Begin typing your search above and press return to search.
proflie-avatar
Login

‘‘മറ്റുള്ളവരുടെ വാക്കു കേട്ട് കൊടിപിടിക്കാൻ പോകുന്ന കാലമൊക്കെ മാറി’’ -സി.ആർ. നീലകണ്​ഠ​ന്റെ ലേഖനത്തോടുള്ള പ്രതികരണം

‘‘മറ്റുള്ളവരുടെ വാക്കു കേട്ട് കൊടിപിടിക്കാൻ   പോകുന്ന കാലമൊക്കെ മാറി’’ -സി.ആർ. നീലകണ്​ഠ​ന്റെ ലേഖനത്തോടുള്ള പ്രതികരണം
cancel
ക​ുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട്​ ആഴ്​ചപ്പതിപ്പ്​ (ലക്കം: 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം.സി.ആർ. നീലകണ്​ഠ​ന്റെ ലേഖനത്തിലെ വാദങ്ങളെ വിമർശിക്കുകയാണ്​ ലേഖിക.

സാമൂഹികാധിഷ്ഠിത സംഘടനാസംവിധാനത്തിലൂടെ, സാമ്പത്തികമായും സാമൂഹികമായുമുള്ള സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി മുന്നേറുന്ന കുടുംബശ്രീ 25ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സ്ത്രീമുന്നേറ്റം വിജയകരമായ കാൽനൂറ്റാണ്ട് പിന്നിടുന്ന വേളയിൽ കുടുംബശ്രീയെക്കുറിച്ചു വിശദമായ വിശകലനത്തിന് പംക്തി നീക്കിവെച്ച ‘മാധ്യമം’ അഭിനന്ദനമർഹിക്കുന്നു. കുടുംബശ്രീയെക്കുറിച്ച് ഫീച്ചറുകൾ പ്രസിദ്ധീകരിക്കുന്ന പല മുഖ്യധാരാ മാധ്യമങ്ങളും പ്രതിലോമകരമായ രീതിയിലാണ് ഈ പെൺകൂട്ടായ്മയെ ചിത്രീകരിക്കാറുള്ളത്. സ്ത്രീകളുടെ കണ്ണീർക്കഥകൾ വിവരിച്ച് ദുർബലരെന്ന് മുദ്രകുത്താനും സഹതാപതരംഗം സൃഷ്ടിക്കാനുമാണ് പലപ്പോഴുമവ ശ്രമിച്ചത്. കുടുംബശ്രീയെന്നാൽ തൊഴിലുറപ്പിന്റെയും അച്ചാർ ഉണ്ടാക്കുന്നവരുടെയും മാത്രം സംഘടനയാണെന്ന് വിധിക്കുന്ന വികലബോധത്തിലേക്ക് അതിന്റെ അന്തസ്സത്തയറിയാത്തവരെ മാറ്റിത്തീർത്തതിൽ മാധ്യമങ്ങൾക്കുതന്നെയാണ് മുഖ്യപങ്ക്. അവിടെയാണ് ‘മാധ്യമം’ വേറിട്ട വഴിതെളിച്ചത്.

ആഴ്ചപ്പതിപ്പിന്റെ കുടുംബശ്രീ പതിപ്പിലെ സി.ആർ. നീലകണ്ഠന്റെ ലേഖനം വായിച്ചു. അനുകൂലിക്കാൻ നിരവധി കാരണങ്ങൾ അതിലുണ്ട്, ഒപ്പം എതിരഭിപ്രായങ്ങളും ഉണ്ട്. കേന്ദ്രസർക്കാർ പരിപാലിക്കുന്ന ദേശീയതലത്തിലുള്ള ഗ്രാമീണ ജീവനോപാധി സംരക്ഷണ പദ്ധതികളെ കുറിച്ച് ലേഖകൻ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, വെറുതെ സൂചനമാത്രമായി കടന്നുപോകേണ്ട ഒന്നല്ല അത്. ഇന്ത്യയുടെ തന്നെ വികസനത്തിന് അടിത്തറ പാകുന്ന ഘടകങ്ങളിൽ ഒന്നായി കുടുംബശ്രീ മാറിക്കൊണ്ടിരിക്കുകയാണ്. 22 സംസ്ഥാനങ്ങളിലാണ് കുടുംബശ്രീ എൻ.ആർ.ഒ ഇപ്പോൾ പ്രവർത്തനമേഖല വ്യാപിപ്പിച്ചിരിക്കുന്നത്. പ്രാദേശികതലത്തിൽ യുവതീയുവാക്കളെ പരിശീലിപ്പിച്ച് ഗ്രാമങ്ങളിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും അതിനുവേണ്ട പിന്തുണയും സഹായങ്ങളും നൽകുന്നതിനുമായി കുടുംബശ്രീ എൻ.ആർ.ഒ ഈ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പതിനായിരക്കണക്കിന് സംരംഭങ്ങളാണ് ഇന്ത്യൻ ഗ്രാമങ്ങളിൽ കുടുംബശ്രീ വഴി തുടങ്ങിയിട്ടുള്ളത്. അതിലൂടെ ബിഹാറും ഝാർഖണ്ഡും പോലുള്ള ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ദാരിദ്ര്യത്തെ ഒരു പരിധിവരെ കുറച്ചുകൊണ്ടുവരാൻ കേരളവും കൈകോർക്കുകയാണ്.

1998ൽ കുടുംബശ്രീയുടെ ആരംഭകാലത്ത് സ്ത്രീകളെ ഒരുമിച്ചുകൂട്ടുകയും അവരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെ ഭൂരിപക്ഷം ആളുകളും കുടുംബശ്രീയെ സംശയത്തോടെയാണ് കണ്ടിരുന്നത്. കുടുംബങ്ങളിൽ ആണുങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്നതായിരുന്നു പലരുടെയും പേടി. പല കുടുംബശ്രീ പ്രവർത്തകരും പലയിടത്തും ആക്രമിക്കപ്പെട്ടു. എന്നിട്ടും കുടുംബശ്രീ വളർന്നു. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കും മതസംഘടനകൾക്കും മാറ്റിനിർത്താൻ കഴിയാത്തത്ര പന്തലിച്ചു. കുടുംബശ്രീക്കെതിരെ ബഹളംവെച്ചവരെല്ലാം കുടുംബശ്രീക്കാരായി. സാമ്പത്തിക-സാമൂഹിക രംഗങ്ങളിൽ കുടുംബശ്രീ കൈവരിച്ച നേട്ടങ്ങൾ മറ്റേതൊരു സ്ത്രീ സംഘടനക്കും അവകാശപ്പെടാനോ സ്വപ്നം കാണാനോ കഴിയുന്നതിനും അപ്പുറത്താണ്.

ലൈംഗിക അതിക്രമങ്ങളും ഗാർഹിക പീഡനങ്ങളും ഉൾപ്പെടെ വീട്ടകങ്ങളിൽ അമർത്തിയൊളിപ്പിച്ചിരുന്ന പലകാര്യങ്ങളും ഇന്ന് പുറംലോകത്ത് ചർച്ചചെയ്യപ്പെടാനുള്ള ഒരു കാരണം അയൽക്കൂട്ട കൂട്ടായ്മകളാണ്. കുടുംബങ്ങളെ സാമ്പത്തികമായും സാമൂഹികമായും ശാക്തീകരിക്കാൻ കുടുംബശ്രീ നടത്തിയ ശ്രമം നിസ്സാരവത്കരിക്കാനാവില്ല. ഇതൊന്നും പെണ്ണുങ്ങളെ കൊണ്ടാവില്ല എന്ന് പരിഹസിച്ചവർ ധാരാളമുണ്ട്. എന്നിട്ടും സ്വന്തം അവകാശങ്ങൾ തിരിച്ചറിയാനും അത് ലഭിക്കാത്തപക്ഷം ചോദിച്ചുവാങ്ങാനും കഴിയുന്ന വിധത്തിൽ കേരളത്തിലെ സ്ത്രീകളുടെ മനോവീര്യമുയർത്താൻ കുടുംബശ്രീയുടെ ബോധവത്കരണ പരിപാടികൾക്കും പരിശീലനങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. പറഞ്ഞുവന്നത് ചുരുക്കാം. കുടുംബത്തിനകത്തെ വിവേചനങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നത് ശരിയാണ്. സാമൂഹികമായ വിവേചനങ്ങൾക്ക് പരിഹാരം കാണണമെന്ന് പറയുന്നതുപോലെ തന്നെ പ്രധാനമാണ് കുടുംബത്തിനകത്തെ അസമത്വം അവസാനിപ്പിക്കണമെന്നതും. സ്ത്രീകൾ ഏറ്റവും കൂടുതൽ അസമത്വം അനുഭവിക്കുന്നത് സ്വന്തം വീടുകളിൽതന്നെയാണ്. ആ വിഷയം മറ്റൊരവസരത്തിൽ തനിച്ച് ചർച്ചചെയ്യേണ്ടത്ര ഗഹനമാണ്.

കുടുംബശ്രീ അയൽക്കൂട്ടങ്ങൾ അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള വേദികൂടിയാണ്. ബോധവത്കരണത്തിലൂടെയും നിയമസഹായം ലഭ്യമാക്കുന്നതിലൂടെയും ഗാർഹിക പീഡനങ്ങൾ ഒരു പരിധിവരെ കുറക്കാൻ അയൽക്കൂട്ടങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അത് പരാമർശിക്കാൻ ലേഖകൻ വിട്ടുപോയി. ആഴ്ചതോറും ഉള്ള കൂടിയിരിപ്പുകളിൽ വെറും സാമ്പത്തിക കാര്യങ്ങൾ മാത്രമല്ല ചർച്ചചെയ്യപ്പെടുന്നത്. അംഗങ്ങളുടെ വീടുകളിൽ മാറിമാറി അയൽക്കൂട്ടം കൂടുന്നതുവഴി എല്ലാ വീടുകളുടെയും അവസ്ഥകൾ പരസ്പരം അറിയുകയും പല കുടുംബപ്രശ്നങ്ങൾക്കും പരിഹാരം കാണുകയുംചെയ്യുന്നുണ്ട്. സാമ്പത്തികമായും സാമൂഹികമായും അയൽക്കൂട്ട അംഗങ്ങൾക്ക് പരസ്പരം താങ്ങായി നിൽക്കാൻ സാധിക്കുന്നുണ്ട്.

കുടുംബശ്രീക്ക് സ്ത്രീ ശാക്തീകരണം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ലേഖകൻ നിരീക്ഷിക്കുന്നത്. ഇരുപതു വർഷം മുമ്പത്തെ കേരളത്തിലെ സ്ത്രീകളുടെ സാമൂഹികജീവിതവും ഇന്നത്തെ ജീവിതവും തമ്മിലുള്ള വ്യത്യാസം സാധ്യമാക്കുന്നതിൽ കുടുംബശ്രീ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ ജെൻഡർ സെൽഫ് ലേണിങ് പ്രോഗ്രാമുകൾ അദ്ദേഹത്തിനറിയാത്തതാവില്ല എന്ന് കരുതുന്നു. സ്ത്രീശാക്തീകരണം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാകുന്നില്ല.

ഇന്ന് കുടുംബത്തിനകത്തും പുറത്തും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് സ്ത്രീകൾക്കുണ്ട്. നിലവിലെ സാമൂഹികാവസ്ഥ വെച്ച് സാവധാനത്തിൽ മാത്രമേ കേരളത്തിൽ സമ്പൂർണ സ്ത്രീശാക്തീകരണം നടപ്പാകുകയുള്ളൂ എന്നാണ് എന്റെ നിരീക്ഷണം. മറിച്ച്, ഒരു സ്വിച്ച് ഇട്ടാൽ സ്ത്രീ ശാക്തീകരണം നടപ്പാക്കാനാവുന്ന സംസ്ഥാനമാണ് കേരളം എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടോ?

രാഷ്ട്രീയ പാർട്ടികളുടെ കൊടിപിടിക്കാൻവേണ്ടി കുടുംബശ്രീയിലെ സ്ത്രീകളെ ഉപയോഗിക്കുന്നു എന്നാണ് ലേഖകൻ അവസാനമായി പറഞ്ഞുവെക്കുന്നത്. അദ്ദേഹം ഏതു കാലത്തെ സ്ത്രീകളെ കുറിച്ചാണ് അങ്ങനെ മനസ്സിലാക്കിയതെന്നറിയില്ല. വ്യക്തവും വ്യത്യസ്തവുമായ കക്ഷിരാഷ്ട്രീയ ബോധ്യങ്ങളുള്ള സ്ത്രീകളാണ് ഇന്ന് കുടുംബശ്രീയിൽ ഉള്ളത്. വാർഡ് മെംബർ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ അധികാരസ്ഥാനങ്ങളിലൊക്കെ കുടുംബശ്രീയിലെ സ്ത്രീകൾ മത്സരിക്കുകയും വിജയിക്കുകയും ചെയ്യുന്നുണ്ട്. അവർ മറ്റുള്ളവരുടെ വാക്കു കേട്ട് കൊടി പിടിക്കാൻ പോകുന്ന കാലമൊക്കെ മാറിപ്പോയി. വർത്തമാനകാലത്തെ കുടുംബശ്രീയെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും ഒന്നുകൂടി പഠിച്ചതിനുശേഷം അദ്ദേഹം ആ ലേഖനം എഴുതിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.

സി.ആർ. നീലകണ്​ഠ​ൻ എഴുതിയ ലേഖനം വായിക്കാം -കു​ടും​ബ​ശ്രീ കാ​ൽ നൂ​റ്റാ​ണ്ടു​കൊ​ണ്ട് എ​ന്തു നേ​ടി​?

Show More expand_more