നവസമൂഹ സൃഷ്ടിയുടെ പ്രതിസന്ധികള്‍
''സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ആശയങ്ങളും അഭിലാഷങ്ങളും ഇല്ലാതാവുന്ന ജനത വളരെ പെട്ടെന്ന് ആന്തരിക ദ്രവീകരണത്തിന് വിധേയമാകുന്നു. അത്തരമൊരു ശിഥിലീകരണത്തിന്റെ വക്കിലേക്ക് കേരളം നീങ്ങുന്നു എന്നത് ജനാധിപത്യ ശക്തികളുടെ പുനരേകീകരണത്തിനുള്ള സൂചനയായി നാം മനസ്സിലാക്കേണ്ടതുണ്ട്'' എന്ന് ചിന്തകനും എഴുത്തുകാരനും അധ്യാപകനുമായ ലേഖകൻ എഴുതുന്നു.
കേരളീയസമൂഹം ആന്തരികമായി വലിയ ശിഥിലീകരണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. നരബലിയും ജാതിക്കൊലകളും മുതല്‍ മലയാളി വിദ്യാര്‍ഥികളുടെ അഭൂതപൂർവമായ വിദേശപഠനം വരെയുള്ള കാര്യങ്ങളില്‍ കാണുന്ന സാമൂഹികമായ അസ്വസ്ഥതയും വൈകാരിക പ്രതികരണങ്ങളും അനുദിനം ശക്തമാകുന്ന ഒരു രാഷ്ട്രീയ ദുരന്തബോധത്തിന്റെകൂടി സൃഷ്ടിയാണ്. ഈ ദുരന്തബോധം ഉണ്ടാവുന്നത് ഭൂതകാലത്തെക്കുറിച്ചുള്ള, അതിലെ വിപ്ലവാത്മകധാരകളെക്കുറിച്ചുള്ള...
Your Subscription Supports Independent Journalism
View Plansകേരളീയസമൂഹം ആന്തരികമായി വലിയ ശിഥിലീകരണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. നരബലിയും ജാതിക്കൊലകളും മുതല്‍ മലയാളി വിദ്യാര്‍ഥികളുടെ അഭൂതപൂർവമായ വിദേശപഠനം വരെയുള്ള കാര്യങ്ങളില്‍ കാണുന്ന സാമൂഹികമായ അസ്വസ്ഥതയും വൈകാരിക പ്രതികരണങ്ങളും അനുദിനം ശക്തമാകുന്ന ഒരു രാഷ്ട്രീയ ദുരന്തബോധത്തിന്റെകൂടി സൃഷ്ടിയാണ്. ഈ ദുരന്തബോധം ഉണ്ടാവുന്നത് ഭൂതകാലത്തെക്കുറിച്ചുള്ള, അതിലെ വിപ്ലവാത്മകധാരകളെക്കുറിച്ചുള്ള അമിതമായ പ്രതീക്ഷകള്‍ക്കേറ്റ മുറിവുകളില്നിന്നാണ്. ഇത്തരം ഓരോ സംഭവവും തങ്ങള്‍ താദാത്മ്യംകൊള്ളുന്നു എന്ന് ഓരോരുത്തരും അഭിമാനിക്കുന്ന, അവ്യക്തവും എന്നാല്‍ യഥാർഥത്തിലുണ്ടെന്ന് പലരും വിശ്വസിക്കുന്നതുമായ, ഒരു ആദര്‍ശ കേരളത്തില്‍നിന്നുള്ള വ്യതിയാനങ്ങള്കൂടിയായി മനസ്സിലാക്കപ്പെടുമ്പോഴുണ്ടാകുന്ന ഞടുക്കങ്ങളില്നിന്നാണ്.
തങ്ങളുടേതല്ലാത്ത ഒരു അപര/അപരിചിത കേരളത്തില്‍ തങ്ങള്‍ അന്യരായി മാറുന്നുവോ എന്ന തരത്തിലാണ് പലരും ഈ പ്രശ്നങ്ങളുടെ സാകല്യത്തെ മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ നവോത്ഥാനം എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ചില ചരിത്ര പ്രക്രിയകളോടുള്ള അമിതമായ ഭൂതാതുരത ഒരുവശത്തും, അതിന്റെ പ്രത്യക്ഷധാരകള്ക്ക് വിരുദ്ധമായ സംഭവങ്ങളെ നവോത്ഥാന ചട്ടക്കൂടിന് പുറത്തു വ്യാഖ്യാനിക്കാന്‍ കഴിയാത്ത നിസ്സഹായത മറുവശത്തുമായി ഒരു ജനത എന്നനിലയില്‍ കടുത്ത സാമൂഹിക സമ്മർദത്തിലാണ് കേരളീയര്‍ അകപ്പെട്ടിട്ടുള്ളത്. ജാതിമഹത്ത്വ പുനര്വിചാരം, ദലിത് അപരത്വനിഷേധം, ഇസ്ലാമോഫോബിയ, ചരിത്രമൂല്യാപഹരണം, ചരിത്രനിന്ദ/അവഹേളനം തുടങ്ങിയവ പ്രതിനിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ മതഭൂരിപക്ഷ പ്രത്യയശാസ്ത്രം കേരളത്തില്‍ എക്കാലത്തും സജീവമായിരുന്നെങ്കിലും നവോത്ഥാന ദുരഭിമാനത്തിന്റെ പേരില്‍ അവയുടെ അസ്തിത്വം നിരാകരിക്കുന്ന ഒരു സമീപനമാണ് പൊതുവില്‍ കേരളത്തില്‍ സ്വീകാര്യമായിരുന്നത്. ഈയടുത്തകാലത്ത് ജാതീയത കൂടുന്നു എന്നും സമീപഭൂതകാലത്തില്‍ അതങ്ങനെ അല്ലായിരുന്നുവെന്നും ദുരഭിമാനക്കൊലകളും നരബലിയുമെല്ലാം പുതിയ കാര്യങ്ങളാണെന്നും സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നതിലെ നൈരാശ്യം പൊതുമണ്ഡലത്തില്‍ പ്രകടമാണ്.
എൺപതുകള്‍ക്കുശേഷം ഹിന്ദുത്വവാദികളുടെ നിലക്കല്‍ സമരം മുതല്‍ സിവില്‍ സമൂഹത്തിലും അതിനുമുമ്പ് കുടുംബത്തിലും ഇതൊരു മുഖ്യധാരതന്നെ ആയിരുന്നു എന്ന് സമ്മതിക്കാന്‍ കേരളത്തിലെ നവോത്ഥാന ദുരഭിമാനം സമ്മതിക്കുന്നില്ല എന്നതാണ് പരമാർഥം. കുടുംബം, സിവില്‍ സമൂഹം, ഭരണകൂടം എന്നൊരു പരിണാമചിത്രം ഹെഗേലിയന്‍ ആശയവാദത്തിലുണ്ട്. അതിന്റെ രേഖീയത ഉടച്ചുകളഞ്ഞാല്‍ കാണുന്നത് 'കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം' എന്ന ത്രിത്വമല്ല. മറിച്ച്, കുടുംബം, സിവില്‍സമൂഹം, ഭരണകൂടം എന്നിവയുടെ ഏകകാലികമായ സമരസപ്പെടലാണ്. ചരിത്രപരമായി നോക്കുമ്പോള്‍ അധീശമൂല്യങ്ങള്‍ പല വിതാനങ്ങളിലായി ഈ മൂന്നു മണ്ഡലങ്ങളിലായി പടര്ന്നുകിടക്കുന്നതായാണ് കാണപ്പെടുക. പലപ്പോഴും അവയെ വേര്‍തിരിച്ചറിയുകതന്നെ പ്രയാസമായിരിക്കും.
പലതരം ആന്തരിക വൈരുധ്യങ്ങള്‍ ഉണ്ടെങ്കിലും ഒരു സമൂഹം ഒരു നെറ്റ് വർക്ക് കൂടിയാണ്. അതിനുള്ളില്‍ ചോദ്യംചെയ്യപ്പെടുമ്പോഴും അസ്വാധീനം സംഭവിക്കാത്ത ആശയങ്ങള്‍ നിരന്തരം സംക്രമിച്ചുകൊണ്ടിരിക്കും. ഒരേസമയംതന്നെ പുരോഗമനസ്വഭാവമുള്ളവയും അവയെ നിഷേധിക്കുന്നവയുമായ ധാരകള്‍ ഇഴചേര്ന്നുപോവുകയും ചെയ്യും. വിസമ്മതങ്ങള്‍, വിയോജിപ്പുകള്‍ എന്നിവ വ്യത്യസ്തതകള്‍ പോലുമായി അനുഭവപ്പെടാതെ ഉൾക്കൊള്ളുകയാണ് പലപ്പോഴും നെറ്റ് വര്‍ക്കുകളില്‍ സംഭവിക്കാറുള്ളത്. ഇതുപക്ഷേ പൊതുബോധമായി മനസ്സിലാക്കപ്പെടണമെന്നില്ല. കേരളീയസമൂഹത്തിന്റെ ചരിത്ര സംക്രമണത്തില്‍ ഒരു കടുത്ത യാഥാസ്ഥിതികത്വം ആഴത്തില്‍ വേരൂന്നിയതിനെ നവോത്ഥാന രാഷ്ട്രീയത്തിന് പിഴുതെറിയാന്‍ കഴിഞ്ഞു എന്ന മിഥ്യാധാരണയാണ് അതേ യാഥാസ്ഥിതികത്വത്തില്‍ അഭിരമിക്കുമ്പോഴും നമ്മെ നമ്മള് അതിനു അതീതരാണ് എന്ന കപടവിശ്വാസത്തില്‍ നിലനിര്‍ത്തിപ്പോന്നിരുന്നത്. പാരഡൈം എന്നു വിളിക്കുന്ന 'വിചിന്തനമാതൃക'കളെക്കുറിച്ച് തോമസ് ക്യുന്‍ പറയുന്നുണ്ടല്ലോ. അതില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം പാരഡൈമിനോട് അതില്‍ പ്രാക്ടിസ് ചെയ്യുന്നവര്‍ പുലര്‍ത്തുന്ന വിശ്വസ്തതയാണ്.
സ്വന്തം വിചിന്തന മാതൃകയുടെ ആന്തരികയുക്തിക്ക് വിരുദ്ധമായതിനെ ആദ്യം അവര്‍ അവഗണിക്കുകയും പിന്നീട് അവയൊക്കെ അപഭ്രംശങ്ങളാണെന്ന് വിലയിരുത്തുകയും ചെയ്യുന്നു. സ്വന്തം വിചിന്തന മാതൃക തകരുകയാണെന്നും അതിന്റെ യുക്തികള്‍ക്ക് പിടിച്ചെടുക്കാനാവാത്ത അനുഭവലോകമാണ് മുന്നിലെന്നും അംഗീകരിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. എന്നാല്‍, അതിനുള്ളില്‍ കൂടുതല്‍ കൂടുതലായി ഉണ്ടാവുന്ന വിള്ളലുകള്‍ ആ മാതൃകയുടെ യുക്തിയെത്തന്നെ ചോദ്യംചെയ്യുകയാണ് എന്ന തിരിച്ചറിവിലേക്ക് ഒടുവില്‍ അവര്‍ക്ക് എത്തിച്ചേരാതെ നിര്‍വാഹമില്ല എന്ന അവസ്ഥ സംജാതമാക്കുന്നു. ഇതാണ് ഇപ്പോള്‍ നവോത്ഥാനമെന്ന വിചിന്തനമാതൃകയുടെ അവസ്ഥയും. എത്രകാലം അതിന്റെ ആദര്ശരൂപത്തില്നിന്നുള്ള വ്യതിയാനങ്ങളെ കേവലം അപഭ്രംശങ്ങള്‍ മാത്രമായി കാണുമെന്ന ചോദ്യം ഇവിടെ ആഴത്തില്‍ മുഴങ്ങുകയാണ്.
ഒരു സമൂഹത്തെ പലപ്പോഴും മുന്നോട്ടുനയിക്കുന്നത് പൊതുവില്‍ പങ്കുവെക്കപ്പെടുന്നതായി അതിലെ അംഗങ്ങള്‍ കരുതുന്ന ആത്മബോധമാണ്. ഇക്കാര്യത്തില്‍ ഭാഷ വഹിക്കുന്ന പങ്കിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണല്ലോ ബെനഡിക്ട് ആന്ഡേഴ്സന് രാഷ്ട്രങ്ങളെ 'ഭാവനാസമൂഹങ്ങള്' എന്നുവിളിച്ചത്. എല്ലാവരും ഒരുപോലെ ഒരേ ബോധ്യത്തിലൂടെ നീങ്ങുന്നു എന്ന അർഥത്തിലല്ല ഞാന്‍ ഇത് പറയുന്നത്. ഉദാഹരണത്തിന് കൊളോണിയല്‍ വിരുദ്ധസമരം എന്നത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ദേശീയബോധത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്നതായിരുന്നു. അതിനുള്ളില്‍ വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും സമവായരാഹിത്യങ്ങളും ധാരാളമായി ഉള്ളപ്പോഴും പൊതുവില്‍ സ്വാതന്ത്ര്യത്തിനായുള്ള ഇച്ഛാശക്തിയാണ്, കടുത്ത അഞ്ചാംപത്തികളൊഴികെയുള്ള ഏതാണ്ട് എല്ലാവരിലും ഏറിയും കുറഞ്ഞും കാണാന്‍ കഴിയുക. കേരളത്തില്‍തന്നെ ജാത്യാധിപത്യ വിരുദ്ധ രാഷ്ട്രീയം ശക്തിപ്രാപിച്ച പത്തൊമ്പതാം നൂറ്റാണ്ടില്‍ അതിന്റെ പ്രത്യാഘാതങ്ങളെ ഭയക്കുകയും വെറുക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ആളുകള്‍ ഉണ്ടായിരുന്നിട്ടും ക്രമേണ ആ രാഷ്ട്രീയം എല്ലാവരിലേക്കും ആളിപ്പടരുകയാണ് ചെയ്തത്. സവര്‍ണ രാഷ്ട്രീയം തന്നെ നവോത്ഥാനോന്മുഖമാവുന്ന സാഹചര്യം സംജാതമായി.
അടിസ്ഥാന സാമൂഹികബന്ധങ്ങള്‍ യഥാസ്ഥിതികമായി വ്യാഖ്യാനിക്കാനും പിന്തുടരാനും കഴിയാത്ത മനുഷ്യാവകാശബദ്ധവും ജനാധിപത്യപരവുമായ ഒരു ഭാവി അനിവാര്യമാണ് എന്ന പൊതുബോധമാണ് ഇതിലൂടെ ശക്തമായിത്തീര്‍ന്നത്. സമൂഹത്തിന്റെ ഉപരിതലത്തില്‍നിന്ന് വ്യക്തിബോധത്തിന്റെ സൂക്ഷ്മഘടനകളിലേക്ക് അവ ഒരുപോലെ സംക്രമിച്ചു പുതിയ മനുഷ്യര്‍ ഉണ്ടായെന്ന് പൂർണമായും പറയാന്‍ കഴിയില്ലെങ്കിലും ഫ്യൂഡല്‍ ജാത്യാധീശവ്യവസ്ഥ പരസ്യമായി സ്വീകരിക്കാന്‍ ആര്‍ക്കും കഴിയാത്ത അവസ്ഥയോട് എല്ലാവരും പൊരുത്തപ്പെടേണ്ടിവന്നിരുന്നു.
എന്നാല്‍, 1900-1950 കാലത്തുണ്ടായ വലിയൊരു സാമൂഹിക പരിണാമം ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട് എന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു. അത് കേരളത്തിലെ സവർണ പ്രത്യയശാസ്ത്രത്തിനുണ്ടായ രൂപപരിണാമമാണ്. കേരളത്തിലെ പില്ക്കാല സാമൂഹികതയുടെ മാനങ്ങള്‍ നിർണയിക്കുന്നതില്‍ ഈ പരിണാമം വഹിച്ച പങ്ക് വളരെ വലുതാണ്. അതൊരു മുഖ്യധാരയായി മറാതിരുന്നപ്പോള്പോലും സാമൂഹിക പ്രക്രിയകളുടെ യുക്തിക്കുള്ളില്‍ നിലീനമായി നിലകൊള്ളാന്‍ സവർണ പ്രത്യയശാസ്ത്രത്തിനു കഴിഞ്ഞത് ഈ പരിണാമത്തിന്റെ ഫലമായാണ്. റോബിന് ജെഫ്രിയുടെ 'നായര്‍ മേധാവിത്വത്തിന്റെ പതനം' എന്ന പുസ്തകത്തിന്റെ തലക്കെട്ട് ഒരർഥത്തില്‍ തെറ്റായ ധാരണയാണ് നല്‍കുന്നത്.
ആ പുസ്തകത്തിന്റെ ഉള്ളടക്കത്തോടുപോലും യഥാർഥത്തില്‍ അത് നീതിചെയ്യുന്നില്ല. നമ്പൂതിരി-ശൂദ്ര മേധാവിത്വത്തെ കേവലം സാമ്പത്തികമായോ സാംസ്കാരികമായോ മാത്രം വിലയിരുത്താന്‍ കഴിയില്ല. അത് പ്രത്യയശാസ്ത്രപരമായ മേധാവിത്വമാണ്. അതിന്റെ ചരിത്രരൂപങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ 'പതനം' എന്ന രൂപകംകൊണ്ട് വിശദീകരിക്കാനാവില്ല. ഉത്തരേന്ത്യയില്‍നിന്ന് വ്യത്യസ്തമായി ബ്രാഹ്മണ്യത്തിന്റെ ആശയാധീശത്വവും രാഷ്ട്രീയാധികാരവും കേരളത്തില്‍ നിലനിര്‍ത്തിയിരുന്നത് നായര്‍-ശൂദ്രരായിരുന്നു. 19ാം നൂറ്റാണ്ടിലെ ദലിത് ഉയിര്‍പ്പുകളെ അതിനുമുമ്പ് സംഭവിച്ചതുപോലെ ഏകപക്ഷീയമായി നിശ്ശബ്ദമാക്കാന്‍ കഴിയാത്തതരത്തില്‍ കൊളോണിയല്‍ ആധുനികത കേരളത്തില്‍ വേരുപിടിച്ചിരുന്നു എന്നതിനാല്‍ സവര്‍ണവിഭാഗങ്ങള്‍ പുരോഗമന മേലങ്കി വളരെവേഗം എടുത്തണിയാന്‍ ശ്രമിച്ചു തുടങ്ങി. അതില്‍ പലരും ആത്മാര്‍ഥമായിത്തന്നെ സാമൂഹികമാറ്റം ആഗ്രഹിച്ചവരുമായിരുന്നു.
സവര്‍ണജാതി പരിഷ്കാരം 'നവോത്ഥാന'ത്തിന്റെ ഭാഗമായി 1890കള്‍ മുതല്‍ ശക്തമാവുന്നത് അങ്ങനെയാണ്. ചന്തുമേനോന്റെ ഇന്ദുലേഖ മുതല്‍ ചട്ടമ്പിസ്വാമികളുടെ വേദാധികാര നിരൂപണവും പ്രാചീനമലയാളവുംവരെ നിരവധി വ്യവഹാരങ്ങള്‍ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന്റെ വിമര്‍ശനമായി മുന്നോട്ടുവെക്കപ്പെട്ടു. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ സവര്ണധാരകള് ജാതിപരിഷ്കരണത്തിന്റെ പേരില്‍ പുതിയൊരു ശാക്തികചേരിയായി മാറാന്‍ തുടങ്ങി. ബ്രാഹ്മണവിഭാഗങ്ങള്ക്ക് ഈ പുതിയ ജാത്യാധിപത്യ രൂപവത്കരണത്തില്‍ ശൂദ്രനേതൃത്വം സ്വീകരിക്കുക മാത്രമേ കരണീയമായിട്ടുണ്ടായിരുന്നുള്ളൂ. ആ ശാക്തികചേരിയാണ് 19ാം നൂറ്റാണ്ടിലെ മുന്നേറ്റങ്ങളെ പാടേ ചതിച്ചുകൊണ്ട് ജാത്യാധിപത്യബോധത്തെ, വലതു യാഥാസ്ഥിതികത്വത്തെ, ഹിന്ദുത്വത്തെ, ഇവിടെ സൂക്ഷ്മതലങ്ങളില്‍ നിലനിര്‍ത്താനുള്ള സാഹചര്യം സൃഷ്ടിച്ചത്. അവരുടെ അജണ്ടകളാണ് പിന്നീട് സമ്പൂർണമായ ദലിത് അരികുവത്കരണം മുതല്‍ ഇസ്ലാമോഫോബിയവരെയുള്ള വലതുപക്ഷ നീക്കങ്ങള്‍ പൊതുസമ്മതിനേടി കേരളീയസമൂഹത്തെ പിറകോട്ടുകൊണ്ടുപോകുന്ന ഹിന്ദുത്വരാഷ്ട്രീയമായി ഇവിടെ നിറഞ്ഞാടിയത്.
ഈ ചരിത്രവസ്തുത നവോത്ഥാനത്തെക്കുറിച്ചുള്ള അമിത പ്രഘോഷണങ്ങളില്‍ അവഗണിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്തുകൊണ്ടിരുന്നു. എന്നാല്‍, ഇപ്പോഴത്തെ നിരവധി സംഭവങ്ങളും അവക്ക് പിന്നിലെ പിന്തിരിപ്പന് അന്തര്‍ധാരകളും ഈ സത്യത്തെ മുമ്പില്ലാത്തവിധം തുറന്നുകാണിക്കുകയാണ്. കേരളത്തില്‍ സ്വകീയമായി രൂപപ്പെട്ട അടിത്തട്ടില്‍നിന്നുള്ള സ്വാതന്ത്ര്യക്കുതിപ്പുകളെ അതില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട സവര്‍ണ പരിഷ്കാരങ്ങളുടെ ഭാഗമായോ അനുബന്ധമായോ കാണുന്ന ഒരു ചരിത്രകാപട്യം ഈ അവസ്ഥക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യാനന്തര കാലത്ത് അഖിലേന്ത്യാടിസ്ഥാനത്തില്‍ നെഹ്റു-അംബേദ്കര്‍ സാമ്പത്തിക- സാമൂഹികനീതി മാതൃകയുടെ രാഷ്ട്രീയം കൂട്ടാതെ വളരെ ശക്തമായ ഒരു ഭൂപരിഷ്കരണ അജണ്ടയും ഉണ്ടായിരുന്നു. സി. കേശവന് തിരുക്കൊച്ചി മുഖ്യമന്ത്രിയായ സമയം മുതല്‍ അത് സജീവമായ ഒരു നിയമനിർമാണ വിഷയമായി മാറിയിരുന്നു. സവിശേഷതരത്തിലുള്ള കേരളത്തിലെ ഫ്യൂഡല്‍ വർഗഘടന ഭൂപരിഷ്കരണത്തെ പൊതുവില്‍ പിന്തുണക്കുന്നതായിരുന്നു. മുപ്പതുകളിലെ ലോക സാമ്പത്തികക്കുഴപ്പം ആഴത്തില്‍ ബാധിച്ച കേന്ദ്രങ്ങളായിരുന്നു അന്നത്തെ തിരുവിതാംകൂര്‍- കൊച്ചി-മലബാര്‍ പ്രദേശങ്ങള്‍. വലിയ തോതില്‍ ജന്മികള്ക്ക് ഭൂമി വില്‍ക്കേണ്ടിവരുകയും ഭൂമിയുടെ തുണ്ടുവത്കരണം വ്യാപകമാവുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ രണ്ടാം ലോകയുദ്ധവും കേരളത്തിലെ ജന്മിത്തത്തെ സാരമായി ബാധിക്കുകയും ഭൂമിയുടെ ക്രയവിക്രയം കൂടുതല്‍ തുണ്ടുവത്കരണത്തിന് കാരണമാവുകയും ചെയ്തു.
ഇതോടെ, ആപേക്ഷികമായ അർഥത്തില്‍ കേരളത്തിലെ ജന്മിത്തം തകര്‍ന്നു തുടങ്ങിയിരുന്നു. അതിന്റെ സാമ്പത്തികശേഷി മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ തുലോം തുച്ഛമായിരുന്നു. അതിന്റെ പ്രഹരശേഷി ഭരണപരം എന്നതിനെക്കാള്‍ പ്രത്യയശാസ്ത്രപരമായി മാറിയിരുന്നു. ജമീന്ദാര്-ജാഗിര്‍ദാർ-ഖത്വാലി-മുള്റായതി-മങ്കാരി-ദോറസ/ദേശമുഖ്-വെള്ളാളര്‍ ജന്മിത്തം നേടിയിരുന്ന ഭൂ ഉടമസ്ഥതാ വൈപുല്യവും സാമ്പത്തികപ്രാമുഖ്യവും കേരളത്തിലെ ജന്മിത്തത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഭൂപരിഷ്കരണത്തെ ജന്മിത്ത ഉന്മൂലനത്തിന്റെ ഒരു വർഗസമരം എന്ന രീതിയില്‍കൂടി മനസ്സിലാക്കുമ്പോള്‍ കേരളത്തില്‍ അത് പ്രായേണ എളുപ്പമായ ഒരു പ്രക്രിയയായിരുന്നു. ഭൂപരിഷ്കരണംകൊണ്ട് ഏറ്റവും നേട്ടമുണ്ടായതും ശൂദ്രവിഭാഗങ്ങൾക്കായിരുന്നു. എങ്കിലും അവര്‍ പഴയ ജന്മിത്ത പ്രത്യയശാസ്ത്രം കൈവിടാതെ മുറുകെപ്പിടിക്കുകയും ശബരിമല സമരത്തിന്റെ കാലത്തെന്നപോലെ അവസരം കിട്ടുമ്പോള്‍ അതുപയോഗിച്ചു ശക്തമായി പ്രഹരിക്കുകയും ചെയ്തുപോരുന്നു. പ്രത്യക്ഷമായി ഉപേക്ഷിക്കപ്പെട്ട മുൻകുടുമയും പിൻകുടുമയും കടുക്കനും പൂണൂലുകളും മാമൂലുകളും അയിത്തവും ആചാരവും ചരിത്രത്തിലേക്കല്ല, സാമൂഹിക അബോധത്തിലേക്കാണ് പിൻവാങ്ങിയത് എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നു.
ഈ ഫ്യൂഡല്‍ പ്രത്യയശാസ്ത്രം അതിന്റെ ഒളിയിടങ്ങള്‍ തേടിയത് വലതുപക്ഷത്ത് മാത്രമായിരുന്നില്ല. അതിന്റെ വാസസ്ഥലം ഹിന്ദുത്വം മാത്രമല്ല. അതിന്റെ വേരുകളുടെ സമുച്ചയം നമ്മുടെ രാഷ്ട്രീയമണ്ഡലത്തിലും സിവില്‍ സമൂഹത്തിലും കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണ്. നമ്മുടെ സാമൂഹിക ജീവിതത്തിനുള്ള വെള്ളവും വളവും നാം വലിച്ചെടുക്കുന്നത് അതിന്റെ വിഷധമനികളിലും കൂടിയാണ്. കഴിഞ്ഞ നാല് ദശകങ്ങളായി നവസാമൂഹികതയുടെ പ്രകാശം കേരളത്തില്‍ വീശിയടിച്ചിട്ടും ഒരു വികസിത ജനാധിപത്യസമൂഹമായി നമുക്ക് മാറാന്‍ കഴിയാത്തത് ഈ ശൂദ്രരാഷ്ട്രീയത്തിന്റെ മേല്‍ക്കൈ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടുകൂടിയാണ്. നവസാമൂഹികത കേവലം നവസാമൂഹിക പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നല്ല. സിവില്‍ സമൂഹത്തിന്റെ വികാസവും നവസാമൂഹിക പ്രസ്ഥാനങ്ങളുടെ പൊതുമണ്ഡലത്തിലെ പ്രകാശനവും നവസാമൂഹികത സൃഷ്ടിക്കുന്നതില്‍ പ്രധാനമാണ്.
എന്നാല്‍, നവസാമൂഹികത ഒരു ചരിത്രപ്രതിഭാസം എന്നനിലയില്‍ പ്രസക്തമാവുന്നത് അത് ജനാധിപത്യബോധത്തെ പൂർണമായും നവീകരിക്കുന്ന രാഷ്ട്രീയ-സാംസ്കാരിക പ്രക്രിയ ആവുമ്പോഴാണ്. അത്തരമൊരു പരിണാമത്തിലൂടെ കേരളീയസമൂഹം ഇനിയും കടന്നുപോയിട്ടില്ല എന്നത് ചുറ്റും നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയും. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനമാവുന്നത് നാം നവോത്ഥാനമെന്ന പേരില്‍ വ്യവഹരിക്കുന്ന സാംസ്കാരിക-രാഷ്ട്രീയ പ്രക്രിയ യഥാർഥത്തില്‍ സംഭവിച്ച ഒരു പ്രദേശത്ത് ഇത്തരമൊരു പരിണാമം തെല്ലും ദുഷ്കരമാവേണ്ട കാര്യമില്ല എന്നതിനാലാണ്. കാരണം പുതിയ ജനാധിപത്യ-മനുഷ്യാവകാശ സങ്കൽപങ്ങള്ക്ക് വളരാനും വികസിക്കാനും കഴിയുന്ന ഒരു പൊതുമണ്ഡലം ആ പ്രക്രിയ സൃഷ്ടിക്കുന്നുണ്ട്. നമുക്ക് മേനിനടിക്കാന്‍ വേണ്ടി ഉയര്‍ത്തുകയും അല്ലാത്തപ്പോള്‍ നമ്മുടെ കാപട്യങ്ങളെ മറക്കുകയും ചെയ്യുന്ന ഒരു യവനികപോലെയാണ് നവോത്ഥാന വ്യവഹാരം ഉപയോഗിക്കപ്പെടുന്നത്.
നവസാമൂഹികതയുടെ പ്രധാനപ്പെട്ട പ്രകാശനങ്ങള്‍ മനുഷ്യാവകാശങ്ങളുടെ കാര്യത്തിലും ലിംഗസമത്വത്തിന്റെ കാര്യത്തിലും ജാത്യാധിപത്യ വിരുദ്ധതയുടെ കാര്യത്തിലും പരിസ്ഥിതി സൗഹൃദ സമൂഹനിർമാണത്തിന്റെ കാര്യത്തിലുമൊക്കെയാണ് ശക്തമായി കാണാന്‍ കഴിയുന്നത്. എന്നാല്‍, ഈ പ്രശ്നങ്ങളില്‍ ഒന്നുപോലും നമുക്ക് പരിഹരിക്കാനോ പരിഹാരങ്ങളിലേക്കുള്ള പ്രാഥമിക സമവായങ്ങളില്‍ എത്തിക്കാനോ കഴിഞ്ഞില്ല. ലിംഗസമത്വത്തെക്കുറിച്ച് ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ക്ക് സൈദ്ധാന്തികത പോരെന്നല്ല, പരിസ്ഥിതി കാഴ്ചപ്പാടുകള്‍ക്ക് ആഴംപോരെന്നല്ല, ജാതിബോധം പോകണം എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടെന്നല്ല, മറിച്ച് ഇത്തരം കാര്യങ്ങളില്‍ ഏറ്റവും പ്രായോഗികമായ തലങ്ങളില്‍, സ്ത്രീധനവും സ്ത്രീധന പീഡനങ്ങളും കൊലകളും ഇല്ലാതാക്കുന്നതില്‍, ജാതിപീഡനങ്ങളും ജാതിക്കൊലകളും ഇല്ലാതാക്കുന്നതില്‍, അടിസ്ഥാന സൗകര്യങ്ങളുടെ വികാസത്തെ കേരളത്തിന്റെ സ്വകീയമായ പരിസ്ഥിതി ദുർബലതകളുടെ അടിസ്ഥാനത്തില്‍ നിര്‍വചിക്കുന്നതില്‍, ഒരു ജനത എന്നനിലയില്‍ നാം പരാജയപ്പെടുന്നു എന്നത് നിസ്സാരമായ കാര്യമല്ല.
മറ്റു സംസ്ഥാനങ്ങളുമായുള്ള താരതമ്യം അപ്രസക്തമാണ്. കാരണം നവസാമൂഹികത ഇവിടെ ഉയര്‍ന്നുവരുന്നത് രണ്ടു നൂറ്റാണ്ട് നീണ്ടുനിന്ന സാമൂഹിക-സാമ്പത്തിക പരിഷ്കരണ പ്രക്രിയകളുടെ, നിരവധി രാഷ്ട്രീയ വിപ്ലവങ്ങളുടെ, നവീകരണങ്ങള്‍ എന്ന് നാം കൊട്ടിഗ്ഘോഷിച്ച സാംസ്കാരിക സംരംഭങ്ങളുടെ തുടര്‍ച്ചയായിട്ടാണ്. എന്നാല്‍, ഈ രണ്ടു ഊര്‍ജങ്ങളും നമ്മുടെ സാമൂഹിക ശരീരത്തില്‍നിന്ന് ചോർന്നുപോവുന്നുണ്ട് എന്നത് ഒരു വലിയ ചോദ്യമായിപ്പോലും നമ്മെ അലട്ടുന്നില്ല എന്നതാണ് യാഥാർഥ്യം.
സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ആശയങ്ങളും അഭിലാഷങ്ങളും ഇല്ലാതാവുന്ന ജനത വളരെ പെട്ടെന്ന് ആന്തരിക ദ്രവീകരണത്തിന് വിധേയമാകുന്നു. അത്തരമൊരു ശിഥിലീകരണത്തിന്റെ വക്കിലേക്ക് കേരളം നീങ്ങുന്നു എന്നത് ജനാധിപത്യശക്തികളുടെ പുനരേകീകരണത്തിനുള്ള സൂചനയായി നാം മനസ്സിലാക്കേണ്ടതുണ്ട്. നവ സാമൂഹികതയുടെ രാഷ്ട്രീയത്തെ ഗതകാല വിപ്ലവങ്ങളുടെ ഭൂതാതുരതയില്നിന്ന് മോചിപ്പിച്ചു പുതിയ ജനാധിപത്യ സമൂഹത്തിനുള്ള ഊർജസംഭരണിയാക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള സമരമാർഗം. ഇപ്പോള്‍ അത് കൊട്ടിയടച്ചാല്‍ അത് നമ്മുടെ ചരിത്രത്തോടും ഭാവിയോടും നാം ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാവും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.