കനൽവഴികൾ താണ്ടി ഖത്തർ ഒരുങ്ങുന്നു; ലോകത്തെ ഉന്മാദത്തോളമെത്തിക്കാൻ
2022 ഡിസംബർ 18 ന് ഖത്തർ ലോകകപ്പിന്റെ ഫൈനൽ വിസിൽ മുഴങ്ങുേമ്പാൾ കപ്പുമായി വിജയ നൃത്തം ചെയ്യുന്നത് ഏതു രാജ്യമായാലും ഈ ലോകകപ്പിലെ ഒരേയൊരു വിജയി ആതിഥേയരായ ഖത്തർ മാത്രമാകും... അലാവുദ്ദീന്റെ അത്ഭുത വിളക്ക് നൽകുന്ന വിസ്മയങ്ങൾക്കും അപ്പുറമാണ് ലോകകപ്പ് കാഴ്ചവെക്കുന്ന അതിശയങ്ങൾ. ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കായിക വിസ്മയമാകാൻ ഈ ചെറിയ രാജ്യം കാഴ്ചവെക്കുന്ന സമാനതകളില്ലാത്ത ഒരുക്കങ്ങൾ ചരിത്രമാവുകയാണ്.
പതിനൊന്നു വര്‍ഷം മുമ്പ്, 2010 ഡിസംബര്‍ ഒന്നിന്, ലോക ഫുട്ബാളിന്റെ ആസ്ഥാനമായ സ്വിറ്റ്സര്‍ലൻഡിലെ സൂറിച്ചിൽ ഒരു വനിതാശബ്ദം മുഴങ്ങുകയുണ്ടായി. 2022ലെ ലോകകപ്പിന് വേദിയൊരുക്കാന്‍ തയാറായി രംഗത്തുവന്ന സ്റ്റേറ്റ് ഓഫ് ഖത്തര്‍ എന്ന കൊച്ചു ഗള്‍ഫ് രാജ്യത്തിെൻറ പ്രഥമ വനിത ശൈഖ മോസ ബിന്ത് നാസര്‍ ഫിഫ പ്രസിഡൻറ് സെപ് ബ്ലാറ്റർ അടക്കമുള്ള ലോക ഫുട്ബാൾ സംഘടനയുടെ ഭരണസമിതി അംഗങ്ങൾക്കും അന്താരാഷ്ട്ര ഡെലിഗേഷനും മുമ്പാകെ ഫൈനല്‍ ബിഡ് സമര്‍പ്പിച്ചു നടത്തിയ വൈകാരികമായ പ്രസംഗമായിരുന്നു അത്.
ശൈഖ മോസ പ്രസംഗം തുടങ്ങിയത് ഇങ്ങനെ: ''ബഹുമാനപ്പെട്ട കമ്മിറ്റി മുമ്പാകെ ഞാൻ ഒരു ചോദ്യം ഉന്നയിക്കുകയാണ്. മധ്യപൗരസ്ത്യദേശത്തേക്ക് ഫുട്ബാള്‍ ലോകകപ്പ് എന്നാണ് വിരുന്നുവരുക? ഞങ്ങളുടെ ലോകത്തിന്, ഞങ്ങളുടെ പ്രദേശത്തിന്, ഞങ്ങളുടെ സംസ്കാരത്തിന് ഈ ലോക മാമാങ്കം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് എപ്പോഴാണ് ബോധ്യപ്പെടുക? ഇത്തരം ചോദ്യങ്ങള്‍ മുമ്പും ഫിഫക്ക് മുമ്പാകെ ഉന്നയിക്കപ്പെടുകയും വ്യക്തമായ മറുപടി നല്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1930ല്‍ ലാറ്റിനമേരിക്കയെയും 1994ല്‍ വടക്കേ അമേരിക്കയെയും 2002ല്‍ ഏഷ്യയെയും 2010ല്‍ ആഫ്രിക്കയെയും ഫിഫ ആദരിച്ചത് അവിടെത്ത ജനങ്ങൾക്ക് ലോക ഫുട്ബാള്‍ മാമാങ്കം സമ്മാനിച്ചുകൊണ്ടായിരുന്നു. ഓരോ ഘട്ടത്തിലും വ്യക്തമായ അവബോധത്തോടെയും മികച്ച തീരുമാനങ്ങളിലൂടെയും ഫിഫ തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചു. ലോക ഫുട്ബാളിലെ ഏറ്റവും വലിയ മേളയെ അതിനെ ഏറെ സ്നേഹിക്കുന്ന മധ്യപൗരസ്ത്യദേശത്തിന് സമ്മാനിക്കുകയെന്ന മഹത്തായ ദൗത്യമാണ് ഇനി ഫിഫക്ക് നിർവഹിക്കാനുള്ളത് എന്നു ഞാന്‍ കരുതുന്നു. അത് യാഥാര്‍ഥ്യമാകുമെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങൾ. ഒരു രാജ്യവും ഒരു ജനതയും ഒരു സംസ്കാരവും അതിനായി കാത്തിരിക്കുന്നു.''
ആ അവതരണത്തിനുശേഷം അന്നത്തെ ഫിഫ പ്രസിഡൻറ് സെപ് ബ്ലാറ്ററുടെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു:
''ദ വിന്നർ ഈസ് ഖത്തർ.''2022 ലോക കപ്പിെൻറ വേദിയായി മധ്യപൂർവ ഏഷ്യയിലെ കൊച്ചു രാജ്യമായ ഖത്തറിനെ തെരഞ്ഞെടുത്തുകൊണ്ടുള്ള അന്നത്തെ ഫിഫ പ്രസിഡൻറ് സെപ് ബ്ലാറ്ററിന്റെ ചരിത്രപ്രസിദ്ധ പ്രഖ്യാപനം !
തുടർന്ന് ലോകകപ്പിനായി ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയും പ്രകൃതി സംരക്ഷണ രീതിയും ഞങ്ങളൊരുക്കുമെന്ന് ഖത്തർ പറഞ്ഞപ്പോൾ ആലങ്കാരിക വാക്കുകളായി എല്ലാവരും കരുതി. എന്നാൽ, കൃത്യം 10 വർഷം കഴിഞ്ഞപ്പോഴേക്കും ഖത്തർ പുതിയ ലോകമായി. സ്പോർട്സിലെ ശാസ്ത്ര -സാങ്കേതിക വിദ്യകളുടെ പരമോന്നത വിനിയോഗം ഇന്നിവിടെ കാണുന്നു. ഖത്തർ എന്ന കൊച്ചു രാജ്യം ലോകത്തിെൻറ നെറുകയിൽ പുതിയ കായിക ചരിത്രമെഴുതും. ഫുട്ബാൾ എന്ന മനോഹര സൃഷ്ടി മധ്യപൂർവേഷ്യൻ മേഖലയിലെ ഹൃദയവികാരമാകും.
തീരെ ചെറുതും, ലോകകപ്പിൽ ഒരിക്കൽപോലും പങ്കെടുത്തിട്ടുമില്ലാത്തതുമായ ഒരു രാജ്യത്തിന് എങ്ങനെ ലോകമേള വിജയകരമായി സംഘടിപ്പിക്കാനാകും. അത്തരം ആശങ്കകൾ മറികടക്കണമെങ്കിൽ കൊച്ചു അറബി രാജ്യം ഏതറ്റംവരെ വിട്ടുവീഴ്ചകൾക്ക് തയാറാവണം. ആ സഹനത്തിനു സാംസ്കാരിക സന്തുലിതാവസ്ഥ നിലനിർത്തുവാനാകുമോ... ലോകത്തെ ആശങ്കപ്പെടുത്തിയ ചോദ്യങ്ങൾ ഏറെയായിരുന്നു. എന്നാൽ, സംസ്കാരത്തിനും പാരമ്പര്യത്തിനും ആചാരങ്ങൾക്കും അപ്പുറം ഫുട്ബാൾ എന്ന വികാരത്തെയും അവർ ചേർത്തുപിടിക്കുകയാണ്. 'അറബിയും ഒട്ടകവും' എന്ന ചൊല്ല് ഖത്തർ ലോകകപ്പിലൂടെ 'അറബിയും ഫുട്ബാളും എന്നതിലേക്കു വഴിമാറും..!'
പ്രതിബന്ധങ്ങളെ ഡ്രിബ്ൾ ചെയ്ത് ഖത്തർ
സാധാരണഗതിയിൽ വേദി അനുവദിച്ചുകിട്ടാനുള്ള ബിഡിൽ പങ്കാളികളാവുകയും അതിൽ പിന്തള്ളപ്പെടുകയും ചെയ്യുന്ന മറ്റു രാജ്യങ്ങൾ സ്പോർട്സ്മാൻഷിപ്പോടെ, തങ്ങൾക്ക് പിന്നീടൊരു അവസരമാകാമെന്നു കരുതി വിജയികളെ അഭിനന്ദിക്കുകയും മത്സര നടത്തിപ്പിന് സർവവിധ പിന്തുണകളും അറിയിക്കുകയുമാണ് പതിവ്. എന്നാലിവിടെ ആ പ്രഖ്യാപനം കേട്ട ഉടൻ ഒപ്പം അപേക്ഷകരായിട്ടുണ്ടായിരുന്ന അമേരിക്കയടക്കം പടിഞ്ഞാറൻ ശക്തികൾ ഒന്നടങ്കം ഖത്തറിന് എതിരെ അണിനിരക്കുകയായിരുന്നു, ആ തീരുമാനം നടപ്പാക്കാതിരിക്കാനായി. വേദി മാറ്റിയെടുക്കാനായി, സകലവിധ സൂചന മര്യാദകളും അവർ കാറ്റിൽ പറത്തി.
ആരോപണങ്ങളുടെ പെരുമഴയായിരുന്നു പിന്നീട്. ഖത്തറിനെപ്പോലെ 'മനുഷ്യാവകാശ ലംഘനം' നടത്തുന്ന ഒരു രാജ്യത്തെങ്ങനെ സുരക്ഷിതമായി മത്സരങ്ങൾ നടത്തും? അവിടത്തെ കൊടുംചൂടിൽ പാശ്ചാത്യർ എങ്ങനെ പന്തുതട്ടും? കുറഞ്ഞ വിസ്തൃതിയുള്ള രാജ്യം എങ്ങനെ ഇത്രയധികം പേരെ ഉൾക്കൊള്ളും? അതിനു പറ്റിയ ഗതാഗത സൗകര്യങ്ങൾ അവർക്കുണ്ടോ? അവരുടെ 'മതാധിഷ്ഠിത' രാഷ്ട്രീയ, സാംസ്കാരിക സംവിധാനം ലോകകപ്പിലെ സങ്കര സംസ്കാരം എങ്ങനെ സഹിക്കും?
കേവലം രണ്ടു ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള ഒരു രാജ്യത്തിന് ഒന്നര മില്യൻ അതിഥികളെ എങ്ങനെ സ്വീകരിക്കാനാവും... അങ്ങനെ എണ്ണിയാൽ തീരാത്തത്ര സംശയങ്ങളും ആരോപണങ്ങളും അവർ ഉയർത്തി. അവിടെ തീർന്നില്ല, ഇതേ സംശയങ്ങൾ ഉയർത്തി അന്ന് ജർമൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിസൻറും പ്രമുഖ നിയമജ്ഞനുമായ തിയോ സ്വാൻസിഗർ കോടതിയെ സമീപിച്ചു. മത്സര അവകാശം റദ്ദുചെയ്യണമെന്ന ആവശ്യവുമായി ഫിഫയിൽ ഉന്നത സ്ഥാനത്തുണ്ടായിരുന്ന അമേരിക്കൻ പ്രതിനിധി ജർമൻകാരനെ സഹായിക്കാൻ തെളിവുകളുമായി രംഗത്തുവന്നു.
അന്നത്തെ ഫിഫ വൈസ് പ്രസിഡൻറ് ഖത്തറുകാരനായ ബിൻ ഹമാം സെപ് ബ്ലാറ്റർ അടക്കമുള്ളവർക്ക് ശതകോടികൾ കൈമാറിയാണ് വേദി വിലക്കെടുത്തതെന്ന ആരോപണം വരെ ഉന്നയിക്കപ്പെട്ടു. കേട്ടുകേൾവിയില്ലാത്തവിധം അമേരിക്കൻ നീതിന്യായ വകുപ്പും എഫ്.ബി.ഐയും ഖത്തർ സംഘാടക സമിതിക്കെതിരെ നിയമ നടപടികളിലേക്ക് നീങ്ങി. ഇതൊന്നും പോരാഞ്ഞ് ഉപരോധവും ഖത്തറിനെതിരെ എത്തി. എത്ര വലിയ രാജ്യമായാലും പിടിച്ചുനിൽക്കാനാവാത്ത പ്രതിസന്ധികൾ...
അപ്പോഴൊന്നും ഒരിഞ്ചുപോലും കുലുങ്ങാതെ, കായിക സംസ്കാരത്തിന് ജീവിതത്തിൽ വലിയ സ്ഥാനം നൽകുന്ന ആ കൊച്ചു രാജ്യം ചരിത്ര നിയോഗം തേൻറടത്തോടെ ഏറ്റെടുത്ത് മുന്നോട്ടു നീങ്ങി. എതിരാളികളുടെ ആദ്യ ആരോപണമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തീർക്കാൻ രാജ്യം മുഴുവൻ നിർമാണ ഭൂമിയാക്കി മാറ്റി. അപ്പോഴാണ് അമേരിക്കക്കാർക്കൊപ്പം ചേർന്ന് ആംനസ്റ്റി ഇൻറർനാഷനലും മറ്റു മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നത്. നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദേശ തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾപോലും നൽകുന്നില്ല, അത്തരം ആയിരക്കണക്കിനു തൊഴിലാളികൾ അവിടെ മരിച്ചുവീഴുന്നു എന്നൊക്കെയായിരുന്നു പുതിയ ആരോപണങ്ങൾ.
അതിലൊന്നും വാസ്തവമില്ലെന്നും പെരുപ്പിച്ചുകാട്ടിയ കണക്കുകളാണെന്നും രേഖകൾ നിരത്തി ഖത്തർ പൊളിച്ചടുക്കി. കൂടുതൽ സൗകര്യങ്ങൾ നൽകി യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങി. അപ്പോഴേക്കും അഴിമതി ആരോപണത്തെ തുടർന്ന് സെപ് ബ്ലാറ്റർ ഫിഫ പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്തായി. ഒപ്പം ഖത്തറുകാരനായ വൈസ് പ്രസിഡൻറ് ഹമാം ആജീവനാന്തം ഫുട്ബാൾ രംഗത്തുനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.
പുതിയ ഫിഫ പ്രസിഡൻറ് ജോവാനി ഇൻഫൻറിനോയുടെ അരങ്ങേറ്റംതന്നെ കൗതുകകരമായൊരു പ്രഖ്യാപനത്തോടെയായിരുന്നു. അത് വീണ്ടും ഖത്തറിന് ആശങ്കയുടെ നാളുകൾ സമ്മാനിച്ചു. മത്സരങ്ങളുടെ ഇപ്പോഴത്തെ ഘടന മാറ്റി 48 ടീമുകളെ ഉൾപ്പെടുത്തി ഫുട്ബാൾ ലോക കപ്പ് നടത്തും. വേദികൾ ഒമാൻ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ എന്നിവയുമായി പങ്കിടണം. ഖത്തർ ലോകകപ്പ് മധ്യേഷ്യൻ ലോകകപ്പാവുന്ന അവസ്ഥ!
അതുകൊണ്ടും കുലുങ്ങാതെ ഖത്തർ ശാന്തരായി മുന്നോട്ടു പോയി. ആദ്യം ഇൻഫൻറിനോ തന്നെ തീരുമാനം മാറ്റിയതായി അറിയിച്ചു. ടീം വിപുലീകരണം അടുത്ത കാനഡ-മെക്സികോ-അമേരിക്ക ലോകകപ്പിലേക്കു മാറ്റി. നിയമനടപടികൾക്കു പോയ ജർമൻകാരൻ പ്രസിഡൻറിന് തോറ്റ് നാണംകെട്ട് കോടതിയുടെ പടിയിറങ്ങേണ്ടിവന്നു. അയാൾക്ക് ജർമൻ ഫുട്ബാൾ പ്രസിഡൻറ് സ്ഥാനവും അതോടെ നഷ്ടമായി.ഫീനിക്സ് പക്ഷിയെപ്പോലുള്ള ഖത്തറിന്റെ ഉയിർത്തെഴുന്നേൽപാണ് പിന്നീട് ലോകം കണ്ടത്.
ഫുട്ബാൾ ഇവിടെ ആദരിക്കപ്പെടുന്നു
പുതിയ സ്റ്റേഡിയങ്ങൾ നിർമിച്ച് അവിടെ ലോകകപ്പ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ആധുനിക ലോകത്ത് സർവ സാധാരണമാണ്. എന്നാൽ ഒരു നഗരം, അതും അത്യാധുനിക സൗകര്യങ്ങളോടെ, വരും നൂറ്റാണ്ടിലെ പരിഷ്കാരങ്ങൾകൂടി ഉൾക്കൊണ്ട് നിർമിച്ച് അവിടെ ഫുട്ബാൾ മത്സരങ്ങൾ നടത്തുക എന്നത് അതിശയിപ്പിക്കുന്നതാണ്. ഖത്തറിന് മാത്രം കഴിയുന്ന വിസ്മയം. 45 ബില്യൺ അമേരിക്കൻ ഡോളർ ചെലവിൽ നിർമിക്കുന്ന ഈ വിസ്മയ പ്രദേശത്ത് നാലര ലക്ഷം പേർക്ക് ജീവിക്കാനുള്ള ആഡംബര സൗകര്യങ്ങളുണ്ട്. പാർപ്പിട സമുച്ചയങ്ങളും പാർക്കുകളും ആധുനിക യാത്രാ സൗകര്യങ്ങളും നൂറുകണക്കിന് റസ്റ്റാറൻറുകളും ഷോപ്പിങ് മാളുകളുമായി ദോഹയുടെ ഉത്തരഭാഗത്തെ ആ മരുഭൂമി കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലാണ് 38 ചതുരശ്ര മൈൽ വലുപ്പമുള്ള ലുസൈൽ നഗരമായി മാറുന്നത്. അവിടെയാണ് ചരിത്രത്തിന്റെ ഭാഗമാകുന്ന സമാപന മത്സരം.
വിസ്മയങ്ങൾ ഒരുപാട് ഒളിപ്പിച്ചാണ് ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ ഐകണിക് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. പേരുപോലൊരു പ്രതിബിബം തന്നെ. ലോകകപ്പ് ഫൈനൽ നടക്കുന്ന സ്റ്റേഡിയങ്ങൾക്ക് ഒരുപാട് പവിത്രതയുണ്ട്. പിൽക്കാലത്തു ആ രാജ്യത്തിന്റെ ഏറ്റവും വലിയ സ്മാരക അടയാളമായതു മാറും. ഒളിമ്പിക് സ്റ്റേഡിയങ്ങളുടെ ഗണത്തിലാകും പിന്നീടുള്ള അതിെൻറ സ്ഥാനം. ചരിത്ര സ്മാരകമായി മാറുന്ന ഖത്തർ ലോകകപ്പ് ഫൈനൽ സ്റ്റേഡിയത്തെ മധ്യപൂർവ ഏഷ്യയിലെ ഏറ്റവും മനോഹരവും കാര്യക്ഷമവുമമായ കായിക വേദിയായിട്ടു തന്നെയാണ് അണിയിച്ച് ഒരുക്കിയിരിക്കുന്നത്. ഒരു കളിക്കളം എന്നതിലേറെ ഭാവിയുടെ മുതൽക്കൂട്ടായി മാറിയേക്കാവുന്ന ഒരു ചെറുനഗരമായിട്ടാണ് അവിടം വികസിപ്പിച്ചിരിക്കുന്നത്. ദോഹ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ മാത്രം അകലമുള്ള ലുസൈൽ നഗരത്തിലെ വിശാലമായ സമുച്ചയത്തിലാണ് 80,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ കായിക വിസ്മയം സ്ഥിതി ചെയ്യുന്നത്.
കൂൾ ഖത്തർ
ഖത്തറിലെ കടുത്ത ചൂട് കാലാവസ്ഥയുടെ പേരിൽ ആശങ്കപ്പെട്ടവരെ ഒരു കളി നഗരം ഒന്നടങ്കം ഏതു കാലാവസ്ഥയിലും നിശ്ചിത ചൂടിൽ ക്രമീകരിച്ചുകൊണ്ട് ഖത്തർ വിസ്മയിപ്പിച്ചു. കളിക്കുന്നവർക്കും കളികാണുന്നവർക്കും 21 മുതൽ 24 വരെയുള്ള എയർകണ്ടീഷണർ നൽകുന്ന ചൂടിന്റെ അതെ നിലവാരത്തിൽ കാലാവസ്ഥ ക്രമീകരിച്ചിരിക്കുന്നു. കേട്ടുകേൾവിയില്ലാത്ത ഒരനുഭവം. കളിക്കളത്തിലേക്കുള്ള പ്രവേശനത്തിരക്ക് നിയന്ത്രിക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രവേശന കവാടങ്ങളും, അവിടെ നിന്ന് സ്റ്റേഡിയം ഗേറ്റിലേക്ക് നിരവധി ചെറു ടണലുകളും ജലധാരായന്ത്രങ്ങളുടെ അകമ്പടിയുള്ള ആറു ചെറു പാലങ്ങളും സജ്ജീകരിച്ചു. അറുപതിനായിരം പേർ ഒരുമിച്ചു കളികാണാൻ എത്തിയാലും അതു കഴിഞ്ഞ് മടങ്ങിപ്പോയാലും അതിെൻറയൊന്നും അസ്വസ്ഥത കളികാണുന്നവർക്കും സംഘാടകർക്കും ഉണ്ടാകാത്ത വിധമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ടിക്കറ്റിലെ അറിയിപ്പിനു പുറമെ കളിക്കളത്തിനുള്ളിലെ ഓരോ എൻട്രി ഗേറ്റിലും ആരൊക്കെ ഏതു വഴിയിലൂടെ അകത്തും പുറത്തും കടക്കണം എന്നുള്ളതിനുള്ള നിർദേശങ്ങളുമുണ്ടാവും. അതുപോലെ പഴുതടച്ച ഗതാഗത ശൃംഖലയും സജ്ജീകരിച്ചിട്ടുണ്ട്.
നിർമിതികളിൽ പലതും താൽക്കാലികവും പ്രകൃതിക്ക് ഹാനികരമാകാത്ത വിധവുമാണ്. ഏതു നേരവും അഴിച്ചു മറ്റിടങ്ങളിൽ സ്ഥാപിക്കാവുന്ന സൗകര്യത്തിലുമാണ് നിർമാണം. മത്സര കാലഘട്ടത്തിൽ വിദേശികൾ പാർക്കുന്നിടത്ത് മദ്യനിരോധനം ബാധകമാക്കില്ലെന്നും അവർക്കിഷ്ടമുള്ള പരമ്പരാഗത വേഷങ്ങൾ അണിയുന്നത് തടയില്ലെന്നും സംഘാടകർ പ്രഖ്യാപിച്ചു. ഇവിടെയാണ് ഖത്തർ ഭരണകൂടത്തിന്റെയും ജനതയുടെയും വിട്ടുവീഴ്ചകളുടെയും സഹനത്തിന്റെയും വലുപ്പം നാം അറിയുന്നത്.
കളി നഗരങ്ങൾ തീരെ ചെറിയ പട്ടണങ്ങൾ ആയതുകൊണ്ട് മത്സരങ്ങൾ കാണാനെത്തുന്ന ലക്ഷക്കണക്കിന് വിദേശ പൗരന്മാർക്ക് ആവശ്യത്തിനുള്ള പാർപ്പിടങ്ങൾ നൽകുവാൻ കഴിയുകയിെല്ലന്ന സന്ദേഹവും പരിഹരിച്ചു. സമുദ്രതീരമായ ഖത്തർ ലക്ഷങ്ങളെ ഉൾക്കൊള്ളുന്നവിധം ആഡംബര ക്രൂയിസ് ഷിപ്പുകൾ പാർപ്പിടങ്ങളായി സജ്ജീകരിക്കുമെന്നും പന്തുകളിയെ നെഞ്ചോടു ചേർത്തിട്ടുള്ള ഓരോ ഖത്തറുകാരനും അവന്റെ ഭവനങ്ങൾ അതിഥികളുമായി പങ്കിടുമെന്നും അതൊരു ഹൃദയം പങ്കിടലാകുമെന്നും സംഘാടക സമിതി പ്രഖ്യാപിച്ചത് ഖത്തർ ജനത ഏറ്റെടുത്തു. ഒപ്പം നിരവധി ആഡംബര ഹോട്ടലുകൾ വിസ്മയ വേഗത്തിൽ പണിതുയർത്തി.
ഖത്തർ ഒരു വിസ്മയ ലോകമായി മാറുകയാണ്. ലോകം ഒഴുകിയെത്തുന്നത് ഖത്തറിലേക്കല്ല, ഖത്തരികളുടെ ഹൃദയത്തിലേക്കായിരിക്കും. ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത ആഡംബരവും സൗകര്യങ്ങളും സ്നേഹവും പരിചരണവുമാവും അവരെ കാത്തിരിക്കുന്നത്. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയുള്ള കാലം ലോകം ഖത്തറിലേക്ക് ചുരുങ്ങും. ഭാഷകളും ദേശങ്ങളും വൻകരകളും വംശങ്ങളും അവിടെ സൗഹൃദത്തിെൻറയും മാനവികതയുടെയും കഹ്വ നുണയും.