മഴവില്ലുമായി യൂറോപ്, പരവതാനികളുമായി ഇറാൻ; ലോകകപ്പിലെ രാഷ്ട്രീയക്കളികൾ
മൈതാനത്തിൽ ഒതുങ്ങാത്ത കളിയാണ് എന്നും കാൽപന്ത്. രാജ്യതാൽപര്യങ്ങളും ദേശീയതയും വംശീയതയും വർണവുമെല്ലാം ഫുട്ബാളിലെ ഒാരോ ഉരുളലിലും അടങ്ങിയിരിക്കുന്നു. രാഷ്ട്രീയ താൽപര്യങ്ങൾ എങ്ങനെയൊക്കെയാവും ഖത്തർ ലോകകപ്പിൽ ഉൾച്ചേരുക? കളിക്കളത്തിൽ ഉയരുന്ന മുദ്രാവാക്യം ഏത് ഗോൾപോസ്റ്റിലേക്കാണ് പായുക?
2022 ഡിസംബർ 3. റാസ് അബൂഅബൂദിലെ കണ്ടെയ്നറുകൾ ചേർത്തൊരുക്കിയ മൈതാനത്തെ വിളക്കുമരങ്ങൾക്കുതാഴെ സ്വിറ്റ്സർലൻഡും സെർബിയയും ഏറ്റുമുട്ടും. ഒറ്റനോട്ടത്തിൽ ഫിഫ റാങ്കിങ്ങിൽ 15ഉം 21ഉം സ്ഥാനങ്ങളിലുള്ള രണ്ടു ടീമുകൾ തമ്മിലുള്ള സാധാരണ ഗ്രൂപ്പ് മത്സരം. സ്വിസ് തലസ്ഥാനമായ ബേണിൽനിന്ന് സെർബിയയുടെ തലസ്ഥാന നഗരിയായ ബെൽഗ്രേഡിലേക്ക് ഗൂഗിൾമാപിനി പ്രകാരം 1248 കിലോമീറ്റർ ദൂരമുണ്ട്. ജിയോ പൊളിറ്റിക്കലായിപ്പോലും ബന്ധമില്ലാതെ കിടക്കുന്ന രണ്ടു രാജ്യങ്ങൾ. എന്നിട്ടും ഈ മത്സരത്തിലേക്ക് കണ്ണുകൾ നീളുന്നു. റഷ്യയിലെ കലിനിഗ്രാഡ് സ്റ്റേഡിയം മുതൽ ഓട്ടോമൻ സാമ്രാജ്യത്തിലേക്കുവരെ നീണ്ടുകിടക്കുന്ന ചരിത്രത്തിലെ ഫ്ലാഷ്ബാക്കുകൾ ആ മത്സരത്തിനിടയിൽ മിന്നിമാഞ്ഞു പോകുന്നു.
2018 ജൂൺ 22. ചരിത്രം പലരൂപത്തിൽ കണ്ടുമുട്ടിയ റഷ്യയിലെ കലിനിഗ്രാഡിലെ അരീന ബാൾട്ടിക്ക സ്റ്റേഡിയം. ഗ്രൂപ് ഇയിലെ നാലാം മത്സരത്തിൽ സെർബിയയും സ്വിറ്റ്സർലൻഡും ഏറ്റുമുട്ടുന്നു. മത്സരത്തിന്റെ അഞ്ചാം നിമിഷത്തിൽ സെർബിയക്കായി അലക്സാണ്ടർ മിത്റോവികിന്റെ ഗോളെത്തി. ആദ്യ മത്സരത്തിൽ സാക്ഷാൽ ബ്രസീലിനെ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസത്തിൽ കളത്തിലെത്തിയതായിരുന്നു സ്വിസ് സംഘം. വിജയിച്ചാൽ പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിക്കാം. പക്ഷേ, ഗാലറിയിൽ കാണികൾ അമർന്നിരിക്കും മുമ്പേയെത്തിയ ഗോളിൽ അവർ ശരിക്കും അമ്പരന്നു. മറുപടി ഗോളിനായുള്ള ശ്രമങ്ങൾ തുടങ്ങി. നിരന്തര ആക്രമണങ്ങൾക്കൊടുവിൽ 52ാം മിനിറ്റിൽ ഫലം കണ്ടു. പെനാൽറ്റി ബോക്സിന് വെളിയിൽനിന്നും ഗ്രനിറ്റ് ഷാക്ക തൊടുത്ത ചാട്ടുളി സെർബിയൻ നെഞ്ചകം പിളർന്ന് വലയിൽ ആഞ്ഞുതുളച്ചു. ഗോളിന് പിന്നാലെ കൈകൾ വിലങ്ങനെ ചേർത്തുപിടിച്ചു ഷാക്ക ഗാലറിക്കരികിലേക്കോടി. ആരാധകക്കൂട്ടത്തെ നോക്കി വികാരവിക്ഷോഭത്താൽ ആർത്തുവിളിച്ചു. മൈതാനത്ത് പിന്നെയും പന്തുരുണ്ടു. സമയസൂചിക 90 മിനിറ്റെന്ന അതിരിൽ മുട്ടിനിന്നു. മത്സരം സമനിലയിലേക്കെന്ന് ഏതാണ്ടെല്ലാവരും ഉറപ്പിച്ചിരുന്നു. അതിനിടയിലാണ് അത് സംഭവിച്ചത്. മൈതാനത്തിന് മധ്യഭാഗത്തേക്കായി നീട്ടിക്കിട്ടിയ പന്തുമായി തനിച്ചോടിയ ഷെർദാൻ ഷാഖിരി സെർബിയൻ പ്രതിരോധ ഭടനെയും ഗോളിയെയും കബളിപ്പിച്ച് പന്ത് സുന്ദരമായി വലയിലേക്ക് തിരിച്ചുവിട്ടു. ഗോൾവര കടന്നെന്നുറപ്പായതിന് പിന്നാലെ ഷാഖിരിയും കൈകൾ മടക്കി ഗാലറിക്കരികിലേക്കോടി. സമാന ആക്ഷനുമായി ഷാക്കയും ഷാഖിരിക്കൊപ്പം ചേർന്നു. സെർബിയൻ ആരാധകർ നടുവിരലുയർത്തിയും കൂകിവിളിച്ചും ഇരുവരെയും നേരിട്ടു. ഇരുവർക്കൊപ്പം എത്തിച്ചേർന്ന സ്വിസ് നായകൻ ലിക്ച്സ്റ്റെയ്നറും (Lichtsteiner) ഒരുവേള സമാനരൂപത്തിൽ കൈകൾ മടക്കി ആഹ്ലാദത്തിൽ പങ്കുചേർന്നു.
കളിക്കളങ്ങൾക്ക് പരിചയമില്ലാത്ത ഇരുവരുടെയും സെലിബ്രേഷനെക്കുറിച്ച് ചർച്ചകളുയർന്നു. അൽബേനിയൻ പതാകയിലുള്ള, കഴുകനെയാണ് പ്രതീകാത്മകമായി അവർ കൈകളിൽ വിരിയിച്ചതെന്ന് കണ്ടെത്തി. ഇരുവരുടെയും സ്വത്വത്തിലേക്ക് അന്വേഷണങ്ങൾ നീണ്ടു. യൂഗോസ്ലാവിയയുടെ ഭാഗമായിരുന്ന കൊസോവയിൽ 1990ലായിരുന്നു ഷാഖിരിയുടെ ജനനം. സ്വതന്ത്രരാജ്യത്തിനായുള്ള വാദവുമായി കൊസോവയും അതിനെ അടിച്ചമർത്താൻ സെർബുകളും ചേർന്നതോടെ അരക്ഷിതമായ കുടുംബങ്ങളിലൊന്നിലായിരുന്നു ഷാഖിരി പിറന്നുവീണത്. യുദ്ധം കലുഷിതമായതോടെ ഷാഖിരിക്കും കുടുംബത്തിനും ജന്മനാട് വിട്ട് ഓടിപ്പോരേണ്ടിവന്നു. അഭയാർഥികളായെത്തിയ ഇവർക്ക് സ്വിറ്റ്സർലൻഡ് ജീവിതം നൽകി. ക്ലീനിങ് ജോലിചെയ്തും റസ്റ്റാറന്റുകളിൽ പണിയെടുത്തുമെല്ലാമാണ് ഷാഖിരിയുടെ കുടുംബം സ്വിറ്റ്സർലൻഡിൽ ജീവിതം തള്ളിനീക്കിയത്. ഷാക്കയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല, ജനിച്ചത് സ്വിസ് മണ്ണിൽതന്നെയായിരുന്നെങ്കിലും സാക്കയുടെ പിതാവ് കൊസോവൻ മണ്ണിൽനിന്ന് കുടിയേറിയതായിരുന്നു. കൊസോവക്കെതിരെയുള്ള അടിച്ചമർത്തലിനെതിരെ പ്രതിഷേധിച്ചതിന് ഷാക്കയുടെ പിതാവ് റഗിബ് ആറുവർഷമാണ് തുറുങ്കിലടക്കപ്പെട്ടത്. സഹോദരൻ ടോലന്റ് ഷാക്കയാകട്ടെ, കളി പഠിച്ചത് സ്വിസ് മണ്ണിലാണെങ്കിലും പന്തുതട്ടിയത് അൽബേനിയക്കായായിരുന്നു. പിറന്ന നാടിനോടുള്ള ഹൃദയബന്ധത്തോടൊപ്പംതന്നെ സെർബുകളോടുള്ള പകയും ഇരുവരും സൂക്ഷിച്ചിരുന്നു. ഒരു ബൂട്ടിൽ സ്വിറ്റ്സലൻഡ് പതാകയും മറുബൂട്ടിൽ കൊസോവൻ പതാകയും പതിച്ചാണ് ഷാഖിരി മത്സരത്തിനിറങ്ങിയത്.
സെർബിയക്കും അൽബേനിയക്കും ഇടയിലുള്ള ഭൂപ്രദേശത്താണ് കൊസോവോയെന്ന കുഞ്ഞൻ രാജ്യം തലയുയർത്തി നിൽക്കുന്നത്. ജനസംഖ്യയിൽ 92 ശതമാനവും അൽബേനിയൻ വംശജരാണ്. 6 ശതമാനം മാത്രമാണ് നിലവിൽ സെർബുകളുള്ളത്. സെർബിയൻ ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ പൗരാണികമായ ചർച്ചുകളും മൊണാസ്ട്രികളും കൊസോവോയിലുണ്ട്. അതുകൊണ്ടുതന്നെ സെർബ് സംസ്കാരത്തിന്റെ കളിത്തൊട്ടിലായി അവർ കൊസോവോയെ പരിഗണിക്കുന്നു. 1455ൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വരവോടെയാണ് കൊസോവോ അൽബേനിയൻ-ഇസ്ലാമിക് പാരമ്പര്യത്തിലേക്ക് മാറിത്തുടങ്ങിയത്. പിന്നീട് 1912 വരെ ദീർഘകാലം അങ്ങനെ തുടർന്നു. എന്നാൽ, ഒാട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയോടെ കൊസോവോയെ കീഴടക്കുകയെന്ന ദീർഘകാല പദ്ധതി സെർബിയ ഫലപ്രദമായി നടപ്പാക്കിത്തുടങ്ങി. അതോടെ സംഘർഷങ്ങൾ ഉടലെടുത്തു. കൊസോവൻ അൽബേനിയൻ വംശജരും സെർബുകളും തമ്മിൽ രക്തരൂഷിതമായ അനേകം സംഘർഷങ്ങൾ നടന്നു. യൂഗോ സ്ലാവിയയുടെ ഭാഗമായി മാറിയപ്പോഴും സ്ഥിതിയിൽ വലിയ മാറ്റമുണ്ടായില്ല. കൊസോവയിലെ അൽബേനിയൻ വംശജരെ 1990കളിൽ ക്രൂരമായി കശാപ്പുചെയ്തു. ഒടുവിൽ അനേകകാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ 2008ൽ കൊസോവോ സ്വതന്ത്ര രാജ്യമായി മാറി. യു.എസ്, യു.കെ, യൂറോപ്യൻ യൂനിയൻ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു അത്. പക്ഷേ സെർബിയ ഒരിക്കലും അതംഗീകരിച്ചില്ല. സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുകിക് കൊസോവോയെ ഒരുകാലത്തും അംഗീകരിക്കില്ലെന്ന് തീർത്തുപറഞ്ഞിട്ടുണ്ട്.
'ഈഗിൾ സെലിേബ്രഷൻ' രാഷ്ട്രീയവിവാദമായി കത്തിപ്പടർന്നതോടെ ഷാക്കക്കും ഷാഖിരിക്കും രണ്ട് മത്സരങ്ങളിൽനിന്ന് ഫിഫ വിലക്ക് പ്രഖ്യാപിച്ചു. സൂപ്പർതാരങ്ങളെ നഷ്ടപ്പെട്ടതോടെ സ്വിസ് ടീമിന്റെ തുടർപ്രയാണം അനിശ്ചിതത്വത്തിലായി. എന്നാൽ, വൈകാതെ ഇരുവർക്കുമുള്ള വിലക്ക് ഫിഫ പിൻവലിച്ചു. ഇരുവരും ഇവരെ പിന്തുണച്ച ക്യാപ്റ്റനും 10,000 ഡോളർ വീതം പിഴയടച്ചാൽ മതിയെന്നായിരുന്നു ഫിഫയുടെ നിലപാട്. ഫിഫയുടെ അന്വേഷണത്തിൽ സെർബിയൻ ആരാധകർ അൽബേനിയൻ വംശജരായ താരങ്ങൾക്കെതിരെ ആക്രോശിച്ചുവെന്നും ബോസ്നിയൻ യുദ്ധത്തിൽ കൂട്ടക്കൊലകൾ നടത്തിയതിന് വിചാരണ നേരിടുന്ന കുപ്രസിദ്ധനായ റാത്കോ മ്ലാഡികിന്റെ ടീഷർട്ടുകൾ അണിഞ്ഞുവെന്നും കണ്ടെത്തി. ഗ്രൂപ്പിൽ കോസ്റ്ററീകക്കെതിരായ മത്സരത്തിലും സെർബിയൻ ആരാധകർ രാഷ്ട്രീയ സന്ദേശങ്ങൾ ഗാലറിയിൽ ഉയർത്തിയിരുന്നുവെന്നും തെളിഞ്ഞു. കൊസോവോയെ അംഗീകരിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നുകൂടിയാണ് കോസ്റ്ററീക. ഇതിനെല്ലാം കൂട്ടി സെർബിയൻ ഫുട്ബാൾ ഫെഡറേഷന് 54,700 ഡോളറിന്റെ പിഴയാണ് ഫിഫ വിധിച്ചത്. വിവാദങ്ങൾ അവിടംകൊണ്ടും തീർന്നില്ല. ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയത്തലവൻമാരും ആരാധകരുമെല്ലാം സോഷ്യൽ മീഡിയയിലും വിവാദത്തിന് മൂർച്ചകൂട്ടി.
ഖത്തറിലും സ്വിസ് ടീമിൽ ഷാക്കയും ഷാഖിരിയുമുണ്ടാകുമെന്നുറപ്പ്. ഫിഫയുടെ കർശന നിർദേശങ്ങൾ നിലനിൽക്കുമ്പോഴും സെർബിയയുമായി വീണ്ടും മുഖാമുഖമെത്തുമ്പോൾ എന്തെല്ലാം രാഷ്ട്രീയ കോലാഹലങ്ങൾ ഉയരുമെന്ന് കണ്ടറിയണം. ഷാക്ക ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനലിനായി ഉജ്ജ്വല ഫോമിൽ പന്തുതട്ടുമ്പോൾ സ്വിസ് മെസ്സിയെന്ന് വിളിപ്പേരുണ്ടായിരുന്ന ഷാഖിരി യു.എസ് ലീഗിൽ ഷികാഗോ ഫയറിനായാണ് പന്തുതട്ടുന്നത്.
റഷ്യയുണ്ടാകും, കളത്തിലല്ലെന്നു മാത്രം
കാൽപന്ത് ലോകത്തിന് തട്ടിക്കളിക്കാൻ മോസ്കോയിലും സെന്റ് പീറ്റേഴ്സ് ബർഗിലുമെല്ലാം കളിത്തളിക ഒരുക്കി നൽകിയ റഷ്യ ഇക്കുറി ലോകകപ്പിനില്ല!. ലോകകപ്പ് യോഗ്യത റൗണ്ടിൽ യൂറോപ്യൻ മേഖലയിൽനിന്നുള്ള ഗ്രൂപ് എച്ചിലായിരുന്നു റഷ്യ പന്തുതട്ടിയിരുന്നത്. യോഗ്യത മത്സരങ്ങളിൽ ഉജ്ജ്വല ഫോമിൽ കളിച്ച റഷ്യ 22 പോയന്റുമായി ഗ്രൂപ്പിൽ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ഒന്നാമതുള്ള ക്രൊയേഷ്യയുമായുള്ളത് ഒരു പോയന്റിന്റെ വ്യത്യാസം മാത്രം. ലോകകപ്പ് കളിക്കാനുള്ള അവസാന കടമ്പയായ േപ്ല ഓഫിലേക്ക് യോഗ്യത നേടുകയും ചെയ്തു. േപ്ല ഓഫിൽ പോളണ്ടുമായി 2021 മാർച്ച് 24നാണ് റഷ്യയുടെ മത്സരം തീരുമാനിച്ചിരുന്നത്. എന്നാൽ അതിനിടയിൽ സാഹചര്യം കീഴ്മേൽ മറിഞ്ഞു. യുക്രെയ്നുമായുള്ള യുദ്ധം ആരംഭിച്ചു. ഇതോടെ റഷ്യയുടെ േപ്ല ഓഫ് പൂളിലുള്ള ചെക്ക് റിപ്പബ്ലിക്, പോളണ്ട്, സ്വീഡൻ എന്നിവർ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന് ഭീഷണിയുയർത്തി. പിന്നാലെ ഫെബ്രുവരി 28ന് റഷ്യയെ സസ്പെൻഡ് ചെയ്യുന്നതായി ഫിഫയും യൂറോപ്യൻ ഫുട്ബാൾ അസോസിയേഷനും പ്രഖ്യാപിച്ചു. റഷ്യൻ ക്ലബുകൾക്കും വിലക്കേർപ്പെടുത്തി. ഇത് ഗുണകരമായത് പോളണ്ടിനാണ്. റഷ്യയുമായുള്ള മത്സരത്തിൽ വാക്ഓവർ പ്രകാരം വിജയിച്ച പോളണ്ട് അടുത്ത മത്സരത്തിൽ സ്വീഡനെ പരാജയപ്പെടുത്തി ഖത്തറിലേക്ക് വരവുറപ്പിച്ചു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും യുെക്രയ്ന് പിന്തുണയുമായെത്തിയവരിൽ മുൻനിരയിലുള്ളത് പോളണ്ടിന്റെ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കിയാണ്. യുെക്രയ്നുമേലുള്ള റഷ്യയുടെ കടന്നുകയറ്റം ആരംഭിച്ചതുമുതൽ ശക്തമായി പ്രതികരിക്കുന്ന ലെവൻഡോവ്സ്കി യുക്രെയ്ൻ പതാക ആംബാൻഡാക്കി കെട്ടിയാണ് ഖത്തറിൽ കളിക്കാനിറങ്ങുകയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ താരങ്ങൾ യുക്രെയ്ന് കളിക്കളത്തിൽ പിന്തുണയർപ്പിക്കാനാണ് സാധ്യത. കളത്തിലുണ്ടാകില്ലെങ്കിലും ലോകകപ്പ് ചർച്ചകളിൽ റഷ്യ സജീവസാന്നിധ്യമാകുമെന്നർഥം. ലോകകപ്പിൽനിന്ന് ഇറാനെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുക്രെയ്ൻ ഫിഫക്ക് കത്തെഴുതിയതാണ് പുതിയ വാർത്ത. ഇറാനിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളാണ് യുക്രെയ്ൻ കാരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും റഷ്യയിലേക്കുള്ള ഇറാന്റെ ആയുധക്കയറ്റുമതിയാണ് പ്രകോപനത്തിന് പിന്നിലുള്ളത്.
മഴവിൽ മുദ്രാവാക്യങ്ങളുയരും
2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഖത്തറാണെന്ന് ഉറപ്പിച്ചതുമുതൽ ആരംഭിച്ച ആശങ്കകൾ (പ്രത്യേകിച്ചും പാശ്ചാത്യ ലോകത്തിന്റെ) ഇപ്പോൾ മുട്ടിനിൽക്കുന്നത് മഴവില്ലിലാണ്. ഹോസ്പിറ്റാലിറ്റി, കാലാവസ്ഥ, വസ്ത്രധാരണം, ഹോട്ടലുകൾ എന്നിവയടക്കമുള്ളവയെക്കുറിച്ചെല്ലാമുള്ള ആശങ്കകളെ സമർഥമായി മറികടന്നെങ്കിലും എൽ.ജി.ബി.ടി വിഭാഗത്തോടുള്ള ഖത്തറിന്റെ നിലപാട് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. യൂറോപ്യൻ ഫുട്ബാളിൽ വംശീയ ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്ന തുല്യപ്രധാന്യത്തിൽതന്നെയാണ് എൽ.ജി.ബി.ടി സമൂഹത്തെയും പരിഗണിക്കുന്നത്. എൽ.ജി.ബി.ടി ഐക്യദാർഢ്യമുള്ള മഴവിൽ ആം ബാൻഡുകളും പ്രത്യേക വാരാചരണങ്ങളും സോഷ്യൽ മീഡിയ കാമ്പയിനുകളുമെല്ലാം യൂറോപ്യൻ ഫുട്ബാളിൽ നടന്നുവരുന്നുണ്ട്.
വൈവിധ്യമായ ലൈംഗികത, വംശം, ലിംഗം, സംസ്കാരം എന്നിവയിലുള്ള അഭിമാനകരമായ അസ്തിത്വം ഉയർത്തി നെതർലൻഡ്സ് കേന്ദ്രമായി പ്രവർത്തിക്കുന്ന 'വൺ ലവ്' മൂവ്മെന്റിന്റെ ഭാഗമായി പത്തോളം യൂറോപ്യൻ രാജ്യങ്ങൾ അണിനിരന്നിട്ടുണ്ട്. ബെൽജിയം, ഡെന്മാർക്ക്, ജർമനി, ഇംഗ്ലണ്ട്, ഫ്രാൻസ്, നെതർലൻഡ്സ്, നോർവേ, വെയിൽസ്, സ്വീഡൻ അടക്കമുള്ള ഫുട്ബാൾ ടീമുകളുടെ ക്യാപ്റ്റൻമാർ വൺ ലവ് ആംബാൻഡ് ധരിച്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ പന്തുതട്ടിയിരുന്നു. ഇതിൽ ലോകകപ്പ് യോഗ്യത നേടിയ ടീമുകൾ ഖത്തറിലും ആംബാൻഡ് ധരിക്കും. ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ താൻ ആംബാൻഡ് ധരിക്കുമെന്ന് മുൻകൂറായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഖത്തറിന്റെ സാംസ്കാരികതയേയും നിയമങ്ങളേയും ബഹുമാനിക്കുമെന്നും റെയിൻബോ ആംബാൻഡ് അണിയില്ലെന്നുമാണ് ഫ്രാൻസ് നായകൻ ഹ്യൂഗോ ലോറിസിന്റെ പ്രതികരണം. ഖത്തറിലെ കുടിയേറ്റ തൊഴിലാളികൾ അനുഭവിച്ച 'പ്രയാസങ്ങൾക്ക്' ഐക്യദാർഢ്യവുമായി അണിനിരക്കാൻ താരങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന ലോറിസിന്റെ പ്രസ്താവന കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
ആർക്കുവേണം ഇറാന്റെ പരവതാനികൾ?
പന്തിനും ബൂട്ടിനുമൊപ്പം പേർഷ്യൻ പാരമ്പര്യത്തിലുള്ള മനോഹര പരവതാനികളുമായാണ് ഇറാൻ ലോകകപ്പുകൾക്കായി വിമാനം കയറാറുള്ളത്. എതിർടീമിലെ പ്രധാന കളിക്കാർക്കും ഫിഫക്കുമെല്ലാം തങ്ങളുടെ സംസ്കാരത്തിന്റെ പ്രതീകമായ പരവതാനികൾ കൈമാറുന്നത് ഇറാന്റെ ഫുട്ബാൾ ഡിേപ്ലാമസിയായാണ് എല്ലാവരും കാണുന്നത്. സുഹൃത്തും അയൽരാജ്യവുമായ ഖത്തറിലേക്കുള്ള പരവതാനികൾ മാസങ്ങൾക്കു മുമ്പേ ഇറാൻ പുറത്തുവിട്ടിരുന്നു. ഇക്കുറി ഇറാന്റെ പരവതാനികൾ ആരൊക്കെ സ്വീകരിക്കുമെന്ന് കണ്ടറിയണം. അകത്തും പുറത്തും നിരവധി കനലുകളുമായാണ് ഇറാൻ ഇക്കുറിയെത്തുന്നത്. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, യു.എസ്.എ, വെയിൽസ് എന്നിവർക്കൊപ്പമാണ് ഇറാന്റെ ഊഴം. രാഷ്ട്രീയ ധ്രുവങ്ങളുടെ രണ്ടറ്റത്തുനിന്ന് പതിറ്റാണ്ടുകളായി പോരടിക്കുന്ന യു.എസും ഇറാനും ഒരു ഗ്രൂപ്പിലുൾപ്പെട്ടതിനാൽ തന്നെ ചർച്ചകൾക്ക് കൊടിയുയർന്നിട്ടുണ്ട്. 1998ലെ ഫ്രാൻസ് ലോകകപ്പിനെയൊന്നാകെ മുൾമുനയിൽ നിർത്തി ഇരു രാജ്യങ്ങളും പന്തുതട്ടിയതും യു.എസ് താരങ്ങളെ ലില്ലിപ്പൂക്കൾ നൽകി ഇറാൻ വരവേറ്റതും ഒടുവിൽ യു.എസിനെ മലർത്തിയടിച്ചതുമെല്ലാം ചരിത്രം. ഇക്കുറി യു.എസുമായുള്ള പോരാട്ടത്തിലേറെ ഇറാനിൽ പുകയുന്ന പ്രതിഷേധങ്ങളും പൊട്ടിത്തെറികളുമാണ് ചിത്രത്തിൽ.
ഇറാൻ മതകാര്യ പൊലീസിന്റെ പിടിയിലിരിക്കെ കുർദ് യുവതി മഹ്സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെ ആരംഭിച്ച പ്രക്ഷോഭം പേർഷ്യൻ മണ്ണിൽ ഭൂകമ്പമായിരുന്നു. വസ്ത്രധാരണം അടിച്ചേൽപിക്കുന്ന ഭരണകൂടത്തിനെതിരെ പരസ്യമായി മുടിമുറിച്ചും ശിരോവസ്ത്രത്തിന് തീകൊളുത്തിയുമാണ് സ്ത്രീകളും വിദ്യാർഥികളും അടക്കമുള്ളവർ പ്രതിഷേധം അഴിച്ചുവിട്ടത്. സെപ്റ്റംബർ 27ന് സെനഗാളുമായി നടന്ന മത്സരത്തിൽ ദേശീയഗാനത്തിന് ഇറാൻ ടീം അണിനിരന്നത് പ്രതിഷേധത്തിന് പിന്തുണയുമായി കറുത്ത ജാക്കറ്റ് അണിഞ്ഞായിരുന്നു. ഇറാനിയൻ മെസ്സിയെന്ന് വിളിേപ്പരുള്ള, ഖത്തറിൽ ഇറാന്റെ ചാട്ടുളിയാകുമെന്ന് കരുതപ്പെടുന്ന സർദർ അസ്മോൻ പ്രതിഷേധത്തിന് പിന്തുണയുമായി പരസ്യമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിങ്ങനെ: ''ഏറിപ്പോയാൽ എന്നെ ദേശീയ ടീമിൽനിന്നും പുറത്താക്കുമായിരിക്കും. ഒരു കുഴപ്പവുമില്ല. തലയിൽ മുടിയുള്ള ഇറാനിലെ വനിതകൾക്കു വേണ്ടി ആ ത്യാഗം ഞാൻ സഹിക്കും. ഇത് ഞാൻ ഡിലീറ്റാക്കില്ല. നിങ്ങൾക്കു വേണ്ടത് ചെയ്തോളൂ.'' പ്രതിഷേധത്തിന് പിന്തുണയുമായെത്തിയ സഹതാരങ്ങളിൽ ചിലർ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽകൂടിയായിരുന്നു അസ്മോന്റെ പോസ്റ്റ്. കളിക്കളങ്ങളിൽ തുടരുന്ന പ്രതിഷേധങ്ങൾ രാജ്യാതിരുകൾക്കപ്പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്.സിക്കായി കളിക്കുന്ന ഇറാൻതാരം വഫ ഹഖമനേഷി ഗോൾനേട്ടത്തിന് പിന്നാലെ പ്രതിഷേധ മുദ്രാവാക്യങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഖത്തറിലെ കളിക്കളങ്ങളെ ഇറാൻ താരങ്ങൾ എങ്ങനെ ആയുധമാക്കുമെന്ന കൗതുകമുണ്ട്.
വെയിൽസ് ഗവൺമെന്റ് ഇറാനുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തർ സന്ദർശിക്കുന്ന വെയിൽസ് മന്ത്രിമാർ ഇംഗ്ലണ്ടുമായും യു.എസുമായുള്ള മത്സരങ്ങൾ കാണാൻ മൈതാനത്തെത്തുമെങ്കിലും ഇറാനുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. യുെക്രയ്നെതിരായ റഷ്യൻ ആക്രമണത്തെ നിരുപാധികം പിന്തുണക്കുന്ന ഇറാൻ നിലപാടിനെതിരെയും വലിയ രോഷമുയരുന്നുണ്ട്.
ഖത്തർ ലോകകപ്പ് ഒരുക്കങ്ങൾ മനുഷ്യാവകാശ ലംഘനങ്ങൾക്കിടയാക്കിയെന്ന ശക്തമായ ആരോപണം കഴിഞ്ഞ വർഷങ്ങളിലായി യൂറോപ്യൻ രാജ്യങ്ങൾ ഉന്നയിച്ചുവരുന്നുണ്ട്. ലോകകപ്പ് അടുത്തതോടെ ആ ആരോപണങ്ങൾക്ക് മൂർച്ചകൂടിയിരിക്കുന്നു. ലോകകപ്പ് ഒരുക്കങ്ങൾക്കിടെ മരണമടഞ്ഞ തൊഴിലാളികളോടുള്ള ഐക്യദാർഢ്യമായി പരമ്പരാഗത നിറങ്ങളിൽനിന്നും മാറി നിറം മങ്ങിയ ജഴ്സിയിലാകും ഖത്തറിലിറങ്ങുകയെന്നാണ് ഡെന്മാർക്കിന്റെ പ്രഖ്യാപനം. ഖത്തറിലെ കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിനായി തങ്ങളുടെ ലോകകപ്പ് ജഴ്സികൾ ലേലം ചെയ്യുമെന്ന നെതർലൻഡ്സ് ഫുട്ബാൾ അസോസിയേഷന്റെ പ്രഖ്യാപനവും പുറത്തെത്തിയിട്ടുണ്ട്. എന്നാൽ പശ്ചാത്യ മാധ്യമങ്ങളുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഈ വിഷയത്തിലെ നിക്ഷിപ്ത താൽപര്യങ്ങളും മുൻ നിലപാടുകളും ചൂണ്ടിക്കാട്ടിയുള്ള മറുവാദങ്ങളും സജീവമാണ്. ആഗോളതലത്തിൽ ഖത്തറിന്റെ മുഖമായ അൽജസീറ ചാനൽ വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പുകളെ തുറന്നുകാണിക്കുന്നതിൽ മുൻപന്തിയിലുണ്ട്.
ഫലസ്തീൻ ഐക്യദാർഢ്യത്തിനായുള്ള അനൗദ്യോഗിക ആഹ്വാനങ്ങൾ, ബ്ലാക്സ് ലൈവ്സ് മാറ്റർ കാമ്പയിൻ, കോളനിക്കാലത്തെ മുറിവുകൾ ഇന്നും സൂക്ഷിക്കുന്ന സെനഗാളുമായുള്ള ഫ്രാൻസിന്റെ പോരാട്ടം... പന്തുരുളുമ്പോൾ ആരവങ്ങൾ മാത്രമാകില്ല, മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളും അലയടിച്ചുയരും; തീർച്ച.