Begin typing your search above and press return to search.
proflie-avatar
Login

പത്മനാഭകാന്തി

പത്മനാഭകാന്തി
cancel

വടക്കരായ മിക്ക എഴുത്തുകാരും പേരിനൊപ്പം സ്ഥലപ്പേര് ചേര്‍ക്കുന്നവരായിരുന്നു. സ്ഥലപ്പേരിനൊപ്പം എഴുത്തിലും അവരുടെ ഇടങ്ങള്‍ കഥയായും നോവലായും കവിതയായും കടന്നുവന്നു. പപ്പേട്ടന്‍ പേരിനൊപ്പം സ്ഥലപ്പേര് വെച്ചില്ല. എഴുത്തിലും പ്രാദേശികതയുടെ ഇടവും കടന്നുവന്നില്ല –സമകാലിക എഴുത്തുകാരിൽ ശ്ര​േദ്ധയനായ പി.വി. ഷാജികുമാർ ടി. പത്മനാഭനെക്കുറിച്ച്​ എഴുതുന്നു. എന്‍റെ നാടായ കാഞ്ഞങ്ങാടുനിന്ന് ടി. പത്മനാഭനെന്ന പപ്പേട്ടന്‍റെ നാടായ പള്ളിക്കുന്നിലേക്ക് അധികമൊന്നും ദൂരമില്ല. ‘യുവവാണി’യില്‍ കഥ അവതരിപ്പിക്കാന്‍ ‘ആകാശവാണി’യില്‍ ഇറങ്ങേണ്ട ബസ് സ്റ്റോപ്പ് പള്ളിക്കുന്നായിരുന്നു. പള്ളിക്കുന്നിറങ്ങി...

Your Subscription Supports Independent Journalism

View Plans
വടക്കരായ മിക്ക എഴുത്തുകാരും പേരിനൊപ്പം സ്ഥലപ്പേര് ചേര്‍ക്കുന്നവരായിരുന്നു. സ്ഥലപ്പേരിനൊപ്പം എഴുത്തിലും അവരുടെ ഇടങ്ങള്‍ കഥയായും നോവലായും കവിതയായും കടന്നുവന്നു. പപ്പേട്ടന്‍ പേരിനൊപ്പം സ്ഥലപ്പേര് വെച്ചില്ല. എഴുത്തിലും പ്രാദേശികതയുടെ ഇടവും കടന്നുവന്നില്ല –സമകാലിക എഴുത്തുകാരിൽ ശ്ര​േദ്ധയനായ പി.വി. ഷാജികുമാർ ടി. പത്മനാഭനെക്കുറിച്ച്​ എഴുതുന്നു.

എന്‍റെ നാടായ കാഞ്ഞങ്ങാടുനിന്ന് ടി. പത്മനാഭനെന്ന പപ്പേട്ടന്‍റെ നാടായ പള്ളിക്കുന്നിലേക്ക് അധികമൊന്നും ദൂരമില്ല. ‘യുവവാണി’യില്‍ കഥ അവതരിപ്പിക്കാന്‍ ‘ആകാശവാണി’യില്‍ ഇറങ്ങേണ്ട ബസ് സ്റ്റോപ്പ് പള്ളിക്കുന്നായിരുന്നു. പള്ളിക്കുന്നിറങ്ങി സെന്‍ട്രല്‍ ജയിലിനോട് തൊട്ടുകിടക്കുന്ന ‘ആകാശവാണി’യിലേക്ക് നടക്കുമ്പോള്‍ ഇവിടെയടുത്താണല്ലോ പപ്പേട്ടന്‍റെ വീടെന്ന് ഓര്‍ത്തിരുന്നു. പോകണമെന്നുണ്ടായിരുന്നു, കാണണമെന്നുണ്ടായിരുന്നു. അഭിമുഖീകരിക്കാനുള്ള ധൈര്യമൊട്ടുമില്ലാത്തതുകൊണ്ട് ഒരിക്കലും പോയില്ല. കാസർകോടും കണ്ണൂരുമായിട്ടും പപ്പേട്ടനെ ആദ്യമായി കാണുന്നത് കോട്ടയത്ത് വെച്ചായിരുന്നു. 2008ലെ ‘ഭാഷാപോഷിണി’യുടെ ചെറുകഥാ പുരസ്കാരം എന്‍റെ ‘വെള്ളരിപ്പാടം’ എന്ന കഥക്കായിരുന്നു. അന്ന് സമ്മാനദാനം നിര്‍വഹിച്ചത് പപ്പേട്ടനായിരുന്നു.

കഥയെക്കുറിച്ചും കഥയെഴുത്തിനെക്കുറിച്ചും അന്നദ്ദേഹം ഏറെനേരം സംസാരിച്ചു. ‘കഥാസരിത് സാഗരം’ നിര്‍ബന്ധമായും വായിക്കണമെന്ന് പുരസ്കാരം ഏറ്റുവാങ്ങാന്‍ വന്ന ഞങ്ങളോട് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. പരിപാടി കഴിഞ്ഞപ്പോള്‍ ഞാന്‍ സങ്കോചത്തോടെ അദ്ദേഹത്തിന്‍റെ അടുത്തുചെന്നു. കാസർകോടു നിന്നാണ് വരുന്നതെന്ന് ഒച്ചയധികമുണ്ടാക്കാതെ പറഞ്ഞു. കണ്ണടക്കുള്ളിലൂടെ എന്നെയൊന്ന് ചുഴിഞ്ഞുനോക്കി. ഏത് കാറ്റത്തും പാറിപ്പോകാവുന്ന കോലമായിരുന്നു അന്നെനിക്ക്. എന്‍റെ ദുര്‍ബല ശരീരം കണ്ടാവാം അദ്ദേഹം എന്‍റെ കൈചുറ്റിപ്പിടിച്ചു. കാസർകോട്ടെ എഴുത്തുകാരെക്കുറിച്ചും രാഷ്ട്രീയ നേതാക്കളെക്കുറിച്ചും സാംസ്കാരിക പ്രവര്‍ത്തകരെക്കുറിച്ചും കുറച്ചുനേരം സംസാരിച്ചു. തുടര്‍ന്നും കഥയെഴുതണമെന്ന് പറഞ്ഞില്ല, വരുംകാല രചനകള്‍ക്ക് ആശംസയും പറഞ്ഞില്ല. അതോടെ, എനിക്ക് സമാധാനമായി. പപ്പേട്ടന്‍ പറഞ്ഞാല്‍ അനുസരിക്കണമല്ലോ!

പിന്നീട് പലതവണ പപ്പേട്ടനെ കാണുകയുണ്ടായി. ആത്മവിശ്വാസമില്ലാത്തതിനാല്‍ വേഗത്തില്‍ സംസാരിച്ച് മാറിനില്‍ക്കുകയാണ് പതിവ്. നീലേശ്വരത്തുകാരനും എഴുത്തുകാരനുമായ അമ്പുരാജ് എന്ന അമ്പുവേട്ടന്‍റെ കഥാസമാഹാരത്തിന്‍റെ പ്രകാശനത്തിന് അദ്ദേഹം വരുകയുണ്ടായി. നീലേശ്വരത്തുവെച്ച് തന്നെയായിരുന്നു അമ്പുവേട്ടന്‍റെ പുസ്തകപ്രകാശനം. അന്ന് അമ്പുവേട്ടനൊപ്പം പപ്പേട്ടനോട് കുറേ നേരം പലതും പറഞ്ഞ് ഇരുന്നതോര്‍ക്കുന്നു.

വടക്കരായ മിക്ക എഴുത്തുകാരും പേരിനൊപ്പം സ്ഥലപ്പേര് ചേര്‍ക്കുന്നവരായിരുന്നു. സ്ഥലപ്പേരിനൊപ്പം എഴുത്തിലും അവരുടെ ഇടങ്ങള്‍ കഥയായും നോവലായും കവിതയായും കടന്നുവന്നു. പപ്പേട്ടന്‍ പേരിനൊപ്പം സ്ഥലപ്പേര് വെച്ചില്ല. എഴുത്തിലും പ്രാദേശികതയുടെ ഇടവും കടന്നുവന്നില്ല. മനസ്സിന്‍റെ ഇടമാണ് പപ്പേട്ടന് പഥ്യം. അതാണ് 1948 മുതല്‍ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നത്.

പപ്പേട്ടന്‍ എഴുത്ത് തുടങ്ങിയിട്ട് എഴുപത്തിയഞ്ച് വര്‍ഷത്തിലേറെയായി. കഥ മാത്രമാണ് എഴുതിയത്. കഥയെഴുതി മാത്രം മലയാള സാഹിത്യത്തില്‍ തന്‍റേടത്തോടെ അദ്ദേഹം തലയുയര്‍ത്തി നില്‍ക്കുന്നു. കഥയിലെ കാലഭൈരവന്‍ എന്ന് വിളിക്കപ്പെടുന്നു. ധ്വനിസാന്ദ്രമായ കഥകള്‍. മാനവികത ആ കഥകളുടെ വിളനിലമായി.

അന്യന്‍റെ സ്വരം സംഗീതംപോലെ കേള്‍ക്കണം എന്ന സ്നേഹസാന്ദ്രമായ മൊഴിയാഴം പപ്പേട്ടന്‍റെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു. പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രകാശം പരത്തുന്ന കഥകള്‍. ജീവിതത്തില്‍ മഷി മുക്കി മനസ്സിന്‍റെ വിരലുകള്‍കൊണ്ട് പപ്പേട്ടന്‍ കഥയെഴുതി. മനഃസാക്ഷിയുള്ളവരുടെ മനസ്സില്‍ ആ കഥകള്‍ സ്നേഹത്തോടെ വന്നുതൊട്ടു.

ഏകാന്തതയായിരുന്നു ആ കഥകളിലെ പ്രാണന്‍. വീടകങ്ങളിലും വീടിന് പുറത്തും തെരുവിലും ഗ്രാമങ്ങളിലും ഇരുളിലും വെളിച്ചത്തിലും സ്വപ്നത്തിലും സ്വപ്നമില്ലായ്മയിലും മഴയിലും തണുപ്പിലും നിലാവിലും വെയിലിലും ജീവിതത്താല്‍ ഒറ്റപ്പെട്ട മനുഷ്യര്‍ കഥകളില്‍നിന്ന് മനുഷ്യരെ നിസ്സംഗമായി നോക്കി. വായിക്കുന്നവരില്‍ കാരുണ്യത്തിന്‍റെയും സങ്കടത്തിന്‍റെയും പ്രണയത്തിന്‍റെയും സാന്ദ്രമൗനമൊരുക്കി. മാറിജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ആ കഥകള്‍ കൂട്ടുവന്നു. ഏകാന്തതയില്‍ കൂട്ടുവരുന്ന കഥകള്‍ എളുപ്പം വിട്ടുപോവില്ല. പപ്പേട്ടന്‍റെ കഥകളും കാലാതീതമാവുന്നത് അതുകൊണ്ടുതന്നെ. കെ.പി. അപ്പന്‍ വിശേഷിപ്പിച്ച പ്രണയത്തിന്‍റെ അധരസിന്ദൂരത്താല്‍ എഴുതിയ ‘ഗൗരി’, വിജിഗീഷു മൃത്യുവിനാവില്ല ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താനെന്ന് ഉറപ്പിച്ചുപറയുന്ന ‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി’ അങ്ങനെയങ്ങനെ ഒട്ടേറെ കഥകള്‍.

 

കഥയില്‍ അദ്ദേഹം കവിതയെഴുതി. കവിതയും കഥയും ഒന്നായി. കവിതപോലെ പപ്പേട്ടന്‍റെ കഥകള്‍ വായിച്ചു. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളില്‍ തന്‍റേതായ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും തുറന്നു പ്രകടിപ്പിക്കുമ്പോഴും പപ്പേട്ടന്‍റെ കഥകളില്‍ അങ്ങനെയൊന്നും കടന്നുവന്നില്ല. കഥകള്‍പോലെ അദ്ദേഹത്തിന്‍റെ സാമൂഹിക വിമര്‍ശനങ്ങളും വേറിട്ടുകേട്ടു. ശത്രുക്കളും മിത്രങ്ങളുമുണ്ടായി. മിത്രങ്ങളും ശത്രുക്കളുമുണ്ടായി.

‘‘ജീവിതവും സാഹിത്യവും രണ്ടല്ല. എന്‍റെ കഥ എന്‍റെ ജീവിതമാണെന്ന് ഞാന്‍ പറയും. എന്‍റെ കഥകളിലൂടെ, എന്‍റെ സൃഷ്ടികളിലൂടെ എന്നെ മനസ്സിലാക്കാം’’ എന്ന് അദ്ദേഹം പറയുന്നു. ‘‘എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം’’ എന്ന് മഹാത്മാ ഗാന്ധി പറഞ്ഞതുപോലെ ‘‘എന്‍റെ കഥയാണ് എന്‍റെ ജീവിത’’മെന്ന് ആത്മധൈര്യത്തോടെ പറയുന്നതിന്‍റെ വെളിച്ചം പപ്പേട്ടന്‍റെ കഥകളില്‍ തെളിയുന്നു. കൊലയെ ഇല്ലാതാക്കുന്നതാണ് കലയുടെ തെളിച്ചമെന്ന് ആ കഥകള്‍ വെളിപ്പെടുത്തുന്നു. കാരുണ്യമാര്‍ന്ന ലോകത്തിനായുള്ള കരുതല്‍ ആ കഥകളുടെ കൈത്താങ്ങാകുന്നു. ആ വെളിച്ചത്തിന്‍റെ ആശ്വാസത്തില്‍ വായനക്കാരന്‍ മൗനസ്വരത്താല്‍ പറയുന്നു: വെളിച്ചമേ, നയിച്ചാലും..!

News Summary - study about T. Padmanabhan