കാഞ്ചി വലിക്കുന്ന ഭാട്യയും കത്തിക്ക് മൂർച്ചകൂട്ടുന്ന ഥാപ്പയും
മലയാളത്തിലെ പ്രശസ്തമായ കളിയെഴുത്തുകാരന്റെ ഒാർമകളും ഫുട്ബാൾ അനുഭവങ്ങളുമാണ് ഇത്. കൊട്ടും കുരവയുമായി പൊടിപടലങ്ങളുയർത്തി കടന്നുവരുമ്പോൾ അറിയാതെ കോഴിക്കോടിന്റെ മണ്ണിലേക്ക് കുതിച്ചോടുന്നു മനസ്സിൽ തെളിയുന്ന ചില ചിത്രങ്ങൾ. അതിൽ കളം നിറഞ്ഞാടിയ ചിലർ കൂടി കടന്നുവരുന്നു.ആറടിക്കാരൻ അമർജീത് സിങ് ഭാട്യയെ ഉറക്കത്തിൽ കണ്ടു നിലവിളിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്. ദാമോദരൻ മാഷ്...
Your Subscription Supports Independent Journalism
View Plansമലയാളത്തിലെ പ്രശസ്തമായ കളിയെഴുത്തുകാരന്റെ ഒാർമകളും ഫുട്ബാൾ അനുഭവങ്ങളുമാണ് ഇത്. കൊട്ടും കുരവയുമായി പൊടിപടലങ്ങളുയർത്തി കടന്നുവരുമ്പോൾ അറിയാതെ കോഴിക്കോടിന്റെ മണ്ണിലേക്ക് കുതിച്ചോടുന്നു മനസ്സിൽ തെളിയുന്ന ചില ചിത്രങ്ങൾ. അതിൽ കളം നിറഞ്ഞാടിയ ചിലർ കൂടി കടന്നുവരുന്നു.
ആറടിക്കാരൻ അമർജീത് സിങ് ഭാട്യയെ ഉറക്കത്തിൽ കണ്ടു നിലവിളിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്. ദാമോദരൻ മാഷ് പറ്റിച്ച പണി.തിരക്കഥാകൃത്തെന്ന നിലയിലല്ല അന്ന് മാഷിന് പ്രശസ്തി; ഫുട്ബാൾ കമന്റേറ്റർ എന്നനിലക്കാണ്. സേട്ട് നാഗ്ജി, സന്തോഷ് ട്രോഫി, ഫെഡറേഷൻ കപ്പ് തുടങ്ങി മിക്ക അഖിലേന്ത്യാ ടൂർണമെന്റുകളുടെയും കലാശക്കൊട്ടിനു മാഷിന്റെ കമന്ററിയുണ്ടാകും. ടെലിവിഷൻ വെറുമൊരു സ്വപ്നം മാത്രമായിരുന്ന ആ കാലത്ത്, തൊട്ടാൽ പൊള്ളുന്ന വാക്കുകളിലൂടെ കളിക്കളത്തിലെ ചലനങ്ങളോരോന്നും റേഡിയോ ശ്രോതാവിന്റെ മനസ്സിൽ മിഴിവാർന്ന ദൃശ്യങ്ങളാക്കി മാറ്റും മാഷ്; ഒരു കാമറയുടെയും സഹായമില്ലാതെ.
ഇടതു വിങ്ങിലൂടെ വെടിയേറ്റ പുള്ളിപ്പുലിയെപ്പോലെ പന്തുമായി ഇന്ദർ സിങ് ചീറിപ്പാഞ്ഞുവരുന്നു എന്ന് ഒരു പ്രത്യേക ഈണത്തിൽ, താളത്തിൽ വികാരഭരിതനായി മാഷ് മൈക്കിലൂടെ വിളിച്ചുപറയുമ്പോൾ, പൊടുന്നനെ വയനാട്ടിലെ വീട്ടിന്റെ ഏകാന്തമൂകതയിൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ ഗാലറികൾ വന്നുനിറയും. കാതുകളിൽ ആരവങ്ങൾ മുഴങ്ങും. ഏകാകിയായ ഒരു യു.പി സ്കൂൾ വിദ്യാർഥിയെ ഫുട്ബാളിന്റെ മോഹനവലയത്തിൽ തളച്ചിടാൻ ആ ദൃശ്യവത്കരണം ധാരാളമായിരുന്നു.
അതുപോലൊരു സ്വപ്നലോകത്തേക്കാണ് അമർജീത് ഭാട്യയെ ഒരു സന്ധ്യക്ക് ദാമോദരൻ മാഷ് കെട്ടഴിച്ചുവിട്ടത്. ജെ.സി.ടിയും മുംബൈ ടാറ്റാസും തമ്മിലുള്ള നാഗ്ജി മത്സരമാണെന്നാണ് ഓർമ. ജെ.സി.ടിയുടെ പ്രതിരോധത്തിൽ കഴുകനെപ്പോലെ റോന്തുചുറ്റുന്ന ഭാട്യയുടെ കണ്ണിൽ ചോരയില്ലാത്ത ടാക്ലിങ്ങിന് മുന്നിൽ ഭസ്മമാകുകയാണ് ടാറ്റാസ് മുന്നേറ്റങ്ങൾ.
''ഇരയെ കാത്തുനിൽക്കുകയാണ് ഭാട്യ. പൊന്തക്കാട്ടിൽ നിറതോക്കുമായി മറഞ്ഞുനിൽക്കുന്ന വേട്ടക്കാരനെപ്പോലെ''– മാഷിന്റെ വാക്കുകൾ ഓർമയിൽനിന്ന്. ''വല്ലവനും ആ വഴിക്ക് വന്നുപോയാൽ അലർച്ചയോടെ ചാടിവീഴും അയാൾ. ചിലപ്പോൾ പിച്ചിച്ചീന്തും. ടാറ്റാസ് കളിക്കാരുടെ ചോര കണ്ടാലേ ഇന്ന് ഭാട്യ അടങ്ങൂ...''
ആറാം ക്ലാസുകാരന്റെ ഭാവനയെ ഉത്തേജിപ്പിക്കാൻ പോന്ന വാക്കുകൾ. അന്ന് രാത്രി പൊന്തക്കാട്ടിൽ തോക്കുമായി മറഞ്ഞിരിക്കുന്ന ഭാട്യയെ കിനാവ് കണ്ടു അവൻ. ചോരക്കണ്ണുകളും കൊമ്പൻ മീശയുമുള്ള ഭീകരൻ. ഭാട്യ കാഞ്ചി വലിച്ചതും കുട്ടി അലറിക്കരഞ്ഞതും അമ്മ കുലുക്കിയുണർത്തിയതും ഒരുമിച്ച്.
വർഷങ്ങൾക്കുശേഷം കോഴിക്കോട്ടെ വൃന്ദാവൻ ടൂറിസ്റ്റ് ഹോമിൽവെച്ച് നേരിൽ കണ്ടപ്പോൾ ആ പഴയ നായാട്ടുകാരനെ ഭാട്യയുടെ മെലിഞ്ഞ രൂപത്തിൽനിന്ന് വേർതിരിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു മനസ്സ്. കളിക്കളത്തിന് പുറത്തെ ഭാട്യ വേറെ, അകത്തെ ഭാട്യ വേറെ എന്ന് അത്ഭുതത്തോടെ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ക്രൂരനായ വേട്ടക്കാരനെ തിരഞ്ഞുചെന്ന ഞാൻ കണ്ടത് എപ്പോഴും ചിരിക്കുന്ന, പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന, സൗമ്യനായ സർദാർജിയെ.
ഒപ്പമിരുന്ന്, ഭാട്യതന്നെ പാകംചെയ്ത ഭക്ഷണം കഴിക്കുന്നതിനിടെ അറിയുന്ന ഹിന്ദിയിൽ ഞാൻ ചോദിച്ചു: ''ഗ്രൗണ്ടിൽ ഭയങ്കര റഫ് ആൻഡ് ടഫ് ആണല്ലേ?''
അത്ഭുതത്തോടെ തലചെരിച്ച് എന്നെ നോക്കി ജെ.സി.ടി ഡിഫൻഡർ ചോദിച്ചു: ''ആര് ഞാനോ? അയ്യയ്യേ. കരുതിക്കൂട്ടി ആരെയും ഫൗൾ ചെയ്തിട്ടില്ല. ശകാരിച്ചിട്ടില്ല. പിന്നെ, പന്ത് നമ്മളെ കടന്നുപോകാതെ നോക്കണ്ടേ? അതിനുവേണ്ടി ചില്ലറ അഭ്യാസങ്ങൾ കാണിക്കും. അത്രേയുള്ളൂ.''
പാവം ഭാട്യ. ആ അഭ്യാസങ്ങൾ അത്ര അപകടകരമാണെന്ന തോന്നലേ ഇല്ല ടിയാന്. ജീവിക്കാൻവേണ്ടി ഇങ്ങനെ ചില കുസൃതികളൊക്കെ ഒപ്പിച്ചു കഴിഞ്ഞുപോകുന്നു എന്ന ഭാവം മുഖത്ത്.
ഇന്ത്യൻ കുപ്പായമണിയാൻ ഭാഗ്യമുണ്ടായില്ല ഭാട്യക്ക്. സമകാലികരായി ഉഗ്രന്മാരായ ഡിഫൻഡർമാർ വേറെയുണ്ടായിരുന്നതാണ് കാരണം. സ്വന്തം ടീമിൽതന്നെയുണ്ടായിരുന്നു ഗുർചരൺ സിങ് പാർമറെപോലുള്ള എണ്ണം പറഞ്ഞ കാവൽഭടന്മാർ. സയ്ദ് നയീമുദ്ദീൻ, സുധീർ കർമാർക്കർ, സുബ്രതോ ഭട്ടാചാർജി, ഗുണപാണ്ഡ്യൻ, ഗുരുദേവ് സിങ്, മനോരഞ്ജൻ ഭട്ടാചാര്യ, സുദീപ് ചാറ്റർജി, നിക്കളസ് പെരേര, കോംപ്ടൺ ദത്ത, അലോക് മുഖർജി, തരുൺ ഡേ, ചാത്തുണ്ണി, ജോർജ് ആംബ്രോസ്, ഡെറിക് പെരേര, സി.സി. ജേക്കബ്... 1970കളിലും 80കളിലുമായി ഇന്ത്യൻ ഫുട്ബാളിൽ നിറഞ്ഞുനിന്ന പ്രതിരോധ ഭടന്മാരുടെ നിര ഇനിയും നീളും.
അരയിൽ കത്തിയുമായി ഥാപ്പ
ദാമോദരൻ മാഷും മുഷ്താഖും നാഗവള്ളിയും വിംസിയും അബുവും അരവിന്ദനുമൊക്കെ വാക്കുകൾകൊണ്ട് വരഞ്ഞിട്ട മിഴിവാർന്ന ചിത്രങ്ങളിലൂടെ എെന്നന്നേക്കുമായി മനസ്സിൽ പതിഞ്ഞ വേറെയും താരങ്ങളുണ്ട്: ഇന്ദർ സിങ്, മഗൻ സിങ്, രഞ്ജിത് ഥാപ്പ, ശ്യാം ഥാപ്പ, സുഭാഷ് ഭൗമിക്... അവരുടെയൊക്കെ കളി നേരിൽ കാണാൻ മാത്രമല്ല, പിൽക്കാലത്ത് പലരുമായും ഗാഢസൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു എന്നത് കളിയെഴുത്തു ജീവിതം സമ്മാനിച്ച സൗഭാഗ്യം.
പെലെയും ഗെർഡ് മുള്ളറും യൊഹാൻ ക്രൈഫും മാരിയോ കെമ്പസുമെല്ലാം അച്ചടിമഷി പുരണ്ട പേരുകളും കേട്ടുകേൾവിയും മാത്രമായിരുന്ന കാലത്ത് എന്റെ തലമുറയുടെ കളിഭ്രാന്തിന് ഊർജം പകർന്നത് ഈ നാടൻ 'ധ്വര'മാരാണ്. ലോക ഫുട്ബാളിന്റെ താരാപഥങ്ങളിലേക്ക് ഞങ്ങളെ ഞങ്ങൾപോലുമറിയാതെ കൈപിടിച്ച് കൊണ്ടുപോകുകയായിരുന്നില്ലേ അവർ?
രഞ്ജിത് ഥാപ്പ ആയിരുന്നു ആരാധനാ പുരുഷന്മാരിൽ പ്രധാനി. വയനാടൻ ചുരമിറങ്ങി, 50 കിലോമീറ്റർ അകലെയുള്ള കോഴിക്കോട്ടു ചെന്ന് സേട്ട് നാഗ്ജി ഫുട്ബാളിലെ മഫത്ലാലിന്റെ മത്സരം കണ്ട് തിരിച്ചുവന്ന അയൽക്കാരൻ ശ്രീനിവാസന്റെ വാക്കുകളിലൂടെയാണ് കുട്ടിക്കാലത്ത് അതിമാനുഷനായി ഥാപ്പ മനസ്സിൽ കയറിവന്നത് .
''വളഞ്ഞുപുളഞ്ഞ് പാമ്പിനെപ്പോലെയാണ് മൂപ്പര് പായുക. ആർക്കും പിടിച്ചാൽ കിട്ടൂല. പിടിച്ചാൽതന്നെ വഴുതിപ്പോകും. അമ്മാതിരി ജഗലാണ്'' –സ്കൂളിൽ മുതിർന്ന ക്ലാസിൽ പഠിച്ചിരുന്ന ശ്രീനു പറഞ്ഞു.
ഞെട്ടിച്ചത് മറ്റൊരു വെളിപ്പെടുത്തലാണ്: ''പിന്നേയ്, ആള് ഗൂർഖയാണ് ട്ടോ. അരേല് കത്തിയുമായിട്ടാണ് കളിക്കുക. കത്തി എങ്ങാനും പുറത്തെടുത്താ പിന്നെ ചോര കാണാണ്ടെ തിരികെ വെച്ചൂടാ. അതോണ്ട് സൂക്ഷിച്ചേ ആളോള് അടുത്തുചെല്ലൂ.''
അന്നത്തെ ചെറുപ്രായത്തിൽപോലും ആ വാക്കുകൾ ലേശം ഉപ്പുകൂട്ടാതെ വിഴുങ്ങാൻ പ്രയാസമുണ്ടായിരുന്നു. എന്നാലും പറയുന്നത് ശ്രീനുവല്ലേ? എങ്ങനെ അവിശ്വസിക്കും? ഖുക്രി എന്ന കത്തി എളിയിൽ തിരുകി എതിർ പ്രതിരോധ വ്യൂഹത്തിലേക്ക് ഇരച്ചുകയറുന്ന രഞ്ജിത് ഥാപ്പയുടെ സങ്കൽപചിത്രം പതിനൊന്നുകാരന്റെ മനസ്സിൽ ഇടംപിടിച്ചത് അങ്ങനെയാണ്.
അതേ രഞ്ജിത്ത് ഥാപ്പയെ മജ്ജയും മാംസവുമുള്ള പടയാളിയായി ആദ്യം കണ്ടത് വർഷങ്ങൾക്കുശേഷം കോഴിക്കോട്ടെ കോർപറേഷൻ സ്റ്റേഡിയത്തിൽവെച്ച്. അരയിൽ കത്തിയും ഖുക്രിയുമൊന്നും ഇല്ലെങ്കിലെന്ത്? അവയെക്കാളൊക്കെ മൂർച്ചയുണ്ടായിരുന്നു വിങ്ങിലൂടെയുള്ള ഥാപ്പയുടെ മിന്നലോട്ടങ്ങൾക്ക്. ഇഷ്ടതാരവുമായി നേരിൽ സംസാരിക്കാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു. ഡൽഹി അംബേദ്കർ സ്റ്റേഡിയത്തിൽവെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. അന്നും ആദ്യം തിരഞ്ഞത് അരയിലെ കത്തിതന്നെ. ഉള്ളിലെ ജിജ്ഞാസാഭരിതനായ കുട്ടി ഒരിക്കലും മരിക്കുന്നില്ലല്ലോ.
ആ സമാഗമം മറക്കാനാവില്ല. ഡ്യൂറൻഡ് കപ്പ് മത്സരം പൊടിപൊടിക്കുന്നു മൈതാനത്ത്. പെനാൽറ്റി ഏരിയയിലേക്ക് മഴവില്ലുപോലെ ഒഴുകിയിറങ്ങി വന്ന ഫ്ലാഗ് കിക്ക്, ഒരുപറ്റം എതിർ പ്രതിരോധ ഭടന്മാരുടെ കണ്ണ് വെട്ടിച്ചു ഇടത്തെ ഇൻസ്റ്റെപ്പിൽ സ്വീകരിച്ചു ഞൊടിയിടയിൽ വലതു കാലിലേക്ക് മറിക്കുന്നു സ്ട്രൈക്കർ സർദാർജി. തൊട്ടുപിന്നാലെ ദുർബലമായ ഒരു ഹാഫ് വോളി. നിമിഷാർധംകൊണ്ട് കഴിഞ്ഞു എല്ലാം. പക്ഷേ, വലതു പോസ്റ്റിൽനിന്ന് ഇടതു പോസ്റ്റിലേക്ക് വായുവിൽ നീന്തി ഗോൾലൈനിൽ െവച്ച് പന്ത് മുഷ്ടികൊണ്ട് തട്ടിത്തെറിപ്പിക്കാൻ ആ സമയം ധാരാളമായിരുന്നു ഗോൾകീപ്പർക്ക്.
''ഇഡിയറ്റ്'' –പ്രസ് ഗാലറിയിൽ തൊട്ടപ്പുറത്തെ ഇരിപ്പിടത്തിൽ നിന്ന് ഒരു സിംഹഗർജനം. ഒപ്പം, മുഷ്ടിചുരുട്ടി ഡെസ്കിൽ ഒരു കനത്ത ഇടിയും. ഇടിയുടെ ആഘാതത്തിൽ മുന്നിലിരുന്ന പേന തെറിച്ചു. റൈറ്റിങ് പാഡ് നിലത്തുവീണു. ആരോ പിന്നിൽനിന്ന് ഉറക്കെ വിളിച്ചുചോദിക്കുന്നത് കേൾക്കാമായിരുന്നു: ''ഈസ് ഹി ക്രെയ്സി?''
അടുത്തിരുന്ന മനുഷ്യനെ ആദ്യമായി ശ്രദ്ധിച്ചത് അപ്പോഴാണ്. നരവീണ പുരികങ്ങൾക്കടിയിലെ ഇടുങ്ങിയ കണ്ണുകളിൽ ജാള്യഭാവം. നേർത്ത വരപോലത്തെ ചുണ്ടുകളിൽ ക്ഷമാപണത്തിന്റെ ധ്വനിയുള്ള ചിരി. എങ്ങോ കണ്ടുമറന്നപോലെ തോന്നി ആ പരുക്കൻ മുഖം. മുമ്പെവിടെയായിരിക്കും ഞാൻ ഈ മനുഷ്യനെ കണ്ടിട്ടുണ്ടാവുക?
''ക്ഷമിക്കണം സർ. സഹിക്കാനായില്ല'' –ഹിന്ദി ചുവ കലർന്ന ഇംഗ്ലീഷിൽ അയാൾ പറഞ്ഞു. ''വിഡ്ഢിയല്ലേ അവൻ? അങ്ങനെ ചെയ്യാമോ? പന്ത് സ്റ്റോപ്പ് ചെയ്യാനെടുത്ത സമയം ഉണ്ടെങ്കിൽ അവന് അത് ഗോളാക്കാമായിരുന്നു. പകരം അവൻ ഗാലറിയെ സന്തോഷിപ്പിക്കാൻ നോക്കി, ഇതാണ് സർ ഇന്ത്യൻ ഫുട്ബാളിന്റെ പ്രശ്നം. ഞങ്ങളൊക്കെ കളിക്കുന്ന കാലത്ത് ഇങ്ങനത്തെ മണ്ടത്തം ഒപ്പിച്ചിരുന്നെങ്കിൽ കോച്ചിന്റെ കൈ ചെകിട്ടത്തു പതിച്ചേനെ...''
ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു അയാൾ. പേക്ഷ, ഒന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. കടുംചുവപ്പ് ടീഷർട്ടിന് മുകളിൽ വിശാലമായ മാറിൽ പറ്റിക്കിടന്ന അയാളുടെ ഒഫീഷ്യൽ ഐഡന്റിറ്റി കാർഡിലായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ: ഫോട്ടോക്കൊപ്പം വടിവൊത്ത അക്ഷരങ്ങളിൽ ഒരു പേര്: രഞ്ജിത് ഥാപ്പ.
ഒരു കാലഘട്ടം മുഴുവൻ ആ പേരിനൊപ്പം എന്റെ മനസ്സിലേക്ക് ഇരച്ചുകയറി വന്നു; നിറഞ്ഞൊഴുകുന്ന സ്റ്റേഡിയങ്ങൾ; ആവേശത്തിരയിളക്കത്തിൽ ആടിയുലയുന്ന മുളഗാലറികൾ. കാതടപ്പിക്കുന്ന ആരവങ്ങൾ... ഈറ്റപ്പുലിയുടെ ക്രൗര്യത്തോടെ ഈ മനുഷ്യൻ പ്രതിരോധനിരകളെ പിച്ചിച്ചീന്തുന്നതു കാണാൻ വേണ്ടിമാത്രം മണിക്കൂറുകളോളം സ്റ്റേഡിയത്തിനു പുറത്തു ക്യൂനിന്ന് വിയർത്തിട്ടുണ്ടാകും കോഴിക്കോട്ടെ കളിക്കമ്പക്കാർ.
ഇന്ത്യൻ ഫുട്ബാളിന് 'ഉശിരും പുളിയും' ഉണ്ടായിരുന്ന കാലം.
നഷ്ടപ്പെട്ട ബിരിയാണി
അംബേദ്കർ സ്റ്റേഡിയത്തിലെ പ്രസ് ബോക്സിൽ താടിക്ക് കൈകൊടുത്തിരുന്ന്, മുന്നിലെ 'നനഞ്ഞ' കളി നോക്കി നെടുവീർപ്പിടുന്ന രഞ്ജിത് ഥാപ്പയെ കൗതുകത്തോടെ, ആരാധനയോടെ നോക്കിയിരിക്കെ ഓർമ വന്നത് പഴയൊരു പന്തയത്തിന്റെ കഥയാണ്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ കളിക്കമ്പം കത്തിജ്വലിച്ച ഒരു സായാഹ്നം. ഇന്ദർ സിങ്ങിന്റെ ജെ.സി.ടി മിൽസ് ഒരുവശത്ത്. മറുവശത്ത് മഫത്ലാൽ. രണ്ടും ഇന്ത്യൻ ഫുട്ബാളിലെ ഗ്ലാമർ ടീമുകൾ.
കളി 80 മിനിറ്റ് പിന്നിടുമ്പോൾ മടക്കമില്ലാത്ത രണ്ടു ഗോളിന് മുന്നിലാണ് ഫഗ്വാരയിൽനിന്നെത്തിയ സർദാർജിപ്പട. മുന്നേറ്റനിരയിൽ ഇന്ദർ കത്തുന്ന ഫോമിൽ. പിൻനിരയിൽ മഹാമേരുക്കളായി പാർമറും ഭാട്യയും. വെള്ളയിൽ ഇളംനീല ബോർഡറുള്ള നയനമനോഹരമായ ജേഴ്സിയിൽ മഫത്ലാൽ വിയർത്തൊഴുകുന്നു.
എല്ലാം തകർന്നുവെന്ന് തോന്നിയ ആ ഘട്ടത്തിൽ, പകരക്കാരനായി രഞ്ജിത് ഥാപ്പ അവതരിക്കുന്നു. ചെറുതായൊന്നു മുടന്തിക്കൊണ്ടാണ് വരവ്. കളി തീരാൻ കഷ്ടിച്ച് പത്തു മിനിറ്റ് മാത്രം. ''ഇനി ആര് വന്നിട്ടെന്തു കാര്യം? കഥ കഴിഞ്ഞില്ലേ'' എന്റെ മനസ്സ് മന്ത്രിച്ചു. പക്ഷേ, ഗാലറിയിൽ തൊട്ടടുത്തിരുന്ന കൂട്ടുകാരൻ മുസ്തഫ പ്രതീക്ഷ കൈവിട്ടിരുന്നില്ല. ''നീ നോക്കിക്കോ. ഇനിയാണ് കളി. ഈ മത്സരം മഫത്ലാൽ തോൽക്കില്ല. ബെറ്റ് വെക്കാനുണ്ടോ?''
തലേ മത്സരത്തിൽ പിണഞ്ഞ പരിക്കിൽനിന്ന് ഥാപ്പ പൂർണമുക്തി നേടിയിരുന്നില്ലെന്നു പത്രങ്ങളിൽ വായിച്ചറിഞ്ഞിരുന്നതുകൊണ്ട് സംശയിച്ചുനിന്നില്ല: 25 രൂപക്ക് ബെറ്റ്. ഒരു ബിരിയാണിക്ക് 20 രൂപ മതിയായിരുന്നു അന്ന്.
ബിരിയാണി മസാലയുടെ കൊതിപ്പിക്കുന്ന 'ഫ്ലേവർ' സ്വപ്നം കണ്ടിരിക്കെ, പന്ത് എങ്ങുനിന്നോ രഞ്ജിത് ഥാപ്പയുടെ ബൂട്ടുകളിൽ വന്നണയുന്നു. മധ്യരേഖക്കടുത്തുനിന്ന് സുദീർഘമായ ഒരു റെയ്ഡിന്റെ തുടക്കം. ആദ്യം ടച്ച് ലൈനിനു സമാന്തരമായി; പിന്നെ എതിർ വിങ്ബാക്കിനെ വെട്ടിച്ചു ബോക്സിന്റെ പാർശ്വത്തിലൂടെ അപകടമേഖലക്ക് അകത്തേക്ക്. ഉത്സവത്തിനുള്ള ആളുണ്ടവിടെ. ജെ.സി.ടിയുടെ സ്റ്റോപ്പർ ബാക്കുകളും മധ്യനിരക്കാരും ഉൾപ്പെടെ താടിക്കാരുടെ ഒരു പട.
ശീലംകൊണ്ടാവണം, ഥാപ്പ നേരെ ഗോളിലേക്ക് വെച്ചലക്കുമെന്നാണ് ടിയാന്മാർ കരുതിയത്. തൊട്ടപ്പുറത്ത്, ഞാൻ ഈ നാട്ടുകാരനല്ല എന്ന മട്ടിൽ പതുങ്ങിനിന്ന ഭുപീന്ദർ സിങ് റാവത്തിനെ ആരും മാർക്ക് ചെയ്യാൻ ഒരുങ്ങാതിരുന്നതും അതുകൊണ്ടുതന്നെ. തഞ്ചംനോക്കി രഞ്ജിത് ഥാപ്പ പന്ത് പാർമറുടെ ചുമലിനു മുകളിലൂടെ റാവത്തിനു മുന്നിലേക്ക് ചിപ്പ് ചെയ്യുന്നു. നിലം തൊടും മുമ്പ് അതടിച്ചു വലയിലാക്കേണ്ട ബാധ്യതയേ ഉണ്ടായിരുന്നുള്ളൂ റാവത്തിന്. ഥാപ്പയുടെ ഷോട്ട് പ്രതീക്ഷിച്ച ജെ.സി.ടി കീപ്പർ (അത് സുർജിത് സിങ് ആയിരുന്നോ?) റാവത്തിന്റെ അടി കണ്ടതേയില്ല!
കളിതീരാൻ അഞ്ചു മിനിറ്റ്. ഇത്തവണ ഡീപ് ഡിഫൻസിൽനിന്ന് മറ്റൊരു ആപൽക്കര നീക്കത്തിന് തുടക്കമിട്ടത് മമ്പാട് റഹ്മാൻ. പതിവു ശൈലിയിൽ സ്ലൈഡിങ് ടാക്കിളിലൂടെ ഏറ്റവും അടുത്ത എതിരാളിയെ മറികടന്നശേഷം റഹ്മാൻ പന്ത് അമർ ബഹാദൂറിന് നീട്ടുന്നു – കൃത്യതയാർന്ന ഒരു ഡയഗണൽ പാസ്.
പന്തുമായി ഒന്ന് രണ്ടു മീറ്ററോളം മുന്നോട്ടോടി ബഹാദൂർ. ഓടുന്ന ഓട്ടത്തിൽ വലതു വിങ്ങിൽനിന്ന് ഒരുപറ്റം ഡിഫൻഡർമാർക്ക് മുകളിലൂടെ എണ്ണം പറഞ്ഞ ഒരു ക്രോസ്. മിഡ്ഫീൽഡിൽനിന്ന് അതിനകം എതിരാളികളുടെ കണ്ണ് വെട്ടിച്ചു ബോക്സിലേക്ക് കയറിവന്നിരുന്ന രഞ്ജിത് ഥാപ്പ പറന്നുയർന്നു പന്തിൽ തലവെക്കുന്നു. ഗോൾ! ആഹ്ലാദത്തിന്റെ 'അമിട്ട്' മുസ്തു എന്റെ പുറത്താണ് പൊട്ടിച്ചത്; ഒരു ദാക്ഷിണ്യവും ഇല്ലാതെ. ധനനഷ്ടവും മാനനഷ്ടവും മിച്ചം.
പഴയ കഥ പങ്കുവെച്ചപ്പോൾ രഞ്ജിത് ഥാപ്പ സ്വതവേ ഇടുങ്ങിയ കണ്ണുകൾ ഒന്നുകൂടി ഇറുക്കി പൊട്ടിച്ചിരിച്ചു. ''അന്ന് കളി കഴിഞ്ഞു ഞാൻ രണ്ടു ദിവസം കിടപ്പിലായി സുഹൃത്തേ. കാലിലെ പരിക്ക് അത്രയും ഗുരുതരമായിരുന്നു.'' ഒരു നിമിഷത്തെ മൗനത്തിനുശേഷം ഥാപ്പ കൂട്ടിച്ചേർത്തു: ''ചെറുപ്പത്തിന്റെ ചോരത്തിളപ്പുള്ള കാലമല്ലേ? കളിയായിരുന്നു എല്ലാം. ബൂട്ടണിഞ്ഞു മൈതാനത്തിലിറങ്ങിയാൽ പിന്നെ ഒന്നും ഓർമയുണ്ടാവില്ല. ലക്ഷ്യം എതിർഗോൾ വലയം മാത്രം. എനിക്ക് മാത്രമല്ല ശ്യാമിനും (ശ്യാം ഥാപ്പ), ബീർ ബഹാദൂറിനും ഭുപിക്കും (ഭുപീന്ദർ റാവത്ത്), അമറിനും (അമർ ബഹാദൂറിനും) ഒക്കെ. ഞങ്ങളെല്ലാം ഒരേ നാട്ടുകാർ. ഡെറാഡൂണിലെ മലഞ്ചരിവുകളിൽ കളിച്ചു വളർന്നവർ.''
ഗോൾദാഹികളായ ഗൂർഖകൾ
ശ്യാം ഥാപ്പയെ എങ്ങനെ മറക്കാനാകും? ശ്യാമും രഞ്ജിത്തും ജ്യേഷ്ഠാനുജന്മാർ ആണെന്ന് വിശ്വസിച്ചിരുന്നു ഒരുകാലത്ത്. പിന്നെയറിഞ്ഞു രക്തബന്ധത്തോളം തീവ്രമായ മറ്റൊരു പൊതുഘടകമുണ്ടായിരുന്നു അവർക്കിടയിലെന്ന് – ഗോൾദാഹം. 1970കളിലെ ദേശീയ ടീമിന്റെ മുന്നേറ്റനിരയിലെ വ്യാഘ്രങ്ങൾ ആയിരുന്നു ഇരുവരും.
ഇന്ത്യൻ ഫുട്ബാളിലെ എക്കാലത്തെയും സുന്ദരമായ ഗോളുകളിൽ ചിലത് പിറന്നുവീണത് ശ്യാം ഥാപ്പയുടെ ബൂട്ടിൽനിന്നാണ്. 1978ലെ കൊൽക്കത്ത ഫുട്ബാൾ ലീഗിൽ ഈസ്റ്റ് ബംഗാളിനെതിരെ മോഹൻ ബഗാനുവേണ്ടി നേടിയ സിസേഴ്സ് കിക്ക് ഗോൾ എങ്ങനെ മറക്കും? സുഭാഷ് ഭൗമിക്കിന്റെ എണ്ണം പറഞ്ഞ ഒരു ക്രോസിൽ പെനാൽറ്റി ഏരിയയുടെ പുറത്തുനിന്ന് ചാടിയുയർന്നു തലവെക്കുന്നു ഹബീബ്. ഹെഡർ നേരെ ചെന്നത് ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെനിന്നിരുന്ന ശ്യാമിന് മുന്നിലേക്ക്.
കഥാന്ത്യം ശ്യാം ഥാപ്പയുടെ തന്നെ വാക്കുകളിൽ:
''ഈസ്റ്റ് ബംഗാൾ പോസ്റ്റിനു മുഖം തിരിഞ്ഞുനിൽക്കുകയാണ് ഞാൻ. പന്ത് ഏതു നിമിഷവും മുന്നിൽ വന്നുവീഴാം. നിലത്തുവീണു ബൗൺസ് ചെയ്താൽ പിന്നെ 50-50 സാധ്യതയേയുള്ളൂ. അതിനു മുമ്പേ എങ്ങനെ പന്ത് നിയന്ത്രിച്ചെടുക്കാം എന്നായിരുന്നു അപ്പോൾ എന്റെ നോട്ടം. പിന്നിൽ പ്രതിരോധ ഭിത്തി പടുത്തുയർത്തുന്ന തിരക്കിലാണ് ഈസ്റ്റ് ബംഗാൾ കളിക്കാർ. പിന്നൊന്നും ചിന്തിച്ചില്ല. നിന്ന നിൽപിൽ ഉയർന്ന് ചാടി പന്ത് വലംകാൽകൊണ്ട് തലയ്ക്കു മുകളിലൂടെ വലയിലേക്ക് തൊടുത്തു. പുറംതിരിഞ്ഞുള്ള ആ ഷോട്ട് ഗോൾകീപ്പർ ഭാസ്കർ ഗാംഗുലി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഗ്രൗണ്ടിൽ മലർന്നടിച്ചു വീണതും കൂട്ടുകാർ ഓടിയെത്തി എന്നെ പൊതിഞ്ഞതും ഒരുമിച്ചായിരുന്നു. എന്റെ ഷോട്ട് ഗോളായി എന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്.''
അങ്ങനെ എത്രയെത്ര ഗോളുകൾ. കാലമേറെ ആയിരിക്കുന്നു കളിക്കളത്തിൽ ഒരു ഗൂർഖയുടെ വീരഗാഥ കേട്ടിട്ട് (സിരകളിലോടുന്നത് നേപ്പാളി രക്തമെങ്കിലും സെക്കന്തരാബാദുകാരൻ ആണല്ലോ സുനിൽ ഛേത്രി). ഡെറാഡൂണിൽ ഇപ്പോൾ പഴയപോലെ ഗോളുകളും ഗോളടിക്കാരും പിറക്കുന്നില്ല. കളിയുടെ ചൂടും പുകയും കെട്ടടങ്ങിയിരിക്കുന്നു അവിടെ. ഫുട്ബാൾ ലഹരി നുരഞ്ഞുപതഞ്ഞിരുന്ന നഗരവഴികളിലും നാട്ടുവഴികളിലും ഇന്നൊഴുകുന്നത് വിപ്ലവത്തിന്റെ ലഹരി; ഒപ്പം മയക്കുമരുന്നിന്റെയും.
അധിനിവേശങ്ങൾക്കെതിരായ ധീരമായ ചെറുത്തുനിൽപിന്റെ പ്രതീകമായിരുന്ന ഖുക്രി എന്ന ആ മൂർച്ചയേറിയ കത്തിപോലെ, തെരായ് എന്ന് പേരുള്ള ആ തലയെടുപ്പുള്ള കാക്കിത്തൊപ്പിപോലെ, ഗൂർഖയുടെ ജീവിതത്തിൽനിന്ന് മാഞ്ഞുകൊണ്ടിരിക്കുന്നു ഫുട്ബാൾ; ഫുട്ബാളിന്റെ ആകാശത്തുനിന്ന് ഗൂർഖയും.
90 മിനിറ്റ് റെഗുലേഷൻ ടൈമും ഇഞ്ചുറി ടൈമും കടന്ന് എക്സ്ട്രാ ടൈമിലേക്ക് കുതിക്കുകയാണ് ഓർമകൾ. ഓരോ ലോകകപ്പും കൊട്ടും കുരവയുമായി പൊടിപടലങ്ങളുയർത്തി കടന്നുവരുമ്പോൾ അറിയാതെ കോഴിക്കോടിന്റെ മണ്ണിലേക്ക് കുതിച്ചോടുന്നു മനസ്സ്.
പന്തുകളിയുടെ മാദകലഹരി നുണഞ്ഞു തുടങ്ങിയത് ഇവിടെനിന്നാണല്ലോ.