1950 ലെ ബ്രസീൽ ലോകകപ്പിലേക്ക് ഇന്ത്യയെ ക്ഷണിച്ചെന്നത് കെട്ടുകഥയോ?; ഇന്ത്യക്ക് ഫുട്ബാളിൽ അഭിമാനിക്കാൻ എന്തുണ്ട്?
ഇന്ത്യ എന്ന് ലോകകപ്പിൽ കളിക്കും? എല്ലാവരും സ്വയമെങ്കിലും ചോദിച്ചിട്ടുണ്ടാവും ഇൗ ചോദ്യം. എന്തായിരുന്നു ലോകകപ്പിലെ ഇന്ത്യ? 1950ൽ ഇന്ത്യ ലോകകപ്പ് യോഗ്യത നേടിയിരുന്നോ? എന്താണ് പ്രതീക്ഷിക്കാനുള്ളത്?
ഒരു ടൂർണമെന്റിലെ പങ്കാളിത്തവും കിരീടജയവും തമ്മിൽ എത്രയോ അകലമുണ്ട്. കപ്പ് നേടുക എന്നത് സ്വപ്നത്തിൽപോലുമില്ലെങ്കിൽ പിന്നെ പങ്കാളിത്തത്തെക്കുറിച്ചാകും ചിന്ത. ഇന്ത്യൻ ഫുട്ബാൾ േപ്രമികൾ എന്നും ഈ വഴിക്കാണ് ചിന്തിക്കുന്നത്. വളരെ ലളിതമായ ആഗ്രഹമേ അവർക്കുള്ളൂ. ഇന്ത്യ ഫിഫ ലോകകപ്പ് ഫൈനൽ റൗണ്ടിൽ പങ്കെടുത്തു കാണണം. ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഓരോ പതിപ്പ് വരുമ്പോഴും നാം ചോദിക്കും. ഇന്ത്യ എന്ന് ലോകകപ്പിൽ കളിക്കും?
ഖത്തറിൽ ലോകകപ്പ് തുടങ്ങുമ്പോൾ ഇന്ത്യയുടെ ഫിഫ റാങ്കിങ് 106 (ഒക്ടോബറിലെ കണക്ക്). ഏറ്റവും മികച്ച നേട്ടം 1996ൽ ആയിരുന്നു. അന്ന് ഇന്ത്യ 94ാം റാങ്ക് വരെയെത്തി. പക്ഷേ, 96ന്റെ തുടക്കത്തിൽ 120ഉം അവസാനം 124ഉം ആയിരുന്നു റാങ്ക് എന്നുകൂടി ഓർക്കണം. 1993ൽ 99ൽ എത്തിയ ഇന്ത്യ 2017 ലും '18ലും 96ാം സ്ഥാനത്തുവന്നിരുന്നു. ഇടക്ക് 173 വരെ പിന്നാക്കംപോയ ഇന്ത്യയെ ബ്രിട്ടനിൽനിന്നുള്ള പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൈന്റൻ ആണ് കൈപിടിച്ചുയർത്തിയത്. പക്ഷേ, രക്ഷയില്ല. 1997ൽ ദേശീയ ലീഗ് തുടങ്ങിയപ്പോൾ ജെ ലീഗിലൂടെ ജപ്പാൻ കൈവരിച്ച നേട്ടമായിരുന്നു മുന്നിൽ. 2008ൽ ദേശീയ ലീഗ് ഐ ലീഗ് ആയി. ഒടുവിൽ ഐ.എസ്.എൽ എന്ന സൂപ്പർ പോരാട്ടംകൂടി തുടങ്ങിയെങ്കിലും ലോകനിലവാരത്തിൽ പോയിട്ട് ഏഷ്യയിൽ കരുത്തുകാട്ടാൻപോലും ഇന്ത്യക്ക് കഴിയുന്നില്ല.
മികച്ച ആതിഥേയർ
2017ൽ ഫിഫ അണ്ടർ 17 പുരുഷ ലോകകപ്പും 2022ൽ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പും ഇന്ത്യ വിജയകരമായി സംഘടിപ്പിച്ചു. സംഘാടകരെന്ന നിലയിൽ മികവുകാട്ടിയ ഇന്ത്യ ടീമെന്ന നിലയിൽ ഏറെ ഒരുക്കങ്ങളും നടത്തിയിരുന്നു. പക്ഷേ, ഫലം നിരാശാജനകം. 2017ൽ ആൺകുട്ടികൾ കൊളംബിയക്കെതിരെ ഒരു ഗോൾ അടിച്ചതുമാത്രമായിരുന്നു നേട്ടം. മത്സരം കൊളംബിയ 2-1ന് ജയിച്ചു. യു.എസ് എതിരില്ലാത്ത മൂന്നു ഗോളിനും ഘാന മറുപടിയില്ലാത്ത നാലു ഗോളിനും ആതിഥേയരെ പരാജയപ്പെടുത്തി.
ഈ വർഷം പെൺകുട്ടികൾ അണ്ടർ 17 ലോകകപ്പിൽ മൂന്നു മത്സരങ്ങൾ ഏകപക്ഷീയമായി തോറ്റു. യു.എസ് എട്ടു ഗോളിനും മൊറോക്കോ മൂന്നു ഗോളിനും ബ്രസീൽ അഞ്ചു ഗോളിനും ഇന്ത്യയെ പരാജയപ്പെടുത്തി. സീനിയർ വനിതകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വലിയ ഒരുക്കങ്ങൾ നടത്തി, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യക്ക് കോവിഡ് വിനയായി. വനിതാ ടീം പ്രകടിപ്പിച്ച ആത്മവിശ്വാസം പുരുഷന്മാർക്കു മുമ്പേ അവർ ലോകകപ്പ് യോഗ്യത നേടിയേക്കുമെന്ന ചിന്തയും ഉയർത്തി.
ജൂനിയർ തലത്തിൽ ആതിഥേയർ എന്ന നിലയിലാണ് ഇന്ത്യയുടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലോകകപ്പിൽ പങ്കെടുക്കാനായത്. ഫുട്ബാളിലെ ഉറങ്ങുന്ന സിംഹമായ ഇന്ത്യ സീനിയർതലത്തിൽ ഒരു ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സമീപഭാവിയിൽ സാധ്യതയില്ലതാനും. അപ്പോൾ കാത്തിരിക്കാം. സ്വപ്നങ്ങൾ കണ്ടുകൊണ്ടിരിക്കാം.
1950ലെ ലോകകപ്പ്
രണ്ടാം ലോകയുദ്ധംമൂലം രണ്ടുതവണ മുടങ്ങിയശേഷമാണ് 1950ൽ ലോകകപ്പ് വീണ്ടും നടത്തപ്പെട്ടത്. ബ്രസീൽ ആതിഥേയരായ ഈ ടൂർണമെന്റിൽ 34 രാജ്യങ്ങൾ യോഗ്യതാ റൗണ്ട് കളിച്ചെന്നും 16 രാജ്യങ്ങൾ ഫൈനൽ റൗണ്ടിലെത്തിയെന്നുമാണ് കണക്ക്. ഇന്ത്യയും തുർക്കിയും സ്കോട്ലൻഡും പിന്മാറിയെന്നും പറയുന്നു. എന്തായാലും 13 രാജ്യങ്ങളാണ് മത്സരിച്ചത്.
1948ൽ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുക്കുകയും കരുത്തരായ ഫ്രാൻസിനെ വിറപ്പിക്കുകയും (2–1) ചെയ്ത ചരിത്രവുമായാണ് ഇന്ത്യ 50ലെ ലോകകപ്പിനു പോകാൻ ഒരുങ്ങിയത്. കളിക്കാർക്ക് ബൂട്ട്സ് നിർബന്ധമാക്കിയത് അക്കാലത്താണ്. ഇന്ത്യൻ ടീമിന് ബൂട്ടിട്ടു കളിച്ചു പരിചയമില്ലായിരുന്നു. പിന്നെ ബ്രസീൽ വരെയെത്താൻ യാത്രാച്ചെലവിനു പണം കണ്ടെത്തുന്നതും ബുദ്ധിമുട്ടായിരുന്നു. ഇന്ത്യ പിൻവാങ്ങാൻ കാരണം ഇതൊക്കെയാണെന്നാണു കേട്ടുപോന്നത്. ഗൗതം റോയ് ഉൾപ്പെടെ പല പ്രമുഖ ഫുട്ബാൾ ലേഖകരും അങ്ങനെയാണ് എഴുതിയിട്ടുള്ളത്.
എന്നാൽ, പ്രശസ്ത ഫുട്ബാൾ ലേഖകൻ ശ്യാംസുന്ദർ ഘോഷ് പറയുന്നത് 1950ലെ ഇന്ത്യയുടെ ലോകകപ്പ് ബർത്ത് വെറും കെട്ടുകഥയാണെന്നാണ്. ഇന്ത്യയുടെ ഫുട്ബാൾ രംഗത്തുനിന്ന് ആദ്യമായി ബ്രസീൽ സന്ദർശിച്ചത് ശ്യാംസുന്ദർ ഘോഷ് ആണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാദങ്ങൾ തള്ളാനാകില്ല. ഇന്ത്യ ഫുട്ബാൾ ലോകകപ്പിന് 1950ൽ യോഗ്യത നേടിയിരുന്നെങ്കിൽ തീർച്ചയായും ബ്രസീലിലെ ഫുട്ബാൾ സംഘാടകർ മാത്രമല്ല, 1950കളിലെ പ്രശസ്തരായ ഫുട്ബാൾ ലേഖകരും അത് അറിയേണ്ടതാണെന്നാണ് ശ്യാമിന്റെ വാദം. അവരാരും അറിഞ്ഞിരുന്നില്ല.
'കിക്ക്-ഓഫ്: അൺടോൾഡ് സ്റ്റോറീസ് ഓഫ് ഇന്ത്യൻ ഫുട്ബാൾ' എന്ന പുസ്തകത്തിലാണ് ശ്യാം ഇങ്ങനെ എഴുതിയിരിക്കുന്നത്. ഫുട്ബാളുമായി ബന്ധപ്പെട്ട് ബ്രസീലിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ശ്യാം ആണെന്നു പറഞ്ഞല്ലോ. 1981 ൽ ആയിരുന്നു അത്. അന്നത്തെ ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് ഗ്വിലീറ്റ് കുട്ടീഞ്ഞോ ശ്യാമിനോടു ചോദിച്ചു: ''വൈ ഡിഡിന്റ് ഇന്ത്യ പ്ലേ ഫുട്ബാൾ?'' അതേ, എന്തുകൊണ്ട് ഇന്ത്യ ഫുട്ബാൾ കളിച്ചിരുന്നില്ല എന്ന്.
സ്പോർട്സ് ലേഖകരുടെ ആഗോള സംഘടനയുടെ (എ.ഐ.പി.എസ്) സാരഥി ഫ്രാങ്ക് ടെയ്ലർ ചോദിച്ചു: ''ഇന്ത്യ പ്ലേഡ് ഒൺലി ഹോക്കി?'' 1958ലെ മ്യൂണിക് വിമാനദുരന്തത്തിൽ പല ഫുട്ബാൾ താരങ്ങളും റിപ്പോർട്ടർമാരും കൊല്ലപ്പെട്ടപ്പോൾ രക്ഷപ്പെട്ട ഏക റിപ്പോർട്ടറാണ് ടെയ്ലർ. 1950കളിലെ ലോക ഫുട്ബാളിനെക്കുറിച്ചു വ്യക്തമായ ധാരണയുള്ളയാൾ. ഇന്ത്യ 1950ൽ ലോകകപ്പിനു യോഗ്യത നേടിയിരുന്നെങ്കിൽ ഫ്രാങ്ക് ടെയ്ലർ അറിയാതെ പോവില്ലായിരുന്നു.
ഇത്രയുമായതോടെ ശ്യാംസുന്ദർ ഘോഷിനും സംശയമായി. അതുവരെ താൻ കേട്ടിരുന്നതും വിശ്വസിച്ചുപോന്നതുമായ കഥ തെറ്റായിരുന്നോ? ഇന്ത്യയിൽ മടങ്ങിയെത്തിയ ശ്യാം 1950ൽ ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ഫുട്ബാൾ കളിക്കാരായിരുന്ന ശൈലൻ മന്നയോടും അഹമ്മദ് ഖാനോടും താൻ കേട്ടത് പറഞ്ഞു. അവർക്ക് അതിൽ അതിശയമൊന്നും തോന്നിയില്ല. കാരണം, അവർ 1950ലെ ലോകകപ്പ് യോഗ്യതയെക്കുറിച്ചു കേട്ടിട്ടുപോലുമില്ലായിരുന്നു. മാത്രമല്ല, അന്നൊരു ഇന്ത്യൻ ക്യാമ്പോ മറ്റേതെങ്കിലും വിധത്തിലുള്ള തയാറെടുപ്പുകളോ നടന്നിരുന്നില്ലെന്ന് അവർ പറഞ്ഞു. ഒന്നുകൂടി ഉറപ്പിക്കാൻ ശ്യാം അക്കാലത്തെ പ്രമുഖ പത്രങ്ങൾ പരിശോധിച്ചു. ലോകകപ്പിന് ഇന്ത്യ യോഗ്യത നേടിയതായുള്ള വാർത്ത ഒരിടത്തുമില്ലായിരുന്നു.
കൊൽക്കത്തയിലെ സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ സ്പോർട്സ് എഡിറ്റർ ആയിരുന്ന ശ്യാം സുന്ദർ ഘോഷ് ലോകകപ്പ് ഫുട്ബാൾ റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യക്കാരനാണ്. ഏഴു ലോകകപ്പും നാല് ഒളിമ്പിക്സും മൂന്ന് ഏഷ്യൻ ഗെയിംസും ഒരു യൂറോപ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പും ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര കായിക മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏഷ്യൻ ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷൻ ചെയർമാൻ, എ.ഐ.പി.എസ് ഭരണസമിതി അംഗം തുടങ്ങിയ പദവികളും വഹിച്ച ശ്യാം ഒരു വർഷം ക്വാലാലംപുരിൽ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനിലും പ്രവർത്തിച്ചു.
ഇന്ത്യ നാലുതവണ ഒളിമ്പിക്സ് ഫുട്ബാൾ കളിച്ച കാര്യം ഗ്വിലീറ്റ് കുട്ടീഞ്ഞൊയും ഫ്രാങ്ക് ടെയ്ലറും ശ്രദ്ധിച്ചിട്ടില്ല. അക്കാലത്ത് ഒളിമ്പിക്സ് ഫുട്ബാളിന് യൂറോപ്പും ദക്ഷിണ അമേരിക്കയും വലിയ പ്രാധാന്യം കൽപിക്കാതിരുന്നതാകാം കാരണം. ഒരുപക്ഷേ, സംഭവം ഇങ്ങനെയാകാം. 1950ലെ ലോകകപ്പിന് ടീമുകൾ കുറയുമെന്ന് മുൻകൂട്ടി മനസ്സിലാക്കി, '48ലെ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യയെ അനൗദ്യോഗികമായി ക്ഷണിച്ചിരിക്കാം. ഫിലിപ്പീൻസും ബർമയും (മ്യാന്മർ) ഉൾപ്പെട്ട ഗ്രൂപ്പിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിരുന്നെന്നാണ് ഗൗതം റോയ് പറയുന്നത്. ക്യാമ്പിന്റെ കാര്യവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, പ്രീവേൾഡ് കപ്പിൽ ഇന്ത്യ ആദ്യമായി പങ്കെടുക്കുന്നത് 1986ലെ മെക്സികോ ലോകകപ്പ് വേളയിൽ മാത്രമാണെന്നാണ് 'സ്റ്റോറീസ് ഫ്രം ഇന്ത്യൻ ഫുട്ബാൾ' എന്ന പുസ്തകത്തിൽ ജയ്ദീപ് ബസു എഴുതിയിരിക്കുന്നത്. അപ്പോൾ ഫിലിപ്പീൻസിനോടും ബർമയോടും മത്സരിച്ച് ഇന്ത്യ യോഗ്യത നേടിയത് എങ്ങനെയെന്ന ചോദ്യം ഉയരുന്നു. എന്തായാലും 1950ൽ ബ്രസീലിൽ മത്സരിച്ച 13 ടീമുകളിൽ ഏഷ്യൻ രാജ്യം ഇല്ലായിരുന്നു. ഏഷ്യയിൽനിന്ന് മൂന്നു ടീമുകളുടെ ഒരു യോഗ്യതാ റൗണ്ട് സംഘാടകർ ആലോചിച്ചിരിക്കും. കൂടുതലൊന്നും നടന്നിട്ടുണ്ടാവില്ല. പക്ഷേ, ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത ടീമെന്ന നിലയിൽ ബ്രസീൽ ലോകകപ്പിൽ കളിക്കാൻ ഇന്ത്യക്ക് സാധിക്കുമായിരുന്നു. പ്രത്യേകിച്ച് യൂറോപ്പിൽനിന്ന് ഒട്ടേറെ കരുത്തർ പിന്മാറിയ സാഹചര്യത്തിൽ.
1978 വരെ 16 ടീമുകൾ മാത്രമായിരുന്നു ലോകകപ്പ് ഫൈനൽ റൗണ്ടിൽ പങ്കെടുത്തിരുന്നത്. 1982ൽ ഇത് 24 ആയി. 1998 മുതൽ 32 ടീമുകൾ മത്സരിക്കുന്നു. ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ 1951ലും 1962ലും സ്വർണം നേടിയ ഇന്ത്യ 1970ൽ വെങ്കലം കരസ്ഥമാക്കി. ഏഷ്യൻതലത്തിൽ ഇന്ത്യയുടെ പ്രധാന നേട്ടം ഇത്രമാത്രം. ഒളിമ്പിക്സ് പങ്കാളിത്തമാകട്ടെ 1948ൽ തുടങ്ങി 1960ലെ റോം ഒളിമ്പിക്സോടെ അവസാനിച്ചു. ഇന്ത്യൻ ഫുട്ബാൾ ടീം ഏറ്റവും തിളങ്ങിനിന്ന ഈ കാലത്തുപോലും ലോക ഫുട്ബാളിൽ ആദ്യ 16ൽ സ്ഥാനം നേടുക എളുപ്പമല്ലായിരുന്നു. അക്കാലത്ത് ലോകകപ്പ് ഫുട്ബാളിനെക്കാൾ ഇന്ത്യയിൽ ശ്രദ്ധിക്കപ്പെട്ടത് ഒളിമ്പിക്സ് ഫുട്ബാളായിരുന്നുതാനും.
ലോകകപ്പ് കളിച്ച മലയാളി വനിത
ഫിഫ വനിതകൾക്കായി ലോകകപ്പ് സംഘടിപ്പിച്ചു തുടങ്ങുംമുമ്പ് അനൗദ്യോഗിക ലോകകപ്പ് നടന്നപ്പോൾ ഇന്ത്യ മത്സരിച്ചു. 1981ൽ ചൈനീസ് തായ്പേയിൽ ആയിരുന്നു അത്. അന്ന് കിരീടം നേടിയ ജർമനിയെ നേരത്തേ ഇന്ത്യ സമനിലയിൽ (1–1) തളച്ചിരുന്നു. ശാന്തി മാലിക് ഗോൾ നേടിയപ്പോൾ ഗോളിന് അസിസ്റ്റ് ചെയ്തത് കേരളത്തിന്റെ സരസമ്മ ലളിതയും. സംസ്ഥാന നായികയായിരുന്ന ലളിത അങ്ങനെ 'ലോകകപ്പ്' താരമായി.
1950ൽ ഇന്ത്യ ലോകകപ്പ് കളിച്ചിരുന്നെങ്കിൽ ടീമിൽ രണ്ടു മലയാളികൾ ഉറപ്പായും സ്ഥാനം നേടിയേനെ. 1948ൽ ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യൻ ഫുട്ബാൾ ടീമിൽ കളിച്ച തോമസ് മത്തായി വർഗീസ് എന്ന തിരുവല്ല പാപ്പനും 1952ൽ ഹെൽസിങ്കി ഒളിമ്പിക്സിൽ പങ്കെടുത്ത പി.ബി. അബ്ദുൽ സാലി എന്ന കോട്ടയം സാലിയും. '48ലെ ഒളിമ്പിക്സ് ടീമിൽ സാലിക്ക് സ്ഥാനം നൽകാതിരുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അതിനാൽ 1950ൽ സാലി ഇന്ത്യൻ ടീമിൽ ഇല്ലാതെ പോവില്ല.
ഇന്ത്യയുടെ കുതിപ്പ് 1911 മുതൽ
പ്രഥമ ലോകകപ്പ് 1930ൽ ഉറുഗ്വായിയിൽ തുടങ്ങുംമുമ്പേ ഇന്ത്യൻ ഫുട്ബാൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1911 ജൂലൈ 29ന് വൈകുന്നേരം കൊൽക്കത്ത ഫുട്ബാൾ ക്ലബ് ഗ്രൗണ്ടിലാണ് ഇന്ത്യൻ ഫുട്ബാളിന്റെ കുതിപ്പിന് തുടക്കമിട്ടതെന്നാണ് ചരിത്രം. ബ്രിട്ടന്റെ ഈസ്റ്റ് യോർക്ക്ഷയർ റെജിമെന്റ് ടീമിനെ പരാജയപ്പെടുത്തി കൊൽക്കത്ത മോഹൻബഗാൻ ഐ.എഫ്.എ ഷീൽഡ് കരസ്ഥമാക്കിയത് അന്നായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ബഗാന്റെ വിജയം. 'അമൃതബസാർ പത്രിക' പിറ്റേന്ന് മുഖപ്രസംഗം എഴുതി. സ്പോർട്സിനെക്കുറിച്ച് ഏതെങ്കിലും ഇന്ത്യൻ പ്രസിദ്ധീകരണം എഴുതിയ ആദ്യ മുഖപ്രസംഗമായിരുന്നു അത്. 1940ൽ ഡ്യൂറൻഡ് കപ്പ് ഫൈനലിൽ കൊൽക്കത്ത മുഹമ്മദൻ സ്പോർടിങ് ക്ലബ് ബ്രിട്ടന്റെ റോയൽ േവാറിക്േഷർ റെജിമെന്റിനെ പരാജയപ്പെടുത്തിയത് (2-1) ആയിരുന്നു അടുത്ത നേട്ടം.
ബഗാനും മുഹമ്മദൻസിനും പുറമെ ഈസ്റ്റ് ബംഗാളും ഇന്ത്യൻ ഫുട്ബാളിന് ഊർജം പകർന്നു. ഒപ്പം, ഹൈദരാബാദ് പൊലീസ് ടീം എസ്.എ. റഹീം എന്ന ഇതിഹാസ പരിശീലകനു കീഴിൽ വൻശക്തിയായി വളർന്നു. 1948 മുതൽ 1962 വരെ രാജ്യാന്തരതലത്തിൽ ഇന്ത്യൻ ഫുട്ബാൾ ടീം ശ്രേദ്ധയരായതു പിന്നീട് കണ്ട ചരിത്രം. 1956ൽ മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യൻ ഫുട്ബാൾ ടീം സെമിഫൈനലിൽ കടന്നതും നെവിൽ ഡിസൂസ ആസ്േട്രലിയക്കെതിരെ ഹാട്രിക് നേടിയതും ഇന്നും ഇന്ത്യൻ ഫുട്ബാളിലെ തിളക്കമാർന്ന അധ്യായം.
ഇന്ത്യൻ ഫുട്ബാൾ താരങ്ങളെക്കുറിച്ച് ഇതിഹാസ താരം സിക്കോ പറഞ്ഞതുകൂടി കുറിക്കട്ടെ: ''രണ്ടോ മൂന്നോ ഗോൾ വഴങ്ങിക്കഴിയുമ്പോൾ ഇന്ത്യൻ ഫുട്ബാൾ താരങ്ങൾ അക്ഷരാർഥത്തിൽ മത്സരം കൈവിടുന്നു. റഫറി അവസാന വിസിൽ മുഴക്കിയാലേ കളി അവസാനിക്കുകയുള്ളൂവെന്ന് അവരെ പഠിപ്പിക്കണം.''