ടെന്നിസിൽ ഒരു യുഗം അവസാനിക്കുന്നു
ഗ്രാൻഡ് സ്ലാം ടെന്നിസ് കിരീടങ്ങളുടെ എണ്ണത്തിൽ ഒന്നാമനായ റാഫേൽ നദാലും (22) രണ്ടാമനായ നൊവാക് ദ്യോകോവിച്ചും (21) മൂന്നാം സ്ഥാനക്കാരനായ റോജർ ഫെഡററും (20) അവർക്കൊപ്പം നാലാമത്തെ വമ്പൻ ആൻഡി മറെയും ഒരേ ടീമിൽ വരുക. അപൂർവമായ ഈ കൂട്ടായ്മ ലണ്ടനിൽ ലെവർ കപ്പ് ടെന്നിസിൽ യൂറോപ്യൻ ടീമിനായിട്ടായിരുന്നു. ടീം യൂറോപ്പും വേൾഡ് ടീമും തമ്മിലാണ് ലെവർ കപ്പ് ടൂർണമെന്റ്. പക്ഷേ, ലോൺ...
Your Subscription Supports Independent Journalism
View Plansഗ്രാൻഡ് സ്ലാം ടെന്നിസ് കിരീടങ്ങളുടെ എണ്ണത്തിൽ ഒന്നാമനായ റാഫേൽ നദാലും (22) രണ്ടാമനായ നൊവാക് ദ്യോകോവിച്ചും (21) മൂന്നാം സ്ഥാനക്കാരനായ റോജർ ഫെഡററും (20) അവർക്കൊപ്പം നാലാമത്തെ വമ്പൻ ആൻഡി മറെയും ഒരേ ടീമിൽ വരുക. അപൂർവമായ ഈ കൂട്ടായ്മ ലണ്ടനിൽ ലെവർ കപ്പ് ടെന്നിസിൽ യൂറോപ്യൻ ടീമിനായിട്ടായിരുന്നു. ടീം യൂറോപ്പും വേൾഡ് ടീമും തമ്മിലാണ് ലെവർ കപ്പ് ടൂർണമെന്റ്. പക്ഷേ, ലോൺ ടെന്നിസിലെ ഓപൺ യുഗത്തിലെ വലിയൊരു അധ്യായത്തിന്റെ അവസാനംകൂടിയായിരുന്നത്. ഈ ടൂർണമെന്റോടെ റോജർ ഫെഡറർ സജീവ ടെന്നിസിൽനിന്നു വിടവാങ്ങൽ പ്രഖ്യാപിച്ചു. നദാലും ദ്യോകോവിച്ചും ഇനിയെത്രനാൾ എന്നു പറയാനാവില്ല. രണ്ടു പതിറ്റാണ്ടോളം പുരുഷന്മാരുടെ ടെന്നിസ് അടക്കിവാണ ത്രിമൂർത്തികളുടെ കാലം കഴിയുകയാണ്. പുതിയ യുഗം പിറക്കുന്നു.
ഡോൺ ബഡ്ജും (1938) പിന്നീട് റോഡ് ലെവറും (1962ലും 69ലും) സാധ്യമാക്കിയ 'ഗ്രാൻഡ് സ്ലാം'എന്ന കലണ്ടർ വർഷ നേട്ടം റോജർ ഫെഡറർക്കു സാധ്യമായില്ല. കരിയർ ഗ്രാൻഡ് സ്ലാം നേടിയെന്ന് ആശ്വസിക്കാം. അമച്വർ കാലഘട്ടത്തുനിന്നു ഓപൺ യുഗത്തിലേക്ക് (തുടക്കം 1968ൽ) ടെന്നിസിനൊപ്പം നടന്നുകയറിയത് റോഡ് ലെവർ ആണ്.
യു.എസ് ഡേവിസ് കപ്പ് ടീം നായകനായിരുന്ന ജോർജ് മക്കാൾ, റോഡ് ലെവർ, കെൻ റോസ്വാൾ, റോയ് എമേഴ്സൻ, ഫെഡ് സ്റ്റോൾ എന്നിവരെയും യുവതാരങ്ങളായ, വിംബിൾഡൺ ചാമ്പ്യൻ ജോൺ ന്യൂകോംബ്, ടോണി റോഷെ, ക്ലിഫ് ഡ്രിസ്ഡെയ്ൽ എന്നിവരെയും ചേർത്ത് 1967ൽ പ്രഫഷനൽ ടെന്നിസിന്റെ വരവറിയിച്ച് വേൾഡ് ചാമ്പ്യൻഷിപ് ടെന്നിസിനു തുടക്കമിട്ടു. പിന്നെ കണ്ടത് വിംബിൾഡണിൽ പണത്തിന്റെ കിലുക്കമാണ്.
റോയ് എമേഴ്സൻ 12 ഗ്രാൻഡ് സ്ലാം കിരീടങ്ങളുമായി ലെവറെ (11) പിന്തള്ളി. ബ്യോൻ ബോർഗിനു (11) ഡസൻ തികക്കാനായില്ല. ഒടുവിൽ പുതിയ നൂറ്റാണ്ടിൽ പീറ്റ് സാംപ്രസ് 14 മേജർ കിരീടങ്ങളുമായി റെക്കോഡ് സ്വന്തമാക്കി. ഏഴു തവണ വിംബിൾഡൺ ജയിച്ച സാംപ്രസ് മറ്റ് ഏഴു കിരീടങ്ങൾ യു.എസ്, ആസ്േട്രലിയൻ ഓപണുകളിലായി കരസ്ഥമാക്കി. പാരിസിലെ റൊളാങ് ഗാരോയിലെ കളിമൺ പ്രതലത്തിൽ മാത്രം കാലിടറി. മുൻ റെക്കോഡുകാരൻ എമേഴ്സനാകട്ടെ ആറു തവണ ആസ്േട്രലിയൻ ഓപണും രണ്ടുതവണ വീതം മറ്റു മൂന്നു മേജറുകളും കരസ്ഥമാക്കിയിരുന്നു. 2002ൽ യു.എസ് ഓപൺ ഫൈനലിൽ ആേന്ദ്ര അഗാസിയെ പരാജയപ്പെടുത്തിയാണ് സാംപ്രസ് 14 തികച്ചത്.
മക്കെൻറോയും ഇവാൻ ലെൻഡലും തിളങ്ങിനിന്ന കാലത്തു തുടങ്ങി ആേന്ദ്ര അഗാസിയെയും കടന്ന് റോജർ ഫെഡററിൽ എത്തിയൊരു യുഗത്തിലെ ചക്രവർത്തിയായിരുന്നു പീറ്റ് സാംപ്രസ്. ഫെഡറർക്കു വഴിമാറുമ്പോൾ ടെന്നിസ് ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരനായി ഫെഡറർ മാറുമെന്ന് സാംപ്രസ് പ്രവചിച്ചിരുന്നു. ടെന്നിസിലെ വികൃതിച്ചെക്കൻ ജോൺ മക്കെൻറോയും പക്വതയോടെ പറഞ്ഞതും അതുതന്നെ. റോജർ ഫെഡറർ ഏറ്റവും മികച്ച ടെന്നിസ് താരമാകും. ആർക്കും മാതൃകയാക്കാവുന്ന കളിക്കാരൻ എന്നു കൂടി ബ്യോൺ ബോർഗ് ഫെഡററെ വിശേഷിപ്പിച്ചു. മുൻഗാമികൾ പറഞ്ഞതെല്ലാം യാഥാർഥ്യമാക്കിയാണ് ഫെഡറർ സജീവ ടെന്നിസിൽനിന്നു വിടപറയുന്നത്
2001ൽ യു.എസ് ഓപണും തൊട്ടടുത്ത വർഷം വിംബിൾഡണും നേടിയ ആസ്േട്രലിയയുടെ ലെയ്റ്റൻ ഹ്യുവിറ്റ് ഇരുപതാം വയസ്സിൽ ലോക ഒന്നാം നമ്പറുമായപ്പോൾ ആേന്ദ്ര അഗാസിക്കും പീറ്റ് സാംപ്രസിനുമൊക്കെ പിൻഗാമിയാകാൻ പോന്നൊരു താരത്തിന്റെ ഉദയമെന്നു കരുതി. പക്ഷേ, തെറ്റി. 2003ൽ വിംബിൾഡന്റെ സെന്റർ കോർട്ടിൽ സ്വിറ്റ്സർലൻഡിന്റെ ഇരുപത്തൊന്നുകാരൻ നൃത്തച്ചുവടുകളും മനോഹരമായ ഷോട്ടുകളുമായി കിരീടം ഉയർത്തി. ആ സ്വർണമുടിക്കാരൻ ഗാലറികളെ ഇളക്കിമറിച്ചു. റോജർ ഫെഡററുടെ ആ കുതിപ്പ് ഏതാണ്ട് രണ്ടു പതിറ്റാണ്ടു തുടർന്നു.
പോരാട്ടവീര്യവുമായി സ്പെയ്നിന്റെ റാഫേൽ നദാലും അഞ്ചുസെറ്റ് നീളുന്ന മത്സരങ്ങളും മാരത്തൺ റാലികളും അനായാസമായി പൂർത്തിയാക്കി നൊവാക് ദ്യോകോവിച്ചും. അവർക്കിടയിൽ ആൻഡി മറെ മുതൽ ഡാനിയൽ മെദ് വദെവ് വരെയുള്ളവരും നിറഞ്ഞാടിയപ്പോൾ പുരുഷ ടെന്നിസിൽ പോരാട്ടം അതീവ വാശിയേറിയതായി. സാംപ്രസിന്റെ 14 ഗ്രാൻഡ് സ്ലാം കിരീടങ്ങളുടെ റെക്കോഡ് തിരുത്തി ഫെഡറർ മുന്നേറി. ഫെഡററുടെ 20 എന്ന മാന്ത്രികസംഖ്യ കടന്ന് നദാലും ദ്യോകോവിച്ചും. പക്ഷേ, അവരും സമ്മതിക്കുന്നു. തങ്ങളിൽ പ്രതിഭകൊണ്ടു മുന്നിൽ റോജർ ഫെഡറർതന്നെ.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കില്ല എന്ന പിടിവാശിയിൽ നൊവാക് ദ്യോകോവിച്ചിന് പല രാജ്യങ്ങളിലും കളിക്കാൻ തടസ്സമുണ്ടായി. പക്ഷേ, ഇക്കഴിഞ്ഞ വിംബിൾഡണിൽ ലഭിച്ച അവസരം മുതലാക്കി സ്പെയിനിന്റെ നിക് കിർഗോയിസിനെ തോൽപിച്ച് ദ്യോകോവിച്ച് ഫെഡററെ മറികടന്ന് 21ാം മേജർ സ്വന്തമാക്കി. പക്ഷേ, വിംബിൾഡണിലെ എട്ടു കിരീടങ്ങളും ആസ്േട്രലിയൻ ഓപണിലെ ആറും യു.എസ് ഓപണിലെ അഞ്ചും ചാമ്പ്യൻപട്ടങ്ങളും ഫെഡററെ ഒരുപടി മുകളിലാക്കുന്നു. നദാലിനാകട്ടെ ഫെഡററുടെ നല്ലകാലത്ത് ഫ്രഞ്ച് ഓപണിൽ ഒഴികെ അദ്ദേഹത്തെ കീഴ്പ്പെടുത്താൻ എളുപ്പമല്ലായിരുന്നുതാനും.
ഇരുപതു ഗ്രാൻഡ് സ്ലാം ടൂർണമെന്റുകൾ ജയിച്ച ആദ്യ പുരുഷ താരമാണ് റോജർ ഫെഡറർ (വനിതകളിൽ മാർഗരറ്റ് കോർട്ട് ഇരുപത്തിനാലും സെറീനാ വില്യംസ് ഇരുപത്തിമൂന്നും സ്റ്റെഫി ഗ്രാഫ് ഇരുപത്തിരണ്ടും ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്). അവസാനവിജയം 2018ൽ ആസ്േട്രലിയൻ ഓപണിൽ ആയിരുന്നു. 2003ൽ വിംബിൾഡണിൽ തുടക്കമിട്ട ജൈത്രയാത്ര. 2019ൽ വിംബിൾഡൺ ഫൈനലിൽ ദ്യോകോവിച്ചിനോട് പൊരുതിത്തോറ്റതോടെ ഫെഡറർ യുഗം ഏതാണ്ട് അസ്തമിച്ചു. ഒടുവിൽ നാൽപത്തൊന്നാം വയസ്സിൽ വിടവാങ്ങൽ പ്രഖ്യാപിച്ചു.
ഈ വർഷം ഫ്രഞ്ച് ഓപൺ ഫൈനലിൽ നോർവേയുടെ കാസ്പെർ റൂഡിനെ കീഴടക്കി ഇരുപത്തിരണ്ടാം ഗ്രാൻഡ് സ്ലാം കിരീടജയം റാഫേൽ നദാൽ സ്വന്തമാക്കി. 22ൽ പതിനാലും ഫ്രഞ്ച് ഓപണിൽ ആയിരുന്നു. നേരത്തേ ആസ്േട്രലിയൻ ഓപൺ ഫൈനലിൽ മെദ് വദെവിനെ പിന്തള്ളിയായിരുന്നു ഇരുപത്തൊന്നാം മേജർ വിജയം; അഥവാ ഫെഡററുടെ റെക്കോഡ് തിരുത്തിയത്. ഏതാനും നാൾകൂടി നദാലും ദ്യോകോവിച്ചും മത്സരരംഗത്തു കണ്ടെന്നു വരാം. എന്നാൽ, ഇനി ഗ്രാൻഡ് സ്ലാം കിരീടജയങ്ങൾ ഇരുവർക്കും എളുപ്പമാകില്ല. പരിക്കും പ്രായവും നദാലിനെ അലട്ടിത്തുടങ്ങി. ദ്യോകോവിച്ചിനും അഞ്ചു സെറ്റിലേക്കു കളി നീണ്ടാൽ മത്സരം കടുപ്പമാകും. പുത്തൻ താരനിരയുടെ ഉദയമായിക്കഴിഞ്ഞു. അടുത്ത തലമുറക്ക് ഫെഡറർ-നദാൽ-ദ്യോകോവിച്ച് ത്രയങ്ങളെപ്പോലെ ഇത്രയും ദീർഘമായൊരു കാലഘട്ടം രാജപ്രൗഢിയോടെ വാഴാൻ കഴിയുമോയെന്ന് അറിയില്ല. ഇവരുടെ ശൈലിയും വ്യത്യസ്തമായിരുന്നല്ലോ.
സർവ് ആൻഡ് വോളി ശൈലി അന്യം നിൽക്കില്ലെന്നും പ്രതീക്ഷിക്കാം. 1890കളിൽ ഒലിവർ കാംപ്ബെൽ തുടക്കമിട്ട്, അടുത്ത ശതകത്തിന്റെ ആരംഭത്തിൽ മോറിസ് മക്ലൗഗ്ളിൽ തുടർന്ന സർവ് ആൻഡ് വോളി ശൈലി ഫ്രഞ്ച് ഓപണിൽ ഒഴികെയുള്ള ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിൽ തുടർക്കഥയായി. പുൽത്തകിടിയിലും ഹാർഡ് കോർട്ടുകളിലും കനത്ത സർവുകൾ പായിച്ച് തൊട്ടുപിന്നാലെ നെറ്റിലേക്ക് ഓടിയെത്തുന്ന ആക്രമണശൈലി കാണികളെ കോരിത്തരിപ്പിച്ചു. റോഡ് ലെവറും റോയ് എമേഴ്സനുമൊക്കെ മനോഹരമാക്കിയ ഈ ശൈലി ജോൺ മക്കെൻറോയും ബോറിസ് ബെക്കറും സ്റ്റെഫാൻ എഡ്ബർഗുമൊക്കെ തുടർന്നു.
ഗൊരാൻ ഇവാനിസെവിക്കും പാറ്റ് റാഫ്റ്ററും ലെയ്റ്റൻ ഹ്യുവിറ്റും പീറ്റ് സാംപ്രസും ഈ പവർ ഗെയിം അതിന്റെ എല്ലാ മനോഹാരിതയോടുംകൂടി അവതരിപ്പിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു കടന്നപ്പോൾ കൂടുതൽ താരങ്ങളും ബേസ്ലൈനിൽ കേന്ദ്രീകരിച്ചു. ഒരു ഗെയിമിലെ ആദ്യ സർവിൽ മാത്രമായി പലരുടെയും സർവ് ആൻഡ് വോളി സമീപനം.
പക്ഷേ, സർവ് ആൻഡ് വോളി ശൈലി അസ്തമിച്ചിട്ടില്ലെന്നു വിളിച്ചറിയിച്ചുകൊണ്ടാണ് അടുത്തകാലത്ത് മാക്സിം െക്രസി രംഗപ്രവേശം ചെയ്തത്. വോളിക്കായി നെറ്റിലേക്ക് പായുന്ന താരം എതിരാളിയുടെ ഡീപ് റിട്ടേണും പ്രതീക്ഷിക്കണം. മികച്ച അത്ലറ്റിക് നീക്കങ്ങളിലൂടെയേ ഇതു സാധ്യമാകൂ. പാരിസിൽ ജനിച്ചുവളർന്ന മാക്സിം ഫ്രഞ്ച് ഓപണിലെ കളിമൺ കോർട്ടിനു പറ്റിയൊരു ശൈലിയല്ല സ്വായത്തമാക്കിയതെന്നു പറയാം. പീറ്റ് സാംപ്രസിന് ഒരു പിൻഗാമി പിറന്നെന്നും ടെന്നിസ് ലോകത്തിന് ആശ്വസിക്കാം. െക്രസിയുടെ പ്രകടനം പുതുതലമുറയെ സർവ് ആൻഡ് വോളിയുടെ ചാരുത ഓർമപ്പെടുത്തിയെന്നുമിരിക്കും.
പക്ഷേ, പുത്തൻതാരം കാർലോസ് അൽക്കാരസ് തന്നെ. പത്തൊമ്പതാം വയസ്സിൽ യു.എസ് ഓപൺ ജയിച്ച്, ലോക ഒന്നാം നമ്പർ പട്ടവുമുറപ്പിച്ച സ്പാനിഷ് താരം കാർലോസ് അൽക്കാരസ് 55ാം റാങ്കിൽനിന്നാണ് ഒരുവർഷംകൊണ്ട് ഒന്നാംറാങ്കിൽ എത്തിയത്. അതിവേഗ ചരിത്രമാണ് രചിക്കപ്പെട്ടത്. ഡാനിൽ മെദ് വദെവ് ഒന്നിൽനിന്ന് നാലിലേക്ക് പതിച്ചു. ഫെഡറർ പരിക്കുമൂലം ഏറെ നാളായി ആ രംഗത്തില്ലായിരുന്നു. പരിക്കിൽനിന്നും മുക്തനല്ലാത്ത നദാൽ യു.എസ് ഓപണിൽ നാലാം റൗണ്ടിൽ പുറത്തായി. ഇതോടെ, അൽക്കാരസിന് മുന്നേറ്റം എളുപ്പമായി. പക്ഷേ, കാസ്പർ റൂഡ്, അലക്സാണ്ടർ സ്വരേവ്, സെഫാനോസ് സിറ്റ്സിപാസ് തുടങ്ങിയവരും റാങ്കിങ്ങിൽ ഒട്ടും പിന്നിലല്ല. ഇതു മത്സരതീവ്രത ഉയർത്തും.
എയ്സുകളുടെ രാജാവായിരുന്നു പീറ്റ് സാംപ്രസ്. ഒരു കളിക്കാരന്റെ സർവിലെ മികവിന്റെ അളവുകോലാണ് എയ്സ്. ഒരു സീസണിൽ മാത്രം ആയിരം എയ്സ് പായിച്ച ചരിത്രമാണ് പീറ്റ് സാംപ്രസിന്റേത്. തോക്കിൽനിന്നും പായുന്ന വെടിയുണ്ടകൾ പോലെയായിരുന്നു സാംപ്രസിന്റെ സർവുകൾ. അതിൽ വേഗത്തിനൊപ്പം ചിലപ്പോൾ സ്പിന്നും പരീക്ഷിക്കപ്പെടും.
കനത്ത സർവിനൊപ്പം അത്യുജ്ജ്വല ഫോർഹാൻഡ് മികവും ബാക്ക് ഹാൻഡ് വൈദഗ്ധ്യവും, കോർട്ട് നിറഞ്ഞുള്ള ചുവടുകൾ... ഇതെല്ലാമാണ് റോജർ ഫെഡറർ. ഒപ്പം കളത്തിലും പുറത്തും ശാന്തതയും മാന്യതയും നിറഞ്ഞ പെരുമാറ്റവും. ഫെഡറർ റോൾമോഡൽതന്നെയാണ്.
റുമേനിയയുടെ ഇലി നഷ്ടാസെയെന്ന വഴക്കാളിയെയും അമേരിക്കയുടെ ജോൺ മെക്കൻറോയെന്ന വികൃതിയെയും സ്വീഡന്റെ ബ്യോൺ ബോർഗെന്ന ശീതമനുഷ്യനെയും കണ്ട ടെന്നിസ് കോർട്ടുകളിൽ പുതിയ തലമുറ എന്തൊക്കെയായിരിക്കും കാണിക്കുക? പക്ഷേ, വികൃതിയും വഴക്കാളിത്തരവും നിർവികാരതയും എല്ലാം കാണികൾ ഉൾക്കൊണ്ടു. അവരെയൊക്കെ അങ്ങനെതന്നെ ടെന്നിസ് േപ്രമികൾ ഹൃദയത്തിലേറ്റി. വരുന്ന തലമുറയെയും അവരുടെ വേറിട്ട വ്യക്തിത്വേത്താടെ സ്വീകരിക്കും. സംശയം വേണ്ട.