പപ്പേട്ടനും ഞാനും

പപ്പേട്ടൻ കാലം മാറുന്നതനുസരിച്ച് കഥയെഴുതുന്ന ഒരാളല്ല. അതൊരു ഒറ്റത്തംബുരു നാദമാണ്. ഹൃദയത്തിലുള്ളത്, അതിന്റെ സത്യം, അതുപോലെ മാത്രമേ അദ്ദേഹം എഴുതൂ –ടി. പത്മനാഭനെക്കുറിച്ച് ഹൃദയംകൊണ്ട് എഴുതുകയാണ് കഥാകൃത്തുകൂടിയായ ലേഖകൻ.
കുഞ്ഞുന്നാളിൽ അമ്മ മരിക്കുമ്പോൾ എനിക്കേതാണ്ട് ഒന്നര രണ്ടു വയസ്സുണ്ടാകുമെന്നാ അപ്പന്റെ പെങ്ങൾ, വെളമാമ്മായി പറഞ്ഞുതന്നിട്ടുള്ളത്. ഞങ്ങൾ, ഒമ്പതു മക്കൾ ഉണ്ടായിരുന്നിട്ടും അപ്പന് അതേക്കുറിച്ച് വലിയ ഉത്തരവാദിത്തബോധമൊന്നും ഒട്ടുമില്ലായിരുന്നു. ശരിക്കു പറഞ്ഞാൽ ഏകാകികളുടെ ഒരു സത്രമായിരുന്നു ഞങ്ങളുടെ വീട്. അത്ര ശക്തവും തീവ്രവുമല്ലാത്ത ബന്ധങ്ങളുടെ ഒരു നേർത്തപാട പൊതിഞ്ഞ വീട്...
അമ്മ മരിച്ചതോടെ അപ്പന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അദ്ദേഹം, ഞങ്ങൾ മക്കളെ, വേണ്ടവണ്ണം ശ്രദ്ധിച്ചിരുന്നുവോയെന്ന് സംശയം തോന്നിയിട്ടുണ്ട്. സത്യം പറഞ്ഞാൽ ആരുടെയും ജീവിതത്തെ കാര്യമായി ശ്രദ്ധിക്കാത്ത ഒരാളായിരുന്നു അപ്പൻ. ആ അപ്പന്റെ മകൻ ഒരു എഴുത്തുകാരനായതിൽ ഒത്തിരി പ്രോത്സാഹനങ്ങൾ, മുമ്പ് എഴുതിയ സാഹിത്യ മഹാരഥന്മാരിൽനിന്ന് എനിക്കു ലഭിച്ചിട്ടുണ്ട്. അതിലേക്കു കടന്നുവരാനുള്ള ഒരാമുഖമാണ്, എന്റെ കുടുംബപുരാണവും പപ്പേട്ടനെക്കുറിച്ചുള്ള വിചാരങ്ങളും...
ചില എഴുത്തുകാരെ രൂപപ്പെടുത്തുന്നത് അയാളെ വന്നുമൂടുന്ന ഏകാന്തതയായിരിക്കാം. ജീവിതം നെടുകെ പിളർന്നു മുന്നോട്ടുപോകാൻ അയാൾ ഒരുപക്ഷേ, വിധിക്കപ്പെട്ടവനുമായിരിക്കാം. ഞാൻ വായിച്ചറിഞ്ഞ, മറിച്ച് തിരക്കിനാൽ വായിക്കുക പോലുമില്ലാതെ, ദൂരെ... സ്നേഹംകൊണ്ടു കണ്ടറിഞ്ഞ ഒട്ടുമിക്ക എഴുത്തുകാരും വേണ്ടുവോളം ഏകാകിത്വം ചുമന്നവരായിരുന്നെന്ന്, എഴുതാനിരിക്കുന്ന കഥ പോലെ, കവിതപോലെ എവിടെന്നോ വെളിപാട് കിട്ടിയിട്ടുണ്ട്.
ഈയടുത്ത് നമ്മിൽനിന്നും വിടപറഞ്ഞ എം.ടിയും ഇപ്പോഴും നമ്മുടെ നെഞ്ചിൻ ചാരെ, 96ാം വയസ്സിലും അവശ്യം വേണ്ട വാർധക്യ പീഡനങ്ങളുമായി കഴിയുന്ന പപ്പേട്ടനും ആൾക്കൂട്ടത്തിനു നടുവിലായിരിക്കുമ്പോഴും ഒരു പരിധിവരെ ഏകാന്ത സഞ്ചാരികളായിരുന്നുവെന്നു ഞാനെന്റെ കൊച്ചുബുദ്ധികൊണ്ട് മനസ്സിലാക്കിയിട്ടുണ്ട്.
പപ്പേട്ടന്റെ ‘മഖൻസിങ്ങിന്റെ മരണ’വും ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’യും വായിച്ചുതുടങ്ങിയ കാലത്ത്, കഥയുടെ മഹാഗോപുര ഉയർച്ചയിൽ നിൽക്കുന്ന അദ്ദേഹത്തെ, ഞാനൊരിക്കലും ഒന്നു തൊടാനോ, അദ്ദേഹം എന്നെ ഒന്നു ചേർത്തുനിർത്തുമെന്നുപോലും ചിന്തിച്ചിട്ടേയില്ലായിരുന്നു. അങ്ങനെയൊരു ആഗ്രഹം, അത് അത്യാഗ്രഹമാണെന്നും ഞാൻ എന്നെ തന്നെ തിരുത്തിയിരുന്നു. പക്ഷേ എങ്കിലും, എന്റെയുള്ളിലെ ദൈവം പറഞ്ഞുകൊണ്ടിരുന്നു... ‘‘അതൊന്നും അത്ര അത്യാഗ്രഹമൊന്നുമല്ല. നിനക്കതിനുള്ള അവകാശമുണ്ട്. കാലം നീങ്ങുമ്പോൾ നിനക്കത് ലഭിക്കും.’’
പക്ഷേ, പപ്പേട്ടനു മുമ്പ് എം.ടിയെ എന്റെ ജീവിതത്തിൽ ദൈവം ഉന്തിത്തള്ളി മുന്നിൽ കൊണ്ടുവന്നു നിർത്തി. അതെനിക്ക് അനുഗ്രഹമായി ഭവിച്ചു. തോട്ടുമുഖത്തെ ഒരു ഇടനാഴിയിൽവെച്ചും ഭാരത് ടൂറിസ്റ്റ് ഹോമിൽ െവച്ചും എം.ടി എന്നെ തൊട്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. പപ്പേട്ടനു മുമ്പായിരുന്നത്. പിന്നെയെനിക്കു വീണ ഭാഗ്യക്കുറി, ഗുരുവായൂർ അമ്പലനടയിൽ െവച്ച് പപ്പേട്ടനിലൂടെയായിരുന്നു. പപ്പേട്ടൻ തൊട്ട കഥ പിന്നെ പറയാം. എന്നാൽ, അദ്ദേഹത്തിന്റെ കഥകൾ ഞാൻ വായിക്കുമ്പോൾ തൊട്ടുപിറകിൽ ഒരു നിഴൽപോലെ നിന്ന്, അദ്ദേഹം അതു കാണുന്നുണ്ടെന്ന്, ഞാൻ പകൽക്കിനാവും രാത്രിക്കിനാവും ഒപ്പം കണ്ടു. അപ്പോഴെന്റെ വിചാരങ്ങൾ ഇങ്ങനെയായിരുന്നു.
കർത്താവിന്റെ കാരുണ്യംകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നുവെന്ന് സങ്കീർത്തനക്കാരൻ പറഞ്ഞിരിക്കുംപോലെ, പപ്പേട്ടന്റെ കാരുണ്യംകൊണ്ട് അദ്ദേഹത്തിന്റെ കഥകളിൽ കരുണ നിറയുന്നത്, മനുഷ്യരോടും പ്രകൃതിയോടും ജീവജാലങ്ങളോടും എത്ര വലുതായിരിക്കുന്നുവെന്നതാണ്.
ഞാനദ്ദേഹത്തെ ആദ്യം അദ്ദേഹത്തിന്റെ കഥകളിലൂടെ അകന്നുനിന്നു കണ്ടു. പപ്പേട്ടൻ ഒരന്തവും കുന്തവുമില്ലാത്ത ഒരേകാകിയായിരുന്നപ്പോൾ. കഥകളിൽ എഴുതുന്ന അക്ഷരങ്ങൾക്കുപോലും പിശുക്കുള്ളവനാണദ്ദേഹം. നാടൻ പട്ടികളും നാടൻ പൂച്ചകളുമാണദ്ദേഹത്തിന്റെ വളർത്തുമക്കൾ. പിന്നെ, പക്ഷികളും പൂക്കളും. അക്ഷരാർഥത്തിൽ ആ പരിസര സ്വദേശികൾക്ക് നടുവിലായിരുന്നു അദ്ദേഹത്തിന്റെ വാസം.
ഞാൻ പത്തു പതിനേഴു വയസ്സായപ്പോൾ പ്രണയിക്കാൻ ആഗ്രഹിച്ചു. എന്റെ മുഖം ചിതലു തിന്നതുപോലെയിരിക്കുന്നതുകൊണ്ട് ഒരു പെണ്ണും എന്നെ പ്രേമിച്ചില്ല.
എന്റെ ഇഷ്ട കഥാകാരൻ പപ്പേട്ടൻ പ്രണയിച്ചിട്ടുണ്ടാകുമോയെന്ന് ഞാൻ തലപുകച്ചാലോചിച്ചു അക്കാലങ്ങളിൽ. എന്തിനെന്നറിയില്ല. ഇച്ചിരി കഞ്ചാവു നൽകുന്ന കിറുക്കുമുണ്ടായിരുന്നു. പരുക്കനായ അദ്ദേഹത്തിനും പ്രണയിക്കാൻ കഴിഞ്ഞിട്ടുണ്ടാകിെല്ലന്ന് ഞാൻ സമാധാനിച്ചു. എന്നാൽ, ഒരു കാര്യം ഉറപ്പായിരുന്നു. മുള്ളുകൾ ഉള്ള ചെടിയിൽനിന്നു വിരിയുന്ന റോസാപ്പൂവുകളെ അദ്ദേഹം പ്രണയിച്ചിട്ടുണ്ടാകണം. അതോ പ്രണയിച്ചിെല്ലങ്കിൽ മക്കളെപ്പോലെ വാത്സല്യച്ചിട്ടുണ്ടാകാം. എന്റെ അക്കാലത്തെ ഏറ്റവും വലിയ സമ്പാദ്യം, പാട്ടത്തകരംപോലുള്ള ഒരു പഴയ റാലി സൈക്കിളായിരുന്നു. ഞാനതിന് ഇട്ട പേര് റോൾസ് റോയിസ് എന്നായിരുന്നു. ഇടക്കിടക്കുള്ള യാത്രയിൽ പിണങ്ങിയ മട്ടിലത് റോഡിൽ ചെയിൻ തെറ്റി എനിക്കു പണിതരും.
ഗുരുവായൂരിൽെവച്ചാണ് ഞാൻ പപ്പേട്ടനെ ആദ്യമായി കാണുന്നത്. ഞാൻ ആ സൈക്കിളുമായിട്ടാണ് പപ്പേട്ടൻ അമ്പലമേട്ടിൽ ജോലിചെയ്യുന്ന FACTയുടെ ക്വാർട്ടേഴ്സിൽ രണ്ടാം കൂടിക്കാഴ്ചക്കായി ചെല്ലുന്നത്. (ആദ്യ കൂടിക്കാഴ്ച ഗുരുവായൂരിൽ െവച്ചായിരുന്നു. അത് അവസാനം പറയാം.) അന്ന് കൂടിക്കാഴ്ചക്കായി ഇറങ്ങുമ്പോ കൈയിൽ ബസ് കാശില്ലായിരുന്നു. അതിനാലാണ് കൈയിലുള്ള പാട്ടത്തകര സൈക്കിളിൽ യാത്രചെയ്തവിടെയെത്തിയത്.
പപ്പേട്ടന്റെ ആ ക്വാർട്ടേഴ്സിനു മുന്നിൽ നിറച്ചും റോസാപ്പൂക്കളുണ്ടായിരുന്നു. മനുഷ്യശരീരമല്ലാത്ത മക്കളായിരുന്നു ഭാർഗവി ചേച്ചിക്കും പപ്പേട്ടനും ആ പൂക്കളെന്ന്, അതിനെ തീവ്രമായി പരിചരിക്കുന്നതു കണ്ടപ്പോഴെനിക്കു തോന്നിയിട്ടുണ്ട്. എന്നാൽ അദ്ദേഹം, മറ്റു കുഞ്ഞുങ്ങളെ നേരിട്ട് താലോലിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരുപേക്ഷ, ഞാൻ കാണാത്തതുകൊണ്ടായിരിക്കാം. പക്ഷേ, ഒന്നുണ്ട്. അദ്ദേഹത്തിന്റെ സ്വപ്നത്തിന്റെ മടികളിൽ അവർ കയറിയിറങ്ങി ‘‘പപ്പനാഭാ’’ എന്നു കൊഞ്ചുന്നത് ഞാൻ ഭാവനയിൽ കണ്ടിട്ടുണ്ട്.
ഇപ്പോൾ പപ്പേട്ടൻ തികച്ചും ഒരു കുട്ടിതന്നെയാണ്. വീഴാതിരിക്കാൻ തൊട്ടടുത്തുനിന്നു പിടിക്കാൻ ഒരാൾ വേണം. മിക്കപ്പോഴും രാമചന്ദ്രൻ കൂടെയുണ്ട്. എന്റെ മനസ്സിലും ആധിയുണ്ട്. കഥയുടെ കൊടുമുടി അങ്ങേയറ്റം കീഴടക്കിയ ആ കുട്ടി വീണുപോകരുതേയെന്ന ഒരു പ്രാർഥന എനിക്കുണ്ട്. അദ്ദേഹമിനി എവിടെയും പോയിെല്ലങ്കിലും പള്ളിക്കുന്നിലെ ആ ഇരിക്കുന്ന കസേരയിൽ നിവർന്നിരുന്ന് വായിക്കാനും എഴുതുവാനും കഴിയണേ എന്നാണെന്റെ പ്രാർഥനയുടെ തുടർച്ച. എനിക്കാകട്ടെ രണ്ടു വയസ്സു മുതൽ ഒരു കാര്യത്തിനും അമ്മയില്ലായിരുന്നു. എന്നാൽ, അദ്ദേഹത്തിന് അമ്മയുണ്ടായിരുന്നു. ആ അമ്മ ഭാഗ്യമായിരുന്നു. കഷ്ടപ്പെട്ടാണ് അമ്മ മകനെ വളർത്തിപ്പഠിപ്പിച്ചത്.
എന്റെ ഭാവനയിൽ ഞാൻ വരക്കുന്ന ഒരു ചിത്രമുണ്ട്. കഷ്ടപ്പാടിന്റെ അതിരുകൾക്കുള്ളിൽപെട്ടുപോയ അമ്മ, മകന്റെ തല മടിയിൽവെച്ച് ആശ്വസിപ്പിച്ചപ്പോഴായിരിക്കാം; ഉള്ളിൽ കഥയുടെ കൊക്കുകൾ പിളർക്കുന്ന കുട്ടിയായി പപ്പേട്ടൻ ജീവിതത്തിലും കഥയിലും വളർന്നത്. പപ്പേട്ടൻ കാലം മാറുന്നതനുസരിച്ച് കഥയെഴുതുന്ന ഒരാളല്ല. അതൊരു ഒറ്റത്തംബുരു നാദമാണ്. ഹൃദയത്തിലുള്ളത്, അതിന്റെ സത്യം, അതുപോലേ മാത്രമേ അദ്ദേഹം എഴുതൂ.
ടി. പത്മനാഭൻ - ഫോേട്ടാ: പി. സന്ദീപ്
അതിപ്പോഴത്തെക്കാലത്ത് മറ്റുള്ളവരുടെ മുന്നിൽ, ആധുനിക കഥാവിചാരത്തിൽ, കുറവോ കുറ്റമോ ആകാം. പക്ഷേ, തനിക്കു താൻ മാത്രമായാൽ മതിയെന്ന ദൃഢബോധത്തിലുറച്ചു നിൽക്കാനുള്ള നട്ടെല്ല് അദ്ദേഹം ഒരിക്കലും പണയംെവച്ചിട്ടില്ല. പല പത്മനാഭന്മാരെ ഒരേദിവസം അമ്മമാർ പലയിടത്തും പ്രസവിച്ചിട്ടുണ്ട്. അവരൊന്നും കഥയിൽ കെങ്കേമന്മാർ ആയില്ല. പക്ഷേ, പള്ളിക്കുന്നിന്റെയും മലയാള കഥയുടെയും പെരുമാളായ, ടി. പത്മനാഭൻ ഒന്നേയുള്ളൂ.
ഒന്നിനെയും, കഥയിലും/ ജീവിത വിമർശനത്തിലും കുലുങ്ങാത്ത ഒരേയൊരു ചങ്കൂറ്റമുള്ള പത്മനാഭൻ!! പപ്പേട്ടന്റെ അടച്ചിട്ട ഹൃദയത്തിൽ ഓർമകളുടെ പുകച്ചുരുളുകൾ ഉയരുമ്പോൾ, ‘അയാൾ’ എന്ന കഥാപാത്രം നിരവധി ഭാവമായി ടി. പത്മനാഭൻ കഥകളിൽ നിറയുന്നു. കൈനോട്ട ലക്ഷണം പറയുന്ന കാക്കാലത്തിയുടെ കിളിക്കൂട്ടിൽനിന്നും തത്ത കുറിമാനം കൊത്തിയെടുക്കുംപോലെ പപ്പേട്ടൻ കൊത്തിയെടുത്ത കഥകളുടെ കുറിമാനം, വായനക്കാർ മനസ്സിലാക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് എഴുപത്തഞ്ച് വർഷമായി. ഇത്രകൊല്ലം എഴുതിയിട്ടും 200 കഥകൾക്കു മേലേ പോയിട്ടില്ല അദ്ദേഹത്തിന്റെ കഥകൾ. ബൈബിൾ കഥയിലെ സാംസന്റെ തലമുടി രഹസ്യം ഭാര്യ ദലീല മനസ്സിലാക്കി ശത്രുക്കൾക്ക് ചോർത്തിക്കൊടുത്തപോലെ പപ്പേട്ടന്റെ കഥയുടെ എഴുത്തുരഹസ്യത്തെ ആർക്കും ചോർത്തിയെടുക്കാനോ അനുകരിക്കാനോ ആകില്ല.
കല്ലിനുള്ളിലെ ശിൽപത്തെ യഥാർഥ ശിൽപിക്കു മാത്രമേ കൊത്തിയെടുക്കാനാകൂ എന്നപോലെ അദ്ദേഹത്തിന്റെ ആർദ്രമായ കഥയുടെ ഭാവങ്ങൾ പപ്പേട്ടനു മാത്രമേ അക്ഷരങ്ങളുടെ ഭാവസാന്ദ്രതയാൽ കൊത്തിയെടുക്കാനാകൂ. വേദപുസ്തകത്തിലെ ഉത്തമഗീതവും സങ്കീർത്തനവുമാണ് എന്റെ ആത്മാവിൽ ഭാഷയുടെ ചൈതന്യം, എപ്പോഴും എഴുതുവാൻ നിറഞ്ഞുവരുന്നത്. അതുപോലെ പപ്പേട്ടന്റെ കഥകളുടെ ഭാഷയിലാകട്ടെ, സംഗീതരാഗങ്ങളുടെ ധ്വനിലയങ്ങളാണുള്ളത്. മഞ്ഞുപെയ്യും പോലെ, മഴ ചാറിപ്പെയ്യുംപോലെ, വെയിൽ ചായുംപോലെ അതു പകരുകയാണ് കഥാഗാത്രത്തിലദ്ദേഹം.
എനിക്കെങ്ങനെയാണ് പപ്പേട്ടന്റെ കഥകൾ എന്നു ചോദിച്ചാൽപപ്പേട്ടന്റെ കഥ = മനുഷ്യന്റെ ഉള്ളിലൂറിക്കൂടുന്ന കരുണാർദ്രത യും ശുഭാപ്തിയുംതന്നെയാണ്. അതിൽ പുറത്തേക്കു പായുന്ന നിലവിളികളില്ല. എന്നാൽ, വീർപ്പുമുട്ടലുകളും ഗദ്ഗദങ്ങളുമുണ്ട്. പ്രണയംപോലും നേർത്തു ഘനീഭവിച്ച മഞ്ഞുമലകളുടെ മൗനത്തിനു തുല്യമാണ്. കേൾക്കാത്ത സംഗീതരാഗങ്ങളുടെ, ദൂരെയെവിടെയോ ഒളിച്ചിരുന്നെത്തുന്ന പാട്ടിന്റെ ഈണമാണത്. എന്നാൽ, പൈങ്കിളിയുടെ പച്ചയുടുപ്പിട്ട കാൽപനിക സ്വരവുമല്ല. ഭൗമികമായ ആത്മീയ തൂവലുകൾ വിടർത്തിപ്പറക്കുന്ന ചിറകുകൾക്കുള്ളിൽ പ്രണയത്തിന്റെ ഒലിവിലയുമായി ഒളിച്ചിരിക്കുന്ന ഒരു പ്രാവിൻ കുഞ്ഞിനെപ്പോലെയാണത്. ഞാൻ അദ്ദേഹത്തിന്റെ കഥകളെ ആരാധിച്ചു.
വർഷങ്ങൾക്കു മുമ്പ് ഞാൻ ആദ്യമായി പപ്പേട്ടനെ നേരിൽ കാണുന്നത് ഗുരുവായൂരിൽെവച്ചാണ്. അതിനു പിന്നിൽ ഒരു കഥയുണ്ട്. അത് ഞാൻ 1982ൽ ‘കലാകൗമുദി’യിൽ എഴുതിയ കഥയിൽ (നനഞ്ഞ ചുവരുകൾ) നിന്നേ പറയാനാകൂ. അതിപ്രശസ്തനായ ഒരു വലിയ കഥാകാരൻ തുടക്കക്കാരനായ ഒരു കഥാകാരനെ കണ്ടുമുട്ടിയ കഥ! കഥയിതാണ്. വിഷദംശനത്താൽ അച്ഛൻ മരിച്ചതിന്റെ ആഘാതത്താൽ ഭ്രാന്തിയായ ഒരമ്മ തന്റെ കുഞ്ഞിനോട് കാണിക്കുന്ന അവസ്ഥകളാണാ കഥയിൽ മുഴുവനും. അതിലെ ചില ഭാഗങ്ങൾ വായിക്കാം...
വെള്ള തേച്ചിട്ടില്ലാത്ത ചുവരിലെ, ഈർപ്പമാർന്ന ചളിമണ്ണ്, കൈനഖംകൊണ്ട് ചുരണ്ടി ആർത്തിയോടെ തിന്നുന്ന ഭ്രാന്തിയായ അമ്മ..!
ബാക്കിയുള്ളതു തിന്നാനായി മകന്റെയും നേരേ അതു നീട്ടിയവർ. എന്നാൽ മകനത് തിന്നില്ല.
‘‘അപ്പൂ... ന്നാ... ത് തിന്നോ വെശ്ക്കില്ല്യാ...’’
‘‘അമ്മേ ത് തിന്നാമ്പാടില്ല്യാ.’’
‘‘ഉം, ന്താ തിന്നാല്?’’
‘‘അത് തിന്നാമ്പാടില്ല്യാ.’’
‘‘ന്താന്നാ ചോയ്ച്ചേ നിന്നോട്..?’’
ഈർക്കിൽകൊണ്ട് ദേഷ്യത്തോടെ മകനെ അടിക്കുന്ന അമ്മയുടെ മുഖത്തേക്ക് അപ്പു ദയനീയമായി നോക്കി.
‘‘ചിരിക്കെടാപ്പൂ... ചിരി... ന്റെ പൊന്നു മോനല്ല്യേ? നിന്നെ ചിരിക്കും വരെ ഞാന്തല്ലും ഉം... ചിരിക്ക് ...ചിരിക്കാൻ.’’
ഓണദിവസമായിട്ടും അഞ്ചു വയസ്സുകാരൻ അപ്പുവിന്റെ വീട്ടിൽ പട്ടിണിയായിരുന്നു. അതിനാൽ അപ്പുവിന്റെ കൂട്ടുകാരി അവനൊരു ഗ്ലാസു പായസം കൊണ്ടുവന്നു കൊടുത്തു.
അമ്മയുടെ കണ്ണുകളിൽ അത് കണ്ട് ആർത്തി നിറഞ്ഞു.
അവനത് അമ്മയ്ക്കു നേരേ നീട്ടി. എന്നിട്ടു പറഞ്ഞു.
‘‘അമ്മ പാതി കുടിച്ചിട്ട് യ്ക്ക് തന്നാ മതി.’’
‘‘ഞാനാദ്യം കുടിച്ചാൽ അപ്പു കരയോ... സങ്കടാവോ...’’
ഭ്രാന്തിൽ മറന്ന്, മകന്റെ വിശപ്പു മറന്ന് അവർ ഗ്ലാസിലെ പായസം മുഴുവൻ കുടിച്ചുതീർത്തു... എന്നിട്ടവർ അപ്പുവിനോട് പറഞ്ഞു.
‘‘പായസം കഴിച്ച് ശ്ശിയായ്. ചിരിച്ചോളൂ അപ്പൂ, തിരുവോണായിട്ട് കൈകൊട്ടിക്കളിയോ, അതോ കോൽക്കളിയോ? ന്താ വേണ്ടത്?’’
അമ്മ നിലത്തു മണ്ണിൽ കുഴിച്ചിട്ട പാദസരമെടുത്ത് കാലിൽ അണിഞ്ഞു. അപ്പുവിനു ചുറ്റും ഓണപ്പാട്ടുപാടി നടന്നു ചുവടു വെച്ചു കളിക്കുമ്പോൾ വിശന്നിട്ട് സഹിക്കാനാകാതെ അപ്പു വരണ്ട ചുണ്ട്, നാവുകൊണ്ട് നക്കി നനച്ചു.
അമ്മയുടെ ഓണക്കളി നിലച്ചു. കാലിൽനിന്ന് പാദസരം അഴിച്ച് മണ്ണിൽതന്നെ കുഴിച്ചിട്ടു അവർ.
ഇടയ്ക്ക് സ്വബോധം വന്നപ്പോൾ അവർ അപ്പുവിന്റെ മുന്നിൽ ഒഴിഞ്ഞിരിക്കുന്ന പായസ ഗ്ലാസിലേക്കും വിശന്ന് ഒട്ടിക്കിടക്കുന്ന അപ്പുവിന്റെ വയറിലേക്കും നോക്കി. പിന്നെ വലിയൊരു നിലവിളി അവരിൽനിന്നുമുയർന്നു.
രാത്രി.
അമ്മ നിലത്തു വീണ്ടും ഭ്രാന്തു പുതച്ച് ചുരുണ്ടുകൂടി.
അപ്പു ഇരുട്ടിൽ ഇരുന്ന് ചെങ്കൽച്ചളി നഖംകൊണ്ട് ചുരണ്ടി തിന്നാൻ തുടങ്ങി.
* * *
കോവിലൻ എനിക്കച്ഛനെപ്പോലെയായിരുന്നു. ഞാനദ്ദേഹത്തിന്റെ വീട്ടിൽ അതുവരെ പോയിട്ടില്ല. അദ്ദേഹത്തിന്റെ മകളുടെ വിവാഹം എന്നെ ക്ഷണിച്ചിരുന്നു. ഗുരുവായൂർ അമ്പലത്തിൽ െവച്ചായിരുന്നു താലികെട്ടും സദ്യയും.
ഞാൻ എപ്പോഴും ഗതികെട്ട ഒരു മനുഷ്യനാണ്. ഞാൻ ഗുരുവായൂർക്ക് പോകാൻ ചെന്ന ട്രെയിൻ മിസ്സായി. തിടുക്കപ്പാടിൽ വിവാഹ ക്ഷണക്കത്തും നഷ്ടപ്പെട്ടിരുന്നു. അന്ന് ആകെ കുഴപ്പം പിടിച്ച ദിവസമായിരുന്നു. പിന്നെ സർക്കാർ ബസ് പിടിച്ച് രണ്ട് ബസുകൾ മാറിക്കയറി ഗുരുവായൂരിൽ വന്നപ്പോൾ കല്യാണം കഴിഞ്ഞ് ആളുകൾ പോയിരുന്നു. എനിക്കാെണങ്കിൽ അദ്ദേഹത്തിന്റെ വീടറിയില്ല.
ഞാൻ അമ്പലത്തിലെ തിരക്കിൽ എന്തെന്നറിയാതെ അലഞ്ഞു. അപ്പോൾ സാക്ഷാൽ ഉണ്ണിക്കണ്ണൻ വേഷം മാറി വന്നു. എന്റെ മുന്നിൽ ഒരു ഉയരക്കാരൻ നിൽക്കുന്നു. ഓടക്കുഴലും പീലിയും ഒന്നുമില്ല. കൂടെ പൊക്കം കുറഞ്ഞ മൂക്ക് ചപ്പിയിരിക്കുന്നപോലത്തെ ഒരു മനുഷ്യനുണ്ട്. ഞാൻ സംശയിച്ചുനോക്കി. ഉയരക്കാരന് ടി. പത്മനാഭന്റെ മുഖഛായ. പത്രമാസികകളിലെ പടത്തിൽ മുമ്പ് കണ്ടപോലെ. ഞാനടുക്കലേക്ക് ചെന്ന് വിനയത്തോടെ ഉയരക്കാരനോട് ചോദിച്ചു. ടി. പത്മനാഭൻ സാറല്ലേ?
അദ്ദേഹം അതിന് മറുപടി ഒന്നും പറഞ്ഞില്ല. ഒന്നുകൂടി എന്നെ സൂക്ഷിച്ചുനോക്കി. എന്നിട്ട് തൊട്ടടുത്തു നിൽക്കുന്ന ഉയരം കുറഞ്ഞ മൂക്ക് ചപ്പിയിരിക്കുന്ന മനുഷ്യനോട് ചോദിച്ചു.
‘‘അട കാദറേ, അനക്കറിയാമോ ഈ ചെക്കനാരാന്ന്?’’
അദ്ദേഹം അറിയിെല്ലന്നു പറഞ്ഞു.
‘‘എങ്കി നീയറിയണം. ഇവനാണ് ജോർജ് ജോസഫ് കെ.’’
യു.എ. ഖാദർ അപ്പോഴും അന്തംവിട്ടു നിന്നു. പപ്പേട്ടൻ എന്നെ സ്നേഹത്തോടെ ചേർത്തുനിർത്തിയിട്ട് ഖാദറിക്കയോട് പറഞ്ഞു.
‘‘82ൽ ഡി.സി ബുക്സ്, ആ വർഷം ഇറങ്ങിയ കഥകളിൽ തിരഞ്ഞെടുത്തവരുടെ കഥ ഇറക്കിയ കൂട്ടത്തിൽ ഈ ചെക്കനുമുണ്ട്. ഇവന്റെ ‘നനഞ്ഞ ചുവരുകൾ’ എന്ന കഥ. വായിച്ചിട്ടില്ലെങ്കിൽ നീ വായിക്കണം. ഇവന്റെ കഥയിൽ വിശപ്പു സഹിക്കാനാകാതെ ചെങ്കൽചളി നഖംകൊണ്ട് ചുരണ്ടിത്തിന്നുന്ന ഭ്രാന്തിയായ ഒരമ്മയുണ്ട്. കുട്ടിയായ അപ്പുവുണ്ട്. അതുവായിച്ച് എന്ത് പെടച്ചിലാർന്ന്...അന്റ കണ്ണു നനഞ്ഞു പോയി.’’
മാധ്യമം ആഴ്ചപ്പതിപ്പിന്റെ സിൽവർ ജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയായി ടി. പത്മനാഭൻ എത്തിയപ്പോൾ. ദാമോദർ മൗജോ, പി.കെ.പാറക്കടവ് എന്നിവർ സമീപം
അതു പറയുമ്പോൾ ഞാനാ മുഖത്തേക്കു നോക്കി. ആ കണ്ണുകൾ അപ്പോഴും നനഞ്ഞത് ഞാൻ കണ്ടു. അത് ആയിരുന്നു ആദ്യ കൂടിക്കാഴ്ച.പിന്നീട് വർഷങ്ങൾക്കുശേഷം എറണാകുളം ഷേണായിസ് സിനിമാ തിയറ്ററിനടുത്തുള്ള ക്യൂൻസ് ഹോട്ടലിൽ അദ്ദേഹം താമസിക്കാൻ വന്നപ്പോൾ ഞാൻ ചെന്നു കണ്ടു. ഒത്തിരിനേരം സംസാരിച്ചപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞ വാക്കിതായിരുന്നു: ‘‘നീ പാശ്ചാത്യരെ അനുകരിച്ച് കഥകൾ എഴുതരുത്. ഇവിടെ പലരും അത് ചെയ്യുന്നുണ്ട്. സ്വന്തം നെഞ്ചിലുള്ള കഥകളെഴുതണം.’’ എനിക്കു കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു അത്.
പപ്പേട്ടന്റെ കഥകളെക്കുറിച്ച് അദ്ദേഹത്തിന്റെ ബോധ്യവും ഇതായിരുന്നു. ‘‘പ്രകൃതിയോടും മനുഷ്യനോടുമുള്ള കരുണാർദ്രമായ സ്നേഹമാണ് എന്റെ കഥകളുടെ അന്തർധാര. പ്രകൃതി എന്നു പറയുമ്പോൾ എല്ലാംപെടും. സർവവും. ഈ ഭൂമി തിന്മകൾകൊണ്ടു നിറഞ്ഞതാണെങ്കിലും നാം, കഥകൾ വായനക്കാരന് കൊടുക്കേണ്ടത് മാനവികതയുടെ പോസിറ്റിവ് എനർജിയാണ്. പ്രത്യാശയാണ്.’’