുന്ന ചരിത്രകാരന്മാർ 1714 മുതൽ 1750 വരെ നടന്ന കലാപങ്ങളെ എങ്ങനെ സ്ഥാനപ്പെടുത്തണം എന്ന് കുഴങ്ങുന്നതു കാണാം.
ഉദാഹരണത്തിന് പ്രീ കൊളോണിയൽ കലാപങ്ങളെ കുറിച്ച് പറയുന്ന C.A. Bayly ഉത്തരേന്ത്യയിലെ syncretic സംസ്കാരത്തെ കുറിച്ചും മറ്റും അടിവരയിട്ടു പറഞ്ഞുകൊണ്ട് തന്നെയാണ് അവിടെ നടന്ന കലാപങ്ങളുടെ ഹിന്ദു-മുസ്ലിം പക്ഷത്തെ കുറിച്ച് പറയുന്നത്. എന്നാൽ, ഈ കലാപങ്ങൾ എന്തായിരുന്നു എന്നതിനേക്കാൾ അവ എന്തായിതീർന്നു എന്നതാണ് യഥാർഥത്തിലവിടെയുള്ള പ്രശ്നം. നേരത്തേ പറഞ്ഞതുപോലെ, തിലകും സവർക്കറും എല്ലാം ഒരു ഹിന്ദു-മുസ്ലിം പ്രശ്നമായി സ്ഥാനപ്പെടുത്തുമ്പോൾ, ജാതി ഹിന്ദു വ്യവസ്ഥക്ക് പ്രധാനമായ ഒരു സൂചകത്തെയാണ് ഇവർ നിർമിച്ചെടുത്തത്. ഗുജറാത്തിലെങ്കിലും സാംസ്കാരികമായ പ്രതിസന്ധിയുടെ സമയത്ത് ഈ സൂചകത്തെ പ്രവർത്തനഫലമാക്കിക്കൊണ്ട്, സാമൂഹികമായ മാറ്റങ്ങളെ ബ്രാഹ്മണപക്ഷത്തിന്റെ അധീശതക്കു വേണ്ടി ഉപയോഗിക്കുന്നത് വളരെ പ്രത്യക്ഷമായി തന്നെ കാണാം.
വാസ്തവത്തിൽ, ബ്രിട്ടീഷുകാരുടെ കൊളോണിയൽ വ്യവഹാരത്തിനുള്ളിൽ മതം എന്ന കാറ്റഗറിക്കു നേടാൻ കഴിഞ്ഞ പ്രാധാന്യവും കാസ്റ്റ് സെൻസസിനെ കുറിച്ചും കീഴ്ജാതികളുടെ മതപരിവർത്തനം ബ്രാഹ്മണസവർണ വർഗങ്ങളിൽ ഉണ്ടാക്കിയ ആകാംക്ഷയുമെല്ലാം ഇങ്ങനെയൊരു സൂചകത്തിന്റെ സാധ്യതയെ കൂടുതൽ വിപുലപ്പെടുത്തിക്കൊണ്ട് വന്നു. അതുകൊണ്ട് തന്നെ, 1947ലെ ഇന്ത്യൻ വിഭജനത്തിന്റെ സമയത്ത് മറ്റു പലയിടങ്ങളിലെന്നപോലെ ഗുജറാത്തിലും ഹിന്ദു-മുസ്ലിം കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
ഇതിനുശേഷം അക്രമാസക്തമായ മുസ്ലിം വിരുദ്ധ സംഘർഷങ്ങൾ ഗുജറാത്തിൽ പിന്നെ ഉണ്ടാകുന്നത് 1969കളിലാണ്. കോൺഗ്രസിന്റെ മുസ്ലിം പ്രീണനം (appeasement), പാകിസ്താനോടുള്ള വെറുപ്പ്, ഗോരക്ഷാ എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉയർത്തി കാണിച്ചുകൊണ്ടാണ് ഈ സമയത്ത് മുസ്ലിംകൾ ആക്രമിക്കപ്പെടുന്നത്. വാസ്തവത്തിൽ കോൺഗ്രസിനെ മാറ്റിവെച്ചുകൊണ്ട് ഇന്നത്തെ ബി.ജെ.പിയുടെ മുൻഗാമികളായ ജനസംഘ് ഗുജറാത്തിൽ വേര് പിടിക്കാൻ ശ്രമിക്കുന്ന ഒരു സമയമായിരുന്നു അത്. ഇതിനുവേണ്ടി, അപ്പോൾ ഗുജറാത്തിൽ നടന്നുകൊണ്ടിരുന്ന ചില സാമൂഹിക മാറ്റങ്ങൾ ഒരു കീഴാള-മേലാള സംഘർഷമാകുന്നതു തടഞ്ഞുകൊണ്ട്, അതിനെ ഒരു ഹിന്ദു-മുസ്ലിം കലാപമാക്കി മാറ്റുന്ന പ്രവൃത്തിയാണ് ജനസംഘ് നിർവഹിച്ചത്. ഇതിനുവേണ്ടി ഗോൾവൾക്കർ തന്നെ നേരിട്ട് ഗുജറാത്തിലെത്തി ഹിന്ദുരാഷ്ട്രത്തിനു വേണ്ടി വാദിച്ചുകൊണ്ട് ഹിന്ദുക്കളെ മുസ്ലിം സമുദായത്തിന് എതിരെ തിരിക്കുകയാണ് ചെയ്തത്.
എന്നാൽ Communalism, Caste and Hindu Nationalism: The Violence in Gujarat എന്ന പുസ്തകത്തിൽ Ornit Shani കാണിക്കുന്നതുപോലെ, ഈ സമയത്ത് ഗുജറാത്തിലെ ഏറ്റവും വലിയ പ്രശ്നം ഹിന്ദുക്കളും മുസ്ലിംകളും തമ്മിലായിരുന്നില്ല. പകരം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ അവിടെ, പ്രത്യേകിച്ച് അഹ്മദാബാദിൽ, ദലിതരും മുസ്ലിംകളും കീഴ്ജാതികളും അടങ്ങുന്ന എത്രയോ തൊഴിലാളികൾക്ക് സാമൂഹിക മുന്നേറ്റത്തിന് നിരവധി സാധ്യതകൾ നൽകിയ നെയ്ത്ത് വ്യവസായത്തിന്റെ പതനത്തിന്റെ തുടക്കമായിരുന്നു ഈ സമയം.
എൺപതുകളിലാണ് ഗുജറാത്തിലെ നെയ്ത്ത് വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്നതെങ്കിലും ഇതിന്റെ ചില ലക്ഷണങ്ങൾ അറുപതുകൾ മുതൽ തന്നെ കണ്ടുതുടങ്ങിയിരുന്നു. ഇപ്പോൾ മുതലാണ് ഈ വ്യവസായത്തെ മാറ്റിവെച്ചുകൊണ്ട്, കുടിൽ വ്യവസായം ഗുജറാത്തിൽ വളർന്നു വരുന്നതും അതിന്റെ അനന്തരഫലമായി നെയ്ത്ത് വ്യവസായം മെല്ലെ മന്ദതയിലേക്കു നീങ്ങുന്നതും. Ornit Shani പറയുന്നതനുസരിച്ചു 1960കളിൽ അഹ്മദാബാദിലെ ഏഴ് മില്ലുകളാണ് അടച്ചുപൂട്ടിയത്. ഇതു കാരണം ഏകദേശം 17,000 തൊഴിലാളികൾക്ക് അവരുടെ തൊഴിൽ നഷ്ടമായി. ഈ സമയത്ത് ദലിത് തൊഴിലാളികളാണ് കൂടുതൽ പ്രശ്നത്തിലാക്കപ്പെട്ടത്, കാരണം തൊഴിലിടത്തെ ജാതിവ്യവസ്ഥ കാരണം വൈദഗ്ധ്യം കുറഞ്ഞ ജോലികളാണ് അവർ ചെയ്തിരുന്നത്. കൂടുതൽ വൈദഗ്ധ്യം വേണ്ടിയിരുന്ന പണികൾ ചെയ്തിരുന്നത് മുസ്ലിംകളായിരുന്നു. എന്നിരുന്നാലും ഗുജറാത്തിലെ നെയ്ത്തു വ്യവസായത്തിന്റെ പ്രശ്നങ്ങൾ അവരെയും ബാധിച്ചുതുടങ്ങിയിരുന്നു, മറ്റെല്ലാ തൊഴിലാളികളെയുംപോലെ. മാത്രമല്ല ഈ രണ്ടു പക്ഷങ്ങളെയും ചൂഷണംചെയ്തിരുന്നത് ഒരേ ജാതി-മുതലാളിത്ത വ്യവസ്ഥ തന്നെയായിരുന്നു. എന്നാൽ, Ornit Shani പറയുന്നതുപോലെ, നെയ്ത്തുവ്യവസായത്തിന്റെ അരികുവത്കരണം കാരണം ഉണ്ടായ കടുത്ത പ്രശ്നങ്ങൾക്കുപോലും, ഇവരെ ഒരുമിപ്പിക്കാൻ കഴിഞ്ഞില്ല. പകരം അവർ തമ്മിൽ ആക്രമിക്കുന്ന ഒരു അവസ്ഥയിലേക്കാണ് നീങ്ങിയത്. ഈ സംഘർഷത്തിന്റെ കടിഞ്ഞാൺ പിടിച്ചിരുന്ന ഹിന്ദു തീവ്രപക്ഷങ്ങൾക്കു ഇത് ഉപയോഗിച്ച് മുസ്ലിംപക്ഷത്തിനെതിരെ വൻതോതിലുള്ള ആക്രമണങ്ങൾ അഴിച്ചുവിടാനും കഴിഞ്ഞു.
ചുരുക്കിപ്പറഞ്ഞാൽ, ചരിത്രപരമായ ഒരു പ്രതിസന്ധിയെലെത്തിപ്പെട്ട കീഴാളരുടെ സാമൂഹിക സംഭ്രമത്തെ ഹിന്ദു-മുസ്ലിം എന്ന സൂചകത്തിലൂടെ നിർവചിച്ചെടുത്തുകൊണ്ട്, ഇതിൽ മുസ്ലിമിനെ ഭീതിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചു, അവർക്കെതിരെയുള്ള അക്രമങ്ങൾ അഴിച്ചുവിടുന്ന ഒരു രീതിയാണ് ഇവിടെ ഉണ്ടായിത്തീർന്നത്. അതുകൊണ്ട് തന്നെ 1970ൽ Ghanshyam Shah എഴുതിയ Communal Riots in Gujarat: Report of a Preliminary Investigation എന്ന പഠനത്തിൽ പറയുന്നതുപോലെ, ഈ ആക്രമണങ്ങൾ അഴിച്ചുവിട്ടവരിൽ ഭൂരിപക്ഷവും ഹിന്ദുക്കളും കീഴാളരുമായ നെയ്ത്തുവ്യവസായ തൊഴിലാളികളായിരുന്നു എന്നതിൽ അത്ഭുതമില്ല. എന്നാൽ, ഇവിടെ ഹിന്ദു-മുസ്ലിം എന്ന സൂചകം, ആന്തരികമായ ഒരു യുക്തിയല്ല പ്രകടിപ്പിക്കുന്നത്. പകരം, ഗോൾവൾക്കറെ പോലെയുള്ളവരുടെ ബ്രാഹ്മണ പക്ഷത്തുനിന്ന് ഉയർന്നുവന്ന തീവ്ര ഹിന്ദുവ്യവഹാരത്തിന്റെ സാമൂഹിക നിയന്ത്രണ പ്രക്രിയകളാണ് ഈ സൂചകത്തിലൂടെ ഫലവത്താകുന്നത്. ഇതുതന്നെയാണ് കൂടുതൽ പ്രത്യക്ഷമായി, എൺപതുകളിലെ ഗുജറാത്തിൽ തുടരുന്നത്. ഈ സമയത്തു സാമൂഹിക മാറ്റങ്ങളുടെ തലപ്പത്തുനിന്നുകൊണ്ട് അതിനെ തീർത്തും വ്യത്യസ്തമായ ഒരു പാതയിലേക്ക് - അതായത് മുസ്ലിംകൾക്കെതിരെയുള്ള വംശഹത്യയിലേക്ക്- തിരിച്ചുവിടുന്നതിനു നേതൃത്വം വഹിച്ചത് ഗോൾവൾക്കർ അല്ല. ഇന്ന് രാജ്യം ഭരിക്കുകയും അന്ന് ആർ.എസ്.എസിന്റെ മുതിർന്ന പ്രവർത്തകനായിരിക്കുകയും ചെയ്ത നരേന്ദ്ര മോദിയാണ്.
ഗുജറാത്തിലെ കീഴാളർക്കു വളരെ പ്രധാനമായ നെയ്ത്തുവ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയ എൺപതുകളിലെ മറ്റൊരു പ്രധാനപ്പെട്ട സാമൂഹിക മാറ്റമാണ്, കോൺഗ്രസ് മുന്നോട്ടുവെച്ച ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലിം (KHAM) സമുദായങ്ങളുടെ കൂട്ടായ്മ. ഇവിടെ ക്ഷത്രിയ എന്ന വിഭാഗത്തിൽ, കോളി എന്ന ഒ.ബി.സി സമുദായമാണ് കൂടുതലും ഉണ്ടായിരുന്നത്. മാധവ സോളങ്കി എന്ന ഒ.ബി.സി നേതാവിന്റെ നേതൃത്വത്തിലാണ് ഇങ്ങനെ ഒരു സഖ്യം മുന്നോട്ട് വന്നത്. ഇതിലുണ്ടായിരുന്ന സമുദായങ്ങളെല്ലാം തന്നെ സംവരണത്തിനർഹരുമായിരുന്നു. ഇത് ഉപയോഗിച്ചു സോളങ്കി രണ്ടു പ്രാവശ്യം ഗുജറാത്തിലെ മുഖ്യമന്ത്രിയായി. മാത്രമല്ല, കോൺഗ്രസ് തുടങ്ങിവെച്ച സംവരണ പദ്ധതികളും സോളങ്കി തുടർന്നു. ഇത്, അന്നുവരെ ഗുജറാത്തിൽ അധികാരം പിടിച്ചടക്കിയിരുന്ന ബ്രാഹ്മണ-ബനിയ-പട്ടേൽ സമുദായങ്ങളുടെ അധീശതക്കൊരു വലിയ വെല്ലുവിളിയായിത്തീർന്നു.
ഇവർ ഉടൻതന്നെ തങ്ങളുടെ അധീശത കാത്തുരക്ഷിക്കാൻ വേണ്ടി, ഗുജറാത്തിലാകെ നിരവധി സംവരണ വിരുദ്ധ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. പലപ്പോഴും ഇവ അക്രമാസക്തമായിത്തീരുകയും അതിന്റെ ഭാഗമായി ദലിത് സമുദായങ്ങൾ ക്രൂരമായി ആക്രമിക്കപ്പെടുകയും കൊലപ്പെടുകയും ചെയ്തിരുന്നു. Achyut Yagnik, Suchitra Sheth, ഒർജിത് ഷാനി, ഹേമന്ത് ബാബു എന്നിവരുടെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നതുപോലെ, ആർ.എസ്.എസ് ഇടപെട്ടു, സംവരണ വിരുദ്ധപ്രതിഷേധങ്ങളും ആക്രമണങ്ങളും പെെട്ടന്ന് മുസ്ലിംകൾക്കെതിരെയുള്ള ആക്രമണങ്ങളാക്കി മാറ്റി. ഇങ്ങനെയൊരു 'സോഷ്യൽ എൻജിനീയറിങ്ങി'നു (ഹേമന്ത് ബാബുവിന്റെ വാക്കുകൾ) നേതൃത്വം കൊടുത്തത് അന്ന് ആർ.എസ്.എസിന്റെ പ്രമുഖ സ്ഥാനത്തുനിന്നിരുന്ന നരേന്ദ്ര മോദി ആയിരുന്നു. ഇതുകാരണം കേന്ദ്രം ഭരിച്ചിരുന്ന രാജീവ് ഗാന്ധിക്കു വൈകാതെ സോളങ്കിയെ പുറത്താക്കേണ്ടിവന്നു, പകരം Amarsinh Chaudhary എന്ന ആദിവാസി നേതാവിനെ ഗുജറാത്തിലെ മുഖ്യമന്ത്രിയാക്കുകയും വൈകാതെ തന്നെ സംവരണം പിൻവലിക്കുകയും ചെയ്തു. അതോടു കൂടി കോൺഗ്രസിനു കീഴാളരുടെ പിന്തുണ നഷ്ടപ്പെട്ടു. എന്നാൽ, അറുപതുകളിലെന്നപോലെ, ഇപ്പോഴും, തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി കീഴാളർക്കു ഒരുമിച്ചു നിൽക്കാൻ കഴിഞ്ഞില്ല. പകരം, ആർ.എസ്.എസ് മുസ്ലിംകൾക്കെതിരെ അഴിച്ചുവിട്ട ആക്രമണങ്ങളുടെ നിഴലിൽ, സംവരണത്തെ കുറിച്ചുള്ള സംവാദം പൂർണമായും ഹിന്ദു-മുസ്ലിം പ്രശ്നമായിത്തീർന്നു. ഇതിനെ കുറിച്ച് പഠിച്ചവരെല്ലാം ഇങ്ങനെയൊരു ഗതിമാറ്റത്തെ കുറിച്ച് വീണ്ടും വീണ്ടും അത്ഭുതപ്പെടുന്നത് കാണാം. ഈ സന്ദർഭത്തിൽ ഒർജിത് ഷാനി ചോദിക്കുന്നതിതാണ്: ''എങ്ങനെയാണ് സംവരണത്തെകുറിച്ചുള്ള ജാതിപരമായ തർക്കങ്ങൾ, ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള വർഗീയതയായി മാറുന്നത്? അതുപോലെ ഹേമന്ത് ബാബു ചോദിക്കുന്നത് സംവരണമെന്ന പ്രശ്നവുമായി ബന്ധമില്ലാത്ത മുസ്ലിംകൾ എങ്ങനെയാണ് ഇവിടെ ആക്രമിക്കപ്പെട്ടത് എന്നാണ്? ഇവരെല്ലാം തന്നെ, ഇതിനുത്തരമായി പറയുന്നത്, ജാതിവ്യവസ്ഥയുടെ ആന്തരികമായ പിളർപ്പുകൾ ബാഹ്യമായ ഒരു ശത്രുവിനെ മുസ്ലിം പക്ഷത്തു സ്ഥാനപ്പെടുത്തുന്നതിനെ കുറിച്ചാണ്. Whither Gujarat? Violence and After എന്ന തങ്ങളുടെ ലേഖനത്തിൽ അച്യുത് യാഗ്നിക്കും സുചിത്ര സേത്തും പറയുന്നതുപോലെ (Achyut Yagnik, Suchitra Sheth) പറയുന്നതുപോലെ: 'നേരത്തെ, വെറുപ്പിന്റെ ഏറ്റവും വലിയ symbolic target ദലിതനായിരുന്നു. ഇപ്പോഴത് മുസ്ലിമായി മാറി.' ''
ഇങ്ങനെയൊരു രാഷ്ട്രീയത്തിലൂടെയാണ് കോൺഗ്രസിനെ പൂർണമായും മാറ്റിവെച്ചുകൊണ്ട് ബി.ജെ.പി ഗുജറത്തിൽ പച്ചപിടിക്കുന്നത്. താഴേക്കിടയിൽനിന്ന് ഇതിനെതിരെയുള്ള പ്രതിഷേധം ദുർബലമായതുകൊണ്ടും അക്രമങ്ങളുടെ ചരിത്രങ്ങൾ കീഴാളരുടെയിടയിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയതുകൊണ്ടും, വൈകാതെ KHAM പോലെയുള്ള കൂട്ടായ്മകളുടെ സാധ്യത തന്നെ ഇല്ലാതായി തീർന്നു. ഇതുതന്നെയാണ് 2002ലെ വംശഹത്യയിലേക്കു നയിച്ചത്. ഗ്ലോബലൈേസഷനു ശേഷമുണ്ടായ പുതിയ സാമ്പത്തിക പ്രതിസന്ധികളും, കീഴാളർക്ക് അവസരം നൽകിയ നിരവധി മേഖലകൾ തുടർന്നും നേരിട്ട കടുത്ത തകർച്ചയും ലിബറലിസത്തിന്റെ വാഗ്ദാനങ്ങൾ കീഴാളരിൽ ഉല്പാദിപ്പിച്ച കാമനകളുമെല്ലാം ചേർന്ന് മെനഞ്ഞെടുത്ത സങ്കീർണമായ രാഷ്ട്രീയ- സാംസ്കാരിക സന്ദർഭങ്ങൾ, അധികാര ഘടകങ്ങളെ അട്ടിമറിക്കുന്ന വമ്പിച്ച പ്രതിഷേധങ്ങളായി പരിണമിക്കാതെ, രണ്ടായിരത്തിരണ്ടിൽ, ഗുജറാത്ത് അന്നുവരെ കാണാത്ത തരത്തിലൊരു മുസ്ലിം വംശഹത്യയിൽ കലാശിച്ചു. ഔദ്യോഗിക കണക്കുകൾ അനുസരിച്ചുതന്നെ രണ്ടായിരത്തോളം മുസ്ലിംകൾ കൊല്ലപ്പെട്ടു. എത്രയോ പേർ അതിക്രൂരമായി ആക്രമിക്കപ്പെട്ടു. സ്ത്രീകൾ റേപ്പ് ചെയ്യപ്പെട്ടു. പലർക്കും അവരുടെ വീടും സ്വത്തും നഷ്ടപ്പെട്ടു. അങ്ങനെ എൺപതുകളിലെ റിസർവേഷൻ വിരുദ്ധ സമരങ്ങളിൽ തുടങ്ങിയ രാഷ്ട്രീയനീക്കങ്ങൾ 2002ലെ അതിഭീകരമായ മുസ്ലിം വംശഹത്യയിൽ അവസാനിച്ചു.
അങ്ങനെ, ഒന്നുകൂടി ഹിന്ദു-മുസ്ലിം സംഘർഷം എന്ന സൂചകം മുസ്ലിം ജീവിതങ്ങളെ അപായപ്പെടുത്തിക്കൊണ്ട്, കീഴാളരെ ജാതി ഹിന്ദുവ്യവസ്ഥക്കു കീഴെ നിയന്ത്രിച്ചു നിർത്തുന്ന ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്. വേറെ വിധത്തിൽ പറഞ്ഞാൽ, നിരവധി സാമൂഹിക സങ്കീർണതകളും പ്രതിസന്ധികളും കൈകാര്യം ചെയ്തുകൊണ്ട്, ജാതിയുടെയും മതത്തിന്റെയും ഘടനകൾ ഇഴചേർന്നു നിൽക്കുന്ന ഒരു പ്രക്രിയയാണ് ഇവിടെ നമ്മൾ കാണുന്നത്. ഇതിനെ നിരന്തരം മുസ്ലിം-ഹിന്ദു എന്ന ദ്വന്ദ്വങ്ങൾക്കുള്ളിൽ തളച്ചിടാനുള്ള വരേണ്യശ്രമങ്ങളും.
എന്നാൽ, ഇത്തരത്തിലുള്ള സങ്കീർണതകളിലേക്കു കടക്കാതെ മുസ്ലിം വംശഹത്യയുടെ വേരുകൾ റിസർവേഷൻ വിരുദ്ധ സമരത്തിലേക്കും അതിനെ നയിച്ച ബ്രാഹ്മണ വർഗത്തിലേക്കും നീളുന്നതുകൊണ്ട് ഗുജറാത്തിൽ നടന്നത് ജാതിവ്യവസ്ഥയുടെ മാത്രം പ്രശ്നമായാണ് ദലിത്ബഹുജൻ പക്ഷങ്ങൾ കാണുന്നത്. ഉദാഹരണത്തിന്, കാഞ്ച ഇളയ്യ തന്റെ Post-Hindu India എന്ന പുസ്തകത്തിൽ പറയുന്നത് ശ്രദ്ധിക്കുക. ഗുജറാത്തിൽ നടന്നത് ദലിതർക്കു നേരെ സംഘ് പരിവാർ അഴിച്ചു വിട്ട ആക്രമണത്തിന്റെ വിപുലീകരണമാണെന്നും, ഗുജറാത്തിൽ രക്തം ചിന്തിക്കൊണ്ട് ഇന്ത്യൻ ബ്രാഹ്മണിസം അതിന്റെ ആധിപത്യം നിലനിർത്തിയെന്നുമാണ് കാഞ്ച ഇളയ്യ ഇവിടെ വാദിക്കുന്നത്. അതായത്, ഗുജറാത്തിലെ പ്രശ്നങ്ങൾ ജാതിവ്യവസ്ഥയുടെ ആന്തരികമായ വൈരുധ്യങ്ങൾ ബാഹ്യമായ ഒരു ശത്രുവിനെ നിർമിക്കുന്നതായി കാണാതെ - അല്ലെങ്കിൽ, ഈ പ്രശ്നത്തിൽ ജാതിയും മതവും നിലവിലുള്ള രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളുടെ സങ്കീർണതകളും ഇഴചേർന്നു നിൽക്കുന്നതുകാണാതെ കാഞ്ച ഇളയ്യയുടേതു പോലെയുള്ള ദലിത്ബഹുജന പക്ഷങ്ങൾ പലപ്പോഴും അതിനെ വെറും ഒരു ജാതിവ്യവസ്ഥയുടെ പ്രശ്നമായി അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതുകൊണ്ട് തന്നെ, ഇന്ത്യൻ ആധുനികതയിൽ മുസ്ലിം സമുദായം ഏറ്റുവാങ്ങിയ ആഘാതമായ മുറിവുകളും മുസ്ലിംകളുടെ മുന്നിൽ നിരന്തരം തെളിഞ്ഞുനിൽക്കുന്ന വംശഹത്യ എന്ന ഭീഷണിയും അവർ നേരിടുന്ന ഭീതിയും അരക്ഷിതാവസ്ഥയും മനസ്സിലാക്കാൻ കഴിയാതെ, കൊല്ലപ്പെടുന്നവരെല്ലാം കീഴ്ജാതി മുസ്ലിംകളിലാണെന്നും മുസ്ലിം പ്രശ്നത്തെ കുറിച്ച് പറയാൻ ഒന്നുമില്ലെന്നും, സംസാരിക്കേണ്ടത് മുസ്ലിംകൾക്കുള്ളിലുള്ള ജാതിയെ കുറിച്ചാണെന്നുമുള്ള വായനകൾ ഉണ്ടായിത്തീരുന്നു. ഇതിന്റെ ഭാഗമായി തന്നെ പലപ്പോഴും ലിബറൽ സമൂഹങ്ങൾ മുസ്ലിം പ്രശ്നത്തെ കുറിച്ച് സംസാരിക്കുമ്പോൾ ദലിത് ബഹുജൻ പക്ഷം നിശ്ശബ്ദരായിത്തീരുന്നു.
ഇതിനേക്കാളുപരി, ഹിന്ദു-മുസ്ലിം സംഘർഷത്തിന്റെ ബ്രാഹ്മണിക സൂചകം, നിരന്തരം തങ്ങളെ ഹിന്ദുവായി തടഞ്ഞുനിർത്തുന്നതിന്റെ ഘടനകളെ കുറിച്ച് പഠിക്കുന്നതും, അതിനെ പ്രതിരോധിക്കുന്നതും ദലിത്ബഹുജനപക്ഷത്തിനു പ്രധാനമല്ലാതായിത്തീരുന്നു. പകരം, കീഴ്ജാതികളെ നിരന്തരം ഹിന്ദുവാക്കിക്കൊണ്ട് ഇവിടെ വിജയകരമായി മുന്നേറുന്ന ആധുനിക ബ്രാഹ്മണ വ്യവസ്ഥയോട്, ഞങ്ങൾ ഹിന്ദുക്കളല്ല (കാഞ്ചയുടെ Why I am not a Hindu) എന്ന് മാത്രമാണ് ദലിത് ബഹുജനപക്ഷങ്ങൾക്കു പറയാൻ കഴിയുന്നത്. ഒരു വലിയ സംഘം കീഴാളരുടെ ദൈനംദിന ജീവിതങ്ങൾ ഇന്നും, ഹിന്ദുമതത്തിലും, അതുൽപാദിക്കുന്ന മുസ്ലിം പ്രതിനിധാനത്തിന്റെ പ്രശ്നങ്ങളിലും ചൂഴ്ന്നു കിടക്കുമ്പോൾതന്നെ.
അതുപോലെ, രാഷ്ട്രീയം എന്നതുതന്നെ ഒരു പ്രദർശനമായി (spectacle) മാറിക്കഴിഞ്ഞ ഇന്നത്തെ പോസ്റ്റ്മോഡേൺ ലോകത്ത്, തീവ്ര ഹിന്ദുപക്ഷത്തിന്റെ രാഷ്ട്രീയം തന്നെ, മുസ്ലിം സമുദായത്തെ ആക്രമിക്കുന്നതും, അതിനെ ഉറക്കെ പ്രദർശിപ്പിക്കുകയും ചെയ്യുന്നതിലേക്കു ചുരുങ്ങിയിരിക്കുകയാണ്. ഇങ്ങനെ ഒരവസ്ഥയിൽ ബഹുജനപക്ഷം ഭൗതികമായ ആവശ്യങ്ങളിലേക്കും, അവകാശങ്ങളിേലക്കും ശ്രദ്ധ തിരിച്ചുകൊണ്ട് വരാൻ ശ്രമിക്കുമ്പോൾ തന്നെ, ഇങ്ങനെ ഒരു രാഷ്ട്രീയം വീണ്ടും വീണ്ടും കീഴാളരെ ഹിന്ദുവായും മുസ്ലിമായും അടയാളപ്പെടുത്തുകതന്നെ ചെയ്യുന്നു.
ഇതിൽനിന്ന് പുറത്തുകടക്കാൻ ബഹുജനപക്ഷം ജാതിവ്യവസ്ഥയെ കുറിച്ച് ആകുലപ്പെടുമ്പോൾ, മുസ്ലിംപക്ഷം, മതത്തിന്റെ ൈബനറികളുടെ പ്രശ്നങ്ങളെ നോക്കിക്കാണുന്നു. ഈ രണ്ടു വായനകളും അധൂരമാണെന്നിരിക്കെ, സാമൂഹികരംഗത്ത് ജാതി ഹിന്ദു വിഭാഗങ്ങൾ സൃഷ്ടിക്കുന്ന ഹിന്ദു-മുസ്ലിം വിഭജനം, കീഴാള സ്ത്രീയതിന്റെ ജ്ഞാനശാസ്ത്രഘടനയിലേക്കും കടന്നുവരുന്നു. ഹിന്ദു തീവ്രപക്ഷങ്ങളുടെ വാദങ്ങളെ എതിർക്കുന്ന നമ്മൾതന്നെ സൈദ്ധാന്തിക തലത്തിൽ ഇതേ വ്യവഹാരങ്ങൾ പുനഃസൃഷ്ടിക്കുന്നു.
ഇതിനപ്പുറം കടക്കാൻ രണ്ടുപക്ഷത്തിന് ഒറ്റക്കൊരിക്കലും കഴിയില്ലെന്നിരിക്കെ, അതുതന്നെയാണ് പ്രശ്നമെന്നിരിക്കെ, ഇങ്ങനെ ഒറ്റക്കാകാൻ പരിശീലിക്കപ്പെട്ട ബഹുജനങ്ങൾ, തങ്ങളുടെ ഏകമായ (singular) സ്വത്വങ്ങൾ - സ്വത്വ രാഷ്ട്രീയങ്ങളും- വെടിഞ്ഞു, തർക്കത്തിന്റെയും കലഹത്തിന്റെയും ഒരു പുതിയ കൂട്ടായ്മയിലേക്ക്, അല്ലെങ്കിൽ ഇങ്ങനെ ഒരു കൂട്ടായ്മ എന്തുകൊണ്ടിനി ഒരിക്കലും സാധ്യമാവില്ല എന്ന അന്വേഷണത്തിലേക്കെങ്കിലും കടക്കേണ്ടതുണ്ട്.