ഈ സമരം കേരള ജനതക്ക് വേണ്ടി

കടൽമണൽ ഖനനത്തിനെതിരായ സമരം മത്സ്യസമ്പത്ത് സംരക്ഷിക്കാൻ വേണ്ടി മാത്രമല്ല. മത്സ്യത്തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കുംകൂടി വേണ്ടിയാണ് ഞങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്. കൊല്ലം പരപ്പിനെ സംരക്ഷിക്കുകയെന്നാല്‍ കേരളത്തിനെ തന്നെ സംരക്ഷിക്കുക എന്നാണ് ഞങ്ങള്‍ കരുതുന്നത്. ഒരു ശരാശരി കേരളീയന്‍ 32 കിലോഗ്രാം മത്സ്യം ഒരു വര്‍ഷം കഴിക്കുന്നുണ്ട്. ആ മത്സ്യത്തിന്റെ ഭൂരിഭാഗവും പ്രദാനം ചെയ്യുന്നത് കൊല്ലം പരപ്പാണ്. ഇവിടെ ഏതാണ്ട് ആയിരത്തോളം ട്രോളിങ് ബോട്ടുകളുണ്ട്, അയ്യായിരത്തോളം ഫൈബര്‍ വള്ളങ്ങളുണ്ട്, നൂറോളം ഇന്‍ബോര്‍ഡ് വള്ളങ്ങളുമുണ്ട്. ഇവിടെ ഒരുപാട് മത്സ്യ പ്രജനന കേന്ദ്രങ്ങളുമുണ്ട്. കടൽ...
Your Subscription Supports Independent Journalism
View Plansകടൽമണൽ ഖനനത്തിനെതിരായ സമരം മത്സ്യസമ്പത്ത് സംരക്ഷിക്കാൻ വേണ്ടി മാത്രമല്ല. മത്സ്യത്തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കുംകൂടി വേണ്ടിയാണ് ഞങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്. കൊല്ലം പരപ്പിനെ സംരക്ഷിക്കുകയെന്നാല്‍ കേരളത്തിനെ തന്നെ സംരക്ഷിക്കുക എന്നാണ് ഞങ്ങള്‍ കരുതുന്നത്. ഒരു ശരാശരി കേരളീയന്‍ 32 കിലോഗ്രാം മത്സ്യം ഒരു വര്‍ഷം കഴിക്കുന്നുണ്ട്.
ആ മത്സ്യത്തിന്റെ ഭൂരിഭാഗവും പ്രദാനം ചെയ്യുന്നത് കൊല്ലം പരപ്പാണ്. ഇവിടെ ഏതാണ്ട് ആയിരത്തോളം ട്രോളിങ് ബോട്ടുകളുണ്ട്, അയ്യായിരത്തോളം ഫൈബര്‍ വള്ളങ്ങളുണ്ട്, നൂറോളം ഇന്‍ബോര്‍ഡ് വള്ളങ്ങളുമുണ്ട്. ഇവിടെ ഒരുപാട് മത്സ്യ പ്രജനന കേന്ദ്രങ്ങളുമുണ്ട്. കടൽ ഖനനംമൂലം ഇതെല്ലാം തകര്‍ന്ന് തരിപ്പണമാകും. നമ്മുടെ സമ്പദ്ഘടനയും തകരും. അതുകൊണ്ട് ഞങ്ങളുടെ സമരം ഞങ്ങള്‍ക്കു വേണ്ടിമാത്രമുള്ളതല്ല, ഈ കേരളത്തിന് വേണ്ടിയുള്ളതാണ്.
കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗം പ്രഫസര്‍ ഡോ. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പഠനസംഘം തയാറാക്കിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതനുസരിച്ച് പവിഴപ്പുറ്റുകളും ക്ലിഫുകളും നശിച്ചുകഴിഞ്ഞാല്‍ മത്സ്യസമ്പത്ത് എന്നെന്നേക്കുമായി നഷ്ടമാകും. കൊല്ലത്തെ സംരക്ഷിക്കുന്ന ആ കോട്ട തകര്‍ന്നുപോകും.
അതുകൊണ്ട് എന്തു വിലകൊടുത്തും ഇക്കാര്യത്തില്‍ ഒരു പ്രാഥമിക പരിശോധന നടത്തണം. ഇത്തരം പദ്ധതികള്‍ നടത്തുമ്പോള്‍ പാരിസ്ഥിതിക പ്രത്യാഘാത പഠനം നടത്തേണ്ടതുണ്ട്. അത് നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം രേഖപ്പെടുത്തേണ്ടതുണ്ട്. അതും നടന്നിട്ടില്ല. ടെൻഡർ നടപടിയിലേക്ക് നീങ്ങിയശേഷം പഠനം നടത്തുമെന്ന് കേന്ദ്ര ഖനി വകുപ്പ് പറയുന്നത് കണ്ണിൽ പൊടി ഇടാനും വിഷയം വഴിതിരിച്ചുവിടാനുമാണ്.
സംസ്ഥാന സര്‍ക്കാറിന്റെ അഭിപ്രായവും ഇതുമായി ബന്ധപ്പെട്ട് തേടേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നാല്‍, അത് കണക്കിലെടുത്തിട്ടില്ല. കൊച്ചിയിലെ ചില ഗവേഷണ സ്ഥാപനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ അവര്‍ കണ്ട് ആശങ്ക അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. അത് കൂടാതെ കുസാറ്റ്, കുഫോസ് എന്നിവിടങ്ങളിലെ സയന്റിസ്റ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് കുസാറ്റിലെ മറൈന്‍ ജിയോളജി, അക്വാട്ടിക് ബയോളജി എന്നിവരെ ഒരുമിപ്പിച്ചുകൊണ്ട് ഒരു ഏകദിന വര്‍ക്ക്‌ഷോപ്പ് വെച്ചിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനമാണ് സി.എം.എഫ്.ആർ.ഐ. ഇവിടത്തെ ഗവേഷകര്‍ മിനറല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് 2018ല്‍ കേന്ദ്രസര്‍ക്കാറിന് കത്ത് കൊടുത്തിട്ടുണ്ട്. അതെല്ലാം മറികടന്നുകൊണ്ടാണ് പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. കടലിലെ മണ്ണെടുക്കുമ്പോൾ അവിടെ ഗർത്തം രൂപപ്പെടുകയും കരയിലെ മണ്ണ് കൂടി ആ സമയത്ത് കടൽ വലിച്ചെടുക്കുകയും ചെയ്യുന്നതോടെ തീരശോഷണം ഗുരുതരമാകും. നമ്മുടെ കടലും കടൽതീരവും അതീവ ലോല പരിസ്ഥിതി പ്രദേശമാണ്. അവിടെ നടത്തുന്ന ഏതൊരു ചെറിയ ഇടപെടൽപോലും കടൽ പരിസ്ഥിതിയിലും, കടൽജീവികളുടെ ആവാസവ്യവസ്ഥയിലും ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കും, ആരും അതൊന്നും കാണുന്നില്ല.
കടൽഖനനംമൂലം കടലിൽ മൃതമേഖലകൾ (ഡെഡ് സോൺ)സൃഷ്ടിക്കുമെന്ന ഗവേഷകരുടെ അഭിപ്രായം മാനിക്കപ്പെടുക തന്നെ വേണം. കടൽമണലിന് ഉപ്പിന്‍റെ അംശം കൂടുതലാെണന്ന് ഗോവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ ഡയറക്ടറുമായിരുന്ന ഡോ. ജി. നാരായണസ്വാമി പറഞ്ഞിട്ടുണ്ട്. അതെടുത്ത് കഴുകി സാദാ മണലാക്കാമെന്ന് കരുതുന്നത് വലിയ വിഡ്ഢിത്തമാകും. കഴുകാനുള്ള ശുദ്ധജലം എവിടന്ന് കിട്ടും. അങ്ങനെ കഴുകാൻ വെള്ളമെടുത്താൽ ശുദ്ധജലക്ഷാമം നാട്ടിലുണ്ടാകില്ലേ.
കാലാവസ്ഥാ വ്യതിയാനത്തിന്റെയും സർക്കാറുകളുടെ തെറ്റായ നയങ്ങളുടെയും, കടലിലും കടൽതീരങ്ങളിലും സർക്കാറുകൾ നടത്തുന്ന വൻകിട നിർമാണങ്ങളുടെയും ഫലമായി ഇപ്പോൾതന്നെ മത്സ്യസമ്പത്തിന് വലിയതോതിൽ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിനു പോകുന്നവർക്ക് മിക്കപ്പോഴും മത്സ്യമൊന്നും ലഭിക്കാതെ വെറും കൈയോടെ മടങ്ങിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ധനച്ചെലവുപോലും ലഭിക്കാത്തതിനാൽ മത്സ്യബന്ധനത്തിന് പോകാതെ ബോട്ടുകളും വള്ളങ്ങളും തീരങ്ങളിൽ കെട്ടിയിട്ടിരിക്കുന്ന കാഴ്ച സർവസാധാരണമാണ്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ വീണ്ടും ഇത്തരമൊരു പദ്ധതികൂടി കൊണ്ടുവരുന്നത് മത്സ്യബന്ധനം ഉപജീവനമാക്കിയ ലക്ഷക്കണക്കിന് ആളുകളെ പട്ടിണിമരണത്തിലേക്ക് തള്ളിവിടും.
നീക്കത്തിനു പിന്നിൽ വർഷങ്ങൾ നീണ്ട ആസൂത്രണം
2002ലെ കടൽ മേഖല ധാതു വികസന നിയന്ത്രണ നിയമം ഭേദഗതി ചെയ്താണ് കേന്ദ്രസർക്കാർ ബ്ലൂ ഇക്കോണമി എന്ന ആശയം രൂപവത്കരിക്കുന്നത്. ഖനനവും വിപണനവും നടത്താനുള്ള അവകാശം 2011ലെ തീരപരിപാലന നിയമ ഭേദഗതി വഴി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ഭൗമ മന്ത്രാലയം ബ്ലൂ ഇക്കോണമി നയരേഖ പ്രസിദ്ധീകരിച്ചത് 2021 ഫെബ്രുവരി 17നാണ്.
ഖനനത്തിന്‍റെ പൊതു അവകാശം പൊതുമേഖലക്കായിരിക്കണമെന്ന 2002ലെ ഖനന നിയമവും 2023ൽ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. കരയിൽനിന്ന് 21 കിലോമീറ്റർ വരെ വരുന്ന കടലിലെ നിയന്ത്രണ അവകാശം സംസ്ഥാന സർക്കാറിനായിരുന്നു. അതുപയോഗിച്ചാണ് കേരളം ട്രോളിങ് നിരോധനം ഉൾപ്പെടെ നടപ്പാക്കുന്നത്. ഈ നിയമം ഭേദഗതി ചെയ്ത് അതിൽ തീരക്കടൽ ഖനനത്തിനുള്ള അവകാശവും ഉൾപ്പെടുത്തി.
കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളാണ് കേരളത്തിലെ കടൽത്തീരത്തുള്ളത്. വെളുത്ത മണലിനൊപ്പം തന്നെ കരിമണലും ഖനനസമയത്ത് ലഭിക്കും ഇത് തീരത്ത് കൊണ്ടുവന്ന് എലൂട്രിയേഷൻ എന്ന പ്രക്രിയ വഴി ഖരലോഹങ്ങൾ മണ്ണിൽനിന്ന് വേർതിരിച്ചെടുക്കാനാവും. ഇത് ഖനനത്തിനായി കോൺട്രാക്ട് പിടിക്കുന്ന കമ്പനിക്ക് വലിയ നേട്ടത്തിന് കാരണമാകുമെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ വിദഗ്ധർ ചൂണ്ടികാട്ടുന്നു. അപൂർവ ജൈവ വൈവിധ്യവും ചരിത്രപ്രാധാന്യവും ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ ഖനനത്തിനെതിരെ പ്രമേയം പാസാക്കി.
ടെൻഡർ നടപടികളിൽ ദുരൂഹത...
മണൽഖനനത്തിനുള്ള കോൺട്രാക്ട് ആര് നേടിയാലും അത് ലഭിക്കുന്നത് അദാനിക്ക് ആയിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കഴിഞ്ഞ ജനുവരി 11, 12 തീയതികളിലാണ് ഇതുമായി ബന്ധപ്പെട്ട് ശിൽപശാല കൊച്ചിയിൽ നടന്നത്.
യോഗത്തിൽ അദാനി കമ്പനിയുടെ ബിനാമികളും വേദാന്ത കമ്പനിയും ചില സിമന്റ് കമ്പനികളുമാണ് പങ്കെടുത്തത്. ഇതിനുവേണ്ട രൂപരേഖകളെല്ലാം തയാറാക്കിയത് സ്റ്റേറ്റ് ഗവൺമെന്റ് ഓഫ് ഇന്ത്യ കാപിറ്റലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമാണിത്. മണൽ ഖനനം ചെയ്യുന്നതിനുള്ള എല്ലാ തടസ്സവും മാറ്റുമെന്ന് ഈ രേഖയിൽ പറഞ്ഞിരുന്നു.
വെളുത്ത മണലിനൊപ്പംതന്നെ ഗ്ലേസിയർ മിനറൽസ് അഥവാ കരിമണൽ ലഭ്യമാണ്. അതിനകത്ത് ഇലുമിനേറ്റ്, മോണോസൈറ്റ്, റോട്ടെയിൽ, ഗാർനെറ്റ്, സിലിക്കോൺ തുടങ്ങി ഒരുപാട് ധാതുക്കളുണ്ട്. 2023ലെ നിയമപ്രകാരം ഈ ഖര ലോഹങ്ങളിൽ റേഡിയോ ആക്ടിവ് പദാർഥങ്ങളൊഴികെയുള്ള ചില ഖര ലോഹങ്ങൾ പൊതുമേഖല സ്ഥാപനങ്ങൾക്കു മാത്രമേ ഖനനംചെയ്യാൻ അവകാശമുള്ളൂ.
ആ അവകാശം എടുത്തുമാറ്റി പ്രൈവറ്റ് മേഖലക്ക് നൽകി, സിർക്കോണിന്റെയും ടൈറ്റാനിയത്തിന്റെയും ഖനന അവകാശവും പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് മാറ്റി പ്രൈവറ്റ് കമ്പനികൾക്ക് നൽകുകയുംചെയ്തു. ഇപ്പോൾ ടെൻഡർ സ്വീകരിച്ചു തുടങ്ങിയെങ്കിലും ആരൊക്കെ സമർപ്പിച്ചു എന്നത് രഹസ്യമാക്കിവെച്ചിരിക്കുകയാണ്. ടെൻഡർ സമർപ്പിക്കാനുള്ള സമയപരിധി നീട്ടുകയുംചെയ്തു.

കടൽമണൽ ഖനനത്തിനെതിരെ സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂനിയന്റെ നേതൃത്വത്തിൽ കൊല്ലത്ത് നടന്ന സമരം
കടൽമണലിൽ ഗുണകരമോ?
കടൽ ഖനനം ചെയ്തെടുക്കുന്ന മണലിൽ ഉപ്പിന്റെ അംശം വളരെ കൂടുതലായിരിക്കുന്നതിനാൽ അത് നിർമാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമല്ലെന്ന് പ്രമുഖരായ പല സമുദ്ര ശാസ്ത്രജ്ഞരും പറയുന്നു. ഈ മണൽ നിർമാണങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ശുദ്ധീകരിച്ചെടുക്കാൻ ആവശ്യമായ ശുദ്ധജലത്തിന്റെ അളവ് വളരെ വലുതാണെന്നും, ഇപ്പോൾതന്നെ ജലക്ഷാമം നേരിടുന്ന കേരളത്തിൽ മണൽ ശുദ്ധീകരിക്കാനുള്ള വെള്ളം എവിടെനിന്ന് കിട്ടുമെന്നും അവർ ചോദിക്കുന്നു. കടൽതീരത്ത് നടക്കുന്ന ശുദ്ധീകരണ പ്രക്രിയമൂലമുണ്ടാകുന്ന മാലിന്യനിക്ഷേപം മറ്റൊരു വെല്ലുവിളിയാകും.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി അറബിക്കടലിൽ വലിയ തോതിൽ ചൂട് കൂടുന്നതായും കൊടുങ്കാറ്റുകളുടെ പ്രഭവകേന്ദ്രങ്ങളായി അറബിക്കടൽ മാറുന്നതായും പഠനങ്ങൾ തെളിയിക്കുന്നു. ഇതും കടലിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം അനിശ്ചിതത്വത്തിലാക്കുന്ന ഘടകങ്ങളിലൊന്നാണ്.
-------------
(കേരള മത്സ്യത്തൊഴിലാളി ഐക്യവേദി –ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്‍റാണ് ചാൾസ് ജോർജ്)