‘അയാൾ’ കഥ എഴുതുകയാണ്

‘‘തൊണ്ണൂറ്റിയാറാം വയസ്സിലും താനുൾെപ്പടെ ലോകത്തിലെ എല്ലാ മനുഷ്യർക്കുംവേണ്ടി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രേമത്തിന്റെയും കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ചിലപ്പോൾ ‘നിങ്ങൾ’ ആണ് കഥാപാത്രം എന്ന് നിങ്ങൾക്ക് തോന്നാം, ഞാനാണ് കഥാപാത്രമെന്ന് എനിക്ക് തോന്നാം’’ –തനിക്ക് അടുപ്പമുള്ള ടി. പത്മനാഭനെന്ന വ്യക്തിയെയും കഥാകൃത്തിനെയും കുറിച്ച് എഴുതുകയാണ് നിരൂപകയും എഴുത്തുകാരിയും അധ്യാപികയുമായ ലേഖിക.
‘‘Life imitates art far more than art imitates life”-Oscar wilde
കല ജീവിതത്തെ അനുകരിക്കുന്നതിലധികം ജീവിതം കലയെ അനുകരിക്കുന്നു എന്ന് പറഞ്ഞത് ഐറിഷ് കവിയും നാടകകൃത്തുമായ ഓസ്കർ വൈൽഡ് ആണ്. ഒരുപക്ഷേ ഈ ഒരു വാചകം ഏറ്റവും അനുയോജ്യമായി എനിക്ക് തോന്നിയത് കഥയുടെ കുലപതിയായ ടി. പത്മനാഭന്റെ സർഗാത്മക ജീവിതത്തെയും സാഹിത്യത്തെയും ആസ്പദമാക്കിയാണ്. ടി. പത്മനാഭനെ വ്യക്തിപരമായി അറിയുന്നതിന് വളരെക്കാലം മുമ്പ് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച അദ്ദേഹത്തിന്റെ കൃതി ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’യാണ്. അദ്ദേഹത്തിന്റെ ഇരുപത്തൊന്നാമത്തെ വയസ്സിൽ എഴുതിയ കഥ മുക്കാൽ നൂറ്റാണ്ടിനിപ്പുറവും പ്രസക്തമാണ്. അത് തന്നെയാണ് പത്മനാഭൻ കലയിൽ സൃഷ്ടിച്ച ‘ഔറ’. ജർമൻ എഴുത്തുകാരനായ വാൾട്ടർ ബെന്യാമിനാണ് ‘ഔറ’ എന്ന പദം പരിചയപ്പെടുത്തുന്നത്. കലയിലെ ആധികാരികതയെയും അതുല്യമായ സവിശേഷതയെയും സൂചിപ്പിക്കാനാണ് ‘ഓറ’ എന്ന പദം ഉപയോഗിക്കുന്നത്.
മനുഷ്യന്റെ ഏറ്റവും വലിയ വേദന ഒറ്റപ്പെടലാണ് എന്നും. വേദന അനുഭവിക്കുന്ന മനുഷ്യരോടൊപ്പം പ്രത്യാശയുടെ പ്രകാശം പരത്തിക്കൊണ്ട് ജീവിക്കുക എന്ന മാനവികതയുടെ രാഷ്ട്രീയ പാഠങ്ങളെ ഞാൻ ഉൾക്കൊണ്ടത് പത്മനാഭൻ കഥകളിലൂടെയാണ്. പക്ഷേ, അപ്പോഴും ടി. പത്മനാഭൻ എന്ന കഥാകൃത്ത് എനിക്ക് ഒരു പ്രഹേളികയായിരുന്നു. ഒരു എഴുത്തുകാരന്റെയും എഴുത്തുകാരിയുടെയും കൃതികളിൽ അവരുടെ ജീവിതത്തെ ഞാൻ തിരയാറില്ല. ‘അയാൾ’ എന്ന തേഡ് പേഴ്സൺ നരേഷനിൽ കഥാകൃത്തിനെ കാണാൻ ശ്രമിച്ചില്ല. കൃതിയെ വൈയക്തികമായി കാണുമ്പോൾ വ്യാഖ്യാനങ്ങൾക്കും പുനരാഖ്യാനങ്ങൾക്കുമുള്ള സാധ്യതയെ പോലും നിഷ്പ്രഭമാകും. എന്നാൽ, ടി. പത്മനാഭന്റെ മിക്ക കഥകളിലും അദ്ദേഹത്തിന്റെ ജീവിത പരിസരങ്ങളിൽനിന്നായതുകൊണ്ട്, എഴുത്തുകാരന്റെ ജീവിതത്തെ അപ്രസക്തമാക്കിക്കൊണ്ടുള്ള ഒരു വിശകലനം മിക്കപ്പോഴും വെല്ലുവിളിതന്നെയായിരുന്നു.
കഥാതന്തു എന്ന നിലയിൽ ജീവിതസന്ദർഭങ്ങളെ അവതരിപ്പിക്കുകയും അതിൽ തനിക്ക് ചുറ്റും ജീവിക്കുന്നവരെ കഥാപാത്രങ്ങളായി പ്രതിഷ്ഠിക്കുകയും അതേസമയം ഭാവനയെ അനുസ്യൂതം ഉപയോഗിക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെ കൃതിയെ പല രീതിയിലുള്ള കാഴ്ചപ്പാടിൽനിന്ന് വിശകലനം ചെയ്യാനുള്ള സാധ്യതയും തുറക്കുന്നുണ്ട് എന്ന സവിശേഷത ടി. പത്മനാഭൻ കഥകൾക്കുണ്ട്. അതുകൊണ്ട് തന്നെ കഥപറച്ചിലുകാരൻ എന്നനിലയിൽ ടി. പത്മനാഭൻ വിജയിച്ചിട്ടുമുണ്ട്. മനുഷ്യജീവിതത്തിലെ അതി സൂക്ഷ്മമായ രംഗങ്ങളെ വളരെ അനുതാപത്തോടെ അവതരിപ്പിക്കുമ്പോൾ സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, പ്രണയത്തിന്റെ നനുത്ത സ്പർശം അദ്ദേഹത്തിന്റെ കഥകൾ അനുഭവിപ്പിക്കുന്നുണ്ട്.
കഥയെ മാറ്റിവെച്ച് ടി. പത്മനാഭനെ വ്യക്തിപരമായി അന്വേഷിക്കുമ്പോൾ അദ്ദേഹത്തിന്റെ കഥകൾപോലെതന്നെ പല കാഴ്ചപ്പാടിൽനിന്നും വ്യാഖ്യാനിക്കാനും കഴിയും. തീക്ഷ്ണമായ ജീവിതത്തിന്റെ ദർശനങ്ങൾ പ്രതിഫലിപ്പിക്കുമ്പോൾതന്നെ ഒരേസമയം വൈരുധ്യതയുടെ ചീളുകൾ അതിൽനിന്ന് കണ്ടെടുക്കാൻ കഴിയും. അതാണല്ലോ കഥപറച്ചിലുകാരന് വേണ്ട സവിശേഷത. ആർക്കും പിടികൊടുക്കാതെ ഒന്നിനും നിർവചിക്കാൻ നിന്നുകൊടുക്കാതെ സർഗാത്മക ലോകത്ത് എക്കാലവും നിലനിൽക്കുക. അതുകൊണ്ടാണ് കഥകളുടെ സാമ്രാജ്യത്തിൽ കുലപതിയായി ടി. പത്മനാഭൻ തുടരുന്നത്.
കാമ്പസ് ജീവിതത്തിന്റെ കാലഘട്ടത്തിൽ എനിക്ക് എന്നും ഓക്കാനം ഉണ്ടാക്കുന്ന സൾഫറിന്റെ വാസന കെമിസ്ട്രി ലാബിൽനിന്നും മുക്കിൽ വന്നു തൊടുമ്പോഴും ഫോർമാൾഡിഹൈഡിൽ കുളിപ്പിച്ചു ഡിസക്ഷൻ ടേബിളിൽ കീറിമുറിക്കാനായി ഇട്ട ജന്തുക്കളുടെ നിർജീവമായ കണ്ണുകൾ പലപ്പോഴും മടുപ്പിന്റെ വിരസതയിലേക്ക് ഊളിയിട്ട് ഇറങ്ങുമ്പോഴും എന്റെ മനസ്സ് മനപ്പൂർവം മറ്റൊരു താവളം തേടിയിരുന്നു. സ്വപ്നജീവിതത്തിൽ വിരാജിക്കാൻ ഏറെ ഇഷ്ടമുള്ളതുകൊണ്ട് തന്നെ കഥാസാഹിത്യമാണ് ഏറെ പ്രിയപ്പെട്ടത്.
എന്തുകൊണ്ടോ കഥപറച്ചിലിന്റെ ലാളിത്യംകൊണ്ട് പത്മനാഭൻ കഥകൾ കൗമാരകാലത്ത് തന്നെ എന്നെ സ്വാധീനിച്ചിരുന്നു. പക്ഷേ, എന്നെ സംബന്ധിച്ച് അന്നും എഴുത്തുകാരൻ എഴുത്തിനേക്കാളും അപ്രസക്തമായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ കഥാകൃത്തിനെ മാനസികമായി അടുപ്പിച്ചില്ല. പിന്നീട് സർവകലാശാലയിൽ സാഹിത്യപഠനം ഐച്ഛികമായി പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും കൃതിയിൽനിന്ന് എഴുത്തുകാരനെ അടർത്തിമാറ്റി വായിക്കുന്നതുകൊണ്ടുതന്നെ കഥാകൃത്തുക്കൾ ആര് എന്നത് എന്റെ ചിന്തയിൽപോലും ഉണ്ടായിരുന്നില്ല.
അവിചാരിതമായാണ് ഒരിക്കൽ സാഹിത്യോത്സവത്തിന്റെ ഭാഗമായി ടി. പത്മനാഭനുമായി പൊതുജനമധ്യത്തിൽ സംവദിക്കാനുള്ള അവസരം ഉണ്ടാകുന്നത്. അന്നുവരെ ചിന്തിക്കാത്ത എഴുത്തുകാരനെകുറിച്ച് ആഴത്തിൽ വായിക്കാനും കഥകളെ ഗവേഷണത്തിന്റെ കണ്ണുകളോടെ ആവേശത്തിൽ പിന്തുടരാനും സാഹചര്യമുണ്ടായി. സുഹൃത്തുക്കൾ പറഞ്ഞു, ‘‘പെട്ടെന്ന് തന്നെ ഈ പരിപാടിയിൽനിന്ന് ഒഴിഞ്ഞോളൂ. അല്ലെങ്കിൽ വലിയ അപമാനം നേരിടേണ്ടിവരും’’ എന്ന്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാൻ ഞാൻ തയാറായില്ല. എങ്കിലും ഇത്തരം മുൻധാരണകൾ എന്നെ സ്വാധീനിച്ചിരുന്നു എന്നത് സത്യമാണ്.
അമിതമായ ദേഷ്യം, പരിഹാസം, അവഗണന ഇതൊക്കെ എങ്ങനെ നേരിടും എന്നൊരു ആശങ്കയും ഉത്കണ്ഠയും മാനസിക പിരിമുറുക്കത്തിന്റെ ആഴംകൂട്ടി. വേദിയിൽ കയറുന്നതിന് മുമ്പ് തമ്മിൽ പരിചയപ്പെട്ടാൽ കുറച്ച് ആശ്വാസം കിട്ടും എന്ന് കരുതി പ്രോഗ്രാം തുടങ്ങുന്നതിനു മുമ്പ് ഒരു കൂടിക്കാഴ്ചക്ക് സംഘാടകർ അവസരം ഒരുക്കി. മുറിയിലേക്ക് കയറിയപ്പോൾ പ്രശസ്തരായ രണ്ട് എഴുത്തുകാർ അവിടെ ഉണ്ടായിരുന്നു. അവരെ ഒന്ന് ഗൗനിക്കുകപോലും ചെയ്യാതെ ആരോടും ഒന്നും സംസാരിക്കാതെ വെറുതെ തലയാട്ടുക മാത്രമായിരുന്നു.
ഈ ഒരു രംഗത്തിന് സാക്ഷിയായപ്പോൾ പരിപാടിയിൽനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന് തോന്നി. പെട്ടെന്ന് തന്നെ അവരിൽ ഒരാൾ ബഹുമാനപൂർവം അനുഗ്രഹം വാങ്ങിക്കാൻ എന്നപോലെ കാല് തൊട്ട് വന്ദിച്ചു. കൂടെയുള്ള എഴുത്തുകാരൻ അങ്ങനെ ഒരു പ്രഹസനം വേണോ വേണ്ടയോ എന്ന സംശയത്താൽ വെപ്രാളപ്പെടുന്നതും കണ്ടു. ഇതൊക്കെ കണ്ടിട്ടും ഒന്നിനോടും ഒരു പ്രതികരണവും ഇല്ലാതെ ചൂണ്ടുവിരൽ താടിക്ക് താങ്ങായി കൊടുത്ത് വെറുതെ ജനവാതിലിലൂടെ നിസ്സംഗനായി നോക്കുന്ന ടി. പത്മനാഭനെ കണ്ടു. അപ്പോഴും ഒരു കനത്ത മൗനം ആ മുറിയിൽ തളംകെട്ടി നിന്നു. കുറച്ച് നിമിഷങ്ങൾക്കു ശേഷം അവർ മുറിയിൽനിന്നും സന്തോഷമില്ലാത്ത മുഖവുമായി ഇറങ്ങി.
ടി. പത്മനാഭനൊപ്പം ശ്രീകല മുല്ലശ്ശേരി
അടുത്തത് എന്റെ ഊഴമായിരുന്നു. എനിക്ക് ടെൻഷൻകൊണ്ട് വാക്കുകൾ പുറത്തേക്ക് വരുന്നില്ല. ഇതെന്തൊരു മനുഷ്യൻ? ഒരു മനുഷ്യപ്പറ്റൊക്കെ വേണ്ടേ? കഥകളിൽ മാത്രമേ ഭയങ്കര കാരുണ്യത്തിന്റെയും അനുകമ്പയുടെയും കുത്തൊഴുക്ക് ഉള്ളോ? ഈ മനുഷ്യനോട് ഒരു മണിക്കൂർ പൊതുജനത്തിന് മുന്നിൽ എങ്ങനെ സംസാരിക്കും? സുഹൃത്തുക്കൾ പിന്തിരിപ്പിച്ചിട്ടും എന്തിനാണ് ഞാൻ ഈ റിസ്ക് എടുത്തത് എന്നിങ്ങനെയുള്ള നൂറുനൂറ് ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നുപോയി. മനുഷ്യാന്തസ്സിനെ കുറിച്ച് കഥകൾ എഴുതിയ എഴുത്തുകാരന്റെ പെരുമാറ്റം എന്നെ അലോസരപ്പെടുത്തി. സഹായിയായ രാമചന്ദ്രൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരു കസേര നീട്ടിത്തന്ന് ഇരുന്നോളാൻ പറഞ്ഞു. മടിച്ചിട്ടാണെങ്കിലും ഞാൻ ഇരുന്നു.
‘‘ശ്രീകല അല്ലേ’’ എന്ന് ചോദിച്ചപ്പോൾ അതേ എന്ന് സ്വൽപം വിറച്ചുകൊണ്ട് ഞാൻ മൂളി. എന്റെ പേരും ജോലിയും ഒക്കെ ഇദ്ദേഹത്തിന് എങ്ങനെ അറിയാം എന്നുള്ള ചിന്ത എനിക്ക് ആശ്ചര്യം ഉണ്ടാക്കി. അടുത്ത ചോദ്യം എന്താണ് പഠിപ്പിക്കുന്നത് എന്നായിരുന്നു. ഞാൻ ‘‘താരതമ്യ സാഹിത്യം’’ എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു കൺഫ്യൂഷൻ ഉള്ളപോലെ എനിക്ക് തോന്നി. ഉടനെ ഞാൻ പറഞ്ഞു, ‘‘Comparative Literature’ എന്ന്. ഉടനെ വലിയ ചിരിയോടെ, എനിക്കും ഇംഗ്ലീഷ് കുറച്ചൊക്കെ അറിയാം കേട്ടോ... എന്നെ ഒന്ന് കളിയാക്കിയതാണെങ്കിലും അത്രനേരം ഞാൻ കണ്ടിരുന്ന മനുഷ്യന്റെ മുഖം അല്ലായിരുന്നു പിന്നീട് അങ്ങോട്ട്. വിമർശനാത്മകമായി ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് വീണ്ടും ചോദിച്ചപ്പോൾ ഒരു ചിരിയോടെ വിമർശിച്ചോ... പക്ഷേ, വിവാദം ഉണ്ടാക്കരുത് എന്നായിരുന്നു മറുപടി.
എന്റെ ടെൻഷൻ ഒന്ന് അയഞ്ഞു. ഞങ്ങൾ രണ്ടുപേരും വളരെ റിലാക്സ്ഡ് ആയി വേദിയിൽ ഒരു മണിക്കൂർ സംസാരിച്ചു. അങ്ങോട്ടുള്ള ചോദ്യങ്ങൾപോലെ ഇങ്ങോട്ടും ചോദ്യങ്ങൾ ചോദിച്ചു. ഇറങ്ങുമ്പോൾ എന്റെ കൈപിടിച്ചുകൊണ്ട് വേദിയിൽനിന്ന് ഇറങ്ങി. ഫോൺനമ്പർ രാമചന്ദ്രന് കൊടുക്കണം, പറഞ്ഞപ്പോൾ അതിഥിമുറിയിൽ തൊട്ട് മുന്നേ ഉണ്ടായിരുന്ന ദൃശ്യം അപ്പോഴും മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. മനുഷ്യമനസ്സ് എത്ര സങ്കീർണവും വൈരുധ്യങ്ങളും നിറഞ്ഞതാണ് എന്ന് ഞാൻ വെറുതെ ചിന്തിച്ചു.
ടി. പത്മനാഭനൊപ്പം ശ്രീകല മുല്ലശ്ശേരി
ആ സംഭവത്തിനുശേഷം ഫോണിൽ സംസാരിച്ചു. സാഹിത്യം, രാഷ്ട്രീയം, സാമൂഹികമായ പ്രശ്നങ്ങൾ അങ്ങനെ സൂര്യന് കീഴെയുള്ള എന്തും ഞങ്ങളുടെ വിഷയമായി. പല വിഷയങ്ങളിലും എന്റെ യോജിപ്പുകളും വിയോജിപ്പുകളും പങ്കുവെച്ചു. വിയോജിപ്പുകൾ പങ്കുവെക്കാനുള്ള ധൈര്യം ഞാൻ സംഭരിച്ചു. ചിലപ്പോഴൊക്കെ എതിർത്തു സംസാരിക്കുമ്പോൾ ദേഷ്യത്തിന്റേതായ വികാരം വാക്കുകളിൽ മുറ്റിനിന്നിരുന്നു. പലപ്പോഴും ദേഷ്യപ്പെട്ട് സംസാരിച്ച് ഫോൺ പെട്ടെന്ന് വെക്കും. പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്തപോലെ പിന്നെയും സംസാരം തുടരും.
ഫ്രഞ്ച് സാഹിത്യകാരന്മാരായ വിക്ടർ ഹ്യൂഗോ, റൊമാൻ റോളാങ്, റഷ്യൻ സാഹിത്യകാരന്മാരായ ടോൾസ്റ്റോയ്, ദസ്തയേവ്സ്കി, തുർഗേനിയവ്, ലാറ്റിനമേരിക്കൻ എഴുത്തുകാരനായ മാർകേസ് മുതൽ മലയാള സാഹിത്യത്തിലെ അതികായനായ കുമാരനാശാനെ വരെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചു. ആധുനിക സാഹിത്യരൂപങ്ങളോടും ശൈലികളോടും പ്രമേയങ്ങളോടും പ്രയോഗങ്ങളോടും ഒരുതരത്തിൽ വിമുഖത പ്രകടിപ്പിച്ചു. അതിനും അദ്ദേഹത്തിന്റേതായ ന്യായീകരണങ്ങളുണ്ട്.
സമകാലികരായ കഥ എഴുത്തുകാരുടെ രാഷ്ട്രീയമായതും നിലവിലുള്ള കഥ എഴുത്തിന്റെ ചട്ടങ്ങളെ പൊളിച്ചുള്ള കഥകളെ ഞാൻ അനുകൂലിക്കുമ്പോൾ അദ്ദേഹം തീർത്തും എതിർചേരിയിൽ എന്നപോലെ എന്നോട് തർക്കിച്ചു. ആനുകാലികങ്ങളിൽ ഞാൻ എഴുതുന്ന ലേഖനങ്ങൾ വായിക്കാറുണ്ടെങ്കിലും. എഴുതാൻ ഞാൻ തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ എതിർപ്പുകൾ പ്രകടിപ്പിച്ചു. പക്ഷേ, ഒരിക്കലും തന്റെ ഇഷ്ടാനിഷ്ടങ്ങൾ മറ്റൊരു വ്യക്തിയിൽ അടിച്ചേൽപിച്ചിട്ടില്ല. തീർത്തും വ്യത്യസ്തമായ രാഷ്ട്രീയം, വ്യത്യസ്തമായതും വിഷയാധിഷ്ഠിതവുമായ നിലപാടുകൾ, ചിന്താഗതികൾ പിന്തുടരുമ്പോഴും ഞങ്ങൾക്കിടയിൽ സ്നേഹവും പരസ്പര ബഹുമാനവും നിലകൊണ്ടു. നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി എന്ന ശക്തമായ നിലപാടാണ് ഇന്നുവരെ വ്യക്തിജീവിതത്തിൽ ടി. പത്മനാഭൻ പുലർത്തിയത്.
സാഹിത്യ വിദ്യാർഥി എന്ന നിലയിലും സാഹിത്യ അധ്യാപിക എന്ന നിലയിലും എഴുത്തുകാരോട് അമിതമായ ആരാധന തോന്നിയിട്ടില്ല. പക്ഷേ, അവരുടെ ചില കൃതികളിലെ അനുഭവങ്ങൾ സ്വന്തം ജീവിതത്തിൽ കാണുമ്പോൾ ആ സർഗാത്മകതയോട് ആരാധന തോന്നാറുണ്ട്. അനുഭവങ്ങളെ സ്വാംശീകരിക്കുന്ന ഉപകരണമാണല്ലോ സാഹിത്യം. അതുകൊണ്ട് തന്നെ ഓസ്കർ വൈൽഡ് പറഞ്ഞപോലെ സർഗാത്മക സാഹിത്യത്തിന്റെ അനുരണനങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ജീവിതത്തിന്റെ വൈകാരികമായ പല നിമിഷങ്ങളും ഞാൻ ഹൃദയത്തിലേറ്റിയ കൃതികളിലെ വൈകാരിക സന്ദർഭങ്ങളുമായി മാറ്റുരക്കാറുണ്ട്. അങ്ങനെയുള്ള ഒരു അനുഭവമാണ് മാധ്യമം വീക്കിലിയിൽ അച്ചടിച്ചുവന്ന ടി. പത്മനാഭന്റെ ‘മായാമാളവഗൗളം’ എന്ന ചെറുകഥ. ഞാൻ കഥാപാത്രമായി വരുന്ന കഥയാണ് ‘മായാമാളവഗൗളം’ എന്ന് എന്നോട് പറഞ്ഞത് കഥാകാരൻ തന്നെയായിരുന്നു.
ഞാൻ മാത്രമല്ല ടി. പത്മനാഭന്റെ സഹായി രാമചന്ദ്രനും പത്മാവതിയും ആത്മ സുഹൃത്തുക്കളും നായക്കുട്ടിയായ അപ്പുവും എല്ലാം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളാണ്. അദ്ദേഹത്തിന്റെ തന്നെ ആത്മാനുഭവങ്ങളാണ് കഥകളായി പരിണമിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ കഥകളെല്ലാം ചേർത്തുവെച്ചാൽ ടി. പത്മനാഭന്റെ ആത്മകഥയായി എന്നും വേണമെങ്കിൽ വ്യാഖ്യാനിക്കാം. പക്ഷേ, കുറച്ചുകൂടി സത്യസന്ധമായി അത്തരം കഥകളെ വിശകലനംചെയ്താൽ ഒരു കഥാതന്തു എന്ന നിലയിൽ മാത്രമാണ് കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും കടന്നുവരുന്നത്.
അവശേഷിക്കുന്നതൊക്കെയും കഥാകാരന്റെ ഭാവനാ മുഹൂർത്തങ്ങളാണ്. റോളാൻഡ് ബാർത്ത് എന്ന ഫ്രഞ്ച് സാംസ്കാരിക പണ്ഡിതൻ അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ ‘ഡെത്ത് ഓഫ് ദ ഓതർ’ എന്ന കൃതിയിൽ പറയുന്നുണ്ട്, “The birth of the reader must be at the cost of the death of the Author.’’ രചനാപ്രക്രിയ യഥാർഥത്തിൽ സംഭവിക്കുന്നത് വായനക്കാരന്റെ ജനനം സംഭവിക്കുമ്പോഴാണ്. ഇതോടുകൂടി എഴുത്തുകാരൻ മരിച്ചുകഴിയുന്നു. അതുകൊണ്ട് തന്നെ എഴുത്തുകാരൻ എഴുതിക്കഴിഞ്ഞാൽ അപ്രസക്തമാണ്.
വായനക്കാരന് എങ്ങനെ വേണമെങ്കിലും കൃതിയെ വായിക്കാം. പത്മനാഭൻ കഥകളിലെ ‘അയാൾ’ എന്ന ആഖ്യാതാവിനെ വായനക്കാർ പത്മനാഭൻ ആയി സങ്കൽപിക്കുമ്പോഴാണ് കഥയിൽ അദ്ദേഹത്തിന്റെ ജീവിതത്തെ തിരയുന്നത്. അതൊരു വട്ടം വരച്ചിട്ട് അതിൽതന്നെ കറങ്ങിത്തിരിയാൻ പ്രേരിപ്പിക്കുന്നതുപോലെയാണ്. ‘അയാൾ’ മറ്റൊരാൾ ആയി സങ്കൽപിക്കുമ്പോൾ കഥയുടെ കാഴ്ചപ്പാട് തന്നെ മാറുന്നുണ്ട്. കഥയുടെ സൗന്ദര്യം കിടക്കുന്നത് അപരിചിതനായ ‘അയാളെ’ ചുറ്റിപ്പറ്റിയാണ്. അവിടെ പരിധികൾക്ക് അതീതമായി മനോഹരമായ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും വായനക്കാരന് ഭാവനക്ക് അനുസരണമായി വീക്ഷിക്കാം. കൃതിയുടെ ഭംഗി എന്നുപറയുന്നത് അത് എവിടെനിന്ന് ഉറവയെടുത്തു എന്നുള്ളതല്ല, മറിച്ച് അത് എങ്ങനെ വായനക്കാരൻ മനസ്സിലാക്കിയെന്നും സ്വീകരിക്കപ്പെട്ടു എന്നതിനെയും ആശ്രയിച്ചാണ്.
‘മായാമാളവ ഗൗളം’ കർണാടക സംഗീതത്തിലെ പതിനഞ്ചാമത്തെ മേളകർത്ത രാഗമാണ്. നായികയായ ശ്രീരേഖ അയാളുടെ ശിഷ്യയാണ്. മരിച്ചുപോയ തന്റെ മകളെയാണ് അദ്ദേഹം ശിഷ്യയിൽ കാണുന്നത്. മകളോടെന്നപോലെ വാത്സല്യം അദ്ദേഹത്തിന്റെ ആഖ്യാനത്തിൽ പ്രതിഫലിക്കുന്നുണ്ട്. കച്ചേരി നടക്കുമ്പോൾ അവളുടെ പ്രതിഭയിൽ അഭിമാനിക്കുന്ന അയാളെ കാണാൻ കഴിയും. ഒടുവിൽ കച്ചേരി കഴിയുമ്പോൾ അവളെ കാണാതെ ആശ്ലേഷിക്കാതെ കത്തീഡ്രൽ റോഡിലൂടെ പ്രായാധിക്യത്തിൽ തളർന്ന് ഇറങ്ങി നടക്കുമ്പോൾ അയാളോടൊപ്പം അവളും ഭർത്താവും കൂടെയുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിയാണ് കഥ അവസാനിക്കുന്നത്.
ജീവിതത്തിൽ ഒറ്റക്കാവുന്ന മനുഷ്യരുടെ ജീവിക്കാനുള്ള കച്ചിത്തുരുമ്പാവുന്ന മനുഷ്യബന്ധങ്ങളെ നിർമലമായ സ്നേഹത്തോടെ അവതരിപ്പിക്കുകയാണ് ടി. പത്മനാഭൻ. സംഗീതത്തിന്റെ നേർത്ത പാളികൾകൊണ്ട് അവതരിപ്പിക്കുമ്പോൾ തീവ്രമായ വൈകാരികതയോടെ ജീവിതത്തിലെ അവിചാരിതമായ അത്തരം സന്ദർഭങ്ങളെ ഞാൻ ഓർത്തുപോകാറുണ്ട്. ഏതു തരത്തിലുള്ള സ്നേഹവും ഉടമസ്ഥത കൈയാളുന്ന കാലഘട്ടത്തിൽ ‘അയാൾ’ ഉറക്കെ പറയുന്നു.
‘‘കിളിയുടെ ലോകം കൂടല്ലല്ലോ... അത് വിശാലമായ ആകാശമല്ലേ? അതിരുകളില്ലാത്ത ആകാശപ്പരപ്പിൽ അത് പാടിപ്പറക്കട്ടെ.’’
പത്മനാഭന്റെ കഥകൾ ചിലപ്പോൾ ഒരേ പാറ്റേണുകൾ ആവർത്തിക്കാറുണ്ട്. ആഖ്യാനങ്ങളിൽ, ആഖ്യാതാവിൽ സമാനതകൾ കാണാറുണ്ട്. ചില കഥകൾ അതിനുള്ളിൽ അവസാനിക്കാറില്ല. പല കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും തുടർച്ച ആവശ്യപ്പെടുമ്പോൾ പത്മനാഭൻ മറ്റൊരു കഥയിൽകൂടി അവതരിപ്പിക്കാറുണ്ട്. അങ്ങനെയുള്ള കഥകൾ 96ാമത്തെ വയസ്സിലും അദ്ദേഹം എഴുതിയിട്ടുണ്ട്. ‘‘പ്രണയത്തിന്റെ അധരസിന്ദൂരംകൊണ്ടെഴുതിയ കഥ’’ എന്ന് കെ.പി. അപ്പൻ വിശേഷിപ്പിച്ച കഥയാണ് ‘ഗൗരി’. ഗൗരിയുടെ തുടർച്ച പത്മനാഭന്റെ ‘കടൽ’ എന്ന കഥയിൽ കാണാൻ കഴിയും. കഴിഞ്ഞ ദിവസം പ്രകാശനംചെയ്ത ‘കരുവന്നൂർ’ എന്ന ചെറുകഥാ സമാഹാരത്തിലെ ‘പുണ്യം’ മനോഹരമായ പ്രണയകഥയാണ്. കടലിലെ വിരഹിനിയായ പ്രണയിനി അമ്മയാണ് ‘പുണ്യം’ എന്ന കഥയിലെ നായിക ‘ദേവി’. അതുകൊണ്ട് തന്നെ പത്മനാഭൻ കഥകൾക്ക് അവസാനമില്ല.
കാലത്തിനനുസരിച്ച് പുതുക്കിപ്പണിതുകൊണ്ട് അനശ്വര കഥകളിൽ കഥാപാത്രങ്ങളുമായി അവർ ജീവിക്കുന്നുണ്ട്. പത്മനാഭന്റെ സ്ത്രീ കഥാപാത്രങ്ങൾ സവിശേഷ വ്യക്തിത്വമുള്ളവരാണ്. കഥകളിൽ എല്ലായ്പോഴും പ്രധാന കഥാപാത്രങ്ങൾ അവർ ആയിരിക്കും. പെൺകുട്ടികൾ കഥാപാത്രമായി വരുന്ന നിരവധി കഥകൾ പത്മനാഭൻ എഴുതിയിട്ടുണ്ട്. ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’, ‘അശ്വതി’ എന്നീ കഥകളൊക്കെ അത്തരത്തിലുള്ളവയാണ്. അതിൽ എന്റെ ഹൃദയത്തിൽ തൊട്ടത് മിഠായി വാങ്ങിക്കാൻ ഇരുപത് പൈസ തുട്ടുമായി കടയിലെത്തിയ ‘അശ്വതിയുടെ നിഷ്കളങ്കമായ കണ്ണുകൾ’ ആയിരുന്നു. എത്ര അനുതാപത്തോടെയാണ് കഥാകാരൻ ആ പെൺകുട്ടിയെ വരച്ചുവെച്ചത് എന്ന് ഞാൻ അത്ഭുതപ്പെട്ടു. അശ്വതിയുടെ തുടർച്ച അടുത്തകാലത്ത് എഴുതിയ ‘മഴമേഘങ്ങളെ എത്തിപ്പിടിക്കാൻ ശ്രമിച്ച പെൺകുട്ടി’യിൽ കാണാൻ കഴിയും. ഒരിക്കൽ ഞാൻ ചോദിച്ചു, എന്താണ് പെൺകുട്ടികൾ കഥാപാത്രമാവുന്നതിന്റെ പ്രചോദനം എന്ന്?
എനിക്ക് മക്കൾ ഇല്ല… എന്നോട് ദൈവം വന്ന്, എടോ..! പത്മനാഭാ, നിനക്ക് ആൺകുട്ടിയാണോ പെൺകുട്ടിയാണോ വേണ്ടത് എന്ന് ചോദിച്ചാൽ ഞാൻ പെൺകുട്ടിയെ ചോദിച്ച് വാങ്ങിയിരിക്കും എന്നാണ്. അതേ വികാരവായ്പോടെയാണ് പത്മനാഭൻ പെൺകുട്ടികളെ കഥയിൽ വരച്ചുവെക്കുന്നത്.
‘കെട്ടുകഥ’ എന്ന കഥയിലും ഞാനുണ്ട്. ആക്ഷേപഹാസ്യ പരിവേഷത്തിലാണ് അത് അവതരിപ്പിച്ചിരിക്കുന്നത് എന്നതുകൊ ണ്ട് തന്നെ വളരെ വ്യത്യസ്തമായ കഥയായി എനിക്ക് തോന്നിയ കഥയാണ് ‘കെട്ടുകഥ’. കഥാതന്തു എന്ന് പറയുന്നത് ഞാനും ടി. പത്മനാഭനും കൂടിയുള്ള ഒരു ഫോട്ടോയെ ചുറ്റിപ്പറ്റിയാണ്. ‘മാധ്യമം വാരിക’ക്ക് വേണ്ടി ടി. പത്മനാഭനുമായുള്ള ഇന്റർവ്യൂ നടക്കുമ്പോൾ ഞങ്ങൾ എന്തോ ഒരു തമാശ പറഞ്ഞു ചിരിക്കുമ്പോൾ അജീബ് കൊമാച്ചി എന്ന പ്രശസ്തനായ ഫോട്ടോഗ്രാഫർ പകർത്തിയ സുന്ദരമായ നിമിഷമായിരുന്നു അത്. ടി. പത്മനാഭൻ ഫോട്ടോ ഫ്രെയിംചെയ്ത് സ്വീകരണമുറിയിൽ വെച്ചിട്ടുണ്ട്.
പലരും അദ്ദേഹത്തെ സന്ദർശിക്കാൻ എത്തുമ്പോൾ ഫോട്ടോയിൽ എന്നെ കാണുമ്പോൾ ആരാണ് എന്ന് ചോദിക്കാറുണ്ട്. ആ കഥാസന്ദർഭത്തിൽ ഭാവനയെ കൂട്ടുപിടിച്ച് സ്വത്തും പണവും മാത്രം വിഷയമാകുന്ന മനുഷ്യബന്ധങ്ങളിൽ നിസ്വാർഥമായ സ്നേഹത്തിന്റെ കെട്ടുകഥ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കുകയാണ്. അവിടെയും ഞാൻ എന്ന കഥാപാത്രത്തിന്റെ റോൾ ‘മായാമാളവഗൗള’ത്തിലെ പോലെ ‘മകൾ’ ആണ്.
ഇവിടെയും ടി. പത്മനാഭൻ എന്ന കഥാകാരന് ഫോട്ടോയും ഞാനും കഥപറച്ചിലിന്റെ ഒരു ടൂൾ മാത്രമാണ്. ജീവിതത്തെ കുറിച്ചും മനുഷ്യബന്ധങ്ങളെ കുറിച്ചും അതിൽ സ്വത്തിന്റെയും പണത്തിന്റെയും സ്വാധീനത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചും സ്നേഹരാഹിത്യത്തെക്കുറിച്ചും വൈവിധ്യങ്ങളായ കാഴ്ചപ്പാടുകൾ നിരത്തിവെച്ച കഥയാണ് ‘കെട്ടുകഥ’.
അവസാനമായി ഞാൻ കഥാപാത്രമായി അദ്ദേഹം എഴുതിയ ‘കമല എന്റെ മകൾ’ എന്ന കഥയാണ്. ബഹ്ൈറനിൽനിന്നും ഒരു സാംസ്കാരിക പരിപാടി കഴിഞ്ഞെത്തിയ അദ്ദേഹത്തെ തിരികെ കണ്ണൂരിലെ വീട്ടിൽ രാത്രി എത്തിച്ചത് ഞാനും ഭർത്താവുമായിരുന്നു. വഴി നീളെയുള്ള ഞങ്ങളുടെ സംസാരവും യാത്രയും ആയിരുന്നു കഥാ പശ്ചാത്തലം. ആ സന്ദർഭത്തെ കഥയിൽ ഉപയോഗിച്ചുകൊണ്ട് അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തെ കുറിച്ച് ആധികാരികമായി, തത്ത്വചിന്താപരമായി, വൈകാരികമായി ലോകത്തോട് പറഞ്ഞുവെക്കുകയാണ് ടി. പത്മനാഭൻ. അതിൽ യഥാർഥത്തിൽ ഞാനുമില്ല കഥാകാരനായ ടി. പത്മനാഭനും ഇല്ല.
ഓരോ വായനക്കാരനെയും ഇത് എന്റെ കഥയാണ് എന്നരീതിയിൽ ചിന്തിപ്പിക്കാൻ ഉതകുന്ന വിധത്തിലാണ് കഥയുടെ മനോഹരമായ ക്രാഫ്റ്റ്. ഒടുവിൽ സുസ്മേഷ് ചന്ദ്രോത്ത് സംവിധാനംചെയ്ത ‘നളിനകാന്തി’യിൽ ചെറിയ റോളിൽ ഞാൻ അഭിനയിച്ചു. ഒരു സീനിൽ മഴയത്ത് കുട പിടിച്ച് ഞാൻ വരുമ്പോൾ പത്മനാഭൻ പൂമുഖത്ത് എന്നെ കാത്തിരിക്കുന്നുണ്ട്. മനസ്സിൽ വെറുതെ എന്നോട് തന്നെ ചോദിച്ചു, “അയാൾക്ക് ഞാൻ ആരാണ്!’’ അതിനുള്ള ഉത്തരവും മനസ്സ് പറഞ്ഞു... ‘‘ഒരു കഥാപാത്രം ... കഥ എഴുതാനുള്ള ഒരു കഥാപാത്രം…’’
മലയാള ചെറുകഥാ സാഹിത്യത്തിന്റെ കുലപതി ടി. പത്മനാഭൻ തന്റെ ജീവിത പരിസരത്തിലെ മനുഷ്യരെയും സന്ദർഭങ്ങളെയും അനുഭവങ്ങളെയും ഉപയോഗിച്ചുകൊണ്ട് വലിയ ഭാവനാ ലോകത്തെ തുറന്നുവെച്ചു. അവിടെ കണ്ട കാഴ്ചകൾ പരിചിതമാണെന്ന് തോന്നുമ്പോഴും തീർത്തും അപരിചിതത്വം അനുഭവിപ്പിച്ചു. ജീവിതമാണ് എന്ന് കരുതി തൊട്ടുനോക്കുമ്പോൾ സ്വപ്നമാണെന്ന തിരിച്ചറിവ് ഉണ്ടാക്കി. സ്വപ്നജീവിതത്തിന്റെ സുഗന്ധം നുകരാൻ തുനിഞ്ഞപ്പോൾ പച്ചയായ ജീവിതത്തിന്റെ മണം തുളച്ചുകയറി. തൊണ്ണൂറ്റിയാറാം വയസ്സിലും താനുൾെപ്പടെ ലോകത്തിലെ എല്ലാ മനുഷ്യർക്കുംവേണ്ടി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രേമത്തിന്റെയും കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ചിലപ്പോൾ ‘നിങ്ങൾ’ ആണ് കഥാപാത്രം എന്ന് നിങ്ങൾക്ക് തോന്നാം, ഞാൻ ആണ് കഥാപാത്രമെന്ന് എനിക്ക് തോന്നാം. പക്ഷേ, യഥാർഥത്തിൽ ‘അയാൾ’ കഥ എഴുതുകയാണ്.