കടലും കൊണ്ടുപോകുമോ?

കേരളത്തിൽ കടൽമണൽ ഖനനം നടക്കാൻ പോകുകയാണ്. ഇത് ഗുണകരമാണോ? എന്താണ് കടൽമണൽ ഖനനം സൃഷ്ടിക്കാൻ പോകുന്ന പരിസ്ഥിതി-സാമൂഹിക ആഘാതങ്ങൾ? എന്താണ് കടൽമണൽ ഖനനത്തിന്റെ യഥാർഥ ലക്ഷ്യം? നമുക്ക് കടലും നഷ്ടമാവുകയാണോ? –അന്വേഷണവും വിശകലനവും. ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് മനുഷ്യരാശി ഈ ഭൂമിയിൽതന്നെ സ്വർഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷ നൽകിയ കാലമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ എട്ട് ദശകങ്ങൾ. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകവും ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ തുടക്കവുമൊക്കെ ആ പ്രതീക്ഷകൾ തകർന്നു തരിപ്പണമായി. ശാസ്ത്രവും സാങ്കേതികവിദ്യയും കച്ചവടസംഘങ്ങളുടെ കൈയിലെ ഉപകരണങ്ങളായി മാറി....
Your Subscription Supports Independent Journalism
View Plansകേരളത്തിൽ കടൽമണൽ ഖനനം നടക്കാൻ പോകുകയാണ്. ഇത് ഗുണകരമാണോ? എന്താണ് കടൽമണൽ ഖനനം സൃഷ്ടിക്കാൻ പോകുന്ന പരിസ്ഥിതി-സാമൂഹിക ആഘാതങ്ങൾ? എന്താണ് കടൽമണൽ ഖനനത്തിന്റെ യഥാർഥ ലക്ഷ്യം? നമുക്ക് കടലും നഷ്ടമാവുകയാണോ? –അന്വേഷണവും വിശകലനവും.
ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് മനുഷ്യരാശി ഈ ഭൂമിയിൽതന്നെ സ്വർഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷ നൽകിയ കാലമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ എട്ട് ദശകങ്ങൾ. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകവും ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ തുടക്കവുമൊക്കെ ആ പ്രതീക്ഷകൾ തകർന്നു തരിപ്പണമായി. ശാസ്ത്രവും സാങ്കേതികവിദ്യയും കച്ചവടസംഘങ്ങളുടെ കൈയിലെ ഉപകരണങ്ങളായി മാറി. അങ്ങനെയുള്ള ഒരു കാലത്തെക്കുറിച്ച് താക്കീത് നൽകുകയും തന്റെ മരണക്കിടക്കയിൽ കിടന്നുപോലും അതിനെതിരെ പൊരുതുകയുംചെയ്ത അമേരിക്കൻ ശാസ്ത്രജ്ഞനായിരുന്നു ഡോ. കാൾ എഡ്വേഡ് സാഗൻ എന്ന പ്രതിഭ.
സമുദ്രത്തിന്‍റെ മിടിപ്പ് ലവണമാെണന്നും പുഴയുടെ മിടിപ്പ് ഒഴുക്കാെണന്നും ചൂണ്ടിക്കാട്ടിയിട്ടുള്ള അദ്ദേഹം ശാസ്ത്രവും സാങ്കേതികവിദ്യയും കച്ചവടസംഘങ്ങളുടെ കൈയിലെ ഉപകരണമായെന്ന് പറഞ്ഞതിന്‍റെ ഇന്ത്യയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി പറയാവുന്ന കാര്യമായി കടൽഖനനത്തെ കാണാനാവും.
നിർമാണത്തിനുള്ള മണലിന്‍റെ ആവശ്യം ലോകത്ത് പെരുകിക്കൊണ്ടിരിക്കുകയാണ്. 2030 ആകുമ്പോള്‍ ലോകജനസംഖ്യയുടെ 67 ശതമാനവും നഗരങ്ങളിലായിരിക്കും താമസിക്കുക. നഗരങ്ങളുടെ നിര്‍മാണത്തിന് മണല്‍ വേണം. 50 ബില്യൺ ടണ്‍ മണലാണ് ഒരു വര്‍ഷം ലോകത്തിന് വേണ്ടത്. അതില്‍ 40-45 ബില്യൺ ടണ്‍ വരെ കരയില്‍നിന്നാണ് എടുക്കുന്നത്. 5 മുതല്‍ 8 ബില്യൺ വരെ കടലില്‍നിന്നാണ് എടുക്കുന്നത്. കടലിൽനിന്ന് മണലെടുക്കുന്നത് നിര്‍ത്തിവെക്കാന്‍ പല രാജ്യങ്ങളോടും ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ ഇപ്പോൾ നടത്താനൊരുങ്ങുന്ന മണല്‍ഖനനത്തിന്റെ ആവശ്യം കേന്ദ്ര പദ്ധതികള്‍ക്കാണ്. പ്രധാനമന്ത്രി ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ എന്ന പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. 1.3 ട്രില്യന്‍ ഡോളര്‍ നിക്ഷേപിക്കുന്ന പദ്ധതിയാണിത്. അതുമായി ബന്ധപ്പെട്ട് ഏഴ് തുറമുഖങ്ങള്‍ വരും. ഈ ഏഴ് തുറമുഖങ്ങളും അദാനിക്കാണ് ലഭിച്ചിരിക്കുന്നത്. ഒപ്പം തീരത്ത് തുറമുഖ നഗരങ്ങള്‍ വരും. 12 പുതിയ കോസ്റ്റ് റിലേറ്റഡ് െഡവലപ്ഡ് സോണുകള്‍ വരുന്നു. 12 കോസ്റ്റല്‍ ടൂര്‍ സര്‍ക്കിളുകള്‍ വരുന്നു. 607 ഭീമന്‍ കെട്ടിടങ്ങള്‍ വരുന്നു. 2000 കിലോമീറ്റര്‍ റോഡ് വരുന്നു, കപ്പല്‍ നിര്‍മാണശാല വരുന്നു, കപ്പല്‍ പൊളിക്കല്‍ കേന്ദ്രം വരുന്നു.
അങ്ങനെ ‘വികസന’ത്തിെന്റ വേലിയേറ്റമാണ് വരുന്നത്. അതിനുള്ള മണലാണ് കടലിൽനിന്ന് വാരിയെടുത്ത് ശുദ്ധീകരിച്ച് ഉപയോഗിക്കാൻ ലക്ഷ്യമിടുന്നത്. എന്നാല്‍, തീരത്തുള്ള ജനങ്ങളെ അത് എങ്ങനെ ബാധിക്കും എന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. അത് തീരദേശത്ത് ഉണ്ടാക്കുന്ന പ്രതിഫലനങ്ങളെ കുറിച്ച് കാര്യമായ പഠനങ്ങൾ ഉണ്ടാകുന്നില്ല. തീരദേശ ജനത എവിടെപ്പോകുമെന്നും അവര്‍ക്ക് എന്ത് നഷ്ടപരിഹാരം കൊടുക്കുമെന്നും പറഞ്ഞിട്ടില്ല. വന്‍കിട പദ്ധതികള്‍ക്ക് മണല്‍ ആവശ്യമാണ്. അതുകൊണ്ടാണ് എന്തു വിലകൊടുത്തും ഖനനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഖനനം മണലിന്‍റെ പേരിൽ, ലക്ഷ്യം മറ്റു പലതും
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മറൈൻ ആൻഡ് കോസ്റ്റൽ സർവേ ഡിവിഷൻ നടത്തിയ പഠനത്തിൽ കേരളതീരത്തെ കടലിൽനിന്ന് 745 മില്യൺ ടൺ നിർമാണാവശ്യങ്ങൾക്കുള്ള മണൽഖനനം ചെയ്തെടുക്കാമെന്നാണ് കണ്ടെത്തിയത്. തീരദേശം മുതൽ 12 നോട്ടിക്കൽ മൈൽവരെയുള്ള ‘ഇന്ത്യൻ ടെറിട്ടോറിയൽ വാട്ടേഴ്‌സ്’ ഭാഗത്തും 12 നോട്ടിക്കൽ മൈലിനപ്പുറമുള്ള ഇക്കണോമിക് എക്സ് ക്ലൂസിവ് സോണിന്റെ ഭാഗത്തും ഈ മണൽവിന്യാസമുണ്ടെന്ന് പഠനത്തിൽ കണ്ടെത്തിയതായും ചൂണ്ടിക്കാട്ടുന്നു. കേരള തീരത്തിന്റെ ഭാഗമായ അഞ്ച് പ്രധാന മേഖലകളാണ് നിലവിൽ മണൽസഞ്ചയങ്ങളായി കണ്ടെത്തിയിട്ടുെണ്ടന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നത്.
പൊന്നാനി സെക്ടർ, ചാവക്കാട് സെക്ടർ, ആലപ്പുഴ സെക്ടർ, കൊല്ലം വടക്ക് സെക്ടർ, കൊല്ലം തെക്ക് സെക്ടർ എന്നിവയാണ് അവ. ഈ മേഖലയിൽ കടലിൽ ഏകദേശം 48 മീറ്റർ മുതൽ 62 മീറ്റർ വരെ ആഴത്തിൽ മണൽനിക്ഷേപമുണ്ടെന്ന് പഠനത്തിൽ പറയുന്നു. സമുദ്രത്തോട് ചേരുന്ന നദികളുടെ വിന്യാസത്തിനനുസരിച്ച് അവ നിക്ഷേപിച്ച മണൽ സഞ്ചയങ്ങളാണ് ഓഫ്‌ഷോർ മണൽ നിക്ഷേപങ്ങളായി കണ്ടെത്തിയിട്ടുള്ളത്. കേരളത്തിലെ പ്രധാനപ്പെട്ട കായലുകളും നദികളുമായ പറവൂർ കായൽ, അഷ്ടമുടി കായൽ, കായംകുളം കായൽ, പമ്പാ നദി, വേമ്പനാട് കായൽ, പെരിയാർ, ചാലക്കുടി പുഴ, ഭാരതപ്പുഴ എന്നിവ കടലിൽ പതിക്കുന്ന സ്ഥലങ്ങളോ അവയോട് ചേർന്നുള്ള പ്രദേശങ്ങളോ ആണ് ഇപ്പോൾ സെക്ടറായി കണക്കാക്കിയിട്ടുള്ള മേഖലകൾ.
കോർപറേറ്റുകൾക്കു മാത്രം സാമ്പത്തികനേട്ടം ഉണ്ടാക്കാൻ ഉതകുന്ന മണൽഖനന പദ്ധതി, കടലിന്റെ ജൈവ വൈവിധ്യത്തെയോ, ആവാസ വ്യവസ്ഥയെയോ, കടലും കടൽത്തീരവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയെയോ ഒട്ടും പരിഗണിക്കുന്നില്ല. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിൽ കേരള തീരത്തെ മണൽ കൂടാതെ ഗുജറാത്തിലെ പോർബന്തറിൽ മൂന്നു ബ്ലോക്കുകളിൽനിന്ന് ചുണ്ണാമ്പു ചളിയും അന്തമാനിലെ ഏഴു ബ്ലോക്കുകളിൽനിന്നും പോളിമെറ്റാലിക് നൊഡ്യൂൾസ് എന്നറിയപ്പെടുന്ന ധാതു വിഭവങ്ങളും കൊബാൾട്ടും ഖനനംചെയ്തെടുക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.
അവരുടെ മറ്റൊരു കണക്കുപ്രകാരവും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി നടത്തിയ പഠനപ്രകാരവും ഇന്ത്യയിലെ ഭൂ ഇക്കോണമി ഡോക്യുമെന്റിലെ കണക്ക് പ്രകാരവും ഇന്ത്യയിലെ ആഴക്കടലിൽ ഖര ലോഹങ്ങളും ചുണ്ണാമ്പും നിർമാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മണലുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലോഹ ധാതുക്കളുടെ നിർണയവും പൂർത്തീകരിച്ചിട്ടുണ്ട്.
കടലിന്‍റെ 400 മുതൽ 1000 മീറ്റർ വരെ ആഴത്തിൽ ഫോസ്ഫറസ് ഖര മിശ്രിതവും 2000-4000 മീറ്റർ ആഴത്തിൽ പോളി മെറ്റാലിക് സൾഫേറ്റ്, കൊബാൾട്ട്, 6000 മീറ്ററിലുള്ള മാംഗനീസ് എന്നിവ അടക്കം ഖനനംചെയ്തെടുക്കാനാവും. പോളി മെറ്റാലിക് സൾഫേറ്റിൽ സിങ്കും സ്വർണവുമടക്കം ചേർന്നിട്ടുള്ളതിനാൽ ഇതിന്‍റെ മൂല്യം വിലമതിക്കാനാവാത്തതാണ്. ആഴക്കടലിൽനിന്ന് ധാതുക്കൾ ഖനനംചെയ്യാനുള്ള സാങ്കേതികശേഷി അത്രയൊന്നും ഇന്ത്യക്കിെല്ലന്നും അതിന് ബഹുരാഷ്ട്ര കമ്പനികളുടെ വൈദഗ്ധ്യത്തെ ആശ്രയിക്കേണ്ടിവരുമെന്നും കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതിനിയമങ്ങൾ അതേപ്പറ്റി ഒന്നും പരാമർശിക്കുന്നിെല്ലന്നും കൊച്ചി സി.എം.എ
ഫ്.ആർ.ഐയിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. കെ. സുനിൽ മുഹമ്മദ് നേരത്തേ തന്നെ തന്‍റെ പഠനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനർഥം ഇന്ത്യൻ ഉടമസ്ഥതയിലുള്ള ലൈസൻസുകൾ വഴി ബഹുരാഷ്ട്ര കോർപറേറ്റുകൾക്കും ഈ മേഖലയിൽ പിൻവാതിൽ പ്രവേശനം ലഭിക്കുമെന്നതാണ്. സമുദ്രോപരിതലത്തിൽ ഖനനാവശ്യത്തിനുള്ള കപ്പലുകൾ പ്രവർത്തിപ്പിക്കുന്നതു മൂലം ഉണ്ടാകുന്ന വിഷാംശമുള്ള അവശിഷ്ടങ്ങൾ മത്സ്യസമ്പത്തിന് വേറെ തരത്തിലും വിനാശമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സി.എം.എഫ്.ആർ.െഎയുടെ പഠനത്തിൽനിന്ന്
മത്സ്യസമ്പത്തും അനുബന്ധ പ്രശ്നങ്ങളും
കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗം നടത്തിയ ഗവേഷണഫലം പറയുന്നതുപ്രകാരം കേരളത്തിലെ പവിഴപ്പുറ്റുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും കൊല്ലം പരപ്പിലാണെന്നാണ്. 40 മീറ്റര്‍ ആഴത്തിലുള്ള പവിഴപ്പുറ്റുകളാണ് ഇവിടെ ഉള്ളത്. വൈവിധ്യമേറിയ മത്സ്യയിനങ്ങളാണ് അവിടെ ജീവിക്കുന്നത്. ആ പവിഴപ്പുറ്റുകള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞാല്‍ മത്സ്യമേഖലയുടെ പൂർണമായ തകര്‍ച്ചയായിരിക്കും ഉണ്ടാവുക. പവിഴപ്പുറ്റുകളോടൊപ്പമുള്ള മത്സ്യങ്ങളും സ്‌പോഞ്ചുകളും ആല്‍ഗകളുമൊക്കെ നശിക്കും.
മത്സ്യങ്ങള്‍ക്ക് ഭക്ഷണമുണ്ടാകുന്ന പ്രക്രിയ മുഴുവന്‍ തടസ്സപ്പെടും. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രമാണ് കൊല്ലം. കേരളത്തിൽ സ്ഥിരീകരിച്ചിട്ടുള്ള മൃദുവായ പവിഴ ഇനങ്ങളുടെ മൂന്നിൽ രണ്ട് ഭാഗവും കൊല്ലം തീരത്താണുള്ളത്. കടലിനടിയിലെ ഈ പാറക്കെട്ടുകൾ അഥവ പാറപ്പാരുകൾ ജൈവ വൈവിധ്യ ഹോട്ട് സ്പോട്ടുകളാണ്. വിവിധ ഇനം മത്സ്യങ്ങൾ പവിഴ ഇനങ്ങൾ സ്പോഞ്ചുകൾ, ആൽഗകൾ എന്നിവക്ക് തീറ്റയും അഭയ കേന്ദ്രവുമായി ഈ മേഖലയിലെ പാറക്കെട്ടുകൾ പ്രവർത്തിക്കുന്നു.
40-100 മീറ്റർ ആഴത്തിലുള്ള ഖനന പ്രവർത്തനങ്ങൾ പാറപ്പാരുകളുടെ ആവാസ വ്യവസ്ഥയെ ദുർബലപ്പെടുത്തും. പാറപ്പാരുകൾ സമുദ്ര ജൈവവൈവിധ്യം നിലനിർത്തുകയും മത്സ്യ ഉൽപാദനക്ഷമത ഉറപ്പാക്കുകയും ചെയ്യുന്ന ഫീഡർ സംവിധാനമാണ്. ഇവയുടെ നാശം സമുദ്രജീവികൾക്കും അവയെ ആശ്രയിക്കുന്ന സമൂഹങ്ങൾക്കും പ്രത്യാഘാതം സൃഷ്ടിക്കും.
1961 മുതല്‍ ’65 വരെ ഇവിടെ ഗവേഷണം നടത്തിയ ഇന്തോ-നോര്‍വീജിയന്‍ പ്രോജക്ടിന്റെ തലവനായിരുന്ന ഡോ. കെയര്‍ ലാര്‍സനാണ് കൊല്ലത്തിന്റെ പ്രാധാന്യം ലോകത്തിന് മുന്നില്‍ കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിലുള്ള 22 മത്സ്യ സങ്കേതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കൊല്ലം പരപ്പ് അഥവാ കൊല്ലം ബാങ്ക്. വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെ 87 കിലോമീറ്റര്‍ വരെ പടര്‍ന്നുകിടക്കുന്ന 330 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ്. ഇത് അങ്ങേയറ്റം സെന്‍സിറ്റിവായ പ്രദേശമാണ്. അവിടെ നല്ലരീതിയില്‍ മണല്‍ നിക്ഷേപമുണ്ട്.
നൂറ്റാണ്ടുകളായിട്ടുള്ള നിക്ഷേപമാണ് അത്. കടലില്‍ നിന്നും കരയില്‍നിന്നും മണല്‍ ഇവിടെ വന്നിട്ടുണ്ട്. ഈ മണല്‍പ്പരപ്പിന്റെ പുറത്ത് ഒന്നു രണ്ട് മീറ്റര്‍ കനത്തില്‍ ചളിയും പായലുകളും ജൈവാവശിഷ്ടങ്ങളും അടിഞ്ഞുകൂടി കിടക്കുകയാണ്. ഈ ചളിയും പായലുകളുമാണ് യഥാർഥത്തില്‍ മത്സ്യങ്ങളുടെ ഭക്ഷണമായി മാറുന്നത്. മത്സ്യസമ്പത്ത് രൂപവത്കരിക്കുന്നതിനായുള്ള സൗകര്യം ഉണ്ടാക്കുന്നത്.
അതുകൊണ്ടാണ് ഇത്രയധികം മത്സ്യങ്ങള്‍ ഇവിടെയുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ കിട്ടാവുന്ന ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ മുഴുവന്‍ അവിടെ നിന്ന് പിടിക്കുന്നുണ്ട്. ഈ മണല്‍പ്പരപ്പിലെ ചളി കലക്കി കളഞ്ഞതിനു ശേഷം വേണം മണലെടുക്കാന്‍. ചളി കലക്കുന്നത് സൂര്യപ്രകാശത്തിന്റെ ലഭ്യതയെ തടസ്സപ്പെടുത്തും. പ്രകാശസംശ്ലേഷണത്തെ ബാധിക്കും. അതുകൊണ്ട് മത്സ്യഭക്ഷണങ്ങളായ ഡയാറ്റം, ബ്ലൂ പ്ലാങ്ക്ടണ്‍ തുടങ്ങിയവ അപ്രത്യക്ഷമാകും.
പവിഴപ്പുറ്റുകളും മണല്‍പ്പരപ്പുമാണ് കൊല്ലത്തെ അടക്കം തീരത്തെ സംരക്ഷിക്കുന്നത്. അതൊരു കോട്ടമതില്‍പോലെ നില്‍ക്കുകയാണ്. മണലെടുത്താല്‍ ആ കടല്‍ത്തീരം അപ്പാടെ നഷ്ടമാകും. ശംഖുംമുഖം കടപ്പുറം അപ്രത്യക്ഷമായതുപോലെയായിരിക്കും സംഭവിക്കുക.
കൊല്ലം തീരത്തുനിന്നാണ് വേളാപ്പാര, സാന്‍ഡ് ലോബ്‌സ്റ്റര്‍, കിളിമീന്‍, പരവ പോലെയുള്ള മത്സ്യങ്ങളും കരിക്കാടി, പൂവാലന്‍ തുടങ്ങിയ ചെമ്മീന്‍ ഇനങ്ങളും നങ്ക്, തിരണ്ടി പോലെയുള്ള അടിത്തട്ട് മത്സ്യങ്ങളും ഉപരിതലത്തിലുള്ള മത്തി, അയല, വറ്റ, നത്തോലി തുടങ്ങിയ മത്സ്യങ്ങളും ധാരാളം ലഭിക്കുന്നത്. ഇതൊക്കെ അപ്രത്യക്ഷമായാല്‍ കേരളത്തിന്റെ ഭക്ഷണം നഷ്ടപ്പെടുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മത്സ്യം കഴിക്കുന്നവരില്‍ നമ്മളും പെടും.
നമുക്ക് ലഭ്യമാകുന്ന വില കുറഞ്ഞ പ്രോട്ടീനാണ് അത്. ഇപ്പോള്‍തന്നെ കഴിഞ്ഞ ഒരു വര്‍ഷമായി ലഭിക്കുന്ന മത്തിയുടെ വലുപ്പം കുറവാണ്. അതിന്‍റെ മിനിമം ലീഗല്‍ സൈസ് എന്ന് പറയുന്നത് 10 സെന്റിമീറ്ററാണ്. മത്തിയുടെ വലുപ്പം കുറയാന്‍ കാരണം അവയുടെ ഭക്ഷണം രൂപപ്പെടുന്ന പ്രക്രിയ തടസ്സപ്പെട്ടതിനാലാണ്. മണലെടുക്കാനുള്ള കലക്കല്‍ അതിനെ മുഴുവന്‍ തകര്‍ത്തു കളയും.
കടൽമണലിന് ഒന്നര-രണ്ട് മീറ്റർ കനത്തിൽ കടൽപ്പായലും, ചളിയും ജൈവാവശിഷ്ടങ്ങളുമുള്ള മേൽമണ്ണുണ്ട്. ഇത് മുഴുവൻ മാറ്റി മേൽ ഭാഗത്തുനിന്ന് ഒരു കിലോ മണ്ണെടുക്കുമ്പോൾ 4 കിലോഗ്രാം മേൽമണ്ണാണ് നഷ്ടപ്പെടുന്നത്. ഈ പ്രവൃത്തിയിലൂടെ മത്സ്യങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ ആവാസവ്യവസ്ഥ നഷ്ടമാവും. കേരളത്തിലെ 3500 ട്രോളിങ് ബോട്ടുകളിൽ 1000വും കൊല്ലം ശക്തികുളങ്ങരയാണുള്ളത്, ഏറ്റവും കൂടുതൽ മത്സ്യബന്ധന തൊഴിലാളികൾ ഉപജീവനം നടത്തുന്ന പ്രദേശവും ഇതാണ്.
കേരളത്തിലെ നാലിലൊന്ന് മത്സ്യത്തൊഴിലാളി വിഭാഗവും അമ്പലപ്പുഴ, ആലപ്പുഴ, പുന്നപ്ര, പുറക്കാട്, തോട്ടപ്പള്ളി, വലിയഴീക്കൽ, ചെറിയഴീക്കൽ, കൊല്ലം വാടി, തങ്കശ്ശേരി എന്നിവിടങ്ങളിലാണ് ജീവിക്കുന്നത്. ഇവയെല്ലാം മത്സ്യബന്ധന കേന്ദ്രങ്ങളാണ്. കേരളത്തിൽ നിരവധി മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും അതിജീവനത്തെയും ഇത് പ്രതികൂലമായി ബാധിക്കും.
ഫിഷറീസ് വകുപ്പിന്റെ 2022-’23ലെ കണക്കനുസരിച്ച് 10.60 ലക്ഷമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജനസംഖ്യ. ഇത് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 3.1 ശതമാനമാണ്. 222 കടലോര ഗ്രാമങ്ങളിലും, 113 കായലോര ഗ്രാമങ്ങളിലുമായി ഇവർ താമസിക്കുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോർഡിന്റെ 2022-23ലെ കണക്കനുസരിച്ച് 2,40,974 പേർ നേരിട്ട് മത്സ്യബന്ധന പ്രക്രിയയിലും 78,659 പേർ അനുബന്ധ മേഖലയിലും പണിയെടുക്കുന്നതായി കണക്കാക്കപ്പെടുന്നു.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്ക് ഉതകുന്ന വിദേശനാണ്യം നേടിത്തരുന്നതിൽ മത്സ്യത്തൊഴിലാളികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മറൈൻ േപ്രാഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) കണക്കനുസരിച്ച് 2022-23 വർഷത്തിൽ 63969.14 കോടി രൂപക്ക് തുല്യ മൂല്യമുള്ള 17,35,286 മെട്രിക് ടൺ മത്സ്യം ഇന്ത്യ കയറ്റുമതി ചെയ്തു. ഇതിൽ കേരളത്തിന്റെ പങ്ക് യഥാക്രമം 8285.03ഉം 2,18,629ഉം ആയിരുന്നു.
മുന്നിലുണ്ട് അനുഭവങ്ങൾ നിരവധി
ഭൂമിയെ ചൂഷണംചെയ്യുന്നതിൽനിന്നാണ് എല്ലാതരം ചൂഷണങ്ങളും ഉടലെടുക്കുന്നതെന്നും ഭൂമിയെയും അതിലെ വിഭവങ്ങളെയും ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ചാൽ മറ്റെല്ലാ ചൂഷണങ്ങളും നിലക്കുമെന്നും ജർമൻ തത്ത്വചിന്തകൻ ഫെഡറിക്ക് നീത്ഷെ പറയുന്നുണ്ട്. ഭൂമിയുടെ നീതിശാസ്ത്രം എന്നത് എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയുള്ള വ്യവസ്ഥയാണ്, അെല്ലങ്കിൽ അതാവണം. സമുദ്രവും കരയുമൊക്കെ ചിലർക്കു മാത്രമുള്ള അക്ഷയഖനിയാണെന്ന മിഥ്യയിലാണ് ശാസ്ത്രലോകത്തും ചിലർക്കെങ്കിലുമുള്ളത്. ഭൂമിയുടെ ഭാഗംതന്നെയായുള്ള സമുദ്രത്തിെന്റ കാര്യത്തിലും ആ ചിന്ത എന്തുകൊണ്ടോ ഭരണകൂടത്തിനോ അവരെ നിയന്ത്രിക്കുന്ന കോർപറേറ്റുകൾക്കോ ഇല്ല.
ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ വരും കാലങ്ങളിലേക്കും വരാനിരിക്കുന്ന തലമുറകളെയും പരിഗണിക്കുന്ന ധർമപഥത്തിലൂടെ സഞ്ചരിക്കേണ്ടതുണ്ടെന്ന ചിന്ത എന്നോ അസ്തമിക്കപ്പെട്ടു. 2004ൽ ആഞ്ഞടിച്ച സൂനാമിയുടെ ദുരന്തഫലങ്ങൾ കേരളതീരമടക്കം ഇന്ത്യൻ ജനതയും അനുഭവിച്ചതാണ്. സൂനാമിയുടെ പ്രഭവകേന്ദ്രം ഇന്ത്യോനേഷ്യയായിരുന്നു. അനിയന്ത്രിത ഖനനംമൂലം തീരശോഷണം രൂക്ഷമാവുകയും കടൽ ഭൂകമ്പത്തിന് കാരണമാവുകയുമായിരുന്നുവെന്ന് അവിടെ സമുദ്ര ശാസ്ത്രജ്ഞർ വാദിക്കുന്നു. മൊറോക്കോ, കരീബിയൻ ദ്വീപുകൾ, ക്വീൻസ്ലാൻഡ്, നെതർലൻഡ്സ് എന്നിവിടങ്ങളിലൊക്കെ കടൽ ഖനനം വൻതോതിൽ തീരം നഷ്ടെപ്പടാൻ ഇടയാക്കി.
പലയിടങ്ങളിലും ടൂറിസം തകർന്നു. ഹംഗറി, നോർവേ, ന്യൂസിലൻഡ്, ദ്വീപ് രാഷ്ട്രങ്ങളായ നുവാരു, ടുവാലു, സോളമൻ ഐലൻഡ്, കിരിബാത്തി എന്നിവിടങ്ങളിലൊക്കെ ഏറിയും കുറഞ്ഞും ഇത്തരം പ്രതിസന്ധികളുണ്ട്. ന്യൂസിലന്‍ഡിന്റെ തീരവും ഇന്തോനേഷ്യയിലെ 12 ദ്വീപുകള്‍, ജര്‍മനി, നോര്‍വേ, തായ്‌ലൻഡ്, ഫിന്‍ലന്‍ഡ് തുടങ്ങി വന്‍കിട വ്യവസായരാജ്യങ്ങളുമടക്കം മണലെടുപ്പിന്റെ പ്രതിസന്ധി നേരിടുകയാണ്.
ആഴക്കടൽ ഖനനം വേെണ്ടന്നും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളുടെ കൂട്ടായ്മകൾ രംഗത്ത് വന്നിട്ടുണ്ട്. ഫ്രാൻസ്, കാനഡ, യു.കെ, ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ്, മെസ്കികോ, പെറു തുടങ്ങിയ രാജ്യങ്ങളൊക്കെ മൊറട്ടോറിയം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ പാർലമെന്‍റ് അംഗങ്ങളുടെ കൂട്ടായ്മയായ പാർലമെന്‍റേറിയൻസ് ഫോർ ഗ്ലോബൽ ആക്ഷൻ (പി.ജി.എ) ആഴക്കടൽ ഖനനത്തിനെതിരെ കാമ്പയിൻ തുടങ്ങിയിട്ടുണ്ട്. 2022ൽ പോർചുഗലിൽ നടന്ന യു.എൻ ഓഷ്യൻ കോൺഫറൻസിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ ചേർന്ന് ആഴക്കടൽ ഖനന വിരുദ്ധ കൂട്ടായ്മ രൂപവത്കരിച്ചു.
കൂടാതെ, ലോകത്ത് 70 രാജ്യങ്ങളിലെ 931 ഗവേഷകര്‍ ഒന്നുചേര്‍ന്ന് തുടര്‍ച്ചയായ മണല്‍ഖനനം അപകടകരമാണെന്ന് പ്രമേയം പാസാക്കി. അതു മാത്രമല്ല, ഐക്യരാഷ്ട്ര സംഘടനയിലെ ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍) ഈ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് അടിയന്തരമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള യുനൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് അസംബ്ലി കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ യോഗം ചേര്‍ന്നു. അവര്‍ ലോകത്തിന് നല്‍കിയ നിര്‍ദേശം കടല്‍ഖനനം നിര്‍ത്തിവെക്കണമെന്നും മണലിന് നിങ്ങള്‍ മറ്റു മാർഗങ്ങളിലേക്ക് തിരിയണമെന്നുമായിരുന്നു.
അത് കൂടാതെ കാലാവസ്ഥ ഉച്ചകോടികളും അതേ ആവശ്യം ഉന്നയിച്ചു. യു.എന്‍ ഉന്നതതല സംഘത്തില്‍ ഇന്ത്യ അംഗമാണ്. ലോകത്ത് 100 രാജ്യങ്ങള്‍ ഒപ്പിട്ട പ്രമേയം കഴിഞ്ഞ വര്‍ഷം യു.എൻ പാസാക്കി. അതില്‍ ഇന്ത്യയുമുണ്ട്. കടലിന്റെ 30 ശതമാനമെങ്കിലും സംരക്ഷിക്കണമെന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. ആസ്ട്രേലിയ കടൽഖനനത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നും 3000 കിലോമീറ്റര്‍ അകലെയാണ് അഫാനസി നികിതിന്‍ എന്ന പർവതനിരയുള്ളത്. 400 കിലോമീറ്റര്‍ നീളവും 336 കിലോമീറ്റര്‍ വീതിയുമുള്ള വലിയ പര്‍വതമാണ് അത്.
ആ പര്‍വതത്തില്‍നിന്ന് കൊബാള്‍ട്ടും നിക്കലും ഖനനംചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിന് പുറമെ ഇന്ത്യാ ഗവണ്‍മെന്റ് ജമൈക്കയില്‍ 6000 മീറ്റര്‍ താഴ്ചയില്‍ കൊബാള്‍ട്ടും നിക്കലും മാത്രമല്ല മാംഗനീസും ഖനനം ചെയ്‌തെടുക്കാനുള്ള പദ്ധതികളും വിഭാവനംചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടാണ് മത്സ്യ 6000 എന്നൊരു ഉപകരണം വികസിപ്പിച്ചത്. മൂന്ന് പേര്‍ക്ക് കയറാവുന്ന അണ്ടര്‍വാട്ടര്‍ മാന്‍ഡ് വെഹിക്കിളാണ് നമ്മള്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളിൽപോലും പരിസ്ഥിതി പ്രത്യാഘാത പഠനം നടത്തിയിട്ടില്ല.
മധ്യ ശാന്തസമുദ്രത്തിലെ ക്ലാരി യോൺ ക്ലിപ്പർ ടോൺ മേഖലയിൽനിന്നും നൊഡ്യൂൾസ് ഖനനം ചെയ്യാനുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ 10 വർഷമായുള്ള ശ്രമം വിജയിച്ചിട്ടില്ല. റിമോട്ട് ഓപറേറ്റിങ് വെഹിക്കിൾ, സീബെഡ് സ്ക്രാളേഴ്സ്, ഓട്ടോമാറ്റിക് ഉപകരണങ്ങൾ, ആറുപേരെ വഹിച്ചുകൊണ്ട് 6000 മീറ്റർ ആഴത്തിൽ ഖനനം നടത്തുന്ന വരാഹ -3, മത്സ്യ -6000 എന്നീ ഉപകരണങ്ങൾ ഇന്ത്യ അടുത്തിടെ വികസിപ്പിച്ചിരിക്കുന്നതും വിവിധ മേഖലയിലെ ഖനനം ലക്ഷ്യമിട്ടാണ്. ഇതൊക്കെ കണ്ടുതന്നെയാണ് അന്താരാഷ്ട്ര കരാറുകളും നിലവിൽ വന്നത്.
കേന്ദ്രസർക്കാറിന്‍റെ വിശദീകരണം
മത്സ്യബന്ധനം നടക്കുന്ന മേഖലക്കും വളരെ അപ്പുറത്താണ് മണൽഖനനമെന്നും ഖനനത്തിനു മുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നുമാണ് തീരമേഖലയിൽ പ്രതിഷേധം രൂപപ്പെട്ടപ്പോൾ കേന്ദ്ര ഖനന മന്ത്രാലയം വിശദീകരിച്ചത്. മന്ത്രാലയം സെക്രട്ടറി വി.എൽ. കാന്തറാവു ഇതുസംബന്ധിച്ച് വാർത്താ കുറിപ്പും ഇറക്കി. പര്യവേക്ഷണത്തിനും ഖനനത്തിനുമുൾപ്പെടെ കോംപസിറ്റ് ലൈസൻസാകും കമ്പനികൾക്ക് അനുവദിക്കുക എന്നും പര്യവേക്ഷണത്തിന് പരമാവധി അഞ്ചുവർഷം വരെയും ഖനനത്തിന് പരമാവധി 50 വർഷം വരെയും സമയമായിരിക്കും ചെലവഴിക്കപ്പെടുകയെന്നും ഖനി മന്ത്രാലയം പുറത്തിറക്കിയ രേഖയിൽ ചൂണ്ടിക്കാട്ടപ്പെടുന്നു.
മണൽഖനനവുമായി ബന്ധപ്പെട്ട ചരക്ക് കടത്തും മറ്റും കൊല്ലം തീരം കേന്ദ്രീകരിച്ചാവും. എന്നാൽ, കേന്ദ്രസർക്കാർ ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്നും വ്യത്യസ്തമാണ് മണൽശേഖരം കണ്ടെത്തിയ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ മുൻ ശാസ്ത്രജ്ഞർ തയാറാക്കിയ ഭൂപടത്തിലെ ഖനനമേഖല. രാജ്യത്തെ ഏറ്റവും സമൃദ്ധമായ മത്സ്യസങ്കേതമായ കൊല്ലം പരപ്പിന് ഏതാണ്ട് ഉള്ളിലാണ് നിർദിഷ്ട ഖനനമേഖല. തീരത്തുനിന്ന് ഏതാണ്ട് 33 കിലോമീറ്റർ മാത്രം അകലെയാണിത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരത്തുനിന്ന് 20 മുതൽ 60 നോട്ടിക്കൽ മൈൽ വരെ അകലെ 3300 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്നതാണ് കൊല്ലം പരപ്പ്.
ഇവിടെ കടലിന്‍റെ 50 കിലോമീറ്റർ ഉൾഭാഗമെന്നത് മത്സ്യബന്ധനത്തിന്‍റെ ഹൃദയഭാഗമാെണന്നാണ് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. കേരളതീരത്തുനിന്നുള്ള യന്ത്രവത്കൃത ബോട്ടുകൾ 150 നോട്ടിക്കൽ അകലെവരെ പോയി ദിവസങ്ങളോളം തങ്ങി മീൻ പിടിക്കുകയാണ് പതിവ്. നിർദിഷ്ട ഖനനമേഖലക്കുമപ്പുറത്തേക്ക് മത്സ്യസങ്കേതം വ്യാപിച്ച് കിടക്കുന്നതിനാൽ ഖനനസമയങ്ങളിൽ മീൻപിടിക്കാൻ പോകാനുള്ള വഴിതന്നെ തടസ്സപ്പെടും.
ഖനനത്തിനെതിരെ പ്രതിഷേധം രൂപപ്പെട്ടതോടെയാണ് കേന്ദ്ര സർക്കാർ വിശദീകരണവുമായി വന്നിരിക്കുന്നത്. കടൽഖനനമടക്കമുള്ള കാര്യങ്ങളിൽ നിരവധി അന്താരാഷ്ട്ര നിയമങ്ങളും സമുദ്രസംരക്ഷണ കരാറുകളുമുണ്ട്. അതൊക്കെ ലംഘിക്കപ്പെടുമെന്ന കാര്യം ചർച്ചചെയ്യെപ്പട്ടതും വിശദീകരണത്തിന് പിന്നിലെ ചേതോവികാരമാകാം.
ഒട്ടേറെ പാരസ്പര്യങ്ങളിലൂടെയാണ് ഈ ജീവചക്രം കൊരുക്കപ്പെട്ടിരിക്കുന്നത്. ഒരുപാട് സൂക്ഷ്മജീവികളുടെ സഞ്ചാരപഥം തകർത്താണ് രാസപദാർഥങ്ങളും വിഷാംശങ്ങളും നാം ഭൂമിയുടെ തൊലിപ്പുറത്തേക്കും ജീവജലം ഒഴുകുന്ന ജലാശയങ്ങളിലേക്കും കടത്തിവിടുന്നത്. സമുദ്രത്തിൽ തിമിംഗലങ്ങളുടെ സഞ്ചാരപഥം മുറിച്ചുകൊണ്ട് കടന്നുപോകുന്ന അന്തർവാഹിനികളെപ്പോലെ പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത ഒരു ജൈവ ശൃംഖലതന്നെ അതിവസിക്കുന്ന സമുദ്രാന്തർഭാഗവുംകൂടി തകർത്തെറിഞ്ഞാൽ അതിദാരുണമാകും ഭാവി തലമുറക്ക് ഈ ഭൂമിയിലെ ജീവിതം.