ജീവിതച്ചൂടിൽ പൊഴിഞ്ഞ പ്രഭാതപുഷ്പം


പ്രഭാതപുഷ്പംപോലെ ആർദ്രയായ പെൺകുട്ടി മരിച്ചുകഴിഞ്ഞെങ്കിലും ഏതു പെരുമഴയിലും ഒരു കുട എനിക്കു നേരെ ഉയർന്നുവരും –അതിന്റെ പേരാണ് ടി. പത്മനാഭൻ! ടി. പത്മനാഭന്റെ കഥയിൽനിന്നിറങ്ങി വന്ന് കഥാപാത്രം നമ്മളോട് കഥാകൃത്തിനെപ്പറ്റിയും അവർ തമ്മിലെ സ്നേഹത്തെയും പറ്റി എഴുതുന്നു. ഇന്നലെ ടി. പത്മനാഭനെ കണ്ടു. സാഹിത്യോത്സവ വേദിയിൽ ആരാധകരുടെ തിരക്കിനിടയിൽ ആയതുകൊണ്ട് ആ കൈ ഒന്നുതൊട്ടു. അപ്പോൾ 96 ആണ്ടിന്റെ കരുത്തറിഞ്ഞ, പഴയ ഗുസ്തിക്കാരന്റെ കഥക്കൈകളുടെ സ്പർശത്തിൽ ആ മഹാപ്രവാഹത്തിന്റെ അടിയൊഴുക്ക് ഞാനറിഞ്ഞു. തൊണ്ണൂറുകളിലും സജീവമായി കഥ എഴുതുന്നത് എങ്ങനെ എന്ന എന്റെ സംശയത്തിന് ഉത്തരവും കിട്ടി. ഈ പ്രായത്തിൽ...
Your Subscription Supports Independent Journalism
View Plansപ്രഭാതപുഷ്പംപോലെ ആർദ്രയായ പെൺകുട്ടി മരിച്ചുകഴിഞ്ഞെങ്കിലും ഏതു പെരുമഴയിലും ഒരു കുട എനിക്കു നേരെ ഉയർന്നുവരും –അതിന്റെ പേരാണ് ടി. പത്മനാഭൻ! ടി. പത്മനാഭന്റെ കഥയിൽനിന്നിറങ്ങി വന്ന് കഥാപാത്രം നമ്മളോട് കഥാകൃത്തിനെപ്പറ്റിയും അവർ തമ്മിലെ സ്നേഹത്തെയും പറ്റി എഴുതുന്നു.
ഇന്നലെ ടി. പത്മനാഭനെ കണ്ടു. സാഹിത്യോത്സവ വേദിയിൽ ആരാധകരുടെ തിരക്കിനിടയിൽ ആയതുകൊണ്ട് ആ കൈ ഒന്നുതൊട്ടു. അപ്പോൾ 96 ആണ്ടിന്റെ കരുത്തറിഞ്ഞ, പഴയ ഗുസ്തിക്കാരന്റെ കഥക്കൈകളുടെ സ്പർശത്തിൽ ആ മഹാപ്രവാഹത്തിന്റെ അടിയൊഴുക്ക് ഞാനറിഞ്ഞു. തൊണ്ണൂറുകളിലും സജീവമായി കഥ എഴുതുന്നത് എങ്ങനെ എന്ന എന്റെ സംശയത്തിന് ഉത്തരവും കിട്ടി. ഈ പ്രായത്തിൽ കഥ എഴുതുന്ന/എഴുതിയ എത്ര പേരുണ്ടാകും ഭൂമിമലയാളത്തിൽ? വേണ്ട! ലോകസാഹിത്യത്തിൽ?
അടുത്ത സെഷനിലേക്ക് അദ്ദേഹം തിരക്കിട്ടൊഴുകുന്നതിനിടയിൽ ഓർമയുടെ പേജിലേക്ക് ഫോട്ടോക്കായി ഒന്നു വീൽചെയറിനോടു ചേർന്നുനിന്നു. അദ്ദേഹത്തിന്റെ സഹായിയും പല കഥകളിലെ കഥാപാത്രവുമായ രാമചന്ദ്രേട്ടൻ എന്റെ ഫോൺ നോക്കി ചോദിച്ചു– ‘‘ഇതെന്ത് ഫോണാണപ്പാ..! ഒന്നു മാറ്റിക്കൂടെ?’’
എന്റെ പിശുക്ക് നിന്നു ചിരിച്ചു.
അതും പറഞ്ഞ് തൃപ്തിവരാതെ സ്വന്തം ഫോണിൽ ആ ഫോട്ടോയെടുത്ത് രാമചന്ദ്രേട്ടൻ എനിക്ക് അയച്ചുതന്നു.
രണ്ടുമൂന്നു മാസം മുമ്പ് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു, ‘അയാൾ’ (പത്മനാഭൻ കഥകളിലെ സ്വയംവിളി) ഒന്നു വീണത്. ശേഷം യാത്രകളിൽ വീൽചെയർ കൂടെയുണ്ട്. കണ്ണിനു താഴെ നീർക്കെട്ടുണ്ട്.
കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്ക് വീൽചെയറിൽ വന്ന് രണ്ടോ മൂന്നോ സെഷനുകളിലും ഉദ്ഘാടനത്തിലും സജീവമായി പങ്കെടുക്കണമെങ്കിൽ ഈ മനുഷ്യൻ ഈ ഭാഷയെ, കഥയെ എത്ര സ്നേഹിക്കുന്നുണ്ടാകണം!
വീൽചെയർ എന്റെ മുന്നിലൂടെ അടുത്ത വേദി ലക്ഷ്യമാക്കി നീങ്ങി. അതു നോക്കിനിൽക്കെ ഞാനാലോചിച്ചുകൊണ്ടിരുന്നത് –എന്റെ ജീവിതത്തിൽ ഏറ്റവും അഭിമാനിക്കുന്ന സംഗതികൾ എന്തൊക്കെ എന്നു സ്വയം ചോദിച്ചപ്പോൾ കിട്ടിയ ആദ്യത്തെ ഉത്തരമാണ്.
ഞാൻ ടി. പത്മനാഭന്റെ രണ്ടു കഥകളിലെ കഥാപാത്രമാണ്!
‘രാത്രിയുടെ അവസാനം’, ‘കാലവർഷം’ എന്നീ കഥകളിലെ പെൺകുട്ടിയാകാൻ ഇരുപതുവയസ്സിനു മുമ്പേ കഴിഞ്ഞു എന്നതിനപ്പുറം സന്തോഷം തരുന്ന മറ്റെന്തുണ്ട്, എന്റെയീ നിസ്സാരജന്മത്തിൽ?
തൃശൂരിലെ ഒരു കുഗ്രാമ ജീവിതത്തിൽനിന്ന് ഒരു വലിയ എഴുത്തുകാരന് കത്തെഴുതുക എന്നത് ഒരു വലിയ ആർഭാടമായിരുന്നു. ഒരു കുട്ടിയുണ്ടാകുന്നുവെങ്കിൽ അതൊരു പെൺകുട്ടിയാകണം എന്നെപ്പോഴും പറയുന്ന, നോവലിന്റെ കടലിലേക്ക് ഒഴുകാതെ കഥ എന്ന ശുദ്ധജല തടാകത്തിൽ വിരിയുന്ന വെള്ളത്താമരപ്പൂക്കളെ കാത്തിരിക്കുന്ന, ആ കഥാകൃത്തിന്റെ മുഴുവൻ കഥകളും ഞാനപ്പോഴേക്കും വായിച്ചുതീർന്നിരുന്നു.
ആ ഒരു ബലത്തിലാണ് ഞാൻ കണ്ണൂരിലെ പള്ളിക്കുന്നിലെ വീട്ടിലേക്ക് കത്തെഴുതുന്നത്. അതിന് ഉടൻ മറുപടി വന്നില്ല. അടുത്ത ലക്കം മലയാളം ‘ഇന്ത്യാ ടുഡേ’യിലാണ് അതിനുള്ള മറുപടി വന്നത്. ‘രാത്രിയുടെ അവസാനം’ എന്ന കഥയായി.
കഥാകൃത്ത് എഴുതാനിരിക്കുന്ന നേരത്ത് അദ്ദേഹത്തെ തേടി വരുന്ന ആ കത്ത് കഥയിലേക്ക് ഒരു നിമിത്തംപോലെ കടന്നുവരുന്നു. ആ പെൺകുട്ടിയുടെ പലകപ്പല്ലുപോലുള്ള അക്ഷരങ്ങളിലൂടെ കടന്നുപോയപ്പോൾ അയാൾക്ക് അവളെ അറിയാം.
ന്യൂയോർക്കർ മുതൽ ബാലപംക്തി വരെ വിടാതെ വായിക്കുന്ന ‘അയാൾ’ ബാലപംക്തിയിൽ അവളുടെ കഥ വായിച്ചിട്ടുണ്ട്.
അമേരിക്കൻ എഴുത്തുകാരനായ ട്രൂമാൻ കപോട്ടിയുടെ വാക്കുകളുടെ ഭംഗിയുണ്ട് ഈ പെൺകുട്ടിയുടെ വരികൾക്കെന്നും ‘അയാൾ’ കുറിച്ചതു വായിച്ച് എന്റെ കണ്ണു നിറഞ്ഞൊഴുകി.
എന്നെ ഞെട്ടിച്ചുകൊണ്ട് ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ എന്ന കഥാസമാഹാരവും അദ്ദേഹം മറുപടിയായി അയച്ചുതരികയുംചെയ്തു. അതിൽ ഇങ്ങനെ കുറിച്ചിരുന്നു– ‘‘പ്രകാശം പരത്തുന്ന പെൺകുട്ടിക്ക്, എത്രയും സ്നേഹത്തോടെ പത്മനാഭൻ.’’ കഥയെന്ന ജലപ്രവാഹത്തിൽ സഞ്ചരിക്കാൻ തന്ന അതിസുന്ദരമായ ചുണ്ടൻവള്ളമായിരുന്നു, ആ വാക്കുകൾ.
നാളിതുവരെയായിട്ടും തളരുന്നു, അപമാനിക്കപ്പെടുന്നു, അവഗണിക്കപ്പെടുന്നു, മുറിവേൽക്കുന്നു, നിരാശപ്പെടുന്നു, തകരുന്നു എന്നു തോന്നുമ്പോഴൊക്കെ ഞാൻ ഇഴഞ്ഞുചെന്ന് ആ ചുണ്ടൻവള്ളത്തിലെത്തും. പിന്നെ ആ വള്ളത്തിൽ കയറി സ്വാസ്ഥ്യത്തിന്റെ ഒരു കരപറ്റും.
ഒമ്പതുമണിയുടെ ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ വരുന്ന ‘അയാളെ’ കാണാനായി കുട്ടി ക്ലാസിൽ പോകാതെ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നത് ഒരു പതിവായി. അയാൾ തൃശൂരിൽ വരുമ്പോഴൊക്കെ അവൾ കാണാനെത്തി.
സുകുമാർ അഴീക്കോടും കെ.എ. ജോണിയുമൊക്കെ പത്മനാഭനെ കാണാൻ വരുമ്പോൾ എന്റെ സാന്നിധ്യം അവർക്കു പ്രയാസമുണ്ടാക്കുമോ എന്നൊക്കെ ഞാൻ വേവലാതിപ്പെട്ടിട്ടുണ്ട്. പക്ഷേ, ടി. പത്മനാഭന് അതൊരു വിഷമമായിരുന്നില്ല.
നിർമലമായ സ്നേഹവാത്സല്യങ്ങളോളം വിലയുള്ളതായി ഈ ഭൂമിയിൽ മറ്റൊന്നുമില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദർശം. ആ കഥകൾ അതിന്റെ പ്രതിഫലനവുമായിരുന്നു.
‘രവിയുടെ കല്യാണം’ എന്ന കഥയിലെ പി.കെ. ഹരികുമാറിനെപ്പോലെ ‘വനസ്ഥലി’യിലെ ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലെ ഞാനും ഒരു പത്മനാഭൻ കഥയായിരിക്കുന്നു എന്ന അറിവിലൂടെ ഉറച്ചുപോയ ആത്മാഭിമാനത്തിന്റെ തറക്കല്ലിലാണ് ഞാൻ പിന്നെ എന്റെ കഥകളുടെ തച്ചുവിദ്യ തുടങ്ങിയത്. പത്തുപതിനഞ്ചു പുസ്തകങ്ങളുടെ ഉടമയായെങ്കിലും അതൊന്നും എനിക്കു ജീവവായു ആകുന്നില്ല.
ഇതൊന്നും ഒരുപക്ഷേ കഥാകൃത്ത് അറിയുന്നുണ്ടാകില്ല! മുൻശുണ്ഠി കാരണം പലപ്പോഴും അങ്ങോട്ടു പറയാൻ ഭയപ്പെടുന്ന സംഗതികളുമാണ്.
ബാലചന്ദ്രൻ ചുള്ളിക്കാടിനെക്കുറിച്ച് ടി. പത്മനാഭൻ എഴുതിയ ‘വനസ്ഥലി’ എന്ന കഥയിലെ ഓരോ വരിയും എനിക്ക് കാണാതെ അറിയാമായിരുന്നു.

ടി. പത്മനാഭനൊപ്പം രേഖ കെ
(ഈയിടെ സി.വി. ബാലകൃഷ്ണനോടു സംസാരിച്ചപ്പോൾ അദ്ദേഹവും പറഞ്ഞു –ചെറുപ്പത്തിൽ കവിത കാണാപ്പാഠം പഠിക്കുന്നതുപോലെ ടി. പത്മനാഭന്റെ കഥകൾ കാണാതെ പറയുമായിരുന്നു എന്ന്.
ഇതെഴുതാൻ നേരം ‘വനസ്ഥലി’യിലെയോ ‘ഒരു ചെറിയ കഥ’യിലെയോ വരികൾ ഓർക്കാൻ ശ്രമിക്കുമ്പോൾ വിറങ്ങലിച്ചു നിശ്ശബ്ദയായി നിൽക്കുകയാണ്, ഓർമ.
ജീവിതത്തിന്റെ നൈർമല്യവും പ്രസന്നതയും കഠിനജീവിതാനുഭവങ്ങൾ കവർന്നപ്പോൾ കൂട്ടത്തിൽ അതും കവർന്നെടുത്തല്ലോ എന്ന സങ്കടം മാത്രം! കോവിഡ് കാലം ആക്രമിച്ച ഓർമയുടെ തുരുത്തിലാകും അതും ഉണ്ടായിരുന്നത്!)
വർഷങ്ങളോളം കുട്ടിയും അയാളും കഥകളിലൂടെ സംസാരിച്ചുകൊണ്ടിരുന്നു. പെൺകുട്ടിയുടെ വിവാഹത്തിനു തൃശൂർ പുഷ്പാഞ്ജലി ഹാളിൽ ആദ്യം വന്ന അതിഥിയും അദ്ദേഹംതന്നെയായിരുന്നു.
തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കേണ്ട തൊഴിലും പുതിയ ജീവിതവും അതിന്റെ നെട്ടോട്ടവും ഒക്കെയായപ്പോൾ കത്തുകളുടെ വേഗം കുറഞ്ഞു. സത്യത്തിൽ അയാൾക്കു കത്തയക്കുവാൻ വേണ്ടുന്ന നന്മ ജീവിതത്തിൽനിന്നു കൈമോശം വന്നപ്പോൾ ‘കളിയച്ഛൻ’ എന്ന പി കവിതയിലെപ്പോലെ ഞാനാ വേഷം അഴിച്ചുെവച്ചതാകാമെന്ന് ഇപ്പോൾ തോന്നുന്നുണ്ട്.
പിന്നീട് ടി. പത്മനാഭന്റെ തൊണ്ണൂറാം പിറന്നാളിന്, എന്റെ സഹപാഠിയും മാധ്യമം ആഴ്ചപ്പതിപ്പ് പത്രാധിപ സമിതി അംഗവുമായ ബിജുരാജിന്റെ പ്രേരണയാൽ ഞാനൊരു കുറിപ്പെഴുതി –മാടത്തയെ തരട്ടെ? എന്നായിരുന്നു അതിന്റെ തലക്കെട്ട്.
അതെഴുതിത്തീർന്നതും വർഷങ്ങളുടെ പഴക്കമുള്ള ഒരു നിലവിളി എന്റെ കണ്ണിലൂടെയും തൊണ്ടയിലൂടെയും ഒഴുകി. കാരണം അതെന്റെ ആത്മകഥകൂടിയായിരുന്നു. വഴുക്കലും ചതുപ്പും കണ്ണീരും നിറഞ്ഞ എന്റെ നടപ്പാതയെക്കുറിച്ചു ചില സൂചനകൾ മാത്രം കോറിയിട്ടെങ്കിലും ആ കുറിപ്പിൽനിന്ന് അദ്ദേഹത്തിനു മാത്രം ചിലതു വായിച്ചെടുക്കാനാകുമെന്ന് എനിക്കുറപ്പായിരുന്നു. ജീവിതത്തിന്റെ നടപ്പാതയിൽ ടി. പത്മനാഭന്റെ കനപ്പെട്ട വിരലിൽ തൂങ്ങി നടന്ന ഒരു കുട്ടിയായിരുന്നു, ഞാൻ. ആ കുട്ടിയെ മനസ്സിലാക്കാൻ അയാളോളം മറ്റാർക്കും കഴിയില്ല.
‘ഒരു ചെറിയ കഥ’ എന്ന എനിക്കേറ്റവും ഇഷ്ടമുള്ള പത്മനാഭൻ കഥയിലെ കുട്ടിയെപ്പോലെ മാടത്തയെ തരട്ടെ എന്നു ചോദിച്ച് പള്ളിക്കുന്നിലെ വീടിനു മുന്നിൽ ഞാൻ വരുമെന്നും അപ്പോൾ വാതിൽ കൊട്ടിയടക്കരുത് എന്നും പറഞ്ഞുകൊണ്ടായിരുന്നു, ആ കുറിപ്പ് അവസാനിച്ചത്.
ആ സ്നേഹപ്പൂക്കൾക്കിടയിലെ കുഞ്ഞുമുള്ളുകൾ അദ്ദേഹത്തിൽ മുറിവു പടർത്തിയിരിക്കണം. അടുത്തതവണ തിരുവനന്തപുരത്തെത്തിയപ്പോൾ കാണണമെന്നു പറഞ്ഞു. ഞാനും മക്കളും മസ്കറ്റ് ഹോട്ടലിലെത്തി. കുഞ്ഞുങ്ങൾ ഒരു ബാലരാമപുരം കൈത്തറിമുണ്ട് കൈയിൽ കരുതിയിരുന്നു.
മുറിയോടടുത്തപ്പോൾ എന്റെ ഇളയ മകൻ ചോദിച്ചു.
“അമ്മേ ഇത് അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ?”
ഞാൻ പറഞ്ഞു- “ഏതച്ഛനാണ് മകൾ കൊടുക്കുന്ന കൊച്ചുസമ്മാനം നിരസിക്കുക?”
വർഷങ്ങളുടെ കരിങ്കൽഭിത്തി ഒരു മൃദുശീല കണക്കെ പൊടിഞ്ഞുതൂവി. ഞാനും മക്കളും കുറെ സമയം കൂടെയിരുന്നു. മനസ്സ് നിറഞ്ഞാണു മടങ്ങിയത്.
തുടർന്ന് മാതൃഭൂമിയുടെ നേതൃത്വത്തിൽ നടന്ന പത്മനാഭ കഥകളുടെ സെമിനാറിൽ –പത്മനാഭന്റെ കഥകളിലെ മഴയെക്കുറിച്ച് ഞാനൊരു പേപ്പർ അവതരിപ്പിച്ചു.
‘കാലവർഷം’ എന്ന കഥയിലെ പെൺകുട്ടിക്ക് അതൊരു അവകാശമാണല്ലോ. കോളജിൽ ചേർന്ന ശേഷം ഞാൻ ആദ്യമായിട്ടായിരുന്നു അത്തരമൊരു പേപ്പർ അവതരിപ്പിക്കുന്നത്.
പിന്നെയും പിണക്കങ്ങളുണ്ടായി. അദ്ദേഹം ഫോൺവിളിക്കുമ്പോൾ പലപ്പോഴും എടുക്കാനാകാറില്ല. ബന്ധുസദസ്സിൽ, ആൾക്കൂട്ടത്തിൽ, ക്ലാസ് മുറിയിൽ ഒക്കെ ബഹളത്തിനു നടുവിൽ നിൽക്കുമ്പോൾ സംസാരിക്കാൻ മടിതോന്നും.
ഒരു പ്രാർഥനപോലെ വിശുദ്ധമായിരുന്നു, എനിക്കു ടി. പത്മനാഭനോടു പറയാനുള്ള വാക്കുകൾ. അത് അങ്ങാടിയിലിരുന്ന് പറയാൻ വയ്യ. മനസ്സ് ദേവാലയംപോലെ പരിശുദ്ധമാകണം.
കാലം കടന്നുപോയി. പിണക്കം ഖനീഭവിക്കുമെന്ന തോന്നലുണ്ടായപ്പോൾ ഞാനും കൂട്ടുകാരിയും മാധ്യമപ്രവർത്തകയുമായ ലേബിയും കണ്ണൂരിലേക്ക് വണ്ടികയറി.
ലേബിയുടെ സുഹൃത്തായ റീനയും –അന്തരിച്ച സതീശൻ പാച്ചേനിയുടെ ഭാര്യ– ഞങ്ങൾക്കൊപ്പം പള്ളിക്കുന്നിലെ വീട്ടിലേക്ക് കൂട്ടുവന്നു.
റീന പറഞ്ഞു –കണ്ണൂർ ഡി.സി.സി ഓഫിസ് പണിയാൻ പണമില്ലാതെ സതീശൻ പാച്ചേനി സ്വന്തം വീടുവിറ്റതറിഞ്ഞ് ടി. പത്മനാഭൻ സതീശനെ വിളിപ്പിച്ച് നല്ലൊരു തുക നിർമാണപ്രവർത്തനത്തിനു സംഭാവന നൽകിയത്രെ.
അപ്പോൾ ഞാൻ ‘അയാളുടെ’ സഹായി രാമചന്ദ്രേട്ടൻ പറഞ്ഞതോർത്തു. വർഷങ്ങളായി അദ്ദേഹത്തെയും ഭാര്യയെയും നോക്കുന്ന ഹോംനഴ്സിന്റെ മകളുടെ വിവാഹത്തിന്റെ മുഴുവൻ ചെലവും അദ്ദേഹംതന്നെ ഏറ്റെടുത്താണ് നടത്തിയത്.
പുറമെ മഞ്ഞുമലപോലെ തോന്നിക്കുന്ന ആ മനുഷ്യന്റെ ഉള്ളറ നിറയെ സ്നേഹത്തിന്റെ തണുപ്പാണെന്ന്. ചെറിയൊരു ചൂടുതട്ടിയാൽ ആ മഞ്ഞുമല കാരുണ്യത്തിന്റെ ഗംഗയാകുമെന്ന്.
അതുകൊണ്ട് എന്നെക്കാണുമ്പോൾ പരിഭവം ക്ഷോഭമായി മാറുമെന്ന് ഉറപ്പാണെങ്കിലും അത് ഒരു കുമിളപോലെ പൊട്ടിച്ചിതറുമെന്ന് എനിക്കു പ്രതീക്ഷയുണ്ടായിരുന്നു. ആദ്യമൊക്കെ ഉറച്ചുനിന്നെങ്കിലും മെല്ലെ മുറുക്കം തോടുപൊളിച്ച് സ്നേഹത്തിന്റെ കിളി മെല്ലെ ചിറകുവീശാൻ തുടങ്ങി.
‘‘മുഖ്യമന്ത്രി പിണറായി വിജയൻപോലും ഞാൻ വിളിച്ചാൽ കിട്ടിയില്ലെങ്കിൽ അൽപസമയശേഷം തിരിച്ചുവിളിക്കും. നിനക്കു മാത്രം...’’
ഒരു കഥയിലെ സംഭാഷണംപോലെ അർധവിരാമത്തിൽ പത്മനാഭൻ കുത്തുകളിൽ (...) ആ വരി അദ്ദേഹം പറഞ്ഞു നിർത്തി.
പോരാൻ നേരം ഞാനാ കൈകളിൽ ഒന്ന് ഉമ്മെവച്ചു. എന്റെ ആ കുറുമ്പിൽ അദ്ദേഹം കുസൃതിയോടെ ചിരിച്ചു. എന്നെപ്പോലെ അൽപം അന്തർമുഖത്വമുള്ള ഒരാൾ ഇങ്ങനെയൊന്ന് ഒപ്പിക്കുമെന്നു കരുതിയില്ലെന്നു തോന്നുന്നു.
മടക്കയാത്രയിൽ ട്രെയിനിലിരുന്ന് ഞാൻ ലേബിയോടു പറയുകയായിരുന്നു–
“ഞാൻ കോളജിൽ ചേർന്നപ്പോൾ എനിക്ക് ആദ്യം പഠിപ്പിക്കാൻ കിട്ടിയത് പത്മനാഭന്റെ ‘കടയനെല്ലൂരിലെ ഒരു സ്ത്രീ’യും എം.ടിയുടെ ‘കർക്കിടക’വുമായിരുന്നു. അതുകഴിഞ്ഞ് കുട്ടികളുടെ പ്രോജക്ടിന് ഗൈഡായപ്പോൾ അവർ ചെയ്ത പ്രോജക്ട് ‘ബാല്യത്തിന്റെ ആവിഷ്കാരം ടി. പത്മനാഭന്റെ കഥകളിൽ’ എന്നതായിരുന്നു. പിഎച്ച്.ഡി ഗവേഷണത്തിനായി ഭാഷാപോഷിണിയുടെ രണ്ടാം ഘട്ടം തിരഞ്ഞെടുത്ത് അതിനായി 1977ൽ ഭാഷാപോഷിണി പുനരാരംഭിച്ചപ്പോഴത്തെ ആദ്യലക്കം കൈയിലെടുത്തപ്പോൾ അതിൽ അയാളുടെ കഥ –‘ആത്മാവിന്റെ മുറിവുകൾ’.
വിധിയുടെ നൂലിഴകൾ ഞങ്ങളെ ബന്ധിപ്പിക്കുന്നുണ്ട്. ഇദ്ദേഹം മുൻജന്മങ്ങളിൽ എന്റെ പിതാവായിരുന്നിരിക്കണം. അതികഠിനമായ സ്നേഹത്താൽ...”
“മതി. നിറുത്ത്!” ലേബി തടഞ്ഞു. “നീയീ മഹാപാപമൊക്കെ എവിടെ കൊണ്ടുവെക്കും. ഈ മനുഷ്യന്റെ ഇത്ര വർഷങ്ങളിലെ സ്നേഹം അനുഭവിക്കാൻ കഴിയാത്ത നീ എന്തു ഭാഗ്യദോഷിയാണ്...”
“എന്തോ ശാപമായിരിക്കുമല്ലേ?”
എന്റെ സങ്കടം കണ്ട് അവൾ പിന്നെ ഒന്നും പറഞ്ഞില്ല.
ഞാനും അവളും ട്രെയിനിന്റെ ഡോറിനരികിൽ പുറത്തേക്ക് നോക്കിനിന്നു. ആകാശം മൂടിക്കെട്ടി നിൽപുണ്ട്. ‘കാലവർഷം’ എന്ന കഥ വീണ്ടും ഞാനോർത്തു.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ, വടക്കുനിന്നു വരുന്ന എഴുത്തുകാരനെ കാത്ത്, കോളജിലെ ക്ലാസ് കട്ട് ചെയ്തു നിൽക്കുന്ന അതീവ നിഷ്കളങ്കയായ ആ കുട്ടി, നിറയെ പീലികൾ നിറഞ്ഞ വെളുത്ത കണ്ണുകളോടെ അയാളെ കാത്തു നിൽക്കുന്നവളെ കണ്ട് അയാളൊന്നു ചിരിച്ചു. അയാളുടെ വലിയ കുടയിൽ നഗരത്തിലെ മഴയിലേക്ക് അവർ ഇറങ്ങി.
കഥകളിലെല്ലാം അദ്ദേഹത്തെ പ്രതിനിധാനംചെയ്യുന്ന കഥാപാത്രം ‘അയാൾ’ ആയിരുന്നു. അയാളുടെ പൂച്ചക്കുട്ടികൾ, അയാളുടെ മുരിങ്ങമരം, അയാൾ കണ്ട കടൽ, അയാളുടെ കഥക്കുട്ടികൾ, അയാളുടെ റോസാപ്പൂക്കൾ, അയാളുടെ സംഗീതം, അയാളുടെ ഏകാന്തത...
അവൾ ഒരു സങ്കടമാണെന്ന് അയാൾക്കറിയാം. ആ മകളെ ചേർത്തുപിടിച്ചുകൊണ്ട് നടക്കുമ്പോൾ അവൾ മഴ നനയരുതെന്ന് അയാൾ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അവൾ പിന്നീടുള്ള ജീവിതത്തിൽ പെരുമഴ നനഞ്ഞു. പ്രളയത്തിൽ ഒലിച്ചുപോകുകയും ചെയ്തു.
‘കാലവർഷം’ അച്ചടിച്ചുവന്ന് ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ, അദ്ദേഹത്തെ യാത്രയയക്കാൻ ആ പെൺകുട്ടി പതിവുപോലെ ക്ലാസ് കട്ട് ചെയ്തു വന്നുനിൽക്കുമ്പോൾ, പരശുറാം എക്സ്പ്രസിൽ വാതിലിനരികിൽനിന്നു നിരൂപക മിനി പ്രസാദ് ‘അയാളോടു’ ചോദിച്ചു– ‘‘ഇത് രേഖയല്ലേ?’’
കുട്ടി അത്ഭുതം കൂറിനിന്നു. അയാൾ കണ്ണുകളിറുക്കിയടച്ച് വല്ലാത്തൊരു കുസൃതിഭാവത്തിൽ ചിരിച്ചു.
‘കാലവർഷം’ എന്ന കഥയിൽനിന്ന് അയാളെയും പെൺകുട്ടിയെയും ലോകം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു എന്ന ആനന്ദം ഹൃദയത്തിൽ നിറച്ച് മടങ്ങിയത് ഇന്നലെയോ ഇന്നോ...

ടി. പത്മനാഭനെ കാണാൻ കണ്ണൂരിലെ വീട്ടിൽ രേഖ കെ, റീന, ലേബി സജീന്ദ്രൻ എന്നിവർ എത്തിയപ്പോൾ
ടി. പത്മനാഭനുള്ള ലോകത്ത് ഞാൻ അത്രയേറെ സുരക്ഷിതയാണെന്ന് എനിക്കുറപ്പാണ്.
‘കാലവർഷം’ എന്ന കഥ അവസാനിക്കുന്നത് ആശാൻ കവിതയെ തൊട്ടാണ്–
“നിശ്ശബ്ദമാം നിശീഥത്തിൽ
ശാന്തശീതസമീരനിൽ
ചാഞ്ചാടും പാതിരാദീപ
ജ്വാലാ പത്മദളങ്ങളിൽ...”
“അവൾ! പ്രഭാതപുഷ്പംപോലെ ഒരു പെൺകുട്ടി!” അയാൾ ‘കാലവർഷം’ അങ്ങനെ അവസാനിപ്പിച്ചു.
പ്രഭാതപുഷ്പംപോലെ ആർദ്രയായ പെൺകുട്ടി മരിച്ചുകഴിഞ്ഞെങ്കിലും ഏതു പെരുമഴയിലും ഒരു കുട എനിക്കു നേരെ ഉയർന്നുവരും –അതിന്റെ പേരാണ് ടി. പത്മനാഭൻ!