അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥൻ -ഉമ്മൻചാണ്ടിയെക്കുറിച്ച് എം.ജി രാധാകൃഷ്ണൻ എഴുതുന്നു
ജൂലൈ 18ന് അന്തരിച്ച, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകൻ. നാല് ദശാബ്ദക്കാലത്തെ പത്രപ്രവർത്തക ജീവിതത്തിൽ താൻ ഏറ്റവും അധികം കാണുകയും പരാമർശിക്കുകയും ഒക്കെ ചെയ്ത ഒരു നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും എഴുതുന്നു.
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥൻ. ജനസഹസ്രങ്ങൾ പങ്കെടുത്ത ഉമ്മൻ ചാണ്ടിയുടെ വികാരവിവശമായ വിലാപയാത്രയുടെ നിരന്തര സംപ്രേഷണത്തിൽ വിശേഷണങ്ങൾക്ക് പരതിയ ഒരു ടി.വി റിപ്പോർട്ടർ അദ്ദേഹത്തെ വിളിച്ചതാണത്. ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലരിലെ യൂദാശ്ലീഹയാണ് അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥൻ (ഒറ്റുകാരനായ യൂദാ ഇസ്കരിയോത്ത് അല്ല, യേശുവിന്റെ ചെറിയമ്മയുടെ മകൻ കൂടിയായ യൂദാ തദേവൂസ്). എല്ലാ ആശയും നശിക്കുമ്പോൾ, അസാധ്യ കാര്യങ്ങൾക്കായി വിശ്വാസികൾ അഭയം തേടുന്ന പുണ്യവാളൻ. എന്തും സാധിച്ചുതരുമെന്ന് അവർക്ക് ഉറപ്പുള്ള ആൾ. ഒരുപാട് മലയാളികൾ ഉമ്മൻ ചാണ്ടിയെയും അങ്ങനെ കരുതിയിരുന്നുവെന്ന് വ്യക്തം. എല്ലാവരുടെയും അസാധ്യ കാര്യങ്ങളെല്ലാം സാധിച്ചുകൊടുക്കാൻ അദ്ദേഹം പുണ്യവാളനെപ്പോലെ അമാനുഷികനൊന്നുമായിരുന്നില്ല. പക്ഷേ, ആരുടെ അസാധ്യ കാര്യവും നടത്തിക്കൊടുക്കാൻ മനസ്സുണ്ടായിരുന്ന, അതിനു തന്നാലാവതും ശ്രമിച്ച ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ചാനലുകളുടെ നിരന്തര സംേപ്രഷണം എത്രയൊക്കെ സഹായിച്ചതായാലും ആ അഭൂതപൂർവമായ വിലാപയാത്ര ഉമ്മൻ ചാണ്ടിയുടെ അനന്യമായ ജനപ്രിയതയുടെ തെളിവുതന്നെയാണ്.
എന്താണ് അദ്ദേഹത്തിന്റെ അനന്യമായ ഈ ജനപ്രിയതക്ക് കാരണം? വാസ്തവത്തിൽ നമ്മുടെ മുൻ മുഖ്യമന്ത്രിമാരെ ജനപ്രിയ നേതാക്കളാക്കിത്തീർത്ത സവിശേഷതകൾ അധികമൊന്നും അദ്ദേഹത്തിനില്ല. ഇ.എം.എസിനെപ്പോലെ ഒരു മഹാബുദ്ധിജീവിയോ പട്ടം താണുപിള്ളയെപ്പോലെയൊരു പ്രഭാഷകനോ അല്ല അദ്ദേഹം. ആർ. ശങ്കറിനെപ്പോലെ സ്വസമുദായത്തിന്റെ ഉറച്ച പിന്തുണ ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിട്ടില്ല. അച്യുതമേനോനെപ്പോലെ ദീർഘകാലദർശിയായ ഒരു സ്ഥാപനസ്രഷ്ടാവോ കരുണാകരനെപ്പോലെ ഹൈകമാൻഡിന്റെ പ്രിയങ്കരനോ ആയിരുന്നില്ല. ആദർശധീരനെന്ന ആന്റണിയുടെയോ ധാർമികപ്പോരാളിയെന്ന അച്യുതാനന്ദന്റെയോ പരിവേഷം അദ്ദേഹത്തിനില്ല. പി.കെ.വിയുടെ പാർലമെന്ററി വൈദഗ്ധ്യമോ നായനാരുടെ കുടുംബകാരണവരുടെ പ്രതിച്ഛായയോ നർമബോധമോ ഇല്ല. സംഘടന മുഴുവൻ കൈപ്പിടിയിലാക്കിയ പിണറായി വിജയന്റെ കരുത്തും ഉമ്മൻ ചാണ്ടിക്കില്ല (ഇവയൊന്നും ഒരിക്കലും ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിട്ടുമില്ല).
എന്നിട്ടുമെങ്ങനെ മറ്റാരേക്കാളും അദ്ദേഹം ജനതയുടെ സ്നേഹഭാജനമായി? വാസ്തവത്തിൽ മേൽപറഞ്ഞ മുൻ മുഖ്യമന്ത്രിമാരൊന്നും അയാളുടെ നിഘണ്ടുവിൽ ഇല്ലായിരുന്നു. ജനങ്ങൾ അങ്ങേയറ്റം ആദരിക്കുകയും ആരാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ജനങ്ങളുടെ സ്നേഹം കൈവരിക്കുന്നതിൽ ചാണ്ടി മറ്റുള്ള നേതാക്കളെയൊക്കെ മറികടന്നു. മറ്റുള്ളവരെല്ലാം ഭൂരിപക്ഷം പേർക്കും ഉന്നതപീഠത്തിൽ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹങ്ങളായിരുന്നു. അകലെനിന്ന് അവർ ആരാധിച്ചവർ. അതായിരുന്നു ഉമ്മൻ ചാണ്ടിയുടെ വ്യത്യസ്തത. ഒരുപക്ഷേ, എ.കെ.ജി മാത്രമായിരിക്കും ഇതുപോലെ ജനം ഇത്രമാത്രം സ്നേഹിച്ച മറ്റൊരു നേതാവ്. പക്ഷേ, ഐതിഹാസികമായ സമരങ്ങളിലൂടെയായിരുന്നു ജനഹൃദയങ്ങളിലേക്കുള്ള എ.കെ.ജിയുടെ യാത്ര. ഉമ്മൻ ചാണ്ടിക്ക് അത്തരം ധീരോദാത്തചരിത്രമൊന്നുമില്ല. പക്ഷേ, ജനങ്ങളുടെ തികച്ചും സ്വകാര്യമായ വിഷമങ്ങളിൽ അയാൾ ഓടിച്ചെന്നു. തങ്ങളിൽ ഒരാളായി അവർ അയാളെ കണ്ടു. ഏതൊരു സഹായത്തിനും ഏത് പാതിരാത്രിയിലും ഓടിചെല്ലാവുന്ന ഒരാൾ. സാധാരണക്കാരനായപ്പോഴും മുഖ്യമന്ത്രി ആയപ്പോഴും ആർക്കും അയാളെ ഏത് പാതിരാത്രിയിലും വിളിക്കാമായിരുന്നു,
ഏതുനേരവും ചെന്നു കാണാമായിരുന്നു. അയാളുടെ വീടും മുഖ്യമന്ത്രി ഓഫിസും എപ്പോഴും ജനക്കൂട്ടങ്ങളുടെ അഭയകൂടാരമായി. “കടക്ക് പുറത്ത്’’ എന്നൊരു പ്രയോഗംതന്നെ എല്ലാവരെയും അകത്തേക്ക് കടത്തിയ അയാളുടെ നിഘണ്ടുവിൽ ഇല്ലായിരുന്നു. ഒരു അച്ഛനെപ്പോലെ, സഹോദരനെപ്പോലെ, മകനെപ്പോലെ അയാൾ അവരുടെ ഏതൊരു സ്വകാര്യ ദുഃഖത്തിലും ആവശ്യത്തിലും അവർക്കൊപ്പം നിന്നു. അതിന് അധികാരമൊന്നും അയാൾക്കാവശ്യമില്ലായിരുന്നു. രാഷ്ട്രീയമോ മതമോ ഒന്നും അതിനു തടസ്സമായില്ല.
വാസ്തവത്തിൽ പണ്ടൊക്കെ നേതാക്കളെല്ലാവരും അങ്ങനെയായിരുന്നു. പക്ഷേ കാലം മാറി. അധികാരലബ്ധിയോടെ അവരെ തെരഞ്ഞെടുത്ത ജനങ്ങളിൽനിന്ന് കൂടുതൽ കൂടുതൽ അകലം പുലർത്താനും എണ്ണമറ്റ സായുധപ്പടയുടെയും വാഹനവ്യൂഹത്തിന്റെയും സുരക്ഷിതത്വത്തിൽ അഭിരമിക്കാനും ആവേശം കാട്ടുന്ന നേതാക്കന്മാരുടെ എണ്ണം കൂടിവന്നു. അതോടെ ഉമ്മൻ ചാണ്ടിയുടെ വ്യത്യസ്തത കൂടുതൽ തെളിഞ്ഞുനിന്നു. അഴിമതിക്കാരുടെ ഇടയിൽ ആന്റണിയുടെ ആദർശധീരതപോലെയും അധാർമിക രാഷ്ട്രീയം കൊടികുത്തിയ കാലത്ത് അച്യുതാനന്ദന്റെ ധാർമികതപോലെയും. ഉമ്മൻ ചാണ്ടി തങ്ങളുടെ ഏറ്റവും സങ്കടമുള്ള നേരങ്ങളിൽ സഹായമെത്തിച്ച തീരാത്ത കഥകൾ പറയുന്ന അറിയപ്പെടാത്ത, എണ്ണമറ്റ എത്രയോ മനുഷ്യരാണ്. അവരാണ് എം.സി റോഡിനെ 28 മണിക്കൂർ നേരം ഒ.സി റോഡാക്കിത്തീർത്തതും.
പക്ഷേ, ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വീഴ്ചകൾക്കും വാരിക്കുഴി ഒരുക്കിയത് അദ്ദേഹത്തിന്റെ ഇതേ ശൈലിതന്നെയാണ് എന്നതാണ് സത്യം. ശക്തിതന്നെ ദൗർബല്യവുമായെന്ന സത്യം. തന്റെ പേരുകേട്ട ‘പ്രായോഗികത’ക്ക് മുന്നിൽ അദ്ദേഹത്തിന് നിയമങ്ങളും കീഴ്വഴക്കങ്ങളും തടസ്സമായില്ല. ദീർഘകാലമായി വിശ്വസിച്ച ചിലർ മുഖ്യമന്ത്രിയുമായുള്ള അവരുടെ അടുപ്പം മുതലാക്കി സ്വകാര്യ അജണ്ടകൾ നടപ്പാക്കാനും തട്ടിപ്പുകാർക്ക് അഴിമതി നടത്താനും വഴി ഒരുക്കിക്കൊടുത്തു. സ്വാഭാവികമായും അവർ പിടിക്കപ്പെട്ടപ്പോൾ ഉത്തരം പറയാൻ ഉമ്മൻ ചാണ്ടി ബാധ്യസ്ഥനായി. എന്നാൽ, നിയമങ്ങൾക്കും ആദർശങ്ങൾക്കും ഔദ്യോഗികസ്ഥാനങ്ങളിൽ അനിവാര്യമായ ജാഗ്രതക്കും മേലെ സൗഹൃദങ്ങൾക്ക് വില കൽപിച്ച അദ്ദേഹം യുക്തിപൂർവം ഒന്നും വിശദീകരിക്കാൻ മിനക്കെട്ടില്ല. ഒപ്പം നിന്നവരെ തള്ളിപ്പറഞ്ഞ് തന്റെ നിരപരാധിത്വം തെളിയിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ധരിച്ചു. എന്നാൽ, സ്വന്തം നിരപരാധിത്വം തെളിയിക്കുക എന്ന വ്യക്തിപരമായ കാര്യത്തിനപ്പുറം പൊതുജീവിതത്തിന്റെ സുതാര്യതയും സത്യസന്ധതയും ഉറപ്പുവരുത്താൻ അത് നിർബന്ധമായിരുന്നു.
പക്ഷേ, സ്വന്തം മനഃസാക്ഷിയോട് മാത്രമേ ഉത്തരം പറയേണ്ടതുള്ളൂ എന്നും വിശ്വാസഘാതകരായാലും സുഹൃത്തുക്കളെ തള്ളിപ്പറയുന്നതാണ് അധാർമികം എന്നും അദ്ദേഹം വിശ്വസിച്ചു. അക്കാലത്തെ മാധ്യമസമ്മേളനങ്ങളിൽ അദ്ദേഹം ഈ നിലപാട് ആവർത്തിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തെ ഏറ്റവും പ്രാഥമികമായ ഔദ്യോഗിക പൊതുപദവി കൈക്കൊള്ളുന്ന ഒരാൾക്ക് ഒരു കാരണവശാലും ഈ നിലപാട് സ്വീകരിക്കാൻ അധികാരമില്ലെന്ന കാര്യം അദ്ദേഹത്തിന് ബോധ്യമായില്ല. അതേസമയം, ജുഡീഷ്യൽ കമീഷനു മുന്നിൽ ഹാജരായി മണിക്കൂറുകളോളം വിശദീകരണം നൽകാനുള്ള നിയമപരമായ ബാധ്യത അദ്ദേഹം നിർവഹിക്കുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും രാഷ്ട്രീയവും വ്യക്തിപരവുമായ കെടുതികൾ സംഭവിച്ചുകഴിഞ്ഞിരുന്നു. എങ്കിലും ജീവിതമവസാനിക്കുന്നതിനുമുമ്പ് നിയമവ്യവസ്ഥയിൽനിന്നുംതന്നെ തന്റെ നിരപരാധിത്വം അദ്ദേഹം നേടിയെടുത്തുവെന്നത് പ്രധാനമാണ്.
ആർക്ക് വേണമെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിൽ കയറി ഇറങ്ങാമായിരുന്നു. തീർച്ചയായും ജനങ്ങളോട് കടക്ക് പുറത്ത് എന്ന് ആക്രോശിച്ചുകൊണ്ട് അധികാരവ്യവസ്ഥക്കുള്ളിൽ അടയിരിക്കുന്നതുപോലെ തന്നെ ജനാധിപത്യവിരുദ്ധമാണ് തട്ടിപ്പുകാർക്കടക്കം ആർക്കും എപ്പോഴും കയറിയിറങ്ങാനും മുതലെടുക്കാനും കഴിയുന്ന ഔദ്യോഗിക സംവിധാനം. അത് അധികാരത്തിന്റെ സൗമ്യമുഖമല്ല, അരാജകവും നിയമവിരുദ്ധവുമായ മുഖമാണ്. ബുദ്ധിഭ്രമം ബാധിച്ച ഒരാളെ മുഖ്യമന്ത്രിക്കസേരയിൽ കണ്ടത് ആ ജാഗ്രതക്കുറവിന്റെ തെളിവാണ്. അയാളെ വെറുതെ വിട്ടതും ചാണ്ടിയുടെ നല്ല ശൈലി. സോളാർ കേസിന്റെ കാതൽ ഇങ്ങനെ ആർക്കും ൈകയടക്കാവുന്ന രീതിയിൽ അധികാരവ്യവസ്ഥ ജീർണിച്ചുപോയതാണ്.
തന്റെ മന്ത്രിമാർക്കെതിരെ ഉയർന്ന ഗുരുതര അഴിമതി ആരോപണങ്ങളോട് ചാണ്ടി സ്വീകരിച്ചതും അതേ സമീപനമാണ്. കേരളം കണ്ട ഏറ്റവും അഴിമതിനിറഞ്ഞ മന്ത്രിസഭയെന്നാണ് അന്ന് ഭരണമുന്നണിയിലെ ചിലർപോലും പറഞ്ഞിരുന്നത്. ആ മന്ത്രിസഭയുടെ അഴിമതിക്കാര്യം പറഞ്ഞ് അധികാരമേറിയിട്ടും പിന്നീട് വന്ന എൽ.ഡി.എഫ് മന്ത്രിസഭ മുൻ സർക്കാറിന്റെ കാലത്തെ ഒരു അഴിമതിയും വെളിച്ചത്ത് കൊണ്ടുവന്നില്ലെന്നത് മറ്റൊരു കാര്യം. പക്ഷേ, അതുകൊണ്ട് നമ്മുടെ ഭരണവ്യവസ്ഥയുടെ സുതാര്യതക്ക് ഏറ്റ പരിക്കിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ചാണ്ടിക്ക് കഴിയില്ല. അതിനാലാണ് അദ്ദേഹത്തിന് അതിനു വലിയ വില നൽകേണ്ടിവന്നത്. സോളാർ കേസിൽ അന്നുവരെ നേരിടാത്ത തരം വ്യക്തിപരമായ ആരോപണങ്ങൾ അനുഭവിച്ചതിന് പുറമേ തെരഞ്ഞെടുപ്പിൽ കനത്ത പരാജയവുമേറ്റു. ആ പരാജയത്തിന് ഇപ്പോൾ പലരും മറ്റ് പല കാരണങ്ങളും കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിൽ തന്റെ ഉത്തരവാദിത്തം മറ്റാരേക്കാളും ബോധ്യമുണ്ടായിരുന്നത് ഉമ്മൻ ചാണ്ടിക്ക് തന്നെയാണ്. ഒരു ചുമതലയും ഏറ്റെടുക്കുന്നില്ലെന്ന് അദ്ദേഹം സംശയലേശമില്ലാതെ പ്രസ്താവിച്ചത് പരസ്യമായ കുറ്റസമ്മതമാണ്. അത്രത്തോളം അത് അദ്ദേഹത്തിന്റെ ആർജവമാണെന്നും സംശയമില്ല. ഇപ്പോൾ അതിനു മനസ്സും കരുത്തും ഉള്ള നേതാക്കൾ അധികമില്ല.
രാഷ്ട്രീയക്കാരനായ ഉമ്മൻ ചാണ്ടി പുണ്യവാളനൊന്നുമായിരുന്നില്ല. എതിരാളിയെ മലർത്തിയടിക്കാൻ ഏത് തന്ത്രവും അദ്ദേഹം പയറ്റി. അതേസമയം, മറ്റ് നേതാക്കളെപ്പോലെ സ്വന്തം പദവിക്കും സ്ഥാനങ്ങൾക്കും പിന്നാലെ ഒരിക്കലും പരക്കം പാഞ്ഞില്ല. എന്നാൽ, തന്റെ പാർട്ടിക്കും ഗ്രൂപ്പിനും വേണ്ടി അദ്ദേഹം അവസാനം വരെ പോരാടി. തലതൊട്ടപ്പന്മാരില്ലാതെ, സംഘടനയുടെ ഏറ്റവും താഴെത്തട്ടിൽനിന്നും കഠിനാധ്വാനത്തിലൂടെ ഉയരങ്ങളിലെത്തിയ ആളാണദ്ദേഹം. കോൺഗ്രസിനുള്ളിലും ആന്റണി-കരുണാകരൻ യുദ്ധം ആരംഭിച്ചതു മുതൽ ഏറ്റവും കടുത്ത ഗ്രൂപ് പോരാളിയായിരുന്നു ചാണ്ടി. ഗ്രൂപ്പിൽ എന്നും നായകപ്പട്ടം ആന്റണിക്കായിരുന്നെങ്കിലും അതിന്റെ എല്ലാ നീക്കങ്ങൾക്കും ചുക്കാൻപിടിച്ചത് പിന്നിൽനിന്ന് ഉമ്മൻ ചാണ്ടി നയിച്ച യുവസൈന്യമായിരുന്നു. ഇന്ദിര ഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെ കരുണാകരൻ അവരെ ചവിട്ടിമെതിച്ചപ്പോൾ നിലനിൽപിനായി അവർ രക്തം ചിന്തി. പക്ഷേ, അവസരം ഒത്തുവന്നപ്പോൾ ഉമ്മൻ ചാണ്ടി ഉഗ്രമായി തിരിച്ചടിച്ചു.
എന്നാൽ, അധികാരം പങ്കിടുമ്പോൾ തനിക്കല്ല, ആന്റണിക്കും തന്റെ മറ്റ് സഹപ്രവർത്തകർക്കും അർഹിക്കുന്നത് ഉറപ്പാക്കുന്നതിൽ അദ്ദേഹം തൃപ്തിപ്പെട്ടു. ഗ്രൂപ്പിനോടായിരുന്നു അദ്ദേഹത്തിന് മുഖ്യ കൂറ്. അതേസമയം തന്റെ ‘ദൈവം’ (ആന്റണി) തന്നെ ഗ്രൂപ്പ് താൽപര്യങ്ങൾക്കെതിരെ കരുണാകരനെയും കുടുംബത്തെയും പ്രീണിപ്പിക്കാൻ മുതിർന്നപ്പോൾ അദ്ദേഹത്തിനെതിരെ ആര്യാടൻ മൂഹമ്മദുമായി ചേർന്ന് കലാപക്കൊടി ഉയർത്താനും ചാണ്ടി മടിച്ചില്ല. 2004ൽ മുഖ്യമന്ത്രി ആന്റണിയുടെ രാജിയിൽ കലാശിച്ചത് ആ കലാപമാണ്. എ.ഐ.സി.സി ഭാരവാഹി, കേന്ദ്രമന്ത്രി, പാർലമെന്റ് അംഗത്വം തുടങ്ങിയ കേന്ദ്രപദവികളിൽ ഒരിക്കലും മയങ്ങാത്ത കേരളത്തിലെ ഏക നേതാവും അദ്ദേഹമാണ്. ഉമ്മൻ ചാണ്ടിക്ക് സ്വന്തം കളം വിട്ടൊരു കളിയില്ല.
നാല് ദശാബ്ദക്കാലത്തെ പത്രപ്രവർത്തക ജീവിതത്തിൽ ഈ ലേഖകൻ ഏറ്റവും അധികം കാണുകയും പരാമർശിക്കുകയും ഒക്കെ ചെയ്ത ഒരു നേതാവാണ് അദ്ദേഹം. ആ നിലയിൽ ഏറ്റവും ആദരണീയം വിമർശനങ്ങളോട് അദ്ദേഹം പുലർത്തിയ ജനാധിപത്യപരമായ സഹിഷ്ണുതയാണ്. പ്രത്യേകിച്ച് ആ ഗുണം തീരെയില്ലാതാകുന്ന ഇക്കാലത്ത് അത് ചെറിയകാര്യമല്ല. അതേസമയം, രാഷ്ട്രീയമായും വ്യക്തിപരമായും വലിയ പ്രതിസന്ധികൾ ഉയർന്ന വേളകളിൽ അദ്ദേഹം എനിക്ക് അഭിമുഖങ്ങൾ നിഷേധിച്ചിട്ടുണ്ട്. ചിലപ്പോൾ എന്റെ പ്രസിദ്ധീകരണത്തിന് അനുവദിച്ച പരസ്യങ്ങൾ അദ്ദേഹത്തെ വിമർശിക്കുന്ന ലേഖനങ്ങൾ വന്നതിനു പിന്നാലെ റദ്ദാക്കപ്പെട്ടിട്ടുമുണ്ട് (അതൊക്കെ അദ്ദേഹത്തെക്കാൾ അമിതോത്സാഹികളായ സ്റ്റാഫംഗങ്ങളുടെ പരിപാടിയുമാകാം). എന്നാൽ, ഞാൻ നയിച്ച ചാനൽ അദ്ദേഹത്തിനു നേരെ വ്യക്തിപരമായി ഏറ്റവും ഗുരുതരമായ ആരോപണം (ലൈംഗികാരോപണം ഉന്നയിച്ച സരിതയുടെ കത്ത്) അടങ്ങിയ വാർത്ത സംപ്രേഷണം ചെയ്തശേഷവും വളരെ മര്യാദയോടെയും സ്നേഹത്തോടെയും എന്നെ കണ്ട അനുഭവവുമുണ്ട്. എന്നാൽ ആ റിപ്പോർട്ടിന് അദ്ദേഹത്തിൽനിന്ന് മാനനഷ്ടക്കേസ് നോട്ടീസ് എനിക്ക് കിട്ടി. അത് തികച്ചും നിയമവിധേയമായ മാർഗമാണെങ്കിലും അതും ചാണ്ടിയെക്കൊണ്ട് നിർബന്ധപൂർവം ഞങ്ങളെ പാഠം പഠിപ്പിക്കാൻ ഉറപ്പിച്ച ചിലർ ചെയ്യിച്ചതാണെന്ന് പിന്നീട് അറിഞ്ഞു. എന്തൊക്കെയായാലും ഇക്കാലത്ത് മാധ്യമപ്രവർത്തകർ നേരിടുന്ന അനുഭവങ്ങളിൽനിന്ന് ഇത് എത്ര ഭേദം!
ലാളിത്യം, വിനയം, മനുഷ്യത്വം, എല്ലാവരെയും തുല്യരായി കാണാനുള്ള മനസ്സ്, ഏറ്റവും വലിയ പരസ്പരവൈരത്തിലും എതിരാളിയോട് തികഞ്ഞ മര്യാദയോടെ പെരുമാറാനുള്ള കഴിവ്, അധികാരവും പദവിയും തലക്കു പിടിക്കാതിരിക്കാനുള്ള സിദ്ധി. ഇതൊക്കെ ഉമ്മൻ ചാണ്ടി എന്ന നേതാവ് നമുക്ക് നൽകുന്ന ലളിത പാഠങ്ങളാണ്. ജീവിതത്തിലൂടെ മാത്രമല്ല, വിലാപയാത്രയിൽ തെളിഞ്ഞു കണ്ട വികാരവിവശരായ ജനസഹസ്രങ്ങളിലൂടെ മരണത്തിലൂടെയും ആ പുതുപ്പള്ളിക്കാരൻ നമ്മെ ഇക്കാര്യം ഓർമിപ്പിക്കുന്നു.