ഒളിവ്

അപ്പോൾ, രഹസ്യം പറയുന്നതിലല്ല കുഴപ്പം, കാണുന്നോർക്ക് എന്ത് തോന്നുമെന്നതിലാണ്. കാരണം, രഹസ്യം തങ്ങളെക്കുറിച്ചതാണെന്ന് അവർ കരുതാനിടയുണ്ട്. പ്രശ്നമർമം അവിടെയാണ് –നമുക്കെല്ലാം ഞാൻ-ഞാൻ-ഞാൻ ‘സൂക്കേട്’ ലേശം കലശലാണ്. ആവശ്യത്തിലേറെ സ്വയം ഗൗരവത്തിലെടുക്കുന്നു, അങ്ങനെ ആവശ്യത്തിലേറെ ഗൗരവം കിട്ടുന്നു, രഹസ്യങ്ങൾക്ക്. നിൽക്ക്, നിൽക്ക്. കേട്ട മാത്രയിലേ നിങ്ങളുടെ താൽപര്യം ഇരട്ടിച്ചുകഴിഞ്ഞില്ലേ. അതാണ് രഹസ്യങ്ങളുടെ കാന്തബലം. അറിയാതെ അങ്ങോട്ടായും, മനസ്സ്. സൗഹൃദ സൊറയിൽ രസംപിടിച്ചിരുന്ന ചങ്ങാതിക്കരികിലേക്ക് അവന്റെ കുട്ടി ഓടിയെത്തുന്നു, കാതിലെന്തോ കുശുകുശുക്കുന്നു. മറ്റുള്ളോരുടെ മുന്നിൽവെച്ച്...
Your Subscription Supports Independent Journalism
View Plansഅപ്പോൾ, രഹസ്യം പറയുന്നതിലല്ല കുഴപ്പം, കാണുന്നോർക്ക് എന്ത് തോന്നുമെന്നതിലാണ്. കാരണം, രഹസ്യം തങ്ങളെക്കുറിച്ചതാണെന്ന് അവർ കരുതാനിടയുണ്ട്. പ്രശ്നമർമം അവിടെയാണ് –നമുക്കെല്ലാം ഞാൻ-ഞാൻ-ഞാൻ ‘സൂക്കേട്’ ലേശം കലശലാണ്. ആവശ്യത്തിലേറെ സ്വയം ഗൗരവത്തിലെടുക്കുന്നു, അങ്ങനെ ആവശ്യത്തിലേറെ ഗൗരവം കിട്ടുന്നു, രഹസ്യങ്ങൾക്ക്.
നിൽക്ക്, നിൽക്ക്. കേട്ട മാത്രയിലേ നിങ്ങളുടെ താൽപര്യം ഇരട്ടിച്ചുകഴിഞ്ഞില്ലേ. അതാണ് രഹസ്യങ്ങളുടെ കാന്തബലം. അറിയാതെ അങ്ങോട്ടായും, മനസ്സ്.
സൗഹൃദ സൊറയിൽ രസംപിടിച്ചിരുന്ന ചങ്ങാതിക്കരികിലേക്ക് അവന്റെ കുട്ടി ഓടിയെത്തുന്നു, കാതിലെന്തോ കുശുകുശുക്കുന്നു. മറ്റുള്ളോരുടെ മുന്നിൽവെച്ച് അടക്കം പറയുന്നത് നന്നല്ലെന്നായി ചങ്ങാതി; കുട്ടിക്ക് അത്ഭുതം –അച്ഛൻമാത്രം കേൾക്കാനുള്ളത് കാതിൽ പറഞ്ഞാലെന്ത്, പിടികിട്ടുന്നില്ലവൾക്ക്. മറ്റുള്ളോരുടെ മുന്നിൽവെച്ചും രഹസ്യം പറയുന്ന സന്ദർഭങ്ങളെത്രയോ. പാന്റിന്റെ സിബ് തുറന്നാണ് കിടക്കുന്നതെന്ന് ചങ്ങാതിയോട് സഭയിൽ പറയുക, രഹസ്യമായല്ലേ?
അപ്പോൾ, രഹസ്യം പറയുന്നതിലല്ല കുഴപ്പം, കാണുന്നോർക്ക് എന്ത് തോന്നുമെന്നതിലാണ്. കാരണം, രഹസ്യം തങ്ങളെക്കുറിച്ചതാണെന്ന് അവർ കരുതാനിടയുണ്ട്. പ്രശ്നമർമം അവിടെയാണ് –നമുക്കെല്ലാം ഞാൻ-ഞാൻ-ഞാൻ ‘സൂക്കേട്’ ലേശം കലശലാണ്. ആവശ്യത്തിലേറെ സ്വയം ഗൗരവത്തിലെടുക്കുന്നു, അങ്ങനെ ആവശ്യത്തിലേറെ ഗൗരവം കിട്ടുന്നു, രഹസ്യങ്ങൾക്ക്.
പ്രത്യേകിച്ചൊരു രഹസ്യവുമില്ലാത്തിടത്തും രഹസ്യം കാണാനുള്ള പ്രവണതയാണ് ഈ സൂക്കേടിന്റെ അനന്തരപടി. ഇതാണ് പല ഗോപ്യ പ്രതിഭാസങ്ങളിലും മുങ്ങാൻ കാരണം –മന്ത്രവാദം, ആഭിചാരം, മിസ്റ്റിസിസം. ഗഗനഗോളങ്ങളുടെ ചലനത്തിൽ ഗുപ്തരൂപമാതൃക ആരോപിച്ച് അതിന്മേൽ മനുഷ്യജീവിതത്തെക്കുറിച്ച് പ്രവചനം നടത്തുന്നു, ജ്യോതിഷം. അക്ഷരത്തിലുള്ള വ്യക്തിനാമത്തിന് അക്കമൂല്യം ആരോപിച്ച് അതിന്മേൽ ഭവിഷ്യത് പ്രവചനം നടത്തുന്ന മറ്റൊരഭ്യാസം, ന്യൂമറോളജി. ഉള്ളംകൈയിൽ രേഖകളുണ്ടാവുന്നത് വിരലുകളും കൈത്തലവും മടക്കാൻ വേണ്ടിയുള്ള ശരീരഘടനയുടെ ഫലമാണ്. അങ്ങനെയുണ്ടാവുന്ന കൈരേഖകളിലും വിധിരഹസ്യം ആരോപിച്ചാണ് ഹസ്തരേഖാ ‘ശാസ്ത്രം’ പെഴക്കുന്നത്. ഇമ്മാതിരി ഭൂതല ഭവിഷ്യത് വാണിഭത്തിനും മീതെയാണ് പടുംമായത്തരം–ഓജോ ബോർഡ് തൊട്ട് ചാത്തൻസേവ വരെ.
മിസ്റ്റിക്കുകൾ സ്വയം കൽപിക്കുന്നത് പ്രപഞ്ചരഹസ്യങ്ങൾ തിരിച്ചറിയുന്ന സവിശേഷ ജന്മങ്ങളെന്നാണ്. ജീവിതം, മരണം, ആത്മാവ്, ദൈവം... അങ്ങനെ നീളുന്നു, അവരുടെ രഹസ്യപ്പട്ടിക. നക്ഷത്രഫല വ്യാപാരം തൊട്ട് ആൾദൈവ വ്യവസായം വരെ പന്തലിച്ചുകിടക്കുന്നു, നമ്മുടെ രഹസ്യക്കൊതിയുടെ വാണിഭരാശി. തമാശയുണ്ട്, രാവിലത്തെ കാലാവസ്ഥ കൃത്യമായി പ്രവചിക്കില്ല, ഉച്ചയൂണിന് കരുതിവെച്ച തൈര് കെട്ടത് പ്രവചിക്കില്ല, എന്നാലും മനുഷ്യർ ഇക്കൂട്ടരുടെ ഗൂഢലീലകളിൽ പൂണ്ടുകിടക്കും. കാരണം, രഹസ്യങ്ങൾ ഗൂഢം മാത്രമല്ല ആത്മനിഷ്ഠവുമാണ്. അവ നമ്മെക്കുറിച്ചാണ്. തെളിച്ചുപറഞ്ഞാൽ, ‘ഞാൻ-ഞാൻ-ഞാൻ’ സൂക്കേട് പോഷിപ്പിച്ചുപുലർത്തുന്നത്.
റൊആൽഡ് ഡാലിന്റെ പഴയൊരു ബാലകഥാവാക്യം ഓർമവരുന്നു – ‘‘ഏറ്റവും വലിയ രഹസ്യങ്ങൾ ഒളിപ്പിച്ചിരിക്കുന്നത് ഒട്ടുമേ പ്രതീക്ഷിക്കാത്തിടങ്ങളിലാണ്.’’
അങ്ങനെ ചില പ്രാഗ് രഹസ്യങ്ങളുണ്ടെങ്കിലോ, മേൽപ്പറഞ്ഞ വ്യാജങ്ങളില്ലാതെ? അവ നമ്മെക്കുറിച്ച് തന്നെയാണെങ്കിലോ? ദൂരെദൂരെ എവിടെയോ അല്ലെങ്കിേലാ? ഉദാഹരണമായി, ഇതെഴുതുന്നയാൾ ഈ നിമിഷം നാലു പ്രവൃത്തികളിലാണ് അകപ്പെട്ടിരിക്കുന്നത്. ഒന്ന്, എഴുത്ത്. രണ്ട്, കടലാസിൽ വീഴുന്ന അക്ഷരങ്ങൾ അബോധമായെന്നോണം എഴുത്തിനൊപ്പം വായിച്ചുനീങ്ങുന്നു. മൂന്ന്, പുറത്തുനിന്ന് ഒഴുകിയെത്തുന്ന രാത്രിശബ്ദങ്ങൾ കേൾക്കുന്നു. നാല്, അയൽമുറിയിൽ ഉയരുന്ന നേർത്ത ഈണം കേൾക്കുന്നു. നാലും ഒരേസമയം ചെയ്യാനുള്ള മനുഷ്യരുടെ സാമാന്യശേഷി ഒരു രഹസ്യകോഡിന്റെ ഫലമാണ്. അത് വകതിരിച്ചറിയാറില്ലെന്നു മാത്രം. വിചാരിക്കുന്നതിലേറെയുണ്ട്, അതിന്റെ പൊരുളും പൊലിപ്പും. വാനരനെ നരനാക്കാൻ പോന്ന ‘മായികശേഷി’ അതിലടങ്ങിയിരിക്കുന്നു. ഈ കോഡിന് പിന്നിലെ ഗോപ്യകരം ഒന്നേ ഒന്ന് –പ്രകൃതി.
സംസാരശേഷി കൈവരുന്നതിന് തൊട്ടുമുമ്പത്തെ ഹോമിനോയ്ഡ് മനുഷ്യൻ ഇപ്പോൾ മുന്നിലെത്തുന്നെന്ന് കരുതുക. അയാൾ നമ്മെ കാണുക ഏതോ അന്യഗ്രഹജീവികളായിട്ടാവും. കാരണം, അയാളുടെ മസ്തിഷ്‍കം പ്രകൃതിക്കായി മാത്രം നിർമിക്കപ്പെട്ടതാണ്, ആധുനിക ലോകത്തിന് വേണ്ടിയുള്ളതല്ല. എന്നുകരുതി, അതിഥി പേടിച്ചരണ്ട് പോകയൊന്നുമില്ല –ആധുനിക മനുഷ്യനിലുമുണ്ടല്ലോ പ്രകൃതിയുടെ ശേഷിപ്പുകൾ. അവയോട് അയാളുടെ മസ്തിഷ്കം ഇണങ്ങും. പ്രതിപ്രവർത്തിക്കും.
പരിണാമത്തിന്റെ കാഴ്ചക്കോണിൽ ഏത് പുതിയ മനുഷ്യജീവിയും അസംസ്കൃത മൃഗമാണ്. സംസ്കരിക്കപ്പെട്ട സമൂഹത്തിലേക്കാണ് ആ ജീവി ജനിച്ചുവീഴുന്നത്. പിന്നെയത് ക്രമേണ സംസ്കരിച്ചെടുക്കപ്പെടുന്നു. ഹോമിനോയ്ഡ് അതിഥിയെപ്പോലെ ഈ നവാഗതനും ആവശ്യമുണ്ട്, പ്രകൃതിയെ. ഇന്നത്തെ മനുഷ്യ മസ്തിഷ്‍കം സാംസ്കാരികമായി കൂടി പരുവപ്പെട്ടതാണ്. സംസ്കാരം പാടെ അങ്ങ് വേറിട്ട ഉരുപ്പടിയല്ല. അതിനുമുണ്ട് പ്രകൃതിയുടെ കൈയൊപ്പ്. അത് പ്രകൃതിയെ അനുകരിക്കുന്നുണ്ടോ?
ഉവ്വെന്നേ കരുതാനാവൂ. വനം വെളുപ്പിച്ചിട്ട് വഴിവക്കിൽ മരം വെച്ചുപിടിപ്പിക്കുന്ന മൃഗയാവിനോദത്തെക്കുറിച്ചല്ല. മറിച്ച്, മനുഷ്യരാശിയുടെ ഏറ്റവും അടിസ്ഥാനപരമായ ചില തൂണുകൾ പ്രാക്തനലോകത്തിന്റെ മുദ്രകൾ പേറുന്നുണ്ട്. ആ മുദ്രകളില്ലായിരുന്നെങ്കിൽ തൂണുകൾ എന്നേ തകർന്നടിഞ്ഞേനെ. നാമെത്ര ചുരുങ്ങിപ്പോയേനേ –ആൾക്കുരങ്ങുകളുടെ, കൂടിപ്പോയാൽ സമർഥരായ ഹോമിനോയ്ഡ് മനുഷ്യരുടെ നിലവാരത്തിലേക്ക്. എങ്ങനെയാകിലും ഇന്നുള്ള മനുഷ്യജീവിയേക്കാൾ തുലോം എളുതായ ഒരു ജീവിയാകുമത്.
തൂണുകളുടെ പേരു പറഞ്ഞില്ല: സംസാരം, സംഗീതം. വാനരനെ വാക്കുള്ള നരനാക്കിയത് സംസാരമാണ്. സംഗീതം അവനെ കലാകാരനുമാക്കി. സംസാരവും സംഗീതവും പ്രകൃതിയുടെ മറ്റംശങ്ങളെപ്പോലെ തന്നെ തോന്നിക്കുന്നു. അതാണ് ഈ രണ്ടു സവിശേഷതകളും മനുഷ്യൻ ആർജിച്ച വിധത്തെ പ്രസക്തമാക്കുന്നത്. സാംസ്കാരികമായി പരിണമിച്ച് പ്രകൃതിയുടെ പ്രതിച്ഛായയായിത്തീർന്നതാണ് സംസാരവും സംഗീതവും. ഇതാണ് അടിത്തട്ടിലെ രഹസ്യം. കൺമുന്നിലുണ്ടായിട്ടും നമ്മിൽനിന്ന് ഒളിഞ്ഞിരിക്കുന്ന നേര്. ഏതു വലിയ രഹസ്യകോഡിന്റെയും ഗോപ്യതീവ്രതയുണ്ട് രണ്ടിനും. പ്രകൃതിയെ അനുകരിക്കുകവഴി നമ്മുടെ പ്രാചീന മസ്തിഷ്കത്തിന് സംസാരവും സംഗീതവും ഒപ്പിയെടുക്കാനായി. അങ്ങനെയാണ് പ്രകൃത്യാ ഭാഷയും സംഗീതവുമില്ലാതിരുന്ന തലച്ചോറിനെ വിനിമയത്തിന്റെ ഉസ്താദും കലയുടെ ആചാര്യനുമായി മാറ്റിത്തീർത്തത്.
ഈ രണ്ടു വൈഭവങ്ങളും ആർജിക്കുന്നതിന് മുമ്പത്തെ മസ്തിഷ്കത്തിന് ഇപ്പോഴത്തേതിൽനിന്ന് അടിസ്ഥാന രൂപശിൽപത്തിൽ വ്യത്യാസമൊന്നുമില്ല. അപ്പോൾ സംസാരത്തിന്റെയും സംഗീതത്തിന്റെയും ഉൽപത്തിയേത്? ജനിതകം ഉരുത്തിരിച്ചതല്ല രണ്ടിന്റെയും സഹജത്വം. മറിച്ച് രണ്ടും സാംസ്കാരികമായി ആർജിച്ചവയാണ്, ആയിരത്താണ്ടുകളിലൂടെ നമ്മുടെ മസ്തിഷ്കത്തിന് നിരക്കുംവിധം ആകൃതിപ്പെട്ടു. പ്രകൃതിക്ക് നിരക്കുംവിധമായിരിക്കാൻ രൂപകൽപന ചെയ്യപ്പെട്ട ഒരു ശിരാവ്യൂഹമാണ് മനുഷ്യൻ. അതുകൊണ്ട് പ്രകൃതിയിൽനിന്നുതന്നെയുള്ള ഘടകങ്ങളാണീ ശേഷികളെന്ന് സാരം.
എങ്കിൽ, ഇക്കാര്യമെന്തേ നമുക്ക് വ്യക്തമാവുന്നില്ല, ഈ അനുകരണപ്പൊരുൾ? പ്രകൃതിയെപ്പറ്റി അത്രകണ്ട് അജ്ഞരൊന്നുമല്ല നാം. നോക്കിലും നാദത്തിലും പ്രകൃതി എപ്പടിയെന്ന് ഒരുപാടൊക്കെ അറിയാം, നമുക്ക്് ഈ അനുഭവജ്ഞാനമിരിക്കെയും ഇപ്പറഞ്ഞതിലെ പ്രകൃതിയുടെ കൈയൊപ്പ് തിരിച്ചറിയാതെ പോകുവതെന്തേ?

വിരോധാഭാസമായി തോന്നാം– പ്രകൃതിയെക്കുറിച്ച നമ്മുടെ അറിവ്, അതിന്റെ ഛായയും ശബ്ദവും യഥാർഥത്തിൽ എങ്ങനെയിരിക്കുന്നെന്ന് സൂക്ഷ്മതയോടെ ധരിക്കാൻ നമ്മെ സഹായിക്കുന്നില്ല. നമുക്ക് അവബോധമുള്ളത് യഥാർഥ വിവരത്തെക്കുറിച്ച വ്യാഖ്യാനങ്ങൾ മാത്രം. ഉദാഹരണത്തിന്, നിങ്ങളിപ്പോൾ ഒരു ചായപ്പീടികയിലാണ്. അവിടെ ആളുകളെ കാണുന്നു, ചായക്കോപ്പകളും കസേരകളും മേശകളും കാണുന്നു. ഈ വസ്തുക്കൾ കാണുന്നതിനെപ്പറ്റി ബോധവുമുണ്ട്. നിങ്ങളുടെ മസ്തിഷ്കം പക്ഷേ, ഇതിലേറെ കാണുന്നുണ്ട്. അതിന്റെ ദൃശ്യവ്യവസ്ഥിതിക്ക് മൂന്നു തലങ്ങളുണ്ട്. പ്രാഥമികതലം ഓരോ വസ്തുവിലെയും ഒറ്റയൊറ്റ അകപടലകൾ കാണുന്നു, പക്ഷേ അവയുടെ സംയുക്തങ്ങളെ കാണുന്നില്ല.
ദൃശ്യവ്യവസ്ഥിതിയുടെ മധ്യതലം വസ്തുവിലെ ലളിതമായ സംയുക്തങ്ങൾ കാണുന്നു, പക്ഷേ വസ്തുവിനെ സമഗ്രതയിൽ കാണുന്നില്ല. ഉന്നതതലമാകട്ടെ അംശപ്പടലകൾ വിട്ട് സമഗ്രതയിൽ മാത്രം വസ്തുവിനെ കാണുകയും അതേപ്പറ്റി അവബോധം തരികയുമാണ്. ദൃശ്യവ്യവസ്ഥിതിയിലെ ആദ്യ രണ്ടു തലങ്ങളും കണിയെപ്പറ്റി ഇങ്ങനൊരു സമഗ്രാവബോധം നമുക്ക് പകരുന്നില്ല. അതുകൊണ്ട് ചായപ്പീടികയിലെ കസേര എങ്ങനെയാണെന്ന് നിങ്ങൾക്കറിയാനാവുന്നു. അതേ കസേരയെ ദൃശ്യവ്യവസ്ഥിതിയിലെ പ്രാഥമിക, മധ്യമ തലങ്ങൾ കണ്ടതെങ്ങനെ എന്ന് നിങ്ങളറിയുന്നില്ല. ഇതുതന്നെ പ്രകൃതിയുടെ കാര്യത്തിലും. പ്രകൃതി എങ്ങനെയിരിക്കുന്നു, എങ്ങനൊക്കെ ശബ്ദിക്കുന്നു എന്നതിന്റെ വിശദമായ സൂക്ഷ്മാംശങ്ങൾ നാമറിയുന്നില്ല. കാഴ്ചയുടെയും ശബ്ദത്തിന്റെയും അർഥപൂർണമായ ‘സമഷ്ടിരൂപങ്ങ’ളാണ് നാം ധരിക്കുക.
കാഴ്ചക്കും കേൾവിക്കും ശ്രേണീയമായ നാഡീമേഖലകളുണ്ട്, മസ്തിഷ്കത്തിൽ. അവിടെയാണ് പ്രകൃതിയെക്കുറിച്ച വിശദാംശങ്ങൾ പാകം ചെയ്യപ്പെടുക. എന്നാൽ, അവയുടെ എല്ലാ തലങ്ങളിലേക്കും നമ്മുടെ അവബോധത്തിന് പ്രവേശനമില്ല. അന്തിമഫലം തരുന്നിടത്തേക്ക് മാത്രമാണ് പ്രവേശം. സംസാരവും സംഗീതവും പ്രകൃതിയിൽനിന്ന് അനുകരിക്കുന്ന പ്രക്രിയയിൽ നമ്മുടെ നാഡീവ്യവസ്ഥിതിയുടെ താഴേത്തലവും മധ്യതലവും പ്രവർത്തിക്കുകയും ഉന്നതതലം അത് വിഗണിക്കുകയും ചെയ്തിരുന്നെങ്കിലോ?
അംശങ്ങളും ലളിത സംയുക്തങ്ങളും മാത്രമാവും മസ്തിഷ്കം ഉൾക്കൊള്ളുക, സമഗ്രത ഹാജരുണ്ടാവില്ല. നേരെമറിച്ച്, അനുകരിക്കപ്പെടുന്ന പ്രകൃതിയാഥാർഥ്യത്തെ ഉന്നതതലം ഉൾക്കൊള്ളുന്നതിനാൽ നാം അംശങ്ങളെയും സംയുക്തങ്ങളെയും അറിയുന്നില്ല; അതുകൊണ്ടുതന്നെ സംസാരത്തിന്റെയും സംഗീതത്തിന്റെയും ‘കോഡ്’ അജ്ഞാതമായി പോവുന്നു. പ്രകൃതിയെ അനുകരിക്കയാണ് ഈ രണ്ടു സാംസ്കാരിക നിർമിതികളും ചെയ്തതെന്ന അവബോധം നമുക്ക് ഇല്ലാതെ പോവുന്നു. ഇതാണ്, സ്വന്തം ഉള്ള് നമ്മിൽ നിന്നൊളിപ്പിക്കുന്ന രഹസ്യം. ചില രഹസ്യങ്ങൾ അങ്ങനെയാണ് –ഫോസിലുകൾ. ഒന്നനക്കാൻ പോലുമാകാത്തോണം ഉറച്ചുപോയിരിക്കും അവയുറങ്ങുന്ന ശില.
മൗലിക രഹസ്യങ്ങൾ സദാ സുതാര്യമായിരിക്കും, കാണാമറയത്ത്. ഇത്രക്ക് വലിയ രഹസ്യങ്ങൾ ഉള്ളിൽ ഒളിഞ്ഞിരിക്കുന്നതിൽ നമുക്ക് അത്ര ഉത്കണ്ഠയില്ല, അറിയാനത്ര ഉദ്വേഗവും. കണ്ടകശനിയുടെ കിടപ്പറിയാൻ കവടി നിരത്തും, കിടപ്പുമുറിയിലെ കൊമ്പനെ കാണില്ല. അയൽമുറിയിലെ ഈണം നിലച്ചിരിക്കുന്നു. പുറത്തുനിന്നുള്ള രാത്രിശബ്ദങ്ങളും. കടലാസിൽ വീഴുന്ന അക്ഷരങ്ങളുടെ മുഖം മങ്ങുന്നു. പേന നിലക്കുകയാണ്.