സിവിൽ സമൂഹത്തിന്റെ ഒപ്പം നിന്ന ധീരത
മാധ്യമം ആഴ്ചപ്പതിപ്പ് 25ാം വർഷത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ ചരിത്രപരമായി 'ആഴ്ചപ്പതിപ്പി'നുള്ള പങ്ക് പരിശോധിക്കുന്നു. ഒപ്പം 'മാധ്യമം' എന്തുകൊണ്ട് തെന്റ വായനയുടെയും എഴുത്തിെന്റയും ഭാഗമായി എന്നും വിവരിക്കുന്നു.മാധ്യമം ആഴ്ചപ്പതിപ്പ് മലയാള മാധ്യമ പത്രപ്രവർത്തനരംഗത്ത് വലിയ വ്യതിയാനങ്ങള്‍ സൃഷ്ടിച്ച സാംസ്കാരിക-രാഷ്ട്രീയ ഇടപെടലായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. സാഹിത്യ സാംസ്കാരിക മേഖലയിലെ വരേണ്യത തകരാതെ നിൽക്കുകയും...
Your Subscription Supports Independent Journalism
View Plansമാധ്യമം ആഴ്ചപ്പതിപ്പ് 25ാം വർഷത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ ചരിത്രപരമായി 'ആഴ്ചപ്പതിപ്പി'നുള്ള പങ്ക് പരിശോധിക്കുന്നു. ഒപ്പം 'മാധ്യമം' എന്തുകൊണ്ട് തെന്റ വായനയുടെയും എഴുത്തിെന്റയും ഭാഗമായി എന്നും വിവരിക്കുന്നു.
മാധ്യമം ആഴ്ചപ്പതിപ്പ് മലയാള മാധ്യമ പത്രപ്രവർത്തനരംഗത്ത് വലിയ വ്യതിയാനങ്ങള്‍ സൃഷ്ടിച്ച സാംസ്കാരിക-രാഷ്ട്രീയ ഇടപെടലായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. സാഹിത്യ സാംസ്കാരിക മേഖലയിലെ വരേണ്യത തകരാതെ നിൽക്കുകയും അത് തകരേണ്ടത് ആവശ്യമാണ് എന്ന് മുഖ്യധാരയില്‍ ആർക്കും തോന്നുകപോലും ചെയ്യാതിരിക്കുകയും ചെയ്ത ഒരു കാലത്താണ് 'മാധ്യമം' രംഗപ്രവേശം ചെയ്യുന്നത്. 'മാധ്യമ'ത്തിന്റെ സവിശേഷത അത് സ്വയം വരേണ്യതക്കെതിരായി നിലകൊള്ളുന്നു എന്ന ഒരു മാനിഫെസ്റ്റോ ഇറക്കാതെതന്നെ അതിന്റെ പ്രവർത്തനത്തിലൂടെ അതുവരെ ഉണ്ടായിരുന്ന പല മാമൂലുകളും ഇല്ലാതാക്കി എന്നതാണ്.
സ്ത്രീകള്‍, പാർശ്വവത്കൃത സമൂഹങ്ങള്‍, 'ലുംപന്‍' എന്ന് തള്ളപ്പെടുന്ന വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി പലനിലകളില്‍ മർദനവും അധിക്ഷേപങ്ങളും അനുഭവിക്കുന്നവരുടെ ശബ്ദങ്ങള്‍ കേരളത്തില്‍ വരേണ്യജീവികളില്നിന്നുതന്നെ പല ഘട്ടങ്ങളിലും മുഴങ്ങിക്കേട്ടിട്ടുണ്ട്. അത്തരത്തില്‍ നവോത്ഥാന പാരമ്പര്യം പുലർത്തുന്ന വരേണ്യതയുടെ ഒരു പുരോഗമന മുഖം കേരളത്തിന് എല്ലാകാലത്തും ഉണ്ടായിരുന്നു. എന്നാല്‍ 'മാധ്യമം' ഈ മേഖലയില്‍ സൃഷ്ടിച്ച മാറ്റം വിപ്ലവകരമായിരുന്നു. പ്രാന്തവത്കൃത സമൂഹങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ വരേണ്യ പാരമ്പര്യത്തെ ഉൾക്കൊണ്ടുതന്നെ, മർദിതസമൂഹങ്ങൾക്കും സ്വന്തമായി നാവുണ്ടെന്നും അവർക്കുകൂടി സംസാരിക്കാനുള്ളതാണ് സംസ്കാരത്തിന്റെ ബഹുസ്ഥലങ്ങള് എന്നും അതുവരെ അതിനു മടിച്ചുനിൽക്കുകയോ അങ്ങനെ ഒരു ബോധം പ്രകാശിപ്പിക്കുകയോ ചെയ്യാതിരുന്ന മാധ്യമലോകത്തിനു മുന്നില്‍ വിളിച്ചുപറഞ്ഞു എന്നതാണ് 'മാധ്യമ'ത്തിന്റെ സവിശേഷതയായി ഞാന്‍ മനസ്സിലാക്കുന്നത്.
ലോക്കപ്പില്‍ അടികൊണ്ടാല്‍ പ്രതിഷേധിക്കുന്ന ലിബറല്‍ ജനാധിപത്യവാദിയും മർദനത്തെ നീതിമത്കരിക്കാന് നോക്കുന്ന ഭരണവർഗങ്ങളും മാത്രമല്ല, മർദിതരും സ്വന്തം നിലപാടുകളും അനുഭവങ്ങളും പറയുമെന്നും അവരുടെ ശബ്ദത്തെ തിരസ്കരിക്കുകയോ അതിന്റെ ആധികാരികത ചോദ്യംചെയ്യുകയോ ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ സമീപനം ജനാധിപത്യ വിരുദ്ധമാണെന്നുമുള്ള പൊതുബോധം ഇന്ന് കേരളത്തിലുണ്ടായത് 'മാധ്യമ'ത്തിന്റെ ഇടപെടലുകൊണ്ടുകൂടിയാണ് എന്നത് വിസ്മരിക്കാന്‍ കഴിയില്ല. അതുവരെ സാംസ്കാരിക-രാഷ്ട്രീയ-സാഹിത്യ വ്യവഹാരങ്ങൾക്കായി അച്ചടിപ്പുറങ്ങള് നിഷേധിക്കപ്പെട്ടിരുന്നവര് ഒരു മുഖ്യധാരാ മാസികയുടെ ഭാഗമായി പൊതുസമൂഹത്തോട് സംസാരിക്കുക എന്നത് സാധ്യമായത് 'മാധ്യമ'ത്തിന്റെ വരവോടെ ആയിരുന്നു. ആദിവാസി- ദലിത് സാഹിത്യം മുതല്‍ പ്രാന്തവത്കൃതമായ നിരവധി വ്യവഹാരങ്ങള്‍ക്ക് അതുവരെ അവക്ക് ലഭിച്ചിരുന്ന ഒന്നുകില്‍ ദയാസംരക്ഷണത്തിന്റെ അല്ലെങ്കില്‍ അവഗണനയുടെ അവസ്ഥകള്‍ ഭേദിച്ചുകൊണ്ട് സ്വന്തം സ്വത്വ പ്രകാശനംതന്നെയായി പൊതുമണ്ഡലത്തില്‍ സംവദിക്കാന്‍ കഴിയുന്ന സാഹചര്യം വികസിപ്പിക്കുന്നതിനാണ് 'മാധ്യമം' ശ്രമിച്ചുപോന്നത്. ഇതുണ്ടാക്കിയ പാരഡൈം ഷിഫ്റ്റിനു തുല്യമായി മറ്റൊരു പ്രസിദ്ധീകരണത്തിനും അതിനുമുമ്പ് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ ഒരു ഡമോൺസ്ട്രഷന്‍ ഇഫക്റ്റ് തീർച്ചയായും ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ഈ മാതൃകയെ അവഗണിച്ച മറ്റു മാധ്യമങ്ങൾക്കും പിന്നീട് ഈ രീതി സ്വീകരിക്കേണ്ടി വന്നു.
ആശയപരമായി സിവിൽ സമൂഹ രാഷ്ട്രീയത്തിനൊപ്പം നിൽക്കുക എന്നത് ഒരു മർദക സംവിധാനത്തിനുള്ളില്‍ എളുപ്പമല്ല. ആ വസ്തുത മനസ്സിലാക്കിക്കൊണ്ടുതന്നെ, അതിന്റെ പ്രത്യാഘാതങ്ങള്‍ സ്വീകരിക്കാന്‍ തയാറായിക്കൊണ്ടുതന്നെ, നിസ്സങ്കോചം ആ കര്‍ത്തവ്യം ഏറ്റെടുത്ത സാംസ്കാരിക ഉദ്യമമാണ് 'മാധ്യമം' എന്നത് നമ്മുടെ പ്രസിദ്ധീകരണ ചരിത്രത്തിലെ മായ്ച്ചു കളയാന്‍ കഴിയാത്ത ഒരേട് തന്നെയാണ്. മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ മേഖലയില്‍ സ്ഥൂലമായ ഇടപെടലുകളില്‍നിന്ന് സൂക്ഷ്മമായ ഇടപെടലുകളിലേക്ക് ആദ്യമായി ബോധപൂർവം കടക്കുന്ന ഒരു മുഖ്യധാരാ പ്രസിദ്ധീകരണം 'മാധ്യമം' ആയിരുന്നു. നവോത്ഥാന പാരമ്പര്യത്തെ കൈയൊഴിയാതെ നവോത്ഥാനത്തിന്റെ തുടർച്ചകളിലെ വിള്ളലുകള്‍ തുറന്നുകാട്ടുന്ന ഒരു സമ്പ്രദായം മുഖ്യധാരക്ക് അപരിചിതമായിരുന്നു. ജനാധിപത്യവും മനുഷ്യാവകാശവും എല്ലാം രചന-പ്രഭാഷണങ്ങളെ സ്ഥൂലമാക്കാനുള്ള റെട്ടറിക്കുകള്‍ എന്നതിൽനിന്ന് പ്രായോഗിക സാധ്യതകളുള്ള ഇടപെടലുകളായി മാറ്റിയ നവ സാമൂഹിക പ്രസ്ഥാനങ്ങളെ പിന്തുണക്കുകയും ആ സമീപനത്തെ അംഗീകരിക്കുകയും ചെയ്തുകൊണ്ട് കേരളത്തിലെ മാധ്യമമേഖലയില്‍ വലിയൊരു മാറ്റത്തിനു തുടക്കമിടാന്‍ 'മാധ്യമ'ത്തിനു കഴിഞ്ഞു എന്നതിന്റെ ഒരു ദൃക്സാക്ഷികൂടിയാണ് ഞാന്‍.
ഇപ്പോഴും പ്രസക്തമായ ഒരു സമീപനമാണിത് എന്നത് കൂടുതല്‍ വിശദീകരിക്കാന്‍ ഒരു ഉദാഹരണം നൽകാന് കഴിയും. ഈ അടുത്തകാലത്ത് ഞാന്‍ ശ്രദ്ധിച്ച രണ്ടു സംഭവങ്ങള്‍ ഉണ്ട്. ഒന്ന് കാസർേകാട് ഒരു ക്ഷേത്രത്തില്‍ ഒരു മുസ്ലിം സ്ത്രീ തെയ്യത്തെ കണ്ടു വഴിപാടു കൊടുക്കാമോ എന്ന് ശങ്കിച്ച് നിന്നപ്പോള്‍ ''നിങ്ങള്‍ വേറെയല്ല ഈ ദൈവത്തിനു'' എന്നൊക്കെ ചില സദ്വചനങ്ങള്‍ പറഞ്ഞു തെയ്യം കെട്ടിയ കലാകാരന് ആ സ്ത്രീയെ ആശ്വസിപ്പിക്കുന്ന വിഡിയോ ദൃശ്യമായിരുന്നു. ഇത് വളരെ സുഖദായകമായി തോന്നുന്ന ഒരു വിഷ്വല്‍ ആയിരുന്നു. നവോത്ഥാന പാരമ്പര്യത്തിലെ മതസമന്വയവും പാരസ്പര്യവും ഒക്കെ ഇതിലുണ്ടെന്ന വിചാരം തീർത്തും അപ്രസക്തമല്ല. അതുകൊണ്ടുതെന്ന സാമൂഹികമാധ്യമങ്ങളില്‍ ഇത് വ്യാപകമായി പങ്കുെവക്കപ്പെടുന്നുണ്ടായിരുന്നു. ''ഇതാണ് കേരളം'' എന്ന അഭിമാനം പകരുന്ന ദൃശ്യമായി അത് വളരെ വേഗം മനസ്സിലാക്കപ്പെട്ടു. എന്നാല്‍ ഇതിന്റെ അടുത്ത ദിവസങ്ങളിലൊന്നില്‍ മറ്റൊരു വാർത്ത ഉണ്ടായി. മേൽപറഞ്ഞ സംഭവം നടന്നതിനു അധികം അകലെയല്ലാതെ കരിവെള്ളൂര്‍ കുതിരുമ്മലയിലെ പൂരക്കളി കലാകാരന് വിനോദ് പണിക്കർക്ക് ആ പ്രദേശത്തെ ക്ഷേത്ര ഭാരവാഹികള്‍ പൂരക്കളിയില്‍ പങ്കെടുക്കാന്‍ വിലക്ക് ഏർപ്പെടുത്തിയതായിരുന്നു അത്.
അദ്ദേഹത്തിന്റെ മകന് ഒരു മുസ്ലിം യുവതിയെ വിവാഹം കഴിച്ചതിന്റെയും അവരൊന്നിച്ചു വിനോദ് പണിക്കരുടെ വീട്ടില്‍ താമസിക്കുന്നതിന്റെയും പേരിലാണ് ക്ഷേത്ര ഭാരവാഹികള്‍ വിലക്കേർപ്പെടുത്തിയതെന്നാണ് അദ്ദേഹംതന്നെ പറയുന്നത്. ആദ്യ ദൃശ്യം സന്തോഷത്തോടെ പങ്കുെവച്ച പലരും ഈ വാർത്ത അറിഞ്ഞതായിപോലും ഭാവിക്കുന്നുണ്ടായിരുന്നില്ല. ഇത് നവോത്ഥാന ഈഗോയെ മുറിവേൽപിക്കുന്ന വാർത്തയാണ്. ഇത് അവഗണിക്കാന്‍ അല്ലാതെ ഇതുമായി എൻഗേജ് ചെയ്യാന്‍ നമുക്ക് ബുദ്ധിമുട്ടാണ്. ജാതിക്കൊലകളെ, ജാതി വിദ്വേഷങ്ങളെ നിത്യയാഥാർഥ്യമായി കാണാന്‍ നമുക്ക് താൽപര്യമില്ല. മുകളില്‍ പറഞ്ഞ രണ്ടു സംഭവങ്ങളില്‍ ഒന്ന് ആകസ്മികതയും മറ്റൊന്ന് ഘടനാപരവും ചരിത്രപരവും ആയിട്ടുപോലും നമുക്ക് ആ ആകസ്മികത നൽകുന്ന തലോടലില്‍ അഭിരമിച്ചുകൊണ്ട് ഘടനാപരമായ വലിയ അടികളെ അവഗണിക്കാനാണ് ഇഷ്ടം. ഇതിനെയാണ് ഞാന്‍ നവോത്ഥാന ദുരഭിമാനം എന്ന് വിളിക്കുന്നത്. ആദ്യത്തേത് 'മതേതരത്വവും' രണ്ടാമത്തേത് 'ലവ് ജിഹാദു'മാകുന്ന ഒരു പ്രത്യയശാസ്ത്രബോധം ഇവിടെ എല്ലാകാലത്തും ഉണ്ടായിരുന്നു. അതിനെതിരെ സാംസ്കാരികമായി പൊരുതാന്‍ തയാറായ ആദ്യത്തെ മുഖധാരാ പ്രസിദ്ധീകരണങ്ങളില്‍ ഒന്ന് തീർച്ചയായും 'മാധ്യമം' തന്നെയാണ്.
ഒരു എഴുത്തുകാരന് എന്ന നിലയില്‍ അടുത്ത ബന്ധമാണ് എനിക്ക് 'മാധ്യമം ആഴ്ചപ്പതിപ്പു'മായി ഉള്ളത്. എന്റെ സ്വന്തമായ എഴുത്തിന്റെ ആധിക്യത്തിന്റെ പേരിലല്ല അത്. മറിച്ച് വായനയുടെ അടിസ്ഥാനത്തില്‍ ആണ്. മറ്റൊരു പ്രസിദ്ധീകരണത്തിലും കടന്നുവരാന്‍ സാധ്യതയില്ലാത്ത നിരവധി രാഷ്ട്രീയ സാംസ്കാരിക വ്യവഹാരങ്ങൾക്ക് ഇടംകൊടുത്തുകൊണ്ടുള്ള 'മാധ്യമ'ത്തിന്റെ ഇൻക്ലൂസിവ് സമീപനം മാധ്യമമേഖലയില്‍ കൊണ്ടുവന്ന നവീനതയും യാഥാർഥ്യബോധവും നിസ്സാരമല്ല. ഓരോ കാലഘട്ടത്തിലും 'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ ചുമതലവഹിച്ചിരുന്ന സുഹൃത്തുക്കള്‍ രാഷ്ട്രീയമായും സാംസ്കാരികമായും പുലർത്തിയിട്ടുള്ള ജാഗ്രത എനിക്ക് നേരിട്ട് തന്നെ അറിവുള്ളതാണ്. ഇത് മലയാള വായനയുടെ പരിസരങ്ങളില്‍ സൃഷ്ടിച്ച വിപ്ലവകരമായ മാറ്റങ്ങളുടെ അനുരണനങ്ങള്‍ മറ്റു പ്രസിദ്ധീകരണങ്ങളുടെ ശൈലിയെയും സമീപനത്തെയും സ്വാധീനിച്ചിട്ടുണ്ട്. 'മാധ്യമം ആഴ്ചപ്പതിപ്പ്' അക്കാര്യത്തില്‍ എപ്പോഴും അഗ്രഗാമിയായിരുന്നു.
സമരവ്യഗ്രമായ ഒരു സിവില്‍ സമൂഹത്തിന്റെ നിരന്തര സഹഗാമിയാവുക എന്ന ഉത്തരവാദിത്തം വിട്ടുവീഴ്ചകള്‍ ഇല്ലാതെ നിർവഹിക്കുന്ന ഒരു പ്രസിദ്ധീകരണം ഇന്നത്തെ രാഷ്ട്രീയ കാലഘട്ടത്തില്‍ അനിവാര്യമാണ്. മനുഷ്യാവകാശങ്ങള്‍ റദ്ദു ചെയ്യപ്പെടുകയും ജനാധിപത്യവും ഭരണഘടനയുമെല്ലാം പിന്തള്ളപ്പെടുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സാഹചര്യം മതഭൂരിപക്ഷ ദേശീയ ഫാഷിസ്റ്റ് ശക്തികള്‍ സൃഷ്ടിച്ചിരിക്കുന്നു. ഈ സന്ദർഭത്തില്‍ വലിയ ചുമതലകളാണ് 'മാധ്യമം' പോലെയുള്ള ഒരു പ്രസിദ്ധീകരണത്തിനുള്ളത്. പരിസ്ഥിതി പ്രശ്നങ്ങള്‍, മനുഷ്യാവകാശ പ്രശ്നങ്ങള്‍, ജനാധിപത്യ ധ്വംസനങ്ങള്‍, ദലിത്- ന്യൂനപക്ഷ ഹിംസകള്‍, വിവിധ ചെറുസമൂഹങ്ങളുടെയും വ്യക്തികളുടെയും പ്രാന്തവത്കരണങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ മുന്‍പെന്നപോലെ ഇനിയും ഉയർത്തിക്കൊണ്ടുവരാന്‍ 'മാധ്യമ'ത്തിനു കഴിയട്ടെ എന്നും തുടർന്നും ഭാഷയിലെ, സംസ്കാരത്തിലെ, രാഷ്ട്രീയത്തിലെ ശക്തമായ ജാഗ്രതയായി, കരുതലായി നിലനിൽക്കാന് കഴിയട്ടെ എന്നും ആശംസിക്കുന്നു.