സഹൃദയനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍നിന്ന്...

‘‘ടി. പത്മനാഭന് എന്ന വന്‍കരയെ വായനാപ്രേമത്തിന്റെ ആദ്യദിനങ്ങളില്‍ ലക്കും ദിക്കും തെറ്റിക്കിടന്ന ഒരു പയ്യന് കണ്ടുപിടിക്കുന്ന’’തിന്റെ കഥ പറയുകയാണ് കഥാകൃത്തുകൂടിയായ ലേഖകൻ. 1994ല്‍, ഒമ്പതാം ക്ലാസ് വിദ്യാർഥിയായ പയ്യന് സബ് ജില്ലതല സ്കൂള്‍ കലോത്സവത്തില്‍ കഥാരചനക്ക് ഒരുങ്ങാന്‍ പേനയില്‍ മഷി നിറച്ച് ഇരിക്കവെ മത്സരത്തലേന്ന് ഒരു സംഭവമുണ്ടായി. സ്കൂളില്‍ കണക്കു പഠിപ്പിക്കുന്ന ഗോപിമാഷ് ഗണിത പുസ്തകമല്ലാത്തൊരു ബുക്ക് അവന്റെ കൈയില്‍ കൊടുത്തിട്ടു പറഞ്ഞു: ഇതില്‍ ടി....
Your Subscription Supports Independent Journalism
View Plans‘‘ടി. പത്മനാഭന് എന്ന വന്‍കരയെ വായനാപ്രേമത്തിന്റെ ആദ്യദിനങ്ങളില്‍ ലക്കും ദിക്കും തെറ്റിക്കിടന്ന ഒരു പയ്യന് കണ്ടുപിടിക്കുന്ന’’തിന്റെ കഥ പറയുകയാണ് കഥാകൃത്തുകൂടിയായ ലേഖകൻ.
1994ല്‍, ഒമ്പതാം ക്ലാസ് വിദ്യാർഥിയായ പയ്യന് സബ് ജില്ലതല സ്കൂള്‍ കലോത്സവത്തില്‍ കഥാരചനക്ക് ഒരുങ്ങാന്‍ പേനയില്‍ മഷി നിറച്ച് ഇരിക്കവെ മത്സരത്തലേന്ന് ഒരു സംഭവമുണ്ടായി. സ്കൂളില്‍ കണക്കു പഠിപ്പിക്കുന്ന ഗോപിമാഷ് ഗണിത പുസ്തകമല്ലാത്തൊരു ബുക്ക് അവന്റെ കൈയില്‍ കൊടുത്തിട്ടു പറഞ്ഞു: ഇതില്‍ ടി. പത്മനാഭന് എന്നൊരു കഥാകൃത്തിന്റെ ഗംഭീരമായൊരു രചനയുണ്ട്. വായിച്ചുനോക്ക്, ഒരുപക്ഷേ നിനക്കത് എഴുത്തില്‍ ഉപകാരപ്പെട്ടേക്കും! ടി. പത്മനാഭന് എന്ന വന്‍കരയെ വായനാപ്രേമത്തിന്റെ ആദ്യ ദിനങ്ങളില്‍ ലക്കും ദിക്കും തെറ്റിക്കിടന്ന ആ പയ്യന് കണ്ടുപിടിക്കുന്നത് അങ്ങനെയാണ്.
‘മകന്’ എന്ന ചെറുകഥയായിരുന്നു അത്. മകനുവേണ്ടി കാത്തിരിക്കുന്ന ഒരു അച്ഛനും അമ്മയും ചേര്‍ന്ന് പരസ്പരം വേദന തുടയ്ക്കുന്ന കഥ. ഗതകാല സ്മരണകള്‍ ഒട്ടുംതന്നെ ജീവിതത്തില്‍ കൊണ്ടുനടക്കാത്ത ആളാണ് കഥയിലെ വിവാഹിതനായ മകന്. തിരക്കിട്ട നഗരജീവിതത്തിനു നടുവിലാണ് അവനിപ്പോള്‍. രോഗിയായ അമ്മയെ കാണാന്‍ വീട്ടിലേക്ക് വരണമെന്ന് അഭ്യർഥിക്കാന്വേണ്ടി, അവനെയൊന്നു കാണാനായി മാത്രം, അവന്റെ ഭാര്യയുടെ അനുജത്തിയുടെ കല്യാണത്തില്‍ പങ്കെടുക്കുന്ന അച്ഛന്. എന്നാല്‍, കുട്ടിക്കാലത്ത് തന്റെ ചങ്ങാതിയായിരുന്ന ആ മകന് ഇപ്പോഴില്ലെന്ന് ഒരു ഘട്ടത്തില്‍ അച്ഛന് തിരിച്ചറിയുന്നു. ഒട്ടും ബഹളമില്ലാത്ത ആ തിരിച്ചറിവും ഞെട്ടലുമാണ് ‘മകന്’ എന്ന കഥയുടെ ആത്മാവ്. ‘‘എനിക്കറിയാം, അവന് വരുമെന്ന്, എനിക്കറിയാം...’’ എന്ന ശുഭാപ്തിവിശ്വാസത്തില്‍ മരണതുല്യമായ ശാന്തതയിലേക്ക് പോവുകയാണ് ഒടുക്കം കഥയിലെ അമ്മ. കണ്ണൂര്‍ ജില്ലയിലെ കെ.കെ.എന്‍ പരിയാരം മെമ്മോറിയല്‍ ഗവ. ഹൈസ്കൂളില്‍ പഠിച്ചിരുന്ന ആ പയ്യനില്‍ ഞാനെന്ന എഴുത്തുകാരനും വായനക്കാരനും ഒരുമിച്ച് യാത്ര തുടങ്ങിയത് അങ്ങനെ ആ ടി. പത്മനാഭന് കഥ ആവേശിച്ചാണ്.
‘അയാള്‍’ കഥാപാത്രം എന്നില്‍ ഒരു ബാധപോലെ കയറി. കഥ വായിച്ചതിന്റെ പിറ്റേദിവസം മത്സരത്തിനെഴുതിയ ‘റൊട്ടി കഷണങ്ങള്‍’ എന്ന കഥയില്‍ ‘അയാള്‍’ ഒരു കഥാപാത്രമായി മാറി. പിന്നീടങ്ങോട്ട് ‘അയാള്‍’ എഴുത്തില്‍ ഒരു ഒഴിയാ നിഴലായി. മഴ നനഞ്ഞ് ഒരാള്‍, മടങ്ങിയെത്തുമ്പോള്‍ തുടങ്ങിയ ആദ്യകാല കഥകളിലെല്ലാം മുഖ്യ കഥാപാത്രം ‘അയാള്‍’ മാത്രം. പിന്നീട് എത്രകാലം കഴിഞ്ഞാണ് ‘അയാള്‍’ എന്ന കഥാപാത്രത്തെ കുടഞ്ഞെറിഞ്ഞ് ഞാനെന്ന എഴുത്തുകാരന് യാത്ര തുടര്ന്നിട്ടുണ്ടാവുക? അറിയില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്, എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലെ എന്നെപ്പോലുള്ള ഒരുപാട് നവ എഴുത്തുകാരെ ടി. പത്മനാഭനും ‘അയാളും’ ഒരു സാഹിത്യപ്രസ്ഥാനംപോലെ ബാധിച്ചിരുന്നു.
അങ്ങനെയിരിക്കുമ്പോള്‍ അതാ മറ്റൊരത്ഭുതം സംഭവിക്കുന്നു. ഭാഷാപോഷിണി മാസികയുടെ ഒരു ലക്കം മുഴുവന്‍ ടി. പത്മനാഭന് പതിപ്പ്! ആവേശേത്താടെ ഓരോ പേജും കമ്പോടുകമ്പ് വായിക്കുമ്പോള്‍ ടി. പത്മനാഭന് പ്രേമം ഉച്ചസ്ഥായിയിലായി. എഴുത്തുകാരെന്റ സാഹിത്യജീവിതത്തെക്കുറിച്ച് ഒരു സമ്പൂർണ ചിത്രം കിട്ടി. എവിടെനിന്നോ സംഘടിപ്പിച്ച വിലാസത്തില്‍ കണ്ണൂര്‍ പള്ളിക്കുന്നിലെ രാജേന്ദ്രനഗര്‍ വിലാസത്തില്‍ ടി. പത്മനാഭന് എന്ന കഥാകൃത്തിന് വിറക്കുന്ന കൈയക്ഷരങ്ങളോടെ ഒരു പോസ്റ്റ്കാര്‍ഡെഴുതി. ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അതാ അടുത്ത അത്ഭുതവും എന്നെത്തേടിയെത്തുന്നു –ഞാന്‍ ആരാധിക്കുന്ന എഴുത്തുകാരന്റെ മറുപടി!
സാറിന്റെ പുസ്തകങ്ങള്‍ എവിടെ കിട്ടും എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി –‘ഹാരിസന് സായ്വിന്റെ നായ’യും ‘നളിനകാന്തി’യും ‘ഗൗരി’യും തളിപ്പറമ്പിലെ നമ്പൂതിരി മാഷിന്റെ ഷോപ്പില്‍ കിട്ടും.
മഹേശ്വരന് മാഷ് തളിപ്പറമ്പില്‍ നടത്തുന്ന പ്രത്യുഷ ബുക്ക് സ്റ്റാള്‍ കണ്ടുപിടിക്കുന്നത് അങ്ങനെ ആ കത്തു വഴിയാണ്. ടി. പത്മനാഭന് എന്ന കഥാകൃത്തിന്റെ പുസ്തകങ്ങള്‍ വാങ്ങിത്തുടങ്ങുന്നതും. തുടര്‍ന്നിങ്ങോട്ടുള്ള കാലങ്ങളില്‍ എന്റെ ടി. പത്മനാഭന് സ്നേഹംകൂടിയിട്ടേയുള്ളൂ. അദ്ദേഹത്തിന്റെ ‘പാറപ്പുറത്തെ വീട്’, ‘കിളി’, ‘അപ്രതീക്ഷിതം’ തുടങ്ങിയ സുന്ദര ചെറുകഥകളെല്ലാം വായിച്ചത് ‘ഇന്ത്യാടുഡേ’യിലായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ‘ഇന്ത്യാടുഡേ’യില്‍ ഒരു എഡിറ്റോറിയല്‍ ജേണലിസ്റ്റായി എത്തിയപ്പോള്‍, ഗംഭീര ചിത്രങ്ങളോടെ, അതിനൊത്ത സുന്ദര ബ്ലര്ബുകള് ഒരുക്കി ടി. പത്മനാഭന് കഥകള്‍ ‘ഇന്ത്യാടുഡേ’ മാഗസിനില്‍ അവതരിപ്പിച്ചിരുന്ന ലിറ്റററി എഡിറ്റര്‍ എസ്. സുന്ദര്‍ദാസ് മാഷിനോടും എഡിറ്റര്‍ പി.എസ്. ജോസഫ് മാഷിനോടും സീനിയര്‍ കോപ്പി എഡിറ്റര്‍ പി.കെ. ശ്രീനിവാസന് മാഷിനോടും ഒരിഷ്ടക്കൂടുതല്‍ ഉണ്ടായതിനു പിന്നില്‍ ഈ ടി. പത്മനാഭന് സ്നേഹംകൂടി ഒളിഞ്ഞിരിപ്പുണ്ട്.

മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പോസ്റ്റ് ചെയ്ത ഒരു ചപ്പാത്തിക്കഥ’ എന്ന ചെറുകഥക്ക് അങ്കണം ഇ.പി. സുഷമ എൻഡോവ്മെന്റ് അവാർഡ് ലഭിച്ചപ്പോൾ. ടി. പത്മനാഭൻ, വി.എച്ച്. നിഷാദ്, പി.കെ. പാറക്കടവ് എന്നിവർ
ടി. പത്മനാഭന് എന്ന കഥാകൃത്തിന്റെ മിക്കവാറും പുസ്തകങ്ങളും സ്വന്തമാക്കി എന്നുള്ളത് സ്വകാര്യ അഹങ്കാരമായി കാണുന്ന ഒരു വായനക്കാരനാണ് ഞാന്‍. പലതിന്റേയും ആദ്യ എഡിഷന് തന്നെയുണ്ട്. അവയിലൊക്കെയും വിവിധ സന്ദര്‍ഭങ്ങളില്‍ സന്ദര്ശിച്ചപ്പോഴൊക്കെ അദ്ദേഹത്തിന്റെ കൈയൊപ്പും പതിപ്പിച്ചിട്ടുണ്ട്.
ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ നടത്തിയ എണ്ണമറ്റ അഭിമുഖങ്ങളില്‍ എന്റെ പേഴ്സനല്‍ ഫേവറിറ്റ് ടി. പത്മനാഭന് എന്ന കഥാകൃത്തുമായി ഗൃഹലക്ഷ്മിയുടെ ഓണപ്പതിപ്പിനുവേണ്ടി നടത്തിയ അഭിമുഖമാണ്.
‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി’ എന്ന പ്രശസ്തമായ കഥയെക്കുറിച്ച് ആ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു–
‘‘ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് പ്രകാശം പരത്തുന്ന പെണ്‍കുട്ടി എഴുതിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍.വി. കൃഷ്ണവാര്യര്‍ അത് പ്രസിദ്ധീകരിച്ചു. മദ്രാസില്‍ പോയിട്ട് ആദ്യമെഴുതിയ കഥ, എന്നാല്‍ അനുഭവം കണ്ണൂരത്തേത്. അന്ന് മദ്രാസില്‍ താമസിച്ചത് ട്രിപ്ലിക്കേനില്‍ മലബാര്‍ മുസ്ലിം അസോസിയേഷന് ശാദി മഹല്‍ എന്ന പേരില്‍ വാടകക്കെടുത്ത് നടത്തിയിരുന്ന ഒരു ഹോസ്റ്റലിലായിരുന്നു. ആര്‍ക്കോട്ട് നവാബുമാരുടെ ഒരു കെട്ടിടമാണത്. അന്ന് മദ്രാസില്‍ മുഴുവന്‍ ട്രാം ഉണ്ട്.
ഹോസ്റ്റലിന് മുന്നില്‍നിന്നും ട്രാമില്‍ കയറിയാല്‍ പാരിസ് കോര്‍ണറിലുള്ള ലോ കോളജിലേക്ക് ഒരണയാണ് ചാര്‍ജ്. ഇന്നത്തെ ആറു പൈസ. അറുപത്തഞ്ച് കൊല്ലം മുമ്പുള്ള കാലം. സിറ്റിയിലെ തിരക്കു പിടിച്ച റോഡിന് ഇടയിലൂടെ ട്രാം പോകും. എന്റെ ഹോസ്റ്റലിന് നേരെ മുന്നില്‍ ഒരു ചെറിയ ഇടവഴിയുണ്ട്. ഞങ്ങള്‍ കോളജിലേക്ക് പോകുന്ന രാവിലെ ട്രാമില്‍ കയറാന്‍ ഇവിടെനിന്ന് ഒരു പെണ്‍കുട്ടി വരുമായിരുന്നു. ഹാഫ് സാരിയായിരുന്നു വേഷം. കാണാന്‍ വളരെ ചന്തമുള്ള കുട്ടിയാണ്. കുറേ പുസ്തകങ്ങളുമായി വന്ന് ട്രാമില്‍ കയറും. ഏതെങ്കിലും സ്കൂളില്‍ പോകുന്നതാവും.
അന്നും ഇന്നുമൊക്കെ പെണ്‍കുട്ടികളുടെ മൂക്കുത്തി എനിക്ക് ഇഷ്ടമാണ്. അവരുടെ ഡയമണ്ട് മൂക്കുത്തി അങ്ങനെ തിളങ്ങിക്കിടക്കും. അതൊരു പട്ടത്തിക്കുട്ടിയാവണം. അവളെ കാണുമ്പോള്‍ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയെ ഓർമ വന്നു. മനസ്സിന്റെ ഉള്ളറയില്‍ സൂക്ഷിച്ച പഴയ ഓർമ അങ്ങനെ വന്നപ്പോള്‍ പെട്ടെന്ന് കഥയെഴുതി അയച്ചുകൊടുക്കുകയാണുണ്ടായത്.
തൃശ്നാപ്പള്ളി ഗോള്‍ഡന്‍ റോക്കിനടുത്ത് വളരെ ഉയര്‍ന്ന പാറയുണ്ട്. അവിടെ പ്രശസ്തമായ ഒരു ക്ഷേത്രമുണ്ട്. ആ പാറയില്‍ കയറിനിന്ന് നോക്കിയാല്‍ സൂര്യന് അസ്തമിക്കാന്‍ പോകുന്നതും കാണാം. അതിമനോഹരമായ കാഴ്ച. അപ്പോള്‍ താഴെ ഒരു പെണ്‍കുട്ടി വൈരക്കല്‍ മൂക്കുത്തി ധരിച്ചു നില്‍ക്കുന്നത് കണ്ടു. ആ കാഴ്ച ഇപ്പോഴും മനസ്സിലുണ്ട്. ഇതിനൊന്നും ഒരു ദുരുദ്ദേശ്യവുമില്ല. ഇതെല്ലാം ചേര്‍ന്നാണ് പ്രകാശം പരത്തുന്ന പെണ്‍കുട്ടി എഴുതിയത്. മദ്രാസില്‍ ഞാനന്ന് താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ഏറ്റവും മുകളില്‍ നിരവധി വാട്ടര്‍ ടാങ്കുകള്‍ ഉണ്ടായിരുന്നു. അതിലൊന്നില്‍ വെള്ളമുണ്ടായിരുന്നില്ല. ആ വാട്ടര്‍ ടാങ്കിനുള്ളില്‍ കയറിയിരുന്നാണ് പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന കഥ എഴുതിയത്. ഹെലികോപ്ടറില്‍ കയറി നോക്കിയാലല്ലാതെ ഏകാന്തതയിലിരുന്ന് ആ കഥ എഴുതുന്ന എന്നെ കണ്ടെത്താനാവില്ലായിരുന്നു.’’
ആ അഭിമുഖം അവസാനിച്ചത് സ്വയം വിലയിരുത്തിക്കൊണ്ടായിരുന്നു-

പി.കെ. പാറക്കടവിന്റെ ‘അമ്പലം-പള്ളി-സ്ത്രീ’ പ്രകാശനം. ഡോ. എം.കെ. മുനീർ, ടി. പത്മനാഭൻ, ഡോ. ഖദീജ മുംതാസ്, പി.കെ. പാറക്കടവ്, വി.എച്ച്. നിഷാദ് എന്നിവർ
‘‘വലിയ മോശമില്ലാത്ത കുറച്ച് കഥകളെഴുതിയ ഒരുത്തന്. ഒരു അവകാശവാദവുമില്ല. ഞാന്‍ എഴുതുന്ന കാലത്ത് കാരൂര്‍, തകഴി, ബഷീര്‍, ഉറൂബ്, എസ്.കെ. പൊെറ്റക്കാട്ട് എന്നിവരെ ആരാധനാഭാവത്തോടെയാണ് കണ്ടിരുന്നത്. എല്ലാവരും മരിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച കഥാകൃത്ത് ആരെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും –കാരൂര്‍!
അടുത്ത ചോദ്യം –ഇവരെ എത്രപേര്‍ ഓര്‍ക്കുന്നു? കഷ്ടിച്ച് ഓർമയില്‍ കിട്ടുന്ന ഒരാള്‍ വൈക്കം മുഹമ്മദ് ബഷീര്‍ മാത്രം. അതിനൊരു കാരണമുണ്ട് –ഡി.സി കിഴക്കേമുറി. യോഗ്യതകൊണ്ട് മാത്രം ഇവിടെ ഒന്നുമാകാന്‍ പോകുന്നില്ല. ജനങ്ങള്‍ക്കിടയില്‍ ബഷീറിനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ഇവര്‍ തമ്മിലുള്ള സ്നേഹബന്ധംകൊണ്ടുകൂടിയായിരുന്നു.
ഭാവിയിലും മലയാള ഭാഷയുണ്ടാകില്ലേ? ഫിക്ഷന്‍ ശാഖയുമുണ്ടാകും. ടെസ്റ്റ് ബുക്കും ഉണ്ടാകില്ലേ. അതില്‍ 20ാം നൂറ്റാണ്ടിലെ മലയാള ചെറുകഥ എന്ന കൂട്ടത്തില്‍ എന്റെ പേരും വന്നാല്‍, സന്തോഷം. വരും എന്ന് ഞാന്‍ ആശിക്കുന്നു.’’ ആ ആശയുടെ പ്രകാശത്തെ നാം ഇന്നും ടി. പത്മനാഭന് എന്നു വിളിക്കുന്നു. ‘പാറപ്പുറത്തെ വീടി’ലെ, മുറിഞ്ഞു വീണിട്ടും വീണ്ടും വീണ്ടും തളിര്ത്തുവരുന്ന മുരിങ്ങയിലക്കൊമ്പുപോലെ മലയാള കഥയെ ഹരിതാഭമാക്കിക്കൊണ്ട് ഏഴു പതിറ്റാണ്ടു കാലമായി തുടരുന്ന കഥാപ്രപഞ്ചമേ, അങ്ങേക്കെന്റെ ഹൃദയാഭിവാദ്യങ്ങള്‍!