Begin typing your search above and press return to search.
proflie-avatar
Login

മു​സ്​​ലിം: ഒ​രു പ​ത്ര​ത്തി​നു​മ​പ്പു​റം

മു​സ്​​ലിം: ഒ​രു പ​ത്ര​ത്തി​നു​മ​പ്പു​റം
cancel

വ​ക്കം അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി ആ​രം​ഭി​ച്ച ‘മു​സ്‍ലിം’ മാ​സി​ക​യു​ടെ ച​രി​ത്ര​ദൗ​ത്യ​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും പ​രി​ശോ​ധി​ക്കു​ന്നു. 1906 ജ​നു​വ​രി മു​ത​ൽ 1930 ജൂ​ൺ വ​രെ ഇ​ട​ക്ക് നി​ല​ച്ചും ഇ​ട​ക്ക് കു​തി​ച്ചും ഇ​ട​ക്കി​ട​ക്ക് കി​ത​ച്ചും 25 വ​ർ​ഷ​ത്തോ​ളം എ​ങ്ങ​നെ​യാ​ണ്​ ‘മു​സ്‍ലിം’ നി​ല​നി​ന്ന​ത്​? പ​ത്ര​പ്ര​വ​ർ​ത്ത​ന ച​രി​ത്ര​ത്തി​ൽപോ​ലും വേ​ണ്ട​വി​ധം രേ​ഖ​പ്പെ​ടു​ത്താ​ത്ത ഒ​രു അ​ധ്യാ​യംഅ​ന്വേ​ഷി​ക്കു​ക​യാ​ണ്​ ച​രി​ത്ര​കാ​ര​നാ​യ ലേ​ഖ​ക​ൻ.കേ​ര​ളീ​യ സ​മൂ​ഹ​ത്തെ ന​വോ​ത്ഥാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളി​ൽ ഒ​ന്ന് അ​ച്ച​ടി​യു​ടെ വ്യാ​പ​ന​മാ​ണ്. അ​ച്ച​ടിസം​സ്കാ​രം...

Your Subscription Supports Independent Journalism

View Plans
വ​ക്കം അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി ആ​രം​ഭി​ച്ച ‘മു​സ്‍ലിം’ മാ​സി​ക​യു​ടെ ച​രി​ത്ര​ദൗ​ത്യ​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും പ​രി​ശോ​ധി​ക്കു​ന്നു. 1906 ജ​നു​വ​രി മു​ത​ൽ 1930 ജൂ​ൺ വ​രെ ഇ​ട​ക്ക് നി​ല​ച്ചും ഇ​ട​ക്ക് കു​തി​ച്ചും ഇ​ട​ക്കി​ട​ക്ക് കി​ത​ച്ചും 25 വ​ർ​ഷ​ത്തോ​ളം എ​ങ്ങ​നെ​യാ​ണ്​ ‘മു​സ്‍ലിം’ നി​ല​നി​ന്ന​ത്​? പ​ത്ര​പ്ര​വ​ർ​ത്ത​ന ച​രി​ത്ര​ത്തി​ൽപോ​ലും വേ​ണ്ട​വി​ധം രേ​ഖ​പ്പെ​ടു​ത്താ​ത്ത ഒ​രു അ​ധ്യാ​യംഅ​ന്വേ​ഷി​ക്കു​ക​യാ​ണ്​ ച​രി​ത്ര​കാ​ര​നാ​യ ലേ​ഖ​ക​ൻ.

കേ​ര​ളീ​യ സ​മൂ​ഹ​ത്തെ ന​വോ​ത്ഥാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളി​ൽ ഒ​ന്ന് അ​ച്ച​ടി​യു​ടെ വ്യാ​പ​ന​മാ​ണ്. അ​ച്ച​ടിസം​സ്കാ​രം (Print Culture) തു​റ​ന്നു​ന​ൽ​കി​യ വ​ഴി​യി​ലൂ​ടെ ജ​ന​സാ​മാ​ന്യ​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റാ​ൻ സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​ക്ക​ൾ​ക്ക് സാ​ധി​ച്ചു. വി​വി​ധ സ​മു​ദാ​യ​ങ്ങ​ളു​ടെ ഇ​ട​യി​ൽ പ​രി​ഷ്ക​ര​ണ ആ​ശ​യ​ങ്ങ​ൾ തു​റ​ന്നു​ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി നി​ല​നി​ന്ന പ​ത്രി​ക​ക​ളാ​യി​രു​ന്നു ‘ന​സ്രാ​ണി ദീ​പി​ക’ (1887), ‘സു​ജ​നാ​ന​ന്ദി​നി’ (1891), ‘മ​ല​യാ​ളി’ (1901), ‘വി​വേ​കോ​ദ​യം’ (1904), ‘മു​സ്‍ലിം’ (1906), ‘സാ​ധു​ജ​ന പ​രി​പാ​ലി​നി’ (1911), ‘കേ​ര​ള കൗ​മു​ദി’ (1911) തു​ട​ങ്ങി​യ​വ. ന​വോ​ത്ഥാ​ന കേ​ര​ള​ത്തെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ ചെ​റു​ത​ല്ലാ​ത്ത സം​ഭാ​വ​ന ന​ൽ​കി​യ​വ​യാ​യി​രു​ന്നു ഇ​ത്ത​രം പ​ത്രി​ക​ക​ൾ.

കേ​ര​ള​ത്തി​ലെ മു​സ്​​ലിം സ​മു​ദാ​യ​ത്തി​ന്റെ ഇ​ട​യി​ൽ അ​ന്ധ​വി​ശ്വാ​സ നി​ർ​മാ​ർ​ജ​നം, അ​നാ​ചാ​ര ധ്വം​സ​നം, വി​ദ്യാ​ഭ്യാ​സ അ​ഭി​വൃ​ദ്ധി എ​ന്നി​വ ല​ക്ഷ്യം​െ​വ​ച്ച് വ​ക്കം അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി ആ​രം​ഭി​ച്ച ‘മു​സ്‍ലിം’ മാ​സി​ക വി​വി​ധ ദ​ശാ​സ​ന്ധി​ക​ളി​ലൂ​ടെ പ​രി​ണ​മി​ച്ച് അ​തി​ന്റെ ഉ​ദ്യ​മ​ങ്ങ​ൾ പൂ​ർ​ണ​ത​യി​ലേ​ക്ക് എ​ത്തി​ച്ചു​വെ​ന്നു​വേ​ണം ക​രു​താ​ൻ. 1906 ജ​നു​വ​രി മു​ത​ൽ 1930 ജൂ​ൺ വ​രെ ഇ​ട​ക്ക് നി​ല​ച്ചും ഇ​ട​ക്ക് കു​തി​ച്ചും ഇ​ട​ക്കി​ട​ക്ക് കി​ത​ച്ചും 25 വ​ർ​ഷ​ത്തോ​ളം നി​ല​നി​ന്ന ഒ​രു പ​ത്രി​ക​യാ​യി​രു​ന്നു ‘മു​സ്‍ലിം’. ഈ ​കാ​ല​യ​ള​വി​ൽ വി​വി​ധ മാ​നേ​ജ്മെ​ന്റു​ക​ളു​ടെ കീ​ഴി​ൽ വി​വി​ധ പ​ത്രാ​ധി​പ​ന്മാ​രു​ടെ പ​രി​ലാ​ള​ന​യി​ൽ മാ​സി​ക​യാ​യും വൃ​ത്താ​ന്ത​പ​ത്ര​മാ​യും വി​വി​ധ​രൂ​പ​ത്തി​ൽ ‘മു​സ്‍ലിം’ ന​ട​ന്നു​വ​ന്നു. 1906 ജ​നു​വ​രി ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം വ​ക്ക​ത്തു​ള്ള ‘സ്വ​ദേ​ശാ​ഭി​മാ​നി’ പ്ര​സി​ൽ​നി​ന്ന് പ്ര​സി​ദ്ധീ​ക​ര​ണം ആ​രം​ഭി​ച്ച പ​ത്ര​ത്തി​ന്റെ ന​യപ്ര​ഖ്യാ​പ​ന​ത്തി​ൽ​ത​ന്നെ സ​മു​ദാ​യ പ​രി​ഷ്ക​ര​ണ​മാ​ണ് ല​ക്ഷ്യ​മെ​ന്ന് പ്ര​സ്താ​വി​ക്കു​ന്നു​ണ്ട്: ‘‘സ​മു​ദാ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട പ​രി​ഷ്കാ​ര​ങ്ങ​ൾ ഇ​ന്ന​വ​യെ​ന്ന് പ​റ​ഞ്ഞ് അ​ത​തു വ​ർ​ഗ​ക്കാ​ർ​ക്കു മ​ന​സ്സി​ലാ​ക്കി കൊ​ടു​ക്കു​ക​യും, ആ ​വ​ഴി​യാ​യി ക​ഴി​യു​ന്നി​ട​ത്തോ​ളം പ​രി​ഷ്കാ​രം വ​രു​ത്തു​ക​യും ചെ​യ്യു​ന്ന​തി​ൽ ആ​ദ്യം ശ്ര​മി​ക്കാ​മെ​ന്നു​ള്ള​താ​ണ്. കേ​ര​ള​ത്തി​ലെ പ​ല ജാ​തി​ക്കാ​രും അ​വ​ര​വ​രു​ടെ അ​ഭി​വൃ​ദ്ധി​ക്കാ​യി വേ​ണ്ട​ത് പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്ന ഈ ​കാ​ല​ത്ത് മു​സ​ൽ​മാ​ന്മാ​ർ​ക്ക് ഇ​ങ്ങ​നെ ഒ​രു​ദ്യ​മം അ​ത്യ​ന്താ​വ​ശ്യ​മാ​കു​ന്നു.”[1]

വ​ക്കം മൗ​ല​വി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ രാ​ഷ്ട്രീ​യ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന ‘സ്വ​ദേ​ശാ​ഭി​മാ​നി’ പ​ത്ര​മാ​യും സ​മു​ദാ​യ പ​രി​ഷ്‍ക​ര​ണാ​ശ​യ​ങ്ങ​ൾ നി​റ​ഞ്ഞ ‘മു​സ്‍ലിം’ മാ​സി​ക​യാ​യും ഒ​രേ​സ​മ​യം പ്ര​വ​ർ​ത്തി​ച്ചു. മു​സ്‍ലിം​ക​ളു​ടെ ഇ​ട​യി​ൽ ന​വോ​ത്ഥാ​ന​ത്തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ ഉ​ൾ​ച്ചേ​ർ​ന്നു​വ​രു​ന്ന ആ​ശ​യ​ങ്ങ​ളി​ലൂ​ടെ ‘മു​സ്‍ലി’​മി​ന് വി​വി​ധ കോ​ണു​ക​ളി​ൽ വ​ലി​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞു. സ​മ​കാ​ല സാം​സ്കാ​രി​ക - സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന പ്ര​ഗ​ല്ഭ​രാ​യി​രു​ന്നു അ​തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ര​ച​ന​ക​ൾ ന​ൽ​കി​വ​ന്നി​രു​ന്ന​ത്. വ​ക്കം മൗ​ല​വി​യു​ടെ​യും അ​നു​യാ​യി​ക​ളു​ടെ​യും ന​വോ​ത്ഥാ​ന ചി​ന്ത​ക​ൾ​കൊ​ണ്ട് സ​മ്പ​ന്ന​മാ​യി​രു​ന്നു പ​ല ല​ക്ക​ങ്ങ​ളും. പൊ​തു​വെ കേ​ര​ള​ത്തി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ളം മ​ല​യാ​ളി മു​സ്‍ലിം​ക​ൾ പാ​ർ​ത്തു​വ​ന്നി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ‘മു​സ്‍ലി’​മി​ന്റേ​താ​യി ധാ​രാ​ളം ആ​രാ​ധ​ക​രെ സൃ​ഷ്ടി​ക്കാ​ൻ മൗ​ല​വി​ക്ക് ക​ഴി​ഞ്ഞു. ‘സ്വ​ദേ​ശാ​ഭി​മാ​നി’ പ​ത്ര​ത്തി​ന്റെ നി​രോ​ധ​നം പി​ൽ​ക്കാ​ല​ത്ത് ‘മു​സ്‍ലി’​മി​ന്റെ പ്ര​സി​ദ്ധീ​ക​ര​ണ കാ​ര്യ​ങ്ങ​ളി​ൽ തി​രു​വി​താം​കൂ​ർ സ​ർ​ക്കാ​റി​ന്റെ നി​രീ​ക്ഷ​ണ​വും ഇ​ട​പെ​ട​ലു​ക​ളും ശ​ക്തി​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​തു​പോ​ലെ മ​ല​ബാ​ർ ക​ലാ​പകാ​ല​ത്ത് ‘മു​സ്‍ലിം’ പ്ര​സി​ദ്ധീ​ക​രി​ച്ച ചി​ല വി​മ​ർ​ശ​ന കു​റി​പ്പു​ക​ൾ പ​ത്ര​ത്തി​നെ​തി​രെ​യു​ള്ള ബ്രി​ട്ടീ​ഷ് ഇ​ട​പെ​ട​ലി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള ചി​ല നീ​ക്ക​ങ്ങ​ളാ​ണ് ഇ​വി​ടെ തു​ട​ർ​ന്ന് പ്ര​തി​പാ​ദി​ക്കു​ന്ന​ത്.


വ​ട​ക്ക​ൻ ക​ത്ത്

വ​ട​ക്ക​ൻ ക​ത്ത്

1910 സെ​പ്റ്റം​ബ​ർ 26ന് ‘​സ്വ​ദേ​ശാ​ഭി​മാ​നി’ പ​ത്ര​വും അ​ച്ചു​കൂ​ട​വും തി​രു​വി​താം​കൂ​ർ സ​ർ​ക്കാ​ർ ക​ണ്ടു​കെ​ട്ടി​യ​തോ​ടെ അ​തേ മാ​നേ​ജ്മെ​ന്റി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ‘മു​സ്‍ലിം’ നി​ല​ച്ചു. 1912ൽ ​പു​നഃ​പ്ര​സി​ദ്ധീ​ക​ര​ണം ആ​രം​ഭി​െ​ച്ച​ങ്കി​ലും പ​ത്ര​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യും പ്ര​സാ​ധ​ന​വും തു​ട​ർ​ന്നു​കൊ​ണ്ടു​പോ​കാ​ൻ മൗ​ല​വി വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി. മാ​ത്ര​മ​ല്ല, നി​ര​ന്ത​രം ‘മു​സ്‍ലിം’ മാ​സി​ക​യു​ടെ മേ​ൽ സ​ർ​ക്കാ​റി​ന്റെ ദൃ​ഷ്ടി പ​തി​ഞ്ഞു​കൊ​ണ്ടു​മി​രു​ന്നു. മി​ക്ക​പ്പോ​ഴും ‘മു​സ്‍ലി’​മി​ന്റെ താ​ളു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന വ​സ്തു​ത​ക​ൾ എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ സ​ർ​ക്കാ​ർ താ​ൽ​പ​ര്യം കാ​ണി​ച്ചു. 1913 ഡി​സം​ബ​ർ 22ന് ​ഇ​ന്റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ഡ് ട്രാ​ൻ​സ് ലേ​റ്റ​റോ​ട് ‘മു​സ്‍ലി’മി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ളു​ടെ പ്ര​കൃ​ത​ത്തെ കു​റി​ച്ച​റി​യാ​നും രാ​ഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളോ പൊ​തു വാ​ർ​ത്ത​ക​ളോ ഉ​ൾ​പ്പെ​ട്ടു​വ​രു​ന്നു​ണ്ടോ എ​ന്ന​റി​ഞ്ഞ് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും ദി​വാ​ൻ പേ​ഷ്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി.

[2] 1914 ഏ​പ്രി​ൽ 4ന് ​ഇ​തുസം​ബ​ന്ധ​മാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഹെ​ഡ് ട്രാ​ൻ​സ് ലേ​റ്റ​ർ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ചു. അ​തി​ൽ ‘മു​സ്‍ലിം’ മാ​സി​ക രാ​ഷ്ട്രീ​യ​മാ​യ ഒ​ന്നും പ്ര​സി​ദ്ധീ​ക​രി​ച്ച് വ​രു​ന്നി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, അ​തി​ൽ ഇ​സ്‍ലാ​മി​നെ​ക്കു​റി​ച്ചും മു​സ്‍ലിം​ക​ളു​ടെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ചു​മു​ള്ള വി​ഭ​വ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തെ​ന്നും മ​റു​പ​ടി ന​ൽ​കി. 1916-17 കാ​ല​ഘ​ട്ട​ത്തി​ൽ ‘മു​സ്‍ലിം’ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത​ക​ളൊ​ക്കെ​ത​ന്നെ സ​മു​ദാ​യ​ത്തി​ന്റെ അ​ഭി​വൃ​ദ്ധി ല​ക്ഷ്യം​െ​വ​ച്ചു​ള്ള​വ​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും ന​ട​ന്നു​വ​ന്ന പ​രി​ഷ്ക​ര​ണ ഉ​ദ്യ​മ​ങ്ങ​ളും സം​ഘ​ട​ന​ക​ളു​ടെ രൂ​പ​വ​ത്ക​ര​ണ​വും സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ കാ​ര്യ​ങ്ങ​ളി​ൽ കൈ​ക്കൊ​ള്ളേ​ണ്ട ന​ട​പ​ടി​ക​ളും ശാ​സ്ത്ര​ലോ​ക​ത്തെ പു​തി​യ പ്ര​വ​ണ​ത​ക​ളും മ​ത​പ​രി​ഷ്ക​ര​ണ​ങ്ങ​ളും എ​ല്ലാം ലേ​ഖ​ന​ങ്ങ​ളാ​യി വ​ന്നു​കൊ​ണ്ടി​രു​ന്നു. എ​ന്നി​രു​ന്നാ​ലും ഇ​ട​ക്കി​ട​ക്ക് ‘മു​സ്‍ലി’​മി​ന്റെ മേ​ൽ സ​ർ​ക്കാ​റി​ന്റെ ശ്ര​ദ്ധ​യു​ണ്ടാ​യി​ട്ടു​ണ്ട്.

തി​രു​വി​താം​കൂ​ർ പ​ത്ര റെ​ഗു​ലേ​ഷ​ൻ അ​നു​സ​രി​ച്ച് ഓ​രോ പ​ത്ര​ത്തി​ന്റെ​യും മേ​ൽ​നോ​ട്ട ചു​മ​ത​ല ജി​ല്ല മ​ജി​സ്ട്രേ​റ്റി​നാ​യി​രു​ന്നു. 1917 സെ​പ്റ്റം​ബ​ർ 10ന് ​തി​രു​വി​താം​കൂ​ർ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ല്ല മ​ജി​സ്ട്രേ​റ്റി​നോ​ട് ‘മു​സ്‍ലിം’ എ​ന്ന പ​ത്രി​ക​യെ​ക്കു​റി​ച്ച് അ​ത് മു​സ്​​ലിം സ​മു​ദാ​യ​ത്തി​ൽ വ​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ച​ല​ന​ങ്ങ​ളെ​ക്കു​റി​ച്ചും റി​പ്പോ​ർ​ട്ട് തേ​ടി. അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വ​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ‘സ്വ​ദേ​ശാ​ഭി​മാ​നി’ പ​ത്രം സം​ബ​ന്ധി​ച്ച ചി​ല വി​വ​ര​ങ്ങ​ൾ​കൂ​ടി ക​ട​ന്നു​വ​ന്നു – ‘സ്വ​ദേ​ശാ​ഭി​മാ​നി’ പ​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്ന വ്യ​ക്തി​യാ​ണോ ഇ​പ്പോ​ൾ ‘മു​സ്​​ലിം’ പ​ത്രം ന​ട​ത്തു​ന്ന​ത് എ​ന്ന നി​ല​യി​ലേ​ക്കാ​ണ് അ​ന്വേ​ഷ​ണം വ​ന്ന​ത്.

1922 സെ​പ്റ്റം​ബർ 14ന് ​പു​റ​ത്തുവ​ന്ന ‘മുസ്‍ലിം’. ഇ​തി​ലാ​ണ് ‘വ​ട​ക്ക​ൻ ക​ത്ത്’ എ​ന്ന പേ​രി​ൽ ബ്രി​ട്ടീ​ഷ് വി​രു​ദ്ധ ലേ​ഖ​നം വ​ന്ന​ത്

1922 സെ​പ്റ്റം​ബർ 14ന് ​പു​റ​ത്തുവ​ന്ന ‘മുസ്‍ലിം’. ഇ​തി​ലാ​ണ് ‘വ​ട​ക്ക​ൻ ക​ത്ത്’ എ​ന്ന പേ​രി​ൽ ബ്രി​ട്ടീ​ഷ് വി​രു​ദ്ധ ലേ​ഖ​നം വ​ന്ന​ത്

1917 ഒ​ക്ടോ​ബ​ർ 28ന് ​ഇ​തേ അ​ന്വേ​ഷ​ണ​ക്കു​റി​പ്പി​ൽ പ്ര​സ്തു​ത കാ​ര്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്: ‘‘അ​ന്ത​രി​ച്ച രാ​മ​കൃ​ഷ്ണ​പി​ള്ള ന​ട​ത്തി​യി​രു​ന്ന ‘സ്വ​ദേ​ശാ​ഭി​മാ​നി’ അ​ച്ച​ടി​ച്ച വ​ക്ക​ത്തെ പ്ര​സി​ൽ​നി​ന്നാ​ണോ ‘മു​സ്‍ലിം’ പ​ത്രി​ക അ​ച്ച​ടി​ക്കു​ന്ന​ത്? അ​തി​ന്റെ ന​ട​ത്തി​പ്പു​കാ​ര​ന് പ​ഴ​യ​ രേ​ഖ​ക​ളി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളു​മാ​യി എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ?’’ എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു. അ​തി​നു ല​ഭി​ച്ച മ​റു​പ​ടി​യി​ൽ, “മു​സ്​​ലിം മാ​സി​ക​യു​ടെ അ​ച്ച​ടി​യും പ്ര​സാ​ധ​ന​വും മു​ഹ​മ്മ​ദ് കു​ഞ്ഞ് എ​ന്ന വ്യ​ക്തി​യാ​ണ് ന​ട​ത്തു​ന്ന​ത്. മു​സ്​​ലിം സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട സ​മ്പ​ന്ന​നും മ​ത​പ​ണ്ഡി​ത​നു​മാ​യ അ​ദ്ദേ​ഹ​ത്തി​ന് ‘സ്വ​ദേ​ശാ​ഭി​മാ​നി’ അ​ച്ചു​കൂ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന​വ​രു​മാ​യി ബ​ന്ധ​മു​ണ്ട്. എ​ന്നാ​ൽ, ‘സ്വ​ദേ​ശാ​ഭി​മാ​നി’​യു​ടെ അ​ച്ച​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഴ​യ​കാ​ല രേ​ഖ​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഒ​ന്നും​ത​ന്നെ പ​റ​ഞ്ഞു​കാ​ണു​ന്നി​ല്ല.’’[3]

1917 ആ​ഗ​സ്റ്റ് 26 മു​ത​ൽ തു​ട​ക്ക​ത്തി​ൽ മാ​സി​ക​യാ​യി ന​ട​ന്നു​വ​ന്നി​രു​ന്ന ‘മു​സ്‍ലിം’ മാ​സ​ത്തി​ൽ മൂ​ന്ന് എ​ന്ന നി​ല​യി​ൽ പ്ര​സാ​ധ​നം പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​ത്ര​മാ​ധ്യ​മ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ൾ അ​ത​ത് സ​മ​യ​ങ്ങ​ളി​ൽ ജി​ല്ല മ​ജി​സ്ട്രേ​റ്റി​ന് സ​ത്യ​വാ​ങ്മൂ​ല​ത്തി​ലൂ​ടെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം എ​ന്ന നി​യ​മം തി​രു​വി​താം​കൂ​റി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. 1904ലെ (1079 ME) ​റെ​ഗു​ലേ​ഷ​ൻ II അ​നുച്ഛേ​ദം 10 പ്ര​കാ​രം പ​ത്ര​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​ത​ത് കാ​ല​ങ്ങ​ളി​ൽ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ൾ ജി​ല്ല മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ന​ട​ത്തി​പ്പു​കാ​ർ സാ​ക്ഷ്യ​പ​ത്ര​ത്തി​ൽ എ​ഴു​തി​ന​ൽ​ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. ഇ​തി​ൻ​പ്ര​കാ​രം ‘മു​സ്‍ലിം’ പ്ര​സി​ദ്ധീ​ക​ര​ണം മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് 1917 ആ​ഗ​സ്റ്റ് മാ​സ​ത്തി​ൽ (കൊ.​വ. 1093 ചി​ങ്ങം 6) മു​ഹ​മ്മ​ദ് കു​ഞ്ഞ് ന​ൽ​കി​യ സ​ത്യ​പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്ന​ത്: ‘‘ക​ട​യ്ക്കാ​വൂ​ർ അ​ധി​കാ​ര​ത്തി​ൽ വ​ക്കം ദേ​ശ​ത്ത് കി​ഴ​ക്കേ മു​ള്ളു​വി​ളാ​ക​ത്തു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ‘മു​സ്​​ലിം’ പ്ര​സി​ൽനി​ന്നും മാ​സി​ക പ​ത്ര ഗ്ര​ന്ഥ​മാ​യി ഞാ​ൻ അ​ച്ച​ടി​ച്ച് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​വ​ന്നി​രി​ക്കു​ന്ന​തും ഇ​യാ​ണ്ട് ചി​ങ്ങ​മാ​സം 16 മു​ത​ൽ മാ​സ​ത്തി​ൽ മൂ​ന്നു​ത​വ​ണ വീ​തം വ​ർ​ത്ത​മാ​ന​പ​ത്ര​മാ​യി ടി ​പ്ര​സി​ൽ നി​ന്നു​ത​ന്നെ അ​ച്ച​ടി​ച്ച് പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ൻ പോ​കു​ന്ന​തു​മാ​യ ‘മു​സ്​​ലിം’ എ​ന്ന വ​ർ​ത്ത​മാ​ന​പ​ത്ര​ത്തി​ന്റെ അ​ച്ച​ടി​കാ​ര​നും പ്ര​സാ​ധ​ക​നും ടി ​വ​ക്ക​ത്തു മ​ണ​ക്കാ​ട്ടി​ൽ അ​ലി​യാ​രു കു​ഞ്ഞു മു​ഹ​മ്മ​ദ് കു​ഞ്ഞാ​യ ഞാ​ൻ​ ത​ന്നെ​യാ​കു​ന്നു.’’ ‘മു​സ്‍ലി’​മി​ന്റെ ഈ ​ഘ​ട്ടം വ​ള​രെ ക്ലേ​ശ​ക​ര​മാ​യി​രു​ന്നു. എ​ന്നി​രു​ന്നാ​ലും വ​ക്കം മൗ​ല​വി​യു​ടെ ആ​ശ​യ​ങ്ങ​ൾ​ക്കു​വേ​ണ്ട അം​ഗീ​കാ​രം ല​ഭി​ച്ചു​തു​ട​ങ്ങി​യ അ​ക്കാ​ല​ത്ത് മ​ല​യാ​ളി മു​സ്‍ലിം​ക​ളി​ൽ അ​ക്ഷ​ര​ജ്ഞാ​ന​മു​ള്ള ബ​ഹു​ഭൂ​രി​പ​ക്ഷ​വും ‘മു​സ്‍ലി’​മി​ന്റെ ആ​രാ​ധ​ക​രാ​യിത്തീ​ർ​ന്നു.

1091 തു​ലാം (1916) മാ​സ​ത്തി​ലെ ‘മു​സ്‍ലിം’ മാ​സി​ക. തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ഗ്ര​ന്ഥ​ശാ​ല​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ളത്

1091 തു​ലാം (1916) മാ​സ​ത്തി​ലെ ‘മു​സ്‍ലിം’ മാ​സി​ക. തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ഗ്ര​ന്ഥ​ശാ​ല​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ളത്

യാ​ഥാ​സ്ഥി​തി​ക​രാ​യ വ​ലി​യൊ​രു വി​ഭാ​ഗം അ​തി​ന്റെ എ​തി​രാ​ളി​ക​ളാ​യും നി​ലനി​ന്നി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തോ​ളം കു​തി​ച്ചും കി​ത​ച്ചും പ​ത്രി​ക മു​ന്നോ​ട്ടു​പോ​യി. ക്ര​മേ​ണ മാ​സ​ത്തി​ൽ മൂ​ന്നു ല​ക്ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ക​യെ​ന്ന​ത് വ​ള​രെ ശ്ര​മ​പ്പെ​ട്ട ഒ​ന്നാ​യി മാ​റി. എ​ല്ലാ​വി​ധ​ത്തി​ലും ബു​ദ്ധി​മു​ട്ട് ഏ​റി​യ വേ​ള​യി​ൽ പ​ത്രി​ക​യെ നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള പു​തു​വ​ഴി​ക​ളും സം​ഘാ​ട​ക​ർ ആ​ലോ​ചി​ച്ചു​കൊ​ണ്ടി​രു​ന്നു. വ​ക്കം മൗ​ല​വി​യു​ടെ ആ​ശ​യ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ആ​ല​പ്പു​ഴ ല​ജ്ന​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ സം​ഘ​ത്തി​ന്റെ സ​ഹാ​യം ഈ ​അ​വ​സ​ര​ത്തി​ൽ ‘മു​സ്‍ലി’​മി​ന് ല​ഭി​ച്ചു. തു​ട​ർ​ന്ന് 1919 ഒ​ക്ടോ​ബ​റി​ൽ വ​ക്ക​ത്തു​നി​ന്ന് പ്ര​സി​ദ്ധീ​ക​ര​ണം ആ​ല​പ്പു​ഴ​യി​ലേ​ക്ക് മാ​റ്റാ​ൻ മൗ​ല​വി​യും അ​നു​യാ​യി​ക​ളും തീ​രു​മാ​നി​ച്ചു.

‘മു​സ്‍ലി’​മി​ന്റെ ആ​ല​പ്പു​ഴ കാ​ണ്ഡo

തി​രു​വി​താം​കൂ​റി​ലെ ആ​ദ്യ​ത്തെ മു​സ്​​ലിം പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​മാ​യി ക​ണ​ക്കാ​ക്കാ​വു​ന്ന ആ​ല​പ്പു​ഴ ല​ജ്ന​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ സം​ഘ​ത്തി​ന് (1914) സ്വ​ന്ത​മാ​യൊ​രു അ​ച്ചു​കൂ​ടം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. പു​തി​യ അ​ച്ച​ടി പ്ര​സാ​ധ​ന​ശാ​ല വ​രു​ന്ന​തു​വ​രെ ‘കേ​ര​ള​സ​ന്താ​നം’ പ്ര​സി​ൽ​നി​ന്നും ‘മു​സ്‍ലിം’ അ​ച്ച​ടി​ച്ചു. 1920 ഫെ​ബ്രു​വ​രി 11 ന് (​കൊ.​വ. 1095 മ​ക​രം 26) ല​ജ്ന​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ​യു​ടെ ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യും ആ​ല​പ്പു​ഴ മു​ൻ​സി​ഫ് കോ​ട​തി വ​ക്കീ​ലു​മാ​യി​രു​ന്ന പി.​എ​സ്. മു​ഹ​മ്മ​ദി​ന്റെ കാ​ര്യ​ദ​ർ​ശി​ത്വ​ത്തി​ൽ ‘മു​സ്​​ലിം പ്രി​ന്റി​ങ് ആ​ൻ​ഡ് പ​ബ്ലി​ഷി​ങ് ക​മ്പ​നി’ എ​ന്ന പേ​രി​ൽ ഒ​രു അ​ച്ചു​കൂ​ടം 50,000 രൂ​പ മൂ​ല​ധ​നം ​െവ​ച്ചു​കൊ​ണ്ട് ജോ​യ​ന്റ് സ്റ്റോ​ക്ക് ക​മ്പ​നി​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. [4] തു​ട​ർ​ന്ന് ‘മു​സ്‍ലി’​മി​ന്റെ അ​ച്ച​ടി പു​തി​യ പ്ര​സി​ലേ​ക്ക് മാ​റ്റി. ഇ​തുസം​ബ​ന്ധ​മാ​യി പ്ര​സ് കാ​ര്യ​ദ​ർ​ശി പി.​എ​സ്. മു​ഹ​മ്മ​ദ് 1920 മേ​യ് 3ന് (​കൊ.​വ. 1095 മി​ഥു​നം 2) മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ്ര​സ്താ​വി​ക്കു​ന്ന​ത്: ‘‘പു​സ്ത​ക​ങ്ങ​ൾ മു​ത​ലാ​യ​വ അ​ച്ച​ടി​ക്കു​ന്ന​തി​ന് മു​സ്​​ലിം പ്രി​ന്റി​ങ് ആ​ൻ​ഡ് പ​ബ്ലി​ഷി​ങ് ക​മ്പ​നി എ​ന്ന പേ​രോ​ടു​കൂ​ടി ഒ​രു പ്ര​സ് കൊ​ല്ലം ഡി​വി​ഷ​നി​ൽ അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ ആ​ല​പ്പു​ഴ പ്ര​വൃ​ത്തി​യി​ൽ ടി ​മു​റി​യി​ൽ ആ​ശു​പ​ത്രി റോ​ഡി​ന് തെ​ക്കു വ​ര​ട്ടു​ച്ച​ത്തു​റ റോ​ഡി​നു കി​ഴ​ക്കു ന​വ​റോ​ജി വ​ക സ്ഥ​ല​ത്തി​നു വ​ട​ക്കു ഇ​ട​വ​ഴി​ക്കു മേ​ക്കു​ള്ള വ​സ്തു​വി​ൽ ല​ജ്ന​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ വ​ക പു​ര​യി​ട​ത്തി​ൽ ടി ​ക​മ്പ​നി മാ​നേ​ജി​ങ് സെ​ക്ര​ട്ട​റി​യാ​യ ആ​ല​പ്പു​ഴ മു​ൻ​സി​ഫ് കോ​ർ​ട്ട് വ​ക്കീ​ൽ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ര്യാ​ടു പ്ര​വൃ​ത്തി​യി​ൽ തെ​ക്ക​നാ​ര്യാ​ട്ടു മു​റി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പി.​എ​സ്. മു​ഹ​മ്മ​ദാ​യ ഞാ​ൻ ഇ​തി​നാ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.’’ [5]

1920 മു​ത​ൽ എ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്റെ പ​ത്രാ​ധി​പ​ത്യ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ​നി​ന്നും ‘മു​സ്‍ലിം’ പ്ര​തി​വാ​ര പ​ത്ര​മാ​യി പു​റ​ത്തുവ​ന്നു തു​ട​ങ്ങി. ല​ജ്ന​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ​യു​ടെ സ​ഹാ​യ​ത്താ​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന പ​ത്ര​ത്തി​ന് കൂ​ടു​ത​ൽ അ​ഭി​വൃ​ദ്ധി​ നേ​ടാ​ൻ സാ​ധി​ച്ചു. കു​റ​ച്ചു​ നാ​ളു​ക​ൾ​ക്ക​കം ആ​ഴ്ച പ​ത്രം (വ്യാ​ഴാ​ഴ്ച​യി​ൽ) എ​ന്ന​ത് ആ​ഴ്ച​യി​ൽ ര​ണ്ടു​വീ​ത​മു​ള്ള പ​ത്രം (എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും) എ​ന്ന നി​ല​യി​ലേ​ക്ക് പ്ര​സി​ദ്ധീ​ക​ര​ണം മാ​റി. ‘സ്വ​ത​ന്ത്ര മു​സ്​​ലിം പ​ത്രം’ (An Independent Muslim Organ) എ​ന്ന ടാ​ഗ് ലൈ​നോ​ടു​കൂ​ടി​യാ​യി​രു​ന്നു ‘മു​സ്‍ലിം’ പ​ത്രി​ക​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണം ന​ട​ന്ന​ത്. ഇ​ക്കാ​ല​ത്ത് സം​ഭ​വി​ച്ച പൗ​ര​സ​മ​ത്വ​വാ​ദ പ്ര​ക്ഷോ​ഭം (1918-22), മ​ല​ബാ​ർ ക​ലാ​പം (1921-22) എ​ന്നി​ങ്ങ​നെ പ​ല കാ​ര്യ​ങ്ങ​ളി​ലും സ്വ​ത​ന്ത്ര​മാ​യ അ​ഭി​പ്രാ​യപ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്താ​ൻ പ​ത്ര​ത്തി​ന് സാ​ധി​ച്ചു. 1922ന്റെ ​അ​വ​സാ​ന​ത്തോ​ടെ മു​ഹ​മ്മ​ദ് കു​ഞ്ഞ് പ​ത്രാ​ധി​പ​സ്ഥാ​നം ഒ​ഴി​യു​ക​യും എ.​എം. അ​ബ്ദു​ൽ ഖാ​ദ​ർ (1922-23) പു​തി​യ പ​ത്രാ​ധി​പ​രാ​യി വ​രു​ക​യും ചെ​യ്തു. പു​തി​യ പ​ല മാ​റ്റ​ങ്ങ​ളും കൊ​ണ്ടു​വ​രു​ന്ന​തി​ന് അ​ദ്ദേ​ഹം പ​രി​ശ്ര​മി​ച്ചു. കു​റ​ച്ചു​നാ​ളു​ക​ൾ​ക്കു​ശേ​ഷം ഉ​ന്ന​ത​പ​ഠ​ന​ത്തി​നാ​യി അ​ലീ​ഗ​ഢി​ലേ​ക്ക് പോ​കേ​ണ്ടി​വ​ന്ന​തി​നാ​ൽ അ​ബ്ദു​ൽ ഖാ​ദ​ർ പ​ത്രാ​ധി​പ​സ്ഥാ​നം ഒ​ഴി​ഞ്ഞു. തു​ട​ർ​ന്ന് ഗം​ഗാ​ധ​ര​ൻ ഉ​ണ്ണി​ത്താ​ൻ (1923- 24) പ​ത്രാ​ധി​പ​സ്ഥാ​ന​ത്തേ​ക്ക് വ​ന്നു. [6] സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ വാ​ർ​ത്ത​ക​ൾ ച​ർ​ച്ച​ചെ​യ്തു വ​ന്ന പ​ത്രം പ്ര​തി​വാ​രം 750 കോ​പ്പി​ക​ളോ​ളം അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്തു​വ​ന്നു. തി​രു​വി​താം​കൂ​റി​ൽ മാ​ത്ര​മ​ല്ല, മ​ല​ബാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലും ‘മു​സ്‍ലിം’ പ​ത്രി​ക​ക്ക് ന​ല്ല പ്ര​ചാ​ര​ണം ല​ഭി​ച്ചു. (1921 ന​വം​ബ​ർ 17ലെ ‘​മു​സ്‍ലി’​മി​ന്റെ ഒ​രു കോ​പ്പി തി​രു​ന്നാ​വാ​യ​യി​ലെ ഒ​രു സ​മ്പ​ന്ന കു​ടും​ബ​ത്തി​ൽ​നി​ന്നും 2022ൽ ​ക​ണ്ടെ​ടു​ത്ത​ത് ഇ​തി​ന് തെ​ളി​വാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കാം.)

നി​ര​വ​ധി പ്രൗ​ഢ​ഗം​ഭീ​ര​മാ​യ എ​ഡി​റ്റോ​റി​യ​ൽ​കൊ​ണ്ട് ‘മു​സ്​​ലിം’ പ​ത്ര​ത്തെ പ​ത്രാ​ധി​പ​ൻ​മാ​ർ സ​മ്പ​ന്ന​മാ​ക്കി. മാ​ത്ര​മ​ല്ല, മു​സ്‍ലിം​ക​ളു​ടെ ഇ​ട​യി​ൽ പ​രി​ഷ്കാ​ര പ​രി​ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രു​ടെ വാ​ക്കു​ക​ൾ​ക്ക് പ​ത്രം പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്നു. മു​സ്​​ലിം സ​മു​ദാ​യ​ത്തെ വി​ദ്യാ​ഭ്യാ​സ-​വൈ​ജ്ഞാ​നി​ക രം​ഗ​ത്തേ​ക്ക് ന​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ പ​ത്രം ന​ട​ത്തി. തു​ട​ക്ക​ക്കാ​ലം മു​ത​ൽ വ​ക്കം മൗ​ല​വി ആ​ഗ്ര​ഹി​ച്ചി​രു​ന്ന പ്ര​വ​ർ​ത്ത​ന​പാ​ത പി​ന്തു​ട​രു​ന്ന​തി​ന് ‘മു​സ്‍ലിം’ പ​രി​ശ്ര​മി​ച്ചു. എ​ന്നാ​ൽ, 1926ൽ ​സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം പ​ത്ര​ത്തി​ന്റെ​യും പ്ര​സി​ന്റെ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. ല​ജ്ന​ത്തി​ന്റെ പ്ര​വ​ർ​ത്ത​ക​ർ മ​റ്റൊ​രു പ്ര​സി​ൽ​നി​ന്ന് പ​ത്രി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ആ​ഗ്ര​ഹി​ച്ചു. പ​ല കോ​ണി​ൽ​നി​ന്നും നി​ര​ന്ത​രം ആ​വ​ശ്യം പു​റ​പ്പെ​ട്ടു​വ​ന്ന​തോ​ടെ കൊ.വ. 1095ൽ (1929-30) ​പി.​എ​സ്. മു​ഹ​മ്മ​ദ് എ​ഡി​റ്റ​റാ​യി ‘മു​സ്​​ലിം’ മാ​സി​ക​യാ​യി പു​നഃ​പ്ര​സി​ദ്ധീ​ക​ര​ണം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ, സാ​മ്പ​ത്തി​ക ക്ലേ​ശ​ത്താ​ൽ മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ക്കാ​തെ 1930 ജൂ​ണി​ൽ (1106 ഇ​ട​വം) ‘മു​സ്‍ലി’​മി​ന്റെ വെ​ളി​ച്ചം എ​ന്നേ​ക്കു​മാ​യി അ​ണ​ഞ്ഞു. എ​ന്നാ​ൽ, ആ ​വെ​ളി​ച്ചം പ​ക​ർ​ന്നു​ന​ൽ​കി​യ പാ​ത​യി​ലൂ​ടെ അ​പ്പോ​ഴേ​ക്കും മു​സ്​​ലിം സ​മു​ദാ​യം വ​ള​രെ ദൂ​രം മു​ന്നേ​റി​ക്ക​ഴി​ഞ്ഞി​രു​ന്നു.

‘മു​സ്‍ലിം’ പ​ത്ര​ത്തി​നെ​തി​രെ ബ്രി​ട്ടീ​ഷ് ന​ട​പ​ടി​ക്കു ശ്ര​മം

1922 സെ​പ്റ്റം​ബ​ർ 14നും ​ഒ​ക്ടോ​ബ​ർ 19നും ’​വ​ട​ക്ക​ൻ​ക​ത്ത്’ എ​ന്ന പം​ക്തി​യി​ൽ ‘വി​ദൂ​ഷ​ക​ൻ’ എ​ന്ന പേ​രു​വെ​ച്ച് മ​ല​ബാ​ർ ക​ലാ​പ​കാ​ല​ത്തെ പൊ​ലീ​സു​കാ​രു​ടെ ദു​ർ​ന​ട​പ​ടി വ​ർ​ണി​ക്കു​ന്ന കു​റി​പ്പു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദ​ത്തി​നു​മെ​തി​രെ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഹാ​സ്യ​രൂ​പേ​ണ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ത്ത​രം പം​ക്തി​ക​ൾ ആ​ധു​നി​ക പ​ത്ര​ത്തി​ന്റെ മു​ഖ​മു​ദ്ര​ത​ന്നെ​യാ​യി മാ​റി​യി​ട്ടു​ണ്ട്. പ​ണ്ടു​കാ​ലം മു​ത​ൽ ഇ​ത്ത​ര​ക്കാ​രെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത ‘വി​ദൂ​ഷ​ക​ൻ’, ‘ശ​നി​യ​ൻ’, ‘നാ​ര​ദ​ൻ’ എ​ന്നി​ങ്ങ​നെ​യു​ള്ള പേ​രു​ക​ളി​ലാ​യി​രി​ക്കും പ​രി​ഹാ​സ​വും വി​മ​ർ​ശ​ന​വും ന​ട​ത്തു​ക. ഇ​തു​വ​ഴി പ​ല പ​ത്ര​ങ്ങ​ൾ​ക്കെ​തി​രെ​യും പ​ത്രാ​ധി​പ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​ക​ൾ വ​ന്നി​ട്ടു​ണ്ട് എ​ന്ന​തും ച​രി​ത്ര​ത്തി​ൽ കാ​ണാം. ന​ല്ല ന​ർ​മ​ബോ​ധ​വും പാ​ണ്ഡി​ത്യ​വും നി​രീ​ക്ഷ​ണ​പാ​ട​വ​വും ഇ​ത്ത​രം പം​ക്തി​ക​ൾ ത​യാ​റാ​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​ണ്. 1922 സെ​പ്റ്റം​ബ​ർ 14ന് ​വ​ന്ന ‘വ​ട​ക്ക​ൻ ക​ത്ത്’ ഇ​പ്ര​കാ​ര​മാ​യി​രു​ന്നു: ‘‘എ​ന്താ​ണ​ങ്ങു​ന്നേ, ഓ​ണം അ​ല്ല. തി​രു​വോ​ണം​ത​ന്നെ ക​ഴി​ഞ്ഞു​കൂ​ടി. വ​ട്ട​ങ്ങ​ളു​ടെ മ​ഹി​മ പ​റ​ഞ്ഞ​റി​യി​പ്പാ​ൻ പ്ര​യാ​സം. ‘മു​സ്‍ലിം’ വാ​യ​ന​ക്കാ​രു​ടെ സം​തൃ​പ്തി​ക്കു വേ​ണ്ടി അ​ൽ​പ​മെ​ങ്കി​ലും ഇ​വി​ടെ ഉ​ദ്ധ​രി​ക്കാം -കാ​ള​ൻ, സാ​മ്പാ​റു തോ​ര​ൻ, ര​സ,മ​വി​യ​ലെ​രി ശ്ശേ​രി... ഇ​ത്ര​ത്തോ​ള​മേ ഞാ​ൻ ഇ​വി​ടെ പ​റ​യു​ന്നു​ള്ളൂ. ഓ​ണം പ്ര​മാ​ണി​ച്ച് എ​നി​ക്ക് ഉ​ണ​ർ​ത്തി​ക്കാ​നു​ള്ള ഒ​ന്നു ര​ണ്ട് സം​ഗ​തി​കൂ​ടി പ​റ​യാ​തി​രി​ക്കു​ന്ന​ത് ഭം​ഗി​യ​ല്ല. അ​തി​ൽ ഒ​രു​കൂ​ട്ട​രു​ടെ ന​മ്മു​ടെ പ​ണി​ക്ക​രാ​ശാ​ന്റെ സ​മ​മാ​ണെ​ന്ന് ഓ​ർ​ത്താ​ൽ മ​തി: ‘‘നാ​ല​ഞ്ചു​ണ്ടു​ കി​ടാ​ങ്ങ​ളവ​ർ​ക്കി​ല്ലൊ​രു കാ​ശി​ല്ലെ​ൻ ക​ര​ത്തി​ങ്ക​ലി​ക്കാ​ല​ത്താ​യ​വ​രെ പു​ല​ർ​ത്തു​വ​തി​നാ​യ്...’’

മൂ​ന്നാ​മ​ത്തെ കൂ​ട്ട​ർ ക​ഴി​ഞ്ഞ​കാ​ലം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും മ​റ്റു പ്ര​വൃ​ത്തി എ​ടു​ത്ത​വ​രുമാണ്. ക​ഴി​ഞ്ഞ തി​രു​വോ​ണ​നാ​ളി​ൽ പ​ല​വി​ധ കാ​ഴ്ച​ക​ളോ​ടു​കൂ​ടി വ​ന്ന​വ​ർ ഇ​പ്പോ​ൾ തി​രി​ഞ്ഞു​നോ​ക്കുക​കൂ​ടി ചെ​യ്യു​ന്നി​ല്ല. എ​ന്താ ചെ​യ്യു​ക, അ​ന്ന​ത്തെ കാ​ല​മ​ല്ല​ല്ലോ, ഈ ​മാ​ർ​ഷ​ൽ നി​യ​മ​വും പോ​യി, കേ​സ് ഉ​ണ്ടാ​ക്കി​യാ​ൽ സാ​ക്ഷി​ക​ൾ​ക്കും പ്ര​യാ​സ​മ​ല്ല. പൊ​ലീ​സ് വ​ർ​ഗ​ത്തി​ന് ല​ഭി​ച്ച ഭ​ക്ഷ​ണ​ങ്ങ​ളും സ​മ്പാ​ദ്യ​ങ്ങ​ളു​മെ​ങ്ങ​നെ അ​ട​ക്കി​വെ​ക്ക​ണ​മെ​ന്ന​റി​വാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ആ ​ബാ​ധ്യ​ത മു​ഴു​വ​ൻ യൂ​റോ​പ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റ്റെ​ടു​ത്ത​താ​യി മെ​സ​ഞ്ച​ർ കൊ​ടു​ത്തി​രി​ക്കു​ന്നു... പൊ​ലീ​സ് വീ​ടു​ക​ളും മ​റ്റും പ​രി​ശോ​ധി​ക്കു​ന്ന​തി​നെ ഭ​യ​പ്പെ​ട്ടും ജ​യി​ൽ​വാ​സം സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന​തി​നെ​യും ല​ഹ​ള​ക്കാ​ല​ത്ത് സ്വ​യാ​ർ​ജി​ത​മാ​യ പ​ണ​ങ്ങ​ളും പ​ണ്ട​ങ്ങ​ളും യൂ​റോ​പ്യ​ൻ സി.​ഐ.​ഇ പ​ക്ക​ൽ ഏ​ൽ​പി​ച്ചെ​ന്നും അ​ദ്ദേ​ഹം ഇ​പ്പോ​ൾ ഒ​രു ര​ഹ​സ്യ​സ്ഥ​ല​ത്ത് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ൾ ആ ​സ്ഥ​ല​വും കാ​ര്യ​ങ്ങ​ളും പ്രാ​പ്ത​നാ​യ ഒ​രു സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ സാ​മ​ർ​ഥ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​പ്പാ​ൻ അ​റി​യാ​ത്ത​തു​കൊ​ണ്ട് പ്ര​വൃ​ത്തി​യി​ൽ​നി​ന്നും പി​രി​െ​ച്ച​ന്നും പൊ​ലീ​സേ​മാ​ൻ പ്ര​സ്താ​വി​ക്കു​ന്നു. വി​ദൂ​ഷ​ക​നെ​തി​രെ യു​ദ്ധം​ചെ​യ്യു​വാ​ൻ ഇ​വി​ടെ​യു​ള്ള ചി​ല ദു​ർ​മൂ​ർ​ത്തി​ക​ൾ ഒ​രു പ്ര​ത്യേ​ക പ​ത്രാ​ധി​പ​രെ ഒ​രു പൊ​തു പ​ണ​സ​മാ​ഹാ​ര​ത്തോ​ടു​കൂ​ടി മ​ല​ബാ​റി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വാ​ഗ​ൺ മ​ര​ണം സം​ബ​ന്ധി​ച്ച ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്റി​ന്റെ പ്ര​വൃ​ത്തി വ​ള​രെ വി​ശേ​ഷ​പ്പെ​ട്ട​തെ​ന്നും അ​തി​നു ഗ​വ​ൺ​മെ​ന്റി​ന് നേ​രെ ന​ന്ദി കാ​ണി​ക്കാ​ൻ ഒ​രു പൊ​തു​ജ​ന​യോ​ഗം കൂ​ടു​ന്ന​താ​യും അ​റി​യു​ന്നു​ണ്ട്. കു​റ്റ​ക​ര​മാ​യ ഉ​ദാ​സീ​ന​ത​ക്ക് ആ​ൻ​റൂ​സ്സു അ​വ​കാ​ശി​യാ​ണെ​ങ്കി​ൽ എ​ന്തു​കൊ​ണ്ടും ഹി​ച്ച്കോ​ക്ക് സാ​യി​വും ഇ​വാ​ൻ സാ​യി​വും അ​തി​ന​ർ​ഹ​ര​ല്ലേ? നാം ​എ​ന്താ​ചെ​യ്യു​ക, എ​ല്ലാം അ​വ​രു​ടെ പ്ര​വൃ​ത്തി അ​ല്ലേ... വ​ണ്ടി​യി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ എ​ഴു​പ​തേ​യു​ള്ളൂ. മ​റ്റു മ​ര​ണ​ങ്ങ​ൾ​ക്ക് വ​ല്ല ചോ​ദ്യ​വും ഉ​ത്ത​ര​വും ഉ​ണ്ടോ? ആ ​കൂ​ട്ട​ത്തി​ൽ ഇ​തി​നെ​യും ഗ​ണി​ച്ചേ​ക്കാം. തൊ​ല്ല​യൊ​ഴി​ഞ്ഞി​ല്ലേ?’’ [7]

മ​ല​ബാ​റി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭ​കാ​ല​ത്തെ ബ്രി​ട്ടീ​ഷ് പൊ​ലീ​സ് ന​ട​പ​ടി​ക​ളെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്ന ഈ ​ആ​ക്ഷേ​പ​ഹാ​സ്യ​ത്തെ ബ്രി​ട്ടീ​ഷു​ദ്യോ​ഗ​സ്ഥ​ർ വ​ള​രെ ഗൗ​ര​വ​മാ​യി ത​ന്നെ ക​ണ്ടു. മ​ദ്രാ​സ് സ​ർ​ക്കാ​റി​ന്റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഓ​രോ ആ​ഴ്ച​ക​ളി​ലെ​യും വി​വി​ധ ഭാ​ഷാ​പ​ത്ര​ങ്ങ​ളി​ൽ​നി​ന്നും ബ്രി​ട്ടീ​ഷ് വി​രു​ദ്ധ വാ​ർ​ത്ത​ക​ൾ ശേ​ഖ​രി​ച്ച​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യി ഇ​ത് മാ​റി. 1922ലെ ​മ​ദ്രാ​സ് വീ​ക്കി​ലി ന്യൂ​സ് പേ​പ്പ​ർ അ​ബ്സ്ട്രാ​ക്ട് ന​മ്പ​ർ -38ൽ ​പ്ര​സ്തു​ത കു​റി​പ്പു സം​ബ​ന്ധ​മാ​യ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് വ​ന്നു. വി​മ​ർ​ശ​ന​ത്തി​ൽ ക​ട​ന്നു​കൂ​ടി​യ സി.​ഐ.​ഇ എ​ന്ന പ​രാ​മ​ർ​ശം (Companion of Indian Empire) ഹി​ച്ച്കോ​ക്ക് സാ​യി​പ്പി​നെ കു​റി​ക്കു​ന്ന​താ​ണെ​ന്ന് ഈ ​പ​ത്രം വാ​യി​ക്കു​ന്ന മ​ല​ബാ​റു​കാ​ർ​ക്ക് മ​ന​സ്സി​ലാ​കും. ന​ല്ല​നി​ല​യി​ൽ ബ്രി​ട്ടീ​ഷ് സേ​വ​നം ന​ട​ത്തി​വ​ന്ന അ​ദ്ദേ​ഹ​ത്തെ പോ​ലു​ള്ള​വ​രെ അ​വ​മ​തി​ക്കു​ന്ന ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​ൻ ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് ക​ഴി​യി​ല്ല. ഇ​ത് സം​ബ​ന്ധ​മാ​യ നി​യ​മന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ദ്രാ​സ് സ​ർ​ക്കാ​ർ തി​രു​വി​താം​കൂ​റി​ലെ ബ്രി​ട്ടീ​ഷ് ​െറ​സി​ഡ​ന്റി​ന് ക​ത്തു​ന​ൽ​കി. തി​രു​വി​താം​കൂ​ർ സ​ർ​ക്കാ​ർ നി​യ​മ​വൃ​ത്ത​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച് ‘മു​സ്‍ലിം’ പ​ത്ര​ത്തി​നെ​തി​രെ തി​രു​വി​താം​കൂ​ർ പീ​ന​ൽ​കോ​ഡ് സെ​ഷ​ൻ 503, 504, 505 പ്ര​കാ​രം നി​യ​മന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ​െറ​സി​ഡ​ന്റി​ന്റെ ഓ​ഫി​സി​ൽനി​ന്നും കോ​ൺ​ഫി​ഡ​ൻഷ്യ​ൽ ക​ത്ത് വ​ന്നു.

1913ൽ ‘മു​സ്‍ലിം’ രാഷ്ട്രീയ കാര്യങ്ങൾ ചർച്ചചെയ്യുന്നുണ്ടോ എന്നറിയിക്കാൻ അധികാരികൾ നടത്തിയ എഴുത്തുകുത്ത്

1913ൽ ‘മു​സ്‍ലിം’ രാഷ്ട്രീയ കാര്യങ്ങൾ ചർച്ചചെയ്യുന്നുണ്ടോ എന്നറിയിക്കാൻ അധികാരികൾ നടത്തിയ എഴുത്തുകുത്ത്

തു​ട​ർ​ന്ന് 1922 ഒ​ക്ടോ​ബ​ർ 19ന് ​മ​ല​ബാ​ർ പൊ​ലീ​സി​നെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് പ്ര​സി​ദ്ധീ​ക​രി​ച്ച കു​റി​പ്പും ബ്രി​ട്ടീ​ഷു​കാ​രെ വെ​റി​പി​ടി​പ്പി​ച്ചു. അ​തി​ൽ പ​റ​യു​ന്ന​തി​ന്റെ ര​ത്ന​ച്ചു​രു​ക്കം ഇ​പ്ര​കാ​ര​മാ​യി​രു​ന്നു: ‘‘ക​ലാ​പ​കാ​രി​ക​ൾ കൊ​ള്ള​യ​ടി​ച്ചു എ​ന്ന നി​ല​യി​ൽ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ വി​വി​ധ​രീ​തി​യി​ൽ കൈ​ക്ക​ലാ​ക്കി​യ ഉ​രു​പ്പ​ടി​ക​ൾ കു​ഴി​ച്ചി​ട​പ്പെ​ട്ട നി​ല​യി​ൽ ആ​യ​തി​നാ​ൽ അ​വ ക​ണ്ടെ​ടു​ക്കു​ന്ന​തി​ന് പു​രാ​വ​സ്തു വ​കു​പ്പി​ന്റെ സ​ഹാ​യം തേ​ടു​ന്ന​തി​ന് നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന​തി​ന് ഇ​ട​പെ​ട​ൽ വേ​ണം... മാ​ർ​ഷ​ൽ നി​യ​മം നി​ല​നി​ന്ന കാ​ല​ത്ത് പൊ​ലീ​സു​കാ​ർ കാ​ട്ടി​ക്കൂ​ട്ടി​യ കാ​ര്യ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ ക്രൂ​ര​ത​ക​ള​ല്ലെ​ന്നു സ​മ​ർ​ഥി​ക്കാ​ൻ ഖാ​ൻ സാ​ഹി​ബുമാ​ർ ഖാ​ൻ​ബ​ഹ​ദൂ​ർ​മാ​രെ ഉ​പ​ദേ​ശി​ക്കു​ന്നു... ഇം​ഗ്ലീ​ഷ് അ​നു​യാ​യി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഹി​ച്ച്കോ​ക്കി​നെ​പ്പോ​ലെ ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​വും ക​രു​ത​ലും നേ​ടി​യെ​ടു​ത്ത ഖാ​ൻ ബ​ഹ​ദൂ​ർ​മാ​ർ ക​ലാ​പ​ത്തി​ന്റെ ച​രി​ത്ര​ത്തി​ൽ ഉ​ണ്ടാ​യിവ​ന്നി​ട്ടു​ണ്ട്.’’ [8] പ്ര​സ്തു​ത കു​റി​പ്പും മ​ദ്രാ​സി​ലെ ബ്രി​ട്ടീ​ഷ് ഇ​ന്റ​ലി​ജ​ൻ​സ് ശേ​ഖ​രി​ക്കു​ക​യും അ​തും തി​രു​വി​താം​കൂ​ർ അ​ധി​കാ​രി​ക​ളു​ടെ മു​മ്പാ​കെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ​െറ​സി​ഡ​ന്റ് വ​ഴി അ​യ​ക്കു​ക​യും ചെ​യ്തു. ര​ണ്ട് കേ​സു​ക​ളും ഒ​രു​മി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​നും ഇ​ത് സം​ബ​ന്ധ​മാ​യി നി​യ​മ​വ​ശ​ങ്ങ​ൾ നോ​ക്കു​ന്ന​തി​നു​മാ​യി തി​രു​വി​താം​കൂ​ർ ചീ​ഫ് സെ​ക്ര​ട്ട​റി അ​ന്ന​ത്തെ ഹെ​ഡ് സ​ർ​ക്കാ​ർ വ​ക്കീ​ൽ (ഇ​ന്ന​ത്തെ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ) അ​ന​ന്തറാ​വു​വി​ന് അ​യ​ച്ചു​കൊ​ടു​ത്തു. കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധാ​പൂ​ർ​വം മ​ന​സ്സി​ലാ​ക്കി​യ അ​ദ്ദേ​ഹം തി​രു​വി​താം​കൂ​ർ സ​ർ​ക്കാ​റി​ന് പ​ത്ര​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ ചി​ല സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ വ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക് ബ്രി​ട്ടീ​ഷി​ന്ത്യ​ൻ നി​യ​മ​പ്ര​കാ​രം അ​വി​ട​ത്തെ കോ​ട​തി​യെ​യാ​ണ് സ​മീ​പി​ക്കേ​ണ്ടി​യി​രു​ന്ന​ത്. മ​ല​ബാ​റി​ലെ വാ​യ​ന​ക്കാ​ർ ഇ​തി​ന​കം സി.​ഐ.​ഇ ഹി​ച്ച്കോ​ക്ക് ആ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ടാ​കും, അ​താ​ദ്യം​ത​ന്നെ ത​ട​യേ​ണ്ടി​യി​രു​ന്നു. അ​തി​നാ​യി ബ്രി​ട്ടീ​ഷ് മ​ല​ബാ​റി​ൽ ‘മു​സ്‍ലി’​മി​ന്റെ കോ​പ്പി​ക​ൾ ക​ട​ക്കു​ന്ന​തി​നെ ത​ട​യി​ടു​ക​യാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. ഇ​നി​യെ​ങ്കി​ലും ഇ​ത്ത​രം പെ​രു​മാ​റ്റ​ങ്ങ​ൾ​ക്ക് ബ്രി​ട്ടീ​ഷ് നി​യ​മം പാ​ലി​ക്കു​ക​ത​ന്നെ വേ​ണം. എ​ന്നാ​ൽ, തി​രു​വി​താം​കൂ​ർ നി​യ​മ​മ​നു​സ​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് നി​ല​വി​ൽ ​െറ​സി​ഡ​ന്റ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തി​രു​വി​താം​കൂ​റി​നെ ബാ​ധി​ക്കാ​ത്ത ഒ​ന്നാ​യ​തി​നാ​ൽ തി​രു​വി​താം​കൂ​ർ നി​യ​മ​വും ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ വ​ന്നി​ട്ടു​ള്ള​ത്. മാ​ത്ര​മ​ല്ല, 1082ലെ (1907) ​തി​രു​വി​താം​കൂ​റു​മാ​യു​ണ്ടാ​ക്കി​യ കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റ​ൽ റെ​ഗു​ലേ​ഷ​ൻ- I (Travancore Extradition Regulation) അ​നുച്ഛേ​ദ​ങ്ങ​ൾ ര​ണ്ട്, മൂ​ന്ന് പ്ര​കാ​രം വേ​ണം തി​രു​വി​താം​കൂ​ർ പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ന്നും അ​ദ്ദേ​ഹം സ​ർ​ക്കാ​റി​നെ ബോ​ധ്യ​പ്പെ​ടു​ത്തി. (അ​നുച്ഛേ​ദം 2 പ്ര​കാ​രം ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ ബ്രി​ട്ടീ​ഷി​ന്ത്യ​ക്കാ​ര​നോ നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ജ​യോ ആ​യ ഒ​രു​വ​ൻ കു​റ്റം​ചെ​യ്ത​ശേ​ഷം തി​രു​വി​താം​കൂ​റി​ൽ അ​ഭ​യം തേ​ടി​യാ​ൽ അ​വ​നെ ക​ണ്ടെ​ത്തി അ​റ​സ്റ്റുചെ​യ്ത് മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കാ​ൻ ​െറ​സി​ഡ​ന്റി​ന് ആ​വ​ശ്യ​പ്പെ​ടാം. അ​നുച്ഛേ​ദം 3 പ്ര​കാ​രം ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ കീ​ഴ​ട​ങ്ങാ​ൻ അ​ത്ത​ര​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ടാം).

1919ൽ ​ആ​ല​പ്പു​ഴ​യി​ലെ ‘കേ​ര​ള സ​ന്താ​നം’ പ്ര​സി​ൽനി​ന്ന് ‘മു​സ്‍ലിം’ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് സ​ംബ​ന്ധി​ച്ച് പ​ത്രാ​ധി​പ​ർ എ. ​മു​ഹ​മ്മ​ദ് കു​ഞ്ഞ് കൊ​ല്ലം ഡി​വി​ഷ​ൻ മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ന​ൽ​കി​യ സ​ത്യപ്ര​സ്താ​വ​ന

1919ൽ ​ആ​ല​പ്പു​ഴ​യി​ലെ ‘കേ​ര​ള സ​ന്താ​നം’ പ്ര​സി​ൽനി​ന്ന് ‘മു​സ്‍ലിം’ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് സ​ംബ​ന്ധി​ച്ച് പ​ത്രാ​ധി​പ​ർ എ. ​മു​ഹ​മ്മ​ദ് കു​ഞ്ഞ് കൊ​ല്ലം ഡി​വി​ഷ​ൻ മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ന​ൽ​കി​യ സ​ത്യപ്ര​സ്താ​വ​ന

തു​ട​ർ​ന്ന് പ്ര​ത്യ​ക്ഷന​ട​പ​ടി​ക​ളൊ​ന്നും പ​ത്ര​ത്തി​നെ​തി​രെ ചു​മ​ത്താ​തി​രു​ന്ന​തി​നാ​ൽ നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ത്ര​ങ്ങ​ളി​ൽ വ​രു​ന്ന ബ്രി​ട്ടീ​ഷ് വി​രു​ദ്ധ ലേ​ഖ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​തി​നു​മേ​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ദ്രാ​സ് ഗ​വ​ൺ​മെ​ന്റ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മ​ദ്രാ​സ് സി​റ്റി പൊ​ലീ​സ് അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​ർ ഖ​ലീ​മു​ല്ല ഖാ​ൻ അ​തി​ൽ ഇ​ട​പെ​ട്ടു. 1923 ജ​നു​വ​രി 10ന് ​അ​ദ്ദേ​ഹം ന​ൽ​കി​യ ക​ത്തി​ൽ ‘മു​സ്‍ലി’​മി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട കു​റി​പ്പു​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​ൽ തി​രു​വി​താം​കൂ​ർ അ​ധി​കാ​രി​ക​ൾ അ​മാ​ന്തി​ക്ക​രു​തെ​ന്ന് അ​റി​യി​ച്ചു. ര​ണ്ട് ഗ​വ​ൺ​മെ​ന്റു​ക​ളു​ടെ​യും താ​ൽ​പ​ര്യ​ത്തി​ൽ വ​രു​ന്ന കേ​സ് ആ​യി ക​ണ്ടു​കൊ​ണ്ട് ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ലെ​വി​ടെ​ങ്കി​ലും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ത​യാ​റാ​ക​ണം എ​ന്നാ​ണ് അ​ദ്ദേ​ഹം തി​രു​വി​താം​കൂ​ർ ഗ​വ​ൺ​മെ​ന്റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് മ​ദ്രാ​സ് ഗ​വ​ൺ​മെ​ന്റി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ ഹെ​ഡ് സ​ർ​ക്കാ​ർ വ​ക്കീ​ൽ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും തി​രു​വി​താം​കൂ​ർ റെ​ഗു​ലേ​ഷ​ന്റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ല എ​ന്ന​തി​നാ​ലും ബ്രി​ട്ടീ​ഷ് നി​യ​മ​ങ്ങ​ളാ​ൽ പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണ് പ്ര​സ്തു​ത കേ​സ് എ​ന്ന​നി​ല​യി​ലും നി​ല​വി​ലെ പ​രാ​തി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ഭാ​വി​യി​ൽ തി​രു​വി​താം​കൂ​ർ റെ​ഗു​ലേ​ഷ​ന്റെ പ​രി​ധി​യി​ൽ വ​രു​ന്ന എ​ന്തെ​ങ്കി​ലും വ​സ്തു​ത​ക​ൾ പ്ര​സ്തു​ത പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി ‘മു​സ്‍ലിം’ പ​ത്ര​ത്തി​ന്റെ ഇ​നി​യു​ള്ള എ​ല്ലാ ല​ക്ക​ങ്ങ​ളും സ​ർ​ക്കാ​ർ ചെ​ല​വി​ൽ വ​രു​ത്തു​ന്ന​തി​നും ട്രാ​ൻ​സ് ലേ​ഷ​ൻ വ​കു​പ്പ് വ​ഴി ത​ർ​ജ​മ​പ്പെ​ടു​ത്തി ദി​വാ​ന്റെ ഓ​ഫി​സി​ൽ പ​തി​വാ​യി എ​ത്തി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ന്നെ​ന്നും അ​ദ്ദേ​ഹം ചീ​ഫ് സെ​ക്ര​ട്ട​റി​യെ അ​റി​യി​ച്ചു. 1923 ഏ​പ്രി​ൽ 6ന് ‘​മു​സ്‍ലി’​മി​ന്റെ തു​ട​ർ​ന്നു​ള്ള എ​ല്ലാ പ്ര​തി​ക​ളും വ​രു​ത്തി പ​രി​ശോ​ധി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. [9]

കേ​ര​ള​ത്തി​ലെ സാം​സ്കാ​രി​കരം​ഗ​ത്ത് പി​ന്നാ​ക്കം നി​ന്നി​രു​ന്ന ഒ​രു സ​മു​ദാ​യ​ത്തെ പു​രോ​ഗ​മ​നസ്വ​ഭാ​വ​മു​ള്ള പ​ത്ര​വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്ക് കൈ​പി​ടി​ച്ച് ന​ട​ത്തി​യ​തി​ന് ‘മു​സ്‍ലിം’ എ​ന്ന മ​ല​യാ​ള വൃ​ത്താ​ന്ത​പ​ത്ര​ത്തോ​ടും വ​ക്കം മൗ​ല​വി​യോ​ടും ആ​ധു​നി​ക മ​ല​യാ​ളി മു​സ്‍ലിം​ക​ൾ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. എ​ന്നാ​ൽ, ഒ​രു സ​മു​ദാ​യ​ത്തി​ന്റെ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ ഉ​ണ​ർ​വി​നും ആ​ധു​നി​കീ​ക​ര​ണ​ത്തി​നും പ​രി​ഷ്ക​ര​ണ​ത്തി​നും സ​ഹാ​യി​ച്ച ‘മു​സ്‍ലി’​മി​ന്റെ ച​രി​ത്രം വേ​ണ്ട​ത്ര പ​ഠ​ന​വി​ധേ​യ​മാ​യി​ട്ടി​ല്ല. വ​ക്ക​ത്തു​നി​ന്നു​മി​റ​ങ്ങി​യ മാ​സി​ക ഘ​ട്ട​ത്തി​ലു​ള്ള അ​തി​ന്റെ ച​രി​ത്രം ചി​ല​പ​ഠ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും 1919 മു​ത​ൽ 1930 വ​രെ ആ​ല​പ്പു​ഴ​യി​ൽ​നി​ന്നും പു​റ​ത്തുവ​ന്ന ‘മു​സ്‍ലിം’ വൃ​ത്താ​ന്ത​ത്തി​ന്റെ ച​രി​ത്രം ആ​ധു​നി​ക പ​ത്ര​ച​രി​ത്ര​ങ്ങ​ളു​ടെ ഇ​ട​യി​ൽ ഒ​രി​ക്ക​ൽ​പോ​ലും ക​ട​ന്നു​വ​ന്നി​ട്ടി​ല്ല എ​ന്ന​ത് ഖേ​ദ​ക​ര​വു​മാ​ണ്.

l

കു​റി​പ്പു​ക​ൾ:

1. എം. ​മു​ഹ​മ്മ​ദ് ക​ണ്ണ്, വ​ക്കം മൗ​ല​വി ജീ​വ​ച​രി​ത്രം, എ​ൻ.​ബി.​എ​സ്, കോ​ട്ട​യം, 1981, പു. 58.

2. File No. 89/1920, Judicial, Kerala State Archives (KSA), Trivandrum, pp. 2-8.

3. Ibid.

4. The Statistics of Travancore, Fourth Issue, 1098 ME (1922-23), The Government Press, Trivandrum, 1924, p.92.

5. File No. 89/1920, KSA, p.12

6. The Statistics of Travancore, Fifth Issue, 1924-25, The Government Press, Trivandrum, 1925, p.236.

7. ​ മു​സ്​​ലിം, 1922 സെ​പ്റ്റം​ബ​ർ 14, ആ​ല​പ്പു​ഴ, പു. 5.

8. File No. 4 / 1923, Judicial, KSA, Trivandrum, pp. 8 - 10.

9. Ibid.

News Summary - the muslim hitorical archives