Begin typing your search above and press return to search.
proflie-avatar
Login

മാനവികതയുടെ വിത്തുകൾ

മാനവികതയുടെ വിത്തുകൾ
cancel

ടി. പത്മനാഭന്റെ ഈ കഥകളിൽ പ്രകടമായ ഭാവം പ്രണയമാണെങ്കിലും ആത്യന്തികമായി അതിനെ കറകളഞ്ഞ, നിസ്വാർഥമായ സ്നേഹം എന്നു പേരിട്ടു വിളിക്കുന്നതാണ് ഉചിതം. ഏതു കാലത്തായാലും ‘ഗൗരി’യും ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’യുമെല്ലാം നമുക്ക് ചുറ്റിലും ഉണ്ടാകും. പരസ്പരം സ്നേഹിക്കാനും വിശ്വസിക്കാനും പരിഗണിക്കാനും മാനവികതയുടെ വിത്തുകൾ പാകാനും ഇത്തരം കഥാപാത്രങ്ങളും കഥകളും മലയാള ഭാഷയുടെ നിലനിൽപാണെന്ന് പറയാതെ വയ്യ –നിരൂപകകൂടിയായ ലേഖിക ടി. പത്മനാഭ​ന്റെ കഥകൾ വായിക്കുന്നു. ഒരു എഴുത്തുകാരന്റെ വ്യക്തിജീവിതമോ രാഷ്ട്രീയമോ വായനക്കാരനെ സംബന്ധിച്ച് പ്രസക്തമല്ല. വായിക്കുന്ന പുസ്തകവും അത് തങ്ങൾക്ക്...

Your Subscription Supports Independent Journalism

View Plans
ടി. പത്മനാഭന്റെ ഈ കഥകളിൽ പ്രകടമായ ഭാവം പ്രണയമാണെങ്കിലും ആത്യന്തികമായി അതിനെ കറകളഞ്ഞ, നിസ്വാർഥമായ സ്നേഹം എന്നു പേരിട്ടു വിളിക്കുന്നതാണ് ഉചിതം. ഏതു കാലത്തായാലും ‘ഗൗരി’യും ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’യുമെല്ലാം നമുക്ക് ചുറ്റിലും ഉണ്ടാകും. പരസ്പരം സ്നേഹിക്കാനും വിശ്വസിക്കാനും പരിഗണിക്കാനും മാനവികതയുടെ വിത്തുകൾ പാകാനും ഇത്തരം കഥാപാത്രങ്ങളും കഥകളും മലയാള ഭാഷയുടെ നിലനിൽപാണെന്ന് പറയാതെ വയ്യ –നിരൂപകകൂടിയായ ലേഖിക ടി. പത്മനാഭ​ന്റെ കഥകൾ വായിക്കുന്നു.

ഒരു എഴുത്തുകാരന്റെ വ്യക്തിജീവിതമോ രാഷ്ട്രീയമോ വായനക്കാരനെ സംബന്ധിച്ച് പ്രസക്തമല്ല. വായിക്കുന്ന പുസ്തകവും അത് തങ്ങൾക്ക് പ്രദാനംചെയ്യുന്ന ആനന്ദവും മാത്രമേ വായനക്കാരൻ പരിഗണിക്കേണ്ടതുള്ളൂ. എഴുത്തുകാരന്റെ രാഷ്ട്രീയം എന്നതിലുപരിയായി എഴുത്തിന്റെ/ കഥയുടെ രാഷ്ട്രീയമാണ് വായനക്കാർ വിലയിരുത്തേണ്ടത് എന്നു സാരം. മലയാള ചെറുകഥാ ലോകത്ത് മാറ്റിനിർത്താൻ കഴിയാത്ത എഴുത്തുകാരനാണ് ടി. പത്മനാഭൻ. കഥകൾ മാത്രമേ എഴുതൂ എന്ന അദ്ദേഹത്തിന്റെ ഉറച്ച നിലപാട് തന്നെ സാഹിത്യലോകത്ത് പ്രത്യേകിച്ച് ചെറുകഥാലോകത്ത് അദ്ദേഹത്തെ വ്യത്യസ്തനാക്കി. കാലത്തെ അഭിസംബോധനചെയ്യുന്ന എഴുത്തുകാരൻ ആയതുകൊണ്ടുതന്നെ മലയാള ചെറുകഥയുടെ നിലനിൽപിന് അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാൻ സാധ്യമല്ല. തന്റെ അഭിപ്രായങ്ങളെ, അത് രാഷ്ട്രീയപരമോ സാംസ്കാരികപരമോ ആകട്ടെ ഏതൊരാളിന്റെയും മുഖത്തുനോക്കി തുറന്നുപറഞ്ഞും തനിക്ക് ലഭിച്ച അവാർഡുകൾ നിരസിച്ചുകൊണ്ടും അദ്ദേഹം വ്യക്തിത്വം പ്രകടമാക്കി. മലയാള ചെറുകഥയുടെ വസന്തകാലഘട്ടത്തിൽ ടി. പത്മനാഭന്റെ കഥകൾക്കെല്ലാം പ്രത്യേകം സ്ഥാനമുണ്ടായിരുന്നു എന്നത് വ്യക്തമാണ്. അദ്ദേഹത്തിന് ലോകത്തോട് പറയാനുള്ളതെല്ലാം കഥകളിലൂടെ പറഞ്ഞുതീർക്കാൻ ശ്രമിക്കുന്നതായി നമുക്ക് കാണാം. കഥ എഴുത്തുകാരൻ എന്നതിലുപരിയായി കഥ പറയുന്ന ഒരാൾ എന്ന നിലയിലാണ് വായനക്കാരോട് അദ്ദേഹം സംവദിക്കുന്നത്.

അദ്ദേഹത്തിന്റെ മിക്ക കഥകളിലും സ്വന്തം അനുഭവങ്ങൾ തന്നെയായിരുന്നു. അവതാരികയോ ആമുഖക്കുറിപ്പോ ഇല്ലാതെ പ്രസിദ്ധീകരിച്ച ആ കഥകളെ വായനക്കാർ ഏറ്റെടുക്കുകയും ചെയ്തു. അത്തരം കഥാ സംസ്കാരങ്ങൾ മാറുന്ന സാഹിത്യലോകത്തെയും പുതുശൈലിയെയും മലയാളികൾക്ക് പരിചിതമാക്കി. സ്നേഹവും പ്രണയവും ത്യാഗവും തുളുമ്പിനിൽക്കുന്ന അദ്ദേഹത്തിന്റെ കഥകളെല്ലാം പ്രകാശം പരത്തുന്നവയാണ്. ആണിന്റെയും പെണ്ണിന്റെയും കുട്ടികളുടെയും മൃഗങ്ങളുടെയും പ്രകൃതിയുടെയും ജീവിതത്തെ തന്റെ എഴുത്തിലേക്ക് ഒരുപോലെ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ടി. പത്മനാഭൻ കഥകളിലെ മനുഷ്യബന്ധങ്ങളുടെ തീവ്രത പരിശോധിക്കുക എന്നതാണ് ഈ ലേഖനംകൊണ്ട് ഉദ്ദേശിക്കുന്നത്.

ഹൃദയത്തിൽതൊട്ട് എഴുതുന്നതിനാൽ വാക്കുകൾകൊണ്ട് ഹൃദയത്തെ മുറിവേൽപിക്കാനും അതേസമയം, തലോടാനും എഴുത്തുകാരന് കഴിയുന്നു. പൂർത്തിയാകാത്ത ഒരു കവിതപോലെ കവിതയുടെ എല്ലാ ശൈലിയും ഒത്തൊരുമിച്ചുകൊണ്ട് ഒരു കഥ എന്നുതന്നെ അദ്ദേഹത്തിന്റെ ചില കഥകളെ വിശേഷിപ്പിക്കാം. ‘ഗൗരി’, ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’, ‘കടയനെല്ലൂരിലെ ഒരു സ്ത്രീ’, ‘കടൽ’, ‘മകൻ’, ‘മഖൻസിങ്ങിന്റെ മരണം’ എന്നീ കഥകളെല്ലാം ഒരുപോലെ ആസ്വാദകഹൃദയത്തിൽ സ്ഥാനംപിടിക്കുന്നവതന്നെ. മറ്റ് എഴുത്തുകാരെല്ലാം നോവലിന്റെ വിശാലതീരത്തേക്ക് നടന്നപ്പോഴൊക്കെ ടി. പത്മനാഭൻ ചെറുകഥ എന്ന തന്റെ തട്ടകത്തിൽ ഉറച്ചുനിന്നു.

‘മഖൻസിങ്ങിന്റെ മരണം’, ‘സാക്ഷി’ എന്നീ കഥകളിലൂടെ തന്റെ രാഷ്ട്രീയ നിലപാടുകൾ ടി. പത്മനാഭൻ സമൂഹത്തോട് വെളിപ്പെടുത്തുന്നുണ്ട്. ‘ഗൗരി’, ‘കടൽ’ എന്നീ കഥകളിലാകട്ടെ സ്ത്രീ-പുരുഷ ബന്ധത്തിന്റെ അനിർവചനീയ ഘടകങ്ങളെയും വ്യക്തമാക്കുന്നു. അങ്ങനെ നോക്കുമ്പോൾ മനുഷ്യന്റെ വ്യക്തിജീവിതത്തിനും സാമൂഹിക ജീവിതത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നതാണ് അദ്ദേഹത്തിന്റെ കഥകൾ.

ടി. പത്മനാഭന്റെ തിരഞ്ഞെടുത്ത കഥകളുടെ കാലിക പ്രസക്തിയാണ് ഇവിടെ വ്യക്തമാകുന്നത്. അതിൽ ‘ഗൗരി’, ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’, ‘മകൻ’, ‘കടൽ’, ‘മഖൻസിങ്ങിന്റെ മരണം’, ‘കടയനെല്ലൂരിലെ ഒരു സ്ത്രീ’ എന്നീ കഥകളാണ് ഉൾപ്പെടുത്തുന്നത്. ഈ കഥകളുടെയെല്ലാം പൊതുസ്വഭാവമായി തോന്നിയത് ജാതി, മത, വർണ, ലിംഗ ഭേദങ്ങൾക്ക് അതീതമായി എഴുത്തുകാരൻ മനുഷ്യന്റെ ഹൃദയബന്ധങ്ങൾക്കും വൈകാരികതക്കും ഏകാന്തതക്കുമാണ് പ്രാധാന്യം കൊടുക്കുന്നത് എന്നാണ്.

സ്വന്തം ജീവിതാനുഭവമെന്ന് ഊന്നിപ്പറഞ്ഞ വിഷാദാർദ്ര പ്രണയഭാവത്തിന്റെ കഥയാണ് ‘ഗൗരി’. സ്ത്രീ-പുരുഷ ബന്ധത്തിന്റെ തീവ്രതയും, സ്നേഹത്തിന്റെയും പ്രണയത്തിന്റെയും അഗാധ തലങ്ങളെയുമെല്ലാം എഴുത്തുകാരൻ ‘ഗൗരി’യിലൂടെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, അതിരുകടന്ന അനുരാഗ കാഴ്ചകളോ രതി ഭാവങ്ങളോ ‘ഗൗരി’യിൽ ഇല്ല, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിച്ച ഒരു സ്ത്രീയുടെ കഥയാണിത്. ‘ഗൗരി’ വായിക്കുമ്പോൾ ഒരേസമയം വർത്തമാനകാലത്തിലൂടെയും ഭൂതകാലത്തിലൂടെയും നമ്മൾ സഞ്ചരിക്കുന്നു. ‘ഗൗരി’യിൽ വാക്കിലൂടെയും നോട്ടത്തിലൂടെയും അനന്തമായി പ്രവഹിക്കുന്ന സ്നേഹമാണ് വായനക്കാരെ ആകർഷിക്കുന്നത്. തന്റെ വേദനകളും ആവലാതികളും ഗൗരി പ്രിയപ്പെട്ട ഒരാൾക്ക് മുന്നിൽ ചൊരിയുന്നു. തകർന്ന കുടുംബജീവിതത്തിന്റെ മടുപ്പിക്കുന്ന ഏകാന്തതയായിരിക്കാം അവളെ അയാളുമായി അടുപ്പിക്കുന്നത്. കപട സദാചാരത്തിന്റെ കൂർത്ത നോട്ടങ്ങൾ ഗൗരിയെ സ്പർശിക്കുന്നില്ല. ആറുമാസത്തിന്റെ ഇടവേളക്കുശേഷം അവർ കാണുകയാണ്. ഇടവേളകളുടെ സമയം ഗൗരിയിൽ പ്രകടമായി മാറ്റങ്ങൾ സൃഷ്ടിച്ചെങ്കിലും അയാളും അവളും അത് കണക്കിലെടുക്കുന്നില്ല. ‘‘നമുക്ക് ഒരിക്കലും വയസ്സാവുകയില്ലെ’’ന്ന് അയാൾ ഗൗരിയോട് പറയുന്നുണ്ട്. സ്നേഹത്തിന് ജരാനരകൾ ബാധിക്കുന്നില്ലല്ലോ. ഏതു പ്രായത്തിലും മനസ്സുകളെ തമ്മിലടുപ്പിക്കുന്നത് കറകളഞ്ഞ സ്നേഹമാണെന്ന് എഴുത്തുകാരൻ ഊന്നിപ്പറയുന്നു.

 

‘ഗൗരി’യുടെ കത്തുകളിലെ പൂർത്തിയാകാത്ത വാക്കുകളിലും കുസൃതിയുള്ള നോട്ടങ്ങളിലും അവൾ അയാളോടൊപ്പമുള്ളപ്പോൾ സനാഥയാകുന്നതും അവർ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. കത്തിയെരിഞ്ഞ ചിതയിലേക്ക് നോക്കിനിന്നുകൊണ്ട് തന്റെ വേദനകളെയെല്ലാം അവൾ എരിച്ചുകളയുന്നുണ്ട്. ധർമ സങ്കടങ്ങളുടെ നടുവിലും പേരിടാനാവാത്ത ആഹ്ലാദം അവർ അനുഭവിക്കുകയായിരുന്നു. മധുരമായ ഒരു വേദനയായിരുന്നു അവർക്ക് സ്നേഹം. വേദനയോടുകൂടി സ്നേഹിക്കാൻ അത്രക്ക് ആത്മാർഥമായി സ്നേഹിക്കുന്നവർക്കേ സാധിക്കൂ. ശരീരത്തേക്കാൾ മനസ്സുകൾ തമ്മിലുള്ള പൊരുത്തമാണ് സ്നേഹിക്കുന്നവർക്ക് വേണ്ടത്. ഒരു സ്ത്രീയുടെ അന്തരംഗങ്ങളെ മനോഹരമായി തന്റെ കഥയിലേക്ക് സന്നിവേശിപ്പിക്കാൻ എഴുത്തുകാരന് ഇവിടെ കഴിഞ്ഞിട്ടുണ്ട് എന്നത് കാണാം.

കാലഘട്ടവുമായി ഇഴുകിച്ചേർന്നു പോകുന്ന വിധത്തിലാണ് ടി. പത്മനാഭൻ ഈ കഥകളെല്ലാം എഴുതിയിട്ടുള്ളത്. ഏതു കാലത്തായാലും താളംതെറ്റുന്ന കുടുംബവ്യവസ്ഥയും സ്ത്രീപുരുഷ സൗഹൃദവും കറകളഞ്ഞ സ്നേഹവും സ്നേഹത്തിനായുള്ള ദാഹവും പ്രസക്തമായ വിഷയംതന്നെയാണ്. മാംസനിബദ്ധമായ സ്നേഹത്തേക്കാൾ ഉപരിയായി മനുഷ്യർ ആഗ്രഹിക്കുന്നത് പരിഗണനയും പരസ്പര ബഹുമാനവുമാണ്. ‘‘ഏത് വേദനയും സഹിക്കാം ചായാനൊരു തോളുണ്ടെങ്കിൽ, ഏതു സങ്കടവും അലിയും കേൾക്കാനൊരു കാതുണ്ടെങ്കിൽ’’ എന്നതുപോലെ മനുഷ്യർ പരസ്പരം ഒരു കൂട്ട് ആഗ്രഹിക്കുന്നു. സ്നേഹമെന്ന വികാരത്തെ അനുഭവിക്കാനും ആസ്വദിക്കാനും ആഗ്രഹിക്കുന്ന ഓരോ വായനക്കാരനും ഗൗരിയെ ഹൃദയത്തിൽ സൂക്ഷിക്കുന്നു.

ആഴമേറിയ സ്ത്രീ-പുരുഷ ബന്ധത്തിന്റെ കഥയാണ് ടി. പത്മനാഭന്റെ ‘കടൽ’. കടലിനെ സ്നേഹിച്ച, ഒരിക്കൽപോലും കടൽ കാണാത്ത, കടലോളം സ്നേഹം ഉള്ളിൽ സൂക്ഷിച്ച ഒരു സ്ത്രീയുടെ കഥയാണിത്. ‘ഗൗരി’യുമായി ചേർത്ത് വായിക്കാവുന്ന കഥ കൂടിയാണ് ‘കടൽ’. ഘടനകൊണ്ട് ഈ കഥകളെല്ലാം ഏകീകൃതമായി തോന്നാമെങ്കിലും അതിന്റെ അടരുകളിലേക്ക് ഇറങ്ങുമ്പോൾ പാർശ്വവത്കരിക്കപ്പെടുന്ന അനേകം ജീവിതങ്ങൾ വായനക്കാർക്കു മുന്നിൽ അനാവൃതമാകുന്നു. ‘ഗൗരി’യിലെ സ്ത്രീ-പുരുഷ ബന്ധം ശുഭപര്യവസായിയാണെങ്കിൽ ‘കടലി’ൽ ശോകത്തിലാണ് അവസാനിക്കുന്നത്. നമ്മൾ പരിചയിച്ച മിക്ക പ്രണയകാവ്യങ്ങളും ശോകത്തിലവസാനിക്കുന്നവതന്നെയായിരുന്നു. കടൽ ഒരിക്കലും കാണാൻ കഴിയാത്ത ഒരു സ്ത്രീ, ഒരു കടലിനെ തന്റെ ഹൃദയത്തിൽ ഒളിപ്പിക്കുന്നു. തെറ്റിദ്ധരിക്കപ്പെട്ടുപോയൊരു സ്നേഹത്തിന്റെ കടൽ.

പ്രണയത്തിന്റെ ചാരുതകളോ സ്നേഹത്തിന്റെ ഭംഗിവാക്കുകളോ ടി. പത്മനാഭൻ ‘കടൽ’ എന്ന കഥയിൽ അവതരിപ്പിക്കുന്നില്ല. കടലോളം ആഴമുള്ള മനുഷ്യമനസ്സിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിക്കുകയാണ് അദ്ദേഹം. എങ്കിലും സ്നേഹത്തിന്റെ അദൃശ്യമായ ഒരു സാന്നിധ്യം ഏറെ കരുതലോടെ ഇവിടെ നമുക്ക് അനുഭവപ്പെടും. അമ്മ എഴുതിയ ഡയറിയും അവർക്ക് കിട്ടിയ കുറെ കത്തുകളും വായനക്കാരോട് കഥ പറയുന്നു. ബനാറസിൽ സംഗീതം പഠിപ്പിച്ച ഗുരുനാഥനോട് ശിഷ്യക്ക് തോന്നിയ അതിവിശുദ്ധമായ പ്രണയം ഒരു സമർപ്പണംപോലെ ഇവിടെ അനാവൃതമാകുന്നു. അതിന് കടലോളം ആഴവും നിഗൂഢതകളുമുണ്ട്.

താനെന്നും സ്നേഹിച്ചിരുന്ന തനിക്ക് നിരന്തരം കത്തുകൾ അയച്ചിരുന്ന തന്റെ പ്രിയ ഗുരുവിന്റെ മരണവാർത്തയാണ് കഥയിൽ അമ്മയുടെ മനസ്സിനെ പ്രതികൂലമായി ബാധിക്കുന്നത്. അമ്മയെ കുറിച്ചുള്ള മകളുടെ ഓർമകളും ചിന്തകളും കഥക്ക് ആക്കംകൂട്ടുമ്പോൾ അമ്മ അനുഭവിച്ച മടുപ്പിക്കുന്ന ഏകാന്തതയും വ്യഥയും മകൾ തിരിച്ചറിയുകകൂടിയാണ്. വിപരീത അഭിരുചിയുള്ള സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുമ്പോൾ ഉണ്ടാകാവുന്ന അസ്വാരസ്യങ്ങൾ, പരസ്പരം മനസ്സിലാക്കാൻ വൈകിയതിൽ ബാല്യം നഷ്ടപ്പെട്ട മകൾ, ജീവിതം നഷ്ടപ്പെട്ട അച്ഛനും അമ്മയും. അച്ഛൻ, അമ്മ, മകൾ എന്ന വലയത്തിൽനിന്നും മൂന്നുപേർ മൂന്നു ദിക്കുകളിലേക്ക് അകന്നുമാറിയതോടെ അമ്മ തീർത്തും ഒറ്റയാകുന്നു.

സ്നേഹത്തെ ഒരു നിർവചനത്തിൽ ഒതുക്കുക സാധ്യമല്ല. ഓരോ വ്യക്തിയും ഓരോ രീതിയിലായിരിക്കും സ്നേഹം അനുഭവിച്ചറിയുന്നത്. മറ്റൊരാളിന്റെ കരുതൽ, സമയം, നോട്ടം, പരിഗണന ഇവയെല്ലാം അതിന്റെ പങ്കുപറ്റുന്നവർക്ക് വിലപ്പെട്ടതാണ്. ‘‘എന്റെ കുട്ടി’’ അല്ലെങ്കിൽ ‘‘എന്റെ പ്രിയപ്പെട്ടവളേ’’ എന്ന് സംബോധന ചെയ്യുന്നവയായിരുന്നു ആ കത്തുകൾ. കവിതയും സംഗീതവും അലയടിക്കുന്ന വാചകങ്ങൾ. ‘‘അദ്ദേഹം ഗുരുവും ഞാൻ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യയുമായിരുന്നു എന്നും ഞങ്ങൾ പരസ്പരം സ്നേഹിക്കുകയും ചെയ്തിരുന്നു, വളരെ വളരെ ഗാഢമായിതന്നെ.’’ അമ്മ അച്ഛനോട് തന്റെ കഴിഞ്ഞകാലത്തെ സ്നേഹം വെളിപ്പെടുത്തുന്ന വാക്കുകളായിരുന്നു അത്. അയാൾ അവർ തമ്മിലുള്ള ബന്ധത്തെ തെറ്റിദ്ധരിക്കുകയായിരുന്നു. മനുഷ്യൻ ഉള്ളിൽ സംശയത്തിന്റെ വിത്തുകളും പേറിനടക്കുമ്പോൾ അതിന് ഇരയാക്കുന്നവർക്ക് പലതും നഷ്ടപ്പെടും. ഒരുപക്ഷേ, അതുവരെ ജീവിച്ച ജീവിതവും അയാളോടുള്ള സ്നേഹവും. ടി. പത്മനാഭന്റെ കഥകളുടെ അർഥം/ വ്യാപ്തി വ്യക്തമാക്കുന്നത് അത് വായിക്കുമ്പോഴല്ല, മറിച്ച് അത് ഹൃദയത്തിൽ തങ്ങിനിൽക്കുമ്പോഴാണ്. അപ്പോഴാണ് കഥയുടെ സൗന്ദര്യം വർധിക്കുന്നത്.

‘കടലി’ലെ പ്രണയം ആത്മീയമായ ബന്ധമായിരുന്നു. ശരീരത്തിന്റെ താൽപര്യങ്ങളെക്കാൾ ഉപരിയായി മനസ്സിന്റെ സന്തോഷങ്ങൾക്ക് പ്രാധാന്യം കൊടുക്കാൻ കഥാപാത്രങ്ങൾ ശ്രദ്ധിക്കുന്നു എന്ന് കാണാം. പ്രിയപ്പെട്ട ഗുരു ഈ ലോകത്തിലില്ല എന്നറിയുന്ന നിമിഷം അമ്മയും യാത്രയാവുകയാണ്. തന്നിൽനിന്നും എന്നോ അകന്നുപോയ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചുകൊണ്ട്. ഗുരുവിലൂടെയായിരുന്നു അമ്മ ജീവിച്ചിരുന്നത്. ഗുരുവെന്ന പ്രകാശമണയുമ്പോൾ ആ ജീവിതവും അണയുകയാണ്. സ്നേഹത്തിനുവേണ്ടി സ്വയം സമർപ്പിക്കപ്പെട്ട ഒരുപറ്റം മനുഷ്യരുടെ പ്രതീകമാണ് ‘കടലി’ലെ സ്ത്രീ.

 

സങ്കീർണതകൾ നിറഞ്ഞ ആധുനിക കാലഘട്ടത്തിലും സ്നേഹത്തിന്റെ കടലിനെ ഹൃദയത്തിൽ ഒളിപ്പിച്ചു ജീവിക്കുന്ന ജന്മങ്ങൾ ഉണ്ടാവാം. തന്നിൽ നിന്ന് അകന്നുപോയ പ്രിയപ്പെട്ടവരുടെ ഇടയിൽതന്നെ ജീവിച്ചു ജീവിച്ചു അനുദിനം മരിക്കുന്നവരുണ്ടാവാം. അത്തരം ജീവിതങ്ങൾ നമുക്ക് ചുറ്റിലും ഉണ്ടാകുമ്പോഴാണ് ‘ഗൗരി’യും ‘കടലു’മെല്ലാം കാലികപ്രസക്തമാകുന്നത്. കാണാത്ത ലോകങ്ങൾ കാണിക്കുക എന്നതിലുപരിയായി അവനവൻ ജീവിക്കുന്ന അവസ്ഥകളെ ആവിഷ്കരിക്കുന്നതുകൂടിയാണ് സാഹിത്യം എന്ന് ടി. പത്മനാഭൻ കഥകൾ നമ്മെ ഓർമിപ്പിക്കുന്നു.

നിസ്വാർഥമായ സ്നേഹത്തിന്റെ കഥയാണ് ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’യും. പ്രത്യാശയുടെ ഒരു പുതിയ പ്രകാശം വായനക്കാരുടെ ഉള്ളിൽ നിറക്കാൻ കെൽപ്പുള്ളതാണ് ഏറെ പ്രസിദ്ധമായ ഈ കഥ. 1953ൽ പുറത്തിറങ്ങിയ ഈ കഥ എഴുപത്തിരണ്ട് വർഷങ്ങൾക്കിപ്പുറവും വായിക്കപ്പെടുന്നു എന്നത് നിസ്സാര കാര്യമല്ല. ഒരു ജീവിതം മാറ്റിമറിക്കാൻ ഒരു നിമിഷം മതി, അല്ലെങ്കിൽ ഒരു വ്യക്തി മതി എന്ന് വ്യക്തമാക്കിയ കഥകൂടിയായിരുന്നു അത്. സംഗീതത്തിന്റെ അകമ്പടിയോടെ ആഖ്യാനം നിർവഹിച്ച ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’യിലും ഏകാകിയായ, മുറിവേറ്റ ഒരു മനുഷ്യന്റെ വേദനയുണ്ട്. ഉപാധികളില്ലാത്ത ഒരു സ്നേഹപ്രകടനംകൊണ്ട് ആത്മഹത്യ ചിന്തയിൽ നിന്നും കഥാനായകൻ പിന്തിരിയുന്നു. തന്റെ മാതാപിതാക്കളെ ഓർക്കാൻ ആ പെൺകുട്ടി അയാൾക്കൊരു നിമിത്തമാകുന്നു.

യഥാർഥ ജീവിതത്തിൽനിന്നും അടർത്തിയെടുത്ത കഥയായിട്ടാണ് ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’യെ ടി. പത്മനാഭൻ വിലയിരുത്തുന്നത്. അസ്വസ്ഥമായ മനസ്സോടെ വിഷം കുടിച്ച് മരിക്കാൻ ആഗ്രഹിച്ച കഥാനായകൻ ഒരു സിനിമ തിയറ്ററിൽ ​െവച്ച് പെൺകുട്ടിയെയും അവളുടെ സഹോദരങ്ങളെയും കണ്ടുമുട്ടുകയാണ്. ജീവിതത്തിലെ സന്തോഷങ്ങളെ കുറിച്ച് കഥാനായകനെ ഓർമിപ്പിക്കുകയാണ് ആ പെൺകുട്ടി. അവൾ അയാൾക്ക് നീട്ടിയ മധുരം ജീവിതത്തിലുടനീളം മാധുര്യമാകുന്നു. ആത്മഹത്യയിൽനിന്ന് പിന്തിരിയാനും തന്റെ ജീവിതത്തിൽ അൽപമെങ്കിലും പ്രകാശം പരത്താനും പെൺകുട്ടിക്ക് കഴിഞ്ഞതായി അയാൾ കരുതുകയാണ്. അവളെ കണ്ടെത്തിയ ആ നഗരത്തെ തന്റെ അമ്മയായും എവിടെപ്പോയാലും അമ്മയുടെ അടുത്തേക്ക് ഓടിയെത്തുന്ന കുട്ടിയെപ്പോലെ തന്നെ ജീവിപ്പിച്ച നഗരത്തിലേക്ക് തിരികെയെത്തുകയുമാണ് നായകൻ.

സമൂഹത്തിന്റെ അവഗണനയിൽപെട്ട് ഏകാന്തതയുടെ തുരുത്തിൽ അകപ്പെടുന്നവരുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ എഴുത്തുകാരന് കഴിയുന്നു. സ്നേഹമെന്ന വികാരത്തെ ഏറ്റവും ഊഷ്മളമായി തന്റെ കഥകളിലേക്ക് അദ്ദേഹം സ്വാംശീകരിക്കുന്നു. ആത്മഹത്യകളും ആത്മഹത്യാശ്രമങ്ങളും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഈ കഥ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഒരു കൈത്താങ്ങ് ആഗ്രഹിക്കാത്ത മനുഷ്യരില്ല. നിരാശയുടെ അഗാധതയിൽ അകപ്പെട്ട മനുഷ്യർക്ക് ഒരു വാക്കുകൊണ്ടോ നോട്ടംകൊണ്ടോ പകർന്നുനൽകുന്ന സ്നേഹം ഒരുപക്ഷേ അവരുടെ ജീവിതംതന്നെ മാറ്റിമറിക്കുന്നതായിരിക്കുമെന്ന് കഥാകാരൻ നമ്മെ ഓർമിപ്പിക്കുന്നു. ലളിതമായ ആഖ്യാനത്തോടെ ജീവിതം എന്ന മഹാസമസ്യയുടെ വ്യാകുലതകളെയെല്ലാം ഹൃദ്യമായി ആവിഷ്കരിക്കാൻ എഴുത്തുകാരന് കഴിയുന്നു എന്നതും ശ്രദ്ധേയം.

സ്വാർഥലാഭത്തിന്റെ പിന്നാലെ പോകുന്ന മനുഷ്യരുടെ മാനുഷികമൂല്യങ്ങൾ എല്ലാം ചോർന്നുപോകുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത്. എങ്കിലും ഉള്ളിൽ അൽപം മനുഷ്യത്വവും ആർദ്രതയും കരുണയും കാത്തുസൂക്ഷിക്കണമെന്നും സ്വയം സന്തോഷിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ചും ലോകത്തിന് പ്രകാശം പകരണമെന്ന മഹത്തായ സന്ദേശവും എഴുത്തുകാരൻ ഈ കഥയിലൂടെ നൽകുന്നു.

ബന്ധങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന മറ്റൊരു കഥയാണ് ‘മകൻ’. ഏകമകന്റെ അസാന്നിധ്യംകൊണ്ട് ഉരുകുന്ന മാതാപിതാക്കളുടെ ദൈന്യതയാണ് കഥയിൽ ഇതിവൃത്തമാക്കിയിരിക്കുന്നത്. സമകാല ജീവിത സാഹചര്യങ്ങളുമായി ബന്ധിപ്പിച്ചു വായിക്കാവുന്ന കഥയായിട്ടാണ് മകന്റെ ആഖ്യാനം. ലാളിച്ചു വളർത്തിയ മകൻ വിവാഹിതനായി, ജോലിയുടെ ആവശ്യാർഥം നാടുവിട്ട് അന്യദേശത്ത് താമസമുറപ്പിക്കുന്നു. മകൻ എന്നതിലേക്കാളുപരിയായി നല്ലൊരു ചങ്ങാതി കൂടിയാണ് ഇവനെന്ന് അഭിമാനത്തോടെ പറഞ്ഞ അച്ഛനും അമ്മക്കും അവന്റെ വിടവ് നികത്താവുന്നതിനുമപ്പുറമാണ്.

അണുകുടുംബത്തിനകത്തെ നിത്യകാഴ്ചയായി ഈ രംഗങ്ങൾ മാറിയിരിക്കുന്നു എന്നതാണ് വാസ്തവം. വളർത്തി വലുതാക്കുന്ന മക്കൾ സ്വന്തം താൽപര്യങ്ങൾക്കായി അന്യനാടുകളിൽ താമസം ആരംഭിക്കും. നാട്ടിൽ അച്ഛനും അമ്മയും പരസ്പരം മുഖത്തോടുമുഖം നോക്കി മിണ്ടാൻ ആളില്ലാതെ തീർത്തും ഏകരായി വാർധക്യത്തിന്റെ ഓരോ പടവും പ്രയാസത്തോടെ കയറും. ഏകാന്തതയിലാക്കപ്പെട്ട മനുഷ്യരുടെ ഉത്കണ്ഠകളും ആകുലതകളുമാണ് ‘മകൻ’ എന്ന കഥയുടെ അടിസ്ഥാനം.

കഥയിലെ അച്ഛൻ മകൻ ഉടനെ തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് അമ്മക്ക് നൽകുന്നത്. അവർ ആ പ്രതീക്ഷയിൽ ജീവിക്കുന്നു. കാത്തിരിപ്പിനോളം വലുതായി എന്താണുള്ളത്. ടി. പത്മനാഭന്റെ മിക്ക കഥകളിലും ഒരു കാത്തിരിപ്പിന്റെ സൂചനയുണ്ട്. ‘ഗൗരി’യിൽ ചെറിയ ഇടവേളക്കു ശേഷമുള്ള കാത്തിരിപ്പിനൊടുവിൽ ഗൗരിയും അയാളും തമ്മിൽ കാണുന്നു. ‘കടലി’ൽ ഗുരുനാഥന്റെ കത്തിനായുള്ള കാത്തിരിപ്പാണ്. ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’യിലാകട്ടെ നഗരത്തിരക്കുകളിൽ എവിടെയെങ്കിലും വെച്ച് തന്റെ ജീവിതത്തെ മാറ്റിമറിച്ച പെൺകുട്ടിക്കായുള്ള കാത്തിരിപ്പാണ്. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രണയത്തിന്റെയും കാത്തിരിപ്പുകൾ. ആ പ്രതീക്ഷയിലാണ് ടി. പത്മനാഭൻ തന്റെ കഥാപാത്രങ്ങളെ ജീവിപ്പിക്കുന്നത്. ഗുരുനാഥൻ എന്ന പ്രതീക്ഷ അസ്തമിക്കുമ്പോൾ ‘കടലി’ലെ അമ്മയുടെ പ്രാണൻ നഷ്ടമാകുന്നത് അതുകൊണ്ടാണ്. കാത്തിരിപ്പ് എന്ന തപസ്സിലാണ് ഓരോ മനുഷ്യനുമെന്നും കഥാകാരൻ സൂചിപ്പിക്കുന്നു.

തീർത്തും വ്യത്യസ്തമായ അന്തരീക്ഷത്തിലാണ് ‘മഖൻസിങ്ങിന്റെ മരണം’ എന്ന കഥ. ഘടനയും ആഖ്യാനവും കഥാഭൂമികതന്നെ വ്യത്യസ്തമാക്കിയിരിക്കുന്നു. മനുഷ്യന്റെ ത്യാഗത്തെയും സ്നേഹത്തെയും കുറിച്ചാണ് പൊതുവായി പറയുന്നതെങ്കിലും, വ്യക്തമായൊരു രാഷ്ട്രീയം ‘മഖൻസിങ്ങിന്റെ മരണം’ എന്ന കഥയിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു.

യുദ്ധത്തിന്റെയും വിഭജനത്തിന്റെയും പകയുടെയും ആഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്ന നിസ്സഹായരായ മനുഷ്യർ, അത്തരം സാധാരണ മനുഷ്യരുടെ സ്നേഹത്തിന്റെയും മാനവികതയുടെയും ഭാവങ്ങൾ ഇഴുകിച്ചേരുകയാണ് ‘മഖൻസിങ്ങിന്റെ മരണം’ എന്ന കഥയിൽ. സാർവദേശീയ മാനങ്ങൾ കൽപിക്കാൻ പാകത്തിലുള്ള, ലോകത്തെ പ്രതിനിധാനംചെയ്യുന്ന കഥയാണിത്. ലോകത്ത് എവിടെയും ഈ കഥ സംഭവിക്കാം. വിഭജനത്തിന് ഇരകളാകുന്ന മനുഷ്യരുടെ പ്രതീകമാണ് മഖൻസിങ്. അതിർത്തികൾക്ക് അപ്പുറം എവിടെയോ തന്റെ പ്രിയപ്പെട്ടവളെ അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. നേരത്തേ സൂചിപ്പിച്ച കാത്തിരിപ്പ് എന്ന ഘടകം ഇവിടെയും കടന്നുവരുന്നത് അസാധാരണമല്ല.

കശ്മീരിലേക്ക് പുറപ്പെട്ട ബസിലെ ഡ്രൈവറാണ് മഖൻ സിങ്. കഥയിലെ കേന്ദ്ര കഥാപാത്രമായ അയാൾ മാനവികതയുടെ നിറശോഭയായി മാറുന്നു. യാദൃച്ഛികമായി ബസിലേക്ക് (ജീവിതത്തിലേക്കും) വന്നുകയറുന്ന ഒരു അമ്മയും മകളും കഥയുടെ ഗതി മാറ്റുകയാണ്. അമ്മയുടെയും മകളുടെയും ദൈന്യതയും നിസ്സഹായതയും മഖൻ സിങ്ങിനെ മുറിവേൽപിക്കുന്നു. ആ അമ്മയിൽ അയാൾ സ്വന്തം അമ്മയെ കാണുന്നു. പഞ്ചാബിന്റെ മണ്ണിൽ പഞ്ചാബികളായവർ അഭയാർഥികളായി മാറിയതിന്റെ ആത്മരോഷം അയാളിൽ ഉണരുകയാണ്.

അഭയാർഥികളായ അനേകം മനുഷ്യരെ ഓർക്കുമ്പോൾ മഖൻ സിങ്ങിന്റെ ഉള്ളിൽ മാനവികത ഉദയംചെയ്യുന്നു. മനുഷ്യത്വം ചോദ്യംചെയ്യപ്പെടുന്ന സന്ദർഭങ്ങളിൽ അയാൾ രോഷാകുലനാകുന്നു. കശ്മീർ താഴ്വരയിൽ ബസ് എത്തിനിൽക്കുമ്പോൾ യാത്രക്കാരെ സുരക്ഷിതരാക്കി, മണ്ണിലേക്ക് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് ഒരു നോവുമാത്രം അവശേഷിപ്പിച്ചുകൊണ്ട് മഖൻ സിങ് യാത്രയാകുന്നു. മതത്തിന്റെ പേരിൽ വെട്ടിമുറിക്കപ്പെട്ട ഇന്ത്യ, മുസ്‍ലിംകൾക്ക് ഒരു നാട്, ഹിന്ദുക്കൾക്ക് ഒരു നാട്. എല്ലാം നഷ്ടപ്പെട്ട അഭയാർഥികൾക്ക് നിൽക്കാൻ ഭൂമിയില്ലാതായി. എന്നിട്ടും അവർ അതിജീവിച്ചു.

മനുഷ്യത്വം ഇല്ലാത്തവർ അവരെ പരിഹസിച്ചു, വിശ്വസ്തരല്ലെന്ന് മുദ്രകുത്തി. ഒരു സഞ്ചാരംപോലെ പോകുന്ന കഥയാണിത്. കഥയിലെ കഥാപാത്രങ്ങളെ നമുക്ക് കാണാം. യാത്രക്കാരെ രക്ഷിക്കാനായി ബസ് നിർത്തുന്ന മഖൻ സിങ്ങിനെ ഓർക്കാം. ഡ്രൈവർ മരിച്ചാലും തങ്ങൾ രക്ഷപ്പെട്ടല്ലോ എന്ന് ആശ്വസിക്കുന്ന യാത്രക്കാരുടെ സ്വാർഥതയും ചേർത്തുവെക്കാം. പക്ഷേ അലിവുള്ള, മനസ്സാക്ഷിയുള്ള മഖൻ സിങ്ങുകൾക്കു വേണ്ടി നമ്മൾ എന്തുചെയ്തു എന്നൊരു ചോദ്യം ബാക്കിയാവും. മനുഷ്യത്വംകൊണ്ട് നമ്മുടെ ജീവിതയാത്ര സുഖകരമാക്കാം പക്ഷേ, അത് ഇല്ലാത്തതാണ് ലോകത്തിന്റെ പ്രധാന പ്രശ്നമെന്നത് ഓർക്കേണ്ടതാണെന്നും കഥയിൽനിന്ന് വായിച്ചെടുക്കാം.

സ്വന്തം അസ്തിത്വം ചോദ്യംചെയ്യപ്പെടുന്ന ഇടങ്ങളിലും പരിഹസിക്കപ്പെടുന്ന ഇടങ്ങളിലും മഖൻ സിങ് രോഷാകുലനാകുന്നത് കാണാം. ടി. പത്മനാഭന്റെ വ്യക്തിത്വവും കഥാപാത്ര സ്വഭാവവും ഇഴുകിച്ചേരുന്ന സന്ദർഭമാണ് കഥയിൽ കാണുന്നത്. ഏതൊരു എഴുത്തുകാരന്റെയും ഊർജം അയാളുടെ ജീവിതവും അനുഭവങ്ങളുമാണ്. ആ അനുഭവങ്ങളെ വർഗീയതക്കും വംശീയതക്കും അപ്പുറം മാനവികതയിലേക്കുള്ള കുതിപ്പായി ഉയർത്തേണ്ടത് എഴുത്തുകാരന്റെ കടമയാണ്. യുദ്ധത്തിന്റെയും പലായനത്തിന്റെയും കണ്ണുനീരുകൾ ഇന്നും അവസാനിക്കുന്നില്ല.

അനാഥരായ സ്ത്രീകളും കുട്ടികളും, മുറിവേറ്റവരും മരണപ്പെട്ടവരും, സ്വന്തം ദേശംപോലും ഉപേക്ഷിക്കപ്പെട്ട് അലഞ്ഞുതിരിയേണ്ടി വന്നവരും... അങ്ങനെ യുദ്ധവും വിഭജനവും ചെലുത്തുന്ന കെടുതികൾ വളരെ ഏറെയാണ്. ഇവരെയെല്ലാം ചേർത്തുപിടിക്കാനും സഹായിക്കാനും മനസ്സിൽ ഉറവ വറ്റാത്ത കരുണയും ആർദ്രതയും സൂക്ഷിക്കുന്ന മഖൻ സിങ്ങിനെപ്പോലുള്ളവർ ഉണ്ടാവേണ്ടതുണ്ട്.

‘കടയനെല്ലൂരിലെ ഒരു സ്ത്രീ’ എന്ന കഥയിൽ കഥാനായകന്റെ ജീവിതനൈരാശ്യവും കാമനയും പാപബോധവും കപട സദാചാരബോധവും ചിത്രീകരിക്കുന്നതിലൂടെയാണ് വ്യത്യസ്തമാകുന്നത്. അടുത്തടുത്ത മുറികളിൽ താമസിക്കുന്ന സ്ത്രീയും പുരുഷനും അവൾ വിവാഹിതയാണെന്നറിഞ്ഞിട്ടും അയാൾ അവളോട് സംസാരിക്കാനും അടുത്ത് പെരുമാറാനും ആഗ്രഹിക്കുന്നു. ഏകാന്തത വരിഞ്ഞുമുറുക്കിയ ആ രണ്ട് കഥാപാത്രങ്ങൾ ആനന്ദിക്കുന്നത് പരസ്പരം സംസാരിക്കുമ്പോഴാണ്. ആ ഗ്രാമത്തിൽ ജനിച്ചുവളർന്നവരല്ല എന്ന പൊതുഘടകമാണ് അവരെ കൂടുതൽ അടുപ്പിക്കുന്നത്.

കഥയിലെ സ്ത്രീ തന്റെ ഏകാന്തതകളെ മറികടക്കാൻ ഒരു കൂട്ട് ആഗ്രഹിക്കുന്നുണ്ട്. അതിലുപരിയായി അവളുടെ ആഗ്രഹങ്ങളെയും മോഹങ്ങളെയും കഥാനായകനിലേക്ക് പ്രകടമാക്കാൻ ശ്രമിക്കുന്നുമുണ്ട്. ആ സന്ദർഭത്തിലാണ് അയാൾ അകന്നുമാറുന്നത്. കടയനെല്ലൂരിലെ ജീവിതമാണ് അവളെ വേദനിപ്പിക്കുന്നത് എന്നും, മടുപ്പിക്കുന്നത് എന്നും അയാൾ കരുതിയിരുന്നു. എന്നാൽ, സ്ത്രീയുടെ തരളിത മോഹങ്ങളും വൈവാഹിക ജീവിതത്തിലെ അസന്തുഷ്ടിയും നിഷ്കളങ്കമായ ഒരു കുട്ടിയുടെ ചാപല്യമായിട്ടേ ബാലചന്ദ്രൻ എന്ന കഥാനായകൻ കണക്കാക്കുന്നുള്ളൂ. ‘‘സ്ത്രീയും പുരുഷനും തമ്മിൽ അനാദികാലം മുതൽക്കേ തുടങ്ങിയ ശപിക്കപ്പെട്ട ബന്ധങ്ങളെ’’ കുറിച്ച് അയാൾ ഓർക്കാൻ തുടങ്ങി.

ബാലചന്ദ്രന്റെ ഉള്ളിലെ പാപബോധമാണ് അയാളെ വേട്ടയാടുന്നത്. ആ സ്ത്രീ അന്യമതക്കാരിയാണെന്നതും മറ്റൊരാളുടെ ഭാര്യയാണെന്നതും ആയിരുന്നു അയാൾ അതിന് കണ്ടെത്തുന്ന കാരണം. പാപബോധത്തിന്റെ ഉമിത്തീയിൽ നീറി അയാൾ ആ ഗ്രാമം വിടുകയാണ്.

ടി. പത്മനാഭന്റെ മറ്റു കഥകളിൽനിന്നും ഭിന്നമായിട്ടാണ് ‘കടയനെല്ലൂരിലെ ഒരു സ്ത്രീ’ എന്ന കഥയുടെ ആഖ്യാനം. സൂചനകളിലൂടെ (നോട്ടം) കഥയിലെ സ്ത്രീ സന്തുഷ്ടയല്ലെന്നും വൈവാഹിക ജീവിതത്തിൽ തൃപ്തയല്ലെന്നും വായിച്ചെടുക്കാം. അവളുടെ എല്ലാ വേദനകൾക്കും പരിഹാരമായിട്ടാണ് ബാലചന്ദ്രനെ അവൾ കാണുന്നത്. കഥയിൽ നോട്ടങ്ങൾക്ക് പ്രത്യേക സ്ഥാനവും പരിഗണനയും കൊടുക്കുന്നുണ്ട്. അത് മിക്ക കഥയിലും പ്രകടമാണെങ്കിലും ‘കടയനെല്ലൂരിലെ ഒരു സ്ത്രീ’യിൽ അനിയന്ത്രിതമായി സംഭവിക്കുന്നു. ജീവിതം മുഴുവൻ പിന്തുടരുന്ന നോട്ടങ്ങളാണ് അവ. കഥ മറന്നാലും കഥാപാത്രങ്ങളെ മറന്നാലും ആ നോട്ടത്തിൽനിന്ന് പിന്മാറി നടക്കാൻ വായനക്കാരന് കഴിയാതെ കഥയിലേക്ക് വീണ്ടും ആവാഹിക്കപ്പെടുന്നു. ബാലചന്ദ്രന്റെ ആദ്യനോട്ടത്തിൽ അവൾ ഒരു പെൺകുട്ടിയായിരുന്നു, എന്നാൽ യാത്ര പറഞ്ഞിറങ്ങുന്ന നോട്ടത്തിലാകട്ടെ അവൾ ഒരു പെൺകുട്ടി ആയിരുന്നില്ല.

സമകാലിക ചുറ്റുപാടുകളിൽ ഇത്തരം കഥകൾക്ക് ഏറെ പ്രസക്തിയുണ്ട്. ബന്ധങ്ങൾക്ക് തീവ്രത കൽപിക്കാത്ത ഇന്നത്തെ കാലത്ത് ഹൃദയബന്ധങ്ങളുടെ പ്രസക്തിയെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കാൻ ഇത്തരം കഥകൾക്ക് നല്ലൊരു പങ്കുവഹിക്കാൻ കഴിയും. സ്വാർഥതക്ക് അപ്പുറമായി മറ്റൊരു വ്യക്തിയെ ആത്മാവിനോളം സ്നേഹിക്കാൻ കഴിയുമെന്നും/കഴിയണമെന്നും ജീവിക്കാനും ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ഇത്തരം ബന്ധങ്ങൾ യാന്ത്രിക ജീവിതത്തിൽ അനിവാര്യമാണ്​. ഇത്​ പറയുന്നതാണ്​ ടി. പത്മനാഭൻ കഥകളുടെ പ്രസക്തിയായി കണക്കാക്കുന്നത്.

എഴുത്തുകാരൻ മനുഷ്യമനസ്സിലൂടെ നടത്തിയ ഒരു സഞ്ചാരത്തിന്റെ അനന്തരഫലങ്ങളാണ് മേൽ സൂചിപ്പിച്ച കഥകളെല്ലാം. മനുഷ്യമനസ്സെന്ന പ്രഹേളികയിലേക്കുള്ള അന്വേഷണമെന്ന് വേണമെങ്കിൽ പറയാം. സ്വന്തം അനുഭവങ്ങളായും മറ്റുള്ളവരുടെ അനുഭവങ്ങൾക്കു മുന്നിൽ കാഴ്ചക്കാരനായിനിന്നുകൊണ്ട് കഥകളെ സൃഷ്ടിക്കാനും കാലപ്രവാഹത്തിൽ നിലച്ചുപോകാതെ എക്കാലവും തന്റെ കഥകൾ പ്രസക്തമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. എഴുത്തുകാരനും അദ്ദേഹത്തിന്റെ ചുറ്റിലുള്ളവരും ചേർന്നുകൊണ്ട് ഈ കഥകളെല്ലാം നമ്മെ അസ്വസ്ഥമാക്കുന്നുണ്ട്, നേരത്തേ വിഷാദം പകരം തരുന്നുമുണ്ട്.

 

മനുഷ്യബന്ധങ്ങളിൽ സ്നേഹമെന്ന വികാരത്തിനുള്ള പങ്ക് വളരെ വലുതാണ്. സ്നേഹം പല രൂപത്തിലും പല ഭാവത്തിലുമായി മനുഷ്യരെ സ്പർശിക്കുമ്പോഴാണ് ബന്ധങ്ങൾക്ക് ദൃഢത കൈവരുന്നതും മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും. ടി. പത്മനാഭന്റെ ഈ കഥകളിൽ പ്രകടമായ ഭാവം പ്രണയമാണെങ്കിലും ആത്യന്തികമായി അതിനെ കറകളഞ്ഞ നിസ്വാർഥമായ സ്നേഹം എന്നു പേരിട്ടു വിളിക്കുന്നതാണ് ഉചിതം.

സ്നേഹവും പ്രണയവും കരുണയും സ്ത്രീയോട് ചേർന്നുനിൽക്കുന്ന പുരുഷനും പരസ്പരമുള്ള നോട്ടവും കാത്തിരിപ്പും പ്രതീക്ഷകളും എല്ലാം കഥകൾക്ക് പൊതു ഘടകങ്ങളായി വർത്തിക്കുന്നു. ഏതുകാലത്തായാലും ‘ഗൗരി’യും ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’യുമെല്ലാം നമുക്ക് ചുറ്റിലും ഉണ്ടാകും. പരസ്പരം സ്നേഹിക്കാനും വിശ്വസിക്കാനും പരിഗണിക്കാനും മാനവികതയുടെ വിത്തുകൾ പാകാനും ഇത്തരം കഥാപാത്രങ്ങളും കഥകളും മലയാള ഭാഷയുടെ നിലനിൽപാണെന്ന് പറയാതെ വയ്യ.

News Summary - T. Padmanabhan stories