Begin typing your search above and press return to search.
proflie-avatar
Login

ഗ്രന്ഥശാലകളുടെ വികസനമല്ല അവരുടെ ലക്ഷ്യം

ഗ്രന്ഥശാലകളുടെ വികസനമല്ല അവരുടെ ലക്ഷ്യം
cancel

രാജ്യത്തെ പൊതുലൈബ്രറി സംവിധാനത്തെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി, കേന്ദ്ര സർക്കാറി​​ന്റെകൂടി അധികാരപരിധിയിൽ കൊണ്ടുവരാനുള്ള ഭരണഘടനാ ഭേദഗതി ബിൽ തയാറായിവരുകയാണെന്നാണ് കേന്ദ്രവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇതിനെതിരെയുള്ള പൊതുപ്രതിഷേധങ്ങൾ രാജ്യത്താകമാനം ഉയർന്നുവന്നിട്ടുണ്ട്. ‘ഒരൊറ്റ ഇന്ത്യ ഒരൊറ്റ നിയമം’ എന്ന സംഘ്പരിവാർ ശക്തികളുടെ പൊതുസമീപനത്തി​​ന്റെ ഭാഗമായാണ് ഇക്കാര്യം മുന്നോട്ടുവെച്ചിട്ടുള്ളത്. രാജ്യത്തെ ഏതെങ്കിലും കമീഷനോ നിയമവിദഗ്ധരോ സാഹിത്യകാരന്മാരുടെയോ വായനക്കാരുടെയോ സാംസ്​കാരിക പ്രവർത്തകരുടെയോ സംഘടനകളോ ഇത്തരമൊരാവശ്യം മുന്നോട്ടുവെച്ചിട്ടുള്ളതായി...

Your Subscription Supports Independent Journalism

View Plans

രാജ്യത്തെ പൊതുലൈബ്രറി സംവിധാനത്തെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി, കേന്ദ്ര സർക്കാറി​​ന്റെകൂടി അധികാരപരിധിയിൽ കൊണ്ടുവരാനുള്ള ഭരണഘടനാ ഭേദഗതി ബിൽ തയാറായിവരുകയാണെന്നാണ് കേന്ദ്രവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇതിനെതിരെയുള്ള പൊതുപ്രതിഷേധങ്ങൾ രാജ്യത്താകമാനം ഉയർന്നുവന്നിട്ടുണ്ട്. ‘ഒരൊറ്റ ഇന്ത്യ ഒരൊറ്റ നിയമം’ എന്ന സംഘ്പരിവാർ ശക്തികളുടെ പൊതുസമീപനത്തി​​ന്റെ ഭാഗമായാണ് ഇക്കാര്യം മുന്നോട്ടുവെച്ചിട്ടുള്ളത്. രാജ്യത്തെ ഏതെങ്കിലും കമീഷനോ നിയമവിദഗ്ധരോ സാഹിത്യകാരന്മാരുടെയോ വായനക്കാരുടെയോ സാംസ്​കാരിക പ്രവർത്തകരുടെയോ സംഘടനകളോ ഇത്തരമൊരാവശ്യം മുന്നോട്ടുവെച്ചിട്ടുള്ളതായി അറിവില്ല.

ഇന്ത്യയിലാകെ 46,746 പബ്ലിക് ലൈബ്രറികൾ ഉണ്ടെന്നാണ് ചന്ദ്രശേഖർ ഗോർ എന്ന വ്യക്തിയുടെ ആർ.ടി.ഐ ചോദ്യത്തിന് ഉത്തരമായി കിട്ടിയ മറുപടി. ഇതിൽ 12,191 പബ്ലിക് ലൈബ്രറികളുള്ള മഹാരാഷ്ട്രയാണ് മുന്നിൽ. 8415 ലൈബ്രറികളുള്ള കേരളം രണ്ടാം സ്ഥാനത്തും 6798 ലൈബ്രറികളുള്ള തമിഴ്നാട് മൂന്നാം സ്ഥാനത്തുമാണ്. ഏറ്റവും പിറകിൽ മധ്യപ്രദേശ് ആണ്. അവിടെ ആകെ 42 പബ്ലിക് ലൈബ്രറികളേയുള്ളൂ. അവിടെ 17 ലക്ഷം പേർക്ക് ഒരു ലൈബ്രറിയാണ് ഉള്ളത്. 10 ജില്ലകളിൽ ഒരു ലൈബ്രറിപോലുമില്ല. ഏകദേശം സമാനസ്ഥിതിയാണ് 192 ലൈബ്രറികളുള്ള ബിഹാറിലെയും 323 ലൈബ്രറികളുള്ള രാജസ്ഥാനിലെയും 573 ലൈബ്രറികളുള്ള യു.പിയിലെയും സ്ഥിതി. 30,000 പേർക്ക് ഒരു ലൈബ്രറി എന്നാണ് ദേശീയ ശരാശരി. കേരളത്തിൽ അത് 3600 പേർക്ക് ഒന്ന് എന്നാണ്.

വികസനത്തിൽ ലോകത്തിലെ ഉന്നതസ്ഥാനത്തേക്ക് കുതിക്കുന്ന ഇന്ത്യയുടെ സാംസ്​കാരിക പരിസരം വളരെ ദയനീയമെന്നുതന്നെയാണ് മേൽ കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്രബോധം, ജനാധിപത്യബോധം, ശാസ്​ത്രബോധം, സാംസ്​കാരികബോധം എന്നിവ നിർണയിക്കുന്നതിൽ അവിടത്തെ പബ്ലിക് ലൈബ്രറികളുടെ എണ്ണങ്ങൾക്കും പുസ്​തകങ്ങളുടെ എണ്ണങ്ങൾക്കും ചെറുതല്ലാത്ത സ്ഥാനമാണുള്ളത്. മറ്റു വികസിത രാജ്യങ്ങളിലെ ലൈബ്രറികളുമായി, അതിനുവേണ്ടി നീക്കിവെക്കുന്ന ഫണ്ടുമായി നമ്മുടെ രാജ്യത്തെ തട്ടിച്ചുനോക്കുമ്പോൾ സ്ഥിതി ഗുരുതരമാണ്. അമേരിക്കയിലെ പബ്ലിക് ലൈബ്രറികൾക്കുവേണ്ടിയുള്ള പ്രതിശീർഷ ചെലവ് 35.96 യു.എസ്​ ഡോളറാണ്, ഫിൻലൻഡിലേത് 30 യൂറോയും ആസ്ട്രേലിയയുടേത് 44.44 ആസ്ട്രേലിയൻ ഡോളറും ഹോങ്കോങ്ങിന്റേത് 12 യൂറോയുമാകുമ്പോൾ ഇന്ത്യയുടേത് കേവലം 7 പൈസ മാത്രമാണ്. ലൈബ്രറികളുടെ എണ്ണമെടുത്ത് പരിശോധിച്ചാലും അതിനുവേണ്ടിയുള്ള സർക്കാർ ചെലവ് എടുത്ത് പരിശോധിച്ചാലും നമുക്ക് അഭിമാനിക്കാവുന്ന ഒന്നുംതന്നെയില്ല. ഇങ്ങനെയായത് ലൈബ്രറി കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടാത്തതുകൊണ്ടല്ല, മറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇന്ത്യയിലെ ലൈബ്രറികളോടു കാണിക്കുന്ന അവഗണന ഒന്നുകൊണ്ട് മാത്രമാണത്.

ഇന്ത്യയിലെ പബ്ലിക് ലൈബ്രറി സംവിധാനങ്ങൾക്ക് 200 വർഷത്തെ പാരമ്പര്യമുണ്ടെങ്കിലും പബ്ലിക് ലൈബ്രറികൾ വിപുലപ്പെട്ടത് 1948ലെ തമിഴ്നാട് പബ്ലിക് ലൈബ്രറി ആക്ട് നിലവിൽ വന്നതോടെയാണ്. തുടർന്ന് ഇതുവരെ 18 സംസ്ഥാനങ്ങൾ പബ്ലിക് ലൈബ്രറി ആക്ട് പാസാക്കി. 11 സംസ്ഥാനങ്ങൾ സ്വന്തമായി നിയമം പാസാക്കിയിട്ടില്ല. കേരള പബ്ലിക് ലൈബ്രറി ആക്ട് 1989 നിലവിൽ വന്നതോടെയാണ് തിരഞ്ഞെടുത്ത സംസ്ഥാന, ജില്ല, താലൂക്ക് ലൈബ്രറി കൗൺസിൽ രൂപവത്കരിക്കപ്പെട്ടതും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം കൂടുതൽ ജനാധിപത്യവത്കരിച്ചതും. ലൈബ്രറി വികസനത്തിനാവശ്യമായ ഫണ്ട് ഗ്രാമപഞ്ചായത്തും നഗരസഭകളും സെസ് പിരിച്ച് കണ്ടെത്തണമെന്നും ധാരണയുണ്ടാക്കി. ഇപ്പോ

ഴും ഇന്ത്യയിൽ 5 സംസ്ഥാനങ്ങൾ മാത്രമേ ലൈബ്രറി സെസ് പിരിക്കുന്നുള്ളൂ. തമിഴ്നാട്, കർണാടക, കേരള, ആന്ധ്രപ്രദേശ്, ഗോവ എന്നീ സ്റ്റേറ്റുകളാണ് അവ. ഒന്നും രണ്ടും മൂന്നും പഞ്ചവത്സരപദ്ധതികളിൽ ലൈബ്രറികൾ സ്ഥാപിക്കേണ്ട ആവശ്യം ഊന്നിപ്പറയുകയും ചെറുതല്ലാത്ത തുകകൾ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. 1964ൽ ആസൂത്രണ കമീഷൻ പ്രത്യേക വർക്കിങ് ഗ്രൂപ്പിനെതന്നെ തിരഞ്ഞെടുത്ത് ഇന്ത്യയിലെ ലൈബ്രറി വികസനം മുന്നോട്ടുകൊണ്ടുപോ

കുന്നതിന് പഠനനിർദേശങ്ങൾ മുന്നോട്ടുവെക്കാൻ ആവശ്യപ്പെട്ടു. 1965 സെപ്റ്റംബർ 7ന് വർക്കിങ് ഗ്രൂപ് നൽകിയ നിർദേശങ്ങൾ സമഗ്രതയുള്ളതായിരുന്നു. അത് അന്ന് നടപ്പാക്കിയിരുന്നു എങ്കിൽ ഇന്ത്യയുടെ ലൈബ്രറി സംവിധാനങ്ങളുടെ ചിത്രം വേറൊന്നാകുമായിരുന്നു.

പൊതുലൈബ്രറി സേവനം ഇന്ത്യയിലെ ജനങ്ങൾക്ക് മുഴുവൻ ലഭ്യമാക്കുക, അതിനാവശ്യമായ ഫണ്ട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പങ്കിട്ടെടുക്കുക, സംസ്ഥാനങ്ങൾ ലൈബ്രറി വികസനത്തിനായി പ്രത്യേകം താൽപര്യമെടുക്കുക, മധ്യപ്രദേശ്, മൈസൂർ, നാഗാലാൻഡ്, ഒഡിഷ എന്നിവിടങ്ങളിൽ സ്റ്റേറ്റ്-സെൻട്രൽ ലൈബ്രറികൾ സ്ഥാപിക്കുക, 2500 ബ്ലോക്ക്തല ലൈബ്രറികൾ സ്ഥാപിക്കുക, ഗ്രാമീണരെ അതിലേക്ക് ആകർഷിക്കുക, 10 കോടി ലൈബ്രറി ഗ്രാന്റ് ആയി കേന്ദ്രസർക്കാർ ഓരോ വർഷവും നൽകുക, കരട് ലൈബ്രറി ആക്ട് ഉണ്ടാക്കി സംസ്ഥാനങ്ങൾക്ക് നൽകുക തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവെച്ചു. പക്ഷേ, നിർദേശങ്ങളൊന്നും വേണ്ടരീതിയിൽ നടപ്പായില്ല.

1972ലെയും 1994ലെയും യുനെസ്​കോയുടെ പബ്ലിക് ലൈബ്രറി മാനിഫെസ്റ്റോയും പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. 1994ലെ മാനിഫെസ്റ്റോയിൽ വിദ്യാഭ്യാസത്തി​​ന്റെയും സംസ്​കാരത്തി​​ന്റെയും വിവരങ്ങളുടെയും ലിവിങ് ഫോഴ്സ്​ ആക്കി ലൈബ്രറികൾ മാറ്റണമെന്നും സ്​ത്രീകളുടെയും പുരുഷന്മാരുടെയും സമാധാനത്തിനും മാനസിക ഉല്ലാസത്തിനുംവേണ്ടി പ്രവർത്തിക്കുന്ന ഏജന്റ് എന്ന നിലയിൽ ലൈബ്രറി സേവനങ്ങളും വികസിപ്പിക്കണമെന്നും നിർദേശിക്കുന്നു.

ഇതിനായി ദേശീയ-പ്രാദേശിക സർക്കാറുകൾ പബ്ലിക് ലൈബ്രറി വികസനത്തിനായി ഗൗരവമായ ഇടപെടലുകൾ നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. അന്തർദേശീയ ഏജൻസികളുടെ ഇത്തരം വിലപ്പെട്ട നിർദേശങ്ങളൊന്നും പരിഗണിക്കാതെയും ഭരണഘടന ഭേദഗതിചെയ്തും കേന്ദ്രനിയമം നിർമിച്ചു. വ്യത്യസ്​ത ഭാഷയും സംസ്​കാരവും നിലനിൽക്കുന്ന ഇന്ത്യയിലെ ലൈബ്രറികളെ കേന്ദ്രസർക്കാർ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും സാംസ്​കാരികവിരുദ്ധവുമായ നടപടിയായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് കേരളത്തിലെ ലൈബ്രറി പ്രവർത്തകർ. സെപ്റ്റംബർ 14ന് എല്ലാ ലൈബ്രറികളിലും പ്രതിഷേധദീപം കൊളുത്തി.

ഇന്ത്യയുടെ ഗ്രന്ഥശാലാചരിത്രത്തിൽ സവിശേഷസ്ഥാനം വഹിക്കുന്ന സംസ്ഥാനമാണ് കേരളം. 1829ലാണ് ആദ്യത്തെ ഗ്രന്ഥശാല തിരുവനന്തപുരത്ത് ബ്രിട്ടീഷുകാരുടെ സഹായത്തോടെ തിരുവിതാംകൂർ രാജാവ് ഉണ്ടാക്കുന്നത്. അത് പിന്നീട് പബ്ലിക് ലൈബ്രറിയാക്കി മാറ്റി. 1931ൽ രൂപവത്കരിച്ച ഓൾ കേരള ലൈബ്രറി കമ്മിറ്റിയാണ് ഇപ്പോഴുള്ള ലൈബ്രറി പ്രസ്ഥാനത്തി​​ന്റെ തുടക്കക്കാർ എന്ന് വേണമെങ്കിൽ പറയാം. 1937ൽ കെ. ദാമോദര​​ന്റെ താൽപര്യപ്രകാരം വിളിച്ചുചേർത്ത ലൈബ്രറി സമ്മേളനം, തുടർന്ന് മധുവർണം കൃഷ്ണക്കുറുപ്പ്, എസ്​.ആർ. രംഗനാഥൻ എന്നിവരുടെ ഇടപെടലുകൾ മലബാർ പ്രദേശത്ത് ഗ്രന്ഥശാലകൾ രൂപവത്കരിച്ച് പ്രവർത്തിക്കുന്നതിന് കാരണമായി. 1945 മുതൽ പി.എൻ. പണിക്കരുടെ നേതൃത്വത്തിൽ ഉണ്ടായ ട്രാവൻകൂർ ഗ്രന്ഥശാലാസംഘം ഗ്രന്ഥശാലാപ്രസ്ഥാനത്തി​​ന്റെ ആദ്യത്തെ േക്രാഡീകൃത രൂപമായിരുന്നു. 1947 മുതൽ സംഘത്തിനു കീഴിലുള്ള ലൈബ്രറികൾക്ക് ചെറിയതോതിൽ ഗ്രാന്റ് ലഭിച്ചിരുന്നു.

1949-50ഓടെ സംഘത്തി​​ന്റെ വ്യാപ്തി കൊച്ചിയിലേക്കും വ്യാപിച്ചു. 1956ലെ കേരള ഗ്രന്ഥശാലാസംഘം ആയി തിരുകൊച്ചി ഗ്രന്ഥശാലാസംഘം മാറിയതോടെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് കേരളത്തിൽ ഏകമാന സ്വഭാവം കൈവന്നു. 1975ൽ ഗ്രാന്റ് ലഭിക്കുന്ന 4280 ലൈബ്രറികൾ കേരളത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ അത് 9000ത്തിനടുത്താണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഗ്രന്ഥശാലാ പഞ്ചായത്തായി പ്രഖ്യാപിച്ചത് കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിനെയാണ്. അവിടെ എല്ലാ വാർഡിലും ലൈബ്രറികളുണ്ട്. സ്​കൂളുകളിലും കോളജുകളിലും ക്ലാസ്​മുറികളിലും ലൈബ്രറികളുള്ള നാടാണ് കേരളം. ഗ്രന്ഥശാലാസ്ഥാപനത്തിനും പുസ്​തകശേഖരണത്തിനും കേരളത്തിലേതുപോലുള്ള ജനകീയ ഇടപെടലുകൾ എവിടെയും നടന്നതായി കാണില്ല. ഈ മാതൃകയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാർ പകർത്തേണ്ടത്. അതിന് പകരം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി പുതിയ നിയമം നിർമിച്ച് ഇന്ത്യയിലെ ലൈബ്രറികളെ ഏകോപിപ്പിക്കാമെന്ന ഉദ്ദേശ്യം, ദുരുദ്ദേശ്യപരമെന്ന് പറയാൻ നാം മടിക്കേണ്ടതില്ല.

മോദിസർക്കാറി​​ന്റെ നിയമഭേദഗതികൾ പൊതുവെ എടുത്ത് പരിശോധിച്ചാൽ കാണുന്ന കാര്യം ഒന്ന് കേന്ദ്രീകരണമാണ്, രണ്ട് കോർപറേറ്റ് വത്കരണമാണ്, മൂന്ന് സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വവത്കരണമാണ്. ഇത് എല്ലാ പുതുനിയമങ്ങളിലും പൊതുവായി കാണാം. കൺകറന്റ് ലിസ്റ്റ് അജണ്ടയുടെ പിറകിലും ഇതുതന്നെയാണ് ഉദ്ദേശ്യമെന്ന് അറിയാൻ കൂടുതൽ ഗവേഷണം ആവശ്യമില്ല. പൂർവകാലചരിത്രത്തെ വക്രീകരിച്ചും മാറ്റിയെഴുതിയും തമസ്​കരിച്ചും ഹിന്ദുത്വ അജണ്ട നടപ്പാക്കുന്ന ഇന്ത്യയിൽ സാംസ്​കാരിക കേന്ദ്രങ്ങളെതന്നെ അതിനായി ഉപയോഗപ്പെടുത്താനുള്ള തീരുമാനമായി മാത്രമേ ഈ നീക്കത്തെ നമുക്ക് വിലയിരുത്താൻ കഴിയൂ. കേന്ദ്രത്തി​​ന്റെ കാര്യമായ സഹായമില്ലാതെതന്നെ ലൈബ്രറികൾ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ഇടപെടലുകൾ സാഹചര്യം വഷളാക്കാനേ സഹായിക്കൂ. ഭാഷയും സംസ്​കാരവും ഇന്ത്യയിൽ കേന്ദ്രീകൃതമല്ല എന്നതുകൊണ്ടുതന്നെ ഭാഷയെയും സംസ്​കാരത്തെയും പരിപോഷിപ്പിക്കുന്ന നിയമങ്ങളും കേന്ദ്രീകൃതമാകാൻ പാടില്ല. ഇന്ത്യയിലെ നാനാത്വത്തി​​ന്റെ സൗന്ദര്യം ബോധ്യപ്പെട്ട് അതിനെ പരിപോഷിപ്പിക്കുന്ന നയമാണ് കേന്ദ്രസർക്കാർ കൈക്കൊള്ളേണ്ടത്.

സാമ്പത്തിക വികസനത്തോടൊപ്പം സാംസ്​കാരിക വികസനവും സാധ്യമായില്ല എങ്കിൽ മനുഷ്യത്വമില്ലാത്ത വികസനത്തി​​ന്റെ മാതൃകയായി ഇന്ത്യ മാറുന്ന സാഹചര്യത്തിലേക്കാണ് അത് ചെന്നെത്തുക. ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകത അത് മനുഷ്യത്വത്തിനാണ് പ്രഥമ പരിഗണന നൽകിയിരിക്കുന്നത് എന്നാണ്. അതുകൊണ്ട് ഈ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നുകൂടി പറയേണ്ടിയിരിക്കുന്നു. ഇതിനെതിരെ ശബ്ദിക്കാതിരിക്കുന്നത് ഭരണഘടനാവിരുദ്ധ പ്രവർത്തനത്തിന് നമ്മൾ പിന്തുണ നൽകുന്നതിന് തുല്യമായിരിക്കും. അതുകൊണ്ട് പൗരന്മാരേ, നമുക്ക് ഈ ഭരണഘടനാവിരുദ്ധ ഭേദഗതി എതിർത്തു തോൽപിച്ചേ മതിയാകൂ.

l

News Summary - Their aim is not the development of libraries