‘അവർ രാജ്യം ഭരിക്കുമ്പോൾ തീവ്രവാദിയാകുന്നത് അഭിമാനമാണ്’
ഹാഥറസ് സംഭവത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കണ്ട് വാർത്ത ശേഖരണത്തിന് പോകവെയാണ് മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അറസ്റ്റിലാവുന്നത്. രണ്ടുവർഷത്തെ ജയിൽജീവിതത്തിന് ശേഷം അടുത്തിടെയായിരുന്നു മോചനം.താൻ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യവും അതിനുശേഷമുള്ള അനുഭവങ്ങളും മാധ്യമപ്രവർത്തന അവസ്ഥകളും അദ്ദേഹം വിശദമാക്കുന്നു. മീഡിയവൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് സുപ്രീംകോടതി റദ്ദാക്കിയ അതേ...
Your Subscription Supports Independent Journalism
View Plansഹാഥറസ് സംഭവത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കണ്ട് വാർത്ത ശേഖരണത്തിന് പോകവെയാണ് മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അറസ്റ്റിലാവുന്നത്. രണ്ടുവർഷത്തെ ജയിൽജീവിതത്തിന് ശേഷം അടുത്തിടെയായിരുന്നു മോചനം.താൻ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യവും അതിനുശേഷമുള്ള അനുഭവങ്ങളും മാധ്യമപ്രവർത്തന അവസ്ഥകളും അദ്ദേഹം വിശദമാക്കുന്നു.
മീഡിയവൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് സുപ്രീംകോടതി റദ്ദാക്കിയ അതേ ദിവസമാണ്, സിദ്ദീഖ് കാപ്പനെ കാണാൻ വേങ്ങരയിലെ വീട്ടിലെത്തിയത്. അറസ്റ്റിലാകും മുമ്പ് ആ വീടിന്റെ മുകൾനിലയിലെ പണി നടക്കുകയായിരുന്നു. കാപ്പൻ ജയിലിലായതോടെ പണി പാതിവഴിയിലായി. പിന്നീട് കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും സഹായംകൊണ്ടാണ് വീടുപണി പൂർത്തിയാക്കിയത്. ഉള്ളുപൊള്ളുന്ന സങ്കടം മക്കൾക്കും കുടുംബത്തിനും മുന്നിൽ തുറന്നുകാട്ടാതെയാണ് കാപ്പനില്ലാത്ത വീട്ടിൽ ഭാര്യ റൈഹാനത്ത് ദിവസങ്ങൾ തള്ളിനീക്കിയത്. ജാമ്യംപോലും ലഭിക്കാൻ അഞ്ചുവർഷമെങ്കിലും വേണ്ടിവരുമെന്ന് പലരും പറഞ്ഞെങ്കിലും കാപ്പൻ അതിലും വേഗം വീട്ടിലെത്തുമെന്ന് റൈഹാനത്തിന് പ്രതീക്ഷയുണ്ടായിരുന്നു. പാതി പണിപൂർത്തിയായ വീട്ടിലേക്കല്ല കാപ്പൻ വരേണ്ടതെന്നും റൈഹാനത്ത് ആഗ്രഹിച്ചിരുന്നു. രണ്ടര വർഷത്തെ ജയിൽജീവിതത്തിനുശേഷം ജാമ്യം ലഭിച്ച സിദ്ദീഖ് കാപ്പനുമായി നടത്തിയ അഭിമുഖത്തിൽനിന്ന്.
ജാമ്യം ലഭിച്ചതോടെ മുമ്പെങ്ങുമില്ലാത്ത സ്വീകാര്യതയാണല്ലോ? സ്വതന്ത്ര മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ടാണ് പലരും സിദ്ദീഖ് കാപ്പനെ വിലയിരുത്തുന്നത്. എങ്ങനെ കാണുന്നു ഇത്?
ഫാഷിസത്തിന് ഏറ്റ തിരിച്ചടിയാണ് എന്റെ കേസിലെ വിധി. ജയിലിൽനിന്നിറങ്ങിയപ്പോൾ നിങ്ങളുടെ വാക്കുകൾ ഞങ്ങൾക്ക് ആശ്വാസം പകരുന്നുവെന്ന് പലരും പറയുകയുണ്ടായി. ജയിൽജീവിതത്തിനുശേഷം സ്വീകാര്യതകൂടിയിട്ടുണ്ട് എന്നത് പറയാതെ വയ്യ. ഡൽഹിയിലും നാട്ടിലുമായി കുറച്ചാളുകൾക്ക് മാത്രം പരിചയമുള്ള ഒരു സിദ്ദീഖ് കാപ്പനല്ല ഇന്ന് ഞാൻ. രണ്ടുമാസമായി ജയിലിൽനിന്ന് എത്തിയിട്ട്. ഇപ്പോഴും ഇടതടവില്ലാതെ ആളുകൾ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഫോൺ വിളിക്കുന്നു. കോടതി ജാമ്യം നൽകിയിട്ടേ ഉള്ളൂ... കുറ്റമുക്തനാക്കിയിട്ടില്ല. കേസിൽ വിചാരണ ബാക്കി കിടക്കുന്നുണ്ട്. 5000 പേജുള്ള ചാർജ് ഷീറ്റ് ഇപ്പോഴും കിട്ടിയിട്ടില്ല.
സിദ്ദീഖ് കാപ്പൻ തീവ്രവാദിയാണെന്ന തരത്തിലും ഒരുപാട് പ്രചാരണങ്ങളുണ്ടായി. ആ ലേബലിന് മാറ്റം വന്നിട്ടുണ്ടോ?
തുടക്കം മുതലേ ഇങ്ങനെയൊരു പ്രചാരണം നടക്കുന്നുണ്ട്. എന്നെ പൊലീസ് അറസ്റ്റ് ചെയ്തത് കലാപം നടക്കുന്ന സ്ഥലത്തുനിന്നല്ല. വാർത്ത തേടിയുള്ള യാത്രക്കിടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് തീവ്രവാദിയാണെന്ന് പറഞ്ഞവരൊക്കെ ഇപ്പോൾ വിളിക്കുന്നുണ്ട്. അന്ന് ഞങ്ങൾ ഒപ്പം നിൽക്കുമെന്ന് കരുതിയവരിൽ പലരും കൂടെയുണ്ടായില്ല. എന്നാൽ, പ്രതീക്ഷിക്കാത്ത ഒരുപാടുപേർ കൂട്ടിനെത്തി. ജയിലിനു പുറത്തിറങ്ങുന്ന വേളയിൽ മാധ്യമങ്ങളിൽനിന്ന് പലതരത്തിലുള്ള ചോദ്യങ്ങളുണ്ടാകുമെന്നും പ്രകോപനപരമായ രീതിയിൽ മറുപടിയുണ്ടായാൽ വീണ്ടും അകത്താകുമെന്നും സൂപ്രണ്ട് അടക്കം മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാറിനും ജയിൽ അധികൃതർക്കുമെതിരെ ഒന്നും പറയരുതെന്നായിരുന്നു നിർദേശം. മഹാത്മാ ഗാന്ധിയും ബാലഗംഗാധര തിലകും തീവ്രവാദിയാണെങ്കിൽ ഞാനും തീവ്രവാദിയാണ് എന്നായിരുന്നു പുറത്തിറങ്ങിയ ശേഷം ഞാൻ മാധ്യമങ്ങളോട് പറഞ്ഞത്. തീവ്രവാദത്തിന് ഓക്സ്ഫഡ് ഡിക്ഷണറി കൊടുക്കുന്ന ഒരു നിർവചനമുണ്ട്. അതെന്താണെന്നായിരുന്നു മാധ്യമങ്ങളോട് ഞാൻ ചോദിച്ചത്. സർക്കാറിനെതിരെ എന്തെങ്കിലും വായിൽനിന്ന് വീണാൽ എനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് അറിയാമായിരുന്നു. ഭരണകൂടം പറയുന്നത് അപ്പാടെ വിഴുങ്ങാൻ തയാറാകാത്ത ആർക്കുമെതിരെ കേസെടുത്ത് ജയിലിലടക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. എന്നെ തീവ്രവാദിയെന്നു വിളിക്കുന്നത് മഹാത്മജിയെ കൊന്ന പ്രത്യയശാസ്ത്രം ഭരിക്കുന്ന സർക്കാറാണ്. അവർ രാജ്യം ഭരിക്കുമ്പോൾ തീവ്രവാദിയാകുന്നത് അഭിമാനമാണ്. മഹാത്മജിയെയും ഇന്ദിര ഗാന്ധിയെയും രാജീവ് ഗാന്ധിയെയും കൊലപ്പെടുത്തിയതും ബാബരി മസ്ജിദ് തകർത്തതും ഒരു സദ്കൃത്യമാണ് എങ്കിൽ ഞാൻ തീവ്രവാദിയാണ്. ‘ബി.ബി.സി’യും ‘വാഷിങ്ടൺ പോസ്റ്റും’ ‘ഗാർഡിയനും’ അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ ഈ തീവ്രവാദിക്കു വേണ്ടി നിലകൊണ്ടില്ലേ? മാവോവാദി അനുകമ്പയുള്ളയാൾ എന്നായിരുന്നത്രെ എന്റെ ചാർജ്ഷീറ്റിലുള്ളത്. ഈ ചാർജ്ഷീറ്റ് വലിയ ഇരുമ്പ് പെട്ടിയിൽ സായുധ പൊലീസുകാർ കൊണ്ടുവരുന്ന ചിത്രം ഞാൻ ഹിന്ദി പത്രങ്ങളിൽ കണ്ടിട്ടുണ്ട്.
എതിർ ശബ്ദങ്ങൾ ഇല്ലാതാക്കുന്ന, സ്വതന്ത്രമാധ്യമ പ്രവർത്തനം ഏറ്റവും അപകടകരമായ ഒരു കാലഘട്ടത്തിലാണ് നാം. ‘ബി.ബി.സി’യുടെ ഓഫിസുകളിൽ നടന്ന ഇ.ഡി റെയ്ഡും ‘ആൾട്ട് ന്യൂസി’ന്റെ മുഹമ്മദ് സുബൈറിന്റെ അറസ്റ്റുമൊക്കെ അതല്ലേ ശരിവെക്കുന്നത്?
അടിയന്തരാവസ്ഥ കാലത്താണ് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാറുള്ളത്. ഇന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. നമ്മുടെ രാജ്യത്ത് മാത്രമല്ല, റഷ്യ, ചൈന, മ്യാന്മർ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സർക്കാറിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരുടെ ജീവിതം തടവറയിലാണ്. സർക്കാറിനെതിരായ വാർത്ത നൽകുന്ന മാധ്യമങ്ങൾക്ക് പരസ്യംപോലും നൽകില്ല. നിഷ്പക്ഷമായ ‘ദ ഹിന്ദു’ പത്രത്തിനുപോലും പരസ്യമില്ലാതെ കുറെ കാലം കഴിയേണ്ടിവന്നു. പിന്നീട് അവർ നിലപാട് കുറെക്കൂടി മയപ്പെടുത്തി. സർക്കാർ പരസ്യമില്ലെങ്കിൽ ഒരു സ്ഥാപനംപോലും പത്രങ്ങൾക്ക് പരസ്യം നൽകില്ല.
ജനാധിപത്യത്തിന്റെ നാലാംതൂൺ എന്നാണല്ലോ മാധ്യമങ്ങൾക്കു നൽകുന്ന നിർവചനം. ഭരണകൂടത്തിന്റെ ജിഹ്വയാകാത്ത, ജനാധിപത്യത്തിന്റെ കാവലാളാകുന്ന രീതിയിലുള്ള മാധ്യമപ്രവർത്തനം സാധ്യമാകും എന്നു കരുതുന്നുണ്ടോ?
കുറച്ചധികം സമയമെടുക്കും അതിന്. ജനാധിപത്യത്തെ വൃത്തിയാക്കുന്ന സോപ്പിന്റെ റോളാണ് മാധ്യമങ്ങൾക്ക്. സർക്കാറിനെ വിമർശിക്കുക എന്നത് രാജ്യദ്രോഹമല്ല എന്നാണ് ‘മീഡിയവണി’നെതിരായ വിലക്കിൽ വിധി പുറപ്പെടുവിച്ച ജഡ്ജിമാർ ചൂണ്ടിക്കാട്ടിയത്. ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന ആർക്കും സന്തോഷവും ആശ്വാസവും നൽകുന്ന വിധിയാണത്. ഇന്ത്യൻ ഭരണഘടനയിൽ അചഞ്ചലമായ വിശ്വാസമുണ്ട്. എന്റെ കേസ് നീതിമാനായ ഒരു ജഡ്ജിയുടെ മുന്നിലെത്തിയാൽ നഷ്ടപരിഹാരത്തോടെ നീതി ലഭിക്കുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്.
എങ്ങനെയാണ് മാധ്യമപ്രവർത്തന മേഖലയിലേക്ക് എത്തുന്നത്?
പത്രപ്രവർത്തനം തുടങ്ങുന്നത് ‘തേജസി’ലാണ്. 2011ൽ. അതിനു മുമ്പ് ‘മലയാളം ന്യൂസ്’, ‘ഗൾഫ് തേജസ്’ എന്നിവയിലൊക്കെ എഴുതിയിരുന്നു. എന്നാൽ, മുഴുവൻ സമയ മാധ്യമപ്രവർത്തകനാകുന്നത് 2011ലാണ്. ടെക്നോളജി രംഗത്തായിരുന്നു അതിനുമുമ്പ് ജോലി ചെയ്തിരുന്നത്. മാധ്യമപ്രവർത്തനത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചപ്പോൾ ‘തേജസ്’ ഓൺലൈനിൽ അവസരം ലഭിച്ചു. ഗൾഫ് ജീവിതത്തിന് താൽക്കാലിക വിരാമമിട്ട കാലം കൂടിയായിരുന്നു അത്. 2012ൽ വീണ്ടും ഗൾഫിലേക്കു തന്നെ തിരിച്ചുപോയി. ഗൾഫ് പൂർണമായി ഒഴിവാക്കി വന്നപ്പോൾ 2014 മുതൽ 2018 വരെ ‘തേജസി’ന്റെ ഡൽഹി ലേഖകനായി ജോലി തുടങ്ങി. അതു കഴിഞ്ഞ് ‘തത്സമയ’ത്തിൽ കുറച്ചു കാലം. അതിനു ശേഷമാണ് ‘അഴിമുഖ’ത്തിന്റെ ഭാഗമാകുന്നത്. 2020 ജനുവരിയിലാണ് ‘അഴിമുഖ’ത്തിലെത്തുന്നത്. തട്ടകം ഡൽഹി തന്നെ. അന്നുതൊട്ട് ഒക്ടോബർ അഞ്ചിന് അറസ്റ്റിലാകുന്നത് വരെ അവിടെ തുടർന്നു. ‘അഴിമുഖ’ത്തിനു വേണ്ടിയാണ് ഹാഥറസ് റിപ്പോർട്ട് ചെയ്യാൻ പോയത്. ഗ്രൗണ്ട് റിപ്പോർട്ടിങ് ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്. അന്ന് ഓൺലൈൻ മാധ്യമങ്ങൾ പിച്ചവെച്ചു വരുന്ന കാലമാണ്.
ഹാഥറസിലേക്ക് പോകാൻ കാരണം?
ഹാഥറസ് സംഭവത്തിലെ ദുരൂഹത കണ്ടെത്തുന്നതിന്റെ ഭാഗമായായിരുന്നു യാത്ര. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിൽനിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ‘അഴിമുഖം’ മാനേജർ ശശിധരനെയും എഡിറ്റർ ഭൂപേഷിനെയും വാട്സ്ആപ് വഴി അറിയിച്ചിട്ടാണ് ഹാഥറസിലേക്ക് പോകുന്നത്. സെപ്റ്റംബര് 30 മുതല്തന്നെ അവിടെ എത്തിപ്പെടാനുള്ള ശ്രമങ്ങള് നടത്തിയിരുന്നു. ഡല്ഹിയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടെങ്കിലും പോകാന് കഴിഞ്ഞിരുന്നില്ല. ദേശീയ മാധ്യമങ്ങളെയടക്കം തടയുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. യു.പിക്കാരായ മാധ്യമപ്രവര്ത്തകരെ പോലും അങ്ങോട്ട് പ്രവേശിപ്പിച്ചിരുന്നില്ല. ഒക്ടോബർ നാലിനാണ് അവസരം ലഭിക്കുന്നത്. ജാമിഅയിൽ പഠിച്ച യു.പി സ്വദേശിയായ മസൂദ് ആയിരുന്നു ഒപ്പം. മസൂദിന്റെ സുഹൃത്തായ അതീഖുർ റഹ്മാനും കൂടെയുണ്ടായിരുന്നു. അതീഖിന് കാമ്പസ് ഫ്രണ്ടുമായി ബന്ധമുണ്ട്.
അതല്ലാതെ സിദ്ദീഖ് കാപ്പന് പോപുലർഫ്രണ്ടുമായി ഒരുതരത്തിലുള്ള ബന്ധവുമുണ്ടായിരുന്നില്ലേ?
ഒരിക്കലുമില്ല. ‘തേജസി’ൽ ജോലി ചെയ്തിട്ടുണ്ട് എന്നത് പോപുലർഫ്രണ്ടുമായി ബന്ധപ്പെടുത്താനാവില്ല. കാരണം, ആ പത്രത്തിൽ പല വിഭാഗക്കാർ ജോലിചെയ്തിരുന്നു. പോപുലർഫ്രണ്ടിന്റെ നേതാക്കളുമായി ബന്ധമുണ്ട് എന്നതായിരുന്നു എനിക്കെതിരായ പ്രധാന ആരോപണം. ഡൽഹി കലാപം നടന്ന സമയത്ത് പോപുലർ ഫ്രണ്ടിന് ബന്ധമുണ്ട് എന്നു പറയുന്ന തരത്തിൽ ‘സീ ന്യൂസ്’ ഇംഗ്ലീഷിൽ വന്ന വാർത്ത, പോപുലർഫ്രണ്ട് നേതാവ് ഒ.എം.എ. സലാമിന് അയച്ചുകൊടുത്തതായിരുന്നു തെളിവായി ഉയർത്തിക്കാണിച്ചത്. ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ സംഘടനയുടെ നേതൃത്വത്തിന്റെ പ്രതികരണമറിയാനാണ് അന്ന് വാർത്ത അയച്ചുകൊടുത്തത്.
ഹാഥറസിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?
യു.പി അതിർത്തിയിൽവെച്ചാണ് ഓൺലൈൻ കാബ് വഴി യാത്രക്കുള്ള വാഹനം ബുക്ക് ചെയ്തത്. എന്നാൽ അടുത്ത ദിവസം കാൻസൽ മെസേജ് വന്നു. ഹാഥറസിലേക്ക് പോകണോ എന്ന സംശയത്തിലായി കൂടെയുള്ളവർ. പോയേ തീരൂ എന്ന വാശിയിലായിരുന്നു ഞാൻ. ഒടുവിൽ ഒരു ഉൗബറിൽ ഞങ്ങൾ യാത്ര തുടർന്നു. യാദൃച്ഛികമാകാം ആ ഉൗബറിന്റെ ഡ്രൈവറും മുസ്ലിമായിരുന്നു. ഓൺലൈൻ വഴി വാർത്ത നൽകാൻ ലാപ്ടോപ് കൈയിൽ കരുതിയിരുന്നു. ഒരു മണിക്കൂറോളം യാത്ര ചെയ്തു കഴിഞ്ഞിട്ടുണ്ടാകും. ഒക്ടോബർ അഞ്ചിന് രാവിലെ 10.30ഓടെ മാണ്ഡ് എന്നസ്ഥലത്ത് വണ്ടിനിൽക്കുന്നു. ടോൾ കൊടുക്കാനായിരിക്കുമെന്ന് പിൻസീറ്റിലിരുന്ന ഞാൻ കരുതി. ഒരാൾ വന്ന് ചോദ്യംചെയ്യുന്നുണ്ട്. മസൂദും ഡ്രൈവറും അതീഖും മറുപടി പറയുന്നു. പൊലീസ് ഇവരുടെ മാസ്ക് ഒക്കെ നീക്കി പരിശോധിച്ചു. എന്നോടും ഐ.ഡി കാർഡ് ആവശ്യപ്പെട്ടു. അവർ ഉടനെ തിരിച്ചുപോയി. അൽപം കഴിഞ്ഞപ്പോൾ കുറച്ചുകൂടി പൊലീസുകാർ ഞങ്ങളുടെ അടുത്തേക്കു വന്നു. അവരുടെ സമീപനത്തിലും ചോദ്യംചെയ്യുന്ന രീതിയിലുമൊക്കെ മാറ്റമുണ്ടായിരുന്നു. വണ്ടിയിലെ ഡ്രൈവറെ പിടിച്ചുമാറ്റി അവരിലൊരാൾ നിയന്ത്രണം ഏറ്റെടുത്തു. ഡൽഹിയിലേക്ക് പോകേണ്ട വഴിയിലേക്ക് നിർത്തിയിട്ട് വണ്ടി ലോക്ക് ചെയ്തു. അവർ നിരന്തരം ഫോണിൽ സംസാരിക്കുന്നുണ്ട്. ഞങ്ങൾ കാര്യമന്വേഷിച്ചപ്പോൾ മുകളിൽനിന്ന് ഒരു വിളി വരാനുണ്ട്, അതുകഴിഞ്ഞ് നിങ്ങളെ വിട്ടേക്കാമെന്ന് പറഞ്ഞു.
അരമണിക്കൂറിലേറെ അങ്ങനെ റോഡിൽ വണ്ടിയിൽ ഇരുന്നിട്ടുണ്ടാകും. കുറച്ചു കഴിഞ്ഞപ്പോൾ പൊലീസ് എയ്ഡ് പോസ്റ്റിൽ ചോദ്യം ചെയ്യാനായി ഇറങ്ങാൻ പറഞ്ഞു. സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്നു മാത്രമാണ് ഞങ്ങൾ കരുതിയത്. ഇതുപോലുള്ള സ്ഥലങ്ങളിൽ സ്വാഭാവികമാണിതെല്ലാം. നാട്ടിലൊക്കെയുള്ള ഒരു പൊലീസ് സ്റ്റേഷന്റെ സൗകര്യമുള്ള എയ്ഡ് പോസ്റ്റായിരുന്നു അത്. ഞങ്ങൾ നാലുപേരും അതിനുള്ളിൽ ഇരുന്നു. വൈകീട്ട് ആറുമണി വരെ അവിടെ ഇരുത്തി. അതിനിടക്ക് ഫോണും ലാപ്ടോപ്പും അടക്കം അവർ വാങ്ങിവെച്ചു. ആറരയോടെ കുറച്ചുപേർ സ്റ്റേഷനിലെത്തി സിദ്ദീഖ് കാപ്പൻ ആരാണ് എന്ന് ചോദിച്ചു. അവരെന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. എന്റെ മൊബൈൽ പരിശോധിക്കാൻ തുടങ്ങി.
എങ്ങനെയായിരുന്നു ചോദ്യംചെയ്യൽ? ട്രാപ്ഡ് ആണെന്ന് തോന്നിയില്ലേ?
വളരെ മോശമായിരുന്നു ചോദ്യംചെയ്യൽ. നീ പാകിസ്താനിൽ പോയിരുന്നോ എന്നും സാകിർ നായിക്കിനെ കണ്ടിരുന്നോ എന്നൊക്കെയായിരുന്നു ചോദ്യം. ബീഫ് കഴിക്കുന്നതിനെ കുറിച്ചും ജാമിഅയിൽ പഠിച്ചത് എന്തിനാണെന്നുമൊക്കെ ചോദിച്ചു. ചോദ്യംചെയ്യലിനിടെ മുഖത്തടിക്കാൻ തുടങ്ങി. യൂനിഫോമൊന്നും ധരിച്ചിരുന്നില്ല അവർ. പൊലീസുകാരാണെന്നൊന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല.
ഏഴുമണിക്കു ശേഷം അവർ പോയി മറ്റൊരു സംഘം വന്നു. എന്റെ ലാപ്ടോപ് പരിശോധിച്ചായിരുന്നു ചോദ്യംചെയ്യൽ. വെറും നിലത്ത് ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു ഞാൻ. ചോദ്യംചെയ്യലിനു ശേഷം അവർ പോയി. രാത്രി മുഴുവൻ ഓരോ ഏജൻസികൾ വന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവരോടു ചോദ്യങ്ങളൊന്നുമില്ല. കേരളത്തിൽനിന്നുള്ള പത്രപ്രവർത്തകൻ എവിടെ എന്നായിരുന്നു അവരുടെ പ്രധാന ചോദ്യം. ഞങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. തുടക്കത്തിൽ പോപുലർ ഫ്രണ്ടിനെ കുറിച്ചൊന്നും ആരും ചോദിച്ചിരുന്നില്ല.
ജെ.എൻ.യു, ഡി.എസ്.യു, ഭീമ കൊറേഗാവ് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പിന്നീട് ചോദ്യങ്ങൾ. അതിനൊക്കെ ശേഷമാണ് പോപുലർ ഫ്രണ്ട് സെക്രട്ടറി ആണ് എന്നു പറഞ്ഞ് എനിക്കെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം കൊടുക്കുന്നത്. പത്രങ്ങളിലൂടെയാണ് അക്കഥകളൊക്കെ ഞാനറിയുന്നത്. കേരളത്തിൽനിന്നുള്ള ഏത് എം.പിയാണ് ഹാഥറസിലേക്ക് അയച്ചത് എന്നുവരെ ചോദിച്ചിട്ടുണ്ട്.
അപ്പോഴും അപകടത്തിലാണ് എന്നു തോന്നിയില്ലേ?
ചോദ്യംചെയ്യൽ പിറ്റേന്ന് രാവിലെ ഏഴുമണി വരെ നീണ്ടു. ചിലർ പല രീതിയിലുള്ള ഫോട്ടോകളുമെടുക്കുന്നുണ്ട്. ഉറങ്ങാൻപോലും അനുവദിക്കാതെയായിരുന്നു ചോദ്യംചെയ്യൽ. ബാപ്പയുടെ പേര്, ഉമ്മയുടെ പേര്, ഭാര്യയുടെ പേര്, എത്ര മക്കൾ... എന്നിങ്ങനെ നീണ്ടു അത്. കുടുംബത്തിന്റെ ഫുൾ ബയോഡേറ്റ അവർ ചോദിച്ചറിഞ്ഞു. പിറ്റേന്ന് ബി.ജെ.പിയുടെ കൊടിയുള്ള വണ്ടിയിൽ കൊണ്ടുപോയപ്പോഴാണ് കാര്യങ്ങൾ കുഴപ്പത്തിലേക്കാണ് എന്ന് മനസ്സിലാകുന്നത്. ഡ്രൈവർ സിവിൽ ഡ്രസിലായിരുന്നു. എയ്ഡ് പോസ്റ്റിന്റെ ഇൻചാർജ് ആയിരുന്നു അയാൾ. വണ്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാരും സിവിൽ ഡ്രസിലായിരുന്നു. വിജനമായ പ്രദേശത്തൂടെയാണ് അമിത വേഗതയിലാണ് വണ്ടി സഞ്ചരിച്ചത്. മനസ്സിൽ ആധി പെരുകി. ഞങ്ങളുടെ കൈകൾ കൂട്ടിക്കെട്ടിയിട്ടുണ്ട്.
വൃത്തിഹീനമായ ഒഴിഞ്ഞ കെട്ടിടത്തിന്റെ മുന്നിലെത്തിയപ്പോൾ വണ്ടി നിർത്തി. സബ് ഡിവിഷൻ മജിസ്ട്രേറ്റിന്റെ വസതിയും ഓഫിസുമുൾപ്പെടെയുള്ള സ്ഥലമായിരുന്നു അത്. ചെറിയ കേസാണെന്നും ആരെങ്കിലും വന്നാൽ വിട്ടയക്കാമെന്നും മജിസ്ട്രേറ്റ് ഞങ്ങളോട് പറഞ്ഞു. ഞങ്ങളുടെ വീടും മറ്റു കാര്യങ്ങളുമൊക്കെ അദ്ദേഹം വിശദമായി ചോദിച്ചു. കോടതിക്കു പുറത്തേക്ക് കൊണ്ടുവന്നപ്പോൾ വണ്ടിയുടെ ബോണറ്റിൽ വെള്ള പേപ്പറിൽ ഒപ്പിടാൻ പറഞ്ഞു. ഒരുപാട് നിർബന്ധിച്ചപ്പോൾ ഞങ്ങളതിൽ വ്യാജ ഒപ്പിട്ടു. വീണ്ടും വണ്ടിയിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി.
ആരെങ്കിലും ഒറ്റുകൊടുത്തതാണെന്ന് തോന്നുന്നുണ്ടോ?
അറസ്റ്റ് ചെയ്തത് ആരെങ്കിലും ഒറ്റുകൊടുത്തതിന്റെ പേരിലാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഹാഥറസിലേക്ക് പോകുന്നു എന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാകും അറസ്റ്റ്. അറസ്റ്റിലായതിനു ശേഷം അന്വേഷണ ഏജൻസികളെ ചിലർ സഹായിച്ചിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ചില വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരിക്കാം അത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ‘ഏഷ്യാനെറ്റി’നും ‘മീഡിയവണി’നും വിലക്കേർപ്പെടുത്തിയപ്പോൾ കെ.യു.
ഡബ്ല്യു.ജെ ഡൽഹി സെക്രട്ടറി എന്ന നിലയിൽ പ്രതിഷേധം നടത്തിയിരുന്നു. അതുപോലെ കേരള ഹൗസിലെ ബീഫ് വിവാദം, ഗൗരി ലങ്കേഷിന്റെ മരണം എന്നിവയിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അന്നേ ഡൽഹി പൊലീസ് നോട്ടമിട്ടിട്ടുണ്ടാകാം. കേരളത്തിൽനിന്നുള്ള മുസ്ലിം കൂടിയാവുമ്പോൾ കഥകളുണ്ടാക്കാൻ എളുപ്പമാണ്.
സബ് ഡിവിഷൻ മജിസ്ട്രേറ്റിന്റെ ഓഫിസിൽനിന്ന് എങ്ങോട്ടാണ് കൊണ്ടുപോയത്?
അവിടെനിന്ന് ഞങ്ങളെ ഒരു താൽക്കാലിക ഡിറ്റൻഷൻ സെന്ററിലേക്കാണ് മാറ്റിയത്. മഥുരയിലെ ഒരു യു.പി സ്കൂളായിരുന്നു അത്. ഒരു ക്ലാസ് മുറിയിലിട്ട് അടച്ചു. ഞങ്ങൾ നാലുപേർ മാത്രമായിരുന്നു തുടക്കത്തിൽ. അപ്പോഴും ഉടൻ പുറത്തിറങ്ങാമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ചെറിയ കേസല്ലേ. തുടക്കത്തിൽ 151, 166, 107 തുടങ്ങിയ മൂന്നു വകുപ്പുകളാണ് ചുമത്തിയത്. അവിടെയെത്തിയപ്പോൾ ബെൽറ്റടക്കമുള്ളവ ഊരിവെച്ചു. അവിടെ 21 ദിവസമാണ് കഴിഞ്ഞത്. ഒരു ക്ലാസ്റൂമിന്റെ വലുപ്പമുള്ള മുറിയിൽ 40ഓളം പേരൊക്കെ ആയി. ചവിട്ടി പോലുള്ള ഒന്നായിരുന്നു ഞങ്ങൾക്ക് കിടക്കാൻ തന്നിരുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യംപോലുമില്ല. ആ തടവുകേന്ദ്രത്തിൽ ഒരു ബക്കറ്റുണ്ട്. അതിലായിരുന്നു എല്ലാവരും മൂത്രമൊഴിച്ചിരുന്നത്. മറ്റുള്ള ആവശ്യങ്ങൾക്ക് പുറത്തുപോകണം. അതും അവർ പറയുന്ന സമയത്ത്. രാവിലെ 11 മണിക്ക് കുറച്ച് റൊട്ടിയും ദാൽ കറിയും തരും. അതുപോലെ വൈകീട്ട് അഞ്ചുമണിക്കും. ഇവിടെ വെച്ചാണ് ഇ.ഡിയും ക്രൈംബ്രാഞ്ചും കൊല്ലപ്പെട്ട ഹാഥറസ് പെൺകുട്ടിയുടെ ഗ്രാമമായ ഭൂൽഘഡി സ്റ്റേഷനിലെ പൊലീസുകാരും ഞങ്ങളെ ചോദ്യം ചെയ്യാൻ വരുന്നത്. ‘സീ ടി.വി’ പോലുള്ള ചാനലുകൾ ഞങ്ങളുടെ ഫോട്ടോകളൊക്കെ എടുക്കും. ഈ സമയത്താണ് ഒരു പൊലീസുകാരൻ വഴി കേസിന്റെ ഗ്രാവിറ്റിയെക്കുറിച്ച് ഞങ്ങൾ അറിയുന്നത്. വീട്ടിലേക്ക് ഫോൺ ചെയ്യാൻപോലും സൗകര്യമുണ്ടായിരുന്നില്ല. അറസ്റ്റ് വിവരം വീട്ടിൽ അറിയിക്കണമെന്ന് അപേക്ഷിച്ചപ്പോൾ ജഡ്ജി അനുമതി നൽകിയെങ്കിലും പൊലീസുകാർ ഫോണൊന്നും നൽകിയില്ല.
ഇ.ഡിയുടെ ചോദ്യംചെയ്യൽ എങ്ങനെയായിരുന്നു?
രാഷ്ട്രീയ ചോദ്യങ്ങളാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദിച്ചത് എന്നതാണ് രസം. ജസ്റ്റിസ് ഫോർ ഹാഥറസ് ഗേൾ എന്ന വെബ്സൈറ്റ് ഉണ്ടാക്കിയത് നീയാണോ എന്നായിരുന്നു ഒരു ചോദ്യം. ആ വെബ്സൈറ്റ് പോലും ഞാൻ കണ്ടിട്ടില്ല. ‘തേജസി’ലെയും ‘തത്സമയ’ത്തിലെയും ‘അഴിമുഖ’ത്തിലെയും ശമ്പളകാര്യത്തെ കുറിച്ചും ചോദിച്ചു. സാമ്പത്തികവുമായി ബന്ധപ്പെട്ട് ചോദിച്ചത് ഇതുമാത്രമായിരുന്നു. ഇ.ഡി ചോദ്യം തുടങ്ങുന്നതിനു മുമ്പ് ഞങ്ങളുടെ ബി.പിയൊക്കെ പരിശോധിക്കും. ക്രൈംബ്രാഞ്ചും കാര്യമായി ഒന്നും ചോദിച്ചില്ല. ഈ 21 ദിവസവും ഞങ്ങളാരും കുളിച്ചിട്ടില്ല. 21 ദിവസത്തിനു ശേഷം മഥുര ജില്ല ജയിലിലായിരുന്നു. അവിടെയും 15 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞു. രാവിലെയും വൈകുന്നേരവും മാത്രം സെൽ തുറക്കും. അവിടെയെത്തിയപ്പോഴാണ് കുളിക്കുന്നതുപോലും. ഫോൺ ചെയ്യാൻ കഴിയുന്നതും ആ ജയിലിൽവെച്ചാണ്. ആദ്യമായി ഉമ്മയുടെ ഫോണിലേക്കാണ് വിളിച്ചത്. ജ്യേഷ്ഠന്റെ മകന്റെ ഭാര്യയാണ് ഫോണെടുക്കുന്നത്. അവരാണ് വിവരങ്ങൾ ഭാര്യയെ ധരിപ്പിക്കുന്നത്.
ജയിലിലേക്ക് വരുമ്പോൾ എന്നോട് ജാതി ചോദിക്കുന്നുണ്ട്. അതിന്റെ പേരിൽ കുറെനേരം തടഞ്ഞുവെക്കുകയുണ്ടായി. നിർബന്ധമാണെങ്കിൽ ഇസ്ലാം എന്നെഴുതാൻ പറഞ്ഞപ്പോഴാണ് ഒഴിവാക്കിയത്. ഏഴാം തീയതി ജില്ല കോടതിയിൽ ഹാജരാക്കി. രണ്ടുപേരുടെ കൈകൾ വണ്ണമുള്ള കയറുവെച്ച് കെട്ടിയാണ് കോടതിയിൽ ഹാജരാക്കിയത്. അവിടെവെച്ചാണ് കേസ് മറ്റൊരു തലത്തിലേക്ക് മാറിയതായി ഞങ്ങളറിയുന്നത്.
ഒരു പൊലീസുകാരൻ മുഖേന വിൽസ് മാത്യൂസ് എന്ന അഭിഭാഷകൻ സുപ്രീംകോടതിയിൽ ഹേബിയസ് കോർപസ് സമർപ്പിച്ചത് അവിടെ വെച്ച് ഞാനറിഞ്ഞു. അവിടെനിന്ന് വീണ്ടും സ്കൂളിലേക്ക് തന്നെ മാറ്റി. അവിടെയും ഒരു പൊലീസുകാരൻ സഹായിയായി എത്തി. എന്റെ കുടുംബം മോചനത്തിനായി രാഹുൽ ഗാന്ധിയുമായി സംസാരിക്കുന്ന രംഗം റിപ്പബ്ലിക് ടി.വിയിൽ വന്നത് വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന കാര്യം ആ പൊലീസുകാരനാണ് പറയുന്നത്. അതോടെ കേസിനെ കുറിച്ച് പുറത്ത് എന്തൊക്കെയോ നടക്കുന്നുണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായി. ജയിലിൽ തലേ ദിവസത്തെ പത്രമാണ് ലഭിക്കുക. അതുവഴി കൂടുതൽ വിവരങ്ങൾ അറിയാൻ തുടങ്ങി. പത്രങ്ങൾ വഴിയാണ് യു.എ.പി.എയും ഐ.ടി ആക്ടുമൊക്കെ ചുമത്തിയത് അറിയുന്നത്. ആറുമാസമായി കാണാനായി കേരള പത്രപ്രവർത്തക സുഹൃത്തുക്കളും വക്കീലുമൊക്കെ ശ്രമം നടത്തുന്ന വിവരമൊക്കെയറിഞ്ഞു. കടുത്ത ഇരുളിൽ നിലാവിന്റെ നുറുങ്ങുവെട്ടം വീണ സന്തോഷമായിരുന്നു അപ്പോൾ.
ഡല്ഹി കലാപത്തിനായി അക്കൗണ്ടിലേക്ക് 47,000 രൂപ ട്രാന്സ്ഫര് ചെയ്തെന്ന് ആരോപണമുണ്ടായിരുന്നല്ലോ?
ഒട്ടും വാസ്തവമില്ല അതിൽ. ഞാന് സി.ഡി.എം വഴി എന്റെ അക്കൗണ്ടിലേക്ക് തന്നെ ഇട്ട പൈസയായിരുന്നു അത്. തുടക്കത്തില് 45,000 രൂപ എനിക്ക് കിട്ടിയെന്നാണ് അവര് പറഞ്ഞത്. അതിനു മുമ്പ് 100 കോടി ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. നൂറുകോടി 47,000വും ഒടുവിൽ 5000വും ആയി. ഈ 5000പോലും എന്റെ അക്കൗണ്ടിലേക്ക് അല്ല വന്നത്. എന്റെ കൂടെ യാത്ര ചെയ്ത വ്യക്തിയുടെ അക്കൗണ്ടിലേക്ക് ഇന്ത്യയില്നിന്ന് തന്നെയുള്ള അദ്ദേഹത്തിന്റെ സുഹൃത്ത് അയച്ചുകൊടുത്ത പൈസയാണത്. ആ 5000 രൂപ അക്കൗണ്ടില്നിന്ന് പിന്വലിച്ചിട്ട് പോലുമില്ല. അതിന്റെ പേരിലാണ് കേസെടുത്തത്. ഈ 5000 രൂപയുടെ പേരിൽ രണ്ടു വർഷമാണ് ജയിലിൽ കഴിയേണ്ടിവന്നത് എന്നോർക്കണം.
ഇത്തവണ നോമ്പിന് താങ്കൾ നാട്ടിലുണ്ട്. രണ്ട് നോമ്പുകാലം തടവറയിലായിരുന്നു. എങ്ങനെയായിരുന്നു ആ കാലം?
വല്ലാത്ത ഒരു അവസ്ഥയായിരുന്നു അത്. ഭക്ഷണമൊക്കെ കഷ്ടിയാണ്. രാവിലെ 11 മണിക്കുള്ള ഭക്ഷണം നോമ്പുകാർക്ക് ഉണ്ടാകില്ല. വൈകീട്ട് ഒരു പഴം, രണ്ട് പാർലെ ജി ബിസ്കറ്റ്, കുറച്ച് പാൽ എന്നിവ തരും. തടവുജീവിതത്തിലെ ആദ്യ നോമ്പുകാലത്ത് ഏഴെണ്ണമേ എടുത്തിട്ടുള്ളൂ. ഏഴാമത്തെ നോമ്പിന് കടുത്ത ശരീരവേദനയുണ്ടായി. ജയിലിന്റെ ഉള്ളിൽ തന്നെയുള്ള ഡിസ്പെൻസറിയിൽ പോയപ്പോൾ ഡോളോയും പാരസെറ്റമോളും തന്നു. വേദന അസഹ്യമായപ്പോൾ അവർ ഇൻജക്ഷൻ എടുത്തു. എട്ടാമത്തെ നോമ്പിനായി പുലർച്ചെ മൂന്നുമണിക്ക് അത്താഴത്തിന് എഴുന്നേറ്റ് ബാത്റൂമിൽ പോകാനായി നിൽക്കവെ പെട്ടെന്ന് ബോധരഹിതനായി. ബാത്റൂം എന്നു പറയാൻ പറ്റില്ല. ബാരക്കിന്റെ ഉള്ളിലുളള ഒരു ക്ലോസറ്റ് മാത്രം. അതിലിരുന്നാൽ ശരീരത്തിന്റെ മുകൾഭാഗം പുറത്തേക്കു കാണാം. കോവിഡിന്റെ ലക്ഷണമായിരിക്കാം. വലിയ ഹാൾപോലുള്ള സെല്ലിൽ 70 ആളുകളുണ്ട്. സഹതടവുകാരനും വാർഡനും ചേർന്ന് ജയിൽ ആശുപത്രിയിൽ എത്തിച്ചു. അവിടെവെച്ച് കോവിഡ് സ്ഥിരീകരിച്ചു. പ്രമേഹവുമുണ്ട്. പിറ്റേന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടത്തെ ട്രീറ്റ്മെന്റ് വളരെ മോശമായിരുന്നു. കൈയാമം വെച്ചായിരുന്നു കട്ടിലിൽ കെട്ടിയിട്ടത്. ഒന്നു തിരിഞ്ഞു കിടക്കാൻപോലും കഴിയില്ല. ഒരാഴ്ച അവിടെ കഴിഞ്ഞു. ബോട്ടിലിൽ ആയിരുന്നു മൂത്രം ഒഴിച്ചിരുന്നത്. കുപ്പി നിറഞ്ഞപ്പോൾ മൂത്രം ആശുപത്രിയിലെ നിലത്തേക്ക് ഒഴുകി. ഇതു കണ്ട വാർഡിലെ ബോയ് വൃത്തിയാക്കാൻ എത്തി.
അയാളോട് കുറച്ച് വെള്ളം വാങ്ങിത്തരണമെന്ന് പറഞ്ഞു. ജയിലിൽനിന്ന് ആശുപത്രിയിലേക്ക് വരുമ്പോൾ സഹതടവുകാർ തന്ന 500 രൂപ കൈയിലുണ്ടായിരുന്നു. അതിൽ 200 രൂപ എടുത്തിട്ട് വെള്ളവും ജ്യൂസും വാങ്ങി വരാൻ പറഞ്ഞു. സാധനം വാങ്ങി 300 രൂപ തിരിച്ചുതന്നു. ഫോൺ ചെയ്യാൻ സൗകര്യം ഒരുക്കണമെന്നു പറഞ്ഞപ്പോൾ ഒരു ക്വാർട്ടർ ബോട്ടിൽ വാങ്ങാൻ പൈസ തന്നാൽ മൊബൈൽ തരാമെന്നും അയാൾ സമ്മതിച്ചു. കൈയിൽ 300 രൂപയേ ഉള്ളൂവെന്നും അഭിഭാഷകൻ വഴി ഗൂഗ്ൾ പേ വഴി പൈസ അക്കൗണ്ടിലേക്ക് ഇട്ടു തരാമെന്നു പറഞ്ഞു. അയാൾ സന്തോഷത്തോടെ മൊബൈൽ ഫോൺ നൽകി. ഉമ്മയുടെ ഫോണിലേക്ക് വിളിച്ചു. ഭാര്യയാണ് ഫോണെടുത്തത്. ഈ ആശുപത്രിയിൽനിന്ന് എങ്ങനെയെങ്കിലും ജയിലിലേക്ക് മാറ്റാൻ സഹായം നൽകണമെന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അഡ്വ. വിൽസ് മാത്യൂസ് അയാളുടെ ഫോണിലേക്ക് വിളിച്ചു. കുറച്ചു പൈസ അയാളുടെ അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു. അഭിഭാഷകൻ കുറച്ചു നേരം എന്നോട് സംസാരിക്കുകയും ചെയ്തു. എല്ലാവരുടെയും ശ്രമഫലമായി ഒരു ദിവസത്തേക്ക് കൈയാമം ഒഴിവാക്കി കിട്ടി. കോവിഡ് ഭേദമായപ്പോൾ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് ചീഫ് ജസ്റ്റിസിന്റെ ഉത്തരവനുസരിച്ച് ഡൽഹി എയിംസിലേക്ക് ചികിത്സക്കായി മാറ്റി. അവിടെ വെച്ച് കോവിഡ് പരിശോധിച്ചപ്പോൾ പോസിറ്റീവാണ്. ഒരാഴ്ച എയിംസിൽ കഴിഞ്ഞു. കട്ടിലിനു ചുറ്റും ആംഡ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ബാത്റൂമിൽ പോകാൻപോലും ഇവരുണ്ടാകും. എയിംസിലെ മലയാളി ഡോക്ടർമാരുടെയും നഴ്സുമാരുടെയും സഹായം ലഭിച്ചു. അവിടെനിന്ന് ചികിത്സ പൂർത്തിയാക്കാതെ പൊലീസ് അധികൃതർ നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി ജയിലിലേക്ക് തന്നെ കൊണ്ടുപോവുകയായിരുന്നു.
രണ്ടര വർഷത്തെ ജയിൽജീവിതം ജീവിതത്തിലുണ്ടാക്കിയ മാറ്റം?
ഹാഥറസ് വിഷയത്തിൽനിന്ന് വഴിതിരിച്ചുവിടാനുള്ള ഒരു തന്ത്രം കൂടിയായിരുന്നു എന്റെ അറസ്റ്റ്. രണ്ടുമാസത്തെ ലീവിനു നാട്ടിൽ വന്നതായിരുന്നു ഞാൻ. ഡൽഹിയിലേക്ക് ഡിസംബറിലേക്ക് പോകാനിരുന്നതാണ്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണെ ഇന്റർവ്യൂ ചെയ്യാനാണ് 15 ദിവസം നേരത്തേ ഡൽഹിയിലേക്ക് എത്തുന്നത്. നേരത്തേയുള്ള ആ യാത്രയാണ് എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത്. ജയിൽജീവിതത്തിൽ ഒരാളോടും പരിഭവമില്ല. അത് എന്നെ അടയാളപ്പെടുത്തുകയായിരുന്നു. എന്റെ ഉമ്മ മരിച്ചപ്പോൾപോലും ദേശീയ മാധ്യമങ്ങളിൽ വാർത്ത വന്നു. സ്വാതന്ത്ര്യ ദിനത്തിൽ എന്റെ മകൾ മെഹ്നാസ് പ്രസംഗിച്ചത് വലിയ വാർത്തയായി. ഭാര്യയാണ് അവൾക്ക് ആ പ്രസംഗം എഴുതിക്കൊടുത്തത്. വിവാഹത്തിനു ശേഷം വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞ, ജില്ലാ കോടതിപോലും കാണാത്ത ഭാര്യയാണ് ജയിലിൽനിന്ന് പുറത്തിറക്കാൻ പോരാട്ടം നയിച്ചത്. ആരുമറിയാതെ ഒതുങ്ങിപ്പോകുമായിരുന്ന കുറെ ജീവിതങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനും കുറച്ചു പേർക്കെങ്കിലും ആശ്വാസമാകാനും അവരുടെയൊക്കെ പോരാട്ടംകൊണ്ട് സാധിച്ചു. ഒപ്പം ദൈവത്തിന്റെ വലിയൊരു സഹായം കൂട്ടിനുണ്ടായിരുന്നു. അല്ലാതെ ആ അവസ്ഥ തരണംചെയ്യാൻ സാധിക്കില്ല.
ഒപ്പം അറസ്റ്റിലായവരുടെ അവസ്ഥ എന്താണ്?
ഒപ്പം അറസ്റ്റിലായ മൂന്നുപേരിൽ ഡ്രൈവർ ആലം ഈ വർഷം ജനുവരിയിൽ ജയിൽമോചിതനായി. അതീഖിന് യു.എ.പി.എ കേസിൽ ഹൈകോടതി ജാമ്യം നൽകി. പി.എം.
എൽ.എ കേസിൽകൂടി ജാമ്യം ലഭിക്കാനുണ്ട്. അതുപോലെ മസൂദിന്റെ ജാമ്യം ഹൈകോടതിയുടെ പരിഗണനയിലാണ്. തീയതിക്കുമേൽ തീയതികൾ നൽകി കേസ് വൈകിപ്പിക്കുകയാണ്.
ജയിൽജീവിതത്തിനിടയിൽ എപ്പോഴെങ്കിലും പതറിയിട്ടുണ്ടോ?
ഇല്ലെന്നു പറഞ്ഞാൽ കള്ളമാകും. ജയിലിൽ കഴിയുന്ന എന്നെയോർത്ത് ഉമ്മയും ഭാര്യയും മക്കളും എങ്ങനെ ജീവിക്കുമെന്നോർത്ത് ആധിയായിരുന്നു. ഉപ്പയെ ജയിലിലടച്ചതിന്റെ പേരിൽ മക്കളെ സമൂഹം അകറ്റിനിർത്തുമോ എന്നായിരുന്നു ഏറ്റവും വലിയ ആകുലത. അങ്ങനെയൊന്നുണ്ടായില്ല. സമൂഹം അവരെ ചേർത്തുപിടിക്കുകയായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാകുന്നു. എന്നാൽ, എന്നെ കാണാതെയുള്ള ആധിയാലാണ് ഉമ്മ മരിച്ചത്. ജയിലിലാണെന്ന് അറിയില്ലെങ്കിൽപോലും മകന് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന ആധിയാണ് അവരെ മരണക്കിടക്കയിലാക്കിയത്. ആ കണ്ണീരിന് കാലമാണ് മറുപടി നൽകേണ്ടത്.