ഡീപ് ഫെയ്ക്: ഡിജിറ്റല്‍ സത്യങ്ങളുടെ മരണമണി
നിർമിതബുദ്ധി ഉപയോഗിച്ച് വ്യാജ വിഡിയോകള്‍ നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വിഡിയോ ആണെന്ന് സാങ്കേതികമായി തിരിച്ചറിയല്പോലും എളുപ്പമല്ലാത്ത വിധത്തിൽ ദൃശ്യങ്ങളും ശബ്ദവും കൃത്രിമമായി നിർമിക്കുന്ന ഡീപ് െഫയ്ക് എന്ത് വെല്ലുവിളിയാണ് ഉയർത്തുന്നത്? ഡിജിറ്റൽ ലോകത്ത് സത്യങ്ങൾ ഇല്ലാതാവുകയാണോ? ചില ഉത്തരങ്ങൾ കഥാകൃത്തും െഎ.ടി വിദഗ്ധനുമായ ലേഖകന്റെ ഇൗ വിശകലനം മുന്നോട്ടുവെക്കുന്നു.1948 ഫെബ്രുവരിയില്‍,...
Your Subscription Supports Independent Journalism
View Plansനിർമിതബുദ്ധി ഉപയോഗിച്ച് വ്യാജ വിഡിയോകള്‍ നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വിഡിയോ ആണെന്ന് സാങ്കേതികമായി തിരിച്ചറിയല്പോലും എളുപ്പമല്ലാത്ത വിധത്തിൽ ദൃശ്യങ്ങളും ശബ്ദവും കൃത്രിമമായി നിർമിക്കുന്ന ഡീപ് െഫയ്ക് എന്ത് വെല്ലുവിളിയാണ് ഉയർത്തുന്നത്? ഡിജിറ്റൽ ലോകത്ത് സത്യങ്ങൾ ഇല്ലാതാവുകയാണോ? ചില ഉത്തരങ്ങൾ കഥാകൃത്തും െഎ.ടി വിദഗ്ധനുമായ ലേഖകന്റെ ഇൗ വിശകലനം മുന്നോട്ടുവെക്കുന്നു.
1948 ഫെബ്രുവരിയില്‍, ക്ലമന്റ് ഗോട്ട്വാള്‍ഡ് എന്ന കമ്യൂണിസ്റ്റ് നേതാവ് പ്രാഗ് കൊട്ടാരത്തിന്റെ ബാല്‍ക്കണിയിലേക്ക് കടന്നുവന്നു. അത് പഴയ നഗരചത്വരത്തില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ വേണ്ടിയായിരുന്നു. ബൊഹീമിയയുടെ ചരിത്രത്തിലെ വഴിത്തിരിവായ ഒരു സന്ദര്‍ഭം. വിധിനിർണായകമായ ഒരു നിമിഷം.
ഗോട്ട്വാൾഡിനൊപ്പം അദ്ദേഹത്തിന്റെ സഖാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ തൊട്ടടുത്ത് സഖാവ് ക്ലമന്റിസ് മാത്രം. മഞ്ഞുവീഴ്ചയും തണുപ്പുമുള്ള ദിവസം. ഗോട്ട്വാള്‍ഡ് തലയില്‍ ഒന്നും ധരിച്ചിരുന്നില്ല. ആവേശത്തള്ളിച്ചയാല്‍ തൊട്ടടുത്തുനിന്ന് ക്ലമന്റിസ് തന്റെ തലയിലെ രോമത്തൊപ്പി ഊരിയെടുത്ത് ഗോട്ട്വാള്‍ഡിന്റെ തലയില്‍ അണിയിച്ചു.
ബാല്‍ക്കണിയില്‍നിന്ന് രോമത്തൊപ്പി ധരിച്ച് പ്രസംഗിക്കുന്ന ഗോട്ട്വാള്‍ഡിന്റെ ഫോട്ടോ കാമറകള്‍ ഒപ്പിയെടുത്തു. അതിന്റെ പതിനായിരക്കണക്കിന് കോപ്പികള്‍ ഔദ്യോഗിക പ്രചാരകസംഘം രാജ്യമൊട്ടാകെ പ്രചരിപ്പിച്ചു. ആ ബാല്‍ക്കണിയിലാണ് കമ്യൂണിസ്റ്റ് ബൊഹീമിയയുടെ ചരിത്രത്തിന് നാന്ദി കുറിച്ചത്. പോസ്റ്ററിലും പാഠപുസ്തകങ്ങളിലും മ്യൂസിയങ്ങളിലും നിറഞ്ഞുനിന്ന ആ ഫോട്ടോഗ്രാഫ് ഓരോ കൊച്ചുകുട്ടിക്കും പരിചിതമായിരുന്നു.
നാല് വര്‍ഷത്തിനുശേഷം ക്ലമന്റിസിനെ രാജ്യദ്രോഹത്തിന് തൂക്കിലേറ്റി. ഔദ്യോഗിക പ്രചാരകസംഘം പെട്ടെന്നുതന്നെ അദ്ദേഹത്തെ ചരിത്രത്തില്‍നിന്ന് തുടച്ചുകളയാന്‍ എല്ലാ ഫോട്ടോഗ്രാഫില്നിന്നും മായ്ച്ചുകളഞ്ഞു. അതിൽപിന്നെ ആ ഫോട്ടോഗ്രാഫിലെ ബാല്‍ക്കണിയില്‍ ഗോട്ട്വാള്‍ഡ് തനിച്ചായി. ക്ലമന്റിസ് നിന്നിടത്ത് ബാല്‍ക്കണി മാത്രം. ക്ലമന്റിസ് നിന്നിടത്ത് കൊട്ടാരത്തിന്റെ ചുവരുകള്‍ മാത്രം. ക്ലമന്റിസിന്റേതായി മറ്റൊന്നും അവശേഷിച്ചില്ല, ഗോട്ട്വാള്‍ഡിന്റെ തലയിലെ രോമത്തൊപ്പി ഒഴികെ.
സോവിയറ്റ് യൂനിയന്റെ സഹായത്തോടെ ചെക്കോസ്ലോവാക്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയ ചരിത്രപ്രധാനമായ സംഭവത്തിലെ വൈകാരികമായ ഒരു സന്ദര്‍ഭത്തെ ആവിഷ്കരിച്ചാണ് മിലന് കുന്ദേര ‘ചിരിയുടെയും മറവിയുടെയും പുസ്തകം’ എന്ന നോവല്‍ ആരംഭിക്കുന്നത്. അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ പോരാട്ടങ്ങള്‍ മറവിക്കെതിരെയുള്ള ഓർമയുടെ പോരാട്ടമാകുന്നതിന്റെ ശക്തമായ ആവിഷ്കാരമാണ് ഈ നോവല്‍ സന്ദര്‍ഭം.
ഫോട്ടോഗ്രഫി കണ്ടുപിടിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ഇരുപതാം നൂറ്റാണ്ടോടെ മിക്കവാറും ചരിത്രമൂഹര്ത്തങ്ങളും വ്യക്തികളും ഫോട്ടോഫിലിമിലെ രാസപ്രതലത്തില് പതിഞ്ഞിരുന്നു. ഫോട്ടോഫിലിമിലേക്ക് ദൃശ്യം പതിച്ച ഏതാനും നിമിഷങ്ങളിലെ സത്യം എന്ന് നിശ്ചല ചിത്രങ്ങളെ വിളിക്കാവുന്നതാണ്. പക്ഷേ, ഫോട്ടോകള്‍ എല്ലായ്പോഴും സത്യത്തിന്റെ മുഖം ആകണമെന്നില്ല എന്നാണ് ക്ലമന്റിസ് ചരിത്രത്തില്‍ അപ്രത്യക്ഷമായതിന്റെ കഥയിലൂടെ കുന്ദേര സൂചിപ്പിക്കുന്നത്.
യാഥാർഥ്യത്തെ സ്വാംശീകരിക്കുക എന്ന പ്രായോഗിക ആവശ്യത്തില്‍നിന്ന് ഒരു കല എന്ന നിലയിലേക്ക് അത് കണ്ടുപിടിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ ഫോട്ടോഗ്രഫി മാറിയിരുന്നു. ഒന്നിലധികം ചിത്രങ്ങള്‍ ഒന്നിച്ച് ചേര്‍ക്കുകയും അനാവശ്യമായവ മായ്ച്ചുകളയുകയും ആവശ്യത്തിന് നിറം കലര്‍ത്തുകയും തുടങ്ങി കലാപരമായ കൈവെക്കലുകള് ഈ കലയുടെ ആദ്യകാലത്ത് തന്നെ ആരംഭിച്ചിരുന്നു. ഡേവിഡ് കിങ് എഴുതിയ ‘The commissar vanishes: the falsification of photographs and art in Stalin's Russia’ എന്ന പുസ്തകം സ്റ്റാലിനിസ്റ്റ് റഷ്യയില്‍ ജനങ്ങളുടെ കാഴ്ചപ്പാടുകളെ ഫോട്ടോകള്‍ എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ പഠനമാണ്. ഡേവിഡ് കിങ് ഇതിനായി അനേകം ഫോട്ടോകളും പോസ്റ്ററുകളും ശേഖരിച്ച് പഠിച്ചിരുന്നു. ഒരിക്കല്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന വ്യക്തികള്‍ പിന്നീട് സോവിയറ്റ് യൂനിയന്‍ അനഭിമതരായി മാറുകയും രാജ്യദ്രോഹികള്‍ എന്ന് മുദ്രയടിച്ച് നാടുകടത്തുകയോ കൊലചെയ്യപ്പെടുകയോ ചെയ്തിരുന്നു.
അവരുടെ മുഖം പതിഞ്ഞ ഫോട്ടോഗ്രാഫുകള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് ഈ പുസ്തകം പരിശോധിക്കുന്നു. അത്തരം വ്യക്തികളെ ചരിത്രത്തില്‍നിന്ന് മായ്ച്ചു കളയാന്‍ സോവിയറ്റ് യൂനിയന്‍ ശ്രദ്ധിച്ചിരുന്നു. അതിനായി അവര്‍ ഒരിക്കല്‍ പ്രചാരണത്തിന് ഉപയോഗിച്ച ചിത്രങ്ങളില്‍നിന്ന് അവര്‍ അപ്രത്യക്ഷരാവുകയും എല്ലാ രേഖകളില്‍നിന്നും അവരെ മായ്ച്ചു കളയുകയും ചെയ്തിരുന്നു. ഭൂതകാലത്തെ സൃഷ്ടിക്കുകയും മാറ്റം വരുത്തുകയും നിരന്തരം പരിഷ്കരിക്കുകയും ചെയ്യാന്‍ ഫോട്ടോകളും ഉപയോഗിക്കാന്‍ സാധിക്കും എന്നതിന്റെ തെളിവുകള്‍ പുസ്തകം നിരത്തുന്നുണ്ട്.
ഈ പുസ്തകത്തില്‍ ആളുകള്‍ തെളിയുകയും അപ്രത്യക്ഷരാവുകയും ചെയ്തതിന്റെ ഉദാഹരണങ്ങളിലൊന്ന് ലെനിന്റേയും യൂലി മാട്രോവിന്റെയും നേതൃത്വത്തില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ െവച്ച് 1897ല്‍ തൊഴിലാളികളുടെ വിമോചനത്തിനായി ഒരു മീറ്റിങ് നടന്നതുമായി ബന്ധപ്പെട്ടതാണ്. മീറ്റിങ് കഴിഞ്ഞ് പങ്കെടുത്ത ഏഴുപേരും ഒരു ഫോട്ടോക്കു വേണ്ടി പോസ് ചെയ്യുന്നു. മധ്യത്തില്‍ ഒരു മേശപ്പുറത്ത് അട്ടിയായി െവച്ച രണ്ട് പുസ്തകങ്ങള്ക്കടുത്ത് കൈ പിണച്ചുെവച്ച് ലെനിന് ഇരിക്കുന്നു. ഒറ്റയാള്‍ വീതിയുള്ള മേശയുടെ വശങ്ങളിലായി ലെനിനടക്കം നാലുപേര്‍ ഇരിക്കുന്നു. അവര്‍ക്ക് പിന്നില്‍ മൂന്നുപേര്‍ നില്ക്കുന്നു. നില്ക്കുന്ന മൂന്നുപേരില്‍ ഇടത് വശത്തുള്ള മാല്ചെങ്കോ എന്ന വിദ്യാർഥി അന്ന് എൻജിനീയറിങ്ങിന് പഠിക്കുകയായിരുന്നു. ഫോട്ടോ എടുത്ത് കഴിഞ്ഞ ഉടനെ സാര്‍ ചക്രവര്‍ത്തിയുടെ രഹസ്യ പൊലീസ് ഏഴുപേരെയും അറസ്റ്റ് ചെയ്തു. അവരെ മൂന്ന് വര്‍ഷത്തേക്ക് സൈബീരിയയിലേക്ക് നാടുകടത്തി. യൂലി മാട്രോ സൈബീരിയയില്‍ െവച്ച് ക്ഷയരോഗം ബാധിച്ച് മരിക്കുന്നു. ശേഷിച്ച ആറുപേര്‍ 1900ല്‍ തിരിച്ചെത്തുന്നു. അതിനുശേഷം മാല്ചെങ്കോ വിപ്ലവരാഷ്ട്രീയം വെടിഞ്ഞ് എൻജിനീയറായി വിവിധ ഡിപ്പാർട്മെന്റുകളില്‍ ജോലിചെയ്തു. ഒരു സ്റ്റുഡിയോയില്‍ ഭംഗിയായി പോസ് ചെയ്ത് നില്ക്കുന്ന തിളങ്ങുന്ന കണ്ണുകളുള്ള ഏഴ് വ്യക്തികളുടെ ഫോട്ടോ സോവിയറ്റ് യൂനിയനില്‍ ഏറെ പ്രചരിച്ച ചിത്രങ്ങളിലൊന്നായിരുന്നു.
1929ല്‍ മാല്ചെങ്കോയെ രാജ്യദ്രോഹിയെന്ന കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്തു. അതിനുശേഷം പ്രസിദ്ധീകരിച്ച ഇതേ ഫോട്ടോയില്‍ ലെനിന്റെ പിന്നില്‍ നില്ക്കുന്ന മൂന്നു പേരില്‍ ഒരാള്‍ അപ്രത്യക്ഷനാകുന്നു. എയര്‍ബ്രഷ് ചെയ്യപ്പെട്ട ചിത്രത്തില്‍ ആകെ ആറുപേര്‍മാത്രം. മിലന് കുന്ദേരയുടെ നോവലിലെ ക്ലമന്റിസിനെപ്പോലെ അയാള്‍ നിന്നിടത്ത് പശ്ചാത്തലത്തിലെ ചുവര് മാത്രം. പിന്നീട് 1958ല്‍ അയാളെ കുറ്റമുക്തനാക്കിയപ്പോള്‍ മാല്ചെങ്കോ ഫോട്ടോയില്‍ തിരിച്ചെത്തി. എന്നാല്‍, ഒരിക്കലും തിരിച്ചെത്താതെ ഫോട്ടോയില്‍നിന്നും ചരിത്രത്തില്‍നിന്നും മാഞ്ഞുപോയ അനേകം പേര് സോവിയറ്റ് യൂനിയന്റെ ചരിത്രത്തിലുണ്ടായിരുന്നു. ഇത് സോവിയറ്റ് യൂനിയന്റെ ചരിത്രത്തില്‍ മാത്രമല്ല, ലോക രാഷ്ട്രീയത്തില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഇത്രയും നേരം നാം ചര്‍ച്ചചെയ്തത് നിശ്ചല ചിത്രങ്ങളെ പറ്റിയാണ്. നാം കാണുന്ന ചലനചിത്രങ്ങളെല്ലാം തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്ന നിശ്ചല ചിത്രങ്ങളാണ്. ഒരു സെക്കൻഡില്‍ ഇരുപത്തിനാല് നിശ്ചല ദൃശ്യങ്ങള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചുകൊണ്ട് സിനിമകള്‍ തിരശ്ശീലയില്‍ ചലനം സൃഷ്ടിക്കുന്നു. ഒരു സെക്കൻഡില്‍ ഇരുപത്തിയഞ്ചു മുതല്‍ അറുപതു വരെ നിശ്ചല ദൃശ്യങ്ങളെ കമ്പ്യൂട്ടര്‍ മോണിറ്ററിലും മൊബൈല്‍ ഫോണിലെ ടി.വി സ്ക്രീനിലോ കാണിച്ചു ഡിജിറ്റല്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ചുരുക്കത്തില്‍ അവയിലെ ഓരോ ഫ്രെയിമിലും മാറ്റം വരുത്തിക്കൊണ്ട് നമുക്ക് ഫോട്ടോഗ്രാഫുകളെന്നപോലെ വിഡിയോഗ്രാഫുകളിലും തിരുത്തലുകള്‍ വരുത്താവുന്നതാണ്.
കഴിഞ്ഞ നൂറ്റാണ്ടില്‍ നിശ്ചല ചിത്രങ്ങള്ക്കുണ്ടായിരുന്ന പ്രാധാന്യം ഈ നൂറ്റാണ്ടില്‍ ചലനചിത്രങ്ങള്ക്കുണ്ട്. അതുകൊണ്ടുതന്നെ ചലനചിത്രങ്ങളെ വക്രീകരിച്ചുകൊണ്ട് പ്രചാരണം നടത്തുന്നതാണ് ഈ നൂറ്റാണ്ടിലെ രാഷ്ട്രീയ തന്ത്രം. ഈ ആവശ്യത്തിന് എഡിറ്റിങ് വിദ്യകളും ചെലവേറിയ ഗ്രാഫിക്കല്‍ രീതികളുമെല്ലാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, നിർമിതബുദ്ധിയുടെ മേഖലയിലുണ്ടായ മുന്നേറ്റം കൃത്രിമ വിഡിയോകള്‍ സൃഷ്ടിക്കുന്നത് താരതമ്യേന എളുപ്പമാക്കി.
നിർമിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളുടെ പ്രധാന ഭാഗങ്ങളിലൊന്നാണ് ഡീപ് ലേണിങ് എന്ന പ്രക്രിയ. മനുഷ്യന് കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതുപോലെ മെഷീനുകള്‍ വസ്തുതകളെ പഠിച്ചെടുക്കുന്നതാണ് ഡീപ് ലേണിങ്. മനുഷ്യന് പഠിക്കാനുള്ള സമയത്തിനും ഓര്‍ക്കാനുള്ള കഴിവിനും പരിമിതികളുണ്ടെങ്കില്‍ ഡീപ് ലേണിങ് നടത്തുന്ന യന്ത്രത്തെ സംബന്ധിച്ചിടത്തോളം ഇവ പരിമിതികള്‍ അല്ല. വ്യാജ വിഡിയോകള്‍ നിർമിക്കാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. അതിനെ ഡീപ് ഫെയ്ക് എന്നാണ് വിളിക്കുന്നത്. 2014ല്‍ ഇയാന്‍ ജെ. ഗുഡ്ഫെലോ (Ian J Goodfellow) കണ്ടുപിടിച്ച രണ്ട് നിർമിത ന്യൂറല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് കൃത്രിമ വിഡിയോ നിർമിക്കുന്ന രീതിയാണ് ഡീപ് ഫെയ്കിന്റെ അടിസ്ഥാനം.
ഡീപ് ലേണിങ് ഉപയോഗിച്ചുള്ള ഒരു തട്ടിപ്പുകാരന് –ഇന്‍സ്പെക്ടര്‍ (Forger-Inspector) ദ്വന്ദമാണ് ഈ ഫെയ്കില്‍ ഉപയോഗിക്കുന്നത്. തട്ടിപ്പുകാരന് സോഫ്റ്റ് വെയര്‍ ആദ്യമായി ഒരു മാറ്റം വരുത്തിയ വിഡിയോ നിർമിക്കുന്നു. എന്നിട്ട് അത് ഇന്‍സ്പെക്ടര്‍ക്ക് പരിശോധനക്കായി കൊടുക്കുന്നു. ഇന്‍സ്പെക്ടര്‍ സോഫ്റ്റ് വെയര്‍ അത് കൃത്രിമ വിഡിയോ ആണെന്ന് പറയുകയും അങ്ങനെ പറയാനുള്ള കാരണങ്ങള്‍ വിശദീകരിക്കുകയും ചെയ്യും. ഇന്‍സ്പെക്ടറുടെ കണ്ടുപിടിത്തങ്ങളെ പഠിച്ച് അതിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്തി തട്ടിപ്പുകാരന് വീണ്ടുമത് ഇന്‍സ്പെക്ടര്‍ക്ക് അയക്കുന്നു. അപ്പോള്‍ അത് മറ്റ് ചില കുഴപ്പങ്ങള്‍ കണ്ടെത്തും. തട്ടിപ്പുകാരന് ഓരോ നിരസിക്കലിന്റെ കാരണവും പഠിച്ചെടുത്ത് കൂടുതല്‍ വിശ്വസനീയമായ വിഡിയോ പുറത്തുവിടും. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കെ ഒരു ഘട്ടത്തില്‍ വിഡിയോ ഒറിജിനലാണ് എന്ന് ഇന്‍സ്പെക്ടര്‍ പ്രഖ്യാപിക്കുന്നു. ഇത് മനുഷ്യന് പരിശോധിക്കുമ്പോഴും ഏറക്കുറെ അതേ മറുപടിതന്നെ കിട്ടും. ഇങ്ങനെ ഒരു ചാക്രിക പ്രക്രിയയിലൂടെയാണ് ഡീപ് ഫെയ്ക് വിഡിയോ നിർമിക്കുന്നത്. ഇത് ദൃശ്യങ്ങളുടെ മാത്രമല്ല, ശബ്ദങ്ങളുടെ കാര്യത്തിലും പ്രസക്തമാണ്. അടുത്ത വട്ടം പുതിയ ഒരു ജോലി ആരംഭിക്കുമ്പോള്‍ പഠിച്ചെടുത്തതെല്ലാം ഓര്ത്തുവെച്ചുകൊണ്ടായിരിക്കും പുതിയ പ്രക്രിയ ആരംഭിക്കുക എന്നതും ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രധാനപ്പെട്ട പരീക്ഷണങ്ങളൊന്ന് പരിശോധിക്കുന്നതിലൂടെ ഡീപ്ഫെയ്കിന്റെ സങ്കീർണതകള്‍ മനസ്സിലാക്കാന്‍ സാധിക്കും.
മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണ്. നീല്‍ ആംസ്ട്രോങ് അടങ്ങുന്ന മൂന്നംഗസംഘം അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് അപ്പോളോ 11 എന്ന ബഹിരാകാശപേടകത്തില്‍ 1969 ജൂലൈ 16ന് ആരംഭിച്ച യാത്ര 75 മണിക്കൂറോളം സമയം ബഹിരാകാശത്ത് സഞ്ചരിച്ചതിനു ശേഷം ജൂലൈ 20ന് ചന്ദ്രനിലെത്തി. അത്രയും സമയം ദശലക്ഷക്കണക്കിന് മനുഷ്യര്‍ യാത്രയുടെ പരിണാമഗുപ്തി അറിയാനായി റേഡിയോക്കടുത്തും ടി.വിക്ക് മുന്നിലും ആകാംക്ഷയോടെ കാത്തിരുന്നു. മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയ ദിവസം, ആകാംക്ഷക്ക് വിരാമമിട്ട് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന് വൈകീട്ട് ലോകജനതയോടായി സംസാരിച്ചു. ആ യാത്രയുടെ, അനേകം പേരുടെ കാത്തിരിപ്പിെന്റ കടന്നുപോയ ആഴ്ച മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
വിജയത്തിന്റെ മാധുര്യം കലര്‍ന്ന ആ പ്രസംഗത്തിനോടൊപ്പം യാത്ര പരാജയപ്പെടുകയാണെങ്കില്‍ അവതരിപ്പിക്കേണ്ട മറ്റൊരു പ്രസംഗവും നിക്സണ് തയാറാക്കിയിരുന്നു. അപ്പോളോ 11 പേടകം ബാഹ്യാകാശത്തേക്കുള്ള കുതിപ്പിനിടയിലോ ചന്ദ്രനില്‍ എത്തിയതിനു ശേഷമോ തിരിച്ചുവരുമ്പോഴോ തകരാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയാന്‍ സാവകാശം കിട്ടാത്തവിധം പൊട്ടിത്തെറിച്ചോ, ചന്ദ്രനില്‍ െവച്ച് സാങ്കേതികസഹായം നഷ്ടപ്പെട്ട് പ്രപഞ്ചത്തിലെ മറ്റൊരു ഗ്രഹത്തില്‍ ഒറ്റപ്പെട്ട് മരണത്തിന് കീഴടങ്ങേണ്ടി വരുകയോ ചെയ്യുന്ന സന്ദര്‍ഭത്തെപ്പറ്റി യാത്രികരും തീര്‍ത്തും ബോധവാന്മാരായിരുന്നു. സാങ്കേതികവിദ്യയുടെ പരാജയസാധ്യതയുടെ പരിഗണന െവച്ചു നോക്കുമ്പോള്‍ ദുരന്തദര്ശിയായ പ്രസംഗം തയാറാക്കുന്നതില്‍ അസ്വാഭാവികത തീരേയില്ല. എന്നാല്‍, ആ പ്രസംഗം 2018ല്‍ വീണ്ടും ചര്‍ച്ചയില്‍ ഇടംപിടിച്ചു. അത് സാങ്കേതികവിദ്യയിലെ മറ്റൊരു കാല്‍വെപ്പിലെ വെല്ലുവിളികളെ ഓർമിപ്പിക്കുന്നതായിരുന്നു.
അതൊരു പരീക്ഷണമായിരുന്നു. ഫ്രാന്‍സെസ്ക പനേറ്റ (Francesca Panetta), ഹാല്സെ ബര്ഗണ്ട് (Halsey Burgund) എന്നീ മീഡിയ സാങ്കേതിക വിദഗ്ധര്‍ In event of Moon Disaster എന്ന പേരില്‍ ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വിഡിയോ തയാറാക്കി. അമേരിക്കന്‍ ഗവൺമെന്റ് ഔദ്യോഗികമായി പുറത്തുവിട്ട, ഭാഗ്യവശാല്‍ നിക്സന് പ്രസംഗിക്കേണ്ടി വന്നിട്ടില്ലാത്ത ആ പ്രസംഗത്തെ ഡീപ് ഫെയ്ക് ഉപയോഗിച്ച് സൃഷ്ടിക്കാനായിരുന്നു അവരുടെ പദ്ധതി. നിക്സണ് സംസാരിക്കുന്ന വിഡിയോ ഫയലുകള്‍ ആഴത്തില്‍ പഠിച്ച് പുതിയ വിഡിയോ സൃഷ്ടിക്കുക. മനുഷ്യന്റെ മുഖപേശികളുടെ ചലനങ്ങള്‍ വളരെ സങ്കീർണമാണ്. വാക്കുകള്‍ ഉച്ചരിക്കുന്നതിനോടൊപ്പം വായയും ചുണ്ടുകളും ചലിപ്പിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല കൃത്രിമ പ്രസംഗം സൃഷ്ടിക്കുന്നതിന്റെ ജോലി. ദീര്‍ഘകാലത്തെ പ്രയത്നം വൃഥാവിലായതിന്റെ, വിലപ്പെട്ട മൂന്ന് മനുഷ്യര്‍ നഷ്ടപ്പെട്ടതിന്റെ, ഒരു തലമുറയുടെയാകെ സ്വപ്നം തീഗോളമായി അവശേഷിച്ചതിന്റെ ദുഃഖം അദ്ദേഹത്തിന്റെ മുഖപേശികളില്‍ തെളിയേണ്ടതുണ്ട്. പിഴവില്ലാത്ത ഡീപ് ഫെയ്ക് ചിത്രത്തിന്റെ നിർമിതിയുടെ സങ്കീർണത മനസ്സിലാക്കി ഇതിന്റെ സംവിധായകര്‍ കാന്നി എ.ഐ (Canny AI) എന്ന പ്രഫഷനല്‍ കമ്പനിയുടെ സഹായംകൂടി തേടി. പരസ്യചിത്രങ്ങള്‍ ഒരു ഭാഷക്കു വേണ്ടി ചിത്രീകരിച്ചതാണെങ്കിലും മറ്റ് ഭാഷയിലേക്ക് മാറ്റുന്നതിനായി ചുണ്ടിന്റെയും മുഖത്തിന്റെയും ചലനങ്ങളെ മാറ്റി കൃത്രിമമായ ചലനചിത്രങ്ങള്‍ നിർമിക്കുന്നതില്‍ വിദഗ്ധരായിരുന്നു കാന്നി എ.ഐ എന്ന കമ്പനി. അവര്‍ നിക്സന്റെ ലഭ്യമായ ചിത്രങ്ങള്‍ ഡീപ് ഫെയ്ക് സോഫ്റ്റ് വെയറിനെ പഠിപ്പിക്കുകയും കൃത്രിമ നിക്സനെ സൃഷ്ടിക്കുകയും ചെയ്തു.
ഈ പരീക്ഷണത്തിലെ മറ്റൊരു തടസ്സം ശബ്ദവുമായി ബന്ധപ്പെട്ടതായിരുന്നു. ദുഃഖത്തിന്റെ മേഘപടലങ്ങള്കൊണ്ട് കനത്ത അന്തരീക്ഷം നിക്സന്റെ സംഭാഷണത്തിലും കൊണ്ടുവരേണ്ടതുണ്ട്. നിക്സന്റെ ശബ്ദത്തിന്റെ ഭാവതലങ്ങള്‍ അനുകരിച്ച് അവതരിപ്പിക്കാന്‍ ലൂയിസ് ഡി. വീലര്‍ എന്ന ഒരു നടനെ നിയോഗിച്ചു. അയാള്‍ നിക്സന്റെ അനേകം പ്രസംഗങ്ങള്‍ കേട്ട് പഠിച്ച് തന്നിലേക്ക് നിക്സനെ ആവാഹിച്ചാണ് പ്രസംഗം അവതരിപ്പിച്ചത്. അനുകര്ത്താവിന്റെ ശബ്ദത്തെ നിക്സന്റെ ശബ്ദത്തോട് പൂർണമായും സാമ്യപ്പെടുത്തുന്ന ജോലി സോഫ്റ്റ്വെയറുകളുടെ സഹായത്തോടെയാണ് ചെയ്തത്. ഈ ശബ്ദത്തോട് യോജിക്കുംവിധം നിക്സന്റെ വിഡിയോ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ചാന്ദ്രദുരന്തം എന്ന സംഭവത്തെ ചിത്രീകരിച്ചത്. ഡീപ് ഫെയ്ക് ചെയ്ത ഈ വിഡിയോയില്‍ ഒരിടത്ത് നിക്സന്റെ മുഖത്തിന്റെ വളരെ അടുത്ത ക്ലോസ് അപ് കാണിക്കുന്നുണ്ട്. വിദൂര ദൃശ്യങ്ങളില്‍ കാഴ്ചക്കാരുടെ ശ്രദ്ധയില്‍പെടാതെ പോകുന്ന ചെറിയ അസ്വാഭാവികതകള്‍ കൂടി ക്ലോസ്അപ്പില്‍ വ്യക്തമാകും. ഡീപ് ഫെയ്ക് സാങ്കേതികവിദ്യയോടുള്ള തികഞ്ഞ ആത്മവിശ്വാസമാണ് ഈ വ്യാജപ്രസംഗ ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്. മനുഷ്യരാശിയുടെ മഹത്തായ ചുവടുവെപ്പുകളിലൊന്നുമായി ബന്ധപ്പെട്ട ഒരു പ്രസംഗം ഈ ആവശ്യത്തിനായി തിരഞ്ഞെടുത്തതിലൂടെ മറ്റൊരു ചുവടുവെപ്പ് ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ സംഭവിച്ചിരിക്കുന്നു എന്ന് ഓർമിപ്പിക്കുകയായിരുന്നു ഇതിന്റെ നിർമാതാക്കള്‍.
അക്കാദമിക് പഠനത്തിന്റെ ഭാരമോ പൂർണതയോട് അടുപ്പിക്കാനുള്ള അഭിലാഷമോ ഇല്ലെങ്കില്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാതെ തന്നെ ഒരു സ്മാര്‍ട്ട് ഫോണിന്റെ പ്രൊസസര്‍ ശേഷി മാത്രം ഉപയോഗിച്ച് കൃത്രിമ വിഡിയോകള്‍ സൃഷ്ടിക്കാവുന്നതാണ്. ഫെയ്സ്ആപ്, ഫെയ്സ് സ്വാപ്, ഡീപ് ആര്‍ട്ട് തുടങ്ങി വളരെയേറെ മൊബൈല്‍ ആപ്പുകള്‍ ഡീപ് ഫെയ്ക് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ആളുകള്‍ തമാശക്കും അപകടരഹിതമായ കളിയാക്കലിനുമെല്ലാം ഇത്തരം ആപ്പുകള്‍ ഉപയോഗിച്ച് രസകരമായ വിഡിയോകള്‍ നിർമിക്കാറുണ്ട്. ഇന്റര്‍നെറ്റിലെ ഉപയോഗത്തിന്റെ ഒട്ടും ചെറുതല്ലാത്ത പങ്ക് അശ്ലീലവിഡിയോ നിർമാതാക്കള്‍ കൈയടക്കിയിരിക്കുന്നതിനാല്‍ സ്വാഭാവികമായും ആ മേഖലയില്‍ ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ജനങ്ങള്‍ക്കിടയിലെ അഭിപ്രായ രൂപവത്കരണത്തിലും ഡീപ് ഫെയ്ക് ഉപയോഗിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. കോടിക്കണക്കിന് വ്യാജ വിഡിയോകളും ഫോട്ടോകളും ഇപ്പോള്‍തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ വ്യാജ വിഡിയോകളുടെ പ്രത്യാഘാതങ്ങള്‍ പലതരത്തിലാണ് ജനസമൂഹത്തെ ബാധിക്കുക. അത് ജനങ്ങളുടെ അഭിപ്രായ രൂപവത്കരണത്തില്‍ ബോധപൂർവമായ ഇടപെടലുകള്‍ നടത്താനുള്ള ആയുധമാക്കുകയും ജനാധിപത്യപ്രക്രിയയെ സ്വാധീനിക്കുകയും ചെയ്യുമ്പോള്‍ ഡീപ് ഫെയ്ക് രാഷ്ട്രീയ ആയുധം എന്നനിലക്ക് ഒരു രാഷ്ട്രത്തിന്റെ ഭാവിയെയും നിലനിൽപിനെയും ബാധിക്കുന്നു. ഇതിന്റെ ആദ്യ ഉദാഹരണങ്ങളിലൊന്ന് ഇന്ത്യയില്‍നിന്നുതന്നെയാണ്.
ബി.ജെ.പിയുടെ ന്യൂഡല്‍ഹി സ്റ്റേറ്റ് പ്രസിഡന്റ് മനോജ് തിവാരി ഫെബ്രുവരി 2020ൽ നടന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഡീപ് ഫെയ്ക് ഉപയോഗിച്ച് തന്റെ പ്രസംഗത്തില്‍ മാറ്റം വരുത്തിയതായി പ്രധാന ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിവാരി അദ്ദേഹത്തിന്റെ മാതൃഭാഷയായ ഹിന്ദിയില്‍ സംസാരിക്കുന്ന വിഡിയോ പുറത്തിറങ്ങിയിരുന്നു. മിമിക്രി ആര്‍ട്ടിസ്റ്റിന്റെ സഹായത്തോടെ അതേ പ്രസംഗത്തിന്റെ മറ്റ് രണ്ട് ഭാഷാഭേദംകൂടി പുറത്തിറക്കുകയുണ്ടായി. ഒന്ന് ഹരിയാനയില്‍നിന്ന് കുടിയേറി ഡല്‍ഹിയില്‍ താമസിക്കുന്നവരെ ഉദ്ദേശിച്ച് ഹരിയാന്‍വിയിലും മറ്റൊന്ന് ഇംഗ്ലീഷിലുമായിരുന്നു. ശബ്ദം മാത്രമല്ല, ഡീപ് ഫെയ്കിന്റെ സഹായത്തോടെ തിവാരിയുടെ ചുണ്ടിന്റെയും മുഖപേശികളുെടയും ചലനങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്തവിധം ഈ രണ്ട് ഭാഷയുമായും ക്രമപ്പെടുത്തിയിരുന്നു. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് മത്സരാർഥി തങ്ങളുടെ ഭാഷകൂടി സംസാരിക്കുന്ന വ്യക്തിയാണ് എന്ന് അറിയുമ്പോള്‍ വോട്ടര്‍മാരുമായി അദ്ദേഹത്തിന് ഹൃദയൈക്യം സൃഷ്ടിക്കാനാവും എന്ന കണക്കുകൂട്ടലിലാണ് ഇങ്ങനെ ചെയ്തത്. ഒന്നര കോടി ജനങ്ങളാണ് ഈ വിഡിയോ കണ്ടത് എന്നാണ് ഏകദേശ കണക്ക്. തങ്ങളുടെ അറിവോെടയല്ല ഇത് ചെയ്തത് എന്ന് ബി.ജെ.പി വൃത്തങ്ങള്‍ പ്രസ്താവന ഇറക്കിയിരുന്നെങ്കിലും പൊതുവില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഡീപ് ഫെയ്ക് ഉപയോഗിച്ച സംഭവമായി ഇത് കണക്കാക്കുന്നു.
അതേ വര്‍ഷത്തിന്റെ അന്ത്യത്തില്‍ 2020ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഡീപ് ഫെയ്കിന്റെ സഹായത്തോടെ നിർമിച്ച വ്യാജ വിഡിയോ ജനാധിപത്യസംവിധാനത്തെ സ്വാധീനിക്കുന്ന ആയുധമായി ഉപയോഗിച്ചത്. 2020 നവംബര്‍ 3ന് നടക്കാനിരുന്ന ഇലക്ഷനില്‍ നിലവില്‍ അധികാരത്തിലിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡോണള്‍ഡ് ട്രംപിന് കോവിഡ് കാലത്തെ മരണങ്ങളും ഭരണരംഗത്തെ പിഴവുകളും കാരണം തന്റെ വിജയത്തില്‍ ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിജയിക്കാന്‍ സാധ്യമായ വഴികളെല്ലാം പരീക്ഷിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡന്റേതായി ഒരു വിഡിയോ, തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് ഫേസ്ബുക്കില്‍ പ്രചരിച്ചു. 12 സെക്കൻഡ് ദൈര്‍ഘ്യമുള്ള ആ വിഡിയോയില്‍ താന്‍ അധികാരത്തിലേറുകയാണെങ്കില്‍ അമേരിക്കയിലെ തോക്കുകളുടെ ഉപയോഗം പൂർണമായും നിരോധിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. തോക്കുകളുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ആഗ്രഹിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ ഈ പ്രഖ്യാപനം ആളുകള്‍ ഗൗരവത്തിലെടുത്തു. തോക്കുകളുടെ നിയന്ത്രണത്തില്‍ പാര്‍ട്ടികള്‍ കൈക്കൊള്ളുന്ന നിലപാടുകളില്‍ അമേരിക്കന്‍ ജനാധിപത്യത്തില്‍ വലിയ പങ്കുണ്ട് എന്നതുകൊണ്ട് ആ വിഡിയോ ജോ ബൈഡന്റെ വിജയസാധ്യത കുറയാന്‍ കാരണമാകും എന്ന ഉറപ്പിലാണ് അങ്ങനെയൊന്ന് നിർമിക്കാന്‍ എതിരാളികള്‍ തീരുമാനിച്ചത്. രാവിലെ 11 മണിക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോ വൈകുന്നേരമാകുമ്പോഴേക്കും അഞ്ചു ലക്ഷം പ്രാവശ്യം അത് കണ്ടുകഴിഞ്ഞിരുന്നു. ട്വിറ്ററും വാട്സ്ആപ്പും വഴി വ്യാപകമായി പ്രചരിച്ചതിനാല്‍ രാത്രിയാകുമ്പോഴേക്കും കാഴ്ചയുടെ കണക്ക് രണ്ടു കോടി കവിഞ്ഞു. സത്യം ചെരിപ്പിടുമ്പോഴേക്കും അസത്യം ലോകം ചുറ്റി തിരിച്ചെത്തിയിരിക്കും എന്ന പഴമൊഴി അക്ഷരാർഥത്തില്‍ സംഭവിച്ചു.
പോസ്റ്റ് ചെയ്തത് വ്യാജ വിഡിയോ ആണെന്ന് സാങ്കേതികമായി തിരിച്ചറിയല്‍ എളുപ്പമായിരുന്നില്ല. ജോ ബൈഡന് തന്റെ ഭാഗം ന്യായീകരിക്കാനും ഡീപ്ഫെയ്കിന്റെ സാധ്യതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും അത് പ്രചരിക്കാനെടുത്ത പാതി ദിവസം പോരല്ലോ? ഈ സംഭവം നടന്ന് മൂന്ന് വര്‍ഷത്തിനിപ്പുറം കാര്യങ്ങള്‍ കുെറക്കൂടി എളുപ്പമായിരിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ ഡീപ് ഫെയ്ക് ആപ്പുകള്‍ അയത്നലളിതമായി ഉപയോഗിക്കാന്‍ പഠിച്ചിരിക്കുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വിഡിയോയും എത്ര തന്നെ ഡിലീറ്റ് ചെയ്താലും കൃത്രിമമാണെന്ന് തിരിച്ചറിയാന്‍ ആകാത്തവിധം ആയിരക്കണക്കിന് വിഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ കയറി വരുമ്പോള്‍ പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ അവക്ക് സാധിക്കും.
പത്രക്കാര് വളച്ചൊടിച്ചതാണ് എന്ന പ്രയോഗം ഇപ്പോള്‍ അത്ര സാധാരണമല്ല. പത്രക്കാരോട് പറയുന്നത് ദൃശ്യമാധ്യമങ്ങള്‍ തത്സമയം പകര്ത്തുന്നതിനാല് അങ്ങനെയൊരു ഒഴികഴിവിന് പഴുതില്ലാതായിരിക്കുന്നു. പകരം മാധ്യമങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി എന്ന പ്രയോഗമാണ് നാക്കുപിഴക്കുമ്പോള് രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉപയോഗിക്കുന്നത്. ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രംഗങ്ങള്‍ വസ്തുതകളാെണന്നും എഴുതി പ്രതിഫലിപ്പിക്കുന്നതില്‍ തെറ്റുകള്‍ സംഭവിച്ചേക്കാം എന്നുമൊരു പൊതുബോധം നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ ഡീപ് ഫെയ്കിന്റെ കാലത്ത് ആ ബോധം സമീപഭാവിയില്‍ തിരുത്തലിന് വിധേയമാകുമെന്ന കാര്യത്തില്‍ സംശയമില്ല. വിഡിയോ എഡിറ്ററുടെ കഴിവിനനുസരിച്ച് വസ്തുതകളെ അർഥഭേദം വരുത്തുന്നത് ഇപ്പോള്‍ സാധാരണമാണ്. എന്നാല്‍, കാണിക്കുന്ന ദൃശ്യങ്ങള്‍ കൃത്രിമദൃശ്യങ്ങള്‍ ആകാനുള്ള സാധ്യതയുെണ്ടന്ന ബോധം സൃഷ്ടിക്കപ്പെടുന്നതോടെ പഴയ വാക്കുകള്‍ ഇനി പുതിയരൂപത്തില്‍ അവതരിപ്പിക്കാം. ഈ വിഡിയോ ഡീപ് ഫെയ്ക് െവച്ച് സൃഷ്ടിച്ചതാണെന്നും സത്യം മറ്റൊന്നാെണന്നും. ചുരുക്കത്തില്‍ കൃത്രിമ വിഡിയോകളും യഥാർഥ വിഡിയോകളും സാങ്കേതികമായി വേര്‍തിരിച്ചെടുക്കുന്നത് അസാധ്യമാണെന്നു മാത്രമല്ല അതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ പ്രസ്താവനകള്‍ കൊണ്ടുകൂടി പരസ്പരം മാറിമറിയാന്‍ സാധ്യതയുണ്ട്. യഥാർഥ വിഡിയോയെ കൃത്രിമമായ വിഡിയോയായി തെറ്റിദ്ധരിക്കാനും തിരിച്ചുമുള്ള സാധ്യത, വരും കാലങ്ങളിലെ ഡിജിറ്റല്‍ ഉൽപന്നങ്ങളുടെ വിശ്വാസ്യതക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കും.
ഡീപ്ഫെയ്കിന്റെ വിവിധതലങ്ങളെ സ്പര്‍ശിക്കുന്ന ശ്രദ്ധേയ പുസ്തകങ്ങളിലൊന്നാണ് മൈക്കല്‍ ഗ്രോതസ് എഴുതിയ ‘Trust No One’ എന്നത്. നോവലിസ്റ്റുകൂടിയായ ഗ്രോതസ് നിർമിതബുദ്ധിയുടെ കാലത്ത് ഡിജിറ്റല്‍ സോഴ്സുകളില്‍നിന്നുള്ള വിവരങ്ങളില്‍ സത്യവും വ്യാജവും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥ അപകടകരമാണെന്ന് സൂചിപ്പിക്കുന്നുണ്ട്. ഭൂതകാലവും ചരിത്രവും ആവശ്യമാംവിധം വളച്ചൊടിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് തരുന്നു.
ഭാവിയിലെ ഗവേഷണപ്രക്രിയയിലും ഇത് പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഗവേഷണപ്രക്രിയയിലെ പ്രധാനഘട്ടങ്ങളിലൊന്ന് വിവരശേഖരണമാണ്. പുരാതന സംസ്കാരങ്ങളുടെ വേരുകള്‍ തേടി മണ്ണടരുകള്‍ക്കിടയിലെ അവശിഷ്ടങ്ങള്‍ പരതുന്നതും ചുവര്ചിത്രങ്ങളിലും താളിയോലകളിലും ഗുപ്തഭാഷയില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ സംഭരിക്കുന്നതും മുതല്‍ മുഖാമുഖത്തിലൂടെയും സർവേയിലൂടെയും കാര്യങ്ങള്‍ കണ്ടെത്തുന്നതുവരെ വിവരശേഖരണത്തിന്റെ ഭാഗമാണ്. അച്ചടി കണ്ടുപിടിച്ചതോടെ ചരിത്രരേഖകളുടെ ഉറവിടങ്ങളുടെ എണ്ണം പെരുകുകയും രേഖകളുടെ വിശ്വാസ്യത പരിശോധിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ വേണ്ടിവരുകയും ചെയ്തു. 20ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ ഡിജിറ്റല്‍ ഡേറ്റ കൂടി ഖനനത്തിന്റെ പരിധിയില്‍ വരാന്‍ തുടങ്ങി. എഴുത്തുകാരും ശാസ്ത്രജ്ഞരും ഗവേഷകരും അവശേഷിപ്പിക്കുന്ന രേഖകള്‍ പരിശോധിച്ച് പുതിയ വിവരങ്ങള്‍ കണ്ടെത്തിയതുപോലെ ഇനി പുതിയകാലത്ത് നാം അവരുടെ കമ്പ്യൂട്ടറുകളും അവര്‍ ഉപയോഗിച്ച ഇ-മെയിലുകളും അവര്‍ വിവരങ്ങള്‍ ശേഖരിച്ചുെവച്ച ഡേറ്റ ക്ലൗഡുകളും തിരയേണ്ടി വരും. അവര്‍ നവമാധ്യമങ്ങളില്‍ മറ്റുള്ളവരുമായി പങ്കിട്ട ശബ്ദങ്ങളും കുറിപ്പുകളും വിഡിയോയും പഠനവിധേയമാക്കേണ്ടിവരും. പഠനത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങള്‍ യഥാർഥമാണോ കൃത്രിമമാണോ എന്ന് കണ്ടെത്തേണ്ടത് പഠിതാക്കളുടെ പ്രധാന ജോലിയാണ്. അപ്പോള്‍ നാം ഡീപ്ഫെയ്ക് ചെയ്ത വിവരങ്ങളെ എങ്ങനെ മറ്റുള്ളവയില്‍നിന്ന് മാറ്റിവെക്കും എന്നത് വലിയ പ്രതിസന്ധിയായി മാറും.